ഹരി ചന്ദനം: ഭാഗം 46

ഹരി ചന്ദനം: ഭാഗം 46

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“ചന്തൂ….. നിന്നോട് സീരിയസ് ആയി ഒരു കാര്യം പറഞ്ഞാൽ കേൾക്കില്ലേ….? ” “അതെന്താ…. അങ്ങനൊരു ചോദ്യം.നിങ്ങൾ പറഞ്ഞതെന്തെങ്കിലും ഞാൻ കേൾക്കാതിരുന്നിട്ടുണ്ടോ? പിന്നെന്തിനാ ഈ മുഖവുര? ” “അത്…. നമുക്ക് കുറച്ചു നാളത്തേക്ക് ബാംഗ്ലൂർക്ക് മാറിയാലോ…. എന്താ നിന്റെ അഭിപ്രായം? ” “വളരെ മോശം അഭിപ്രായം.എന്തിനാ ഇപ്പോൾ അങ്ങനെ? ആട്ടെ ഇതാരുടെ പ്ലാൻ ആണ്? ” “പ്ലാൻ ഒക്കെ അവിടെ നിൽക്കട്ടെ.ഞങ്ങൾ ഇതിനെക്കുറിച്ച് വളരെ സീരിയസ് ആയി ആലോചിക്കുന്നുണ്ട്.നിന്റെ മാമയോട് ചോദിച്ചപ്പോൾ ആൾക്കും വളരെ നല്ല അഭിപ്രായം ആണ്. ” “ഓഹോ… അപ്പോൾ അവിടെ വരെ ഒക്കെ എത്തിയോ കാര്യങ്ങൾ? ” “ചന്തൂ കളിയല്ലെടാ ….

ഇപ്പോൾ ഇങ്ങനൊരു മാറ്റം നിനക്ക് അത്യാവശ്യം ആണ്.ഇല്ലെങ്കിൽ ഡെലിവറി ഒക്കെ ആവുമ്പോളേക്ക് ചിന്തിച്ചു കാട് കയറി നിനക്ക് വല്ല ഡിപ്രെഷനും വരും.അവിടെയാവുമ്പോൾ എനിക്കും ശ്രദ്ധിക്കാം….എനിക്കെന്റെ വാവേടെ വളർച്ച എന്നും കണ്മുൻപിൽ കണ്ടൊണ്ടിരിക്കാം… ” ചന്തുവിന്റെ വയറിൽ തഴുകി ചാരു പറഞ്ഞു നിർത്തി. “അത് വേണ്ടെടാ….അല്ലെങ്കിൽ തന്നെ ഞാൻ കാരണം നിങ്ങൾ ഒത്തിരി ബുദ്ധിമുട്ടുന്നുണ്ട്.പിന്നെ ടീച്ചറമ്മേടെ ജോലി.. ലച്ചുവിന്റെ പഠിത്തം…. ” “അമ്മേടെ ജോലി ഓർത്ത് നീ വിഷമിക്കണ്ട ഇവിടെയായിരുന്നാലും നിന്റെ ഡെലിവറി കഴിയുന്നവരെ ആളു ലോങ്ങ്‌ ലീവ് ആണ്.പിന്നെ ലെച്ചുന്റെ കാര്യം, അവൾക്കാണ് ഈ പ്ലാനിൽ ഏറ്റവും ഇന്റെറെസ്റ്റ്‌.ഇവിടുന്നൊന്നു പുറത്തു ചാടാൻ നടക്കാ പെണ്ണ്.

അവളുടെ അഡ്മിഷന്റെ കാര്യങ്ങളൊക്കെ അവിടെ ഏകദേശം റെഡി ആണ്.ബാക്കിയൊക്കെ അവൾ തന്നെ മാനേജ് ചെയ്തോളും.” “അപ്പോൾ ഇത് ഏറ്റവും ലാസ്റ്റ് അറിഞ്ഞത് ഞാനാണല്ലേ? പക്ഷെ ഈ സമയത്ത് യാത്ര? ” “അതൊക്കെ ഡോക്ടറോഡ് പറഞ്ഞു സമ്മതം മേടിച്ചിട്ടുണ്ട്.പിന്നെ നിന്റെ കാര്യം മാത്രല്ല എന്റെ കാര്യവും അവിടെ കഷ്ടത്തിലാടാ.ഹോസ്റ്റൽ ലൈഫ് മടുത്തു.ഫുഡ്‌ ഒക്കെ ഇപ്പോൾ വളരെ മോശമാണ്.പിന്നേ നിന്റെ കാര്യം ഓർക്കുമ്പോൾ മനസമാധാനവും ഇല്ല.അതുകൊണ്ട് മോളൊന്നു സഹകരിച്ചാൽ ബാംഗ്ലൂർ ചെന്നു നമുക്ക് അടിച്ചു പൊളിക്കാം. ” ചാരു പറഞ്ഞു നിർത്തിയപ്പോൾ ചന്തു ആലോചനയിലായിരുന്നു.അവൾ പതിയെ ചെന്നു ചന്തുവിനെ തട്ടി വിളിച്ചു.

“ഇതാ…. ഇതാണ് നിന്റെ പ്രശ്നം ഏത് സമയവും ആലോചന. ” “അല്ലേടാ ഞാൻ പപ്പേടെ അടുത്തേക്ക് പോയാലെന്തായെന്ന് ആലോചിക്കുവാ.ട്രാവൽ ചെയ്യാൻ പറ്റുമല്ലോ… അപ്പോൾ പിന്നെ…” “എന്റെ ചന്തു നിന്റെ പപ്പാ അവിടെ സ്ഥിര താമസത്തിനോ സുഖവാസത്തിനോ പോയതല്ല.നീ ഈ അവസ്ഥയിൽ അങ്ങോട്ട് പോയാൽ പപ്പയുടെ മുൻപിൽ പിടിക്കപ്പെടുമെന്നു മാത്രമല്ല ആരും സഹായത്തിനില്ലാതെ ബുദ്ധിമുട്ടും.പിന്നെ പപ്പാ തിരിച്ചുവരാറായെന്നാ കഴിഞ്ഞ ദിവസം ശങ്കുമാമയെ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്.അപ്പോൾ പിന്നേ പെട്ടിയും കിടക്കയും എടുത്ത് നീ വെറുതെ അങ്ങോട്ട്‌ ചെന്ന് സമയം കളയണ്ട.തത്കാലം എന്റെ മോള് ഞങ്ങടെ വാവേനേം നോക്കി ഇവിടെങ്ങാനും അടങ്ങി ഒതുങ്ങി ഇരുന്നാൽ മതി.”

“അപ്പോൾ പിന്നേ പാക്ക് അപ്പ്‌ പ്രഖ്യാപിക്കല്ലേ? ” സച്ചു പ്രതീക്ഷയോടെ ചന്തുവിനോട് ചോദിച്ചപ്പോൾ അവൾ ഒന്നും പറയാതെ മുറിയിലേക്ക് എഴുന്നേറ്റു നടന്നു കൂടെ ഒരു പോസിറ്റീവ് മറുപടി അവളിൽ നിന്നും പ്രതീക്ഷിച്ച നാല് മുഖങ്ങളിലും നിരാശ പടർന്നു. “ഇനി എന്ത് ചെയ്യും സച്ചു? ” “എന്ത് ചെയ്യാനാ…. പുറകെ വച്ചു പിടിച്ചോ….സമ്മതിപ്പിച്ചിട്ടു തന്നെ ബാക്കി കാര്യം. ” ചാരുവും സച്ചുവും മുറിയിൽ ചെല്ലുമ്പോൾ ചന്തു എന്തോ ആലോചനയിൽ കണ്ണ് തുടയ്ക്കുന്നതാണ് കണ്ടത്.ആ കാഴ്ച കണ്ട് സച്ചുവിന്റെയും ചാരുവിന്റെയും ഉള്ള് പിടച്ചു. “ചന്തൂ….. ” പിറകിൽ നിന്നുള്ള ചാരുവിന്റെ വിളികേട്ട് അവൾ വേഗം അവർ കാണാതിരിക്കാനായി വെപ്രാളപ്പെട്ടു കണ്ണ് തുടച്ചു.

