ഹരി ചന്ദനം: ഭാഗം 48

ഹരി ചന്ദനം: ഭാഗം 48

എഴുത്തുകാരി: ശ്രുതി കൃഷ്ണ

ചന്തുവിന്റെ തല നിലത്തിടിക്കുന്നതിനു മുൻപേ H.P യുടെ കൈകൾ അവളെ താങ്ങിയിരുന്നു.പെട്ടന്നായിരുന്നു അവളിലെ ഭാവമാറ്റം.ശരീരം ഒന്നാകെ വിറച്ചു കൊണ്ട് കൃഷ്ണമണികൾ മേൽപ്പോട്ടുന്തി വായിൽ നിന്ന് നുരയും പതയും വന്നുകൊണ്ട് വിറയ്ക്കുന്ന അവളെ അയാൾ നെഞ്ചിടിപ്പോടെ ചേർത്തു പിടിച്ചു.ബഹളം കേട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്തേക്കെത്തിയ പലരും കാണുന്നത് ഈ കാഴ്ചയായിരുന്നു.ഒട്ടും താമസിക്കാതെ കൈകളിൽ അവളെ കോരിയെടുത്തു കാറിനരികിലേക്കു ഓടുമ്പോൾ ഇങ്ങനൊരു നിമിഷം സൃഷ്ടിച്ച തന്നെത്തന്നെ H.P സ്വൊയം ശപിച്ചു പോയി.

അയാളുടെ മുഖത്തെ പരിഭ്രമവും പ്രവർത്തിയിലെ പരവേശവും കൊണ്ട് തന്നെ അവളുമായി അത്രയേറെ ആഴത്തിലുള്ളൊരു ബന്ധം അയാൾക്ക്‌ ഉണ്ടെന്ന് അവിടെ എല്ലാവർക്കും മനസ്സിലായിരുന്നു. H.P യുടെ പിറകെ വച്ചുപിടിച്ച ഇൻസ്റ്റിറ്റ്യുട്ടിലെ ആളുകളിൽ നിന്നും ഒരു അധ്യാപകൻ പെട്ടന്ന് മുൻപോട്ട് വന്ന് വണ്ടി ഓടിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു.പെട്ടന്നുണ്ടായ ഷോക്കിൽ H.P യ്ക്കും അതൊരു ആശ്വാസമായിരുന്നു.കൈകൾ ഒഴിവില്ലാത്തതു കൊണ്ട് അയാൾക്ക് കീ പോക്കറ്റിൽ ആണെന്ന് H. P കണ്ണ് കൊണ്ട് കാണിച്ചുകൊടുത്തു.അയാൾ വേഗം കീ എടുത്തു കാറിന്റെ ലോക്ക് നീക്കി H.P ക്ക് കയറാൻ പാകത്തിൽ കാറിന്റെ ഡോർ മലർക്കെ തുറന്നു കൊടുത്തു. പിൻസീറ്റിൽ ചന്തുവിനെ മടിയിലേക്കു കിടത്തി ഇനിയും പിരിയാൻ വയ്യെന്ന വണ്ണം നെഞ്ചോട് ചേർത്ത് പൊതിഞ്ഞു പിടിക്കുമ്പോൾ അവളോടൊപ്പം തന്റെ ശരീരവും വിറയ്ക്കുന്നുണ്ടെന്നു അയാൾക്ക്‌ തോന്നി.

H.P കയറിയ ഉടനെ തന്നെ ഡോർ വലിച്ചടച്ചു കൊണ്ട് ആ അപരിചിതൻ ഡ്രൈവിങ് സീറ്റിൽ ചാടിക്കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. ഒപ്പം കുതിച്ചിരമ്പിക്കൊണ്ട് ആശുപത്രി ലക്ഷ്യമാക്കി ആ കാർ പാഞ്ഞു പോയി.കാറിലിരിക്കുമ്പോൾ H.P യെ മുറുകെ പിടിച്ച കൈകൾക്കൊപ്പം പലപ്പോഴും ചെറിയൊരു മുരൾച്ച അവളിൽ നിന്നും ഉയർന്നു വന്നു.ചെയ്തത് തെറ്റായി പോയെന്ന കുറ്റബോധത്തിൽ അവളുടെ മുഖം നിറയെ ചുംബനങ്ങൾ കൊണ്ടു മൂടുമ്പോൾ നെറ്റിയിൽ നിന്നുതിരുന്ന അവളുടെ രക്തത്തിൽ അയാളുടെ കണ്ണീരിന്റെ ഉപ്പ് കൂടി അലിഞ്ഞു ചേർന്നിരുന്നു.

ഇടക്കൊരു നിമിഷം തന്റെ കുഞ്ഞ് വളരുന്ന അവളുടെ വീർത്തുന്തിയ ഉദരത്തിലേക്കു നോട്ടം പോയപ്പോൾ നിറഞ്ഞു തൂവുന്ന കണ്ണുകൾക്കൊപ്പം ചന്തൂ…. എന്ന് ഭ്രാന്തമായി വിളിച്ച് കൊണ്ട് ഒരു കൈ കൊണ്ട് അവളെ ഒന്ന് കൂടി ഇറുകെ പിടിച്ച് വിറയ്ക്കുന്ന മറുകൈ അവളുടെ ഉദരത്തിലേക്കു ചേർത്തു വയ്ച്ചു. ബാംഗ്ലൂർ നഗരത്തിന്റെ പതിവ് കാഴ്ചയായ ട്രാഫിക് ബ്ലോക്ക് പോലും ഭേദിച്ച് അസാമാന്യ വഴക്കത്തോടെയായിരുന്നു ആ അപരിചിതൻ വണ്ടിയോടിച്ചതു.ഇടയ്ക്കിടെ അയാളുടെ കണ്ണുകൾ വണ്ടിയുടെ മിററിലൂടെ പിന്നിലിരിക്കുന്നവരിലേക്കു ചെന്നുകൊണ്ടിരുന്നു.അവിടെ തന്നെ ജീവിക്കുന്ന ആളായത് കൊണ്ട് വഴിയൊക്കെ അയാൾക്ക് മുൻപേ നിശ്ചയം ഉണ്ടായിരുന്നു.

അവിടെ അടുത്ത് കിട്ടാവുന്ന ഏറ്റവും നല്ല മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ മുൻപിൽ ആയിരുന്നു വണ്ടി ചെന്നു നിന്നത്.വണ്ടിയിൽ നിന്നിറങ്ങിയ ഉടനെ അയാൾ തന്നെയാണ് ഉള്ളിലേക്ക് കയറി കാര്യം വിശദീകരിച്ചതും സ്‌ട്രെച്ചറും കുറച്ചു ആശുപത്രി ജീവനക്കാരുമായി പുറത്തേക്കു വന്നതും.തന്റെ കൈകളിൽ നിന്നും ചന്തുവിനെ വേർപെടുത്തുമ്പോൾ നെഞ്ച് പൊടിയുന്ന പോലെ തോന്നി H.P യ്ക്ക്.ക്ഷീണിച്ചവശയായ അവളെ കിടത്തിയ സ്ട്രെച്ചറിനൊപ്പം കൂടെ ഓടി ചെല്ലുമ്പോൾ രക്തക്കറപുരണ്ട വസ്ത്രത്തോടൊപ്പം പരിഭ്രമിച്ച അയാളുടെ രൂപം കണ്ട് പലരുടെയും രൂക്ഷമായ നോട്ടം കൂടി അവരെ പിന്തുടരുന്നുണ്ടായിരുന്നു.

