പാദസരം : ഭാഗം 18

പാദസരം : ഭാഗം 18

എഴുത്തുകാരി: അനില സനൽ അനുരാധ

ഹരി വേഗം കൈകൾ പിൻവലിച്ചു കൊണ്ട് വാതിൽക്കലേക്ക് നോക്കി. ചാരുവും അവളുടെ അടുത്തായി ദേവുവും… അവളുടെ വിടർന്ന മിഴികൾ തുളുമ്പുന്നു… ഹരി ഒരു പിടച്ചിലോടെ എഴുന്നേറ്റിരുന്നു… ദേവു വേഗം കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് പുഞ്ചിരിയ്ക്കാൻ ശ്രമിച്ചു. മനസ്സിന് വല്ലാത്ത വേദന… കണ്ണുകൾ വീണ്ടും നിറയുന്നു.

ഹരി അവളെ ഇമ ചിമ്മാതെ നോക്കിയിരുന്നു … അവന്റെ മിഴികൾ നിറയാൻ തുടങ്ങിയതും ദേവു ചാരുവിന്റെ കയ്യും പിടിച്ചു കൊണ്ട് മുറിയിലേക്ക് നടന്നു. അന്ന സാരിത്തലപ്പു കൊണ്ട് കണ്ണുനീർ തുടച്ചു. ദേവു ഹരിയുടെ മുഖത്തേക്ക് നോക്കാതെ തലയിണയെടുത്ത് ചാരി വെച്ചു. ഹരി അവളെ തന്നെ നോക്കി അതിലേക്ക് ചാരി ഇരുന്നു.

“ഒരു ടവ്വൽ എടുക്ക് ദേവൂ… ” ദേവു ടവ്വൽ എടുത്തു അവനു നേർക്ക് നീട്ടിയപ്പോൾ അവൻ അതു വാങ്ങാതെ മുഖം തിരിച്ചു. ചാരു അത് അവന്റെ ഇരുതോളിലൂടെയിട്ട് പുതച്ചു കൊടുത്തു. “അന്ന ഇതാണ് ദേവിക.. ദേവു.. എന്റെ ഭാര്യ… ” ഹരി അന്നയോടായി പറഞ്ഞു. അന്ന പുഞ്ചിരിയോടെ ദേവുവിനെ നോക്കി… വേദന നിറഞ്ഞ പുഞ്ചിരി അതേ വേദനയോടെ ദേവു സ്വീകരിച്ചു. “ചാരു ആ കസേര ഇങ്ങോട്ട് നീക്കിയിട്ട് കൊടുക്കുമോ? ” ദേവു തിരക്കി. ചാരു കസേരയിട്ട് കൊടുത്തു. “അന്ന ഇരിക്കൂ…” ദേവു പറഞ്ഞു. അന്ന ഇരുന്നു… കുറച്ചു നേരം ആരും ഒന്നും പറഞ്ഞില്ല… “ചാരുവിനെ ആദ്യമായി കാണുകയല്ലേ അന്നാ? ” ഹരി തിരക്കി. അന്ന തലയാട്ടി. “നിന്റെ ഇച്ചായനെ മനസ്സിൽ വെച്ചു കൊണ്ട് എന്നെയാണ് സ്നേഹിക്കുന്നതെന്ന് ഒരു കള്ളവും പറഞ്ഞ് വരുന്ന കല്യാണ ആലോചനകൾ എല്ലാം മുടക്കി നടക്കായിരുന്നു.

റോയ് ആണ് മനസ്സിലെന്ന് ഞങ്ങൾ അറിഞ്ഞിട്ട് അധികം ആയിട്ടില്ല. വീട്ടിലെ പ്രശ്നവും പറഞ്ഞ് അവൻ പരമാവധി ഒഴിവാക്കാൻ നോക്കിയതാ… ഇവൾ അവനെയും കൊണ്ടേ പോകൂ എന്ന് മനസിലായപ്പോഴാണ് ഇപ്പോഴത്തെ മൂവ്മെന്റ്സ് ഒക്കെ ഉണ്ടായത്. ” അന്ന ചാരുവിന്റെ മുഖത്തേക്ക് നോക്കി… അവളുടെ നിറയെ പീലികൾ നിറഞ്ഞ വെള്ളാരം കണ്ണുകളിലേക്ക് നോക്കി ഒരു നിമിഷം അവൾ ഇരുന്നു. ചാരുവിന്റെ ഇടതു കവിളിലെ നുണക്കുഴി പതിയെ വിരിഞ്ഞു… പുഞ്ചിരിയ്ക്കുമ്പോൾ അവൾ ഒന്നു കൂടി സുന്ദരി ആയെന്ന് അന്നയ്ക്കു തോന്നി. റോയ്ഇച്ചായന് അവൾ നന്നായി ചേരും… അവൾ ചിന്തിച്ചു. “റോയിച്ചായൻ എവിടെ? ” “പോയി. ടെക്സ്റ്റയിൽസിൽ സ്റ്റോക്ക് വരുന്ന ദിവസമാണ്.

എന്നെ കൊണ്ടു പോകാൻ വരും.” “ഞാൻ ദിവ്യയെ ഒന്നു ഫോൺ ചെയ്തിട്ട് വരാം…” എന്ന് ചാരുവിനോടായി പറഞ്ഞ് ടേബിളിൽ ഇരുന്ന ഫോണും എടുത്ത് ദേവു പുറത്തേക്കു നടന്നു. “ഞാൻ അങ്ങോട്ട് ചെല്ലട്ടെ… നിഷചേച്ചി കിച്ചണിൽ തനിച്ചാകും.” അന്നയെയും ഹരിയേയും നോക്കി പറഞ്ഞിട്ട് ചാരുവും പുറത്തേക്കു നടന്നു. ഹരി അന്നയെ നോക്കി… നനവാർന്ന മിഴികളാൽ അവൾ നോക്കുന്നു. “മോൾ എവിടെ? ” “അമ്മച്ചിയുടെ അടുത്ത്…” ഇടർച്ചയോടെ അവൾ പറഞ്ഞു. “റോയ് നിന്നെ ഇങ്ങോട്ടു കൊണ്ടു വരുമ്പോൾ എന്തെങ്കിലും പറഞ്ഞോ? ” “ഹരിയ്ക്ക് എന്നോട് എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞു… ” “നിനക്ക് റോയിയുടെ കൂടെ നിന്നൂടെ… എന്തിനാ അവനെ ഇങ്ങനെ ഒറ്റപ്പെടുത്തുന്നത്? ”

“അപ്പോൾ എന്നെ…” “കഴിഞ്ഞു പോയതിനെ കുറിച്ച് ചിന്തിച്ച് ഇനിയും വീട്ടുകാരെ അകറ്റി നിർത്തരുത്. അതിന്റെ ഫലം കൂടിയാ ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്. എനിക്ക് ഒരിക്കലും ഇനി പഴയ ഹരി ആകാൻ പറ്റില്ല… അതു പോലെ നിനക്കും. പിന്നെ എന്തിനാ വെറുതെ. നിനക്ക് ഒരു ഭർത്താവുണ്ട്… മോളുണ്ട്… അതു പോലെ എനിക്ക് ദേവുവും… ഞാൻ ഒരു അച്ഛനാകാൻ പോകുകയാണ്…” അവളെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ അവൻ പറഞ്ഞു. “ഞാൻ ഹരിയുടെ ജീവിതത്തിൽ ഒരു തടസ്സമായി വരില്ല… എന്റെ വീട്ടുകാരെ ഞാൻ അകറ്റി നിർത്തുന്നതിന് എനിക്ക് എന്റേതായ കാരണം ഉണ്ടാകും…” “ആ കാരണത്തിൽ ഹരിയെന്ന പേര് ചേർത്തു വെക്കരുത്.

