നിനക്കായ് : ഭാഗം 26

നിനക്കായ് : ഭാഗം 26

എഴുത്തുകാരി: ഫാത്തിമ അലി

“അലക്സ് മോനേ….” ഡോറിന് മുട്ടിക്കൊണ്ടുള്ള ചേടത്തിയുടെ ശബ്ദമാണ് അലക്സിനെ ഉറക്കിൽ നിന്ന് എഴുന്നേൽപ്പിച്ചത്… “ആ ചേടത്തീ….” അവൻ എഴുന്നേറ്റിട്ടില്ലെന്ന് കരുതിയാവും വീണ്ടും തട്ടാൻ തുടങ്ങിയതും അലക്സ് കണ്ണ് തുറക്കാതെ തന്നെ അവർക്ക് ഉച്ചത്തിൽ മറുപടി കൊടുത്തു… അൽപ സമയം കൂടെ അതേ കിടപ്പ് കിടന്നിട്ടാണ് ബെഡിൽ നിന്നും ഇറങ്ങിയത്… വാഷ് റൂമിൽ ചെന്ന് ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങിയ അവനേയും കാത്ത് ഡൈനിങ് ടേബിളിനടുത്ത് വല്യമ്മച്ചി വീൽച്ചെയറിൽ ഇരിപ്പുണ്ടായിരുന്നു…

അവർക്കടുത്തായി തന്നെ ചേടത്തിയും.. അവൻ വരുന്നത് കണ്ട ചേടത്തി ടേബിളിലേക്ക് പ്ലേറ്റ് എടുത്ത് വെച്ച് ഭക്ഷണം വിളമ്പി…. “ചേടത്തീ…നിങ്ങൾ രണ്ടാളും കഴിച്ചായിരുന്നോ…?” ചെയർ നീക്കി ഇരുന്ന അലക്സ് അവരോട് ചോദിച്ചതും കഴിച്ചെന്ന മട്ടിൽ തല കുലുക്കിക്കൊണ്ട് ഗ്ലാസിലേക്ക് വെള്ളം പകർന്നു… “ടാ….നീ കഴിച്ചില്ലാലോ…” എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി എഴുന്നേൽക്കുന്ന അലക്സിനെ കണ്ട് വല്യമ്മച്ചിക്ക് സങ്കടമായി… “മതി അമ്മച്ചീ…വിശപ്പില്ല….” ചെറുതായി ഒന്ന് പുഞ്ചിരിച്ച് അവൻ വേഗം കൈ കഴുകി ബുള്ളറ്റിന്റെ കീ എടുത്ത് പുറത്തേക്കിറങ്ങി…

പിന്നാലെ തന്നെ ചേടത്തി വല്യമ്മച്ചിയെ വീൽചെയറിൽ തള്ളിക്കൊണ്ട് ഉമ്മറത്തേക്ക് വന്നു… “അമ്മച്ചിക്കും വരണം എന്നുണ്ടായിരുന്നു മോനേ….” അവരുടെ സ്വരത്തിലെ ഇടർച്ച തിരിച്ചറിഞ്ഞ അലക്സ് വല്യമ്മച്ചിക്ക് മുന്നിലായി മുട്ട് കുത്തി ഇരുന്നു.. “അധികം ദൂരയാത്ര പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞിട്ടില്ലേ അമ്മച്ചീ….അതല്ലേ ഞാൻ ഒറ്റക്ക് പോവുന്നത്…പിന്നെ അമ്മച്ചീടെ കാര്യം മമ്മക്കും പപ്പക്കും മാളൂട്ടിക്കും ഒക്കെ അറിഞ്ഞൂടെ…അവർക്ക് സങ്കടം ഒന്നും ഉണ്ടാവില്ലാ ട്ടോ… നമുക്ക് അസുഖം എല്ലാം മാറി പിന്നെ ഒരു ദിവസം പോവാമേ…” വല്യമ്മച്ചിയുടെ കൈകൾ അവന്റെ ഇരു കവിളിലുമായി വെച്ച് കൊണ്ട് പറഞ്ഞതും അവർ അവന്റെ മുഖം അവരിലേക്ക് അടുപ്പിച്ച് നെറ്റിയിൽ പതിയെ ചുംബിച്ചു…