“ഞങ്ങള് കണ്ടു….എന്തിനാടാ എപ്പോഴും ഇങ്ങനെ സങ്കടപ്പെടണെ.നിനക്ക് ഞങ്ങളൊക്കെയില്ലേ.ഇപ്പോൾ ദേ വാവേം വരാൻ പോണു.നീ ഇങ്ങനെ നെഞ്ചു നീറി കഴിഞ്ഞാൽ അത് നിന്റെ കുഞ്ഞിനെയാ ബാധിക്കുന്നത്.എത്ര തവണ പറയണം അത്? ഞാൻ പറയാതെ തന്നെ നിനക്കെല്ലാം അറിയാം.പിന്നെന്തിനാ വീണ്ടും ഇങ്ങനെയൊക്കെ.അത് കൊണ്ടാ പറയണേ ഇവിടെ നിൽക്കും തോറും ഓരോരോ ഓർമ്മകൾ നിന്നെ വേട്ടയാടും.ഇടയ്ക്കൊരു ചേഞ്ച്‌ നല്ലതാണ്.മനസ്സൊന്നു ഫ്രഷ് ആവട്ടെ.” “എനിക്കറിയാം…. ചാരൂ. പക്ഷെ ഇടയ്ക്ക് എനിക്ക് പിടിച്ച് നിൽക്കാൻ പറ്റാത്തപോലെ തോന്നുവാ….തീരെ പറ്റണില്ല.എന്റെ തെറ്റെന്താണെന്നു പോലും പറയാതെ ഉപേക്ഷിച്ചു കളഞ്ഞല്ലോ? ” സങ്കടത്തോടെ കണ്ണു നിറച്ചവൾ പറഞ്ഞു നിർത്തി. “പോവുന്നവരൊക്കെ പോട്ടെ ചന്തു.

എന്നെങ്കിലും അയാൾക്ക് തെറ്റ് മനസ്സിലാവും.ഒന്നുല്ലേലും അയാളുടെ അംശം അല്ലേ നിന്റെയുള്ളിൽ വളരുന്നത്.എന്നെങ്കിലും സത്യമറിയുമ്പോൾ അയാൾക്ക് പിന്നേ സമാദാനം കിട്ടുമെന്ന് തോന്നുന്നുണ്ടോ? മുൻപ് കോളേജിൽ വിവാഹത്തിൽ നിന്നും പിന്മാറണം എന്ന് പറഞ്ഞയാൾ വന്നത് ഓർമയില്ലേ?… എന്നിട്ടെന്തായി ആള് തന്നെ വിവാഹ ശേഷം നിന്നെ ഭാര്യയായി അംഗീകരിച്ചു സ്നേഹിച്ചില്ലേ… അതുപോലെ ഇതും തെറ്റായിരുന്നെന്നു കാലം അയാൾക്ക് തെളിയിച്ചു കൊടുക്കും. ” “ഹേ…. കോളേജിൽ വന്നു വിവാഹത്തിൽ നിന്നും പിന്മാറണം എന്ന് പറഞ്ഞോ? അതെപ്പോ ഞാൻ അറിഞ്ഞില്ലല്ലോ? ” പെട്ടന്ന് സച്ചു രണ്ടാളെയും കൂർപ്പിച്ചു നോക്കി കണ്ണുരുട്ടി ചോദിച്ചപ്പോൾ ചന്തുവും ചാരുവും അവനോട് എന്ത് പറയണമെന്നറിയാതെ കുഴങ്ങി.

“അത് പിന്നേ സച്ചു…. അപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ….” “എപ്പോഴത്തെ…. എന്ത് സാഹചര്യം? ” ഒരു പുരികമുയർത്തി കലിപ്പിട്ടു സച്ചു ചോദിച്ചപ്പോൾ അബദ്ധത്തിൽ ആ കാര്യം പറഞ്ഞു പോയതോർത്ത് ചാരു തലയിൽ കൈ വച്ചു.ചന്തുവും അവന്റെ ഭാവമാറ്റം കണ്ട് ആകെ അസ്വസ്ഥതയിൽ ആയിരുന്നു. “അല്ല സച്ചു…. സാഹചര്യം മീൻസ്…. അന്നത്തെ കല്യാണത്തിരക്കിനിടയ്ക്കു ചിലപ്പോൾ വിട്ടു പോയതാവും. ” “ഉവ്…. എനിക്ക് മനസ്സിലായി.നമ്മൾക്കിടയിൽ ഇതുവരെ രഹസ്യമൊന്നും ഇല്ലെന്നാണ് ഞാൻ കരുതിയത്.പക്ഷെ…. ഇത്…. ഇത് വളരെ ചീപ്പ്‌ ആയി പോയി. ” സച്ചു സെന്റി അടിച്ചു പറഞ്ഞപ്പോളേക്കും ചന്തു ഇരു കൈ കൊണ്ടും മുഖം മറച്ചു തേങ്ങി കരയാൻ തുടങ്ങിയിരുന്നു.

അതോടെ സച്ചുവും ചാരുവും വല്ലാതായി.സച്ചു വേഗം തന്നെ ചന്തുവിന്റെ അടുത്ത് പോയി മുട്ടുകുത്തിയിരുന്നു. “എടാ ചന്തു….ദേ ഇങ്ങോട്ട് നോക്ക്…. ” സച്ചു പതിയെ ചന്തുവിന്റെ മുഖം മറച്ചിരുന്ന കൈകൾ എടുത്തു മാറ്റി.എന്നിട്ടും അവനെ നോക്കാൻ ശേഷിയില്ലാതെ മിഴികൾ താഴ്ത്തി ഇരിക്കുവായിരുന്നു അവൾ. “എടൊ ചന്തപ്പാ…. ഞാൻ ചുമ്മാ പറഞ്ഞതാടോ… എനിക്ക് പിണക്കം ഇല്ലെന്ന് ഞാൻ പറയുന്നില്ല.കഴിഞ്ഞതൊക്കെ ഇനി വീണ്ടും ചികഞ്ഞിട്ടിട്ട് എന്താ പ്രയോജനം. പിന്നേ എന്റെ പിണക്കം മാറ്റണമെന്ന് നിനക്ക് ശെരിക്കും തോന്നുന്നുണ്ടെങ്കിൽ ഞാൻ ഒരു ചാൻസ് തരാം.പകരം ബാംഗ്ലൂരേക്ക് ഷിഫ്റ്റ്‌ ചെയ്യുന്ന കാര്യം നീ സമ്മതിക്കണം.എന്താ…. സമ്മതമാണോ.

