ഹരി ചന്ദനം: ഭാഗം 44

ഹരി ചന്ദനം: ഭാഗം 44

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“ആഹ് ….. ഏട്ടാ എന്തിനാ വിളിച്ചേ ” “നീയെവിടെയായിരുന്നു കിച്ചു?എത്ര നേരമായി വിളിക്കുന്നു.. നീ പുറപ്പെട്ടോ? ” “ഞാൻ വീടൊക്കെ പെട്ടന്നൊന്നു വൃത്തിയാക്കിയെന്നെ ഉള്ളൂ…. ഫോൺ ചാർജ് തീർന്നു ഓഫായി പോയിരുന്നു.തിരികെ വന്നു നോക്കുമ്പോൾ ഒത്തിരി മിസ്സ്ഡ് കാളുകൾ വന്നു കിടക്കുന്നു.ആദ്യം ഏട്ടനെ തന്നെയാ തിരികെ വിളിച്ചത്.എന്താ ഏട്ടാ… എന്തെങ്കിലും അത്യാവശ്യം…. ” “അത് കിച്ചു…. നമ്മുടെ ദിയ… ” അറിഞ്ഞ കാര്യങ്ങളെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തുമ്പോൾ കിച്ചുവിന്റെ പ്രതികരണം എന്തായിരിക്കുമെന്ന ടെൻഷനിൽ ആയിരുന്നു H.P.എല്ലാം കേട്ടു കഴിഞ്ഞിട്ടും പെട്ടന്ന് വരാമെന്നു പറഞ്ഞതല്ലാതെ വേറൊന്നും പറയാതെ കാൾ കട്ട്‌ ചെയ്തു.

തിരിച്ചു വിളിച്ചിട്ടും കാൾ എടുക്കാതെ വന്നപ്പോൾ തന്നെ അവന്റെ സങ്കടം ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.പെട്ടന്ന് തന്നെ ഹോസ്പിറ്റലിനുള്ളിലേക്കു കയറി എൻക്വയറിയിൽ അന്വേഷിച് ദിയ കിടക്കുന്ന ഐ സി യു കണ്ടെത്തി.പുറത്തു നിന്നും ഗ്ലാസ്സിലൂടെ ഉള്ളിലേക്ക് നോക്കുമ്പോൾ കണ്ണുമടച്ചു കിടക്കുന്ന ദിയയെ കാണാമായിരുന്നു.കയ്യിലും കാലിലുമായി മുറിവ് മരുന്നുവച്ചു കെട്ടിയിരുന്നു.ഒരു കയ്യിലേക്ക് ബ്ലഡ്‌ കൊടുക്കുന്നുണ്ട്.H.P യുടെ നോട്ടം കണ്ട് മാറിയിരിക്കുകയായിരുന്ന ഒരു പോലീസുകാരൻ ഉടൻ തന്നെ അടുത്തെത്തി. “ആരാ…… ” “ഞാൻ ആ കുട്ടിയുടെ ബ്രദർ ആണ്… ” “ഓഹോ….. കുട്ടീടെ ഹസ്ബൻഡ് വന്നില്ലേ…. ” “പുറപ്പെട്ടിട്ടുണ്ട്… ഇവിടെയില്ലായിരുന്നു…. ”

“വേണ്ടപ്പെട്ടവരാരെങ്കിലും വന്നാൽ സർ കാണണമെന്ന് പറഞ്ഞിട്ടുണ്ട്… സർ ഡോക്ടറുടെ റൂമിൽ ഉണ്ട്… ചെന്ന് കണ്ടോളു… ” അയാൾ പറഞ്ഞത് പ്രകാരം H.P നേരെ ചെന്നത് ഡോക്ടറുടെ അടുത്തേക്കാണ്.റൂമിലേക്ക് കയറാൻ അനുവാദത്തിനു കാത്തു നിൽക്കുമ്പോൾ തന്നെ ഡോക്ടറും പോലീസ് ഉദ്യോഗസ്ഥനും തമ്മിൽ എന്തൊക്കെയോ ചർച്ചയിൽ ഏർപ്പെട്ടിരിക്കുന്നത് കാണാമായിരുന്നു.അനുവാദം ലഭിച്ചു H.P റൂമിലേക്ക്‌ പ്രവേശിച്ച ഉടനെ അവർ സംസാരം പാതിയിൽ മുറിച്ചിരുന്നു.ഡോക്ടർ ആരാണെന്നു അന്വേഷിക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥനും H.P യെ അടിമുടി വീക്ഷിക്കുന്നുണ്ടായിരുന്നു.

“യെസ് എന്താണ് വേണ്ടത്? ” “ഡോക്ടർ…. ഞാൻ കേസിൽ ഉൾപ്പെട്ടിരിക്കുന്ന ദിയയുടെ ബ്രദർ ആണ് ഹരി പ്രസാദ്… ” “കൃഷ്ണ പ്രസാദിന്റെ ഏട്ടൻ അല്ലേ? ” “യെസ് സർ ” പോലിസ് ഉദ്യോഗസ്ഥൻ പെട്ടന്ന് ചോദിച്ചപ്പോൾ അതെയെന്ന അർഥത്തിൽ H.P തലയാട്ടി. “ഓക്കേ താങ്കൾ ഇരിക്കൂ.. ” അയാളുടെ അടുത്തുള്ള ചെയറിലേക്കു കൈ ചൂണ്ടി പറഞ്ഞപ്പോൾ അത് സ്വീകരിച്ചെന്ന വണ്ണം H.P ചെയറിൽ ഇരിപ്പുറപ്പിച്ചു. “ഞാൻ ഇപ്പോൾ അയാളെ വിളിച്ചിരുന്നു.ഏട്ടൻ വരുന്നുണ്ടെന്നു പറഞ്ഞു. ദിയ നിങ്ങളുടെ കസിൻ സിസ്റ്റർ അല്ലേ? ” “യെസ്… അവൾക്കിപ്പോൾ? ” “ലുക്ക് മിസ്റ്റർ ഹരി പ്രസാദ് …. ഇത് ഒരു സീരിയസ് കേസ് ആണ്….ഇപ്പോൾ തന്നെ മാധ്യമങ്ങളൊക്കെ ഇടപെട്ടിട്ടുണ്ട്.

