നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 41

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 41

സൂര്യകാന്തി

രുദ്ര തിരിഞ്ഞൊന്ന് സൂര്യനെ നോക്കി.. നേർത്തൊരു ചിരിയോടെ അവൻ അകത്തേക്ക് നോക്കി.. രുദ്ര എല്ലാവരെയും ഒന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു.. അവൾക്ക് പിറകെ പോവാൻ തുനിഞ്ഞ പത്മയെ അനന്തൻ തടഞ്ഞു… രുദ്ര മുറിയിലേക്ക് ചെന്നപ്പോൾ ജനലഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കിനിൽക്കുകയായിരുന്നു ഭദ്ര.. അവളുടെ മിഴികൾ നിറഞ്ഞിരുന്നു.. ഭദ്ര തിരിഞ്ഞു നോക്കിയില്ല.. രുദ്ര തെല്ല് നേരം ഒന്നും പറയാതെ അവൾക്കരികെ നിന്നു.. പിന്നെ ജനലഴികളിൽ പിടിച്ച ഭദ്രയുടെ കൈയിൽ കൈ ചേർത്തു.. ഭദ്ര കൈ വലിച്ചെടുക്കാൻ ശ്രെമിച്ചെങ്കിലും രുദ്ര വിട്ടില്ല.. “ഇങ്ങനെ കെറുവിച്ചു നിൽക്കുന്നയാൾ സുമംഗലിയായത് എന്നെ അറിയിച്ചില്ലല്ലോ.. ഉം..?” ചെറുചിരിയോടെയാണ് രുദ്ര ചോദിച്ചത്.. ഭദ്രയൊന്ന് ഞെട്ടി.. പിന്നെ വീറോടെ ചോദിച്ചു..

“ഇത്‌ വെറും ചടങ്ങിന് വേണ്ടി നടത്തിയതല്ലേ.. നാഗവിധി പ്രകാരമുള്ള ഒരു വേളി.. മറ്റു ചടങ്ങുകൾ ഒന്നും നടത്തിയിട്ടുമില്ല.. ഇത്‌ തന്നെ ആ ദാരികയെ പേടിച്ചാണ്.. അതു പോലെയാണോ ഇത്‌..?” രുദ്രയുടെ താലിയിലേക്കും സിന്ദൂരത്തിലേക്കും മാറി മാറി നോക്കിക്കൊണ്ടാണ് ഭദ്ര ചോദിച്ചത്.. “എന്നാലും എന്നെ അറിയിച്ചില്ലല്ലോ..?” “അത്.. അത് അപ്പോഴത്തെ സാഹചര്യത്തിൽ സംഭവിച്ചു പോയതാണ്.. നിന്നെ അറിയിച്ചാൽ വെറുതെ ടെൻഷനടിക്കുമല്ലോ എന്ന് വിചാരിച്ചാണ്..” രുദ്ര ചെറുചിരിയോടെ ഭദ്രയുടെ മുഖം തെല്ലുയർത്തി.. കൺപീലിയിൽ നിറഞ്ഞ നീർത്തുള്ളികൾ തട്ടിക്കളഞ്ഞു.. “എന്നാൽ ഇതും സംഭവിച്ചു പോയതാണ്..” “എന്ന് വെച്ചാൽ..?”ഭദ്രയുടെ നെറ്റി ചുളിഞ്ഞു.. “എന്റെ അമ്മൂട്ടീ,നീയൊന്ന് സമാധാനത്തോടെ ഞാൻ പറയുന്നതൊക്കെ കേൾക്കണം..” രുദ്ര പറഞ്ഞു തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന ഭാവമായിരുന്നില്ല പറഞ്ഞവസാനിപ്പിക്കുമ്പോൾ ഭദ്രയുടെ മുഖത്ത്.. മുഖം ചുവന്നു കണ്ണുകളിൽ രൗദ്രഭാവം തെളിയാൻ തുടങ്ങിയിരുന്നു.. “അപ്പോൾ.. അപ്പോൾ എനിക്ക് വേണ്ടിയാണോ നീ അയാളെ വേളി കഴിച്ചത്..?” വലിഞ്ഞു മുറുകിയ ശബ്ദം കേട്ടപ്പോഴേ രുദ്ര അവളുടെ കൈയിൽ പിടിച്ചു.. “ഇത്ര പെട്ടന്ന് ഈ വേളി നടക്കാൻ കാരണം ഇവിടുത്തെ പ്രെശ്നങ്ങൾ തന്നെയാണ്..” “പക്ഷെ.. പക്ഷെ എനിക്ക് വേണ്ടി.. അതും വാഴൂരില്ലത്തെ പിന്മുറക്കാരനാണെന്ന് അറിഞ്ഞിട്ടും…?” ഭദ്രയുടെ മുഖത്ത് സംശയം നിറഞ്ഞു..

