പാദസരം : ഭാഗം 17

പാദസരം : ഭാഗം 17

എഴുത്തുകാരി: അനില സനൽ അനുരാധ

ഉറക്കം വരാതെ ഹരി തിരിഞ്ഞും മറിഞ്ഞും കിടന്നു… റോയ് പോയതിനു ശേഷം വീണ്ടും അന്നയുമൊത്തുള്ള ഓർമ്മകൾ പൂർവ്വാധികം ശക്തിയോടെ മനസ്സിൽ നിറയുന്നത് അവനെ ഒരേ സമയം വേദനിപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്നു… പതിയെ കൈ കുത്തി എഴുന്നേറ്റിരുന്നു… വയറിലൂടെ ഒരു വേദന മെല്ലെ കടന്നു പോയി. റൂമിൽ ലൈറ്റ് തെളിഞ്ഞു… “നീ ഇതുവരെ ഉറങ്ങിയില്ലേ? ” “ഉറക്കം വരുന്നില്ല ഏട്ടാ… ” മനു ഹരിയെ ഒരു തലയിണ വെച്ചു അതിലേക്കു ചാരി ഇരുത്തി. “എന്താ പ്രശ്നം? ” “അന്ന… എന്നോട് ഉണ്ടായിരുന്ന ഒരു സ്നേഹത്തിന്റെ പേരിൽ ഇപ്പോഴും അവൾ വീട്ടുകാരുമായി മനസ്സു കൊണ്ടു അകന്ന് കഴിയുകയാണ്… അതിനുള്ള ദേഷ്യം കൂടിയാണ് സണ്ണി ഇപ്പോൾ എന്നോട് കാട്ടിയത്… ”

“അത്രയ്ക്കും ഇഷ്ടമായിരുന്നോ അവൾക്കു നിന്നെ? ” “അവൾക്ക് എന്നെ ജീവനായിരുന്നു ഏട്ടാ… എനിക്ക് അവളും… അവളെ നഷ്ടപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റാത്തത് കൊണ്ടാണ് അവളെ എങ്ങനെയെങ്കിലും വിളിച്ച് ഇറക്കി കൊണ്ടു വരാൻ പോയത്… പക്ഷേ അന്നത്തോടെ എല്ലാം അവസാനിച്ചു. ഇപ്പോൾ അവൾക്ക് ഒരു കുടുംബമുണ്ട്… ജീവിതമുണ്ട്… എന്നിട്ടും അവൾ എന്താ ഇങ്ങനെ. അവൾ അനുഭവിച്ച വേദന റോയി അനുഭവിച്ച് അറിയണം എന്ന ചിന്ത കൊണ്ടാണ് അവൾ റോയിയുടെയും ചാരുവിന്റെയും വിവാഹത്തിന് എതിരു നിൽക്കുന്നത്… ” “നമുക്ക് അതിനു എന്തു ചെയ്യാൻ കഴിയും? ”

“ഞാൻ അവളോട് സംസാരിക്കും ഏട്ടാ… എല്ലാവരോടും ക്ഷമിക്കാൻ പറയും. എന്നെ മറന്ന് എല്ലാവരോടും സ്നേഹത്തോടെ പെരുമാറാൻ പറയും… അപ്പോൾ തന്നെ സണ്ണിയും അവളും തമ്മിലുള്ള അകൽച്ച മാറും. അന്നയും സണ്ണിയും റോയിയും ഒരുമിച്ച് നിന്നാൽ ചാരുവിനും റോയിക്കും രണ്ടു വീട്ടുകാരുടെ സമ്മതത്തോടു കൂടി വിവാഹം കഴിക്കാം. സണ്ണി കൂടെ നിന്നില്ലെങ്കിൽ പപ്പ തനിച്ചു റോയിയെ എതിർത്തു നിൽക്കില്ല… ” “അവളെ കാണാൻ എന്നാണ് പോകുന്നത്? ” “അവൾ വരും… നമ്മുടെ വീട്ടിലേക്ക് റോയ് കൊണ്ടു വരും… ” “അതു വേണോ. ദേവൂ… അവൾക്ക് അറിയുമോ ഇതെല്ലാം. ” “അറിയാം… ”

“എന്നിട്ടാണോ അന്നയെ വീട്ടിലേക്ക് കൊണ്ടു വരുന്നത്. നിന്റെ ഏട്ടത്തി എങ്ങാനുമാണ് ദേവുവിന്റെ സ്ഥാനത്ത് എങ്കിൽ നമ്മുടെ വീട്ടിൽ ഒരു ഭൂകമ്പം തന്നെ നടക്കും… ” “അവൾക്ക് എന്നെ മനസ്സിലാകും ഏട്ടാ… എല്ലാവരുടെയും അനുഗ്രഹത്തോടെ ചാരുവിന്റെ വിവാഹം നടന്നാൽ അവളും ഒരുപാട് സന്തോഷിക്കും. എനിക്ക് ഉറപ്പുണ്ട്.” “സന്തോഷിക്കുമായിരിക്കും. ഇല്ലെന്ന് പറയുന്നില്ല. പക്ഷേ നീ അധികം ഇനി അന്നയുമായി സംസാരിക്കാതെ ഇരിക്കുന്നതാകും നല്ലതെന്നാ എനിക്ക് തോന്നുന്നത്.” “ഞാൻ അന്നയോട് സംസാരിക്കുന്നതിൽ യാതൊരു തെറ്റും ഇല്ലെന്ന് ദേവു പറഞ്ഞിട്ടുണ്ട്…” “അങ്ങനെ പറഞ്ഞോ? ” “പറഞ്ഞു…

റോയിയുടെ അനിയത്തി ചാരുവിന്റെ അനിയത്തി കൂടി അല്ലേ… അങ്ങനെ ഒരു ബന്ധം ഉണ്ടാകുമ്പോൾ നമ്മൾ അന്നയെ ഇനിയും കാണും സംസാരിക്കേണ്ടി വരും അപ്പോൾ സംസാരിക്കാതെ ഇരിക്കേണ്ട കാര്യം ഇല്ലെന്നും പറഞ്ഞു… ” “റോയിയുടെ അനിയത്തിയോട് എന്ന നിലയിൽ നിങ്ങൾ സംസാരിക്കുന്നതു കണ്ടാൽ അവൾ ഒന്നും പറഞ്ഞെന്നു വരില്ല. പക്ഷേ പഴയ കാമുകന്റെ സ്ഥാനത്തു നിന്ന് ഉപദേശിക്കാൻ പോയാൽ ഇതു പ്രശ്നമാകും… ” “അങ്ങനെ ഒന്നും ഉണ്ടാകില്ല. അച്ഛൻ നാളെ വരുമ്പോൾ ദേവുവിനെ കൊണ്ടു വരാൻ പറയുമോ?” “നീ തന്നെയല്ലേ അവളുടെ കോലം കണ്ടിട്ട് ദേഷ്യവും സങ്കടവും ഒക്കെ വന്നെന്നു പറഞ്ഞത്.

