അദിതി : ഭാഗം 30

അദിതി : ഭാഗം 30

എഴുത്തുകാരി: അപർണ കൃഷ്ണ

വെള്ളത്തിൽ മുങ്ങി താണു പോകുകയാണ്, ഏതൊക്കെയോ കൈകൾ എനിക്ക് നേരെ നീളുന്നതു കാണാം. …ഗോതമ്പ് നിറമുള്ള രോമങ്ങൾ നിറഞ്ഞ ബലിഷ്ഠമായ ഒരു കൈ വെള്ളത്തിന്റെ ഉൾവലിവിൽ നിന്നും വലിച്ചു പുറത്തെടുത്തു, പുഞ്ചിരിക്കുന്ന അപരിചിതമായ ഒരു മുഖം…………… കണ്ണ് തുറക്കുമ്പോൾ ആദ്യം കാഴ്ചകൾ ഒരു വെളുത്ത തിരശീലയ്ക്കപ്പുറം ആയിരുന്നു. പതിയെ കാഴ്ചകൾക്കൊപ്പം ഓർമകളും തെളിഞ്ഞു വന്നു. ശ്വാസതടസം സൃഷ്‌ടിച്ച ഓക്സിജൻ മാസ്ക് എടുത്തു മാറ്റി. കോളേജിൽ വച്ച് വയ്യാതെ ആയതും ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നതും സ്വപ്നത്തിൽ എന്ന വണ്ണം തെളിഞ്ഞു വന്നു.

അദിതി. …… അദിതി എവിടെയാണ്. ……. എനിക്ക് ആ നിമിഷം അദിതിയെ കാണണം എന്ന് തോന്നി. കൈയില് കുത്തിയിരിക്കുന്ന സൂചിയിലൂടെ മരുന്ന് ഇറ്റിറങ്ങുന്നുണ്ട്, അത് പതിയെ മാറ്റി എഴുന്നേറ്റിരുന്നു. ആകാശനീല നിറമുള്ള ഹോസ്പിറ്റൽ ഗൗൺ ആണ് വേഷം. പതിയെ എഴുന്നേറ്റു നടക്കുമ്പോൾ ചെറിയൊരു തളർച്ച തോന്നി. കുറച്ചപ്പുറത്തു ഒരു നേഴ്‌സ് ഇരുന്നു ഉറങ്ങുന്നുണ്ട്. സമയം ഇപ്പോൾ എന്തായിരിക്കും…. ഒരു പിടിയും ഇല്ല! എന്തായാലും എനിക്കിപ്പോൾ അദിതിയെ കണ്ടേ മതിയാകു…..

വാതിൽ ശബ്ദം ഉണ്ടാക്കാതെ തുറന്നു പുറത്തിറങ്ങി. കുറച്ചു അപ്പുറത്തുള്ള കസേരകളിൽ അപ്പയും അമ്മയും ഇരിപ്പുണ്ട്. മയക്കത്തിൽ ആണ്, ഇപ്പോൾ എന്നെകണ്ടാൽ പുറത്തിറങ്ങാൻ പറ്റില്ല. ഡേവിചൻ എവിടെ. …. കാണുന്നില്ല. വല്ലാത്തൊരു വിഷമം തോന്നി. മനസിനെ അടക്കി പിടിച്ചു, എന്തിനാണ് വിഷമിക്കുന്നത്, ഇതിങ്ങനെ തന്നെ ആകും എന്നറിയാമായിരുന്നില്ലേ. …………….. എന്നാലും. ……………. മൂന്ന് മണിയാണ് ഇപ്പോൾ സമയം എന്ന് ഹോസ്പിറ്റൽ ചുമരിലെ ക്ലോക്ക് പറഞ്ഞറിഞ്ഞു, ഉറക്കം വരുന്നുണ്ട്. ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങൾ സ്വസ്ഥതയെ ഹാനിക്കുന്നു, അദിതിയെ കാണാതെ നിവർത്തിയില്ല, പക്ഷേ ഈ സമയം…..

