ഹരി ചന്ദനം: ഭാഗം 45

ഹരി ചന്ദനം: ഭാഗം 45

എഴുത്തുകാരി: ശ്രുതി കൃഷ്ണ

ആരുടെയും കണ്ണിൽ പെടാതെ താൻ സൂക്ഷിച്ച ആ വലിയ രഹസ്യം…… കണ്ണുകൾ നിറഞ്ഞൊഴുകുമ്പോളും ചെറിയൊരു പുഞ്ചിരി അവരുടെ ചുണ്ടിൽ വിരിഞ്ഞു.അതിൽ തെളിഞ്ഞു കാണുന്ന ചുവപ്പ് വരകളിലേക്കു നിർവൃതിയോടെ അവർ നോക്കി. “നിനക്കും നിന്റെ കുഞ്ഞിനും വേണ്ടി ഇത്രയേ എനിക്ക് ചെയ്യാൻ കഴിയൂ മോളേ….പാപമാണെങ്കിൽ പോലും കർത്താവിതിനെന്നോടു പൊറുക്കട്ടെ…. ” അത്രയും പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് അവർ നിലത്തേക്ക് ഊർന്നു വീണു.ഇടയ്ക്ക് എന്തൊക്കെയോ വീണുടയുന്ന ശബ്ദങ്ങൾ വീടിനുള്ളിൽ നിന്നും കേൾക്കാമായിരുന്നിട്ടും അവർ അനങ്ങാതെ കണ്ണടച്ചു ആ കിടപ്പ് തന്നെ കിടന്നു.

ഒത്തിരി നേരം അതേ കിടപ്പിൽ അതുവരെ അനുഭവിച്ച സങ്കടങ്ങൾ ഒക്കെ കരഞ്ഞു തീർക്കുന്നതിനൊപ്പം കുട്ടിക്കാലം മുതലുള്ള അവരുടെ ജീവിതചിത്രങ്ങൾ മനസ്സിൽ മിന്നിമാഞ്ഞുകൊണ്ടിരുന്നു.ഇടയ്ക്ക് മനസ്സൊന്നു ശാന്തമായപ്പോൾ എഴുന്നേറ്റു ചെന്ന് മുഖം കഴുകി ഉടുത്തിരുന്ന വസ്ത്രം മാറി.കെട്ടു പിണഞ്ഞു പാറി കിടക്കുന്ന മുടി ചീകി ഒതുക്കി വയ്ച്ചു.തന്റെ പേഴ്സും വീടിന്റെ ചാവിയുമെടുത്തവർ പുറത്തേക്കിറങ്ങി.വീട് പൂട്ടിയ ശേഷം ഗേറ്റ് ചാരി വയ്ച്ചു പുറത്തേക്കിറങ്ങുമ്പോൾ ഈയൊരു തവണ തന്നെ തടഞ്ഞു നിർത്താനും ചോദ്യം ചെയ്യാനും പിൻപിൽ നിന്നും ശബ്ദമുയരില്ലെന്നവർക്ക്‌ ഉറപ്പായിരുന്നു.

ആദ്യം വന്ന ഓട്ടോയ്ക്ക് തന്നെ കൈ കാണിച്ചു നിർത്തി അതിലേക്കു കയറി ആദ്യം പോയത് പള്ളിയിലേക്കാണ്. ഉള്ളിലേക്ക് കടക്കാൻ തനിക്കർഹതയില്ലെന്ന വിചാരത്തിൽ കാലങ്ങൾക്കു ശേഷം പോവുകയാണെങ്കിൽ കൂടി അവർ പുറത്തു നിന്ന് കണ്ണടച്ചു പ്രാർത്ഥിച്ചു കുരിശു വരച്ചതേയുള്ളൂ.ശേഷം അടുത്തു കണ്ട സംഭാവന പെട്ടിയിലേക്കു തന്നെ കഴുത്തിൽ കിടക്കുന്ന മിന്ന് പൊട്ടിച്ചു നിക്ഷേപിക്കുമ്പോൾ ഒത്തിരി വർഷങ്ങൾക്കു ശേഷം ഇത്തിരി നേരത്തേക്കാണെങ്കിൽ കൂടി തനിക്ക് സ്വാതന്ത്ര്യം ലഭിച്ചതായി അവർക്ക് തോന്നി.ഇത്തിരി നേരം കൂടി ആ പടിക്കൽ കൈ കൂപ്പി നിന്ന് തിരികെ ഓട്ടോയിൽ കയറി അവർ ദിയയെ കിടത്തിയിരിക്കുന്ന ഹോസ്പിറ്റലിന്റെ പേര് ഓട്ടോക്കാരന് പറഞ്ഞു കൊടുത്തു.

ഹോസ്പിറ്റലിൽ ചെന്ന് കയറുമ്പോൾ തന്നെ നേരം സന്ധ്യയോടടുത്തിരുന്നു എൻക്വയറിയിൽ അന്വേഷിച്ചു ദിയയുടെ റൂമിനടുത്തേക്കു നീങ്ങുമ്പോൾ വല്ലാത്തൊരു പരവേശം അവർക്ക് തോന്നിയിരുന്നു.റൂമിനു മുൻപിൽ ചെല്ലുമ്പോൾ തന്നെ ഒരു പോലീസുകാരനും ഒപ്പം രണ്ട് ചെറുപ്പക്കാർ കൂടി അവിടെ ഉണ്ടായിരുന്നു.അത് H.P യും കിച്ചുവുമാണെന്നു അവർ ഊഹിച്ചു.തനിക്കിപ്പോൾ ദിയയെ കാണാൻ അനുവാദം കിട്ടില്ലെന്ന്‌ ഉറപ്പുള്ളതു കൊണ്ടു തന്നെ അവർ ഒരവസരത്തിനായി കുറച്ചകലെയായി ഒരു ഇരിപ്പിടത്തിൽ സ്ഥാനമുറപ്പിച്ചു കാത്തിരിക്കുന്നു.ഇത്തിരി കഴിഞ്ഞപ്പോൾ ചെറുപ്പക്കാരിലൊരാൾ യാത്ര പറഞ്ഞു പുറത്തേക്ക് പോവുന്നത് കണ്ടു.

