നിനക്കായ് : ഭാഗം 33

നിനക്കായ് : ഭാഗം 33

എഴുത്തുകാരി: ഫാത്തിമ അലി

“മെന്റൽ അസൈലത്തിലെ ഇരുട്ട് നിറഞ്ഞ സെല്ലിൽ എന്റെ…. എന്റെ ഇച്ചായൻ…..” അടക്കാൻ കഴിയാത്ത സങ്കടത്താൽ അവളുടെ സ്വരം വിറച്ചിരുന്നു…. “അന്നാ….ഏട്ടായി…..” അന്നമ്മയുടെ വാക്കുകൾ കേട്ടതിന്റെ ഞെട്ടലിൽ അവളുടെ കൈകളിലെ പിടുത്തം ഒന്നയഞ്ഞു…. ശ്രീ വിശ്വാസം വരാതെ അന്നമ്മയെ നോക്കെ അവൾ എന്തിനോ വേണ്ടി എന്ന പോലെ ഒന്ന് ചിരിച്ചു… “സത്യാണ് ദച്ചൂട്ടീ….ആരെയും ഒന്ന് നോക്കുക പോലും ചെയ്യാതെ സ്വന്തം ശരീരം വേദനിപ്പിക്കുന്ന ഇച്ചായന്റെ രൂപം ഇപ്പോഴും..ഇപ്പോഴും കണ്ണിന് മുന്നിൽ എന്നപോലെ തെളിഞ്ഞ് കാണുന്നുണ്ട്….” “പക്ഷേ…മോളേ….ഏട്ടായി എങ്ങനെ….എന്താ നടന്നത്…?” “അറിയില്ല ദച്ചൂ….ഇതു വരെ ഞങ്ങൾക്ക് ആർക്കും അന്ന് ഇച്ചായന് എന്താ സംഭവിച്ചതെന്ന് അറിയില്ല….”തന്റെ കണ്ണുകൾ നിറയുന്നത് ശ്രീ കാണാതിരിക്കാനായി അന്ന പെട്ടെന്ന് മിഴികൾ അടച്ച് മുഖം താഴ്ത്തി വെച്ചു…

അത്രയും നാൾ ചിരിച്ച് മാത്രം കണ്ട അന്നമ്മയുടെ മുഖം സങ്കടത്താൽ വിങ്ങി നിൽക്കുന്നത് കാൺകെ ശ്രീക്ക് നെഞ്ചിൽ കല്ലെടുത്ത് വെച്ചത് പോലെ തോന്നി…എങ്ങനെ അവളെ സമാധാനിപ്പിക്കണം എന്ന് ശ്രീക്ക് അറിയില്ലായിരുന്നു.. എല്ലാറ്റിലും ഉപരി അലക്സിന്റെ കാര്യം അവൾക്ക് ഒരു വലിയ ഷോക്ക് തന്നെ ആയിരുന്നു…. വിതുമ്പൽ അടക്കി പിടിച്ച അന്നമ്മയുടെ മുഖം അവളുടെ തോളിൽ ചേർത്ത് വെച്ച് ശ്രീ അവളെ പൊതിഞ്ഞ് പിടിച്ചു…. അവളുടെ കണ്ണുകളും നിറഞ്ഞ് തുളുമ്പി വന്നു…. കുറച്ച് സമയത്തിന് ശേഷം മനസ്സ് ഒന്ന് ശാന്തമായതും അന്നമ്മ ശ്രീയുടെ തോളിൽ നിന്ന് മുഖം ഉയർത്തി നോക്കി…

