നിനക്കായ് : ഭാഗം 38

നിനക്കായ് : ഭാഗം 38

എഴുത്തുകാരി: ഫാത്തിമ അലി

രാവിലെയുള്ള ഫോൺ കോൾ ആണ് സുഖനിദ്രയിലായിരുന്ന ശ്രീയെ എഴുന്നേൽപ്പിച്ചത്… ഉറക്കിനിടയിൽ ശല്യം ചെയ്തതിന്റെ ഈർശ്യ ആവോളം അവളുടെ മുഖത്ത് ഉണ്ടായിരുന്നു… കണ്ണ് തുറക്കാതെ തന്നെ അവൾ കൈ എത്തിച്ച് ഫോൺ എടുത്ത് ആൻസർ ചെയ്ത് ചെവിയിലേക്ക് വെച്ചു… “ഹലോ….” ഉറക്ക പിച്ചിലുള്ള അവളുടെ സൗണ്ട് കേട്ട് മറുഭാഗത്ത് ഉള്ള സാമിൽ ചെറു ചിരി വിരിഞ്ഞു…. “ആരാണാവോ രാവിലെ തന്നെ മനുഷ്യനെ മിനക്കെടുത്താൻ വിളിക്കുന്നത്…..ഹലോ….” അങ്ങേ തലക്കൽ ആരും ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടതും ശ്രീ പിറു പിറുത്തു കൊണ്ട് ഒന്ന് കൂടി ഉറക്കെ വിളിച്ചു….

ആദ്യം പറഞ്ഞ് മെല്ലെ ആയിരുന്നു എങ്കിലും സാം കൃത്യമായി അത് കേട്ടിരുന്നു… “ഇനി എന്നും എന്റെ പെണ്ണ് ഈ ശല്യം സഹിച്ചേ പറ്റൂ….” സാം മനസ്സിൽ വിചാരിച്ച് കൊണ്ട് ഒരു പാട്ടിന്റെ ഈണത്തിൽ ചൂളം വിളിക്കാൻ തുടങ്ങി…. അത് വരെ പാതി ഉറക്കത്തിൽ ആയിരുന്ന ശ്രീ ചൂളം വിളി കേട്ടതും കണ്ണുകൾ വലിച്ച് തുറന്നു… കിടന്ന കിടപ്പിൽ നിന്ന് ചാടി എഴുന്നേറ്റ് ബെഡിൽ ചമ്രം പടിഞ്ഞ് ഇരുന്നു… ഫോണിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞ അൺനോൺ നമ്പർ കാണെ ആവേശത്തോടെ ഫോൺ ചെവിയിലേക്ക് അടുപ്പിച്ചു…. “നിങ്ങൾ…” ശ്രീ എന്തോ ചോദിക്കാൻ ആഞ്ഞെങ്കിലും അപ്പോഴേക്കും സാം ആ ഗാനം ആലപിച്ച് തുടങ്ങിയിരുന്നു…. പിന്നെ ചോദിക്കാൻ വന്നത് മറന്ന് അവളും അതിൽ ലയിച്ചിരുന്നു…

🎼tumko paaya hai to jaise khoya hoon…. kehna chahoon bhi to tumse kya kahoon…. kisi zabaan mein bhi vo lavz hi nahi ki jinme tum ho kya tumhe bata sakoon…. main agar kahoon tumsa haseen… qaynat mein nahi hain kaheen…. taareef yeh bhi toh sach hai kuch bhi nahi… tumko paaya hai to jaise khoya hoon….🎼

പാടി കഴിഞ്ഞതും ഒരു നിമിഷം രണ്ട് പേർക്കും ഇടയിൽ നിശബ്ദത മുന്നിട്ട് നിന്നു…. “हर दिन तुम मेरे दिमाग़ में आने वाली पहली और आख़िरी चीज़ हो।” (Every day you are the first and last thing in my mind.”)

അവസാനം മൗനത്തെ ഭേദിച്ച് കൊണ്ട് സാമിന്റെ സ്വരം അവളുടെ കാതിലായി അലയടിച്ചു…. ആർദ്രമായി അത്രയും പ്രണയത്തോടെയുള്ള അവന്റെ വാക്കുകൾ ശ്രീയുടെ നെഞ്ചിടിപ്പ് ഉയർത്തി… “ആ…ആരാ നിങ്ങൾ…?” ആദ്യമൊന്ന് പതറിയെങ്കിലും ഗൗരവത്തോടെയുള്ള ശ്രീയുടെ ചോദ്യം അവനിൽ ചിരി വിരിയിച്ചു…. അവൾക്ക് മറുപടി കൊടുക്കാതെ ഫോൺ കട്ട് ചെയ്ത് ഇടനെഞ്ചിലേക്ക് ഇരു കൈകളും ചേർത്ത് വെച്ച് കണ്ണടച്ച് കിടന്നു… “ശ്ശെ…കട്ട് ചെയ്തു കളഞ്ഞു…” ശ്രീക്ക് നന്നായി ദേഷ്യം വന്നിരുന്നു…ആരാവും അതെന്ന് കുറേ ഓർത്ത് നോക്കി എങ്കിലും അവൾക്ക് അതിനുള്ള ഉത്തരം ലഭിച്ചില്ല…

