ഹരി ചന്ദനം: ഭാഗം 49

ഹരി ചന്ദനം: ഭാഗം 49

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“അയാൾ……അയാൾ മരിച്ചതല്ലേ?” “അത് നമ്മുടെ മാത്രം വിശ്വാസമായിരുന്നു.അല്ല അവർ അങ്ങനെ നമ്മളെ വിശ്വസിപ്പിച്ചു.അയാളുടെ സ്വാധീനങ്ങൾ ഉപയോഗിച്ച് എല്ലാവരേയും അതിവിദഗ്ദമായി കബളിപ്പിച്ചു.അയാളുടെ മരണം ഒരു തുടക്കം മാത്രമായിരുന്നു.എന്റെ കയ്യിൽ നിന്നും വഴുപ്പോയെങ്കിൽ കൂടി പിന്നാലെ ശത്രുക്കൾ ഓരോന്നായി നിലം പതിച്ചു.പക്ഷെ അതിന് പകരമായി കൊടുക്കേണ്ടി വന്നത് ദിയയുടെയും കിച്ചുവിന്റെയും ജീവിതമാണ്.” എല്ലാം തുറന്ന് പറയുന്നതിനൊപ്പം ദിയയുടെ കേസും അവളുടെ പ്രെഗ്നൻസിയും ആനിയുടെ കാര്യവും എല്ലാം H. P തുറന്ന് പറഞ്ഞു.

“ദിയയുടെയും കിച്ചുവിന്റെയും കാര്യത്തിൽ ഒരു തീരുമാനമായിട്ട് കീഴടങ്ങാൻ തീരുമാനിച്ചിരിക്കുവായിരുന്നു ഞാൻ.നിയമത്തിന് മുൻപിൽ മുൻപേ മരിച്ച ആളാണെങ്കിൽ കൂടി….. രക്ഷപെടാൻ സാധ്യതകൾ ഏറെയാണെങ്കിൽ കൂടി ഞാൻ ചെയ്തത് തെറ്റാല്ലാതാവുന്നില്ല.ഒപ്പം നിന്നോടും പൊറുക്കാൻ പറ്റാത്ത തെറ്റാ ഞാൻ ചെയ്തത്. അറിഞ്ഞു കൊണ്ടല്ല. നീ ഗർഭിണിയാണെന്ന് അറിയുന്നത് വരെ നിന്നോട് ചെയ്ത തെറ്റിലും എനിക്ക് എന്റേതായ ഒരു ശെരിയുണ്ടായിരുന്നു. എന്നാൽ എന്റെ കുഞ്ഞിനേയും വയറ്റിൽ ചുമന്നു നീയനുഭവിച്ചു തീർത്ത വിഷമങ്ങൾ.

എന്റെ അസാന്നിധ്യം നിങ്ങളുടെ ജീവിതത്തിൽ തീർത്ത വിടവ്…. എല്ലാം എന്നിലെ ശെരിയെ വലിയൊരു തെറ്റാക്കി മാറ്റികളഞ്ഞു. നിന്റെ മുൻപിൽ ഞാൻ ഒന്നുമല്ലാതായി പോയി ചന്തൂ….മുൻപ് പലപ്പോഴും നിന്നെ അന്വേഷിച്ചു വരണമെന്നും ദൂരെ നിന്നെങ്കിലും ഒന്ന് കാണണമെന്നും ഒത്തിരി ആഗ്രഹമുണ്ടായിരുന്നു.പക്ഷെ നിന്നെ കാണുമ്പോൾ വീണ്ടും ചേർത്തു പിടിക്കാൻ തോന്നുമോ എന്നുള്ള ഭയം കൊണ്ടു മാത്രമാണ് മനസ്സിനെ അടക്കി നിർത്തി അങ്ങനൊരു സാഹസത്തിനു മുതിരാതിരുന്നത്. എല്ലാം കേട്ട് ചന്തു പൊട്ടിക്കരയുന്നുണ്ടായിരുന്നു…

ഉള്ളിലെ മഞ്ഞുമല ഉരുകി ശാന്തമായി ഒഴുകാൻ തുടങ്ങുന്നത് അവളറിഞ്ഞു.H.P യെ ഇറുകെ പുണർന്നു കരയാൻ മനസ്സ് വെമ്പൽ കൊണ്ടെങ്കിലും അതേ നിമിഷം എന്തോ ഒന്ന് തന്നെയതിൽ നിന്നും പുറകോട്ട് വലിക്കുന്നത് പോലെ തോന്നി. കുഞ്ഞിനെ കണ്ടത് കൊണ്ടു മാത്രമാണ് H.P തിരികെ വന്നതെന്നും താൻ ഒറ്റയ്ക്കായിരുന്നുവെങ്കിൽ ഒരിക്കലും ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു എന്ന ചിന്ത അയാളിലേക്ക് ഇഴുകി ചേരാനുള്ള അവളുടെ ആഗ്രഹത്തിന് വിലങ്ങു തടിയായി തന്നെ നിന്നു.H.P പതിയെ അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു.നെറുകയിൽ അമർത്തി മുത്തി…. ഇടതടവില്ലാതെ പെയ്തുകൊണ്ടിരുന്ന അവളുടെ കണ്ണീരിനെ ചുംബനങ്ങൾ കൊണ്ടു തുടച്ചുകളഞ്ഞു.

നെറ്റിയിൽ നെറ്റി മുട്ടിച്ചു മൂക്കിൽ മൂക്കുരസി അവളോട്‌ ചേർന്നു നിന്നു കണ്ണീർ പൊഴിച്ചു. “വയ്യാ… എനിക്ക് ഒട്ടും പറ്റുന്നില്ല….നിന്നെയും കുഞ്ഞിനേയും വീണ്ടും കണ്ടപ്പോൾ ഒരു നിയമത്തിനും കീഴടങ്ങാതെ ജീവിക്കാൻ കൊതി തോന്നുവാ….നീയില്ലാതെ നീറി നീറി കഴിയാൻ വയ്യെനിക്ക്.നിങ്ങളുടെ സാമിപ്യമില്ലാതെ ഭ്രാന്തനായി പോവും ഞാൻ….. അത് കൊണ്ട് ഒരു തവണത്തേക്ക് ഈയൊരു തവണത്തേക്ക് മാത്രം എന്നോട് ക്ഷമിക്കാവോ ചന്തൂ…പ്ലീസ്….ഇനി ഒരിക്കലും കൈവിടാതെ നെഞ്ചോട് ചേർത്തു പിടിച്ചോളാം ഞാൻ… ക്ഷമിച്ചു എന്ന ഒറ്റ വാക്ക്……. പ്ലീസ്……..”

