ഋതുസംക്രമം : ഭാഗം 25

ഋതുസംക്രമം : ഭാഗം 25

എഴുത്തുകാരി: അമൃത അജയൻ

ക്ഷമാപണത്തോടെ തുടങ്ങട്ടെ . പരീക്ഷയ്ക്ക് പഠിക്കുവാണ് . ഒപ്പം സുഖമില്ലാതെയുമായി . അതുകൊണ്ടാണ് ഇത്രയും വൈകിയത് . എക്സാമിന് പഠിക്കുന്നത് കൊണ്ട് ഡെയ്ലി കഥയിടാൻ ബുദ്ധിമുട്ടാണ് . മാക്സിമം നേരത്തെ തന്നെ ഇടാൻ ശ്രമിക്കാം.. =====

നിരഞ്ജനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ മൈത്രി കുറച്ചു കൂടി ഉഷാറായി . അല്ലെങ്കിലും കൂടെയൊരാൾ ഉണ്ടെന്നറിഞ്ഞാൽ ധൈര്യവും സമാധാനവും കൂടും . നിരഞ്ജൻ പറഞ്ഞതുപോലെ ജിതിൻ വിളിച്ചാൽ സംസാരിക്കാൻ തയ്യാറാകണം . അതിനു വേണ്ടി മനസിനെ പാകപ്പെടുത്തണം . * * * * * * * * * * * * * * * * * * * * * * * * * * സംഭവബഹുലമായി ഒന്നും സംഭവിക്കാതെ രണ്ടു ദിവസങ്ങൾ കൂടി കടന്നു പോയി . അന്ന് രാത്രി ഭക്ഷണം കഴിക്കാൻ അഞ്ജനയും മൈത്രിയും ടൈനിംഗ് ടേബിളിൽ മുഖാമുഖമിരുന്നു . ഇപ്പോളത് പതിവാണ് . അമ്മയും മകളും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നത് . ”

നിനക്ക് കോളേജിൽ പോകണോ ?” ചപ്പാത്തി നുള്ളിയെടുത്ത് കറിയിൽ മുക്കി വായിലേക്ക് കൊണ്ട് പോയ കൈ ഒന്നറച്ചു . മുഖമുയർത്തി അമ്മയെ നോക്കുമ്പോൾ ഉള്ളിൽ ഭയം മൊട്ടിട്ടു കഴിഞ്ഞിരുന്നു . കഴിഞ്ഞ ദിവസം ജിതിൻ വിളിച്ചപ്പോൾ നിരഞ്ജൻ പറഞ്ഞതുപോലെ സംസാരിച്ചിരുന്നത് ഓർത്തു. ” ജിതിനെന്നോട് വാക്കു പറഞ്ഞിട്ടല്ലേ ഞാനന്നങ്ങനെ പറഞ്ഞത് . ” ഇഷ്ടക്കേടോടെ അവൾ പറയുമ്പോൾ , ഫോണിൻ്റെ മറുവശത്തുള്ളവനോടുള്ള നീരസം വാക്കുകളിൽ സ്ഫുരിച്ചു നിന്നു . കുറച്ചു സമയം അവിടെ നിശബ്ദമായിരുന്നു .. ” സോറി മൈത്രി .. ഞാൻ മനപ്പൂർവ്വം ചെയ്തതല്ല ..

ചെറ്യച്ഛൻ്റെ ഭാഗത്തു നിന്നുണ്ടായ ഫോൾട്ടാണ് . അവരത് ഡിസ്കസ് ചെയ്തത് മറ്റൊരു രീതിയിലായിപ്പോയി . സോറി ഡിയർ ” നിരഞ്ജൻ പറഞ്ഞതെത്ര ശരിയാണ് . അവൻ നൈസായി അത് ജയനങ്കിളിൻ്റെ ചുമലിൽ വച്ചു സ്വയം ന്യായീകരിക്കാൻ ശ്രമിക്കുന്നു . അവളുടെ ചുണ്ടിൻ്റെ കോണിൽ പുച്ഛം നിറഞ്ഞു . എങ്കിലും അത് പ്രകടിപ്പിച്ചില്ല . ” ങും.. പക്ഷെ അക്കാരണം കൊണ്ട് എൻ്റെ പഠിത്തമാ പോയത് . വീട്ടിലിരുന്ന് ബോറടിക്കുന്നു . ദേഷ്യം തോന്നുവാ എല്ലാത്തിനോടും .” ” ആൻ്റിയോട് ഞാൻ സംസാരിക്കാം .. ” ” അയ്യോ വേണ്ട .. ഒന്ന് സംസാരിച്ചത് കൊണ്ട് തന്നെ തൃപ്തിയായി . ജിതിനെ കൊണ്ടൊന്നും എൻ്റെയമ്മയെ സമ്മതിപ്പിക്കാൻ കഴിയില്ല .. ജിതിൻ്റെ ഓവർ കോൺഫിഡൻസുകൊണ്ട് നോവുന്നത് എനിക്കാ .