” അവളുടെ താടിയിൽ പിടിച്ച് മുഖമുയർത്തി അവൻ ചോദിച്ചപ്പോൾ അവൾ സമ്മതമെന്നോണം തലയാട്ടി. “അപ്പോൾ…. ഇപ്പോൾ ശെരിക്കും പാക്ക് അപ്പ്‌… ” എല്ലാം കണ്ട് സന്തോഷത്തോടെ കയ്യടിച്ചു കൊണ്ട് ചാരു ഉറക്കെ പറഞ്ഞു. “ഹലോ… മാഡം…. അത്രയ്ക്കങ്ങു സന്തോഷിക്കാൻ വരട്ടെ. ഞാൻ ഇവളോടെ ക്ഷമിച്ചുള്ളൂ.നിന്നോട് ക്ഷമിക്കണോ എന്ന് എനിക്ക് രണ്ടാമതൊന്നു കൂടി ആലോചിക്കേണ്ടി വരും. ” “അയ്ശരി…ഇപ്പോൾ നിങ്ങൾ സെറ്റ്… ഞാൻ ഔട്ട്‌.ഇതെവിടുത്തെ നിയമം? ” “ഇവിടിങ്ങനാണ്…. ഭായ്.മോള് നിന്ന് കാലു കഴയ്ക്കാതെ ചെന്നാട്ടെ…. ” സച്ചു ചാരുവിനെ നോക്കി പുച്ഛിച്ചു പറഞ്ഞതും അവൾ വേഗം അവനോട് കലിപ്പിട്ടു നിന്നു. “മോനെ സച്ചൂ…. നിന്റെ മെയിൻ എക്സാമിന്റെ റിസൾട്ട്‌ ആണ് വരാനിരിക്കുന്നത്.ദേ…. ഞാൻ മനസ്സറിഞ്ഞൊന്നു ശപിച്ചാൽ….

” അത്രയും പറഞ്ഞു അവൾ മുഷ്ഠി ചുരുട്ടി അവനു നേരെ കൈ ഉയർത്തിയതും അവൻ ചാടി എണീറ്റ് അവളെ തൊഴുതു… “അയ്യോ ദുഷ്ടേ…. എന്റെ ജീവിതം വച്ച് കളിക്കരുത്.നിന്നോട് ഞാൻ എപ്പഴേ ക്ഷമിച്ചു. ആക്ച്വലി ഇവൾക്ക് മുൻപേ ഞാൻ നിന്നോടാ ക്ഷമിച്ചതു.നിന്റെ ഈ ഐശ്വര്യ പൂർണമായ മുഖത്ത് നോക്കിയാൽ ആർക്കാ പിണങ്ങാൻ തോന്നണേ.നിനക്ക് അഹങ്കാരം വരേണ്ടെന്ന് കരുതി പറയാതിരുന്നതാ… ” “ശെരിക്കും….? ” ചാരു നാണത്തോടെ വിരൽ കൊണ്ട് നിലത്ത് കളം വരച്ചു ചോദിച്ചപ്പോൾ അവളുടെ ഭാവം കണ്ട് ചന്തു പോലും ചിരിച്ചു പോയി. “പിന്നല്ല…. നീ ഐശ്വര്യ ദേവത അല്ലേ…ഈ വീടിന്റെ കേടാ വിളക്ക്…. നാടിന്റെ ഐശ്വര്യം. ” സച്ചു ചന്തുവിനെ നോക്കി കണ്ണിറുക്കി പറഞ്ഞപ്പോൾ ചാരു സന്തോഷത്തോടെ ചന്തുവിനെ വന്ന് കെട്ടിപിടിച്ചു. “താങ്ക് യു ചന്തു…..

നീ സമ്മതിച്ചല്ലോ… സന്തോഷായി. ” “എങ്കിൽ പിന്നേ ഞാനും… ” സച്ചുവും അവരുടെ കൂടെ കൂടി കെട്ടിപ്പിടിച്ചു. “എങ്കിൽ പിന്നേ ഞാനും… ” മുറിക്കു പുറത്ത് വാതിലിന്റെ മറവിൽ ടീച്ചറമ്മയോടൊപ്പം ചന്തുവിന്റെ മറുപടിക്കായി കാതോർത്തിരുന്ന ലച്ചുവും ഓടി വന്നു അവരോടൊപ്പം കൂടി മൂന്നാളെയും ഇറുകെ പുണർന്നു.ആ ചിത്രം കണ്ടു നിൽക്കെ കൺകോണിൽ ഉരുണ്ടു കൂടിയ നീർതുള്ളിയെ ടീച്ചറമ്മ സന്തോഷത്തോടെ സാരിത്തലപ്പെടുത്തു തുടച്ചു കളഞ്ഞു. രണ്ടാഴ്ച കൊണ്ട് സച്ചുവും ചാരുവും ചേർന്ന് അവർക്ക് പോകാനുള്ള ഒരുക്കങ്ങൾ ഒക്കെ ചെയ്തു തീർത്തു.മൂന്നാമത്തെ ആഴ്ച വീക്ക്‌ എൻഡ് ഹോളിഡേ കഴിഞ്ഞ് ചാരു തിരിച്ചു പോകുമ്പോൾ ബാക്കി മൂന്നുപേർ കൂടി താൽക്കാലികമായി നാടിനോട് വിട പറഞ്ഞു ബാംഗ്ലൂർ നഗരത്തിലേക്ക് ചേക്കേറി.

പതിവ് ജീവിതത്തിനു ചെറിയൊരു മാറ്റം വന്നതോടെ ചന്തു കുറച്ചൊക്കെ ഉന്മേഷവതിയായിരുന്നു.എങ്കിലും ഇടയ്ക്ക് എല്ലാവരുടെയും കണ്ണൊന്നു തെറ്റുന്ന ഇടവേളകളിൽ കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്തു ഇടയ്ക്കവൾ കണ്ണീർ വാർത്തു.അത് തിരിച്ചറിഞ്ഞെന്നോണം അവളെ മുഴുവൻ സമയവും എൻഗേജിടാക്കി നിർത്താൻ തങ്ങളുടെ ഫ്ലാറ്റിനു തൊട്ടടുത്തുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ അവളുടെ സമ്മതം പോലും ചോദിക്കാതെ ചാരുവും സച്ചുവും പ്ലാൻ ചെയ്ത് ഒരു ആറു മാസത്തെ കമ്പ്യൂട്ടർ കോഴ്സിനു കൊണ്ടു പോയി ചേർത്തു കൊടുത്തു.അവളുടെ സെർടിഫിക്കറ്റ്സ് ഓക്കെ നാട്ടിലെ കോളേജിൽ ആയത് കൊണ്ട് തല്ക്കാലം ഒരു നേരം പോക്ക്…അത്രേ ഉദ്ദേശിച്ചുള്ളൂ. ചന്തു പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും ക്ലാസ്സിൽ പോവാതിരിക്കാനുള്ള വഴിയൊന്നും തെളിഞ്ഞില്ല.

പല ദിവസങ്ങളിലും മടി പിടിച്ചിരിക്കാൻ ശ്രമിച്ചെങ്കിലും ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുന്ന കാര്യത്തിൽ ടീച്ചറമ്മ വളരെ സ്ട്രിക്ട് ആയിരുന്നു.ഇൻസ്റ്റിറ്റ്യൂറ്റിലേക്കു അഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരമേ അവരുടെ ഫ്ലാറ്റിൽ നിന്ന് ഉണ്ടായിരുന്നുള്ളൂ.ഉച്ചവരെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്ത് വളരെ ക്ഷീണിച്ചായിരിക്കും ചന്തു വരുന്നത്.കൂടെ പ്രെഗ്നന്റ് ആയിരിക്കുന്നതിന്റെ അസ്വസ്ഥതകൾ വേറെയും.പിന്നേ റസ്റ്റ്‌ ഓക്കെ എടുത്ത് ഒന്നുഷാറായി വരുമ്പോളേക്കും ചാരുവും ലെച്ചുവും ക്ലാസ് കഴിഞ്ഞു വന്നിരിക്കും അതോടെ അവൾക്കു പഴയ കാര്യങ്ങൾ ഒന്നും തന്നെ ഓർക്കാൻ പോലും നേരമില്ലാതായി. ഇടയ്ക്കൊരു ദിവസം പപ്പാ വിളിച്ചപ്പോൾ H.P വിളിക്കാത്തതിനെക്കുറിച്ചു വല്ലാതെ പരാതി പറയുന്നുണ്ടായിരുന്നു.

