ഹരി ചന്ദനം: ഭാഗം 51

ഹരി ചന്ദനം: ഭാഗം 51

എഴുത്തുകാരി: ശ്രുതി കൃഷ്ണ

രാത്രിയിൽ വീടിന്റെ ബാൽക്കണിയിലിരുന്നു ഫോണിൽ കുഞ്ഞിന്റെ ഫോട്ടോസ് നോക്കിയിരിയ്ക്കുമ്പോളാണ് ഒരു അൺനോൺ നമ്പറിൽ നിന്നുള്ള “Hi” എന്നൊരു വാട്സ്ആപ്പ് മെസ്സേജ് കിച്ചുവിന് വരുന്നത്. പതിവുപോലെ റിപ്ലൈ കൊടുക്കാതെ തന്നെ അത് സീൻ ആക്കി ഒഴിവാക്കി വിട്ടു. ഉടൻ തന്നെ “ഹലോ മാഷേ….”എന്നൊരു മെസ്സേജിനൊപ്പം ആ ഫോണിൽ നിന്നും കാൾ കൂടി വരാൻ തുടങ്ങിയതോടെ ആരാണെന്നറിയാനുള്ള ആകാംഷയിൽ പതിയെ ഫോൺ എടുത്തു. “ഹലോ ” മറുപുറത്ത് നിന്ന് പരിചയമുള്ള ഒരു പെൺശബ്ദം കേട്ടപ്പോൾ അതാരാണെന്നുള്ള ചിന്തയാണ് അവന്റെ മനസ്സിലൂടെ ആദ്യം കടന്നു പോയത്. “ഹലോ?” മറുപുറത്ത് നിന്ന് വീണ്ടും ശബ്ദം കേട്ടതും അവൻ അല്പം ഗൗരവത്തിൽ തന്നെ ചോദിച്ചു. “നിങ്ങൾ ആരാണ്?”

“എന്റമ്മോ…. എന്തൊരു ജാടയാ ഡോക്ടറെ…..” “ഇത് പറയാനാണോ ഇപ്പോൾ വിളിച്ചത്?” അവൻ ഈർഷ്യയോടെ ചോദിച്ചപ്പോൾ മറുപുറത്ത് അടക്കിപ്പിടിച്ച ചിരി കേൾക്കാമായിരുന്നു. “ഞാൻ ഡോക്ടറുടെ ഒരു ആരാധികയാണ്….” അത് കൂടി കേട്ടതോടെ കിച്ചുവിന് വല്ലാതെ കലികയറി. “ദേ പാതിരായ്ക്ക് വിളിച്ച് അനാവശ്യം പറഞ്ഞാൽ പെണ്ണാണെന്നൊന്നും ഞാൻ നോക്കില്ല….” അവൻ അത്ര ദേഷ്യത്തോടെ പറഞ്ഞിട്ടും മറുപുറത്ത് നിന്ന് ചിരി വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു. “ശെടാ…. ഇത്രേം ഹൈ ബിപി ഉള്ള ഡോക്ടർ എങ്ങനെയാ പേഷ്യൻസിനെ ഓക്കേ കാര്യമായി നോക്കുന്നത്…” “അതൊക്കെ ഇനി നിന്നോട് വിശദീകരിക്കണോ? എന്തെങ്കിലും അത്യാവശ്യത്തിനു വിളിച്ചതാണെങ്കിൽ സ്വൊയം പരിചയപ്പെടുത്തി…. ആവശ്യം എന്താണെന്ന് പറയാം. അതാണ്‌ മാന്യത.

അല്ലാതെ പാതിരാത്രി വിളിച്ച് മനുഷ്യന്റെ മെക്കിട്ട് കേറുകയല്ല വേണ്ടത്.” “ഓഹോ…. ഡോക്ടർ പറഞ്ഞ സ്ഥിതിക്ക് ഞാൻ ഡീസന്റ് ആവാം. പിന്നെ എന്നെ പരിയായപ്പെടുത്തുന്നതിനു മുൻപ് ആവശ്യം പറയാം അതാവുമ്പോൾ കൂടുതൽ വിശദീകരണം വേണ്ടി വരില്ല.” “മ്മ്മ്മ്…. എങ്കിൽ പറയു..” “വേറൊന്നും വേണ്ടാ…ക്ഷമിച്ചു എന്നൊരു വാക്ക് അത് മാത്രം മതി. ശെരിക്കും കുറ്റബോധം കൊണ്ട് ഉറക്കം വരാഞ്ഞിട്ടാ…. പ്ലീസ്…” “നീ ചാരുവാണോ?” “ആഹാ….കൊള്ളാല്ലോ…. ഞാൻ പറഞ്ഞില്ലേ ആവശ്യം അറിഞ്ഞാൽ ആളെ പിടികിട്ടുമെന്ന്…” “നിനക്ക് എന്റെ നമ്പർ എവിടുന്നു കിട്ടി?” “ആഹ്…. ആവശ്യം എന്റേതായി പോയില്ലേ? ചന്തുവിന്റെ കയ്യിന്ന് ഒപ്പിച്ചു….” “മ്മ്മ് ” “എന്നാൽ പിന്നേ വേഗം പറഞ്ഞാട്ടെ….

എന്നിട്ട് വേണം മനസ്സമാദാനമായി കിടന്നുറങ്ങാൻ…” “എന്ത് പറയാൻ….?” “ക്ഷമിച്ചു എന്ന്….” “ഇല്ലെങ്കിൽ നിനക്ക് ഉറക്കം വരില്ലല്ലോ അല്ലേ?” “ഇല്ലെന്നേ….” “എങ്കിൽ പിന്നേ നീ ഉറങ്ങണ്ട.നീയെന്താ അന്ന് പറഞ്ഞത് ഒന്ന് പൊട്ടിച്ചിട്ടേ ആരോടും ക്ഷമിക്കാറുള്ളൂ എന്ന് അല്ലേ. ഞാനും ഏകദേശം അങ്ങാനാണെന്ന് കൂട്ടിക്കോ. എന്നെ തല്ലിയവർക്ക്‌ തിരിച്ചെന്തെങ്കിലും പണി കൊടുത്തിട്ടെ ഞാനും ക്ഷമിക്കാറുള്ളൂ….” അവൻ വീറോടെ പറഞ്ഞു നിർത്തിയതും മറുപുറത്ത് ആള് നിശബ്ദയായതിനൊപ്പം പെട്ടന്ന് കാൾ കട്ടായി.ചാരു പിണങ്ങിയെന്ന് തോന്നിയപ്പോൾ അവന് സത്യം പറഞ്ഞാൽ ചിരി വരുന്നുണ്ടായിരുന്നു.വെറുതെ അവളുടെ വാട്സ്ആപ്പ് ഡിപി എടുത്ത് കുഞ്ഞിനൊപ്പം അവളും ചന്തുവും ചിരിച്ചു നിൽക്കുന്ന ഫോട്ടോ അവൻ ഇത്തിരി നേരം നോക്കി നിന്നു. **

