പാദസരം : ഭാഗം 5

പാദസരം : ഭാഗം 5

എഴുത്തുകാരി: അനില സനൽ അനുരാധ

“മോനെ ഹരീ… ” അമ്മ വിളിച്ചു… അവൻ വേഗം അവളെ പിടിച്ച് ഉയർത്തി… അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു… അറിയാതെ അവൻ അവളെ ഇരു കൈകൊണ്ടും പൊതിഞ്ഞു നെഞ്ചോടു ചേർത്തു പിടിച്ചു… “ദേവൂ…” അവൻ പതിയെ വിളിച്ചു… അവൾ ചെറുതായി ഒന്നു മൂളുക മാത്രം ചെയ്തു. കൈകളിൽ കോരി എടുത്ത് അവളെ അകത്തു കൊണ്ടു പോയി കിടത്തി… അച്ഛനെ അകത്തു കൊടുന്നു കിടത്തിയതൊന്നും അവൾ അറിഞ്ഞിരുന്നില്ല. പ്രയാസപ്പെട്ട് അവൾ കണ്ണുകൾ പതിയെ തുറന്നു. അച്ഛൻ വെള്ള പുതച്ച് നിലവിലക്കിനു മുൻപിൽ കിടക്കുന്നു. പതിയെ അച്ഛന്റെ അരികിലേക്ക് നീങ്ങി ഇരുന്നു…

അച്ഛൻ പുഞ്ചിരിച്ചു കിടക്കുന്നതു പോലെ അവൾക്കു തോന്നി… നെറ്റിയിൽ പതിയെ തലോടി… മനസ്സിന് വല്ലാത്ത മരവിപ്പായിരുന്നു. കണ്ണുനീരെല്ലാം ആവി ആയി പോയതു പോലെ. വാക്കുകൾ ഒന്നും പുറത്തേക്കു വരുന്നില്ല. മുമ്പിൽ കിടക്കുന്ന അച്ഛനെ അല്ലാതെ അവൾ വേറെയൊന്നും കണ്ടില്ല. ചെവിയെല്ലാം മൂടി കെട്ടിയതു പോലെ. അച്ഛനും താനും മാത്രമേ അവിടെയുള്ളു എന്നവൾക്കു തോന്നി. അച്ഛനെ വിളിച്ച് ഉണർത്തണം എന്നുണ്ടെങ്കിലും കഴിയുന്നില്ല. ശബ്ദം നഷ്ടപ്പെട്ടവളെ പോലെ അവൾ ഇരുന്നു… കുനിഞ്ഞു അച്ഛന്റെ നിറുകെയിൽ ചുംബനം നൽകി… ഹരി അവളെ നോക്കി നിന്നു.

അവളുടെ ജീവനാണ് അവിടെ കിടക്കുന്നത്… അച്ഛനോളം പ്രിയപ്പെട്ടതായി അവൾക്കു ഈ ഭൂമിയിൽ ഒന്നും ഇല്ലെന്ന് അവന് അറിയാമായിരുന്നു. എന്നിട്ടും അവൾ എന്തേ കരയുന്നില്ല എന്നോർത്ത് അവൻ ആശ്ചര്യപ്പെട്ടു. അവളുടെ മനസ്സ് ഇവിടെ ഒന്നും ഇല്ലെന്ന് പ്രഭയ്ക്കു തോന്നി. അവർ അവളുടെ അടുത്തായി വന്നിരുന്നു. “മോളെ…. ” അവൾ അവരുടെ മുഖത്തേക്ക് നോക്കി. ദിവ്യയുടെയും അമ്മയുടെയും കരച്ചിലിൽ അവളുടെ കാതിൽ വന്നു തറഞ്ഞു. അവൾ ഇരു കൈകൾ കൊണ്ടും കാതുകൾ പൊത്തി പിടിച്ചു. എല്ലാവരും അവളെ അലിവോടെ നോക്കി. അവൾ ഒന്നു കരഞ്ഞിരുന്നെങ്കിൽ എന്നു ആ നിമിഷം പ്രഭ ആശിച്ചു. അവൾ ചുരുണ്ടു കൂടി പ്രഭയുടെ മടിയിൽ തല വെച്ചു കിടന്നു.

