പാദസരം : ഭാഗം 12

പാദസരം : ഭാഗം 12

എഴുത്തുകാരി: അനില സനൽ അനുരാധ

രാവിലെ അമ്മ വാതിലിൽ തട്ടി വിളിച്ചപ്പോഴാണ് ദേവു ഉണർന്നത്. ബെഡിൽ കിടന്നിരുന്ന ഫോൺ എടുത്തു സമയം നോക്കി. എട്ടു മണി കഴിഞ്ഞിരിക്കുന്നു.. വേഗം എഴുന്നേറ്റു വന്നു വാതിൽ തുറന്നു. അമ്മ പരിഭ്രമത്തോടെ മുൻപിൽ നിൽക്കുന്നു… “എന്താ ദേവൂട്ടി… വയ്യേ… ഇപ്പോൾ വരും ഇപ്പോൾ വരും എന്നു നോക്കി കുറെ നേരം നിന്നു. എട്ടുമണി കഴിഞ്ഞിട്ടും കാണാഞ്ഞപ്പോൾ അമ്മ പേടിച്ചു. ” “സോറി അമ്മേ.. ഉറങ്ങി പോയി… ” അവൾ മുഖം കുനിച്ചു കൊണ്ടു പറഞ്ഞു. “ഉറങ്ങിയതിന് വഴക്കു പറഞ്ഞത് അല്ല മോളെ. അമ്മ പേടിച്ചെന്നു പറഞ്ഞതാ…” നെറ്റിയിൽ തഴുകി കൊണ്ടു അമ്മ പറഞ്ഞപ്പോൾ വലിയ ആശ്വാസം. വീണ്ടും ഒരു ചെറിയ കുഞ്ഞ് ആയതു പോലെ… അമ്മയുടെ വയറിൽ ചുറ്റിപ്പിടിച്ചു.

ചുമലിൽ മുഖം ചേർത്തു വെച്ചു. അമ്മ അവളുടെ ചുമലിൽ പതിയെ തട്ടി കൊടുത്തു . “ഉറങ്ങിയില്ലേ ഇന്നലെ? ” “ഉം… സംസാരിച്ച് എപ്പോഴോ ഉറങ്ങി പോയി… ” “ഉം… പോയി കുളിച്ചിട്ട് വാ. അച്ഛൻ ചോദിച്ചു മോളെ? ” “ഇത്ര നേരം ഉറങ്ങിയതിന് വഴക്കു പറയുമോ? ” “ഉം.. ചിലപ്പോൾ രണ്ടു അടിയും കിട്ടും. പോയി കുളിച്ചിട്ടു വാ വേഗം. ” അമ്മ ചിരിയോടെ പറഞ്ഞു. “എന്നാൽ ഞാൻ വേഗം വരാം… ” അമ്മ പോയി കഴിഞ്ഞപ്പോൾ വേഗം കുളിക്കാൻ പോയി. ഇറങ്ങുമ്പോൾ ഫോൺ റിംഗ് ചെയ്യുന്നതു കേട്ടു. വേഗം ഫോൺ എടുത്തു… “എവിടെ ആയിരുന്നെടീ… ” കാൾ എടുത്തതും ഹരിയുടെ ദേഷ്യം നിറഞ്ഞ ശബ്ദം ആയിരുന്നു കേട്ടത്. “ഞാൻ.. ഞാൻ കുളിക്കായിരുന്നു…”

അവൾ പേടിയോടെ പറഞ്ഞു. അപ്പോൾ തന്നെ ഹരി ഉറക്കെ ചിരിക്കുന്നത് കേട്ടു. “പേടിച്ചോടീ ഉണ്ടക്കണ്ണി? ” “പിന്നെ ഇങ്ങനെ അലറിയാൽ പേടിക്കില്ലേ?” “ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചോ? ” “ഇല്ല. ഇന്ന് എഴുന്നേൽക്കാൻ വൈകി. അമ്മ വന്നു വിളിച്ചിട്ടാ ഉണർന്നത് തന്നെ.” “എന്നാൽ ഞാൻ പിന്നെ വിളിക്കാം. പോയി എന്തേലും കഴിക്കാൻ നോക്ക്… ” “ഉം… ” താഴേക്കു ചെല്ലുമ്പോൾ അച്ഛനും ഏട്ടനും കഴിക്കാൻ വന്നു ഇരിക്കുന്നുണ്ടായിരുന്നു. അമ്മയും ഏട്ടത്തിയും കൂടി കഴിക്കാനുള്ളത് ടേബിളിൽ കൊടുന്നു വെക്കുന്നുണ്ടായിരുന്നു. ദേവു വേഗം പ്ലേറ്റ് എല്ലാം എടുത്തു വെച്ചു. “മോൾ നന്നായി ഉറങ്ങിയെന്നു തോന്നുന്നു… ” അച്ഛൻ പറഞ്ഞു. അവൾ തലയാട്ടി. പിന്നെ അമ്മയെ നോക്കി. “ദേവൂട്ടിയ്ക്ക് ചെറിയൊരു പേടി…

അച്ഛൻ വൈകി എഴുന്നേറ്റതിന് വഴക്കു പറയുമോ എന്ന്… ” അമ്മ കഴിക്കാൻ ഇരിക്കുന്നതിനിടയിൽ പറഞ്ഞു. “ഞാൻ എന്തിനാ എന്റെ മോളെ വഴക്ക് പറയുന്നത്? ” അച്ഛൻ തിരക്കി. “അങ്ങനെ ആണെങ്കിൽ നിന്റെ ഏട്ടത്തി പണ്ടേ ഇവിടുന്ന് ഓടി പോയി കാണും.. കഴിക്കാൻ നോക്ക് ദേവു… ” മനു പറഞ്ഞു. ബ്രേക്ക്‌ഫാസ്റ്റ് കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ അച്ഛനും മനുവേട്ടനും പോയി. ഉച്ചയ്ക്ക് ഏട്ടത്തി അമ്മുക്കുട്ടിയെ ഉറക്കാൻ പോയപ്പോൾ ദേവു അമ്മയുടെ അടുത്തേക്ക് പോയി. അവളെ കണ്ടപ്പോൾ അമ്മ സ്നേഹത്തോടെ ബെഡിൽ പിടിച്ച് ഇരുത്തി. “ഹരി പോയാലെ ദേവൂട്ടിയ്ക്ക് ഈ റൂമിലേക്കുള്ള വഴി അറിയുള്ളു അല്ലേ? ” അമ്മ തിരക്കി. “അങ്ങനെ ഒന്നും ഇല്ലമ്മേ… അമ്മ ഉറങ്ങാൻ പോവണോ? ” “അല്ല.