രാത്രി H.P യോട് ചേർന്നു കിടക്കുമ്പോൾ വളരെ സന്തോഷത്തിലായിരുന്നു ഞാൻ.ഒരു കൈ കൊണ്ട് ആളെന്നെ ചേർത്തു പിടിച്ച് മുടിയിൽ തലോടുന്നതിനൊപ്പം മറുകൈകൊണ്ട് ബെഡിന്റെ സൈഡിലായി തൊട്ടിലിൽ കിടന്നുറങ്ങുന്ന മോളേ പതിയെ കൈനീട്ടി ആട്ടിക്കൊടുക്കുന്നുമുണ്ട്. “അതേ…. മോളുടെ നൂല് കെട്ട് ചടങ്ങ് എന്റെ വീട്ടിൽ നിന്നു നടത്തമെന്നാ പപ്പാ പറയുന്നത്. രണ്ട് ദിവസം കഴിഞ്ഞ് പപ്പാ തിരിച്ചു പോവുമ്പോൾ കൂടെ ചെല്ലാമോ എന്ന് ചോദിച്ചു. ബാക്കിയൊക്കെ നാട്ടുനടപ്പനുസരിച്ചു ചെയ്യാമെന്ന്.” “എന്നിട്ട് നീയെന്തു പറഞ്ഞു?” “ഹരിയേട്ടനോട് ചോദിച്ചിട്ട് പറയാമെന്നു പറഞ്ഞു.ഞാൻ എന്ത് പറയണം?” “നിനക്ക് പോണമെന്നുണ്ടോ?”

ആളെന്റെ കണ്ണുകളിലേക്ക് ചോദിച്ചപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് ഒന്നൂടി ചേർന്നു കിടന്ന് ഇറുകെ പുണർന്നു. “എവിടെയായിരുന്നാലും എനിക്ക് ഒരുപോലെയാ…. പക്ഷെ എന്റെ കൂടെ എപ്പോഴും എല്ലാരും ഉണ്ടായാൽ മതി. ഇടയ്ക്കെന്നെ ഉപേക്ഷിച്ചു കടന്നുകളയാതിരുന്നാൽ മതി.” ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും ഇടയ്ക്കെപ്പോഴോ കണ്ണ് നിറഞ്ഞിരുന്നു. അത് മനസ്സിലാക്കിയെന്ന പോലെ ആളും എനിക്ക് നേരെ തിരിഞ്ഞു കിടന്നു. “എനിക്കും വയ്യാ… നിങ്ങളെ ഇനി പിരിയാൻ. പപ്പയോടും മാമയോടും എല്ലാർക്കും കൂടി ഇവിടെ നിൽക്കാമെന്ന് പറ.” “ആഹ്… നടന്നത് തന്നെ.യു എസിൽ നിന്ന് തിരിച്ചു വന്ന ഉടനെ ഇവിടെ നിൽക്കാൻ തന്നെ സമ്മതിച്ചത് ഞാൻ നിർബന്ധിച്ചിട്ടും മോളേ കണ്ടതുകൊണ്ടുമാ…മമ്മയുടെ ഓർമകളുള്ള ആ വീട് വിട്ട് അധിക ദിവസം പപ്പയ്ക്ക് മാറി നിൽക്കാൻ കഴിയില്ല.

ചികിത്സയ്ക്ക് പോകാൻ തന്നെ എത്ര നിർബന്ധിച്ചിട്ടാണെന്നോ സമ്മതിച്ചത്. അതും ഞാൻ കല്യാണത്തിനു സമ്മതിക്കാമെന്ന ഒറ്റ ധാരണയിൽ.” “അതേതായാലും നന്നായി…അതുകൊണ്ട് നിനക്ക് നിനക്ക് എന്നെ പോലെ ഒരടിപൊളി ഭർത്താവിനെ കിട്ടിയില്ലേ…” മീശപിരിച്ചു ചിരിയോടെ ചോദിച്ചപ്പോൾ ഞാൻ കപടദേഷ്യം മുഖത്ത് വരുത്തി ഒന്ന് കണ്ണുരുട്ടി നോക്കിയിട്ട് പതിയെ തിരിഞ്ഞു കിടന്നു. “ഉവ്വ…അടിപൊളി ഭർത്താവിന്റെ കഥകളൊന്നും പറയാത്തതാ ബേധം ” ഞാൻ ഇത്തിരി ഉച്ചത്തിൽ പറഞ്ഞപ്പോൾ ആളുടെ അടുക്കിപ്പിടിച്ച ചിരിക്കൊപ്പം ആ കൈകൾ പുറകിലൂടെ വന്നെന്നെ പുണർന്നിരുന്നു. “ഇനി നൂലുകെട്ടിനു പത്ത് ദിവസം കൂടിയേ ഉള്ളല്ലേ?” “മ്മ്മ്…പപ്പാ പ്രതീക്ഷയോടെയാ ചോദിച്ചത്.ഒന്നും മറുത്തു പറയാൻ തോന്നിയില്ല.” “ഒരു കാര്യം ചെയ്യാം..

നൂല് കെട്ട് പപ്പയുടെ ആഗ്രഹം പോലെ അവിടുന്ന് തന്നെയാക്കാം…. പക്ഷെ അവിടെ താമസിക്കാൻ വാശിപിടിക്കരുത്.ശെരിക്കും നിങ്ങളെ പിരിയാൻ വയ്യാത്തോണ്ടാ…” “മ്മ്മ്മ്… ഞാൻ പറയാം. പിന്നേ….. ദിയ… അവളെ കൂട്ടിക്കൊണ്ട് വരേണ്ടെ? ഡെലിവറി ഡേറ്റ് ആവാറായി കാണില്ലേ?” “മ്മ്മ്… ഞാൻ നിർബന്ധിക്കുന്നുണ്ട്. പക്ഷെ കിച്ചുവിന്റെ കാര്യത്തിൽ അവൾ ഒരേ വാശിയിലാ… കിച്ചുവുമായി കാര്യമായിട്ടൊന്നു ആലോചിക്കണം.” ആള് ഇത്തിരി നേരം എന്തോ ആലോചിച്ചു പിന്നേ പതിയെ എണീറ്റിരുന്നു.. “മോൾക്ക്‌ പേര് കണ്ട് പിടിക്കണ്ടേ ചന്തൂ… നിന്റെ മനസ്സിലെന്തെങ്കിലും ഉണ്ടോ?” “അതോർത്ത് കുഞ്ഞിന്റെ അച്ഛൻ തല പുകയ്ക്കണ്ട. പേരൊക്കെ ഞാൻ കണ്ടു വച്ചിട്ടുണ്ട്….” “എങ്കിൽ പറ കേൾക്കട്ടെ…

