മഹാദേവൻ: ഭാഗം 1

മഹാദേവൻ: ഭാഗം 1

എഴുത്തുകാരി: നിഹാരിക

“ദ്യുതീ ….. വെയ്റ്റ് യാ… ടീ …..നിക്കടി….. ഇവിടെ റോഡൊന്നും ഇല്ലേ? ദേ അപ്പടി ചളിയാ … യൂ ഫൂൾ,.. നീയിങ്ങനെ എക്സ്പ്രസ്സ് വിട്ട പോലെ പോയാൽ ഞങ്ങൾക്ക് ഒപ്പം എത്താൻ പറ്റില്ല!! അല്ലേടി മേഘേ??” പെട്ടെന്ന് ദ്യുതി തിരിഞ്ഞ് നോക്കി….. ചേറു പുരണ്ട വരമ്പത്തുകൂടി ഹീൽസ് ഇട്ട് നടക്കാൻ പറ്റാതെ മേഘയും കൃപയും അതും ഊരി കയ്യിൽ പിടിച്ച് കഷ്ടപ്പെട്ട് വരുന്നുണ്ട്…. എളിയിൽ ഇടതു കൈ കുത്തി, വലതു കൈ കവിളത്ത് കഷ്ടം വച്ച് അവരെ തന്നെ നോക്കി ദ്യുതി…… “എനിക്ക് നടന്ന് ശീലമുണ്ടായിട്ടാണോ ഞാൻ സ്പീഡിൽ നടക്കുന്നേ…..? എല്ലാം ഒരു സ്പോർട്സ് മാൻ സ്പിരിട്ടിൽ എടുക്കണം…

നിങ്ങൾ തന്നല്ലേ പറഞ്ഞേ പ്രകൃതി ഭംഗി ആസ്വദിക്കണം എന്ന്, പിന്നെ റോഡിലൂടെ വന്നാ എങ്ങനാ… ” “അല്ല മോളെ ദ്യുതി…., നീ നിൻ്റെ അമ്മ വീട്ടിൽ വന്നിട്ട് കൊല്ലം ഏഴെട്ട് കഴിഞ്ഞില്ലേ? വഴി മാറീട്ടൊന്നും ഇല്ലല്ലോ?” “ൻ്റെ പന്ത്രണ്ട് വയസിലാ ഞാൻ ഇതിന് മുമ്പ് ഇവിടെ വന്നത്…. ഒന്നും മാറീട്ടില്ല ഇവിടെ…. ഗോവിന്ദൻ ചേട്ടൻ്റെ ചായക്കട , ദാ അതാ…….!. പിന്നെ ചുമന്ന ആമ്പൽ വിടരുന്ന കാര്യക്കുളം….. രാവിലെ ഗോപമാരാര് ഇടയ്ക്കകൊട്ടി ഉണർത്തണ ദേവമംഗലത്തെ തേവര്….. ൻ്റെ അമ്മേടെ ദേവമംഗലം തറവാട് …… പിന്നെ….. പിന്നെ ൻ്റെ അമ്മ ഉറങ്ങണ അവിടത്തെ മണ്ണ് …….”” മിഴിയിൽ ചോദിക്കാതെ ഇടക്ക് വരാറുള്ള നീർത്തുള്ളികളെ മെല്ലെ മറച്ച് നടന്നു നീങ്ങി അവൾ…..”

