സഹയാത്രികയ്ക്ക്സ്‌നേഹ പൂർവം: ഭാഗം 33

സഹയാത്രികയ്ക്ക്സ്‌നേഹ പൂർവം: ഭാഗം 33

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അവിടെ വാതിൽക്കൽ എല്ലാം നോക്കി ഭദ്ര നിൽപ്പുണ്ടായിരുന്നു.. മുഖത്ത് പ്രത്യേകിച്ചു യാതൊരു ഭവഭേദങ്ങളും ഇല്ലാതെ.. രാധികയുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു.. സ്നേഹം കൊണ്ട് സർവം ജയിച്ച ഒരമ്മയുടെ പുഞ്ചിരി.. അവർ പോകുന്നതും നോക്കി അവൾ നിന്നു.. പിന്നെ അകത്തു തന്റെ മുറിയിലേയ്ക്ക് നടന്നു.. പടി കയറി മുകളിലെത്തിയതും അവളുടെ നോട്ടം തന്റെ മുറിയുടെ എതിർവശത്തെ മുറിയിലേയ്ക്ക് നീണ്ടു..കണ്ണുകളിൽ പഴയതോരോന്നും നിറഞ്ഞു..

അമ്മയുടെ കയ്യിൽ തൂങ്ങി നടന്ന 6 വയസ്സുകാരി.. ചേച്ചിപ്പെണ്ണിന്റെ തണലിൽ ആസ്വദിച്ചു നടന്ന ബാല്യം… അച്ഛന്റെ മടിയിൽ ഇരുന്ന് കേട്ട കഥകൾ.. ബാല്യത്തിൽ നിന്നു കൗമാരത്തിലേയ്ക്ക് കടന്നപ്പോൾ അമ്മയുടെ മുഖം പതിയെ മാറി തുടങ്ങിയത്. അച്ഛന്റെ പൊന്നുമക്കളായി മാറിയത്. അമ്മയോട് ധിക്കാരം പറഞ്ഞു തുടങ്ങിയത്.. ഏറ്റവുമൊടുവിൽ ചേച്ചിയുടെ മാനത്തിനായി അമ്മയെ തന്നെ വെട്ടിയത്.. അവളുടെ കണ്ണുകൾ നിറഞ്ഞു. ചുവപ്പ് രാശി പടർന്നു.. പക അവളുടെ കണ്ണിൽ അഗ്നിയെന്നോണം മിന്നി.. ഒരിക്കലും കെടാത്ത തീക്കനൽ പോലെ അത് ജ്വലിച്ചു.. വല്ലപ്പോഴും അമ്മയോടൊപ്പം കെട്ടിപിടിച്ചുറങ്ങിയിരുന്ന മുറിയാണത്.

അവരുടെ ഗന്ധം ആ മുറിയ്ക്കുണ്ടെന്ന തോന്നലിൽ അടച്ചു പൂട്ടിയ മുറി.. അവൾ കാറ്റ് പോലെ തന്റെ മുറിയിലേയ്ക്ക് നടന്നു.. മേശയിൽ ഇരുന്ന പാതി കീറി മാറ്റിയ കുടുംബ ചിത്രത്തിലേക്ക് നോക്കി.. ദേവയിൽ നിന്ന് ഭദ്രയിലേയ്ക്കുള്ള യാത്രയ്ക്കോടയിൽ എപ്പോഴോ കീറി മാറ്റിയതാണ് അവരുടെ ചിത്രം.. ദേഷ്യത്തിൽ താഴേയ്ക്ക് വലിച്ചെറിഞ്ഞു ചില്ല് പൊട്ടിച്ച ശേഷം ഫോട്ടോ പുറത്തെടുത്തു കീറിയതാണ്‌.. അന്ന് ആ ഫ്രേമിൽ ബാക്കിയുണ്ടായിരുന്ന കുപ്പിച്ചില്ലുകൾ കൊണ്ട് മുറിഞ്ഞ മുറിപാടിൽ ഇന്നും ചോര കിനിയുന്നുണ്ടെന്ന് അവൾക്ക് തോന്നി..

തളർന്നു പോകുമ്പോൾ വാശി പൂർവാധികം കൂട്ടാനായി ഇടയ്ക്കിടെ നോക്കുന്ന ആ ചിത്രത്തിലേക്ക് അവൾ നോക്കി.. തോറ്റ് പോകില്ല എന്നുറപ്പോടെ.. തോറ്റു കൊടുക്കില്ല എന്ന വാശിയോടെ.. ********* സബ് രജിസ്ട്രാറുടെ മുൻപിൽ നിന്ന് ആധാരത്തിൽ ഒപ്പ് വെയ്ക്കുമ്പോൾ ഭാസ്കര കുറുപ്പിന്റെ കണ്ണുകളിൽ ദൈന്യത ആയിരുന്നെങ്കിൽ മറിച്ചു കിച്ചുവിന്റെ കണ്ണുകളിൽ ഒരു വിജയിയുടെ ഭാവമായിരുന്നു.. അവന്റെ സാരഥിയെന്നോണം അഭിമാനത്തോടെ വിനയനും അവന്റെയോപ്പമുണ്ടായിരുന്നു..