ചന്തുവിനെ ഐ സി യു വിലേക്കു കയറ്റിയതിനൊപ്പം ഡോക്ടറും ഏതാനും നേഴ്സ്മാരും കൂടി തിടുക്കത്തിൽ ഉള്ളിലേക്ക് കയറി പോയി.അടഞ്ഞ ഡോറിന്റെ ഗ്ലാസ്സിലൂടെ ഒന്നും കാണാൻ വയ്യെങ്കിൽ കൂടി അയാൾ പ്രതീക്ഷയോടെ വെറുതെ നോക്കി നിന്നു എന്നിട്ടും സമാദാനം ഇല്ലാതെ ആ വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വേഗത്തിൽ നടക്കുന്നുണ്ടായിരുന്നു.ഇത്തിരി കഴിഞ്ഞ് ഡോക്ടർ പുറത്ത് വന്നപ്പോളാണ് അയാളാ നടപ്പ് അവസാനിപ്പിച്ചത്. “ഡോക്ടർ…. എന്റെ ചന്തു….. അവൾക്കെങ്ങനെയുണ്ട്…. ” “ഇപ്പോൾ ഫിക്സ് ആയിട്ട് കൊണ്ട് വന്ന കുട്ടിയല്ലേ? നിങ്ങൾ ആ കുട്ടീടെ? ” “ഹസ്ബൻഡ് ആണ്…. ” “ഓക്കേ….ആ കുട്ടി ജെസ്റ്റേഷണൽ ഹൈപ്പർ ടെൻസിവ് ആണ്.

അതായത് ഗർഭകാലത്ത് മാത്രം ചിലർക്ക് B.P ഉണ്ടാവും.സൊ ഇപ്പോൾ ബിപി കൂടുവാൻ മാത്രം തക്കതായ എന്തോ സംഭവിച്ചിട്ടുണ്ട് അതാണ്‌ പെട്ടന്ന് ഫിക്സ് വന്നത്.ഇതൊക്കെ ഇതുവരെ കൺസൾട്ട് ചെയ്തു കൊണ്ടിരുന്ന ഡോക്ടർ പറഞ്ഞിട്ടുണ്ടാവുമല്ലോ.പിന്നേ എന്ത് കൊണ്ടാണ് നിങ്ങൾ ഒരു ശ്രദ്ധയും ഇല്ലാതെ ഇത്രയും ഇറെസ്പോൺസിബിൾ ആയി ബീഹെവ് ചെയ്തത്.? ” ഡോക്ടർ ദേഷ്യത്തോടെ പറയുമ്പോൾ കുറ്റബോധം കൊണ്ട് H.P യുടെ തല താഴ്ന്നു പോയി “ഓക്കേ…. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.ഫിക്സ് ഞങ്ങൾ കണ്ട്രോൾ ചെയ്തിട്ടുണ്ട്.നെറ്റിയിലെ മുറിവ് അത്ര പ്രോബ്ലം ഇല്ല.മൂന്ന് സ്റ്റിച്ച് ഇട്ട് ഡ്രസ്സ്‌ ചെയ്തിട്ടുണ്ട്.ഫീറ്റസിന് ഒരു തേർട്ടി ഫൈവ് വീക്ക്‌സ്‌ വളർച്ച ആയി.ബട്ട്‌ ഇനി ഈ കണ്ടിഷനിൽ ഇങ്ങനെ വായ്ച്ചോണ്ടിരിക്കാൻ കഴിയില്ല എത്രയും പെട്ടന്ന് ഓപ്പറേഷൻ നടത്തണം.

ഞങ്ങൾ സി സെക്ഷനുള്ള പ്രീപെറേഷൻസ് തുടങ്ങി കഴിഞ്ഞു.ബാക്കി നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളും ഓപ്പറേഷനുള്ള സമ്മത പത്രവും നേഴ്സ് വിശദീകരിച്ചു തരും. ” അത്രയും പറഞ്ഞു ഡോക്ടർ വേഗത്തിൽ നടന്നു പോയി.ഉടനെ തന്നെ ചന്തുവിനെ ഡ്രസ്സ്‌ ഓക്കെ ചേഞ്ച്‌ ചെയ്ത് സ്ട്രെറ്ച്ചറിൽ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റാനായി പുറത്തേക്കു കൊണ്ടു വന്നു.സ്ട്രെറ്ച്ചറിന് പുറകെ പോവുമ്പോൾ വേഗത്തിൽ നടക്കുവാൻ ശക്തിയില്ലാതെ കാലുകൾ തളരുന്ന പോലെ തോന്നി H.P യ്ക്ക്.ഓപ്പറേഷന് വേണ്ടിയുള്ള സമ്മതപത്രത്തിൽ ഒപ്പിടുമ്പോൾ അതിൽ എഴുതിപ്പിടിപ്പിച്ചതൊന്നും വായിക്കാൻ കഴിയാത്ത വിധം വീണ്ടും വീണ്ടും കണ്ണ് നിറഞ്ഞു വരുന്നുണ്ടായിരുന്നു.

നേഴ്സ് തിരികെ പോയപ്പോൾ ഒട്ടും സമാദാനമില്ലാതെ കൈകളിൽ തല താങ്ങിക്കൊണ്ട് അയാൾ അടുത്ത് കണ്ട ചെയറിലേക്കു തളർന്നിരുന്നു.കൂടെ വന്നിരുന്ന ആൾ അപ്പോഴേക്കും ആശ്വസിപ്പിക്കാനെന്ന വണ്ണം ചുമലിൽ കൈ ചേർത്ത് വച്ചു കൂടെയിരുന്നു എങ്കിലും അതൊന്നും ഉൾക്കൊള്ളാൻ കഴിയാത്ത വണ്ണം H. P വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു.ഇടയ്ക്ക് ഫോൺ റിങ് ചെയ്തപ്പോൾ വെപ്രാളപ്പെട്ട് കാൾ അറ്റൻഡ് ചെയ്തു.കാര്യങ്ങൾ എന്തായെന്ന് അറിയാൻ വേണ്ടി കിച്ചുവായിരുന്നു വിളിച്ചത്.നടന്ന സംഭവങ്ങൾ ഒക്കെ എങ്ങനെയോ അവനോട് വിശദീകരിച്ചപ്പോൾ ഉടനെ തന്നെ വരാമെന്ന് പറഞ്ഞവൻ ഫോൺ വയ്ച്ചു.എന്നിട്ടും സമാധാനമില്ലാതെ അയാൾ സ്വൊന്തം മുടിയിൽ പിച്ചിപ്പറിച്ചു കൊണ്ട് ഭ്രാന്തനെ പോലെ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.