സമയം ചെല്ലും തോറും ക്ഷമ നശിക്കുന്നത് പോലെ തോന്നിയെങ്കിലും തന്റെ അവസരം വരുമെന്നവർ ഉറച്ചു വിശ്വസിച്ചു അവിടെ തന്നെയിരുന്നു.നേരം ഒത്തിരി ഇരുട്ടിയപ്പോൾ പോലീസുകാരൻ ഉറക്കം പിടിച്ചിരുന്നു ഒപ്പം ഇടയ്ക്ക് മറ്റേ ചെറുപ്പക്കാരൻ കൂടെ എണീറ്റ് പോവുന്നത് കണ്ടപ്പോൾ ആനി മെല്ലെ എഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ ദിയയുടെ മുറിയിൽ പ്രവേശിച് വാതിൽ പതിയെ ചാരി വയ്ച്ചു. കട്ടിലിൽ അവശയായി കിടക്കുന്ന അവളെ കണ്ടപ്പോൾ അവർക്ക് നെഞ്ച് പിടയുന്നുണ്ടായിരുന്നു.കഴിഞ്ഞ രണ്ടു ദിവസം കൊണ്ടു തന്നെ അവൾ നന്നേ ക്ഷീണിച്ചിരുന്നു.പതിയെ അവളുടെ അടുത്തേക്ക് നടന്നു ചെന്ന് നെറുകയിൽ തലോടി നെറ്റിയിൽ ചുംബിച്ചു.

ശേഷം ഇതൊന്നും അറിയാതെ ക്ഷീണിച്ചു തളർന്നുറങ്ങുകയായിരുന്ന ദിയയെ പതിയെ വിളിച്ചുണർത്തി. “മോളേ….. മോളേ…..കണ്ണു തുറക്ക് മോളേ…. ” ഇത്തിരി നേരം വിളിച്ചപ്പോൾ അവൾ പതിയെ കണ്ണ് തുറന്നു.മുൻപിൽ ആനിയെ കണ്ടതോടെ ചാടി എഴുന്നേറ്റിരുന്നു…. “ആനിയമ്മേ…… ” “ശൂ….. പതുക്കെ ” അവർ ചുണ്ടിൽ വിരൽ ചേർത്ത് പറഞ്ഞപ്പോൾ….പതിയെ അവളുടെ മുഖത്തെ സന്തോഷം കെട്ടടങ്ങി കണ്ണുകൾ നിറഞ്ഞു തുളുമ്പി വന്നു. “ആനിയമ്മയ്ക്കും ചാച്ചനും എന്നോട് ദേഷ്യമില്ലേ…. ക്രിസ്റ്റിയെ ഞാൻ….. അവനെന്നെ….. ” ഒന്നും പറഞ്ഞു പൂർത്തിയാക്കാൻ കഴിയാതെ മുഖം പൊത്തി കരയുന്ന അവളെ അവർ നെഞ്ചോടു ചേർത്തു പിടിച്ചു.എന്നിട്ട് പതിയെ മുടിയിൽ തലോടി… “ആനിയമ്മയ്ക്ക് മോളോട് ഒരു ദേഷ്യവുമില്ല….ക്രിസ്റ്റി… അവനല്ലേ തെറ്റ് ചെയ്തത്.

അതിനുള്ള ശിക്ഷ അവനു കിട്ടി…മോളുടെ സ്ഥാനത്ത് ആരായിരുന്നാലും അങ്ങനെയേ ചെയ്യുമായിരുന്നുള്ളൂ… ” “അപ്പോൾ പപ്പയും… ചാച്ചനും…? എന്നെ ഒരു നോക്ക് കാണാൻ പോലും വന്നില്ലല്ലോ? ” “ഹും…. ഒരു പപ്പയും ചാച്ചനും…. മോൾക്ക്‌ അവരെ പറ്റി എന്തറിയാം… ” ആനിയുടെ സംസാരം കേൾക്കെ ദിയ പതിയെ അവരിൽ നിന്നടർന്നു മാറി “ആനിയമ്മ എന്താ പറയണേ…? എന്റെ പപ്പയും ചാച്ചനും വരില്ലേ?? എന്നെ ആ H.P ടേം കിച്ചുവിന്റേം അടുത്തുന്നു കൊണ്ടു പോവില്ലേ… ” “മോളേ എന്തിനാ അവരുടെ അടുത്തുന്നു കൊണ്ട് പോവുന്നെ… ഇപ്പോൾ മോള് ഉള്ളത് ഈ ലോകത്ത് ഏറ്റവും സുരക്ഷിതമായ കൈകളിൽ തന്നെയാ… അതു ആനിയമ്മയ്ക്കു ഉറപ്പുണ്ട്.”

