മഹാദേവൻ: ഭാഗം 3

മഹാദേവൻ: ഭാഗം 3

എഴുത്തുകാരി: നിഹാരിക

ദേഷിച്ച് കടന്നു പോകുന്നവളെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ ബുള്ളറ്റിൽ മഹി കടന്നു പോയി, പണ്ടത്തെ കുഞ്ഞിപ്പെണ്ണ് അന്നത്തേ പോലെ തന്നെ കെറുവിച്ച് നോക്കുന്നത്, കണ്ണാടിയിൽ കൂടി കാണുന്നുണ്ടായിരുന്നു അവൻ….. വീർത്ത് വന്ന പെണ്ണിൻ്റെ കവിളുകൾ ഉള്ളിൽ എന്നോ പാകി മുളച്ച പ്രണയത്തിൻ്റെ ചെടികളിൽ മൊട്ടുകൾ വിരിയിക്കുന്നുണ്ടായിരുന്നു’ ❤❤❤

കൃപയുo മേഘയും താഴെ ടി വി കാണുന്നുണ്ടായിരുന്നു, ദ്യുതി പോലും കൂടാൻ മടിച്ച് നിന്ന മീരയോട് പോലും അവര് ഭയങ്കര കൂട്ടായി , ഇത്തിരി അതിൻ്റെ കുശുമ്പും ദ്യുതിക്ക് ഉണ്ടായിരുന്നു, അതു കൊണ്ട് തന്നെ ഫോണും എടുത്ത് ബാൽക്കണിയിലേക്ക് നടന്നു, അച്ഛനെ വിളിച്ചു ….. ” കുഞ്ഞി ” ആർദ്രമായ ആ വിളി ഹൃദയത്തിൽ തട്ടി ദ്യുതിക്ക്, മിഴികൾ നീരു ചുരത്തി അതിൻ്റെ ആക്കം കൂട്ടി, “അച്ഛാ ” സ്നേഹവും പരിഭവവും കരുതലും എല്ലാം നിറഞ്ഞ തൻ്റെ മകളുടെ ശബ്ദം കേട്ടാവണം അപ്പുറത്ത് തെല്ലൊരു നിശബ്ദത, മറുപടി കേൾക്കാതാപ്പാഴാണ് ഒന്നുകൂടി വിളിച്ചത് , “അച്ഛാ…” “ഉം’ വെറും മൂളലിലൊതുക്കി,

“അച്ഛൻ ആഹാരം കഴിച്ചോ? മരുന്ന് നേരത്തിന് കഴിക്കണുണ്ടോ? അതോ???” “ഉം ….ഒക്കെ ഉണ്ടെടാ കുഞ്ഞീ… ൻ്റ കുഞ്ഞിക്ക് വേണ്ടി ജീവിക്കണ്ടെ ഇക്ക് …… അപ്പോ മരുന്ന് കഴിക്കാതെങ്ങനാടാ…. നിൻ്റെ അമ്മ നമ്മളെ പറ്റിച്ച് പോയില്ലേ? കുഞ്ഞിക്ക് ഞാനുണ്ടെന്ന സമാധാനത്തിലാ പാവം, നിന്നെ ആരുടെലും കയ്യിൽ ഏൽപ്പിക്കും വരെ അച്ഛന് ജീവിക്കണ്ടേടാ…?” “മതി….” നിറഞ്ഞിറങ്ങിയ മിഴികൾ അമർത്തി തുടച്ചവൾ ഫോൺ കട്ട് ചെയ്തു …… അച്ഛൻ്റെ സ്വരത്തിൽ വല്ലാത്ത തളർച്ച, എന്നും ഊർജസ്വലമായിരുന്നു ആ ശബ്ദം, അതിൻ്റെ ഊർജമാണ് തന്നിലേക്കും പ്രവഹിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് …..

