ഋതുസംക്രമം : ഭാഗം 24

ഋതുസംക്രമം : ഭാഗം 24

എഴുത്തുകാരി: അമൃത അജയൻ

അച്ഛ കിടപ്പിലായതിൽ പിന്നെ അവളാദ്യമായാണ് ബീച്ചിൽ വരുന്നത് . അമ്മയൊരിടത്തും കൊണ്ടുപോയിട്ടില്ല . അൽപം ദൂരെയായി കടലിലേക്ക് നോക്കി നിൽപ്പുണ്ട് അഞ്ജന . കടൽക്കാറ്റേറ്റ് പാറുന്ന നേർത്ത മുടിയിഴകൾ ഇടയ്ക്കിടെ വിരൽ കൊണ്ട് മാടിയൊതുക്കുന്നുണ്ട് . സൺഗ്ലാസ് കൊണ്ട് മുഖത്തിൻ്റെ പാതിയും മറഞ്ഞിരിക്കുന്നു . മൈത്രിയ്ക്കെന്തു വേണമെന്നറിഞ്ഞുകൂടാ . അമ്മയുടെയടുത്തു പോയി നിൽക്കണോ . കടലിലിറങ്ങി കളിയ്ക്കണോ . അങ്ങനെ ചെയ്യാൻ ആഗ്രഹമുണ്ട് . തിരകളോട് മത്സരിച്ച് പാതിയും നനഞ്ഞ് പൂഴിയിലൂടെ കാൽ നിരക്കി .

അങ്ങനെയൊരു ബാല്ല്യം മൈത്രിയ്ക്കുണ്ടായിരുന്നു . അന്ന് കൈപിടിയ്ക്കാൻ അച്ഛ കൂടെയുണ്ടായിരുന്നു . അതു കൊണ്ട് തന്നെ കടലിനെ പേടിയില്ലായിരുന്നു . ഇപ്പോൾ പേടി തോന്നുന്നുണ്ടോ . ഈ തിര വന്ന് തന്നെയെടുത്തു കൊണ്ട് പോയാൽ അമ്മ തന്നെ രക്ഷിക്കാൻ ശ്രമിക്കുമോ ? വിട്ടുകൊടുക്കാതെ മുറുകെ പിടിച്ച് തിരികെ കൊണ്ട് വരുമോ . അമ്മയുടെ സ്ഥാനത്ത് കൂടെ നിരഞ്ജനായിരുന്നെങ്കിൽ . അവൾ വെറുതെയൊന്നു സങ്കൽപ്പിച്ചു നോക്കി . അവൻ്റെ കൈപിടിച്ച് മണലിലൂടെ നടക്കുമായിരുന്നിരിക്കണം . ചിലപ്പോ കടലിനെ നോക്കി എവിടെയെങ്കിലും ചേർന്നിരുന്നേക്കാം .

മണലിൽ പേരെഴുതിയിടുകയും ഐസ്ക്രീം നുണയുകയും ചെയ്തേക്കും . കൈകോർത്തു പിടിച്ച് കടലിലിറങ്ങി കളിച്ചേക്കും . ആ ഓർമകളിൽപ്പോലും അവളറിയാതെ പുഞ്ചിരിച്ചു . ” എന്താ കടലിലിറങ്ങണോ .?” ശബ്ദം കേട്ടപ്പോൾ മാത്രമാണ് അഞ്ജന അടുത്ത് നിൽക്കുകയായിരുന്നെന്ന് കണ്ടത് . വെള്ളത്തിലിറങ്ങാൻ അവൾക്ക് തോന്നിയില്ല . എന്തോ ഒന്ന് പിന്നോട്ട് വലിക്കുന്നു . സത്യത്തിൽ വർഷങ്ങൾക്ക് ശേഷം വീണ്ടും ബീച്ചിൽ വന്നതിൻ്റെ സന്തോഷം പോലും മനസിൽ തോന്നിയില്ല . അമ്മയോടൊപ്പമുള്ള സന്തോഷങ്ങളസ്തമിച്ചു പോയിരിക്കുന്നു . അമ്മയെന്നാലിന്ന് വേദനകളാണ് . ശരീരം തുളച്ചു കീറുന്ന വേദന . സന്തോഷിക്കണമെങ്കിൽ അവിടെ സ്നേഹം വേണ്ടേ .