“ആനിയമ്മ എന്തൊക്കെയാ ഈ പറയുന്നേ…. അവരെന്റെ പപ്പയെ… ” “മിണ്ടരുത്….. ” ദിയയെ മുഴുവൻ പറയാൻ സമ്മതിക്കാതെ രോഷത്തോടെ തടഞ്ഞു നിർത്തുന്ന ആനിയെ അവൾ കണ്ണു മിഴിച്ചു നോക്കി.അങ്ങനൊരു ഭാവത്തിൽ അവരെ അവൾ ആദ്യമായി കാണുകയായിരുന്നു.. “നിന്നെ അവർ ചതിക്കുകയായിരുന്നു മോളേ…. പറഞ്ഞു വഞ്ചിക്കുകയായിരുന്നു….അവർ പറഞ്ഞതൊക്കെ വെറും കെട്ടു കഥകൾ മാത്രമായിരുന്നു…. ” “ഇല്ല…. എന്റെ പപ്പാ അങ്ങനെ ചെയ്യില്ല.. ആനിയമ്മ അവരോടുള്ള ദേഷ്യത്തിന് ഓരോന്ന് വെറുതെ പറയുവാ…. വേണ്ടാ…. എനിക്കൊന്നും കേൾക്കേണ്ട… ” “ചെവി പൊത്തി നിഷേധാർത്ഥത്തിൽ തല വെട്ടിച്ചു കരയുന്ന അവളുടെ അടുത്ത് ചെന്ന് ബലമായി തന്നെ അവരവളുടെ കൈ പിടിച്ചെടുത്തു.. ” “വിശ്വസിക്കണം…

അതാണ്‌ സത്യം…മുൻപൊക്കെ പലപ്പോഴും ആനിയമ്മ അവരുടെ കണ്ണ് വെട്ടിച്ചു മോളോട് പലതും പറയാൻ ശ്രമിച്ചിട്ടുണ്ട്…. പല സൂചനകളും തന്നിട്ടുണ്ട്… പക്ഷെ മോളുടെ പപ്പയുടെയും ചാച്ചന്റെയും വാക്കിന്റെ പുറത്തു മോളതൊക്കെ പാടെ അവഗണിച്ചു.അല്ലെങ്കിലും അവിടെ പറമ്പിൽ വിളയുന്ന ഒരു പാഴ്ചെടിയെ കാളും വിലയിടിഞ്ഞവളായിരുന്നല്ലോ ഞാൻ.പിന്നെ പിന്നെ മോളുടെയും ക്രിസ്റ്റിയുടെയും സ്നേഹം കണ്ടപ്പോൾ ആനിയമ്മയും ഇടയ്ക്ക് സ്വാർഥയായി പോയി.മോള് അവന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലുമ്പോൾ അവൻ മാറുമെന്ന് ഞാനും വെറുതെ മോഹിച്ചു.പക്ഷെ ഇപ്പോൾ… ഈ വൈകിയ വേളയിലെങ്കിലും മോളോട് എല്ലാം പറഞ്ഞില്ലെങ്കിൽ മോളോടും മോളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനോടും ചെയ്യുന്ന വലിയ അപരാധമായി പോകും അത്.

ആരും തുണയില്ലാതെ ജീവിക്കേണ്ടി വരും നിങ്ങൾക്ക്.” “ആനിയമ്മേ…. ” “എനിക്കറിയാം മോളേ….മോള് മുറിയിൽ ഉപേക്ഷിച്ചു പോയ പ്രെഗ്നൻസി കിറ്റ് മുറി വൃത്തിയാക്കാൻ ചെന്നപ്പോൾ ആനിയമ്മയ്ക്ക് കിട്ടിയിരുന്നു…. ” “ഞാൻ…. ഞാൻ ഇത് പറയാനാ ക്രിസ്റ്റിയുടെ അടുത്തേക്ക്……. പക്ഷെ….. പക്ഷെ…. അവനെന്നെ ” അത്രയും പറഞ്ഞു കാൽമുട്ടിൽ മുഖം പൂഴ്ത്തി കരയുന്ന അവളെ അവർ വേദനയോടെ നോക്കി. “അത് കഴിഞ്ഞില്ലേ…. അവനു ശിക്ഷയും കിട്ടി… പക്ഷെ ഒരു തെറ്റും ചെയ്യാതെ കുറച്ച് കാലമായി ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന ചിലരുണ്ട്…. ഇനി മോള് അവരെയാണ് മനസ്സിലാക്കേണ്ടത്. ” പതിയെ മുഖം ഉയർത്തി അവരെ ശ്രദ്ധിക്കുന്ന അവളോടായി അവർ പണ്ട് നടന്ന കഥകളൊക്കെ വിശദമായി തന്നെ പറഞ്ഞു.അവര് പറയുന്നതൊന്നും അവൾക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

“ആനിയമ്മേ ഇതൊക്കെ…. ഇതൊക്കെ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.എന്റെ പപ്പയും… ചാച്ചനും.. ” “മോള് വിശ്വസിക്കണം ഇതാണ് സത്യം.അല്ലെങ്കിൽ തന്നെ മോളൊന്നു ആലോചിച്ചു നോക്കു ഇത്രയും കാലത്തിനിടയ്ക്കു ഒരു അല്ലലും അറിയിക്കാതെ സ്വൊന്തമായി കണ്ട് സ്നേഹിച്ചു വളർത്തിയില്ലേ..അതൊന്ന് ആലോചിച്ചാൽ പോരായിരുന്നോ..എന്നിട്ടും മോളെന്താ അവർക്ക് തിരിച്ചു കൊടുത്തത്… ” “ആനിയമ്മേ…. ഞാൻ….. എനിക്ക്… ” “ഇനി കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നു അറിയാം.മോളോട് അയാൾക്ക് സ്നേഹം ഉണ്ടായിരുന്നു.മോളോട് ഒന്നടുക്കാനായി കാത്തിരിക്കുമ്പോളാണ് നിന്റെ ഇങ്ങോട്ടുള്ള വരവ്.സ്നേഹം നടിച്ചും ക്ഷമ പറഞ്ഞും മോളേ പാട്ടിലാക്കാൻ വന്ന അയാൾക്ക് മോൾക്ക്‌ എല്ലാ സത്യങ്ങളും കൃത്യമായി അറിയില്ലെന്നുള്ള അറിവ് ഉപകാരമായി.