ഇത്തിരി കഴിഞ്ഞപ്പോൾ ടീച്ചറമ്മയെയും കൂട്ടി കിച്ചു വന്നു.ടീച്ചറമ്മയുടെ രൂക്ഷമായ നോട്ടം തനിക്ക് നേരെ വന്നതും H.P ദയനീയമായി അവരെ ഒന്നു നോക്കി.തന്റെ ആശ്വാസ വാക്കുകൾ ഒന്നും തന്നെ ഏട്ടനെ സമാദാനിപ്പിക്കാൻ തികയില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് കിച്ചു അല്പം മാറി നിന്നു.അതിനിടയിൽ അവരെ ഹോസ്പിറ്റലിൽ എത്തിച്ച ആളെ പരിചയപ്പെട്ട് കാര്യങ്ങൾ ഒന്ന് കൂടി വിശദമായി ചോദിച്ചറിഞ്ഞു ഒപ്പം ബന്ധുക്കൾ വന്ന ആശ്വാസത്തിൽ എല്ലാവരോടും യാത്ര പറഞ്ഞ് അയാൾ തിരിച്ചു പോയി.സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു ഒപ്പം തിയേറ്ററിന് പുറത്ത് അക്ഷമരായി നിൽക്കുകയായിരുന്നു എല്ലാവരും.ഇത്തിരി സമയങ്ങൾക്ക് ശേഷം ഡോക്ടർ തിയേറ്ററിൽ നിന്നും ഇറങ്ങി വന്ന് എല്ലാവരെയും ആ സന്തോഷ വാർത്ത അറിയിച്ചു. “ഡെലിവറി കഴിഞ്ഞു. പെൺകുഞ്ഞാണ്.

അമ്മയ്ക്കും കുഞ്ഞിനും കുഴപ്പമൊന്നും ഇല്ല.ഡെലിവറി അല്പം നേരത്തെയായെങ്കിൽ കൂടി കുഞ്ഞ് ഹെൽത്തി ആയതിനാൽ വേറെ പ്രോബ്ലം ഒന്നുമില്ല.ചന്ദനയെ ഇന്ന് ഐ. സി. യു വിൽ ഒബ്സെർവഷനിൽ കിടത്താം നാളെയെ റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്യൂ.” ഡോക്ടറുടെ വാക്കുകൾ എല്ലാവർക്കും ആശ്വാസം നൽകി ഒപ്പം H. P യ്ക്ക് സ്വൊർഗം പിടിച്ചടക്കിയ പ്രതീതി ആയിരുന്നു.താൻ ഒരച്ഛനായിരിക്കുന്നു….സ്വൊന്തം ചോരയിൽ ഒരു കുഞ്ഞ് പിറന്നിരിക്കുന്നു. സന്തോഷം കൊണ്ട് മതിമറന്നു നിൽക്കുന്ന H. P യെ കിച്ചു വന്ന് കെട്ടിപ്പിടിച്ചു. “കൺഗ്രാട്സ്‌ ഏട്ടാ…. അങ്ങനെ ഞാൻ ഒരു കൊച്ചച്ചനായി.” ഡോക്ടർക്ക് പിന്നാലെ വെള്ളത്തുണിയിൽ ഒരു പിഞ്ചോമനയെ നേഴ്സ് പുറത്തേക്കു കൊണ്ടു വന്നു.

തന്റെ കുഞ്ഞിനെ കാണാനായി H. P യുടെ കാലുകൾ ദ്രുത ഗതിയിൽ നഴ്സിനടുത്തേക്കു സഞ്ചരിച്ചു.കുഞ്ഞിനെ കണ്ട സന്തോഷത്തിൽ അയാളുടെ കണ്ണുകൾ ആനന്ദശ്രുക്കൾ പൊഴിച്ചു.ആള് പുറത്ത് വന്നതൊന്നും അറിയാതെ കൈ ഒക്കെ ചെവിയ്ക്ക് ഇരുവശവും മടക്കി ഉയർത്തി വച്ച് സുഖനിദ്രയിലായിരുന്നു. നേഴ്സ് കുഞ്ഞിനെ H.P യ്ക്ക് നേരെ നീട്ടിയെങ്കിലും പൊടികുഞ്ഞിനെ എടുക്കാനുള്ള പേടികൊണ്ടും വസ്ത്രത്തിലാകെ രക്തക്കറ പടർന്നിരിക്കുന്നത് കൊണ്ടും ഉള്ളിലുള്ള ആഗ്രഹം അടക്കി അയാളൊന്നു ശങ്കിചു. ഉടൻ തന്നെ ടീച്ചറമ്മ ഓടിവന്നു കുഞ്ഞിനെ കൈകളിൽ വാങ്ങി. കണ്ടിട്ടും കണ്ടിട്ടും മതിവരാത്തത് പോലെ H.P തന്റെ പൊന്നോമനയെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു.

മടക്കി വയ്ച്ച കുഞ്ഞിക്കൈ പതിയെ ഉയർത്തി അതിൽ ചുംബിക്കുമ്പോൾ അയാളുടെ കവിളിലൂടെ ചുടുകണ്ണീർ ഒഴുകിഇറങ്ങി വന്നു.എന്ത് കൊണ്ടോ ആ കാഴ്ച ചുറ്റും കൂടി നിന്നവരുടെ കൂടി കണ്ണിൽ നനവ് പടർത്തി.ടീച്ചറമ്മയ്ക്കു പോലും തന്റെ മനസ്സിൽ അയാളോടുള്ള ദേഷ്യം പതിയെ അലിഞ്ഞു പോവുന്നത് പോലെ തോന്നി. ടീച്ചറമ്മ അയാൾക്ക്‌ നേരെ കുഞ്ഞിനെ നീട്ടിയപ്പോൾ ടീച്ചറമ്മയുടെ കൈക്കു മുകളിൽ കൈ ചേർത്തു അയാൾ തന്റെ കുഞ്ഞിനെ ആദ്യമായി എടുത്തു. പതിയെ ആ നനുത്ത നെറ്റിയിൽ കൂടി ചുംബിച്ചപ്പോൾ അച്ഛന്റെ സാന്നിധ്യം അറിഞ്ഞെന്നോണം ആ കുരുന്നൊന്നു ചിണുങ്ങി.കൊച്ചച്ചൻ ആയ സന്തോഷത്തിൽ കിച്ചുവും പതിയെ വന്ന് കുഞ്ഞിക്കയ്യിൽ തലോടി.

അപ്പോഴേക്കും നേഴ്സ് തിരികെ വന്ന് കുഞ്ഞിനെ വാങ്ങി.കുഞ്ഞിനെ കണ്ട നിർവൃതിയിൽ ആശ്വാസത്തോടെ എല്ലാവരും ഒന്ന് നെടുവീർപ്പിടുമ്പോളായിരുന്നു പരിഭ്രമിച്ചു കൊണ്ടു ചാരു അങ്ങോട്ട് കടന്ന് വന്നത്.അവൾ ക്ലാസ്സിൽ ആയിരിക്കുമെന്ന് അറിയാവുന്നതിനാൽ ഹോസ്പിറ്റലിലേക്ക് പോവുന്നതിനിടെ വണ്ടിയിലിരുന്നു ടീച്ചറമ്മ അവൾക്ക് ചന്തുവിന്റെ കാര്യങ്ങൾ മെസ്സേജ് ചെയ്തിരുന്നു.വന്ന ഉടനെ H.P യെയും കിച്ചുവിനെയും കണ്ട് അവൾക്ക് കലി വന്നു ഒപ്പം H.P യുടെ ഡ്രെസ്സിലെ രക്തക്കറ കൂടി കണ്ടതോടെ അവൾക്കു രോഷം അടക്കി നിർത്തനായില്ല. കാറ്റുപോലെ പാഞ്ഞു ചെന്ന് H.P യ്ക്ക് മുൻപിൽ നിന്നപ്പോൾ അവളുടെ പ്രതികരണം അറിയാതെ H.P യും ഒന്ന് പകച്ചു.