നീ സണ്ണിയോടുള്ള വിരോധം മനസ്സിൽ കൊണ്ടു നടക്കുന്നിടത്തോളം കാലം അവനു ഞാൻ ശത്രു ആയിരിക്കും. എന്നെ കൊല്ലാനുള്ള ദേഷ്യം മനസ്സിൽ വെച്ചാണ് അവൻ നടക്കുന്നത്.” അവൾ ഒന്നും പറയാതെ നിശബ്ദയായിരുന്നു. “എനിക്ക് എന്തെങ്കിലും സംഭവിക്കണം എന്നാണോ നീ ആഗ്രഹിക്കുന്നത്? ” “ഹരീ…” അവൾ താക്കീതോടെ വിളിച്ചു. “ചാരുവും റോയിയും തമ്മിലുള്ള വിവാഹം നടന്നാൽ എന്നോടുള്ള വിരോധം കാരണം ചാരുവിനെ റോയിയുടെ കൂടെ സമാധാനമായി ജീവിക്കാൻ സണ്ണി സമ്മതിക്കില്ല. നീ സണ്ണിയോടുള്ള വിരോധം അവസാനിപ്പിച്ച് ഈ വിവാഹത്തെ അനുകൂലിച്ചാൽ പിന്നെ എല്ലാം നേരെയാകും. നിങ്ങളുടെ പപ്പയുടെ എതിർപ്പ് കുറയും. എല്ലാവരുടെയും അനുഗ്രഹത്തോടെ ഈ വിവാഹം നടക്കും. ”

“നിന്നോട് തർക്കിച്ചു ജയിക്കാൻ എനിക്ക് ആകില്ല ഹരീ… നിനക്കു വേണ്ടി എന്നേ തോറ്റു കൊടുത്തവളാണ് ഞാൻ… ഇനി ഇച്ചായൻമാരുടെയും പപ്പയുടെയും എല്ലാം മുമ്പിൽ ഒന്നു കൂടി തോറ്റു കൊടുത്തോളാം. ആരും എന്നെ ഇതു വരെ മനസിലാക്കിയിട്ടില്ല… അതിൽ നീയും… നിന്റെ മനസ്സിൽ ഞാൻ എന്നോ മരിച്ചു കഴിഞ്ഞല്ലോ അല്ലേ? ” അന്ന മിഴികൾ തുടച്ചു. ഹരി നിശബ്ദനായി ഇരുന്നു… “അറിയാതെ ആണെങ്കിലും പുഞ്ചിരിയോടെ എന്നെ നീയൊന്നു ചേർത്തു പിടിച്ചല്ലോ… അതു മതി… ഒരു നിമിഷം ഞാൻ പഴയ അന്നയായി പോയി. താങ്ക്സ് ഹരീ… നമ്മുടെ സ്മരണകളുടെ ശവക്കല്ലറയിൽ ഈ നിമിഷം കൂടി ഞാൻ ചേർത്ത് വെക്കുന്നു. ഞാൻ ഒന്നിനും തടസ്സമാകില്ല. റോയ് ഇച്ചായൻ വരുമ്പോൾ പറഞ്ഞോളൂ.”

അന്ന എഴുന്നേറ്റു… ഹരി അവളുടെ വലതു കൈയിൽ പതിയെ പിടിച്ചു… “താങ്ക്സ് അന്നാ… ” “ദേവുവിനെ എനിക്ക് ഇഷ്ടായിട്ടോ… അടുത്ത ജന്മം എനിക്ക് നിന്നെ തരണം എന്നു ഞാൻ അവളോട്‌ പറയട്ടെ? ” “ഒന്നിക്കാൻ വിധി ഉണ്ടെങ്കിൽ എന്തു പ്രതിബന്ധങ്ങൾ ഉണ്ടായാലും അടുത്ത ജന്മം നമ്മൾ ഒന്നിക്കുക തന്നെ ചെയ്യും. അതിന് ഇപ്പോഴേ അനുവാദം വാങ്ങണോ? ” “വേണ്ട… ” അവൾ വിഷാദത്തോടെ പുഞ്ചിരിച്ചു. അവൻ കൈ പിൻവലിച്ചു. “അകത്തേക്ക് ചെല്ല്… എല്ലാവരും അവിടെ ഉണ്ടാകും. ” അവൾ തലയാട്ടി കൊണ്ടു തിരിഞ്ഞു നടന്നു. ഹരി ഇരു കൈകൾ കൊണ്ടും മുഖം പൊത്തി ഇരുന്നു… “മോനെ…” അമ്മയുടെ വിളി കേട്ടപ്പോൾ അവൻ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടു കൈകൾ മുഖത്തു നിന്നും മാറ്റി.

അമ്മ അവനെ നെഞ്ചോടു ചേർത്ത് പിടിച്ചു… അവൻ അമ്മയുടെ നെഞ്ചിൽ മുഖം ചേർത്ത് വെച്ചു… “അവളെയും ഇങ്ങനെ ഒന്ന് ചേർത്ത് പിടിക്കണേ അമ്മേ… എന്നിട്ട് നെറ്റിയിൽ ഒരു മുത്തം കൊടുത്തിട്ട് പറയണം സന്തോഷത്തോടെ ഇരിക്കാൻ… ” അമ്മ ഒന്നും പറയാതെ അവന്റെ മുടിയിഴകളിൽ തലോടി. “പാവം… ഉള്ളിൽ എവിടെയോ അവൾ ഇപ്പോഴും ഉണ്ടമ്മേ… പക്ഷേ അതെനിക്ക് അവളോട്‌ പറയാൻ പറ്റില്ല… അവൾ കൂടുതൽ എന്നെ സ്നേഹിക്കും… ദേവു… ദേവു എവിടെ അമ്മേ? ” “അവൾ മുറിയിൽ കിടക്കുന്നുണ്ട്.” “ഉം… ” “നിനക്ക് കഞ്ഞി എടുക്കട്ടെ?” “കുറച്ച് കഴിയട്ടെ അമ്മേ…” *** ചാരുവിന്റെ അരികിലായി അന്ന ഇരുന്നു… സംസാരിക്കും തോറും അന്ന ഒരു പാവമാണെന്ന് ചാരുവിനു തോന്നി…

അന്ന തിരക്കിയപ്പോൾ റോയിയെ പരിചയപെട്ടതു മുതലുള്ള എല്ലാ കാര്യങ്ങളും ചാരു തുറന്നു പറഞ്ഞു. “ഇച്ചായൻ കുറച്ചു വിഷമിപ്പിച്ചല്ലേ? ” എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അന്ന തിരക്കി. “ഉം… ” “വിഷമിപ്പിച്ചാലും സ്നേഹം കൂടിയല്ലേയുള്ളു. ഇനി ഞാൻ ആയിട്ട് നിങ്ങളെ സങ്കടപ്പെടുത്തില്ല.” ചാരുവിന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് അന്ന പറഞ്ഞു. *** അമ്മ കഞ്ഞിയുമായി അടുത്തേക്ക് വന്നപ്പോൾ ഹരി വാതിൽക്കലേക്ക് നോക്കി. “അവരെല്ലാം ഹരിതയുടെ അടുത്താ… ” “എനിക്ക് ഇപ്പോൾ വേണ്ടമ്മേ… ” “മരുന്ന് കഴിക്കാനുള്ളതാ. കളിക്കാൻ നിൽക്കാതെ കഴിക്ക് ചെക്കാ… ” അമ്മ നിർബന്ധിച്ച് കഞ്ഞി കുടിപ്പിച്ചു. “ദേവു എന്തേലും കഴിച്ചോ? ” “ഇല്ല. മോൻ കഴിച്ചിട്ട് എല്ലാവർക്കും കഴിക്കാം എന്ന് വിചാരിച്ചു.”