രാധിക ദേവുവിന്റെ കൈകളിൽ മുറുകെ പിടിച്ചു.. അവരുടെ കണ്ണുകളിൽ കഴിഞ്ഞുപോയ കാലം മിന്നിമറയുകയായിരുന്നു.. വീട്ടിൽ തിരിച്ചെത്തിയ നേരം ശ്യാമ മധുരം കൊടുത്താണ് അവരെ സ്വീകരിച്ചത്.. സൂര്യാ.. നീയെടുത്തു തലയിൽ വെച്ച ഉത്തരവാദിത്വം എത്ര വലുതാണെന്ന് ഓർമ വേണം.. ഒരു ചെറിയ കൈപ്പിഴ മതിയാകും സർവ്വവും കൈവിട്ട് പോകാൻ.. വൈകുന്നേരം ഒന്നിച്ചിരുന്ന് ആഹാരം കഴിക്കവെ വിനയൻ പറഞ്ഞു.. മ്മ്.. അറിയാം അങ്കിൾ.. അവൻ പറഞ്ഞു.. ശ്യാമാമ്മേ എനിക്ക് മീൻ വേണം.. ദേവു പറഞ്ഞു.. മീനോ.. ദേ മോളെടുത്തോ.. ശ്യാമ മീൻ കറി ദേവുവിന് മുൻപിലേക്ക് നീക്കിക്കൊണ്ട് പറഞ്ഞു..

എനിക്കീ മീനല്ല.. ഓടുന്ന മീൻ വേണം.. അവൾ പറഞ്ഞു.. ഓടുന്ന മീനോ.. അതെന്ത് മീൻ.. വിമൽ ചോദിച്ചു. നമ്മൾ കുളത്തിൽ പണ്ട് കണ്ടില്ലേ.. ആ മീൻ.. അവൾ പറഞ്ഞു.. പണ്ടെപ്പോഴാ നമ്മൾ മീനിനെ കണ്ടത്.. കിച്ചു ചോദിച്ചു.. നമ്മൾ കളിക്കാൻ പോയപ്പോ.. വിമലേട്ടാ നമ്മളാ കുളത്തിന്ന് പിടിച്ചില്ലേ. തോർത്തിൽ. എന്നിട്ട് വിമലേട്ടൻ എന്റെ കയ്യിൽ തന്ന മീനില്ലേ.. അവൾ പറഞ്ഞു.. വിമലും കിച്ചുവും പരസ്പരം നോക്കി.. ജീവനുള്ള മീനാണോ.. വിമൽ ചോദിച്ചു . ആ . അവൾ പറഞ്ഞു.. നാളെയാട്ടെ.. ശ്യാമാമ്മ ഒരു അക്വേറിയം വാങ്ങാം.. എന്നിട്ട് നമുക്ക് ജീവനുള്ള മീനിനെ പിടിച്ചിടാം.. ശ്യാമ വാത്സല്യത്തോടെ പറഞ്ഞു…

എന്തിനാ ശ്യാമേ.. അവൾക്കിപ്പോ പഴയതോരോന്നും ഓർമ വരണത്തിന്റെയാ.. ഇതിപ്പോ അടുത്ത വട്ടം വരുമ്പോഴേയ്ക്കും അവൾ അത് മറക്കും.. രാധിക പറഞ്ഞു.. . രാധികേ.. ഇനിയിപ്പോ അങ്ങോട്ടേക്ക് പോകണോ.. കിച്ചൂനും ഇവിടുന്ന് പോയി വരണതല്ലേ സുഖം . അവിടുന്ന് ഡെയ്‌ലി ഇങ്ങോട്ട് വരിക എന്നൊക്കെ പറയുമ്പോ നടക്കുന്ന കാര്യമാണോ.. വിനയൻ ചോദിച്ചു.. മ്മ്.. ഞാനും അത് പറയാൻ വരുവായിരുന്നു.. അവിടിപ്പോ ആരാ. നമുക്കിവിടെ കൂടാം.. ശ്യാമയും പറഞ്ഞു.. കിച്ചു രാധികയെ നോക്കി.. ഹേയ്.. അത് വേണ്ട വിനയേട്ടാ. വേറൊന്നും കൊണ്ടല്ല..

അധികം നാളായില്ലെങ്കിലും ആ നാടിനോട് വല്ലാത്തൊരു അറ്റാച്മെന്റ് തോന്നുന്നു.. ആ ഗ്രാമവും നിഷ്കളങ്കതയും.. ഒക്കെ.. ഒരു സുഖമാ.. പിന്നെ ദേവൂന്റെ ചികിത്സയും അവിടെയല്ലേ രാധിക പറഞ്ഞു.. ഇതിപ്പോ സൂര്യയും ഇല്ലാതെ നിങ്ങൾ രണ്ടാളും എങ്ങനെയാ അവിടെ നിൽക്ക.. ഒന്നാമത് അന്നുണ്ടായത് ഓര്മയുണ്ടല്ലോ.. ശ്യാമ ചോദിച്ചു.. സൂര്യാ നിന്റെ അഭിപ്രായമെന്താ.. വിനയൻ ചോദിച്ചു.. അമ്മ പറഞ്ഞതാ അങ്കിൾ നല്ലത്.. ദേവൂന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് അതാകും നല്ലത്.. കിച്ചു പറഞ്ഞു.. നീയെങ്ങനെയാ കിച്ചൂ പോയി വരിക.. ഇത്രേം ദൂരം.. ശ്യാമ ചോദിച്ചു..

നോക്കാം ആന്റി.. ഡെയ്‌ലി പോക്ക് വരവ് പൊസിബിൾ അല്ലല്ലോ.. കിച്ചു പറഞ്ഞു രാധികയെ നോക്കി.. നിക്കവിടെ പേടിയൊന്നും ഇല്ല വിനയേട്ടാ.. അന്ന് വല്ലാണ്ട് പേടി തോന്നിയിരുന്നു . എന്നാലിപ്പോ നല്ല ധൈര്യമുണ്ട്. ആരെങ്കിലുമൊക്കെ സഹായത്തിനുണ്ടാകും എന്നൊരു തോന്നൽ… അതുമല്ല സുമ ചേച്ചി അവിടെ കുറച്ചു കുട്ടികളെ ട്യൂഷന് ഏർപ്പാടാക്കിയത് ഞാൻ പറഞ്ഞില്ലേ.. അപ്പൊ ഇവിടെ നിന്നാലെങ്ങനെയാ.. രാധിക പറഞ്ഞു.. നിങ്ങളൊറ്റയ്ക്ക് അവിടെ നിൽക്കുന്നതിനോട് എനിക്ക് വലിയ അഭിപ്രായമൊന്നും ഇല്ല.. പിന്നെ രാധികയുടെ ഇഷ്ടം.. വിനയൻ പറഞ്ഞു..