അവരുടെ മിഴികൾ നിറഞ്ഞ് ഒഴുകി. വാത്സല്യത്തോടെ അവളെ ആശ്വസിപ്പിക്കാൻ എന്നോണം തഴുകി കൊണ്ടിരുന്നു. ഗിരിയുടെ മനസ്സും ആളിക്കത്തുകയായിരുന്നു. അവളുടെ മനസ്സിന്റെ താളം തെറ്റുമോ എന്നു പോലും അവൻ ഭയപ്പെട്ടു. അച്ഛനെ ചിതയിലേക്ക് എടുക്കുന്ന സമയത്തു പോലും ദേവികയിൽ നിർവികാരതയായിരുന്നു. മകന്റെ സ്ഥാനത്തു നിന്ന് ഗിരിയാണ് കർമ്മങ്ങൾ എല്ലാം ചെയ്തത്. എല്ലാ കാര്യങ്ങൾക്കും ഒഴിഞ്ഞു നിൽക്കാതെ ഹരിയും മനുവും അവന്റെ കൂടെ തന്നെ നിന്നു. *** മരണാനന്തര ചടങ്ങ് കഴിഞ്ഞ് എല്ലാവരും തിരിച്ചു പോയി. ഗിരിയുടെയും ഹരിയുടെയും വീട്ടുകാർ മാത്രം അവിടെ അവശേഷിച്ചു. ഹരിയുടെ വീട്ടുകാർ യാത്ര പറഞ്ഞ് ഇറങ്ങാൻ ആയി അകത്തേക്ക് ചെന്നു.

സുജാതയുടെ മടിയിൽ തല വെച്ചു ദിവ്യ കിടക്കുന്നുണ്ടായിരുന്നു. ദേവിക കാലിൽ മുഖം ചേർത്തു വെച്ച് ചുമരിൽ ചാരി ഇരിക്കുന്നുണ്ട്. പ്രഭ ദേവികയുടെ ചുമലിൽ മെല്ലെ തട്ടി വിളിച്ചപ്പോൾ അവൾ മുഖം ഉയർത്തി എല്ലാവരെയും നോക്കി. “ഞങ്ങൾ പോയിട്ട് നാളെ വരാം മോളെ… ” അവൾ തലയാട്ടി. സുജാതയോടും ദിവ്യയോടും പറഞ്ഞ് എല്ലാവരും ഉമ്മറത്തേക്ക് നടന്നു. ഹരി തിരിഞ്ഞു നോക്കുമ്പോൾ അവൾ ചുമരിൽ ചാരി മിഴികൾ പൂട്ടി ഇരിക്കുകയായിരുന്നു. ഗിരിയും അച്ഛനും അവരുടെ കൂടെ ഉമ്മറത്തേക്ക് വന്നു. “ഹരിയും പോവാണോ? ” ഗിരി തിരക്കി. അവൻ തലയാട്ടി.

“ഇവിടെ നിന്നൂടെ. അവൾ ഇതു വരെ ഒന്നു കരഞ്ഞിട്ടില്ല. വെള്ളം പോലും കുടിച്ചിട്ടില്ല. ഹരി കൂടി ഇവിടെ ഉണ്ടെങ്കിൽ ഒരു ധൈര്യമാണ്. ” “ഹരി നീ ഇവിടെ നിൽക്കുന്നതാ നല്ലത്.” അച്ഛൻ പറഞ്ഞു. “ശരിയാ മോനെ… മനസ്സ് ആകെ തകർന്നാ അവൾ ഇരിക്കുന്നത്… ” അമ്മ പറഞ്ഞു. ഹരി പിന്നെ എതിർത്തൊന്നും പറഞ്ഞില്ല. ഗിരിയുടെ അച്ഛനും അമ്മയും അവിടെ തന്നെ നിന്നു. ഗിരി ഉമ്മറത്തേക്ക് വരുമ്പോൾ ഹരി തിണ്ണയിൽ തൂണിൽ ചാരി ഇരിക്കുന്നുണ്ടായിരുന്നു. ഗിരി അവന്റെ അടുത്തായി വന്നിരുന്നു. “ഇന്നലെ ഇവിടേക്ക് വന്നിരുന്നു അല്ലേ? ” ഗിരി തിരക്കി. “ഉം… ” “അമ്മാവൻ ഇന്നലെ ഫാമിലേക്ക് വന്നിരുന്നു.