അമ്മയോടിന്നൊരുതരം ഭയം മാത്രമാണവശേഷിക്കുന്നത് . അന്നൊക്കെയൊരു പക്ഷെ അച്ഛയുടെ സ്നേഹവലയത്തിൽ അമ്മയുടെ സ്നേഹ ശൂന്യതയറിയാതെ പോയതാണോ . അമ്മയന്നും തന്നെ വഴക്കു പറയുമായിരുന്നു . പക്ഷെ അച്ഛ ഫോണിൽ വിളിക്കുമ്പോൾ താനത് അതേ പടി പറയും . അച്ഛ സമാധാനിപ്പിക്കും .അമ്മയെ വഴക്കു പറയുമായിരുന്നോ എന്നറിഞ്ഞുകൂടാ . അമ്മയോട് സംസാരിക്കുന്നതിനേക്കാൾ തന്നോടായിരുന്നില്ലേ അച്ഛ സംസാരിച്ചിരുന്നത് . അടുത്തിടെയായി പഴയ കാര്യങ്ങൾ വല്ലാതെ മനസിനെയലട്ടുന്നല്ലോ . ” പോകാം .. ” അഞ്ജനയ്ക്കൊപ്പം പിന്നാലെ നടക്കുമ്പോഴും അമ്മയിലെ മാറ്റത്തെക്കുറിച്ചാണ് അവൾ ചിന്തിച്ചത് . പിന്നീട് മാളിൽ പോയി .

കുറേ ഷോപ്പിംഗ് .എല്ലാം മൈത്രിയ്ക്കു വേണ്ടി . ജുവൽസ് എടുത്തപ്പോൾ എൻഗേജ്മെൻ്റിനു വേണ്ടിയാകുമെന്നോർത്തപ്പോഴേ മനസിടിഞ്ഞു . രണ്ടാഴ്ചയ്ക്കുള്ളിൽ എൻഗേജ്മെൻ്റ് .. അത് തടയാൻ ആർക്ക് പറ്റും . ഡ്രസുകളും മറ്റും പർച്ചേസ് ചെയ്ത ശേഷം അവളെക്കൂട്ടി റസ്റ്ററൻ്റിൽ പോയി അറേബ്യൻ ഫുഡ് കഴിച്ചു . മൈത്രി ആദ്യമായിട്ടാണ് അത് കഴിക്കുന്നത് . ” സിനിമ കാണണോ ..?” പർച്ചേസ് ചെയ്ത സാധനങ്ങൾ കാറിലേക്ക് വക്കുന്നതിനിടയിൽ അഞ്ജനയുടെ ചോദ്യം വന്നു . ” വേണ്ടമ്മേ ..” അവൾക്ക് തിരിച്ചു പോയാൽ മതിയായിരുന്നു . ഒന്നും ആസ്വദിക്കാനാകാത്തവണ്ണം തൻ്റെ മനസിനെ ഇരുൾ മൂടിക്കഴിഞ്ഞിരിക്കുന്നുവെന്ന് അവളും തിരിച്ചറിയുകയായിരുന്നു .