“ഞങ്ങളുടെ അടുത്ത് നിന്നും തിരിച്ച് നാട്ടിലേക്ക് വന്ന ഇച്ചായൻ രണ്ട് ദിവസത്തിന് ശേഷം ചെന്നൈയിൽ ജോലിക്ക് ജോയിൻ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞാ പോയത്…. പോയി രണ്ട് ആഴ്ച കഴിഞ്ഞിട്ടും ഇച്ചായൻ വല്യമ്മച്ചിയെയോ ഞങ്ങളെയോ വിളിച്ചില്ല…” ദിവസങ്ങൾ കഴിഞ്ഞിട്ചും അലക്സിന്റെ വിവരം ഒന്നും കിട്ടാഞ്ഞത് എല്ലാവരിലും ഭയം നിറച്ചിരുന്നു…. അവന്റെ ഫോണിൽ വിളിച്ചിട്ട് സ്വിച്ച് ഓഫ് ആണെന്നാണ് പറയുന്നത്…. സാമിനെ വെറുതേ ടെൻഷൻ ആക്കണ്ടാ എന്ന് കരുതി വീട്ടിൽ ഉള്ളവരാരും അലക്സിനെ കുറിച്ച് ഒന്നും പറയാൻ നിന്നില്ല…. ക്രിസ്റ്റിയെ വിളിച്ച് സാമിനോട് തന്ത്രപൂർവ്വം അലക്സിന് ജോയിൻ ചെയ്യേണ്ട ഓഫീസിന്റയും മറ്റും ഡീറ്റൈൽസ് അറിയാനായി മാത്യൂ ചട്ടം കെട്ടി…

ക്രിസ്റ്റി സാമിന് സംശയം തോന്നാത്ത വിധത്തിൽ അഡ്രസ്സും മറ്റ് കാര്യങ്ങളും സംഘടിപ്പിച്ചു… അവനും മാത്യൂവും കൂടെ ചെന്നൈ പോയി ഓഫീസിൽ ചെന്ന് അന്വേഷിച്ചെങ്കിലും സാം ജോയിൻ ചെയ്യേണ്ടുന്ന ദിവസം അവിടെ എത്തിയിരുന്നില്ലെന്നും അതുകൊണ്ട് അവർ മറ്റൊരാളെ ആ പോസ്റ്റിലേക്ക് അപ്പോയിന്റ് ചെയ്ത വിവരവും അറിഞ്ഞു…. എന്ത് ചെയ്യണം എന്നറിയാതെ നിന്ന സമയത്താണ് മാത്യൂവിന്റെ ഒരു സുഹൃത്ത് അവിടെ പോലീസ് ഓഫീസർ ആണെന്ന കാര്യം അയാൾക്ക് ഓർമ്മ വന്നത്… അവർ ഇരുവരും അയാളെ ചെന്ന് കണ്ട് കാര്യങ്ങൾ ഒക്കെ പറഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോയി… ഒരാഴ്ചക്ക് ശേഷം മാത്യൂവിന്റെ ആ സുഹൃത്തിന്റെ നിർദേശപ്രകാരം ക്രിസ്റ്റിയും മാത്യൂവും കൂടെ ചെന്നൈക്ക് പുറപ്പെട്ടു…

അയാൾ അവരെയും കൊണ്ട് ചെന്നത് ചെന്നൈയിലെ ഒരു മെന്റൽ ഹോസ്പിറ്റലിലേക്കാണ്…. അവിടെ ആകെ മുഷിഞ്ഞ് നാറി ആളെ തിരിച്ചറിയാത്ത രൂപത്തിൽ ചുരുണ്ടു കൂടി കിടക്കുന്ന അലക്സിനെ കണ്ട് മാത്യൂവിന്റയും ക്രിസ്റ്റിയുടെയും കണ്ണുകൾ നിറഞ്ഞു… സാമും അലക്സുമായി സൗഹൃദത്തിലായ ശേഷം മാത്യൂവിനും അവൻ സ്വന്തം മകനെ പോലെ തന്നെ ആയിരുന്നു…. മാത്യൂവും പോലീസ്കാരനും കൂടെ അവിടുത്തെ അധികാരികളോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി… എകദേശം രണ്ട് മൂന്ന് ആഴ്ചകൾക്ക് മുൻപാണ് അലക്സിനെ അവിടെ കൊണ്ട് ചെന്ന് ആക്കിയിട്ട് പോയത്…. ദേഹത്ത് ആകമാനം മുറിവുകളുമായി വഴിയരികിൽ ബോധം നശിച്ച് കിടന്ന അവനെ വഴിയാത്രക്കാരാണ് ഹോസ്പിറ്റലിൽ കൊണ്ട് പോയത്…

