ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 27

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 27

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

മൂന്നര കഴിഞ്ഞപ്പോൾ ഹോസ്പിറ്റലിൽ നിന്നിറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു നിരഞ്ജന… കാറിലേക്ക് കയറി സീറ്റ് ബെൽറ്റ് ഇടുന്ന നേരമാണ് ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്… എടുത്തു നോക്കിയപ്പോൾ ഏതോ പരിചയമില്ലാത്ത നമ്പർ… ഓഫ്‌ ചെയ്തു ഫോൺ സീറ്റിലേക്കിട്ട് കൊണ്ട് അവൾ കാർ സ്റ്റാർട്ട് ചെയ്തു… ഒരു മുക്കാൽ മണിക്കൂറുണ്ട് വീട്ടിലേക്ക്… അതിനിടയിൽ വീണ്ടും ആ നമ്പറിൽ നിന്നു തന്നെ രണ്ട് മൂന്ന് തവണയായി കോൾ വരുന്നത് അവൾ ശ്രെദ്ധിച്ചു… എന്നിട്ടും എന്തോ എടുക്കാൻ തോന്നിയില്ല… വീടെത്താനുള്ള ധൃതി ആയിരുന്നു… ആര്യൻ തൃശൂർ തന്നെയുള്ള ഒരു സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നത്…

അന്ന് ആര്യനും നേരത്തെ വരാം എന്ന് പറഞ്ഞിട്ടുണ്ട്.. എന്നിട്ട് ഒരു ഔട്ടിങ് പ്ലാൻ ചെയ്തിരുന്നു ഇരുവരും… അതാണ്‌ അവൾ ഫോൺ പോലും അറ്റന്റ് ചെയ്യാതെ വെച്ചുപിടിച്ചത്…. വീട്ടിൽ ചെന്നപ്പോൾ ആര്യൻ എത്തിയിട്ടില്ല… വേഗം തന്നെ ഒന്ന് കുളിച്ചു വീട്ടിലിടുന്ന ഒരു ടീഷർട്ടും പാന്റും എടുത്തിട്ടു… തല തൂവർത്തിക്കൊണ്ട് മുകളിലെ ചൂരൽ കസേരയിലേക്ക് ഇരുന്നതും അപ്പുറത്തെ മുറിയിൽ വെച്ചിരിക്കുന്ന ഫോണിൽ നിന്നും ബെൽ കേൾക്കാൻ തുടങ്ങി… ചെന്നെടുക്കാനാഞ്ഞപ്പോഴേക്കും അത് നിന്നു…മുൻപ് വന്ന നമ്പറിൽ നിന്നു തന്നെയാണെന്ന് കണ്ടു അവൾ വേഗം തിരിച്ചു വിളിച്ചു…

അവസാന വട്ട ശ്രെമവും നടത്തി നിരഞ്ജനയെ വിളിച്ചു കൊണ്ടിരുന്ന ബൂത്തിൽ നിന്നും വിളിച്ച നമ്പർ കിട്ടിയില്ല എന്ന് ബൂത്തിലിരുന്ന ആളോട് പറഞ്ഞു കൊണ്ട് ഗൗരി തിരിച്ചിറങ്ങുകയായിരുന്നു… രണ്ട് മൂന്ന് ചുവടു മുന്നോട്ടു വെച്ചപ്പോൾ “ഒന്ന് നിൽക്ക് കുട്ടി “എന്ന ബൂത്തിലിരുന്ന ആളുടെ വിളി കേട്ട് അവൾ തിരിഞ്ഞു നിന്നു… “ദാ.. ഫോൺ… “അയാൾ കയ്യാട്ടി വിളിച്ചു.. ഗൗരി ഓടി വന്നു ഫോൺ വാങ്ങി ചെവിയോട് ചേർത്തു… അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.. “ഹ.. ഹലോ..നിരഞ്ജന ചേച്ചി… “ഗൗരിയുടെ ശബ്ദം അടഞ്ഞു പോയി.. “യാ..ഇറ്റ്സ് മി നിരഞ്ജന… ആരാണ്… എന്തിനാണ് വിളിച്ചത്.. “?? നിരഞ്ജനയുടെ ശബ്ദം ഗൗരിയുടെ കാതിൽ വീണു… “നിരജ്ഞനേച്ചി.. ഞാൻ ഗൗരിയാ… ”

