ഗന്ധർവ്വയാമം: ഭാഗം 20

ഗന്ധർവ്വയാമം: ഭാഗം 20

എഴുത്തുകാരി: അഞ്ജലി അഞ്ജു

“എങ്ങനെയാ വസു എന്റെ മുഖത്ത് നോക്കി ഇങ്ങനൊക്കെ പറയാൻ കഴിയുന്നത്.” അവളുടെ ശബ്ദത്തിൽ നിസഹായത നിഴലിച്ചിരുന്നു. “എന്റെ പിന്നാലെ വന്ന് എന്നിൽ പ്രണയം നിറച്ചത് ആരാണ്? എന്നെ എന്റെ കുടുംബത്തിൽ നിന്ന് വേർപെടുത്തിയത് എന്തിനാണ്? പറ വസു… എനിക്ക് ഒന്നും വേണ്ട.. ആരെയും വേണ്ട… എത്രയൊക്കെ നഷ്ടങ്ങൾ ഉണ്ടായാലും നീയെന്റെ കൂടെ ഉണ്ടെന്ന വിശ്വാസം പോലും എന്നെ സന്തോഷവതിയാക്കുന്നു. പക്ഷെ..” “ആമി… ഞാൻ… എനിക്ക് പോയെ പറ്റു..” “വസു പൊയ്ക്കൊള്ളൂ.. ഞാൻ ഒരിക്കലും തടയില്ല. പക്ഷെ നിന്നെ കാത്തിരിക്കാനുള്ള അവകാശമെങ്കിലും എനിക്ക് വേണം. അതിന് പോലും എനിക്ക് അർഹതയില്ലേ വസു..

ഞാൻ എന്ത് തെറ്റാണ് നിന്നോട് ചെയ്തത് നമ്മുടെ ഓർമകളെ പോലും അന്യമാക്കാൻ… അതിന് പോലും എനിക്ക് അവകാശം ഇല്ലെന്നാണോ? എനിക്ക് അതിന് കഴിയില്ല. എല്ലാം തട്ടിയെറിഞ്ഞ് പോകാനാണ് തീരുമാനമെങ്കിൽ ഭദ്രയുടെ വഴി തന്നെ ആമിക്കും സ്വീകരിക്കേണ്ടി വരും.” ഉറച്ച ശബ്ദത്തോടെ ആമി പറഞ്ഞതും വസുവിന്റെ മുഖത്തും ഭയം നിഴലിച്ചു. ജന്മങ്ങളായി ഭദ്രയെ നഷ്ടപ്പെടുന്ന വേദനയുടെ ആഴം അവൻ അറിയുന്നതാണ്. തനിക്ക് സ്വന്തമായില്ലെങ്കിലും സന്തോഷത്തോടെ എന്നും കാണാനായാണ് ഇങ്ങനൊരു തീരുമാനം പോലും എടുത്തത്… ഓർമകൾക്ക് ഇടയിൽ ഒറ്റക്കാക്കി പോകാൻ തോന്നിയില്ല. “ആമി.. നിന്റെ നല്ലതിന് വേണ്ടിയാ ഞാൻ…” “വേണ്ട…” ചെവികൾ കൈകൾ കൊണ്ട് മറച്ച് അവൾ ചുമരിനോട് ചേർന്ന് നിന്നു. “വേണ്ട.. നിക്ക് കേൾക്കണ്ട.

എന്റെ നല്ലതും ചീത്തയും നീയാണ് വാസു. മറ്റൊന്നും നിക്ക് കേൾക്കണ്ട. ഞാൻ കാത്തിരുന്നോളാം അതിനെങ്കിലും അനുവദിക്കൂ.. ” “പക്ഷെ ആമി.. ഞാൻ എങ്ങനെ നിന്നെ ഒറ്റക്കാക്കി പോകും… എന്റെ ഓർമ്മകൾ നിന്നെ വേദനിപ്പിക്കുകയെ ചെയ്യുള്ളൂ.” “അത് നീയാണോ വസു തീരുമാനിക്കുന്നത്. നിന്നെ എന്നിൽ നിന്ന് അകറ്റാൻ ആർക്കും കഴിയില്ല. നിന്റെ ഓർമ്മകൾ നശിച്ചു പോയാലും ആമി നിന്നെ മാത്രേ പ്രണയിച്ചിട്ടുള്ളൂ.. ആ വികാരം മറ്റാരോടും ആമിക്ക് തോന്നില്ല…” ഉറച്ച ശബ്ദത്തിൽ അത് പറഞ്ഞു കൊണ്ട് അവനരികിലേക്ക് നടന്നു. അപ്പോളും വസുവിന്റെ മുഖത്ത് എന്ത് തീരുമാനത്തിൽ എത്തണമെന്ന ആശയകുഴപ്പം നിഴലിച്ചിരുന്നു. “ഒന്നും ആലോചിച്ച് കൂട്ടണ്ട വസു..

എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാം… കാത്തിരിക്കാൻ ഞാൻ ഉള്ളടുത്തോളം കാലം നിനക്ക് തിരിച്ചു വരാതിരിക്കാൻ ആവില്ല.. എന്നെ തടയരുത് അത് ന്റെ അവകാശമാണ്.” അത് പറഞ്ഞപ്പോളേക്കും വിങ്ങി പൊട്ടിയിരുന്നു അവൾ. ഒരു മാത്ര കൊണ്ട് അവൻ അവളെ അരക്കെട്ടിൽ കൈകൾ കോർത്ത് തന്നോട് ചേർത്ത് നിർത്തി. പെട്ടെന്നുള്ള അവന്റെ പ്രവൃത്തിയിൽ ആശ്ചര്യത്തോടെ നോക്കുന്ന ആമിയുടെ അധരങ്ങൾ അവൻ അപ്പോളേക്കും സ്വന്തമാക്കിയിരുന്നു. ചുംബനത്തിന്റെ മാധുര്യം നുണയുമ്പോളും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. ആ രാത്രിയിൽ എല്ലാ അർത്ഥത്തിലും അവന്റേതായി തീരുമ്പോൾ മുറിക്കുള്ളിൽ ചെമ്പകത്തിന്റെ സൗരഭ്യം നിറഞ്ഞിരുന്നു.

ജന്മങ്ങളായി കാത്തിരുന്ന തന്റെ പ്രണയത്തിൽ വസന്തകാല പുഷ്പങ്ങൾ മൊട്ടിട്ടപ്പോളും വിരഹമെന്ന കാർമേഘം അവരുടെ ജീവിതത്തിനുമേൽ ഉരുണ്ടു കൂടുന്നുണ്ടായിരുന്നു…. ഫോൺ ബെൽ ചെയ്യുന്നത് കേട്ടാണ് പിറ്റേന്ന് ആമി ഉണർന്നത്. സ്‌ക്രീനിൽ അഭിയുടെ പേര് കണ്ടതും ബെഡിൽ നിന്ന് എഴുന്നേറ്റിരുന്നു. “ഹലോ..?” ഉറക്കച്ചടവോടെ പറഞ്ഞു. “ആമി.. നീ ഇത് വരെ എഴുന്നേറ്റില്ലേ? ഇന്നും ഓഫീസിൽ വരാതിരുന്നാൽ എങ്ങനെയാ?” “ഓ ഞാൻ വരണില്ല. അതേ… എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.” അൽപം മടിയോടെ ആമി പറഞ്ഞു. “എന്താണ്?” “നിന്നോട് നേരത്തെ പറഞ്ഞില്ലെന്നു പറഞ്ഞ് എന്നോട് പിണങ്ങരുത്.. ” “എന്താണ്..? മനുഷ്യനെ ടെൻഷൻ ആക്കാതെ നീ കാര്യം പറ.”

“അത്.. ഞാനും വസുവും ഇഷ്ടത്തിലാണ്?” “വസുവോ? ഏഹ് ഏത്?? നമ്മുടെ വാസു സാറോ??” ആശ്ചര്യത്തോടെ അഭി ചോദിച്ചു. “എന്റെ പൊന്നോ ആ ഉണ്ടക്കണ്ണ് ഉള്ളിലേക്ക് കേറ്റി വെക്ക്. നിക്ക് ഇവിടുന്ന് കാണാം അത് പുറത്തേക്ക് വരണത്.” തമാശയെന്ന വണ്ണം ആമി പറഞ്ഞു. “നീ വിഷയമൊന്നും മാറ്റണ്ട. ഇതൊക്കെ എപ്പോ നടന്നു? ” “അതൊക്കെ പെട്ടെന്ന് ആയിരുന്നു.” “അല്ല നിങ്ങൾ അടുത്ത അടുത്ത ഫ്ളാറ്റിലല്ലേ?” “അല്ലല്ലോ.. ഇപ്പോ ഞങ്ങൾ ഒരു ഫ്ലാറ്റിലാ” “എന്ത്…?” “ആണെന്നെ.. ഞങ്ങൾ ഇനി ലിവിങ് ടുഗെതർ ആകുവാ.. ഇനി അറിഞ്ഞില്ല കേട്ടില്ല എന്നൊന്നും പറയരുത്..” “നീ എന്തൊക്കെയാ ആമി ഈ പറയുന്നത്?” “അതിനിപ്പോ എന്താ? ഞാൻ പണ്ടേ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ എനിക്ക് ഈ കല്യാണം താലി ഈ സെന്റിമെൻറ്സിനോട് വിശ്വാസമില്ല.