അതൊരു ചോദ്യചിഹ്നമായി മനസ്സിൽ ഉണ്ടായിരുന്നെങ്കിലും കാലിന് വേഗത കുറഞ്ഞില്ല. ലിഫ്റ്റിൽ ഗ്രൗണ്ട് ഫ്ലോറിൽ എത്തി, റിസെപ്ഷനിൽ എത്തിയപ്പോൾ എന്നെ നോക്കി നിന്ന ആളെ കണ്ടു ചിരിക്കണോ കരയണോ എന്ന് അറിയാതെ നിന്ന് പോയി. “അദിതി” ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. നെഞ്ചിൽ അസാമാന്യമായ വിധം ഒരു പിടച്ചിൽ ഉണ്ടായത് ഞാൻ അറിഞ്ഞു. വല്ലാത്തൊരു ത്രസ്സിപ്പോടെ ഓടി ചെന്ന് കെട്ടിപിടിച്ചു, പൊട്ടിക്കരച്ചിലിനൊടുവിൽ ഏങ്ങലടികൾ പതിയെ ശാന്തമാകുന്നത് വരെ അവൾ എന്നെ ചേർത്ത് പിടിച്ചു തഴുകി കൊണ്ടിരുന്നു.

പെയ്തൊഴിഞ്ഞ ആകാശം പോലെ മനസ്സും ഹൃദയവും ശാന്തമാകുന്നതും വല്ലാത്തൊരു ലാഘവത്വത്തിന്റെ തണുപ്പ് നിറയുന്നതും ഞാൻ അറിഞ്ഞു. എന്നെ ചേർത്ത് പിടിച്ചു ലിഫ്റ്റിനരികിലേക്കു പോകുമ്പോഴും, മുറിയിലേക്ക് നടക്കുമ്പോഴും ഒരു ചെറിയ കുട്ടിയെ പോലെ അനുസരണയോടെ അനുഗമിച്ചു. മുറിക്കു മുന്നിൽ അശാന്തരായി നിന്ന അപ്പയും അമ്മയും എന്നെ കണ്ടതും സമാധാനിച്ചു. അദിതിയെ നോക്കി അവർ വേദനയോടെ പുഞ്ചിരിച്ചു. അദിതിയുടെമുഖത്തുമുണ്ടായി നനവുള്ള ഒരു പുഞ്ചിരി. ആ മടിയിൽ കിടന്ന് എന്തോ ചോദിക്കാൻ തുടങ്ങിയതും അവൾ എന്നെ തടഞ്ഞു. “ഇപ്പോൾ അല്ലി ഉറങ്ങിക്കോ….. ഒരുപാടു ചോദ്യങ്ങൾ ഉണ്ടെന്നറിയാം….

അതിനൊക്കെ ഞാൻ ഉത്തരം തരും…. ഇന്നല്ല, നാളെ നമ്മുടെകോളേജിൽ വച്ച്. നാളെ കോളേജ് അടയ്ക്കുവല്ലേ സമ്മർ വെക്കേഷന് വേണ്ടി. .. നാളെ വരണം കോളേജിൽ. ഞാൻ കാത്തിരിക്കും. .. ഇപ്പൊൾ ഉറങ്ങിക്കോ” ആ വജ്രം തോൽക്കുന്ന കണ്ണുകളിൽ കണ്ണും നട്ടു ഞാൻ കിടന്നു. വെളുത്ത നിറമുള്ള ചുരിദാറിൽ അവൾഒരുപാടു സുന്ദരിയായിരുന്നു. നോക്കിയിരിക്കവേ എല്ലാ ദുഖവും മറക്കുന്ന പോലെ. …..ഞാൻ പതിയെ പുഞ്ചിരിച്ചപ്പോൾ അവൾ കുനിഞ്ഞു എന്റെ നെറുകയിൽ മൃദുവായി ചുണ്ടുകൾ പതിപ്പിച്ചു. ആ മുഖത്തു വിടർന്ന കുസൃതിച്ചിരി എന്നെ ഏതോ മാസ്മരിക ലോകത്തെത്തിച്ചു.

