അറിയാതെൻ ജീവനിൽ: ഭാഗം 10

അറിയാതെൻ ജീവനിൽ: ഭാഗം 10

എഴുത്തുകാരൻ: ആദിത്യൻ മേനോൻ

“കോഴിമൊട്ട കണ്ണിനു നേരെ പിടിക്കാത്ത പെണ്ണാണ്.. തിന്നുന്നത് കണ്ടില്ലെയോ..” പഫ്സ് കഴിച്ചുകൊണ്ടിരുന്നപ്പോൾ അമ്മച്ചി നോക്കി ചാച്ചനെ നോക്കി ചിരിച്ചുകൊണ്ട് പറയുന്നത് കേട്ടു. എഗ്ഗ് പഫ്‌സ് ഇഷ്ടമാണെന്ന് ഈ അടുത്താണ് അമ്മച്ചിയോടു പറഞ്ഞത്. അമ്മച്ചിയാണ് അത് നീലു ചേച്ചിയോടും രാധികാമ്മയോടും പറഞ്ഞത്. “കുറേ ദിവസമായി ജുവലിന് പഫ്സ് ഉണ്ടാക്കി കൊടുക്കാൻ ജിതൻ രാധികയെ നിർബന്ധിക്കുന്നതത്രേ..” അമ്മച്ചി കൂട്ടിച്ചേർത്തു. “വീട് മാറി പോയതിൽ പിന്നേ ഈ വഴിക്ക് കാണാത്തതുകൊണ്ട് ഞാൻ കരുതിയത് ജിത്തേട്ടൻ എന്നെയൊക്കെ മറന്നുവെന്നാ..” “അങ്ങനെയൊന്നും അവൻ മറക്കത്തില്ല.. ചെറുതാവുമ്പോ ജിതനെ നിനക്ക് വലിയ കാര്യമായിരുന്നു..

ജിത്തേട്ടാ ജിത്തേട്ടാന്ന് വിളിച്ച് അവന്റെ കയ്യിൽ പിടിച്ചു തൂങ്ങിക്കൊണ്ടായിരുന്നു നടത്തം. രാധികയും ഞാനും ഇടക്കിടക്ക് നിങ്ങളെ അങ്ങ് കെട്ടിച്ചേക്കാമെന്ന് കളി പറയുമായിരുന്നു..” അമ്മച്ചി പറഞ്ഞപ്പോൾ നെറ്റി ചുളിച്ചു നോക്കി. കഴിച്ചു കഴിഞ്ഞു റൂമിലെത്തിയപ്പോഴാണ് ജീവേട്ടനെ വിളിക്കണമെന്നോർത്തത്. ചാച്ചൻ വിളിച്ചപ്പോൾ ഫോൺ കട്ടാക്കി താഴേക്ക് പോയതായിരുന്നു. മൊബൈലിൽ നോക്കിയപ്പോഴാണ് ജീവേട്ടന്റെ നാല് മിസ്സ്ഡ് കോൾസ് കണ്ടത്.. തിരിച്ചു വിളിക്കാമെന്ന് പറഞ്ഞിട്ടാണ് താൻ പോയത്. ഇപ്പോൾ ഒന്നര മണിക്കൂർ കഴിഞ്ഞിരിക്കുന്നു.. അങ്ങേർക്കിനി ദേഷ്യം വരുമോ എന്തോ.. വേഗത്തിൽ ജീവേട്ടനെ തിരിച്ചു കോൾ ചെയ്തു.

