അറിയാതെൻ ജീവനിൽ: ഭാഗം 16

അറിയാതെൻ ജീവനിൽ: ഭാഗം 16

എഴുത്തുകാരൻ: ആദിത്യൻ മേനോൻ

“എന്നിട്ട് നീയെന്തു തീരുമാനിച്ചു? നീ പോകുന്നുണ്ടോ?” ജീവേട്ടന്റെ മെസേജുകൾ ദിയക്ക് ഫോർവേഡ് ചെയ്തപ്പോൾ അവൾ വേഗം വിളിച്ചിട്ട് ചോദിച്ചു.. “പോകണമെന്നുണ്ട്.. ഒന്ന് നേരിൽ കാണണമെന്നുണ്ട്.. ചിലപ്പോ അവസാനമായിട്ടായിരിക്കും, പക്ഷെ ആദ്യമായിട്ടും.. നിക്കൊന്നു കാണണമെന്നുണ്ട്..” പറയുമ്പോഴും മനസ്സ് ശൂന്യമായിരുന്നു.. “എന്നാൽ പോയി കാണെടാ.. കണ്ട് സംസാരിക്ക്‌.. അവന്റെ അമ്മ പറഞ്ഞതൊക്കെ അവനോട് പറയ്.. നീയിങ്ങനെ മരിക്കാതെ മരിച്ചോണ്ടിരിക്കുന്നത് കാണാൻ വയ്യടാ..” “പക്ഷെ പോയില്ലെങ്കിൽ.. ഈ ബന്ധം അവിടെ വച്ച് എന്നന്നേക്കുമായി അവസാനിക്കും.. തൃശ്ശൂറിന്ന് എന്നെ കാണാൻ വേണ്ടി മാത്രം കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയിട്ട് ഞാൻ പോയില്ലെങ്കിൽ ഞാൻ ചതിച്ചതാണെന്ന് ജീവേട്ടൻ പൂർണ്ണമായും ഉൾകൊള്ളില്ലേ? എന്നെ മറക്കാൻ ശ്രമിക്കില്ലേ?”

“നീ അവന്റെ നല്ലത് മാത്രം ചിന്തിക്കാതെ ജുവലേ.. നിനക്കോ? ഇത്രയും വലിയൊരു ചതി നെഞ്ചിലേറ്റി നീ എത്ര നാള് നടക്കും? ഒരു കുറ്റബോധവും തോന്നാതെ നീ ജീവിക്കുമോ? കഴിയോ നിനക്കതിനു?” “ഞാനെന്നെ കുറിച്ച് ചിന്തിക്കുന്നില്ല ദിയാ.. ജീവേട്ടൻ എന്നെ വിട്ടു പോകണം. സന്തോഷത്തോടെ ജീവേട്ടൻ ജീവിക്കണം. എനിക്ക് അത് കണ്ടാൽ മതി..” “നിന്റെ സന്തോഷത്തെ ത്യജിച്ചിട്ട്..” “എന്റെ സന്തോഷം ജീവേട്ടന്റെ സന്തോഷമാണ് ദിയാ.. എനിക്കത് മാത്രം കണ്ടാൽ മതി..”

ദിയ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപേ ഉയർന്ന ശബ്ദത്തിൽ പറഞ്ഞു. “നിനക്കവനെ കാണണ്ടേ? ഒരിക്കലെങ്കിലും? ഒരൊറ്റ തവണ പോലും നിനക്ക് കാണണ്ടേ?” ദിയ പിന്നെയുമാവർത്തിച്ചു. നെഞ്ചിൽ വല്ലാത്തൊരു ഭാരം തോന്നി.. അവൾ പിന്നെയും ചോദിച്ചുകൊണ്ടിരുന്നു. ആ ചോദ്യം വല്ലാതെ നോവിപ്പിക്കുന്നുണ്ട്.. അതുകൊണ്ടാണ് മറുപടി പറയാതെ ഫോൺ വച്ചത്.. ദിയ പിന്നെയും തിരിച്ചു വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. ജീവേട്ടൻ പാടിത്തന്ന പാട്ടായിരുന്നു റിങ്ടോൺ.. ദേഷ്യത്തോടെയപ്പോൾ ഫോൺ സൈലന്റ് ആക്കി വച്ചു. ഈ ഒരവസ്ഥയിൽ നിന്നും മുക്തി നേടണമെന്നുണ്ട്.. എല്ലാം വലിച്ചെറിഞ്ഞിട്ട് ആരോരുമറിയാതെ എവിടേക്കെങ്കിലും ഓടിപ്പോകാനാണെമുണ്ട്..