ആരൊക്കെയോ ചേർന്ന് മർദ്ധിച്ച് അവശനാക്കിയിട്ട അവൻ രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് കണ്ണുകൾ തുറന്നത്.. ബോധം വന്നതിന് ശേഷം എല്ലാവരെയും ആക്രമിക്കാനുള്ള അവന്റെ മനോഭാവം കണ്ട് അവിടെയുള്ളവരാണ് അവനെ മെന്റൽ ഹോസ്പിറ്റലിൽ എത്തിച്ചത്…. മാത്യൂ അവന്റെ ഇരുത്തം കണ്ട് അലക്സിനടുത്തേക്ക് ചെന്ന് അവന്റെ തോളിൽ കൈ വെച്ചതും മറ്റെങ്ങോട്ടോ നോട്ടം തെറ്റിച്ച് നിന്ന അവന്റെ കണ്ണുകൾ അവർക്ക് നേരെ ചെന്നു… മാത്യൂവിനെയോ ക്രിസ്റ്റിയേയോ കണ്ട് അവന്റെ മുഖത്ത് പരിചയഭാവം വിരിഞ്ഞില്ലെന്ന് മാത്രമല്ല അവർക്ക് നേരെ വല്ലാത്തൊരു ക്രോധത്തോടെ അലറാനും മറ്റും തുടങ്ങി….

അലക്സിനെ ഇനിയും അവിടെ നിന്നും നാട്ടിലേക്ക് കൂട്ടിക്കൊണാടാ വന്നു… മാത്യൂവിന് പരിചയമുള്ള ഒരു ഡോക്ടറുടെ അടത്തായിരുന്നു പിന്നെ അവന്റെ ചികിത്സ…. സാമിന് ഫൈനൽ ഇയർ എക്സാം നടക്കുന്നത് കൊണ്ട് അലക്സിന്റെ കാര്യങ്ങളൊന്നും അവരാരും പറയാൻ നിന്നില്ല… സാമിന്റയും അന്നമ്മയുടെയും കോഴ്സ് കംപ്ലീറ്റ് ചെയ്ത് നാട്ടിൽ വരുന്ന ദിവസം അലക്സാവും അവരെ പിക്ക് ചെയ്യാൻ വരികയെന്നാണ് രണ്ട് പേരും കരുതിയിരുന്നത്… എന്നാൽ അതിന് പകരം മാത്യൂ കാറുമായി വന്ന് നേരെ അലക്സിനെ അഡ്മിൽഅചെയ്തിരിക്കുന്ന ഹോസ്പിറ്റലിലേക്കാണ്…. കാര്യം എന്താണെന്ന് മനസ്സിലാകാതെ പകച്ച് നിന്ന സാമിനെയും അന്നമ്മയെയും കണ്ട് അയാൾ ഒന്നും മിണ്ടാതെ മുന്നിലായി നടന്നു…

മാത്യൂവിനെ പിന്തുടർന്ന് എത്തിയ അവർ മുന്നിൽ കണ്ട കാഴ്ചയിൽ മരവിച്ച് പോയി… അലക്സിന് ഇഞ്ചക്ഷൻ എടുക്കാനായി സിറിഞ്ചും കൈയിൽ പിടിച്ച് നിൽക്കുന്ന ഡോക്ടർ…. അത് കണ്ട് അയാൾക്ക് നേരെ പാഞ്ഞടുക്കാൻ ശ്രമിക്കുന്ന അവനെ മൂന്ന് നാല് അറ്റന്റർസ് പിടിച്ച് വെച്ചിട്ടുണ്ട്… അവർക്ക് പോലും അവന്റെ ശക്തിക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥ…. “അല്ലൂ…..” സാമിന്റെ വിളിയിൽ അത്രയും അവൻ അനുഭവിക്കുന്ന വേദന അടങ്ങിയിരുന്നു…. അത്രയും നേരം ശൗര്യത്തോടെ ചീറിക്കൊണ്ടിരുന്ന അലക്സ് പതിയെ നിശ്ചലനായി…. ചുവപ്പ് പടർന്ന കണ്ണുകളോടെ ആ വിളിയൊച്ചയുടെ ഉറവിടം തിരഞ്ഞ് എത്തി നിന്നത് കണ്ണുകൾ നിറച്ച് തന്നെ നോക്കുന്ന സാമിന് നേർക്കാണ്…