” പിന്നെന്തു വേണം ..?” മൈത്രി സംശയിച്ചു നോക്കി .. ഇങ്ങനെയൊരു ചോദ്യം അമ്മ മുൻപൊരിക്കലെങ്കിലും തന്നോട് ചോദിച്ചിട്ടുണ്ടോ ? ഓർമയിലില്ല .. അങ്ങനെയൊന്ന് കേൾക്കാൻ എത്രയോ ആഗ്രഹിച്ചിരുന്നു . അങ്ങനെയൊരു സമയം മൈത്രിക്കുണ്ടായിരുന്നു . അതിനർത്ഥം ഇന്നതില്ല എന്നല്ലേ . ശരിയാണ് … ഇന്ന് അമ്മയിൽ നിന്നൊന്നും ആഗ്രഹിക്കാത്ത മകളായി മാറിയിരിക്കുന്നു . അമ്മയിൽ നിന്നു സാധിച്ചെടുക്കുവാൻ തനിക്കൊന്നുമില്ലേ . ഒരുപാടെന്തൊക്കെയോ ഉണ്ടായിരുന്നതാണല്ലോ ? എല്ലാം മറവിയിൽ മാഞ്ഞോ . ” കുറച്ച് ബുക്സ് കിട്ടിയാൽ .. ” അവൾ മുഴുമിപ്പിക്കാതെ അമ്മയെ നോക്കി .. പുസ്തകങ്ങൾ .. പെട്ടന്നെങ്ങനെ അത് മനസിലേക്ക് വന്നെന്നറിയില്ല .

വായനാശീലമൊന്നുമുണ്ടായിരുന്നില്ല .കോളേജ് ലൈബ്രറിയിൽ പോകുന്നത് തന്നെ അസൈഗ്മൻ്റ് എഴുതാൻ ബുക്സിന് വേണ്ടിയാണ് . വായിക്കുവാൻ മൂന്നോ നാലോ വട്ടം എടുത്തിട്ടുണ്ട് . അതും ചില പൈങ്കിളി നോവൽസ് . ഗാഥയും വിന്നിയും എം.ടി യുടെയും തകഴിയുടേയുമൊക്കെ പുസ്തകങ്ങൾ തിരഞ്ഞ് പിടിച്ചെടുക്കുമ്പോൾ താനതിലൊന്നും ശ്രദ്ധിച്ചിട്ടേയില്ല . എന്നാലിപ്പോൾ പുസ്തകങ്ങളോടിഷ്ടം തോന്നുന്നു . ഒരുപാടൊക്കെ വായിക്കാൻ .. അതുകൂടിയില്ലെങ്കിൽ അക്ഷരങ്ങളെന്നെന്നേക്കുമായി തനിക്കന്യമാകുമെന്നൊരു തോന്നൽ . അതോർക്കുമ്പോൾ തന്നെ വല്ലാത്തൊരു വിങ്ങൽ . പഠനകാലത്തിൻ്റെ സ്മരണകൾ നിലനിർത്താനെങ്കിലും പുസ്തകങ്ങളുപകരിച്ചേക്കും .

ഡിസി ബുക്സിനു മുന്നിൽ കാർ നിർത്തി .. ഏതൊക്കെ പുസ്തകങ്ങൾ വേണമെന്ന് ചോദിച്ചപ്പോൾ പെട്ടന്നൊന്നും മനസിൽ വന്നില്ല . അഞ്ജന തന്നെ കുറേ പുസ്തകങ്ങളുടെ പേര് പറഞ്ഞു എഴുത്തുകാരുടെ പേരുൾപ്പെടെ . മൈത്രിയ്ക്ക് അതിശയം തോന്നി . അമ്മയ്ക്കിത്രയൊക്കെ പുസ്തകങ്ങളറിയോ . അവളങ്ങനെ സാഹിത്യമൊന്നും വായിക്കുന്നത് മൈത്രി കണ്ടിട്ടില്ല . ആകെ ബിസിനസ് ജേർണലുകളും മാഗസിൻസുമൊക്കെയാണ് വീട്ടിൽ കണ്ടിട്ടുള്ളത് . മുന്നിലിരുന്ന പുസ്തക കൂട്ടത്തിൽ ചിലത് എടുത്തും ചിലത് മടക്കി കൊടുത്തും ചിലത് പിന്നീടോർത്ത് പറഞ്ഞും അഞ്ജന കുറച്ചധികം പുസ്തങ്ങൾ വാങ്ങി . അമ്മയ്ക്കതിലൊരുപാട് താത്പര്യമുണ്ടെന്ന് മൈത്രിയ്ക്ക് തോന്നി .