ഹോസ്പിറ്റൽ കോമ്പൗണ്ടിനുള്ളിലേക്കു വിലക്കിയിട്ടുണ്ടെങ്കിലും അവരെ കേസിന്റെ പുരോഗതി അറിയിക്കാതിരിക്കാൻ ആവില്ല.സ്വൊയ രക്ഷയ്ക്ക് ആണെങ്കിൽ പോലും ഒന്നല്ല രണ്ട് കൊലപാതകങ്ങൾ ആണ് നടന്നിരിക്കുന്നത്.അതിൽ ഒരാൾ ആ കുട്ടീടെ ബന്ധു തന്നെയാണ്… വൺ മിസ്റ്റർ ക്രിസ്റ്റി…. അടുത്തത് അയാളുടെ കൂട്ടുകാരനും. ” “ക്രിസ്റ്റി….???? ” ക്രിസ്റ്റിയുടെ പേര് കേൾക്കെ വല്ലാത്തൊരു ഷോക്കിൽ ആയിരുന്നു H.P. “യെസ് നിങ്ങള്ക്ക് അറിയില്ലേ? “അ…അറിയാം സർ… ” “ആയാളും കൂട്ടുകാരും കൂടി ആ കുട്ടിയെ ട്രാപ് ചെയ്തതാണ്.മരിച്ചവരുടെ ബോഡി പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തിട്ടുണ്ട്.

ഈ ക്രിസ്റ്റിയുടെ വളർത്തച്ഛൻ മിസ്റ്റർ അൽഫോൺസ് കുറച്ചു മുൻപ് വരെ ആ കുട്ടീടെ കാര്യം അന്വേഷിച്ചു ഇവിടെ ഉണ്ടായിരുന്നു…. ” “അൽഫോൺസ്…..? ” “യെസ്…നിങ്ങൾക്കിവരെയൊക്കെ നേരത്തെ അറിയാവുന്നതല്ലേ? ” പല ചോദ്യങ്ങൾക്കും മറുപടി പറയാനാവാത്ത വിധം വല്ലാത്തൊരു അവസ്ഥയിലായിരുന്നു H.P.അപ്പോൾ കുറച്ചു മുൻപു തന്റെ പിടിയിലകപ്പെട്ടത് ആരായിരുന്നുവെന്നു മനസ്സിലാവാതെ അയാളുഴറി.ഇടയ്ക്കെപ്പോഴോ പഴയ അലെക്സിയുടെ രൂപം അവ്യക്തമായി മനസ്സിൽ കയറി വന്നെങ്കിലും അത് ഉൾക്കൊള്ളാൻ അയാളുടെ ബുദ്ധി അനുവദിക്കുന്നുണ്ടായിരുന്നില്ല.

“നിങ്ങൾ അവരുടെ അച്ഛൻ ഫാമിലിയുമായി അത്ര അടുപ്പമില്ലെന്നു തോന്നുന്നു… ” “അത്…. മുൻപേ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ദിയ പോലും ഇപ്പോഴാണ് അവരുമായി അടുത്തത്. ” “ഓക്കേ…. ഇടയ്ക്ക് എന്തോ പ്രശ്നമുള്ളതായി എനിക്ക് തോന്നിയിരുന്നു.ഈ അൽഫോൺസ് അത്ര വിശ്വസ്തനായിട്ടു ഞങ്ങൾക്ക് തോന്നിയില്ല.ഞങ്ങളുടെ അന്വേഷണത്തിലും അയാളുടെ പെരുമാറ്റത്തിലും അത് ഞങ്ങൾക്ക് ഫീൽ ചെയ്തതാണ്.ആകെ മൊത്തം ചില പൊരുത്തക്കേടുകൾ.പിന്നെ അയാളുടെ മകനെ കൊന്ന പ്രതിയാണ് ദിയ.ചിലപ്പോൾ അയാൾക്ക് പ്രതികാരം ചെയ്യണമെന്ന് തോന്നാം.അതുകൊണ്ട് അയാളെ ഞങ്ങൾ ഈ കേസിൽ അധികം ഇടപെടിക്കാതെ വിട്ടുനിർത്തിയതിയിട്ടുണ്ട്.

ഒരു ഡീറ്റെയിൽസും ഇതുവരെ വിട്ടു പറഞ്ഞിട്ടില്ല….പിന്നെ ഈ ദിയ എന്ന കുട്ടിയ്ക്ക് അയാളുടെ മകൻ ക്രിസ്റ്റിയുമായി എക്സ്ട്രാ മറൈറ്റൽ അഫയർ ഉള്ളതായിട്ടാണ് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്… ” “വാട്ട്‌??? പക്ഷെ സർ അങ്ങനൊന്നും….. ” “ലുക്ക്‌….. ആ കുട്ടിയുമായി ബന്ധപ്പെട്ട പലരോടും അന്വേഷിച്ചപ്പോൾ അറിഞ്ഞതായ കാര്യങ്ങൾ മാത്രമാണ് പറയുന്നത്.അങ്ങനെയാണ് എന്ന് ഞങ്ങൾ തറപ്പിച്ചു പറഞ്ഞില്ല.പിന്നെ ഈ ക്രിസ്റ്റി ഒട്ടും ക്ലീൻ ആയിട്ടുള്ള ഒരു കഥാപാത്രം അല്ല.അപ്പോൾ പിന്നെ ദിയയെ പോലൊരു പെൺകുട്ടി അങ്ങനൊരാളെ സ്വൊന്തം ഹസ്ബന്റിനെ പോലും കബളിപ്പിച്ചു കൂടെ കൂട്ടുക എന്നതും അവിശ്വസനീയം തന്നെയാണ്.എന്നിരുന്നാലും കഴിഞ്ഞ കുറച്ചു മാസങ്ങളായി അവർ സ്വൊന്തം ഭർത്താവിൽ നിന്നും അകന്നു കഴിയുകയായിരുന്നല്ലോ…

