അദിതി : ഭാഗം 26

അദിതി : ഭാഗം 26

എഴുത്തുകാരി: അപർണ കൃഷ്ണ

ഹർഷൻ മരിച്ചോ? ????? എബിയുടെ വാക്കുകളിലൂടെ അദിതിയുടെ ജീവിതം കേൾക്കുക മാത്രമല്ല, അവർക്കൊപ്പം ജീവിക്കുകയായിരുന്നു ഞാനും… പറഞ്ഞു കഴിയുമ്പോഴേക്കും എബിയുടെ ശബ്ദം വിറച്ചു, അവന്റെ കണ്ണുകൾ തടാകങ്ങളായി. … അമ്മയും അപ്പയും ….രണ്ടു പേരും കണ്ണും നിറച്ചു നിൽപ്പുണ്ട്, എപ്പോളാണ് അമ്മയും അപ്പയും എത്തിയത്. … എന്റെ നോട്ടം കണ്ടതും ഇരുവരുടെയും മുഖം അറിയാതെ കുനിഞ്ഞു. ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ തലയ്ക്കുള്ളിൽ വണ്ട് മുരളും പോലെ.

ഹൃദയം നുറുക്കിയത് പോലെ ഒരു വേദന എനിക്ക് തോന്നി, കണ്ണിൽ ഇരുട്ട് കേറുന്നത് പോലെ. … വെടിയുണ്ട പോലെ ചീറി പായുന്ന ഒരു കറുത്ത കാർ ഓർമകളിൽ മിന്നലൊളി പോലെ തെളിഞ്ഞു വന്നു. ചിതറി തെറിക്കുന്ന രക്തത്തുള്ളികൾ. അദിതി എന്തിനാണ് ഇങ്ങോട്ട് വന്നത്? ഹർഷൻ. .! കേട്ടതൊന്നും മനസിലാകാതെ ഒരു പൊട്ടിയെ പോലെ ഞാൻ നിന്നു. ചുറ്റും വിങ്ങിപൊട്ടലുകൾ കേൾക്കുന്നുണ്ട്. എന്നാൽ ഒന്നും കാണാതെ…. അറിയാതെ നിൽക്കെ എനിക്ക് ചുറ്റും ഭൂമി കറങ്ങുകയായിരുന്നു. തലക്കുള്ളിൽ പെരുമ്പറ മുഴങ്ങും പോലെ! മൂക്കിനുള്ളിലേക്കു ആ പഴയ ദുർഗന്ധം അടിച്ചു കേറുന്നു. കണ്ണിൽ പച്ച നിറമുള്ള പായലിന്റെ രൂപം മാത്രം, കുളത്തിൽ മുങ്ങി പോകുന്നോ.

ശ്വാസകോശത്തിൽ വിലങ്ങിയ ശ്വാസത്തിനൊപ്പം ദുർഗന്ധം നിറയവെ കണ്ണുകൾ പതിയെ മുകളിലേക്ക് മറിയാൻ തുടങ്ങി. അവൻ വരുന്നു. …കുറെ നാളത്തെ ഇടവേളയ്ക്കു ശേഷം. … ഒരു ഓര്മപെടുത്തലുമായി. ‘ഫിറ്റ്സ്’ അലോഷിയുടെ അല്ല അലീനയുടെ ജീവിതത്തിലെ വില്ലൻ…. പ്രജ്ഞ മറഞ്ഞു വായിൽ നുരയും പതയുമായി പുറകിലേക്ക് പതിക്കുന്നതിനു മുന്നേ ഏതോ കൈകൾ എന്നെ താങ്ങിയിരുന്നു. പാതി മയക്കത്തിൽ എന്ന വണ്ണം ആശങ്കയോടെ എന്റെ നേർക്ക് നീളുന്ന മിഴികൾ, ഡേവിച്ചൻ…. ഒന്നും അറിയാതെ ഒരു ജഡം പോലെ ഡേവിച്ചന്റെ നെഞ്ചിൽ കിടക്കുവായിരുന്നു ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ. … അവ്യക്തമായ ചലനചിത്രങ്ങൾ. …. ഏതോ പ്രാർത്ഥനാ ശകലങ്ങൾ കേൾക്കുന്നുണ്ട്.