റോയ് എത്തുമ്പോൾ മൂന്നു മണി കഴിഞ്ഞിരുന്നു. ഹരിയുടെ കൂടെ കുറച്ചു നേരം സംസാരിച്ച് ഇരുന്നതിന് ശേഷം ചാരുവിന്റെ അടുത്തേക്ക് ചെന്നു. “എന്റെ അനിയത്തിയെ പരിചയപ്പെട്ടോ? ” “ഉം.. ” “എന്തു തോന്നി? ” “അവൾ ഒരു പാവമാണെന്ന്. ഇച്ചായനെങ്കിലും അവളുടെ കൂടെ നിൽക്കാമായിരുന്നില്ലേ?” “നിൽക്കാമായിരുന്നു. പക്ഷേ പറ്റിയില്ല… ഇങ്ങനെ ഒക്കെ ആയി തീരാൻ ആകും വിധി. രണ്ടു പേർക്കും മറ്റൊരു ജീവിതം കിട്ടിയല്ലോ എന്ന് ആശ്വസിക്കാം.” അന്നയും റോയിയും ഹരിയോട് യാത്ര പറഞ്ഞ് ഇറങ്ങാൻ തയ്യാറായി. ഉമ്മറത്ത് ചാരുവിന്റെ കൂടെ ദേവുവും വന്നു നിന്നു. അന്ന ദേവുവിന്റെ കൈയിൽ പിടിച്ചു… “ഇറങ്ങട്ടെ? ” അവൾ തിരക്കി. ദേവു തലയാട്ടി. അന്ന ദേവുവിന്റെ കവിളിൽ ഒന്നു തൊട്ടു.

ഹരിയേട്ടന്റെ എല്ലാം ഇവൾ ആണെന്ന ചിന്തയിൽ എന്തു കൊണ്ടോ അന്നയുടെ മിഴികൾ നിറഞ്ഞു. ഒരു കാലത്ത് ഹരിയേട്ടന്റെ എല്ലാമായിരുന്നവളണ് മുൻപിൽ നിൽക്കുന്നത് എന്ന ചിന്തയിൽ ദേവുവിന്റെ മിഴികൾ നിറഞ്ഞു. അന്ന അമ്മയുടെ അരികിലേക്ക് നടന്നു. “ഇറങ്ങട്ടെ അമ്മേ? ” അമ്മ അന്നയെ ചേർത്ത് പിടിച്ചു കൊണ്ടു നിറുകെയിൽ ചുംബിച്ചു… അന്ന അമ്മയുടെ തോളിൽ മുഖം ചേർത്തു വെച്ചു കൊണ്ട് നിറ മിഴികളാൽ പുഞ്ചിരിച്ചു. “എന്നും സന്തോഷത്തോടെ ഇരിക്കണം. ” അവൾ മൂളി. എല്ലാവരെയും ഒന്നു കൂടി നോക്കിയ ശേഷം അവൾ റോയിയുടെ കൂടെ നടന്നു. ***

“മതി… ” ദേവു രാത്രി ഓട്സ് കൊടുക്കുമ്പോൾ ഹരി പറഞ്ഞു. അവൻ കുറച്ചേ കുടിച്ചിട്ടുള്ളു. ദേവു നിർബന്ധിക്കാൻ നിൽക്കാതെ എഴുന്നേൽക്കാൻ നിന്നതും ഹരിയ്ക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. അന്ന വന്നു പോയതിനു ശേഷം അവൾ നേരെ ചൊവ്വേ മുഖത്തേക്ക് നോക്കിയിട്ടില്ല. എന്തെങ്കിലും ചോദിച്ചാൽ ഒരു മൂളലിൽ മറുപടി ഒതുക്കി കളയും… അവൾ കയ്യിൽ പാത്രം എടുത്തു എഴുന്നേറ്റതും ഹരി കൈ കൊണ്ട് അതു തട്ടി എറിഞ്ഞു. ദേവു ഞെട്ടലോടെ അവനെ നോക്കി. പാത്രം വീഴുന്ന ശബ്ദം കേട്ടതും എന്താണെന്ന് കരുതി അമ്മയും അച്ഛനും അകത്തു നിന്നും വന്നു. “എന്താ എന്തു പറ്റി? ” അമ്മ വെപ്രാളത്തോടെ തിരക്കി. “ദേവുവിന്റെ കയ്യിൽ നിന്നു പെട്ടെന്ന് പാത്രം വീണതാ… ” ഹരി പറഞ്ഞു. “അത്രേയുള്ളു. ഞാൻ പെട്ടെന്ന് പേടിച്ചു. മോളെ സൂക്ഷിച്ചു നടക്കണേ… ”

ദേവു ഹരിയെ നോക്കി… അവന്റെ മുഖവും കണ്ണും ചുവന്നു വരുന്നുണ്ട്. “ഇവിടെ ഞാൻ വൃത്തിയാക്കാം… മോൾ അവനു മരുന്നു എടുത്ത് കൊടുക്ക്‌… ” “ഞാൻ വൃത്തിയാക്കാം അമ്മേ… ” “വേണ്ട… മോൾ മരുന്ന് എടുത്ത് കൊടുത്ത് അകത്തേക്ക് ചെല്ല് ഭക്ഷണം കഴിക്കാം. ” ടാബ്ലറ്റ് എടുത്ത് കൊടുത്തപ്പോൾ ഹരി അതു വാങ്ങാതെ മുഖം തിരിച്ച് ഇരുന്നു… അത് അമ്മ കാണുകയും ചെയ്തു. കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ അമ്മ അവിടെ വൃത്തിയാക്കി മുറിയിൽ നിന്നും പോയി. “ഹരിയേട്ടാ… ” “നീ പോയി ഭക്ഷണം കഴിക്ക്…” “ഗുളിക കഴിയ്ക്ക് ഹരിയേട്ടാ… ” “എനിക്ക് വേണ്ട… ” അവൾ ടാബ്ലറ്റ് അവന്റെ കയ്യിൽ വെച്ച് കൊടുക്കാൻ തുനിഞ്ഞതും അവൻ അത് തട്ടി കളഞ്ഞു…

ഗുളിക എവിടേക്ക് ഒക്കെയോ തെറിച്ചു വീണു. “എന്താ ഹരിയേട്ടാ ഈ കാണിക്കുന്നത്? ” ഹരി പതിയെ എഴുന്നേറ്റു നിന്നു. സ്റ്റിക്ക് കുത്തി ബാത്‌റൂമിലേക്ക് നടന്നു. ദേവു വേഗം അവന്റെ വലതു കൈ എടുത്തു തോളിൽ ഇട്ടു കൂടെ നടക്കാൻ ശ്രമിച്ചതും അവൻ അവളുടെ കൈ മാറ്റി. അവൻ വരുമ്പോൾ അവൾ വേറെ ടാബ്ലറ്റ് എടുത്ത് ടേബിളിൽ വെക്കുന്നുണ്ടായിരുന്നു . അവൻ പതിയെ ബെഡിൽ വന്നിരുന്നു. ദേവു അവന്റെ അടുത്ത് വന്നു നിന്നു. “ഇത്‌ കഴിയ്ക്ക് ഹരിയേട്ടാ…” അവൻ വായ തുറന്നു കൊടുത്തു. അവൾ ടാബ്ലറ്റ് അവന്റെ വായിൽ വെച്ച് വെള്ളം കൊടുത്തു. ഹരി ദേവുവിന്റെ മുഖത്തേക്ക് നോക്കി. അവൾ അവനെ തന്നെ നോക്കിയാണ് നിൽക്കുന്നത്. അവൻ അവളെ ചുറ്റിപ്പിടിച്ച് അവളുടെ നെഞ്ചിൽ മുഖം ചേർത്തു വെച്ചു… “സോറി ദേവു… ഞാൻ അറിഞ്ഞോണ്ട് ചെയ്തതല്ല…