മോളുടെ അമ്മയുടെ വീട്ടുകാർ എന്ത് കൊണ്ടാണ് എല്ലാം പറയാതിരുന്നതെന്നു അറിയില്ല.ചിലപ്പോൾ കഴിഞ്ഞ അധ്യായങ്ങൾ കുത്തിപ്പൊക്കേണ്ടെന്നു അവരും കരുതിക്കാണും.പക്ഷെ ശത്രുക്കൾ തക്കം പാത്തു കിടക്കുന്നതു അവരറിയാതെ പോയി.” “പപ്പാ….. ഇപ്പോൾ എവിടുണ്ട്? ” വല്ലാത്തൊരു ഭാവത്തോടെ അവൾ ചോദിച്ചു നിർത്തിയതും ആനിയുടെ മുഖത്ത് പുച്ഛത്തിൽ കലർന്നൊരു ചിരി ഉണ്ടായിരുന്നു. “അയാളുടെ സഹോദരൻ തന്നെ അയാളെ കൊല്ലാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ട്.തീർന്നൊന്ന് എനിക്കറിയില്ല.സ്വൊന്തം സുഖത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത കൂട്ടങ്ങളാ.പണമുണ്ടാക്കാൻ മോളുടെ അമ്മയെ പോലും അയാൾ വിറ്റിട്ടുണ്ട്.ഇനി മോളുടെ ജീവിതത്തിൽ അയാൾ വേണ്ട.

” അത്രയും അവർ പറഞ്ഞവസാനിപ്പിക്കുമ്പോൾ കുറ്റബോധത്തോടെ ദിയ പൊട്ടിക്കരയുന്നുണ്ടായിരുന്നു. “ആനിയമ്മ പോവാണ് മോളേ.പുറത്തിരിക്കുന്നവരുടെ കണ്ണു വെട്ടിച്ചു കയറി വന്നതാ…. ഇനി നമ്മൾ കാണുവോന്ന് അറിയില്ല.അങ്ങനൊരു അവസരം കർത്താവ് തന്നാൽ ഉറപ്പായിട്ടും മോളെയും കുഞ്ഞിനേയും കാണാൻ ആനിയമ്മ വരും.സന്തോഷമായിട്ടിരിക്കണം.അവർ…. അവർ…. മോളോട് ക്ഷമിക്കും…ആനിയമ്മയ്ക്കുറപ്പാ… ” അത്രയും പറഞ്ഞു സാരിത്തലപ്പു കൊണ്ട് കണ്ണ് തുടച്ചു മുറിവിട്ടിറങ്ങുമ്പോൾ എല്ലാം കേട്ടു കൊണ്ട് പുറത്തു നിൽക്കുന്ന H.P യെയാണവർ കണ്ടത്.അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് അവർ സാരി കൊണ്ട് ദേഹം മറച്ചു മുൻപോട്ട് നടന്നു.

“പുതിയ പ്ലാൻ വല്ലതുമാണോ? ” പുറകിൽ നിന്നും പുച്ഛത്തോടെയുള്ള H.P യുടെ സംസാരം കേട്ട് ഒരു നിമിഷം അവർ നിന്നു. “അല്ല…. വൈകിപോയെന്നു അറിയാം… പക്ഷെ ഇനിയെങ്കിലും പറയാതെ വയ്യ.ചിലപ്പോൾ അയാൾ വീണ്ടും വരും ആ അലക്സി.മുറിച്ചിട്ടാലും മുറി കൂടുന്ന ഇനിമാ…എന്റെ കുഞ്ഞിനെ സൂക്ഷിച്ചേക്കണേ.എല്ലാരും കൂടി പറഞ്ഞു പറ്റിച്ചു മനസ്സ് മാറ്റി എടുത്തതാ…. പൊറുത്തേക്കണേ അതിനോട്….. ” അത്രയും പറഞ്ഞു കൈ കൊണ്ട് മുഖമമർത്തി തുടച്ചവർ മുൻപോട്ട് നീങ്ങി.താൻ ആളു മാറി പിടിച്ച് കൊണ്ടു പോയത് അലെക്‌സിയെയാണെന്നത് H.P യ്ക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു.എങ്കിലും ആനിയുടെ മാറ്റം പൂർണമായി ഉൾക്കൊള്ളാൻ അയാൾക്ക്‌ സാധിക്കുന്നുണ്ടായിരുന്നില്ല.