അതും ക്രിസ്റ്റിയുള്ള വീട്ടിൽ.ഈ പ്രേമത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ പറയുന്നതും ഓരർഥത്തിൽ ശെരിയാണ്.. ” പോലീസ് പറഞ്ഞു നിർത്തിയപ്പോളും H.P ആലോചനയിൽ തന്നെയായിരുന്നു.കിച്ചുവിനെ ദിയ ചതിക്കുവായിരുന്നെന്നു അയാൾക്ക്‌ ഒരിക്കലും ചിന്തിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.എല്ലാം ഉള്ളിലൊതുക്കി നടക്കുന്ന കിച്ചുവിന്റെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ നെഞ്ച് പൊടിയുന്ന പോലെ തോന്നി H.P യ്ക്ക്.അന്വേഷിച്ചറിഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി പറഞ്ഞയാൾ നിർത്തിയപ്പോളേക്കും അടുത്തതായി ഡോക്ടറുടെ ഊഴമെത്തി ആയാളും പറഞ്ഞു തുടങ്ങി. “ആ കുട്ടിയ്ക്ക് ഇവിടെ കൊണ്ടു വരുമ്പോൾ ബോധം ഉണ്ടായിരുന്നില്ല.

കയ്യിൽ ചില്ലു തറച്ച മുറിവിലൂടെ ഒരുപാട് ബ്ലഡ്‌ ലോസും ഉണ്ടായിട്ടുണ്ട്.ഇടയ്ക്ക് ബോധം വന്നപ്പോൾ കഴിഞ്ഞു പോയ കാര്യങ്ങളുടെ ഷോക്കിൽ ആണെന്ന് തോന്നുന്നു ഒട്ടും നോർമലായിട്ടല്ല ബീഹെവ് ചെയ്തത്.അത്കൊണ്ട് ഒരു മനോരോഗ വിദഗ്ധന്റെ സഹായം കൂടി ഞങ്ങൾ തേടിയിട്ടുണ്ട്.പിന്നെ ഇതിലെല്ലാം ഉപരി ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം എന്നത് ആ കുട്ടി പ്രെഗ്നന്റ് ആണ്….. ” “ഡോക്ടർ…..? ” ഡോക്ടർ പറഞ്ഞതു കേൾക്കെ എല്ലാ ധൈര്യവും ചോർന്നു പോവുന്നത് പോലെ തോന്നി H.P യ്ക്ക്.ആ വാർത്ത കിച്ചുവിന് എത്രത്തോളം ഹൃദയബേധകമായിരിക്കും എന്നോർത്ത് അയാളുടെ നെഞ്ചു പിടഞ്ഞു.

അതിലുപരി ആ കുഞ്ഞിന്റെ പിതൃത്ത്വത്തെ പോലും സംശയിക്കത്തക്ക വിധം കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നതു വല്ലാത്തൊരു പ്രശ്നം തന്നെയായിരുന്നു. “യെസ് ഹരി പ്രസാദ് ആ കുട്ടി രണ്ടു മാസം ഗർഭിണിയാണ്. ആ കുട്ടീടെ മെന്റൽ ഹെൽത്ത്‌ അൺസ്റ്റേബിൾ ആയി തുടരുകയാണെങ്കിൽ ഈ പ്രെഗ്നൻസി ഒരു ഇഷ്യൂ തന്നെയാണ്.പിന്നെ നിർഭാഗ്യവശാൽ ആ കുട്ടി ഒരു കൊലപാതകി ആണ്…ബാക്കി നിയമവശങ്ങൾ ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് ഊഹിക്കാമല്ലോ…. നമുക്ക് പ്രാർത്ഥിക്കാം അത്ര തന്നെ. ” ദിയയുടെ ഹെൽത്ത്‌ കണ്ടിഷൻസ് ഒന്ന് കൂടി ചർച്ച ചെയ്ത് മൂവരും താത്കാലികമായി പിരിഞ്ഞു.തിരികെ ദിയയുടെ റൂമിനടുത്തു വരെ ഇൻസ്‌പെക്ടറും H.P യോടൊപ്പമുണ്ടായിരുന്നു.

“ഇനിയും രണ്ട് പേരെ കൂടി പിടിക്കാനുണ്ട്.ഹോട്ടലിലെ സിസിടീവീ ദൃശ്യങ്ങളിൽ നിന്നും അവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.നാല് കൂട്ടുകാരും കൂടി പ്ലാൻ ചെയ്ത് നടപ്പിലാക്കിയ നാടകമാണ് ഇങ്ങനൊരു ദുരന്തത്തിൽ കലാശിച്ചത്.ഓരോ ലിങ്കും കൂട്ടി ചേർത്ത് ഞങ്ങൾ ആ കുട്ടിയിലേക്കു എത്തുമ്പോളേക്കും വൈകിപോയി.ഇല്ലെങ്കിൽ രണ്ടു മരണങ്ങൾ ഒഴിവാക്കാമായിരുന്നു.എനി വേ നമുക്ക് വീണ്ടും കാണാം മിസ്റ്റർ ഹരി പ്രസാദ്….ആ കുട്ടീടെ ഹസ്ബൻഡ് വരുമ്പോൾ തീർച്ചയായും ഒരു കൂടിക്കാഴ്ച കൂടി അനിവാര്യമാണ്. പരസ്പരം ഷേക്ക്‌ ഹാൻഡ് നൽകിയ ശേഷം ഇൻസ്‌പെക്ടർ നടന്നകലുമ്പോൾ തനിക്ക് എവിടെയൊക്കെയോ പിഴച്ചുവെന്ന തിരിച്ചറിവിൽ ആയിരുന്നു H.P.