എന്നെ അവഗണിച്ചു നടന്നാൽ എനിക്ക് സഹിക്കില്ല ദേവൂ… തകർന്ന് പോകും ഞാൻ… ” ഇടർച്ചയോടെ അവൻ പറഞ്ഞു… “ഇങ്ങേർക്ക് ഇതു തന്നെ ആണോ പണി? ” വാതിൽക്കൽ നിന്നും ചാരുവിന്റെ ശബ്ദം കേട്ടതും ഹരി അവളിൽ നിന്നും വേർപ്പെട്ട് ഇരുന്നു. “നിനക്കെന്താടി ഇവിടെ കാര്യം? ” ഹരി ദേഷ്യത്തോടെ തിരക്കി. “അതേയ് ഇവളെ നോക്കി അവിടെ എല്ലാവരും ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. തല്ക്കാലം ആ തലയിണ കെട്ടിപ്പിടിച്ച് ഇരുന്നോ. ഞങ്ങൾക്ക് ഭക്ഷണം കഴിക്കണം.” ഹരിയെ ഒന്നു നോക്കിയ ശേഷം ദേവു ചാരുവിന്റെ കൂടെ പോയി. അവൾ ഭക്ഷണം കഴിച്ചു വരുമ്പോൾ അവൻ ബെഡിൽ ചാരി ഇരിക്കുകയായിരുന്നു. അവൾ ഡോർ ലോക്ക് ചെയ്ത് അവന്റെ അടുത്ത് വന്നിരുന്നു…

പിന്നെ പതിയെ അവന്റെ രോമാവൃതമായ നെഞ്ചിൽ മുഖം ചേർത്തു വെച്ചു. ഇടം നെഞ്ചിൽ പതിയെ ചുംബിച്ചു. അവളുടെ കണ്ണുനീരിന്റെ നനവ് തിരിച്ചറിഞ്ഞപ്പോൾ അവൻ അവളുടെ മുഖം പിടിച്ച് ഉയർത്തി… “എന്താ ദേവൂ…” “അറിയില്ല. എല്ലാം മുൻപ് അറിഞ്ഞിരുന്നതാണെങ്കിലും അറിയാതെയാണ് ഹരിയേട്ടൻ അന്നയെ ചേർത്തു പിടിച്ചത് എന്ന് അറിയാമെങ്കിലും എന്തോ സഹിക്കാൻ പറ്റുന്നില്ല ഹരിയേട്ടാ…” “എന്റെ ഉണ്ടക്കണ്ണി… നിന്നോളം പ്രിയപ്പെട്ടതായി എനിക്ക് ഒന്നുമില്ല… നമ്മുടെ പാറുക്കുട്ടി പോലും നീ കഴിഞ്ഞിട്ടേയുള്ളു.” അവളുടെ മിഴികൾ തുടച്ചു കൊടുത്തു കൊണ്ട് ഹരി പറഞ്ഞു. “പാറുക്കുട്ടിയോ? ” “ഉം.. നമ്മുടെ മോള്…” അവളുടെ വയറിൽ കൈ ചേർത്ത് അവൻ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു. “മോളാണെന്ന് ഉറപ്പിച്ചോ? ” “ഉറപ്പിച്ചു…

നിന്നെ പോലെ ഉണ്ടക്കണ്ണുള്ള ഒരു മോള്… ദേവൂ… ഞാൻ ഒരു കാര്യം ചോദിക്കട്ടെ? ” “എന്നോട് എന്തെങ്കിലും ചോദിക്കാൻ ഒരു മുഖവുരയുടെയും ആവശ്യം ഇല്ലാലോ. ” “ദേവൂ… ഇനിയുള്ള ജന്മങ്ങളിലും നിന്റെ പാതിയായ് ഞാൻ മതിയില്ലേ? ” “എന്താ ഹരിയേട്ടാ ഇങ്ങനെയൊക്കെ ചോദിക്കുന്നത്. എന്റെ സ്നേഹം സത്യമല്ലെന്നു തോന്നുന്നുണ്ടോ? ” “ഇല്ലെടീ… ” “പിന്നെ എന്തിനാ ഹരിയേട്ടാ ഇങ്ങനെയൊക്കെ ചോദിക്കുന്നത്? ” “ഇന്ന് അന്ന എന്നോട് ഒരു കാര്യം തിരക്കി. പറയട്ടെ? ” “ഉം… ” “എന്നെ അടുത്ത ജന്മം അവൾക്കു തരണമെന്ന് നിന്നോട് പറയട്ടെ എന്ന്… ” “എന്നിട്ട് ഹരിയേട്ടൻ എന്തു പറഞ്ഞു? ” “ഒന്നിക്കാൻ വിധി ഉണ്ടെങ്കിൽ എന്ത് പ്രതിബന്ധങ്ങൾ ഉണ്ടായാലും നമ്മൾ ഒന്നിക്കുമെന്ന്…”

ദേവുവിന്റെ ഉള്ളം പിടഞ്ഞു… അപ്പോൾ ഞാനോ ഹരിയേട്ടാ… ഞാൻ തനിച്ചായി പോകില്ലേ… അവൾ നിശബ്ദമായി അവനോട് തിരക്കി… ഹരി ദേവുവിന്റെ ഇരുകൈകളും എടുത്ത് കൂട്ടിപ്പിടിച്ച് അവന്റെ നെഞ്ചോടു ചേർത്തു… “ദേവൂ… അടുത്ത ജന്മവും ഇനി വരാനിരിക്കുന്ന ജന്മവുമെല്ലാം എനിക്ക് നീയും നിനക്ക് ഞാനും മതി… ഗിരിയും അന്നയും ആരും നമുക്ക് ഇടയിൽ കടന്നു വരണ്ട ദേവൂ… നിന്നെ എന്റെ ഉള്ളിൽ മാത്രം നിറയ്ക്കണം എനിക്ക്… അതു പോലെ നിന്റെ ഉള്ളിലും ഞാൻ മാത്രം മതി… ഇപ്പോഴും പൂർണ്ണമായും അന്ന എന്നിൽ നിന്നും പോയിട്ടില്ല… പക്ഷേ ഇനിയുള്ള ജന്മങ്ങളിൽ അവൾ എന്റെ അരികിൽ വരുന്നതിനു മുൻപേ നീ എന്റെ ആയിരിക്കും… എന്റെ മാത്രം… ”