പക്ഷെ ലോകത്തിന്റെ ഏതു കോണിൽ പോയൊളിച്ചാലും മനസ്സ് ഒതുങ്ങിപ്പോകുക ജീവേട്ടൻ എന്ന ഒരേയൊരു ബിന്ദുവിലാണ്.. നാളെ കാണാൻ പോയാലോ?.. രാത്രി കിടക്കുമ്പോ ചിന്തിച്ചത് അതായിരുന്നു. ജീവേട്ടനറിയാതെ.. ദൂരെ നിന്നൊന്നു കണ്ടാൽ മതി.. വരുമെന്ന പ്രതീക്ഷയിൽ തന്നെ കാത്തിരിക്കുന്നവനെ.. ഇനി വരില്ലെന്നുറപ്പിച്ച് അവസാന പ്രതീക്ഷയും കൈവെടിഞ്ഞു ട്രെയിനിൽ കയറി പോകുന്ന ജീവേട്ടനെ പെണ്ണ് സങ്കൽപ്പിച്ചു.. ദൂരെ നിന്ന് താൻ നെഞ്ച് തകർന്നു നോക്കിയിരിക്കുന്നുണ്ടെന്ന് അവനറിയാതെ പോകും.. തിരിച്ചു പോകുമ്പോ ജീവേട്ടന്റെ മനസ്സിൽ താനുണ്ടാവില്ല.. കുറേ കഴിഞ്ഞപ്പോൾ ജീവേട്ടന്റെ മെസേജുകൾ പിന്നെയും വന്നു.. അവയിലേക്ക് നോക്കിയപ്പോൾ കണ്ണു നിറഞ്ഞു.

കണ്ണീരു തുടച്ചു മാറ്റി പിന്നെയും പിന്നെയും ആ മെസേജുകൾ വായിക്കാൻ ശ്രമിച്ചു.. കണ്ണീരിന്റെ കാഠിന്യം കൊണ്ട് അക്ഷരങ്ങൾ വ്യക്തമാകാതെ പോയി. ‘വരാണ്ടിരിക്കാൻ നിനക്ക് പറ്റുമോ? എനിക്കറിയാം വരാതിരിക്കാൻ നിനക്ക് പറ്റില്ലാന്ന്.. എനിക്ക് ഒരൊറ്റ തവണ കണ്ടാൽ മതിയെടോ.. ഞാൻ പോയേക്കാം.. പിന്നൊരിക്കലുമൊരു ശല്യമാവാൻ ഞാൻ വരില്ല.. ഒരൊറ്റ തവണ.. പ്ലീസ്… ഒരു തവണ ഒന്ന് കണ്ടാൽ മതി.. ഒരൊറ്റ വാക്കൊന്നു മിണ്ടിയാൽ മതി.. എന്തിനാ ഒറ്റ ദിവസം കൊണ്ട് എന്നെ വേണ്ടാതായത് എന്നൊന്ന് പറഞ്ഞാൽ മതി.. അത് മാത്രം കേട്ടിട്ട് ഞാൻ പോകാം.. പിന്നൊരിക്കലും ബുദ്ധിമുട്ടിക്കാൻ ഞാൻ വരില്ല..’ മെസേജുകൾ മുഴുവനും വായിച്ചപ്പോൾ മനസ്സ് തളർന്നു. കണ്ണിൽ ആരോ സൂചി കുത്തി..