ഞാൻ ശോഭയെ ഒന്നു വിളിക്കാൻ നില്ക്കായിരുന്നു.” “അച്ഛനു ഒരു ചേച്ചി കൂടിയില്ലേ?” “ഉം.. അവര് നാലു മക്കളാ. അച്ഛൻ മൂന്നാമത്തെയാ… ശോഭ താഴെ. ഏറ്റവും മൂത്തത് ശാന്തി… അതിനു താഴെയാണ് വെല്ല്യച്ഛൻ. അപ്പച്ചിമാരെ ഒന്നും മോള് കണ്ടിട്ടില്ലല്ലോ.. ” “ഇല്ല.. ” “ശോഭ അപ്പച്ചിയ്ക്ക് ഒരു മോളെയുള്ളു… ” “ഉം… ചാരു ജനിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ശോഭയുടെ ഭർത്താവ് ഒരു ആക്‌സിഡന്റിൽ മരിച്ചു. ” “അപ്പോൾ ചാരു മൈസൂർ പോയപ്പോൾ അപ്പച്ചി തനിച്ചായിരുന്നോ? ” “ഉം… അവൾക്ക് നല്ല ധൈര്യമാണ് മോളെ. ചാരുവിന്റെ അച്ഛമ്മ മരിച്ചപ്പോൾ അവളെയും മോളെയും ഇങ്ങോട്ട് കൂട്ടാൻ തീരുമാനിച്ചതാ. അവൾ സമ്മതിച്ചില്ല. മനുവിനു ചാരു ചേരും എന്നു തോന്നി. അങ്ങനെ അവൾ ഡിഗ്രി കഴിഞ്ഞു നിൽക്കുമ്പോൾ ആലോചനയായി അങ്ങോട്ട് ചെന്നു. ശോഭയ്ക്കും സമ്മതം ആയിരുന്നു.

അപ്പോൾ ചാരു പറയുന്നു അവൾക്ക് ഇഷ്ടം ഹരിയെ ആണെന്ന്. അങ്ങനെ ആ ആലോചന അവിടെ മുടങ്ങി. ” “എന്നിട്ട് ഹരിയേട്ടൻ എന്താ ചാരുവിനെ കല്യാണം കഴിക്കാഞ്ഞത്?” “അവൻ കല്യാണം തന്നെ കഴിക്കുന്നില്ല എന്നു പറഞ്ഞായിരുന്നു അന്നു നടന്നിരുന്നത്. അവനു സമ്മതമാണേൽ ഉറപ്പിച്ചിടാം എന്നൊരു ആലോചന ഉണ്ടായിരുന്നു. ” “അമ്മയ്ക്ക് ഇഷ്ടമായിരുന്നോ?” “അപ്പോൾ അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു. നടക്കാതിരുന്നതിൽ മാത്രമല്ല… ചാരു വേറെ വിവാഹത്തിന് ഒന്നും സമ്മതിക്കുന്നില്ല എന്നോർത്ത് കൂടി ആയിരുന്നു. ഹരിയോട് കൂടുതൽ നിർബന്ധിച്ചു പറയാൻ പറ്റില്ല… അവൻ ചാടി കളിക്കാൻ വരും. പിന്നെ അവൾ പിജി കംപ്ലീറ്റ് ചെയ്തതിന് ശേഷം എല്ലാവരും കല്യാണത്തിന് നിർബന്ധം കൂട്ടാൻ തുടങ്ങി.

അതിനു ശേഷം ഫാഷൻ ഡിസൈൻ ചെയ്യാൻ മൈസൂർ പോകണം എന്ന് അവൾ നിർബന്ധം പിടിച്ചു. ഒന്നു മാറി നിന്നാൽ അവൾ പതിയെ എല്ലാം മറന്നോളും എന്നു കരുതി മാത്രമാണ് ശോഭ അന്നു പോകാൻ സമ്മതിച്ചത്. ഇനി വീണ്ടും കല്യാണ ചർച്ച തുടങ്ങും എന്നാ എനിക്കു തോന്നുന്നത്. ” “ഹരിയേട്ടൻ അന്നെന്റെ കല്യാണത്തിനു വന്നില്ലായിരുന്നെങ്കിൽ ചിലപ്പോൾ എങ്ങനെയെങ്കിലും കല്യാണം നടത്തിയേനെ അല്ലേ? ” “ഹരി സമ്മതിച്ചിട്ടു വേണ്ടേ. അവനു യോഗം എന്റെ ദേവൂട്ടിയെ കിട്ടാൻ ആയിരുന്നു…” ദേവു പുഞ്ചിരിച്ചു… “ചാരുവിനു എന്നെ കാണുമ്പോൾ… ഇഷ്ടാവോ? ” “അതൊന്നും ഓർത്തു നീ വിഷമിക്കണ്ട. അതൊക്കെ അച്ഛനും വല്യച്ഛനും അവളെ പറഞ്ഞു മനസിലാക്കിക്കോളും.

പിന്നെ ഇവിടെ നിന്ന് ആരും വിവാഹത്തിന്റെ പേരിൽ ഒരു ഉറപ്പും കൊടുത്തിട്ടില്ല. പിന്നെ എന്തിനാ ഇഷ്ടക്കേട്‌… ” “എന്നാലും അവിടെ പോകുന്നത് ഓർക്കുമ്പോൾ എന്തോ പോലെ തോന്നാണ് അമ്മേ… ” “മോള് അതൊന്നും ഓർക്കേണ്ട. ചാരുവിനോട് അകൽച്ച കാണിക്കുകയും വേണ്ട. കേട്ടോ… ” അവൾ തലയാട്ടി. ** ഹരി വീട്ടിൽ എത്തുമ്പോൾ വൈകുന്നേരം കഴിഞ്ഞിരുന്നു. കുറച്ചു നേരം എല്ലാവരോടും സംസാരിച്ചിരുന്നിട്ട് അവൻ മുറിയിലേക്ക് പോയി. കോണിപ്പടി കയറുമ്പോൾ ഹരി ദേവുവിനെ ഒന്നു തിരിഞ്ഞു നോക്കി. അവൾ അവിടെ തന്നെ നിൽക്കുകയായിരുന്നു. കൂടെ ചെല്ലാൻ തോന്നി എങ്കിലും എല്ലാവരും ഇരിക്കുമ്പോൾ പോകാൻ എന്തോ വല്ലായ്മ തോന്നി. “അവനു ചായ കൊണ്ടു കൊടുക്ക് മോളെ… ”