“ചേടത്തീ…ഞാനേ ഇറങ്ങുവാ….വരാൻ അൽപം വൈകും… പിന്നേ ത്രേസ്യാമ്മച്ചീടെ ബർത്ത് ഡേ കേക്കിന്റെ കാര്യം മറന്നിട്ടില്ലല്ലോ…?” “ഇല്ല മോനേ…ചേടത്തിക്ക് ഓർമയുണ്ട്….” “എന്നാലേ വേഗം ചെന്ന് പണി തുടങ്ങിക്കോ…” ചേടത്തിയെ നോക്കി കണ്ണ് ചിമ്മി കാണിച്ച് അവൻ ധൃതിയിൽ ബുള്ളറ്റിനടുത്തേക്ക് ചെന്നു… വണ്ടി സ്റ്റാർട്ട് ചെയ്ത് വല്യമ്മച്ചിയെ ഒന്ന് നോക്കി തലയാട്ടിക്കൊണ്ട് പുറത്തേക്ക് പാഞ്ഞു…. അവൻ പോയതും കഴുത്തിലൂടെ ഇട്ട ഷാളിന്റെ തലപ്പ് കൊണ്ട് കണ്ണിൽ ഊറി വന്ന കണ്ണുനീരിനെ തുടച്ച് മാറ്റി നെടുവീർപ്പോടെ അകത്തേക്ക് പോയി.. കുറച്ച് സമയത്തെ യാത്രക്കൊടുവിൽ അലക്സ് ചങ്ങനാശ്ശേരിയിലെ ഒരു ചർച്ചിന്റെ അങ്കണത്തിലേക്ക് ബുള്ളറ്റ് കയറ്റി നിർത്തി…

വണ്ടിക്ക് പിന്നിൽ വെച്ചിരുന്ന കവറുകളുമായി അവൻ നേരെ ചർച്ചിനടുത്തുള്ള ഓർഫനേജിലേക്ക് നടന്നു… “ഫാദർ….” “ആഹാ…ആരിത്…അലക്സോ…” ഓർഫനേജിന്റെ വരാന്തയിലൂടെ നടന്ന് പോയിരുന്ന ഫാദർ അവനെ കണ്ടതും പരിചയത്തോടെ അടുത്തേക്ക് വന്നു… “ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടേ ഫാദർ….” “ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടേ….” “കുട്ടികൾക്ക് കുറച്ച് സ്വീറ്റ്സും മറ്റുമാണ്….ഇതൊന്ന് കൊടുക്കാൻ…” “ഹാ…അതിനെന്നാ ടാ…നീ തന്നെ അങ്ങ് കൊടുത്തേ….” ഫാദർ സ്നേഹത്തോടെ അലക്സിന്റെ തോളിലൂടെ കൈയിട്ട് പിന്നിലായുള്ള ഗ്രൗണ്ടിലേക്ക് നടന്നു… “മനുക്കുട്ടാ…അല്ലൂ….എല്ലാവരും ഒന്നിങ്ങ് വന്നേ….”

അവിടെ കളിച്ച് കൊണ്ടിരുന്ന കുട്ടികളെ എല്ലാം കൈകാട്ടി വിളിച്ചതും അവരെല്ലാവരും കളിച്ചത് മതിയാക്കി അലക്സിനും ഫാദറിനും അടുത്തേക്ക് ഓടി വന്നു… “എന്തിനാ ഫാദർ ഞങ്ങളെ വിളിച്ചേ…?” കൂട്ടത്തിലെ ഒരു കുറുമ്പൻ കൊഞ്ചിക്കൊണ്ട് ചോദിച്ചതും ഫാദർ അവനെ എടുത്ത് ഉയർത്തി… “ദേ അല്ലൂട്ടാ…ഈ അങ്കിൾ നിങ്ങൾക്ക് എല്ലാവർക്കും എന്തൊക്കെയാ കൊണ്ടുവന്നിരിക്കുന്നേ എന്ന് നോക്കിക്കേ…?” “ചോക്ലേറ്റ് ഒക്കെ ഉണ്ടോ അങ്കിൾ….?” കുഞ്ഞി കണ്ണുകൾ വിടർത്തിക്കൊണ്ട് ആ കുഞ്ഞ് ചോദിച്ചതും അലക്സ് പുഞ്ചിരിയോടെ അവന്റെ കവിളിൽ നുള്ളി… “ഉണ്ടല്ലോ….ദേ…എല്ലാർക്കും കുറേ ചോക്ലേറ്റ്സും ടോയ്സും ഒക്കെ ഉണ്ട്…” അലക്സ് വാങ്ങിച്ച സാധനങ്ങളെല്ലാം അവർക്ക് വീതിച്ച് കൊടുത്തു…