മുഖം കഴുകാൻ വേണ്ടി ഒരു നിമിഷത്തേക്ക് മാറിയപ്പോളേക്കും ഒരു കള്ളിയെ പോലെ ദിയയുടെ മുറിയിൽ പ്രവേശിച്ച അവരെ വിശ്വസിക്കേണ്ടെന്നു മനസ്സ് പറയുന്ന പോലെ തോന്നി.തിരികെ വന്നു ദിയയുടെ മുറിയുടെ വാതിൽ പതിയെ തുറന്നപ്പോൾ അവൾ തിരിഞ്ഞു കിടക്കുകയായിരുന്നു.ഇടയ്ക്ക് ശരീരത്തിനുണ്ടാകുന്ന ചലനങ്ങളിൽ നിന്ന് അവൾ കരയുകയാണെന്നു അയാൾക്ക്‌ മനസ്സിലായി.തിരികെ വന്ന് ഹോസ്പിറ്റൽ ഇടനാഴിയിലെ ചെയറിൽ വന്നിരുന്ന ഉടനെ അയാൾ വൈകീട്ട് ഹോസ്പിറ്റലിലേക്ക് തിരിച്ചു പോയ കിച്ചുവിനെ വിളിച്ച് ആനി വന്ന കാര്യവും സംസാരിച്ച കാര്യങ്ങളും വിശദമായി പറഞ്ഞു.അലക്സി ജീവിച്ചിരിപ്പുണ്ടായിരുന്നെന്ന സത്യം കിച്ചുവിനും ഒരു ഷോക്ക് തന്നെയായിരുന്നു.കുറച്ച് കൂടി ആ കാര്യങ്ങൾ തന്നെ ചർച്ച ചെയ്ത് ഫോൺ വയ്ക്കുമ്പോൾ തന്റെ അടുത്ത ഇര അൽഫോൺസ്‌ തന്നെയാണെന്ന് H.P മനസ്സിൽ ഉറപ്പിച്ചിരുന്നു. *

ഹോസ്പിറ്റലിൽ നിന്നുമിറങ്ങി ഒരു ഓട്ടോ പിടിച്ച് ആനി നേരെ വീട്ടിലേക്ക് പോയി.വീട് തുറന്ന് ഉള്ളിലേക്ക് കയറി ഡൈനിങ്ങ് റൂമിലെ ലൈറ്റ് ഇട്ടപ്പോൾ തന്നെ ചോര ശർദ്ദിച്ചു നിലത്തു വീണു കിടക്കുന്ന അൽഫോൺസിനെ കാണാമായിരുന്നു.അയാൾക്ക്‌ ചുറ്റുമായി ഭക്ഷണം വിളമ്പിയ പാത്രവും കുടിവെള്ളത്തിന്റെ ഗ്ലാസും കഴിച്ചു കൊണ്ടിരുന്ന ഭക്ഷണവുമെല്ലാം ചിന്നിച്ചിതറി കിടപ്പുണ്ടായിരുന്നു.ആനി പതിയെ അയാളുടെ അടുത്ത് വന്നിരുന്ന് തുറിച്ചു കിടക്കുന്ന അയാളുടെ കണ്ണുകൾ പതിയെ അടക്കാൻ ശ്രമിച്ചു.ഇത്തിരി നേരം അയാളുടെ മുഖത്തേക്ക് ഉറ്റുനോക്കിയപ്പോൾ പണ്ടയാൾ മർദിച്ചവശനാക്കിയിരുന്ന തന്റെ അപ്പന്റെ മുഖം കണ്മുൻപിൽ തെളിഞ്ഞു.

മനസ്സിൽ നിറഞ്ഞ ആത്മനിർവൃതിയോടെയവർ തന്റെ സാരിത്തലപ്പെടുത്തു അയാളുടെ മുഖത്ത് പറ്റിപ്പിടിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും രക്തവും തുടച്ചു കൊടുത്ത് ആ മുഖത്തേക്ക് തന്നെ ഉറ്റുനോക്കിയിരുന്നു.ഇത്തിരി കഴിഞ്ഞ് തൊണ്ട വരളുന്നതായി തോന്നിയപ്പോൾ പതിയെ എണീറ്റ് അടുക്കളയിലേക്കു നടന്ന് അവിടെ ജഗ്ഗിൽ നിറച്ചു വച്ച വെള്ളം ആർത്തിയോടെ കുടിച്ചു.തിരികെ നടക്കുമ്പോൾ അടുക്കളയുടെ മൂലയിലായി താൻ ഉപയോഗിച്ചു വച്ച കീടനാശിനി കുപ്പി കണ്ട് അവരുടെ മുഖത്ത് ഒരു പുച്ഛചിരി വിടർന്നു.പതിയെ തിരികെ വന്ന് ഹാളിലെ സോഫയിൽ കൂനിക്കൂടി കിടന്നു മയങ്ങി. രാവിലെ ഉറക്കമുണർന്നപ്പോൾ തന്നെ അവർ ഫോണെടുത്തു പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരം അറിയിച്ചു.ഉടൻ തന്നെ പോലീസ് എത്തി കൂടെ വിവരമറിഞ്ഞു പത്രക്കാരും മാധ്യമങ്ങളും എല്ലാവരും ഉണ്ടായിരുന്നു.

കൈ വിലങ്ങണിഞ്ഞു പോലീസിനൊപ്പം മടങ്ങുമ്പോൾ അവർ അവസാനമായി അൽഫോൺസിന്റെ ബോഡിയിലേക്കു ഒന്ന് തിരിഞ്ഞു നോക്കാനും മറന്നില്ല.അറസ്റ്റിന്റെ പ്രോസിജിയേഴ്സ്‌ ഒക്കെ തീർന്ന് വൈകുന്നേരത്തോടെ ബോഡി പോസ്റ്റ്‌ മോർട്ടം നടത്തി ആരുടെയും സാന്നിധ്യമില്ലാതെ തന്നെ അടുത്തുള്ള ശ്മശാനത്തിൽ സംസ്കരിച്ചു. ****** പിറ്റേന്ന് മുതൽ വളരെ ശാന്തമായിട്ടായിരുന്നു ദിയയുടെ പ്രതികരണം.അതിനാൽ തന്നെ നീട്ടിക്കൊണ്ടുപോയ തെളിവെടുപ്പ് അന്ന് തന്നെ പൂർത്തിയാക്കി പോലീസുകാർ മടങ്ങി.റേപ്പ് അറ്റംപ്റ്റ് ആയത് കൊണ്ടു തന്നെ കേസ് ഉടൻ ആരംഭിക്കുമെന്ന സൂചന അവർ നൽകിയിരുന്നു.അന്ന് ഉച്ചയോടെ അൽഫോൺസിന്റെ മരണം ഒരു വലിയ വാർത്തയായി നാട് മുഴുവൻ പരന്നിരുന്നു.