ഇതിൻ്റെ പേരിലിനി അമ്മയെന്നെ തല്ലിയാൽ ഞാനും ചിലത് തീരുമാനിച്ചിട്ടുണ്ട് . ജിതിനു പറ്റാത്ത കാര്യം എറ്റെടുക്കണ്ട . അതാ നല്ലത് .. ” പരിഹാസത്തോടെ പറഞ്ഞു നിർത്തുമ്പോൾ ഉളളു കൊണ്ട് ചിരിച്ചു . മുൻപൊന്നുമില്ലാത്ത ധൈര്യത്തോടെ ഇപ്പോൾ സംസാരിക്കാൻ കഴിയുന്നു . ജിതിന് പക്ഷെ ആത്മാഭിമാനം വൃണപ്പെട്ടു . അത് വാക്കുകളിൽ നിന്നു തന്നെ വ്യക്തമായിരുന്നു . ” തനെന്നെ അങ്ങനെ ചെറുതായി കാണണ്ട . തൻ്റെയമ്മയ്ക്ക് എന്നിലുള്ള വിശ്വാസമാണ് പത്മ ഗ്രൂപ്പ്സിനെയും തന്നെയും എൻ്റെ കൈയ്യിലേൽപ്പിക്കുന്നത് .. ” മൈത്രിയുടെ നെഞ്ചിടിച്ചു . പത്മ ഗ്രൂപ്പ്സും താനും .. ജിതിൻ്റെ മനസിലപ്പോൾ പത്മ ഗ്രൂപ്പ്സാണ്.

അമ്മയിതുവരെ കമ്പനി ജിതിനെ ഏൽപ്പിക്കുന്ന കാര്യമൊന്നും പറഞ്ഞിട്ടില്ല . തനിക്ക് കഴിവില്ലാത്തത് കൊണ്ട് ഭാവിയിൽ ഒന്നും നഷ്ടമാകരുതെന്ന് കരുതിയല്ലേ അമ്മ തന്നെ ജിതിന് കൊടുക്കാനാഗ്രഹിക്കുന്നത് . പഠിത്തം കഴിഞ്ഞു വരുമ്പോൾ അവനെ അഡ്മിനിസ്ട്രേഷനിലേക്കും ലീഗൽ അഡ്വൈസറായും നിയമിക്കുമെന്നേ അമ്മയിതുവരെയും പറഞ്ഞിട്ടുള്ളു . പക്ഷെ അവൻ്റെ മനസിൽ പത്മ ഗ്രൂപ്പ്സ് സ്വന്തമാകുമെന്നാണ് . ” പക്ഷെ ജിതിന് എൻ്റെയമ്മയെ സ്വാധീനിക്കാൻ കഴിയാത്തത് പോരായ്മയാണ് .” മനസിൽ തോന്നിയതൊന്നും പുറത്തു കാണിക്കാതെ പറഞ്ഞു .

അമ്മയുടെ മുഖത്തേക്ക് നോക്കി . സൗമ്യമാണ് . എന്തുത്തരം പറയണം . പോകണമെന്നു പറഞ്ഞാൽ ചിലപ്പോൾ സംഭവിക്കുന്നതൊരു ഭൂകമ്പമായിരിക്കും . വേണ്ട എന്നു പറഞ്ഞാൽ അവസാനത്തെ സാത്യതയും അടഞ്ഞേക്കും . ” പോകണന്നാ ൻ്റെ ആഗ്രഹം .. ” വിക്കി വിക്കി പറയുമ്പോൾ കണ്ണുകൾ അഞ്ജനയുടെ മുഖത്തായിരുന്നു . രണ്ടു മൂന്നു വട്ടം കൂടി അഞ്ജനയുടെ കൈ വായിലേക്ക് പോയി . മറുപടി വൈകും തോറും മൈത്രിയുടെ നെഞ്ചിടിപ്പും കൂടി . എന്തും സംഭവിക്കാമെന്ന അവസ്ഥ . ” നാളെ മുതൽ പൊയ്ക്കോ . ” മൈത്രി മിഴിച്ചിരുന്നു . വിശ്വസിക്കാൻ പ്രയാസം തോന്നി .. അമ്മയൊരു തീരുമാനമെടുത്താൽ അതിൽ യാതൊരു മാറ്റവും വരുത്താത്തതാണ് .

