സഹയാത്രികയ്ക്കു സ് ‌നേഹ പൂർവം: ഭാഗം 43

സഹയാത്രികയ്ക്കു സ് ‌നേഹ പൂർവം: ഭാഗം 43

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അതൊന്നും കാര്യമാക്കാതെ തന്നെ ആതിര അവളുടെ മാത്രം ലോകത്തായിരുന്നു..അവളുടെ സൂര്യനും അവളും മാത്രമുള്ള ലോകം.. കാതങ്ങൾ അകലെ തന്റെ പ്രണയത്തിന്റെ അവകാശി മറ്റൊരുവളെ അഗാധമായി പ്രണയിക്കുന്നതറിയാതെ ആ പെണ്ണ് തന്റെ സ്വപ്നങ്ങൾ നെയ്തുകൂട്ടുകയായിരുന്നു.. കാലത്തിന്റെ പകിടകളിയിൽ അപ്പോഴും കരുക്കൾ നീങ്ങുകയായിരുന്നു… ആർക്കും വേണ്ടി ആരുടെയും സ്വപ്നങ്ങൾക്ക് വേണ്ടി കാത്തു നിൽക്കാതെ.. എന്നിട്ട്.. ജിഷ്ണുവും വിമലും കിച്ചുവിനെ നോക്കി.. എന്നിട്ടെന്താ.. കിച്ചു കളിയായി ചോദിച്ചു.. ടാ ഊളെ.. ഒരെണ്ണം തന്നാലുണ്ടല്ലോ..

വിമൽ ദേഷ്യത്തോടെ പറഞ്ഞതും കിച്ചു ചിരിച്ചു.. ഈശ്വരാ.. ഇന്നലെ ഒരടി കിട്ടിയതോടെ ഉള്ള കിളി പോയോ.. ജിഷ്ണു ചോദിച്ചു.. കിച്ചു വീണ്ടും ചിരിച്ചു.. നിനക്ക് ചിരി.. അടി കിട്ടിയെന്നറിഞ്ഞപ്പോ രായ്ക്ക് രാമാനം ഓടി വന്നതാ ഞാൻ.. അപ്പോഴാ അവന്റെ കിണി.. വിമൽ പറഞ്ഞു.. എന്റെ വിമലേ അത്രയ്ക്കൊന്നും ഇല്ല.. പിന്നെ ഈ അപകടം കൊണ്ടാകേ പ്രയോജനം ഉണ്ടായത് ഭദ്രയോട് ഒന്നു സംസാരിക്കാൻ പറ്റി എന്നുള്ളതാ.. കിച്ചു പറഞ്ഞു..വിമലും ജിഷ്ണുവും പരസ്പരം നോക്കി.. പ്രേമം മൂത്ത് പ്രാന്തായോ.. ജിഷ്ണു ചോദിച്ചു.. ഇല്ല.. കിച്ചു പറഞ്ഞു.. എന്നിട്ട് ഭദ്ര എന്ത് പറഞ്ഞു.. വിമൽ ചോദിച്ചു..

ഒന്ന് ചിരിച്ചു.. പിന്നെ.. പിന്നെ ദേ ആ ഇരിക്കുന്ന ഫ്രൂട്ട്സ് വാങ്ങി തന്നു.. മേശമേൽ വെച്ചിരിക്കുന്ന ആപ്പിളും മുന്തിരിയും ചൂണ്ടി അവൻ പറഞ്ഞതും ആ ഫ്രൂട്ടിസിലും അവനെനെയും മാറിമാറി ഇതെന്ത് കൂത്ത് എന്ന അർത്ഥത്തിൽ വിമലും ജിഷ്ണുവും നിന്നു.. ഇതാണോടാ പ്രേമം. വിമൽ ചോദിച്ചു.. അതിനാരാ പ്രേമിച്ചൂന്ന് പറഞ്ഞത്.. കിച്ചു ചോദിച്ചു. ഹേ.. അപ്പോ നീ പറഞ്ഞതോ ഭദ്ര രാത്രി മൊത്തം സംസാരിച്ചോണ്ടിരുന്നു..ചിരിച്ചു എന്നൊക്കെ.. ജിഷ്ണു ചോദിച്ചു.. അതിനെന്താ.. ഒന്ന് സംസാരിച്ചാലോ ചിരിച്ചാലോ പ്രേമമാകുമോ… അവൻ പറഞ്ഞു.. ബെസ്റ്റ്.. ജിഷ്ണു വിമലിനെ നോക്കി പറഞ്ഞു..

ഏതായാലും ആ അറുപിശുക്കി ഒരു കൊട്ട ഫ്രൂട്ട്സ് ഒക്കെ വാങ്ങി തന്നത് ഒരത്ഭുതമാട്ടോ.. വിമൽ പറഞ്ഞുകൊണ്ട് അതിൽ നിന്നൊരു ആപ്പിൾ എടുത്തു കഴുകിയശേഷം കടിച്ചു മുറിച്ചു.. മ്മ്.. നല്ല രുചി. വിമൽ പറഞ്ഞു.. കിച്ചു ഒന്നു പുഞ്ചിരിച്ചു.. എന്നാലും ഭദ്രയുമായി രാത്രി മൊത്തം സംസാരിച്ചു എന്നൊക്കെ കേട്ട് ഞാനും കുറെ ആശിച്ചുപോയി കിച്ചുവെ.. ജിഷ്ണു പറഞ്ഞു.. ആ ബെസ്റ്റ്.. അനിയത്തിയെ ഏറ്റവും കൂടുതൽ മനസ്സിലാക്കി എന്നു പറയുന്ന ഏട്ടനാണോ ഈ പറയുന്നത്.. കിച്ചു ചോദിച്ചു.. അത് സത്യമാ.. പക്ഷെ ഒന്നുണ്ട് കിച്ചൂ.. ജിഷ്ണു അവനെ നോക്കി.. തനിക്ക് അവളോടൊരിഷ്ടമുണ്ടെന്ന് അറിഞ്ഞപ്പോ മുതൽ ഞാൻ ആഗ്രഹിക്കുന്നതാ നിങ്ങൾ ഒന്നിക്കാൻ.