ഞരമ്പിൽ കൂടി വെള്ളത്തിന്റെ നിറമുള്ള മരുന്ന് ഇറ്റിറ്റ് ഇറങ്ങുന്നതായിരുന്നു, കണ്ണുതുറന്നപ്പോൾ ആദ്യം കണ്ട കാഴ്ച്ച, ഒരു വെളുത്ത പാടയ്ക്കപ്പുറമാണ് കാഴ്ചകൾ, കണ്ണുകൾ വല്ലാതെ വേദനിക്കുന്നുണ്ട്. ശ്വാസം മുട്ടുന്ന പോലെ തോന്നിയപ്പോൾ മുഖത്തു നിന്നും ഓക്‌സിജൻ മാസ്ക് മാറ്റാൻ നടത്തിയ ശ്രമത്തെ നഴ്സ് തടഞ്ഞു. വീണ്ടും ഉറക്കം വരും പോലെ. ….കണ്ണുകൾ തുറന്നു വയ്ക്കാൻ ഉള്ള ശ്രമത്തെ അസാധ്യമാക്കി മയക്കം കടന്ന് വരികയാണ്. ഓർമകളിലെക്ക് കഴിഞ്ഞു പോയ നാളുകൾ …

ആദ്യമായി ഫിറ്റ്സ് വന്നത് നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു. കുഞ്ഞുന്നാൾ മുതൽ നിഴലു പോലെ ഒപ്പം ഉണ്ടായിരുന്ന കുട്ടുകാരൻ ആയിരുന്നു വസുദേവ് എന്ന വസു. അപ്പയുടേ ഉറ്റ സുഹൃത്തായിരുന്ന സുധീർ അങ്കിളിന്റെയും യമുന ആന്റിയുടെയും മകൻ. അലീനയുടെ… അനുവിന്റെ സ്വന്തം വസു, ഞാൻ എന്ത് തല്ലുകൊള്ളിത്തരം കാണിച്ചാലും, എങ്ങോട്ടു പോയാലും ഒപ്പം തന്നെ ഉണ്ടാകും. മഴ നനഞ്ഞു പനി പിടിച്ച ഒരു ദിവസം എന്നെ കൂടാതെ കുളം കാണാൻ പോയ വസുവിനെ പിന്നെ ഞാൻ കാണുന്നത്, മഴവെള്ളം നിറഞ്ഞ ആ കുളത്തിന്റെ ആഴങ്ങളിൽ നിന്ന് ജീവനില്ലാതെ അവനെ കോരി എടുത്തതായിരുന്നു.

മരണം എന്തെന്ന് മനസിലാക്കാൻ തക്ക ഒരു പ്രായം ആയിരുന്നില്ല എങ്കിൽ പോലും ആ കാഴ്ച്ച എന്നെ അടിമുടി പിടിച്ചു കുലുക്കി കളഞ്ഞതിന്റെ തെളിവായിരുന്നു എല്ലാവരുടെയും സന്തോഷത്തെ പിടിച്ചു കുലുക്കി കൊണ്ട് വന്ന ആ അസുഖം. അമ്മയുടെ സംരക്ഷണം കൂടും തോറും കൂടുതൽ വഴക്കാളി ആക്കുകയായിരുന്നു. തല്ലുകേസുകൾ കൂടാൻ തുടങ്ങിയതോടെ ഗേൾസ് ഒൺലി സ്കൂളിലേക്ക് മാറ്റി. ഇടയ്ക്കിടെ വന്നിരുന്ന ഫിറ്റ്‌സ് കാരണം എല്ലാവരുടെയും സഹതാപം അനുഭവിക്കേണ്ട അവസ്ഥ ആയതോടെ വല്ലാത്ത വാശി ആയിരുന്നു…

അല്ല ഞാൻ ഒരു അസുഖക്കാരി അല്ല. …. ദുർബല അല്ല എന്ന് ലോകത്തിനോടു വിളിച്ചു പറയാൻ തോന്നിയ കാലം. സുധീർ അങ്കിൾ, യമുന ആന്റിയോടൊപ്പം അമേരിക്കയിലേക്ക് പോകുന്നത് വരെ അവർ ആയിരുന്നു എന്റെ ബലം. അവർ ഒരിക്കലും എന്നെ ഒരസുഖക്കാരിയായി കണ്ടതേ ഇല്ല..ജീവിക്കാനും പൊരുതാനും ഉള്ള വാശിയിൽ പുതിയൊരു, സ്ട്രോങ്ങ് ആയ അലീന ജനിച്ചു.വസുവിന്റെ ഓർമ്മകൾ എന്നെ കുളത്തിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിയാതെയായി. പതിയെ പതിയെ ഞാൻ ഫിറ്റ്‌സ്‌നേയും അതെന്നെയും മറന്നു…….. അങ്ങനെ ഭൂലോകതല്ലിപ്പൊളി ആയി ഞാൻ അങ്ങ് ജീവിക്കാൻ തുടങ്ങി… സേറയ്ക്ക് നല്ല അടി പറ്റിച്ച ശേഷം എനിക്ക് ചെറിയൊരു പേടി ധില്ലാധില്ലാതിരുന്നില്ല.

