പാദസരം : ഭാഗം 16

പാദസരം : ഭാഗം 16

എഴുത്തുകാരി: അനില സനൽ അനുരാധ

ഓപ്പറേഷൻ തീയറ്റിറിന് മുൻപിൽ ഇരിക്കുമ്പോൾ ഗിരി അസ്വസ്ഥനായിരുന്നു. ഹരിയുടെ കൂടെ ഉണ്ടാകണം എന്ന് ദേവു പറഞ്ഞപ്പോൾ കൂടെ ഉണ്ടാകും എന്ന് പറഞ്ഞിട്ടും ഹരിക്ക് ഇങ്ങനെ പറ്റിയല്ലോ എന്നോർത്ത് അവൻ തളർച്ചയോടെ ഇരുന്നു. അവന്റെ ഇളം നീല ഷർട്ടിൽ രക്തക്കറ നിറഞ്ഞു നിന്നിരുന്നു. ചുമലിൽ ഒരു കരസ്പർശം അനുഭവപ്പെട്ടപ്പോൾ മുഖം ഉയർത്തി നോക്കി. ഹരിയുടെ അച്ഛൻ… ഗിരി എഴുന്നേറ്റു നിന്നു. ഗിരിയുടെ നെറ്റിയിലെ കെട്ടിലേക്ക് അച്ഛൻ നോക്കി. “എന്താ മോനെ. എന്താ പ്രശ്നം. നെറ്റിയിൽ ഇതെന്താ. ഡ്രസ്സിൽ ആകെ ചോര. ഹരിയും മനുവും എവിടെ? ” പുറകിൽ കാൽ പെരുമാറ്റം കേട്ടപ്പോൾ ശങ്കരൻ തിരിഞ്ഞു നോക്കി. നെറ്റിയിലും കയ്യിലും കെട്ടുമായി നിൽക്കുന്ന മനു.

അവന്റെ ഡ്രസ്സിലും ആകെ ചോര. “എന്താ മക്കളെ ഇതൊക്ക. നിങ്ങൾ ഒക്കെ എവിടെ ആയിരുന്നു. എന്തിനാ ഓപ്പറേഷൻ തിയേറ്ററിനു മുൻപിൽ വരാൻ പറഞ്ഞത്. ഹരി എവിടെ? ” “അച്ഛാ… ഹരി… ” മനു ഓപ്പറേഷൻ തിയേറ്ററിനു നേരെ നോക്കി കൊണ്ട് പറഞ്ഞു. “അവനു എന്താ മോനെ പറ്റിയത്? നിങ്ങൾ എല്ലാവരും കൂടെ എവിടെ പോയതാ? ” അദ്ദേഹം വെപ്രാളത്തോടെ തിരക്കി. “ഞങ്ങൾ റോയിയുടെ വീട്ടിൽ പോയതാ.” “എന്നിട്ട്? ” “അവിടെ വെച്ച് റോയിയുടെ പപ്പയോടും സണ്ണിയോടും കുറച്ചു സംസാരം ഉണ്ടായി. ഹരി സണ്ണിയെ പിടിച്ചു തള്ളുകയൊക്കെ ചെയ്തു. അതു കഴിഞ്ഞ് അവിടെ നിന്ന് ഇറങ്ങിയതാ. കാറിനു കുറുകെ വേറെ കാർ കൊണ്ട് വന്നു നിർത്തിയപ്പോൾ ഇറങ്ങണ്ടെന്നു ഞാനും ഗിരിയും പറഞ്ഞതാ.

പക്ഷേ കേൾക്കാതെ ഹരി ഇറങ്ങി. സണ്ണി ഹരിയെ പിടിച്ചു തള്ളി. ഞങ്ങൾ ഇറങ്ങുമ്പോഴേക്കും അവന്റെ കൂടെ ഉണ്ടായിരുന്നവർ ഹരിയെ ചവിട്ടി കൂട്ടുകയായിരുന്നു. ഞങ്ങൾ വേഗം പിടിച്ചു മാറ്റി. പിന്നെ അവരുടെ കൈയ്യിൽ ആയുധം ഉണ്ടായിരുന്നു. ആകെ അടിയും പിടിയുമായി. ഗിരിയെ ആരോ പിടിച്ചു തള്ളിയപ്പോൾ അവൻ നെറ്റി ഇടിച്ചു വീണു. ഗിരിയെ എഴുന്നേൽപ്പിച്ചു നോക്കുമ്പോൾ ഒരാൾ ഹരി വയറ്റിൽ കുത്തുന്നതാണ് കണ്ടത്. ഇനി തമ്മിൽ കാണാൻ ഇട വരുത്തരുത് എന്നു താക്കീതും തന്നാണ് അവർ പോയത്.” “എന്തിനാ മക്കളെ നിങ്ങൾ പറയാതെ എടുത്തു ചാടി പോയത്. ഡോക്ടർ എന്തു പറഞ്ഞു. ” “ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു. ഞാൻ ഒപ്പിട്ട് കൊടുത്തു. അവനൊന്നും സംഭവിക്കില്ല അച്ഛാ… എനിക്ക് ഉറപ്പുണ്ട്. അച്ഛൻ പേടിക്കാതെ. ” ശങ്കരൻ ചെയറിൽ തളർച്ചയോടെ ഇരുന്നു.