ചിലപ്പോ അതുകൊണ്ടാകാം ഈയിടെയായി തന്റെ കാര്യത്തിൽ അവളൊരുപാട് മാറി എന്നെനിക്ക് തോന്നുന്നുണ്ട് . ജിഷ്ണു പറഞ്ഞതും കിച്ചുവും വിമലും പരസ്പരം നോക്കി.. സത്യം പറഞ്ഞാൽ അവളൊന്ന് ചിരിച്ചു കണ്ടിട്ട് കാലങ്ങളായി.. മറ്റുള്ളവരോട് റാഷ് ആയി പെരുമാറുമ്പോഴും ഉള്ളിൽ കരയുന്ന ഒരു മനസ്സുണ്ട് അവൾക്ക്.. അതവൾ ആർക്ക് മുൻപിലും തുറന്ന് കാട്ടാറില്ല.. ആ അവൾ തന്നോട് ഇപ്പൊ കാണിക്കുന്ന അടുപ്പം.. അത് എന്നെയും ഒന്നു മോഹിപ്പിച്ചെഡോ.. ചിലപ്പോ താൻ മുൻപ് പറഞ്ഞപോലീവളെ ഏറ്റവും അടുത്തറിഞ്ഞ ഒരേട്ടന്റെ സ്വാർത്ഥത ആയിരിക്കും..

അവൾ സുരക്ഷിതയായി നല്ലൊരാൾക്കൊപ്പം ജീവിക്കണം എന്ന ആഗ്രഹം.. ജിഷ്ണു പറഞ്ഞതും കിച്ചു അവന്റെ കയ്യിലേക്ക് പിടിച്ചു.. അവർ പരസ്പരം നോക്കി പുഞ്ചിരിക്കുന്നത് നോക്കി വിമൽ നിന്നു.. ആ മനസ്സിലും അപ്പോൾ നിറഞ്ഞു നിന്നത് നിഷ്കളങ്കയായ ഒരു പെണ്ണിന്റെ മുഖമായിരുന്നു.. ഓർമയായി നാൾ മുതൽ തന്റെ ഹൃദയത്തിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞുപോയൊരു മുഖം.. ** കിച്ചൂ.. രാവിലത്തെ സ്ക്യാനിങ്ങും കഴിഞ്ഞു വീട്ടിലെത്തിയ കിച്ചുവിനെ പിടിച്ചു അവന്റെ മുറിവിൽ പതിയെ തഴുകി വേദനയോടെ രാധിക വിളിച്ചു.. എന്റെ അമ്മേ ഒന്നൂല്യ.. ജസ്റ്റ് ഒന്നു വീണതാ.. കിച്ചു പറഞ്ഞു..

പിറകെ വന്ന ജിഷ്ണുവും വിമലും അത് കണ്ടൊന്നു പുഞ്ചിരിച്ചു.. ഡോക്ടർ എന്ത് പറഞ്ഞു.. നീ ഇങ്ങോട്ടിരുന്നെ. ഒത്തിരി നിൽക്കേണ്ട.. രാധിക പറഞ്ഞതും കിച്ചു ചിരിച്ചു. എന്റെ അമ്മേ ഒന്നുമില്ല എനിക്ക്. ഡോക്ടർ നേര് പറഞ്ഞാൽ റെസ്റ്റ് എടുക്കാൻ പോലും എന്നോട് പറഞ്ഞില്ല. സ്ക്യാൻ ചെയ്തു.. ഒരു കുഴപ്പവുമില്ല.. ശെരിക്ക് പറഞ്ഞാൽ ദേ ഈ വിമലിന്റെ നിർബന്ധത്തിനാ സ്ക്യാൻ പോലും ചെയ്തത്.. ഡോക്ടർ അത് പോലും വേണ്ടാന്ന് പറഞ്ഞതാ.. കിച്ചു പറഞ്ഞു.. എന്താണെങ്കിലും കൊള്ളാം.. നല്ല പരുവമായിട്ടുണ്ട്.. ശ്രദ്ധയില്ലല്ലോ.. രാധിക പരിഭവത്തോടെ പറഞ്ഞു.. ഞാൻ ശ്രദ്ധിക്കാഞ്ഞിട്ടൊന്നുമല്ല.. കിച്ചു പറഞ്ഞു.. ഏട്ടാ.. അപ്പോഴേയ്ക്കും ദേവുവും ഓടി എത്തി.. അയ്യോ.. എന്താ പറ്റിയെ..

