ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 30

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 30

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

അപ്പൂപ്പനുമായി തിരികെയെത്തിയ ആ രാത്രി അപ്പോൾ തന്നെ നവി കാറുമെടുത്ത് ഇറങ്ങുന്നത് കണ്ടു ചന്ദ്രശേഖർ അമ്പരന്നു… “ഡാ നവി… നീയിതെവിടെക്കാ ഈ പാതിരാത്രിയിൽ…. “അയാൾ അവന്റെ പുറകെ കാർ പോർച്ചിലേക്കിറങ്ങി… “അത്യാവശ്യമുണ്ട് അച്ഛാ.. പോയിട്ട് വന്നിട്ട് പറയാം… ” പിന്നെ ചന്ദ്രശേഖർ ഒന്നും ചോദിക്കാൻ നിന്നില്ല… നവി പായുകയായിരുന്നു തിരുമുല്ലക്കാവ് ലക്ഷ്യമാക്കി… അവൻ തകർന്നു പോയിരുന്നു… ഗൗരിയുടെ മുഖം ഓർക്കും തോറും നെഞ്ചിലെ വിങ്ങൽ കൂടി കൂടി വന്നു… ……എങ്കിലും അമ്മ മരിച്ചപ്പോൾ പോലും അവളൊന്നു വിളിച്ചില്ലല്ലോ… അറിയിച്ചില്ലല്ലോ…..

അത്രമേൽ അന്യനായി പോയോ താനവൾക്ക്…. ആ ഓർമ അവനെ നീറ്റി… തിരുമുല്ലക്കാവിൽ എത്തിയപ്പോൾ നേരം വെളുക്കാറായിരുന്നു … താനാദ്യമായി ഇവിടേക്ക് വന്നതും ഇതുപോലെ ഒരു തണുത്ത വെളുപ്പാൻ കാലത്തായിരുന്നല്ലോ എന്ന് നവി ഓർത്തു… ദിവാകരേട്ടന്റെ ചായക്കട എത്തിയതും കാൽ യാന്ത്രികമായി ബ്രെക്കിലമർന്നു… കാറിൽ നിന്നിറങ്ങി കടയ്ക്കുള്ളിലേക്ക് തല കുനിച്ചു കൊണ്ട് കയറി…

അവനെ കണ്ടതും ദിവാകരേട്ടൻ ഓടി അടുത്തേക്ക് വന്നു… “ഡോക്ടറോ.. ഇവിടുന്നു പോയീന്നൊക്കെ പറഞ്ഞു കേട്ടു… വീണ്ടും വന്നോ…മരണത്തിനു കണ്ടില്ലല്ലോ വാര്യത്തെ ശ്രീദേവിയുടെ…?? വരുമെന്ന് കരുതി.. “” “ഇല്ല ദിവാകരേട്ടാ… തിരിച്ചു ജോലിക്ക് വന്നതല്ല…

ഒരു കാര്യം അന്വേഷിക്കാൻ വന്നതാ…അന്ന് പെട്ടെന്നാണ് പോകേണ്ടി വന്നത്.. അതുകൊണ്ട് പോകുന്ന കാര്യം വന്നു പറയാനുള്ള സാവകാശം കിട്ടിയില്ല… ക്ഷമിക്കണം കേട്ടോ… ” “ഏയ്.. സാരല്യ… തിരക്കായത് കൊണ്ടല്ലേ..”ദിവാകരേട്ടൻ നനഞ്ഞ കൈ തോളിൽ കിടന്ന തോർത്തിൽ തുടച്ചു കൊണ്ട് പറഞ്ഞു… “ഏട്ടനൊന്നു വന്നേ… ഒരു കാര്യം പറയാനുണ്ട്… “അങ്ങനെ പറഞ്ഞു കൊണ്ട് നവി പുറത്തേക്കിറങ്ങി… ദിവാകരേട്ടൻ പുറകെയും… “വാര്യത്തെ ദേവകി മുത്തശ്ശിയും ഗൗരിയും എങ്ങടെക്കാ പോയെ ദിവാകരേട്ടാ… അറിയോ… “? “ഒരറിവും ഇല്ല ഡോക്ടറേ… പറഞ്ഞു വരുമ്പോൾ കണ്ടത് ഞാൻ മാത്രമാ… നിക്കൊട്ടത് മനസിലായും ഇല്യ… ഒരു സന്ധ്യക്ക്‌… ഇരുട്ട് വീണു… അതും കഴിഞ്ഞാ.. കട അടക്കണ നേരം…