പറഞ്ഞവസാനിപ്പിക്കുമ്പോളേക്കും അയാളുടെ ശബ്ദം നേർത്തു പോയിരുന്നു.തന്നോട് ചേർന്നു നിന്ന് കണ്ണീർ പൊഴിക്കുന്നതല്ലാതെ അവൾ ഒന്നും പറയുന്നില്ലെന്ന് കണ്ട് ഹൃദയം മുറിഞ്ഞു ചോര കിനിയുന്നത് പോലെ തോന്നി H.P യ്ക്ക്.അയാൾ അവളോട്‌ ഒന്ന് കൂടി ചേർന്നു നിന്നു. “I love you ചന്തൂ…… I love u so much……and i will continue to love you every moment until my last breath and life are gone”🙈 (എന്നിലെ അവസാന ശ്വാസം നിലച് ജീവൻ വിട്ടകലുന്നതു വരെ ഞാൻ നിന്നെ ഒരോ നിമിഷവും പ്രണയിച്ചു കൊണ്ടേയിരിക്കും) അവളുടെ ഇരുകവിളിലും അമർത്തി മുത്തിക്കൊണ്ട് H.P അത് പറഞ്ഞവസാനിപ്പിച്ചപ്പോളേക്കും അച്ഛന്റെയും അമ്മയുടെയും റൊമാൻസ് സഹിക്ക വയ്യാതെ കുഞ്ഞുണർന്ന് കരയാൻ തുടങ്ങി.

അതോടെ രണ്ടാളും പതിയെ വിട്ടകന്നു.അവൾ കുഞ്ഞിനെ മെല്ലെ എടുത്ത് മടിയിൽ വച്ച് മാറോടു ചേർത്തു പാലൂട്ടാൻ തുടങ്ങി. ഇത്തിരി നേരം ആ കാഴ്ച നോക്കി നിന്ന് കണ്ണ് തുടച്ചു കൊണ്ട് H.P മുറിവിട്ടിറങ്ങി.കരച്ചിലിനവസാനം അവളുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു. H.P യുടെ ശ്വാസത്തിന്റെ ചൂട് ഇപ്പോഴും കവിളിൽ നിന്നും വിട്ടകന്നില്ലെന്നു തോന്നിയപ്പോൾ വളരെ കാലങ്ങൾക്കു ശേഷം അവളിൽ നാണപൂക്കൾ വിരിഞ്ഞു.കവിളുകൾ രക്തവർണമായി.കുഞ്ഞിൽ നിന്നും ഇടയ്ക്ക് ശ്രദ്ധ തിരിച്ചു തല ഉയർത്തി നോക്കിയപ്പോളേക്കും H.P നിന്നിടം ശൂന്യമായിരുന്നു.ഒപ്പം അവളുടെ ചിരിയും മങ്ങി.ഉടൻ തന്നെ ചാരുവും ലെച്ചുവും ടീച്ചറമ്മയുമൊക്കെ മുറിയിലേക്ക് കയറി വന്നു.

“നീ ഉറങ്ങിയില്ലായിരുന്നോ?” “ഞാൻ കുഞ്ഞുണർന്നപ്പോൾ…..” “നീ ആരെയാ നോക്കുന്നെ…..?” വാതിലിലേക്ക് പ്രതീക്ഷയോടെ നോക്കുന്ന ചന്തുവിനെ കണ്ടപ്പോൾ ചാരു മെല്ലെ ചോദിച്ചു. “അത്…. ഹരിയേട്ടൻ….ഹരിയേട്ടൻ പുറത്തുണ്ടോ.?” “ഞങ്ങൾ ഇങ്ങോട്ട് കയറി വന്നപ്പോൾ കണ്ണും തുടച്ച് ഇറങ്ങി പോവുന്നത് കണ്ടല്ലോ..? നീ കണക്കിന് കൊടുത്തല്ലേ….നന്നായി. കുറച്ചു വിഷമിക്കട്ടെ…എന്നാലേ പഠിക്കൂ….” “എനിക്ക്…..എനിക്ക് കാണണം…. ഒന്ന് വിളിക്കാവോ ചാരൂ… പ്ലീസ്.” കണ്ണ് നിറച്ചു കൊണ്ട് ചന്തു പറഞ്ഞപ്പോൾ ചാരു അതിശയത്തോടെ അവളെ നോക്കി.പിന്നേ പതിയെ എണീറ്റ് പുറത്തേക്ക് നടന്നു ഇത്തിരി കഴിഞ്ഞ് പോയപോലെ തിരിച്ചു വന്നു. “അവിടെയെങ്ങും ഇല്ല…. എന്താടാ..?

എന്തെങ്കിലും പ്രശ്നമുണ്ടോ?” അലക്സി ജീവിച്ചിരിപ്പുണ്ടായിരുന്നതും H.P അയാളെ കൊന്നതുമൊഴികെ ചന്തു ബാക്കിയെല്ലാം ചാരുവിനോടും ടീച്ചറമ്മയോടും വിശദീകരിച്ചു.എല്ലാം കേട്ടപ്പോൾ H.P യോടും കിച്ചുവിനോടും രൂക്ഷമായി പെരുമാറിയതിൽ ചാരുവിനു ചെറിയ കുറ്റബോധം തോന്നി.ചന്തുവിനോട് H. Pചെയ്തത് ന്യായീകരിക്കാൻ കഴില്ലെങ്കിൽ കൂടി ഉള്ളിലുള്ള ദേഷ്യം പതിയെ കുറയുന്നതവളറിഞ്ഞു.രണ്ടാളോടും ക്ഷമ ചോദിക്കാൻ നിശ്ചയിച്ചതിനൊപ്പം ചന്തുവിന്റെ സന്തോഷം തിരിച്ചു കിട്ടിയതിൽ ചാരുവും ടീച്ചറമ്മയും സന്തോഷത്തിലായിരുന്നു. ചന്തു ചാരുവിനോട് വിശദീകരിച്ചതൊക്കെ കിച്ചു പുറത്തു നിന്ന് കേട്ടിരുന്നു. ഇടയ്ക്ക് ഏട്ടനെ കുറ്റപ്പെടുത്തിയതിൽ അവനും വിഷമം തോന്നി.

ഹോസ്പിറ്റലിൽ മുഴുവൻ H. P യെ കാണാതായപ്പോൾ അവൻ പതിയെ പുറത്തേക്കിറങ്ങി.പാർക്കിങ് ഏരിയയിൽ കാറിന്റെ സ്റ്റിയറിങ്ങിൽ തല വയ്ച്ചു കിടക്കുന്ന H.P യെ കണ്ടപ്പോൾ അവനു വല്ലാത്ത വിഷമം തോന്നി. വേഗം ചെന്നു പുറത്തേക്ക് വിളിച്ചിറക്കി കെട്ടിപിടിച്ചു. “സോറി ഏട്ടാ…. ഇടയ്ക്ക് ഏട്ടനെ ഞാനും കുറ്റപ്പെടുത്തി. എന്നോട് പറയാമായിരുന്നു എല്ലാം.എല്ലാവർക്കും വേണ്ടി ഇങ്ങനെ സ്വൊയം ഉരുകി കഴിയണമായിരുന്നോ? വെറുതെ ഏട്ടത്തിയെയും വിഷമിപ്പിച്ചു. എന്നിട്ടെന്തായി വെറുതെയായില്ലേ.ആ അൽഫോൺസിനും ക്രിസ്റ്റിയ്ക്കും ഏട്ടൻ ഇടപെടാതെ തന്നെ ശിക്ഷ കിട്ടി.” കിച്ചു പറയുന്നത് കെട്ട് H.P ആശ്ചര്യത്തോടെ അവനെ നോക്കി.