ഇനി വീട്ടിൽ എത്തിയിട്ട് അവളെ കണ്ടാൽ മതി…” “ഇതെന്തൊരു കഷ്ടമാണ്. അവൾ വയ്യാതെ വീഴാൻ പോകുന്നത് കണ്ടതാ… പിന്നെ ഒന്നു കാണാൻ പോലും പറ്റിയില്ല. ഫോൺ വിളിച്ചാൽ അവൾ നേരെ ചൊവ്വേ ഒന്നും പറയുന്നുമില്ല… “. “നീ കാരണം അല്ലേ അവളു വീണത്. അത് കൊണ്ട് ഇനി ഡിസ്ചാർജ് ചെയ്തു വീട്ടിൽ എത്തുമ്പോൾ കണ്ടാൽ മതി… ” “ഞാൻ കാരണമോ? അവൾ ഒന്നും നേരത്തിനു കഴിച്ചു കാണില്ല. എന്നിട്ട് എന്നെ കുറ്റമാക്കുന്നോ? ” “കുറ്റമാക്കും… പിന്നെ നീ മുൻപ് അവളെ അകറ്റി നിർത്തി കുറേ വേദനിപ്പിച്ചതല്ലേ അതു കൊണ്ടു കുറച്ചു ദിവസം ഈ അകൽച്ച കൂടി അങ്ങ് സഹിച്ചോളൂ…”

“ഈ ലൈറ്റ് ഒന്നു ഓഫ്‌ ആക്കുമോ. എനിക്ക് ഉറങ്ങണം… ” മനു അവനെ കിടത്താനായി പിടിക്കാൻ ചെന്നതും ഹരി കൈ തട്ടി മാറ്റി. “ഞാൻ തനിയെ കിടന്നോളാം… ” “അങ്ങനെ ഇപ്പോൾ തനിയെ കിടക്കണ്ട… ” മനു അവനെ പിടിച്ചു പതിയെ കിടത്തി. *** അമ്മയെ കെട്ടിപ്പിടിച്ച് ദേവു കിടന്നു… “നാളെ തൊട്ട് ഞാൻ എവിടെ കിടക്കും? ” ദേവുവിന്റെ മുടിയിഴകളിൽ പതിയെ തലോടി അമ്മ തിരക്കി. “അമ്മ ഇവിടെ കിടന്നോ? ” “അപ്പോൾ നാളെ എന്റെ മോൻ വരുമ്പോൾ എവിടെ കിടക്കും? ” “അച്ഛന്റെ അടുത്ത് കിടന്നോട്ടെ… ” “ഉം… ഇപ്പോൾ ഇതൊക്കെ പറയും. അവൻ വരുമ്പോൾ നീ തന്നെ എന്നെ പിടിച്ചു പുറത്താക്കും… ”

“ഞാൻ അങ്ങനെ ചെയ്യോ അമ്മേ? ” അവൾ പരിഭവത്തോടെ തിരക്കി. “അമ്മ വെറുതെ പറഞ്ഞതല്ലേ… ” “നാളെ ഹരിയേട്ടൻ എപ്പോഴാ എത്തുക? ” “ചിലപ്പോൾ ഉച്ച ആകും. ഇന്ന് അവൻ വിളിച്ചപ്പോൾ ഒന്നും പറഞ്ഞില്ലേ? ” “ഇല്ല ഞാൻ കാണാൻ ചെല്ലാത്തതിന് പിണക്കത്തിലാ.” “അതു നാളെ കാണുമ്പോൾ അങ്ങു മാറിക്കോളും… നേരം ഒരുപാടായി ഉറങ്ങിക്കോ…” അവൾ അമ്മയുടെ വയറിൽ ചുറ്റിപ്പിടിച്ചു കണ്ണടച്ചു കിടന്നു. *** രാവിലെ ചാരു വന്നു മുഖത്തു വെള്ളം തെളിച്ചപ്പോഴാണ് ദേവു ഉണർന്നത്. “ഇതെന്താ ചാരു കാണിച്ചേ?” “അതേയ് ഉറങ്ങിയത് മതി. എഴുന്നേൽക്കാൻ നോക്ക്.” “എനിക്ക് ഒരു സുഖം തോന്നുന്നില്ല ചാരു…”

“മനുവേട്ടൻ വിളിച്ചിരുന്നു. ഉച്ച ആകുമ്പോഴേക്കും അവർ എത്തും എന്ന് പറഞ്ഞു. ” “അതെയോ… ” എന്നു ചോദിച്ചു കൊണ്ട് പുഞ്ചിരിയോടെ ദേവു പതിയെ എഴുന്നേറ്റിരുന്നു. “ഹരിയേട്ടനോട്‌ ഗുഡ് ന്യൂസ്‌ എങ്ങനെ പറയും എന്നൊക്കെ പ്ലാൻ ചെയ്തോ. ” “ഇല്ല… ” “എന്റെ ഊഹം ശരിയാണെങ്കിൽ ഹരിയേട്ടന്റെ പിണക്കം ആദ്യം മാറ്റേണ്ടി വരും. ആളു കുറച്ചു ദേഷ്യത്തിൽ ആണെന്നാ മനുവേട്ടൻ പറഞ്ഞത്.” “പിണക്കം ഞാൻ മാറ്റിക്കോളാം… ” “എന്നാലേ നീ ഫ്രഷ്‌ ആയിട്ട് വാ… ഇന്ന് എല്ലാവരും ഇങ്ങോട്ട് വരുന്നുണ്ടെന്നു അമ്മായി പറഞ്ഞു. ഞാൻ അടുക്കളയിൽ പോയി ഒന്നു സഹായിക്കാൻ കൂടട്ടെ. പറ്റിയാൽ മനുവേട്ടന്റെ കാര്യം പറഞ്ഞു നിഷചേച്ചിയെ ഒന്നു ചൂടാക്കുകയും ചെയ്യാം. ” ***

നികേഷും ഹരിതയും വന്നു കുറച്ചു കഴിഞ്ഞപ്പോൾ ജയരാജൻ ശോഭയേയും ശാന്തിയേയും കൂട്ടി വന്നു. ശാന്തി അപ്പച്ചിയെ ദേവു ആദ്യമായി കാണുകയായിരുന്നു. അപ്പച്ചിയുടെ ഭർത്താവ് ശിവദാസൻ അധ്യാപകനായിരുന്നു. ഇപ്പോൾ റിട്ടയറായി കുറച്ചു കൃഷിയൊക്കെ നോക്കി നടത്തുന്നു. അവർക്ക് രണ്ടു മക്കളാണ്. മൂത്തമോൾ സാന്ദ്ര ഭർത്താവിന്റെ കൂടെ മലേഷ്യയിലാണ്. അവർക്കു ഒരു മോനുണ്ട് സായന്ത്. അപ്പച്ചിയുടെ രണ്ടാമത്തെ മോൻ സൗരവ് അഡ്വക്കേറ്റ് ആണ്. “ചേച്ചി ഇതാണ് നമ്മുടെ ദേവു… ” ശോഭ ദേവുവിനെ ചേച്ചിക്ക് പരിചയപ്പെടുത്തി കൊടുത്തു.