ഉടനെ ഫോണെടുത്തു തന്നെ ജോലിയിൽ സഹായിച്ചവരുടെ നമ്പറിലേക്ക് വിളിച്ചുവെങ്കിലും കിട്ടിയില്ല.ഉടൻ തന്നെ ആ സിം ഉപേക്ഷിക്കാൻ താൻ തന്നെയവർക്കു നിർദേശം കൊടുത്തതോർത്തു അയാൾ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി ഭിത്തിയിൽ ഇടിച്ചു. ****** “അതേ ചാരു….ഫോട്ടോ കണ്ടിട്ട് അയാളെ പോലെ തോന്നുന്നു…. പക്ഷെ പേര് ക്രിസ്റ്റിയെന്നാ കൊടുത്തേക്കുന്നെ….ഞാൻ ന്യൂസിന്റെ ഫോട്ടോ നിനക്കയക്കാം നീയൊന്നു നോക്കിക്കേ…. ” “അയാളുടെ പേര് അർജുൻ എന്നോ മറ്റോ ആണെന്നാ ചന്തു പറഞ്ഞത്…. അയാളായിരിക്കില്ല സച്ചൂ…. ” “ദിയ പറഞ്ഞതല്ലേ വിശ്വസിക്കാൻ പറ്റില്ല.

ഏതോ ഡോക്ടറുടെ ഭാര്യയെ റേപ്പ് ചെയ്യാൻ ശ്രമിച്ചതാണെന്നതാ കേസ്.അയാളോടൊപ്പം ഒരു സുഹൃത്ത് കൂടി മരിച്ചിട്ടുണ്ട്…സ്ഥലം ബാംഗ്ലൂർ എന്ന് കൂടി കണ്ടതോടെ എനിക്ക് ചെറിയ ഡൌട്ട് അതാ…. ” “അയാൾ നാട്ടിലാണെന്ന ദിയ ചന്തുനോട് മുൻപ് പറഞ്ഞത്….. ബട്ട്‌ ഞാൻ ദിയയോടൊപ്പം മുൻപൊരിക്കൽ ഒരാളെ ഇവിടെ കണ്ടിരുന്നു.ചന്തുവും ഞാനും കൂടി ബോഡി ലാംഗ്വേജ് ഒക്കെ ഡിസ്‌കസ് ചെയ്തപ്പോൾ ഏകദേശം ഒരുപോലെ തോന്നിയിരുന്നു.എനിക്ക് അയാളുടെ ഫേസ് അത്ര ക്ലിയർ ആയില്ല…. ” “പക്ഷെ എനിക്ക് നല്ല ഓർമയുണ്ട്….ആ ബർത്ത് ഡേ പാർട്ടിയിലെ സംഭവം കഴിഞ്ഞു അധികം ആയില്ലല്ലോ…അന്നവിടെ ഉണ്ടായിരുന്ന ആർക്കും പെട്ടന്നൊന്നും അത് മറക്കാൻ പറ്റില്ല…. ”

“അപ്പോൾ നീ പറഞ്ഞു വരുന്നത് ഇത് അയാൾ തന്നെ ആണെന്നാണോ…. അപ്പോൾ ഈ പറയുന്ന ഡോക്ടർ കിച്ചുവേട്ടൻ ആണെന്നും സംശയിക്കാല്ലോ…” “ഞാൻ ഉറപ്പിച്ചില്ല….ഫോട്ടോ കണ്ടപ്പോൾ ചെറിയ ഡൌട്ട്… ” “മ്മ്മ്….ചന്തുവിനോട് സൂചിപ്പിക്കണോ? ഫോട്ടോയുടെ കാര്യത്തിൽ ക്ലാരിഫികേഷൻ കിട്ടണമെങ്കിൽ ചന്തുവിനോട് സൂചിപ്പിക്കേണ്ടിവരും… ” “അത് വേണ്ടെടാ…. ചിലപ്പോൾ അയാൾ ആവില്ല.ഒരാളെ പോലെ ഒൻപത് പേരുണ്ടെന്നല്ലേ….ആ കൂട്ടത്തിൽ ആരെങ്കിലും ആവും…ഇനി അഥവാ അയാള് ആണെങ്കിൽ തന്നെ നമുക്കെന്താ… ഇനി ഒന്നിന്റെയും പിറകെ സംശയത്തോടെ പോയിട്ട് കാര്യമില്ലല്ലോ…മാത്രല്ല ഈ ഒരവസ്ഥയിൽ അവളെ ഇതിലൊന്നും ഇടപെടുത്തണ്ട. ”

“ഇനി നമ്മൾ പറയാതെ… അവള് പത്രത്തിലോ ഫോണിലോ മറ്റോ ന്യൂസ്‌ കണ്ടാലോ…. ” “അടിപൊളി….ബാംഗ്ലൂർ അങ്ങനൊരു സംഭവം നടന്നിട്ടു ഡൽഹിയിലിരിക്കുന്ന ഞാൻ വേണ്ടിവന്നില്ലേ നിന്നെ വിളിച്ചറിയിക്കാൻ…..അപ്പോൾ പിന്നെ നാട്ടിൽ കിടക്കുന്ന അവൾ എന്തായാലും അറിയാൻ പോണില്ല. ഈച്ചയെ ആട്ടാനല്ലാതെ പത്രം കൈ കൊണ്ട് തൊടുന്ന ചീത്ത സ്വൊഭാവങ്ങൾ ഒന്നും രണ്ടാൾക്കും ഇല്ലല്ലോ…നാട്ടിലെ പത്രങ്ങളിലൊക്കെ അധികം പ്രാധാന്യമില്ലാത്ത ഏതെങ്കിലും ഒരു കോണിലാവും ഈ വാർത്ത വരുന്നത്.അതിനേക്കാൾ പ്രാധാന്യമുള്ള വാർത്തകൾക്ക് നാട്ടിലിപ്പോൾ ഒരു പഞ്ഞവും ഇല്ലല്ലോ… ” “ഉവ്വെ…..ഞങ്ങൾക്ക് ഐ എ സ് സ്വൊപ്നങ്ങൾ ഒന്നും ഇല്ലായെ…. ”