എന്നു പറയുന്നത് കേട്ടപ്പോൾ വേഗം അടുക്കളയിലേക്ക് പോയി. ചായ ഇടാൻ നേരം ഏട്ടത്തി അമ്മുക്കുട്ടിയേയും എടുത്ത് അടുക്കളയിലേക്ക് വന്നു. “പെണ്ണിന്റെ മുഖം ഒന്നു കൂടി തെളിഞ്ഞല്ലോ? ” ഏട്ടത്തി കളിയാക്കി കൊണ്ടു പതിയെ പറഞ്ഞു. “വെറുതെ കളിയാക്കല്ലേ ഏട്ടത്തി… ” “ഞാൻ കാര്യമായി പറഞ്ഞതാ… ” അവൾ ചായ ഗ്ലാസ്സിൽ പകർത്തി നടക്കാൻ തുടങ്ങിയതും അമ്മുക്കുട്ടിയും കൂടെ വരണം എന്നു പറഞ്ഞു. ഏട്ടത്തി പിടിച്ചു വെക്കാൻ നോക്കിയപ്പോൾ വാശി പിടിക്കാൻ തുടങ്ങി. “അവളും പോന്നോട്ടെ ഏട്ടത്തി… ” എന്നും പറഞ്ഞ് അമ്മുക്കുട്ടിയേയും കൂട്ടി മുറിയിലേക്ക് നടന്നു. ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.

ടേബിളിൽ ചായ വെച്ചു തിരിഞ്ഞു നോക്കുമ്പോൾ അമ്മുക്കുട്ടി ഹരി കൊണ്ടു വന്ന ബാഗ് തുറന്നു നോക്കാനുള്ള ശ്രമത്തിൽ ആയിരുന്നു. അവൾ ബാഗ് തുറന്നു കഴുകാനുള്ള ഡ്രസ്സ്‌ എല്ലാം എടുത്തു പുറത്തേക്ക് എടുത്തു. ഹരിയുടെ മൊബൈൽ ഫോൺ കണ്ടപ്പോൾ അമ്മുക്കുട്ടി അതെടുത്തു കളിക്കാൻ നോക്കി എങ്കിലും അവൾ വേഗം അതു വാങ്ങി മാറ്റി വെച്ചു. അതോടു കൂടി അമ്മുക്കുട്ടി ദേവുവിന്റെ മുടി പിടിച്ചു വലിക്കാൻ തുടങ്ങി. “അമ്മുക്കുട്ടീ… ” ഹരിയുടെ ശബ്ദം കേട്ടതും അമ്മുക്കുട്ടി വേഗം മുടിയിൽ നിന്നും കൈ എടുത്ത് നല്ല കുട്ടിയായി നിന്നു. “മേമയെ കുറുമ്പ് കാണിക്കുന്നുണ്ടോ? ” അമ്മുക്കുട്ടിയുടെ മൂക്കിൻ തുമ്പിൽ മെല്ലെ പിടിച്ചു തിരക്കി.” “ദേവുമ്മയെ ഞാൻ ഒന്നും ചെയൂല്ല… ” കൊഞ്ചലോടെ അമ്മുക്കുട്ടി പറഞ്ഞപ്പോൾ ഹരി അവളെ എടുത്തു മടിയിൽ വെച്ചു…

ഹരി അധികം അമ്മുക്കുട്ടിയുമായി കളിക്കാൻ ഇരിക്കാത്ത കാരണം അവൾ വേഗം എഴുന്നേറ്റു ദേവുവിന്റെ മടിയിൽ ഇരുന്നു. “ഈ ചികിടിനെ വരെ കയ്യിൽ എടുത്തു വെച്ചേക്കല്ലെ. അവൾക്ക് എന്നെ പിടിക്കുന്നില്ല ? ” ഹരി ദേവുവിനെ നോക്കി പറഞ്ഞു . അവൾ മറുപടിയായി പുഞ്ചിരിച്ചു. ചായ എടുത്തു അവനു കൊടുത്തു. ചായ കുടിക്കുമ്പോൾ അമ്മുക്കുട്ടിയും ദേവുവും കൂടി കളിക്കുന്നതു നോക്കി കസേരയിൽ ഇരുന്നു. “മീറ്റിംഗ് എങ്ങനെ ഉണ്ടായിരുന്നു ഹരിയേട്ടാ?” ദേവു തിരക്കി. “കുഴപ്പമില്ലായിരുന്നു. പിന്നെ വല്യച്ഛൻ കൂടെ ഉണ്ടെങ്കിൽ ടെൻഷൻ ഒന്നും ഉണ്ടാകില്ല… ” “നീ മോളെയും കൂട്ടി താഴേക്കു ചെല്ല്. ഞാൻ ഒന്നു കിടക്കട്ടെ നല്ല ക്ഷീണം… ” ദേവു അമ്മുക്കുട്ടിയെയും കൂട്ടി താഴേക്കു പോയി.

ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അമ്മ ശോഭ അപ്പച്ചിയെ ഫോണിൽ വിളിച്ച വിശേഷങ്ങൾ ഒക്കെ പറയുന്നുണ്ടായിരുന്നു. “ചാരുവിനു വയസ്സ് ഇരുപത്തിയഞ്ച് കഴിഞ്ഞില്ലേ. ശോഭയ്ക്ക് നല്ല വിഷമമുണ്ട്.. ” അമ്മ പറഞ്ഞു. “ഹരിയേയും ദേവുവിനെയും ഒരുമിച്ചു കാണുമ്പോൾ അവൾക്ക് മനസിലായിക്കോളും വെറുതെ ഓരോന്നു പറഞ്ഞു ജീവിതം കളയണ്ടെന്ന്…” അച്ഛൻ പറഞ്ഞു. “ഇപ്രാവശ്യം അവൾ കല്യാണത്തിനു സമ്മതിക്കും എന്നാ എനിക്കു തോന്നുന്നത്.” ഹരി പറഞ്ഞു . “അതു നിനക്ക് എങ്ങനെ അറിയാം… ” മനു തിരക്കി. “പ്രേത്യേകിച്ചു ഒന്നും ഇല്ല. തോന്നൽ ആണെന്ന് ഞാൻ പറഞ്ഞില്ലേ. ഇനി നമ്മൾ അവിടെ പോകുന്ന വരെ ഈ കാര്യം ചർച്ച ചെയ്യണ്ട. ഞാൻ ഒരു മോഹവും അടുപ്പവും അവളോട്‌ കാണിക്കാൻ പോയിട്ടില്ല.