“ഫാദർ…ഞാൻ ഒന്ന് പ്രാർത്ഥിച്ച് വരാം….” “ചെല്ല് മോനേ….ചെന്നാ സങ്കടങ്ങളൊക്കെ പറയ്…അവനിലും നല്ലൊരു കേൾവിക്കാരൻ മറ്റാരുമില്ല…നിന്റെ എല്ലാ ദുഃഖത്തിനുമുള്ള പരിഹാരം അവന്റെ പക്കൽ ഉണ്ടാവും….” ഫാദർ അലക്സിന്റെ തലയിൽ അരുമയോടെ തലോടിക്കൊണ്ട് പറഞ്ഞതും അവൻ അവർക്കൊരു പുഞ്ചിരി സമ്മാനിച്ചു… ചർച്ചിന് അകത്തേക്ക് കയറിയ അവൻ മുന്നോട്ട് നടന്നു… കുർബാന കഴിഞ്ഞത് കൊണ്ട് പള്ളിക്ക് അകം ശൂന്യമായിരുന്നു…. ദൈവത്തോട് സംവദിക്കാൻ ഏറ്റവും നല്ലത് ഒറ്റക്കാവുമ്പോഴാണെന്ന് അലക്സിന് തോന്നി….

അവൻ നേരെ ചെന്ന് കുരിശിലേറി നിൽക്കുന്ന കർത്താവിന്റെ തിരുരൂപത്തിന് മുന്നിൽ മുട്ട് കുത്തി ഇരുന്നു…. ഇരു കൈകളും കൂപ്പിക്കൊണ്ട് കണ്ണുകൾ അടച്ച് മൗനമായി അവൻ ദൈവത്തോട് പ്രാർത്ഥിച്ചു… ഏറെ നേരം കഴിഞ്ഞതും തോളിലൊരു കരസ്പർശം ഏറ്റ് കണ്ണുകൾ തുറന്ന തിരിഞ്ഞ് നോക്കിയ അലക്സ് തനിക്ക് മുന്നിൽ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ഒരു കുഞ്ഞ് മാലാഘ കുട്ടിയെ കണ്ടു… “അങ്കിൽ എന്തിനാ കരയുന്നേ….കരയണ്ടാട്ടോ… കർത്താവിനോട് സങ്കടം പറഞ്ഞാ അതൊക്കെ മാറ്റിത്തരും എന്ന് ഫാദറച്ഛൻ പറഞ്ഞിട്ടുണ്ടല്ലോ…

അല്ലേ ഫാദറച്ഛാ…?” അലക്സിന്റെ നിറഞ്ഞ കണ്ണുകൾ അവളുടെ കുഞ്ഞ് വിരലിനാൽ തുടച്ച് മാറ്റിക്കൊണ്ട് പിന്നിലേക്ക് നോക്കി ചോദിച്ചു… “അതേലോ അന്നക്കുട്ടീ…മോള് ചെന്ന് കളിച്ചോ ട്ടോ….” ഒരു പ്രായം ചെന്ന ഫാദർ അവരുടെ അടുത്തേക്ക് വന്ന് ആ കുഞ്ഞിന്റെ തോളിൽ തട്ടിയതും അവൾ കിലുങ്ങിച്ചിരിച്ച് കൊണ്ട് പുറത്തേക്ക് ഓടി…. “ഇവിടുത്തെ കുസൃതിക്കുടുക്ക ആണ്…ആൻ…ഞങ്ങളുടെ അന്നക്കുട്ടി…” ഫാദർ അവൾ പോവുന്നതും നോക്കി വാത്സല്യത്തോടെ പറഞ്ഞതും അലക്സിന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് അന്നമ്മയുടെ മുഖം ആയിരുന്നു… അവളുടെ കുസൃതിയും ചിരിയും എല്ലാം ഓർമ്മയിൽ വന്നതും അലക്സ് കണ്ണുകൾ ഇറുകെ അടച്ചു…