“നിന്നോട് ചന്തു പറഞ്ഞോ എല്ലാം….” “ഇല്ല…. ചാരുനോട് പറയുന്നത് കേട്ടു.അലക്സിടെ കാര്യം ഏട്ടത്തിയോട് പറഞ്ഞില്ല അല്ലേ? നന്നായി. വെറുതെ പാവത്തിനെ ടെൻഷൻ ആക്കണ്ട.എനിക്ക് തോന്നുന്നത് ആ അൽഫോൺസ്‌ കൊടുത്ത കൊട്ടേഷനിൽ അയാൾ തീർന്നെന്നാ… അതുമല്ലെങ്കിൽ അയാൾ പ്രതികാരം ചെയ്യാൻ വരട്ടെന്നെ.നമുക്ക് ഒറ്റക്കെട്ടായി നിന്ന് അയാളെ പൂട്ടാം.അല്ലാതെ ഇനി ഇതുപോലുള്ള മണ്ടൻ തീരുമാനങ്ങൾ എടുക്കരുത്.” കിച്ചുവിന്റെ സംസാരത്തിൽ നിന്നും ചന്തു അലെക്സിയുടെ കാര്യം എല്ലാവരോടും മറച്ചു വയ്ച്ചു എന്ന് H.P യ്ക്ക് മനസ്സിലായി.എല്ലാം തുറന്നു പറഞ്ഞിട്ടും അവൾ തന്നോട് ക്ഷമിക്കാത്തത്തിൽ അയാൾക്ക്‌ വല്ലാത്ത വേദന തോന്നി.

“ഏട്ടൻ വാ…. അവിടെ ഒരാള് നേരത്തെ പ്രാണനാഥനെ അന്വേഷിക്കുന്നുണ്ടായിരുന്നു. “ആര് ചന്തുവോ?” കണ്ണ് വിടർത്തി അത്ഭുതത്തോടെ H.P ചോദിച്ചപ്പോൾ കിച്ചുവിന് ചിരി പൊട്ടി. “അതെന്താ ഏട്ടന് ഏട്ടത്തി അല്ലാതെ വേറെ പ്രാണനാഥ ഉണ്ടോ.” അത്രയും പറഞ്ഞു അവൻ മുൻപിൽ നടന്ന് പതിയെ തിരിഞ്ഞു നോക്കി. “എന്താ ഏട്ടാ വരുന്നില്ലേ?” “ഇപ്പോൾ വരുന്നില്ല…. എനിക്കെ വളരെ അത്യാവശ്യമായി കുറച്ചു ജോലി ഉണ്ട്.” “അതെന്താ….ഇത്ര അത്യാവശ്യം?” “ഞാൻ നിന്നെ വിളിക്കാം കിച്ചു.നിന്റെ ഹെല്പ് വേണ്ടി വരും.” “അപ്പോൾ ഏട്ടത്തി ചോദിച്ചാൽ എന്ത് പറയണം….?” “ഞാനെ അവളെ ഉപേക്ഷിച്ചു വീണ്ടും കടന്നു കളഞ്ഞെന്ന് പറഞ്ഞേക്ക്…” വണ്ടി സ്റ്റാർട്ട്‌ ചെയ്തുകൊണ്ട് ചിരിയോടെ H.P പറഞ്ഞു.

“ഞാൻ ശെരിക്കും പറയും. അവസാനം എന്നെ കുടുംബം കലക്കി എന്ന് വിളിക്കരുത്…” H.P പോവുന്നതിനൊപ്പം ഒരു താളത്തിൽ കിച്ചു ഊന്നി പറഞ്ഞപ്പോൾ രണ്ടു പേരും ചിരിക്കുന്നുണ്ടായിരുന്നു. ഏട്ടന്റെ മുഖത്തെ സന്തോഷം കാൺകെ കിച്ചുവിനും മനസ്സ് നിറഞ്ഞത് പോലെ തോന്നി. അമ്മ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ എത്രത്തോളം സന്തോഷം ഉണ്ടായാകുമായിരുന്നു എന്നോർത്തപ്പോൾ അറിയാതെ അവന്റെ കണ്ണ് നിറഞ്ഞു.ഏട്ടന്റെ കുഞ്ഞിനെ കുറിച്ചൊർത്തപ്പോൾ ആ കണ്ണീരിനിടയിലും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.കുഞ്ഞിന്റെ മുഖം മനസ്സിൽ തെളിഞ്ഞപ്പോളാണ് പെട്ടന്ന് ദിയയെക്കുറിച്ചുള്ള ആലോചനകൾ അവന്റെ മനസ്സിലേക്ക് കടന്നു വന്നത്.

ഇന്നലെ വിളിച്ച് ഏട്ടത്തിയെ കണ്ടകാര്യവും കുഞ്ഞുണ്ടായ കാര്യവും മാത്രം പറഞ്ഞിരുന്നു.തിരക്കിനിടയിൽ അവളുടെ കാര്യം ഒന്നും ചോദിക്കാനും പറ്റിയില്ല.ഉടൻ തന്നെ ഫോണെടുത്ത് നമ്പർ ഡയൽ ചെയ്തപ്പോളാണ് ചിലപ്പോൾ അവൾ ഉറങ്ങിക്കാണുമെന്ന്‌ ഓർത്തത്. പതിയെ കാൾ കട്ട്‌ ചെയ്യാൻ തുടങ്ങുന്നതിനു മുൻപേ മറുപുറത്ത് ദിയയുടെ ശബ്ദം കേട്ടു. “ഹലോ കിച്ചുവേട്ടാ….” “നീ ഉറങ്ങിയില്ലേ….. ഞാൻ നീ ഉറങ്ങിക്കാണും എന്ന് കരുതി ഫോൺ വയ്ക്കാൻ തുടങ്ങുവായിരുന്നു.” “എന്താ കിച്ചുവേട്ടാ…. എന്തെങ്കിലും അത്യാവശ്യം?” “ഏയ്….ഞാൻ വെറുതെ ഓർത്തപ്പോൾ വിളിച്ചെന്നെ ഉള്ളൂ.