ദേവു അവന്റെ കയ്യിൽ മുറുകെ പിടിച്ചു. “ഗിരിയ്ക്ക് നിന്നോടുള്ള സ്നേഹവും കരുതലും കാണുമ്പോൾ എനിക്ക് ചിലപ്പോൾ അസൂയ തോന്നും… അന്ന് ഹോസ്പിറ്റലിൽ വെച്ച് നീ വീഴുന്നതിന് മുൻപേ അവൻ ചേർത്തു പിടിച്ചപ്പോൾ നിനക്ക് ഒന്നും പറ്റിയില്ലല്ലോ എന്നോർത്ത് ആശ്വാസവും പിന്നെ വേദനയും തോന്നി… നിന്നെ എന്നേക്കാൾ കൂടുതൽ ആരും സ്നേഹിക്കണ്ട… അതെനിക്ക് ഇഷ്ടമല്ല… ” അവൾ അവന്റെ നെഞ്ചിൽ മുഖം ചേർത്തു വെച്ചു… “നിന്നെ നഷ്ടപ്പെടും എന്ന് തോന്നിയപ്പോൾ ഗിരിയും എന്നെ നഷ്ടപ്പെടും എന്ന് തോന്നിയപ്പോൾ അന്നയും ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചവരാണ്… അന്ന എന്നെ ആഗ്രഹിക്കുന്ന പോലെ ഗിരി നിന്നെയും ആഗ്രഹിച്ചാൽ ഇനി വരും ജന്മം നീ അവന്റെതാകുമോ ദേവൂ…” “അതൊന്നും എന്റെ മനസ്സിൽ ഇല്ല ഹരിയേട്ടാ…

ഗിരിയേട്ടൻ എന്നോട് ചോദിച്ചാൽ തന്നെ ഞാൻ പറയും എന്റെ ഹരിയേട്ടന്റെ സ്ഥാനത്ത് ഇനി എനിക്ക് ആരെയും സങ്കൽപ്പിക്കാൻ പറ്റില്ലെന്ന്. എന്റെ താലിയുടെ അവകാശി ഹരിയേട്ടൻ മാത്രമായിരിക്കുമെന്ന്… അത്രയ്ക്കും ഞാൻ സ്നേഹിക്കുന്നുണ്ടെന്ന്… എന്റെ പ്രാണനാണെന്ന്… ഇനി ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ചോദിക്കല്ലേ ഹരിയേട്ടാ എനിക്ക് സഹിക്കില്ല… ഇവിടെ ഞാൻ മാത്രം മതി… ” അവന്റെ നെഞ്ചിൽ ചുംബിച്ചു കൊണ്ട് അവൾ പറഞ്ഞു. ഹരി ഇരു കൈകളിലും അവളുടെ മുഖം കോരിയെടുത്ത് കണ്ണിലും നെറ്റിയിലും കവിളിലും എല്ലാം ചുംബിച്ചു… അവന്റെ കണ്ണുനീർ കൂടി അവളുടെ മുഖത്ത് പതിച്ചു കൊണ്ടിരുന്നു… *** ഹരിതയും നികേഷും പോകാൻ തയ്യാറായി ഹരിയുടെ മുറിയിലേക്ക് വന്നു. “കുറച്ചു ദിവസം കൂടി ഇവിടെ നിന്നൂടെ?”

“ഞാൻ ജോലിക്ക് പോയി കഴിഞ്ഞാൽ പിന്നെ അമ്മ തനിച്ചല്ലേ അളിയാ… അവൾ അവിടെ ഉണ്ടായാൽ അമ്മയ്ക്ക് ഒരു സമാധാനമാണ്.” ഹരി പിന്നെ നിർബന്ധിച്ചില്ല. ചാരുവും അങ്ങോട്ട് വന്നു… “നീയും പോകണോ? ” “അല്ലാതെ പിന്നെ. ഹരിയേട്ടൻ എന്നെ ചവിട്ടി പുറത്താക്കുന്നത് വരെ ഇവിടെ നിൽക്കണോ?” “ഓഹ് ! ഒന്നു പോടീ… എന്നെ കൊണ്ടുള്ള കാര്യങ്ങൾ ഒക്കെ സാധിച്ചു കഴിഞ്ഞല്ലോ. ഇനി ഇവിടെ നിന്നിട്ട് നിനക്ക് കാര്യമൊന്നും ഇല്ലല്ലോ. ” “കുറച്ചു ദിവസം അമ്മയുടെ കൂടെ നിൽക്കണം ഹരിയേട്ടാ… അല്ലാതെ ഇവിടെ നിൽക്കാൻ ഇഷ്ടമില്ലാതെ അല്ല… ” ദേവുവിനെ വിട്ടു പോകാൻ ചാരുവിന് സങ്കടം തോന്നി.. ദേവുവിനോട് യാത്ര പറയുമ്പോൾ ചാരുവിന്റെ ശബ്ദം ഇടറിയിരുന്നു.

“നിന്നെ ഞാൻ ഒരുപാട് മിസ് ചെയ്യും ദേവൂ… ” അവളെ കെട്ടിപ്പിടിച്ച് ചാരു പറഞ്ഞു. അവർ പോയി കഴിഞ്ഞപ്പോൾ ദേവുവിന് വല്ലായ്മ തോന്നി. അവൾ ഹരിയുടെ അടുത്ത് വന്നിരുന്നു. “അവരു പോയല്ലേ? ” “ഉം…” ഹരിയുടെ ഫോൺ റിംഗ് ചെയ്തു. ദേവു ഫോൺ എടുത്ത് അവനു കൊടുത്തു. അതിനു ശേഷം അവൻ സംസാരിക്കുന്നതും നോക്കി ഇരുന്നു. ഫോൺ വെച്ചതിനു ശേഷം ദേവുവിനെ നോക്കുമ്പോൾ അവന്റെ മുഖത്തു ആശ്വാസം നിറഞ്ഞു നിന്നിരുന്നു. “ദേവൂ… ചാരുവിന്റെ കല്യാണം എല്ലാവരുടെയും അനുഗ്രഹത്തോടെ തന്നെ നടക്കും. അതും അടുത്ത ആഴ്ച റോയ് പറഞ്ഞ ദിവസം തന്നെ രജിസ്റ്റർ മാര്യേജ് നടക്കും. പിന്നെ ഒരു ദിവസം റിസപ്ഷൻ നടത്താമെന്ന്… ” “റോയിയുടെ പപ്പ സമ്മതിച്ചോ? ” “ഉം… സണ്ണിച്ചൻ പറഞ്ഞു സമ്മതിപ്പിച്ചെന്ന്… അവിടെ എല്ലാവരും ഹാപ്പിയാണ് ഇപ്പോൾ. നീ പോയി അമ്മയെ വിളിച്ചിട്ട് വാ… ” ***

എല്ലാവരും ചാരുവിന്റെ വീട്ടിലേക്ക് പോകാൻ തയ്യാറാകുകയായിരുന്നു… റോയിയുടെ വീട്ടിൽ നിന്നും എല്ലാവരും ചാരുവിനെ കാണാൻ വരുന്നുണ്ട്. റിസപ്ഷന്‍ നടത്തുന്നത്തിന്റെ ഡേറ്റ് എല്ലാം ഇന്നാണ് തീരുമാനിക്കുന്നത്. അതു കൊണ്ടു എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. “നീ പോകുന്നില്ലെന്ന് ഉറപ്പിച്ചോ ദേവൂ… ” “ഞാൻ പോകുന്നില്ലെന്ന് പറഞ്ഞതല്ലേ ഹരിയേട്ടാ…” “അവൾ പിണങ്ങും നിന്നോട്… ” “ഞാൻ അവളെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഹരിയേട്ടൻ കൂടി ഉണ്ടായിരുന്നേൽ പോകാമായിരുന്നു. തനിച്ചാക്കി പോയാൽ വരുന്നത് വരെ എനിക്ക് സമാധാനം കിട്ടില്ല.” “ഈ കോലത്തിൽ പോകാൻ പറ്റിയത് തന്നെ. ആ സണ്ണിയും വരുന്നുണ്ടാകും.” “അമ്മയ്ക്ക് ആ പേര് കേൾക്കുന്നതു തന്നെ ദേഷ്യമാണ്…” “അതെല്ലാം മറന്നു കളയാൻ ഞാൻ പറഞ്ഞിട്ടുണ്ട്. ഇനി ആരോടും ശത്രുതയൊന്നും ഇല്ല… ഇനി കാത്തിരിപ്പാണ് നമ്മുടെ പാറുക്കുട്ടിയെ കാണാൻ…” ***