“രാമേട്ടന്റെ മോൾ അല്ലേ… പാറുചേച്ചിയെ പോലെ തന്നെയുണ്ട്…” “അമ്മയെ കണ്ടിട്ടുണ്ടോ അപ്പച്ചി? ” ദേവു തിരക്കി. “രണ്ടു പ്രാവശ്യം കണ്ടിട്ടുണ്ട്… ” ദേവു നിറ മിഴികളാൽ പുഞ്ചിരിച്ചു… “അമ്മയെ പോലെ തന്നെയുണ്ട് മോള്…” അവളുടെ കവിളിൽ തലോടി അപ്പച്ചി പറഞ്ഞു. അപ്പച്ചി അവളെ അടുത്ത് ഇരുത്തി… “ചേച്ചിയെ കണ്ടപ്പോൾ എന്നെ വേണ്ടല്ലേ? ” ശോഭ ദേവുവിനോട് തിരക്കി. “അപ്പോൾ എന്നെ ആർക്കും വേണ്ടാത്തതോ? ” ഹരിത പരിഭവത്തോടെ തിരക്കി. മുറ്റത്തു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു… എല്ലാവരും എഴുന്നേറ്റു ഉമ്മറത്തേക്ക് നടന്നു. കൂടെ ദേവുവും. ഗിരിയുടെ തോളിലൂടെ കൈയ്യിട്ടു കൊണ്ടു ഹരി പതിയെ ഇറങ്ങി.

കാലിൽ ഫ്രാക്ച്ചറുള്ള കാരണം നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. മനു വന്നു ഹരിയെ പിടിച്ചു. “ആഹാ! എല്ലാവരും ഉണ്ടല്ലോ? ” ഉമ്മറത്തേക്ക് നോക്കി മനു പറഞ്ഞു. ഹരി എല്ലാവരെയും ഒന്നു നോക്കി. ദേവു നോക്കുന്നുണ്ടെന്ന് കണ്ടതും അവൻ മുഖം തിരിച്ചു. സ്റ്റെപ് പതിയെ കയറി… അകത്തു സോഫയിൽ ഹരിയെ ഇരുത്തി. ഗിരി ഒരു കസേരയിലേക്ക് അവന്റെ കാൽ എടുത്തു വെച്ചു. ഹരിത അവന്റെ അടുത്തു വന്നിരുന്നു. പതിയെ തോളിൽ മുഖം ചേർത്തു വെച്ചു. “എന്തിനാ ഹരിയേട്ടാ വെറുതെ ആവശ്യമില്ലാത്ത ഓരോന്നിനു പോയത്? ” അവൾ സങ്കടത്തോടെ തിരക്കി. “എനിക്ക് ഒന്നുമില്ലെടീ…”

അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് അവൻ പറഞ്ഞു. ദേവു അവന്റെ അടുത്തേക്ക് വരുന്നതു കണ്ടതും അവൻ അവളെ നോക്കാതെ അപ്പച്ചിമാരോടും അമ്മയോടുമെല്ലാം ഓരോ വിശേഷങ്ങൾ തിരക്കാൻ തുടങ്ങി. “എന്നാൽ ഞാൻ ഇറങ്ങട്ടെ ഹരീ. പോയിട്ട് കുറച്ചു തിരക്കുണ്ട്.” ഗിരി പറഞ്ഞു. “ഭക്ഷണം കഴിച്ചിട്ട് പോകാം ഗിരി. ” “അതു പിന്നെ ആകാം. ഞാൻ ദിവ്യയെയും കൂട്ടി വരാം.” “എന്നാൽ ഒരു ഗ്ലാസ് പായസം എടുക്കട്ടെ ഗിരിയേട്ടാ? ” ദേവു തിരക്കി. “ഇപ്പോൾ വേണ്ട… ” ദേവുവിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. “അല്ലെങ്കിൽ കുറച്ചു കുടിക്കാം. ഒരു അര ഗ്ലാസ്സ് എടുത്തോ? ” “ഞാൻ എടുക്കാം ദേവു… ”

എന്നു പറഞ്ഞു ചാരു അടുക്കളയിലേക്ക് പോയി. “ഇങ്ങനെ അധികം ഇരിക്കേണ്ട ഹരീ. കിടന്നാലോ? ” മനു തിരക്കി. ഹരി തലയാട്ടി. “താഴത്തെ മുറി ആയാലോ ഹരീ. സ്റ്റെപ് കയറുന്നത് ബുദ്ധിമുട്ട് ആകില്ലേ?” “മുകളിലെ മുറി മതി ഏട്ടാ.” “ഫുഡ്‌ കഴിച്ചിട്ട് മുറിയിൽ പോയാൽ മതിയോ?” “പന്ത്രണ്ടു മണി ആകുന്നല്ലേയുള്ളു. ഇപ്പോൾ വേണ്ട. പിന്നെ മുറിയിലേക്ക് കൊണ്ടു വന്നാൽ മതി.” പായസവുമായി ചാരു വരുമ്പോൾ ഗിരിയും മനുവും കൂടി ഹരിയെ മുകളിലെ മുറിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. ഗിരിയും മനുവും എന്തോ പറഞ്ഞു ചിരിച്ചു കൊണ്ടു താഴേക്കു ഇറങ്ങി വരുന്നുണ്ടായിരുന്നു.