H.P യെ വിളിച്ചിട്ട് ഫോണെടുക്കുന്നില്ലെന്നും മെസ്സേജ് അയച്ചിട്ട് റിപ്ലൈ ഇല്ലെന്നും അങ്ങനെ നൂറ് കൂട്ടം പരാതികൾ പറഞ്ഞപ്പോൾ അടുത്തിരുന്നു ശങ്കു മാമ എന്തൊക്കെയോ ആശ്വാസവാക്കുകൾ പറയുന്നുണ്ടായിരുന്നെങ്കിലും അതൊന്നും പപ്പയെ തൃപ്തിപ്പെടുത്തുന്നില്ലെന്നു തോന്നി.ആൾക്ക് ഭയങ്കര തിരക്കാണെന്നും പപ്പയുടെ വിശേഷങ്ങൾ ഓക്കെ ചന്തുവിനോട് ചോദിക്കാറുണ്ടെന്നും പറഞ്ഞപ്പോൾ പപ്പയോടു വീണ്ടും വീണ്ടും കള്ളം പറയുന്നതിൽ അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി….പിടിച്ചു നിൽക്കാൻ വേണ്ടി പലപ്പോഴും പപ്പയുമൊത്തു പരസ്പരം കണ്ടുകൊണ്ടുള്ള സംഭാഷണങ്ങൾ അവൾ പലപ്പോഴും ഒഴിവാക്കിയിരുന്നു.പകരം സന്തോഷം അഭിനയിച്ചു ഫോട്ടോസും വീഡിയോസും ഒക്കെയായി കുഞ്ഞിന്റെ വളർച്ച അറിയാനുള്ള പപ്പയുടെ ആഗ്രഹം സാധിച്ചു കൊടുത്തു.

ഡോക്ടർ റസ്റ്റ്‌ പറഞ്ഞത് കാരണം തല്ക്കാലം കോളേജിൽ പോവാത്തത് പപ്പ അറിഞ്ഞിരുന്നു.അറ്റന്റൻസ് കുറവായതു കൊണ്ടും ഇപ്പോഴത്തെ സെമസ്റ്റർ നല്ലപോലെ കംപ്ലീറ്റ് ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പുള്ളത് കൊണ്ടും താൽക്കാലികമായി ഒരു കമ്പ്യൂട്ടർ കോഴ്സ് ചെയ്യുന്ന കാര്യവും പപ്പയെ അറിയിച്ചു.ചന്തു ഒഴികെ ബാക്കി എല്ലാവരും ആ കാര്യത്തിൽ തൃപ്തരായിരുന്നു.എങ്കിൽ പോലും ചന്തുവിന്റെ പെരുമാറ്റത്തിലെ പൊരുത്തക്കേടുകൾ പലപ്പോഴും തിരിച്ചറിഞ്ഞെന്ന പോലെ ഇടയ്ക്ക് പപ്പ സംസാരിക്കുമായിരുന്നു.കുഴപ്പമൊന്നുമില്ലല്ലോ? എന്ന പപ്പയുടെ പരിഭ്രമത്തോടെയുള്ള ചോദ്യം അവളെ അങ്ങേയറ്റം തളർത്തി.H.P യെ കുറിച്ചുള്ള അന്വേഷണം ഒഴിവാക്കുന്നതിന് വേണ്ടി പലപ്പോഴും രാത്രിയുള്ള സംഭാഷണങ്ങൾ ക്ഷീണമാണെന്ന് പറഞ്ഞു ഒഴിവാക്കി പകരം മിക്കവാറും ക്ലാസ്സിൽ ചെന്നിട്ട് വിളിക്കാൻ തുടങ്ങി.

അങ്ങനെയുള്ളപ്പോൾ പലപ്പോഴും ക്ലാസ്സ്‌ നടക്കട്ടെയെന്നു പറഞ്ഞു പപ്പ തന്നെ സംഭാഷണം മുറിക്കുമായിരുന്നു.ഇതിന്റെയൊക്കെ ഇടയിലും പപ്പയുടെ കണ്ണ് വെട്ടിച്ചു വിളിച്ച് ശങ്കുമ്മാമ നേരായ വിവരങ്ങൾ ഓക്കെ അറിഞ്ഞു പൊന്നു. ****** ദിയ വീട്ടിൽ തിരിച്ചെത്തിയതിനു ശേഷം അന്നാദ്യമായിട്ടായിരുന്നു കിച്ചുവും വീട്ടിലേക്കു ചെന്നത്.അത്രയും ദിവസം അവനെ ഒരു നോക്ക് കാണുവാനും കാലിൽ വീണ് ക്ഷമചോദിക്കുവാനും കാത്തിരിക്കുകയായിരുന്നു അവൾ.അങ്ങനൊരു രംഗം മുൻപേ പ്രതീക്ഷിച്ചതിനാലും അത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നതിനാലും അവൻ പരമാവധി അവർ രണ്ടാളും ഒറ്റയ്ക്കാവുന്ന സന്ദർഭങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രമിച്ചു പൊന്നു.ആദ്യമൊക്കെ അതത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് അവൻ തന്നെ മനഃപൂർവം അകറ്റി നിർത്തുകയാണെന്ന ചിന്ത അവൾക്കും വേദനയുണ്ടാക്കി.

രണ്ടു ദിവസം മുഴുവൻ കിണഞ്ഞു ശ്രമിച്ചിട്ടും അവനെ അടുത്ത് കിട്ടാത്തതിനാൽ അന്ന് രാത്രി തന്നെ അവളവനെ കാണാനായി മുറിയിലേക്ക് ചെന്നു.പതിയെ അവന്റെ മുറിയ്ക്ക് മുൻപിലേക്ക് ചെന്ന് ചാരിയിട്ട വാതിൽ തള്ളി തുറക്കുമ്പോൾ അവനെ അങ്ങനെ അഭിമുഖീകരിക്കാൻ അവൾക്കും പെട്ടന്നൊരു മനപ്രയാസം ഉണ്ടായിരുന്നു.മുറിയിലേക്ക് കടക്കുമ്പോൾ തന്നെ കട്ടിലിൽ എന്തോ ഒരു വലിയ ബുക്ക്‌ എടുത്ത് വയ്ച്ചു വായിക്കുന്ന കിച്ചുവിനെയാണ് കണ്ടത്.ബുക്കിന്റെ പുറം ചട്ടയിലുള്ള സ്റ്റെതസ്കോപ്പിന്റെ ചിത്രം കണ്ടപ്പോൾ അവൻ കാര്യമായിട്ടെന്തോ പഠിക്കുകയാണെന്നു അവനു മനസ്സിലായി.റൂമിലെ കാൽപ്പെരുമാറ്റം കെട്ടിട്ടാണ് പെട്ടന്ന് തന്നെ അവൻ തിരിഞ്ഞു നോക്കിയത് എങ്കിലും ദിയയെ കണ്ടപ്പോൾ അങ്ങനൊരു വരവ് പ്രതീക്ഷിച്ചെന്ന പോലെ അവന്റെ മുഖത്ത് യാതൊരുവിധ ഭാവ വ്യത്യാസങ്ങളും ഉണ്ടായിരുന്നില്ല.