കുറേ നേരം സംസാരിച്ച് ഇരുന്നിട്ടാ പോന്നത്. ഇന്നലെ രാവിലെ നിങ്ങളെ രണ്ടാളെയും ഒരുമിച്ചു കണ്ട സന്തോഷത്തിൽ ആയിരുന്നു. ഹരിയ്ക്കു ദേവുവിനെ ഇഷ്ടമില്ല എന്നൊരു തോന്നൽ ഉണ്ടായിരുന്നു ആ മനസ്സില് അത് ഇന്നലത്തോടെ തീർന്നിരുന്നു.” ഹരി ഗിരിയുടെ മുഖത്തേക്ക് നോക്കി അങ്ങനെയിരുന്നു. ഗിരിയുടെ കണ്ണുകൾ കലങ്ങിയിരിക്കുന്നു. സംസാരത്തിന് ഇടയ്ക്ക് അവന്റെ മിഴികൾ നിറഞ്ഞു തുളുമ്പാൻ വെമ്പുന്നു. അവൻ അപ്പോൾ തന്നെ മുണ്ടിന്റെ തലപ്പു കൊണ്ടു തുടച്ചു കളയുന്നുമുണ്ട്. “ഗിരിയേട്ടാ… ” ദിവ്യയുടെ ഉറക്കെയുള്ള വിളി കേട്ടപ്പോൾ രണ്ടാളും വേഗം എഴുന്നേറ്റ് അകത്തേക്ക് നടന്നു. “ചേച്ചി വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല… ” അവൾ പരിഭ്രാന്തിയോടെ പറഞ്ഞു.

ഹരി വേഗം അവളുടെ അടുത്തായി ഇരുന്നു. “ദേവൂ… ” അവൻ കവിളിൽ തട്ടി വിളിച്ചു. “അമ്മേ കുറച്ചു വെള്ളം എടുത്തേ… ” ഗിരി പറഞ്ഞു. അമ്മ വെള്ളവുമായി വന്നു. ഗിരി അതു വാങ്ങി അവളുടെ മുഖത്തേക്ക് തെളിച്ചു. “ദേവൂ… ” എന്നു വിളിച്ചു ഹരി വീണ്ടും കുലുക്കി വിളിച്ചെങ്കിലും അവൾ കണ്ണുകൾ മെല്ലെ ചിമ്മിയതല്ലാതെ തുറന്നില്ല. ഹരിയും ഗിരിയും കൂടി അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. ദേവിക കണ്ണു തുറക്കുമ്പോൾ ഗിരി അടുത്ത് കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഹരി ഡോക്ടറുടെ ക്യാബിനിലേക്ക് പോയതായിരുന്നു. അവൻ അവളുടെ മുഖത്തേക്ക് നോക്കി തന്നെയാണ് ഇരുന്നിരുന്നത്.

അവളും അവന്റെ മുഖത്തേക്ക് നോക്കി. ഗിരിയേട്ടന്റെ മിഴികൾ നിറഞ്ഞിരിക്കുന്നു. അവളുടെ മിഴികൾ ഒഴുകി കൊണ്ടിരുന്നു. എങ്ങനെ അവളെ സമാധാനിപ്പിക്കണം എന്ന് അറിയാതെ ഗിരി ഇരുന്നു. അവൾ പതിയെ എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ചെങ്കിലും കഴിയുന്നുണ്ടായിരുന്നില്ല. ശരീരത്തിനു വല്ലാത്ത തളർച്ച തോന്നി. ഗിരി എഴുന്നേറ്റ് അവളുടെ ചുമലിൽ പിടിച്ച് എഴുന്നേൽപ്പിച്ചതും അവൾ ഒരു കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി… അവന്റെ നെഞ്ചിലേക്ക് അവളുടെ കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു. മനസ്സിന്റെ ഭാരം അവൾ കരഞ്ഞു തീർക്കട്ടെ എന്ന് ഗിരിയും കരുതി… യാന്ത്രികമെന്നോണം അവന്റെ കൈകൾ അവളുടെ മുടിയിഴകളെ തലോടി കൊണ്ടിരുന്നു.