“ദേവു… അവൻ പിണക്കത്തിലാ. വേഗം അവന്റെ അടുത്തേക്ക് പൊയ്ക്കോ. ” മനു പറഞ്ഞു. “ദേവൂ സ്റ്റെപ് ഒക്കെ കയറുമ്പോൾ സൂക്ഷിക്കണം. ഭക്ഷണം ഒക്കെ നേരത്തിനു കഴിക്കണം. പിന്നെ ഹരിയെ വാഷ്റൂമിൽ കൊണ്ട് പോകുമ്പോൾ തനിയെ താങ്ങാൻ ഒന്നും നിൽക്കരുത്… ബാഗിൽ ഒരു വോക്കിങ് സ്റ്റിക് ഉണ്ട്. ഹരി അതു പിടിച്ചോളും നീ പതിയെ ഒന്നു സപ്പോർട്ട് ചെയ്താൽ മതി…കേട്ടോ? ” അവൾ തലയാട്ടി. “ഇവിടെ ഞങ്ങൾ ഒക്കെയില്ലേ ഗിരി… പിന്നെ എന്തിനാ ഈ ടെൻഷൻ… ” “ഇവിടെ എല്ലാവരും ഉണ്ടെന്ന് അറിയാം. എന്നാലും എന്റെ ഒരു സമാധാനത്തിനു പറഞ്ഞെന്നേയുള്ളു. ”

ഗിരി പായസം കുടിക്കുമ്പോൾ ചാരു ദേവുവിന്റെ അടുത്ത് വന്നു നിന്നു. “ഇയാൾ എന്തിനാ നിന്നെ ഇങ്ങനെ ക്ലാസ്സ്‌ എടുക്കുന്നത്. നീ എന്താ കൊച്ചു കുട്ടിയാണോ? ” ചാരു ദേവുവിന്റെ കാതിൽ പതിയെ പറഞ്ഞു. ഗിരി പിന്നിലേക്ക് തിരിഞ്ഞു നോക്കിയതും ചാരു ഒന്നു ചിരിച്ചു കൊടുത്തു. “ഇനി അങ്ങേരു കേട്ടു കാണുമോ? ” ചാരു ദേവുവിനോട് തിരക്കി. “അതേയ് എനിക്ക് ചെവിക്കു ഒരു കുഴപ്പവും ഇല്ല. എന്റെ പുറകിൽ നിന്നു പറഞ്ഞാൽ കേൾക്കാതിരിക്കാൻ. പിന്നെ പാൽപ്പായസം സൂപ്പർ ആയിട്ടുണ്ട്.” ഗിരി എഴുന്നേൽക്കുമ്പോൾ ചാരുവിനോടായി പറഞ്ഞു. “ഞാൻ ഉണ്ടാക്കിയതാ.”

ചാരു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. ഗിരി പോയപ്പോൾ ദേവു ഹരിയുടെ അടുത്തേക്ക് നടന്നു. വാതിൽ ലോക്ക് ചെയ്യുന്ന ശബ്ദം കേട്ടപ്പോൾ ഹരി മുഖം ഉയർത്തി നോക്കി. പിന്നെ വീണ്ടും മുഖം തിരിച്ചു കിടന്നു. അവൾ അവന്റെ അരികിൽ വന്നിരുന്നു. നെറ്റിയിലെ മുറിവ് ഉണങ്ങിയ പാടിൽ പതിയെ വിരലോടിച്ചു. അവൻ ജനലിലൂടെ പുറത്തേക്കു നോക്കി കിടന്നു. അവൾ അവൻ പുതച്ചിരുന്ന പുതപ്പ് പതിയെ മാറ്റി. വയറിലെ മുറിപ്പാടിലേക്ക് ഒന്നേ നോക്കിയുള്ളു. ആ മുറിവ് തന്റെ ശരീരത്തിൽ ആണെന്നത് പോലെ അവൾക്ക് വേദനിച്ചു. അവൾ വേഗം കണ്ണുകൾ തുടച്ചു. “ഹരിയേട്ടാ… ”

അവന്റെ വലതു കൈ വിരലുകളിൽ വിരൽ കോർത്തു കൊണ്ടു അവൾ വിളിച്ചു. “എന്നെ കാണാനും ഞാൻ വിളിക്കുമ്പോൾ മിണ്ടാനും താല്പര്യം ഇല്ലാത്തവർ എന്റെ അടുത്ത് ഇരിക്കുന്നത് എനിക്ക് ഇഷ്ടമില്ല. സ്നേഹം ഒരാൾക്ക് മാത്രം തോന്നേണ്ടത് അല്ലല്ലോ. അല്ലെങ്കിലും എന്നെ ഇഷ്ടമായിട്ടൊന്നും അല്ലല്ലോ താലി കെട്ടാൻ കഴുത്ത് നീട്ടി തന്നത്. എനിക്ക് വേണ്ടി അല്ലല്ലോ അന്ന് അണിഞ്ഞു ഒരുങ്ങി നിന്നതും.” വാശി പിടിച്ചു ഓരോന്നു വിളിച്ചു പറയുന്ന ഒരു കുട്ടിയെയാണ്‌ ആ നിമിഷത്തിൽ ദേവു ഹരിയിൽ കണ്ടത്. “എനിക്ക് കാണാൻ ഇഷ്ടം ഇല്ലാതെയാണോ ഞാൻ വരാതിരുന്നത്. ഇവിടെ എല്ലാവരോടും എത്ര പറഞ്ഞെന്ന് അറിയുമോ എന്നെ കൊണ്ടു പോകാൻ…

അല്ലെങ്കിലും ഹരിയേട്ടനു ഇതുവരെ എന്നെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല…” ദേവു അവന്റെ മിഴികളിലേക്ക് നോക്കി പറഞ്ഞു. അവളുടെ മിഴികൾ പെയ്യാൻ വെമ്പി നിൽക്കുകയാണ്… അവനും അവളെ നോക്കി കിടന്നു. ഇരുവർക്കും ഇടയിൽ മൗനം നിറഞ്ഞു നിന്നു. അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പിയതും അവന്റെ വിരലുകൾ കൂടുതൽ ശക്തിയോടെ കൈകളിൽ അമരുന്നത് അവൾ അറിഞ്ഞു. “സോറി ദേവൂ… എനിക്ക് നിന്നെ വന്നു കാണാൻ പറ്റിയിരുന്നെങ്കിൽ എപ്പോഴേ ഞാൻ ഓടി വന്നേനെ. പക്ഷേ നിനക്ക് എന്നെ കാണാൻ വരാൻ പറ്റുമായിരുന്നില്ലേ. എന്നിട്ടും വന്നില്ല…