ആ അമ്മ തന്നെയോ ഈ പറയുന്നത് . ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ അവൾക്ക് തുള്ളിച്ചാടാൻ തോന്നി . എങ്ങനെയോ കഴിച്ചു തീർത്ത് അവൾ മുകളിലേക്കോടി അച്ഛയോട് സന്തോഷം പങ്കുവയ്ക്കാൻ . കോളേജിൽ പോകാൻ അനുവാദം കിട്ടിയെന്നറിഞ്ഞപ്പോൾ പത്മരാജൻ്റെ കരിവാളിച്ച കണ്ണുകളിലും ഒരു തിളക്കമുണ്ടായി . മൈത്രി വീണ്ടും താഴെ വന്ന് സുമിത്രയോട് നാളെ മുതൽ ചോറു കെട്ടിത്തരണം കോളേജിൽ പോകുന്നുണ്ടെന്നറിയിച്ചു . റൂമിൽ വന്ന് കണ്ണാടിയുടെ മുന്നിൽ നിന്നു തന്നോടു തന്നെ ചിരിച്ചു . കബോർഡ് തുറന്ന് ഡ്രസെടുത്ത് അയൺ ചെയ്തു വച്ചു . സാധാരണ അതൊന്നും പതിവുള്ളതല്ല . പോകാറാകുമ്പോൾ സുമിത്ര അയൺ ചെയ്ത് വച്ചതുണ്ടെങ്കിൽ അതിടും .

ഇല്ലെങ്കിൽ ഏതെങ്കിലുമൊന്നിടും . ടൈംടേബിൾ ആഴ്ചയിലാണ് . ഈയാഴ്ചത്തേത് അറിയാത്തത് കൊണ്ട് എല്ലാ ബുക്സും പെറുക്കിയെടുത്ത് ബാഗിൽ വച്ചു . ഒക്കെ ചെയ്യുമ്പോൾ വല്ലാത്തൊരാവേശമായിരുന്നു . മൈത്രിയുടെ രണ്ടാം ജന്മമാണെന്നു പോലും തോന്നിപ്പോയി . താഴെപ്പോയി അമ്മയുടെ കൈയിൽ നിന്ന് ലീവ് ലെറ്റർ എഴുതി വാങ്ങി . മിസിനെ വിളിച്ചു പറയണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു . എല്ലാമൊരു സ്വപ്നം പോലെയാണവൾക്കു തോന്നിയത് . ഇനിയൊരിക്കലുമില്ലെന്നു കരുതിയ വസന്തം അവിചാരിതമായി കടന്നു വന്നിരിക്കുന്നു .

ആരോടാണ് മൈത്രി കടപ്പെട്ടിരിക്കുന്നത് . തൻ്റെ പ്രിയപ്പെട്ടവനോട് . ഡോറടച്ചു ലോക്ക് ചെയ്തിട്ട് അവൾ ഫോൺ കൈയിലെടുത്തു . നിരഞ്ജനോട് സന്തോഷ വാർത്ത അറിയിച്ചു . മിനിറ്റുകൾക്കുള്ളിൽ അവൻ തിരിച്ചു വിളിച്ചു . അവിടെയും അതിരില്ലാത്ത സന്തോഷമായിരുന്നു . മൈത്രിയ്ക്കന്നുറക്കം വന്നില്ല . പണ്ട് അച്ഛയോടൊപ്പം ടൂർ പോകാനിരിക്കുന്നതിൻ്റെ തലേരാത്രി ഇതുപോലെയാണ് ഉറക്കം വരാറില്ല . അവൾ ജനലോരം ചേർന്നു കിടന്ന് നിലാവിനെ നോക്കി പുഞ്ചിരിച്ചു . ****