“പിന്നെ…പത്രം വായിക്കുന്നവരൊക്കെ ഐ എ സ് എടുക്കുവല്ലേ….കിടന്നുരുളല്ലേ പെണ്ണെ….ചന്തു അഥവാ പത്രം എടുക്കുവാണേൽ തന്നെ മാക്സിമം പോയാൽ സിനിമ പേജ് അതിനപ്പുറം പോവില്ല.വയറ്റിൽ കിടക്കുന്ന കുഞ്ഞിനെയെങ്കിലും ആ പെണ്ണ് വഷളാക്കാതിരുന്നാൽ മതിയായിരുന്നു…. ” “അങ്ങനെ അല്ലേടാ…. അവള് ഒത്തിരി മാറി പോയി.നമ്മള് വീഡിയോ കാൾ ചെയ്യുമ്പോൾ ചിരിച്ചു കളിച്ചു സംസാരിക്കുമെന്നെ ഉള്ളൂ…അല്ലാത്തപ്പോൾ മൊത്തം ആകെ വിഷമിച്ചിരിക്കുന്നതു കാണാം.കഴിഞ്ഞ വീക്ക് എൻഡ് പോയപ്പോൾ ഞാനും അമ്മയും കുറെ ഉപദേശിച്ചു മടുത്തതാ.

നമ്മുടെ പഴയ ചന്തപ്പനെ നമുക്ക് വീണ്ടെടുക്കണ്ടേ സച്ചൂ….? ” “വേണം….ഞാൻ പറഞ്ഞ കാര്യവുമായി തന്നെ നമുക്ക് മുൻപോട്ട് പോവാം… ഇപ്പോൾ അവൾ റെസ്റ്റിലല്ലേ….അടുത്ത തവണ ചെക്കപ്പിനു പോവുമ്പോൾ ഡോക്ടറോട് പെർമിഷൻ വാങ്ങാൻ പറയണം ടീച്ചറമ്മയോടു… എന്നിട്ടു ഞാൻ അങ്ങ് വരാം…എല്ലാം ശെരിയാക്കിയിട്ടു അവളോട് പറഞ്ഞാൽ മതി… ” “ഓക്കേ… അപ്പോൾ പറഞ്ഞ പോലെ ഞാൻ വയ്ക്കുവാണെ വൈകീട്ട് വീഡിയോ കാളിൽ കാണാം… ” * അതിരാവിലെ തന്നെ കിച്ചു മടങ്ങി എത്തിയിരുന്നു.ബാംഗ്ലൂരിൽ എത്തിയ ഉടനെ അവൻ നേരെ ഹോസ്പിറ്റലിലേക്കു തിരിച്ചു.എൻക്വയറിയിൽ അന്വേഷിച്ചു ദിയയെ കാണാൻ ചെല്ലുമ്പോൾ ഐ സി യു വിന് പുറത്ത് തന്നെ H.P ഇരിപ്പുണ്ടായിരുന്നു.

“ഏട്ടാ….. ” കിച്ചുവിന്റെ വിളിയിൽ തലയുയർത്തി നോക്കിയപ്പോൾ തന്റെ അനിയന്റെ മുഖത്ത് നിഴലിക്കുന്ന വിഷമം കണ്ട് H.P യുടെ ഉള്ള് പിടയ്ക്കുന്നുണ്ടായിരുന്നു.കിച്ചു എത്രത്തോളം മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്ന് അവന്റെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. “നീ എന്താ ലേറ്റ് ആയത്…? ” “രാത്രി നാട്ടിൽ നിന്ന് ഇങ്ങോട്ട് വരുമ്പോഴുള്ള റെസ്ട്രിക്ഷൻസ് ഒക്കെ ഏട്ടന് അറിയാവുന്നതല്ലേ?” “മ്മ്മ്…. നീയിരിക്കു എനിക്ക് സംസാരിക്കാനുണ്ട്… ” “അവനെ അവൾ കൊന്നുവല്ലേ? ” “നീയെങ്ങനെ? ” “പത്രത്തിൽ ഉണ്ട്… ഫസ്റ്റ് പേജിൽ തന്നെ.റേപ്പ് അറ്റംപ്റ്റ് ആയത് കൊണ്ട് ഫോട്ടോയും ഡീറ്റെയിൽസും അധികം ഇല്ല.. ” “ഹോട്ടലിൽ നിന്ന് ഇങ്ങോട്ടേക്കു കൊണ്ടു വരുമ്പോൾ തന്നെ ന്യൂസ്‌ ലീക്ക് ആയിരുന്നു….

പിന്നെ…. ” “എന്താ ഏട്ടാ…. ദിയയ്ക്ക് എന്തെങ്കിലും? ” “ഏയ്…അവൾക്ക് നടന്നു കഴിഞ്ഞ സംഭവങ്ങളുടെ ഷോക്ക് വിട്ടുമാറിയിട്ടില്ല…അതൊഴിച്ചാൽ ഹെൽത്ത്‌ ഒക്കെ ഓക്കേ ആണ്.പിന്നെ…. ” H.P പിന്നെയും എന്തോ പറയാൻ വന്നപ്പോളേക്കും അതെന്താണെന്നുള്ള ആകാംഷയിൽ കിച്ചുവിന്റെ ഹൃദയതാളം മുറുകി “പറ…. ഏട്ടാ….. ഇനി ഇങ്ങനെ പരിഭ്രമിക്കേണ്ട…. ഇതിൽ കൂടുതൽ ഇനിയൊന്നും വരാനില്ല… ” “അത്…. ദിയ…. അവൾ….. പ്രെഗ്നന്റ് ആണ്…. ” “വാട്ട്‌….? ” “യെസ്… കിച്ചു ” ആ വർത്തയറിഞ്ഞിട്ടും അപ്പോഴുണ്ടായ ഷോക്കിനപ്പുറം അവന്റെ മുഖത്തു നിറഞ്ഞ നിസ്സംഗ ഭാവം H.P യെ അത്ഭുതപ്പെടുത്തി… “നിനക്കൊന്നും പറയാനില്ലേ കിച്ചൂ…. ”