ഇനി അവിടെ വെച്ചു എന്നെ കാണുമ്പോൾ എന്നെ മനസ്സിൽ വെച്ചോണ്ട് ഇപ്പോഴും നടക്കാണെന്ന് പറഞ്ഞാൽ സത്യമായിട്ടും ഞാൻ അവൾക്ക് ഇട്ട് ഒന്നു പൊട്ടിക്കും. ” “നിന്റെ കയ്യിൽ നിന്ന് ഒന്ന് കിട്ടിയാൽ പിന്നെ അതിനെ നിലത്തു നിന്നും പെറുക്കി എടുക്കേണ്ടി വരും… ” “ആ ഓർമ അവൾക്ക് ഉണ്ടായിക്കോട്ടെ.” ഭക്ഷണ ശേഷം എല്ലാവരും സംസാരിച്ചു ഇരിക്കുമ്പോൾ ആരും പിന്നെ ചാരുവിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. *** ഹരിയുടെ നെഞ്ചിൽ തല ചായ്‌ച്ച് ദേവു കിടന്നു. ഹരി അവളുടെ മുടിയിഴകളിലൂടെ വിരൽ ഓടിച്ചു കൊണ്ടു ബെഡിൽ ചാരി ഇരുന്നു. “നിനക്ക് എന്തേലും എന്നോട് ചോദിക്കാനുണ്ടോ? …” അവൾ ഒന്നും പറയാതെ കിടക്കുന്നത് കണ്ട് ഹരി തിരക്കി… “ഉം… ചോദിക്കട്ടെ? ”

“ആ ചാരുവിന്റെ കാര്യം ആകുമല്ലേ ? ” “ഉം… ” “നമ്മളെ ഒരുമിച്ചു കണ്ടാൽ ചാരുവിനു സങ്കടം ആകില്ലേ? ” “എനിക്കു അറിയില്ല. നീ പോയി ചോദിക്ക്… ” “ദേഷ്യപ്പെടല്ലെ ഹരിയേട്ടാ…” “ഞാൻ നേരത്തെ പറഞ്ഞത് നീയും കേട്ടതല്ലേ? ” “ഉം… ” “പിന്നെ എന്തിനാ വീണ്ടും അതു തന്നെ ഓർത്ത് ഓരോന്ന് ചോദിക്കുന്നത്…” “ഹരിയേട്ടൻ അല്ലേ ഇപ്പോൾ ചോദിക്കാൻ പറഞ്ഞത്…” “ഇനി അവൾക്ക് എന്നെ കെട്ടണം എന്നു പറഞ്ഞാൽ നീ സമ്മതിച്ചു കൊടുക്കുമോ? ” അതു കേട്ടതും അവന്റെ നെഞ്ചിലെ മുടിയിൽ പിടിച്ച് അവൾ ഒരു വലി കൊടുത്തു… “ആഹ് ! കൊല്ലുമോടീ നീയെന്നെ? ” “ഇങ്ങനെ ഓരോന്നു എന്നോട് ചോദിച്ചാൽ ഉണ്ടല്ലോ? ” “ചോദിച്ചാൽ? ” എന്നു പറഞ്ഞു കൊണ്ടു അവൻ അവളെ എഴുന്നേൽപ്പിച്ച് ഇരുത്തി…

അവൾ മുഖം കുനിച്ചു… “നിന്റെ സ്വഭാവം അനുസരിച്ചു നീ മുൻകൈ എടുത്ത് ഞങ്ങളുടെ കല്യാണവും നടത്തി പിന്നെ ഞങ്ങൾക്ക് ഉണ്ടാകുന്ന കൊച്ചുങ്ങളെയും കളിപ്പിച്ചു നടക്കും… ” ഹരി ചിരിയോടെ പറഞ്ഞു. അവൾ മുഖം ഉയർത്തി അവനെ കൂർപ്പിച്ചു നോക്കി. “ഇങ്ങനെ നോക്കല്ലെ പെണ്ണേ…” എന്നു പറഞ്ഞവൻ അവളെ പിടിച്ചു നെഞ്ചോടു ചേർത്തു. “നീ മതിയെടീ ഉണ്ടക്കണ്ണി എനിക്ക്… അതിനിടയിലേക്ക് വേറൊരു പെണ്ണും കടന്നു വരില്ല… ഇനി വെറുതെ ആവശ്യമില്ലാതെ ഒന്നും ചിന്തിച്ചു കൂട്ടണ്ട… മനസ്സിലായോ? ” അവൻ നിറുകെയിൽ പതിയെ അധരങ്ങൾ ചേർത്തു കൊണ്ടു പറഞ്ഞു ***

വല്യച്ഛനും അമ്മയും അച്ഛനും ഒരു കാറിലും ബാക്കിയുള്ളവർ ഹരിയുടെ കാറിലുമാണ് ചാരുവിന്റെ വീട്ടിലേക്ക് പോയത്. കാറിൽ നിന്നും ഇറങ്ങുമ്പോൾ ദേവുവിന്റെ മനസ്സിൽ ഹരി പറഞ്ഞ വെള്ളാരം കണ്ണുകൾ ആയിരുന്നു ഇനിയും പരീക്ഷിക്കരുതേ…. അവൾ മിഴികൾ അടച്ച് ഒരു നിമിഷം പ്രാർത്ഥിച്ചു. ഹരി അവളുടെ വലതു കൈവിരലുകളിൽ അവന്റെ വിരൽ കോർത്തു പുഞ്ചിരിച്ചു. അവളും ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. ഇത്രനാളും കഴിഞ്ഞു ഹരിയേട്ടനെ കാണുമ്പോൾ ചാരു എങ്ങനെ പ്രതികരിക്കും… കൂടെ എന്നെക്കൂടി കണ്ടാൽ… “നീ വരുന്നില്ലേ… എല്ലാവരും ഇതാ പോകുന്നു…. ” ഹരി തിരക്കി. അവൾ മിഴികൾ ഉയർത്തി അവനെ നോക്കി… “എന്താടീ… ” “ഒരു ടെൻഷൻ… ”

“ടെൻഷൻ മാറ്റി തരട്ടെ? ” അവൻ ചിരിയോടെ തിരക്കി. “വേണ്ട… പോകാം… ” രണ്ടാളും കൂടി നടന്നു. എല്ലാവരുടെയും അടുത്ത് എത്താറായപ്പോൾ ദേവു ഹരിയുടെ കൈ വിടുവിക്കാൻ നോക്കി എങ്കിലും അവൻ മുറുകെ പിടിച്ചു. അപ്പച്ചി ഉമ്മറത്തു നിൽക്കുന്നുണ്ടായിരുന്നു. അപ്പച്ചിയുടെ മുഖത്തിനു നല്ല ഐശ്വര്യമുണ്ടായിരുന്നു. അപ്പച്ചി എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു. ഹരി അവളുടെ കയ്യിലെ പിടിവിട്ട് അച്ഛന്റെയും വല്യച്ഛന്റെയും അടുത്ത് ചെന്നിരുന്നു. മനുവേട്ടനും ഏട്ടത്തിയും അമ്മുക്കുട്ടിയും ഒരുമിച്ച് സോഫയിൽ ഇരുന്നു. ദേവു അമ്മയുടെ അടുത്തായി കസേരയിൽ ഇരുന്നു… അപ്പച്ചി വന്ന് ദേവുവിന്റെ അരികിൽ ഇരുന്നു… “മോൾക്ക് അപ്പച്ചിയെ മനസ്സിലായോ?”