മറുപടി അയക്കുമ്പോ ആ വേദനയിൽ പിടഞ്ഞുകൊണ്ടിരുന്നു. ‘ഞാൻ വരത്തില്ല.. നിങ്ങള് വെറുതേ കാത്തിരുന്നു മുഷിയത്തെ ഒള്ളു..’ ‘വരുമെന്ന് എനിക്കറിയാം.. വന്നിറങ്ങി അര മണിക്കൂർ കഴിഞ്ഞ് അടുത്ത ട്രെയിനിന് ഞാൻ തിരിച്ചു പോകും.. ആ ഒരു ചുരുങ്ങിയ സമയത്തിനുള്ളിൽ ഒന്ന് കണ്ടാൽ മതി.. രണ്ട് വാക്ക് പറഞ്ഞാൽ മതി.. എന്തിനാ എന്നെ വേണ്ടാന്നു വച്ചതെന്ന് എനിക്കറിയില്ല.. ബെറ്റർ ലൈഫിന് വേണ്ടിയാണെന്ന് പറഞ്ഞാൽ ഞാനത് ഒരിക്കലും വിശ്വസിക്കില്ല. കാരണം എന്റെ ജുവലിന് എന്നെ ഒടുക്കത്തെ ഇഷ്ടമായിരുന്നു.. ഇക്കഴിഞ്ഞ മൂന്ന് മാസം ഒരുമിച്ചിരുന്നു കിനാവ് കണ്ടതുകൊണ്ട് പറയുകയാണ്. നാളെ നേരിൽ കാണുമ്പോ എന്റെ കൂടെ വരുമെന്ന് ഞാൻ പ്രതീക്ഷിക്കും..

വരാമോന്നു ചോദിക്കില്ല.. കൈകൾ ശൂന്യമായിരിക്കും.. എന്നോട് ഒരു തരി ഇഷ്ടമെങ്കിലുമുണ്ടെങ്കിൽ എന്റെ കൈ പിടിച്ച് എന്റൊപ്പം വരുമെന്ന് കരുതുവാണ്.. ചോദിക്കില്ല.. നിർബന്ധിക്കില്ല.. ഇഷ്ടമാണെങ്കിൽ മാത്രം…’ ജീവേട്ടന്റെ മെസേജുകൾ വായിക്കുന്തോറും ഉള്ളിലുള്ള ഏങ്ങലടികൾ പുറത്തേക്കൊരു തിരകളായ് വർഷിച്ചു. മെസേജിനു റിപ്ലൈ കൊടുക്കുമ്പോ മൊബൈൽ സ്ക്രീനിലേക്ക് കണ്ണീരിറ്റി വീണു. ‘പ്രയോരിറ്റിസ് ചേഞ്ച്‌ ആകും.. വി ഹാവ് ടു അക്സെപ്റ് ഇറ്റ് ആൻഡ് മൂവ് ഓൺ.. ഞാൻ നിങ്ങളോട് ഇഷ്ടമാണെന്ന് പറഞ്ഞാൽ അതൊരിക്കലും സത്യമാവണമെന്നില്ല.. അത് വെറുമൊരു വാക്ക് മാത്രമാണ്. വാക്കുകളെ വിശ്വസിച്ചത് നിങ്ങളാണ്..

പറയുന്ന വാക്കുകൾ ചിലപ്പോൾ കള്ളമായിരിക്കാം.. പ്രഹസനമായിരിക്കാം.. ചിലപ്പോ ടൈം പാസും ആയിരിക്കാം.. ഒറ്റ ദിവസം കൊണ്ട് ഇഷ്ടപ്പെടാമെങ്കിൽ ഒറ്റ ദിവസം കൊണ്ട് തന്നെ ആ ഇഷ്ടം ഇല്ലാണ്ടാകുകയും ചെയ്യും..’ ‘എനിക്ക് നെഞ്ചിൽ വല്ലാണ്ടെ കുത്തുന്നു പെണ്ണേ.. സഹിക്കാൻ പറ്റണില്ല.. ഒത്തിരി നോവുന്നു.. എന്റെ ജുവൽ ഇങ്ങനെയല്ല….’ ‘എല്ലായ്പ്പോഴും ഒരാൾ ഒരേപോലെ ഇരിക്കണമെന്ന് വാശി പിടിക്കരുത് ബ്രോ.. അതവരുടെ മൂഡ് മാറുന്നത് അനുസരിച്ച് ഇരിക്കും.. അന്ന് ടൈം പാസിന് ഞാൻ അങ്ങനെയൊക്കെ പറഞ്ഞു. ശരിയാണ്.. ഈ പ്രേമിക്കുന്നവർക്ക് മാത്രേ ഐ ലവ് യു എന്ന് പറയാൻ പറ്റുള്ളൂ? പ്രേമിക്കുന്നവർക്ക് മാത്രേ ഉമ്മ കൊടുക്കാൻ പറ്റുള്ളൂ? അവർക്ക് മാത്രേ ഇരുപത്തി നാല് മണിക്കൂറും സംസാരിക്കാൻ പാടുള്ളു?