ദേവു അവനരികിലായി ഇരുന്നു അവന്റെ മുറിവിൽ പതിയെ തൊട്ട് കൊണ്ട് ചോദിച്ചു.. ഒന്നുമില്ലടാ.. ഒന്നു ചെറുതായി വീണതാ.. അവളെ പിടിച്ചു തനിക്കരികിലായി ഇരുത്തിക്കൊണ്ട് അവൻ പറഞ്ഞു.. ഒത്തിരി മുറിഞ്ഞോ..ദേവു ആകാംഷയോടെ ചോദിച്ചു.. ഇല്ലടാ.. ഒരു കുഞ്ഞു മുറിവാ.. അവൻ പറഞ്ഞു.. അവളാ തോളിലേയ്ക്ക് ചാഞ്ഞു.. രാധിക നിറകണ്ണുകളോടെ അവളെ നോക്കി നിന്നു.. വിമലിന്റെയും കണ്ണുകളിൽ അവളെയോർത്തുള്ള വേദന നിറഞ്ഞു.. പ്രതീക്ഷ നിറഞ്ഞു.. പ്രണയം നിറഞ്ഞു.. രാധിക എപ്പോഴോ വിമലിനെ നോക്കിയതും ആ കണ്ണുകളിൽ അലയടിക്കുന്ന പ്രണയം അവർ ശ്രദ്ധിച്ചു..

മനസ്സിൽ വല്ലാത്ത ആധിയോടെ അവർ കിച്ചുവിനെ നോക്കി.. അവനപ്പോഴും ദേവുവിനോട് കിന്നാരം പറയുകയാണ്.. ആ മനസ്സിൽ വല്ലാത്ത ഭയം നിറഞ്ഞു.. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ഇഴയടുപ്പത്തിന്റെ കണ്ണികൾ അറ്റ് പോകുമോ എന്ന ഭയം ആ കണ്ണുകളിൽ നിറഞ്ഞു.. ആ ഭയത്തോടെ അവർ അകത്തേയ്ക്ക് നടക്കുമ്പോൾ ആർദ്രമായ പ്രണയതോടെ വിമലപ്പോഴും ദേവുവിനെ നോക്കി നിൽക്കുകയായിരുന്നു.. **

ദിവസങ്ങൾ കഴിഞ്ഞു പോയി.. കിച്ചു ബിസിനെസ്സ് തിരക്കിലേക്ക് വീണ്ടും തിരിഞ്ഞു.. ജിഷ്ണുവിനെയും വിച്ചുവിനെയും കല്യാണ ദിവസങ്ങൾ അടുത്തടുത്ത് വന്നു.. വീട്ടിൽ ഇടയ്ക്ക് വരുമ്പോഴും കല്യാണ തിരക്കുകൾക്കിടയിൽ ഓടി നടക്കുകയായിരുന്നു കിച്ചുവപ്പൊഴും.. ഭദ്രയെ പലപ്പോഴും അവനു കാണാൻ പോലും കിട്ടാറുണ്ടായിരുന്നില്ല. കല്യാണ തിരക്കുകൾ ആരംഭിച്ചതോടെ ശ്രീമയിയും ശ്രീധരൻ മാഷിന്റെ മറ്റ് സഹോദരങ്ങളും അവരുടെ വീട്ടിലും എത്തിയിരുന്നു.. ജിഷ്ണുവിനൊരു കൂട്ടിനായി പലപ്പോഴും കമ്പനിയിൽ നിന്നും കിച്ചുവും വിമലും ഓരോരുത്തരായി മാറി നിന്നു..

അത് സത്യത്തിൽ ജിഷ്ണുവിനൊരു ആശ്വാസവുമായിരുന്നു.. കിച്ചൂ.. ദിവസങ്ങൾക്ക് ശേഷം ഒന്നിച്ചു വീട്ടിലെത്തിയ സന്തോഷത്തിലായിരുന്നു വിമലും കിച്ചുവും.. വൈകുന്നേരം ബിസിനെസ്സ് സംബന്ധമായ ചില മെയ്ലുകൾ ചെക്ക് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ വിമൽ കിച്ചുവിനടുത്തായി വന്നിരുന്നു വിളിച്ചു.. കിച്ചു കണ്ണുകൾ ഉയർത്തി അവനെ നോക്കി.. എനിക്ക് എനിക്ക് നിന്നോട് അൽപ്പം സംസാരിക്കാനുണ്ട്.. വിമൽ പറഞ്ഞു.. അതിനെന്താ ഒരു മുഖവുരയുടെ ആവശ്യം.. നീ പറയ്.. കിച്ചു ലാപ്പ് മാറ്റി വെച്ചു അവനെ നോക്കി പറഞ്ഞു.. ഒരു സീരിയസ് കാര്യമാ..

വിമൽ പറഞ്ഞു.. അതെന്താ.. കിച്ചു ചോദിച്ചു. എനിക്ക്.. എനിക്കൊരു ഇഷ്ടം.. വിമൽ പറഞ്ഞതും കുസൃതി ചിരിയോടെ കിച്ചു അവനെ നോക്കി.. കുറച്ചായി നിനക്ക് ചില മാറ്റങ്ങൾ ഞാനും കാണുന്നുണ്ട്.. എന്താ മോനെ.. വേഗം പറഞ്ഞോ.. കിച്ചു പറഞ്ഞു.. പിന്നേ.. അങ്ങനെ മാറ്റങ്ങൾ ഉണ്ടെങ്കിൽ നീയെന്താ ചോദിക്കാഞ്ഞത്.. വിമൽ ചോദിച്ചു.. പുഞ്ചിരിയോടെ ആ ചോദ്യം ചോദിക്കുമ്പോഴും അവന്റെ മനസ്സിന്റെയുള്ളിൽ പെരുമ്പറ മുഴങ്ങുകയായിരുന്നു.. ചോദിച്ചിട്ട് പറയുമ്പോഴല്ല.. ചോദിക്കാതെ പറയുമ്പോഴാ സൗഹൃദത്തിന് മാറ്റ് കൂടുന്നത്.. കിച്ചു പറഞ്ഞു.. വിമലും പുഞ്ചിരിച്ചു.. മ്മ്.. പോരട്ടെ..