“ഇന്നാണ് ഓർമ ദിവസം അല്ലേ മോനേ….?” പുറത്തേക്ക് ഇറങ്ങി നടക്കുന്നതിനിടയിലാണ് ഫാദർ ചോദിച്ചത്… അവൻ അയാളെ നോക്കി പതിയെ ഒന്ന് ചിരിച്ച് പള്ളി സെമിത്തേരിയിലേക്ക് ചെന്നു… സെമിത്തേരിയുടെ ഒരു ഭാഗത്തായുള്ള കല്ലറകൾക്ക് മുന്നിലായി നിന്ന് കൈയിൽ കരുതിയിരുന്ന പൂക്കൾ അവയിൽ വെച്ചു… രണ്ട് വലിയ കല്ലറയും ഒരു ചെറിയ കല്ലറയും ആയിരുന്നു അത്… ജോസഫ് കളത്തിങ്കൽ-റോസ്മേരി ജോസഫ് കളത്തിങ്കൽ- ഐറിൻ ജോസഫ്… കല്ലറകൾക്ക് മുകളിൽ എഴുതി വെച്ച പേരുകളിലേക്ക് അവന്റെ കണ്ണുകൾ ഓടിച്ചു… അധിക സമയം അവിടെ ചിലവഴിക്കാൻ അലക്സിന് കഴിഞ്ഞിരുന്നില്ല… അവൻ പെട്ടന്ന് തന്നെ ആ കല്ലറകൾക്ക് മുന്നിൽ നിന്ന് എഴുന്നേറ്റ് ഓർഫനേജിലേക്ക് നടന്നു…

അവിടുത്തെ കുട്ടികൾക്ക് ഉച്ചക്ക് ഉള്ള ഭക്ഷണം മാളൂട്ടിയുടെ പേരിൽ എല്ലാ വർഷവും അവൻ കഴിപ്പിക്കാറുണ്ടായിരുന്നു… അവരോടൊപ്പം ചേർന്ന് ആ അന്നത്തിൽ നിന്ന് ഒരു പിടി കഴിച്ച് ആ കുഞ്ഞുങ്ങളോടൊപ്പം ചിലവഴിച്ച് വൈകുന്നേരത്തോടെ അവൻ യാത്ര പറഞ്ഞ് ഇറങ്ങി… “കർത്താവ് നിന്റെ എല്ലാ വിഷമങ്ങളെയും ശമിപ്പിക്കട്ടേ…. നിന്നിലെ എല്ലാ പാപങ്ങളും അവൻ പൊറുത്തു തരട്ടേ…ഗോഡ് ബ്ലസ് യൂ മൈ ചൈൽഡ്….” ഫാദർ അവന്റെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു…. പള്ളിയിൽ നിന്നും നേരെ ഒരു പഴയ തറവാട് വീടിന്റെ മുന്നിലേക്കാണ് അലക്സ് വന്ന് നിന്നത്… ഗേറ്റിന്റെ ചുവരിന് മുകളിൽ സ്വർണ്ണ ലിപിയാൽ കളത്തിങ്കൽ എന്ന് എഴുതി വെച്ചിരുന്നു…

അവൻ ഗേറ്റ് തള്ളി തുറന്ന് വീടിന്റെ മുറ്റത്തേക്ക് വണ്ടി കയറ്റി… വാഹനത്തിന്റെ സൗണ്ട് കേട്ടതും എങ്ങ് നിന്നോട ഓടി വന്ന ഒരു മദ്ധ്യ വയ്സകനെ നോക്കി അവനൊന്ന് ചിരിച്ച് അയാളുടെ കൈയിൽനിന്നും താക്കോൽ വാങ്ങി വീടിന് അകത്തേക്ക് കയറി…. അവിടെ താമസിക്കാറില്ലായിരുന്നെങ്കിലും ഇടക്കിടെ എല്ലാം വൃത്തിയാക്കി വെക്കാൻ ഒരു പണിക്കാരനെ ഏൽപ്പിച്ചിരുന്നു… ഫ്രണ്ടിലെ ഡോർ തുറന്ന് ഹാളിലേക്ക് കയറിയതും അവിടെ ഒത്ത നടുക്കായി വെച്ചിരുന്ന വലിയ ഫ്രെയിം ചെയ്ത ഫോട്ടോയിലേക്ക് അവന്റെ കണ്ണുകൾ നീണ്ടു… മേരിയുടെ തോളിലൂടെ കൈയിട്ട് അവരെ ചേർത്ത് പിടിച്ച് ചിരിക്കുന്ന ജോസഫും അവർക്ക് മുന്നിലായി ഐറിനെ പുണർന്ന് നിൽക്കുന്ന അലക്സും….