കഷ്ടം ബ്രോ.. ബോൾഡ് ആയിട്ട് ഇരിക്ക്.. ഇനിയും ഇതുപോലത്തെ അമളി പറ്റാതിരിക്കട്ടെ..’ ജീവേട്ടന് മറുപടി കൊടുത്തു.. ഒരുപക്ഷെ അതിന് ജീവേട്ടൻ മറുപടി തരില്ലെന്നായിരുന്നു കരുതിയത്.. പക്ഷെ ജീവേട്ടൻ അയച്ച മെസേജ് കണ്ട് വല്ലാതായിപ്പോയി.. ‘ഒരുപാട് ലൈറ്റ് ആയി.. താൻ കിടന്നോ.. ഗുഡ് നൈറ്റ്.. നാളെ കാണാം..’ ഇത്രമേൽ തന്നെ നെഞ്ചിലേറ്റി നടക്കുന്നവനെയാണല്ലോ നാളെ ചങ്ക് പൊള്ളും വിധം നോവിപ്പിക്കേണ്ടി വരുന്നതെന്നോർത്ത് അന്ന് രാത്രി വളരെ വൈകിയാണ് പെണ്ണുറങ്ങിയത്.. രാവിലെയെഴുന്നേറ്റ് ക്ലോക്കിൽ സമയം നോക്കിയപ്പോൾ സമയം എട്ടര കഴിഞ്ഞിരുന്നു.. പത്തുമണിക്കാണ് ജീവേട്ടൻ റയിൽവേ സ്റ്റേഷനിൽ എത്തുമെന്ന് പറഞ്ഞത്.

പിന്നേ പത്തരക്കുള്ള ട്രെയിനിന് തിരിച്ചും പോകും.. ആ ഒരു അരമണിക്കൂർ ഒരു പക്ഷെ തനിക്ക് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമായിരിക്കും.. ദൂരെ മാറി ഒളിച്ചു നിന്ന് മതിയാവോളം ജീവേട്ടനെ നോക്കി നിൽക്കും.. തന്നെ പ്രതീക്ഷിച്ചു തളർന്ന ആ കണ്ണുകളിൽ നിരാശ കാണും.. തിരിച്ചു പോകുമ്പോ തന്നോടുള്ള എല്ലാ ഇഷ്ടങ്ങളും ഇവിടെ ഉപേക്ഷിക്കുമായിരിക്കും.. എഴുന്നേറ്റിരുന്നു ഫോൺ നോക്കിയപ്പോൾ ജീവേട്ടന്റെ മെസേജ് കണ്ടു.. ‘ഗുഡ് മോർണിംഗ്..’ ഇത്രമേൽ അപമാനിച്ചിട്ടും ആട്ടിപ്പായിച്ചിട്ടും വിടാതെ പിന്തുടരുന്നവനെ അടർത്തി മാറ്റാനാണ് തന്റെ വിധി.. രാവിലെ തന്നെ കണ്ണ് നിറഞ്ഞു പോയി.

എഴുന്നേറ്റു ചെന്നു കുളിയെല്ലാം കഴിഞ്ഞു തിരിച്ചു മുറിയിൽ എത്തിയപ്പോൾ ബെഡിൽ അലീനേച്ചി ഇരിക്കുന്നുണ്ടായിരുന്നു.. “എന്ത് ചെയ്യാൻ പോകുന്നു ജുവലേ..” ചേച്ചിയുടെ ചോദ്യത്തിൽ എന്തോ ഒന്ന് ഒളിഞ്ഞിരിപ്പുള്ളതായി തോന്നി.. “ഞാ.. ഞാൻ എന്ത് ചെയ്യാൻ.. വെറുതേ പുറത്തേക്ക് പോകാൻ പോകുന്നു..” “ഈ കൊറോണ സമയത്തോ?” ചേച്ചി പറഞ്ഞപ്പോൾ ഉത്തരം മുട്ടി തല താഴ്ത്തി. “എന്നു മുതലാ നീയെന്നോട് കള്ളം പറഞ്ഞു തുടങ്ങിയത്? ദിയ എന്നെ വിളിച്ച് എല്ലാം പറഞ്ഞു..” ചേച്ചി താണ തല പിടിച്ചുയർത്തി കണ്ണുകളിലേക്ക് നോക്കിയപ്പോൾ കണ്ണ് നിറഞ്ഞിരുന്നു. “നീ പോവില്ലെന്ന് പറഞ്ഞുവെന്നാണ് ദിയ എന്നോട് പറഞ്ഞത്.. എന്നിട്ട് നീ പോകുവാണോ?” “നിക്ക് പോണം ചേച്ചീ..”