വാതിൽക്കൽ എത്തിയതും മുൻപിലെ കാഴ്ച കണ്ട് ഹരി തറഞ്ഞു നിന്നു. ദേവിക ഗിരിയുടെ നെഞ്ചിൽ മുഖം പൂഴ്ത്തി കരയുന്നതു കാണും തോറും അവന്റെ ഹൃദയം എന്തിനെന്നറിയാതെ ശക്തമായി മിടിച്ചു കൊണ്ടിരുന്നു… ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ അവൻ വലതു കൈ മടക്കി ചുമരിൽ ഇടിച്ച് റൂമിനു പുറത്തെ കസേരയിൽ വന്നിരുന്നു. അവളെ തനിക്ക് ഇഷ്ടമില്ലല്ലോ പിന്നെ എന്തിനാ ഈ ദേഷ്യം… അവൻ സ്വയം ചോദിച്ചു കൊണ്ടിരുന്നു. കണ്ണുകൾ അടച്ചു കസേരയിൽ ചാരി ഇരുന്നപ്പോൾ മനസ്സിൽ തെളിഞ്ഞത് അവളുടെ വിടർന്ന കണ്ണുകൾ ആയിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ അവൾ ഗിരിയോടു ചേർന്നു നിൽക്കുന്ന രംഗം ഓർമ്മ വന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ഗിരി റൂമിന് പുറത്തേക്ക് വന്നു. “ഡോക്ടർ എന്തു പറഞ്ഞു? ” ഗിരി തിരക്കി. “ബി പി കൂടിയതിന്റെയാ. ഇൻജെക്ഷൻ അടിച്ചല്ലോ ഇനി കുഴപ്പം ഒന്നുമില്ലെന്ന് പറഞ്ഞു. ഇനി ഒരു ഡ്രിപ് കൂടി കയറ്റാനുണ്ട്. അതു കഴിഞ്ഞാൽ വീട്ടിൽ പോകാം. ” “ദേവു എഴുന്നേറ്റിട്ടുണ്ട്… ” “ഉം…” ഹരി മെല്ലെ മൂളി. “ഹരി കുറച്ചു നേരം അവളുടെ അടുത്ത് പോയിരുന്നോളൂ. എഴുന്നേറ്റപ്പോൾ അവൾ കരഞ്ഞു. ” ഹരി ഒന്നും പറയാതെ എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു. അവൾ മിഴികൾ അടച്ചു കിടക്കുന്നുണ്ടായിരുന്നു. അവൻ കസേര വലിച്ച് ബെഡിനു അരികിലേക്ക് നീക്കിയിട്ടു. ശബ്ദം കേട്ട് അവൾ കണ്ണുകൾ തുറന്നു അവനെ നോക്കി. അവൻ ഒന്നും പറയാതെ കസേരയിൽ ഇരുന്നു.

നഴ്സ് വന്നു ഡ്രിപ് ഇട്ടിട്ടു പോയി. ഹരി കസേരയിൽ ഇരുന്നു ബെഡിലേക്ക് തല വെച്ച് കുനിഞ്ഞു കിടന്നു. ഇരുന്നു തന്നെ ഒന്നു മയങ്ങി പോയി. കണ്ണു തുറന്നപ്പോൾ അവൾ അവനെ നോക്കി കിടക്കുന്നതാണ് കണ്ടത്. അവൻ മുഖം തിരിച്ചു. ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് പോകുമ്പോൾ ആരും പരസ്പരം സംസാരിച്ചില്ല. ഹരിയാണ്‌ ഡ്രൈവ് ചെയ്തത്. അവന്റെ അടുത്തായി ഗിരിയും. ബാക്ക് സീറ്റിൽ ദേവു പുറത്തേക്കു നോക്കി ഇരിക്കുകയായിരുന്നു. ഹരിയുടെ മനസ്സ് നിറയെ ദേവുവിനെയും ഗിരിയേയും കുറിച്ചുള്ള ചിന്തകൾ ആയിരുന്നു. അവർ തമ്മിൽ ഇതു വരെ പുഞ്ചിരിക്കുന്നതോ സംസാരിക്കുന്നതോ കണ്ടിട്ടില്ല. പിന്നെ എന്തിന് അവൾ അവനെ…. ചിന്തകൾ അവനിൽ നിറഞ്ഞു കൊണ്ടിരുന്നു.