അപ്പച്ചി പുഞ്ചിരിയോടെ തിരക്കി. ചിരിച്ച മുഖം കണ്ടപ്പോഴേ അവൾക്ക് ആശ്വാസം ആയി. “ഉം.. ” ദേവു പുഞ്ചിരിയോടെ ഒന്നു മൂളി. “നല്ല ആൾക്കാരാ കല്യാണത്തിനു കൂടാൻ പറ്റിയില്ല. എന്നാൽ കഴിഞ്ഞിട്ട് കാണാൻ വരിക പോലും ചെയ്തില്ല.” അപ്പച്ചി പരിഭവം പറഞ്ഞു. “അവരു അങ്ങനെ എവിടേക്കും പോയിട്ടിലായിരുന്നു ശോഭേ… അതാ വരാഞ്ഞത്? ” അമ്മ പറഞ്ഞു. “ചാരു എവിടെ ശോഭേ? ” അച്ഛൻ തിരക്കി. “അവൾ കുളിക്കായിരുന്നു. ഇപ്പോൾ വരും… ദാ വരുന്നല്ലോ…” മുറിയിൽ നിന്നും പുറത്തേക്കു വന്ന ചാരുവിനെ നോക്കി അപ്പച്ചി പറഞ്ഞു. ദേവുവിന്റെ കണ്ണുകൾ വേഗം ചാരുവിന്റെ നേർക്കു പാഞ്ഞു. ചാരുവിന്റെ മിഴികളും ദേവുവിൽ ആയിരുന്നു… ദേവു അമ്മയുടെ കയ്യിൽ മുറുകെ പിടിച്ചു.

ചാരു ദേവുവിനെ നോക്കി പുഞ്ചിരിച്ചു. ഇടതു കവിളിൽ മാത്രം വിരിയുന്ന നുണക്കുഴിയും നിറയെ പീലികൾ നിറഞ്ഞ വെള്ളാരം കണ്ണുകളിലും നോക്കി ഒരു നിമിഷം ദേവു ഇരുന്നു. ഉയരത്തിന്റെ കാര്യവും ഷോൾഡറിനൊപ്പം വെട്ടി നിർത്തിയ മുടിയും ഹരിയേട്ടൻ കളിപ്പിക്കാൻ പറഞ്ഞതാണെന്ന് അവൾക്ക് തോന്നി. ദേവുവിന്റെ ഉയരം പോലും അവൾക്ക് ഇല്ലായിരുന്നു. മുടി ദേവുവിന്റെ അത്ര ഇല്ലെങ്കിലും നീളമുള്ള കോലൻ മുടിയാണ്… “എന്താ ഇങ്ങനെ നോക്കുന്നത്? “എന്ന് ചാരു ചോദിച്ചപ്പോഴാണ് ഇത്ര നേരം നോക്കി ഇരിക്കുകയായിരുന്നു എന്ന് ദേവുവിനു മനസിലായത്. അവൾ വേഗം പുഞ്ചിരിച്ചു. “നീ ഇവർക്ക് കുടിക്കാൻ എന്തേലും എടുക്ക് മോളെ… ”

ശോഭ ചാരുവിനോട് പറഞ്ഞു. “ചായയോ ജ്യൂസോ… എന്താ എടുക്കണ്ടേ? ” ചാരു തിരക്കി. “ഇപ്പോൾ കുറച്ചു വെള്ളം എടുക്ക്. കുറച്ചു കഴിഞ്ഞു ചോറുണ്ണാം .” വെല്യച്ഛൻ പറഞ്ഞു. “അതു മതി മോളെ… ” അച്ഛനും പറഞ്ഞു. ചാരു അടുക്കളയിലേക്ക് പോകുമ്പോൾ കൂടെ ഏട്ടത്തിയും പോകുന്നത് കണ്ടു. ദേവു അമ്മയെ നോക്കിയപ്പോൾ അമ്മ അവരുടെ അടുത്തേക്ക് പൊയ്ക്കോളാൻ പറഞ്ഞു. ദേവു അവരുടെ അടുത്തേക്ക് ചെല്ലുമ്പോൾ ഏട്ടത്തിയോട് ചാരു ഓരോ വിശേഷങ്ങൾ തിരക്കുകയും അതിനോടൊപ്പം ഗ്ലാസ്സിലേക്ക് വെള്ളം ഒഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ട്രേയില്‍ വെള്ളം എടുത്ത് വെച്ചു തിരിഞ്ഞപ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന ദേവുവിനെ ചാരു കണ്ടത്. “എന്താ അവിടെ നിന്നത്?” ചാരു തിരക്കി.

ദേവു എന്തു പറയണം എന്നറിയാതെ നിന്നു. “ചേച്ചി ആ സ്നാക്ക്സ് ഇങ്ങോട്ട് എടുക്കുമോ? ” എന്നു നിഷയോട് ചോദിച്ചു കൊണ്ടു ചാരു മുൻപോട്ടു നടന്നു വന്നതും ദേവു മാറി നിന്നു. ഏട്ടത്തിയുടെ കൂടെ അകത്തേക്ക് നടക്കുമ്പോൾ മനുവിന്റെ സംസാരം കേൾക്കുന്നുണ്ടായിരുന്നു. “ഒരു പെണ്ണുകാണൽ ചടങ്ങു പോലെ ഉണ്ടല്ലേ? ” മനു തിരക്കി. “അതു വീണ്ടും പെണ്ണു കെട്ടണം എന്ന ആഗ്രഹം മനസ്സിൽ കിടക്കുന്നതു കൊണ്ടാകും… ” ഹരി മനുവിന് ഇട്ടൊരു കൊട്ട് കൊടുത്തു. അതു കേട്ടു മുഖം തിരിച്ചു നോക്കിയതും മനു കണ്ടത് അവനെ തന്നെ നോക്കി നിൽക്കുന്നു നിഷയെയാണ്. മനു ഹരിയെ തുറിച്ചു നോക്കി… അവൻ ഒരു ചിരിയോടെ ഏട്ടനെ നോക്കി. “എന്താ ഏട്ടാ … ഒരു ഗ്ലാസ് വെള്ളം കൂടി വേണോ? ”