“മതിയായില്ലേ നിങ്ങൾക്ക്…. അവൾക്ക് ഒരു സ്വസ്ഥതയും കൊടുക്കില്ലെന്നു തീരുമാനിച്ചിറങ്ങിയതാണോ?” താൻ എന്ത് ന്യായം പറഞ്ഞാലും ചാരുവിന് മുൻപിൽ പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് അറിയാവുന്നതിനാൽ H.P മൗനം പൂണ്ടു. “ചാരു….. ഏട്ടൻ…” കിച്ചു എന്തോ സമാദാനം പറയാനാഞ്ഞതും ചാരു കൈകൾ ഉയർത്തി അത് തടഞ്ഞു. “പറഞ്ഞതല്ലേ അവളിന്നലെ അവൾക്കും കുഞ്ഞിനും ആരും വേണ്ടെന്ന്….ഒരവകാശവും പറഞ്ഞു വരരുതെന്ന് പറഞ്ഞതല്ലേ പിന്നെന്തിനാ ഇയാളെ എല്ലാം അറിയിച്ചു പറഞ്ഞു വിട്ടത്…അതോണ്ടല്ലേ എന്റെ ചന്തുവിനിപ്പോൾ ഇങ്ങനെ…..” പറഞ്ഞു വന്നത് മുഴുമിപ്പിക്കാൻ കഴിയാതെ ചാരു പൊട്ടിക്കരഞ്ഞു.ടീച്ചറമ്മ വന്നവളെ ചേർത്തു പിടിച്ച് എന്തോ പറയാനാഞ്ഞതും ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ തുറന്നു കൊണ്ടു ചന്തുവിനെയും വഹിച്ചു ഒരു സ്‌ട്രെച്ചർ പുറത്തെത്തി.

അവളുടെ കിടപ്പ് സഹിക്കാതെ മുഖം തിരിക്കാനാഞ്ഞപ്പോളാണ് അവളുടെ വയറിന്റെ ഭാഗത്തേക്ക് ചാരുവിന്റെ ശ്രദ്ധ പോയത്.ഉടനെ അവൾ സംശയത്തോടെ ടീച്ചറമ്മയെ നോക്കി.. “നീയേ ഒരു ചിറ്റയായി. പെൺകുഞ്ഞാ….” ആ വാക്കുകൾ നൽകിയ സന്തോഷത്തിൽ അവൾ കരഞ്ഞു കൊണ്ട് ടീച്ചറമ്മയെ ഇറുകെ പുണർന്നു. ഡെലിവറിയുടെ ആലസ്യത്തിൽ കിടക്കുന്ന ചന്തുവിനെ കണ്ടപ്പോൾ അടുത്ത് ചെന്ന് ഒന്ന് നേരിൽ കാണാനും മെല്ലെ ഒന്ന് നെറുകയിൽ തലോടി ചുംബിക്കാനും H.P യുടെ ഉള്ളം തുടിച്ചെങ്കിലും ചാരു എങ്ങനെ പ്രതികരിക്കുമെന്നോർത്ത് അയാൾ ആത്മനിയന്ത്രണം പാലിച്ചു.ആശുപത്രി ജീവനക്കാർ പതിയെ ചന്തുവിനെയും കൊണ്ടുപോകുമ്പോൾ അവളെ അയാളുടെ മനസ്സും കണ്ണുകളും കൂടെ അനുഗമിക്കുന്നുണ്ടായിരുന്നു.

ഇത്തിരി കൂടി അവിടെ നിന്നിട്ട് കിച്ചു പോയി ഒരു റൂം അറേഞ്ച് ചെയ്തു.H.P യ്ക്ക് മാറി ഇടാനുള്ള ഡ്രെസ്സും സങ്കടിപ്പിച്ചു കൊണ്ട് വന്നു.ഒപ്പം ടീച്ചറമ്മയെയും ചാരുവിനെയും നിർബന്ധിച്ചു റൂമിലേക്ക്‌ പറഞ്ഞയച്ചു. റൂമിൽ എത്തിയ ഉടനെ ചാരുവായിരുന്നു ചന്തുവിന്റെ പപ്പയെയും സച്ചുവിനെയും വിളിച്ച് പുതിയ ആള് വന്ന കാര്യം പറഞ്ഞത്.പേരക്കുട്ടി വന്ന സന്തോഷത്തിൽ ചന്തുവിന്റെ പപ്പാ കരയുന്നത് ചാരുവിനു കേൾക്കാമായിരുന്നു.കഴിഞ്ഞു പോയതൊന്നുമറിയാതെ സന്തോഷിക്കുന്ന ആ അച്ഛന്റെ സംസാരം കേൾക്കെ ചാരുവിന്റെ കണ്ണ് നിറഞ്ഞു.തനിക്കിത്രത്തോളം വിഷമമുണ്ടെങ്കിൽ തന്റെ ചന്തു ഇത്രയും നാള് പിടിച്ചു നിന്നതെങ്ങനെയെന്നോർത്തു അവളുടെ മനസ്സ് നീറി ഒപ്പം മനസ്സിൽ H.P യോടുള്ള ദേഷ്യം ഇത്തിരി കൂടി വർദ്ധിച്ചു.

ചന്തുവിന്റെ അഡ്മിറ്റ്‌ ഡേറ്റിന് മുൻപ് തിരിച്ചു വരാൻ വേണ്ടി ടിക്കറ്റ് എടുത്ത് കാത്തിരിക്കയായിരുന്നു പപ്പയും ശങ്കുമാമയും.കുഞ്ഞു വാവ വന്നെന്ന് അറിഞ്ഞപ്പോളേ മോളെയും കൊച്ചുമോളെയും കാണാൻ പപ്പാ തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. ഒപ്പം ശങ്കു മാമ എന്തൊക്കെയോ പറഞ്ഞ് പപ്പയെ ആശ്വസിപ്പിക്കുന്നതും ചാരു ഫോണിലൂടെ കേട്ടു.പെട്ടന്ന് B.P കൂടിയത് കൊണ്ടു തന്നെ ഡെലിവറി നേരത്തെ ആക്കി എന്നല്ലാതെ പപ്പയോടു വേറൊന്നും പറഞ്ഞിരുന്നില്ല. അത് കൊണ്ടു തന്നെ സത്യങ്ങൾ അറിയാൻ ശങ്കുമ്മാമയുടെ മറ്റൊരു കാൾ ചാരു പ്രതീക്ഷിച്ചു.വിചാരിച്ചത് പോലെ തന്നെ പപ്പയുടെ കണ്ണ് വെട്ടിച്ചു ശങ്കുമ്മാമ വിളിച്ചപ്പോൾ ചാരു കാര്യങ്ങൾ എല്ലാം തന്നെ അയാളോട് തുറന്നു പറഞ്ഞു. കുഞ്ഞിന് പാല് കൊടുക്കാൻ നേഴ്സ് വന്ന് വിളിച്ചപ്പോളാണ് ചന്തു കണ്ണ് തുറന്നത്.