“നിനക്ക് അറിയുന്നതല്ലേ അവന്റെ എടുത്തു ചാട്ടം. പിന്നെ എന്തിനാ മോനെ പോകാൻ സമ്മതിച്ചത്? ” “ഞാൻ തടഞ്ഞാലും അവൻ പോകുമായിരുന്നു. ” സമയം കടന്നു പോയി കൊണ്ടിരുന്നു. അച്ഛന്റെയും അമ്മായിയുടെയും കൂടെ നടന്നു വരുന്ന ദേവുവിനെ കണ്ടതും ഗിരി എഴുന്നേറ്റു നിന്നു. അച്ഛനെയും മനുവേട്ടനെയും നോക്കിയ ശേഷം അവൾ ഗിരിയുടെ മുൻപിൽ വന്നു നിന്നു. മിഴികൾ ഉയർത്തി അവളെ നോക്കുമ്പോൾ അവന്റെ മിഴികൾ നിറഞ്ഞു. പെയ്യാൻ മറന്നു നിൽക്കുന്ന അവളുടെ മിഴികൾ അവനെ ഭയപ്പെടുത്തി. “ഹരിയേട്ടൻ എവിടെ ഗിരിയേട്ടാ? ” ഗിരി എന്തു പറയണം എന്ന് അറിയാതെ മനുവിനെ നോക്കി. “കൂടെ ഉണ്ടാകണം എന്നു പറഞ്ഞതല്ലേ ഞാൻ… എന്നിട്ടും കേട്ടില്ലല്ലോ…”

“ദേവൂ… ” “എനിക്ക് ഹരിയേട്ടനെ കാണണം… ഇപ്പോൾ കാണണം… ” മനു അവളുടെ അടുത്തേക്ക് വന്നു. “കുറച്ചു കഴിഞ്ഞു കാണാം ദേവൂ. ഗിരി നീ ഇവളെ റൂമിൽ കൊണ്ടാക്കൂ.” “ഞാൻ വരില്ല.” അവൾ ചെയറിൽ ചെന്നിരുന്നു. അമ്മ അവളുടെ അടുത്ത് ഇരുന്നപ്പോൾ ഗിരി അച്ഛന്റെ അടുത്തേക്ക് ചെന്നു. “എന്തിനാ അച്ഛാ അവളെ ഇപ്പോൾ കൂട്ടി കൊണ്ടു വന്നത്. ഹരിയ്ക്കു കുറച്ചു സീരിയസ് ആണെന്നാ ഡോക്ടർ പറഞ്ഞത്. ഓപ്പറേഷൻ നടന്നു കൊണ്ടിരിക്കാണ്.” “ഹരി പോയപ്പോൾ മുതൽ അവൾക്ക് എന്തോ പേടി പോലെ ഉണ്ടായിരുന്നു മോനെ. നീ വിളിക്കുന്നതിന് കുറച്ചു മുൻപ് എന്തോ സ്വപ്നം കണ്ടു നിലവിളിച്ചു. ദിവ്യയോട് നിന്നെ വിളിക്കാൻ പറഞ്ഞു നിൽക്കുമ്പോൾ തന്നെയാ മോൻ വിളിച്ചത്.

ഒരു ആക്‌സിഡന്റ് പറ്റി എന്നേ ദിവ്യ പറഞ്ഞിട്ടുള്ളു. ആദ്യം കരഞ്ഞു ബഹളം വെച്ചു. പിന്നെ കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു. ഹോസ്‌പിറ്റലിലേക്ക് കൊണ്ടു പോയില്ലെങ്കിൽ തനിയെ പോകും എന്ന് പറഞ്ഞു വാശി പിടിച്ചു. പിന്നെ ഒരു നിവർത്തിയും ഇല്ലാത്ത കാരണമാണ് കൊണ്ടു വന്നത്. എന്തിനാ മോനെ ആവശ്യമില്ലാതെ തല്ലിനും വഴക്കിനും ഒക്കെ പോയത്. ദിവ്യ അവിടെ ആകെ പേടിച്ചാണ് ഇരിക്കുന്നത്. നിന്നെ ഇങ്ങനെ കണ്ടിട്ട് അച്ഛന് സഹിക്കുന്നില്ല. ” “എനിക്ക് ഒന്നും പറ്റിയിട്ടില്ല അച്ഛാ.. ഹരിയെയും ദേവുവിനെയും ഓർത്താണ് എന്റെ ടെൻഷൻ… ” ദേവുവിനെ നോക്കി ഗിരി ചുമരിൽ ചാരി നിന്നു… ഈ ലോകത്തും ഒന്നുമല്ലാത്ത മട്ടിൽ ഇരിക്കുന്ന അവളെ കണ്ടപ്പോൾ അവന്റെ ഉള്ളം തേങ്ങി കൊണ്ടിരുന്നു…

തന്റെ ഉള്ളിലെ ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവാണ് അവൾ എന്ന് അവൻ തിരിച്ചറിയുകയായിരുന്നു. അവൾക്ക് നൊന്താൽ അതിലും ശക്തമായി തനിക്കു നോവും… അവൾ മിഴിനീർ വാർത്താൽ ചോര പൊടിയുന്നത് തന്റെ ഹൃദയത്തിൽ നിന്നാണ്… എന്തിനായിരുന്നു ദേവു ഇതെല്ലാം… എന്തേ നീയെന്നെ ഉപേക്ഷിച്ചു… എനിക്ക് നിഷേധിക്കപ്പെട്ട സ്നേഹം മറ്റൊരാളിലേക്ക് നീ ഇങ്ങനെ പകരുമ്പോൾ എനിക്കെന്തേ ഉള്ളം വിങ്ങുന്നു… നിന്റെ നെറ്റിയിലെ സിന്ദൂരത്തിന്റെ അവകാശി ഞാൻ അല്ലെങ്കിലും ഞാൻ ഈ ഭൂമിയിൽ ഉള്ളിടത്തോളം നിന്നെ സുമംഗലി ആയി തന്നെ കാണണം ദേവൂ… ഹരിയ്ക്കു ഒന്നും സംഭവിക്കില്ല ദേവൂ…