അവസാനം സഹി കെട്ട് ഫോൺ ബെഡിലേക്ക് ഇട്ട് ഇരു കൈകൾ കൊണ്ടും മുഖം പൊത്തി വെച്ച് ഇരുന്നു… ഒരു ഫോൺ കോൾ എന്തു കൊണ്ടാണ് തന്നെ ഇത്ര അസ്വസ്ഥതപെടുത്തുന്നതെന്ന് എത്ര ചിന്തിച്ചിട്ടും ശ്രീക്ക് മനസ്സിലായില്ല… പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ ആ നമ്പറിലേക്ക് തിരിച്ച് കോൾ ചെയ്തു…. ഇന്നലത്തെ പോലെ തന്നെ സ്വിച്ച് ഓഫ് എന്നാണ് മറുപടി കിട്ടിയത്… “ശ്രീക്കുട്ടീ….എഴുന്നേറ്റില്ലേ മോളേ…സമയം ഒരുപാടായേ….” അടച്ചിട്ട ഡോറിന് തട്ടിക്കൊണ്ട് വസുന്ധര വിളിച്ചതും ശ്രീ ഫോൺ തിരികെ ഇട്ട് ബെഡിൽ നിന്ന് എഴുന്നേറ്റു… “ആ അമ്മാ…വരുവാ…”

അഴിഞ്ഞുലഞ്ഞ മുടി വാരി ഉച്ചിയിൽ കെട്ടി വെച്ച് ശ്രീ ചെന്ന് ഡോർ തുറന്നു കൊടുത്തു… “നേരത്തെ എഴുന്നേൽക്കുന്നത് കാണാഞ്ഞിട്ടാ അമ്മ വിളിച്ചേ….മുഖം എന്താ വല്ലാതിരിക്കുന്നത്…എന്താ കണ്ണാ വയ്യേ…?” ശ്രീയുടെ മുഖത്ത് തലോടിക്കൊണ്ട് ആകുലതയോടെ ചോദിച്ച വസുന്ധരയെ അവൾ ഇറുകെ പുണർന്നു… “എന്റെ അമ്മക്കുട്ടീ…എനിക്ക് ഒരു കുഴപ്പവും ഇല്ലാ ട്ടോ…” വസുന്ധരയുടെ മൂക്കിൻ തുമ്പിൽ പിടിച്ചൊന്ന് കറക്കിക്കൊണ്ട് പറഞ്ഞതും അവരുടെ മുഖം തെളിഞ്ഞു… “ഞാൻ വേഗം ഫ്രഷ് ആയി വരാമേ…അമ്മക്കുട്ടി ബ്രേക്ക് ഫാസ്റ്റ് എടുത്ത് വെക്ക്….”

ശ്രീ കണ്ണിറുക്കി പറഞ്ഞ് ടവലും ഡ്രസ്സുമായി കുളത്തിലേക്ക് ഓടി… മാറിന് കുറുകെ കച്ച കെട്ടി തെളിഞ്ഞ വെള്ളത്തിൽ നീന്തി തുടിക്കുമ്പോഴും അവൾ മറ്റെന്തോ ആലോചനയിലായിരുന്നു… മനസ്സിൽ മുഴുവൻ തന്നെ വിളിച്ച വ്യക്തി ആരാണെന്ന് അറിയാനുള്ള ആകാംക്ഷ ആയിരുന്നു…. അയാളുടെ ശബ്ദത്തിന് വല്ലാത്തൊരു മാന്ത്രികത ഉള്ളത് പോലെ ശ്രീക്ക് തോന്നി… “ശ്രീക്കുട്ടീ……” “ദേ വരുന്നമ്മാ….” ഇനിയും ചിന്തിച്ച് നിന്നാൽ വസുന്ധര വടിയുമായി വരുമെന്ന് ഉറപ്പുള്ളത് കൊണ്ട് ശ്രീ വേഗം കുളിച്ച് ഡ്രസ് മാറി വീട്ടിലേക്ക് ഓടി…. “നീ കുളത്തിലേക്ക് പോയിട്ട് നേരം എത്രയായി എന്ന് അറിയോ ശ്രീക്കുട്ടീ….

എത്ര പറഞ്ഞാലും മനസ്സിലാവില്ലേ നിനക്ക്….” ശ്രീയെ കണ്ടതും വസുന്ധര കണ്ണ് കൂർപ്പിച്ച് നോക്കി പറയാൻ തുടങ്ങി… “ചോറീ അമ്മക്കുട്ടീ…ഇനി നേരത്തെ വന്നോളാം…” “ഉവ്വ്…ഉവ്വ്….നീയല്ലേ…” അമ്മയുടെയും മോളുടെയും സംസാരം കേട്ട് കൊണ്ടാണ് മാധവൻ അങ്ങോട്ട് വന്നത്… “എന്റെ വസൂ…നീ എന്റെ മോളേ ചീത്ത പറയാതെ ഭക്ഷണം എടുത്ത് വെച്ചേ…വിശന്ന് കുടല് കരിയുന്നു…” അയാൾ ശ്രീയെ ചേർത്ത് പിടിച്ച് വസുന്ധരയെ നോക്കിക്കൊണ്ട് പറഞ്ഞതും അവർ പരിഭവത്തോടെ ചുണ്ട് കോട്ടി പ്ലേറ്റ് എടുത്ത് വെക്കാൻ തുടങ്ങി… “ഓ…ഒരു അച്ഛനും മോളും വന്നേക്കുന്നു…ഹും…”