കുഞ്ഞിന്റെ അമ്മേടെ സെലെക്ഷൻ കൊള്ളാവോന്നു അറിയണമല്ലോ…” “നോ…. ഇപ്പോൾ പറയില്ല.10 ദിവസം കൂടി വെയിറ്റ് ചെയ്യൂ. അന്ന് പറഞ്ഞു തരാം. അത് വരെ സസ്പെൻസ്…” ഞങ്ങളുടെ ചർച്ചകളൊക്കെ അവസാനിപ്പിച്ചപ്പോളേക്കും കുഞ്ഞുണർന്നു കരയാൻ തുടങ്ങി. ഞാൻ പതിയെ എഴുന്നേൽക്കാൻ തുടങ്ങിയതും H.P എന്നെ തടഞ്ഞു. കുഞ്ഞിനെ തൊട്ടിലിൽ നിന്നുമെടുത്ത് പതിയെ മുറിയിലൂടെ നടന്ന് ആട്ടിയുറക്കുന്നുണ്ടായിരുന്നു. ഈയിടെയായി അതൊരു പതിവ് കാഴ്ചയാണെങ്കിൽ കൂടി കണ്ടിട്ടും കണ്ടിട്ടും മതിവരാത്തത് പോലെ ചെറുപുഞ്ചിരിയോടെ ഞാനതും നോക്കി കിടന്നു. *

രാവിലെ ഹോസ്പിറ്റലിലേക്ക് ഇറങ്ങുന്നതിനിടയ്ക്കാണ് H.P യുടെ കാൾ കിച്ചുവിനെ തേടിയെത്തിയത്. “ആഹ്…. ഏട്ടാ എന്താ രാവിലെ തന്നെ വിളിക്കുന്നത്‌? എന്തെങ്കിലും പ്രശ്നം ഉണ്ടോ?” അവൻ പരിഭ്രമത്തോടെ ചോദിച്ചപ്പോൾ മറുപുറത്ത് H. P ചിരിക്കുന്നുണ്ടായിരുന്നു. “ഒന്നുമില്ല കിച്ചൂ….ദിയയുടെ ചെക്ക് അപ്പ് അടുക്കാറായി. അത് ഓർമിപ്പിക്കാൻ വിളിച്ചതാ.ഡെലിവറി ഡേറ്റ് കറക്റ്റ് ആയി അന്ന് പറയാമെന്നാ അന്നവർ പറഞ്ഞത്.എനിക്ക് വരാൻ പറ്റില്ലെന്ന് നിനക്കറിയാല്ലോ…” “എനിക്കോർമ്മയുണ്ട് ഏട്ടാ… നാളെ ലീവ് എടുത്തോളാം….” “പിന്നേ…. അവളെ നാട്ടിലേക്ക് കൊണ്ടു വന്നൂടെ?

ഇവിടെയാകുമ്പോൾ എല്ലാവരും ഇല്ലേ… അവൾക്കതൊരു ആശ്വാസവുമാകും. പിന്നേ മോളുടെ നൂല് കെട്ട് ചടങ്ങ് ഇങ്ങടുത്തല്ലോ… ചന്തുവിന്റെ വീട്ടിൽ വയ്ച്ചു നടത്താനാ തീരുമാനം.” “അത് നന്നായി ഏട്ടാ…. അവളോട് വിളിക്കുമ്പോളൊക്കെ നാട്ടിലേക്ക് പോവുന്ന കാര്യം ഞാൻ സൂചിപ്പിക്കുന്നുണ്ട്. പക്ഷെ കേൾക്കണ്ടേ…അവള് എടുത്ത തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുവാ….ഇനി അങ്ങനെ വിട്ടാൽ പറ്റില്ല.നൂല് കെട്ട് ചടങ്ങിന് അവൾ അവിടെ എത്തിയിരിക്കും…. ഏട്ടൻ നോക്കിക്കോ… അതെന്റേം വാശിയാ….” കാൾ കട്ട്‌ ചെയ്തു ഒന്ന് ദീർഘനിശ്വാസം വലിച്ചെടുത്തപ്പോളേക്കും ഫോണിൽ തുരുതുരാ മെസ്സേജ് വരാൻ തുടങ്ങി.പതിവുപോലെ മെസ്സേജ് സീനാക്കിയെങ്കിലും റിപ്ലൈ കൊടുക്കാതെ ഒരു ചിരിയോടെ അവൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു. *

അവസാനത്തെ ചെക്ക് അപ്പ് കഴിഞ്ഞു ദിയയെ തിരികെ ഹോസ്റ്റലിൽ വിടാൻ നേരമാണ് ഇടതടവില്ലാതെ ഫോണിൽ മെസ്സേജിന്റെ സൗണ്ട് കേട്ടുകൊണ്ടിരുന്നത്.ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി കിടക്കുമ്പോൾ ആളാരായിരിക്കുമെന്ന് അറിയാമായിരുന്നിട്ടു കൂടി അവൻ വെറുതെ ഫോണെടുത്തു നോക്കി ചിരിയ്ക്കുന്നുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ ദിയയുടെ ശ്രദ്ധയും അവന്റെ ആ പ്രവർത്തിയിലേക്ക് നീണ്ടു.കിച്ചുവിന്റെ ഫോണിൽ നോക്കിയുള്ള ചിരി കാൺകെ വല്ലാത്തൊരു ആകാംഷ ദിയയിലും ഉണ്ടായിരുന്നു.ട്രാഫിക് നീങ്ങിയപ്പോൾ ഫോൺ തിരികെ വയ്ച്ചു തല ചെരിച്ചു നോക്കുമ്പോൾ കണ്ണിമയ്ക്കാതെ അവനെ തന്നെ നോക്കിയിരിക്കുന്ന ദിയയെയാണ് കണ്ടത്. എന്താ ദിയാ….

എന്തെങ്കിലും അസ്വസ്ഥത ഉണ്ടോ? എന്തെങ്കിലും കഴിക്കണോ? ” പരിഭ്രമത്തോടെ കിച്ചു തന്നെ നോക്കി ചോദിക്കുന്നത് കണ്ടപ്പോൾ ദിയ പതിയെ നോട്ടം മാറ്റി പുറത്തെ കാഴ്ചകളിലേക്ക് കണ്ണയച്ചു. “വേണ്ടാ…. കിച്ചുവിട്ടാ…ഞാൻ വെറുതെ… എനിക്ക് കുഴപ്പമൊന്നും ഇല്ല.” ചമ്മലോടെ വിക്കി വിക്കി അവൾ പറഞ്ഞപ്പോൾ അവൻ ഒന്നമർത്തി മൂളി. “അല്ല… എന്നിട്ടെന്താ നിന്റെ തീരുമാനം? ഇവിടെ തന്നെ കഴിയാനാണോ? മോളുടെ നൂല് കെട്ട് ചടങ്ങിനും വരുന്നില്ലേ?” “നാട്ടിൽ വരാൻ ആഗ്രഹമൊക്കെ ഉണ്ട്. ഏടത്തിയും ഏട്ടനും വിളിച്ച് സംസാരിച്ചിരുന്നു.പക്ഷെ….” അവൾ പാതിയിൽ പറഞ്ഞു നിർത്തി കിച്ചുവിനെ നോക്കി. “എങ്കിൽ പിന്നെ നിന്റെ ആഗ്രഹമൊന്നും അടക്കിപ്പിടിച്ചിരിക്കണ്ട.നാളെ രാവിലെ ഞാൻ പിക്ക് ചെയ്യാൻ വരും.