അവൻ നിശബ്ദമായി അവളോട്‌ മൊഴിഞ്ഞു കൊണ്ടിരുന്നു. സമയം കടന്നു പോയി കൊണ്ടിരുന്നു. ദേവു താലിയിൽ മുറുകെ പിടിച്ച് മിഴികൾ അടച്ച് ഇരുന്നു. മിഴിനീർ ചാലുകൾ ഒഴുകി കൊണ്ടിരുന്നു. *** ദേവു പതിയെ മിഴികൾ തുറന്നു. കണ്‍പോളകള്‍ക്ക് വല്ലാത്ത ഭാരം തോന്നി. താൻ ഓപ്പറേഷൻ തിയേറ്ററിനു മുൻപിൽ ഇരിക്കുക ആയിരുന്നല്ലോ എന്നൊർമ്മ വന്നതും പിടഞ്ഞു എഴുന്നേറ്റിരുന്നു. “പതിയെ മോളെ… ” സുജാത ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു. അപ്പോഴാണ് കയ്യിൽ ഡ്രിപ് കയറ്റുന്നത് ദേവു ശ്രദ്ധിച്ചത്. “ഒന്നുമില്ല മോളെ…” അമ്മ അവളെ കിടത്തി കൊണ്ടു പറഞ്ഞു. “ഹരിയേട്ടൻ എവിടെ അമ്മേ?” “അവനു കുഴപ്പം ഒന്നുമില്ല മോളെ. ഓപ്പറേഷൻ കഴിഞ്ഞു. ഐ സി യുവിലേക്ക് മാറ്റി. ”

“എന്താ അമ്മേ ഹരിയേട്ടനു പറ്റിയത്? എനിക്കൊന്നു കണ്ടാൽ മതി. ” അവൾ കരഞ്ഞു കൊണ്ടു പറഞ്ഞു. “ഗിരി വരട്ടെ മോളെ. നമുക്ക് ഡോക്ടറോടു ചോദിച്ചിട്ട് കാണാം.” മിഴികൾ വീണ്ടും അടഞ്ഞു… പാതി മയക്കത്തിൽ അവൾ കിടന്നു. മുടിയിൽ ആരോ തലോടുന്നതു പോലെ തോന്നിയപ്പോഴാണ് ദേവു മിഴികൾ തുറന്നത്. ഹരിയുടെ അമ്മ അരികിൽ ഇരിക്കുന്നു. അമ്മ കരയുകയാണ്. ദേവുവിന് ഭയം തോന്നി… “ഒന്നുമില്ല മോളെ…” എന്നു പറഞ്ഞു അമ്മ കവിളിൽ തലോടിയപ്പോൾ ആ കൈ മുറുകെ പിടിച്ചു നെഞ്ചോടു ചേർത്ത് വെച്ചു. *** സർജിക്കൽ ഐസിയുവിൽ കിടക്കുന്ന ഹരിയെ ഒരു ചില്ല് പാളിയ്ക്കു അപ്പുറത്ത് നിന്നും കാണുമ്പോൾ ദേവു കരച്ചിൽ അടക്കാൻ പാടു പെടുകയായിരുന്നു.

കാണാനുള്ള ടൈം കഴിഞ്ഞെന്ന് നഴ്സ് വീണ്ടും ഓർമിപ്പിച്ചപ്പോൾ അവൾ വേഗം മിഴികൾ തുടച്ചു തിരിഞ്ഞു നടന്നു. റൂമിൽ ഇരിക്കുമ്പോൾ ചാരു അടുത്ത് വന്നിരുന്നു. “മോൾ ചാരുവിന്റെ കൂടെ വീട്ടിലേക്ക് ചെല്ല്. നാളെ അവനെ റൂമിലേക്ക്‌ മാറ്റുമ്പോൾ വന്നാൽ മതി.” അച്ഛൻ പറഞ്ഞു. “ഞാൻ ഇവിടെ നിന്നോളാം അച്ഛാ… എന്നെ നിർബന്ധിക്കല്ലേ… ” അവൾ അപേക്ഷ പോലെ പറഞ്ഞു. “നീ ഇങ്ങനെ നേരത്തിനു ഒന്നും കഴിക്കാതെ ഇരിക്കുന്നത് കാണുമ്പോൾ സഹിക്കാതെ പറയുന്നതാ മോളെ. അല്ലാതെ മോളെ പറഞ്ഞയക്കാൻ അല്ല.” ***

ഹരിയെ റൂമിലേക്ക് കുറച്ചു കഴിഞ്ഞാൽ മാറ്റും എന്ന് മനുവേട്ടൻ വന്നു പറഞ്ഞപ്പോൾ ദേവു ചാരുവിന്റെ കയ്യിൽ മുറുകെ പിടിച്ചു. “ഇനിയെങ്കിലും ഒന്നു സമാധാനത്തോടെ ഇരിയ്ക്കു ദേവൂ…” ചാരു പറഞ്ഞു. “പിന്നെ അവനെ കാണുമ്പോൾ കരയാൻ ഒന്നും നിന്നേക്കരുത്.” മനു പറഞ്ഞു. അവൾ തലയാട്ടി. സ്‌ട്രച്ചറിൽ ഹരിയെ മുറിയിലേക്ക് കൊണ്ടു വരുന്നതു കണ്ടപ്പോൾ തന്നെ ദേവുവിന്റെ ഹൃദയം ക്രമാതീതമായി മിടിക്കാൻ തുടങ്ങി. മനുവേട്ടനും അച്ഛനും മുറിയിലേക്ക് കടന്നു. ബാക്കിയുള്ളവരെല്ലാം പുറത്ത് നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു. അച്ഛൻ ഡോക്ടറോടു സംസാരിച്ചു കൊണ്ടു മുറിയുടെ പുറത്തേക്കു വന്നു. ഡോക്ടറും അറ്റൻഡർമാരും പോയപ്പോൾ മനു അമ്മയുടെ അടുത്ത് വന്നു നിന്നു.