കരച്ചിലോടെ ചേച്ചിയുടെ കൈകളിൽ അമർത്തി പിടിച്ചു. “വേണ്ട പെണ്ണേ.. നീ പോയിട്ട് അവൻ നിന്നെ കണ്ടിട്ട് തിരിച്ചു വരുമ്പോ രണ്ടുപേർക്കും ഒരു സമാധാനവും ഉണ്ടാവില്ല.. എന്തിനാ വെറുതേ..” “ഇല്ല.. എനിക്ക് പോണം.. ഞാൻ വന്നെന്ന് ജീവേട്ടൻ അറിയത്തില്ല.. ദൂരെ മാറി നിന്ന് ഞാൻ കണ്ടോളാം.. ഒന്ന് കണ്ടാൽ മാത്രം മതി.. ഒരൊറ്റ തവണയൊന്നു കണ്ടേച്ച് വരാം…” “കണ്ടിട്ടെന്തിനാ? ഇവിടെ വന്നിട്ട് ഇതുപോലെ മോങ്ങാനോ?.. കണ്ടില്ലെങ്കിൽ അവൻ നിന്നെ മറന്നുവെന്ന് ഓർത്തെങ്കിലും സമാധാനിച്ചൂടെ?” “ഒറ്റ തവണ ഒന്ന് കണ്ടോളാം ചേച്ചി..” “നിന്നെ വിടത്തില്ല ഞാൻ.. അവന്റെ അമ്മക്ക്‌ അവന്റെ കാര്യത്തിലുള്ള ആധി പോലെ എനിക്കും നിന്റെ കാര്യത്തിലുണ്ട്..

അവൻ വന്നിട്ട് നിന്നെ കാണാതെ തിരിച്ചു പോയാൽ അതോടെ അവൻ നിന്നെ മറന്നു തുടങ്ങുമായിരിക്കും.. എന്നാൽ അവനറിയാതെ അവനെ കാണാൻ പോയ നീയോ? എന്നെങ്കിലും അവന്റെ മുഖം നിന്റെ മനസ്സിൽ നിന്നും മായ്ക്കാൻ പറ്റുവോ നിനക്ക്? പറ.. പറ്റുവോന്ന്..” ചേച്ചി തോളിൽ പിടിച്ചു കുലുക്കിയപ്പോൾ ദേഷ്യത്തോടെയും കരച്ചിലോടെയും ചേച്ചിയുടെ കൈ തട്ടിമാറ്റി.. “എന്റെ കാര്യത്തിൽ എനിക്കില്ലാത്ത പേടി ആർക്കും വേണ്ട.. നിക്കൊന്നു കാണണമെന്ന് നല്ല ആഗ്രഹമുണ്ട്.. ഒരിക്കലും ജീവേട്ടന്റെ മുന്നിൽ ചെന്നു പെടില്ല.. ദൂരെ നിന്നു മതിയാവോളം കണ്ട് മനസ്സ് നിറച്ചിട്ടു വരാം..” “വേണ്ടാ..

നിന്നെ വിടത്തില്ലെന്നു പറഞ്ഞില്ലേ? നീ അവന്റെ കൂടെ പോകുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ നിന്റെയീ പോക്കിന് ഒരു പക്ഷെ ഞാനതികം എതിർക്കില്ലായിരുന്നു.. പക്ഷെ ഇതെങ്ങനെയല്ല.. സ്വയം വേദനിക്കാൻ വേണ്ടി നീ… ഞാൻ സമ്മതിക്കത്തില്ല.. അവൻ വന്നു പോട്ടെ..” ചേച്ചി പറഞ്ഞപ്പോൾ ഏങ്ങലടിച്ചുകൊണ്ട് ചേച്ചിയുടെ കാലുകളിലേക്ക് വീണു. “ഒറ്റ തവണ.. ഒരൊറ്റ തവണ… പ്ലീസ്…” തല മേലോട്ടുയർത്തി കരഞ്ഞപേക്ഷിച്ചപ്പോൾ ചേച്ചി കുനിഞ്ഞു താഴെയിരുന്നു. “നിന്നെ വേദനിപ്പിക്കാനായിട്ടല്ല പെണ്ണേ ഞാനിതൊന്നും പറയുന്നത്.. നീയിന്നു പോയവനെ കണ്ടാൽ പിന്നേ ജീവിതകാലം മുഴുവനും അവന്റെ മുഖം നീ നിന്റെ ഓർമ്മകളിൽ നിന്നും മായ്ക്കാനാവാതെ തളർന്നു പോകും..