ബാൽക്കണിയിലൂടെ നടന്ന് തെക്കേ അറ്റത്തേക്ക് മിഴികൾ പായിച്ചു…. അവിടെയൊരു അസ്ഥിത്തറ നിലാവിൽ കുളിച്ച് നിൽക്കുന്നുണ്ടായിരുന്നു. മിഴി നിറച്ച് നിന്നവളെ ഒരു കുളിർക്കാറ്റ് വന്ന് വാത്സല്യപൂർവ്വം തഴുകിയിരുന്നു …… എത്ര നേരം അങ്ങനെ നിന്നെന്നറിയില്ല, ഇത്തിരി മനസൊന്ന് ശാന്തമായപ്പോൾ മെല്ലെ തിരികെ നടന്ന് ചാരുകസേരയിൽ ഇരുന്നു., അച്ഛനെ പിരിഞ്ഞ് പോന്നതും ജെയ്നിൻ്റെ അടുത്ത് നിന്നും ഒരു പാട് അകലെ എത്തിയതും എന്തോ വല്ലാതെ ദ്യുതിയുടെ മനസിനെ അലട്ടുന്നുണ്ടായിരുന്നു… ” ജെയ്ൻ ” പതിയെ ചെറുചിരിയോടെ അവളുടെ ചുണ്ടുകൾ ആ പേര് മന്ത്രിച്ചു, ❤❤❤

അന്ന് ഡൽഹിയിൽ കൂട്ടുകാരുമൊത്താരു ഷോപ്പിംഗിനു പോയപ്പഴാണ് ആദ്യമായി അവനെ കാണുന്നത്… മാളിൽ നിന്ന് ഇറങ്ങി കാറിൽ കേറാൻ നേരം ബാറിനു മുന്നിൽ വച്ച് തല്ലുണ്ടാക്കുകയായിരുന്നു ….. ആരെയൊക്കെയോ ഹിന്ദിയിൽ ഉച്ചത്തിൽ ചീത്ത വിളിക്കുന്നുണ്ട്, അവിടുത്തെ തല്ല് കഴിഞ്ഞിട്ടും തീരാത്ത ദേഷ്യം തീർത്തത് ഞങ്ങളുടെ കാറിൻ്റെ ചില്ല് തകർത്തിട്ടായിരുന്നു… കൈയ്യിൽ വാങ്ങിയ സാധനങ്ങളുമായി പകച്ച് നിന്ന ഞങ്ങളെ കണ്ടതും അവന് ബോധം വന്നു, ഒരു തെറ്റും ചെയ്യാത്ത ഞങ്ങളുടെ കാറ് തല്ലിപ്പൊളിച്ചതിന് ഒരു ഒഴുക്കൻ മട്ടിൽ ഒരു സോറിയും പറഞ്ഞ് പോയി,

അവൻ്റെ പേര് ജെയ്ൻ ആൽഫ്രഡ് ആണെന്നും….. കോടീശ്വരപുത്രനെങ്കിലും റൗഡിയാണെന്നും കൂട്ടുകാരികൾ പറയുന്നുണ്ടായിരുന്നു, അവൻ പോയതും അവൻ്റെ അച്ഛൻ്റെ രണ്ട് ജോലിക്കാർ വന്ന് കാർ റിപ്പയർ ചെയ്ത് എത്തിക്കാം എന്ന് പറഞ്ഞ് അഡ്രസ്സും വാങ്ങി കാറും കൊണ്ട് പോയി, അവരുടെ ഐഡൻ്റിറ്റി കാർഡും മറ്റും കാട്ടിയത് കൊണ്ട് മനസിലായി പറഞ്ഞത് ശരിയാണന്ന്. ഇത് ഇങ്ങോരുടെ സ്ഥിരം പരിപാടിയാണത്രെ, ഓരോരോ ഹോബികളേ.. പിറ്റേ ദിവസം അച്ഛൻ ഓഫീസിൽ പോയതിന് ശേഷം കാളിംഗ് ബെൽ റിംഗ് ചെയ്തു…. പോയി തുറന്നപ്പഴാ ഇന്നലത്തെ തല്ല് കൊള്ളിയെ മുന്നിൽ കണ്ടത്, ജെയ്ൻ…