മരിച്ച ആളുടെയും പ്രതിയുടെയും ഫോട്ടോസ് ഉൾപ്പെടെ എല്ലാ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിന്നു.ഫോണിൽ വാർത്ത കണ്ടപ്പോൾ H.P വല്ലാത്തൊരു ഷോക്കിലായിരുന്നു.ഒപ്പം അയാളുടെ അടുത്ത ഇരയും വഴുതി പോയതിലുള്ള നിരാശയും തോന്നി.ഡ്യൂട്ടിക്കിടയിൽ കിച്ചു വാർത്ത ശ്രദ്ദിച്ചു കാണില്ല എന്നുറപ്പുള്ളതു കൊണ്ട് ഉടൻ തന്നെ അവനെയത് വിളിച്ചറിയിച്ചു.കിച്ചുവിനെ സംബന്ധിചിടത്തോളം ആ വാർത്ത ആശ്വാസകാരമായിരുന്നു.എന്നാൽ ദിയയുടെ മാനസികാവസ്ഥ മനസിലാക്കി അവരത് അവളെ അറിയിക്കാതെ താൽക്കാലികമായി മറച്ചു വച്ചു. ആനി വഴി അറിയാൻ ബാക്കി ഉണ്ടായിരുന്നതൊക്കെ അറിഞ്ഞെങ്കിൽ കൂടി അവളുടെ പ്രതികരണം എന്താകുമെന്ന ആശങ്കയിൽ H.P അവളുമായുള്ള കൂടികാഴ്ച മാക്സിമം ഒഴിവാക്കാൻ ശ്രമിച്ചിരുന്നു.

കിച്ചുവിന് ഹോസ്പിറ്റലിൽ തിരക്കായതു കൊണ്ട് തന്നെ അവൻ കാര്യങ്ങൾ ഒക്കെ അപ്പപ്പോൾ ഫോണിൽ വിളിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു.ദിയയും വളരെ സൈലന്റ് ആയിട്ടാണ് പിന്നീടുള്ള ദിവസങ്ങളിൽ കാണപ്പെട്ടത്.മിക്ക സമയവും ആലോചനയിൽ തന്നെയായിരുന്നു.അതിന്റെ കൂടെ കിച്ചുവിനെ കൂടി ഇടയിലേക്ക് വലിച്ചിഴയ്‌ക്കേണ്ട എന്ന തീരുമാനത്തിൽ H.P അവനെ പഠനത്തിൽ തന്നെ ശ്രദ്ധിക്കാൻ എപ്പോഴും നിർബന്ധിച്ചുകൊണ്ടിരുന്നു. ****** രണ്ട് ദിവസത്തിനുള്ളിൽ ദിയയെ ഡിസ്ചാർജ് ചെയ്തു. ആ ഹോസ്പിറ്റലിൽ തന്നെയുള്ള ഗൈനക്കോളജിസ്‌റ്റിനെ ദിയയെ കാണിച്ച ശേഷമാണ് മടങ്ങി വന്നത്.പലപ്പോഴും തന്നെ അഭിമുഖീകരിക്കാൻ അവൾക്കു മടിയുള്ളതു പോലെ H.P യ്ക്ക് തോന്നിയിരുന്നു.

കാലിലെയും കയ്യിലേയും മുറിവുകൾ കരിഞ്ഞു തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ.കൂടാതെ ഗർഭിണിയായതു കൊണ്ട് തന്നെ വീട്ടിൽ അവൾക്ക് സഹായത്തിനു ഒരു സ്ത്രീയെ കൂടി മുഴുവൻ സമയവും നിർത്തി. പിറ്റേ ദിവസം വെറുതെ ദിയയുടെ മുറിയിലേക്ക് കയറി ചെല്ലുമ്പോൾ അവൾ ഹാളിൽ ഉണ്ടായിരുന്ന പാർവതിയമ്മയുടെ ഫോട്ടൊയും നെഞ്ചോട് ചേർത്ത് കരയുന്നതാണ് H.P കണ്ടത്.ആ കാഴ്ച എന്തു കൊണ്ടോ അയാളുടെ കണ്ണുകളെയും ഈറനണിയിച്ചു.പതിയെ മുറിയിലേക്ക് കടന്നു ചെന്ന് തലയിൽ കൈ ചേർത്തപ്പോൾ ഫോട്ടോ കിടക്കയിലേക്കിട്ട് അവൾ H.P യുടെ കാലിൽ വീണ് പൊട്ടിക്കരയുന്നുണ്ടായിരുന്നു.പിടിച്ചു മാറ്റാൻ ശ്രമിക്കും തോറും അവളുടെ പിടി മുറുകിക്കൊണ്ടിരുന്നു. “ദിയ…. എന്തായിത്… എണീക്ക്…. ” “സോറി ഏട്ടാ…. എനിക്ക് തെറ്റ് പറ്റി….