കാറിൻ്റെ പിൻസീറ്റിൽ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളിലേക്ക് മൈത്രി ഇടയ്ക്കിടെ പാളി നോക്കി . ഇത്രയധികം വാങ്ങിത്തരുമെന്നവൾ പ്രതീക്ഷിച്ചില്ല . ” അതെല്ലാം വായ്ക്കണം .. നല്ല ബുക്സാണ് .. ” അവൾ പിന്നിലേക്ക് നോക്കുന്നത് കണ്ട് അഞ്ജന പറഞ്ഞു .. ” അമ്മയിതൊക്കെ വായിച്ചിട്ടുണ്ടോ ..?” രാവിലെ മുതൽ ഒരുമിച്ചുണ്ടായിട്ടും അപ്പോൾ മാത്രമാണ് അവളങ്ങോട്ടെന്തെങ്കിലും സംസാരിച്ചത് . അഞ്ജനയുടെ ചുണ്ടിൽ നേർത്തൊരു ചിരി വിടരുന്നത് മൈത്രി കണ്ടു . അതിവേഗം അത് മായ്ക്കുകയും ചെയ്തു . മറുപടി പറഞ്ഞില്ലെങ്കിലും എന്തോ ഒന്നിലേക്ക് അമ്മയുടെ ഓർമ്മകൾ സഞ്ചരിച്ചുവെന്ന് മൈത്രിക്ക് മനസിലായി .

അമ്മയുടെ ആ ഒരു ചിരി പോലും അവൾക്കന്യമായിരുന്നു . പിന്നീടവരെങ്ങും പോയില്ല . പത്മതീർത്ഥത്തിനു മുന്നിലെ പോർച്ചിൽ കാർ നിൽക്കുമ്പോൾ മൈത്രിയ്ക്ക് തെല്ലൊരാശ്വാസം തോന്നി . മറ്റെന്തൊക്കെയോ പ്രതീക്ഷിച്ചാണിവിടുന്ന് പോയത് . സുമിത്രയിറങ്ങി വന്ന് കാറിലുള്ള സാധനങ്ങൾ പുറത്തെടുത്തു . അവൾക്കും അത്ഭുതമായിരുന്നു . മൈത്രിയെക്കൂട്ടി ഇത്തരത്തിലൊരു ഷോപ്പിംഗൊക്കെ ആദ്യ സംഭവമാണ് . ഓർണമെൻ്റ്സിൻ്റെ പാക്കറ്റ് അഞ്ജന തന്നെ എടുത്തു കൊണ്ട് അകത്തേക്ക് പോയി . പുസ്തകങ്ങൾ സുമിത്രയും മൈത്രിയും കൂടിയാണ് മുകളിലെത്തിച്ചത് . മൈത്രിയ്ക്കെല്ലാം അച്ഛയോട് പറയാനായിരുന്നു തിടുക്കം . ****