മനപ്പൊരുത്തവും സ്നേഹവും മാത്രമാണ് ഒരു ദാമ്പത്യത്തിന് വേണ്ടത്. അതിന് കല്യാണം കഴിക്കണമെന്ന് നിർബന്ധം ഒന്നുമില്ല.” “അല്ല എന്നാലും…?” ആമിയുടെ സംസാരം കേട്ടു കിളി പോയത് കൊണ്ടാവാം അൽപം വൈകിയാണ് അഭി മറുപടി പറഞ്ഞത്. “ഒരു എന്നാലും ഇല്ല. ആഹ് പിന്നെ നീ ഇത് ഇപ്പോളെ അച്ഛനോടും അമ്മയോടും പറയണ്ട. ഏട്ടന് ഇടയ്ക്ക് ജോലി കാര്യത്തിനായി എവിടൊക്കെയോ പോകണം. അതൊക്കെ സെറ്റ് ആയിട്ട് എല്ലാവരോടും ഞങ്ങൾ പറഞ്ഞോളാം.” “ഏട്ടനോ?” “അതേ വസു ഏട്ടൻ. ആഹ് ഞാനെ ഇത്തിരി തിരക്കിലാ.. ഏട്ടൻ എന്നെയും കാത്തിരുന്ന് മുഷിഞ്ഞിട്ടുണ്ടാവും.” അഭി എന്തൊക്കെയോ പറയാൻ തുടങ്ങിയിരുന്നെങ്കിലും ആമി ഒന്നും ശ്രദ്ധിക്കാതെ ചിരിച്ചു കൊണ്ട് ഫോൺ വെച്ചു.

പരിഭവങ്ങളുടെയും ഉപദേശത്തിന്റെയും കെട്ടുകളഴിക്കാനാണ് അവളുടെ ഉദ്ദേശമെന്ന് ആമിക്ക് അറിയാമായിരുന്നു. “അല്ല ആരാണ് ഈ ഏട്ടൻ?” ശബ്ദം കേട്ടപ്പോളാണ് വാതിലിന് അരികിൽ നിൽക്കുന്ന വസുവിനെ അവൾ ശ്രദ്ധിച്ചത്. “അത് ഞാൻ വെറുതെ.. അവളെ വട്ടാക്കാൻ പറഞ്ഞതാ..” ചമ്മലോടെ ആമി പറഞ്ഞൊപ്പിച്ചു. കട്ടിലിൽ അവളുടെ അരികിലായി അവനും ഇരുന്നു. “ഇപ്പോ പറഞ്ഞ കാര്യം നമുക്ക് ആലോചിക്കാവുന്നതേ ഉള്ളൂ.. ഏട്ടനെന്ന് വിളിക്കുന്നതിൽ തെറ്റൊന്നുമില്ല. അല്ല അതാണ് ശരി.” കയ്യിൽ കരുതിയ ചായക്കപ്പ് അവൾക്ക് നേരെ നീട്ടിക്കൊണ്ട് അവൻ പറഞ്ഞു. “അയ്യേ… എട്ടാന്നോ??” “എന്താ അതിന് കുഴപ്പം. ഒന്നുമില്ലെങ്കിലും നിന്നെക്കാൾ ഒരു മുന്നൂറ് വയസെങ്കിലും മൂത്തതല്ലേ ഞാൻ..”