ഹോസ്പിറ്റലിലെ ലേബർ റൂമിനു മുൻപിൽ ടെൻഷനോടെ ഗിരി നിന്നു. അവന്റെ അരികിലായി ഹരിയും നിൽക്കുന്നുണ്ടായിരുന്നു. കുഞ്ഞിന്റെ പൊസിഷൻ ശരിയല്ലെന്ന് ഡോക്ടർ പറഞ്ഞത് മുതൽ തുടങ്ങിയതായിരുന്നു ഗിരിയുടെ ടെൻഷൻ. ദിവ്യയുടെ ഓപ്പറേഷനുള്ള സമ്മത പത്രത്തിൽ ഒപ്പിടുമ്പോൾ അവന്റെ കൈ വിറച്ചിരുന്നു. സമയം കടന്നു പോകും തോറും അവന്റെ പേടിയും അധികരിച്ചു കൊണ്ടിരുന്നു. ഹരി അവന്റെ തോളിൽ അമർത്തി പിടിച്ചു… “ഹരീ എനിക്ക് ആകെ പേടി തോന്നുന്നു… ” “ഇങ്ങനെ പേടിക്കാതെ. ദിവ്യയ്ക്കും കുഞ്ഞിനും ഒന്നും സംഭവിക്കില്ല. നീ കുറച്ചു നേരം ഒന്ന് ഇരിയ്ക്ക്… ” ഗിരിയുടെ അച്ഛൻ അവരുടെ അടുത്തേക്ക് വന്നു. “ഇതിപ്പോ പ്രസവിക്കാൻ കിടക്കുന്ന അവളെക്കാൾ ടെൻഷൻ നിനക്ക് ആണല്ലോ. ” അച്ഛൻ തിരക്കി.

പെട്ടെന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ടതും ഗിരി അവിടേക്കു നോക്കി… “ദിവ്യ… ” സിസ്റ്റർ വിളിച്ചതും ഗിരി വേഗം ചെന്നു. അവരുടെ കയ്യിലെ വെളുത്ത തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ കണ്ടതും സന്തോഷത്താൽ ഉള്ളം വിങ്ങി കൊണ്ടിരുന്നു. “ആൺകുഞ്ഞാണ്…” കുഞ്ഞിനെ അവന്റെ കയ്യിൽ കൊടുക്കുമ്പോൾ സിസ്റ്റർ പറഞ്ഞു. അവൻ കുഞ്ഞിനെ നെഞ്ചോടു ചേർത്തു പിടിച്ചു… ചുവന്നു തുടുത്ത കവിളിലും നെറ്റിയിലും വാത്സല്യത്തോടെ ചുംബിച്ചു. “ദിവ്യയ്ക്ക് എങ്ങനെയുണ്ട് സിസ്റ്റർ?” “മയക്കത്തിലാണ് പേടിക്കാൻ ഒന്നുമില്ല… ” സുജാത കുഞ്ഞിനെ എടുത്തപ്പോൾ ദേവു മോനെ വാത്സല്യത്തോടെയും സ്നേഹത്തോടെയും നോക്കി. പിന്നെ അവന്റെ കുഞ്ഞിക്കാലിൽ ഉമ്മ വെച്ചു.

കുഞ്ഞിനെ സിസ്റ്റർ തിരികെ വാങ്ങി പോയപ്പോൾ ഹരി പോകാൻ തിടുക്കം കൂട്ടി. ഹരി കൂടെ വരേണ്ടെന്ന് പറഞ്ഞിട്ടും അവൾ വാശി പിടിച്ചു കൂടെ വന്നതാണ്. “ഇനി അവളെ വീട്ടിലേക്ക് കൊണ്ട് വരുമ്പോൾ വന്നാൽ മതി മോളെ.” സുജാത പറഞ്ഞു. “അതു മതി ദേവു.” ഹരിയും പറഞ്ഞു. ദിവ്യയെ ഒന്നു കാണണം എന്ന് മനസ്സിൽ ഉണ്ടായിരുന്നെങ്കിലും ഹരിയെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട എന്ന് കരുതി പിന്നെ ദേവു ഒന്നും പറയാൻ നിന്നില്ല. കാറിൽ ദേവു ഇരുന്നപ്പോൾ ഹരി ശ്രദ്ധയോടെ സീറ്റ് ബെൽറ്റ്‌ ഇട്ടു കൊടുത്തു. “പാറുക്കുട്ടി… അമ്മയ്ക്ക് ഇപ്പോൾ നല്ല വാശിയാണ് മോള് കൂടി വന്നിട്ട് വേണം അമ്മയെ നമുക്ക് ശരിയാക്കാൻ.” അവളുടെ വയറിൽ മുഖം ചേർത്ത് വെച്ച് ഹരി പറഞ്ഞതും കുഞ്ഞ് ഒന്നു അനങ്ങി.

“സത്യം ആണെന്ന് എന്റെ മോൾക്ക് മനസ്സിൽ ആയെടീ ഉണ്ടക്കണ്ണി… ” അവളുടെ കവിളിൽ മെല്ലെ നുള്ളി ഹരി പറഞ്ഞു. വീട്ടിൽ എത്തുമ്പോൾ വൈകുന്നേരം ആയിരുന്നു. കുറേ നേരം ഇരുന്ന കാരണം പുറം വേദന കൂടിയിരുന്നു. ഒന്നു ഫ്രഷ്‌ ആയ ശേഷം അവൾ അമ്മയുടെ അടുത്ത് വന്നിരുന്നു. “ദിവ്യയെ കണ്ടോ മോളെ? ” “ഇല്ല അമ്മേ… കുഞ്ഞു വാവയെ കണ്ടു കഴിഞ്ഞതും ഹരിയേട്ടൻ തിരക്കു കൂട്ടി… ” “മോനെ കണ്ടില്ലേ ദേവൂട്ടി. ഇനി നമുക്ക് അവൾ ഡിസ്ചാർജ് ആകുമ്പോൾ വീട്ടിൽ പോയി കാണാം… ” “ഉം… ” “ഏട്ടത്തിയും മോളും വീട്ടിൽ പോയിട്ട് വന്നില്ലേ? ” “അവരു വരാൻ രാത്രി ആകും. പിന്നെ റോയിയും ചാരുവും വന്നിരുന്നു.” “എന്നിട്ട് ഞാൻ വരുമ്പോഴേക്കും പോയോ?” ഹരിയും അവരുടെ അടുത്ത് വന്നിരുന്നു. “ഹരിയേട്ടനോട്‌ ചാരു ഇന്നു വരുന്ന കാര്യം പറഞ്ഞിരുന്നോ? ”