“ദ്യുതി…… ഇതു മാത്രമല്ലാ എല്ലാം – കാട്ടിത്തരണേ….. എത്ര നാള് കൊണ്ട് കൊതിപ്പിക്കണതാ പെണ്ണ്’… ഈ ചളിയിൽ അങ്ങ് വീണാലും ഐ ജസ്റ്റ് ഡോണ്ട് മൈൻ്റ് ” പറഞ്ഞ് തീർന്നില്ല വഴുക്കി വരമ്പത്ത് സെറ്റിയിൽ ഇരിക്കുന്ന മാതിരി വരമ്പത്ത് ഇരിപ്പുണ്ട് കൃപ….. മേഘയും ദ്യുതിയും കൂടി പൊട്ടി പൊട്ടി ചിരിക്കുന്നുണ്ട്….. ദ്യുതിവേഗം ഒരു കൈ കൊടുത്ത് കൃപയെ എഴുന്നേൽക്കാൻ സഹായിച്ചു. ഡൽഹിയിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ പരിചയപ്പെട്ടതാണ് മൂന്ന് പേരും, മലയാളി കുട്ടികൾ, ഒരു മനസായി കഴിഞ്ഞവർ…. ഇപ്പോ ക്ലാസ് കഴിഞ്ഞപ്പോൾ ദ്യുതിയുടെ അമ്മയുടെ നാട് കണ്ട് നാല് ദിവസം നിന്നിട്ട് പോവാൻ വേണ്ടി വന്നതാണ്….. അവൾ പറഞ്ഞ് കൊതിപ്പിച്ചതെല്ലാം കാണാൻ… ആസ്വദിക്കാൻ ….. ”

ടീ ദ്യുതീ…… നീ പറയാത്തതും ഇവിടെ ഉണ്ടല്ലോ ടീ.. ബ്യൂട്ടിഫുൾ !!.. ” കണ്ണ് മിഴിച്ച് മേഘ പറയുന്നത് കേട്ട് ദ്യുതി അവിടേക്ക് നോക്കി….. വയലിൻ്റെ നടുവിലൂടെ നടന്നു വരുന്നുണ്ട് അയാൾ …… “”” മഹാദേവൻ””” ദ്യുതിയുടെ മുഖം വലിഞ്ഞ് മുറുകി…… ഇഷ്ടമില്ലാത്തതെന്തോ കണ്ട പോലെ അവൾ മുഖം തിരിച്ചു, “ടി… എന്നാ ഗ്ലാമർ ചെക്കനാടി , എന്താ ഇതൊന്നും പറയാഞ്ഞേ?” കൃപ അവളുടെ കൈ പിടിച്ച് വലിച്ച് ചോദിച്ചു, ദ്യുതി ദഹിപ്പിക്കുന്ന ഒരു നോട്ടം കിട്ടിയതും, ഒന്ന് ഇളിച്ച് അവളുടെ കൈ മെല്ലെ വിട്ടു…. കള്ളിമുണ്ടും ചുറ്റി ചെളി പിടിച്ച ബനിയനും ഇട്ട്, മൺവെട്ടിയും തോളിൽ പിടിച്ച് വരുന്നുണ്ട്…… ഇയാള് കുറേ പഠിച്ചയാളാ എന്നൊക്കെയല്ലേ പറഞ്ഞ് കേട്ടത് , പിന്നെ എന്തിനാണിയാൾക്കീ പ്രഹസനം, വൃത്തികെട്ട ജന്തു”””

“നീയെപ്പഴാടീ എത്തീത്?? പറഞ്ഞിരുന്നേൽ വണ്ടി അയക്കില്ലാരുന്നോ?” ഹൈ വോൾട്ടേജ് ശബ്ദം കേട്ട് മേഘ ആവേശഭരിതയായി.. “ഞങ്ങൾ ദേ ഇപ്പ എത്തീതേ ഉള്ളു, ചേട്ടാ…..ഒക്കെ ഒന്ന് കാണാലോ എന്ന് വച്ചാ ഇത് വഴി നടന്നത് ” ചിറി കോട്ടി പുച്ഛത്തോടെ നിന്നവളെ മറികടന്ന് കൃപ ചടിക്കേറി പറഞ്ഞു…. ” ഉം… ” മഹി ഒന്ന് കടുപ്പിച്ച് മൂളിയപ്പോഴേക്ക് ദ്യുതി നടന്നു തുടങ്ങിയിരുന്നു….. ഇത്തിരി നേരം കൂടി കൃപയും മേഘയും മഹിയെ തന്നെ നോക്കി നിന്നു, “ടീ…. ടീ…..ദ്യുതീ….. അതാരാടി ??എന്നാ മുടിഞ്ഞ ഗ്ലാമറാ ൻ്റെ കർത്താവേ ” കൃപയുടെ വായും പൊളിച്ചുള്ള ചോദ്യം കേട്ട് ദ്യുതിക്ക് ശരിക്കും ദേഷ്യം വന്നിരുന്നു, ”