അവരുടെ പിറുപിറുക്കൽ കേട്ട് മാധവൻ ചുണ്ടിനാ മുകളിൽ വിരൽ വെച്ച് ശ്രീയോട് മിണ്ടരുതെന്നാ പറഞ്ഞ് വസുന്ധരയുടെ ഇടുപ്പിലൂടെ ചുറ്റി വരിഞ്ഞ് പൊക്കി എടുത്തു… “ശ്ശോ…മാധവേട്ടാ…വിടന്നേ….ഈശ്വരാ…” വസുന്ധര അയാളുടെ കൈയിലിരുന്ന് കുതറുന്നുണ്ടെങ്കിലും മാധവൻ അതൊന്നും കാര്യമാക്കിയില്ല… “ഏട്ടാ….മോൾ നിക്കുന്നുണ്ടേ….താഴെ ഇറക്കൂ ന്നേ…” വസുന്ധര ശ്രീയെ കണ്ട് അയാളോട് ആവുന്നത് കേണെങ്കിലും കേട്ട ഭാവം നടിച്ചില്ല… “അച്ഛാ…അമ്മയെ താഴെ ഇറക്കല്ലേ…നല്ല ചേലുണ്ട് കാണാൻ…” ശ്രീ അവരുടെ കളികളെല്ലാം ആസ്വദിക്കുകയായിരുന്നു…

മാധവൻ വസുന്ധരയെ ശ്രീയുടെ അരികിൽ കൊണ്ട് നിർത്തി.. “ദേ അച്ഛാ…അമ്മക്ക് നാൺ വന്നൂ….” ചമ്മി നിൽക്കുന്ന വസുന്ധരയെ കളിയാക്കിയതും അവർ നാണിച്ച് മാധവന്റെ നെഞ്ചിലേക്ക്മുഖം പൊത്തി വെച്ചു… “ഞാനും….” കുറുമ്പോടെ മാധവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്ന് ശ്രീയും നിന്നു… അയാൾ അവർ രണ്ടാളെയും രണ്ട് കൈകൾ കൊണ്ടും പൊതിഞ്ഞ് നെഞ്ചോടടുക്കി പിടിച്ചു… ***** രാത്രി ഒരുപാട് സമയം വൈകിയാണ് സാം വീട്ടിലെത്തിയത്… വന്ന് കിടന്നെങ്കിലും ശ്രീയെ കുറിച്ചോർത്ത് ഉറക്കം വരാതെ രാവിലെ ആവുന്നത് വരെ കഴിച്ച് കൂട്ടി… ഇടക്ക് അന്നമ്മയുടെ ഫോണിൽ നിന്ന് റെക്കോർഡ് ചെയ്ത ശ്രീയുടെ കോളിൽ അവൾ പാടിയ പാട്ടും കേട്ടു…

ശ്രീയെ വിളിക്കാതെ പിടിച്ച് നിൽക്കാൻ ആവില്ലെന്ന് ഉറപ്പായപ്പോഴാണ് ഫോൺ എടുത്ത് ശ്രീയെ വിളിച്ചത്… ആകാംക്ഷ നിറഞ്ഞ അവളുടെ സ്വരം കേട്ട് കുസൃതിയോടെ ഫോൺ കട്ട് ചെയ്ത് തലയണയെ ഇറുകെ കെട്ടി പിടിച്ച് കിടന്നു… എന്നിട്ടും ഉറക്കം വരുന്നില്ലെന്ന് കണ്ട സാം ബെഡിൽ നിന്ന് എഴുന്നേറ്റ് നേരെ അന്നമ്മയുടെ റൂമിലേക്ക് പോയി… വിശാലമായ ബെഡിന്റെ ഒത്ത നടുക്ക് കമിഴ്ന്ന് കിടന്നാണ് അന്നമ്മ ഉറങ്ങുന്നത്… ഒരു കൈ കൊണ്ട് തലയണ കെട്ടി പിടിച്ച് അതിന് മുകളിലേക്ക് തല വെച്ചിട്ടുണ്ട്… അവളുടെ കിടത്തം കണ്ട് സാം അന്നമ്മ കെട്ടി പിടിച്ചിരുന്ന തലയണ ഒരൊറ്റ വലിക്ക് കൈക്കലാക്കി…

അന്നമ്മ ഉറക്കിൽ നിന്ന് ഞെട്ടി കണ്ണുകൾ തുറന്നയും തന്റെ തലയണയും പിടിച്ച് പല്ല് മുഴുവൻ കാണിച്ച് ഇളിക്കുന്ന സാമിനെ കണ്ട് തുറിച്ച് നോക്കി… “എന്നതാ ഇച്ചേ…?” കണ്ണ് തിരുമ്മിക്കൊണ്ട് അന്നമ്മ സാമിന് നേരെ നോക്കി… “ഇച്ചേടെ കൊച്ച് ഉറങ്ങുവായിരുന്നോ….?” നിശ്കളങ്കമായുള്ള സാമിന്റെ ചോദ്യം കേട്ട് അന്നമ്മയുടെ റിലേ അടിച്ച് പോയി…. “അല്ല സിനിമാറ്റിക് ഡാൻസ് കളിക്കുവാ…ഒരു കമ്പനിക്ക് കൂടുന്നോ…?” പല്ലിറുമ്പിക്കൊണ്ടുള്ള അന്നമ്മയുടെ ചോദ്യം കേട്ടില്ലെന്ന് നടിച്ച് സാം അവളുടെ അടുത്തായി വന്ന് കിടന്നു… അന്നമ്മ നീങ്ങി അവന്റെ നെഞ്ചിലേക്ക് തല വെച്ചതും സാം അവളെ രണ്ടു കൈകൾ കൊണ്ടും ചേർത്തണച്ചു…