“ഏയ്‌… അവൾ എപ്പോൾ വന്നു? ” “നിങ്ങൾ പോയി കുറച്ചു കഴിഞ്ഞപ്പോൾ വന്നു. കുറച്ചു നേരം ഇവിടെ ഇരുന്നു. പിന്നെ നിങ്ങൾ ഹോസ്പിറ്റലിൽ പോയിരിക്കുകയാണെന്ന് പറഞ്ഞപ്പോൾ പിന്നെ വരാം എന്നു പറഞ്ഞിട്ട് പോയി. എന്തൊക്കെയോ കുറേ പലഹാരങ്ങൾ ഒക്കെ കൊണ്ട് വന്നിട്ടുണ്ട്.” “എന്തായാലും പാറുക്കുട്ടി വരുമ്പോഴേക്കും ഞാൻ പലഹാരങ്ങൾ ഒക്കെ കഴിച്ച് ഒരു വിധമാകും.” ഹരി പറഞ്ഞു. “അതു നിനക്ക് അല്ല. മോൾക്ക് കഴിക്കാനാ.” “അല്ലെങ്കിലും അമ്മയ്ക്ക് എന്നെ പഴയ പോലെയുള്ള ഇഷ്ടം ഒന്നുമില്ല. ദേവൂട്ടിയെ കഴിഞ്ഞല്ലേ ഞങ്ങൾ മക്കളെ പോലും അമ്മ ഓർക്കൂ…” “നീയൊന്ന് പോടാ ചെക്കാ. അമ്മമാർക്ക് മക്കൾ എല്ലാവരും ഒരു പോലെയാ… ” “എന്നാലും കുറച്ചു സ്നേഹം കൂടുതൽ ഇവൾക്ക് കൊടുത്തേക്ക് അമ്മേ… ”

“അതിനു നിന്റെ ശുപാർശ വേണമല്ലോ… പിന്നെ ഹരിത വിളിച്ചിരുന്നു കുറച്ചു നേരത്തെ.” “ഞാൻ രാവിലെ വിളിച്ചിരുന്നു.” “അവൾ ഒരു കാര്യം പറയാൻ വിളിച്ചതാ.” “എന്താ അമ്മേ? ” “പ്രസവത്തിനു കൂട്ടി കൊണ്ടു പോകൽ ഒരു ചടങ്ങിന് നടത്താമെന്ന്. പിന്നെ പ്രസവം വരെ അവിടെ നില്ക്കാമെന്ന് നികേഷും അമ്മയും പറഞ്ഞെന്ന്.” “എന്നിട്ട് അമ്മ എന്തു പറഞ്ഞു? ” “അച്ഛനോട് പറയാം എന്ന് പറഞ്ഞു.” “അവൾക്കു വരണം എന്നുണ്ടോ? ” “അവൾക്കു വരണമെന്നുണ്ട്.” “എന്നാൽ അവളെ ഇങ്ങോട്ട് കൂട്ടി കൊണ്ടു വരാം അമ്മേ…” “പിന്നെ ഇന്നാള് വന്നപ്പോൾ സുജാത ഒരു കാര്യം സൂചിപ്പിച്ചിരുന്നു… ദേവുവിനെ കൂട്ടി കൊണ്ടു പോകാൻ ആകുമ്പോൾ അവര് തറവാട്ടിൽ വന്നു നിന്നോളാം എന്ന്.

ദിവ്യയ്ക്കും കുഞ്ഞിന്റെ പേരിടൽ ചടങ്ങിന് ഗിരിയുടെ വീട്ടിലേക്കു പോകുന്നത് വരെ തറവാട്ടിൽ നിൽക്കാലോ എന്ന്…” “അതൊന്നും വേണ്ട… ” ഹരി കേട്ടപ്പോഴെ പറഞ്ഞു. “പിന്നെ? ” “ദേവു ഇവിടെ നിന്നാൽ മതി.” “അതു നമ്മൾ മാത്ര തീരുമാനിച്ചാൽ മതിയോ. അവരുടെ സമ്മതം കൂടി നോക്കണ്ടേ? ” “ഇവളുടെ കാര്യത്തിൽ ഞാൻ തീരുമാനിച്ചാൽ മതി. അങ്ങനെയല്ലേ ദേവൂ. ” “അമ്മ വിളിച്ചാൽ എങ്ങനെയാ വരില്ലെന്ന് പറയുക.” “നീ പറയണ്ട ഞാൻ പറഞ്ഞോളാം.” “മോനെ… നമ്മൾ ദേവുവിനെ പറഞ്ഞയച്ചില്ലെങ്കിൽ സുജാത എന്തു കരുതും. സ്വന്തം മോൾ അല്ലാത്ത കാരണം അകറ്റി നിർത്തുകയാണെന്ന് അല്ലേ? ” “ഞാൻ അങ്ങനെ ഒന്നും കരുതിയിട്ടില്ല. ഇവൾ എന്റെയോ അമ്മയുടെയോ കണ്‍വെട്ടത്ത് ഉണ്ടാകണം. ഇല്ലെങ്കിൽ എനിക്ക് സമാധാനം കിട്ടില്ല.” “ഇവൾ അടുത്ത് ഉണ്ടാകണം എന്ന് തന്നെയാ എനിക്കും. എന്ന് കരുതി പിടിച്ചു വെക്കാൻ പറ്റുമോ. നീ ഈ വാശിയും ദേഷ്യവും ഒക്കെയൊന്നു കുറച്ച് സമാധാനത്തോടെ ആലോചിക്ക്.” ***

ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. അതിന് അനുസരിച്ച് ദേവുവിന്റെ വയറും വലുതായി കൊണ്ടിരുന്നു. പ്രസവത്തിനു കൂട്ടി കൊണ്ടു പോകണ്ട എന്ന് ഹരി സുജാതയെ അറിയിച്ചിരുന്നെങ്കിലും ചടങ്ങിന് ദേവുവിനെ കൂട്ടി കൊണ്ടു പോകണം എന്ന് സുജാതയും ദിവ്യയും നിർബന്ധം പറഞ്ഞപ്പോൾ സമ്മതിക്കാതിരിക്കാൻ ഹരിയ്ക്ക് കഴിഞ്ഞില്ല. ഒരാഴ്ച അവിടെ നിൽക്കാൻ തയ്യാറായാണ്‌ ദേവു പോയതെങ്കിലും രണ്ടു ദിവസം കഴിയുമ്പോഴേക്കും ഹരി അവളെ കൂട്ടി കൊണ്ടു വരാൻ പറഞ്ഞ് അച്ഛനെയും അമ്മയെയും ശല്യം ചെയ്തു തുടങ്ങി… ***

ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ദേവു ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്. ഹരിയേട്ടൻ എന്ന് ഡിസ്പ്ലേയിൽ പേര് കണ്ടപ്പോൾ അവൾ വേഗം എടുത്തു. “എന്താ ഹരിയേട്ടാ ഉറങ്ങിയില്ലേ? നേരം കുറേ ആയല്ലോ… ” “നീ ഉറങ്ങായിരുന്നോ? ” “ഉം… ഹരിയേട്ടനു ഉറക്കം വരുന്നില്ലേ? ” “നിന്നോടും പാറുക്കുട്ടിയോടും വിശേഷങ്ങൾ ഒക്കെ പറഞ്ഞു കഴിഞ്ഞല്ലേ ഞാൻ ഉറങ്ങാറ്… നാളെ ഇങ്ങോട്ട് വാ ദേവൂ. നീ ഇവിടെ ഇല്ലാതെ എനിക്ക് പറ്റുന്നില്ല. “ഒരാഴ്ച ഞാൻ ഇവിടെ നില്ക്കാം ഹരിയേട്ടാ… അല്ലെങ്കിൽ അമ്മ എന്തു വിചാരിക്കും.” “നിനക്ക് നാളെ വരാൻ പറ്റുമോ? ” …… “ദേവൂ പ്ലീസ്… ” “എന്നാൽ ഹരിയേട്ടൻ നാളെ വാ… എന്നിട്ട് അമ്മയോട് പറഞ്ഞിട്ട് കൊണ്ട് പൊയ്ക്കോ എന്നെ. ” “ഞാൻ വരണോ ദേവു… ” “പിന്നെ ഞാൻ എങ്ങനെയാ വരുന്നത്? ”