ആരാ കക്ഷി.. നമ്മുടെ കമ്പനിയിൽ ഉള്ളത് വല്ലോം ആണോ. അതോ കൂടെ പഠിച്ചതോ.. കിച്ചു ആകാംഷയോടെ ചോദിച്ചു.. അത്.. അത് പിന്നെ പറയാം.. വിമൽ പറഞ്ഞു.. അതെന്താ പിന്നത്തേയ്ക്ക് മാറ്റാൻ.. കിച്ചു ചോദിച്ചു.. അത് ഒരു സർപ്രൈസ് ആയിക്കോട്ടെ.. അവൻ പറഞ്ഞു.. പിന്നേ നമുക്കിടയിൽ സർപ്രൈസോ.. കിച്ചു ചോദിച്ചു.. വിമൽ ചിരിച്ചു.. അത് എനിക്ക് അറിയുന്ന ആളാണോ.. കിച്ചു ചോദിച്ചു.. മ്മ്..നന്നായി അറിയുന്ന ആളാണ്.. അവൻ പറഞ്ഞു.. ആഹാ.. കിച്ചു ആകാംഷയോടെ അവനെ നോക്കി..

ആളെ കൂടെ പറയടാ.. വെറുതെ ആളെ വട്ടാകാതെ.. കിച്ചു പറഞ്ഞു.. തൽക്കാലം അതിനുള്ള സമയമായില്ല.. ആദ്യം ഞാൻ ആ ആളോട് എന്റെ ഇഷ്ടം പറയട്ടെ.. ആളുടെ മറുപടി അറിയട്ടെ.. എന്നിട്ട് പറയാം.. വിമൽ പറഞ്ഞു.. അയ്യേ.. നീ ഇതുവരെ പറഞ്ഞില്ലേ.. കിച്ചു ചോദിച്ചു.. ഇല്ലല്ലോ.. അവൻ പറഞ്ഞു.. ഒരു പേടി.. മറുപടി നോ ആയാൽ.. വിമൽ വേദനയോടെ നിർത്തി.. അങ്ങനെയൊന്നും ഉണ്ടാകില്ല.. നിന്നെ ആരാടാ വേണ്ടാന്ന് പറയുക.. അതിനെന്ത് കുറവാ നിനക്കുള്ളത്.. കിച്ചു അവന്റെ വേദന മനസ്സിലാക്കിയെന്നോണം അവനെ ചേർത്തുപിടിച്ചു പറഞ്ഞു.. വിമലാ തോളിലേയ്ക്ക് ചാഞ്ഞു..

ആ മറുപടി എന്തായാലും അത് ഞാൻ അംഗീകരിക്കും കിച്ചൂ.. പക്ഷെ ഒന്നുണ്ട്.. ഈ ജന്മത്തിൽ അവളല്ലാതെ മറ്റൊരു പെണ്ണും ഈ ജീവിതത്തിൽ ഉണ്ടാകില്ല.. വിമൽ പറഞ്ഞതും കിച്ചു അത്ഭുതത്തോടെ അവനെ നോക്കി.. ജീവിതത്തിൽ ആദ്യമായാണ് വിമൽ ഇത്ര ആഴത്തിൽ സംസാരിക്കുന്നത്.. സ്കൂൾ ജീവിതത്തിലോ കോളേജ് ജീവിതത്തിലോ ഒരിക്കൽ പോലും അവനൊരു പെണ്ണിനെ പ്രണയിച്ചിട്ടില്ല. തമാശയ്ക്ക് പോലും ഒരു പെണ്കുട്ടിയെ കുറിച്ചു അവൻ പ്രണയതോടെയോ ആഗ്രഹത്തോടെയോ സംസാരിച്ചിട്ട് പോലുമില്ല..

എന്നും തന്റെ കൂടെ തനിക്കൊപ്പം നടക്കുവാനാണ് അവനാഗ്രഹിച്ചിരുന്നത്.. ആ അവനാണ് ഇത്ര ആഴത്തിൽ പ്രണയത്തെക്കുറിച്ചു തന്നോട് സംസാരിക്കുന്നത്.. ഇത്രമേൽ പ്രണയാതുരനായി വേദനയോടെ സംസാരിക്കുന്നത്.. കിച്ചുവിന്റെ മനസ്സിൽ മുഖമറിയാത്ത ഒരു പെണ്കുട്ടി നിറഞ്ഞു.. വിമലിന്റെ ജീവിതത്തിൽ സന്തോഷം വിടർത്തുന്നവൾ..തനിക്ക് പരിചയമുള്ള പല മുഖങ്ങളും അവന്റെ മനസ്സിലൂടെ പാഞ്ഞു പോയി.. പക്ഷെ അതിൽ ഒരിക്കൽ പോലും അവന്റെ ഹൃദയം കവർന്നവൾ കടന്നുവന്നില്ല.. തന്റെ കൂടിപ്പിറപ്പിന്റെ മുഖം അതിലൊന്നിലും അവൻ കണ്ടില്ല.. കിച്ചു ആലോചനയോടെ ജനാലയ്ക്കരികിൽ ചെന്നു പുറത്തേയ്ക്ക് നോക്കി നിന്നു.