പിന്നെ എനിക്ക് എങ്ങനെ ദേഷ്യം വരാതിരിക്കും?” അവൾ ഒന്നും പറയാതെ അവന്റെ കോർത്തു പിടിച്ചിരുന്ന വിരലുകൾ വേർപ്പെടുത്തി. “നീ പോവണോ? ” അവൾ ഒന്നും പറയാതെ അവന്റെ അരികിൽ ആയി കിടന്നു. അതിനു ശേഷം അവന്റെ വലതു കൈ എടുത്ത് അവളുടെ വയറിന്മേല്‍ ചേർത്തു വെച്ചു… മുഖം ഉയർത്തി അവനെ നോക്കി. അവന്റെ മുഖത്തെ മാറിമറിയുന്ന ഭാവങ്ങൾ അവളുടെ മുഖത്തു പുഞ്ചിരിയായി പ്രതിഫലിച്ചു… “ദേവൂ… ” അവൻ സ്നേഹത്തോടെ നീട്ടി വിളിച്ചതും അവൾ അവന്റെ നെഞ്ചോരം മുഖം ചേർത്തു വെച്ചു. “ദേവൂ… എടി ഉണ്ടക്കണ്ണി…

ഇതെപ്പോൾ അറിഞ്ഞു? ” ആഹ്ലാദം നിറഞ്ഞ സ്വരത്താൽ അവൻ തിരക്കി. “അന്നു ഹോസ്പിറ്റലിൽ വെച്ച് തല ചുറ്റി വീണില്ലേ… അന്ന്… ” “എല്ലാവരും കൂടി എന്നെ പറ്റിച്ചതാണല്ലേ? ” അവൾ എഴുന്നേറ്റിരുന്നു. അവനും കൈ കുത്തി പതിയെ എഴുന്നേറ്റിരുന്നു. അവൾ തലയിണ എടുത്ത് വെച്ചു കൊടുത്തപ്പോൾ അവൻ അതിൽ ചാരി ഇരുന്നു. അവൻ പ്രണയം നിറഞ്ഞ മിഴികളാൽ അവളെ തന്നെ നോക്കി ഇരുന്നു… അവളുടെ കവിളുകൾ ചുവന്നു തുടുത്തു. അവൾ മിഴികൾ താഴ്ത്തി. “ഇവിടെ അടുത്ത് ഇരിക്കെടീ ഉണ്ടക്കണ്ണി… ” അവൾ അവന്റെ തൊട്ട് അരികിൽ അവനു അഭിമുഖമായി ഇരുന്നു.

“ദേവൂ… എനിക്ക് ഇപ്പോൾ നിന്നെ ഒന്നു എടുക്കാൻ തോന്നുന്നു. നിനക്ക് എന്തൊക്കെയോ വാങ്ങി തരാനും ഒക്കെ തോന്നുന്നുണ്ട്. എന്താ ചെയ്യാ… ശ്ശോ… അന്ന് റോയിയുടെ വീട്ടിൽ പോകണ്ടായിരുന്നു…” അവൻ അവളുടെ കൈ എടുത്തു നെഞ്ചോടു ചേർത്ത് വെച്ചു. പിന്നെ ചുംബിച്ചു. അവളുടെ നെറ്റിയിൽ ചുംബിക്കുമ്പോൾ സന്തോഷത്താൽ അവന്റെ മിഴികൾ നിറഞ്ഞിരുന്നു. അവളുടെയും… **

വാതിലിൽ തട്ടുന്ന ശബ്ദം കേട്ടപ്പോൾ ദേവു എഴുന്നേറ്റു. “ദേവൂ… ” ചാരുവിന്റെ വിളി കേൾക്കുന്നുണ്ടായിരുന്നു. ദേവു വാതിൽ തുറന്നു. ഹരിയേട്ടനുള്ള ഭക്ഷണവും പിടിച്ച് ചാരു നിൽക്കുന്നുണ്ടായിരുന്നു. ചാരു എല്ലാം കൊണ്ടു വന്നു മേശമേൽ വെച്ചു. “ഹരിയേട്ടനു ഭക്ഷണം കൊടുത്തിട്ട് താഴേക്കു വാ. എന്നിട്ട് എല്ലാവർക്കും കൂടി കഴിക്കാം.” “അവൾ എന്റെ കൂടെ കഴിച്ചോളും… ” ഹരി പറഞ്ഞു. “ഇതു പൊടിയരിക്കഞ്ഞിയാ… ഞങ്ങൾ ചോറുണ്ടോളാം.” ചാരു പറഞ്ഞു. “എന്നാലേ എനിക്കും ചോറ് മതി.” “കുറച്ചു ദിവസം കഞ്ഞി കൊടുത്താൽ മതിയെന്നാ മനുവേട്ടൻ പറഞ്ഞത്.” “എനിക്കും എന്നാ കഞ്ഞി മതി ചാരു. ഞാൻ ഹരിയേട്ടന്റെ കൂടെ കഴിച്ചോളാം.” “അതു വേണ്ട…

അവളു കുറച്ചു കഴിഞ്ഞു വരും.” ഹരി പറഞ്ഞു. “ഞങ്ങൾ ഒരുമിച്ച് പോയിക്കോളാം. ഹരിയേട്ടൻ കഞ്ഞി കുടിച്ചോ.” “നീ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകാതെ പോകാൻ നോക്ക് പെണ്ണെ.” “അയ്യടാ! ഫുഡ്‌ കഴിക്കുന്ന ടൈം ഞാൻ ഇവിടെ ഇരുന്നാൽ എന്താ കുഴപ്പം.” “ഞാൻ ഷർട്ട്‌ ഇട്ടിട്ടില്ല.” “ഓഹ്! നിങ്ങളെ ഷർട്ട്‌ ഇടാതെ കണ്ടാൽ എന്റെ കണ്ട്രോൾ പോകുമല്ലോ. ഒന്നു പോ ഹരിയേട്ടാ. ” “ഈ പെണ്ണിനെ കൊണ്ടു ശല്യം ആയല്ലോ… ” ഹരി തലയ്ക്ക് കയ്യും കൊടുത്തു കൊണ്ടു പറഞ്ഞു. ചാരുവിന്റെ മുഖത്തു നിറഞ്ഞു നിന്നിരുന്ന ചിരി മാഞ്ഞു. “സോറി. ദേവൂ ഞാൻ താഴെ ഉണ്ടാകും. നീ ഭക്ഷണം കൊടുത്തിട്ടു വാ… ”

എന്ന് പറഞ്ഞു ചാരു എഴുന്നേറ്റു. “ഹരിയേട്ടൻ തമാശ പറയുന്നതല്ലേ. നീ അതു കാര്യമായി എടുത്തോ? ” “ഏയ്‌… അതൊന്നും അല്ല.” എന്നും പറഞ്ഞ് അവൾ പുറത്തേക്കു നടന്നു. “എടി പൂച്ചക്കണ്ണി… ഇങ്ങോട്ട് വാ… ” ഹരി വിളിച്ചു. “ഞാൻ പോവാ…” “നീ ഇങ്ങോട്ടു വരുന്നുണ്ടോ അതോ ഞാൻ ഈ വയ്യാത്ത കാലും വെച്ചു എഴുന്നേറ്റു വരണോ? ” അവൾ അവന്റെ അടുത്തേക്ക് വന്നു. “അയ്യേ… അപ്പോഴേക്കും കണ്ണു നിറച്ചല്ലോ? ” “പിന്നെ സ്നേഹം കൊണ്ടു അടുത്തേക്ക് വരുമ്പോൾ ഇമ്മാതിരി വർത്താനം പറഞ്ഞാൽ ദേഷ്യം വരില്ലേ. മനുവേട്ടൻ ആയിരുന്നേൽ എന്നെ കൂടെ ഇരുത്തിയേനെ.” “ഇരുത്തിയത് തന്നെ.