രാധിക ദേവുവിനെ നോക്കിയൊന്ന് മന്ദഹസിച്ചു..ശ്യാമ വിനയനെ ഒന്നു നോക്കി. അയാൾ രാധികയെയും. ആ നോട്ടത്തിൽ അവരോടുള്ള എല്ലാ കരുതലും ചേർത്തു വെച്ചിരുന്നു അയാൾ.. ******** നിങ്ങളുടെ ആവശ്യങ്ങൾ.. അത് കേൾക്കാൻ തന്നെയാണ് ഇപ്പോൾ ഞങ്ങൾ വന്നത്.. വിമൽ സമരം ചെയ്തിരുന്ന തൊഴിലാളികളുമായുള്ള ഒത്തുതീർപ്പ് മീറ്റിങ്ങിൽ പറഞ്ഞു.. സർ ഞങ്ങളുടെ പ്രശ്നങ്ങൾ ഞാൻ നേരത്തെ തന്നെ ഭാസ്‌കരൻ സാറിനോട് പറഞ്ഞിരുന്നു… ഞങ്ങളൊക്കെ ഈ കമ്പനിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്.. ശമ്പളവും തരാതെ ജോലി ചെയ്യിപ്പിക്കുന്നതിനൊരു പരിധിയില്ലേ..

തൊഴിലാളികളിൽ ഒരാൾ പറഞ്ഞു.. നിലവിൽ 8 മാസത്തെ ശമ്പളം തരാനുണ്ട്.. കൂട്ടിത്തന്ന ശമ്പളം വേറെയും… ഞങ്ങൾ ഒരോരുത്തരും ജീവിക്കുന്നത് ഈ ശമ്പളം കൊണ്ടാണ് സർ . ഞങ്ങൾക്ക് നിങ്ങൾ സാലറി തരുന്നില്ല.. പക്ഷെ പാലും പാത്രവും പച്ചക്കറിയും പലചരക്കും ഒന്നും കാശ് കൊടുക്കാതെ ഞങ്ങൾക്ക് കിട്ടത്തില്ല.. കമ്പനി ലാഭത്തിലാകുമ്പോൾ നിങ്ങൾ സമ്പാദിക്കും.. കോടികൾ ബാങ്കിൽ ഇടും. കമ്പനി നഷ്ടത്തിലായൽ പോലും നിങ്ങൾക്ക് അതുമായി ജീവിക്കാം.. .ഞങ്ങൾ തൊഴിലാളികളുടെ കാര്യമാണ് കഷ്ടം.. ഈ തൊഴിലല്ലാതെ ജീവിക്കാൻ ഞങ്ങൾക്ക് വേറെ വഴിയില്ല .

അതുകൊണ്ട് സമരം ഒത്തുതീർപ്പാക്കുമ്പോൾ ഞങ്ങൾക്ക് ഇതുവരെ തരാനുള്ള ശമ്പളം മുഴുവൻ തരേണ്ടി വരും. ഓരോരുത്തരായി പറയുന്നത് കേട്ട് മേശയിലിരുന്ന പേപ്പർ വെയിറ്റ് വെറുതെ കറക്കിക്കൊണ്ട് കിച്ചു ഇരുന്നു.. വിമൽ കിച്ചുവിനെ നോക്കി.. അവൻ എല്ലാവരെയും ഒന്നു നോക്കി.. പതിയെ എഴുന്നേറ്റു.. കമ്പനി ഭാസ്കരക്കുറുപ്പിന്റെ കയ്യിൽ നിന്നും ഞാൻ തിരിച്ചു പിടിച്ചത് അടച്ചിടാൻ അല്ല.. എന്റെ അച്ഛൻ അതായത് ഈ കമ്പനിയുടെ മുൻ ഓണർ ശിവരാജൻ ഈ കമ്പനി നടത്തിയിരുന്നപ്പോൾ നിങ്ങളീ എന്റെ മുൻപിൽ നിൽക്കുന്ന ഒരാൾക്കും ആവശ്യങ്ങൾക്കായി സമരം ചെയ്യേണ്ടി വന്നിട്ടില്ലല്ലോ…

അവസാനം എന്റച്ഛനു ഒരു മോശം സമയം വന്നപ്പോൾ നിങ്ങളിൽ പലരും തന്നെ അച്ഛനെതിരെ തിരിഞ്ഞതും ഞാൻ മറന്നിട്ടില്ല.. അന്നെന്റെ അച്ഛന്റെ കണ്ണിൽ നിങ്ങളുടെ കണ്ണിൽ കാണുന്നതിനെക്കാൾ നിസ്സഹായതയും വേദനയും ഞാൻ കണ്ടതാണ്.. കിച്ചു പറഞ്ഞു നിർത്തി.. തൊഴിലാളികളിൽ പലരുടെയും കണ്ണിൽ കുറ്റബോധം കിച്ചു കണ്ടു.. നിങ്ങളീ സമരക്കാരെ പിരിച്ചുവിട്ട് നിങ്ങളെക്കാൾ സാലറി കുറച്ചു കൊടുത്തു കഴിവുള്ള പുതിയ ജോലിക്കാരെ നിയമിക്കാൻ എനിക്കറിയാം..അതിൽ നിന്നും എനിക്ക് ലാഭവും കിട്ടും. കിച്ചു തൊഴിലാളികളെ നോക്കി..