“വാഴൂരില്ലത്തെ സന്തതിയ്ക്ക് മാത്രമേ ഭൈരവന്റെ ആത്മാവിനെ ആവാഹിക്കുവാൻ കഴിയുകയുള്ളൂ.. ഭൈരവനിലൂടെയെ നിന്റെ മുജന്മത്തെ പറ്റിയുള്ള വിവരങ്ങൾ അറിയാൻ സാധിക്കൂ..” “പക്ഷെ.. എനിക്ക് വേണ്ടി നിന്റെ ജീവിതം.. ഇല്ല.. ഞാനിത് സമ്മതിക്കില്ല.. ഒരിക്കലും..” രുദ്രയുടെ കൈകൾ തട്ടിയെറിഞ്ഞു കൊണ്ടു ഭദ്ര ചീറി.. “അമ്മൂട്ടീ.. ഞാനിന്ന് സൂര്യനാരായണന്റെ ഭാര്യയാണ്…” വീണ്ടുമെന്തോ പറയാൻ തുടങ്ങിയ ഭദ്ര പൊടുന്നനെ നിശബ്ദയായി.. രുദ്ര പറഞ്ഞതിന്റെ പൊരുൾ അവളുടെ മിഴികളിൽ ഭദ്രയ്ക്ക് കാണാമായിരുന്നു.. “അയാൾ.. നിന്നെ..” ഭദ്ര അടക്കാനാവാത്ത ദേഷ്യത്തോടെ എന്തൊക്കെയോ വിളിച്ചു പറയാൻ തുനിഞ്ഞതും രുദ്ര അവളുടെ വായ പൊത്തിപിടിച്ചു..

“സൂര്യനാരായണൻ എന്റെ പ്രണയമാണ്..” അവളുടെ പതിഞ്ഞ ശബ്ദം കേൾക്കവേ ഭദ്ര പകപ്പോടെ രുദ്രയുടെ കണ്ണുകളിലേക്ക് നോക്കി.. പിന്തിരിഞ്ഞു ജനാലയ്ക്കരികിലേക്ക് നടന്നു കൊണ്ടാണ് രുദ്ര പറഞ്ഞത്.. “നീ കരുതിയത് പോലെ വെറുമൊരു ഇൻഫാക്ച്ചുവേഷനോ ആരാധനയോ ആയിരുന്നില്ല്യ എനിക്ക് സൂര്യനാരായണനോട്.. എന്നെ നിനക്കറിയില്ലേ അമ്മൂട്ടീ.. സ്നേഹിച്ചു പോയാൽ സ്നേഹിച്ചതാണ്… പിന്നെ മനസ്സിൽ നിന്നും പറിച്ചെടുക്കാനോ ആ സ്ഥാനത്തു വേറൊരാളെ കാണാനോ എനിക്കാവില്ല്യ..പക്ഷെ ഒരിക്കലും സ്വന്തമാവുമെന്ന് കരുതിയിട്ടില്ല്യ.. ആഗ്രഹിച്ചിട്ടുമില്ല്യ.. എന്തിന് എന്നെങ്കിലും ഒരിക്കൽ കാണാനാവുമെന്ന് പോലും കരുതിയിട്ടില്ല്യ.. എന്നിട്ടും എന്നെ തേടി വന്നു..

എന്റെ കഴുത്തിലെ ഈ താലിയ്ക്ക് ഉടമയായി…” ഭദ്ര വിടർന്ന കണ്ണുകളോടെ രുദ്രയെ നോക്കി.. “എല്ലാമറിഞ്ഞിട്ടും സൂര്യനാരായണൻ ഇതിനൊക്കെ സമ്മതിച്ചോ…?” രുദ്ര ചിരിച്ചതേയുള്ളൂ.. “സമ്മതിക്കാതെ പറ്റില്ലല്ലോ.. എന്റെ ജീവന്റെ പാതി പറഞ്ഞു അവളുടെ പാതി ഈ ഭൂമിയിൽ ഇല്ലെങ്കിൽ അവളും ഉണ്ടാവില്ലെന്ന്..” ആ ശബ്ദം കേട്ടതും രുദ്രയും ഭദ്രയും ഒരുപോലെ ഞെട്ടിതിരിഞ്ഞു.. വാതിൽക്കൽ ചിരിയോടെ സൂര്യനാരായണൻ.. രുദ്രയുടെ കണ്ണുകൾ അവനിലായിരുന്നു.. സൂര്യനും നോക്കിയത് അവളെയായിരുന്നു.. ഭദ്ര കാണുകയായിരുന്നു അവരുടെ പ്രണയം..