അവൾ കുറുമ്പോടെ അവന്റെ കവിളിലേക്ക് കടിക്കാനായി നോക്കുന്നുണ്ട്…. അലക്സ് ആ ചിത്രത്തിനടുത്തേക്ക് ചെന്ന് നിന്ന് ഉറ്റ് നോക്കി…. ജോസഫ് ഒരു പ്രൈവറ്റ് കമ്പനിയിലെ മാനേജർ ആയിരുന്നു…. മേരി പാവം വീട്ടമ്മയും….അലക്സിന് ആറ് വയസ്സായപ്പോഴാണ് മേരി രണ്ടാമതും ഗർഭിണിയായത്…. ഒരു പെൺകുട്ടി ആവണമെന്ന് അവനായിരുന്നു ഏറ്റവും കൂടുതൽ ആഗ്രഹം…. ഐറിൻ ജനിച്ച് കഴിഞ്ഞതും അലക്സ് നിലത്തൊന്നുമല്ലായിരുന്നു… നല്ല കുറുമ്പി ആയിരുന്നു അവൾ….അലക്സിന്റെ മാളൂട്ടി…. കണ്ടാൽ രണ്ട് പേരും നല്ല അടിയാണെങ്കിലും പരസ്പരം പിരിഞ്ഞിരിക്കുന്ന കാര്യം അവർക്ക് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു….

ജന്മനാ ഹൃദയത്തിന് തകരാർ ഉണ്ടായിരുന്ന മാളൂട്ടിയുടെ ചികിത്സക്ക് വേണ്ടി കുറച്ച് ദൂരെയുള്ള ഒരു ഹോസ്പിറ്റലിലേക്ക് പോയതായിരുന്നു അവർ… ഡോക്ടറെ കാണിച്ച് അലക്സിന്റെ ക്ലാസ് കഴിയാൻ നേരം ആയപ്പോഴേക്കും അവന്റെ സ്കൂളിന് തൊട്ടടുത്ത് കാറുമായി എത്താറായതും ഒരു ടിപ്പറുമായി കൂട്ടിയിടിച്ചു… വൈകുന്നേരും ക്ലാസ് കഴിഞ്ഞ് ഫ്രണ്ട്സിനൊപ്പം നടന്ന അവൻ റോഡിലൊരു ആൾക്കൂട്ടം കണ്ട് എന്താണെന്ന് അറിയാൻ എത്തി നോക്കി… ഇടിയുടെ ശക്തിയിൽ തകർന്ന് സൈഡിലായി ചെരിഞ്ഞ് കിടന്ന കാറിനകത്ത് നിന്നും നാട്ടുകാർ ആരുടെയൊക്കെയോ ശരീരങ്ങൾ വലിച്ച് പുറത്തേക്കെടുക്കുന്നത് കണ്ടു…

അവൻ പേടിയോടെ പിൻതിരിയാൻ ആഞ്ഞതും കാറിന് അടിയിലായി പെട്ട് കിടക്കുന്ന കുഞ്ഞ് കൈയിലേക്ക് അവന്റെ കണ്ണുകൾ പാഞ്ഞ് ചെന്നത്… ആരൊക്കെയോ ചേർന്ന് കാർ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത ആ കുഞ്ഞ് ശരീരം ആകെ ചതഞ്ഞിരുന്നു… തന്റെ മാളൂട്ടിക്ക് കെട്ടിക്കൊടുത്ത കുഞ്ഞ് മുത്തുകൾ കോർത്ത ബ്രേസ്ലറ്റ് ചോരയിൽ കുതിർന്ന് കിടക്കുന്നത് കണ്ടതും അവന്റെ സമനിലയെ തെറ്റിച്ചു… ആംബുലൻസ് വന്ന് തന്റെ പപ്പയെയും മമ്മയെയും മാളൂട്ടിയേയും കൊണ്ട് പോവുന്നത് കണ്ടും അനങ്ങാൻ പോലുമാവാതെ ഒരേ നിൽപ്പായിരുന്നു അവൻ…. മേരിയും മാളുവും സംഭവ സ്ഥലത്ത് വെച്ചും ജോസഫ് ഹോസ്പിറ്റലിലേക്ക് പോവുന്ന വഴിയും മരണപ്പെട്ടു…