അങ്ങനെ തൊഴിലാളികളെ മാറ്റി നിർത്തി ഈ കമ്പനി തുറന്നു പ്രവർത്തിപ്പിക്കാൻ എന്നു സാറ് കരുതേണ്ട.. ഇവിടെ ചോരപ്പുഴയൊഴുകും.. ഒരാൾ പറഞ്ഞു.. ആഹാ.. ആരാ ചോര പുഴ ഒഴുക്കുന്നത്.. താനാണോ. കിച്ചു പുച്ഛത്തോടെ ചോദിച്ചു.. അതോ തന്റെ സംഘടനയോ..ഞാനീ കമ്പനി വാങ്ങിയത് നിങ്ങളുടെ പഴയ ഓണർക്ക് അയാൾ ചോദിച്ച കാശ് എണ്ണി കൊടുത്തിട്ടാണ്.. അതിൽ നിങ്ങളുടെ ബാധ്യത കൂടി ഉൾപ്പെടുത്താം എന്ന വാക്കൊന്നും ഞാൻ കൊടുത്തിട്ടില്ല.അതുകൊണ്ട് തന്നെ ഒരു കോടതിയും നിങ്ങളുടെ വാശിക്ക് കൂട്ടു നിൽക്കാൻ എന്നെ നിര്ബന്ധിക്കില്ല..

കിച്ചു പറഞ്ഞതും തൊഴിലാളികൾ പരസ്പരം നോക്കി.. പിന്നെ തളർന്നു പോകുമ്പോൾ പിന്നിൽ നിന്ന് കുത്തുന്ന ശീലം എന്റെ കുടുംബത്തിനില്ല..അതുകൊണ്ട് തന്നെ അത്രയ്ക്ക് അങ്ങോട്ട് ഞാൻ ഇതുവരെ ചിന്തിച്ചിട്ടില്ല.. പക്ഷെ ചിന്തിക്കില്ല എന്നുമല്ല.. നിങ്ങളുടെ ഡിമാൻഡ് നിങ്ങൾ പറഞ്ഞു.. ആവശ്യം അന്യായമാണ് എന്നു ഞാൻ പറയില്ല.. ശമ്പളം നിങ്ങളുടെ അവകാശമാണ്.. പക്ഷെ ഇതുവരെയുള്ള നിങ്ങളുടെ മുഴുവൻ കുടിശ്ശികയും ഉടനെ തീർക്കാൻ എനിക്കിപ്പോ സാധിക്കില്ല.. കിച്ചു അവരെ നോക്കി.. 8 മാസത്തെ ശമ്പളം ഒന്നിച്ചു തരാൻ എനിക്ക് പറ്റില്ല.. പകരം നിങ്ങൾക്ക് എല്ലാവർക്കും 2 മാസത്തെ ശമ്പളം ഞാൻ നൽകാം.. 3 മാസം കഴിയുമ്പോൾ അടുത്ത 2 മാസത്തെ കുടിശ്ശിക..

അങ്ങനെയേ ഇപ്പോൾ സാധിക്കു.. കമ്പനി ഇപ്പോൾ തീർത്തും തകർന്ന അവസ്ഥയിലാണ്.. മുൻപോട്ട് പോകാൻ കുറച്ചധികം ചിലവുകളും എഫേർട്ടും വേണം.. കമ്പനി ലാഭത്തിലായി കഴിഞ്ഞാൽ നിങ്ങൾക്ക് തരാനുള്ള കുടിശ്ശിക കഴിവതും വേഗം തീർക്കാം. അതല്ലാതെ വന്നലുള്ള കാര്യമാണ് ഇപ്പൊ പറഞ്ഞത്.. അതാത് മാസത്തെ സാലറി അതാത്‌ മാസം തരും. കൂട്ടത്തിൽ 3 മാസം കൂടുമ്പോൾ 2 മാസത്തെ ശമ്പള കുടിശ്ശികയും…. നിങ്ങൾക്ക് സ്വീകാര്യമെങ്കിൽ ഇവിടെ തുടരാം.. അല്ലാത്തവർക്ക് ഇവിടെ നിന്നും ടെര്മിനേഷൻ വാങ്ങി പോകാം.. കിച്ചു പറഞ്ഞു.. അവന്റെ മുഖത്തേയ്ക്ക് വിമൽ നോക്കി..

വല്ലാത്തൊരു നിശ്ചയദാർഢ്യം അവിടെ പ്രകടമായിരുന്നു. വിമലിന് ശിവരാജനെയാണ് ഓര്മവന്നത്.. എപ്പോഴും ചിരിയോടെ മാത്രം തന്റെ മുൻപിൽ വന്നിരുന്ന ശിവനങ്കിൽ.. ദേവുവിന്റെ കല്യാണം മുടങ്ങുന്നിടം വരെയും എപ്പോഴും ആ പുഞ്ചിരി ആ ചുണ്ടിലുണ്ടായിരുന്ന.. എങ്കിലും കമ്പനി കാര്യങ്ങളിൽ എപ്പോഴുമുള്ള ഗൗരവത്തിനും കുറവുണ്ടായിരുന്നില്ല.. എന്ത് പറയുന്നു..എനിക്ക് അധികം സമയമില്ല.. കിച്ചു പറഞ്ഞു.. തൊഴിലാളി സംഘടനയോ മറ്റോ ഇവിടെ പ്രശ്നമുണ്ടാക്കില്ല.. ഉണ്ടാക്കിയാൽ നിയമപരമായി തന്നെ ഞാൻ നേരിടും..