ഒന്നും അറിയാതെ ഞാൻ നിങ്ങളോടൊക്കെ എന്തൊക്കെയോ പറയുകയും പ്രവർത്തിക്കുകയും ചെയ്തു….. അമ്മായിടെ ആത്മാവ് ഇപ്പോൾ എന്നെ ശപിക്കുന്നുണ്ടാകും. ” “ഏയ് അമ്മയ്ക്ക് നിന്നോട് സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ…അവസാന നിമിഷം പോലും നിന്നെ കൈ വിടരുതെന്ന് കിച്ചുനോട് പറയുന്നുണ്ടായിരുന്നു.” അവളെ കാൽക്കൽ നിന്നും പിടിച്ചെഴുന്നേല്പിച്ചു കൊണ്ട് H.P പറഞ്ഞു. “കിച്ചുവേട്ടനോട് ഞാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാ ചെയ്തു കൂട്ടിയത്.സ്നേഹം കാണിച്ചു വഞ്ചിച്ചു.എന്നിട്ട് ഞാൻ….. ഞാൻ….മറ്റൊരാളെ….. ” മുഴുമിപ്പിക്കാൻ കഴിയാത്ത വിധം അവൾ തേങ്ങി കരഞ്ഞു. “സാരല്ല പോട്ടെ…..അറിയാണ്ടല്ലേ? കിച്ചുവിനും എനിക്കും നിന്നോട് വിരോധമൊന്നും ഇല്ല…. ” “പക്ഷെ ഏട്ടത്തി….

അവരോടും ഞാൻ തെറ്റ് ചെയ്തു.കൂട്ട് കൂടാൻ വന്നപ്പോളൊക്കെ അവരെ ഓരോന്ന് പറഞ്ഞു കുത്തി നോവിച്ചു ആട്ടി പായിച്ചു….. എനിക്ക് കിച്ചുവേട്ടനോടും ഏട്ടത്തിയോടും കാലിൽ വീണു ക്ഷമ ചോദിക്കണം.ഏട്ടൻ ഏട്ടത്തിയെ കൂട്ടിക്കൊണ്ട് വരാമോ? ” അതിന് മറുപടി ആയി H.P ഒട്ടും തെളിച്ചമില്ലാതെ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.വെറുതെ അവളുടെ നെറുകയിൽ ഒന്ന് തലോടി മുറിവിട്ടിറങ്ങുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.മുറിയിലെത്തി ഫോൺ തിരഞ്ഞുപിടിച്ച് ഗാലറിയിൽ നിറഞ്ഞു നിൽക്കുന്ന ചന്തുവിന്റെ ഫോട്ടോകളിലൂടെ കണ്ണോടിക്കുമ്പോൾ സങ്കടത്തിനിടയിലും ചെറിയൊരു പുഞ്ചിരി അയാളുടെ ചുണ്ടിലുണ്ടായിരുന്നു. “വേണ്ട…. ചന്തൂ… ഇനിയും നിന്നെ ഞാനെന്റെ ജീവിതത്തിലേക്ക് തിരികെ വിളിക്കുന്നില്ല….

അത്രയ്ക്ക് ഞാൻ കാരണം നീയനുഭവിച്ചു കഴിഞ്ഞു.ഇപ്പോൾ നീ എന്നെ മറന്ന് പുതിയ മാറ്റങ്ങളോട് പൊരുത്തപ്പെട്ടു കാണും അല്ലേ…..? എന്നെ വെറുത്തു കാണും അല്ലേ? അതേ…. ഇനി അങ്ങനെ മതി.ഒന്നുമില്ലെങ്കിലും ഒരു കൊലപാതകി തന്നെയാണ് ഞാൻ.എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞിട്ടു കീഴടങ്ങാൻ തന്നെയാണ് എന്റെ തീരുമാനം.ഒരു കൊലപാതകിയുടെ ഭാര്യയായി കഴിയേണ്ടവളല്ല നീ….” അത്രയും പറഞ്ഞു ചന്തുവിന്റെ ഫോട്ടോയിലേക്കു ചുണ്ട് ചേർക്കുമ്പോൾ വല്ലാതെ വിതുമ്പിപോയിരുന്നു അയാൾ…. “ഐ ലവ് യു ചന്തൂ…… ഐ ലവ് യു സൊ മച്ച്….. ” ഫോൺ നെഞ്ചോട് ചേർത്ത് കിടക്കയിലേക്ക് തല ചായ്ക്കുമ്പോൾ ഇടയ്ക്കിടെ അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു കൊണ്ടിരിക്കുന്നു……

രാത്രിയിൽ കിച്ചു വിളിച്ചു വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ H.P തന്നെയാണ് അവൻ കാൾ കട്ടാക്കുന്നതിനു മുൻപ് ദിയയോട് സംസാരിക്കാനായി നിർബന്ധിച്ചത്.ആദ്യം അവൻ എതിർത്തെങ്കിലും അവൾ മാപ്പ് പറഞ്ഞതും കാലിൽ വീണതുമൊക്കെ വിശദമായി പറഞ്ഞപ്പോൾ അവൻ സംസാരിക്കാമെന്ന് സമ്മതിച്ചു.H.P ഫോണുമായി റൂമിലെത്തുമ്പോൾ അവൾ കട്ടിലിൽ ആലോചനയോടെ ഇരിക്കുന്നുണ്ടായിരുന്നു. “ദിയാ…. ഇതാ കിച്ചുവാണ്.സംസാരിക്കു. ” H.P അവൾക്കു നേരെ ഫോൺ നീട്ടിയപ്പോൾ മടിച്ചു കൊണ്ട് അവളത് വാങ്ങി ചെവിയോട് ചേർത്തു.കുറച്ചു നിമിഷത്തേക്ക് അവർ പരസ്പരം മൌനത്തിലായിരുന്നു.ഒടുവിൽ അതിന് വിരാമമിട്ടു കൊണ്ട് കിച്ചു തന്നെ സംസാരിച്ചു തുടങ്ങി… “ദിയാ…… ”