ഓപ്പറേഷന് വേണ്ടിയുള്ള അനസ്ത്യേഷ്യയുടെ എഫക്ടിൽ മയങ്ങിയതിനാൽ അവൾക്ക് നേരത്തെ കുഞ്ഞിനെ കാണാൻ കഴിഞ്ഞിരുന്നില്ല. പതിയെ കണ്ണ് തുറന്നപ്പോൾ അടിവയറ്റിൽ ചെറിയ വേദന പോലെ അവൾക്കു തോന്നിയിരുന്നു.കുഞ്ഞിനെ കാണാനുള്ള ആകാംഷയിൽ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ഒന്നങ്ങാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാനുള്ള അവളുടെ വെപ്രാളം കണ്ട് നേഴ്സ് പോലും ചിരിച്ചു പോയി. “പെൺകുഞ്ഞാണ്” അത്രയും പറഞ്ഞു അവർ അനായസം കുഞ്ഞിനെ അവളുടെ മാറിലേക്ക് ചേർത്തു കിടത്തിയപ്പോൾ വീണുപോകുമോ എന്ന് ഭയന്ന് അവളതിനെ മുറുകെ പിടിച് മെല്ലെ തലയെത്തിച്ചു നെറ്റിയിലൊന്നു ചുംബിച്ചു.പാൽ കൊടുക്കാൻ നേഴ്സ് തന്നെയാണ് അവളെ സഹായിത്.

തന്റെ മാറോടൊട്ടിക്കിടന്നു പാൽ നുണയുന്ന കുഞ്ഞിനെ കാൺകെ അവളുടെ കൺകോണിൽ ഉരുണ്ടു കൂടിയ നീർക്കണങ്ങൾ പതിയെ ഒലിഞ്ഞിറങ്ങി തലയിണയെ ചുംബിച്ചു പോന്നു. “അനസ്‌തേഷ്യയുടെ എഫക്ട് നീങ്ങുമ്പോൾ പതിയെ പതിയെ വേദന കൂടി വരാം.വേണമെങ്കിൽ മയങ്ങിക്കോളൂ.” അത്രയും പറഞ്ഞ് വയറു നിറഞ്ഞ സന്തോഷത്തിൽ അമ്മയുടെ ചൂടും പറ്റി ഉറങ്ങിയ കുഞ്ഞിനേയും എടുത്തവർ പോകുമ്പോളും വല്ലാത്തൊരു നിർവൃതിയിൽ കൂടി വരുന്ന വേദന പോലും വിസ്മരിച്ചു കിടക്കുകയായിരുന്നു ചന്തു. സമയം കടന്നു പോവും തോറും തന്റെ കുഞ്ഞിനേയും ചന്തുവിനെയും വീണ്ടും കാണാൻ H. P യുടെ മനസ്സ് വെമ്പൽ കൊണ്ടു.ഒപ്പം തന്നെ കാണുമ്പോഴുള്ള ചന്തുവിന്റെ പ്രതികരണം എന്താവുമെന്നോർത്ത് അയാളുടെ മനസ്സ് അസ്വസ്ഥമായി.

റൂമിലേക്ക്‌ ചെന്ന് ടീച്ചറമ്മയെയും ചാരുവിനെയും ഫേസ് ചെയ്യാനുള്ള മടി കാരണം അയാൾ ഐ സി യു വിന്റെ പുറത്തു തന്നെയിരുന്നു സമയം തള്ളി നീക്കി.ഇടയ്ക്ക് കിച്ചു വന്ന് ചാരുവിനെയും കൊണ്ട് ഫ്ലാറ്റിലേക്ക് പോവുന്നെന്ന് പറഞ്ഞു.കിച്ചുവിനോപ്പം പോകാൻ ചാരു ആദ്യം ഒന്ന് മടിച്ചെങ്കിലും സാധനങ്ങൾ പെട്ടന്ന് എത്തിക്കാൻ കൂടെ പോവുകയല്ലാതെ വേറെ മാർഗം ഉണ്ടായിരുന്നില്ല. യാത്രയിലുട നീളം രണ്ടു പേരും മൌനത്തിലായിരുന്നു.അവർ ചെല്ലുമ്പോൾ ഫ്ലാറ്റിനു പുറത്ത് ആരെയും കാണാതെ അക്ഷമയായി ലെച്ചു ഇരിപ്പുണ്ടായിരുന്നു. അവളെ കാത്തു നിൽപ്പിച്ചതിൽ ആദ്യം കുറെ പരിഭവം പറഞ്ഞെങ്കിലും കുഞ്ഞിന്റെ കാര്യം അറിഞ്ഞപ്പോൾ അതൊക്കെ മറന്നു ആളുഷാറായി. പെട്ടന്ന് തന്നെ അത്യാവശ്യ സാധനങ്ങൾ ഓക്കെ പാക്ക് ചെയ്ത് അവർ തിരിച്ചു ഹോസ്പിറ്റലിലേക്ക് പോന്നു.

പിറ്റേന്ന് വൈകുന്നേരമാണ് ചന്തുവിനെയും കുഞ്ഞിനേയും റൂമിലേക്ക്‌ മാറ്റിയത്. ഐ സി യു വിലെ മടുപ്പിക്കുന്ന മണിക്കൂറുകൾക്കു ശേഷം തന്റെ പ്രിയപ്പെട്ടവരുടെ അടുത്തെത്തിയപ്പോൾ ചന്തുവിന് വല്ലാത്ത ആശ്വാസം തോന്നി.ചാരുവും ടീച്ചറമ്മയും ഇടം വലം നിന്ന് അവളെ പരിചരിക്കുമ്പോൾ ലെച്ചു വാവയെ തൊട്ടും ഉഴിഞ്ഞും അതിനോട് കിന്നാരം പറയുന്നുണ്ടായിരുന്നു.ചന്തുവിനെയും കുഞ്ഞിനേയും കാണാൻ കിച്ചുവിനോപ്പം H. P വാതിൽക്കലോളം വന്ന് ഏതോ ഒരുൾപ്രേരണയിൽ ഇടയ്ക്ക് പിൻ തിരിഞ്ഞു നടന്നു.കിച്ചു റൂമിലേക്ക്‌ കടക്കുമ്പോൾ ചന്തുവിന്റെ കണ്ണുകൾ അവനു പിറകിലേക്ക് നീണ്ടു.

റൂമിൽ കയറിയതിനു ശേഷമാണ് കിച്ചുവും പുറകെ ഏട്ടൻ ഇല്ലെന്ന് തിരിച്ചറിഞ്ഞത്.അപ്പോഴും മുറിക്കു പുറത്തെ ഇടനാഴിയിൽ തന്റെ ആഗ്രഹങ്ങൾക്ക് വിലങ്ങിട്ട് H. P കുറ്റബോധത്തോടെ ഇരുന്നു.കിച്ചുവിനെ കണ്ടപ്പോൾ ചാരുവിന്റെ മുഖത്തെ തെളിച്ചം പതിയെ മാഞ്ഞു പക്ഷെ ചന്തു അവനോടു മുഷിച്ചിലൊന്നും കാണിച്ചില്ല.കിച്ചു വന്നതും അതുവരെ നിർത്താതെ സംസാരിച്ചു കൊണ്ടിരുന്ന ചാരു പെട്ടന്ന് സൈലന്റായത് ചന്തു പ്രത്യേകം ശ്രദ്ധിച്ചു.ഇത്തിരി നേരം മുറിയിൽ ഇരുന്ന് കിച്ചു പുറത്തേക്കിറങ്ങി.ഹോസ്പിറ്റൽ ഇടനാഴിയിൽ തല താഴ്ത്തിയിരിക്കുന്ന ഏട്ടനെ കണ്ടപ്പോൾ ഇത്തവണ അവനു ദേഷ്യമാണ് വന്നത്.ഏട്ടന് നേരെ രൂക്ഷമായ ഒരു നോട്ടം അയച്ച് ഒന്നും പറയാതെ അവൻ പുറത്തേക്കിറങ്ങി പോയി.