നീ അടുത്ത് വന്നിരിക്കുന്നത് ഏട്ടത്തി കൂടി കാണണം. അവരുടെ രണ്ടാളുടെയും നടുക്കിൽ നിന്നെ പിടിച്ച് ഇരുത്തും.” ചാരു മുഖം വീർപ്പിച്ചു. ഹരി പതിയെ എഴുന്നേറ്റിരുന്നു. അവന്റെ മുഖം ചുളിയുന്നതു കണ്ടപ്പോൾ വേദനിക്കുന്നുണ്ടെന്ന് അവൾക്കു മനസിലായി. അവൾ തിരിഞ്ഞു നോക്കുമ്പോൾ ദേവു കണ്ണു തുടക്കുന്നുണ്ടായിരുന്നു. കഞ്ഞി എടുത്തു ഹരിയുടെ അടുത്ത് ദേവു വന്നിരുന്നപ്പോൾ ചാരു കസേരയിൽ പോയി ഇരുന്നു. ദേവു ശ്രദ്ധയോടെ അവനു കഞ്ഞി കൊടുക്കുന്നതും നോക്കി ചാരു ഇരുന്നു. “എടി നിന്റെ റോയിച്ചൻ ഇങ്ങോട്ട് എന്നാ വരുന്നത്. നിങ്ങളുടെ രജിസ്റ്റർ മാര്യേജിനു മുമ്പ് വരാൻ ഞാൻ പറഞ്ഞിരുന്നു.”

“അന്നയുമായിട്ട് വരുന്ന കാര്യമല്ലേ? ” ചാരു തിരക്കിയതും ദേവു ഹരിയുടെ നേർക്കു നീട്ടിയ കഞ്ഞി തുളുമ്പി അവന്റെ ദേഹത്തേക്ക് വീണു. “സോറി ഹരിയേട്ടാ… ” എന്ന് പറഞ്ഞ് അവൾ വേഗം അവന്റെ ദേഹത്തു വീണ കഞ്ഞി ടവ്വൽ കൊണ്ടു തുടച്ചു. “എന്താ ദേവൂ…” “ഒന്നൂല്യ ഹരിയേട്ടാ പെട്ടെന്ന് എന്തോ ഓർത്തു.” ദേവുവിന്റെ മുൻപിൽ വെച്ചു അന്നയുടെ പേര് പറയേണ്ടി ഇരുന്നില്ലെന്ന് ചാരുവിനു തോന്നി. കഞ്ഞി പകുതി കുടിച്ചപ്പോഴേക്കും ഹരി മതിയായി എന്നു പറഞ്ഞെങ്കിലും ദേവു നിർബന്ധിച്ച് കുറച്ചു കൂടി കുടിപ്പിച്ചു. അപ്പോഴേക്കും മനുവേട്ടൻ വന്നു. “എന്റെ ടാബ്ലറ്റ് എടുത്തു ടേബിളിൽ വെച്ചിട്ട് താഴേക്കു പൊയ്ക്കോ രണ്ടാളും.” ഹരി ദേവുവിനോടും ചാരുവിനോടുമായി പറഞ്ഞു.

അവരു പോയപ്പോൾ മനുവിന്റെ തോളിൽ പിടിച്ച് ഹരി ബാത്‌റൂമിൽ പോയി വന്നു. അതിനു ശേഷം ടാബ്ലറ്റ്സ് കഴിച്ചു. “ഹരീ ആദ്യത്തെ മൂന്നു മാസം ദേവുവിന് നല്ല ശ്രദ്ധ വേണം. തല്ക്കാലം നിങ്ങൾ താഴത്തെ റൂമിലേക്ക് മാറുന്നതാ നല്ലത്. അല്ലേൽ അവൾ എപ്പോഴും ഇങ്ങനെ കയറി ഇറങ്ങേണ്ടേ? ” “എന്നാൽ താഴേക്കു മാറാം. അവൾക്കു നല്ല ക്ഷീണമുണ്ട്.” “അവൾക്കു രാവിലെ നല്ല ഛർദി ഉണ്ടായിരുന്നെന്ന് നിഷ പറഞ്ഞു.” “എന്നിട്ട് അവൾ ഒന്നും പറഞ്ഞില്ലല്ലോ? ” “അതു ചിലപ്പോൾ രണ്ടു മൂന്ന് മാസം ഉണ്ടാകും. നിന്റെ ഏട്ടത്തിയ്ക്കും ഉണ്ടായിരുന്നു. പിന്നെ അവൾക്ക് ചെറിയ കാര്യങ്ങൾക്ക് വല്ലാത്ത ദേഷ്യവും വാശിയും ഒക്കെ ഉണ്ടായിരുന്നു.” “അത് ഇപ്പോഴും അങ്ങനെ ആണല്ലോ.”

“നീ എനിക്കിട്ട് പാര വെക്കാതെ ഇവിടെ കിടക്ക്. ഞാൻ പോയി ഭക്ഷണം കഴിക്കട്ടെ.” “ഉം… ഇന്നു തന്നെ റൂം മാറാം മനുവേട്ടാ. ഇതു മുൻപേ അറിഞ്ഞിരുന്നെങ്കിൽ… വെറുതെ കയറി…” “വെറുതെ ഒന്നുമായില്ല ഹരിക്കുട്ടാ… ഈ മുറിയ്ക്ക് നിങ്ങളെ പറ്റി പറയാൻ ഒരുപാട് കഥകൾ ഉണ്ടാകും. അതിൽ ഒന്നായി ഇന്നത്തെ ദിവസം നിറഞ്ഞു നിൽക്കും.” ഹരിയുടെ കവിളിൽ മെല്ലെ തട്ടി മനു പുറത്തേക്ക് നടന്നു. അത് സത്യമാണെന്ന് ഹരിയ്ക്കും തോന്നി. അവളെ ആദ്യമായി ഈ മുറിയിൽ കണ്ടതു മുതൽ തൊട്ട് മുൻപു വരെയുള്ള കാര്യങ്ങൾ മനസ്സിലൂടെ കടന്നു പോയി. ചാരു പായസവുമായി വരുമ്പോൾ ഹരി ബെഡിൽ ചാരി ഇരിക്കുന്നുണ്ടായിരുന്നു.