കാറ്റ് പോലെ പാഞ്ഞ് ചെന്ന സാം അലക്സിന്റെ കൈകൾ പിടിച്ച് വെച്ചവരെ തട്ടി മാറ്റിക്കൊണ്ട് അവനെ ഉടുമ്പടക്കം പുണർന്നു…. “എനി…ക്ക്…ആരൂല്ല…എഡ്ഡീ….” അലക്സിന്റെ നേർത്ത ശബ്ദം കാതിൽ പതിഞ്ഞ സാമിന്റെ കണ്ണുകൾ നിർത്താതെ പെയ്തു…. “നിനക്ക്…നിനക്ക് ഞാനില്ലേ ടാ അല്ലൂ…ഞാനില്ലേ…” സാമിന്റെ ചിന്തകളിൽ നിറഞ്ഞ് നിന്നത് ആ പതിനാല് വയസ്സ് കാരനായിരുന്നു… തന്റെ ക്ലാസിൽ പുതുതായി വന്ന ആരോടും മിണ്ടാതെ ഒരു മൂലയിൽ എന്തോ ചിന്തിച്ച് കൊണ്ട് ഇരിക്കുന്ന ആ പയ്യൻ…

ലഞ്ചിന്റെ സമയത്ത് മറ്റെല്ലാവരും ഭക്ഷണം കഴിച്ചിരിക്കുമ്പോൾ കൊണ്ട് വന്ന ചോറ്റ് പാത്രത്തിലെ ഒരു വറ്റ് പോലും കഴിക്കാതെ സ്കൂളിന് പിറകുവശത്തെ തൊടിയിൽ തന്നെയും കാത്ത് നിൽക്കുന്ന പട്ടിക്കുഞ്ഞിന് ഇട്ട് കൊടുത്ത് പച്ചവെള്ളം കുടിച്ച് ക്ലാസിലേക്ക് കയറി പോവുന്ന അവനെ പലപ്പോഴായി സാ ശ്രദ്ധിക്കാറുണ്ടായിരുന്നു… സംസാരിക്കാൻ അവസരം കിട്ടിയപ്പോഴൊക്കെ എന്തോ ഭീതിയോടെ ഒഴിഞ്ഞ് മാറിക്കൊണ്ടിരുന്ന ആ പയ്യനെ ഒരിക്കൽ തടഞ്ഞ് നിർത്തി സംസാരിച്ചത്…. ഒടുവിൽ സാമിന്റെ നിർബന്ധത്തിന് വഴങ്ങി കൂട്ടുകാരായത്… വീട്ടുകാരെ കുറിച്ചുള്ള സാമിന്റെ ചോദ്യത്തിന് കണ്ണ് നിറച്ച് “എനിക്കാരൂല്ല….എഡ്ഡീ….” എന്ന് പറഞ്ഞ് വിതുമ്പി കരഞ്ഞ പയ്യനെ ചേർത്ത് പിടിച്ച് “നിനക്ക് ഞാനില്ലേ അല്ലൂ….”

എന്ന് പറഞ്ഞത്…. ഓർമകൾ തികട്ടി വന്നതും അലക്സിലുള്ള സാമിന്റെ പിടി ഒന്ന് കൂടെ മുറുകി… അലക്സ് ശാന്തനായതും ഡോക്ടർ ഇഞ്ചക്ഷൻ എടുത്തു…. അവന്റെ കണ്ണുകൾ മയക്കം വന്ന് മൂടിയതും സാം പതിയെ അലക്സിനെ ബെഡിലേക്ക് കിടത്തി… നിറഞ്ഞ് കണ്ണുകൾ തുടച്ച് മാറ്റുന്നതിനിടയിലാണ് കണ്ടതൊന്നും വിശ്വസിക്കാനാവാതെ ശില പോലെ നിൽക്കുന്ന അന്നമ്മയെ സാം ശ്രദ്ധിച്ചത്…. മാത്യുവും ഡോക്ടറും കൂടെ എന്തോ പറഞ്ഞ് പുറത്തേക്ക് പോയിരുന്നു…. സാം അലക്സിന്റെ അടുത്ത് നിന്നും അവൾക്ക് നേരെ ചെന്ന് തോളിൽ പതിയെ കൈ വെച്ചതും നിറഞ്ഞൊഴുകുന്ന കണ്ണുനീരോടെ അന്നമ്മ ഞെട്ടിക്കൊണ്ട് സാമിന്റെ മുഖത്തേക്ക് നോക്കി…