റെഡി ആയി നിന്നോളൂ…” “ഇല്ല… കിച്ചുവിട്ടാ…ഞാൻ വിചാരിച്ചത് ആദ്യം നടക്കട്ടെ. എന്നിട്ടേ ഞാൻ വരുന്നുള്ളൂ…” “അത് തന്നെയാ ഞാനും പറഞ്ഞത്.നാളെ റെഡി ആയി നിന്നോ. നിന്നെ കാണാൻ ഒരു സ്പെഷ്യൽ പേർസണൽ കൂടി എന്നോടൊപ്പം വരുന്നതായിരിക്കും.” കിച്ചു ചിരിയോടെ അവളെ നോക്കി കണ്ണിറുക്കി പറഞ്ഞതും അവൾ ഒന്നും മനസ്സിലാവാത്ത പോലെ അവനെ നോക്കി.അവളെ ഹോസ്റ്റലിൽ ഇറക്കി വിട്ട് അവൾ നടന്നകലുന്നത് നോക്കി നിൽക്കെ അവനെ തേടി ഒരു കാൾ വന്നിരുന്നു.പുഞ്ചിരിയോടെ കാൾ അറ്റൻഡ് ചെയ്തു സംസാരിക്കുമ്പോളും അവന്റെ കണ്ണുകൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി നടന്നകലുന്ന ദിയയിൽ ആയിരുന്നു. *

രാത്രിയിൽ ഹോസ്റ്റൽ മുറിയിൽ വെറുതെ കിടക്കുകയായിരുന്നു ദിയ.വീക് എൻഡ് പ്രമാണിച്ച് റൂം മേറ്റ്സ് ഓക്കേ നാട്ടിൽ പോയിരുന്നതിനാൽ അവൾക്ക് വല്ലാതെ ഒറ്റപ്പെട്ടത് പോലെ തോന്നി. ഓരോന്ന് ആലോചിച്ചിരിക്കുമ്പോൾ ഫോണിലെ മെസ്സേജ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടാണ് അവൾ എഴുന്നേറ്റ് ഫോണെടുത്തത്.ലോക്ക് നീക്കി ഫോൺ തുറന്നപ്പോൾ കിച്ചുവിന്റെ മെസ്സേജ് വന്ന് കിടപ്പുണ്ടായിരുന്നു. “മറക്കണ്ട.. നാളെ മോർണിംഗ്… പിക്ക് ചെയ്യാൻ ഞങ്ങൾ വരും.” ആ വരികളിലൂടെ കണ്ണോടിക്കുമ്പോൾ അവളുടെ മനസ്സ് വല്ലാത്ത ആസ്വസ്ഥതയിൽ ആയിരുന്നു. ആരായിരിക്കും കിച്ചുവിന്റെ കൂടെ വരാൻ പോകുന്നത് എന്നവൾക്ക് ഒരു ഊഹവും ഇല്ലായിരുന്നു.

പാക്ക് ചെയ്തു നാട്ടിലേക്ക് പോവാൻ റെഡി ആയി നിൽക്കാൻ പറഞ്ഞെങ്കിൽ ഉറപ്പായിട്ടും തന്റെ കണ്ടിഷൻ കിച്ചുവേട്ടൻ അംഗീകരിച്ചിട്ടുണ്ടാവില്ലേ എന്നവൾ സ്വൊയം ചോദിച്ചു.കിച്ചുവേട്ടൻ മറ്റൊരു ജീവിതത്തിനു തയ്യാറെടുത്തു കഴിഞ്ഞു എന്ന ചിന്ത എന്തിനോ അവളെ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നു. മനസ്സിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെടുന്നതിനൊപ്പം കണ്ണുകളും നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.ഇടയ്ക്കതെപ്പോഴോ കരച്ചിലിന്റെ ശക്തി കൂടി വന്നതിനൊപ്പം തന്റെ വീർത്തുന്തിയ വയർ ഇറുകെ പിടിച്ച് അവൾ നിലത്തേക്ക് ഊർന്നിരുന്നു. തലേ ദിവസം പറഞ്ഞത് പോലെ രാവിലെ തന്നെ ദിയയെ പിക്ക് ചെയ്യാൻ കിച്ചു എത്തിയിരുന്നു. ബാഗ് ഓക്കേ പാക്ക് ചെയ്തു റെഡി ആയി നിൽക്കുന്ന അവളുടെ മുഖത്തെ തെളിച്ചമില്ലായ്മ കിച്ചുവും ശ്രദ്ധിച്ചു.

“എന്താ നിനക്ക് സുഖമില്ലേ മുഖമൊക്കെ വീങ്ങിയിരിക്കുന്നു?” അവൻ സംശയത്തോടെ ചോദിച്ചപ്പോൾ എന്ത് പറയണമെന്നറിയാതെ അവളൊന്നു പരുങ്ങി. “അത്…പിന്നേ കിച്ചുവേട്ടാ ഇന്നലെ ഹോസ്പിറ്റലിൽ പോയി വന്നപ്പോൾ മുതൽ നല്ല തലവേദന ആയിരുന്നു.അതിന്റെയാ….” “മ്മ്മ്…” അവളുടെ ഉത്തരരത്തിനു മറുപടിയെന്നോണം അവനൊന്നമർത്തി മൂളി.ശേഷം അവളുടെ ബാഗ് എടുക്കാൻ തുനിഞ്ഞതും അവന്റെ കയ്യിൽ അവളുടെ പിടിത്തം വീണിരുന്നു.തലയുയർത്തി നോക്കുമ്പോൾ അവളുടെ സംശയഭാവത്തോടെയുള്ള മുഖം കണ്ട് അവൻ കാര്യം മനസ്സിലായത് പോലെ അവന്റെ കയ്യിലെ അവളുടെ പിടി വിടുവിച്ചു.ശേഷം കാറിനടുത്തേക്ക് നടന്ന് വണ്ടിയ്ക്കുള്ളിൽ നിന്ന് എന്തോ പേപ്പർ എടുക്കുന്നതിനൊപ്പം കോ ഡ്രൈവർ സീറ്റിൽ നിന്നും ആരെയോ പിടിച്ചിറക്കുന്നുണ്ടായിരുന്നു.

അവന്റെ കൂടെ ചിരിയോടെ കടന്നുവരുന്ന ചാരുവിന്റെ മുഖം കാൺകെ ഒരു നിമിഷം അവൾ അതിശയിച്ചു.ചാരുവിനെ ദിയയുടെ മുൻപിൽ കൊണ്ടു നിർത്തിയതിനൊപ്പം അവന്റെ കയ്യിലുള്ള പേപ്പർ കൂടി അവൾക്കു നേരെ നീട്ടുമ്പോൾ അവൾ നടക്കുന്നതെന്തെന്നറിയാതെ ഉഴറി. “ഇതാ….. ദിയ… ഇതാണ് ചാരു. നിനക്കറിയാല്ലോ അല്ലേ… നീ പറഞ്ഞപോലെ ഞാൻ നല്ലൊരു പെൺകുട്ടിയെ കണ്ടു പിടിച് നിന്റെ ആഗ്രഹം സഫലമാക്കി തന്നിരിക്കുന്നു. ഇനി ദാ ഈ പേപ്പറിൽ കൂടി ഐശ്വര്യമായി ഒപ്പിട്ട് കാറിൽ കയറി ഇരിക്ക്.” പേപ്പറിന്റെ കൂടെ പോക്കറ്റിൽ നിന്ന് ഒരു പെൻ കൂടിയെടുത്ത് അവൾക്ക് നേരെ നീട്ടുമ്പോൾ അവളാ പേപ്പറിലേക്കും അവന്റെ മുഖത്തെക്കും സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു.