ദിയയ്ക്കാണെങ്കിൽ ഇങ്ങനെ എവിടെ പറഞ്ഞു തുടങ്ങണം എന്നൊരു ധാരണയും ഇല്ലായിരുന്നു. “കിച്ചുവേട്ടൻ….തിരക്കിലാണോ? ” വല്ലാത്തൊരു പരുങ്ങലിൽ അവൾ ചോദിക്കുമ്പോൾ എന്തിന്റെ മുന്നൊരുക്കമാണതെന്നു അവനു നല്ല നിശ്ചയം ഉണ്ടായിരുന്നു. “അല്ല…. എന്തെ? നിനക്ക് വല്ല ആവശ്യവും ഉണ്ടോ? ” “അത്……അത്….. ഞാൻ…. എനിക്ക്…… ” അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ വാക്കുകൾ കിട്ടാതെ അവൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. “ഒരു മാപ്പ് പറച്ചിലിനുള്ള മുന്നൊരുക്കമാണെങ്കിൽ അത് വേണ്ടാ….. വല്ലാതെ വൈകിപോയി ദിയ….” താൻ മനസ്സിൽ കരുതിയത് എടുത്തടിച്ച പോലെ അവൻ പറഞ്ഞപ്പോൾ അവളും പെട്ടന്ന് പതറി പോയിരുന്നു. “കിച്ചുവേട്ടൻ എന്നോട് ഒരിക്കലും ക്ഷമിക്കില്ലെന്നാണോ? എനിക്ക് മാപ്പ് തരില്ലെന്നാണോ? ”

പറഞ്ഞു നിർത്തുമ്പോൾ ഉള്ളിലുള്ള സങ്കടം വാക്കുകളിലേക്കിരച്ചെത്തി അവളുടെ ശബ്ദം നേർത്തു പോയിരുന്നു. “ഞാൻ ക്ഷമിച്ചതു കൊണ്ടോ….ക്ഷമിക്കാതിരുന്നത് കൊണ്ടോ ഒരു മാറ്റവും ഇനി സംഭവിക്കില്ല.പിന്നേ നിന്നോട് കഴിഞ്ഞതൊക്കെ മറന്നു… സാരമില്ല എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിക്കാനൊന്നും എനിക്ക് വയ്യ.ഞാനും വിചാരങ്ങളും വികാരങ്ങളും ഒക്കെയുള്ള ഒരു മനുഷ്യനല്ലേ?” ഒരു വികാരവും കാട്ടാതെ അവൻ പറഞ്ഞു നിർത്തുമ്പോളെക്കും ഉള്ളിലുള്ള സങ്കടമൊക്കെ പൊന്തി വന്ന് ആർത്തലച്ചു പെയ്തു പോയിരുന്നു അവൾ. “അപ്പോൾ ഇനിയൊരിക്കലും ക്ഷമിക്കാനാവാത്ത വിധം എന്നോട്…..എന്നോട് ദേഷ്യമാണല്ലേ.അത്രയ്ക്ക് വെറുത്തു പോയല്ലേ ? ”

അവൾ വേദനയോടെ കരഞ്ഞു വിളിച്ചു ചോദിച്ചപ്പോൾ അവന്റെ മുഖത്ത് പുച്ഛം കലർന്ന ഒരു ചിരി ഉണ്ടായിരുന്നു. “നിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഞാൻ ആൾറെഡി തന്നു കഴിഞ്ഞെന്നാണ് എന്റെ വിശ്വാസം. ” അത്രയും ബുക്കുമെടുത്തു പെട്ടന്ന് മുറിവിട്ട് പുറത്തേക്ക് പോകുമ്പോൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു കൊണ്ട് നിലത്തേക്കൂർന്നു വീഴുന്ന ദിയയെ അവൻ ഒരു നോക്ക് കണ്ടിരുന്നു. രാത്രി ഒരുവിധം കരച്ചിലടക്കി ശാന്തമായി സ്വൊന്തം മുറിയിലേക്ക് ദിയ മടങ്ങി പോയെന്ന് ഉറപ്പ് വരുത്തിയിട്ടാണ് അവൻ മുറിയിലേക്ക് ചെന്നത്.പിറ്റേന്ന് ദിയ ഉണരുന്നതിനു മുൻപേ അവൻ തിരിച്ചു പോയിരുന്നു.ഒരു തരത്തിൽ അത് ആശ്വാസമായെന്നു അവളും ചിന്തിച്ചു.

പിന്നീടുള്ള ദിവസങ്ങളിലും അവളുടെ ലോകം ആ മുറി തന്നെയായിരുന്നു.അതിനുള്ളിൽ പഴയ നല്ല ഓര്മകളോടൊപ്പം അവൾ സ്വൊയം നശിപ്പിച്ച നല്ല ജീവിതവും ചെയ്തു കൂട്ടിയ അപരാധങ്ങളും ഓർത്ത്‌ നീറി നീറി കഴിച്ചു കൂട്ടി.പലപ്പോഴും H.P വന്ന് ആശ്വസിപ്പിക്കുന്ന കൂട്ടത്തിൽ വല്ലപ്പോഴും H.P യുടെ ഫോണിൽ കിച്ചുവിന്റെ വിളികളും അവളെ തേടിയെത്താറുണ്ടായിരുന്നു.കുഞ്ഞിന്റെ വിശേഷങ്ങൾ ചോദിക്കുന്നതിനൊപ്പം പഠിപ്പ് തുടരണമെന്ന് അവൻ നിര്ബന്ധിക്കുന്നുണ്ടായിരുന്നു.എങ്കിൽ പോലും അവളെക്കുറിച്ചു കൂടുതൽ ഒന്നും ചോദിക്കാതെ കുറഞ്ഞ വാക്കിൽ സംസാരം ഒതുക്കുന്ന അവന്റെ ശീലം അവൾക്ക് വല്ലാത്തൊരു നോവായി.

പതിയെ ഇപ്പോൾ കിട്ടുന്ന പരിഗണന പോലും തനിക്കർഹതയില്ലാത്തതാണെന്നു അവൾ എപ്പോഴും സ്വൊയം ഓർമിപ്പിച്ചു.ക്രിസ്റ്റിയുടെ ഓർമ്മകൾ ഒട്ടും ആഗ്രഹിക്കാത്തത് കൊണ്ടു തന്നെ വയറ്റിലുള്ള കുഞ്ഞിനെ പോലും ഇടയ്ക്കവൾ സ്നേഹിക്കാൻ മടിച്ചു എങ്കിലും ഗർഭിണിയായിരിക്കുന്നതിന്റെ അസ്വസ്ഥതകൾ താനൊരു അമ്മയാണെന്നും ഒരു ജീവൻ തന്റെ വയറ്റിൽ തുടിക്കുന്നുണ്ടെന്നും അവളെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.പോകപ്പോകെ ഉള്ളിൽ നിന്നും അറിയുന്ന തുടിപ്പുകൾ ജീവിക്കണം എന്ന പ്രേരണ അവളിൽ ഉണ്ടാക്കിയിരുന്നു.പതിയെ മുന്പോട്ടുള്ള ജീവിതത്തെക്കുറിച്ച് അവളും ചിന്തിക്കാൻ തുടങ്ങി.ഇതിനെല്ലാമിടയിൽ അവളുൾപ്പെട്ട കേസും കോടതിയിൽ എത്തിയിരുന്നു.