ഇന്നലെ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന കാര്യങ്ങൾ ചന്തുവിനോട് ചോദിച്ചറിയുകയായിരുന്നു ചാരു. ചന്തു തനിക്ക് ബോധം മറയുന്നവരെയുള്ള കാര്യങ്ങൾ എല്ലാം വിശദമായി തന്നെ ചാരുവിനെ പറഞ്ഞു കേൾപ്പിച്ചു ഒപ്പം തന്റെ ആസാനിദ്ധ്യത്തിൽ നടന്ന സംഭവങ്ങൾ കൂടി ചാരുവിൽവിൽ നിന്നും കേട്ടറിഞ്ഞു. “അയാൾ പുറത്തുണ്ടോ?” “മ്മ്മ് ” “നിനക്ക് കാണണോ ചന്തൂ?” “വേണ്ട…” അത്രയും പറഞ്ഞു അവൾ കണ്ണടച്ചു കിടന്നു.H. P തൊട്ടടുത്ത് ഉണ്ടെന്ന് അറിഞ്ഞപ്പോൾ ചന്തുവിന് മനസ്സിൽ വല്ലാത്തൊരു ആസ്വസ്ഥത പോലെ തോന്നി.ഇടയ്ക്ക് ടീച്ചറമ്മയും H. P യ്ക്ക് പറയാനുള്ളത് കേൾക്കാമായിരുന്നു എന്ന് ഓർമിപ്പിച്ചിരുന്നു.

അയാളുടെ ഇന്നലത്തെ രൂപവും പെരുമാറ്റവും ഓർത്തപ്പോൾ അയാൾക്ക്‌ തുറന്ന് സംസാരിക്കാൻ ഒരവസരം കൊടുത്തൂടെയെന്നു അവളുടെ മനസ്സും സ്വൊയം ചോദിക്കുന്നുണ്ടായിരുന്നു. അടുത്ത നിമിഷം താൻ ഇതുവരെ അനുഭവിച്ച മനോവേദനയും അച്ഛന്റെ സാമിപ്യം അറിയാതെ വളർന്ന തന്റെ കുഞ്ഞിന്റെ മുഖവും ഓർത്തപ്പോൾ അയാൾക്ക്‌ അതിനുള്ള അർഹതയില്ലെന്നു അവളുടെ മനസ്‌ തന്നെ വീണ്ടും ഉത്തരം കൊടുത്തു. അങ്ങനെ വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ട് മനസ് കിടന്നുഴറുമ്പോളും ഇടയ്ക്കിടെ എന്തിനോ വേണ്ടി അവളുടെ കണ്ണുകൾ വാതിൽക്കലേക്കു നീണ്ടു. ഇടയ്ക്ക് പപ്പാ വിളിച്ചപ്പോൾ ചാരുവാണ് ഫോൺ ചന്തുവിന് കൊണ്ടുപോയി കൊടുത്തത്.

മോളെയും കൊച്ചുമോളെയും കണ്ടപാടേ പപ്പാ കരയാൻ തുടങ്ങിയിരുന്നു. ഇത്തവണ പപ്പയ്ക്ക് കമ്പനി കൊടുക്കാൻ ശങ്കുമാമയും കൂടെകൂടി.റൂമിലുള്ള ബാക്കി എല്ലാവരും അവർക്ക് സ്വൊസ്ഥമായി സംസാരിക്കാൻ ഇത്തിരി നേരം പുറത്തേക്ക് ഇറങ്ങി ഒഴിഞ്ഞു കൊടുത്തു.മണിക്കൂറുകൾ നീണ്ട സംസാരത്തിനോടുവിൽ കുഞ്ഞ് ഉണർന്നു കരഞ്ഞപ്പോൾ അവൾ കാൾ കട്ട്‌ ചെയ്തു.കുഞ്ഞിന്റെ കരച്ചിൽ കേട്ട് ടീച്ചറമ്മയും ഉള്ളിലേക്ക് കടന്നു വന്ന് പാൽ കൊടുക്കാൻ അവളെ സഹായിച്ചു.വയറു നിറഞ്ഞ സന്തോഷത്തിൽ കുഞ്ഞ് ഉറക്കം പിടിച്ചപ്പോൾ ചാരുവിനുള്ള കഞ്ഞി കൂടി ടീച്ചറമ്മ എടുത്ത് കൊടുത്തു.അപ്പോഴേക്കും ഒരു നേഴ്സ് വന്ന് ചന്തുവിന് വേദന കുറയാനുള്ള ഇൻജെക്ഷൻ എടുത്തു. കിച്ചു തിരിച്ചു വരുമ്പോളും H.P ഒരെ ഇരിപ്പ് തന്നെയായിരുന്നു.

റൂമിൽ ചെന്നപ്പോൾ ചന്തുവും കുഞ്ഞും ഉറക്കം പിടിച്ചിരുന്നു.പെട്ടന്ന് തോന്നിയ ബുദ്ധിയിൽ അവൻ ബാക്കി എല്ലാവരെയും ഫുഡ്‌ കഴിക്കാൻ കൂടെ ചെല്ലാൻ നിർബന്ധിച്ചു.ലച്ചുവും ടീച്ചറമ്മയും അവന്റെ കൂടെ പുറപ്പെട്ടെങ്കിലും ചാരു ചന്തുവിന്റെ കൂടെ ഇരുന്നോളാം എന്ന് വാശി പിടിച്ചു. എല്ലാവരെയും ഒഴിവാക്കാനുള്ള കിച്ചുവിന്റെ അടവാണിതെന്നു മനസ്സിലാക്കിയ ടീച്ചറമ്മ ചാരുവിനെ കൂടി നിർബന്ധിച്ചു കൂടെ കൂട്ടി.എല്ലാവരെയും കൂട്ടി മുറിക്കു പുറത്തേക്ക് ഇറങ്ങുമ്പോൾ അങ്ങോട്ട് ശ്രദ്ധിച്ചിരുന്ന H.P യെ നോക്കി കിച്ചു കണ്ണിറുക്കി കാണിച്ചു.അതിന്റെ അർത്ഥം മനസ്സിലായെന്ന പോലെ അയാളുടെ മുഖത്തും ചെറിയൊരു ചിരി പടർന്നു.