അതുകൊണ്ട് അതോർത്തു വീണ്ടും സമരത്തിനിറങ്ങണം എന്നില്ല.. എന്ത് വിലകൊടുത്തും ഞാൻ കമ്പനി മുൻപോട്ട് കൊണ്ടുപോകും.അതെന്റെ ആവശ്യമാണ്.. അവൻ പറഞ്ഞു.. ഞങ്ങൾക്ക് സമ്മതമാണ്.. പക്ഷെ..വീണ്ടും ഞങ്ങളെ പറ്റിക്കരുത്.. നിങ്ങളെ പറ്റിക്കാൻ എനിക്കുദ്ദേശമില്ല.. കിച്ചു പറഞ്ഞു.. അപ്പോൾ നിങ്ങളുടെ അഭിപ്രായം ഇതാണെങ്കിൽ നമുക്ക് കമ്പനിയുടെ മുന്പോട്ടുള്ള പോക്കിനെപ്പറ്റി ചർച്ച ചെയ്യാം.. വിമൽ പറഞ്ഞു.. അതേ .. കുച്ചുവും പറഞ്ഞു..നിലവിൽ ഞാനും വിമലുമാണ് കമ്പനിയുടെ എം ഡിയും ജി എമും.. കമ്പനിയുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും ഞങ്ങളുടെ അഭിപ്രായമായിരിക്കും അവസാന വാക്ക്.. കമ്പനിയുടെ ജനറൽ ബോഡിയിൽ 7 അംഗങ്ങളാണ് ഉള്ളത്..

പുറമെ നിന്നുള്ള ആരും കമ്പനിയുടെ അധികാര സ്ഥാനത്തില്ല എന്നർത്ഥം.. അതുകൊണ്ട് തന്നെ കമ്പനിയുടെ ഇനിയുള്ള വളർച്ചയുടെ കാര്യത്തിൽ ഫൈനൽ ഡിസിഷൻ എടുക്കുന്നത് ഞങ്ങൾ തന്നെയാകും.. കിച്ചു പറഞ്ഞു.. അതുപോലെ മുൻപ് രാവിലെ 8 മണി മുതൽ വൈകീട്ട് 6 വരെയായിരുന്നല്ലോ പകൽ ഉള്ള ഷിഫ്റ്റ്.. അതിന് ചില മാറ്റങ്ങളുണ്ട്.. വിമൽ പറഞ്ഞു.. കമ്പനിയിൽ ഇനി മുതൽ വർക്ക് 3 ഷിഫ്റ്റ് ആയിട്ടായിരിക്കും..അതായത് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ ഒരു ഷിഫ്റ്റ് 12 മുതൽ വൈകീട്ട് 6 വരെ അടുത്ത ഷിഫ്റ്റ് 5 മുതൽ രാത്രി 12 വരെ നൈറ്റ് ഷിഫ്റ്റ്.. വിമൽ പറഞ്ഞു..

രാത്രിയിലുള്ള ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് സാലറി കൂടുതലാകും.. എല്ലാവരും നിർബന്ധമായും ഈ ഷിഫ്റ്റുകളിൽ ജോലി ചെയ്യേണ്ടി വരും.. രാത്രി സമയങ്ങളിൽ ജോലിക്ക് വരാൻ പ്രയാസമുള്ളവർക്കായി ഷിഫ്റ്റ് ചേഞ്ച്‌ അനുവദിക്കും..പക്ഷെ അത് നിങ്ങൾ തമ്മിൽ അഡ്ജസ്റ്റ് ചെയ്തോളണം.. രാത്രി ഷിഫ്റ്റിൽ ഉള്ളവർക്ക് ആവശ്യമെങ്കിൽ കമ്പനി അക്കോമഡേഷൻ അനുവദിക്കും.. അതിനു സ്‌പെഷ്യൽ ചാർജസ് ഒന്നുമുണ്ടാകില്ല.. കിച്ചു പറഞ്ഞു…

തൊഴിലാളികൾ പരസ്പരം സംസാരിക്കുന്നത് കിച്ചുവും വിമലും നോക്കി.. നിങ്ങൾക്ക് പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാൻ സമയമെടുക്കും എന്നറിയാം.. ഈ മാസം മുതൽ ഈ മാറ്റങ്ങൾ വന്നു തുടങ്ങിയാലും അടുത്ത മാസത്തോടെയെ ഒരു ഓര്ഡറിൽ വരൂ.. അതുകൊണ്ട് അതോർത്തു ഒരുപാട് ടെൻഷൻ ആകേണ്ട കാര്യമില്ല.. വിമൽ പറഞ്ഞു.. നിങ്ങളെ ആരെയും ബുദ്ധിമുട്ടിക്കാൻ അല്ല ഇങ്ങനെയൊരു തീരുമാനം.. നിങ്ങൾക്ക് ജോലി ഭാരം പകുതിയാകും.. ഒപ്പം കൂട്ടിയ സാലറിയും കിട്ടും… നിങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ധൈര്യമായി തുറന്ന് പറയാം.. ന്യായമായ ആവശ്യങ്ങൾ പരിഗണിക്കും പരിഹരിക്കും..

കിച്ചു പറഞ്ഞു..കൂടുതൽ എന്തൊക്കെയോ പറയാനുണ്ടെങ്കിലും അവൻ അർത്ഥോക്തിയിൽ നിർത്തി വിമലിനെ കണ്ണു കാണിച്ചു പുറത്തേയ്ക്ക് നടന്നു.. മീറ്റിങ് പിരിച്ചു വിട്ട് വിമലും അവനു പുറകെ നടന്നു.. എന്താടാ.. വിമൽ ചോദിച്ചു. നമ്മൾ സൂക്ഷിക്കണം. അവരിൽ പലരും നമുക്കെതിരെ തിരിയാനുള്ള സാധ്യതയുണ്ട്..അതുകൊണ്ട് നമ്മുടെ നീക്കങ്ങൾ സൂക്ഷിച്ചു വേണം.. ആദ്യം കൂട്ടത്തിലുള്ള ചാരന്മാരെ കണ്ടെത്തി ഒഴിവാക്കണം.. ഒരു ശുദ്ധികലശം.. അതിനു ശേഷം ഒന്നൊന്നായി തുടങ്ങാം.. അവൻ പറഞ്ഞു.. മ്മ്.. നമുക്കിനി തെറ്റ് പറ്റാൻ പാടില്ല കിച്ചൂ.. വിമലും ഓർമിപ്പിച്ചു.. നിശ്ചയദാർഢ്യത്തോടെ ഉറപ്പോടെ കിച്ചു സമ്മതമെന്നോണം തലയാട്ടി.. ***********