ഇന്ന് ഒട്ടും വിളിച്ചില്ലല്ലോ. ഇന്നലെ വിളിച്ചപ്പോൾ തിരക്കായതു കൊണ്ടു നിന്റെ കാര്യങ്ങൾ ഒന്നും ചോദിക്കാനും പറ്റിയില്ല.” അവൻ അത്രയൊക്കെ പറഞ്ഞപ്പോളും മറുപുറത്തു നിന്ന് അതികം ഊർജമില്ലാത്ത ഒരു പുഞ്ചിരി മാത്രമാണ് കേട്ടത്. “എന്തെ ചിരിക്കുന്നത്?” “ഏയ്….. നിങ്ങളൊക്കെ എന്നെ ഓർക്കുന്നത് തന്നെ വല്യ കാര്യമല്ലേ കിച്ചുവേട്ടാ…” നേർത്ത സ്വൊരത്തിൽ അവൾ പറഞ്ഞപ്പോൾ ഇടയ്ക്ക് ആ ശബ്ദം ചിലമ്പിച്ചിരുന്നു.ശബ്ദത്തിലെ മാറ്റം അറിഞ്ഞപ്പോളേ മറുപുറത്ത് അവൾ കണ്ണ് നിറച്ചിട്ടുണ്ടാവും എന്ന് അവൻ ഊഹിച്ചു. “നീയെന്താ ഇതുവരെയായും ഉറങ്ങാത്തത്?” “എന്തോ…. ഉറക്കം വന്നില്ല.ഈയിടെയായി ഉറങ്ങാൻ ഒത്തിരി താമസിക്കും.” “പ്രെഗ്നൻസിയുടെ ടെൻഷൻ ആവും.

നീ വീട്ടിലേക്ക് പോര്. ഇനി ഏടത്തിയും കുഞ്ഞുമൊക്കെ വരുമ്പോൾ നിനക്കതൊരു ചേഞ്ച്‌ ആവും.” “എനിക്കങ്ങനെ വരാൻ പറ്റില്ല കിച്ചുവേട്ടാ….ഞാൻ വിചാരിച്ച കാര്യം ആദ്യം നടക്കട്ടെ.” “അതുവരെ നീ എന്ത് ചെയ്യും….?” “അറിയില്ല….. ഞാൻ ഇപ്പോൾ ഭാവിയെക്കുറിച്ചോ ഭൂതകാലത്തെ കുറിച്ചോ അധികം ഡീപ് ആയി ചിന്തിക്കാറില്ല.” “നീയെന്താ കുഞ്ഞിനെക്കുറിച്ചൊന്നും ചോദിക്കാത്തത്?” “ഹരിയേട്ടൻ വിളിച്ചിരുന്നു. വിശേഷങ്ങൾ ഓക്കെ അറിഞ്ഞു. ഏട്ടത്തിയെ കാണാൻ ഒരു ദിവസം വരുന്നുണ്ട് ഞാൻ. ഒത്തിരി പറയാനുണ്ട് എനിക്ക്….” “നീ ഭക്ഷണവും മരുന്നുമൊക്കെ കറക്റ്റ് ആയി കഴിക്കുന്നില്ലേ?” “മ്മ്മ് ” “എന്നാൽ ശെരി.ഞാൻ പിന്നേ വിളിക്കാം.” അത്രയും പറഞ്ഞ് കാൾ വയ്ച്ചിട്ടും അവൾ വെറുതെ ഫോൺ ഇത്തിരി നേരം കൂടി ചെവിയോട് ചേർത്തു നിന്നു.

മറുപുറത്ത് ഫോണിന്റെ ഡിസ്പ്ലേയിൽ കാണുന്ന അവളുടെ ചിരിക്കുന്ന മുഖത്തേക്ക് വെറുതെ ഉറ്റുനോക്കുകയായിരുന്നു അവനപ്പോൾ. കിച്ചു റൂമിലേക്ക്‌ ചെല്ലുമ്പോൾ സച്ചുവുമായി വീഡിയോ കാൾ ചെയ്യുകയായിരുന്നു എല്ലാവരും.കുഞ്ഞ് തൊട്ടിലിൽ കിടന്ന് നല്ല ഉറക്കം പിടിച്ചിരുന്നു.അവനെ കണ്ടതോടെ ചന്തുവിന്റെ കണ്ണുകൾ വിടർന്ന് അവൻ കടന്നു വന്നവഴിയേ വാതിലിനടുത്തേക്ക് പ്രതീക്ഷയോടെ പോയി. കിച്ചുവും ടീച്ചറമ്മയും ചാരുവുമെല്ലാം അവളുടെ ഭാവം കണ്ട് ചിരിക്കുന്നുണ്ടായിരുന്നു.കിച്ചു വെറുതെ തൊട്ടിലിനടുത്തോളം ചെന്ന് കുഞ്ഞിനെ ഒന്ന് നോക്കി പിന്നേ തിരികെ നടന്നു.

ഇടയ്ക്ക് അവൻ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ചന്തുവിന്റെ മുഖം ആകെ വീർത്തുകേട്ടിയിരുന്നു. “എന്താ ഏട്ടത്തി…. എന്തേലും വിഷമം തോന്നുന്നുണ്ടോ?” അവളുടെ മുഖത്ത് നോക്കി ഒന്നും അറിയാത്ത പോലെ അവൻ ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് ചുമലാട്ടി അവൾ മെല്ലെ കണ്ണടച്ചു കിടന്നു. ബാക്കി എല്ലാവരും അത് കണ്ട് പതിയെ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു.കിച്ചു പതിയെ പുറത്തോട്ടിറങ്ങി റൂമിന് പുറത്തുള്ള ചെയറിൽ വന്നിരുന്ന് ഫോൺ നോക്കിക്കൊണ്ടിരുന്നു.ഇടയ്ക്ക് അടുത്ത് ആരോ വന്ന്‌ നിൽക്കുന്നുവെന്ന് തോന്നിയപ്പോളാണ് അവൻ തന്റെ ശ്രദ്ധ തിരിച്ചത്. മെല്ലെ തലയുയർത്തി നോക്കിയപ്പോൾ പല്ല് മുപ്പത്തിരണ്ടും വെളിയിൽ കാട്ടി ചാരു ചിരിച്ചു നിൽപ്പുണ്ടായിരുന്നു. “നിനക്കൊന്നും ഉറക്കമില്ലേ? മനുഷ്യനെ പേടിപ്പിക്കാനായിട്ട്?”