കളത്തിങ്കൽ വീടിന്റെ ഉമ്മറത്ത് ആ മൂന്ന് ശരീരങ്ങൾ വെള്ള പുതപ്പിച്ച് കിടത്തി അടുത്തായി വല്യമ്മച്ചി തന്നെയും ചേർത്ത് പിടിച്ച് കരയുന്നതോ കേൾക്കാതെ ഏതോ ഒരു ലോകത്തെന്ന പോലെ ആയിരുന്നു അവൻ…. മൂന്ന് ശരീരങ്ങളും അടക്കം ചെയ്ത് രാത്രിയോടെ ഒരു വിധം ബന്ധുക്കളല്ലാം തിരികെ പോയി… അലക്സിനെ കിടത്തിയ റൂമിലേക്ക് ചെന്ന് നോക്കിയ വല്യമ്മച്ചി കട്ടിലിന്റെ ഒരു മൂലയിൽ ഇരുന്ന് എന്തൊക്കെയോ പിറുപിറുത്ത് സ്വന്തം ശരീരത്തെ വേദനപ്പിക്കുന്ന അലക്സിനെ ആയിരുന്നു കണ്ടത്…. വല്യമ്മച്ചിയുടെ നിലവിളി കേട്ട് ഓടി വന്ന ബന്ധുക്കൾ ഉടനെ തന്നെ അലക്സിനെ ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചു…

ഉറ്റവരുടെ വേർപാട് കൺമുന്നിൽ കണ്ട അവന്റെ മാനസിക നില തെറ്റിയെന്നറിഞ്ഞ ബന്ധുക്കൾ അവൻ അവരുടെ തലയിലായാലോ എന്ന് പേടിച്ച് കൈയൊഴിഞ്ഞു… ഒടുവിൽ വല്യമ്മച്ചി മാത്രമായിരുന്നു അവനോടൊപ്പം ഉണ്ടായിരുന്നത്… ഒന്നര വർഷം എടുത്തു അവനെ സാധാരണ നിലയിലേക്ക് എത്തിക്കാൻ…. അതിന് ശേഷമാണ് അവര് രണ്ട് പേരും ചങ്ങനാശ്ശേരിയിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് സ്ഥലം മാറിയത്…. “ഏട്ടായീ……” മാളൂട്ടിയുടെ സ്വരം കാതിൽ അലയടിക്കുന്നത് പോലെ തോന്നിയതും അവൻ കണ്ണ് തുടച്ച് റൂമിലേക്ക് ചെന്നു…

നേരെ കട്ടിലിലേക്ക് വീഴുമ്പോഴും അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഇറ്റു വീഴുന്നുണ്ടായിരുന്നു…. രാത്രി വരെ ആ വീട്ടിൽ ചിലവഴിച്ച അലക്സ് സാം വീട്ടിലെത്തി എന്ന് വിളിച്ച് പറഞ്ഞപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് പോയത്…. അവിടെ എത്തി കുളി കഴിഞ്ഞ് ചേടത്തി ഉണ്ടാക്കിയ കേക്കുമായി പുലിക്കാട്ടിലേക്ക് പോയി… പോർച്ചിൽ ബുള്ളറ്റ് നിർത്തി അകത്തേക്ക് കയറാനായി ഫ്രണ്ട് ഡോറിനടുത്തേക്ക് ചെന്നപ്പോഴാണ് ആരോ വന്ന് അവന്റെ നെഞ്ചിൽ ഇടിച്ചത്… ഇടിച്ച ശക്തിയിൽ പിന്നിലേക്ക് പോയ ആളുടെ കൈയിൽ പിടിച്ച് നിർത്തി…. ***** ശ്രീ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പതിയെ നേരെ നിന്നു…. അലക്സിന് അവളെയും അവൾക്ക് അലക്സിനെയും കണ്ടിട്ട് മനസ്സിലായിരുന്നില്ല…