“ഡാ.. നീയോ.. ഇതേതാ നമ്പർ..സർപ്രൈസ് ആയിരിക്കുന്നല്ലോ “നിരഞ്ജനയ്ക്ക് അത്ഭുതം തോന്നി.. “ചേച്ചി.. എനിക്കൊന്നു ചേച്ചിയെ കാണണം… ഒന്ന് സംസാരിക്കണം… ഒരു സഹായം ചെയ്തു തരണം നിക്ക്… “ഗൗരി വിതുമ്പി പോയി… “ന്താ… ന്താടാ പ്രശ്നം… നവി വിളിച്ചില്ലേ.. അവൻ ചെന്നൈയിൽ ആണല്ലോ.. ” “നവിയേട്ടൻ അറിയരുത് ചേച്ചി… ഒന്നും പറയല്ലേ.. നവിയേട്ടനോട്… എനിക്കിത്തിരി സംസാരിക്കാനുണ്ട്… ചേച്ചിയോട്… ” ഗൗരിയുടെ സ്വരത്തിൽ നിന്നും കാര്യമായ എന്തോ പ്രശ്നങ്ങൾ ഒക്കെയുണ്ടെന്നു നിരഞ്ജനയ്ക്ക് ബോധ്യമായി.. “ഞാൻ നാളെ തന്നെ വരാം.. നീ റിലാക്സ് ചെയ്യ് ഗൗരികുട്ടി… ”

“ചേച്ചി വരുന്നതോ ഞാൻ വിളിച്ചതോ ഒന്നും നവിയേട്ടനേ അറിയിക്കരുത് ചേച്ചി.. എനിക്ക് പറയാനുള്ളത് കേട്ടിട്ട് ചേച്ചി എന്താണെന്ന് വെച്ചാൽ തീരുമാനിച്ചോ.. “ഗൗരി പറഞ്ഞു അവൾ പറഞ്ഞതിനൊക്കെ സമ്മതം മൂളി നാളെ തന്നെ വരാമെന്നു ഒരിക്കൽക്കൂടി ഉറപ്പ് പറഞ്ഞു കൊണ്ട് നിരഞ്ജന ഫോൺ വെച്ചു..പിറ്റേദിവസം രാവിലെ തന്നെ ലീവ് വിളിച്ചു പറഞ്ഞു ആര്യനോട് ഗൗരിയെ ഒന്ന് കണ്ടിട്ട് വരാമെന്നും പറഞ്ഞു നിരഞ്ജന തിരുമുല്ലക്കാവിലേക്ക് പുറപ്പെട്ടു… യാത്രയിലുടനീളം ഗൗരിയുടെ സംസാരത്തിലെ നവിയോടുള്ള അകൽച്ചയായിരുന്നു നിരഞ്ജനയുടെ മനസ്സിൽ… അവൾക്ക് വേദന തോന്നി…

താൻ പരിചയപ്പെട്ടിട്ടുള്ള പുരുഷന്മാരിൽ വെച്ചു അവൾക്ക് ഏറ്റവും അധികം മതിപ്പ് തോന്നിയൊരു വ്യക്തിയായിരുന്നു നവി… തന്നെയുമല്ല നവിയുടെ മനസ്സിൽ ഗൗരിക്കുള്ള സ്ഥാനം മാറ്റാരെക്കാളും തനിക്ക് മനസിലായിട്ടുമുണ്ട്… എന്നിട്ടുമെന്തെ ഗൗരി നവി ഒന്നും അറിയരുതെന്നു പറയുന്നു… നവിയിൽ നിന്നും അകലുന്നു… ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങൾ മനസിലിട്ട് വേവിച്ചു കൊണ്ട് അവൾ യാത്ര തുടർന്നു…മുത്തശ്ശിയുമായി കാപ്പി കുടിക്കാൻ ഇരിക്കാൻ തുണിയവേയാണ് മുറ്റത്തേക്ക് വന്നു നിന്ന കാർ ഗൗരി കണ്ടത്… ഇടുപ്പിലേക്ക് കുത്തിവെച്ചിരുന്ന പാവാട തുമ്പ് താഴത്തേക്ക് വലിച്ചിട്ടു കൊണ്ട് അവൾ പൂമുഖത്തേക്കിറങ്ങി…

കാറിൽ നിന്നിറങ്ങിയ നിരഞ്ജനെയെ കണ്ടു എന്തിനോ ഗൗരിയുടെ മിഴികൾ നിറഞ്ഞു.. നിരഞ്ജന ആ മുറ്റത്തെ വ്യത്യാസങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു … നിറയെ ചെടികൾ ഉണ്ടായിരുന്ന മുറ്റം… കുറെയൊക്കെ വെട്ടിമാറ്റപ്പെട്ടിരിക്കുന്നു… ആ ഒതുക്കില് വെച്ചിരുന്ന ചെമ്പരത്തികൾ ഒക്കെ കയറ് കൊണ്ട് കെട്ടി ഒതുക്കി വെച്ചിരിക്കുന്നു.. തെക്കേ പറമ്പിലെ പുളിയൻ മാവ് വെട്ടി നിർത്തി ചില്ല മാറ്റിയിട്ടിരിക്കുന്നു… ആകെയൊരു ശ്മശാന മൂകതയും… ആന്തലോടെയാണ് നിരഞ്ജന പടികൾ കയറി ഗൗരിയുടെ മുന്നിലെത്തിയത്… “എന്താ… എന്താ മോളെ…?? ” “അമ്മ… അമ്മ പോയി ചേച്ചി… “ഗൗരി വിമ്മിപ്പൊട്ടി…