“പിന്നേ…. ഡോക്ടർ അതിന് ഞെട്ടിയൊന്നും ഇല്ലല്ലോ…” “എനിക്ക് പണ്ട് മുതലേ ഞെട്ടാനറിയില്ല… എന്തെ..?” “ഓഹ് ചളി ” ചാരു മനസ്സിൽ പറഞ്ഞു. “അല്ല നീയെന്തിനാ ഇങ്ങോട്ട് വന്നേ..?” കിച്ചു കലിപ്പിട്ട് ചോദിച്ചപ്പോൾ ചാരു ഷാളിന്റെ അറ്റം പിടിച്ചു കയ്യിൽ ഞെരിച്ചു പരുങ്ങി നിൽപ്പുണ്ടായിരുന്നു. കിച്ചുവാണെങ്കിൽ ഒന്നും മനസ്സിലാവാതെ അവളെ അടിമുടി നോക്കി. “അത് പിന്നേ കിച്ചുവേട്ടാ….ഞാൻ… എനിക്ക്… ഐ…..ഐ ആം സോറി…” അവൾ വിക്കി വിക്കി പറഞ്ഞു നിർത്തിയപ്പോൾ കിച്ചു സംശയത്തോടെ അവളെ നോക്കി. “എന്തിന്….?” “അത് പിന്നേ ഞാൻ നിങ്ങളോടൊക്കെ ചൂടായില്ലേ…

പിന്നേ അന്ന് ഡോക്ടറുടെ ക്ലിനിക്കിൽ വച്ച്..ഞാൻ ..” അവൾ പാതിയിൽ നിർത്തി അവനെ നോക്കിയപ്പോൾ അവൻ അവളെ മൈൻഡ് ചെയ്യാതെ ഫോണിൽ കുത്തുന്നുണ്ടായിരുന്നു.അത് കണ്ടപ്പോൾ ചാരുവിനു അരിശം തോന്നിയെങ്കിലും അവൾ സ്വയം കണ്ട്രോൾ ചെയ്തു നിന്നു. “ഇങ്ങേരെ ഫോണിലാണോ പെറ്റിട്ടത്.” പറഞ്ഞു തീർന്നതും കിച്ചു മുഖമുയർത്തി നോക്കിയപ്പോളാണ് ആത്മഗതം പുറത്തു ചാടിയെന്നവൾക്ക് മനസ്സിലായത്.അവൾ ഒന്ന് കൂടി അവനെ നോക്കി നന്നായിട്ടൊന്നു ഇളിച്ചു കാണിച്ചു. “ഞാൻ സോറി പറഞ്ഞില്ലേ….ഇനി ക്ഷമിച്ചുടെ….? ആക്ച്വലി അന്ന് കിച്ചുവേട്ടൻ കയ്യിൽ കേറി പിടിച്ചപ്പോൾ ഉണ്ടായ ദേഷ്യം, കിച്ചുവേട്ടൻ സോറി പറഞ്ഞപ്പോൾ തന്നെ തീർന്നായിരുന്നു.

പക്ഷെ ആര് സോറി പറഞ്ഞാലും ഒന്ന് പൊട്ടിച്ചിട്ടേ ഞാൻ ക്ഷമിക്കാറുള്ളൂ….അതാ അന്ന് അങ്ങനെ.” അവൾ നിഷ്കു ഭാവത്തിൽ പറഞ്ഞു നിർത്തിയപ്പോളേക്കും അവൻ അരിശത്തോടെ അവിടെ നിന്നു ചാടി എണീറ്റു. “മനുഷ്യന് സ്വൊസ്ഥത തരില്ലെന്ന് തീരുമാനിച്ചിറങ്ങിയതാണോ….” അവൻ കണ്ണുരുട്ടി അവളോട്‌ ചോദിച്ചുകൊണ്ട് മെല്ലെ അവിടെ നിന്നും നടന്ന് നീങ്ങി. “അതേ ക്ഷമിച്ചു എന്നെങ്കിലും പറഞ്ഞിട്ടു പോ മാഷേ….. ഇല്ലേൽ എനിക്ക് ഉറക്കം വരില്ല…” “എങ്കിൽ നീ ഉറങ്ങണ്ട..അവിടെയിരുന്നോ….” അവൾ ഉച്ചത്തിൽ വിളിച്ച് പറയുമ്പോൾ അതേ താളത്തിൽ തന്നെ മറുപടി കൊടുത്ത് തിരിഞ്ഞു നോക്കാതെ അവൻ നടന്ന് നീങ്ങി. പിന്നീടുള്ള ദിവസങ്ങളിലും ചാരു ക്ഷമ ചോദിച്ചു പുറകെ നടന്നെങ്കിലും കിച്ചു മൈൻഡ് ചെയ്യുന്നുണ്ടായിരുന്നില്ല.

ചന്തുവാണെങ്കിൽ എന്തോ പോയ അണ്ണാനെ പോലെ H.P യുടെ പൊടി പോലും അങ്ങോട്ടൊന്നും കാണാതെ വിഷമിച്ചു ഇരിക്കുവായിരുന്നു. ഇടയ്ക്ക് താൻ ക്ഷമിക്കില്ലെന്ന ചിന്തയിൽ H.P വീണ്ടും തന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ചു പോയെന്നോർത്തു അവൾ കണ്ണു നിറച്ചു. ആദ്യത്തെ ഒന്ന് രണ്ടു ദിവസം കിച്ചുവിനോട് ചോദിച്ചെങ്കിലും അവൻ ഒഴിഞ്ഞു മാറുന്ന പോലെ തോന്നി. പിന്നീട് വീണ്ടും ചോദിക്കാൻ മടി തോന്നിയതിനൊപ്പം അവൾക്കും വാശിയായി.അവളും അങ്ങനെ ഒരാളേ ഓർക്കുന്നില്ലെന്ന മട്ടിൽ പെരുമാറാൻ കിണഞ്ഞു ശ്രമിച്ചു. ഡെലിവറി കഴിഞ്ഞ് ഏട്ടാമത്തെ ദിവസം തന്നെ അവർ ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പുറപ്പെട്ടു.

ഹോസ്പിറ്റൽ ഫോർമാലിറ്റീസ് ഓക്കെ കഴിഞ്ഞ് ഫുഡും കഴിച്ച് രാത്രിയിലാണ് തിരികെ പുറപ്പെട്ടത്.അന്നും H.P യെ അവൾ പ്രതീക്ഷിച്ചെങ്കിലും കാണാതായപ്പോൾ വല്ലാത്തൊരു ഭയം തോന്നി.വണ്ടിക്കടുത്തെത്തുന്നത് വരെ ഡ്രൈവിംഗ് സീറ്റിൽ H.P യെ പ്രതീക്ഷിച്ചെങ്കിലും അവിടെ ഒരപരിചിതൻ സ്ഥാനം പിടിച്ചിരിക്കുന്നത് കണ്ടപ്പോൾ അവളുടെ പ്രതീക്ഷകളൊക്കെ അസ്തമിച്ചപോലെ തോന്നി.വണ്ടിയിൽ കോ ഡ്രൈവർ സീറ്റിൽ കിച്ചുവും പുറകിലത്തെ രണ്ടു സീറ്റിൽ ചന്തുവും ടീച്ചറമ്മയും അതിനും പുറകിൽ ചാരുവും ലെച്ചുവുമാണ് ഉണ്ടായിരുന്നത്.