വാങ്ങിയ പുസ്തകങ്ങളോരോന്നായി മൈത്രിയെടുത്തു നോക്കിയിരിക്കുകയാണ് . ഏതിൽ നിന്നു തുടങ്ങണം . എം ടിയും മുകുന്ദനും തകഴിയും പെരുമ്പടവവും ഒ വി വിജയനുമെല്ലാമുണ്ട് മുന്നിൽ . ഫോൺ ശബ്ദിച്ചപ്പോൾ ഒന്നു ഞെട്ടി . ഫോൺ നോക്കിയപ്പോൾ ജിതിൻ്റെ നമ്പർ കണ്ടു . അവൾ വെറുപ്പോടെ മുഖം തിരിച്ചു . ഫോണെടുക്കാതെ മാറ്റി വച്ചിട്ട് വീണ്ടും പുസ്തകങ്ങളിലേക്ക് തിരിഞ്ഞു . ഇതിൻ്റെ പേരിൽ അമ്മ തല്ലിക്കൊല്ലുന്നെങ്കിൽ കൊല്ലട്ടെ. വീണ്ടും ഫോൺ ശബ്ദിച്ചപ്പോൾ അസഹിഷ്ണുതയോടെ ഫോണിലേക്ക് നോക്കി . പക്ഷെ ഡിസ്പ്ലേയിൽ നിരഞ്ജൻ്റെ നമ്പറാണ് തെളിഞ്ഞത് .

അവളുടെ മുഖം ചന്ദ്രബിംബം പോലെ തിളങ്ങി . തിരിഞ്ഞു നോക്കി തുറന്നു കിടന്ന വാതിൽ ഓടിച്ചെന്നടച്ചിട്ട് കോളെടുത്തു കൊണ്ട് ബെഡിൽ വന്നിരുന്നു . ” നിരഞ്ജാ …” അകലെയെങ്കിലും അരികിലെന്ന പോലെ അവൾ വിളിച്ചു . ” എവിടെയായിരുന്നു പോയത് ? ” അവളുടെ രാവിലത്തെ മെസേജ് കണ്ടിട്ട് ടെൻഷനിലായിരുന്നു അവനും .. തിരിച്ചെത്തിയെന്ന് പറഞ്ഞുള്ള മെസേജ് കണ്ടപ്പോഴാണ് സമാധാനമായത് . അവൾ നടന്നതെല്ലാം വിവരിച്ച് പറഞ്ഞു . ഒപ്പം പത്മരാജനോട് സംശയം പ്രകടിപ്പിച്ചതു പോലെ നിരഞ്ജനോടും പറഞ്ഞു . അമ്മയുടെ മാറ്റത്തിൻ്റെ കാരണം മാത്രമാണ് അവൾക്ക് മനസിലാകാത്തത് . ” നിൻ്റെ ആൻ്റി ശരിക്കും എവിടെയാ ഉള്ളത് ..?” ” നോർത്തിന്ത്യയിലാ .. മുംബേലും കൽക്കത്തയിലും പൂനെയിലുമൊക്കെയായിട്ടാ .. ”

” അതെന്താ അങ്ങനെ ? അവിടെ ജോലിയാണോ ? ” ” ഡാൻസറാ .. കലാമണ്ഡലം പത്മജ ഉണ്ണി . പ്രോംഗ്രാംസ് ചെയ്യും .. ചിലപ്പോ വിദേശത്തൊക്കെയാവും .” ” ഇങ്ങനെയൊരാളെ തേടിയാണോ അഡ്രസു പോലുമില്ലാതെ നീയിറങ്ങി തിരിച്ചത് ..?” നിരഞ്ജൻ അൽപ്പം ദേഷ്യത്തിലാണ് ചോദിച്ചത് . അവളുടെ അപ്പോഴത്തെ സാഹചര്യത്തിൽ സംഭവിച്ചു പോയതാണെന്നറിയാം . എന്നാലും .. അന്നങ്ങനെയൊന്നും സംഭവിക്കാതിരുന്നെങ്കിൽ എന്താകുമായിരുന്നു . ” വേണ്ട .. ഇനിയൊരിക്കലും ഇതാവർത്തിക്കരുത് കേട്ടോ ?” അവളുടെ മൗനത്തെ അവൻ തന്നെ ഉടച്ചു കളഞ്ഞു . ” കലാമണ്ഡലം പത്മജ ഉണ്ണിയിലെ ഉണ്ണിയാരാണ് ? ”