“അന്നമ്മോ….” “എന്തോ…?” “ഞാൻ നിന്റെ ദച്ചൂനെ വിളിച്ചു…” “ഏഹ്…യെപ്പോ..?” അന്നമ്മ കണ്ണ് തുറിച്ച് സാമിനെ നോക്കി… “ഇന്നലെ നൈറ്റ്…പിന്നെ ഒരു പത്തിരുപത് മിനിട്ട് മുന്നേയും…” സാമിന്റെ മറുപടി കേട്ട് മിഴിച്ച് നോക്കുന്ന അന്നമ്മയുടെ തലയിൽ ചിരിയോടെ അവൻ ഒന്ന് കൊട്ടി… “ആഹ്…ഒന്ന് തെളിച്ച് പറ ഇച്ചേ…എനിക്കൊന്നും മനസ്സിലാവുന്നില്ല…” അന്നമ്മ കെറുവോടെ തല തടവിക്കൊണ്ട് സാമിന് നേരെ നോക്കി… അവൻ ഇന്നലെ രാത്രിക്ക് ശേഷമുള്ള കാര്യങ്ങൾ ഓരോന്നായി അന്നമ്മക്ക് പറഞ്ഞ് കൊടുത്തു… “എന്റീശോയേ…എന്റെ ഇച്ച കള്ള കാമുകനായ കാര്യം ഞാൻ അറിഞ്ഞില്ലല്ലോ…”

അന്നമ്മ സാമിന്റെ താടിയിൽ പിടിച്ച് വലിച്ചതും അവനൊരു കള്ളച്ചിരിയോടെ അവളെ നോക്കി കണ്ണിറുക്കി… “കൊള്ളാം…പക്ഷേ ഈ അജ്ഞാത കാമുകനായിട്ട് നിന്നാ മതിയോ…അവളോട് നേരിട്ട് ഇഷ്ടം പറയണ്ടേ…?” “വേണം…നാളെ ഇങ്ങ് വരില്ലേ അവൾ…ആദ്യം എന്നെ കാണുമ്പോഴുള്ള അകൽച്ച അതൊന്ന് മാറ്റണം…എന്നിട്ട് പയ്യെ പറയാം…” “മതി…അത് മതി…i’m always with you ഇച്ചേ….” “I know കുഞ്ഞൂസേ…” സാം അവളെ പുണർന്ന് നെറ്റിയിൽ മൃദവായി ചുംബിച്ചു…. ഓരോന്ന് സംസാരിച്ച് ആ കിടപ്പിൽ രണ്ട് പേരും ഉറങ്ങാൻ തുടങ്ങി… “റീനാമ്മോ….”

മാത്യൂ പത്രം വായന കഴിഞ്ഞിട്ടും സാം എഴുന്നേറ്റിട്ടില്ലെന്ന് അറിഞ്ഞ് അയാൾ റീനയെ ഉറക്കെ വിളിച്ചു.. “എന്നതാ ഇച്ചായാ…?” കിച്ചണിൽ നിന്നും ഹാളിലേക്ക് വന്ന റീന മാത്യൂവിനെ കണ്ട് ചോദിച്ചു… “എടിയേ…സാം എണീറ്റില്ലായോ…?” “ഇല്ലെന്നാ തോന്നുന്നത്…എന്നതാന്നേ…?” “മൂന്നാറിലേക്കൊന്ന് പോവാൻ ആയിരുന്നെടീ…ഇന്ന് തന്നെ വരണമെന്ന് പറഞ്ഞ് അവറാച്ചൻ ഇപ്പോ വിളിച്ച് വെച്ചതേ ഉള്ളൂ…” “എന്നാ ഞാൻ ചെന്ന് വിളിച്ചേച്ചും വരാം…ഇന്ന് തിരിച്ച് വരില്ലേ…?” “ഉറപ്പില്ല എടീ…നാളെ കാലത്താവും മിക്കവാറും എത്താൻ പറ്റുക…നീ എന്റെ ഷർട്ട് തേച്ച് വെക്ക്…ഞാൻ ചെന്ന് അവനെ വിളിക്കാം…”

റീന റൂമിലേക്ക് പോയതും മാത്യൂ സ്റ്റെയർ കയറി മുകളിലേക്ക് പോയി… സാമിന്റെ റൂമിൽ അവനെ കാണാഞ്ഞത് കൊണ്ട് അയാൾ നേരെ അന്നമ്മയുടെ റൂമിലേക്ക് പോയി നോക്കി… വിചാരിച്ചത് പോലെ തന്നെ രണ്ടാളും നല്ല ഉറക്കിലാണ്… വാതിൽ പടിയിൽ ചാരി നിന്ന് കൊണ്ട് അയാൾ അവരെ ഇരുവരെയും പുഞ്ചിരിയോടെ നോക്കി നിന്നു… അൽപ സമയത്തിന് ശേഷം തോളിലൊരു കൈ വന്ന് പതിച്ചപ്പോഴാണ് മാത്യൂ തിരിഞ്ഞ് നോക്കിയത്… “എന്നതാ ഇച്ചായാ…?” റീന ആണെന്ന് കണ്ടതും അയാൾ കണ്ണ് കൊണ്ട് റൂമിലേക്ക് നോക്കാനായി പറഞ്ഞു…