അത് കേട്ടതും ആമിയുടെ കിളികൾ കൂട് വിട്ട് പോയിരുന്നു. “എന്ത്..? മുന്നൂറോ?” “പിന്നല്ലാതെ..” “എന്നിട്ട് വാസു എങ്ങനാ ഇപ്പോളും ചെറുപ്പമായിട്ട് ഇരിക്കുന്നത്?” “അതേ ഞങ്ങളേ നിങ്ങൾ മനുഷ്യരെ പോലെയല്ല. ഞങ്ങൾക്ക് എപ്പോളും നിത്യ യൗവനം ആയിരിക്കും.” മീശതുമ്പ് പിരിച്ച് വെച്ച് കൊണ്ട് അവൻ പറഞ്ഞു. അത് കേട്ടതും ആമിയുടെ മുഖം വാടി. “അയ്യോ അപ്പോ ഒരു പത്ത് കൊല്ലം കഴിഞ്ഞാൽ ഞാൻ നിന്റെ ചേച്ചിയാണെന്ന് ആളുകൾ പറയുല്ലോ??” “ഹേയ് അതിന് പത്ത് കൊല്ലമൊന്നും കഴിയേണ്ട. ഇപ്പോളെ നിനക്ക് എന്നേക്കാൾ പ്രായം തോന്നിക്കും.” ആമിയുടെ മുഖത്തേക്ക് കുസൃതിയോടെ നോക്കിക്കൊണ്ട് അവൻ പറഞ്ഞു. “ഞാൻ സമ്മതിക്കില്ല.”

ചുണ്ടൊക്കെ കൂർപ്പിച്ച് പിടിച്ചു കൊണ്ടാണ് ആമിയത് പറഞ്ഞത്. “അതിനിപ്പോ ഞാനെന്ത് ചെയ്യാനാണ്?? നിനക്ക് പ്രായം കൂടാതിരിക്കില്ലല്ലോ..” വസു കൈ മലർത്തിയതും ആമിയുടെ മുഖം കുട്ടിക്കലം കയറ്റി വെച്ചത് പോലെയായി. “എന്റെ പൊന്നെ ഇനിയിപ്പോ അത് പറഞ്ഞ് മുഖം വീർപ്പിക്കണ്ട. ന്റെ പെണ്ണിന് ഇഷ്ടല്ല എങ്കിൽ ഞാൻ വല്ല മുടി വെളുപ്പിക്കാനുള്ള കളറും തേച്ച് നടന്നോളാം.” ഏറു കണ്ണിട്ട് ആമിയെ നോക്കി പറഞ്ഞതും അവളുടെ മുഖം വിടർന്നിരുന്നു. പ്രണയത്തോടെ അവളെ തന്റെ മടിയിലേക്ക് ചേർത്തിരുത്തി. അവന്റെ നെഞ്ചിൽ ചാഞ്ഞിരുന്ന് അവൾ മെല്ലെ ചായ കുടിച്ചുകൊണ്ടിരുന്നു. “ആമി..” മൃദുവായ സ്വരത്തിൽ അവൻ വിളിച്ചു.

“മ്മ്…” അവന്റെ വിരലുകൾ അവളുടെ മുടിയിഴകളിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു. “നിന്നെ കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു… എല്ലാം അറിഞ്ഞിട്ടും എങ്ങനെയാണ് നിനക്ക് എന്നെ സ്നേഹിക്കാൻ കഴിയുന്നത്? പ്രതീക്ഷയോടെ ഭാവിയെ പറ്റി ചിന്തിക്കാൻ കഴിയുന്നത്??” “എനിക്ക് ഉറപ്പുണ്ട് അങ്ങനൊന്നും നിനക്ക് പോകാൻ പറ്റില്ലെന്ന്.. പോയാലും എനിക്ക് വേണ്ടി നീ വരുമെന്ന്…” അവളുടെ നെറുകയിലായി അവൻ ചുണ്ടുകൾ ചേർത്തു.. “എവിടെ പോയാലും എന്റെ പെണ്ണിനരികിലേക്ക് ഞാൻ തിരിച്ചു വരും ആമി… ഇത് എന്റെ വാക്കാണ്…” അത് പറഞ്ഞപ്പോൾ ഒരിറ്റ് കണ്ണീർ അവന്റെ കൈതണ്ടയിൽ പതിഞ്ഞു..

“ഇത്ര ആത്മവിശ്വാസത്തോടെ കാത്തിരിക്കാൻ നീയുള്ളപ്പോ എനിക്ക് വരാതിരിക്കാൻ ആവില്ല ആമി..” അവളുടെ താടി തുമ്പിൽ പിടിച്ച് മുഖം ഉയർത്തി ഒഴുകിയിറകിയ മിഴിനീർ അവൻ തുടച്ചു കൊടുത്തു. ഒരു വിങ്ങലോടെ അവൾ അവനെ ചേർത്ത് പിടിച്ച് മനസ്സിൽ അടക്കി വെച്ച സങ്കടങ്ങളെ അവന്റെ നെഞ്ചിൽ പെയ്തൊഴിച്ചു……തുടരും..

ഗന്ധർവ്വയാമം: ഭാഗം 19

Share this story