“ഡിവോഴ്സ് നോട്ടീസ് ആണ്….” അവൻ പറഞ്ഞപ്പോൾ ഒരു മിന്നൽ പിണർ ശരീരത്തിലൂടെ കടന്നു പോകുന്നതായി തോന്നിയവൾക്കു. ഒപ്പം വീണു പോവാതിരിക്കാൻ ഒരാശ്രയമെന്നോണം അടുത്തുള്ള ഭീതിയിലേക്ക് ചാരി നിന്നു.ഒരു നിമിഷം ആ നിൽപ്പ് തുടർന്ന് വിറയ്ക്കുന്ന കൈകളോടെ പതിയെ ആ പേപ്പർ കിച്ചുവിൽ നിന്ന് ഏറ്റുവാങ്ങുന്നതിനൊപ്പം കണ്ണ് കലങ്ങി കാഴ്ച മങ്ങിയിരുന്നു.അടുത്തുള്ള ചെയറിൽ പതിയെ ഇരുന്ന് ഡിവോഴ്സ് നോട്ടീസിൽ ഒപ്പിട്ടു കൊടുക്കുമ്പോൾ ഒരു തുള്ളി കണ്ണുനീർ അവളുടെ കണ്തടത്തിൽ നിന്നും ആ പേപ്പറിലേക്ക് ഊർന്നു വീണു. കിച്ചുവും ചാരുവും അവളെ ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നിയപ്പോൾ വെപ്രാളപ്പെട്ട് കണ്ണ് തുടച്ച് മുഖത്ത് പുഞ്ചിരി വരുത്തി ആ പേപ്പർ തിരിച്ചു കൊടുത്തു.

കിച്ചു ബാഗ് എടുത്ത് വണ്ടിയിലേക്ക് വയ്ക്കുമ്പോൾ ചാരുവിനെ ഫേസ് ചെയ്യാൻ കഴിയാതെ അവൾ വണ്ടിക്കടുത്തേക്കു നീങ്ങി. ആദ്യം മുൻപിലേക്ക് കയറാൻ തുടങ്ങിയപ്പോൾ പെട്ടെന്നെന്തോ ഓർത്തിട്ടെന്ന പോലെ വണ്ടിയുടെ ബാക്ക് ഡോർ തുറന്ന് അകത്തു കയറി കണ്ണടച്ചു സീറ്റിലേക്ക് ചാരിയിരുന്നു. ഇടയ്ക്ക് കിച്ചുവും ചാരുവും ഫ്രണ്ട് സീറ്റുകളിൽ കയറുന്നതും വണ്ടിയ്ക്കുള്ളിൽ നിറഞ്ഞ അവരുടെ കുസൃതി നിറഞ്ഞ സംസാരങ്ങളും അറിഞ്ഞിട്ടും കരച്ചിൽ പിടിച്ചടക്കി അവൾ അതേ ഇരിപ്പ് ഇരുന്നു. ഇടയ്ക്ക് എവിടെയോ വണ്ടി നിർത്തിയപ്പോൾ ചാരുവിന്റെ വിളി കേട്ടാണ് കണ്ണ് തുറന്നത്.ചുറ്റും നോക്കിയപ്പോൾ ചാരു അവളുടെ കോളേജിന് മുൻപിൽ ഇറങ്ങിയിട്ടുണ്ടായിരുന്നു.

“അപ്പോൾ ശെരി കേട്ടോ ദിയ….. ഹാപ്പി ജേർണി.” ചിരിച്ചു കൊണ്ട് ചാരു യാത്ര പറഞ്ഞപ്പോൾ ദിയയും അവളെ നോക്കി ഒരു ചിരി വരുത്തി. “നൂല് കെട്ടിന് വരില്ലേ?” തന്റെ അസ്വസ്ഥത അവരിൽ നിന്നും മറയ്ക്കാൻ ദിയ പുഞ്ചിരിയോടെ ചോദിച്ചപ്പോൾ വരുമെന്ന് ചാരു തലയാട്ടി. “ഞങ്ങള് തലേന്ന് ചന്തുവിന്റെ വീട്ടിൽ എത്തിക്കോളാം. അതുവരെ ക്ലാസ്സ്‌ ഉണ്ട്. ലീവ് എടുത്താൽ അറ്റന്റൻസ് പ്രശ്നമാണ്.” ചിരിച്ചുകൊണ്ട് മറുപടിപറഞ്ഞു രണ്ടാളോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞ് അവൾ കോളേജ് കവാടത്തിലേക്കു കടക്കുമ്പോൾ ആസ്വസ്തമായ മനസ്സോടെ പുറത്തേക്ക് കണ്ണ് നട്ടിരിക്കുകയായിരുന്നു ദിയ. **

ദിയയും കിച്ചുവും നാട്ടിലെത്തുമ്പോൾ സമയം സന്ധ്യയോടടുത്തിരുന്നു. കിച്ചു വിളിച്ചുണർത്തിയപ്പോളാണ് വീടെത്തിയെന്ന് അവൾ അറിഞ്ഞത് തന്നെ.ഇടയ്ക്കുള്ള ഒന്നൊരണ്ടോ ചോദ്യങ്ങൾ ഒഴിച്ചാൽ യാത്രയിലുടനീളം ഇരുവരും അധികം സംസാരമൊന്നും ഇല്ലായിരുന്നു. കൂടാതെ തലേന്ന് ഉറക്കമിളച്ച ക്ഷീണത്തിൽ അധികസമയവും ദിയ മയക്കത്തിൽ തന്നെയായിരുന്നു.വീടിന്റെ ഉമ്മറത്തേക്ക് കയറിചെല്ലുമ്പോൾ തന്നെ അവളെ കാത്തെന്ന പോലെ ചന്തുവും ഹരിയും ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു.ചന്തുവിനെ കണ്ട ഉടനെ കരച്ചിലോടെ ചെന്ന് കെട്ടിപ്പിടിക്കുമ്പോൾ അവളുടെ കുറ്റബോധം മനസ്സിലാക്കിയെന്ന പോലെ ചന്തുവും കരയുന്നുണ്ടായിരുന്നു.