” അതെൻ്റെ മുത്തശ്ശനാ ..” ” അപ്പോ ആൻ്റിയുടെ ഫാമിലി ? ” അവളൊന്നു നിശബ്ദയായി . “ആൻ്റി ഒറ്റയ്ക്കാ ” ” ഡാൻസിന് വേണ്ടി തനിച്ചു മതിയെന്ന് തീരുമാനിച്ചതാണോ അതോ ?” ” അല്ല . ആൻ്റി കല്ല്യാണം കഴിച്ചിട്ടുണ്ട് . പക്ഷെ ” ” ഒക്കെ . ദെൻ ലീവ് ഇറ്റ് . ” അവൾക്കെന്തോ പറയാൻ മടിയുള്ളത് പോലെ തോന്നിയത് കൊണ്ട് അവൻ കൂടുതൽ ചോദിച്ചില്ല . ” ഞാനൊന്നന്വേഷിക്കട്ടെ . ആളെ കിട്ടിയില്ലെങ്കിൽ കുറച്ച് കൂടി ഡീറ്റെയിൽസ് വേണ്ടി വരും . ” ” പിന്നെ ആ ജിതിൻ വിളിച്ചു കുറച്ച് മുമ്പ് ” അത് കേട്ടപ്പോൾ നിരഞ്ജനൊരു വല്ലായ്മ തോന്നി . ” ഞാൻ കോളെടുത്തില്ല . എനിക്കയാളോട് ഒന്നും സംസാരിക്കാനില്ല നിരഞ്ജാ . എൻഗേജ്മെൻ്റിന് മുന്നേ എന്നെയിവിടുന്ന് രക്ഷപ്പെടുത്തണം .

ഇന്ന് ഓർണമെൻ്റ്സ് എടുത്തതൊക്കെ എനിക്കു വേണ്ടീട്ടാ . അമ്മയത് തീരുമാനിച്ചിട്ടുണ്ട് ” ” നീ കോളെടുക്കാതിരുന്നാൽ അയാൾ വീണ്ടും അമ്മയോട് പറയില്ലേ . വീണ്ടും തല്ലു കിട്ടും ” ” അമ്മയെന്നെ തല്ലി കൊന്നോട്ടെ” ” ഏയ് .. ഇപ്പോഴുള്ള സമാധാനാന്തരീക്ഷം നഷ്ടപ്പെടുത്തരുത് . അത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ . അറിയാമല്ലോ എൻഗേജ്മെൻറ് വരെയുള്ള ടൈം വളരെ ക്രൂഷ്യലാണ് . ” ” അതിന് ഞാനയാളോട് സംസാരിക്കണന്നാണോ നിരഞ്ജൻ പറയുന്നേ ” അവൾക്കത് ഉൾക്കൊള്ളാനായില്ല . ” മോളെ , ഒരാളോട് സംസാരിക്കുന്നത് കൊണ്ട് നമുക്കെന്താ പ്രശ്നം . സുഹൃത്തുക്കളോട് , നാട്ടുകാരോട് , ഒരു പരിചയവും ഇല്ലാത്തവരോട് പോലും നമ്മൾ സംസാരിക്കില്ലേ .. നിനക്കിഷ്ടമില്ലാത്തതൊന്നും നീയയാളോട് പറയാനോ കേൾക്കാനോ നിൽക്കണ്ട .