“എന്താ മോനെ ഡോക്ടർ പറഞ്ഞത്? ” അമ്മ ആശങ്കയോടെ തിരക്കി. “കുഴപ്പം ഒന്നും ഇല്ല അമ്മേ. പിന്നെ വിസിറ്റെഴ്സിനെ എപ്പോഴും അനുവദിക്കില്ലെന്ന് പറഞ്ഞു. ഇൻഫെക്ഷൻ വരാതിരിക്കാൻ ആണ്. അല്ലാതെ പേടിക്കാൻ ഒന്നുമില്ല. ഒരാഴ്ച കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാം എന്നാ ഡോക്ടർ പറഞ്ഞത്. വലതു കാലിൽ ഫ്രാക്ച്ചറുണ്ട്. പിന്നെ നെറ്റിയിലെ മുറിവ് ഒന്നും കാര്യമുള്ളത് അല്ല.” “ഇപ്പോൾ കയറി കണ്ടൂടെ മോനെ.” “ഉം… ഞാനും അച്ഛനും ഇവിടെ നിന്നോളാം. ബാക്കി എല്ലാവരും കണ്ടിട്ട് വീട്ടിൽ പൊയ്ക്കോളൂ…” അമ്മയുടെയും ചാരുവിന്റെയും കൂടെ മുറിയിലേക്ക് ദേവു കടന്നു ചെന്നു. ഹരി കണ്ണ് അടച്ചു കിടക്കുകയായിരുന്നു. അമ്മയുടെ പുറകിലായി അവൾ നിന്നു. അമ്മ ഹരിയുടെ നെറ്റിയിൽ പതിയെ തലോടി. അവൻ കണ്ണു തുറന്നു… “അമ്മേ… ”

അവൻ ഇടർച്ചയോടെ വിളിച്ചു. “എന്തിനാടാ മോനെ എല്ലാവരെയും ഇങ്ങനെ പേടിപ്പിച്ചത്? ” നിറ മിഴികളാൽ അമ്മ തിരക്കി. “എനിക്കു ഒന്നുമില്ല അമ്മേ… അമ്മ വെറുതെ ഇവിടെ നിന്ന് കരയാതെ വീട്ടിലേക്ക് പോകാൻ നോക്ക്. ” അമ്മ അവന്റെ കവിളിലും നെറ്റിയിലും എല്ലാം തലോടി. സാരിത്തലപ്പു കൊണ്ടു മിഴികൾ തുടച്ചു. “ഹരിയേട്ടാ ഈ പാവത്തിനെ ഇനിയും ഇങ്ങനെ പേടിപ്പിക്കരുത് കേട്ടോ…” ചാരു പറഞ്ഞു. ഹരി ദേവുവിനെ നോക്കി. ചാരു പ്രഭയുടെ കയ്യും പിടിച്ചു പുറത്തേക്കു നടന്നു. ഹരിയുടെ അരികിലായി ദേവു നിന്നു. അവൻ വലതു കൈ നീട്ടി അവളുടെ കയ്യിൽ പിടിച്ചു. അവൾ ആകെ ക്ഷീണിച്ചിരുന്നു. കണ്ണും മുഖവും ഒക്കെ വീർത്തു കെട്ടിയ അവളെ കണ്ടപ്പോൾ അവനു ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. “ടീ ഉണ്ടക്കണ്ണി നിനക്കു കരച്ചിൽ തന്നെ ആയിരുന്നോ പണി? ”

അവൻ ഇടർച്ചയോടെ തിരക്കിയതും വീണ്ടും അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി. “നിന്റെ കോലം കണ്ടാൽ തോന്നുമല്ലോ ഞാൻ അങ്ങ് പരലോകത്ത് എത്തി എന്ന്? ” ദേവു പതിയെ അവന്റെ വായ പൊത്തി പിടിച്ചു. “ഇങ്ങനെ ഒന്നും പറയാതെ ഹരിയേട്ടാ… ” അവൻ കയ്യിൽ ചുംബിച്ചപ്പോൾ അവൾ പതിയെ കുനിഞ്ഞു അവന്റെ നിറുകെയിൽ ചുംബിച്ചു… “പേടിച്ചോടീ ഉണ്ടക്കണ്ണി.” അവളുടെ കൈ മാറ്റി അവൻ തിരക്കി. “ഞാൻ വല്ലാതെ പേടിച്ചു പോയി ഹരിയേട്ടാ… ഇനിയും ഇങ്ങനെ പേടിപ്പിക്കല്ലേ. എനിക്കു പിന്നെ പിടിച്ചു നിൽക്കാൻ പറ്റില്ല. കരയിൽ പിടിച്ചിട്ട മീനിനെ പോലെ ഞാനും പിടയുകയായിരുന്നു. ” ഡോർ തുറക്കുന്ന ശബ്ദം കേട്ടതും ദേവു വേഗം നീങ്ങി നിന്നു. ഗിരി ഹരിയുടെ അടുത്തേക്ക് വന്നു.

“പേടിപ്പിച്ചു കളഞ്ഞല്ലോ ഹരീ… ” ഗിരി പറഞ്ഞു. ഹരി ഒന്നു പുഞ്ചിരിച്ചതേയുള്ളു. “ഞാൻ നിന്റെ കൂടെ നിന്നില്ലെന്നും പറഞ്ഞ് ഒരാൾ എന്നെ ചോദ്യം ചെയ്തു.” ഹരി ദേവുവിനെ നോക്കി. “ആ ഒരാളെ എനിക്ക് മനസിലായി… ” ഹരി പറഞ്ഞു. “അപ്പോഴത്തെ സങ്കടത്തിൽ പറഞ്ഞു പോയതാ ഗിരിയേട്ടാ… സോറി…” “ഇപ്പോഴാ ഹരി ഒന്നു സമാധാനമായത്. ഇവൾ നേരെ ചൊവ്വേ ഒന്നും കഴിക്കാതെ ഒരേ ഇരിപ്പായിരുന്നു.” ഗിരി ഹരിയുടെ അടുത്തേക്ക് ചെന്നു. അവന്റെ വലതു കൈ പിടിച്ചു. അതിനു ശേഷം ദേവുവിനെ നോക്കി. അടുത്തേക്ക് വരാൻ അവളോട്‌ പറഞ്ഞു. അവൾ അടുത്തേക്ക് വന്നപ്പോൾ അവളുടെ വലതു കൈ പിടിച്ചു അവന്റെ കയ്യിൽ വെച്ചു കൊടുത്തു. “ഹരീ… ഇവളുടെ ജീവനാണ് നീ… ഇനി ഇതിനു പ്രതികാരം ചെയ്യാൻ എന്നും പറഞ്ഞു ഒന്നിനും പോകാൻ നിൽക്കരുത്.” ഗിരി പറഞ്ഞു.