അതിന്റെ പ്രതിഫലനം എന്നോണം അവന്റെ മുഖം മുറുകിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും ഗിരി ദേവുവിന്റെ അടുത്തു കൂടി പോകുമ്പോൾ എത്ര നോക്കണ്ടെന്നു വിചാരിച്ചാലും ഹരിയുടെ മിഴികൾ അവരെ രണ്ടു പേരെയും നിരീക്ഷിക്കും. ചടങ്ങുകൾ എല്ലാം കഴിഞ്ഞു അവിടെ നിന്നും മടങ്ങും വരെ അവർ തമ്മിൽ സംസാരിക്കുക പോയിട്ട് ഒന്നു പുഞ്ചിരിക്കുന്നതു പോലും കാണാൻ ഹരിക്ക് കഴിഞ്ഞില്ല.. *** വീട്ടിലേക്ക് പോകാം എന്നു പറഞ്ഞ് അമ്മയും അച്ഛനും ഏട്ടനും ഏട്ടത്തിയും എല്ലാം നിർബന്ധിച്ചു. “എന്നെ വേറെ ഒരു വീട്ടിൽ കൊണ്ടു ഇട്ടതാണല്ലോ ഞാൻ അവിടെ നിന്നോളാം… ” എന്നു ഹരി ദേഷ്യത്തോടെ പറഞ്ഞപ്പോൾ പിന്നെ ആരും നിർബന്ധിച്ചില്ല.

ഹരിയുടെ കൂടെ കാറിൽ ഇരിക്കുമ്പോൾ അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. ഇനി ഹരിയേട്ടനു മുൻപിൽ തോറ്റു കൊടുക്കാനെ തനിക്കു കഴിയൂ എന്നവൾക്ക് തോന്നി… അച്ഛനു വേണ്ടിയായിരുന്നു എല്ലാം സഹിച്ചത്… അവസാനം തനിച്ചാക്കി അച്ഛനും അമ്മയുടെ അടുത്തേക്ക് പോയി… എന്തേ രണ്ടാളും എന്നെ തനിച്ചാക്കി??? ചിന്തകൾ അധികരിച്ചു കൊണ്ടിരുന്നു. കാർ നിർത്തിയതും ഹരി ഡോർ തുറന്നു ഇറങ്ങിയതും ഒന്നും അവൾ അറിഞ്ഞിരുന്നില്ല. സൈഡ് ഗ്ലാസ്സിൽ ഹരി തട്ടിയപ്പോൾ ആണ് അവൾക്കു വീടെത്തി എന്നു മനസ്സിലായത്. അവൾ ഡോർ തുറന്നിറങ്ങി. ഹരി വീട് തുറന്നു അകത്തു കയറി. പിന്നാലെ അവളും. മുറിയിൽ വന്നു കിടന്നു… ഒന്നും ചെയ്യാൻ തോന്നുന്നുണ്ടായിരുന്നില്ല.

അകത്തു നിന്നും എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ നിറഞ്ഞു. മിഴികൾ അടച്ചപ്പോൾ അച്ഛൻ അടുത്തുള്ളതു പോലെ തോന്നി. അച്ഛന്റെ സാമിപ്യം അറിയുന്നുണ്ട്… അച്ഛൻ തലോടുന്നുണ്ട്… മിഴികൾ തുറന്നു നോക്കിയാൽ ആ സാമിപ്യം നഷ്ടപ്പെടുമോ എന്ന ഭയത്താൽ മിഴികൾ ഇറുക്കിയടച്ചു കിടന്നു… കുക്കറിൽ നിന്നും വിസിൽ വരുന്ന ശബ്ദം കേട്ടപ്പോൾ ആണ് അവൾ ഉണർന്നത്. മുറിയിൽ ഇരുട്ട് നിറഞ്ഞു നിന്നിരുന്നു. രാത്രി ആയോ എന്നു ചിന്തിച്ചു കൊണ്ട് എഴുന്നേറ്റിരുന്നു. അപ്പോഴാണ് വീണ്ടും കുക്കറിൽ നിന്നും വിസിൽ ശബ്ദം കേട്ടത്. അവൾ എഴുന്നേറ്റ് ബാത്‌റൂമിൽ പോയി ഫ്രഷ്‌ ആയി വന്നു.