ഒന്നാമത് കാൽകാശിനു വിവരം ഇല്ല എങ്കിലും ലവൾ എന്റെ ചേച്ചി ആണ്. പിന്നെ കുടുംബക്കാർ എല്ലാരും ഇരിക്കുന്ന ഇടത്തു വച്ചാണ് പൊട്ടിച്ചത്. സാക്ഷി പറയാൻ പോലും പുറത്തുന്നു ആരും വേണ്ട. ദീനാമ്മച്ചിയെ അവൾ കൈ വെച്ചപ്പോൾ സഹിക്കാതെ കൊടുത്തു പോയതാണ്, അല്ല അത് ആ പിശാച് ചോദിച്ചു മേടിച്ചതാണ്. … അടി കൊടുത്ത ശേഷം ചുറ്റും നോക്കിയപ്പോൾ എല്ലാരും ഞെട്ടലിൽ ആണ്. അമ്മ കണ്ണും തുറുപ്പിച്ചു നോക്കുന്നുണ്ട്. omg..  എസ്‌കേപ് ഫ്രം ഉഗാണ്ട. വല്യമ്മച്ചി മുറിലോട്ടു വിളിപ്പിച്ചപ്പോൾ ഒരു പേടിയും ഇല്ലാതെ ആണ് പോയത്. വാതിൽക്കൽ ചെന്നപ്പോൾ ഉണ്ട് “ദ ഓൾഡ് സിമ്മം അല്ല സിമ്മി കട്ടിലിൽ ചാരി ഇരിപ്പാണ്. എന്നെ കണ്ടതും രൂക്ഷമായി ഒന്ന് നോക്കി.

ഞാൻ പുള്ളികാരിയെ എന്റെ പല്ലു മൊത്തം അങ്ങ് കാണിച്ചു കൊടുത്തു. ഇല്ല അവിടെ ഒന്നും ഒരു രക്ഷയും ഇല്ല ഹൈ! കർത്താവേ സീൻ കോൺട്ര ആകുവോ? ആലോചിച്ചു നിന്നപ്പോൾ ആണ്, പുള്ളിക്കാരി അലമാര തുറക്കാൻ പറഞ്ഞത്. ഞാൻ സന്തോഷത്തോടെ തടിയിൽ പണിത ആ പുണ്യപുരാതനമായ നിധിപേടകം തുറന്നു. വല്യമ്മച്ചി പറഞ്ഞത് പോലെ താഴത്തു ഉള്ള അറയിൽ നിന്നു ഒരു പൊതി എടുത്തു. …. സ്ഫടിക കുപ്പിയാണ്, എന്തെന്ന് ഉള്ള അർത്ഥത്തിൽ നോക്കിയപ്പോൾ ഭയങ്കര ഗൗരവം. തുറന്നു നോക്കാൻ പറഞ്ഞു. നോക്കി….. എന്റെ സാറെ….. പിന്നെ കുറെ നേരത്തു ഞാൻ ചുറ്റും ഉള്ളതൊന്നും കണ്ടില്ല.

നല്ല റെഡ് വൈൻ ആണ് ….. അതും നല്ല പഴക്കമുള്ളത്. എനിക്കണേ സന്തോഷം കാരണം പറക്കും പോലെ തോന്നി. ഈ സാധനത്തിനു വേണ്ടി ഓൾഡ് വുമണിന്റെ പുറകെ നടക്കാൻ തുടങ്ങിട്ട് നാളു കുറെ ആകുന്നു. ഇടംകണ്ണിട്ടു നോക്കിയപ്പോൾ കള്ളചിരിയും ആയി ഇരിക്കാണ്. …. ഓഹ് ഒരു കൊച്ചു മോൾക്ക് ഇട്ടു മറ്റൊരു കൊച്ചുമോള് അടി പറ്റിച്ചേന്റെ റീവാർഡ് ആണ്. എവിടേലും കാണാൻ കിട്ടോ ഇജ്ജാതി വല്യമ്മച്ചീനെ. …. മുത്താണ്.! ഇതറിഞ്ഞിരുന്നേൽ ഒരു രണ്ടു അടി കൂടെ കൊടുക്കായിരുന്നു. ഇപ്പോൾ തന്നെ ഒരു കവിളിൽ റൂഷ് ഇടേണ്ട ആവശ്യമേ ഇല്ല. . ഹി ഹി. .