കണ്ണിൽ ആകെ ഇരുട്ട് കയറുന്നതു പോലെ ദേവുവിന് തോന്നി. അവൾ താഴേക്കു വീഴാൻ തുടങ്ങിയതും ഹരി ഒരു പിടച്ചിലോടെ എഴുന്നേറ്റിരുന്നതും അസഹനീയമായ വേദന അവനിൽ നിറഞ്ഞു. “അമ്മേ… ” അവൻ അറിയാതെ തന്നെ അവനിൽ നിന്നും ഒരു നിലവിളി ഉയർന്നു. കണ്ണുനീരിനിടയിലും ഹരി കണ്ടു നിലത്തേക്ക് വീഴുന്നതിന് മുൻപേ അവളെ താങ്ങി പിടിച്ചു നിർത്തിയ കരങ്ങളെ… ** പ്രഭയുടെ മടിയിൽ തല വെച്ച് ദേവു കിടന്നു. ചാരു അവളുടെ അടുത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു. “മോളെ…” “ഉം… ” ദേവു പതിയെ മൂളി. “എഴുന്നേറ്റു എന്തെങ്കിലും കഴിച്ചേ… അല്ലെങ്കിൽ ഇനിയും ഹോസ്പിറ്റലിൽ പോയി കിടക്കേണ്ടി വരും… ” “എനിക്ക് ഒന്നും വേണ്ട അമ്മേ…

ഹരിയേട്ടൻ അമ്മേ എന്നു വിളിച്ചു നില വിളിക്കുന്നത് ഞാൻ കേട്ടതാ. എനിക്ക് ഇവിടെ കിടന്നിട്ട് ശ്വാസം കിട്ടുന്നില്ല അമ്മേ… നമുക്ക് ഹോസ്പിറ്റലിൽ പോകാം… ” “ദേ ദേവൂട്ടി… അമ്മയെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്. ഹരിയെ കണ്ടിട്ട് തന്നെയല്ലേ നമ്മൾ വന്നത്.” “ഹരിയേട്ടൻ സഡേഷനിൽ ആയിരുന്നില്ലേ. അടുത്ത് ഇരുന്ന് കുറച്ചു നേരം ഒന്നു സംസാരിക്കാൻ പോലും പറ്റിയില്ല…” “ഹരിയേട്ടനു ഒരു കുഴപ്പവും ഇല്ല. നീ വെറുതെ വാശി പിടിച്ചു അങ്ങോട്ട്‌ ചെന്നാൽ അവിടെ നിന്ന് വയറു നിറച്ചു കിട്ടിക്കോളും.” ചാരു പറഞ്ഞു. ദേവു ഒന്നും പറയാതെ മുഖം വീർപ്പിച്ചു കിടന്നു. “അമ്മായി… ദേവു പിണങ്ങിട്ടോ… ”

“അവളുടെ പിണക്കം ഒക്കെ കുറച്ചു കഴിയുമ്പോൾ മാറിക്കോളും. ഡോക്ടർ പ്രത്യേകം പറഞ്ഞതാണ് ആരോഗ്യം വളരെ വീക്ക്‌ ആണെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കാനും… ” അമ്മ പറയുന്നത് കേട്ടപ്പോൾ ദേവു വലതു കൈ എടുത്തു വയറിൽ ചേർത്തു വെച്ചു. അമ്മുക്കുട്ടി വന്നു ചാരുവിന്റെ മടിയിൽ ഇരുന്നു. “ടീ കുറുമ്പി നിനക്ക് കളിക്കാൻ ഒരു വാവ വരാൻ ആയല്ലോ… ” “ഉണ്ണി വാവ വരുമെന്ന് അമ്മയും പറഞ്ഞല്ലോ…” അവൾ കൊഞ്ചലോടെ പറഞ്ഞു. അമ്മുക്കുട്ടി ദേവുവിന്റെ മേലേക്ക് ചാഞ്ഞു ഇരിക്കാൻ നോക്കിയതും ചാരു അവളെ മുറുകെ പിടിച്ചു… “ദേവുമ്മയുടെ മേല് കയറി മുൻപത്തെ പോലെ കളിച്ചാൽ ചെറിയച്ഛൻ നിന്നെ പിടിച്ചു ശരിയാക്കും… ” “ആണോ അച്ഛമ്മേ… ” പ്രഭ തലയാട്ടി.

“എന്നാ മോൾക്ക് പേടിയാ… ” എന്ന് പറഞ്ഞു അവൾ ചാരുവിന്റെ മടിയിൽ അനുസരണയോടെ ഇരുന്നു. ** ദിവ്യയേയും എല്ലാവരെയും കണ്ടപ്പോൾ ദേവുവിനു ആശ്വാസം തോന്നി. ഗിരിയേട്ടൻ കുറേ കവറുകൾ മേശമേൽ കൊണ്ടു വന്നു വെച്ചു. “ഗിരിയേട്ടനു ചേച്ചിയ്ക്കു എന്തൊക്കെ വാങ്ങണം എന്നൊരു പിടുത്തവും ഇല്ലായിരുന്നു… ” ദിവ്യ പുഞ്ചിരിയോടെ ദേവുവിനോട് പറഞ്ഞു. “അവൾ അങ്ങനെ ഒന്നും കഴിക്കുന്നില്ല മോളെ. പിന്നെ ഛർദിയും ഉണ്ട്… ” പ്രഭ പറഞ്ഞു. “ദേവുവിനെ ഞങ്ങൾ പോകുമ്പോൾ കൊണ്ടു പൊയ്ക്കോട്ടെ? സുജാത തിരക്കി. പ്രഭ ദേവുവിനെ നോക്കി. അമ്മയോട് എങ്ങനെ വരില്ലെന്ന് പറയും എന്നോർത്ത് നിശബ്ദയായ് ദേവു നിന്നു. “അവൾ ഇവിടെ നിന്നോട്ടെ അമ്മായി.