പക്ഷെ കണ്ടില്ലെങ്കിൽ ഒരിക്കൽ ആരൊക്കെയോ ആയിരുന്നെന്നും ഇപ്പൊ അരുമല്ലാത്തവരാണെന്നും കരുതി നിനക്കാശ്വസിക്കാം.. നിന്റെ നല്ലതിന് വേണ്ടിയാണ് ചേച്ചി പറയുന്നത്…” ചേച്ചി താഴെയിരിക്കുന്നത് കണ്ട് കണ്ണീര് തുടച്ചെഴുന്നേറ്റു.. ധൃതിയിൽ മുറിക്ക്‌ പുറത്തുകടന്ന് കതക് പുറത്തുനിന്നും ലോക് ചെയ്തു.. അതുകൊണ്ടാവണം ചേച്ചിയെഴുന്നെറ്റുവന്ന് കതക് തട്ടാൻ തുടങ്ങിയത്.. “ജുവലേ.. കതക് തുറന്നെ..” പെട്ടന്ന് തോന്നിയൊരു വഴി മാത്രമായിരുന്നു അത്. വേഗത്തിൽ താഴേക്കിറങ്ങിച്ചെന്ന് മാസ്ക് എടുത്തു ധരിച്ചു. പോകാൻ നേരം മുറ്റത്തിരുന്നു കളിച്ചുകൊണ്ടിരുന്ന ദച്ചുമോളുടെ അടുത്തെത്തി. “മോളുടെ മമ്മി ചേച്ചിയുടെ മുറിയിലുണ്ട് ചെന്നു നോക്കിയേ.. വേഗം..”

ദച്ചുമോൾ അകത്തേക്ക് കയറി പോകുന്നത് കണ്ടതിനു ശേഷമാണ് ഗെയ്റ്റിന് മുന്നിൽ നിന്നുമൊരു ഓട്ടോ പിടിക്കുന്നത്.. ഓട്ടോയിൽ കയറിയിരുന്നു വാച്ചിൽ സമയം നോക്കിയപ്പോൾ പത്ത് മണി ആകാറായിരുന്നു. “ചേട്ടാ ഒന്ന് വേഗം പോണേ…” ഡ്രൈവറോട് പറഞ്ഞു. ലോക് ഡൗൺ ആയതിനാൽ റോഡിൽ വാഹനങ്ങൾ കുറവായിരുന്നു. പത്തേ ഇരുപത് കഴിഞ്ഞായിരുന്നു റയിൽവേ സ്റ്റേഷനിലെത്തിയത്. ഇതേസമയം അവസാന പ്രതീക്ഷയും കൈവിടാതെ ജീവൻ അവൾ വരുമെന്നുള്ള പ്രതീക്ഷയിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. പത്തരക്ക്‌ തനിക്ക് പോകാനുള്ള ട്രെയിൻ പുറപ്പെടാനായെന്നു അനൗൺസ്മെന്റ് കേട്ടപ്പോൾ അവനു വല്ലായ്മ തോന്നി.. കണ്ണ് നിറഞ്ഞു.