“താൻ കരുതുന്നത് പോലെ അത്ര വൃത്തികെട്ടവനൊന്നും അല്ലെടോ ഞാൻ..” മുറിയ്ക്കുള്ളിലേക്ക് കടന്നു കൊണ്ടാണ് സൂര്യൻ പറഞ്ഞത്..ചെറുചിരിയോടെ അവൻ രുദ്രയ്‌ക്കരികിലേക്ക് നടന്നു.. അവളെ ചുമലിലൂടെ ചേർത്ത് പിടിച്ചുകൊണ്ടാണ് പറഞ്ഞത്.. “അത്രയ്ക്ക് ആഗ്രഹിച്ചു തന്നെയാടോ തന്റെ കുഞ്ഞിയെ ഞാൻ സ്വന്തമാക്കിയത്..” ഒന്ന് നിർത്തി ചിരിയോടെ തന്നെയാണ് തുടർന്നത്… “ഇയാൾക്ക് പ്രിയ്യപ്പെട്ടവരെല്ലാം എനിക്കും പ്രിയപ്പെട്ടവരാണ്.. പൂർണ്ണമനസ്സോടെ തന്നെയാണ് ഞാൻ സമ്മതിച്ചത്..” രുദ്രയെ ഒന്ന് നോക്കി അവൻ വീണ്ടും പറഞ്ഞു.. “വാഴൂരില്ലത്തെയാണ് ഞാൻ..

പക്ഷെ നാഗകാളിമഠത്തിലെ അനന്തപത്മനാഭൻ ഒന്നും അന്വേഷിക്കാതെ മകളെ എന്റെ കൈയിൽ ഏൽപ്പിക്കുമെന്ന് തോന്നുന്നുണ്ടോ ശ്രീഭദ്രയ്ക്ക്..?” ഭദ്ര അവരെ രണ്ടുപേരെയും മാറിമാറി നോക്കുകയായിരുന്നു.. “പക്ഷെ.. എനിക്ക്.. എനിക്ക് വേണ്ടി നിങ്ങൾ.. ഇല്ല… ഞാൻ സമ്മതിക്കില്ല..” ഭദ്ര വീണ്ടും തിരിഞ്ഞോടാൻ ശ്രെമിച്ചതും റൂമിലേക്ക് കയറി വന്ന ആദിത്യന്റെ നെഞ്ചിൽ തട്ടി നിന്നു.. “ആദിയേട്ടാ, ഇവര്..ഇവര് പറയുന്നത് കേട്ടോ എനിക്ക് വേണ്ടി..” ആദിത്യന്റെ ഷർട്ടിൽ പിടിച്ചുലച്ചു കൊണ്ടാണ് ഭദ്ര ചോദിച്ചത്.. “ഇല്ല.. സമ്മതിക്കില്ല ഞാൻ.. ” ആദിത്യന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു കൊണ്ടവൾ പറഞ്ഞു.. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

ആദിത്യൻ ചെറുചിരിയോടെ അവളെ ചേർത്ത് പിടിച്ചു.. “അയ്യേ.. കരയുന്നോ.. ഇതെന്റെ ഭദ്രയല്ല.. എന്റെ ഭദ്രകാളി ഇങ്ങനെയല്ല..” സൂര്യനെയും രുദ്രയെയും നോക്കി കണ്ണിറുക്കി കൊണ്ടാണ് ആദിത്യൻ പറഞ്ഞത്.. “ശരിയാ ഞാൻ കേട്ടറിഞ്ഞ ശ്രീഭദ്ര ഇങ്ങനെയല്ല..” സൂര്യനും കൂടെ പറഞ്ഞതോടെ ഭദ്ര ചമ്മലോടെ മുഖമുയർത്തി..അവൾ ഒന്നും പറയാതെ നിൽക്കുന്നത് കണ്ടാണ് സൂര്യനെ നോക്കി ആദിത്യൻ ഭദ്രയോട് പറഞ്ഞത്.. “ദേ ആ നിൽപ്പൊന്നും നോക്കണ്ടാ, ആ മൊതല് ഒരു ഒന്നൊന്നര സംഭവമാണ്.. പിന്നെ തന്റെ കുഞ്ഞി.. നാഗകാളിമഠത്തിലെ പുതിയ കാവിലമ്മ.. കൂടുതലൊന്നും ഞാൻ പറയണ്ടല്ലോ.. പിന്നെ സാക്ഷാൽ ആദിശേഷന്റെ ദർശനവും അനുഗ്രഹവും കിട്ടിയ തന്റെ അച്ഛനമ്മമാരും…