മാപ്പ് പറയലും വിശേഷം ചോദിക്കലും ഓക്കേ കഴിഞ്ഞ് കുഞ്ഞിനെ കാണുമ്പോൾ വല്ലാത്ത ഒരു ആഹ്ലാദം അവളുടെ മുഖത്തുണ്ടായിരുന്നു. പിന്നെയും പിന്നെയും മതി വരാത്തത് പോലെ കുഞ്ഞിനെ നോക്കിയിരിക്കുമ്പോൾ ഇടയ്ക്കെപ്പോഴോ അവളുടെ കൈകൾ സ്വൊന്തം ഉദരത്തെ തഴുകിയിരുന്നു. താഴെ എല്ലാവരോടുമൊത്തു ഒരുമിച്ചിരുന്നു സംസാരിച്ചപ്പോൾ ഉള്ളിലുള്ള ഭാരം ഇത്തിരി കുറഞ്ഞപോലെ തോന്നിയിരുന്നു ദിയയ്ക്ക്.ഇടയ്ക്ക് ഫോൺ വന്നപ്പോൾ സംസാരിച്ചു കൊണ്ട് പുറത്ത് നിൽക്കുന്ന കിച്ചുവിലായിരുന്നു അവളുടെ കണ്ണുകൾ.മനസ്സ് വീണ്ടും അസ്വസ്ഥമായി തുടങ്ങിയപ്പോൾ ക്ഷീണമുണ്ടെന്നു പറഞ്ഞ് പതിയെ മുകളിലേക്ക് കയറി.

തന്റെ റൂം ലക്ഷ്യമാക്കി നടക്കുമ്പോൾ ഇടയ്ക്ക് തന്റേതു കൂടിയായിരുന്ന കിച്ചുവിന്റെ റൂമിലേക്ക്‌ അവൾ വേദനയോടെ നോക്കി.പതിയെ തന്റെ മുറിയിലേക്ക് കയറുമ്പോൾ അവിടത്തെ കാഴ്ചകൾ ശെരിക്കും അവളെ അത്ഭുതപ്പെടുത്തിയിരുന്നു.ഒരു കുഞ്ഞിനെ വരവേൽക്കാനുള്ള എല്ലാ സൗകര്യങ്ങൾ കൊണ്ടും ആ മുറി നിറഞ്ഞിരുന്നു. എല്ലാത്തിലും തൊട്ടു തലോടികാണുമ്പോൾ സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ഇത്തിരി നേരം അവിടെ സ്വസ്ഥമായി ഇരുന്ന് ഇടയ്ക്ക് കിച്ചു വന്ന് വിളിച്ചപ്പോളാണ് വാതിൽ തുറന്നത്.

ദിയയുടെ മുഖം കണ്ടപാടേ കരഞ്ഞത് മനസ്സിലായെന്ന പോലെ അവൻ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു ഒപ്പം അവന്റെ നോട്ടം കണ്ട് അവളുടെ തല താഴ്ന്നു പോയി. “ഞാനേ പറയാൻ മറന്നു നിന്റെ സാധനങ്ങൾ ഓക്കേ താഴെ ഗസ്റ്റ് റൂമിലാണ് വയ്ച്ചിരിക്കുന്നത്. ഈ സമയത്ത് ഇങ്ങനെ പടികൾ കയറിയിറങ്ങേണ്ട.” അത്രയും പറഞ്ഞു കിച്ചു തിരികെ പോയപ്പോൾ ഹോസ്റ്റലിൽ വയ്ച്ചു നടന്ന കാര്യങ്ങൾ വീണ്ടും അവളുടെ ഓർമയിലേക്കെത്തി. പതിയെ താഴെക്കിറങ്ങി ഗസ്റ്റ് റൂമിലേക്ക് ചെന്നു. കുളിക്കാനായി ഷവറിനടിയിൽ നിൽക്കുമ്പോൾ ശബ്ദം പുറത്തേക്കു വരാത്തവിധത്തിൽ വായപൊത്തിപ്പിടിച്ചു പൊട്ടിക്കരയുന്നുണ്ടായിരുന്നു അവൾ.

മനസ്സിലെ ദുഃഖമൊക്കെ കരഞ്ഞു തീർത്തപ്പോൾ കുറച്ച് ആശ്വാസം തോന്നിയവൾക്ക്. പെട്ടന്ന് തന്നെ കുളികഴിഞ്ഞിറങ്ങി. മറ്റാരെങ്കിലും എത്തുന്നതിനു മുൻപേ ഇത്തിരി ഭക്ഷണവും കഴിച്ച് ക്ഷീണമാണെന്ന് പറഞ്ഞ് നേരത്തെ ഉറങ്ങാൻ കിടക്കുമ്പോൾ പലതും വിട്ടുകൊടുക്കാനും തന്റെ വ്യാമോഹങ്ങളെ മുളയിലേ നുള്ളിക്കളയാനും സ്വൊന്തം മനസ്സിനെ പഠിപ്പിക്കുകയായിരുന്നു അവൾ. പിറ്റേന്ന് മുതൽ ഒരു പുതിയ ആളാവാനുള്ള പരിശ്രമത്തിലായിരുന്നു ദിയ. കിച്ചുവിന്റെ സാന്നിധ്യം അസ്വസ്ഥത ഉണ്ടാക്കുന്നതൊഴിച്ചാൽ മറ്റെല്ലാവിധത്തിലും ആ വീട്ടിലെ അന്തരീക്ഷം അവളെ സതോഷവതിയാക്കി തീർത്തു.

എല്ലാവരുടെയും പരിചരണത്തിൽ അവൾ ഉന്മേഷവതിയായിരുന്നു.അവളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്യുന്നതോടൊപ്പം നാട്ടിലെ ഹോസ്പിറ്റലിൽ അവളെ കാണിക്കാനും അതുവരെയുള്ള ട്രീറ്റ്മെന്റ് ഡീറ്റെയിൽസ് നൽകി ഡെലിവറി അവിടെ ഫിക്സ് ചെയ്യാനും അവർ മറന്നില്ല. ******* നൂല് കെട്ടിന്റെ തലേദിവസം വൈകുന്നേരത്തോടെയാണ് എല്ലാവരും എന്റെ വീട്ടിലേക്കു പുറപ്പെട്ടത്.ദിയ ആദ്യമൊക്കെ പിറ്റേന്ന് രാവിലെ വന്നോളാം എന്ന് പറഞ്ഞു ഒഴിഞ്ഞെങ്കിലും എല്ലാരും നിർബന്ധിച്ചപ്പോൾ അവൾ വഴങ്ങി. വീട്ടിലേക്കു കയറി ചെല്ലുമ്പോൾ തന്നെ പപ്പയും ശങ്കുമ്മാമയും ഞങ്ങളെ സ്വീകരിക്കാനെന്നോണം കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