അധികം ചോദ്യത്തിനും പറച്ചിലിനും ഇട കൊടുക്കാതെ ഞാൻ വല്യമ്മച്ചിക്ക് കെട്ടിപിടിച്ചു ഉമ്മയും കൊടുത്തു അവിടന്ന് മുങ്ങി. നിൽക്കുന്ന ഓരോ നിമിഷവും എന്റെ കൈയിൽ ഇരിക്കുന്ന സാധനത്തിനു ആവശ്യക്കാർ കൂടി വരും, ബിനോ ആണേൽ നായേനെക്കാൾ നന്നായി മണം പിടിക്കും. ഹും കഴിഞ്ഞ തവണ ക്രിസ്മസിനു ആ തെണ്ടി എനിക്ക് തരാതെ ഒറ്റയ്ക്ക് അടിച്ച കള്ളിന് പകരം ഞാൻ ഇന്ന് വീഞ്ഞടിച്ചു പ്രതികാരം ചെയ്യും. ആരുടേം കണ്ണിൽ പെടാതെ കുപ്പി മുറിയിലേക്ക് നടന്നു. ചെന്ന് പെട്ടത് വല്യങ്കിളിന്റ മുന്നിൽ.

അരയിൽ നിന്ന് കുപ്പി എങ്ങാനും വീണാൽ തീർന്നു. ഞാൻ അതിവിദഗ്ധമായി കള്ളലക്ഷണം ഒളിപ്പിച്ചിട്ട് നിഷ്കു ആയി നിന്നു. പുള്ളി എന്ന നോക്കി ചിരിച്ചിട്ട് അങ്ങ് പോയി. ഷേയ് ഇതു അല്ലല്ലോ പതിവ്. എല്ലാര്ക്കും കിളി പോയോ ആവോ? രാത്രി എല്ലാരും ഉറങ്ങാൻ കിടന്നു എന്ന് ബോധ്യമായതും ഞാൻ വൈനും കൊണ്ട് നേരെ ടെറസ്സിലേക്ക് പോയി ആകാശവും കണ്ട് കള്ളു കുടിക്കാൻ വല്ലാത്ത ഫീൽ ആണ്, അത് ഞാനും ബിനോയും ആയി എക്സ്പിരിമെന്റിൽ കൂടി കണ്ടുപിടിച്ചതാ. .. പതിയെ പതിയെ ആ കുപ്പി വൈൻ മുഴുവൻ എന്റെ വയറ്റിലേക്ക് പോയി. ഒരു ഡപ്പാം കൂത്ത് ഒക്കെ കളിയ്ക്കാൻ തോന്നുന്നു.

പറന്നു നടക്കുന്ന പോലെ. … എന്നാ ആ ലഹരി അധികം നേരത്തേക്ക് ഉണ്ടായിരുന്നില്ല. ഒന്ന് കറങ്ങിയിട്ടു നോക്കിയപ്പോൾ തലവഴി മൂടി മുന്നിൽ നിൽക്കുന്ന രൂപം കണ്ടു. കുടിച്ചതൊക്കെ ആവിയായി പോയി. വരുംവരായ്കകളെ പറ്റി ഓർക്കാതെ നിലവിളിക്കാൻ ഒരുങ്ങിയപ്പോൾ ആ രൂപത്തിന്റെ കൈ എന്റെ വായിൽ അമർന്നു…..ഒന്ന് കുതറി മുട്ടുകാൽ കൊണ്ട് ലവന്റെ ബോണറ്റ് തകർക്കാൻ ഒരുങ്ങിയതും “അയ്യോ….. കൊല്ലല്ലേ കുഞ്ഞോളെ…. ബിനോയാ….” ഇവനിതെന്താ പാതിരാക്കു പരിപാടി . ചോദിച്ചാൽ ബൂമറാങ് പോലെ എന്റെ നേർക്കും വരും അത് കൊണ്ട് ആത്മഗതം പറഞ്ഞതാ. ….. “എന്നാടാ നീ തലേൽ മുണ്ടിട്ട് നടക്കണേ ആളെ പേടിപ്പിക്കാൻ. …” “ഡി നിന്നെ നോക്കി വന്നതാ.