അത്രയ്ക്കൊന്നും ഇല്ലെങ്കിലും തനിക്ക് വേണ്ടി ജീവൻ പോലും കളയാൻ തയ്യാറായി നിൽക്കുന്ന ഭർത്താവ്.. ഇത്രയും പോരേ തനിക്ക് വിശ്വസിക്കാൻ..” ഭദ്ര അപ്പോഴും ഒന്നും പറഞ്ഞില്ല.. രുദ്ര അവൾക്കരികിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് അനന്തനും പത്മയും അങ്ങോട്ട്‌ വന്നത്.. “ഇവിടുത്തെ ഇമോഷണൽ സീനൊന്നും ഇതു വരെ തീർന്നില്ലേ..?” ചിരിയോടെയാണ് അനന്തൻ ചോദിച്ചത്.. ഭദ്ര അനന്തന്റെ അടുത്തെത്തി കൈ പിടിച്ചു.. “അച്ഛാ.. ഇതൊന്നും വേണ്ടാന്ന് പറയ്.. എനിക്ക് വേണ്ടി ഇവരുടെ ജീവിതം..” ഒരു നിമിഷം കഴിഞ്ഞാണ് അനന്തൻ പറഞ്ഞത്.. “അമ്മൂട്ടീ.. അച്ഛന് നിങ്ങൾ രണ്ടുപേരും ഒരുപോലാണ്.. ഒരാൾക്ക് വേണ്ടി മറ്റൊരാളെ നഷ്ടപെടുത്താൻ അച്ഛൻ തുനിയുമെന്ന് മോൾക്ക് തോന്നുന്നുണ്ടോ..

അമ്മൂട്ടിയുടെ ജീവൻ അപകടത്തിലാവുമ്പോൾ ഒന്നും ചെയ്യാതെ നോക്കി നിൽക്കാൻ ഞങ്ങൾക്കാവുമോ..? മോളൊന്നും പേടിക്കണ്ട..ഒരുമിച്ച് തന്നെ നമ്മൾ നേരിടും..” “അച്ഛാ എന്നാലും രുദ്രയും സൂര്യനും…” “അവർക്കതിനു കഴിയുമെന്ന് ഉറപ്പുള്ളത് കൊണ്ടാണല്ലോ അച്ഛൻ അതിന് സമ്മതിച്ചത്..” ഭദ്ര ഒന്നും മിണ്ടിയില്ല..അവൾ അനന്തന് പിറകിൽ നിന്നിരുന്ന പത്മയെ ഒന്ന് നോക്കി.. “അമ്മൂട്ടീ..” പത്മയുടെ വിടർത്തിയ കൈകളിലേക്ക് തെല്ലത്ഭുതത്തോടെയാണവൾ നോക്കിയത്.. അവൾ മാത്രമല്ല.. അനന്തനും രുദ്രയും.. പത്മ ഒരിക്കൽ പോലും ഭദ്രയെ അമ്മൂട്ടിയെന്ന് വിളിച്ചിട്ടില്ല.. തങ്ങൾക്ക് മുൻപേ ഉണ്ടായിരുന്ന, മരിച്ചു പോയ സഹോദരിയുടെ വിളിപ്പേരായിരുന്നു അതെന്ന് മാത്രമേ അറിയാമായിരുന്നുള്ളൂ..

ആ വേദന എപ്പോഴും അമ്മയുടെ ഉള്ളിൽ ഉണ്ടായിരുന്നു..ദത്തൻ തിരുമേനി പറഞ്ഞതനുസരിച്ചാണ് തനിക്ക് ഭദ്രയെന്ന് പേരിട്ടത്.. പ്രിയ്യപ്പെട്ടവരൊക്കെ അമ്മൂട്ടിയെന്ന് വിളിക്കുമ്പോഴും അമ്മ ഭദ്രയെന്നേ വിളിക്കാറുണ്ടായിരുന്നുള്ളൂ.. ചെറിയൊരു വിഷമം ഉള്ളിലെവിടെയോ ഉണ്ടായിരുന്നു.. ചെറുതിലേ തന്നെ അച്ഛനുമായിട്ടായിരുന്നു കൂടുതൽ അടുപ്പം.. രുദ്രയ്ക്ക് നേരെ തിരിച്ചും…എന്നാലും അച്ഛനോളം സ്നേഹം അമ്മയോടും ഉണ്ട്..ഒട്ടും കുറവില്ലാതെ.. തന്റെ കൈകളിൽ എത്തിയ ഭദ്രയെ പത്മ പൊതിഞ്ഞു പിടിച്ചു.. ഭദ്രയുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. “കരയരുത്.. ഇനി ഒരിക്കൽ കൂടെ നിന്നെ നഷ്ടപ്പെടുത്താൻ അമ്മയ്ക്ക് വയ്യ..