ആദ്യത്തെ റിങ്ങിൽ തന്നെ കോൾ അറ്റൻഡ് ആയി. “കോൾ ചെയ്തു കഴിഞ്ഞോ?” ജീവേട്ടന്റെ ശബ്ദത്തിൽ ചെറിയൊരു നിരാശയുണ്ടായിരുന്നു. “കഴിഞ്ഞു..” “ആരായിരുന്നു?” ജീവേട്ടൻ ചോദിച്ചു. അപ്പോഴാണ് ഒരു തമാശ പ്രയോഗിക്കാൻ തോന്നിയത്. “അതോ.. എന്റെ ലവർ ആയിരുന്നു..” പറഞ്ഞു കഴിഞ്ഞതും ജീവേട്ടന്റെ പ്രതികരണമൊന്നും കേട്ടില്ല. പെട്ടന്ന് കോൾ ഡിസ്കണക്ട് ആയി.. ദൈവമേ.. പണി പാളിയോ? ഉടനെ തന്നെ പിന്നെയും അങ്ങോട്ട് തിരിച്ചു വിളിച്ചു. “ഇല്ല.. ഞാൻ ഡിസ്റ്റർബ് ചെയ്യുന്നില്ല.. നിന്റെ ലവറിനോട്‌ സംസാരിച്ചു കഴിഞ്ഞിട്ട് വിളിച്ചാൽ മതി..” ജീവേട്ടൻ പറഞ്ഞു കോൾ കട്ട് ചെയ്യുന്നതിന് മുൻപേ പെണ്ണ് പറഞ്ഞു “ഞാൻ സംസാരിച്ചു കഴിഞ്ഞു..” “ഹം.. എന്തിനാ എന്നെ വിളിച്ചത്?” “വിളിച്ചൂടെ?” പെണ്ണ് ചിരിയോടെ തിരിച്ചു ചോദിച്ചു.

“നിനക്ക് നിന്റെ ലവറെ വിളിച്ചാൽ പോരെ.. എന്നെ എന്തിനാ വിളിക്കുന്നത്?” ജീവേട്ടൻ പിണക്കത്തോടെയാണ് ചോദിച്ചത്. “അതേലോ.. ഞാനെന്റെ ലവറോട് തന്നെയാ ഇപ്പൊ സംസാരിക്കുന്നത്.” പെണ്ണ് ചിരി തൂകി. “അതെയോ?” “ഹാം..” “എന്നാൽ പറ.. നേരത്തെ വിളിച്ചത് ആരായിരുന്നു?” “ആർ യൂ ഓക്കേ ബേബി?” “തേങ്ങാ…” ജീവേട്ടൻ ദേഷ്യത്തോടെ പറഞ്ഞു. “യെസ് ബേബി എന്ന് പറ ജീവേട്ടാ..” കൊഞ്ചിക്കൊണ്ട് പെണ്ണ് തലയിണയിൽ മുഖം പൊത്തി. “ഞാൻ പോകുവാ..” “ആ എന്നാൽ പോ..” പെണ്ണും പറഞ്ഞു. കുറച്ചു നേരത്തേക്ക് ഇരുവരും ഒന്നും മിണ്ടിയില്ല.. “നീ കോൾ വച്ചില്ലേ?” “അതെന്താ ജീവേട്ടന് വച്ചാൽ..” “നീ വച്ചോ.. എന്നിട്ട് പൊക്കോ..” “നിങ്ങള് വച്ചിട്ട് പൊക്കോ..” “പോണോ?” “വേണ്ടാ..” പെണ്ണ് പറഞ്ഞുകൊണ്ട് ഉറക്കെ ചിരിച്ചു. “എന്നാൽ പറ.. ആരെയാ ഇത്ര നേരം വിളിച്ചത്?” “അതോ..

അതെന്റെ ലവർ..” “ഡീ ഡീ.. നീ കളിക്കല്ലേ.. ഞാനിപ്പോ ഫോൺ വെച്ചിട്ട് പോകും.. മര്യാദക്ക് പറഞ്ഞെ ആരാ അത്..” “ചാച്ചൻ ആയിരുന്നു എന്റെ പൊന്നോ..” “എന്നാൽ കുഴപ്പമില്ല..” “ജീവേട്ടൻ ആശ്വാസത്തോടെ നെടുവീർപ്പിടുന്നത് കേൾക്കാമായിരുന്നു. പെട്ടന്നാണ് ആരോ കോൾ ചെയ്യുന്നത് കാണുന്നത്.. ഫോൺ ചെവിയിൽ നിന്നുമെടുത്ത് നോക്കിയപ്പോൾ ഏതോ ഒരുത്തൻ മെസ്സഞ്ചറിൽ വീഡിയോ കോൾ ചെയ്യുകയാണെന്ന് കണ്ടു. “ജീവേട്ടാ.. ഏതോ ഒരുത്തൻ എന്നെ മെസഞ്ചറിൽ വീഡിയോ കോൾ ചെയ്യുന്നു..” പറഞ്ഞു തീരേണ്ട താമസം ജീവേട്ടന്റെ ശബ്ദത്തിനും വ്യത്യാസം വന്നിരുന്നു. “ആരാണ്?” “ഏതോ ഒരു നന്ദകുമാർ..” “നീയെനിക്ക് നിന്റെ എഫ്ബിയുടെ പാസ്സ്‌വേർഡ്‌ തന്നേ..” ജീവേട്ടൻ പറഞ്ഞു.