അവൾ വന്നതൊന്നും അവൻ അറിഞ്ഞിരുന്നില്ല. “സ്വപ്നം കണ്ടു കിടക്കാണോ? ” ചാരു തിരക്കി. “ഏയ്‌… ഞാൻ വെറുതെ ഓരോന്നു ഓർത്തു. നീ കുറച്ചു ദിവസം ഇവിടെ ഉണ്ടാകില്ലേ? ” “റോയിച്ചൻ വന്നു പോയിട്ട് എന്താ തീരുമാനം എന്ന് അറിഞ്ഞിട്ട് പോകാം എന്നാ വിചാരിക്കുന്നത്. വല്യമ്മ നാളെ പോകുമ്പോൾ അമ്മയും കൂടെ പോകും.” “നീ വിഷമിക്കാതെ. എന്തൊക്കെ ഉണ്ടായാലും ഈ വിവാഹം നടക്കും.” “അത് എല്ലാവരുടെയും അനുഗ്രഹത്തോടെ നടക്കണം എന്നുണ്ടായിരുന്നു. അല്ലെങ്കിൽ വിവാഹം കഴിഞ്ഞാലും സമാധാനത്തോടെ ഞങ്ങൾക്ക് ജീവിക്കാൻ പറ്റില്ല.

കുറച്ചു പായസം കുടിക്കു ഹരിയേട്ടാ…” “ഇപ്പോൾ വേണ്ട. നീ ആ മേശമേൽ വെച്ചോ. ദേവു എവിടെ? ” “അവിടെ അമ്മമാരുടെ കൂടെ ഇരിക്കുന്നുണ്ട്. അവൾ കൊണ്ടു വരാൻ നിന്നതാ. അമ്മായി സമ്മതിച്ചില്ല.” “അവൾ കഴിച്ചില്ലേ? ” “ഭക്ഷണം കഴിക്കാൻ മടിയാ. പിന്നെ അമ്മായി എങ്ങനെയെങ്കിലും കഴിപ്പിക്കും. പിന്നെ ഛർദിയാണ് കുഴപ്പം.” “ഉം…” “ഞാൻ പോകട്ടെ…. ” അവൻ തലയാട്ടി. രാത്രി ആകുമ്പോഴേക്കും താഴത്തെ മുറിയിലേക്ക് മാറി. രാത്രി ടാബ്ലറ്റ് കഴിച്ചു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഹരിയ്ക്ക് നന്നായി ഉറക്കം വന്നു തുടങ്ങിയിരുന്നു. ദേവുവിന്റെ വയറിൽ പതിയെ കൈ ചേർത്ത് വെച്ചു കിടന്നു.. അവന്റെ കയ്യിനു മുകളിൽ ആയി അവളും വലതു കരം ചേർത്തു വെച്ചു. ***

രാവിലെ ദേവു ഛർദിയ്ക്കുന്ന ശബ്ദം കേട്ടാണ് ഹരി ഉണർന്നത്. “ദേവൂ… ” അവൻ ഉറക്കെ വിളിച്ചു… പതിയെ എഴുന്നേറ്റു ഇരുന്നതും അവൾ ബാത്‌റൂമിന്റെ ഡോർ തുറന്ന് ഇറങ്ങി വന്നു. “എന്താ ഹരിയേട്ടാ? ” അവൾ ഉത്കണ്ഠയോടെ തിരക്കി. “എനിക്ക് ഒന്നുമില്ല. ഞാൻ നീ വൊമിറ്റ് ചെയ്യുന്ന ശബ്ദം കേട്ടപ്പോൾ വിളിച്ചതാ… ” “അത് ഇപ്പോൾ മിക്ക ദിവസവും രാവിലെ ഉള്ളതാ ഹരിയേട്ടാ. പേടിക്കാൻ ഒന്നുമില്ല.” എന്നു പറഞ്ഞ് അവന്റെ അരികിൽ വന്നിരുന്നു. *** രാവിലെ അച്ഛനും മനുവേട്ടനും ഓഫീസിൽ പോയി കുറച്ചു കഴിഞ്ഞപ്പോൾ അപ്പച്ചിമാരും പോകാൻ തയ്യാറായി. നികേഷ് അപ്പച്ചിമാരെ കൊണ്ടാക്കാമെന്ന് പറഞ്ഞു.

ഹരിതയെ കൊണ്ടു പോകാൻ രണ്ടു ദിവസം കഴിഞ്ഞു വരാം എന്ന് പറഞ്ഞു. ഹരിത അമ്മുക്കുട്ടിയുടെ മുടി കെട്ടി കൊടുക്കുന്നതും നോക്കി ദേവു ഇരുന്നു. ഫോൺ റിംഗ് ചെയ്യുന്നതു കേട്ടപ്പോൾ ചാരു ദേവുവിന്റെ അരികിൽ നിന്നും എഴുന്നേറ്റു പോയി. പിന്നെ ഇറങ്ങാൻ നേരം അപ്പച്ചി വിളിച്ചപ്പോഴാണ് അവൾ വന്നത്. അവർ പോയി കഴിഞ്ഞപ്പോൾ ഹരിതയും അമ്മുക്കുട്ടിയും കൂടി ഹരിയുടെ മുറിയിലേക്ക് പോയി. ചാരുവും ഏട്ടത്തിയും അടുക്കളയിൽ ആയിരുന്നു. ദേവു പച്ചക്കറിയൊക്കെ മുറിച്ചു കൊടുത്ത് കൊണ്ടു അടുക്കളയിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ ജ്യൂസ്‌ അടിക്കാൻ അടുക്കളയിലേക്ക് വന്നു.