രണ്ട് മാസം എത്ര വേഗമാ അല്ലെ കിച്ചൂ കടന്നുപോയത്.. രാത്രി ആഹാരം വിളമ്പുന്നതിനിടയിൽ രാധിക പറഞ്ഞു.. അവൻ ചെറിയ പുഞ്ചിരിയോടെ കറി വിളമ്പി. ദേവു.. കൊത്തിപ്പറക്കി ഇരിക്കാതെ മര്യാദയ്ക്ക് ആഹാരം കഴിക്ക്.. രാധിക അവളെ ശാസിച്ചു.. വിമൽ എന്നാ മടങ്ങുന്നത്.. രാധിക ചോദിച്ചു.. മറ്റന്നാൾ കിച്ചു പറഞ്ഞു.. ആന്റി.. അപ്പോഴേയ്ക്കും ജിഷ്ണുവും വന്നു.. ആഹാ.. വാ ജിഷ്ണൂ ഇരിക്ക്.. രാധിക പറഞ്ഞു.. ഞാൻ കഴിച്ചതാ ആന്റി… ഇതിപ്പോ മണി 4 ആകാറായല്ലോ.. ഇപ്പോഴാണോ ഊണ്.. അവൻ പറഞ്ഞു.. പലക്കാട്ടൂന്ന് രാവിലെ വന്നിട്ട് ഒന്നു കിടന്നു.. ഉറങ്ങിപ്പോയി.. കിച്ചു പറഞ്ഞു.. ഇപ്പൊ ബിസിനെസ്സ് ഒക്കെ ഏറ്റെടുത്തെ പിന്നെ തന്നെ കാണാനേ ഇല്ലല്ലോ. ജിഷ്ണു പറഞ്ഞു..

എന്നും ഓരോ തിരക്കല്ലേ ജിഷ്ണൂ. നിന്ന് തിരിയാൻ സമയമില്ല.. കിച്ചു പറഞ്ഞു.. വിമലെന്തിയെ കണ്ടിട്ട് കുറെ ആയല്ലോ.. അവൻ ബാംഗ്ലൂർ പോയെക്കുവാ.. ഒരു മീറ്റിങ്.. കിച്ചു പറഞ്ഞു.. ആന്റി പറമ്പിൽ കാച്ചിൽ നിൽപ്പുണ്ടെങ്കിൽ എനിക്കൊരു കിഴങ്ങ് തരണേ.. അവിടെ നടാനാ.. ജിഷ്ണു പറഞ്ഞു.. ആ മോനെ . നിൽപ്പുണ്ടാകും.. രാധിക പറഞ്ഞു . ട്യൂഷനൊക്കെ എങ്ങനെ പോകുന്നു ആന്റി.. അവൻ ജഗിൽ നിന്നും വെള്ളം പകർത്തി കുടിച്ചുകൊണ്ട് ചോദിച്ചു.. ഇപ്പൊ 26 പിള്ളേരുണ്ട്.. വലിയ കുഴപ്പമില്ലാത്ത കുട്ടികളാ.. രാധിക പറഞ്ഞു.. അപ്പോഴേയ്ക്കും കിച്ചു കഴിച്ചു കഴിഞ്ഞിരുന്നു..

അവൻ കൈകഴുകാൻ എഴുന്നേറ്റു.. ദേവു.. നിന്റെ അക്വേറിയം എങ്ങനുണ്ട്.. മീനൊക്കെ ജീവനോടെയുണ്ടോ.. ജിഷ്ണു ചോദിച്ചു.. ഇന്നലെ ഒരെണ്ണം ചത്തു എന്നും പറഞ്ഞു വലിയ വായിൽ നിലവിളി ആയിരുന്നു ഇവിടെ. മോന് വേറെ പണിയൊന്നും ഇല്ലാഞ്ഞിട്ടല്ലേ അതിനെ മേടിച്ചു കൊടുത്തത്.. രാധിക പറഞ്ഞു.. ആ ചോപ്പ് മീൻ മരിച്ചു ഏട്ടാ.. അവൾ പറഞ്ഞു.. അത് സാരമില്ല.. നമുക്ക് വേറെ ഒന്നിനെ വാങ്ങാം.. അതിനെന്തിനാ ദേവൂട്ടി കരയുന്നത്.. ഞാനിനി ടൗണിൽ പോകുമ്പോൾ വാങ്ങി വരാട്ടോ.. ജിഷ്ണു പറഞ്ഞതും അവൾ ചിരിച്ചു.. എല്ലാവരൂടെ കൊഞ്ചിച്ചോ.. ഇപ്പൊ പെണ്ണിനിത്തിരി വാശി കൂടുതലാട്ടോ..