വണ്ടിയിൽ കയറുന്നതിനു മുൻപേ ടീച്ചറമ്മ എല്ലാവർക്കുമുള്ള സ്വെറ്ററും വെള്ളവുമൊക്കെ ഓക്കെ പുറത്തെടുത്ത് റെഡിയാക്കി വയ്ക്കുന്നത് കണ്ടപ്പോൾ ഇത്തിരി ദൂരം യാത്ര ചെയ്യാൻ ഇതൊക്കെ വേണോ എന്നൊരു സംശയം അവൾക്ക് തോന്നാരുന്നില്ല.വണ്ടി പുറപ്പെട്ടു ഫ്ലാറ്റിനടുത്തെത്തേണ്ട ദൂരം കഴിഞ്ഞിട്ടും വണ്ടി ഓടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. പുറത്തേക്ക് നോക്കി ഇരുട്ടിൽ വഴിയൊന്നും മനസ്സിലാവാതെ ഉള്ളിലുള്ള സംശയം ടീച്ചറമ്മയോട് ചോദിച്ചു.നാട്ടിലേക്ക് തിരിച്ചു പോവുകയാണെന്നതായിരുന്നു ടീച്ചറമ്മയുടെ ഉത്തരം.പിന്നീട് പല സംശയങ്ങളും ഉണ്ടായെങ്കിലും താനൊഴികെ ബാക്കിയുള്ളവരൊക്കെ എന്തൊക്കെയോ അറിഞ്ഞു പ്ലാൻ ചെയ്യുന്നുണ്ടെന്ന് അവൾക്ക് തോന്നി.

മനസ്സിൽ പിന്നെയും ഒത്തിരി സംശയങ്ങൾ ഉണ്ടായെങ്കിലും വ്യക്തമായ ഉത്തരം കിട്ടാൻ സാധ്യതയില്ലെന്ന തിരിച്ചറിവിൽ അവൾ ഉള്ളിലുള്ള ചോദ്യങ്ങളൊക്കെ ഉത്തരമില്ലാതെ തന്നെ മനസ്സിൽ അടക്കി നിർത്തി. ***** രാവിലെ ടീച്ചറമ്മ തട്ടിവിളിച്ചപ്പോളാണ് ഞാൻ കണ്ണ് തുറന്നത്. രാത്രി ഇടയ്ക്കിടെ കുഞ്ഞുണർന്ന് കരഞ്ഞു ഉറക്കം ശെരിയാവാത്തത് കാരണം വെളുപ്പിനെ എപ്പോഴോ ആയിരുന്നു കണ്ണടച്ചത്. ഉണർന്ന പാടെ കുഞ്ഞിനെ നോക്കിയപ്പോൾ കുഞ്ഞിപ്പെണ്ണ് എന്റെ ചൂടും പറ്റി ഉറങ്ങുന്നത് കണ്ടപ്പോൾ ചിരി വന്നു.തല ഉയർത്തി പുറത്തേക്കു നോക്കിയപ്പോളാണ് ഞാൻ ശെരിക്കും ഞെട്ടിയത്.

ഏകദേശം ഒരു വർഷത്തിനു മുൻപ് എവിടെ നിന്നും കരഞ്ഞു കൊണ്ട് മനസ്സിലാമനസ്സോടെ പടിയിറങ്ങിയോ അവിടെ തന്നെ തിരിച്ചെത്തിയിരിക്കുന്നു. പുറത്തേക്കിറങ്ങി അത്ഭുതത്തോടെ ചുറ്റും നോക്കിയപ്പോൾ എല്ലാം മുഖങ്ങളിലും ഒരു ചിരി ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. പിണക്കത്തോടെ മുഖം കൂർപ്പിച്ചു നോക്കിയപ്പോൾ അവരൊക്കെ എന്റെ മുഖത്തെ ഭാവങ്ങൾ ഒപ്പിയെടുക്കുകയാണെന്നു തോന്നി.അന്നിറങ്ങി പോവുമ്പോൾ ഉണ്ടായിരുന്ന വീടല്ല ഇന്ന് തിരികെ ചെന്നിറങ്ങിയപ്പോൾ എന്ന് തോന്നി. വീടിന്റെ രൂപത്തിലൊഴികെ ബാക്കിയെല്ലാം മാറിയിരുന്നു. ഗാർഡനും H.P യുടെ ചെടികളും ഉമ്മറത്തുള്ള അലങ്കാരങ്ങളും എല്ലാത്തിലും അടിമുടി മാറ്റം.എന്നെയും കുഞ്ഞിനേയും സ്വീകരിക്കാനെന്ന പോലെ എല്ലാം ഒരുങ്ങി നിൽക്കുന്നു.

ഇടയ്ക്ക് അമ്മ ഉറങ്ങുന്ന സ്ഥലത്തേക്ക് മിഴികൾ പോയപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു. പതിയെ അങ്ങോട്ട് നടന്ന് ചെന്ന് അമ്മയെ കാണിക്കാനെന്ന വണ്ണം നെഞ്ചോടടുക്കി പിടിച്ചിരുന്ന കുഞ്ഞിന്റെ ചെറുതായി അയച് മുഖം പുറത്ത് കാൺകെ പിടിച്ചു. കണ്ണു വീണ്ടും വീണ്ടും നിറഞ്ഞു വന്നപ്പോൾ സ്വയം ശാസിച്ചു മുഖം അമർത്തി തുടച്ചു. ഇത്തിരി നേരം ആ നിൽപ്പ് തുടന്നപ്പോൾ അമ്മയുടെ അനുഗ്രഹമെന്നോണം ഒരിളം കാറ്റ് പതിയെ ഞങ്ങളെ തഴുകി തലോടി പോയി.സൂര്യന്റെ നനുത്ത പ്രഭാത രശ്മികൾ കടന്നുവന്നു കുഞ്ഞിന്റെ മുഖത്തേക്ക് അടിച്ചപ്പോൾ ഉറക്കം മുറിഞ്ഞ പരിഭവത്തിൽ കുഞ്ഞിപ്പെണ്ണ് വലിയ വായിൽ കരയാൻ തുടങ്ങി. അതോടെ അവളെ ഇറുകെ ചേർത്തു പിടിച്ച് തിരികെ നടന്നു വന്നു.