രണ്ട് പേരും സംശയത്തോടെ നോക്കി നിൽക്കുമ്പോഴാണ് സാം അവരുടെ അടുത്തേക്ക് വന്നത്… “ഹാ..അലക്സേ…വന്നേ…” സാം അലക്സിന്റെ തോളിലൂടെ കൈയിട്ട് അകത്തേക്ക് നടന്നു…അതിനിടയിൽ ശ്രീ ഒന്ന് നോക്കാനും മറന്നില്ല… പക്ഷേ അവൾ അതൊന്നും ശ്രദ്ധിക്കാതെ അവർക്ക് പിന്നാലെ നടന്നു… പെട്ടന്നൊരു കുസൃതി തോന്നിയ സാം അലക്സിനോട് എന്തോ പറഞ്ഞ് തിരിഞ്ഞ് നിന്നു… അവൻ വിചാരിച്ചത് പോലെ തന്നെ എന്തോ ഓർത്ത് നടന്ന ശ്രീ സാമിന്റെ നെഞ്ചിലായി ഇടിച്ച് നിന്നു.. “ഹൗ….” ശ്രീ നെറ്റി ഉഴിഞ്ഞ് മുഖം ഉയർത്തിയതും സാം ഒന്നും അറിയാത്ത പോലെ മുഖം വെച്ചു…

“എന്താ ടീ കണ്ണ് കൂർപ്പിച്ച് നോക്കുന്നത്….ഉണ്ടക്കണ്ണീ…..” ശ്രീയുടെ കൂർത്ത നോട്ടം കണ്ട് കള്ളച്ചിരിയോടെ അവൻ ചോദിച്ചതും അവൾ ഒന്നും മിണ്ടിയില്ല… “കാലമാടൻ…..” ശബ്ദം കുറച്ചാണ് പറഞ്ഞതെങ്കിലും അവനത് നന്നായി കേട്ടിരുന്നു… “എന്ത്….?” സാമിനെ നോക്കി ഒന്ന് പുച്ഛിച്ച് അവൾ വഴി മാറി പോയി…. “നിന്നെ ഞാൻ എടുത്തോളാ ടീ….കുറുമ്പി….” അവൾ പോയ വഴിയേ നോക്കി മീശ പിരിച്ച് ചിരിയോട് സാം പറഞ്ഞു…. ഹാളിലെത്തിയ അലക്സ് തന്നെ ശ്രദ്ധിക്കാതെ മാത്യൂവിനോടും റീനയോട് സംസാരിക്കുന്നത് കണ്ടതും അന്നമ്മ ചുണ്ട് പിളർത്തി…. “ടീ…ആരാ ടീ ആ വന്നത്….?”

അവളുടെ കളികൾ കണ്ട് ശ്രീ അന്നമ്മയെ തോണ്ടി വിളിച്ച് അലക്സിന് നേരെ കണ്ണ് കൊണ്ട് കാണിച്ച് ചോദിച്ചതും അവൾ ഇളിച്ച് കാട്ടി…. “ആ മോളേ….ദതാണ് എന്റെ മാത്രം ചെകുത്താൻ😘…” “ഓഹോ…അപ്പോ ഇതാണല്ലേ ആൾ….” ശ്രീ അന്നമ്മയുടെ കവിളിൽ ഒന്ന് കുത്തിയതും അവൾ കള്ളച്ചിരിയോടെ ശ്രീയെ നോക്കി കണ്ണിറുക്കി.. അന്നമ്മ അവൾക്ക് അലക്സിനോടുള്ള ഇഷ്ടം ശ്രീയോട് പറഞ്ഞിരുന്നു… “ഇതാരാ പുതിയ ആൾ….?” “അത് അന്നേടെ ഫ്രണ്ട് ആണ് അലക്സേ…ദച്ചു….” റീന അവനോട് പറഞ്ഞതും അലക്സ് ശ്രീയെ നോക്കി പുഞ്ചിരിച്ചു… അവളും തിരിച്ച് പുഞ്ചിരി സമ്മാനിച്ചു….