രാധിക ഓർമിപ്പിച്ചു..ജിഷ്ണു അവളെ നോക്കി ഒന്നുമില്ല എന്നർത്ഥത്തിൽ കണ്ണു ചിമ്മി കാണിച്ചു.. അവളുടെ ചുണ്ടിലും കുസൃതി നിറഞ്ഞ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു.. ********** എന്താ കിച്ചൂ താനൊന്നും മിണ്ടാത്തത്.. എന്തെങ്കിലും പ്രശ്നമുണ്ടോ.. വെറുതെ പാടത്തേക്ക് നോക്കിയിരിക്കുന്ന കിച്ചുവിനെ നോക്കി ജിഷ്ണു ചോദിച്ചു.. ഉണ്ടോന്ന് ചോദിച്ചാൽ.. ഒരുപാട് പ്രശ്നം ഉണ്ടെടോ.. വിചാരിച്ചിടത്തൊന്നും കാര്യങ്ങൾ എത്തുന്നില്ല.. രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ തന്നെ പാട് പെടുവാ.. അമ്മ ട്യൂഷൻ എടുക്കുന്നതുകൊണ്ടാ സത്യത്തിൽ വീട്ട് ചിലവ് വരെ നടത്തുന്നത്.. അത്രയ്ക്ക് ടൈറ്റ് ആയി.. കിച്ചു പറഞ്ഞു..

തുടങ്ങിയതല്ലേയുള്ളൂ താൻ.. താനിങ്ങനെ തളർന്നാലോ… ജിഷ്ണു ചോദിച്ചു.. തളർച്ചയുടെ അല്ലെടോ.. എന്തോ മനസ്സിൽ ആകെയൊരു ഭയം.. ലോൺ കിടക്കുന്നു.. ആകെയുള്ളത് കേറിക്കിടക്കാൻ ഒരു ഇത്തിരി ഭൂമിയും വീടുമാ.. അച്ഛന്റെ വിയർപ്പിൽ ഞങ്ങൾക്കായി അവസാനം കിട്ടിയത്.. അതും കൂടെ നഷ്ടപ്പെടുമോ എന്നാ പേടി.. ഇപ്പൊ തന്നെ കമ്പനിയിൽ നല്ലൊരു തുകയുടെ അവശ്യമുണ്ട്.. വിമൽ ഒരു മീറ്റിങ്ങിനായിട്ടാണ് ബാംഗ്ലൂർ പോയത്. അതൊന്ന് ശെരിയായിരുന്നെങ്കിൽ തൽക്കാലം ഒന്നു പിടിച്ചുനിൽക്കാമായിരുന്നു.. അവൻ പറഞ്ഞു.. താനിങ്ങനെ തളരല്ലേ.. നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം. ജിഷ്ണു പറഞ്ഞു.. അപ്പോഴേയ്ക്കും അവന്റെ ഫോൺ ബെല്ലടിച്ചു..

ഹാലോ.. ആ സർ.. ഞാൻ ഞാനുടനെ എത്താം സർ.. ഇല്ലില്ല ഒരു 15 മിനിറ്റ്. ഇപ്പൊ എത്താം.. അവൻ പറഞ്ഞു ഫോൺ വെച്ചു.. സ്റ്റേഷണീന്നാ അങ്ങോട്ട് അത്യവിശമായി ചെല്ലാൻ.. ഞാൻ പോയിട്ട് വരാം.. അവൻ പറഞ്ഞു.. മ്മ്.. കിച്ചു മൂളി.. താൻ ഇപ്പൊ വീട്ടിലേയ്ക്ക് പോകുമോ.. ജിഷ്ണു ചോദിച്ചു.. ഇല്ല.. അവൻ വിദൂരതയിലേക്ക് നോക്കി പറഞ്ഞു.. എന്നാൽ ഞാൻ പോയിട്ട് വരാം.. ജിഷ്ണു പറഞ്ഞശേഷം അക്കരയിലേയ്ക്ക് നടക്കുന്നതും നോക്കി കിച്ചു ഇരുന്നു.. മനസ്സിൽ ഒരുപാട് കാര്യങ്ങൾ തിക്കി തിരക്കുന്നു എന്നു തോന്നിയതും അവൻ ചുവപ്പ് പടർന്ന ആകാശത്തിലേക്ക് നോക്കി..

കൂടണയാൻ വെമ്പുന്ന കിളികൾ കൂട്ടമായി പറന്ന് കൂട്ടിലേക്ക് പോകുന്നതും നോക്കി മാടത്തിൽ അവൻ കിടന്നു.. സന്ധ്യയുടെ ചുവപ്പ് നിറം ഭൂമിയിൽ പതിയെ അന്ധകാരത്തെ വിതറി.. കിഴക്ക് നിന്നും നിലാവിന്റെ ശോഭ പാൽ പോലെ ഭൂമിയിലേക്ക് ഒഴുകി തുടങ്ങി.. മാനത്ത് കുട്ടികൾ മഞ്ചാടി വാരി വിതറിയ പോലെ നക്ഷത്രങ്ങൾ പ്രത്യക്ഷമായി തുടങ്ങി.. താനെന്താ സ്വപ്നം കാണുകയാണോ.. സ്വപ്നലോകത്തിൽ നിന്നും ആരോ ഒറ്റ താളിനു താഴേയ്ക്കിട്ടു എന്നു തോന്നി കിച്ചുവിന്.. അവൻ വെട്ടിത്തിരിഞ്ഞു നോക്കി.. ദാവണി തുമ്പ് എളിയിൽ കുത്തി പാവാടയും പൊക്കി കുത്തി എളിയിൽ കൈകൊടുത്തു നിൽക്കുന്ന ഭദ്രയെ കണ്ടതും അവൻ അവൾക്ക് നേരെ തിരിഞ്ഞു..