സായം സന്ധ്യ ആകാശത്ത് ചുവപ്പ് വിരിയിച്ച മനോഹരമായ കാഴ്ച അവൻ ആസ്വദിച്ചു നോക്കി നിൽക്കവെയാണ് ഭദ്രയുടെ വീട്ട് മുറ്റത്തായി അവളുടെ കാർ വന്ന് നിൽക്കുന്നതവൻ കണ്ടത്.. ഭദ്രയ്ക്കൊപ്പം കാറിൽ നിന്നിറങ്ങിയ കാളിന്ദിയെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു.. കാറിന്റെ ശബ്ദം കേട്ട് പുറത്തേയ്ക്കിറങ്ങിയ വിച്ചുവും കാളിന്ദിയെ കണ്ട് ഓടിവന്നവളെ വാരിപുണർന്നു.. ഞെക്കിപൊട്ടിക്കേണ്ട.. നിന്റെ കല്യാണം കഴിയുന്നത് വരെ കാളിന്ദി ഇവിടെ കാണും.. ഭദ്രയുടെ വാക്ക് കേട്ട് വിച്ചുവിന്റെ മുഖം വിടർന്നു.. ഇടയ്ക്കെപ്പോഴോ ഭദ്രയുടെ കണ്ണുകൾ ചുറ്റും സഞ്ചരിക്കുന്നതിനിടയിൽ കിച്ചുവിനെ അവൾ കണ്ടു..

അവനായി ഹൃദ്യമായ ഒരു പുഞ്ചിരി അവനായി സമ്മാനിച്ചുകൊണ്ട് കാളിന്ദിയെ കൂട്ടി അകത്തേയ്ക്ക് നടക്കുന്നവളെ നറുപുഞ്ചിരിയോടെ അവനും നോക്കി നിന്നുപോയി.. അപ്പോഴും ഉള്ളിൽ കേട്ട വാക്കുകളുടെ അർത്ഥം തന്റെ മകൾക്ക് നേരെ നീങ്ങുന്നതറിഞ്ഞു ഒരു മാതൃഹൃദയം ആ നാലുചുവരുകൾക്ക് അപ്പുറം തേങ്ങുന്നുണ്ടായിരുന്നു.. നിറഞ്ഞു തുളുമ്പിയ കണ്ണുകൾ അമർത്തിതുടച്ചു താഴേയ്ക്കിറങ്ങുമ്പോൾ അവരുടെ ഉള്ളിൽ എന്തോ തീരുമാനിച്ചുറപ്പിച്ച ഭാവമായിരുന്നു.. ***

മാഷേ.. കണ്ണുകൾക്ക് മീതെ കൈവെച്ചു അരുവിയുടെ കരയിൽ കിടക്കുന്ന കിച്ചുവിനെ പിന്നിൽ നിന്ന് ഭദ്ര വിളിച്ചതും അവൻ കയ്യെടുത്തുമാറ്റി അവളെ നോക്കി.. വീട്ടിൽ കിടക്കാൻ ഒട്ടും സ്ഥലമില്ലേ.. ഭദ്ര പതിവ് ഗൗരവത്തോടെ ചോദിച്ചതും അവൻ ചിരിച്ചു.. വീട്ടിൽ കിടന്നാൽ ഈ അരുവിയുടെ ശബ്ദം കേട്ടിങ്ങനെ കിടക്കാൻ പറ്റുമോ.. അവൻ എഴുന്നേറ്റിരുന്നുകൊണ്ട് ചോദിച്ചു.. അവൾ അവനരികിലായി ഇരുന്നു.. അല്ല.. ഭദ്ര എന്താ ഇവിടെ.. അവൻ ചോദിച്ചു. ഇവിടെ ഒരു നേർച്ചയുണ്ട്.. എന്റെ വിച്ചുവിനായി.. അവൾ പറഞ്ഞു.. അപ്പൂപ്പൻ കാവിലോ.. അവൻ ചോദിച്ചു.. മ്മ്.. അവൾ വേറേതോ ലോകത്തായിരുന്നു എന്നാ മൂളളിൽ നിന്നു അവനു വ്യക്തമായിരുന്നു..

കുറച്ചു സമയം അവളെ ആ ഓർമകളിൽ വെറുതെ വിട്ടുകൊണ്ടവൻ മൗനമായിരുന്നു.. വരുന്നോ.. അവൾ പതിയെ എഴുന്നേറ്റുകൊണ്ട് ചോദിച്ചതും അവനും എഴുന്നേറ്റു..അവർ പതിയെ കാവിലേയ്ക്ക് നടന്നു.. ഞാനിടയ്ക്ക് ഇവിടെ വരാറുണ്ട്.. ഈ അരുവി പലപ്പോഴും എനിക്ക് വല്ലാത്തൊരു ആശ്വാസമാണ്..ഏത് സങ്കടത്തിലും ഒരു വലിയ ആശ്വാസമായി ചിലപ്പോൾ എന്റെ കണ്ണുനീരിന്റെ ഉപ്പ് മറ്റാരും കാണാതെ ഒളിപ്പിക്കാനും എന്റെ സങ്കടങ്ങളുടെ ഭാണ്ഡകെട്ടിനെ ഒഴുകിവിടാനും എന്നെ സഹായിക്കുന്ന എന്റെ നല്ലൊരു സുഹൃത്തിനെ പോലെ.. അവളുടെ ശബ്ദം ഇടറി..