“ഹരിയുടെ അടുത്ത് പോയി ഇരുന്നൂടെ ദേവൂട്ടി?” “അവിടെ ഹരിതയും അമ്മുക്കുട്ടിയും ഉണ്ടല്ലോ. എല്ലാവരും അവിടെ പോയി ഇരിക്കണോ? ” ചാരു തിരക്കി. “ഞാൻ അവൻ അവിടെ തനിച്ചു ഇരിക്കുകയാകും എന്നു കരുതി പറഞ്ഞതാ ചാരു.” “ഞാൻ പറഞ്ഞെന്നേയുള്ളു അമ്മായി.” ദേവുവിന് ഇപ്പോൾ ജ്യൂസ്‌ വേണ്ടെന്നു പറഞ്ഞപ്പോൾ ഹരിതയ്ക്കും ഹരിക്കുമുള്ള ജ്യൂസ്‌ എടുത്ത് പ്രഭ റൂമിലേക്ക് പോയി. “ദേവൂ… നീയും പൊയ്ക്കോ. പ്രാണനാഥൻ ഇനി നിന്നെ കാണാതെ ജ്യൂസ്‌ കുടിക്കാതെ ഇരിക്കേണ്ട.” “ഹരിതയും ഹരിയേട്ടനും ഒരുമിച്ച് നിന്നിട്ട് കുറച്ച് ആയില്ലേ. അവരെന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരുന്ന് മെല്ലെ കുടിച്ചോളും.

അതിനു ഞാൻ അവിടെ പോയി ഇരിക്കുകയൊന്നും വേണ്ട.” “എന്റെ ദേവു മുത്താണ്…” ചാരു ഒരു ഫ്ലയിങ്ങ് കിസ്സ് കൊടുത്തു കൊണ്ട് പറഞ്ഞു. അപ്പോഴാണ് അടുത്തു നിൽക്കുന്ന നിഷയെ കുറിച്ച് ചാരു ഓർത്തത്… “ചേച്ചിയും മുത്താണ്… ” അവൾ ചിരിയോടെ പറഞ്ഞു. *** റോയ് അന്നയുമായി വരുന്നുണ്ടെന്ന കാര്യം വിളിച്ചു പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അച്ഛനും മനുവിനും അതിൽ വലിയ താല്പര്യം തോന്നിയില്ല. അവർ പതിവ് പോലെ ഓഫീസിൽ പോയി. റോയ് ഉച്ചയ്ക്ക് മുൻപ് എത്തും എന്ന് പറഞ്ഞ കാരണം അവർക്ക് കൂടിയുള്ള ഭക്ഷണം തയ്യാറാക്കുകയായിരുന്നു നിഷയും ചാരുവും.

അവരെ ചെറുതായി സഹായിച്ച് ദേവുവും കൂടെയുണ്ട്. ഹരിതയ്ക്ക് ചെറുതായി ജലദോഷം ഉള്ള കാരണം ഇപ്പോൾ ഹരിയുടെ അടുത്ത് അധികം പോയി ഇരിക്കാറില്ല. കാളിങ് ബെൽ അടിക്കുന്നത് കേട്ടപ്പോൾ അമ്മ ഹരിതയുടെ അടുത്ത് നിന്നും എഴുന്നേറ്റു. കൂടെ അച്ചമ്മേ എന്നു വിളിച്ചു കൊണ്ടു അമ്മുക്കുട്ടിയും. വാതിൽ തുറന്നപ്പോൾ പ്രഭ ആദ്യം കണ്ടത് അന്നയെ ആയിരുന്നു. കുട്ടിത്തം നിറഞ്ഞ മുഖത്തോടെ ഇളം റോസ് സാരി ഉടുത്തു നിൽക്കുന്ന അവളെ നോക്കി അവർ പുഞ്ചിരിച്ചു. “അനിയത്തിയാണ്. അന്ന… ” റോയ് പ്രഭയോടായി പറഞ്ഞു. “രണ്ടാളും പുറത്തു നിൽക്കാതെ കയറി വാ… ” “എനിക്ക് ടെക്സ്റ്റയിൽസിൽ പോകണം. ഇന്ന് പുതിയ സ്റ്റോക്ക് വരുന്ന ദിവസമാണ്.

ഞാൻ തിരികെ വരുമ്പോൾ കയറാം.” “ചാരുവിനെ കാണണ്ടേ? ” “ഇനിയും നിന്നാൽ വൈകും അമ്മായി അതു കൊണ്ടാ… ” റോയ് യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ അന്ന പ്രഭയുടെ കൂടെ അകത്തേക്ക് നടന്നു. “എല്ലാവരും എവിടെ?” “അടുക്കളയിലുണ്ട്… ” അന്ന അമ്മുക്കുട്ടിയുടെ കവിളിൽ തലോടാൻ കൈ നീട്ടി എങ്കിലും അവൾ അച്ഛമ്മയുടെ പുറകിൽ ഒളിച്ചു. “ഞാൻ അവരെ വിളിക്കാം… ” “ഹരി എവിടെയാ അമ്മേ?” അന്നയെ കുറിച്ചുള്ള കാര്യങ്ങൾ ശങ്കരൻ പറഞ്ഞ് അറിഞ്ഞിരുന്നു. അതു കൊണ്ടു തന്നെ ആ വിളി അവരെ വേദനിപ്പിച്ചു . ഹരി കിടക്കുന്ന മുറിയിലേക്ക് അമ്മ കൈ ചൂണ്ടി.

പ്രഭ അടുക്കളയിലേക്ക് നടന്നപ്പോൾ അന്ന ഹരിയുടെ മുറിയിലേക്ക് നടന്നു. മയക്കം കണ്ണുകളിൽ പടർന്നു തുടങ്ങിയപ്പോഴാണ് നെറ്റിയിലെ തലോടൽ ഹരി അറിഞ്ഞത്… അവന്റെ അധരത്തിൽ പതിയെ പുഞ്ചിരി വിരിഞ്ഞു… വലതു കൈ നീട്ടി അവളുടെ ഇടുപ്പിൽ ചുറ്റിപ്പിടിച്ചു. “ഹരിയേട്ടാ… ” വാതിൽക്കൽ നിന്നും ചാരുവിന്റെ ദേഷ്യത്തോടെയുള്ള വിളി കേട്ടാണ് ഹരി മിഴികൾ തുറന്നത്. അരികിൽ നിൽക്കുന്നത് അന്നയാണെന്ന് അവൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു. നിറഞ്ഞു തുളുമ്പിയ മിഴികൾ ഇറുക്കി അടച്ചു അന്ന നിൽക്കുന്നു. അവൻ വേഗം കൈകൾ പിൻവലിച്ചു കൊണ്ട് വാതിൽക്കലേക്ക് നോക്കി. ചാരുവും അവളുടെ അടുത്തായി ദേവുവും… അവളുടെ വിടർന്ന മിഴികൾ തുളുമ്പുന്നു… ഹരി ഒരു പിടച്ചിലോടെ എഴുന്നേറ്റിരുന്നു……. തുടരും

പാദസരം : ഭാഗം 16

Share this story