കണ്ണുകളിലേക്ക് പതിയെ ഉറക്കം വിരുന്നു വന്നു. അവളുടെ ഇളം തണുപ്പാർന്ന കൈവിരലുകൾ നെറ്റിയിൽ തലോടലുകളർപ്പിക്കെ ഞാൻ ഗാഡമായി ഉറങ്ങാൻ തുടങ്ങി. …… കഴിഞ്ഞ രാത്രി ഞാൻ കണ്ടൊരു സ്വപ്നമായിരുന്നില്ല എന്നതിന് തെളിവ് എനിക്കരികിൽ ഉണ്ടായിരുന്ന വെളുത്തനിറമുള്ള ചെമ്പകപ്പൂവാണ്. അദിതി അരികിൽ ഉണ്ടായിരുന്നില്ല. ആ പൂവിന്റെ സുഗന്ധം നുകരവേ പുതിയൊരു ഊർജ്ജം എന്നിൽ നിറയുന്നത് ഞാൻ അറിഞ്ഞു. ഒരു ദിവസം കൂടി വിശ്രമിക്കാൻ ഡോക്ടർ പറഞ്ഞു എങ്കിലും, കോളേജിൽ പോകണം എന്ന നിർബന്ധം കാരണം ഡിസ്ചാർജ് എഴുതി.

ചുറ്റുംനടക്കുന്നതൊന്നും എന്നെ സ്പർശിക്കാതെ പോയി. ഏതോ ഒരു ലോകത്തായിരുന്ന ഞാൻ. വീട്ടിലെത്തിയതുംഓടിപോയി കുളിച്ചു, വേഷം മാറി കോളേജിൽ പോകാൻ തിരക്ക് കൂട്ടിയ എന്നെ കുറച്ചെങ്കിലും ഭക്ഷണം കഴിപ്പിക്കാൻ ‘അമ്മ വല്ലാതെ പണിപെട്ടു. അപ്പയായിരുന്നു കൊണ്ടുവിട്ടത്. കാറിൽ നിന്ന് ധൃതിയിൽ ഇറങ്ങി ഓടി കോളേജ് ഗേറ്റ് എത്തിയപ്പോളാണ് അപ്പയോടു യാത്ര പോലും പറഞ്ഞില്ല എന്നോർമ്മ വന്നത്. തിരികെ ഓടിപോയി ആ മുഖത്ത് ഒരുമ്മ നൽകി ടാറ്റ പറഞ്ഞപ്പോൾ ആ മുഖത്തു പുഞ്ചിരിയുടെ വെട്ടം പടർന്നു. … പൂമരങ്ങൾ മെത്തവിരിച്ച പാതയിലൂടെ ഞാൻ അദിതിയുമൊത്തു ഇരിക്കാറുള്ള സിമെൻറ്റ് ബെഞ്ചിന്റെ അരികിലേക്ക് നടന്നു.

കോളേജിൽ അധികമാരും എത്തിയിട്ടില്ല, എന്നാലും അദിതി ഉണ്ടാകും എന്ന എന്റെ പ്രതീക്ഷയെ ശരി വച്ചു കൊണ്ട് അവൾ അവിടെ ഉണ്ടായിരുന്നു. പുലർകാലത്തു മഞ്ഞണിഞ്ഞ പനിനീർപൂവുപോലെ അവൾ. ……. അദിതി മഹേശ്വർ രാജ്പുത്. ക്രീം നിറമുള്ള അനാർക്കലി ആണ് വേഷം. ..നീളൻമുടി മെടഞ്ഞു മുന്നിലേക്ക് ഇട്ടിരിക്കുന്നു. ചുണ്ടുകളിൽ, കണ്ണിൽ നനുത്ത പുഞ്ചിരിയുമായി അവൾ ഇരിക്കുന്നു. നടക്കുംതോറും ഹൃദയമിടിപ്പിന്റെ വേഗത വല്ലാതെ വർദ്ധിച്ചു. …കണ്ണുകൾ തുടിക്കുന്നു. ….അരികിൽ എത്തിയതും അവൾ എഴുന്നേറ്റു. എന്നെ കണ്ണിമയ്ക്കാതെ നോക്കിയ വജ്രം തോൽക്കുന്ന ആ മിഴികളുടെ മാസ്മരികതയിൽ ചോദിക്കാനുള്ളവയും അറിയാനുള്ളവയുംഒക്കെമറന്നു നിന്ന് പോയി.