മുറിയിൽ ശാന്തമായുറങ്ങുന്ന ചന്തുവിനെയും കുഞ്ഞിനേയും അയാൾ ഏറെ നേരം നോക്കിയിരുന്നു. എന്നിട്ടും പിടിച്ചു നിൽക്കാനാവാതെ ചന്തുവിനോട് പറ്റിച്ചേർന്നു കിടക്കുന്ന കുഞ്ഞിന്റെ കാൽ പതിയെ ഉയർത്തി മെല്ലെ മുത്തി തന്റെ നെറ്റിയിൽ മുട്ടിച്ചു. ഒപ്പം അത്രയും നാളുകൾ അകന്നു നിന്നതിനു മനസ്സ് കൊണ്ടു തന്റെ കുഞ്ഞിനോടായാൾ മാപ്പ് പറയുന്നുണ്ടായിരുന്നു.ഇതൊക്കെ കണ്ടിട്ടും എന്ത് കൊണ്ടോ ചന്തു ഉറക്കം നടിച്ചു തന്നെ കിടന്നു. തന്റെ മൂർദ്ധാവിൽ വളരെ കാലത്തിനു ശേഷം അദ്ദേഹത്തിന്റെ ചുംബനത്തിന്റെ ചൂടറിഞ്ഞപ്പോൾ കരഞ്ഞു പോവാതിരിക്കാൻ അവൾ പാടുപെടുകയായിരുന്നു.

ഇത്തിരി കഴിഞ്ഞു തന്റെ കാലിൽ ഇറ്റിറ്റു വീഴുന്ന നനവിനൊപ്പം H.P യുടെ കയ്യിന്റെ ചൂട് കൂടി അറിഞ്ഞപ്പോൾ അവൾ കണ്ണ് തുറന്ന് പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു.എന്നാൽ വേദനകൊണ്ട് പുളഞ്ഞു ആ ശ്രമം അപ്പോൾ തന്നെ പരാജയപ്പെട്ടു.അവൾ ഉണർന്നെന്നു തിരിച്ചറിഞ്ഞ നിമിഷം H.P യും എന്ത് ചെയ്യണമെന്നറിയാതെ ഒന്ന് പകച്ചു.എഴുന്നേറ്റിരിക്കാൻ ശ്രമിക്കുന്ന അവളേ സഹായിക്കുമ്പോൾ ചന്തുവിന്റെ മുഖം ഇരുണ്ടു തന്നെയിരുന്നു. “നിങ്ങൾക്ക് ഇനിയും മതിയായില്ലേ?” “ചന്തൂ….. പ്ലീസ്….. നമ്മുടെ കുഞ്ഞിനെ ഓർത്തെങ്കിലും ” “നമ്മുടെ കുഞ്ഞോ? ആര് പറഞ്ഞു നമ്മുടെ കുഞ്ഞാണെന്ന്? നിങ്ങൾക്കെന്നെ സംശയമല്ലേ പിന്നേ സ്വൊന്തം കുഞ്ഞാണെന്ന് മാത്രം എങ്ങനെ ഉറപ്പിച്ചു?”

“ഞാൻ….. എനിക്ക്…… എനിക്ക് നിന്നെ ഒരു സംശയവും ഇല്ല അന്നും ഇന്നും….” “ആഹാ….. കൊള്ളാല്ലോ? അതെനിക്ക് പുതിയ അറിവാ..അപ്പൊൾ അന്ന് കാണിച്ചതൊക്കെ ഡ്രാമ ആയിരുന്നു അല്ലേ? കൊള്ളാം നിങ്ങൾക്ക് ബിസ്സിനെസ്സിൽ മാത്രമല്ല ആക്ടിങ്ങിലും കഴിവുണ്ട്.എന്നിട്ട് മാനസിക വിഭ്രാന്തി എന്നൊരു പേരും.” “അല്ല ചന്തൂ…. നീയും അമ്മയും പോയതിൽ പിന്നേ വല്ലാത്തൊരു പിരിമുറുക്കത്തിലായിരുന്നു ഞാൻ. ഇടയ്ക്ക് ശെരിക്കും മനസ്സ് കൈവിട്ടു പോയി….നിന്നെ വേദനിപ്പിച്ചതിൽ മനസ്സ് നീറാത്ത ഒറ്റ ദിവസം പോലും ഇന്നുവരെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.” “എന്തിനാ…. എന്നെയോർത്തു നീറുന്നത്…ദുഃഖം മറക്കാൻ പുതിയ മാർഗം കണ്ടുപിടിച്ചായിരുന്നല്ലോ?

മദ്യവും സേവിച്ചു ബോധം കെട്ട് നടന്നൂടായിരുന്നോ?” “ഞാൻ അന്ന് ചില കാര്യങ്ങൾ അറിഞ്ഞ ഷോക്കിൽ…. അറിയാതെ…… എല്ലാം മറക്കാൻ വേണ്ടി….” “ഓഹ്…. അങ്ങനെ. ഇക്കഴിഞ്ഞ മാസങ്ങളിൽ ഒരു കുഞ്ഞിനേം വയറ്റിലിട്ട് ഭർത്താവ് അടുത്തില്ലാതെ അയാൾ എന്നെയും കുഞ്ഞിനേയും എന്നെങ്കിലും തേടി വരുവോന്നു കൂടി അറിയാതെ ദിവസങ്ങൾ കഴിച്ച് കൂട്ടിയ ഒരു ഭാര്യയുടെ മനോവേദന എന്താണെന്ന് നിങ്ങൾക്കറിയുവോ…നിങ്ങളുടെ കയ്യിൽ എന്നെ വിശ്വസിച്ചേൽപ്പിച്ച പപ്പയോടു ഒന്നും തുറന്ന് പറയാൻ പറ്റാതെ അടിക്കടി കള്ളങ്ങൾ പറഞ്ഞു പറ്റിച്ചു കൊണ്ടിരുന്ന ഒരു മകളുടെ മനോവേദന എന്താണെന്ന് നിങ്ങൾക്കറിയുവോ… അച്ഛന്റെ പരിലാളനങ്ങൾ ഏൽക്കാതെ ഒരു കുഞ്ഞ് തന്റെയുള്ളിൽ വളരുന്നുണ്ടെന്ന് ഓർത്ത്‌ നീറി കഴിയേണ്ടി വന്ന ഒരമ്മയുടെ മനോവേദന എന്താണെന്ന് നിങ്ങൾക്കറിയുവോ?

എന്റെ ടെൻഷൻ കാരണം കുഞ്ഞിന് എന്തെങ്കിലും പറ്റുവോ എന്ന് പേടിച്ചു സന്തോഷമായിട്ടിരിക്കാൻ ശ്രമിച്ചു.എന്നിട്ടും….. എന്നിട്ടും എനിക്ക് പറ്റുന്നിലായിരുന്നു….ഇതൊക്കെ മറക്കാൻ ഞാൻ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്? നിങ്ങളെ പോലെ മദ്യത്തിൽ അഭയം പ്രാപിച്ചു ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ എനിക്ക് പറ്റില്ലായിരുന്നു H.P. എല്ലാം…..എല്ലാ വേദനയും അനുഭവിച്ചു തീർത്തതാ…. അതും ഒറ്റയ്ക്ക്. ഇനിയും അങ്ങനെ മതി.” അതുവരെ വല്ലാത്തൊരു വാശിയോടെ സംസാരിച്ചിരുന്ന അവൾ അതോടെ തേങ്ങി കരയാൻ തുടങ്ങിയിരുന്നു. തന്റെ ദുഃഖം അയാളെ അറിയിക്കാൻ വാക്കുകൾക്കു പോലും പഞ്ഞമുണ്ടെന്നു തോന്നി അവൾക്ക്.