വിട്ടുകൊടുക്കില്ല ആർക്കും..” പത്മയുടെ വാക്കുകൾ ദൃഢമായിരുന്നു.. “അല്ല.. വന്നിട്ട് എല്ലാരും ഇങ്ങനെ നിൽക്കാണോ.. കഴിക്കണില്ല്യേ… എടുത്തു വെച്ചിട്ടുണ്ട്.. എല്ലാരും വന്നേ..” ശ്രീദേവിയമ്മ വാതിൽക്കൽ വന്നു വിളിച്ചു.. എല്ലാവരും പുറത്തേക്ക് നടക്കുന്നതിനിടെ സൂര്യൻ രുദ്രയെ പിന്നോട്ട് വലിച്ചു.. അവൾ ചോദ്യഭാവത്തിൽ നോക്കിയതും സൂര്യൻ കണ്ണുകൾ ചിമ്മിക്കാണിച്ചു.. “എന്തേ.?” രുദ്രയുടെ സ്വരം നേർത്തിരുന്നു.. “ഇയാൾക്ക് പേടിയുണ്ടോ എന്നെ നഷ്ടപ്പെടുമെന്ന്..?” ചിരിയോടെ തന്നെയാണ് ചോദിച്ചത്.. “പേടിയുണ്ട്.. പക്ഷെ എനിക്ക് വിശ്വാസമുണ്ട്.. ഞാൻ വിളിച്ചാൽ തിരികെ വരാതിരിക്കാൻ ഈ എഴുത്തുകാരന്റെ ആത്മാവിന് കഴിയില്ലെന്ന്..” “ഓഹോ.. അത്രയ്ക്ക് വിശ്വാസമുണ്ടോ.. ഉം?”

സൂര്യന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞതും രുദ്രയുടെ മുഖം ചുവന്നു.. മുഖമുയർത്താതെയാണ് പറഞ്ഞത്.. “ഉണ്ട്…” എല്ലാവരും ഒരുമിച്ച് ആഹാരം കഴിക്കുമ്പോഴും ടെൻഷൻ നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിന് ഒരയവ് വരുത്താനായി അനന്തനും ശ്രീനാഥും ആദിത്യനുമൊക്കെ പല തമാശകളും പറഞ്ഞു കൊണ്ടേയിരുന്നു.. പലപ്പോഴും ചിരിക്കുന്നുണ്ടായിരുന്നുവെങ്കിലും എല്ലാവരുടെയും മനസ്സിൽ വരാനിരിക്കുന്ന വിപത്തുകളെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു.. ഭദ്രയുടെ കണ്ണുകൾ പിന്തുടർന്നിരുന്നത് സൂര്യനെയും രുദ്രയെയുമായിരുന്നു.. തെല്ലത്ഭുതത്തോടെയാണ് അവരുടെ പ്രണയം ഭദ്ര നോക്കികണ്ടത്.. സന്ധ്യയ്ക്ക് മുൻപേ ഭട്ടതിരിപ്പാടും അനുയായികളും എത്തിച്ചേർന്നിരുന്നു..

അദ്ദേഹവും ദത്തൻതിരുമേനിയും സഹായികളും കാളിയാർമഠത്തിലെ നിലവറയിൽ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തവെ അനന്തനും മറ്റുള്ളവരും നാഗത്താൻകാവിലേക്ക് പുറപ്പെട്ടു.. അനന്തനെയും പത്മയെയും നേരിട്ടെതിരിടാൻ ദാരിക തുനിയില്ലെന്ന് അവർക്കറിയാമായിരുന്നു.. ആദിശേഷന്റെ അംശമായ അവരെ നാഗങ്ങൾക്കോ നാഗരൂപത്തിൽ വിരാജിക്കുന്നതോ ആയ യാതൊന്നിനും കീഴ്പ്പെടുത്തുക അസാധ്യമാണ്..അവരെപ്പോലെ തന്നെ കാവിലമ്മയായ രുദ്രയെയും അവളുടെ പതിയായ സൂര്യനെയും ഉപദ്രവിക്കാനും ദാരികയ്ക്ക് കഴിയില്ല.. ഭദ്രയെ തനിച്ചു മുൻപിൽ കിട്ടാനാണ് ദാരിക കാത്തിരിക്കുന്നത്..