പക്ഷെ ആ കോൾ അവോയ്ഡ് ചെയ്യരുത് . കുറച്ച് ദിവസത്തേക്കല്ലേ ? ആവശ്യം നമ്മുടേതാണ് ” അവൻ നയത്തിൽ പറഞ്ഞു . അവൻ പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നിയപ്പോൾ അവൾ അർത്ഥസമ്മതം മൂളി . ” എനിക്ക് കോളേജൊക്കെ മിസ് ചെയ്യുവാ ..” അവൾ സങ്കടപ്പെട്ടു . ” നമുക്ക് മുള്ളിനെ മുള്ള് കൊണ്ട് തന്നെയെടുത്താലോ ?” അവൻ പറഞ്ഞതെന്താണെന്ന് അവൾക്ക് മനസിലായില്ല . ” ജിതിൻ വിളിക്കുമ്പോൾ , അയാളുടെ ആറ്റിറ്റ്യൂട് എന്താണെന്ന് നീയാദ്യം മനസിലാക്കണം . ഒന്നുകിൽ നിന്നെയവൻ ഒരു ഭീഷണിയിൽ കൂടെ നിർത്താൻ ശ്രമിക്കും , ചിലപ്പോ അന്നത്തെ സംഭവം അവൻ മനപ്പൂർവ്വം ചെയ്തതല്ല സംഭവം കൈയിൽ നിന്ന് പോയതാണെന്ന രീതിയിൽ സംസാരിക്കും .

ആദ്യത്തെതാണെങ്കിൽ നീ തത്ക്കാലം ഒന്നും പറയണ്ട . നമുക്കാലോചിച്ചിട്ടു തീരുമാനിക്കാം . രണ്ടാമത്തേതാണെങ്കിൽ നീയത് വിശ്വസിച്ചത് പോലെ അഭിനയിക്കണം . എന്നിട്ട് തഞ്ചത്തിൽ പറയണം ആ ഒരു കാര്യം കൊണ്ട് നിൻ്റെ കോളേജ് പഠനം തന്നെ നിന്നു പോയി എന്നത് . ഒരിക്കലും നിൻ്റെയമ്മയോട് പറഞ്ഞ് പഠനം തുടരാനൊരു ചാൻസൊപ്പിക്കാൻ അവനോടുള്ള റിക്വസ്റ്റ് ആകരുത് . ഈ കാരണം കൊണ്ട് നിനക്കവനോട് അനിഷ്ടമുണ്ടെന്ന് മാത്രമേ തോന്നാവൂ . എങ്കിലവൻ ആദ്യം ശ്രമിക്കുന്നത് അത് മാറ്റാനാവും ” ” ഇത് രണ്ടുമല്ല പറയുന്നതെങ്കിലോ ?” ” എങ്കിലയാൾ ജനുവിനാണെന്ന് നമുക്ക് വിശ്വസിക്കേണ്ടി വരും . സ്ട്രൈയിറ്റ് ഫോർവേഡ് . പക്ഷെ അങ്ങനെയാകാൻ സാത്യതയില്ല മൈത്രി ” ” എന്താ നിരഞ്ജാ ഇതിൻ്റെയൊക്കെയർത്ഥം ?” മൈത്രിക്ക് ഭീതി തോന്നി .

നിരഞ്ജനാ പറഞ്ഞതിനർത്ഥം ജിതിനൊരു കപട മുഖമുണ്ടെന്നല്ലേ . മറ്റെന്തൊക്കെയോ ലക്ഷ്യങ്ങളുള്ള ഒരുവൻ .. അമ്മയിവരെയൊക്കെയല്ലേ അന്ധമായി വിശ്വസിക്കുന്നത് . പത്മ ഗ്രൂപ്പ്സ് തന്നെ ഏൽപ്പിച്ചു കൊടുക്കാനിരിക്കുന്നത് അയാളുടെ കൈയിലേക്കല്ലേ . മറുവശത്ത് നിരഞ്ജൻ്റെ നെടുവീർപ്പ് മാത്രം കേട്ടു .. ” അർത്ഥങ്ങളൊക്കെ നമ്മൾ തന്നെ കണ്ടു പിടിക്കണം .. ഏതായാലും നീയൊന്ന് ശ്രമിക്ക് . സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം . ജിതിനോടെന്നല്ല ആരോടാണെങ്കിലും . മറുവശത്തുള്ളയാളെ പഠിക്കാൻ ശ്രമിക്കണം . ജീവിതത്തിൽ ആദ്യമറിയേണ്ട പാഠം അതാണ് .. ” അങ്ങനെ പറയുമ്പോൾ നിരഞ്ജൻ്റെ മനസിൽ ഫ്രാൻസിസച്ചൻ്റെ മുഖമായിരുന്നു .