അതോടൊപ്പം തന്റെ ആനിയമ്മയ്ക്ക് സംഭവിച്ച ദുരന്തവും അവൾ അറിയാനിടയായി.എന്തായാലും അറിയും എന്നൊരു ഘട്ടം വന്നപ്പോൾ H.P തന്നെയായിരുന്നു അവളോടത്‌ തുറന്നു പറഞ്ഞത്.ആനിയമ്മ അവൾക്കു ഒരു തീരാവേദന ആയെങ്കിൽ കൂടി അൽഫോൺസിന് അർഹതപ്പെട്ട ശിക്ഷ ലഭിച്ചതിൽ അവൾക്ക് സന്തോഷമുണ്ടായിരുന്നു. ****** സാക്ഷിമൊഴികളുടെ അഭാവം ഉണ്ടായെങ്കിൽ കൂടി ആനിയുടെ കുറ്റസമ്മത മൊഴിയും പോലിസ് ശേഖരിച്ച തെളിവുകളും ആനിയെ പ്രതിസ്ഥാനത്തു നിർത്തുന്നത് തന്നെയായിരുന്നു.എല്ലാം വിശദമായി നോക്കികണ്ടും വിശകലനം ചെയ്തും കോടതിയവർക്ക് ജീവപര്യന്തം വിധിച്ചു.ദിയയുടെ അപേക്ഷ മാനിച്ചു H.P അവർക്ക് വേണ്ടി വാദിക്കാൻ ഒരു വക്കീലിനെ ഏർപ്പാടാക്കി നൽകിയെങ്കിൽ കൂടി കോടതിയിൽ കുറ്റം ഏറ്റുപറഞ്ഞു അവർ ആ ശിക്ഷ സന്തോഷത്തോടെ ഏറ്റുവാങ്ങി. **

ആനി ജയിലിലേക്ക് പോയതിന് പിന്നാലെ H.P യെ പറഞ്ഞു സമ്മതിപ്പിച്ചു ആനിയെക്കാണാൻ ജയിലിലേക്ക് പോയതായിരുന്നു ദിയ.H.P യെ ജയിലിനു പുറത്തു നിർത്തി അവൾ മാത്രം ആനിയെ കണ്ട് സംസാരിക്കാനായി ഉള്ളിലേക്ക് കടന്നു.കാവലിനുള്ള പോലിസുകാരൻ വിവരമറിയിച്ചതിനെ തുടർന്ന് ദൂരെ നിന്നെ ജയിൽ യൂണിഫോം ധരിച്ചു വരുന്ന ആനിയുടെ ചിത്രം ദിയയ്‌ക്കു ഒരു നോവ് തന്നെയായിരുന്നു.കടന്നു പോയ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അത്രമേൽ ക്ഷീണിച് അവശയായിരുന്നു അവർ എങ്കിൽ കൂടെ അവളെ കണ്ടപ്പോൾ അവരുടെ മുഖം വികസിക്കുന്നതും കണ്ണുകൾ തിളങ്ങുന്നതും നോട്ടം പതിയെ ചെറുതായി ഉന്തിയ വയറിലേക്ക് പോവുന്നതും അവൾ നോവോടെ കണ്ടു.

“ആഹാ…. മോളായിരുന്നോ.സാറ് വന്ന് പറഞ്ഞപ്പോൾ ഞാനും കരുതി എന്നെയൊക്കെ കാണാൻ ആര് വരാനാ എന്ന്… ” “ആനിയമ്മ എന്നെ ഇത്ര വേഗം മറന്നോ… ” “ഞാൻ എന്റെ കുഞ്ഞിനെ മറക്കോ.എന്നും ഓർക്കും.എനിക്കിനി ഓർക്കാൻ നീയും കുഞ്ഞുമല്ലേ ഭാക്കിയുള്ളൂ… ” “ആനിയമ്മയ്ക്കു സുഖാണോ? ” “സുഖാണോന്നോ പരമ സുഖം.ഇപ്പഴാ സുഖമെന്ന വാക്കിന്റെ അർത്ഥം പോലും മനസ്സിലാകുന്നത്.കുറെ കാലത്തിനു ശേഷം സമാധാനത്തോടെ ഭക്ഷണം കഴിക്കുന്നത്‌…. ഉറങ്ങുന്നത്…ഏറെ നാളിനു ശേഷം മനസറിഞ്ഞു ഒന്ന് ചിരിച്ചത് പോലും ഇവിടെ വന്നിട്ടാ.എന്നെ പോലെ കുറെ പേരുണ്ട്….സാഹചര്യം കൊണ്ട് മാത്രം ഇവിടെ എത്തിപ്പെട്ടവർ..പാവങ്ങാളാ.

അതൊക്കെ പോട്ടെ മോൾക്ക് സുഖാണോ? ” “മ്മ്മ്….. സുഖം.ആനിയമ്മ പറഞ്ഞത് പോലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലത്തല്ലേ ഞാനിപ്പോൾ.ആനിയമ്മ വിഷമിക്കണ്ട….അധികകാലമൊന്നും ഇതിനകത്ത് കഴിയേണ്ടി വരില്ല.ജയിലിനുള്ളിലെ നല്ല നടപ്പും പെരുമാറ്റ രീതികളും ഓക്കെ മാനിച്ചു ശിക്ഷയിൽ ഉറപ്പായിട്ടും ഇളവുണ്ടാകും എന്നാ വക്കീല് പറഞ്ഞത്.ആനിയമ്മ വരുന്നത് നോക്കി ഞാനും എന്റെ കുഞ്ഞും കാത്തിരിക്കും. ” “അങ്ങനൊക്കെ പറയാൻ എളുപ്പം കഴിയും. മോള് ചെറുപ്പവാ….പിന്നേ കുഞ്ഞും.ഇനിയും ജീവിതം ഒരുപാട് ബാക്കിയുണ്ട്. അതിനെക്കുറിച് ചിന്തിക്കണം.” “ഇല്ല ആനിയമ്മേ…. ആനിയമ്മ ഉദ്ദേശിച്ചത് പോലെ ഒരു ജീവിതം ഇനി ദിയയ്ക്ക് ഉണ്ടാവില്ല.

അത് ഞാൻ എനിക്ക് തന്നെ നൽകുന്ന ഒരു ശിക്ഷയാണ്.പക്ഷെ ഞാൻ ജീവിക്കും ഒറ്റയ്‌ക്ക്.എന്റെ കുഞ്ഞിനു വേണ്ടി.എത്രയും പെട്ടന്ന് കോളേജിൽ പോയി തുടങ്ങണം.അതോടൊപ്പം ഹോസ്റ്റലിലേക്ക് മാറണം.ഹരിയേട്ടനും കിച്ചുവേട്ടനും എന്നെ നന്നായി കെയർ ചെയ്യുന്നുണ്ടെങ്കിൽ കൂടി അവരുടെ സ്നേഹം കാണുമ്പോൾ കുറ്റബോധം കൊണ്ട് നീറുവാ ഞാൻ. ” “അവര് സമ്മതിച്ചോ? പിന്നേ കിച്ചു അവൻ…. ” “ഞാൻ ഇതുവരെ സംസാരിച്ചില്ല.പക്ഷെ ഹോസ്റ്റലിൽ നിൽക്കുന്നത് എതിർക്കുമെന്ന് ഉറപ്പുണ്ടെങ്കിലും എന്തായാലും ഞാൻ സമ്മതിപ്പിക്കും.പിന്നേ കിച്ചുവേട്ടൻ…. ഞാൻ കഴുത്തിൽ കെട്ടിയ താലി വലിച്ചെറിഞ്ഞു ഞാൻ തന്നെയാണ് എല്ലാം അവസാനിപ്പിച്ചത്.