“അച്ഛനും അമ്മയും വരും… ” “ഉം…” “എടി ഉണ്ടക്കണ്ണി… എനിക്ക് തീരെ പറ്റാത്തോണ്ടാ… ഞാൻ രണ്ടു ദിവസം കൂടി അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിച്ചു നോക്കണോ? ” “വേണ്ട. ഞാൻ വരാണ്… ” “എന്നാൽ ഉറങ്ങിക്കോ.. ഗുഡ് നൈറ്റ്… ” “ഗുഡ് നൈറ്റ്‌… ” അങ്ങനെ പിറ്റേ ദിവസം സുജാതയോട് അനുവാദം വാങ്ങി അമ്മയും അച്ഛനും കൂടി പോയി ദേവുവിനെ കൂട്ടി കൊണ്ടു വന്നു. *** വാതിലിൽ ഉറക്കെ തട്ടുന്ന ശബ്ദം കേട്ടാണ് ഹരിയും ദേവുവും എഴുന്നേറ്റത്… ഹരി പോയി വാതിൽ തുറന്നപ്പോൾ മനുവേട്ടൻ ആയിരുന്നു. “ഹരീ… വേഗം വാ. ഹരിതയ്ക്ക് വയ്യാതെ ഹോസ്പിറ്റലിൽ കൊണ്ടു പോയെന്ന്. നികേഷ് ഇപ്പോൾ വിളിച്ചിരുന്നു. ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും കുറേ വെള്ളം പോയിരുന്നു എന്ന്. നീ വേഗം വാ…”

ഹരിയും മനുവും അച്ഛനും അമ്മയും കൂടി ഹോസ്പിറ്റലിൽ പോയപ്പോൾ നിഷ ദേവുവിന്റെ അടുത്ത് വന്നിരുന്നു. ദേവുവിന്റെ കാലിൽ നന്നായി നീര് ഉണ്ടായിരുന്നു. അവൾ കാല് തൂക്കിയിട്ട് ഇരിക്കുന്നത് കണ്ടപ്പോൾ നിഷ അവളുടെ കാൽ എടുത്തു സ്റ്റൂളിലേക്ക് കയറ്റി വെച്ചു. “ഏട്ടത്തി… അവൾക്കും കുഞ്ഞിനും കുഴപ്പം ഒന്നും ഉണ്ടാകില്ലല്ലോ. ” ദേവു പേടിയോടെ തിരക്കി. “ഒന്നും ഉണ്ടാകില്ല. എനിക്കും ഇങ്ങനെയൊക്കെ ആയിരുന്നു. എന്നിട്ട് നോർമൽ ഡെലിവറി ആയിരുന്നല്ലോ.” “ഏട്ടത്തി എനിക്ക് എന്താണാവോ ചെറുതായി പേടിയൊക്കെ തോന്നുന്നുണ്ട്.” “ആവശ്യമില്ലാത്ത ഒന്നും ഓർക്കേണ്ട. സ്കാനിങ്ങിൽ ഒന്നും ഒരു കുഴപ്പവും ഇല്ലല്ലോ. പിന്നെ എന്താ… ” “ഒന്നും ഇല്ല. എന്നാലും എന്തെങ്കിലും പറ്റുമോ എന്നൊക്കെ തോന്നാണ് ഏട്ടത്തി.” “നീ ഇങ്ങനെയൊന്നും ഹരിയോട് പറയാൻ നിൽക്കല്ലേ.

വെറുതെ അവനെ കൂടി പേടിപ്പിക്കാൻ. ഞാൻ അമ്മുക്കുട്ടിയെ ഒന്ന് നോക്കിയിട്ട് വരാം.” “ഉം…” ഏട്ടത്തി പോയപ്പോൾ ദേവു വയറിൽ കൈ ചേർത്ത് വെച്ചു… *** “പാറുക്കുട്ടി നിന്റെ രണ്ടാമത്തെ ഏട്ടനും വന്നൂട്ടോ… വേഗം ഇങ്ങു വാ… അച്ഛന് നിന്നെ കാണാൻ കൊതിയായി…” പാറുക്കുട്ടി അനങ്ങുന്നത് കണ്ടപ്പോൾ ഹരി സ്നേഹത്തോടെ ചുംബിച്ചു. അവന്റെ മുടിയിഴകളിൽ തലോടി ദേവു ബെഡിൽ ചാരി ഇരുന്നു. “ദേവൂ… പ്രസവം കഴിഞ്ഞു ഇങ്ങോട്ട് വന്നാൽ മതീട്ടോ?” …… “നീ എന്താടീ ഒന്നും പറയാത്തെ? ” “എല്ലാവരും കൂടി എന്താണോ തീരുമാനിക്കുന്നത്. അങ്ങനെ ചെയ്യാം ഹരിയേട്ടാ… ” “ഉം… ഇനി നിന്റെ അമ്മ സമ്മതിച്ചില്ലെങ്കിൽ എന്തു ചെയ്യണം എന്നെനിക്ക് അറിയാം.” “എന്താ?” “ഞാനും കൂടി നിന്റെ കൂടെ വന്നു നിൽക്കും.”

“ഇപ്പോൾ തന്നെ എല്ലാവരും ഓരോന്നു പറഞ്ഞു കളിയാക്കുന്നുണ്ട്. ഇനി അവിടെ വന്നു നിന്നാൽ മനുവേട്ടനും ചാരുവും എല്ലാം ഹരിയേട്ടനെ കളിയാക്കി കൊല്ലും…” “അതു ഞങ്ങൾ അങ്ങ് സഹിച്ചു അല്ലേ പാറുക്കുട്ടി…” അവൻ അവളുടെ വയറിൽ മുഖം ചേർത്തു വെച്ചു പറഞ്ഞു. *** ഓഫീസിൽ ഇരിക്കുമ്പോഴാണ് ദേവുവിനെ വേദന കൂടി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുകയാണ് വേഗം ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞ് അച്ഛന്റെ ഫോൺ വന്നത്… ഹരിയ്ക്ക് ആകെ ടെൻഷൻ തോന്നി. കാറിന്റെ കീയും ഫോണും എടുത്ത് വേഗം വല്യച്ഛന്റെ കാബിനിലേക്ക് ചെന്നു. വല്യച്ഛനോട്‌ വിവരങ്ങൾ പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു. അവന്റെ പരവേശം കണ്ട് വല്യച്ഛൻ കൂടെ വരാം എന്ന് പറഞ്ഞു.

ഹോസ്പിറ്റലിൽ എത്തുന്നതിന് മുൻപേ ദേവുവിനെ ലേബർ റൂമിൽ കയറ്റി എന്ന് പറഞ്ഞ് അമ്മ ഫോൺ ചെയ്തു. അമ്മയുടെ അടുത്ത് എത്തുമ്പോഴേക്കും ഹരി ടെൻഷൻ അടിച്ച് ഒരു വിധം ആയിരുന്നു. മനുവും അച്ഛനും അമ്മയും എല്ലാം സമാധാനത്തോടെ ഇരിക്കാൻ പറയുന്നുണ്ടെങ്കിലും ദേവുവിനെയും പാറുക്കുട്ടിയേയും കാണാതെ തനിക്കു ആശ്വാസം കിട്ടില്ലെന്ന്‌ ഹരിയ്ക്ക് അറിയാമായിരുന്നു. സമയം കടന്നു പോകും തോറും അവന്റെ ഹൃദയമിടിപ്പ് കൂടി വന്നു. ഇടയ്ക്കു നോട്ടം ലേബർ റൂമിന്റെ ഡോറിനു നേരെ പായും. കുറച്ച് കഴിഞ്ഞപ്പോൾ സുജാതയും ഗിരിയും എത്തി…….. തുടരും

പാദസരം : ഭാഗം 17

Share this story