ഭദ്ര മറ്റാരും കാണാതെ കരയുന്നതെന്തിനാ.. കരച്ചിൽ ഒരു ബലഹീനതയായി ആരോ ചിത്രീകരിച്ചിരിക്കുന്നത് കൊണ്ടാണോ.. അങ്ങനെയെങ്കിൽ ആ ചിന്ത ഒഴിവാക്കികൂടെ.. കരയുന്നത് ഒരു കുറവായി കാണേണ്ട കാര്യമില്ലെന്നാ എന്റെ അഭിപ്രായം.. സങ്കടം വരുമ്പോൾ ഒന്ന് കരയുന്നത് ചിലപ്പോൾ നമുക്ക് അത്രമേൽ സമാധാനം കിട്ടാൻ ഉപകരിക്കില്ലേ..പിന്നെന്തിനാ ഇങ്ങനെ എല്ലാം അടക്കിവെയ്ക്കുന്നത്.. അവൻ ചോദിച്ചു.. അവളൊന്നു പുഞ്ചിരിച്ചു.. താങ്ങാൻ ഒരു തോളുണ്ടെങ്കിൽ ചായാൻ ഒരു നെഞ്ചുണ്ടെങ്കിൽ.. വേദനകൾ ഏറ്റ് വാങ്ങാൻ ഒരു ഹൃദയമുണ്ടെങ്കിൽ അതൊക്കെ കൊള്ളാം..

എനിക്ക് അങ്ങനെ ആശ്രയിക്കാൻ ആരുമില്ല.. ഞാനാഗ്രഹിച്ച സമയത്ത്‌ അതെനിക്ക് കിട്ടിയിട്ടില്ല.. ഇപ്പൊ ഞാനത് അവരിൽ നിന്നും പ്രതീക്ഷിക്കുന്നുമില്ല.. അവൾ പറഞ്ഞുകൊണ്ട് അപ്പൂപ്പൻ കാവിനരികിൽ എത്തി.. അവിടെ കൊണ്ടുവെച്ചിരിക്കുന്ന കവറിൽ നിറയെ നാരങ്ങ കണ്ട് കിച്ചുവിന്റെ കണ്ണുകൾ വിടർന്നു.. ഇതെന്താ താൻ ഹോൾസെയിൽ ആയി നാരങ്ങാ കച്ചവടം തുടങ്ങിയോ.. അവൻ ചോദിച്ചു.. ഇല്ല.. ഇതിവിടെ ദീപം കൊളുത്താനാ.. അവൾ പറഞ്ഞുകൊണ്ട് മാറ്റി വെച്ചിരുന്ന പാത്രവും കത്തിയും എടുത്ത് ഓരോ നാരങ്ങാ ആയെടുത്തു മുറിച്ചു പിഴിയാൻ തുടങ്ങി..

കുറച്ചു നേരം നോക്കി നിന്ന ശേഷം ഭദ്ര വെച്ചിരുന്ന കത്തിയെടുത്ത് നാരങ്ങാ മുറിക്കാൻ തുടങ്ങി.. ഇതെന്ത് ആചാരം.. അവൻ മനസ്സിൽ വിചാരിച്ചു.. ഈ കാവിലെ ദേവിക്ക് ഏറെ പ്രിയമാണ് നാരങ്ങാ വിളക്കുകൾ.. മനസ്സിൽ ഉദ്ദേശിക്കുന്ന ആഗ്രഹം പറഞ്ഞു ഇവിടെ നാരങ്ങാ വിളക്ക് നേർന്നാൽ ആ കാര്യം സാധിക്കുമെന്നാ ഇവിടെയുള്ളവരുടെ വിശ്വാസം.. അവന്റെ ചോദ്യം കേൾക്കാതെ തന്നെ അതിനുള്ള മറുപടി അവൾ പറഞ്ഞു.. ഒപ്പം അവൻ മുറിച്ചു വെയ്ക്കുന്ന നാരങ്ങാ അവൾ പിഴിയാനും തുടങ്ങി..

ആഗ്രഹം സാധിച്ചു കഴിഞ്ഞാൽ ഈ കാവ് നിറയെ നാരങ്ങാ വിളക്കുകൾ കൊളുത്തണം ആ നാരങ്ങാ വിളക്കുകൾ തമ്മിൽ നമുക്ക് വേണ്ടി സംസാരിക്കുമെന്നാ വിശ്വാസം..ആ സംസാരം കേട്ട് നമ്മുടെ ആഗ്രഹം ദേവി സാധിച്ചു തരും.. അവൾ പറഞ്ഞതും അവൻ ചിരിച്ചു.. തനിക്കും ഇതിലൊക്കെ വിശ്വാസം ഉണ്ടോ.. അവൻ ചോദിച്ചു.. അതിനു മറുപടിയായി അവൾ ചിരിച്ചു.. മണിക്കൂർ ഇരുന്നാണ് അവൾ ആ നാരങ്ങാ പിഴിഞ്ഞെടുത്തത്.. നാരങ്ങാ മുഴുവൻ മുറിച്ചു രണ്ടാക്കി വെച്ച ശേഷം കിച്ചുവും അവളോടൊപ്പം കൂടി.. സന്ധ്യ ആയപ്പോഴാണ് അവൾ നാരങ്ങാതോട് നിരത്തിവെച്ചു അതിൽ എണ്ണയൊഴിച്ചു തിരിയിട്ട് തെളിയിച്ചത്..