പിന്നെ ഒന്നും അറിയാതെ മയങ്ങുന്ന അലക്സിന്റെ മുഖത്തേക്കും…. “ഇ…ച്ചാ…യ..ൻ….” അന്നമ്മയുടെ വാക്കുകൾ അത്രയും ചിലമ്പിച്ചിരുന്നു….സാം ഒന്നും മിണ്ടാതെ അവൾക്ക് വഴിമാറിക്കൊടുത്തു… അവനെ ഒന്ന് നോക്കി വിറക്കുന്ന കാലടികളോടെ അലക്സ് കിടക്കുന്നതിന് അരികിലേക്ക് ചെന്നു… കണ്ണുകൾ നിറഞ്ഞ് നിൽക്കുന്നതിനാൽ അലക്സിന്റെ മുഖം പോലും വ്യക്തമാവുന്നുണ്ടായിരുന്നില്ല…. അവൾ ശക്തിയിൽ ഇരു കണ്ണുകളും ചിമ്മി അടച്ചതും അവ മുത്തുകൾ പോലെ കവിളിലൂടെ ചാലിട്ട് ഒഴുകി ഇറങ്ങി… വാശിയോടെ മിഴികൾ തുറന്ന് കൊണ്ട് അവൾ അലക്സിന്റെ മുഖത്തേക്ക് ഉറ്റ് നോക്കി…. നീണ്ടതെങ്കിലും എപ്പോഴും ചീകി ഒതുക്കി വെച്ചിരുന്ന അവന്റെ മുടിയിഴകൾ ആകെ പാറി പറന്ന് ജട കെട്ടിയിരുന്നു…

കണ്ണിന് ചുറ്റും കറുത്ത് കരുവാളിച്ച് കിടക്കുന്നു… അവന്റെ കട്ടി മീശയും താടിയും കാട് പിടിച്ചത് പോലെ മുഖത്ത് പടർന്ന് കിടക്കുകയാണ്… അതിനിടയിലൂടെ അൽപം മാത്രം തെളിഞ്ഞ് കണ്ട എപ്പോഴും പുഞ്ചിച്ച് കൊണ്ടിരുന്ന അവന്റെ ചുവന്ന ചുണ്ടുകൾ നീര് വറ്റി വരണ്ട് പോയിട്ടുണ്ട്…. പൊട്ടി വരുന്ന കരച്ചിൽ ചീളുകളെ ചുണ്ടുകൾക്കിടയിൽ വെച്ച് പിടച്ചമർത്തി വിറക്കുന്ന കൈകളോടെ അലക്സിന്റെ മുഖത്താകമാനം മൃദവായി തലോടി… അവർ ഇരുവരെയും ഒന്ന് നോക്കി മുഖം അമർത്തി തുടച്ച് സാം പുറത്തേക്ക് നടന്നു…. “ഇച്ചാ…യാ….” ഇനിയും പിടിച്ച് നിൽക്കാനാവില്ലെന്ന് കണ്ടതും അവന്റെ നെഞ്ചിലേക്ക് വീണ് ആർത്തലച്ച് കരഞ്ഞു…

“ഈ മുഖത്ത് എപ്പോഴും സന്തോഷം മാത്രം കാണാൻ വേണ്ടിയല്ലേ ഇച്ചായാ നെഞ്ച് കുത്തിക്കീറുന്ന വേദന സഹിച്ചും നിങ്ങളെ വിട്ടിട്ട് പോയേ….ഇപ്പോ….മരിച്ച് പോവുന്ന പോലെ തോന്നുവാ ഇച്ചായാ….” പതം പറഞ്ഞ് കരയുന്ന അന്നമ്മയുടെ കണ്ണുനീര് അലക്സിന്റെ നെഞ്ചിനെയാകെ നനയിക്കുന്നുണ്ടായിരുന്നു… എന്നാൽ അതൊന്നുമറിയാതെ മരുന്നിന്റെ മയക്കത്തിൽ ആയിരുന്നു അവൻ…. സാം റൂമിൽ നിന്നും നേരെ പുറത്ത് വരാന്തയിലെ തൂണിൽ ചാരി നിൽക്കുന്ന മാത്യൂവിന് നേരയായിരുന്നു പോയത്…. അവൻ അടുത്ത് വന്നത് അറിഞ്ഞ മാത്യൂ അത് വരെ നടന്നതെല്ലാം അവനെ പറഞ്ഞ് കേൾപ്പിച്ചു…. എല്ലാം കേട്ട ശേഷം അന്ന് ആദ്യമായി സാം മാത്യൂവിന് നേരെ പൊട്ടി തെറിച്ചു…