ഒരു നിമിഷമെങ്കിൽ ഒരു നിമിഷം.. അവളത് പാഴാക്കില്ല.. അനന്തനും പത്മയും ചേർന്നാണ് തിരി തെളിയിച്ചത്.. അനന്തനും പത്മയും നാഗമന്ത്രങ്ങൾ ഉരുവിടുമ്പോൾ കണ്ണുകളടച്ചു തൊഴുതു നിൽക്കുകയായിരുന്നു മറ്റുള്ളവർ.. കരിനാഗത്തറയ്ക്ക് മുൻപിൽ തിരി തെളിഞ്ഞു കത്തി.. വർഷങ്ങളായി ആരാധന മുടങ്ങിയ നാഗശിലകൾക്ക് മുകളിൽ ഇഴഞ്ഞെത്തിയത് വെള്ളിനിറത്തിലുള്ള ദേഹവും ശിരസ്സിൽ ത്രിശൂലചിഹ്നവുമുള്ള നാഗമായിരുന്നു..മഹാപദ്മൻ.. ആരും അറിയാതെ,തെല്ല് ദൂരെ ഇടതൂർന്നു നിൽക്കുന്ന വന്മരങ്ങൾക്കിടയിലൂടെ പകയെരിയുന്ന കണ്ണുകളോടെ ആ കാഴ്ച്ച കണ്ടു നിൽക്കുന്ന രണ്ടുപേരുണ്ടായിരുന്നു.. നാഗരക്ഷസ്സിന്റെ രൂപത്തിലായിരുന്നു ദാരിക…

സർപ്പസൗന്ദര്യം വഴിഞ്ഞൊഴുകുന്ന വദനത്തിൽ നീലമിഴികൾ ജ്വലിച്ചു നിന്നു.. പുരികക്കൊടികൾക്കിടയിൽ കറുത്ത നാഗച്ചിഹ്നം തിളങ്ങി നിന്നു.. ഇടയ്ക്കിടെ പുറത്തേക്ക് നീട്ടുന്ന കരിനീലിച്ച നാവിൽ പോലും പകയുടെ വിഷത്തുള്ളികളായിരുന്നു..കാണുന്ന കാഴ്ചകൾ ഉണ്ടാക്കുന്ന പ്രതികരണം ഇടയ്ക്കിടെ സീൽക്കാരങ്ങളായി പുറത്തു വന്നു.. ദാരികയ്ക്കരികെ നിന്നവൾ പിന്നിയിട്ട നീണ്ട മുടി പിറകിലേക്കെടുത്തിട്ടു.. അവളുടെ മിഴികളിലും നിറഞ്ഞത് പകയായിരുന്നു.. വർഷങ്ങളുടെ പക.. പ്രതികാരദാഹവും.. ഉത്തരയുടെ പ്രതികാരം.. ദുരാഗ്രഹിയായ ഒരുവന്റെ പകർന്നാട്ടത്തിൽ വീണുടഞ്ഞു പോയ രണ്ടു ജന്മങ്ങൾ.. അവരുടെ ലക്ഷ്യം ഒന്നായിരുന്നു.. ശ്രീഭദ്ര..

“എന്തൊക്കെയോ ചെയ്യാനൊരുമ്പെടുന്നുണ്ടവർ.. എല്ലാം വെറുതെയാവും.. മോക്ഷം പോലും വേണ്ടെന്നു വെച്ച് ഈ ദാരിക കാത്തിരുന്നത് വെറുതെയല്ല.. പകയടങ്ങാതെ ഒരു ഗ്രാമത്തിന്റെ മുഴുവൻ പേടിസ്വപ്നമായി ഇത്രയും കാലം ഇവിടെ കുടിയിരുന്നത് തോറ്റു പിന്മാറാനല്ല…” അശരീരി പോലെ ദാരികയുടെ വാക്കുകൾ ഉത്തരയിലേക്കെത്തി.. “ഒന്നും വെറുതെയാവില്ല്യാ…” ഉത്തരയുടെ ശബ്ദം ഉറച്ചതായിരുന്നു.. “നാളെ… അറിയാല്ലോ എന്താ വേണ്ടതെന്ന്.. അവൾ… നമ്മുടെ മുൻപിലെത്തണം.. എണ്ണിയെണ്ണി കണക്ക് ചോദിക്കണം… ന്റെ..” ദാരികയുടെ സ്വരമൊന്നിടറി.. പതിവില്ലാതെ.. ഉത്തരയുടെ മനസ്സ് പിടഞ്ഞു…