ഓർഫനേജിലെ കുട്ടികളെ ചേർത്തിരുത്തി അച്ചൻ പറയാറുണ്ട് . ‘ സ്വന്തമെന്ന് പറയാൻ ആരുമില്ലാത്തവരാണ് നിങ്ങൾ .. ആ സത്യം തിരിച്ചറിഞ്ഞു തന്നെ വളരണം .. കണ്ടുമുട്ടുന്നവരെല്ലാം നിങ്ങൾക്കന്യരാണ് . അപരിചിതരാണ് . സ്ട്രെയ്ഞ്ചേഴ്സ് .. സൊ ഫസ്റ്റ് യൂ സ്റ്റഡി ദെം വെൽ . ഇല്ലെങ്കിൽ നിങ്ങൾക്ക് വേദനിക്കും . നിങ്ങൾക്ക് മാത്രം . അതേറ്റെടുക്കാൻ മറ്റാരുമുണ്ടാകില്ല .. ബികാസ് യു ആർ ഓർഫൻസ് ‘ ഒലീവിൻ്റെ ചോട്ടിലിരുന്ന് ഓരോ തവണ അനാഥനെന്ന് കേൾക്കുമ്പോഴും കരയുമായിരുന്നു . പതിയെ പതിയെ അതൊരു തിരിച്ചറിവായി . സ്വയം അംഗീകരിക്കാനുള്ള തിരിച്ചറിവ് . ആ വാക്കുകൾ പകർന്ന കരുത്താണ് ഇന്ന് താനും ലിൻറയുമൊക്കെ.

ആരൊക്കെ അനാഥനെന്നധിഷേപിച്ചാലും തളരാത്ത മനക്കരുത്ത് നേടിയത് ആ ഒലീവ് മരത്തിൻ്റെ ചോട്ടിൽ നിന്നാണ് . ” ഞാൻ പറഞ്ഞു തന്നതത്ര നല്ല ഐഡിയയൊന്നുമല്ലെന്നെനിക്കറിയാം മൈത്രി . പക്ഷെ നീയാ വീടിനുള്ളിൽ നാലു ചുവരുകൾക്കുള്ളിലായിരിക്കുമ്പോ എനിക്ക് പരിധികളില്ലെ മോളെ ..” ജിതിനോട് സംസാരിക്കാനുള്ള അവളുടെ ഇഷ്ടക്കേട് മനസിലാക്കിക്കൊണ്ട് നിരഞ്ജൻ പറഞ്ഞു . ” ങും .. ” ” മാർഗമല്ല ലക്ഷ്യമാണ് പ്രധാനമെന്നല്ലേ സാക്ഷാൽ ശ്രീകൃഷ്ണൻ പോലും പറഞ്ഞത് . ഇത് ചീറ്റിപ്പോയാൽ നമുക്ക് വേറെ വഴി നോക്കാം . ” അവൾ ചിരിച്ചു .

” എന്നെ കാണാൻ തോന്നുന്നുണ്ടോ ” ” ഉവ്വ് .. ” ഒട്ടും സന്ദേഹമില്ലാതെയുള്ള മറുപടി കേട്ടപ്പോൾ സന്തോഷവും അതിലുപരി വേദനയും തോന്നി . കോളേജിൽ വരുമായിരുന്നെങ്കിൽ അവിടെ പോയിട്ടെങ്കിലും അവളെ കാണാമായിരുന്നു . എത്രയും പെട്ടന്ന് ആ ചക്രവ്യൂഹം ഭേദിച്ചേ മതിയാകൂ …..( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 23

Share this story