സാമിന്റെ നെഞ്ചിൽ പൂച്ചക്കുഞ്ഞിനെ പോലെ പതിഞ്ഞ് കിടന്നുറങ്ങുന്ന അന്നമ്മയെ നോക്കി റീന ചിരിയോടെ മാത്യൂവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു… “വിളിക്കണ്ട….കുറച്ച് കൂടെ ഉറങ്ങിക്കോട്ടേ…സമയം വൈകിയിട്ടില്ല…” സാമിനെ വിളിക്കാൻ പോയ റീനയെ തടഞ്ഞ് കൊണ്ട് മാത്യൂ പറഞ്ഞു…. ഇരുവരും താഴേക്ക് പോയി കുറച്ച് സമയം കഴിഞ്ഞതും സാം ഉണർന്നിരുന്നു… “അന്നമ്മോ….എണീക്കെടീ….” “മ്ഹും….” അന്നമ്മയെ ഉണർത്താൻ ശ്രമിച്ചെങ്കിലും അവൾ എഴുന്നേൽക്കാതെ ഒന്ന് കൂടെ ചുരുണ്ട് കൂടി കിടന്നു… സാം അവളെ പയ്യെ നെഞ്ചിൽ നിന്ന് നീക്കി കിടത്തി റൂമിലേക്ക് ചെന്ന് ഫ്രഷ് ആയി തിരിച്ച് വന്നപ്പോഴും പുള്ളിക്കാരി നല്ല ഉറക്കിലാണ്…

അവളുടെ കിടപ്പ് കണ്ട് മനസ്സിൽ എന്തൊക്കെയോ കണക്ക് കൂട്ടി വാഷ് റൂമിലേക്ക് പോയി ബൗളിൽ വെള്ളവുമായി വന്നു… ഒന്നും നോക്കിയില്ല അവളുടെ മുഖത്തേക്ക് ഒരൊറ്റ ഒഴിക്കലായിരുന്നു…. “ഇച്ചേ…ഓടിക്കോ…വെള്ളപ്പൊക്കം….” മുഖത്തേക്ക് വെള്ളം പതിച്ചതും ചാടി എഴുന്നേറ്റ അന്നമ്മയെ കണ്ട് സാം പൊട്ടി ചിരിച്ചു… എന്താ നടന്നതെന്ന് മനസ്സിലാവാൻ അവൾ ഒരു നിമിഷം വേണ്ടി വന്നു… “ടാ ദുഷ്ടാ….കൊല്ലൂടാ നിന്നെ…” അലറിക്കൊണ്ട് അവന് നേരെ പാഞ്ഞടുത്ത അന്നമ്മയെ കണ്ട് സാം ജീവനും കൊണ്ടോടി… “കൊല്ലാൻ ഞാൻ നിന്ന് തരുവാണല്ലോ…പോടീ പുല്ലേ…”

വല്യ ഡയലോഗ് അടിച്ചെങ്കിലും അവളെ പേടിച്ചിട്ടാണ് സാം നിൽക്കാതെ ഓടുന്നത്…. രണ്ടാളുടെയും ബഹളം കേട്ട് അമ്മച്ചിയും റീനയും മാത്യൂവും ഹാളിലേക്ക് ചെന്നു… റീനയും മാത്യൂവും പരസ്പരം നോക്കി താടിക്ക് കൈ കൊടുത്ത് നിന്നു… നേരത്തെ ഈച്ചയും ഷർക്കരയും പോലെ ഒട്ടി ഇരുന്നവരാണ് ഇപ്പോ കൊല്ലും എന്ന് പറഞ്ഞ് ഓടുന്നത്… അവരുടെ ഓട്ടം കണ്ട് മാത്യൂവിന് ചിരി പൊട്ടി… “മര്യാദക്ക് അവിടെ നിന്നോ….” “നിക്കൂലേൽ നീ എന്ത് ചെയ്യും ടീ….” “ആഹ്…കാണിച്ച് തരാടാ തെണ്ടീ….” ഓടി ഓടി പുലിക്കാട്ടിലെ മുറ്റത്ത് കൂടെയാണ് രണ്ടാളും റൗണ്ട് ചുറ്റുന്നത്..