ഇപ്പോൾ തന്നെ ഹരി വരുന്ന ദിവസവും എണ്ണിയാകും ഇരിപ്പ്… ” ഗിരി പറഞ്ഞു. “അതു ശരിയാ… ” ദിവ്യയും പറഞ്ഞു. “ഹരിയോട് ഇതുവരെ പറഞ്ഞില്ല അല്ലേ? ” ഗിരി തിരക്കി. “പറഞ്ഞിട്ടില്ല… ഹോസ്പിറ്റലിൽ നിന്നും വന്നിട്ട് സർപ്രൈസ് ആയി പറയാം എന്ന് മനു പറഞ്ഞു. പറയാതെ ഇവിടെ ദേവുവിനു ഒരു സമാധാനവും ഇല്ല… ” ഗിരി പുഞ്ചിരിയോടെ അവളെ നോക്കി… ദേവുവും ദിവ്യയും ചാരുവും കൂടി മുറിയിൽ വന്നിരുന്നു… “റോയ് ഇച്ചായൻ വന്നിരുന്നോ? ” ദിവ്യ ചാരുവിനോട് തിരക്കി. “ഇല്ല. ഇച്ചായൻ നാളെ ഹോസ്പിറ്റലിലേക്ക് വരാം എന്ന് പറഞ്ഞിട്ടുണ്ട്…” “എന്നാലും ചേച്ചിടെ ഇച്ചായന്റെ വീട്ടുകാർ എന്ത് ആൾക്കാരാ… ഇനിയും അവരു ഉപദ്രവിക്കാൻ വരുമോ എന്നോർത്താ എനിക്ക് പേടി.”

“ഇനി അവര് ഒന്നിനും വരില്ല. ഇനി എന്റെ പേരിൽ മറ്റൊരാൾ കൂടി മുറിവേൽക്കാൻ ഇടയായാൽ പിന്നെ ഞാൻ ആയി തന്നെ എല്ലാം അവസാനിപ്പിച്ചോളാം. ” “ദേ… ചാരു വെറുതെ ഓരോന്നു ചിന്തിച്ചു കൂട്ടല്ലേ.” ദേവു ശാസിച്ചു. “ഞാൻ കാരണം അല്ലെ ഇങ്ങനെ ഓരോന്ന് ഉണ്ടായത് എന്നോർക്കുമ്പോൾ തന്നെ നെഞ്ചിൽ വല്ലാത്ത ഭാരം ആണ് ദേവൂ. എന്റെ അമ്മയെ തള്ളിയിടുന്നതു കണ്ടിട്ടും സണ്ണിച്ചായൻ തടഞ്ഞില്ല. അല്ലെങ്കിൽ തന്നെ ഹരിയേട്ടനെ സണ്ണിച്ചനും പപ്പയ്ക്കും ഇഷ്ടമില്ല. അതിന്റെ ഇടയിൽ എന്റെ പേരും പറഞ്ഞ് അവിടെ പോയി അവരുടെ ശത്രുത കൂട്ടി. ഇനി ഇതിന്റെ പിന്നാലെ ഹരിയേട്ടൻ പോകാതെ ഇരുന്നാൽ മതി.” “അതെന്താ ഹരിയേട്ടനെ അവർക്കു ഇഷ്ടമില്ലാത്തത്? ” ദിവ്യ തിരക്കി.

“അത് റോയിയ്ക്ക് ഒരു അനിയത്തിയുണ്ട്… അന്ന… ഹരിയേട്ടനും അവരും ഒരു കോളേജിൽ ആണ് പഠിച്ചിരുന്നത്. അന്നയ്ക്ക് ഒരാളുമായി ഇഷ്ടം ഉണ്ടായിരുന്നു. ഹരിയേട്ടൻ അതിനു സപ്പോർട്ട് ചെയ്തിരുന്നു… അതു കൊണ്ടാണ് ദേഷ്യം… ” ദേവു പറഞ്ഞു. “അന്ന ആരെയെങ്കിലും സ്നേഹിച്ചതിന് ഹരിയേട്ടൻ എന്ത് തെറ്റാ ചെയ്തത്. ഇനി അന്നയും അയാളും തമ്മിലുള്ള കല്യാണം ഹരിയേട്ടൻ നടത്തി കൊടുത്തു കാണുമോ. അതാകും ചിലപ്പോൾ ഇത്രയും ദേഷ്യം.” “അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. വീട്ടുകാർ തീരുമാനിച്ച ആളെ തന്നെയാ അന്ന വിവാഹം ചെയ്തത്. അവർക്കു ഒരു മോളും ഉണ്ട്. ” “എന്നിട്ടാണോ അതിന്റെ പേരിൽ ഹരിയേട്ടനോട്‌ ദേഷ്യം കാണിക്കുന്നത്.” “ഇപ്പോൾ കാണിച്ചത് ഹരിയേട്ടനു മാത്രമല്ല എനിക്ക് കൂടിയുള്ള വാണിങ്ങാണ്.