അപ്പോഴേക്കും ഉമ്മറത്ത് ഞങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ഒക്കെ തയ്യാറായിരുന്നു.ഉമ്മറത്ത് നിറതിരിയിട്ടു കത്തിച്ചു വയ്ച്ച നിലവിളക്കിന്റെയും നിറച്ചുവയ്ച്ച നിറപറയുടെയും സാനിദ്യത്തിൽ ടീച്ചറമ്മ ആരതിയുഴിഞ്ഞു എന്നെയും കുഞ്ഞിനേയും ഉള്ളിലേക്ക് സ്വീകരിച്ചു. ഉള്ളിലേക്ക് കയറിയതും എന്റെ കണ്ണുകൾ ആദ്യം തിരഞ്ഞത് കുറച്ചു ദിവസങ്ങളായി ഞാൻ തേടിക്കൊണ്ടിരിക്കുന്ന എന്റെ പ്രിയപ്പെട്ട രൂപത്തെ തന്നെയായിരുന്നു എന്നാൽ അവിടെയും നിരാശയായിരുന്നു ഫലം.ആളുടെ പൊടി പോലും ആ പരിസരത്തെങ്ങും ഇല്ലായിരുന്നു.വീടിന്റെ പുറത്തുള്ളത് പോലെ ഉള്ളിലും പല മാറ്റങ്ങളും ഉണ്ടായിരുന്നു.

പലയിടത്തും കുട്ടികളുടെ കളിപ്പാട്ടങ്ങളും തൊട്ടിലുമൊക്കെ സ്ഥാനം പിടിച്ചിരുന്നു.ഉള്ളിലേക്ക് കയറിയ ഉടനെ അടുക്കളയിൽ നിന്ന് മേനക ചേച്ചിയും മാളുവും ഞങ്ങളെക്കാണാൻ ഓടിപ്പിടിച്ചു വരുന്നുണ്ടായിരുന്നു. മാളു കുഞ്ഞിനെ വന്ന് തൊട്ടുനോക്കിയപ്പോളെ കുഞ്ഞിപ്പെണ് വലിയ വായിൽ കരയാൻ തുടങ്ങി.ആള് ഉറക്കം മുറിഞ്ഞ കലിപ്പിൽ കിടക്കുമ്പോളാണ് മാളൂട്ടി വന്ന് ഉമ്മവയ്ച്ചത്.അതോടെ ദേഷ്യത്തിൽ മുഖമൊക്കെ ചുളിച് ചുണ്ടൊക്കെ വിറപ്പിച്ചു കരയാൻ തുടങ്ങി.അതെങ്ങനെയാ അച്ഛന്റെയല്ലേ മോള്.കരച്ചിൽ അധികമായി വന്നപ്പോൾ ടീച്ചറമ്മയാണ് കുഞ്ഞിന് വിശക്കുന്നുണ്ടാകും എന്ന് പറഞ്ഞത്.വേഗം തന്നെ താഴെയുള്ള അമ്മയുടെ മുറിയിലേക്ക് കയറി വാവയ്ക്ക് പാല് കൊടുക്കാൻ തുടങ്ങി.

പാല് നുണയാൻ തുടങ്ങിയതോടെ ആള് ശാന്തയായി.അതുവരെ ദേഷ്യം കൊണ്ട് ചുവന്ന മുഖമൊക്കെ പതിയെ മാറി.കണ്ണടച്ചു പാല് കുടിക്കുന്ന കുഞ്ഞിപ്പെണിനെ നോക്കിയിരിക്കാൻ തന്നെ നല്ല ചേലാണ്. അതുവരെ ജീവിതത്തിലുണ്ടായ വിഷമങ്ങളൊക്കെ എന്റെ കുഞ്ഞിന്റെ മുഖം കാണുമ്പോൾ മറക്കും.അമ്മയുടെ ചൂടും പറ്റി ഏറ്റവും സുരക്ഷിതമായിടത്തെന്ന പോലെ അവൾ കിടക്കുന്നത് കാണാൻ വല്ലാത്തൊരു ആത്മനിർവൃതിയാണ്.ഈയൊരു സുരക്ഷിതത്വവും സൗഭാഗ്യവും ചെറുപ്പത്തിലെ നഷ്ടപ്പെട്ടവളാണ് ഞാനെന്നോർക്കുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞു.ആ ചിന്ത പതിയെ പപ്പയിലേക്കും എന്റെ പാറൂട്ടിയിലേക്കും ഓക്കെ എത്തിച്ചേർന്നു. അപ്പോഴാണ് ഞാനും ആ മുറി ശ്രദ്ധിച്ചത്.ആ മുറിയ്ക്കകത്തു മാത്രം അതികം മാറ്റമൊന്നും ഉണ്ടായിരുന്നില്ല.

അമ്മയുടെ പ്രിയപ്പെട്ട സാധങ്ങൾ ഓക്കെ പഴയതിലും വൃത്തിയായി അടുക്കും ചിട്ടയുമായി വച്ചിരുന്നു.ആകെയുള്ള മാറ്റം ഭിത്തിയിൽ സ്ഥാനം പിടിച്ച അമ്മയുടെ വലിയ ഫോട്ടോ ആയിരുന്നു.ഐശ്വര്യം തുളുമ്പുന്ന ആ മുഖത്തേക്ക് നോക്കുമ്പോൾ ജീവിച്ചിരിപ്പില്ലെന്ന് ആരും പറയില്ല. പുഞ്ചിരി തൂകുന്ന മുഖത്തേക്ക് നോക്കിയപ്പോൾ അമ്മ അടുത്തുള്ളതായും, എന്നെയും കുഞ്ഞിനേയും തലോടുന്നതായും, ചന്തൂ….. എന്ന് വിളിക്കുന്നതായും തോന്നി. പെട്ടന്ന് ടീച്ചറമ്മ മുറിയിലേക്ക് കടന്നു വന്നപ്പോളാണ് ചിന്തകൾ മുറിഞ്ഞു പോയത്. “മോള് ഉറങ്ങിയോ ചന്തൂ?” ടീച്ചറമ്മ ചോദിച്ചപ്പോളാണ് ഞാനും കുഞ്ഞിനെ ശ്രെദ്ദിച്ചത്. ഉണ്ണിവയർ നിറഞ്ഞ സന്തോഷത്തിൽ ആള് എപ്പഴേ ഉറങ്ങി.ഞാൻ ഡ്രസ്സ്‌ നേരെ പിടിച്ചിട്ട് കുഞ്ഞിനെ പതിയെ അമ്മയുടെ കട്ടിലിലേക്ക് കിടത്തി പുതപ്പിച്ചു.ഒരുറപ്പിനു വേണ്ടി തലയിണകൾ ചുറ്റും എടുത്തു വയ്ച്ചു.