മടിച്ചു നിൽക്കാതെ ജീവേട്ടന് പാസ്സ്‌വേർഡ്‌ പറഞ്ഞു കൊടുത്തു. “ജീവേട്ടൻ..” “അപ്പൊ ഞാനാണല്ലേ പാസ്‌വേഡ്..” ചിരിയോടെ ജീവേട്ടൻ ചോദിച്ചു. പെണ്ണ് തല താഴ്ത്തി ഇളിച്ചു കൊടുത്തു. “നിന്റെ അകൗണ്ടിൽ ഞാനും ലോഗിൻ ചെയ്തിട്ടുണ്ട്.. എന്ത് വലിയ കാമുകീ കാമുകന്മാരും ആണേലും ഇത് നിന്റെ സ്വകാര്യതയാണ്. ഒന്നിലും ഞാനിടപെടില്ല.. പക്ഷെ അവിടെ എന്റെ പെണ്ണിനോട് അപമര്യാദയായി പെരുമാറാൻ നോക്കുന്ന ഞരമ്പന്മാർക്ക് മാത്രം ഞാൻ മറുപടി കൊടുക്കും.. വേണേൽ നാല് പുളിച്ചത് പറയുകയും ചെയ്യും..” ജീവേട്ടൻ ദേഷ്യത്തോടെ പറഞ്ഞു കോൾ കട്ട് ചെയ്തു. പെണ്ണ് ഉറങ്ങാനും കിടന്നു.. മൊബൈൽ ടേബിളിൽ വെക്കുന്നതിനിടെ ജീവേട്ടന് ഒരു ഗുഡ് നൈറ്റും അയച്ചു.

രാവിലെ കാലത്തെണീറ്റ് മൊബൈലെടുത്തു നോക്കിയപ്പോൾ മെസ്സഞ്ചറിൽ നിന്നും ഒരുപാട് നോട്ടിഫിക്കേഷൻസ് വന്നിരുന്നു.. കയറി നോക്കിയപ്പോൾ എല്ലാ കോഴികളെയും ജീവേട്ടൻ എടുത്തിട്ട് അലക്കുന്ന ചാറ്റുകളാണ് കണ്ടത്. മെസേജസ് വായിച്ചുകൊണ്ട് പെണ്ണ് ഉറക്കെ ചിരിച്ചു. വീഡിയോ കോൾ ചെയ്ത ഒരുത്തന്റെ കോൾ ജീവേട്ടൻ അറ്റൻഡ് ചെയ്തിട്ടുണ്ട്.. തന്റെ സ്ഥാനത്ത് ജീവേട്ടനെ കണ്ട് അവന്റെ കിളി പോയിട്ടുണ്ടാകും.. സന്തോഷത്തോടെ വാട്സാപ്പിൽ ജീവേട്ടന് മെസേജ് അയച്ചു. ‘ഗുഡ് മോർണിംഗ് ജീവേട്ടാ.. ഐ ലവ് യൂ….’ 💜💜💜💜💜💜💜💜💜💜💜💜 രാവിലെ എണീറ്റ് വാട്സ്ആപ്പ് തുറന്നപ്പോഴാണ് ജുവലിന്റെ മെസേജ് കണ്ടത്.. ഓരോ ദിവസവും എണീക്കുമ്പോൾ തന്നേ പെണ്ണിന്റെ മെസേജ് കാണുമ്പോൾ ചുണ്ടിലൊരു ചിരി വിരിയുമായിരുന്നു.