വീടാകെ പന്തലിട്ട് ലൈറ്റും തോരണങ്ങളും ഓക്കേ തൂക്കി അലങ്കരിച്ചിരുന്നു.ഇത്തിരി കഴിഞ്ഞപ്പോൾ ടീച്ചറമ്മയും ചാരുവും ലെച്ചുവും വന്നു. ഒപ്പം നന്ദൻ അങ്കിളും ഫാമിലിയും ഉണ്ടായിരുന്നു. കുഞ്ഞിന്റെ വിവരങ്ങളൊക്കെ അറിയിക്കാൻ വൈകിയതിന്റെ പേരിൽ പല ബന്ധുക്കൾക്കും മുറുമുറുപ്പുണ്ടായിരുന്നു.ആ കാരണത്തിന്റെ പേരിൽ തന്നെ പല ബന്ധുക്കളും ചടങ്ങിന്റെ അന്ന് രാവിലെ മാത്രമേ വരുള്ളൂ എന്ന് അറിയിച്ചിരുന്നു.ശെരിക്കും വീട്ടിൽ അന്നൊരു ഉത്സവപ്രതീതിയായിരുന്നു. കുഞ്ഞിപ്പെണ്ണും ദിയയും ഒഴികെ ബാക്കി എല്ലാവരും സന്തോഷത്തിലാണെന്ന് തോന്നി.കുഞ്ഞിന്റെ അസ്വസ്ഥത വീട്ടിലെ ബഹളം കാരണമാണെങ്കിൽ കൂടി ദിയയുടെ മുഖത്തെ തെളിച്ചമില്ലായ്മയുടെ കാരണം എനിക്ക് അവ്യക്തമായിരുന്നു.

പിറ്റേന്ന് രാവിലെ മുതൽ വല്ലാത്ത തിരക്ക് തന്നെയായിരുന്നു.അതിരാവിലെ മുതൽ തന്നെ ബന്ധുക്കളൊക്കെ വരാൻ തുടങ്ങിയിരുന്നു.വരുന്നവർക്കൊക്കെ കുഞ്ഞിനെ കാണാൻ തിരക്കായതിനാൽ കുഞ്ഞിപ്പെണ്ണിനെ രാവിലെ തന്നെ ഒരുക്കി.വാലിട്ടു കണ്ണെഴുതി പുരികമൊക്കെ കരിമഷി കൊണ്ട് വളച്ചെഴുതി നെറ്റിയിൽ നിന്ന് അൽപ്പം മാറി വലിയ കറുത്ത വട്ടപ്പൊട്ടുകുത്തി.ഹരിയേട്ടൻ സ്പെഷ്യലായി എവിടെ നിന്നോ വാങ്ങിച്ചു കൊണ്ടുവന്ന മയിൽ പീലിയുടെയും ഉണ്ണിക്കണ്ണന്റെയും ചിത്രമുള്ള പട്ടുപാവാടയുടുത്ത് ചുന്ദരിക്കുട്ടിയായി ആള് നല്ല ചേലിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു.എല്ലാവരും വന്ന് ആവേശത്തോടെ മോളേ തലോടുകയും ഉമ്മവയ്ക്കുകയുമൊക്കെ ചെയ്തു പോന്നു.

ഇടയ്ക്ക് ടീച്ചറമ്മ റെഡി ആയി റൂമിലേക്ക്‌ വന്നപ്പോൾ കുഞ്ഞിന് പാല് കൊടുത്ത് ടീച്ചറമ്മയെ ഏൽപ്പിച്ചു.പുറകെ വന്ന ലെച്ചുവും അത്ഭുതത്തോടെ കുഞ്ഞിനെ നോക്കുന്നുണ്ടായിരുന്നു. “കുഞ്ഞാവക്കുട്ടി ആളാകെ മാറിപ്പോയല്ലേ അമ്മേ ? ഇപ്പോൾ കാണാൻ ചുന്ദരീ മണിയായി.” മോളേ ഉമ്മവച്ചു കൊണ്ടു ലെച്ചു പറഞ്ഞപ്പോൾ ടീച്ചറമ്മ അവളുടെ തലയ്ക്കൊരു കിഴുക്ക് വയ്ച്ചു കൊടുത്തു. “എന്റെ കുഞ്ഞിനെ കണ്ണ് വയ്ക്കാതെടീ കുറുമ്പി ” ലെച്ചു ടീച്ചറമ്മയോട് പിണങ്ങി ചവിട്ടിത്തുള്ളി പുറത്തേക്ക് പോകുന്നത് കണ്ടപ്പോൾ ചിരിവന്നു.അപ്പോൾ തന്നെ മോൾക്ക്‌ കണ്ണ് തട്ടാതിരിക്കാനാണെന്നു പറഞ്ഞു ടീച്ചറമ്മ തന്നെ അവളുടെ കവിളിൽ ഒരു കറുത്ത കുഞ്ഞിപ്പോട്ട് കുത്തി ശേഷം എന്നെ ഒരുങ്ങാൻ വിട്ട് മോളെയും കൊണ്ട് മുറിവിട്ടിറങ്ങി.

മുഹൂർത്തം ഇത്തിരി നേരത്തെയായതിനാൽ ഞാൻ വേഗം തന്നെ ഒരുങ്ങാൻ തുടങ്ങി.കണ്ണെഴുത്തും പൊട്ട് കുത്തലും മുടിയൊതുക്കലും കഴിഞ്ഞ് H.P മേടിച്ചു തന്ന ചുവന്ന കരയുള്ള പുതിയ സെറ്റ് സാരീ എടുത്ത് വേഗം ഞൊറിഞ്ഞിടുക്കാൻ തുടങ്ങി.വെപ്രാളം കൊണ്ടാണെന്നു തോന്നുന്നു സാരി എത്ര ഉടുത്തിട്ടും ശെരിയാവുന്നുണ്ടായിരുന്നില്ല. എങ്ങനെയൊക്കെയോ മുൻപിലുള്ള ഞൊറിയിട്ടിട്ടും പുതിയ സാരീയായതു കൊണ്ട് ഒതുങ്ങുന്നുണ്ടായിരുന്നില്ല. പതിയെ ഏന്തി വലിഞ്ഞു താഴെ നിന്നുള്ള ഞൊറി ശെരിപ്പെടുത്താൻ നോക്കിയതും H.P എവിടെ നിന്നോ കാറ്റ് പോലെ വന്ന് എന്റെ മുൻപിലിരുന്നു ആ പണി ഏറ്റെടുത്തു.

ഇതെവിടുന്നു പൊട്ടിവീണു എന്ന വിധത്തിൽ ഞാൻ അന്തം വിട്ട് നോക്കുമ്പോൾ ആള് മെല്ലെ തലയുയർത്തി നോക്കി ചിരിക്കുന്നുണ്ടായിരുന്നു.ആളും എന്റെ സാരിക്ക് മാച്ച് ആവുന്ന വിധത്തിൽ റെഡ് ഷർട്ടും മുണ്ടും ഉടുത്തു ചുള്ളനായിട്ടുണ്ടായിരുന്നു. “വായ അടയ്ക്ക് ചന്തൂ ഇല്ലെങ്കിൽ ഈച്ച കയറും.” H. P കുറുമ്പോടെ എന്നെ നോക്കി പറഞ്ഞപ്പോൾ ഞാൻ മുഖം വീർപ്പിച്ചു കണ്ണുരുട്ടി നോക്കി. “നിങ്ങൾക്ക് നാണമില്ലേ സ്വൊന്തം ഭാര്യ വസ്ത്രം മാറുന്നത് കണ്ടു നിൽക്കാൻ.” ഞാൻ മുഖം ചുളിച്ചുകൊണ്ട് ഇത്തിരി അയ്യേ എക്സ്പ്രഷൻ ഇട്ടു ചോദിച്ചു. “അത് കൊള്ളാം. നിനക്ക് വാതിൽ വെറുതെ ചാരി കുറ്റിയിടാതെ വസ്ത്രം മാറാം. ഞാനെന്റെ കുഞ്ഞിനെ നോക്കാൻ ഈ വഴി വന്നപ്പോൾ അറിയാതെ എന്തോ കണ്ട് പോയതാണ് കുറ്റം ” വെപ്രാളത്തിനിടയിൽ ശെരിക്കും അബദ്ധം എനിക്കാണ് സംഭവിച്ചതെന്നറിഞ്ഞപ്പോൾ പിന്നേ ഒന്നും പറയാൻ നിന്നില്ല.