കേട്ടത് വിശ്വസിക്കാനാവാതെ നിരഞ്ജന ഗൗരിയെ കുറച്ച് നേരം തുറിച്ചു നോക്കി നിന്നുപോയി … തന്റെ തോളിലേക്ക് വീണു കരയുന്ന ആ പാവം പെൺകുട്ടിയോട് എന്തെന്നില്ലാത്ത അലിവ് തോന്നി നിരഞ്ജനയ്ക്ക്…. ഒരുവിധത്തിൽ അവളെ ആശ്വസിപ്പിച്ചു അടുത്തുള്ള അരഭിത്തിയിലേക്ക് ഇരുത്തിയിട്ട് നിരഞ്ചനയും അടുത്തിരുന്നു… മുത്തശ്ശി ഒരു ദോശ കഴിച്ചിട്ട് ആ നേരം അങ്ങോട്ട് വന്നു… കണ്ണ് നിറച്ചു നിൽക്കുന്ന മുത്തശ്ശിയെയും അടുത്തിരുത്തി ആശ്വസിപ്പിച്ചു നിരഞ്ജന …. കുറച്ച് സമയം കൂടി അങ്ങനെ ഇരുന്നിട്ട് മുത്തശ്ശി അകത്തേക്ക് നീങ്ങി… നിരഞ്ജന ചോദ്യ ഭാവത്തിൽ ഗൗരിയെ നോക്കി….

“ന്താ നിനക്ക് പറയാനുള്ളത്?? ” “നമുക്ക് അവിടെക്കിരിക്കാം ചേച്ചി…” എഴുത്തുപുര ചൂണ്ടിക്കാട്ടി ഗൗരി അങ്ങനെ പറഞ്ഞപ്പോൾ നിരഞ്ജന സമ്മതത്തോടെ അവൾക്കൊപ്പം അങ്ങോട്ട് നീങ്ങി… എഴുത്തു പുരയുടെ കിഴക്കുവശത്തേക്കുള്ള ഇളം തിണ്ണയിൽ ഇരിക്കുമ്പോൾ നിരഞ്ജനയോടു എന്ത്..എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന് ഗൗരിക്ക് ഒരൂഹവും കിട്ടിയില്ല… പിന്നെയെങ്ങനൊക്കെയോ അവൾ എല്ലാം പറഞ്ഞു തുടങ്ങി… രാധികേച്ചിയോട് പറഞ്ഞത് പോലെ തന്നെ.. ദേവനിൽ തുടങ്ങി ഇഷാനിയിലൂടെ നവിയിലെത്തി അവിടുന്ന് അമ്മയുടെ മരണവും ജോലി നഷ്ടപ്പെട്ടതും മുഖത്ത് നോക്കി പല്ലിളിച്ചു കാട്ടി നിൽക്കുന്ന ബാധ്യതകൾ വരെയുള്ള കാര്യങ്ങൾ പറയുമ്പോൾ പലയിടത്തും പറയാനുള്ള ശേഷി കിട്ടാതെ അവൾ വിതുമ്മിയും കണ്ഠ മിടറിയും ശ്വാസം കിട്ടാതെയുമൊക്കെ കഷ്ടപ്പെട്ടുപോയി ….

ഒടുവിൽ വാര്യവും എഴുത്തുപുരയും വിൽക്കുന്നതിനു സഹായിക്കണമെന്നും സഹായം അഭ്യർത്ഥിക്കാൻ തനിക്കീ ഭൂമിയിൽ മാറ്റാരുമില്ലെന്നും അവൾ പറഞ്ഞപ്പോൾ അവളോടൊപ്പം നിരഞ്ചനയും കരഞ്ഞുപോയി … പോയിട്ട് എല്ലാത്തിനുമുള്ള നീക്കുപോക്കുമായി താൻ വേഗം വരാമെന്നും ആര്യനോട് കൂടി ആലോചിച്ചു വേണ്ടത് ചെയ്യാമെന്നും നിരഞ്ജന ഗൗരിക്ക് ഉറപ്പ് കൊടുത്തു… ഗൗരിയുടെ അപേക്ഷക്കുള്ള മറുപടിയായി നവിയെ ഒന്നും അറിയിക്കില്ല എന്ന് വേദനയോടെയെങ്കിലും നിരഞ്ജന ഉറപ്പ് നൽകി… “””””നിക്ക് കഴിയാഞ്ഞിട്ടാ ചേച്ചി… ന്റെ ദേവേട്ടനെ വേദനിപ്പിച്ച കുടുംബത്തിലേക്ക് നിക്ക് പോണ്ടാ ചേച്ചി…