ആ ഒരു മെസേജ് കാണാനായാണ് ഓരോ നിമിഷവും ഉള്ള് തുടിക്കുന്നത്.. ഇങ്ങനെയൊക്കെ ഇത്രയും ആഴത്തിൽ ഓൺലൈനിലൂടെ പരിചയപ്പെട്ടവർക്ക് പ്രണയിക്കാനാകുമോ? എല്ലായ്പോഴും ചിന്തിച്ച കാര്യമാണ്.. പക്ഷെ ഇപ്പോൾ ഉറപ്പായിരിക്കുന്നു.. പറ്റും.. ‘ഗുഡ് മോർണിംഗ് പെണ്ണേ.. എന്താടോ രാവിലെ തന്നേ ഐ ലവ് യൂ ഒക്കെ?’ അവൾക്ക് മെസേജ് അയച്ചു. അപ്പോൾ തന്നേ മറുപടിയും വന്നു. ‘അങ്ങനെ തോന്നി.. പറഞ്ഞു..’ ‘ഉമ്മാ..’ പെണ്ണിനൊരു ഉമ്മ കൊടുത്തുകൊണ്ട് ബെഡിലേക്ക് മലർന്നു കിടന്നു. “ജീവാ.. ദേ അച്ഛൻ വിളിക്കുന്നു..” അമ്മ ഉറക്കെ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞപ്പോഴാണ് ഫോൺ താഴെ വച്ച് പോയി നോക്കിയത്. ജുവൽ എന്തോ ടൈപ്പ് ചെയ്യുന്നുണ്ടായിരുന്നു. വന്നിട്ട് വേണം എന്താണെന്ന് നോക്കുവാൻ.. “എന്താ അച്ഛാ..”

നടുവകത്തു ചെന്നു നോക്കിയപ്പോൾ അച്ഛൻ രാവിലെ തന്നേ കുളിച്ചു എങ്ങോട്ടോ പോകാനായി റെഡിയായി നിൽക്കുകയായിരുന്നു. “എന്താ ഇത് കാലത്തെ തന്നേ കുളിച്ചു കുട്ടപ്പനായിട്ടുണ്ടല്ലോ.. എങ്ങോട്ടാ?” അച്ഛന്റെ തോളിൽ കൈ ചേർത്തുകൊണ്ട് ചോദിച്ചു. “നീയേ വേഗം പോയി റെഡി ആയിട്ട് വാ.. നമുക്ക് ഒരിടം വരെ പോകാനുണ്ട്..” അച്ഛൻ പറഞ്ഞു. “എവിടേക്ക്?” “അതൊക്കെ ഞാൻ പറയാം.. നീ വേഗം റെഡിയായിക്കെ..” അച്ഛൻ പറഞ്ഞപ്പോൾ തലയാട്ടിക്കൊണ്ട് റൂമിലേക്ക് പോയി. വേഗം ജുവലിനോട് പോകാനുള്ള കാര്യം പറഞ്ഞു. ‘ഡോ ഞാൻ അച്ഛന്റെ കൂടെ ഒരിടം വരെ പോകുവാണേ.. എവിടേക്കാണെന്ന് അറിയില്ല.. വന്നിട്ട് ഞാൻ മെസേജ് അയക്കാം..’ പറഞ്ഞപ്പോഴാണ് അവളയച്ച മെസേജ് മുകളിൽ കാണുന്നത്. ‘ജീവേട്ടാ.. നമ്മുടെ കാര്യം വീട്ടിൽ പറയണ്ടേ?’

‘അതിനെ കുറിച്ച് ഞാൻ വന്നിട്ട് നമുക്ക് ഡിസ്കസ് ചെയ്യാം.. ഇപ്പൊ പോയിട്ട് വരാം.. ഉമ്മാ…’ പറഞ്ഞുകൊണ്ട് ഞാൻ വേഗം ഫ്രഷ് ആയി വന്നു. അച്ഛൻ ഉമ്മറത്ത് കസേരയിട്ടുകൊണ്ട് പത്രവായനയിലായിരുന്നു. ഷർട്ടിന്റെ ബട്ടൺ ഇട്ടുകൊണ്ട് ഉമ്മറത്തെത്തിയപ്പോൾ തന്നേ അച്ഛൻ വേഗമെഴുന്നേറ്റു. “എന്നാൽ നമുക്ക് ഇറങ്ങിയാലോ?” അച്ഛൻ പത്രം മടക്കി വച്ചുകൊണ്ട് ചോദിച്ചു. “എങ്ങോട്ടാണെന്ന് പറ അച്ഛാ..” “വാടാ പറയാം..” അച്ഛന്റെയൊപ്പം പുറത്തേക്കിറങ്ങി. അമ്മയെ കണ്ടില്ല.. കുറച്ചു ദൂരത്തേക്ക് നടന്നെത്തി വെറുതേ തിരിഞ്ഞു നോക്കിയപ്പോൾ ഉമ്മറത്തെ വാതിലിനു പിന്നിൽ നിന്നും നോക്കി നിൽക്കുന്നത് കണ്ടു. ചിരിച്ചു കാണിച്ചപ്പോൾ തിരിച്ചു ചിരിച്ചില്ല.. അതിലപ്പോൾ ഒരു പന്തികേടും തനിക്ക് തോന്നിയതുമില്ല..