മുറിൽ കാണാഞ്ഞപ്പോൾ ഓർത്തു ഇവിടെ കാണും എന്ന്. …” ഞാൻ ആണേൽ ലവന് മണം അടിക്കാതിരിക്കാൻ തല ചരിച്ചു പിടിച്ചാണ് സംസാരിച്ചത്. കുപ്പി നേരത്തെ കളഞ്ഞത് നന്നായി അല്ലേൽ ഇപ്പൊ എന്റെ ശവമടക്ക് നടന്നേനെ! “എന്നാടാ” “നീ വാ..” ബിനോ പതിയെ പൈപ്പില് ചവിട്ടി sunshadeലേക്ക് ഇറങ്ങി. സാധാരണ അവിടെ ഞങ്ങൾ വെള്ളമടി പാർട്ടി നടത്തുന്ന സ്ഥലമാ … എല്ലാരും ഉറങ്ങുന്ന മുറികൾ കിഴക്കും വടക്കും ഒക്കെ ആണ്. പടിഞ്ഞാറു ഭാഗത്തു ഉള്ള മുറിയിൽ പഴേ സാധനങ്ങൾ ആണ്. അതിന്റെ വശത്തുള്ള sunshadeന് നല്ല വീതി ആണ്. അത് കൊണ്ടാണ് പെട്ടന്ന് ആരുടെയും കണ്ണിൽ പെടാത്ത ശബ്ദം കേൾക്കാത്ത ആ സ്ഥലം ഞങ്ങൾക്കു പ്രിയപെട്ടതായത്. കർത്താവേ.

ഞാൻ ആണേൽ വൈൻ അടിച്ചു കിക്ക്‌ ആയി ഇരിക്കാണ്. ഇതിപ്പോ ഇറങ്ങിയാലും ഇല്ലേലും എന്റെ മരണം ഏതാണ്ട് ഉറപ്പായി. ഇറങ്ങിയില്ലേൽ ബിനോ എന്നെ കൊല്ലും. ഇറങ്ങിയാൽ ഞാൻ തനിയെ വീണു മരിക്കും. ഹം ഇതിപ്പോ എന്ത് കുരിശിനാന്നോ എന്തോ ഇന്നേരം ഇവൻ വിളിക്കുന്നത്. മനസില്ലാ മനസോടെ ഞാൻ വീഴാതെ പതിയെ ഇറങ്ങി. “എന്റെ ഈശോയെ ഇതെന്താ മിനി ബാറോ” ഞാൻ അറിയാതെ പറഞ്ഞു പോയി. റം, സോഡാ, സെവൻ അപ്പ്, മിക്സ്ചർ. …. ആഹാ. …. വൈനിന്റെ പുറത്തൂടെ വലിച്ചു കേറ്റാൻ പറ്റിയ സാധനം. ബിനോ ഒരു ഫുൾ സെറ്റപ്പുമായി കാലും തൂക്കി ഇട്ടു ഇരുന്നു എന്നെ നോക്കി ചിരിക്കുന്നു. എന്റെ ഈശോ മറിയം ഔസേപ്പേ…. എന്ത് നടക്കും എന്നറിയില്ല …

ഈ പാപികളെ നിങ്ങൾ കാത്തോളണേ. …. ആദ്യം വേണ്ട എന്ന് പറഞ്ഞു നോക്കി എങ്കിലും ബിനോ നിർബന്ധിച്ച കൊണ്ട് ഒരു പെഗ് റം വിത്ത് സെവൻ അപ്പ് എനിക്ക് കുടിക്കേണ്ടി വന്നു. പിന്നെ അവൻ പറയാതെ തന്നെ വച്ച് കീറി. …….. “ഏകാന്ത ചന്ദ്രികേ. ……” പാറ ഉരക്കുന്ന പോലെ ശബ്ദം. ബിനോയുടേ പാട്ടാണ്, പാതി ബോധത്തിൽ ആയിരുന്നു എങ്കിലും ഞാൻ അവന്റെ വാ മൂടി , ആരെങ്കിലും കേട്ടാൽ.”കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ. … ” അവൻ വായടച്ചപ്പോൾ എൻറെ വാ അറിയാതെ തുറണ്, അത് കേൾക്കാൻ കാത്തിരുന്നു എന്ന വണ്ണം പട്ടികൾ മോങ്ങാൻ തുടങ്ങി.