“ഹും….. ഇനി എന്ത് പറയാനാ….? ” “സത്യം പറ….നിങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ…..എന്നോട് തുറന്ന് പറ കിച്ചു…. ” “ഇനി… ഞാനൊന്നും മറയ്ക്കുന്നില്ല…. എന്റെ അറിവിൽ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലായിരുന്നു.ചിലരുടെ പ്രതികാരത്തിന് നമ്മൾ എല്ലാം ഇരയാവുകയായിരുന്നു.ദിയ അതി വിദഗ്ധമായി എന്നെ സ്നേഹം നടിച്ചു വഞ്ചിച്ചു.അതെനിക്ക് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മനസ്സിലായതാണ്.ദിയയെ പറഞ്ഞു പറ്റിച്ചു നമ്മുടെ പഴയ ശത്രുക്കൾ നമ്മളെ തകർത്തു കളഞ്ഞല്ലോ…. ” “അപ്പോൾ ഈ കുഞ്ഞ്? ” H.P യുടെ ചോദ്യത്തിന് കിച്ചുവിന്റെ മറുപടി മൗനമായിരുന്നു. “ഇത്രയൊക്കെ സങ്കടങ്ങൾ പേറി നടക്കാതെ ഒന്ന് പൊട്ടി കരഞ്ഞൂടെ നിനക്ക്? ”

ഐ സി യു വിന്റെ വാതിലിലൂടെ ഉള്ളിലോട്ടു നോക്കി ദിയയെ കാണുന്ന കിച്ചുവിനോട് H.P ദയനീയമായി ചോദിച്ചു.പകരം വേദനയിൽ കലർന്നൊരു പുഞ്ചിരി സമ്മാനിച്ചു അവൻ പുറത്ത് നിരത്തിയിട്ട കസേരകളിൽ ഒന്നിൽ വന്ന് തളർന്നിരുന്നു. ഉച്ചയോടെ ബോധം തെളിഞ്ഞപ്പോൾ ദിയ കുറച്ചു നോർമലായി ബീഹെവ് ചെയ്തത് എല്ലാവർക്കും ആശ്വാസം തന്നെയായിരുന്നു.അതികം സംസാരമൊന്നും ഇല്ലെങ്കിലും തന്റെ പപ്പാ വന്നോയെന്നുള്ള അവളുടെ ഇടയ്ക്കിടെയുള്ള ചോദ്യം അവൾ നോർമൽ ആയില്ലെന്നു ചിന്തിക്കാൻ H.P ഒഴികെ മറ്റെല്ലാവരെയും പ്രേരിപ്പിച്ചു.മരിച്ചു പോയ ആളെ അവൾ ഇടയ്ക്കിടെ അന്വേഷിക്കുന്നതെന്തെന്ന് പലരും അത്ഭുതപ്പെട്ടു.

അതിനാൽ തന്നെ അവൾക്ക് വേണ്ടി പ്രത്യേകമായൊരു കൗൺസിലിംഗ് സെക്ഷൻ ട്രീറ്റ്മെന്റിൽ ഉൾപ്പെടുത്താനും അവർ മറന്നില്ല.അധികം വൈകാതെ പോലീസ് കാവലിൽ തന്നെ അവളെ പ്രത്യേകമായൊരു റൂമിലേക്ക്‌ മാറ്റിയിരുന്നു.ഇടയ്ക്കിടെ പപ്പയെ ചോദിക്കുന്നതല്ലാതെ കിച്ചുവിനെയും H.P യെയും കാണാൻ സമ്മതിക്കാതിരുന്നത് മറ്റെല്ലാവർക്കും ആശ്ചര്യമുണ്ടാക്കി. ഇടയ്ക്ക് കിച്ചു കാണാൻ റൂമിൽ ചെന്നെങ്കിലും മുഖം തിരിച് കണ്ണടച്ചു തിരിഞ്ഞു കിടന്നവൾ പ്രതിഷേധം അറിയിച്ചു.അതിൽ പിന്നെ അവൾ കൂടുതൽ വയലന്റ് ആകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് ഡോക്ടർ അവരെ വീണ്ടുമൊരു കൂടിക്കാഴ്ചയിൽ നിന്നും വിലക്കിയിരുന്നു.കൂടാതെ ദിയ അവരോട് എന്ത് കൊണ്ട് അങ്ങനെ പെരുമാറുന്നു എന്നത് അവർക്ക് ഡോക്ടറോടും അന്വേഷണ ഉദ്യോഗസ്ഥനോടും വിവരിക്കേണ്ടി വന്നു. *

ക്രിസ്റ്റിയുടെ അടക്കം കഴിഞ്ഞു വന്നതിൽ പിന്നെ ജലപാനം പോലുമില്ലാതെ കരഞ്ഞു തളർന്നു ഇരിക്കയായിരുന്നു ആനി.അതികം ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്തതു കൊണ്ടു തന്നെ ആശ്വസിപ്പിക്കാനാരുമില്ലാതെ അവർ വല്ലാതെ തളർന്നിരുന്നു.തന്റെ മകൻ തെറ്റുകാരനാണെങ്കിൽ കൂടി അവന്റെ വേർപാട് അവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരു പ്രായം വരെ അവനു തന്നെ പ്രിയമായിരുന്നു.സ്നേഹത്തോടെ മമ്മിയെന്നു വിളിച്ചിരുന്നു.പതിയെ പതിയെ തന്റെ ഭർത്താവിന്റെയും അയാളുടെ സഹോദരന്റെയും കുതന്ത്രങ്ങളിൽ കൂടെ കൂടി മമ്മിയെന്ന വാക്ക് പോലും അവനിൽ നിന്നും വരാതെയായി.