നിയമപരമായി ഇപ്പോഴും ഭാര്യയാണെങ്കിൽ കൂടി മറ്റൊരുത്തന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന എനിക്ക് ആ പേര് പറയാൻ പോലും അർഹതയില്ല. ” പറഞ്ഞു തീർന്നതിനൊപ്പം അവൾ തേങ്ങി കരഞ്ഞു പോയിരുന്നു.ആനിയമ്മയ്ക്കും ആ കാഴ്ച കണ്ട് ഉള്ള് നീറി. “മോളേ…. ” “ഇല്ല ആനിയമ്മേ….ഞാൻ തീരുമാനിച്ചു.ആനിയമ്മ ഇവിടുന്നു പുറത്തിറങ്ങുന്ന അന്ന് നമ്മൾക്ക് ഒരു യാത്ര പോകും.അങ്ങ് ദൂരേയ്ക്ക്.നമ്മളെ അറിയാത്ത….കയ്പ്പേറിയ ഓര്മകളൊക്കെ മായ്ച്ചു കളയുന്ന സുന്ദരമായ ഒരു ജീവിതത്തിലേക്ക്.ഞാനും….ആനിയമ്മേം… പിന്നേ കുഞ്ഞും… എങ്കിൽ ഞാൻ പോട്ടെ? ഹരിയേട്ടൻ കാത്തു നിൽക്കാ.ഇനി എപ്പഴാ കാണാന്ന് അറിയില്ല.വരാൻ നോക്കാം. ” “മ്മ്മ്മ്….പൊയ്ക്കോ. ഇനി വരണ്ട.

ഇങ്ങനൊരവസ്ഥയിൽ വരാൻ പറ്റിയ സ്ഥലമല്ല ഇത്. ” യാത്ര പറഞ്ഞ് ഇറങ്ങുമ്പോളും കണ്ടു മതിയാവാത്ത പോലെ അവർ പരസ്പരം ഇടയ്ക്കിടെ തിരിഞ്ഞു നോക്കി കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു.തിരിച്ചു വീട്ടിലെത്തിയ ഉടനെ തന്നെ ദിയ തന്റെ തീരുമാനം H.P യെ അറിയിച്ചിരുന്നു.ഹോസ്റ്റലിൽ നിൽക്കുന്നതൊഴിച്ചു അവൾ ബാക്കി പറഞ്ഞതെല്ലാം അവൻ അംഗീകരിച്ചു.ഹോസ്റ്റലിൽ നിൽക്കണമെന്ന് അവൾ കടുംപിടിത്തം പിടിച്ചെങ്കിലും H.P യും വിട്ടു കൊടുത്തില്ല.അതിന്റെ പ്രധിഷേധം എന്നോണം അവൾ രാത്രിയിൽ എത്ര നിർബന്ധിച്ചിട്ടും ഭക്ഷണവും മരുന്നും കഴിക്കാതെ ഇരിക്കുമ്പോളാണ് H.P കിച്ചു വിളിക്കുന്നെന്നു പറഞ്ഞു ഫോൺ അവൾക്ക് കൊണ്ടുപോയി കൊടുത്തത്.

H.P കാര്യങ്ങൾ എല്ലാം കിച്ചുവിനോട് പറഞ്ഞിട്ടുള്ള വിളിയാണെന്നു അവൾക്ക് മനസ്സിലായിരുന്നു.ഒരു നിമിഷം സംസാരിക്കാണോ എന്ന് ചിന്തിചെങ്കിലും അടുത്ത നിമിഷം രണ്ടും കല്പ്പിച്ചു അവൾ കാൾ എടുത്തു. “ഹലോ? ” “ആഹ് ദിയ…..ഏട്ടൻ പറഞ്ഞു നീയെന്തോ നിരാഹാര സമരത്തിലാണെന്നു….അത്രയ്‌ക്കൊക്കെ വേണോ? ” “കിച്ചുവേട്ടാ….ഞാൻ…..” “പഠിക്കാൻ പോവുന്നത് നല്ല കാര്യവാ….അറ്റന്റൻസ് ഷോർട്ടേജ് ഉണ്ടാവുമെങ്കിലും നിനക്കീ അവസ്ഥയിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയാവും.പക്ഷെ ഹോസ്റ്റലിൽ നിൽക്കണമെന്ന് എന്തിനാ വാശി? ” “വേണം കിച്ചുവേട്ട…. എനിക്കിവിടെ എന്തോ പറ്റുന്നില്ല. ” “ഒളിച്ചോട്ടമാണോ? ”

“കിച്ചുവേട്ടന് അങ്ങനെയാണ് തോന്നുന്നതെങ്കിൽ അങ്ങനെ….. പക്ഷെ എത്രയൊക്കെ ഒളിച്ചോടിയാലും എന്നും നിങ്ങളുടെ കാൽച്ചുവട്ടിൽ തന്നെയാണ് ഞാൻ എനിക്ക് നൽകിയ സ്ഥാനം.അത്രയ്ക്ക് കടപ്പാടുണ്ട്. ” “മ്മ്മ് ശെരി…നിന്റെ തീരുമാനം അങ്ങനെയാണെങ്കിൽ ഞാൻ എതിർക്കുന്നില്ല.ഏട്ടനോട് ഞാൻ സംസാരിക്കാം. ” അത്രയും പറഞ്ഞു അവൻ കാൾ കട്ട്‌ ചെയ്യുമ്പോൾ ഹൃദയം വിങ്ങിപൊട്ടുന്ന പോലെ തോന്നിയവൾക്കു.ആഗ്രഹിക്കാൻ അർഹതയില്ലെങ്കിൽ കൂടി കിച്ചുവിൽ നിന്നും പോവേണ്ടെന്നൊരു വാക്ക് ഉള്ളിന്റെയുള്ളിൽ അവൾ പ്രതീക്ഷിച്ച പോലൊരു തോന്നൽ.ഫോൺ തിരികെ H.P യ്ക്ക് കൊണ്ടു കൊടുക്കുമ്പോൾ കരഞ്ഞു പോവാതിരിക്കാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു.

തിരികെ വന്ന് ബാത്റൂമിൽ കയറി ഇത്തിരി നേരം കരഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത ഒരു ആശ്വാസം തോന്നി.തണുത്ത വെള്ളത്തിൽ മുഖം കഴുകി തിരിച്ചിറങ്ങുമ്പോൾ അവളെ കാത്തെന്ന പോലെ H.P മുറിയിൽ ഉണ്ടായിരുന്നു. “എനിക്ക് സമ്മതമാണ്.നീ പൊയ്ക്കോ. ഇനി അതിന്റെ പേരിൽ പട്ടിണി കിടക്കേണ്ട.വാ….വന്ന് ഭക്ഷണം കഴിക്കു. ” അവന്റെ പിറകെ ചെന്ന് ഭക്ഷണവും ശേഷം മരുന്നും കഴിച്ച് തിരികെ വന്നവൾ അന്ന് സുഖമായി ഉറങ്ങി.രണ്ടു ദിവസത്തിനുള്ളിൽ കോളേജിലെ പ്രൊസിജിയേർസ് ഓക്കെ തീർത്തു മൂന്നാമത്തെ ദിവസം H.P തന്നെയാണ് പുതിയൊരു ഹോസ്റ്റലിൽ അവളെ കൊണ്ടു പോയി വിട്ടത്.ലഗേജ് എല്ലാം ഇറക്കി ഒതുക്കി വച്ച് തിരികെ പുറപ്പെടാൻ നിൽക്കുമ്പോൾ അവളും യാത്രയാക്കാൻ എന്നോണം അവനെ അനുഗമിച്ചു. “ഏട്ടാ…..താങ്ക്സ്…. ”