അതാണ് ആ മഹാദേവൻ…. മഹി !! ,എൻ്റെ അമ്മാവൻ്റെ മോൻ …തൂവാന തുമ്പികളിലെ, മണ്ണാറത്തൊടിയിലെ ജയകൃഷ്ണനാന്നാ വിചാരം…” “മഹി…… മഹിയേട്ടൻ .. ഓ…… അപ്പ നിൻ്റെ വുഡ് ബീ…. ” “ദേ മേഘ എന്നെ കൊണ്ടൊന്നും പറയിക്കല്ലേ ?? ഒരു വുഡ് ബീ… ചെറുപ്പം തൊട്ടേ കാണണതേ ദേഷ്യാ എനിക്കയാളെ…. ” ” ഇത്രേം മുടിഞ്ഞ ഗ്ലാമറുള്ള ഒരു മുറചെക്കൻ ഒന്ന് നാട്ടിൽ കിട്ടാനുണ്ടായിട്ടാ നീയാ ജെയ്ൻ നെ പ്രേമിക്കാൻ പോയെ ” മേഘ പറഞ്ഞതും ദേഷ്യത്തിൽ അവളെ ഒന്ന് തിരിഞ്ഞ് നോക്കി ദ്യുതി ചവിട്ടിത്തുള്ളി വേഗം നടന്നു….. ❤❤❤

ടിപ്പുരയിൽ കയറിയതും തെക്കേ തൊടിയിൽ അമ്മയുടെ അസ്ഥിത്തറയിലേക്കാണ് മിഴികൾ പാഞ്ഞത്, അന്നൊരിക്കൽ അമ്മയുടെ കൂടെ വന്നപ്പോൾ അമ്മയുടെ പുറകിൽ നിന്ന് മാറാതെ സാരിത്തുമ്പ് പിടിച്ചായിരുന്നു നടപ്പ്, വല്യ കുട്ടിയായിട്ടും ഇവളെന്താ ദേവി നിൻ്റെ പിന്നിൽ ഒളിച്ച് നിക്കണേ ! എന്ന് അന്ന് അമ്മായി പലവട്ടം ചോദിച്ചിട്ടുണ്ട് ….. അതെ, അമ്മയൊരു മറയായിരുന്നു. വെയില് കൊള്ളാതെ മഴയേൽക്കാതെ, തന്നെ ചേർത്ത് പിടിച്ച മറ….. അത് നഷ്ടപ്പെട്ടിട്ട് പന്ത്രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു, പന്ത്രണ്ട് വർഷം മുമ്പ് , പിന്നെ ഇവിടെ വന്നത് ആംബുലൻസിലാ, ചേതനയില്ലാത്ത അമ്മക്കൊപ്പം ഇരുന്ന്, ഓരോ കരച്ചിലും തൊണ്ടക്കുഴിയിൽ എത്തി പുറത്തേക്ക് വരാതെ തളർന്ന് …… എന്നെ സ്വയം നഷ്ടപ്പെട്ട്…… ഇവിടെ…. ഈ തെക്കേപറമ്പിൽ ഇങ്ങനെ അമ്മയെ ഉറങ്ങാൻ വിട്ട്…