അകത്തേക്ക് ചെല്ലുമ്പോൾ ഹരി എന്തൊക്കെയോ ഡൈനിംഗ് ടേബിളിൽ കൊണ്ടു വന്നു വെക്കുന്നുണ്ട്. അവൻ അടുക്കളയിലേക്ക് പോകുന്നതു കണ്ടപ്പോൾ അവളും പിന്നാലെ ചെന്നു. ഹരി പാത്രങ്ങൾ കഴുകി വെക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. “ഞാൻ കഴുകാം… ” അവൾ പറഞ്ഞു. അവൻ അതൊന്നും ശ്രദ്ധിക്കാതെ കഴുകാൻ തുടങ്ങിയപ്പോൾ അവൾ പിന്നെ അവിടെ നിന്നില്ല. ഉമ്മറത്തു വന്നിരുന്നു. പുറത്തു നല്ല കാറ്റ് വീശുന്നുണ്ടായിരുന്നു. മുറ്റത്തു വിരിഞ്ഞു തുടങ്ങിയ ഉണ്ടമുല്ലയുടെ ഗന്ധം അവളെ വന്നു പുണർന്നു. കൂടെ ചില ഓർമ്മകളും… ചെറുപ്പത്തിൽ ഇവിടെ നിന്നൊക്കെയോ പറിച്ച മുല്ല മൊട്ടുകളുമായി ഗിരിയേട്ടൻ വരുന്നതും അതു കോർത്തു കഴിഞ്ഞാൽ ദിവ്യ അവൾക്കു കിട്ടിയ പൂമാല നീളം കുറഞ്ഞെന്നു പറഞ്ഞ് വാശി പിടിക്കുന്നതും മനസ്സിൽ തെളിഞ്ഞു…

അവളുടെ കരച്ചിൽ കേട്ട് അച്ഛൻ പറയും… “ദേവൂ… അവൾക്കു കുറച്ചു കൂടി കൊടുക്കു മോളെ… ” പൂമാലയിൽ നിന്നും ഒരു കഷ്ണം കൂടി പൊട്ടിച്ചു കൊടുക്കും. അവൾ കണ്ണുകൾ തുടച്ച് പുഞ്ചിരിയോടെ വാങ്ങും. എന്നിട്ട് ഒരു ഉമ്മയും തരും. എന്നു പൂ കോർത്താലും അവൾക്കു തന്നെയാണ് കൂടുതൽ കൊടുക്കുക. എന്നാലും വാശി പിടിച്ച് അവൾ കുറച്ചു കൂടി വാങ്ങിച്ചെടുക്കും. ഹരി വന്നു തോളിൽ തട്ടിയപ്പോൾ അവൾ എഴുന്നേറ്റു. “വന്നു ഭക്ഷണം കഴിക്കാൻ നോക്ക്… ” അവൻ പറഞ്ഞു. “എനിക്ക് വേണ്ട… ” “ഒന്നും കഴിക്കാതെ ഇവിടെ കിടന്നു ചത്താൽ അതിന്റെ പിന്നാലെ നടക്കാൻ ഒന്നും എനിക്ക് വയ്യ.” അവൾ മുഖം കുനിച്ചു നിന്നു. “അകത്തേക്ക് കടക്ക്… വാതിൽ അടയ്ക്കട്ടെ… ”