അവള് പറയുന്നത് കേട്ട് എന്തിനാണെന്ന അർത്ഥത്തിൽ അവനവളെ മിഴിച്ചു നോക്കി. “നിങ്ങളോട് ഇത്രയൊക്കെ ദ്രോഹം ചെയ്തിട്ടും ഇനിയും സ്വൊന്തമായി കണ്ട് എന്നെയിങ്ങനെ കൂടെ നിർത്തുന്നതിനു…..സംരക്ഷിക്കുന്നതിന്… സ്നേഹിക്കുന്നതിനു. ” അവൾ അത്രയും പറഞ്ഞു കണ്ണ് തുടയ്ക്കുമ്പോൾ അവൻ ശാസനാ ഭാവത്തിൽ അവളെ നോക്കുന്നുണ്ടായിരുന്നു.അത് കണ്ടപ്പോൾ എന്തിനാണെന്ന് മനസ്സിലായെന്നോണം അവൾ ചിരിച്ചു പോയി. “പിന്നേ എനിക്ക് ഒരു കാര്യം കൂടി പറയാൻ ഉണ്ട്.ശെരിക്കും കിച്ചുവേട്ടനോടാണ് പറയേണ്ടത് പക്ഷെ എനിക്കതിനുള്ള ധൈര്യം ഇല്ല? ” “എന്താണ്? ” “കിച്ചുവേട്ടനോട് വീണ്ടും വേറൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ പറയണം.ഏട്ടൻ നിർബന്ധിച്ചാൽ കിച്ചുവേട്ടൻ സമ്മതിക്കും എനിക്കുറപ്പുണ്ട്.

കിച്ചുവേട്ടൻ ഇനിയും ഇങ്ങനെ കഴിയുമ്പോൾ അതിന് കാരണക്കാരി ഞാനാണല്ലോ എന്നോർത്ത് എന്റെ നെഞ്ച് നീറുവാ….ആ ശാപം എന്റെ കുഞ്ഞിന് കൂടി കിട്ടരുത്.ആ മനസ്സിൽ ഇനിയും എനിക്ക് സ്ഥാനമുണ്ടെന്ന് ഓർത്തിട്ടല്ല.എന്റെ ഒരു മനസമാദാനത്തിനു.മറ്റൊരുത്തന്റെ കുഞ്ഞിനെ വയറ്റിലിട്ടു നടക്കുന്ന എനിക്ക് കിച്ചുവേട്ടനോട് ഇത് പറയാൻ ഒരു യോഗ്യതയുമില്ല.അതോണ്ടാ ഏട്ടനോട് പറയുന്നത്.സമ്മതിപ്പിക്കണം. ” അതു പറഞ്ഞ് നിർത്തുമ്പോൾ അവളുടെ മുഖത്തെ ഭാവമെന്തെന്നു മനസ്സിലാവാതെ നോക്കി നിൽക്കുകയായിരുന്നു H.P.മറുത്തൊന്നും പറയാതെ കാർ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ അവൾ ഒരിക്കൽ കൂടി പറഞ്ഞ് തുടങ്ങി… “ഒരു കാര്യം കൂടി ഏട്ടാ….. കിച്ചുവേട്ടൻ മാത്രമല്ല ഹരിയേട്ടൻ കൂടി മുന്പോട്ടുള്ള ജീവിതത്തെ കുറിച് ചിന്തിക്കണം.

ഏട്ടത്തിയെ വിളിച്ചോണ്ടു വരണം. നിങ്ങക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല.എങ്കിലും ഏട്ടത്തി പാവായിരുന്നു.അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടുണ്ടാവില്ല.ഈ ഒരു കാര്യം കൂടി ഏട്ടൻ സാധിച്ചു തരണം. ” അതിനും മറുപടിയില്ലാതെ ഒരു വരണ്ട ചിരിചിരിച്ച് കാറുമെടുത്തു അവൻ പോകുമ്പോൾ കണ്ണിൽ നിന്നും മറയുന്നതു വരെ നിസ്സംഗതയോടെ അവൾ നോക്കി നിൽപ്പുണ്ടായിരുന്നു. ഹോസ്റ്റലിലെ ജീവിതം ശാരീരികമായി അവൾക്ക് ഒത്തിരി അസ്വസ്ഥതകൾ ഉണ്ടാക്കിയെങ്കിലും മാനസികമായി അവൾ ഒത്തിരി മെച്ചപ്പെട്ടു.കുറച്ചു നാളുകൾക്കു ശേഷം ചെറുതായി ഉന്തിയ വയറുമായി രൂപത്തിലും ഭാവത്തിലും വ്യത്യസ്തതയോടെ വന്ന ദിയ കോളേജിൽ ഒരു സംസാര വിഷയം തന്നെയായിരുന്നു.

ആദ്യം അവൾക്കും അതൊക്കെ ബുദ്ധിമുട്ടായെങ്കിൽ കൂടി പതിയെ പഠനത്തിന്റെ തിരക്കുകളിലേക്ക് ശ്രദ്ധ തിരിച്ചു അതൊക്കെയവൾ മനഃപൂർവം അവഗണിച്ചു.ഒരു അവധി ദിവസം ഹോസ്റ്റലിൽ ഇരുന്ന് തന്റെ നോട്സ് തയ്യാറാക്കുമ്പോഴാണ് ഒരു വിസിറ്റർ ഉണ്ടെന്ന് വാർഡൻ വന്ന് പറയുന്നത്. H.P യെ പ്രതീക്ഷിച്ചാണ് അവൾ പോയതെങ്കിലും വന്നത് കിച്ചുവായിരുന്നു.അവനെ പ്രതീക്ഷിക്കാതെ കണ്ടപ്പോൾ പെട്ടന്ന് അവൾക്ക് സന്തോഷം തോന്നൂയെങ്കിലും ഏതോ ഒരോർമയിൽ പെട്ടന്ന് ആ ചിരി മാഞ്ഞു.അപ്പോഴും അവളെ നോക്കി കാണുന്ന കിച്ചുവിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവങ്ങളേതുമില്ലായിരുന്നു. അവൾ അടുത്ത് വന്ന ഉടനെ അവൻ കയ്യിലുള്ള വലിയ പൊതി അവളെ ഏൽപ്പിച്ചു പകരം എന്താണെന്ന ഭാവത്തിൽ അവൾ നോക്കുന്നുണ്ടായിരുന്നു. “കുറച്ചു ഫ്രൂട്സ് ആണ്….. ”

അവൾ ഇരു കയ്യും നീട്ടി അത് വാങ്ങി നെഞ്ചോട് ചേർത്തു പിടിച്ചു.ഇടയ്ക്കെപ്പോഴോ അവന്റെ നോട്ടം അവളുടെ വയറിലേക്ക് പാളി വീണപ്പോൾ രണ്ടു പേരും പറയാൻ ഒന്നുമില്ലാതെ വീർപ്പുമുട്ടി.ചെറിയൊരു മൗനത്തിനു ശേഷം അവൻ തന്നെ വീണ്ടും സംസാരിച്ചു തുടങ്ങി. “ഞാൻ ഒന്ന് നാട്ടിൽ പോവാൻ ഇറങ്ങീതാ അപ്പോൾ വെറുതെ ഈ വഴി വന്നെന്നെ ഉള്ളൂ… ” “നാട്ടിലെന്താ….. ” “ചെറിയൊരു കാര്യം ഉണ്ട്. അതിരിക്കട്ടെ നീ ഏട്ടനോട് എന്റെ കാര്യം എന്തോ പറഞ്ഞു വിട്ടല്ലോ? ” ….തുടരും…..

ഹരി ചന്ദനം: ഭാഗം 45

Share this story