ഇത്രയൊക്കെ കാര്യങ്ങൾ നടന്നിട്ട് തന്നെ അറിയിക്കാത്തതിന്റെ കോപം മൊത്തം അവനിൽ തിളച്ച് മറിയുന്നുണ്ടായിരുന്നു… എന്നാൽ അവന്റെ ദേഷ്യപ്പെടൽ മാത്യൂവിനെ വേദനിപ്പിച്ചിരുന്നില്ല… സാമിന് അലക്സ് എങ്ങനെയാണെന്ന് നന്നായി അറിയാമായിരുന്ന മാത്യൂ ഇതൊക്കെ മുൻകൂട്ടി കണ്ടിരുന്നു… മാത്യൂവിന്റെ അടുത്ത് നിന്നും ദേഷ്യത്തിൽ അലക്സിന്റെ അരികിലേക്ക് ചെന്ന സാം അവന്റെ നെഞ്ചിൽ കിടന്ന് വിങ്ങി പൊട്ടുന്ന അന്നമ്മയെ കണ്ട് വേദനയോടെ മുഖം തിരിച്ചു… പിന്നെ എന്തോ തിരുമാനിച്ചത് പോലെ അവളുടെ അടുത്തേക്ക് ചെന്ന് പതിയെ വിളിച്ചു.. “ഇച്ചേ….” “ഇച്ചേടെ കുഞ്ഞൂസ് കരയല്ലേ….അലക്സിനെ തിരികെ കൊണ്ട് വരാം നമുക്ക്…ഞാനല്ലേ പറയണേ…വാവ കരയല്ലേ…”

അന്നമ്മയുടെ കണ്ണുകൾ തുടച്ച് അവളെ നെഞ്ചോട് അടക്കി പിടിച്ച് അലക്സിനെ നോക്കി അവൻ ചില തീരുമാനങ്ങൾ എടുത്തു… “പപ്പേ…” രാത്രി പുലിക്കാട്ടിലെ ഉമ്മറത്ത് എന്തോ ചിന്തിച്ച് ഇരിക്കുന്ന മാത്യൂവിന് അരികിലേക്ക് സാം ചെന്നു… അവനെ കണ്ടതും അയാൾ കണ്ണിന് കുറുകെ വെച്ച കൈ എടുത്ത് മാറ്റി… “സോറീ പപ്പേ…അവനെ പെട്ടന്ന് ആ ഒരു അവസ്ഥയിൽ കണ്ടപ്പോ….ആ കാര്യം അത്രയും നാൾ നിങ്ങളെല്ലാവരും എന്നോട് മറച്ച് വെച്ചത് കൂടെ ആയി ഞാനെന്തൊക്കെയോ പറഞ്ഞു….” തെറ്റ് ചെയ്ത കുട്ടിയെ പോലെ തന്റെ മുന്നിൽ മുട്ട് കുത്തി ഇരിക്കുന്ന സാമിനെ കണ്ട് മാത്യു ഒന്ന് ചിരിച്ചു…

പതിയെ അയാളുടെ വലത് കൈ എടുത്ത് അവന്റെ തലയിലൂടെ തലോടി…. “സോറി ഒന്നും പറയണ്ട ടാ മോനേ….പപ്പക്ക് അറിഞ്ഞൂടെ നിന്നെ…ആ ഒരു അവസ്ഥയിൽ ഞാനാണെങ്കിലും ദേഷ്യപ്പെട്ട് പോവും….പറയണം എന്ന് കരുതിയതായിരുന്നു മോനേ…പക്ഷേ അലക്സ് മോന്റെ അമ്മച്ചി പറഞ്ഞു…നിന്നെ വെറുതേ ടെൻഷനാക്കണ്ടെന്ന്…എക്സാമും അല്ലായിരുന്നോ… പിന്നെ അവനും എന്റെ മോൻ തന്നെ അല്ലേ ടാ…ഞാൻ നോക്കില്ലേ അവനെ….” മാത്യൂ വാത്സല്യത്തോടെ പറഞാഞതും സാം അയാളുടെ കൈ എടുത്ത് പതിയെ ചുംബിച്ചു… നാളുകൾ കഴിഞ്ഞെങ്കിലും അലക്സിൽ പറയത്തക്ക മാറ്റം ഒന്നും കണ്ടില്ല…