ഒരു മിന്നൽ പിണർ ദേഹത്തൂടെ പാഞ്ഞ് പോവുന്നത് അറിഞ്ഞു, പേടിയുടെ അസുഖമുള്ളതാണെ, “മലയാളിയാണല്ലേ?” ഹിന്ദിയിൽ രണ്ട് ഡയലോഗ് പ്രതീക്ഷിച്ച ദ്യുതിയെ ഞെട്ടിപ്പിച്ച് മലയാളത്തിൽ, നല്ല കോട്ടയം കാരൻ അച്ചായന്മാരുടെ കൂട്ട് അങ്ങേര് ചോദിച്ചു, തലയാട്ടി അതെ എന്ന് കാണിച്ചു…. ” കൊച്ചിന് ഇന്ന് ക്ലാസില്ലേ??” “എ… എക്സാമാ സീനിയേഴ്സിന്, അതു കൊണ്ട് ഞങ്ങൾക്ക് ലീവാ ” “ആ….. ന്നാ വാ ” “എങ്ങടാ ??” പകച്ച് ചോദിച്ചു…. “തൻ്റെ കാറിലിലല്ലിയോ ഞാനിങ്ങ് വന്നേ? തിരിച്ചെങ്ങനെ പോവും… എന്നെ പോവേണ്ടിടത്ത് ഒന്ന് ഡ്രോപ്പ് ചെയ്യ് കൊച്ചേ? ഇതെന്നാ മര്യാദയാ ” “എനിക്ക്… ഞാനേ… പിന്നെ ” എന്ത് പറയണം എന്നറിയാതെ ദ്യുതി നിന്നപ്പഴേക്കും അവളുടെ കയ്യും പിടിച്ച് വലിച്ച് ജെയ്ൻ നടന്നകന്നിരുന്നു….

ആകെ പകച്ച് ഒരാശ്രയത്തിന് ദ്യുതി തിരിഞ്ഞ് നോക്കി, അവിടെ ജോലിക്കായി വരുന്ന ദീതി.. എന്തോന്നിത് എന്ന മട്ടിൽ നോക്കുന്നുണ്ട്, ” ദ്യുതി പേടിച്ച് ജെയിനിനൊപ്പം ലിഫ്റ്റിൽ കയറി, ജെയ്നിൻ്റെ മുഖത്തേക്ക് മിഴിച്ച് നോക്കി നിന്നു, എന്താ എന്ന മട്ടിൽ പുരികം ഉയർത്തിയപ്പോ.. മ് ചൂം എന്നും പറഞ്ഞ് തോളുയർത്തി, ആ യാത്ര ചെന്ന് നിന്നത് ഒരു നല്ല സൗഹൃദത്തിലായിരുന്നു… അവനിലെ ദുശ്ശീലങ്ങളെ പോലും നുളളിയെടുക്കാൻ പാകത്തിൽ ദ്യുതി അവൻ്റെ ആരൊക്കെയോ ആയി മാറി, സൗഹൃദത്തിൻ്റെ നിറം പ്രണയത്തിന് വഴിമാറിയത് ജെയിനിലായിരുന്നു….

തുറന്ന് പറഞ്ഞപ്പോൾ എന്തോ ആദ്യം ദ്യുതിക്ക് ഒരു വല്ലായ്മ തോന്നി, തന്നില്ലാതായാൽ, തൻ്റെ സൗഹൃദം നഷ്ടമായാൽ അത് ജെയിനിൽ ഏൽപ്പിക്കുന്ന ആഘാതം എത്രയാണെന്ന് അവൾക്ക് നിശ്ചയമുണ്ടായിരുന്നു…. അവർ പ്രണയിക്കാൻ തുടങ്ങി….. ജെയിനിന് വേണ്ടി ദ്യുതിയും…. തിരിച്ച് ഭ്രാന്തമായി ജെയിനും….. ❤❤❤ ജെയിൻ കാളിംഗ്…. വേഗം കാൾ അറ്റൻ്റ് ചെയ്ത് കാതോരം ചേർത്തു ദ്യുതി….. ” എ ഗുഡ് ന്യൂസ് ഫോർ യു, ആൻ്റ് എ ബാഡ് ന്യൂസ് ടൂ ” “എന്താ ജെയ്ൻ?” അവൾ ഇത്തിരി ആകാംഷയോടെ ചോദിച്ചു. “നീയന്ന് അപ്ലെ ചെയ്തില്ലേ…. ആ ജോലി ശരിയായിട്ടുണ്ട് കൊച്ചേ യു.കെയിൽ….. എൻ്റെ ഡ്രീം ജോബ്….. ”