പതിനാറിന് ഒരു ഉരുള ചോറും കൊടുത്ത് ഇറങ്ങിയതാ, പിന്നെ വരുന്നത് ഇന്നാ….. അമ്മയില്ലാത്തിടത്തേക്ക് പോണ്ട എന്ന് അച്ഛനാ പറഞ്ഞത് …. പരസ്പരം കരഞ്ഞും സമാധാനിപ്പിച്ചും കഴിയുകയായിരുന്നു ആ അച്ഛനും മകളും :… പക്ഷെ ഇപ്പോ…. ക്ലാസ് കഴിഞ്ഞപ്പോ അച്ഛനാ നിർബന്ധിച്ചത് ഇങ്ങട് പോരാൻ , മേഴത്തൂർക്ക്…. അമ്മേടെ നാട്ടിലേക്ക്, “അമ്മമ്മേടെ പൊന്നുങ്കുടം വന്നോടാ ??” നിറഞ്ഞ് ഒഴുകിയ മിഴികൾ തുടച്ച് ദ്യുതി ഒന്ന് തിരിഞ്ഞപ്പോൾ കണ്ടു അമ്മൂമ്മ , അടുത്തേക്ക് ഓടി വരുന്നത് , കഴിഞ്ഞ തവണ തന്നെ കാണാൻ ഡല്ലീലേക്ക് വന്നതിനേക്കാൾ ക്ഷീണിച്ചിരിക്കുന്നു …… അമ്മമ്മയെ കെട്ടിപ്പിടിച്ചപ്പോൾ എന്തോ അമ്മയുടെ ഗന്ധം…. ഒരിക്കലും ഇനി തിരിച്ച് കിട്ടാത്ത ആ ഭാഗ്യം ഓർത്ത് മിഴികൾ വീണ്ടു നിറഞ്ഞു, ചങ്ക് നീറിപ്പിടഞ്ഞു, ❤❤❤

ബാഗെല്ലാം ഹാളിൽ വച്ച് പുറത്തുള്ള കുളിമുറിയിൽ പോയി മൂന്നാളും കുളിച്ച് വന്നു, അപ്പഴേക്കുo ചായയും പലഹാരങ്ങളും നിരന്നിരുന്നു…. അമ്മമ്മ കഴിയുന്ന പോലെ ഓരോന്ന് തീറ്റിക്കുന്നുണ്ട്… മതി എന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ ചീത്ത പറഞും കെഞ്ചി പറഞ്ഞും….. ചെറിയ കുഞ്ഞിനോടെന്ന പോലെ….. അമ്മയുള്ളപ്പോൾ അമ്മ ഇങ്ങനായിരുന്നു, ഞാനും അച്ഛനും എത്ര കഴിച്ചാലും അമ്മക്ക് മതിയാവില്ല….. രവിയേട്ടാ ഇതും കൂടി, കുഞ്ഞീ ഇതും കൂടി എന്ന് പറഞ്ഞ് കൂടെ ഇരുന്ന് ഊട്ടും…. അമ്മയില്ലാതായപ്പോ ആ അച്ഛനും മകളും ചുഴിയിലകപ്പെട്ട പോലെയായി….. അമ്മയെ പോലെ ആയില്ലെങ്കിലും എല്ലാം അച്ഛൻ ഏറ്റെടുത്തു. പാവം അമ്മയുടെ കുറവ് നികത്താൻ കഷ്ടപ്പെട്ടു കുറേ ……

ഓർമ്മകൾ എപ്പഴും മിഴി നിറപ്പിക്കും, അമ്മമ്മ കണ്ണ് തുടച്ച് തന്നപ്പഴാ ഇപ്പഴും കരയുകയാ എന്ന് ഓർമ്മ വന്നത്….. ഒരു മങ്ങിയ ചിരി അമ്മമ്മ ക്ക് സമ്മാനിച്ചു, അമ്മായിയും അപ്പുറത്ത് സഹതാപത്തോടെ നോക്കുന്നുണ്ട്…. കൃപയും മേഘയും ഇലയടയും ,അവിലോസ് പൊടിയും, അവൽ നനച്ചതും ഒക്കെ അടിച്ച് കേറ്റുന്നുണ്ട്, ഇടക്ക് ഗ്യാപ്പിൽ ഓരോ ചൂടുള്ള ഉണ്ണിയപ്പവും, ഒക്കെ കഴിഞ്ഞ് എണിറ്റപ്പോൾ അമ്മമ്മ അടുത്തേക്ക് വന്നു, ” ഇനി മക്കള് പോയി കിടന്നോളൂ ഇത്രേം യാത്ര ചെയ്ത് വന്നതല്ലേ? മീര മോളെ ആ മോളിലെ വടക്കേ അറ കാണിച്ച് കൊടുക്കൂ, വല്യ മുറിയാ മൂന്നാൾക്കും ഒപ്പം കിടക്കുകയുo ആവാം ” മീര വേഗം ചിരിച്ച് ദ്യുതിയുടെ അരികിൽ എത്തി, ഒരു മങ്ങിയ ചിരി മാത്രം മീരക്ക് കൊടുത്ത് ദ്യുതി നടന്നു…..