ഉത്തര അവർക്ക് പിറകിലെ പുല്ലും കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളും കൊണ്ടു മൂടിയ വഴിത്താരയിലേക്കൊന്ന് തിരിഞ്ഞു നോക്കി.. ഓരോ തവണയും പാലമരത്തിൽ തളയ്ക്കപ്പെടുമ്പോൾ ദാരികയെ ബന്ധനവിമുക്തയാക്കാനെത്തുന്നവർക്ക് വേണ്ടി ദാരികയൊരുക്കിയ വഴി..ആരും അറിയാതെ നാഗത്താൻകാവിനുള്ളിലേക്കുള്ള വഴി.. കാവിൽ നിന്നും ആ വഴിയിലൂടെ എത്തിപ്പെടുന്നയിടം ഒരിക്കൽ അവർക്കേറെ പ്രിയതരമായിരുന്നു.. അശ്വതിയ്ക്കും ഉത്തരയ്ക്കും ഊർമിളയ്ക്കും മാത്രം അറിയാവുന്നിടം.. മുകുന്ദനുണ്ണിയ്ക്കും… നാഗത്താൻകാവിൽ നിന്നും അനന്തനും മറ്റുള്ളവരും പൂമുഖത്തെത്തുമ്പോൾ ശ്രീനാഥും ശ്രീദേവിയമ്മയും കൂടാതെ ദത്തൻ തിരുമേനിയും അവർക്കരികെ ഉണ്ടായിരുന്നു..

രുദ്രയുടെ കാലുകളുടെ വേഗം കുറഞ്ഞതറിഞ്ഞാണ് സൂര്യൻ അവളെ നോക്കിയത്.. രുദ്രയുടെ മുഖം വിളറിയിരുന്നു.. “ന്നാൽ നമുക്ക് തുടങ്ങിയാലോ..?ഒരുക്കമൊക്കെ കഴിഞ്ഞിരിക്കണൂ..” അനന്തനെയും സൂര്യനും നോക്കിയാണ് തിരുമേനി ചോദിച്ചത്.. അനന്തൻ സൂര്യനെ നോക്കി.. അവൻ രുദ്രയെയും.. അവൾ മുഖമുയർത്തിയില്ല.. “തുടങ്ങാം..” സൂര്യനാണ് പറഞ്ഞത്.. “ഭൈരവൻ അതിസമർത്ഥനാണ്.. ഇവിടെ നടക്കുന്നത് എന്താണെന്നോ എന്തിനാണെന്നോ അയാൾ മനസ്സിലാക്കാൻ പാടില്ല്യാ .. സൂര്യന്റെ ശരീരത്തിൽ അയാൾ ആധിപത്യം സ്ഥാപിച്ചാൽ സൂര്യൻ പിന്നെ നിസ്സഹായനാണ്..

പിന്നെ ഭൈരവനെ നിയന്ത്രിക്കേണ്ടത് രുദ്രയാണ്..അതിശക്തനായ ഭൈരവന്റെ ആത്മാവിനെ പിന്തള്ളി സൂര്യന് തിരികെ ദേഹത്ത് പ്രവേശിക്കുക എന്നത് ദുഷ്കരം തന്നെയാണ്..ഒരുപാട് ശ്രെമിക്കേണ്ടി വന്നേക്കാം..” രുദ്രയെ നോക്കിയാണ് തിരുമേനി പറഞ്ഞത്.. “നിലവറയിലേക്ക് സൂര്യനും രുദ്രയ്ക്കും മാത്രമേ പ്രവേശനമുള്ളൂ.. ഭൈരവൻ മറ്റാരെയും ദർശിക്കാൻ പാടില്ല്യ.. അറിയേണ്ട കാര്യങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ അവിടെ ഓട്ടുമൊന്തയിൽ വെച്ചിട്ടുള്ള തീർത്ഥജലം അയാളെ കൊണ്ടു കുടിപ്പിക്കണം..” രുദ്ര എല്ലാം ശ്രെദ്ധയോടെ കേട്ട് നിന്നു.. “ന്നാൽ വരിക…” നിലവറയുടെ വാതിൽക്കൽ അനന്തനും പത്മയും രുദ്രയുടെയും സൂര്യന്റെയും ശിരസ്സിൽ കൈ ചേർത്ത് അനുഗ്രഹിച്ചു…