കല്യാണവീടാണു ആരേലും ഞങ്ങളുടെ ലീലാവിലാസങ്ങൾ കണ്ടാൽ പിന്നെ പറയണ്ട. “ബിനോ” “എന്നാ” ബിനോ മൂളി. “ഡാ ബിനോ. .. “മ്മ് ” “നിച്ചു മുള്ളണം. ….” ഇത് കേട്ടതും ചെക്കൻ തുള്ളി വിറക്കും പോലെ …. അല്ല ഇക്കിളിയിട്ട പോലെ ചിരിക്കാൻ തുടങ്ങി. തെണ്ടി എലിക്ക് പ്രാണവേദന പൂച്ചയ്ക്ക് വീണവായന. ….. അവനെ ചവക്കും പോലെ കുറച്ചു മിക്സ്ചർ വാരി വായിൽ ഇട്ടാപ്പോളാണ് എനിക്കാ നഗ്നസത്യം മനസിലായത്. എന്റെ വയറ്റിൽ ഒരു അഗ്നിപർവതം കിടന്നു പുകയുന്നുണ്ട്. …. അല്ല സുനാമി….. സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും ഒക്കെ വയറ്റിൽ കിടന്നു പരിക്രമണം ചെയ്യുന്നു. ഓ മൈ ഗോഡ്.

പണി പാളി. … ബിനോ ആണേൽ ഇപ്പൊ ഉറങ്ങി വീഴും എന്ന മട്ടിലാണ്. ദുരന്തങ്ങൾ വലതും സംഭവിക്കുന്നതിന്ന് മുന്നേ സ്ഥലം കാലിയാക്കണം. ബാക്കി വന്ന സോഡയിൽ മുഖം കഴുകി സാധനങ്ങൾ അരയിൽ തിരുകി അവൻ പൈപ്പിൽ ചവിട്ടി വല്ല വിധേനെയും തിരികെ കേറി. ചെക്കൻ എന്റെ പുറത്തോട്ട് വീഴാൻ പോയതും എന്റെ ബാല്യം മുതൽ കൗമാരം വരെ പകച്ചു പോയി. എങ്ങാനും വീണിരുന്നേൽ എന്നെ നന്നായി വടിച്ചെടുക്കേണ്ടി വന്നേനേ! ബിനോക്കു പുറകെ ഞാനും വലിഞ്ഞു കേറി. ചുറ്റിനും ഉള്ളതെല്ലാം കറങ്ങുന്നു. തൊട്ടിലാട്ടുന്ന ഫീൽ. എനിക്ക് എവിടന്നൊക്കെയോ ചിരി വരുന്നു. ബിനോ നിന്നടത്തു നിന്ന് ഇളകാതെ ആണി അടിച്ച പോലെ നിക്കുന്നു. ഇവനിത് എന്താ പ്രേതത്തെ കണ്ട പോലെ….. ക്ല ക്ലാ ക്ലി ക്ളീ ക്ലൂ ക്ലൂ ഞാൻ നേരെ നോക്കി.

മുന്നിൽ ഒരു ജോച്ചായൻ. വല്യങ്കിളിന്റെ ഫ്രണ്ടിന്റെ മോൻ ! കരയണം എന്ന് എനിക്ക് ആത്മാർഥമായി ആഗ്രഹം ഉണ്ടാരുന്നു എങ്കിലും അന്നേരം ഞാൻ ഇക്കിളി ഇട്ട പോൽ ചിരിക്കാരുന്നു…. ചിരിച്ചു കൊണ്ട് നിൽക്കെ അതാ ജോച്ചായന്റെ എണ്ണം കൂടുന്നു … ഒന്ന്, രണ്ടു. .. മൂന്ന്. .. എവിടെ തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം ജോച്ചായൻ മാത്രം! എനിക്ക് പിന്നേം ചിരി വന്നു. പെട്ടന്ന് ആണ് അത്രയും നേരം വയറ്റിൽ അലയടിച്ച സുനാമി കൊടുവാളായി വായിലൂടെ പുറത്തു ചാടിയത്. വൈനും , റം, സെവൻ അപ്പ് എല്ലാം കൂടെ വെള്ളച്ചാട്ടം പോലെ വെളുത്ത ടീഷർട്ട് ഇട്ടിരുന്ന ജോച്ചായന്റെ നെഞ്ചിലേക്ക് പതിച്ചു…. തുടരും

അദിതി : ഭാഗം 25

Share this story