കൊറോണയും ലോക് ഡൗണുമായി രണ്ടര മാസത്തിനു ശേഷം ആദ്യമായാണ് പുറത്തേക്കിറങ്ങുന്നത്. ഓരോ വഴികളും കണ്ടപ്പോ ഓരോ കാര്യങ്ങൾ ഓർത്തു. എല്ലായിടങ്ങളും വല്ലാതെ മാറിയിരിക്കുന്നു. ക്ഷേത്രത്തിനടുത്തെത്തിയപ്പോൾ ക്ഷേത്രം ശൂന്യമായിരുന്നു. ഒരിക്കൽ ഇവിടെ വച്ച് ദേവൂട്ടി പറഞ്ഞത് ഓർമ്മ വന്നു. “ജീവേട്ടാ.. നമ്മുടെ കല്യാണം ഈ അമ്പലത്തില് വച്ചു നടത്തിയാൽ മതി..” അധികവും താനും ദേവൂട്ടിയും കാണാറും സംസാരിക്കാറും ഇവിടെ വച്ചാണ്. അച്ഛന് താല്പര്യമില്ലാന്നും പിരിയാമെന്നും പറഞ്ഞു ദേവൂട്ടി അവസാനമായി പറഞ്ഞിട്ട് പോയതും ഇവിടെ വച്ചാണ്.. അതൊക്കെ ഓർമ്മയുണ്ട്.. പക്ഷെ ഇന്നതൊക്കെ ഓർത്ത് ചിരിക്കാനുള്ള വെറും തമാശകൾ മാത്രം..

അത്രത്തോളം നെഞ്ചിനുള്ളിൽ ജുവൽ എന്ന പെണ്ണ് പതിഞ്ഞു പോയിരിക്കുന്നു. “ഡാ ചെറുക്കാ.. ആ വഴിക്കല്ല.. ഇതിലൂടെ..” അച്ഛൻ വിളിച്ചപ്പോൾ അറിയാതെയൊന്ന് പതറിയിരുന്നു. അച്ഛൻ വിളിക്കുന്ന വഴിയിലൂടെയാണ് ദേവൂട്ടിയുടെ വീടും.. അതിലൂടെ നടന്നു പോകുമ്പോ ഒരിക്കലും കാണരുതെന്ന് പ്രാർത്ഥിച്ചിരുന്നു. കണ്ടാലും ഒന്നുമില്ല.. കാണാത്ത പോലെ പോകും. പക്ഷെ അത് രണ്ടുപേരുടെയും മനസ്സിനൊരു പ്രയാസമാണ്. അവളുടെ വീടെത്തിയപ്പോൾ നടത്തത്തിനു വേഗത കൂടി.. വീട്ടിലേക്ക് നോക്കിയതേ ഇല്ല.. പക്ഷെ ആ വീടിനു മുന്നിൽ വച്ചാണ് അച്ഛൻ കൈ പിടിച്ചു നിർത്തിയത്. എന്തെന്ന് അച്ഛന്റെ മുഖത്തേക്ക് നോക്കി. “വാടാ.. ജീവാ..” സ്നേഹത്തോടെ അച്ഛൻ കൈ പിടിച്ചു.. അവളുടെ വീട്ടിലേക്ക് നടന്നു.. എന്താണ് നടക്കുന്നതെന്നറിയാതെ കുഴങ്ങി…..തുടരും..

അറിയാതെൻ ജീവനിൽ: ഭാഗം 9

Share this story