എല്ലാവരും കൂടെ ചേർന്ന് ഡെക്കറേഷൻസ് ഒക്കെ ഭംഗിയാക്കി ഏകദേശം സമയം ആവാറായതും അമ്മച്ചിയുടെ റൂമിനടുത്തേക്ക് ചെന്നു… ലോക്ക് മാറ്റി അന്നമ്മ ഡോറിന് തട്ടി വിളിച്ചതും അമ്മച്ചി എഴുന്നേറ്റ് വരുന്ന സൗണ്ട് കേട്ട് എല്ലാവരും സൈഡിലായി നിന്നു…. അമ്മച്ചി വാതിൽ തുറന്ന് പുറത്തേക്ക് വന്നതും സ്ട്രിങ് ലൈറ്റുകളെല്ലാം തെളിഞ്ഞു…. “ഹാപ്പി ബർത്ത് ഡേ അമ്മച്ചീ…..” എല്ലാവരും ഒരുമിച്ച് പറഞ്ഞതിനോടൊപ്പം സാമും അലക്സും ഇരു സൈഡിൽ നിന്നും പാർട്ടി പോപ്പറുകൾ പൊട്ടിച്ചു… അമ്മച്ചി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവരുടെ മുഖത്ത് നിന്ന് വ്യക്തമായിരുന്നു… പകച്ച് നിൽക്കുന്ന അമ്മച്ചിയുടെ തലയിലേക്ക് ബർത്ത് ഡേ ക്യാപ്പ് വെച്ച് കൊടുത്തു…

ഹാളിൽ സെറ്റ് ചെയ്ത് വെച്ച ബ്ലാക്ക് ഫോറസ്റ്റ് കേക്കിന് മുന്നിലായി അമ്മച്ചിയെ കൊണ്ട് നിർത്തി കത്തിയെടുത്ത് കൈയിൽ കൊടുത്തു… അമ്മച്ചി കേക്ക് മുറിച്ചതും ബർത്ത്ഡേ സോങ്ങും പാടി കൈയടിയും ബഹളവും ആയിരുന്നു… ആദ്യത്തെ കഷ്ണം മുറിച്ചെടുത്ത അമ്മച്ചി അലക്സിന് നേരെ ആയിരുന്നു നീട്ടിയത്.. അലക്സ് ഒരു പീസ് കടിച്ച് ബാക്കി അമ്മച്ചിയുടെ വായിലേക്ക് വെച്ച് കൊടുത്തു… പിന്നെ അന്നമ്മക്കും സാമിനും ശ്രീക്കും ഒക്കെ കൊടുത്തു… ഇടക്ക് കേക്കിൽ നിന്നും അൽപം ക്രീം എടുത്ത് സാം അവന് അടുത്ത് നിന്ന അന്നമ്മയുടെ കവിളിലായി തേച്ചു… അവൾക്ക് തീരെ ഇഷ്ടമല്ലെന്ന് അറിഞ്ഞ് കൊണ്ടാണ് അവനത് ചെയ്തത്… ക്രീം മുഖത്ത് ആയതും ദേഷ്യം വന്ന അവൾ തിരിച്ച് അവന്റെ മുഖത്ത് ആക്കാനായി ഇരുകൈയിലും ക്രീം തേച്ച് അവന്റെ അടുത്തേക്ക് ഓടി….

ടേബിളിന് ചുറ്റും വട്ടമിട്ട് അന്നമ്മ സാമിനെ പിടിക്കാനായി ഓടുന്നത് കണ്ട് ബാക്കിയെല്ലാവരും ചിരിച്ചു… ഒടുവിൽ അവൻ ഒരിടത്ത് നിന്നെന്ന് കണ്ടതും അന്നമ്മ ഓടി ചെന്ന് അവന്റെ മുഖത്തേക്ക് ഇരു കൈകളാലും ക്രീം തേച്ച് പിടിപ്പിക്കാൻ നോക്കിയതും അത് മുൻകൂട്ടി അറിഞ്ഞ സാം ഒരു ശകലം സൈഡിലേക്ക് ആയി മാറി നിന്നു… അന്നമ്മ നേരെ ചെന്ന് നിന്നത് അലക്സിന് മുന്നിലും…. അവളുടെ വിടർത്തി പിടിച്ച കൈയിലെ ക്രീം മൊത്തത്തിൽ അവന്റെ മുഖത്ത് പതിഞ്ഞിരുന്നു… “കർത്താവേ……”….തുടരും

Share this story