സാമിനെ കൊണ്ട് മാത്രമേ അവനെ ശാന്തനാക്കാൻ കഴിഞ്ഞിരുന്നുള്ളൂ… ബാക്കി ഉള്ളവർക്കൊന്നും അവന്റെ അരികിലേക്ക് പോവാൻ കൂടെ പേടി ആയിരുന്നു… *** “ഇച്ചേടെ ഒരു ഫ്രണ്ടിന്റെ പപ്പ…ആയുർവേദ ഡോക്ടർ ആയിരുന്നു…അവരോട് ഇച്ചായന്റെ കാര്യങ്ങൾ സംസാരിച്ചപ്പോ അങ്ങോട്ട് കൊണ്ട് ചെല്ലാൻ പറഞ്ഞു… ഏഴെട്ട് മാസം അവിടുത്തെ ചികിത്സ….ഇച്ച മാത്രം കൂട്ടിന്…. എല്ലാവരുടെയും പ്രാർത്ഥന കൊണ്ടും ചികിത്സ കൊണ്ടും പയ്യെ പയ്യെ ഇച്ചായൻ നോർമൽ ലൈഫിലേക്ക് വന്ന് തുടങ്ങി….” അന്നമ്മ പറഞ്ഞ് നിർത്തിയതും ശ്രീയുടെ കണ്ണുകൾ നിർത്താതെ ഒഴുകി…. “മോളേ….അപ്പോ ശ്രുതിയും….അവൾ…അവൾ പിന്നെ വന്നില്ലേ…?”

ശ്രീ കണ്ണുകൾ അമർത്തി തുടച്ച് അന്നമ്മയെ നോക്കിയതും അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി…. “ശ്രുതി….അറിയില്ല…പക്ഷേ ഇച്ചായൻ ജോയിൻ ചെയ്യാൻ ചെന്നൈയ്ക്ക് പോവുന്നതിന് മുൻപ് അവളെ കണ്ടിട്ടുണ്ട്… അവർക്കിടയിൽ എന്തോ കാര്യമായി നടന്നിട്ടുമുണ്ട്…” അന്നമ്മ പറഞ്ഞത് കേട്ട് ശ്രീ സംശയത്തോടെ അവളെ നോക്കി… “ഇച്ചായൻ ഒരു വിധം നോർമൽ ആയ ശേഷം പല തവണ ഞങ്ങളെല്ലാം അന്ന് നടന്നെതെന്നാണെന്ന് മാറി മാറി ചോദിച്ചെങ്കിലും ഒരു കാര്യവും പറഞ്ഞിരുന്നില്ല….പക്ഷേ ഒരിക്കൽ അറിയാതെ ശ്രുതിയടെ കാര്യം പറഞ്ഞതും ഇച്ചായൻ വല്ലാതെ വയലന്റ് ആയി…

എന്തോ വല്ലാത്ത ദേഷ്യം അവളോട് ഉള്ളത് പോലെ ആയിരുന്നു പെരുമാറ്റം…. അതിന് ശേഷം പിന്നെ ഞങ്ങളാരും അവളുടെ കാര്യം ചോദിക്കാറില്ല….” “ഇതിനിടെ നീ എപ്പഴാ ഏട്ടായിയോട് ഇഷ്ടാണെന്ന് പറഞ്ഞത്…?” ശ്രീ ചോദിച്ചത് കേട്ട് അന്നമ്മ ഒന്ന് ഇളിച്ചു….അറിയാതെ അവളുടെ കൈ വലത് കവിളിലേക്കായി നീണ്ടു…….തുടരും

നിനക്കായ് : ഭാഗം 32

Share this story