ഹരി തിരക്കി. “വേണ്ട… ” ചാരു മനുവിന്റെ അരികിൽ ആയി ഇരുന്നതും നിഷയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു. നിഷ അമ്മയുടെ അടുത്ത് പോയി ഇരുന്നപ്പോൾ അതിനു അപ്പുറത്തായി ദേവു പോയിരുന്നു. “മോളെ ചാരു എന്താ നിന്റെ ഉദ്ദേശം?” വല്യച്ഛൻ തിരക്കി. “ഇനി കുറച്ചു ദിവസം അമ്മയുടെ കൂടെ നിൽക്കണം അമ്മാവാ. അതിനൊപ്പം ജോലിയുടെ കാര്യവും നോക്കണം. ഒന്നു രണ്ടു സ്ഥലത്തു അപ്ലൈ ചെയ്തിട്ടുണ്ട്.” “ഉം… ഞങ്ങൾ ചിലതൊക്കെ തീരുമാനിച്ചിട്ടുണ്ട്.” “എന്താ വല്യച്ഛാ? ” “നിന്റെ കല്യാണക്കാര്യം തന്നെ.” അതു വരെ ഉണ്ടായിരുന്ന ചാരുവിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. അതു കണ്ടപ്പോൾ ദേവുവിന് വല്ലയ്ക തോന്നി. അവൾ വേഗം ഹരിയെ നോക്കി. അവൻ ഒന്നുമില്ലെന്ന് കണ്ണു ചിമ്മി കാണിച്ചു.

“നീ അമ്മയെ ഇനിയും ഇങ്ങനെ വിഷമിപ്പിക്കരുത്… ” “എന്റെ കുഞ്ഞമ്മാവാ ഞാൻ ആർക്കും ഒരു ശല്യത്തിനും വരുന്നില്ലല്ലോ. അമ്മയോട് വിഷമിക്കണ്ട എന്നു പറയ്… എല്ലാവരും കല്യാണത്തിന് കൂടുതൽ നിർബന്ധിച്ചാൽ ചിലപ്പോൾ അമ്മ കൂടുതൽ വിഷമിക്കും. അതു വേണ്ട. ” ചാരു പറഞ്ഞു. “നീ ഇപ്പോഴും ആവശ്യമില്ലാത്ത ഓരോ മോഹങ്ങൾ മനസ്സിൽ വെച്ചു നടക്കാണോ? ” മനു തിരക്കി. ” അതെ…” ചാരു പറഞ്ഞു. അതു കേട്ടതും ഹരിയുടെ മുഖഭാവം മാറി. അവൻ എഴുന്നേറ്റു ചാരുവിന്റെ അടുത്തേക്ക് ചെല്ലുന്നതു കണ്ടതും ദേവു അറിയാതെ എഴുന്നേറ്റു നിന്നു. ചാരു ഒരു കൂസലും ഇല്ലാതെ ഇരുന്നു. “അപ്പച്ചി പറഞ്ഞതു കേട്ടാൽ നിനക്ക് എന്താടീ?” ഹരി അവളുടെ നേർക്കു അലറി കൊണ്ടു ചോദിച്ചു.

“ഹരിയേട്ടനു അനുസരിച്ചാൽ എന്തായിരുന്നു. എല്ലാവരും പറഞ്ഞില്ലേ മനുവേട്ടനെ അല്ല ഹരിയേട്ടനെയാണ് എനിക്ക് ഇഷ്ടമെന്ന്. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യം അനുസരിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഇല്ലേ. അതു പോലെ തന്നെയാ എനിക്കും. ” ഹരി ദേഷ്യത്തോടെ അവളുടെ നേർക്കു കൈ ഓങ്ങി ചെന്നതും മനു വേഗം ഹരിയെ പിടിച്ചു. “വിട് ഏട്ടാ. കൊല്ലം കുറച്ചായി ഇവൾ എന്റെ പേരും പറഞ്ഞ് ഉണ്ടാക്കാൻ തുടങ്ങിയിട്ട്. എനിക്ക് അറിയാം ഇവൾക്ക് എന്നോട് ഒരു പ്രേമവും മണ്ണാങ്കട്ടയും ഇല്ലെന്ന്…” എല്ലാവരും ഞെട്ടലോടെ ഹരി പറയുന്നത് കേട്ടു. “പിന്നെ എന്തിനാടാ ഇവൾ നിന്റെ പേരും പറഞ്ഞ് കല്യാണം കഴിക്കാതെ നിന്നത്? ” മനു തിരക്കി. “അവൾക്ക് ഏട്ടനുമായുള്ള കല്യാണത്തിനു താല്പര്യം ഇല്ലായിരുന്നു.

വേറെ ആരും ഇനി ആലോചനയുമായി വരികയും ചെയ്യരുത്. എനിക്ക് ആണെങ്കിൽ കല്യാണം കഴിക്കാൻ താല്പര്യം ഇല്ലെന്ന് ഇവൾക്ക് അറിയുകയും ചെയ്യാം. അങ്ങനെ എന്റെ പേരും പറഞ്ഞ് ഇനി ഇങ്ങനെ നടക്കാൻ ഇവളെ ഞാൻ സമ്മതിക്കില്ല.” “ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം? ” “ഏട്ടാ… എന്നോട് ഒഴികെ എല്ലാവരോടും എന്നെ ജീവനാണ് തേങ്ങയാണ് എന്നൊക്കെ പറഞ്ഞു നടക്കും. എന്നോട് അവൾ ഒന്നും പറയാൻ വരില്ലല്ലോ. എന്റെ മുൻപിൽ പോലും തനിച്ചു വന്നു നിൽക്കാൻ അവൾക്ക് ധൈര്യം ഇല്ല. ആ വെള്ളാരം കണ്ണുകൾ എന്റെ നേർക്കു ഒരിക്കലും പ്രണയത്തോടെ പതിഞ്ഞിട്ടില്ല. ഇവൾ പഠിപ്പ് കഴിഞ്ഞു വരാൻ കാത്തിരിക്കുക തന്നെ ആയിരുന്നു ഞാനും. ” “ഇവൻ പറയുന്നത് സത്യാണോ മോളെ? ” അപ്പച്ചി തിരക്കി. “ഹരിയേട്ടൻ വെറുതെ ഓരോന്ന് പറയുന്നതാണ്…” ചാരു പറഞ്ഞു.