ഒരു നോക്ക് കാണാൻ പോലും നീയൊന്ന് വന്നില്ലല്ലോ പെണ്ണേ… മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നപ്പോഴും വരുമെന്നുള്ള പ്രതീക്ഷയിൽ കണ്ണുകൾ തിരച്ചിൽ തുടർന്നു.. പെണ്ണ് റയിൽവേ സ്റ്റേഷന്റെ എൻട്രി ഗെയ്റ്റിനടുത്തെത്തിയപ്പോൾ ഒരു സെക്യൂരിറ്റി തടഞ്ഞു നിർത്തി.. “മാഡം.. പേരും സ്ഥലവുമെഴുതി സൈൻ ചെയ്തിട്ട് അകത്തേക്ക് കയറൂ.. സോഷ്യൽ ഡിസ്റ്റൻസ് പാലിക്കാൻ ശ്രമിക്കണം..” കൈകൾ സാനിറ്റൈസ് ചെയ്തശേഷം രജിസ്റ്ററിൽ ഒപ്പിട്ട് അവൾ വേഗമകത്തേക്ക് കയറി ചെന്നു.. കണ്ണ് നിറഞ്ഞൊഴുകി.. മനസ്സ് ശക്തിയായി മിടിച്ചു.. ഒരൊറ്റ തവണ കാണാനെങ്കിലും പറ്റണേയെന്നു പ്രാത്ഥിച്ചുകൊണ്ടിരുന്നു പെണ്ണ്.. അവസാന പ്രതീക്ഷയും കൈവെടിഞ്ഞ് നിരാശയോടെയവൻ ട്രെയിനിൽ കയറിയിരുന്നു..

തനിക്ക് വേണ്ടിയവൾ വന്നോ എന്നു നോക്കുവാനായി പിന്നെയും പിന്നെയും ജനലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കെ ട്രെയിൻ മെല്ലെ പുറപ്പെട്ടു.. കണ്ണ് നിറഞ്ഞു.. പതുക്കെ അമർത്തിയടച്ചു, കണ്ണീര് കവിളിലൂടെ ഉരുണ്ടു വീണു… പതുക്കെ ഓടിത്തുടങ്ങുന്ന ട്രെയിനിൽ ഏത് ബോഗിയിലാണ് അവനിരിക്കുന്നതെന്നറിയാത്ത പെണ്ണ് ജനലുകൾക്കിടയിലൂടെ തിരഞ്ഞു തിരഞ്ഞൊടുവിൽ അവന്റെ ബോഗിക്കടുത്തെത്തിയിരുന്നു.. ട്രെയിനിന് വേഗത കൂടിക്കൂടി വന്നു.. ഒടുവിൽ അവനിരിക്കുന്ന ജനലിനടുത്തെത്തി.. ജനലിഴകളിൽ കയ്കളമർത്തിപ്പിടിച്ചു. ട്രെയിനിന്റെ വേഗത പിന്നെയും വർദ്ധിച്ചു.. ബോഗിക്കുള്ളിലേക്ക് തലയിട്ടു നോക്കുന്നതിന് തൊട്ടു മുൻപേ കണ്ണടച്ചിരുന്നു കരയുന്നവന്റെ അടുത്തെത്തിയവളുടെ കൈകളെ പിന്നിൽ നിന്നും വലിക്കപ്പെട്ടു..

ജനലഴികളിൽ ചേർത്തുവച്ച വിരലുകൾ അടർന്നുമാറിയതോടെ പെണ്ണ് വിറച്ചു.. തിരിഞ്ഞു നോക്കി.. അലീന ചേച്ചിയാണ്.. “ചേച്ചി.. ഒന്ന് കണ്ടാൽ മതി ചേച്ചി.. ആ ബോഗി മാത്രമാണ് ഞാൻ നോക്കാത്തത്.. ജീവേട്ടൻ അതിലുണ്ടാകും.. പ്ലീസ് ചേച്ചി.. വിട്.. ഒന്ന് കണ്ടോട്ടെ…” പെണ്ണ് കെഞ്ചിക്കരഞ്ഞു.. അവിടെയുള്ളയാളുകൾ നോക്കുന്നത് വകവെക്കാതെ അലീനേച്ചിയുടെ കൈകളെ വിടുവിക്കാൻ ശ്രമിച്ചു.. ചേച്ചി കൈവിട്ടില്ല.. ട്രെയിനിന്റെ അവസാനബോഗിയും കടന്നു പോയി.. പെണ്ണ് ശാന്തയായി.. ദൂരെ പോയി മറയുന്ന ട്രെയിനിനെ നോക്കി കണ്ണീരോടെ മുട്ട് കുത്തി വീണു….തുടരും..

അറിയാതെൻ ജീവനിൽ: ഭാഗം 15

Share this story