അന്നമ്മയുടെ ദേഷ്യം അപ്പോഴേക്കും അതിന്റെ എക്സ്ട്രീം ലെവലിൽ എത്തിയിരുന്നു…. സാമിന് നേർക്കുള്ള ആയുധമാക്കാൻ പറ്റിയ എന്തെങ്കിലും അവിടെ ഉണ്ടോ എന്ന് കണ്ണ് കൊണ്ട് തിരഞ്ഞ് ഒടുവിൽ മുറ്റത്ത് ഒരു സൈഡിലായുള്ള ചളിയിലേക്ക് വന്ന് നിന്നത്… ചാടി തുള്ളി രണ്ട് കൈയിലും ചളി വാരി എടുത്ത് സാമിന് നേരെ തിരിഞ്ഞു… “അന്നമ്മോ…ഡോണ്ടു….ഡോണ്ടു….” “ഇല്ലടാ മരപ്പട്ടീ….നിന്നെ ഞാനിന്ന് ചളിയിൽ ഫേഷ്യൽ ചെയ്ത് തരാം….” “ഇച്ചേടെ പൊന്നേ…ഞാൻ ഒരുവട്ടം കുളിച്ചതാണ്…ഇനിയും ഒന്ന് കൂടെ താങ്ങില്ല….പ്ലീസ് എറിയല്ലേ ടീ….” സാം കെഞ്ചി പറഞ്ഞെങ്കിലും അന്നമ്മ കേൾക്കാതെ അവന് നേരെ എറിയാൻ ഓങ്ങി….

തിരിഞ്ഞ് ഓടിയെങ്കിലും ആദ്യത്തേത് കറക്ടായി സാമിന്റെ പുറത്ത് ലാൻഡ് ചെയ്തിരുന്നു… ഇനിയും ഏറ് കൊള്ളുമെന്ന് അറിയാവുന്നത് കൊണ്ട് സാം ജെറ്റ് വിട്ടത് പോലെ വീടിന്റെ മുൻവശത്തേക്ക് ഓടി… പിന്നാലെ അന്നമ്മയും… ഇതൊന്നും അറിയാതെ പുലിക്കാട്ടിലെ പോർച്ചിലേക്ക് ബുള്ളറ്റ് പാർക്ക് ചെയ്ത് വീടിനകത്തേക്ക് കയറാൻ ഒരുങ്ങുകയൃയിരുന്നു അലക്സ്…. “അളിയാ രക്ഷിക്കെടാ….” അലക്സിന് നേരെ ഓടിവന്ന് സാം അവന്റെ പിന്നിലായി ഒളിച്ച് നിന്നു… പിന്നാലെ വന്ന അന്നമ്മ സാം ഒന്ന് സ്ലോ ആക്കിയതറിഞ്ഞ് മറു കൈയിലെ ചളി എറിഞ്ഞതും കൃത്യമായി അലക്സിന്റെ മുഖത്തേക്ക് വന്ന് വീണു..

“ഹല്ലേലൂയാ സ്തോത്രം…..” അലക്സിനെ പ്രതീക്ഷിക്കാതെ മുന്നിൽ കണ്ട ഷോക്കിൽ അന്നമ്മ വാ തുറന്ന് നിൽപ്പായിരുന്നു…. “ചളി കൊണ്ട് ഫേഷ്യൽ….പറഞ്ഞത് പോലെ തന്നെ ചെയ്ത് കളഞ്ഞല്ലോ ടീ….” സാം അലക്സിന്റെ പിന്നിൽ നിന്ന് അന്നമ്മയെ നോക്കി ചുണ്ട് ചുളുക്കി…. “യൂ ടൂ ബ്രൂട്ടസീ….” ഇനിയും നിന്നാൽ അന്നമ്മയും അലക്സും തന്നെ അരച്ച് കലക്കി കുടിക്കും എന്ന് അറിയാവുന്നത് കൊണ്ട് സാം പയ്യെ അവിടെ നിന്ന് എക്സേകപ്പ് ആയി… ഇടത് കൈ കൊണ്ട് മുഖത്ത് വീണ ചളി മുഴുവൻ താഴേക്ക് നീക്കി… “ടീ…..” അലർച്ചയോടെ ഉള്ള അലക്സിന്റെ ശബ്ദം അന്നമ്മയെ പേടിപ്പിച്ചു…അവന്റെ വാക്കിലത്രയും ദേഷ്യം നിറഞ്ഞിരുന്നു…

“അന്നമ്മോ….എസ്കേപ്പ്….” അന്നമ്മ പതിയെ പറഞ്ഞ് കൊണ്ട് തിരിഞ്ഞ് ഒരൊറ്റ ഓട്ടം വെച്ച് കൊടുത്തു… “നിക്കെടീ അവിടെ….” പിന്നാലെ അലക്സും…നേരത്തെ സാമിന് പിന്നാലെയുള്ള മരണ പാച്ചിൽ കാരണം അന്നമ്മ നന്നേ കിതക്കുന്നുണ്ടായിരുന്നു…അത് കൊണ്ട് ഈ പ്രാവശ്യം വേഗത്തിൽ ഓടാൻ കഴിഞ്ഞില്ല… അത് കൊണ്ട് പിന്നാലെ വന്ന അലക്സിന് പുഷ്പം പോലെ അവളെ പിടിക്കാൻ പറ്റി…. അന്നമ്മയുടെ ഇടുപ്പിലായി ഇടത് കൈകൊണ്ട് അനായാസം പൊക്കി എടുത്തു… അവന്റെ ചളിയായ കൈ അന്നമ്മയുടെ വൈറ്റ് ടോപ്പിനുള്ളിലൂടെ അനാവൃതമായ ആലില വയറിലായിരുന്നു പിടിത്തമിട്ടത്…