അവളോടൊപ്പം ഓരോ വിളക്കുകളായി തെളിയിക്കുമ്പോഴും കിച്ചുവിന്റെ നോട്ടം ആ പെണ്ണിൽ പലപ്പോഴും തെന്നിവീണു.. വിളക്കുകൾ മുഴുവൻ തെളിയിച്ചു കഴിഞ്ഞപ്പോൾ ഏകദേശം മുഴുവനായി ഇരുട്ട് വീണു കഴിഞ്ഞിരുന്നു.. കൂരിരുൾ ബാധിച്ച കാടിന്റെ നടുവിലായി നിറയെ ദീപം കൊളുത്തിയ കാവ് വല്ലാത്തൊരു അനുഭൂതിയായി കിച്ചുവിന്റെ കണ്ണിൽ നിറഞ്ഞു.. അവൻ ഭദ്രയെ നോക്കി.. ഹൃദ്യമായ ഒരു പുഞ്ചിരിയോടെ അവളാ കാവിനെ നോക്കി നിന്നു.. തനിക്ക് ചുറ്റും പരന്ന ഇരുട്ടിനെ കുഞ്ഞു ദീപങ്ങൾ കൊണ്ടലങ്കരിച്ചു വെളിച്ചമാക്കി മാറ്റിയവളോട് അവനന്ന് ആദ്യമായി അസൂയ തോന്നിപ്പോയി..

ആ ദീപങ്ങൾക്കിടയിൽ നിൽക്കുന്ന അവരെ നോക്കി ആ കൽ വിഗ്രഹം പുഞ്ചിരിച്ചു. അതിലെ ചൈതന്യം അവർക്കായി അനുഗ്രഹം ചൊരിഞ്ഞു.. മറ്റൊരാൾക്കും ദോഷമില്ലാത്ത ഏത് വിശ്വാസത്തെയും വിശ്വസിക്കാം എന്നാണ് എന്റെ പക്ഷം.. എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളത് മനുഷ്യരെയാണ്.. ഇത്രത്തോളം വിശ്വാസ വഞ്ചന ചെയ്യുന്ന ഒരു കൂട്ടർ.. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്നവർ മനുഷ്യരെ കാണൂ.. അവൾ പറഞ്ഞു.. അവൻ മറുപടി പറഞ്ഞില്ല.. ഒരു നിശ്വാസത്തിന്റെ അകലത്തിൽ നിൽക്കുന്ന അവളോട് അവന് വല്ലാത്ത പ്രണയം തോന്നി..

ആ ദീപങ്ങളുടെ പ്രഭയിൽ അവളുടെ മുഖവും മൂക്കിൽ കിടക്കുന്ന മൂക്കുത്തിയും വെട്ടിത്തിളങ്ങി.. മൂകമായ ആ പ്രണയത്തിന് ആ കാവും കാടും നാരങ്ങാ ദീപങ്ങൾക്കൊപ്പം സാക്ഷിയായി.. ഇന്നീ വിശ്വാസത്തെ ഞാനും വിശ്വസിക്കുന്നു.. ആ വിശ്വാസത്തോടെ ചോദിക്കുകയാ തന്നൂടെ ഇവളെ എനിക്ക്.. അവനാ ദീപങ്ങളോട് മൗനമായി ചോദിച്ചു.. അവർ പരസ്പരം നോക്കി എന്തൊക്കെയോ പറഞ്ഞു.. പൊട്ടിച്ചിരിച്ചു.. പിന്നെ കാവിൽ മൗനമായി നിൽക്കുന്ന ആ പെണ്ണിനേയും അവനെയും നോക്കി.. കാറ്റിലുലഞ്ഞു കൊണ്ടവർ പരസ്പരം പുൽകി.. പിന്നെ അവർക്കായി വെളിച്ചം പരത്തി.. ആ കാവിൽ.. ആ കാട്ടിൽ.. ആ ഹൃദയങ്ങളിൽ… **

ഭദ്രയെ ഇപ്പോൾ കാണാൻ പോലും കിട്ടുന്നില്ലല്ലോ.. രാധിക പറഞ്ഞുകൊണ്ട് കിച്ചുവിനുള്ള ഇഡലി പാത്രത്തിലേക്ക് എടുത്തു വെച്ചു.. കല്യാണം ഇങ്ങടുത്തു… ആകെ ഇനി 10,12 ദിവസം കൂടിയല്ലേയുള്ളൂ… അവള് വല്ല തിരക്കിലും ആകും.. കിച്ചു പറഞ്ഞുകൊണ്ട് സാമ്പാർ തന്റെ പാത്രത്തിൽ ഒഴിക്കുന്നതിനൊപ്പം രാധികയുടെയും ദേവുവിനെയും പാത്രത്തിൽ ഒഴിച്ചു.. നീ ഇനി കല്യാണം കഴിഞ്ഞല്ലേ പോകുന്നുള്ളൂ.. രാധിക ചോദിച്ചു.. അയ്യോ.. അത് പറ്റില്ല . എനിക്ക് നാളെ പകല് ചെന്നൈക്ക് പോണം അമ്മേ.. രണ്ടു ദിവസത്തെ ഒരു മീറ്റിങ്.. അത് കഴിഞ്ഞു കമ്പനിയിലും പോയി ഒരു 4 ദിവസം കഴിഞ്ഞു വരാം.