അവൾ വേഗം അകത്തേക്ക് കടന്നു. അവൻ വാതിൽ അടച്ചു നോക്കുമ്പോൾ അവൾ മുറിയിലേക്ക് നടക്കുകയായിരുന്നു. “ടീ… നിന്നോടല്ലേ ഞാൻ ഇപ്പോൾ കഴിക്കാൻ പറഞ്ഞത്? ” “എനിക്കു വിശപ്പില്ലാഞ്ഞിട്ടാ… ” “അനുസരണ ഇല്ലാത്ത ഓരോ മാരണങ്ങൾ തലയിൽ വന്നു കയറിക്കോളും. ” അവൻ ദേഷ്യത്തോടെ പറഞ്ഞു. “ഞാൻ പൊയ്ക്കോളാം. ഞാൻ ഒപ്പിട്ടു തരാം… എല്ലാം തിരിച്ചു തന്നോളാം.” അവൾ മനസ്സു കൊണ്ടു എല്ലാം ഉപേക്ഷിച്ചു പോകാൻ തയ്യാറായി നിൽക്കുകയാണെന്ന് അവനു തോന്നി. അച്ഛനു വേണ്ടിയായിരിക്കും ഇത്രയും നാൾ സഹിച്ചത്… “എല്ലാം തിരിച്ചു തന്നിട്ട് നീ എന്തു ചെയ്യാൻ പോവാ?” “എല്ലാം തിരിച്ചു തന്നു കഴിഞ്ഞാൽ പിന്നെ എന്തുണ്ടായാലെന്താ? ” “ആ പെൺകൊച്ചിന്റെ ജീവിതം നീ ഇല്ലാതാക്കരുത്? ” “ഏതു പെൺകൊച്ചിന്റെ? ”

“നിന്റെ അനിയത്തിയുടെ. അമ്മ രണ്ടാണെങ്കിലും അവൾ നിന്റെ അനിയത്തി തന്നെ ആണല്ലോ. ” ദുഃഖ ഭാവം എവിടേക്കോ പോയ്‌ മറഞ്ഞു. അവൾ അവനെ ദേഷ്യത്തോടെ തുറിച്ചു നോക്കി. “നോക്കി പേടിപ്പിക്കുന്നോടീ ഉണ്ടക്കണ്ണി. രണ്ടാളും തമ്മിൽ കണ്ടാൽ മിണ്ടില്ല. എന്നാൽ കെട്ടിപ്പിടിക്കുന്നതിനും തലോടുന്നതിനും ഒരു മടിയുമില്ല.” “ദയവു ചെയ്തു ഇനി നിങ്ങൾ ഒന്നും പറയരുത്…” “ഞാൻ പറയുന്നതാണോ നീ ചെയ്യുന്നതാണോ പ്രശ്നം? ” “ഞാൻ എന്തു ചെയ്‌തെന്നാ നിങ്ങൾ പറയുന്നത്? ” “അതു പറയാൻ എനിക്കു സൗകര്യം ഇല്ല… ” എന്നു പറഞ്ഞ് അവൻ ഡൈനിംഗ് ടേബിളിനു അരികിലേക്ക് നടന്നു. അവൾ അവന്റെ പിന്നാലെ ചെന്നു. “അവളുടെ ജീവിതത്തെ കുറിച്ച് നിങ്ങളെക്കാൾ കൂടുതൽ ഞാൻ ചിന്തിച്ചിട്ടുണ്ട്…

അതു കൊണ്ടാ ഇപ്പോൾ ഇവിടെ നിങ്ങളുടെ കുത്തുവാക്കുകൾ കേട്ട് നിൽക്കേണ്ടി വന്നത്. ഇനി ഇവിടെ നിന്നു പോയാലും അവർക്ക് ഇടയിലേക്ക് ആയിരിക്കില്ല. ” അവൻ തിരിഞ്ഞ് അവളെ നോക്കി. അവൾ അവന്റെ അടുത്തേക്ക് ചെന്നു. ഇരു കൈകളാൽ അവന്റെ ഷർട്ടിൽ പിടിച്ചു. “മനസ്സിൽ ഒരായിരം വട്ടം ഞാൻ നിങ്ങളോട് ചോദിച്ച ഒരു ചോദ്യമുണ്ട്… ഒരിക്കലും എന്നെ അംഗീകരിക്കാൻ കഴിയില്ലെന്ന് നിങ്ങൾക്ക് അറിയാമായിരുന്നില്ലേ. പിന്നെ എന്തിന് അപ്പോൾ എന്നോട് ഇങ്ങനെ ഒരു ഔദാര്യം ചെയ്തു. എന്നെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാനോ. ഇനി എന്നെ ഇങ്ങനെ കൊല്ലാതെ ഒറ്റ അടിയ്ക്കു കൊന്നേക്കണം. അല്ലെങ്കിൽ ഞാൻ എന്തെങ്കിലും ചെയ്തു പോകും. ” അവൻ അവളുടെ കയ്യിൽ പിടുത്തമിട്ടു.