മീരയുടെ മുഖത്ത് ഒരു കുസൃതിച്ചിരി തത്തിക്കളിച്ചു…. അവൾ അവരുടെ കൂടെ ചെന്നു.. പെട്ടെന്ന് മഹി കയറി വന്നു, ദ്യുതിവേഗം ഗോവണി കയറി മോളിലേക്ക് പോയി, കൃപയും മേഘയും മഹിയോട് ചിരിച്ചു, അവൻ തിരിച്ചും, എങ്കിലും കണ്ണുകൾ മുകളിലേക്ക് കേറിപ്പോകുന്ന പെണ്ണിൻ്റെ പുറകേ ചെന്നിരുന്നു, ❤❤❤ മുകളിൽ ബാഗുകൾ കൊണ്ട് വച്ച് ദ്യുതി കുടിക്കാനുള്ള വെള്ളം എടുക്കാനായി താഴേക്ക് വന്നതായിരുന്നു, അപ്പോൾ കേട്ടു മഹാദേവൻ്റെ ഉയരുന്ന ശബ്ദം, “അവളെന്താ അമ്മേ വിരുന്നുകാരിയോ? മീര മോളേ പോലെ തന്നെയാ…. ഈ കുടിച്ചതും കഴിച്ചതും ഒക്കെ ഒന്ന് കഴുകി വച്ചാലെന്താ… ന്നട്ട് വയ്യാത്ത അമ്മയാണോ ഇതൊക്കെ ചെയ്യേണ്ടേ? അതോ ഈ അച്ചമ്മയോ, ?” “മഹിക്കുട്ടാ ഒന്ന് പതുക്കെ പറ,.. ”

അമ്മായി വായിൽ കൈവച്ച് മഹിയേട്ടനോട് പറയുന്നത് ദ്യുതി കേട്ടു, ദേഷ്യം വന്ന് വിറച്ചു ദ്യുതി…. ” ഏട്ടാ ഞാൻ കഴുകിക്കോളാം എന്ന് പറയുന്നുണ്ട് മീര “” ഇത്ര കാലം….. ഇത്ര കാലമായി ഇയാൾക്ക് ഒരു മാറ്റവും ഇല്ലേ? അന്ന് കുഞ്ഞിലേ ഇങ്ങനെയാ…. വെറുതേ വന്ന് അധികാരം കാണിക്കും, ന്നട്ട് അങ്ങനെ വേണം ഇങ്ങനെ ചെയ്യണം എന്നൊരു ഉപദേശവും….. അന്നേ ദേഷ്യാ ഇയാളെ….. വളർന്നപ്പോ കൂടെ വളർന്നു ദേഷ്യവും, ഇയാൾടെ അനിയത്തി ആയതോണ്ട് മീരയുമായി പോലും കൂട്ട് കൂടാറില്ല പണ്ടേ…..

വിരുന്നുകാരി അല്ല പോലും…. പിന്നെ വേലക്കാരി ആണെന്നാണോ ഇയാൾ ധരിച്ചത് !! പല്ലിറുമ്മി നിൽക്കുമ്പോൾ കണ്ടു തറപ്പിച്ച് നോക്കി തോർത്തും തോളിലിട്ട് പോകുന്ന മഹാദേവനെ, കണ്ടതും ദേഷ്യത്തോടെ തല തിരിച്ചു….. അവളെ കടന്നു പോയതും ഗൗരവഭാവം വിട്ട് മഹിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു….. ആർക്കും കാണാൻ കഴിയാത്ത അത്രയും നേർത്ത ഒരു പുഞ്ചിരി…. (തുടരും)

Share this story