ബാഗ് ഇരുവശത്തുമിട്ട് ഒരു മൂളിപ്പാട്ടോടെ നിരഞ്ജൻ ഓർത്തോ ഡിപ്പാർട്ട്മെൻ്റിലേക്ക് നടന്നു .. ” ഡോക്ടറിന്ന് ഹാപ്പിയാണല്ലോ .. ” എതിരെ വന്ന ഷെല്ലി സിസ്റ്റർ ചെറുചിരിയോടെ ചോദിച്ചു . തിരിച്ചൊരു പുഞ്ചിരി നൽകുമ്പോഴേക്കും അവർ നടന്നു പോയി കഴിഞ്ഞിരുന്നു . ശരിയാണ് . നിരഞ്ജനിന്ന് വളരെ ഹാപ്പിയാണ് . ഒന്ന് തൻ്റെയൊരു ശ്രമം വിജയം കണ്ടിരിക്കുന്നു . മറ്റൊന്ന് ഉച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞ് പ്രിയപ്പെട്ടവളെ കാണാൻ പോകുന്നു . അവൻ ചിരി മായതെ നടന്നു നീങ്ങി . സമയം രാവിലെ ആറു മണിയാണ് . ഇൻസുലിൻ കൊടുക്കുന്ന ടൈം .. ഡോക്ടേർസ് റൂമിൽ ബാഗ് വച്ചിട്ട് സ്റ്റെത്തെടുത്ത് കഴുത്തിലിട്ട് വാർഡിലേക്ക് വന്നു .

ഡോക്ടറാണെങ്കിലും ഹൗസ് സർജൻസി കാലം അറ്റൻഡർ മുതൽ നഴ്സുമാരുടെ ഡ്യൂട്ടി വരെ ചെയ്യണം . ഓർത്തോ വാർഡായത് കൊണ്ട് കൂടുതലും ഫ്രാക്ചർ കണ്ടീഷനുകളാണ് . അവൻ ഓരോ ഫയലുകളെടുത്ത് ഡെയ്ലി റൊട്ടീൻസ് നോക്കി .. വേണ്ടതൊക്കെ പോക്കറ്റ് ഡയറിയിൽ കുറിച്ചു വച്ചു . ആദ്യം റെസ്പിറേറ്ററി ഇഷ്യൂസ് ഉള്ളവരുടെ റൊട്ടീൻ ചെക്കപ്പിനായി ബെഡ് സൈഡിലേക്ക് ചെന്നു . ഒന്നു രണ്ട് പേർ നേരത്തെ അഡ്മിറ്റായവർ തന്നെയായിരുന്നു . അവരോട് കുശലം ചോദിച്ചു , പരിശോധിച്ചു .. അമ്പത്തിരണ്ടാം ബെഡിൽ മാലാഖയെപ്പോലൊരു പെൺകുട്ടിയായിരുന്നു . ഇന്നലെ ഒപ്പിയിൽ വച്ച് കണ്ടത് ഓർമ വന്നു .

കാലിൽ മുട്ടു മുതൽ താഴെവരെ പ്ലാസ്റ്റർ .. കൈയും നെഞ്ചോട് ചേർത്ത് പ്ലാസ്റ്ററിട്ടിരിക്കുന്നു . പെറ്റിക്കോട്ടിൻ്റെ അഗ്രത്തിൽ ചുവന്ന കറ പറ്റിയിരിക്കുന്നു .. അവൻ ഫയലെടുത്തു നോക്കി . ദേവാംഗി . ഏഴ് വയസ് .. കൂടെയിരിക്കുന്നത് പത്തറുപത് വയസിനു മുകളിൽ പ്രായമുള്ളൊരു മനുഷ്യൻ . അയാളും നന്നെ ക്ഷീണിതനാണെന്ന് ജനനം മുതൽ ആസ്ത്മ പേഷ്യൻ്റാണവളെന്ന് ഫയൽ നോക്കിയപ്പോൾ മനസിലായി . അവൻ സ്റ്റെത്ത് ചെവിയിൽ വച്ച് കൊണ്ട് പരിശോധിക്കാനായി കുനിഞ്ഞപ്പോൾ ദേവാംഗി വിടർന്നു ചിരിച്ചു . ഫ്രാക്ചറിൻ്റെ വേദനകളൊന്നും ആ കുരുന്നു മുഖത്ത് കാണാനില്ല .