“നീയും അവനും തമ്മിലുള്ള നാടകം ഞാൻ അറിഞ്ഞ സ്ഥിതിയ്ക്ക് എന്നെ കൊല്ലും എന്നാണോ? ” അവൾ ഒരു തേങ്ങലോടെ അവന്റെ മുഖത്തേക്ക് നോക്കി. കൈ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. “എന്നെ വിട്… ” അവൻ ഒന്നു കൂടി കയ്യിൽ മുറുകെ പിടിച്ചു. “വിടില്ല… നീ എന്തു ചെയ്യും എന്നു പറയ്…” അവളിലെ കോപം പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. എതിർക്കാനുള്ള ശേഷി നഷ്ടപ്പെട്ടവളെ പോലെ അവൾ തല കുനിച്ചു നിന്നു. അവൻ അവളെ പിടിച്ച് ഡൈനിംഗ് ടേബിളിനു അരികിലെ കസേരയിൽ ഇരുത്തി. പ്ലേറ്റ് എടുത്ത് അവളുടെ മുൻപിലേക്ക് നീക്കി വെച്ചു. ചപ്പാത്തിയും വെജിറ്റബിൾ കറിയും അവളുടെ മുമ്പിലേക്ക് നീക്കി വെച്ചു. “എടുത്തു കഴിക്കെടീ… ” അവൻ പറഞ്ഞു.

അവൾ അവന്റെ മുഖത്തേക്ക് നോക്കി. എടുത്തു കഴിച്ചില്ലെങ്കിൽ ഇപ്പോൾ അതെല്ലാം എടുത്തു വായിലേക്ക് കുത്തി കയറ്റി തരും എന്ന മട്ടിൽ ആണ് അവന്റെ ഇരുപ്പ്. അവൾ വേഗം രണ്ടു ചപ്പാത്തി എടുത്തു പ്ലേറ്റിൽ വെച്ചു. കുറച്ചു കറിയും വിളമ്പി. “ആലോചിച്ചു ഇരിക്കാതെ കഴിച്ചിട്ട് എഴുന്നേറ്റു പോടീ… ” അടുത്ത ഗർജ്ജനം മുഴങ്ങി. അവനും ഒരു പ്ലേറ്റ് എടുത്ത് അവളുടെ കൂടെ തന്നെ കഴിക്കാൻ ഇരുന്നു. കഴിക്കാൻ തോന്നുന്നില്ലെങ്കിലും എങ്ങനെയൊക്കെയോ കഴിച്ചു തീർത്ത് വേഗം പ്ലേറ്റ് എടുത്ത് അവൾ അടുക്കളയിലേക്ക് നടന്നു. ചെറിയ പിണക്കങ്ങളോടും തർക്കങ്ങളോടും കൂടി ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. അവളോട്‌ എന്തെങ്കിലും പറഞ്ഞു പിണങ്ങി ഇല്ലെങ്കിൽ ഹരിയ്ക്ക് സമാധാനം ഉണ്ടാകില്ല. അതു കൊണ്ടു തന്നെ വീട് പലപ്പോഴും ശബ്ദമുഖരിതമായി. പക്ഷേ പിണങ്ങുമ്പോൾ അവളോട്‌ ദേഷ്യത്തിനു പകരം എന്തോ ഒരിഷ്ടം മനസ്സിൽ വളർന്നു തുടങ്ങിയിരുന്നു….. തുടരും

Share this story