താനെന്താ ഇവിടെ.. അവൻ ചോദിച്ചു.. അതല്ലേ ഞാനും ചോദിച്ചത്.. ആരാ മാടത്തിൽ കിടക്കുന്നതെന്ന് നോക്കാൻ ഇറങ്ങിയതാ . ഈ വെട്ടവും വെളിച്ചവുമില്ലാതെ താനിവിടെ ആരേ സ്വപ്നം കണ്ട് കിടക്കുവാ.. അവൾ ചോദിച്ചു.. തന്റെ ജിഷ്ണുവേട്ടൻ വരാമെന്ന് പറഞ്ഞിരുന്നു.. അങ്ങനെ ഇരുന്നുപോയതാ.. അവൻ പറഞ്ഞു.. മ്മ്.. ഇവിടെ രാത്രിയായാൽ ഇഴജന്തുക്കൾ ഇറങ്ങും… താൻ വീട്ടിൽ പോകാൻ നോക്ക്.. അവൾ പറഞ്ഞു.. അവനൊന്നു പുഞ്ചിരിച്ചു.. അവൻ അവളോടൊപ്പം നടന്നു.. തനിക്ക് ഇഴജന്തുക്കളെ പേടിയില്ലേ.. അവൻ ചോദിച്ചു.. മനുഷ്യരോളം വിഷമുള്ള ജീവികളെ ഞാനിന്ന് വരെ കണ്ടിട്ടില്ല.. അവൾ പറഞ്ഞതും അവൻ ചിരിച്ചു.. വിഷമുള്ളതും ഇല്ലാത്തതും എല്ലാ ജീവികളിലും കാണില്ലേ..

അവൻ ചോദിച്ചു.. സാധാരണ ജീവികൾ വിഷമിറക്കുന്നത് അവരുടെ ജീവനും അഹരത്തിനും വേണ്ടിയാ.. സ്വന്തം സ്വാർത്ഥതയ്ക്കായി വിഷം ചീറ്റുന്നത് മനുഷ്യൻ എന്ന ഒരൊറ്റ ജീവി മാത്രമാണ്.. അവൾ പറഞ്ഞു.. താൻ വായിച്ചു വായിച്ചു ഇപ്പോൾ പറയുന്നത് മൊത്തം സാഹിത്യമാണല്ലോ.. അവൻ പറഞ്ഞു.. ജീവിതം സാഹിത്യത്തെക്കാൾ കോംപ്ലിക്കേറ്റഡ് ആകുമ്പോൾ നമ്മൾ സാഹിത്യം പോലെ സംസാരിച്ചു തുടങ്ങും.. അവൾ പറഞ്ഞു.. തന്നോട് സംസാരിച്ചാൽ ഏകദേശം പ്രശ്നങ്ങൾ ഒക്കെ മറക്കും… അവൻ പറഞ്ഞു.. തനിക്കിപ്പോ എന്താ പ്രശ്നം. അവൾ ചോദിച്ചു..

പ്രശ്നം എന്നത് പുറത്തറിയണം എന്നില്ലല്ലോ.. എന്തൊക്കെ പ്രശ്നങ്ങൾക്ക് നടുവിലാകും ഓരോ മനുഷ്യരും.. അവൻ പറഞ്ഞു.. ഇപ്പൊ തന്റെ പ്രശ്നം എന്താ.. അവൾ ചോദിച്ചു.. കാശ്.. അതും വലിയൊരു പ്രശ്നമല്ലേ.. താനല്ലേ കോടീശ്വരനായ ബിസിനസ്സ്മാൻ.. അവൾ കളിയായി ചോദിച്ചുകൊണ്ട് നിലത്തുകിടന്ന കമ്പെടുത്തു ശബ്ദമുണ്ടാക്കികൊണ്ട് നടന്നു.. കോടീശ്വരൻ ആയിട്ടൊന്നും അല്ലെടോ.. അച്ഛന്റെ വിയർപ്പായിരുന്നു ആ സ്ഥാപനം.. ഒരുപാട് കഷ്ടപെട്ടതാ അച്ഛൻ ആ സ്ഥാപനത്തിന് വേണ്ടി.. എന്റച്ചന്റെ വിയർപ്പ് നശിക്കാതിരിക്കാൻ ഒന്ന് ഏറ്റെടുത്തു തങ്ങി നിർത്താൻ. നോക്കിയതാ പക്ഷെ ഞാനടക്കം വീണു പോകുന്ന അവസ്ഥയാണ്.. അവൻ പറഞ്ഞു. അവൾ ഒന്നും മിണ്ടിയില്ല .

പ്രശ്നങ്ങൾ എല്ലാവരോടും ഷെയർ ചെയ്യരുത് അന്നൊരിക്കൽ താനല്ലേ എന്നോട് പറഞ്ഞത്.. സത്യത്തിൽ എല്ലാവരോടുമില്ല..തന്നോടൊ ജിഷ്ണുവിനോടൊ വിമലിനോടോ വിമൽ എന്റെ നിഴൽ തന്നെയാണ്. ജിഷ്ണു ആത്മാർത്ഥതയുള്ള ഒരു നല്ല സൗഹൃദവും അപ്പൊ ഞാനോ.. അവൾ ചോദിച്ചു.. സഹയാത്രിക… ഒരേ വഞ്ചിയിൽ കര കാണാൻ കുത്തൊഴുക്കിനെതിരായി തുഴയുന്ന രണ്ടു യാത്രക്കാർ.. പടത്തുനിന്നും വഴിയിൽ എത്തിയതും അവൾക്കായി ഒരു പുഞ്ചിരി സമ്മാനിച്ചു അത്രയും പറഞ്ഞുകൊണ്ട് അവൻ നടന്നു നീങ്ങി.. യാതൊരു ഭവഭേദവുമില്ലാതെ ഭദ്ര അവന്റെ പോക്ക് നോക്കി നിന്നു.. അപ്പോഴും അവൾക്കായി ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞിരുന്നു.. നിലാവിന്റെ ശോഭയിൽ രാത്രിയുടെ നിശബ്ദതയിൽ അവളെന്നെ പെണ്ണിനായി മാത്രം വിരിഞ്ഞൊരു പുഞ്ചിരി….തുടരും

Share this story