“നുണ പറയുന്നോടീ… ” ഹരി അവൾക്കു നേരെ ചീറി. “ഞാൻ ഒന്നും പറയുന്നില്ല… ” എന്നു പറഞ്ഞ് ചാരു എഴുന്നേറ്റതും ഹരി അവളുടെ വലതു കയ്യിൽ പിടിച്ചു… “സത്യം പറയെടീ… ” “സൗകര്യം ഇല്ല… ” അവൻ അവളുടെ കൈ പിടിച്ചു പിന്നിലേക്ക് തിരിച്ചു. മനു വിടാൻ പറഞ്ഞെങ്കിലും അവൻ പിടി വിട്ടില്ല… “വിടടാ ഹരി… ” മനു പറഞ്ഞു. “ഇവളെ കൊണ്ടു ഞാൻ പറയിപ്പിക്കും… ” ഹരിക്ക് കൈ വിടാൻ ഉദ്ദേശം ഇല്ലായിരുന്നു. അപ്പച്ചിയും അമ്മയും പറഞ്ഞിട്ടും അവൻ കൈ എടുത്തില്ല. അവസാനം വല്യച്ഛനും അച്ഛനും കൂടി ഹരിയെ പിടിച്ചു മാറ്റി. അപ്പോഴേക്കും വേദന കൊണ്ടു ചാരുവിന്റെ കണ്ണു നിറഞ്ഞിരുന്നു. ചുവന്നു കിടക്കുന്ന കയ്യിലേക്കും പിന്നെ ഹരിയെയും ചാരു നോക്കി. “എന്റെ മനുവേട്ടനെ എന്നോട് സ്നേഹമുള്ളു.

കാലമാടൻ എന്റെ കൈ ഒടിച്ചെന്നു തോന്നുന്നു…” ചാരു പറഞ്ഞു. “എന്നാൽ പിന്നെ എന്തിനാടി എന്റെ പേരും പറഞ്ഞു വിട്ടു കളഞ്ഞത്. അങ്ങോട്ട് കെട്ടി എടുക്കാമായിരുന്നില്ലേ? ” “ഉം… അബദ്ധം ആയി പോയി. ഈ കാലമാടൻ മനസ്സിൽ കയറി ഇരുന്നില്ലേ… ” ചാരു പറഞ്ഞതും ഹരി അവളുടെ നേർക്കു കൈ ഓങ്ങി. ചാരു മുറിയിലേക്ക് ഓടി പോയി വാതിൽ അടച്ചു. “അവൾക്ക് വട്ടാണ്… ” ഹരി ദേഷ്യത്തോടെ പറഞ്ഞു കൊണ്ടു സിറ്റ്ഔട്ടിലേക്ക് നടന്നു. എല്ലാവരെയും ഒന്നു നോക്കി ദേവുവും അവന്റെ പിന്നാലെ ചെന്നു . ഹരിയുടെ തൊട്ടടുത്തായി ചെന്നിരുന്നു. “ആ കുട്ടി പറയുന്നത് ചിലപ്പോൾ സത്യം ആകും. ഹരിയേട്ടൻ ദേഷ്യപ്പെടും എന്നു വിചാരിച്ചാകും ഒന്നും തുറന്നു പറയാതെ ഇരുന്നത്… ”

“നീ ഒന്നു അകത്തേക്ക് ചെല്ല് ദേവു. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ.” “ആഹ്… ഇങ്ങനെ ദേഷ്യപ്പെടുന്ന ആളെ എങ്ങനെയാ സ്നേഹത്തോടെ നോക്കുക. ചാരു പേടിച്ചിട്ട് ആകും നോക്കാതിരുന്നത്.” എന്നു പറഞ്ഞു ദേവു എഴുന്നേറ്റതും അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ച് അടുത്തിരുത്തി… “ആ ചാരുവിന്റെ കൈ ഒടിഞ്ഞു കാണും… ” ഹരി കൈ മാറ്റിയപ്പോൾ അവൾ പറഞ്ഞു… “നന്നായി… അല്ല നീ നേരത്തെ എന്താ പറഞ്ഞത് എന്നെ എങ്ങനെയാ സ്നേഹത്തോടെ നോക്കുന്നതെന്നോ? ” “ഉം… ” “അപ്പോൾ പിന്നെ നീ എന്നെ സ്നേഹത്തോടെ നോക്കുന്നതോടീ ഉണ്ടക്കണ്ണി… ” അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു കൊണ്ടു ഹരി തിരക്കി. “എനിക്കിട്ടു പാര വെച്ചിട്ട് നീ മൂക്കും പിടിച്ചു കളിച്ച് ഇരിക്കുകയാണല്ലേ? ”

മനുവിന്റെ ശബ്ദം കേട്ടതും ദേവു വേഗം എഴുന്നേറ്റു നിന്നു. മനു ഹരിയുടെ അടുത്തായി വന്നിരുന്നു. “ഞാൻ എന്തു പാര വെച്ചെന്നാ… ” “ഒന്നും അറിയില്ല. എടാ ആ പൊട്ടി പെണ്ണ് എനിക്കെ അവളോട്‌ സ്നേഹമുള്ളു എന്നു പറഞ്ഞതിന് നിന്റെ ഏട്ടത്തി മുഖം വീർപ്പിച്ചു നടക്കുന്നുണ്ട്.” “ദേവു നീ ഏട്ടത്തിയുടെ അടുത്തേക്ക് ചെല്ല്… ” ഹരി പറഞ്ഞു. “മോളെ ഈ ഏട്ടനോട് ഇങ്ങനെ പെരുമാറരുത് എന്നു കൂടി നിന്റെ ഏട്ടത്തിയോട് പറയ്…” മനു പറഞ്ഞു. അവൾ തലയാട്ടി കൊണ്ടു അകത്തേക്ക് പോയി. “എന്താ ഏട്ടാ ശരിക്കും പ്രശ്നം? ” “ഈ സ്നേഹക്കൂടുതൽ മാത്രമാണ് ഞങ്ങൾക്ക് ഇടയിലെ പ്രശ്നം. ഞാനും കൂടി അറിഞ്ഞിട്ടാ അന്നു അച്ഛനും അമ്മയും പെണ്ണു കാണാൻ വന്നത് എന്നാണ് അവളുടെ കണ്ടു പിടുത്തം.