“ഓഹ്! ഇറ്റ്സ് ഗ്രേറ്റ് ജെയിൻ.. അച്ഛൻ്റെ ബിസിനസ് ചെയ്യില്ലാലോ അപ്പോ പിന്നെ ഇഷ്ടമുള്ള ജോലി ചെയ്യ്….. ഇനി ബാഡ് ന്യൂസ് എന്താ?” “നാളെ തന്നെ അങ്ങോട്ട് തിരിക്കണം… ” ” നാളെയോ?? അതെന്താ ഇത്ര പെട്ടെന്ന് ജെയിൻ?” “യെസ്…. നെക്സ്റ്റ് വെനസ്ഡേ മുതൽ ജോലിക്ക് കേറണം കൊച്ചേ….. ഞാനെങ്ങനാടി നിന്നെ കാണാതെ പോവുന്നേ??” ” ജെയ്ൻ ” ” ആകെ കൂടെ ഒരു ടെൻഷനാ ദ്യുതി, നിന്നെ പിരിഞ്ഞ്…. ഞാൻ പോണോടി… എന്തോ ഒരു ഭയം വന്ന് മൂടുന്ന പോലെ ചീത്തത് എന്തോ നടക്കും എന്ന് ആരോ പറയുന്ന പോലെ…???” ” ഒക്കെ നിൻ്റെ തോന്നലാ…. ജെയിൻ പോണം:…. ഫസ്റ്റ് നീ സെറ്റിലാവണം,….

എന്നിട്ട് എൻ്റെ കഴുത്തിൽ ഒരു മിന്നും കെട്ടി നമ്മൾ മാത്രമായി ഒരു ലോകം” “ടീ… ടീ കൊതിപ്പിക്കാതെടി…. വക്കുവാണേ നാളെ പോവാൻ നേരം വിളിക്കാ.. ലവ് യു ടീ കൊച്ചേ.. ” “ഐ ടൂ ലവ് യൂ ൻ്റ പൊന്ന് ഇച്ചായാ ” ഫോൺ കട്ട് ചെയ്തപ്പഴും അവളുടെ ചുണ്ടിൽ ഒരു ചിരി തത്തി കളിച്ചു …. താഴെ ബുള്ളറ്റിൽ വരുന്നയാളെ കാണുന്നതു വരെ മാത്രം അത് നീണ്ടുനിന്നു… ❤❤❤ബാൽക്കണിയിൽ ഫോണും പിടിച്ച് നിലാവും നോക്കി നിന്നവളെ കണ്ടിരുന്നു മഹി, കണ്ടപാടെ ഉള്ളിൽ ഒരു ആധി….. എങ്ങനെ പറയും, വേഗം കേറി ചെന്ന് അമ്മയോട് കാര്യം പറഞ്ഞു…