ഒരു കാറിൽ ഗൗരൂട്ടിയെ പോലെ ഒരു പെൺകുട്ടി… അത് അവരാരുന്നു ന്നു തോന്നണു…. നന്നായി കണ്ടില്ല്യ… ഇവിടൊന്നും കണ്ടിട്ടില്ല അമ്മാതിരി കാർ… ഇവിടുത്തുകാരുടെ ഒന്നുമല്ലാന്ന് തോന്നുന്നു… ” പിന്നെ എന്ത് ചോദിച്ചിട്ടും ദിവാകരേട്ടന് അറിയില്ലാരുന്നു… നവി നിരാശനായി… ചായ കുടിക്കാൻ ദിവാകരേട്ടൻ നിർബന്ധിച്ചിട്ടും കുടിക്കാതെ അവൻ രവിയേട്ടന്റെ വീട്ടിലേക്കു പോയി… നവിയെ കണ്ടതും രാധികേച്ചി കരഞ്ഞു… ഗൗരി പറഞ്ഞ ചില കാര്യങ്ങൾ ഉള്ളിലിരുന്നു വിങ്ങിയെങ്കിലും ഗൗരി കണ്മുന്നിൽ നിന്നും നഷ്ടപ്പെട്ടു പോയ നവിയോട് അത് പറയുന്നതിൽ പ്രസക്തിയില്ലെന്നു രാധികേച്ചിക്ക് തോന്നി… ഗൗരിക്ക് കൊടുത്ത വാക്കും ഒരുവേള അവരോർത്തു പോയി…

കൂടുതൽ വിവരങ്ങളൊന്നും നവിക്ക് അവിടെ നിന്നും കിട്ടീയില്ല… അവിടുന്ന് തിരികെ വരും വഴി അവൻ വാര്യത്തേക്ക് കയറി… ഉണങ്ങിയ ഇലകൾ വീണു അടിച്ചു വാരാതെയും മറ്റും കിടക്കുന്ന മുറ്റം… വടക്കേപ്പുറത്തെ ഇളംതിണ്ണയിൽ പോലും കരിയിലകൾ… വീശിയടിക്കുന്ന കാറ്റിനു പഴയ ചെമ്പകപ്പൂവിന്റെ വാസനയില്ലെന്നു നവിക്ക് തോന്നി… ഏതോ ശ്മശാനത്തിൽ നിൽക്കുന്ന ശവം നാറി പൂക്കളുടെ ഗന്ധം പോലെ… ഉള്ളിൽ നിന്നും വേദനയോടൊപ്പം കിനിഞ്ഞിറങ്ങുന്നത് രക്തം തന്നെയാണെന്ന് അവൻ മനസിലാക്കി… അവളുടെ പാദസ്പർശം പൂണ്ട മണൽ തരികളോട് പോലും അവന് പരിഭവം തോന്നി.. “””””

എന്തിനെന്നെ ഇങ്ങനെ വേദനിപ്പിക്കുന്നു നീ… എന്തിനായിരുന്നു ഈ ഒളിച്ചോട്ടം…. അതും എന്നിൽ നിന്നും…. എന്നും കൂടെയുണ്ടാകുമെന്ന് വാക്ക് തന്നിട്ട്…ഇടയിൽ വെച്ചു വേണ്ടെന്നു വെച്ചിട്ട് നീ പോയില്ലേ… എങ്ങനെ തോന്നി നിനക്കത്… “””””” ഒരായിരം വാക്കുകൾ ലക്ഷ്യം തെറ്റി അവന്റെ തൊണ്ടക്കുഴിയിൽ വന്നു കിടന്നു പിടഞ്ഞിട്ട് അടർന്നു വീണു….. പ്രണയത്തിന്റെ മുദ്രയായ എഴുത്തുപുരയുടെ മുന്നിലെ ചെമ്പകമരത്തിൽ ചുറ്റിപ്പിടിച്ചു നിന്നു നവി…നിറഞ്ഞു തുളുമ്പിയ കണ്ണുകൾക്കും പൊട്ടിയടർന്ന ഗദ്ഗദങ്ങൾക്കും നെഞ്ചിന്റെ വിങ്ങൽ ചൂട് അകറ്റാൻ കഴിഞ്ഞില്ല.. ഉള്ളിലെ തേങ്ങൽ ഗതി തെറ്റി വന്നൊരു കാറ്റേറ്റ് വാങ്ങി കൽക്കണ്ടകുന്നു കയറി… എത്ര നേരം അങ്ങനെ നിന്നു എന്ന് പോലും നവിക്ക് ഓർമ വന്നില്ല…