കാര്യം ചാരുവിനോട് എനിക്കു ചെറിയൊരു ഇഷ്ടം ഉണ്ടായിരുന്നു. നിന്നെയാണ് അവൾക്ക് ഇഷ്ടമെന്ന് അറിഞ്ഞപ്പോൾ അതു ഞാൻ അങ്ങു വിട്ടു… എന്നിട്ടിപ്പോൾ ഒരു കൊച്ചും ആയതിനു ശേഷം അവൾ മുഖം വീർപ്പിച്ചു നടക്കുന്നു… ” ഹരിയെ നോക്കി നിഷ്കളങ്കതയോടെ പറഞ്ഞതും അവൻ പിന്നിലേക്ക് നോക്കാൻ കണ്ണു കൊണ്ടു കാണിച്ചു. ദേവുവും ഏട്ടത്തിയും വാതിൽക്കൽ നിൽക്കുന്നു. പറഞ്ഞതെല്ലാം അവർ കേട്ടു എന്നു നിഷയുടെ മുഖഭാവത്തിൽ നിന്നും മനസിലായി. “കുറച്ചു മുന്നേ കാണിച്ചു തരേണ്ടടാ തെണ്ടി… ” മനു ശബ്ദം താഴ്ത്തി ഹരിയോട് പറഞ്ഞു. അവൻ ചിരി കടിച്ചു അമർത്തുന്നത് കണ്ട് മനു അവന്റെ കാലിന് ഇട്ടൊരു ചവിട്ടു കൊടുത്തു. “ഭക്ഷണം കഴിക്കാൻ വിളിക്കാൻ പറഞ്ഞു അപ്പച്ചി… ” ദേവു പറഞ്ഞു.

രണ്ടാളും എഴുന്നേറ്റു അകത്തേക്ക് വന്നു. അമ്മയും അപ്പച്ചിയും കൂടി വിളമ്പുന്നുണ്ട്. ചാരു വലതു കയ്യും ഉഴിഞ്ഞു ജയരാജന്റെ തോളിൽ ചാരി കസേരയിൽ ഇരിക്കുന്നുണ്ട്. “എന്നാലും എന്റെ അമ്മാവാ ഈ ഹരിയേട്ടന്റെ കൈ എന്താ ഇരുമ്പ് ആണോ? ” അവൾ കയ്യിൽ നോക്കി കൊണ്ടു തിരക്കി. ഹരി അവളെ തുറിച്ചു നോക്കിയ ശേഷം കസേരയിൽ ഇരുന്നു. അടുത്തായി മനുവും. “മര്യാദയ്ക്ക് എനിക്ക് ചോറ് വാരി തന്നോ… ” ചാരു ഹരിയെ നോക്കി പറഞ്ഞു. “ഒന്നു പോടീ. അധികം കളിക്കാൻ വന്നാൽ അപ്പച്ചിയുടെ മോൾ ആണെന്ന് ഞാൻ മറക്കും.” “എന്റെ മനുവേട്ടൻ വേണേൽ എനിക്കു വാരി തരും. തന്റെ സഹായം എനിക്കു വേണ്ട… അല്ലെ മനുവേട്ടാ? ” ഈശ്വരാ എന്റെ ശവപ്പെട്ടിയ്ക്കുള്ള ആണിയാണ് ഇവൾ ഇടയ്ക്ക് ഇടയ്ക്ക് അടിക്കുന്നത്.

ഇനിയും പൊട്ടത്തരം ഒന്നുമില്ല വിളമ്പിപ്പിക്കല്ലേ… എന്നു മനസ്സിൽ പറഞ്ഞ് ചാരുവിനെ നോക്കി ഒന്നു ചിരിച്ചെന്നു വരുത്തി. നിഷയുടെ മുഖഭാവം ഊഹിച്ചെടുത്തു കൊണ്ട് ആ വഴിക്ക് നോക്കാതെ വേഗം ഭക്ഷണം കഴിച്ചു. *** ചാരുവിന്റെ വീടിനു പുറകിൽ തെങ്ങിൽ തോപ്പാണ്. അവിടെ നിന്നും താഴേക്കു ഇറങ്ങിയാൽ പിന്നെ പാടമാണ്. ഹരിയുടെ കൂടെ വരമ്പത്ത് ദേവു ഇരുന്നു. വൈകുന്നേരമായ കാരണം നല്ല കാറ്റ് ഉണ്ടായിരുന്നു. “നിനക്ക് ഇവിടെ അപ്പച്ചിയുടെ വീട്ടിൽ നിൽക്കാൻ ഇഷ്ടമാകുന്നില്ലേ?” ഹരി തിരക്കിയതും അവൾ അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു. “അല്ല… നമ്മുടെ ഏട്ടത്തിയുടെ പിണക്കം മാറിയോ? ” “നേരത്തെ മനുവേട്ടൻ എന്തോ പറഞ്ഞ് കൂടെ നടക്കുന്നതു കണ്ടു.” “പാവം ഏട്ടൻ… എന്റെ ദേവൂ നീ ഏട്ടത്തിയുടെ കൂട്ട് എന്നെ സ്നേഹിക്കാൻ നിൽക്കരുത് കേട്ടോ.

ഏട്ടന്റെ ക്ഷമ ചിലപ്പോൾ എനിക്ക് ഉണ്ടാകില്ല… ” അവൾ ഒന്നും പറയാതെ അവന്റെ കയ്യിൽ വിരൽ കോർത്തു പിടിച്ചു. ചാരു വരുന്നതു കണ്ടപ്പോൾ ദേവു കൈ എടുക്കാൻ നോക്കി. പക്ഷേ അവൻ വിട്ടില്ല. ദേവുവിന്റെ അടുത്തായി ചാരു ഇരുന്നു… “നീ എന്തിനാ ഇങ്ങോട്ട് വന്നത്? ” ഹരി തിരക്കി. “എനിക്കു ഇവിടെ വന്നിരിക്കാൻ നിങ്ങളുടെ സമ്മതം വേണോ. എങ്ങനെ സഹിക്കുന്നു ദേവു ഇതിനെ? ” ചാരു തിരക്കി. ദേവു ഒന്നും പറയാതെ പുഞ്ചിരിച്ചു. “സംസാരിക്കാനും ഇങ്ങേരു സമ്മതിക്കില്ലേ? ” “അറിഞ്ഞിട്ട് നിനക്ക് എന്തിനാ? ” “ഇങ്ങനെ ചാടി കളിക്കാതെ സംസാരിക്കാൻ അറിയില്ലേ ഹരിയേട്ടാ. എനിക്കു ഹരിയേട്ടനോട്‌ ഒരു കാര്യം പറയാനുണ്ട്.” “എനിക്കു കേൾക്കണ്ട… നീ എഴുന്നേറ്റു പോകാൻ നോക്ക്…” “ആരോടെങ്കിലും എല്ലാം ഒന്നു തുറന്നു പറയണം ഹരിയേട്ടാ എനിക്ക്… എന്റെ ഈ കാത്തിരിപ്പ് വെറുതെ ആകുമോ എന്ന പേടിയാണ്… ” പുഞ്ചിരിയോടെയാണ് ചാരു പറഞ്ഞതെങ്കിലും വെള്ളാരം കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു……. തുടരും

പാദസരം : ഭാഗം 11

Share this story