നെഞ്ചിൽ കൈവച്ച് അവര് നിറകണ്ണോടെ മഹിയെ നോക്കി, “ദ്യുതി മോളോട് എങ്ങനാ പറയാ ഇത് ……??” ” പറഞ്ഞേ പറ്റൂ… ” മഹി വേഗം ഗോവണി കയറി മേലെ ബാൽക്കണിയിൽ എത്തി,.. നീണ്ട ബാൽക്കണിയിൽ കൊത്തുപണികളുള്ള ചാരുപടിയിൽ തൂണും ചാരി ഇരുന്ന് നിലാവിൻ്റെ ഭംഗി ആസ്വദിക്കുകയായിരുന്നു, ദ്യുതി, “ദ്യുതീ….. ” തൻ്റെ പേര് നീട്ടി വിളിച്ച ശബ്ദം കേട്ട് അവൾ എണീറ്റ് തിരിഞ്ഞ് നിന്നു, എന്താ എന്ന ഭാവത്തിൽ … “രവിമാമ…… രവി മാമക്ക് ചെറിയ നെഞ്ച് വേദന, അജിത്ത് ഹോസ്പിറ്റലിൽ കൊണ്ട് പോണ വഴിക്ക് വിളിച്ചിരുന്നു … ” കേട്ടത് വിശ്വസിക്കാനാവാതെ അവൾ നിന്നു… “എന്താ… എന്താ പറഞ്ഞത്? ൻ്റെ അച്ഛൻ ഇപ്പഴാ…. ഇപ്പഴാ ….. ന്നോട് വർത്തമാനം പറഞ്ഞത്, ന്നട്ട് വയ്യാ ന്നോ ….

എന്താ നിങ്ങൾ പറയുന്നേ??” കേട്ട മാത്രയിൽ ഒരു ഭ്രാന്തിയെ പോലെ അലറി കരഞ്ഞ് അവൾ മഹിയുടെ കോളറ് പിടിച്ച് വലിച്ചു….. തന്നിലേക്ക് ആ പെണ്ണിനെ ഒന്നു ചേർത്ത് നിർത്തി മഹി… ” പെട്ടെന്നാ.. ദാ ഇപ്പഴാ …. ദ്യുതീ.. വാ നമുക്ക് ഫ്ലൈറ്റിൽ തിരിക്കാം, പുലർച്ചെ നാല് മണിക്ക് ഒരു ഫ്ളൈറ്റുണ്ട്, ” ഞെട്ടിപ്പിടഞ്ഞ് അവനിൽ നിന്നും മാറി ദ്യുതി…. ബഹളം കേട്ട് കൃപയും മേഘയും മുകളിൽ എത്തിയിരുന്നു… അവരും അത് കേട്ട് ആകെ വല്ലാണ്ടായി നിൽക്കുന്നുണ്ട്…. ആകെ തകർന്ന് നിൽക്കുന്ന ദ്യുതിയെ അവർ ചെന്ന് താങ്ങി….. ഇടതടവില്ലാതെ മിഴികൾ നിറഞ്ഞ് ഒഴുകിയിരുന്നു …. അപ്പഴും അച്ഛൻ്റെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങിക്കേട്ടു ..

ൻ്റ കുഞ്ഞിക്ക് വേണ്ടി ജീവിക്കണ്ടെ ഇക്ക് …… അപ്പോ മരുന്ന് കഴിക്കാതെങ്ങനാടാ…. നിൻ്റെ അമ്മ നമ്മളെ പറ്റിച്ച് പോയില്ലേ? കുഞ്ഞിക്ക് ഞാനുണ്ടെന്ന സമാധാനത്തിലാ പാവം, നിന്നെ ആരുടെലും കയ്യിൽ ഏൽപ്പിക്കും വരെ അച്ഛന് ജീവിക്കണ്ടേടാ…?” “””””” കൂട്ടുകാരികൾ എല്ലാം തയ്യാറാക്കി കൊടുത്തു, മഹിയോടൊപ്പം ഇറങ്ങുമ്പോ തെക്കേ തൊടിയിലേക്ക് നോക്കി അവൾ ഒന്നേ പറഞ്ഞുള്ളൂ, “അച്ഛൻ മാത്രേ ള്ളു കുഞ്ഞിക്ക് ….. ഇങ്ങട് തിരിച്ച് തന്നേക്കണേ അമ്മേ ……”… (തുടരും)

മഹാദേവൻ: ഭാഗം 2

Share this story