ഇനിയും റോയ് ഇച്ചായനുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറി ഇല്ലെങ്കിൽ എന്നെ എന്തെങ്കിലും ചെയ്യാൻ പോലും മടിക്കില്ല അവർ. ” ചാരു പറഞ്ഞു. “അവരുമായിട്ടുള്ള ഒരു ബന്ധവും നമുക്ക് വേണ്ട ചേച്ചി. കൊല്ലാൻ പോലും മടി ഇല്ലാത്തവരാ. ഒന്നും ചെയ്യാൻ മടിക്കില്ല. ” “റോയ് ഇച്ചായൻ എന്നെ വേണ്ടെന്നു വെച്ചാലും എനിക്ക് ഒരിക്കലും വേണ്ടെന്നു വെക്കാൻ ഇനി പറ്റില്ല. അത്രയ്ക്ക് സ്നേഹിച്ചു പോയി. ഇനി അതിൽ നിന്നും ഒരു മടക്കം മരണത്തിലൂടെ പോലും ഉണ്ടാകില്ല. ജീവിച്ചാലും മരിച്ചാലും അതു റോയിച്ചായന്റെ പെണ്ണായിട്ട് തന്നെ ആയിരിക്കും.” “ദേ ചാരു ഇനി മരണത്തിന്റെ കാര്യം പറഞ്ഞോണ്ട് അടുത്ത് ഇരുന്നാൽ ഉണ്ടല്ലോ. അപ്പച്ചിയ്ക്ക് നീ മാത്രമേയുള്ളു.

നിന്റെ അച്ഛൻ മരിച്ചിട്ടും മറ്റൊരു വിവാഹം പോലും ചെയ്യാതെ അപ്പച്ചി ജീവിച്ചത് നിനക്ക് വേണ്ടി മാത്രമല്ലേ. അതെല്ലാം മറന്ന് അപ്പച്ചിയെ വേദനിപ്പിക്കരുത്. ..” “അതൊക്കെ അറിയാം ദേവു. ചിലപ്പോൾ തോന്നും ഒന്നും വേണ്ടായിരുന്നു എന്ന്… കാണണ്ടായിരുന്നു… സ്നേഹിക്കണ്ടായിരുന്നു എന്നൊക്കെ… ഈ സ്നേഹിക്കപ്പെടുക എന്നതിന് വേദനിക്കപ്പെടുക എന്നൊരു അർത്ഥം കൂടി ഉണ്ടല്ലേ… വേദനിക്കാൻ കൂടിയുള്ള മനസ്സ് ഉണ്ടാക്കിയിട്ട് വേണം സ്നേഹിക്കാൻ പുറപ്പെടാൻ. ” “ഈ വേദന തല്ക്കാലികമാണ് ചാരു… എല്ലാം ശരിയാകും എന്ന് എന്റെ മനസ്സ് പറയുന്നു… ” “ഉം… സ്വയം വേദനിക്കാൻ ഞാൻ ഇപ്പോഴും ഒരുക്കമാണ്… പ്രിയപ്പെട്ടവർ കൂടി വേദനിക്കുന്നതു കാണാനാണ് വയ്യാത്തത്…” “എല്ലാം ശരിയാകും ചേച്ചി… സങ്കടപ്പെടാതെ… ” ചാരു വേദനയോടെ പുഞ്ചിരിച്ചു… ***

ഹരിയുടെ അരികിൽ കസേരയിലായി റോയ് ഇരുന്നു… “എന്തിനായിരുന്നു ഹരീ ഈ എടുത്തു ചാട്ടം. എന്റെ വീട്ടുകാരെ കുറിച്ച് ഞാൻ പറയാതെ തന്നെ അറിയുന്നതല്ലേ? ” “പിന്നെ എന്റെ അപ്പച്ചിയെ ഉപദ്രവിക്കാൻ വന്നാൽ ഞാൻ ക്ഷമിച്ചു നോക്കി നിൽക്കണോ? ” “ക്ഷമിക്കണം എന്നല്ല ഹരീ ഞാൻ പറഞ്ഞത്. ഇപ്പോൾ എന്റെ വീട്ടുകാർ കാരണം രണ്ടാം തവണയാണ് നീ ഹോസ്പിറ്റലിൽ കിടക്കുന്നത്.” “ഇനി എന്താ റോയ് നിന്റെ തീരുമാനം? ” “രണ്ടാഴ്ച കഴിഞ്ഞാൽ രജിസ്റ്റർ മാര്യേജ് നടത്താം. ഞാൻ ഒരു വീട് വാടകയ്ക്ക് എടുത്തിട്ടുണ്ട്. വിവാഹശേഷം തല്ക്കാലത്തേക്ക് അങ്ങോട്ട്‌ മാറാം. നീ എന്താ പോലീസിനു മൊഴി കൊടുത്തപ്പോൾ കുത്തിയ ത് ആരാണെന്നു അറിയില്ലെന്ന് പറഞ്ഞത്? ”

“അവസരം കിട്ടുമ്പോൾ ഇതിനുള്ള മറുപടി ഞാൻ തന്നെ കൊടുക്കും. അതിനു ഒരു പോലീസിന്റെ സഹായവും എനിക്ക് വേണ്ട…” “ഇനിയും എടുത്തു ചാടി ഒന്നും ചെയ്യാൻ നിൽക്കരുത്. നിനക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ. ദേവുവിനെ പറ്റി നീ ഓർത്തോ… അന്നേ എനിക്ക് അറിയാമായിരുന്നു ഇതു ചോരക്കളിയിലെ അവസാനിക്കൂ എന്ന്. അതു കൊണ്ടാണ് ഇഷ്ടമായിട്ടും അവളോട് അകൽച്ച കാട്ടിയത്. ഞങ്ങൾ കാരണം എല്ലാവരും വേദനിക്കുന്നല്ലോ എന്നോർക്കുമ്പോൾ… ” “അതൊന്നും സാരമില്ല റോയ്… നിങ്ങൾ ഒന്നാകുന്നത് കാണാൻ ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.”