അന്തരീക്ഷത്തിൽ നിന്നും എനിക്കായ് സൃഷ്‌ടിച്ച ചെമ്പകപ്പൂക്കളുടെ കാഴ്ച്ചയിൽ ഞാൻ വീണ്ടും അവളിലെ മായാജാലം കണ്ടറിഞ്ഞു. ആ പൂക്കളുടെ അഭൗമായ സൗരഭ്യം ആസ്വദിക്കേ മറ്റൊരു സാന്നിധ്യം ഞാൻ അറിഞ്ഞു. …………….. പെട്ടെന്നു എനിക്കു ഹർഷനെ ഓര്മ വന്നു. ….. നെഞ്ചിൽ ഒരു പിടയലുണർന്നു. …. അതെന്റെ കണ്ണിലും പ്രതിഫലിച്ചു. ….. ക്രമം തെറ്റിയ ഹൃദയമിടിപ്പുകൾ ഉച്ചസ്ഥായിയിൽ മുഴങ്ങും പോലെ തോന്നി. .. “അദിതി……. ഹർഷൻ……” എന്റെ പാതി മുറിഞ്ഞ ചോദ്യം അവളിൽ എന്ത് ഭാവമാണ് ഉണർത്തിയത് ……അറിയില്ല….. മറുപടിയെന്ന വണ്ണം ആ ചുണ്ടുകൾ മെല്ലെ വിറച്ചു……..

അവളുടെ വലതുകരം എന്റെ ഇടംനെഞ്ചിന്മുകളിൽ അമർന്നു…….. ശരീരത്തിനുള്ളിൽ കൂടി വൈദ്യുതി കടന്നു പോയ പോലെ ഞാൻ ഒന്ന് വിറച്ചു…….. “ഹർഷൻ ജീവിച്ചിരിപ്പുണ്ട് അല്ലി…..” “ഹർഷൻ ഉണ്ട്, എന്റെ മനസ്സിൽ, വെയിലിൽ തണലായി…..ദാഹിക്കുമ്പോൾ ജലമായ്‌…. എന്നെ തഴുകുന്ന കാറ്റായി….. നനയിക്കുന്ന മഴത്തുള്ളികളായി….. ചെമ്പകപ്പൂവിന്റെ മണമായി……ഞാൻ സ്വീകരിക്കുന്ന ജീവശ്വാസമായി….. എന്റെ ജീവനായ്….. ആത്മാവായ്……അവൻ…. എന്റെ ഹർഷൻ”

“ഹർഷൻ ഉണ്ട് എന്നെ കാണുന്ന നിന്റെ കണ്ണുകളിൽ തിളങ്ങുന്ന കാഴ്ചയുടെ പ്രകാശമായി…… എന്നെ അറിയുന്ന നിന്റെ ഹൃദയമിടിപ്പായ്.” ഹർഷൻ……! അദിതിയുടെ നനുത്ത സ്വരം എന്റെ ആത്മാവിൽ എവിടെയോ തുളഞ്ഞു കയറി. ഇടം നെഞ്ചിൽ ആ തഴമ്പിൽ അവളുടെ വിരലുകൾ തലോടിയപ്പോൾ ഹൃദയം പുറത്തു വരാൻ എന്നവണ്ണം ഒന്ന് തുടിച്ചു പിന്നെ ശാന്തമായി. .. കണ്ണുകളിൽ അവളുടെ രൂപം ജലപാളിയ്ക്കപ്പുറമായപ്പോൾ, കാറ്റുപിടിച്ച അരയാൽ മരത്തെ പോലെയായിരുന്നു ഞാൻ……. തുടരും…

അദിതി : ഭാഗം 29

Share this story