നിക്ക് ഒരു സമാധാനോം കിട്ടില്യാവിടെ… നവിയേട്ടൻ ന്നെ ത്ര സ്നേഹിച്ചാലും ദേവേട്ടൻറേം അമ്മേടേം മുഖം മുള്ളു പോലെ ന്നെ കുത്തി മുറിവേൽപ്പിക്കും ചേച്ചി… ഈ മനസും വെച്ചു ചെന്നാൽ ഒരിക്കലും ന്റെ നവിയേട്ടന് നിക്കൊരു നല്ല ജീവിതം കൊടുക്കാൻ കഴീല്ല്യാ ചേച്ചി… “”””” മുന്നിലിരുന്നു അലച്ചു കരയുന്ന പെണ്ണ് പഴയ കുറുമ്പത്തി തന്നെയാണ് എന്ന് മനസിനെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു നിരഞ്ജന അപ്പോൾ… “””എത്ര പെട്ടെന്നാണ് ആൾക്കാരുടെ മനസ് മാറുന്നത്… സ്നേഹം കുറയുന്നത്… ഏറ്റവും വലുത് എന്നും പറഞ്ഞു നെഞ്ചിലേറ്റി വെച്ചിരിക്കുന്ന ചിലത് എത്ര പെട്ടെന്നാണ് അടർത്തി മാറ്റി ദൂരേക്ക് വലിച്ചെറിയുന്നത്..

എത്രപെട്ടെന്നാണ് നെഞ്ച് കീറി മുറിച്ച ഇഷ്ടങ്ങൾ വെറും ഓർമ്മകൾ മാത്രമാവുന്നത്…”””” തന്റെ കാര്യം തന്നെ അതിനു ഉദാഹരണമാണ്… നവിയെ പരിചയപ്പെട്ടപ്പോൾ ആ പരിചയം ഇഷ്ടവും പ്രണയവും ആയി മാറിയപ്പോൾ ഒരിക്കലും നവി അല്ലാതെ മറ്റൊരാളെ പറ്റില്ല എന്ന് തോന്നി.. പക്ഷെ ഇന്ന്… ആര്യൻ… ആര്യനാണ് തന്റെയെല്ലാം…ആര്യാനില്ലാതെ താനില്ല… നിരഞ്ജന ഓർത്തു… …………..തിരിച്ചു തൃശൂർക്കുള്ള യാത്രയിൽ ഗൗരിയുടെ മുഖമായിരുന്നു… അവളുടെ വാക്കുകളായിരുന്നു…. നിരഞ്ജനയുടെ മനസ് മുഴുവൻ… എന്തൊക്കെയോ തീരുമാനങ്ങൾ അവൾ ഇതിനോടകം എടുത്തിരുന്നു…

പക്ഷെ അതിനു ആര്യന്റെ സമ്മതം കൂടി അവൾക്കു വേണമായിരുന്നു… ആര്യൻ എതിർക്കില്ല എന്ന് അവൾക്കുറപ്പുണ്ട്.. എന്നാലും വളരെ കുറച്ച് ദിവസത്തിനുള്ളിൽ വളരെ കൂടുതൽ കാര്യങ്ങൾ ചെയ്തു തീർക്കേണ്ട ഒരു ചുമതല തന്നിൽ വന്നു ചേർന്നിരിക്കുന്നത് പോലെ നിരഞ്ജനയ്ക്ക്‌ തോന്നി…. തന്റെ അനിയത്തി കുട്ടിക്ക് വേണ്ടി ഒരു ചേച്ചി പെണ്ണ് ചെയ്യേണ്ടുന്ന കാര്യങ്ങൾ.. അവളുടെ ചിന്തകളെ കീറിമുറിച്ചു കൊണ്ട് ഫോണിന്റെ ശബ്ദം അലയടിച്ചു കൊണ്ടു കാതുകളിൽ എത്തി… ഇടതു കൈ കൊണ്ട് സീറ്റിൽ കിടന്ന ഫോൺ എത്തിച്ചെടുത്തു അതിലേക്കു നോക്കിയ നിരഞ്ജന വിറച്ചു പോയി… “””Navi Calling…..”””🥀 Luv U all…❣❣😊dk❣ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 26

Share this story