സാഹചര്യം മറ്റൊന്നായത് കൊണ്ട് രണ്ടാളും അത് ശ്രദ്ധിച്ചിരുന്നില്ല… “ഇച്ചായാ…പ്ലീസ്…ഞാൻ അറിയാതെ ചെയ്തതാ…..” അന്നമ്മ അവന്റെ പിടിയിൽ നിന്ന് കുതറുന്നുണ്ടെങ്കിലും അവനതൊന്നും ഏശുന്നുണ്ടായില്ല… അവളെയും കൊണ്ട് വീടിന്റെ സൈഡിലേക്കായി മാറി നിന്ന് ചുമരിലേക്ക് ചേർത്ത് നിർത്തി… അലക്സിന്റെ ദേഹത്ത് നിന്ന് ചളി സ്മെൽ ചെയ്തതും അന്നമ്മ മുഖം ചുളുക്കി… അത് കൂടെ കണ്ടതും മറ്റൊന്നും ഓർക്കാതെ അവൻ അവളുടെ മുഖത്തേക്കായി അവന്റെ മുഖം ചേർത്ത് വെച്ചു… കവിളുകളിലും നെറ്റിയിലും കഴുത്തിലും മുഖമിട്ട് ഉരസി അവന്റെ മേൽ പറ്റിയ ചളിയെ അന്നമ്മയുടെ മുഖത്തേക്ക് തേച്ച് കൊടുത്തു… അലക്സിന്റെ നീക്കത്തിൽ അന്നമ്മ ഷോക്കടിച്ച് ചത്ത കാക്കയെ പോലെ ആയി….

വിജയഭാവത്തോടെ മുഖം ഉയർത്തി നോക്കിയ അലക്സ് കണ്ണ് തള്ളി തന്നെ നോക്കുന്ന അന്നമ്മയെ കണ്ട് ഒരു നിമിഷം നിശ്ചലനായി… അവന്റെ കണ്ണുകൾ ഇടതടവില്ലാതെ അവളുടെ മുഖത്താകമാനം ഒഴുകി നടന്നു… കണ്ണുകളിലും മൂക്കിൻ തുമ്പിലും ഒടുവിൽ വിറക്കുന്ന അവളുടെ അധരങ്ങളിലായി അവ എത്തി നിന്നതും അന്നമ്മയിൽ ഒരു പിടച്ചിൽ ഉണ്ടായി… അലക്സ് പോലുമറിയാതെ അവന്റെ മുഖം അന്നമ്മയിലേക്ക് നീണ്ടു… അവളുടെ അധരങ്ങളിലേക്കെത്താൻ ഒരിഞ്ച് വ്യത്യാസത്തിൽ നിന്നതും അന്നമ്മയുടെ ചൂണ്ടുവിരൽ അതിന് തടസ്സമായി വന്ന് നിന്നു..

അപ്പോഴാണ് താൻ എന്താണ് ചെയ്യാൻ വന്നതെന്ന് അലക്സിന് ബോധ്യമായത്…. അവൻ വേഗം അവളിൽ നിന്ന് വിട്ട് മാറി….അന്നമ്മ അലക്സിനെ ഒന്ന് നോക്കി വീട്ടിലേക്ക് കയറി പോയി…. “അന്നമ്മോ…എന്നതാടീ നിന്റെ മുഖത്ത്…?” ഹാളിൽ ആരെയും കാണാത്തത് കൊണ്ട് സ്റ്റെയർ കയറിയപ്പോഴാണ് സാം ഡ്രസ് മാറി ഇറങ്ങിയത്… സാമിനെ നോക്കി അന്നമ്മ വിതുമ്പി കരഞ്ഞതും അവൻ ആകുലതയോടെ അവളുടെ അടുത്തേക്ക് വന്നു.. “എന്നതാ ടാ…എന്നാ പറ്റി..കുഞ്ഞൂസേ…?” അവളുടെ കരച്ചിൽ കണ്ട് താടിയിൽ പിടിച്ച് ഉയർത്തിയതും അന്നമ്മ കൈയിലുണ്ടായിരുന്ന ചളി അവന്റെ മുഖത്തും ദേഹത്തും തേച്ചു… “ഇപ്പോ സെയിം സെയിം….പോട്ടേ ഇച്ചേ….”

സെറ്റ് ചെയ്ത് വെച്ച മുടിയിൽ പിടിച്ച് വലിച്ച് അന്നമ്മ ഓടി റൂമിലേക്ക് കയറി… “പകരം വീട്ടിയതാ അല്ലേ ടീ കുട്ടി പിശാശേ…കർത്താവേ ഇനിയും കുളിക്കണമല്ലോ…” അന്നമ്മ ലോക്ക് ചെയ്ത ഡോറിൽ ചവിട്ടിക്കൊണ്ട് നെടുവീർപ്പോടെ സാം റൂമിലേക്ക് കയറി… അന്നമ്മ വാഷ് റൂമിലേക്ക് ചെന്ന് അവിടെയുള്ള വാനിറ്റി മിററിലേക്ക് നോട്ടമെറിഞ്ഞ് നിന്നു… തന്റെ മുഖത്തും കഴുത്തിലും പറ്റി പിടിച്ച ചളിയിലേക്ക് കണ്ണുകൾ പതിഞ്ഞതും അവളുടെ മുഖത്ത് നാണം വിരിഞ്ഞു… അവളുടെ വയറിലായി പതിഞ്ഞ അവന്റെ വിരൽ പാടുകളിൽ പ്രണയത്തോടെ തലോടി…. *****