എപ്പോഴോ യാന്ത്രികമായി വന്നു കാറിൽ കയറി… സ്‌റ്റിയറിങ്ങിൽ തല ചായ്ച്ചു വെച്ചു വീണ്ടുമിരുന്നു മണിക്കൂറുകളോളം പിന്നീടും…. എപ്പോഴോ കരഞ്ഞു വീർത്തു പോള വിങ്ങിയ കണ്ണുകൾ വലിച്ച് തുറന്നപ്പോൾ സൂര്യൻ ഉച്ചിയിലെത്തി കരിവയിൽ പാകിയിരുന്നു എമ്പാടും… ഇത്ര നേരവും മുറുക്കി പിടിച്ചിരുന്ന കയ്യ് വിടർത്തി അവൻ… കൈവെള്ളയിൽ ഞെരിഞ്ഞമർന്ന രണ്ട് ചെമ്പകമലരുകൾ അവനെ നോക്കി ഒരു തളർന്ന ചിരി ചിരിച്ചു… ………………………🌷🌷 പുതിയ ജീവിതവുമായി ഗൗരി പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു …. രാവിലെ ഏഴ് മണിക്കാണ് അമൃത വർഷിണിയിൽ നൃത്തം പഠിപ്പിക്കാൻ എത്തേണ്ടത്… ഒൻപതു മണിയോടെ തിരികെ പോരാം… രണ്ടായിരത്തിനു മേലെ കുട്ടികൾ പഠിക്കുന്ന വലിയ നൃത്ത പഠന കേന്ദ്രമാണ്… പ്രസിദ്ധരായ പല നർത്തകരും പഠിച്ചിറങ്ങിയ ഇടമാണ്…

അവരിൽ പലരും സമയം കിട്ടുമ്പോഴൊക്കെ വരാറും ഉണ്ട്… അങ്ങനെയുള്ള ചിലരുമോക്കെയായി പരിചയപ്പെടാനും സാധിച്ചു ഗൗരിക്ക്… നല്ലൊരു വരുമാന മാർഗവുമായിരുന്നു അത്.. അവിടെ നിന്നും വന്നാൽ ആയുർവേദ ക്ലാസ്സിൽ പോകും അവൾ… അത് നാല് മണിവരെയാണ്… വീട്ടിൽ വന്നിട്ട് വീണ്ടും അഞ്ചു മണിക്ക് നൃത്ത ക്ലാസ് എടുക്കാൻ പോകും… ശാരദാമ്മ ഉണ്ടായിരുന്നത് കൊണ്ട് മുത്തശ്ശിക്ക് ബോറടി ഒന്നുമില്ലായിരുന്നു… സംസാരിക്കാൻ കൂട്ടായി… മുത്തശ്ശി പഴയതു പോലെ ഉഷാറായി…. പഠനവും പഠിപ്പിക്കലുമായി ഗൗരിയും തിരക്കിലായി… എങ്കിലും ചില ഇടനേരങ്ങളിൽ വിരുന്നിനെത്തുന്ന നവിയുടെ മുഖം അവളെ വേദനയുടെ തീചൂളയിൽ നിർത്തിയെരിയിക്കുന്നുണ്ടായിരുന്നു..

ദിവസങ്ങൾ മാസങ്ങളായും പിന്നീടത് ഇല പൊഴിയും പോൽ വർഷങ്ങളായും പൊഴിഞ്ഞു……. രണ്ട് വർഷങ്ങൾ തെന്നി നീങ്ങി….ഗൗരി കോഴ്സ് കഴിഞ്ഞ് അടുത്തൊരു ആയുർവേദ ഗവ:ആശുപത്രിയിൽ താൾക്കാലികമായി ജോലിക്ക് കയറി… ആര്യന്റെ ശുപാർശ പ്രകാരം കിട്ടിയതാണ്… നൃത്ത പഠന കേന്ദ്രത്തിൽ പഠിപ്പിക്കാൻ അപ്പോഴും അവൾ പോകുന്നുണ്ടായിരുന്നു…ജീവിതം സ്വച്ച്ചമായി ഒഴുകി തുടങ്ങി… ഇതിനിടയിൽ രണ്ട് തവണ ആര്യന്റെ കൂട്ടുകാരനും കുടുംബവും നാട്ടിൽ വന്നു… അവർ വന്നതറിഞ്ഞു അവരെ കാണാനായി എത്തിയതാണ് ആര്യനും നിരഞ്ചനയും… സംസാരിക്കുന്നതിനിടയിൽ ആര്യന്റെ കൂട്ടുകാരൻ ഗൗരിക്ക് ഒരു കല്യാണാലോചന എടുത്തിട്ടു…