“മോള് പോയി കുളിച്ചിട്ടു വായോ….എല്ലാവർക്കും ഭക്ഷണം കഴിക്കാം.” ഞാൻ നോക്കുമ്പോൾ ടീച്ചറമ്മ കുളിയൊക്കെ കഴിഞ്ഞു വസ്ത്രം മാറിയാണ് വന്നത്.എന്റെ ചിന്ത അല്പം കടന്നു പോയെന്നു എനിക്ക് മനസ്സിലായി. “ചാരുവും ലെച്ചുവും എവിടെ ടീച്ചറമ്മേ….” “ചാരു കുളിക്കുന്നുണ്ട്. ലെച്ചു ആ ഗ്യാപ്പിൽ ഇത്തിരി കൂടി ഉറക്കം ബാക്കിയുണ്ടെന്നു പറഞ്ഞ് കിടക്കുന്നുണ്ട്. അവൾക്ക് ദിവസവും എന്റെ കയ്യിന്ന് രണ്ടെണ്ണം കിട്ടാതെ ദിവസം തുടങ്ങാൻ പറ്റില്ലെന്ന് മോൾക്കറിയില്ലേ? മോള് ചെല്ല്….കുഞ്ഞിനെ ഞാൻ നോക്കിക്കൊള്ളാം.” ടീച്ചറമ്മയുടെ സംസാരം കെട്ട് ചിരി വന്നു പോയി. മുറിക്കു പുറത്തേക്ക് ഇറങ്ങിയപ്പോൾ ആദ്യം മേനക ചേച്ചിയെയും മാളുവിനെയും ആണ് നോക്കിയത്.

അപ്പോഴേക്കും അവർ നിന്നിടം ശൂന്യമായിരുന്നു കുഞ്ഞിപെണ്ണിന്റെ കരച്ചിൽ കാരണം ഒന്ന് മിണ്ടാൻ കൂടി കഴിഞ്ഞില്ല.ആദ്യം അവരെ കാണണോ മുകളിലേക്ക് പോണോ എന്നൊരു ആശങ്ക ഉണ്ടായി.കുഞ്ഞുണർന്നാൽ കുളി നടക്കില്ലെന്നോർത്തപ്പോൾ പതിയെ മുകളിലേക്ക് കയറി.സ്റ്റെപ് കയറിയത് മെല്ലെയാണെങ്കിലും ബെഡ്റൂമിലേക്ക് അടുക്കും തോറും കാലടികൾക്ക് വേഗത വർധിച്ചു.വല്ലാത്തൊരു സന്തോഷത്തോടെ പുഞ്ചിരിച്ച മുഖത്തോടെയാണ് വാതിൽ തുറന്നത്. മുറിയിലെ പുതിയ മാറ്റങ്ങൾ കണ്ട് ഞാൻ വാ തുറന്നു പോയി. മൊത്തം വൈറ്റ് കളർ ആയിരുന്ന മുറി ബേബി പിങ്ക് കളറിലേക്ക് മാറ്റിയിരുന്നു.

മുറിയിലാകെ കളിപ്പാട്ടങ്ങളും തൊട്ടിലും ബേബിബെഡുമൊക്കെ അടുക്കും ചിട്ടയുമായി വച്ചിരുന്നു. ചുവരിൽ ജനിച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ എടുത്ത മോളുടെ ചിത്രം വലുതായി ഫ്രെയിം ചെയ്തു വച്ചിരുന്നു.എല്ലാം തൊട്ടും തലോടിയും നോക്കിക്കണ്ടും വർധിച്ച ഹൃദയമിടിപ്പോടെ എന്റെയും H.P യുടെയും പ്രിയപ്പെട്ട ബാൽക്കണിയിലേക്ക് നടന്നു. പ്രതീക്ഷിച്ച ആളെ അവിടെയും കാണാതിരുന്നപ്പോൾ പതിയെ കണ്ണൊക്കെ നിറയാൻ തുടങ്ങിയിരുന്നു.ഉള്ളിലുള്ള സന്തോഷം മുഴുവൻ ഒഴിഞ്ഞു പോകുന്നപോലെ തോന്നി. ബാൽക്കണിയിലും പല മാറ്റങ്ങളും ഉണ്ടായിരുന്നു.ഞാൻ പോവുമ്പോൾ പല ചെടികളും ഉണങ്ങി തുടങ്ങിയിരുന്നു.അവയൊക്കെ മാറ്റി പുതിയവ സ്ഥാനം പിടിച്ചിരുന്നു. ഹാങ്ങിങ് ചെയറിലെ വൈറ്റ് കുഷ്യന് പകരം പിങ്ക് കുഷ്യൻ സെറ്റ് ചെയ്തിരിക്കുന്നു.

ഹാങ്ങിങ് ബെല്ലുകളുടെ എണ്ണത്തിലും നേരിയ വർധനവുണ്ടായിട്ടുണ്ട്. എല്ലാം നല്ല മാറ്റങ്ങൾ ആണെങ്കിൽ കൂടി ഒന്നുമെനിക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.മനസ്സിലെ അസ്വസ്ഥത കൂടിവന്നപ്പോൾ wind chime ന്റെ പ്രിയപ്പെട്ട ശബ്ദം പോലും ആരോചകമായി തോന്നി. കണ്ണുതുടച്ചുകൊണ്ട് പതിയെ തിരികെ മുറിയിൽ കയറി വാതിൽ ചാരി. വാർഡ്രോബ് തുറന്ന് നോക്കിയപ്പോൾ മെറ്റേണിറ്റി വെയറിന്റെ ഒരു വലിയ കളക്ഷൻ തന്നെ ഉണ്ടായിരുന്നു. പതിയെ അതിൽ നിന്നൊരു ടോപ് എടുത്ത് വാഡ്രോബ് അടച്ചു തിരിയാൻ തുടങ്ങും മുൻപേ പിന്നിലൂടെ രണ്ട് കൈകൾ വന്നു അരക്കെട്ടിൽ ആഞ്ഞു പുണർന്നു.

എന്റെ പ്രിയപ്പെട്ട സാന്നിധ്യം അറിഞ്ഞെന്നോണം ശരീരം ഉന്മേഷം പ്രാപിച്ചു തുടങ്ങിയെങ്കിലും ഇത്രയും ദിവസം അനുഭവിച്ച വിരഹത്തിന്റെ ചൂടിൽ മനസ് തളർന്നിരുന്നു. കണ്ണുകൾ വീണ്ടും നിറഞ്ഞുതുളുമ്പി ഒപ്പം ഇനി വയ്യെന്ന പോലെ ആ പിടിയിലൊതുങ്ങി ഒരു നിമിഷം ആ ശരീരത്തിലേക്ക് ചാഞ്ഞുനിന്നു. “ആരെയാ കുറെ നേരമായി തിരഞ്ഞു നടക്കുന്നെ എന്നെയാണോ….?” കാതോരം ചുണ്ട് ചേർത്ത് നേർത്ത സ്വൊരത്തിൽ ചോദ്യം വന്നതും ആളുടെ ചുടുശ്വാസം തട്ടി ഒരു നിമിഷം വിറങ്ങലിച്ചു പോയി.കഴുത്തിടുക്കിൽ പതിയെ ചുണ്ട് ചേർത്തപ്പോൾ പെട്ടെന്നൊരോർമയിൽ അരക്കെട്ടിലമർന്ന കൈ തട്ടിമാറ്റി ആളിൽ നിന്നും വിട്ടകന്നു. ” “അല്ല….. ഞാൻ ആരെയും നോക്കിയില്ല.”….തുടരും…..

ഹരി ചന്ദനം: ഭാഗം 48

Share this story