താൻ വിളിച്ചിട്ടും ആദ്യം മറുപടിയൊന്നും ഇല്ലായിരുന്നെങ്കിലും പിന്നീട് നേർത്ത കരച്ചിൽ ചീളുകൾ അവന്റെ കാതുകളിൽ എത്തിയിരുന്നു. “ദിയ….. നീ കരയുവാണോ? എന്തിനാ…. അത്… ” “എ….എന്നോട് പൊ….പൊറുക്കണം…. ” വിക്കി വിക്കി പറഞ്ഞൊപ്പിച്ചപ്പോളേക്കും അവൾ പൊട്ടി കരയുന്നുണ്ടായിരുന്നു. “ഏയ്യ്….. സാരമില്ല…..നീ ഇങ്ങനെ കരയാതെ.നിന്റെ കുഞ്ഞിനെയാണ് അതൊക്കെ ബാധിക്കുന്നത്…. ” എല്ലാം കേൾക്കുന്നുണ്ടെന്നല്ലാതെ അവൾ തിരിച്ചൊന്നും പറയുന്നില്ലായിരുന്നു. “ഞാൻ ഇടയ്ക്ക് വരാം….. പിന്നെ ആരോഗ്യം ശ്രദ്ധിക്കണം. നീയും കുഞ്ഞും സുഖമായിട്ടിരിക്കൂ…. ” അത്രയും പറഞ്ഞപ്പോളേക്കും കിച്ചുവിന്റെ ശബ്ദവും നേർത്തു പോയിരുന്നു.പിന്നീടൊന്നും ചോദിക്കാനോ പറയാനോ ഇല്ലാത്ത വിധം പെട്ടന്ന് തന്നെ കാൾ കട്ട്‌ ചെയ്യുമ്പോൾ ഇരുവരും മനസ് തകർന്നു കരയുന്നുണ്ടായിരുന്നു. *

മൂന്ന് ആഴ്ചയ്ക്ക് ശേഷമാണ് വിജനമായ കെട്ടിടത്തിൽ നിന്നും അഴുകി തിരിച്ചറിയാൻ കഴിയാത്ത നിലയിൽ അലക്സിയുടെ ബോഡി കണ്ടെടുത്തത്.പുതിയ നിർമാണങ്ങൾക്കായി സ്ഥലം ഏറ്റെടുക്കാൻ വന്നവരായിരുന്നു അങ്ങനൊരു കാഴ്ച ആദ്യം കണ്ടത്.വന്യ മൃഗങ്ങളുടെ ആക്രമണം കൂടിയായപ്പോൾ ശരീരഭാഗങ്ങൾ പലതും നഷ്ടപ്പെട്ടിരുന്നു.പിറ്റേന്ന് തന്നെ മാധ്യമങ്ങളൊക്കെ ആ വാർത്ത നന്നേ ആഘോഷിച്ചു.ചുറ്റും വിജനമായ പ്രദേശമായതിനാലും ആധുനികസൗകര്യങ്ങൾ ഒന്നും അധികം ഇല്ലാത്തതിന്നാലും സംശയിക്കത്തക്ക വിധ സി സി ടി വി ദൃശ്യങ്ങളോ മറ്റു സാക്ഷി മൊഴികളോ പോലീസിന് ലഭിച്ചിരുന്നില്ല.ബോഡിയുടെ വിശധമായ മെഡിക്കൽ പരിശോധനയിൽ ശരീരത്തിലെ ചതവുകളും ഒരു പ്രത്യേക രാസവസ്തുവിന്റെ സാന്നിധ്യവും കണ്ടെത്താൻ കഴിഞ്ഞു.

ഏകദേശം കൊലപാതകമാണെന്നുള്ള ഊഹത്തിൽ എത്തിയെങ്കിൽ കൂടി കൂടുതൽ ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിൽ പോലീസ് ഇരുട്ടിൽ തപ്പുകയായിരുന്നു.കുറച്ചു ദിവസത്തെ ഊർജിത പരിശ്രമങ്ങൾ എല്ലാം പാഴായി കേസ് തങ്ങൾക്ക് ഒരു വെല്ലുവിളിയായി ഉയർന്നപ്പോൾ അടുത്തകാലങ്ങളിലായി കാണാതായവരുടെയും മറ്റും ഡീറ്റെയിൽസ് എടുത്ത് കൊണ്ട് പോലീസ് കേസിനെ മറ്റൊരു ദിശയിൽ വഴിതിരിച്ചു വിട്ടു…. ****** ചന്തുവിന്റെ നാലാം മാസത്തെ ചെക്ക്അപ്പ്‌ കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ അവൾക്കൊരു സർപ്രൈസ് പോലെ സച്ചു നാട്ടിൽ എത്തിയിരുന്നു.കൂടെ മുൻകൂട്ടിയുള്ള അവരുടെ പ്ലാൻ പ്രകാരം ചാരുവും രണ്ടു ദിവസം മുൻപ് തന്നെ വീട്ടിൽ എത്തി.എല്ലാവരും കൂടി ഒത്തുകൂടിയതിൽ പിന്നെ ചന്തുവും വളരെ സന്തോഷത്തിലായിരുന്നു.ഒത്തിരി നേരമായുള്ള വിശേഷം പറച്ചിലിനും കളിചിരികൾക്കുമൊടുവിൽ സച്ചുവിന്റെ നിർദേശ പ്രകാരം ചാരു തന്നെ ചന്തുവിനോട് കാര്യങ്ങൾ സംസാരിച്ചു തുടങ്ങി…..തുടരും…..

ഹരി ചന്ദനം: ഭാഗം 44

Share this story