“ചന്തൂ……” അവളുടെ കണ്ണീരൊപ്പാൻ അയാൾ നീട്ടിയ കൈകൾ അവൾ ഒരു നിമിഷം കൊണ്ട് തട്ടിക്കളഞ്ഞു. “തൊടരുത്… നിങ്ങളെന്നെ. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനേയും തൊടാനുള്ള യോഗ്യത നിങ്ങൾക്കില്ല. നിങ്ങൾ സ്വാർത്ഥൻ തന്നെയാ…. സ്വൊന്തം കാര്യം മാത്രമേ ഉള്ളൂ. എന്നും അതിന് തന്നെയാ മുൻ‌തൂക്കം.” “ശെരിയാ….ആ പറഞ്ഞത് വളരെ ശെരിയാ….. ഒരാളെ കൊന്ന കൈകളാ എന്റേത്. ഈ കൈകൾ കൊണ്ട് നിങ്ങളെ തൊടാൻ എനിക്ക് അർഹതയില്ല….” അവന്റെ മറുപടിയിൽ ചന്തു ഞെട്ടി അവനെ തന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു. “അന്ന് ആ ബർത്ത്ഡേ പാർട്ടി കഴിഞ്ഞ അന്ന്… ഇനിയൊരാൾ അറിയരുതെന്ന് ഞാൻ ആഗ്രഹിച്ച കുഞ്ഞിലേ നടന്ന കാര്യങ്ങൾ പരസ്യമായി ദിയ വളച്ചൊടിച്ചു പറഞ്ഞപ്പോൾ….

എല്ലാം കെട്ട് തളർന്നു പോയ അമ്മയെ കണ്ടപ്പോൾ ഞാൻ പോലും അറിയാതെ ഉള്ളിലുള്ള സങ്കടം ദേഷ്യമായിട്ടാണ് പുറത്തേക്ക് വന്നത്.അതാ അന്ന് നിന്നോട് അങ്ങനെയൊക്കേ.പിന്നേ അമ്മ ഹോസ്പിറ്റലിൽ ആയിരിക്കുമ്പോൾ നീയൊന്നു ആശ്വസിപ്പിക്കാൻ കൂടി വരാതിരുന്നത് കണ്ടപ്പോൾ എനിക്ക് അതിലേറെ വാശിയായി. അമ്മയുടെ മരണം കഴിഞ്ഞ് ഓഫീസിലേക്ക് പോയ എനിക്ക് ചുറ്റും ആരൊക്കെയോ മെനഞ്ഞു തീർത്ത വൃത്തികെട്ട കഥകളുടെ കെട്ടഴിഞ്ഞു വീണു. നിന്നെക്കുറിച്ചും എന്നെക്കുറിച്ചും എന്തിനേറെ മരിച്ചുപോയ പാവം അമ്മയെക്കുറിച്ച് വരെ പല കഥകൾ കേൾക്കുന്നുണ്ടായിരുന്നു.

പിന്നേ ദിയയുടെ അന്നത്തെ പെരുമാറ്റം കൂടി ആലോചിച്ചപ്പോൾ ആരോ ഇടയിൽ കളിക്കുന്നുണ്ടെന്നു എനിക്ക് ഉറപ്പായിരുന്നു. ദിയ തന്നെയായിരുന്നു എന്റെ പിടിവള്ളി. അന്ന് എന്നെ കാണാതായ ദിവസം ഞാൻ പോയത് ബാംഗ്ലൂർക്ക് ആണ്. അറിയാനുള്ളതൊക്കെ അവിടെ വയ്ച്ചു അറിഞ്ഞു. എല്ലാത്തിനും പിന്നിൽ അവരായിരുന്നു ദിയയുടെ പപ്പയുടെ വീട്ടുകാർ.പഠിക്കാൻ ദിയ അങ്ങോട്ട്‌ ചെന്നത് അവർക്ക് സൗകര്യമായി. അവളുമായി കിട്ടിയ അവസരം അവർ നന്നായി തന്നെ ഉപയോഗിച്ചു. അവർ കാരണം എന്റെ അമ്മ കൂടി എനിക്ക് നഷ്ടപ്പെട്ടത്തോടെ കൊല്ലാൻ തന്നെ തീരുമാനിച്ചു.

അല്ലെങ്കിൽ ഒരിക്കലും അവർ നമ്മളെ സമാദാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ലായിരുന്നു.അതിനുള്ള ഏർപ്പാടുകളും തുടങ്ങി.അന്ന് ദിയയോടൊപ്പം പാർട്ടിക്ക് വന്നത് ക്രിസ്റ്റിയായിരുന്നു ദിയയുടെ പിതൃസഹോദരൻ അൽഫോൺസിന്റെ ദത്തുപുത്രൻ. കിച്ചുവിനെ ചതിച്ചു കല്യാണം കഴിച്ചത് പോലും പ്രതികാരം ചെയ്യാനുള്ള അവരുടെ പദ്ധതിയായിരുന്നു.ആദ്യം അൽഫോൺസ്‌. പിന്നേ ക്രിസ്റ്റി അങ്ങനെയാണ് തീരുമാനിച്ചത്.എല്ലാം കഴിഞ്ഞ് നിയമത്തിനു മുൻപിൽ പിടിക്കപ്പെടുമ്പോൾ ഒരു കൊലപാതകിയുടെ ഭാര്യയെന്ന ചീത്തപേര് നിനക്ക് വേണ്ടെന്ന് തോന്നി. അതാ എന്നിൽ നിന്ന് ഞാനായിട്ട് തന്നെ നിന്നെ മോചിപ്പിച്ചത്. ഇടയ്ക്കെപ്പോഴോ നീ പപ്പേടെ അടുത്തേക്ക് പോയെന്നു കിച്ചു പറഞ്ഞപ്പോൾ സന്തോഷം തോന്നി.

എല്ലാം മറന്ന് പുതിയൊരു ജീവിതം നിനക്കുണ്ടാവാൻ പ്രാർത്ഥിച്ചു.പക്ഷെ അതിനിടയ്ക്കെപ്പോഴോ എന്റെ മനസ്സ് കൈവിട്ടു പോയിരുന്നു. ജീവിതത്തിൽ കടന്നു വന്ന ശൂന്യതയെ പ്രതികാരത്തിന്റെ അഗ്നിയിലിട്ട് ചാമ്പലാക്കി തിരികെ വന്നു.പിന്നീടുള്ള ദിവസങ്ങൾ ശത്രുവിനു വേണ്ടി ക്ഷമയോടെ വലവീശി കാത്തിരിക്കുന്നു.അതിൽ കറക്റ്റ് ആയി അയാൾ വീണു. പക്ഷെ കൊന്ന് കഴിഞ്ഞാണ് അൽഫോൺസിനു പകരം കൊന്നത് അലെക്സിയെ ആണെന്ന് മനസ്സിലായത്. അതേ ചന്തൂ…. ദിയയുടെ പപ്പയെ… എന്നെ ചെറുപ്പത്തിൽ ഉപദ്രവിച്ച അയാളെ എന്റെയീ കൈകൾ കൊണ്ട് ഞാൻ ഇഞ്ചിഞ്ചായി കൊന്നു….. ” വല്ലാത്തൊരു ആത്മനിർവൃതിയോടെ അയാൾ പറഞ്ഞു നിർത്തിയതും കേട്ടത് വിശ്വസിക്കാനാവാതെ ചന്തു ശിലപോലെ ഇരിക്കുവായിരുന്നു…..തുടരും…..

ഹരി ചന്ദനം: ഭാഗം 47

Share this story