“ഞാൻ ആയത് കൊണ്ട് കുഴപ്പമില്ല വേറെ ആരെങ്കിലും ആയിരുന്നെങ്കിലോ…?” ഞാൻ പെട്ടെന്ന് സൈലന്റ് ആയത് കണ്ട് ഞൊറി മുഴുവൻ ശെരിയാക്കി തലയുയർത്തി ആള് കളിയാക്കി ചോദിച്ചു. ഞാനാണെങ്കിൽ ഒന്നും മിണ്ടാതെ പരിഭവിച്ചു കൈ കെട്ടി നോക്കി നിന്നു.ഇടയ്ക്കെപ്പോഴോ സാരീ തെന്നി മാറി കിടക്കുന്ന എന്റെ നഗ്നമായ വയറിലെ പാടുകളിലേക്ക് അലിവോടെ ആളുടെ നോട്ടം നീണ്ടപ്പോൾ സാരീ നേരെ പിടിച്ചിട്ട് കണ്ണാടിയ്ക്ക് മുൻപിലേക്ക് നീങ്ങി നിന്നു.പതിയെ സിന്ദൂരചെപ്പ് കയ്യിലെടുത്ത് തുറന്നപ്പോളേക്കും എനിക്ക് മുൻപേ H.P യുടെ കൈകൾ എന്റെ സിന്ദൂര രേഖയെ ചുവപ്പിച്ചിരുന്നു.കണ്ണാടിക്ക് മുൻപിൽ എന്റെ തോളിലേക്ക് മുഖം ചേർത്തു ഞങ്ങൾ പരസ്പരം നോക്കി നിന്നു.

ഇടയ്ക്കെപ്പോഴോ ജീൻസും ടോപ്പും മാത്രം ഇഷ്ടപ്പെട്ടിരുന്ന എന്റെ പഴയ രൂപവും ഇപ്പോഴത്തെ എന്റെ രൂപവും തമ്മിലുള്ള അന്തരം ആലോചിച്ചപ്പോൾ ചിരി വന്നു. “എന്താ ചിരിക്കൂന്നേ എന്റെ ഗ്ലാമർ കണ്ടിട്ടാണോ?” എന്റെ കാതോരം H. P യുടെ ചോദ്യമെത്തിയതും ചിരി നിർത്തി. “ഉവ്വ…അതാലോചിക്കുമ്പോൾ എനിക്ക് ചിരിയല്ല കരച്ചിലാ വരുന്നത്.” പറഞ്ഞു കഴിയുന്നതിനു മുൻപേ ആളെന്നെ തിരിച്ചു നിർത്തി നെറുകയിൽ ചുംബിച്ചിരുന്നു. “താങ്ക് യു ചന്തൂ…” അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കിയപ്പോൾ ചെറിയൊരു നീർത്തിളക്കം ആ കണ്ണുകളിൽ കാണാമായിരുന്നു. “എന്തിന്?” “ശാരീരികമായും മാനസികമായും ഇത്രയൊക്കെ വേദന സഹിച് എന്റെ മോൾക്ക്‌ ജന്മം നൽകിയതിന്….”

“അങ്ങനെ പറയാതെ ഹരിയേട്ടാ…. നമ്മുടെ മോളല്ലേ… നമ്മുടെ അംശം…. നമ്മുടെ പ്രണയത്തിന്റെ സ്മാരകം.” “ശെരിക്കും അമ്മമാരൊരു അത്ഭുതമാണല്ലേ….?ആദ്യം എന്റെ അമ്മ…. പിന്നേ നീ…. എന്റെ ജീവിതത്തെ ഇത്രത്തോളം സ്വാധീനിച്ചതും…. ഞാൻ അത്രത്തോളം ആരാധിക്കുന്നതുമായ വേറാരും തന്നെയില്ല. ഇപ്പോൾ ഇതാ ദിയ പോലും അമ്മ വേഷത്തിൽ എത്രത്തോളം മാറി പോയി.” അത് പറയുമ്പോൾ ആളുടെ കണ്ണുനീർ തുള്ളി എന്റെ കൈത്തണ്ടയിലേക്ക് ഇറ്റുവീണിരുന്നു. പതിയെ കണ്ണുനീർ തുടച്ച് കൊടുത്ത് ഹരിയേട്ടനോട് ചേർന്നു നിന്നു.അപ്പോഴാണ് കരയുന്ന കുഞ്ഞിനേയും കൊണ്ട് കിച്ചു കടന്നു വന്നത്. അവനെ കണ്ടപ്പോൾ വേഗം ഞങ്ങൾ വിട്ടകന്നു നിന്നു.

അവനാണെങ്കിൽ രണ്ടാളെയും നോക്കി കണ്ണുരുട്ടുന്നുണ്ടായിരുന്നു. “അതുശരി അവിടെ എല്ലാവരും ചടങ്ങ് നടത്താൻ ഓടിനടക്കുമ്പോൾ നിങ്ങൾ ഇവിടെ റൊമാൻസ് കളിക്കണോ?” അതും പറഞ്ഞു കുഞ്ഞിനെ എന്നെ ഏൽപ്പിച്ചു ഒന്ന് കൂടി ഞങ്ങളെ നോക്കി കണ്ണുരുട്ടി അവൻ തിരിച്ചു പോയി… ഞാൻ കുഞ്ഞിനെ പതിയെ H.P യുടെ കയ്യിലേക്ക് വയ്ച്ചു കൊടുത്തു.ആള് ഇത്തിരി നേരം പതിയെ തലോടുമ്പോളേക്കും അച്ഛന്റെ മോള് ഉറക്കം പിടിച്ചു. കുഞ്ഞിനെ കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത പോലെ H.P നോക്കിക്കൊണ്ടിരുന്നു.മെല്ലെ ആ തോളിലേക്ക് തലചായ്ച്ചു ഞാനും എന്റെ പ്രിയപ്പെട്ട ലോകത്തിലേക്ക് ഒതുങ്ങി നിന്നും. ഹരിയേട്ടനും ഞാനും പിന്നേ ഞങ്ങളുടെ മോളും മാത്രമടങ്ങുന്ന സുന്ദരമായ ലോകം……..തുടരും…..

ഹരി ചന്ദനം: ഭാഗം 50

Share this story