“അറിയാം… പക്ഷേ ഇങ്ങനെ പോയാൽ ഇതു എവിടെ പോയി അവസാനിക്കും എന്നെനിക്ക് അറിയില്ല.” “ഇത്ര വർഷം കഴിഞ്ഞിട്ടും നിന്റെ ഇച്ചായനു എന്നോടുള്ള വെറുപ്പ് മാറിയില്ലേ? ” “അതു മാറില്ല ഹരീ… സണ്ണിച്ചായന്റെ ജീവനായിരുന്നു അന്ന… ആ ജീവനെ അല്ലേ നീ അകറ്റി കളഞ്ഞത്. നീ ഹോസ്പിറ്റലിൽ ആയ അന്ന് അന്ന ഭ്രാന്തെടുത്ത പോലെ എന്തൊക്കെയാ കാട്ടി കൂട്ടിയത് എന്നറിയുമോ… മരിക്കാൻ വരെ നോക്കി. ഇനിയും നിന്നെ മറന്നില്ലെങ്കിൽ നിന്റെ ശവം ആയിരിക്കും കാണിക്കുക എന്നു പറഞ്ഞു. അതു കൊണ്ടു മാത്രമാണ് അവൾ വിവാഹത്തിനു സമ്മതിച്ചത്. നിനക്കു വേണ്ടി… നീ ജീവനോടെ ഇരിക്കാൻ… പക്ഷേ അതിനു ശേഷം അവൾ ആകെ മാറി.

പപ്പയോടും സണ്ണിച്ചായനോടും മിണ്ടാതെയായി. ഇപ്പോഴും ഇച്ചായന്റെ മനസ്സിൽ അവരെ തമ്മിൽ അകറ്റിയ ശത്രു നീ മാത്രമാണ്… ” “ഇതൊന്നും ഞാൻ അറിഞ്ഞ കാര്യങ്ങൾ അല്ല റോയ്… അവൾ മരിച്ചെന്നും കരുതി സ്വയം ഉരുകി കഴിഞ്ഞിരുന്നവനാണ് ഞാൻ… ദേവുവിനെ വിവാഹം കഴിക്കുമ്പോൾ എന്റെ മനസ്സിൽ അവളോട്‌ ഒരു നുള്ള് സ്നേഹം പോലും ഉണ്ടായിരുന്നില്ല. ഞാൻ കാരണം അവൾ ഒരുപാട് വേദനിച്ചിട്ടുണ്ട്… ഒരു ദയയും കാട്ടാതെ ഞാൻ അവഗണിച്ചിട്ടുണ്ട്… മകളുടെ ജീവിതം കൈ വിട്ടും പോകും എന്നോർത്ത് നീറി കഴിഞ്ഞ ഒരു അച്ഛനുണ്ട്… ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിനു വേണ്ടി ഒന്നും ചെയ്തു കൊടുക്കാൻ പറ്റിയിട്ടില്ല… അന്നയോടുള്ള സ്നേഹം എല്ലാത്തിൽ നിന്നും എന്നെ അകറ്റി നിർത്തി…

അന്നയെ കണ്ടില്ലായിരുന്നു എങ്കിൽ എനിക്ക് ഇന്നും അറിയില്ല ഞാൻ എന്റെ ദേവുവിനെ ആത്മാർത്ഥമായി സ്നേഹിക്കുമായിരുന്നോ എന്ന്… ഇനിയും അന്നയുടെ പേരും ചേർത്ത് എന്റെ പേര് പറയരുത് റോയ്… അതെനിക്ക് ഇഷ്ടമില്ല… ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത എന്നിൽ വേരുറച്ചു പോയ ഒരു ഭൂതകാലം മാത്രമാണ് അവൾ… അവളോട് പറയണം എന്റെ പേരും പറഞ്ഞു ആരെയും അകറ്റി നിർത്തരുതെന്ന്…” “അവൾ അങ്ങനെ ഒന്നും മാറില്ല ഹരി… ഇപ്പോൾ അവളുടെ മനസ്സിൽ സണ്ണിച്ചായനോടും പപ്പയോടുമുള്ള ദേഷ്യം കൂടിക്കാണും. അതിനു അനുസരിച്ചു അവർക്കു നിന്നോടുള്ള ദേഷ്യവും കൂടും… ഈ സ്നേഹം മനുഷ്യന്മാരുടെ ചിന്തിക്കാനുള്ള കഴിവിനെ പോലും ചില സമയത്ത് ഇല്ലാതാക്കും.

സണ്ണിച്ചായനും അന്നയും എല്ലാം ആ കൂട്ടത്തിൽ പെടും. എന്റെയും ചാരുവിന്റേയും വിവാഹം നടക്കാൻ കൂടെ നിൽക്കും എന്ന് ഉറപ്പ് തന്ന ആളാണ് നീ ചാരുവിന്റെ ബന്ധു ആണെന്ന് അറിഞ്ഞപ്പോൾ മുതൽ എതിർത്ത് നിൽക്കുന്നത്. അമ്മച്ചി മാത്രമേ ഇപ്പോൾ കൂടെയുള്ളു… അതും മനസ്സു കൊണ്ടു മാത്രം… അന്ന അനുഭവിച്ച വേദന ഞാൻ അനുഭവിക്കുന്നത് കാണാൻ അവളും കാത്തു നിൽക്കുന്നുണ്ട്…” “എല്ലാവരിൽ നിന്നും അവളെ അകറ്റി നിർത്താൻ പ്രേരിപ്പിക്കുന്ന ഒരേ ഒരു കണ്ണി ഞാൻ ആണല്ലേ? ” റോയ് തലയാട്ടി… “ഞാൻ പറഞ്ഞാൽ അവൾ എല്ലാവരോടും ക്ഷമിക്കുമോ? ” “ചിലപ്പോൾ…

നിനക്കു വേണ്ടി അവൾ ക്ഷമിച്ചേക്കാം… ” “എന്നാൽ എനിക്ക് അവളെ കാണണം… സംസാരിക്കണം. നിങ്ങളുടെ കല്യാണത്തിന് മുൻപ്…” “ഞാൻ ഒരു ദിവസം അവളെയും കൂട്ടി ഇവിടെ വരാം. ” “ഇവിടെ വെച്ച് വേണ്ട. അവളെയും കൂട്ടി ഒരു ദിവസം വീട്ടിലേക്കു വന്നാൽ മതി… അവൾ അവിടേക്കു വരാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അവിടെ വെച്ചു തന്നെ എല്ലാം പറഞ്ഞു അവസാനിക്കട്ടെ…”…. തുടരും

Share this story