കരിനീല കണ്ണുകളിൽ കുസൃതി തെളിഞ്ഞു നിന്നു . നെറ്റിയിലേക്ക് വീണു കിടക്കുന്ന ക്രോപ്പ് ചെയ്ത മുടി ബേബി ശാലിനിയെ ഓർമിപ്പിച്ചു . കഴുത്തിൽ കറുത്ത ചരട് മാല പോലെയിട്ടിട്ടുണ്ട് അറ്റത്ത് വെള്ളി ഏലസും . ഫ്രാക്ചറില്ലാത്ത കൈയിൽ മഞ്ഞ നിറത്തിൽ പ്ലാസ്റ്റിക് വള . പുഞ്ചിരി മടക്കി നൽകികൊണ്ട് തൻ്റെ കർത്തവ്യത്തിലേക്ക് കടന്നു . ” എന്താണ് കുട്ടിക്കുറുമ്പിയുടെ പേര് ?” അറിയാമെങ്കിലും അവളെ കൊണ്ട് സംസാരിപ്പിക്കുവാനായി ചോദിച്ചു . ” ദേവൂട്ടി .. ” കൊഞ്ചലോടെയുള്ള മറുപടി വന്നു .. ” എന്തിനാ കൈയും കാലുമൊടിച്ചെ ..ഇതൊന്നും വേണ്ടെ ദേവൂട്ടിക്ക് ?” റോഡ് ആക്സിഡൻ്റാണെന്ന് ഫയലിൽ കണ്ടതോർത്തുകൊണ്ടുള്ള ചോദ്യം .

അവൾ കുഞ്ഞരിപ്പല്ല് വിടർത്തിക്കാണിച്ചു . ” ഇതാരാ മുത്തശ്ശനാണോ ?” അവൾ തല കുലുക്കി സമ്മതിക്കുന്നതിനൊപ്പം അതേയെന്നെ മറുപടി അദ്ദേഹത്തിൽ നിന്നും വന്നു . നല്ല വിളർച്ചയുള്ളത് കൊണ്ട് ഫ്രൂട്ട്സ് കൊടുക്കണമെന്നു പറയുമ്പോൾ അദ്ദേഹം മുഖം കുനിച്ചു . ആ കണ്ണുകളിൽ തെളിഞ്ഞ നിസഹായത വായിച്ചെടുക്കാൻ നിമിഷങ്ങൾ മതിയായിരുന്നു . ” കൂടെ വേറാരുമില്ലേ ?” ഇല്ലെന്ന് അയാൾ തലവെട്ടിച്ചു . ” എവിടെയാ വീട് ?” ” കാഞ്ഞങ്ങാട് …” കാഞ്ഞങ്ങാട് .. മനസിലെവിടെയോ ആ സ്ഥലപ്പേര് കൊളുത്തി വലിച്ചു . തോൾസഞ്ചിയും തൂക്കി നീല വസ്ത്രം ധരിച്ചു നിൽക്കുന്ന പോസ്റ്റ്മാൻ്റെ ചിത്രമാണ് ആദ്യം മനസിൽ വന്നത് . ”

കാഞ്ഞങ്ങാട് നിന്ന് എന്താ ഇവിടെ ?” ഉള്ളിൽ രൂപപ്പെട്ട വേലിയേറ്റം മറച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ മുഖത്തേക്ക് നോക്കി . ” എൻ്റെ മകൻ കരൾരോഗം ബാധിച്ചു മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു . ചികിത്സ ഇവിടെയായിരുന്നു . ഇവിടെത്തന്നെയായിരുന്നു അവൻ്റെ ജോലിയും ലാബിൽ . കുറേ പേപ്പർ വർക്കുകളുണ്ട് . അത് ശരിയായാൽ അവൻ്റെ ഭാര്യയ്ക്ക് നിയമനം കിട്ടും ” അത് പറയുമ്പോൾ അയാളുടെ സ്വരമിടറി . മടിശീലയിൽ തിരിച്ചു പോകാനുള്ള പണമേ കഷ്ടിച്ചുണ്ടായിരുന്നുള്ളു . അതു കൊണ്ടാണ് ഹോട്ടലിലൊന്നും കയറാതെ രോഗികൾക്ക് ഉച്ചകഞ്ഞി കൊടുക്കുന്ന ക്യൂവിൽ ദേവൂട്ടിയെയും കൊണ്ട് കാത്തു നിന്നത് .