തിരിഞ്ഞു നോക്കാതെ സൂര്യനൊപ്പം നിലവറയ്ക്കുള്ളിലേക്ക് കടക്കുമ്പോൾ രുദ്രയുടെ ദേഹം വിറച്ചിരുന്നു.. “ഭയപ്പെടരുത്.. നിശാഗന്ധിയ്‌ക്കരികിലേക്ക് സൂര്യന് വരാതിരിക്കാനാവില്ല..” കാതോരം പതിഞ്ഞ ശബ്ദം കേട്ടതും രുദ്ര മുഖമുയർത്തി നോക്കി.. സൂര്യൻ കണ്ണുകൾ ചിമ്മി പുഞ്ചിരിച്ചു.. നിലവറയിലെ കരിങ്കൽ ചുമരുകളും വീതിയേറിയ തൂണുകളും രുദ്രയെ നാഗകാളിമഠത്തിലെ നിലവറയെ ഓർമ്മിപ്പിച്ചു.. അവിടവിടെയായി കുത്തി നിർത്തിയ തീപന്തങ്ങൾ ഇരുളകറ്റിയെങ്കിലും നിലവറയിലെ അന്തരീക്ഷത്തിനൊരു നിഗൂഢഭാവം നൽകിയിരുന്നു.. കുന്തിരിക്കത്തിന്റെയും കർപ്പൂരത്തിന്റെയും ഗന്ധം അവിടമാകെ നിറഞ്ഞിരുന്നു..

നിലവറയിലെ നേർത്ത തണുപ്പിൽ, ജ്വലിക്കുന്ന പന്തങ്ങളുടെ വെളിച്ചത്തിൽ രുദ്ര കണ്ടു.. തയ്യാറാക്കി വെച്ചിരിക്കുന്ന ഹോമകുണ്ഡവും പൂജാദ്രവ്യങ്ങളും തെളിഞ്ഞു കത്തുന്ന നിരവധി ദീപനാളങ്ങളും…. ഇതിനെല്ലാം നടുവിൽ ഒരു പീഠത്തിൽ വാഴൂരില്ലത്തെ പടിപ്പുരയിൽ നിന്നുമെടുത്ത ആ പേടകവും.. ഭൈരവൻ.. “ധൃതിയും ഭയവും പാടില്ല്യ… അശ്രദ്ധയും.. പറഞ്ഞതെല്ലാം ഓർമിക്ക്യാ… എടുത്തു ചാടിയൊന്നും ചെയ്യാതിരിക്യാ..” അവരെ അനുഗ്രഹിച്ചു പുറത്തേക്കിറങ്ങുന്നതിനിടെ ഭട്ടതിരിപ്പാട് പറഞ്ഞു… പീഠത്തിൽ ഇരുന്നിട്ടാണ് സൂര്യൻ രുദ്രയെ നോക്കിയത്.. “തുടങ്ങാം…?” രുദ്രയുടെ മുഖത്തെ പരിഭ്രമം മാറിയിരുന്നു..ഒരു മാത്ര ആ മിഴികളിൽ നീല നിറം മിന്നി മാഞ്ഞു..

തെളിഞ്ഞ പുഞ്ചിരിയോടെയാണ് അവൾ പറഞ്ഞത്.. “തുടങ്ങാം…” മഹാകാളിയെ ധ്യാനിച്ചു കൊണ്ടാണ് സൂര്യൻ പേടകത്തെ മൂടിയ പട്ടുതുണി മാറ്റിയത്.. രുദ്രയെ ഒന്ന് നോക്കി പതിയെ സൂര്യനാരായണൻ ആ പേടകത്തിന്റെ താഴ് തുറന്നു… കറുത്ത പുകച്ചുരുളുകളാണ് ആദ്യം പുറത്തേക്ക് വന്നത്.. പിന്നെ ആ മുഴക്കമുള്ള ശബ്ദവും… “വാഴൂരില്ലത്തെ പിന്മുറക്കാരൻ ഈ ഭൈരവനെ തേടിവന്നത് എന്തിനാണ്…?” (തുടരും ) കണ്ണിന് ചെറിയൊരു പ്രെശ്നം.. മൊബൈൽ ഉപയോഗം കുറയ്ക്കേണ്ടി വന്നു…..

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 40

Share this story