അവൻ പറഞ്ഞു.. ഹാ ബെസ്റ്റ്.. അപ്പൊ കല്യാണം ഇങ്ങെത്തും. രാധിക പറഞ്ഞു.. ജിഷ്ണു നീ ഇന്ന് വന്നാൽ പോകില്ലാന്നും പറഞ്ഞു സന്തോഷിച്ചിരിക്കുകയാ.. രാധിക പറഞ്ഞു.. ഞാൻ ജിഷ്ണുവിനോട് സംസാരിച്ചോളാം.. അവൻ പറഞ്ഞു.. മ്മ്.. അത് നീ എന്തേലും ചെയ്.. പിന്നേ ദേവുവിനെയും കൊണ്ട് മൂപ്പനെ കാണാൻ പോകാനുള്ള സമയമായി.. നീ മറന്നോ. രാധിക ചോദിച്ചു. അതിനിനി 2 ദിവസം കൂടെ ഇല്ലേ.. മറ്റേന്നാൾ വിമൽ വരും.. അവൻ വന്നോളും നിങ്ങളുടെ കൂടെ.. കിച്ചു പറഞ്ഞു.. രാധികയുടെ മുഖം മങ്ങി.. കിച്ചു അത് ശ്രദ്ധിക്കുകയും ചെയ്തു.. എന്താ അമ്മേ.. അവൻ ചോദിച്ചു..

ഹേയ്.. ഒന്നുമില്ല.. അവർ പറഞ്ഞു.. അങ്ങനെ അല്ലല്ലോ.. എന്ത് പറ്റി… മറ്റേത് വിമൽ വരുന്നൂന്ന് കേട്ടാൽ എന്നെക്കാളും സന്തോഷിച്ചിരിക്കുന്ന ആളല്ലേ..കുറച്ചു ദിവസമായി ഈ മാറ്റം ഞാൻ കാണുന്നുണ്ട്.. കിച്ചു പറഞ്ഞു.. അത്.. കിച്ചൂ.. ഞാൻ. ദേവു പ്രായമായ ഒരു കുട്ടിയല്ലേ.. അവളും ഞാനും ഒറ്റയ്ക്കുള്ളിടത്ത് വിമൽ വന്നു നിൽക്കുമ്പോ. നാട്ടുകാര് എന്ത് പറയും.. രാധിക ചോദിച്ചു.. അമ്മയ്ക്ക് എപ്പോ മുതലാ ഇങ്ങനത്തെ ചിന്തയൊക്കെ വന്നു തുടങ്ങിയത്.. കിച്ചു പെട്ടെന്ന് ദേഷ്യത്തോടെ ചോദിച്ചു.. കിച്ചൂ.. ഞാൻ.. ഞാൻ പറയട്ടെ.. രാധിക പറഞ്ഞു.. ഈ കാര്യത്തെപ്പറ്റി ഇനി ഒരു ടോക്ക് വേണ്ട അമ്മേ..

വിമലിനെ എനിക്കറിയാം.. അമ്മയ്ക്കും.. വിമൽ വേറെ ഒരർത്ഥത്തിൽ ദേവുവിനെ നോക്കും എന്നു ആമ്മയ്ക്ക് തോന്നുന്നുണ്ടോ.. നാട്ടുകാര്.. ഈ പറയുന്ന നാട്ടുകാരിൽ ആരുണ്ടായിരുന്നു നമുക്ക് ഒരു വീഴ്ച വന്നപ്പോൾ കൂടെ നിൽക്കാൻ.. അന്നും ഇന്നും എന്റെ നിഴല്പോലെ കൂടെ നടക്കുന്നവനാണ് വിമൽ.. അമ്മയ്ക്കറിയോ കമ്പനിയിൽ നിന്നു ഒരു ദിവസം അവധി കിട്ടിയാൽ അവൻ ഇവിടേയ്ക്കാ ഓടുന്നത്.. പലപ്പോഴും അവന്റെ വീട്ടിലേയ്ക്ക് പോകാറു പോലുമില്ല.. നിങ്ങൾ രണ്ടും ഒറ്റയ്ക്കയതുകൊണ്ടാ അവൻ..ആ അവനെക്കുറിച്ചാണോ അമ്മ പറഞ്ഞത്.. കിച്ചു ദേഷ്യത്തോടെ ചോദിച്ചു..

രാധിക ഒന്നും മിണ്ടിയില്ല.. നാട്ടുകാരല്ലല്ലോ നമുക്ക് ചിലവിനു തരുന്നത്.. ഈ ചിന്തയും മനസ്സിൽ വെച്ചിട്ട് അവനോട് പെരുമാറരുത്.. അത്രേ എനിക്ക് പറയാനുള്ളു.. കിച്ചു അതും പറഞ്ഞു എഴുന്നേറ്റപ്പോഴും ഒന്നും മനസ്സിലാകാതെ ദേവു രാധികയെയും അവനെയും നോക്കുന്നുണ്ടായിരുന്നു.. കൈ കഴുകിക്കൊണ്ട് നിൽക്കുമ്പോഴാണ് കോളിങ് ബെല്ലിന്റെ ശബ്ദം കിച്ചു കേൾക്കുന്നത്.. അവൻ രാധികയെ ഒരിക്കൽക്കൂടി നോക്കിക്കൊണ്ട് ചെന്നു വാതിൽ തുറന്നു. മുൻപിൽ നിൽക്കുന്ന ആളെ കണ്ടതും അത്ഭുതത്തോടെ അവന്റെ കണ്ണുകൾ വിടർന്നു……തുടരും

സഹയാത്രികയ്ക്കു സ്‌നേഹ പൂർവം: ഭാഗം 42

Share this story