കഞ്ഞിവാങ്ങിത്തിരിയുന്നതിനിടയിൽ ദേവൂട്ടി കൈവിട്ടോടി . അപ്രതീക്ഷിതമായി എതിരെ വന്ന ബൈക്ക് അവളെയിടിച്ചിട്ടു . ഓർത്തപ്പോൾ അയാൾ വിറച്ചു പോയി . ” സാറെ , ഞാൻ പോയി എന്തെങ്കിലും കഴിക്കാൻ മേടിച്ചു വരാം . ഇതിനെയൊന്ന് ശ്രദ്ധിച്ചോളുവോ ” ” പോയിട്ടു വരൂ .. ” അവൻ അലിവോടെ പറഞ്ഞു . ” കാഞ്ഞങ്ങാട് എവിടെയാ വീട് .. ?” അത് കൂടി ചോദിക്കണമെന്ന് തോന്നി. ” പെരിയ …” ഒരു മിന്നൽ പിണർ കൺമുന്നിലൂടെ തലച്ചോർ ഭേദിച്ചു പാഞ്ഞു പോയി . ഒപ്പം ഒരു തുണ്ടു പേപ്പറും ഓർമയിൽ തെളിഞ്ഞു .

വാർഡിൻ്റെ ഇടനാഴി കടന്ന് ആ വൃദ്ധൻ രേഖ പോലെ മാഞ്ഞു പോയി . മാനം കറുത്തു . എന്തെല്ലാമോ ഉള്ളിലൊളിപ്പിച്ചു കാർമേഘങ്ങളലറിക്കരഞ്ഞു . മഴത്തുള്ളികൾ മണ്ണിൽ വീണു പൊള്ളി . മഴയിലേക്ക് നോക്കി നിൽകുമ്പോൾ ഉള്ളിൽ കടന്നു കൂടിയ നിശബ്ദതയെ വേർതിരിക്കാൻ കഴിഞ്ഞില്ല.. * * * * * * * * * * * * * * * * * * * * * * * * * * ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ നിരഞ്ജനെ യാത്രയാക്കാൻ റോയിയും ആഷിക്കും ഉണ്ണിയുമുണ്ടായിരുന്നു . ” ആൾ ദി ബെസ്റ്റ് അളിയാ . മൈത്രിയോട് പറഞ്ഞേക്ക് ഞങ്ങളും വരുന്നുണ്ടെന്ന് .. ” നിരഞ്ജൻ്റെ തോളിലടിച്ച് റോയി പറഞ്ഞു . അവൻ ചിരിച്ചുകൊണ്ട് ഹെൽമറ്റെടുത്തു വച്ചു .. ലഞ്ച് കഴിഞ്ഞ് മൈത്രി ഗാഥയ്ക്കും വിന്നിയ്ക്കുമൊപ്പം പിൻവശത്തെ ഗേറ്റിനടുത്തുള്ള തേക്കിൻ്റെ ഉയർന്നു നിൽക്കുന്ന വേരിലിരുന്നു .

നിരഞ്ജനെത്തുമ്പോൾ ഒന്നരയാകും . ക്ലാസ് കട്ട് ചെയ്യാനാണ് തീരുമാനം .. ഒന്നു രണ്ടു തവണ പോയതുകൊണ്ടാകണം ഇത്തവണ മൈത്രിയ്ക്കത്ര പേടിയൊന്നും തോന്നിയില്ല .. ഇനിയെത്ര കൂടികാഴ്ചകൾ ഉണ്ടാകാനിരിക്കുന്നു .. എത്രയെത്ര പ്രണയങ്ങളുടെ സ്മൃതികളുറങ്ങുന്ന പാതകളും തണൽമരങ്ങളും ഇനിയിവരുടെ പ്രണയ വസന്തത്തിനു സാക്ഷിയാകാനിരിക്കുകയാണെന്ന് അവളുമറിഞ്ഞില്ല . വെയിൽ തിന്ന് തളിർക്കുന്ന പൂമരത്തിൻ്റെ മഞ്ഞപ്പൂക്കൾ പെയ്യുന്നത് കൗതുകത്തോടെ നോക്കിയിരുന്നു . ആദ്യമായിട്ടായിരിക്കണം ആ കാഴ്ചയവളെയാകർഷിച്ചത് . മുൻപെത്ര കണ്ടിരിക്കുന്നു . അന്നൊന്നുമില്ലാത്ത ഭംഗി ഇന്നതിനുണ്ട് .. വാച്ചിൽ നോക്കിയിട്ട് അവരെഴുന്നേറ്റ് ഗേറ്റ് കടന്നു പാർക്കിലേയ്ക്ക് നടന്നു . നിരഞ്ജനെത്തിയിരുന്നില്ല . സിമൻ്റ് ബെഞ്ചിൽ മൂവരും നിരഞ്ജനെ കാത്തിരുന്നു ….( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 24

Share this story