ഇഷ്ടമില്ലാതിരുന്നിട്ടു കൂടി തന്റെ നിർബന്ധപ്രകാരം അവനെ വളർത്താനായി ഇങ്ങോട്ട് കൊണ്ടുവന്നതിന്റെ രോഷം അവനു വേണ്ടി ചിലവാക്കിയ പണത്തിന്റെ കണക്ക് പറഞ്ഞു അൽഫോൺസ് തീർക്കുമ്പോൾ അവൻ മനുഷ്യനല്ലാത്ത പോലെ പെരുമാറുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.ചതിയാണെങ്കിൽ പോലും ഇടയ്ക്ക് ദിയയുമായുള്ള അടുപ്പം അവനെ മാറ്റിയെടുക്കുമെന്നൊരു പ്രതീക്ഷ തനിക്കുണ്ടായിരുന്നു.ആ ഒരു പ്രതീക്ഷയിലാണ് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അതിരുവിട്ട അവരുടെ സ്നേഹപ്രകടനങ്ങൾ പലപ്പോഴും കണ്ണിൽ പെട്ടിട്ടും കണ്ടില്ലെന്നു നടിച്ചതു.ഇനി അഥവാ ചോദ്യം ചെയ്‌താൽ തന്നെ ഈ വീട്ടിൽ ഏറ്റവും വിലയിടിഞ്ഞ വസ്തുവായ തന്റെ വാക്കിനു അന്നും ഇന്നും പുല്ലു വിലയായിരുന്നു.

അങ്ങനെയുള്ള ചിന്തകളിൽ ഇടയ്ക്കെപ്പോഴോ ദിയയെകുറിച്ചോർത്തപ്പോൾ വല്ലാത്തൊരു നോവോടെ അവർ മെല്ലെ കട്ടിലിൽ പിടഞ്ഞെഴുന്നേറ്റു.സാരീത്തലപ്പ്‌ കൊണ്ട് മുഖം അമർത്തി തുടച് പതിയെ മുറിയിലെ അലമാര തുറന്ന് സാരീക്കടിയിലായി മറച്ചു വച്ച കുഞ്ഞ് പൊതി എടുത്ത് നെഞ്ചോടടുക്കിപിടിച്ചു നിന്നു.ഇടയ്ക്കെപ്പോഴോ റൂമിലേക്ക്‌ ഒരു കാൽപ്പെരുമാറ്റം അടുക്കുന്നതായി തോന്നിയപ്പോൾ പൊതി തിരികെ വച്ച് അവർ ജനലോരത്തായ് നടന്നു ചെന്ന് പുറത്തേക്കു കണ്ണും നട്ട്‌ നിന്നു.പെട്ടന്നായിരുന്നു അൽഫോൺസ് റൂം തുറന്ന് മുറിയിലേക്ക് വന്നത്. “ഹാ….. എണീറ്റോ…. അല്ല എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ… എന്താ നിന്റെ ഉദ്ദേശം? ”

തന്നോട് ദേഷ്യത്തോടെ സംസാരിക്കുന്ന അൽഫോൺസിനെ ഒരു ഭാവഭേദവുമിലാതെ അവർ നോക്കി നിന്നു.മകൻ നഷ്ടപ്പെട്ടതിൽ ഒരു തരിമ്പു പോലും അയാൾക്ക് ദുഃഖമില്ലെന്നതിൽ അവർക്ക് അത്ഭുതമൊന്നും തോന്നിയിരുന്നില്ല. “എന്താടി ###$$മോളേ ഇങ്ങനെ നോക്കുന്നത്.ഇതിനു മാത്രം വിഷമിക്കാൻ നിന്റെ സ്വൊന്തം മോനൊന്നുമല്ലല്ലോ ചത്തു മേൽപ്പോട്ടെടുത്തത്.പിന്നെ മച്ചിയായ നിനക്ക് മാത്രം എന്നാത്തിനാ ഇത്രയ്ക്കും സങ്കടം.ഇങ്ങനെ കരഞ്ഞു മൂക്ക് പിഴിഞ്ഞ് ഒരു പണിയുമെടുക്കാതെ സുഖിച്ചു വാഴാമെന്നു വല്ല മോഹവും ഉണ്ടെങ്കിൽ അതങ്ങ് മനസ്സിൽ വച്ചേക്കണം.ഇത്രയും നേരം ഞാൻ ക്ഷമിച്ചു. ഇനി എന്റെ ക്ഷമയെ നീ പരീക്ഷിക്കരുത്.ഒരു പാഴ്ചിലവങ് തീർന്നല്ലോ എന്നാ സമാദാനത്തിലാ മനുഷ്യനിവിടെ.

ആരാന്റെ സ്വൊത്തിന്റെ കാവൽപട്ടിയായി എന്റെ ജീവിതമത്രയും തുലഞ്ഞു.പോരാത്തതിന് ഒന്നിനും കൊള്ളാത്ത രണ്ടെണ്ണത്തിനെ കൂടെ എന്റെ ജീവിതത്തിലേക്ക് കെട്ടിയെടുത്തിട്ടുണ്ടല്ലോ.ദേ ഈ കാണുന്നതൊക്കെ ഇപ്പോഴും ആ പെണ്ണിന് അവകാശപ്പെട്ടതാ…നമ്മളൊക്കെ വെറും നടത്തിപ്പ്കാര് മാത്രവാ… അലക്സി അവനാളൊരു ബുദ്ധിമാനായിരുന്നു.ആദ്യമേ ഒരു പുളിങ്കൊമ്പിൽ തന്നെ കേറി പിടിച്ചു. ആദ്യം ഇത്തിരി കഷ്ടപ്പെട്ടെങ്കിലും അവൻ അവന്റെ കെട്ട്യോളെ വിറ്റ് അതും മുതലാക്കി.അതും പോരാഞ്ഞു അവളുടെ ആങ്ങളയുടെ സഹായത്തോടെ അവന്റെ സാമ്രാജ്യം കെട്ടിപൊക്കി.വലിയ വലിയ ആൾക്കാരുമായി ബന്ധം പടുത്തുയർത്തി.