ഗൗരിയും മുത്തശ്ശിയും നിരഞ്ചനയുടെ ബന്ധുക്കളാണ് എന്നാണ് അവരോടു പറഞ്ഞിരിക്കുന്നത്… ആര്യന്റെ കൂട്ടുകാരന്റെ കൂടെ ജോലി ചെയ്യുന്ന ഒരു തൃശൂർക്കാരന് വേണ്ടിയാണ് ഗൗരിയെ ആലോചിച്ചത്… അയാളും നാട്ടിൽ ലീവിനെത്തിയിട്ടുണ്ട്… ഗൗരിക്ക് സമ്മതമെങ്കിൽ ഒരു പെണ്ണ് കാണൽ അറേൻജ് ചെയ്യാം എന്ന് ആര്യന്റെ കൂട്ടുകാരൻ പറയുന്നത് കേട്ട് നിരഞ്ജന ഗൗരിയുടെ മുഖത്തേക്ക് നോക്കി… എന്തോ കേട്ട് ഭയന്നിട്ടെന്ന പോലെ ഗൗരിയുടെ മുഖം വിവർണ്ണമായി പോയി … അവളുടെ മിഴികളിലെ പിടച്ചിൽ നിരഞ്ചനയും കണ്ടു.. മറ്റെന്തോ പറഞ്ഞു വിഷയം മാറ്റി നിരഞ്ജന ആര്യനെ നോക്കി കണ്ണടച്ച് കാണിച്ചു… വീണുകിട്ടിയ ആ നിമിഷത്തിൽ ഓടിയൊളിക്കാൻ എന്ന വണ്ണം ഗൗരി വേഗം മുറിയിലേക്ക് പോയി….

കൂട്ടുകാർക്കിടയിലെ ഒച്ചപ്പാടിനും ചിരിക്കും ഇടയിൽ ഫോൺ റിങ് ചെയ്യുന്നത് കേട്ട് ആരാണെന്ന് പോലും നോക്കാതെ ആര്യനോട് ഇപ്പോൾ വരാമെന്നു പറഞ്ഞുകൊണ്ട് നിരഞ്ജന കോൾ ബട്ടനിൽ വിരലമർത്തി കൊണ്ട് പുറത്തേക്ക് നടന്നു… “ഹലോ” എന്ന അവളുടെ ശബ്ദത്തിന് മറുശബ്ദമായി “നിരഞ്ചനാ… “എന്ന് വിളിച്ച ആ ശബ്ദം ഏതുറക്കത്തിലും അവൾക്ക് തിരിച്ചറിയാൻ കഴിയുന്ന ശബ്ദമായിരുന്നു… ഒരു പിടച്ചിൽ വന്നു കണ്ഠത്തിൽ കുടുങ്ങി നിൽക്കുന്നതവൾ അറിഞ്ഞു… രണ്ട് വർഷത്തോളമായി വിളിച്ചിട്ട്… മനഃപൂർവമാണ് അങ്ങോട്ട് വിളിക്കാത്തത്… ഒരു വലിയ സത്യം അവനിൽ നിന്നും മറച്ചു വെക്കുന്നതിന്റെ കുറ്റബോധം… ഒന്ന് രണ്ട് തവണ ഇങ്ങോട്ട് വിളിച്ചു അവനും നിർത്തിയിരുന്നു വിളിയും സൗഹൃദവും…

“നവി.. എ ഗ്രേറ്റ് സർപ്രയ്‌സ്… പറയൂ… “അവൾ സ്വരത്തിൽ സന്തോഷം കലർത്തി അവനോടു ചോദിച്ചു… “ഡാ… നെക്സ്റ്റ് വീക്ക്‌ അതായത് ഫോർത്തിനു പാലാഴി ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ഇനോഗുറേഷൻ ആണ്.. ഫുൾ വിംഗ് കംപ്ലീറ്റ് ആയിട്ടില്ല… എങ്കിലും അലോപ്പതി കംപ്ലീറ്റഡ് ആണ്.. അതാണിപ്പോൾ നടത്തുന്നത്.. മറ്റേതൊക്കെ കുറച്ച് മാസങ്ങൾ കൂടി പിടിക്കുമായിരിക്കും… നീയും ആര്യനും തീർച്ചയായും വരണം… എന്റെ ഭാഗത്ത് നിന്നും നിങ്ങൾ രണ്ട് പേരും അച്ഛമ്മയും മാത്രമേ ഉള്ളൂ…

ബാക്കിയൊക്കെ ഇവിടെയുള്ളവരുടെ പത്രാസ് പോലൊക്കെ..” “വരില്ലേ… “???? “വരും നവി.. ഷോർ.. “അങ്ങനെയാണ് നിരഞ്ജനയുടെ വായിൽ നിന്നും വാക്കുകൾ വീണത്… “വൊക്കെ.. ബൈ ദെൻ .. ” നവി ഫോൺ വെച്ചു… ആ ഫോൺ കോളിനും അപ്പുറത്ത്.. ഒരു കൈപ്പാടകലെ തന്റെ പ്രാണൻ ഉണ്ടെന്ന സത്യമറിയാതെ….. ❣. SORRY🙏🙏 കാത്തിരിക്കുമല്ലോ…. ദിവ്യ…..

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 29

Share this story