രാവിലെ തന്നെ തിരിക്ക് പിടിച്ച പണികളിലായിരുന്നു സുമ… മേഘ ഫ്രിഡ്ജിൽ നിന്ന് വെള്ളമെടുക്കാൻ വന്നപ്പോഴാണ് ഉത്സാഹത്തോടെ ഓരോ ജോലികളിൽ ഏർപ്പെടുന്ന സുമയെ കണ്ടത്… എന്താണെന്ന് അറിയാൻ എത്തി നോക്കിയ അവൾ മൊരിച്ചെടുത്ത എണ്ണ പലഹാരങ്ങൾ കണ്ട് മുഖം ചുളിച്ചു… “ആഹ്…എന്താ മോളേ…?” എന്തോ ആവശ്യത്തിന് വേണ്ടി തിരിഞ്ഞ സുമ പിന്നിൽ വന്ന് നിൽക്കുന്ന മേഘയെ കണ്ട് സ്നേഹത്തോടെ ചോദിച്ചു… “നത്തിങ്…എന്താ ഇപ്പോ ഒരു സ്നാക്സ് ഒക്കെ ഉണ്ടാക്കുന്നത്..?” ആദ്യമായിട്ടാണ് മേഘ അവരോട് സൗമ്യമായി സംസാരിക്കുന്നത്… “അതോ….ശ്രീക്കുട്ടിക്കാ…

അവൾക്ക് ഇതൊക്കെ നല്ല ഇഷ്ടമാണ്…” “ശ്രീക്കുട്ടീ….ആ ശ്രീദുർഗ ആണോ…?അവൾ കോട്ടയത്ത് അല്ലേ…?” “ആ അത് തന്നെ…മോള് നാട്ടിൽ ഉണ്ട്…രണ്ട് ദിവസം ക്ലാസ് ഇല്ലല്ലോ…ഇന്നലെ വൈകീട്ട് ഇങ്ങോട്ടും വന്നിരുന്നു…” “എപ്പോ…എന്നിട്ട് ഞാൻ കണ്ടില്ല….” “മോള് റൂമിലായിരിക്കും…ഹരി കണ്ടിരുന്നല്ലോ…” സുമ പറഞ്ഞത് കേട്ട് മേഘയുടെ മുഖം ചുളിഞ്ഞു..ശ്രീ വന്നതൊന്നും അവൻ അവളോട് പറഞ്ഞിരുന്നില്ല… അവരുടെ കല്യാണത്തിന് ഹരി ശ്രീയെ മേഘക്ക് കാണിച്ച് കൊടുത്തിരുന്നു… അന്നേ അവളുടെ സൗന്ദര്യം മേഘക്ക് ഒരുതരം അസൂയ ഉണ്ടാക്കിയതാണ്… “ഓഹ്…അവൾ ഹരിയുമായി പണ്ട് കല്യാണം ഉറപ്പിച്ച പെണ്ണല്ലേ…

പിന്നെയും എന്തിനാ ഇടക്കിടെ ഇങ്ങോട്ട് വലിഞ്ഞ് കയറി വരുന്നത്…?” മേഘയുടെ സ്വരത്തിലെ പുച്ഛം സുമക്ക് ഒട്ടും ഇഷ്ടമായില്ല… “അതിന് ശ്രീക്കുട്ടി എന്നെ കാണാനല്ലേ വരുന്നത്….” “ആർക്കറിയാം…ഈ സ്വത്തുക്കളും ഹരിയും കൈയിലായി എന്ന് വിചാരിച്ചപ്പോഴല്ലേ ഹരിക്ക് അവളെ വേണ്ടാ എന്ന് പറഞ്ഞത്…ഇപ്പോഴും അതൊക്കെ കിട്ടാൻ എന്തെങ്കിലും സ്കോപ്പ് ഉണ്ടോ എന്നറിയാനാവും ഉളുപ്പില്ലാതെ ഇടക്ക് കയറി ഇറങ്ങുന്നത്…” “അനാവശ്യം പറയരുത് മേഘമോളേ….” സുമയുടെ മനസ്സിൽ ശ്രീയെ കുറിച്ച് അനാവശ്യം പറഞ്ഞ് പരത്തിയാൽ വിശ്വസിച്ചേക്കുമെന്ന് കരുതി മേഘ ഒന്നു കൂടെ ഉത്സാഹത്തിൽ പറഞ്ഞു…

“അനാവശ്യമോ…ഉള്ളതല്ലേ…തള്ളയും തന്തയും കൂടെ ഹരിയെ കിട്ടാൻ വേണ്ടി മോളേ ഇറക്കിയതാവും…വിളഞ്ഞ വിത്തല്ലേ…സ്വത്തുക്കളൊക്കെ കിട്ടാൻ എന്ത് കൊള്ളരുതായ്മയും ചെയ്യുന്ന കൂട്ടങ്ങളാവും… ഇപ്പോ തന്നെ ആരുടെയൊക്കെ കൂടെ നിരങ്ങിയിട്ടുണ്ടാവും എന്ന് ആർക്കറിയാം…” പറഞ്ഞ് തീർന്നതും മേഘയുടെ കവിളിൽ ശക്തിയായി ആരുടെയോ കൈകൾ പതിഞ്ഞിരുന്നു……..തുടരും

നിനക്കായ് : ഭാഗം 37

Share this story