പിന്നെ അവനു എല്ലാം നോക്കി കണ്ട് ഇരുന്നാൽ മതിയായിരുന്നു.പലരും വല വീശി ഇരുന്നിട്ടും അവൻ വഴുതി രക്ഷപെട്ടു.എന്നാൽ എനിക്കോ…അവൻ തിരിച്ചു വന്നാൽ അതോടെ തീർന്നു എല്ലാം.ഇപ്പോൾ ഇതാ ആ പെണ്ണും എന്റെ പിടിയിൽ നിന്ന് രക്ഷപെടാൻ പോവുന്നു.എന്റെ കണക്ക് കൂട്ടലുകൾ പിഴച്ചാൽ വെറുതെ വിടില്ല ഒന്നിനെയും ഞാൻ. ” പല്ല് ഞെരിച്ചുകൊണ്ട് അത്രയും പറഞ്ഞു അയാൾ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു.ഇത്തിരി നേരം ഭിത്തിയോട് ചേർത്തു നിർത്തിയ ശേഷം ശ്വാസം കിട്ടാതെ അവർ പിടഞ്ഞപ്പോൾ ദേഷ്യത്തോടെ പിടിച്ചു തള്ളി വേഗത്തിൽ മുറി വിട്ടിറങ്ങി.എന്ത് കൊണ്ടോ ഈ തവണ ഒട്ടും ഭയം തോന്നുന്നിലായിരുന്നു ആനിക്ക് കാരണം അയാളോടൊപ്പം ജീവിതം ആരംഭിച്ച അന്ന് മുതൽ തന്നെ അവർക്ക് തന്റെ ജീവിതം മടുത്തു തുടങ്ങിയിരുന്നു.

പതിയെ ചുവര് താങ്ങി പിടിച്ച് എഴുന്നേറ്റ് അവർ അടുക്കളയിലേക്കു നടന്നു.മദ്യപിക്കുമ്പോൾ കൊറിക്കാനായി അൽഫോൺസ് എടുത്ത് കൊണ്ടുപോയ പലഹാരപാത്രങ്ങൾ പലതും തിരികെ കൊണ്ട് വന്ന് വലിച്ചു വാരി ഇട്ടിരുന്നു.അവ ഓരോന്നായി അടുക്കി വച്ച ശേഷം ഭക്ഷണത്തിനായുള്ള ഒരുക്കം തുടങ്ങി.ഇടതടവില്ലാതെ മദ്യപിച്ചു കൊണ്ടിരിക്കുന്ന അയാൾ ഇത്രനേരത്തിനിടയ്ക്കു വിശപ്പറിഞ്ഞിട്ടുണ്ടാവില്ലെന്നു അവർക്ക് ഉറപ്പായിരുന്നു.ഒരു വറ്റു പോലും തനിക്കിറങ്ങില്ലെന്നു നിശ്ചയമുണ്ടായിരുന്നത് കൊണ്ട് അയാൾക്ക് മാത്രമുള്ള ഭക്ഷണമാണവർ ഉണ്ടാക്കിയത്.ഇത്തിരി കാത്തിരുന്നിട്ടും കാണാതായപ്പോൾ അവർ പതിയെ അയാളെ തിരക്കി നടന്നു.താഴെ മുഴുവൻ അന്വേഷിച്ചു മുകളിലേക്കു കയറുമ്പോളാണ് ടെറസിൽ നിന്നും അടക്കിപ്പിടിച്ച സംസാരം കേൾക്കുന്നത്.

പതിയെ വാതിൽ വിടവിലൂടെ നോക്കിയപ്പോൾ അയാൾ രഹസ്യമായി ആരോടോ ഫോണിൽ സംസാരിക്കുന്നു.ആനി ശബ്ദമുണ്ടാക്കാതെ പതിയെ അയാളുടെ സംസാരത്തിനായി ചെവി വട്ടം പിടിച്ചു നിന്നു. “ഹാ…. എടൊ വക്കീലേ ഇപ്പോൾ കേൾക്കാവോ?? ഞാൻ മുൻപേ പറഞ്ഞ പേപ്പേഴ്സ് ഒക്കെ റെഡി അല്ലേ…? ഇന്നു തന്നെ ഇങ്ങോട്ട് കൊടുത്തു വിട്ടേര്…. ഇപ്പോൾ നല്ലൊരു അവസരം ആണ്.ഹോസ്പിറ്റലിൽ വച്ച് തന്നെ ആ പെണ്ണിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം.അവള് ജയിലിലേക്ക് പോയാൽ പിന്നെ ഇച്ചിരി റിസ്ക് കൂടുതലാ…അതാവുമ്പോൾ ഇത്തിരി പണം അധികം എറിയണമെന്നേ ഉള്ളൂ…ബാക്കി എന്റെ പിള്ളേർ നോക്കിക്കോളും.താൻ ആ പേപ്പേഴ്സ് എന്റെ കയ്യിൽ എത്തിച്ചിട്ടു വേണം ബാക്കി എല്ലാം ഏർപ്പാടാക്കാൻ… ” ദിയയ്‌ക്കു നേരെ അയാൾ നീങ്ങി തുടങ്ങിയെന്നു ആനിക്ക് മനസ്സിലായി.

അവളുടെ ജീവൻ അപകടത്തിലായിരിക്കുന്നു.അയാൾ ഇത്ര പെട്ടന്ന് വീണ്ടും നീക്കങ്ങൾ നടത്തുമെന്ന് ആനി ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു.ബാക്കി കേൾക്കാൻ നിൽക്കാതെ അയാൾ തിരികെ വരുന്നതിനു മുൻപ് തന്നെ എന്തോ മനസ്സിലുറപ്പിച്ചെന്ന പോലെ അവർ തിരികെയിറങ്ങി.ഇത്തിരി കഴിഞ്ഞപ്പോൾ അയാൾ ഭക്ഷണത്തിനായി ഇറങ്ങി വന്നു.അയാൾക്ക്‌ ഭക്ഷണം വിളമ്പി കൊടുത്ത ശേഷം കഴിച്ചെണീക്കാൻ കാത്തു നിൽക്കാതെ അവർ തന്റെ റൂമിലെക്കു കയറി.നേരത്തെ സാരിക്കിടയിലേക്കു ഒതുക്കി വച്ച കുഞ്ഞു പൊതിയെടുത്തു നിറഞ്ഞ കണ്ണുകളോടെ പതിയെ തുറന്നു….തുടരും…..

ഹരി ചന്ദനം: ഭാഗം 43

Share this story