ഹരി ചന്ദനം: ഭാഗം 52

ഹരി ചന്ദനം: ഭാഗം 52

എഴുത്തുകാരി: ശ്രുതി കൃഷ്ണ

H.P യും ചന്തുവും കുഞ്ഞിനേയും കൊണ്ട് ഹാളിലേക്ക് ഇറങ്ങി വരുമ്പോൾ എല്ലാകണ്ണുകളും അവരിൽ തന്നെയായിരുന്നു.സന്തോഷത്തോടെ ചേർന്നു നിൽക്കുന്ന ആ കൊച്ചു കുടുംബം കാൺകെ പല മുഖങ്ങളും സന്തോഷം കൊണ്ട് വികസിചതിനൊപ്പം അവയിൽ നീർത്തിളക്കവും കാണാമായിരുന്നു.കത്തിച്ചു വയ്ച്ച നിലവിളക്കിന്റെയും നിറപറയുടെയും മുൻപിൽ തറയിൽ പാ വിരിച് കുഞ്ഞിനെ മടിയിൽ കിടത്തി H.P യും തൊട്ടടുത്തായി ചന്തുവും ഇരുന്നു.ശങ്കുമാമയാണ് ചടങ്ങിന്റെ കാര്യങ്ങളൊക്കെ അവർക്ക് വിശദീകരിച്ചു കൊണ്ടുത്തത്.കുഞ്ഞിന്റെ നെറ്റിയിൽ ചന്ദനം തൊട്ടു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്.ഇലക്കുമ്പിളിൽ ഇത്തിരി പാല് തൊട്ടെടുത്തു കുഞ്ഞിചുണ്ടിൽ ഇറ്റിച്ചു കൊടുത്തപ്പോൾ ഉറക്കത്തിനിടയിലും സുന്ദരിപെണ്ണ് അത് രുചിയോടെ ഞൊട്ടിനുണയുന്നുണ്ടായിരുന്നു.കറുത്ത ചരടിൽ ഉറുക്ക് കോർത്തു കുഞ്ഞിന്റെ അരയിലായി ബന്ധിച്ചു.

ഒപ്പം സ്വർണ അരഞ്ഞാണവും കെട്ടി.ആരോ പേര് നിർദേശിക്കാനായി പറഞ്ഞപ്പോൾ H.P അടുത്തിരിക്കുന്ന ചന്തുവിനെ നോക്കി.ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായെന്ന പോലെ അവൾ H.P യുടെ കാതിലായി എന്തോ പറഞ്ഞതും അയാൾ അത്ഭുതത്തോടെ അവളെ നോക്കുന്നുണ്ടായിരുന്നു.പിന്നേ ചുണ്ടിലൊരു ചിരിയോടെ ഒരു ചെവി മറച്ചു പിടിച്ച് മറ്റെ ചെവിയിലായി വിളിച്ചു. “പാർവതി…….” ഉടനെ ചുറ്റുമുയർന്ന കരഘോഷങ്ങൾക്കൊപ്പം മോളുടെ കുഞ്ഞിക്കയ്യിൽ പതിയെ തലോടിക്കൊണ്ട് ചന്തു വിളിച്ചു “അമ്മേടെ………പീലിക്കുട്ടി………” ചന്തുവിന്റെ വിളിക്കൊപ്പം ചുറ്റും നിന്നവരും ആ പേര് ഉരുവിടുന്നുണ്ടായിരുന്നു “പീലിക്കുട്ടി…”.

പ്രധാന ചടങ്ങുകൾ കഴിഞ്ഞതോടെ കുഞ്ഞിന് പാലും ഒപ്പം സമ്മാനങ്ങളും നല്കാൻ എല്ലാവർക്കുമുള്ള അവസരമായി.ഓരോരുത്തരായി ഊഴം കാത്ത് നിന്നു. തിരക്കിനിടയിൽ എവിടെ നിന്നോ കിച്ചുവും ഓടിപ്പാഞ്ഞെത്തിയിരുന്നു.ഏട്ടന്റെ മടിയിൽ കിടക്കുന്ന കുഞ്ഞിൽ നിന്നും അവന്റെ കണ്ണുകൾ ആദ്യം പോയത് ചുറ്റും നിൽക്കുന്നവരിലേക്കാണ്.എന്നിട്ടും പ്രതീക്ഷിച്ചതെന്തോ കാണാതെ അവൻ പതിയെ അവിടെ നിന്നും ഉൾവലിഞ്ഞു ഗസ്റ്റ് റൂമിലേക്ക്‌ കടന്നു ചെന്നു.അവിടെ മുറിയുടെ ജനലഴികളിൽ തല ചായ്ച്ചു പുറത്തേക്ക് കണ്ണും നട്ട്‌ ദിയ നിൽപ്പുണ്ടായിരുന്നു. “ദിയാ…. നീയെന്താ അങ്ങോട്ട് വരാതെ ഇവിടെ തന്നെ നിൽക്കുന്നത്. നിനക്ക് എന്തെങ്കിലും വയ്യായ്മ ഉണ്ടോ?”

പെട്ടന്ന് പിന്നിൽ നിന്നും ശബ്ദം കേട്ടപ്പോൾ അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി.മുറിയ്ക്കുള്ളിൽ കിച്ചുവിനെ കണ്ടതും അവൾ നിന്നു പരുങ്ങി. അവളുടെ മുഖഭാവവും വേഷവും നോക്കിക്കാണുകയായിരുന്നു അവനപ്പോൾ. നേർത്ത പച്ചക്കരയുള്ള സെറ്റും മുണ്ടും ഉടുത്ത് വീർത്തുന്തിയ വയറിൽ കൈ താങ്ങിയുള്ള അവളുടെ നിൽപ്പ് അവൻ ഇത്തിരി നേരം നോക്കി നിന്നു.ഒഴിഞ്ഞു കിടക്കുന്ന കഴുത്തും സിന്ദൂരരേഖയും അവളുടെ ആ രൂപത്തിന് ഒരു കുറവ് തന്നെയാണെന്ന് അവൻ ഓർത്തു. പെട്ടന്ന് അവൾ താലി തനിക്ക് നേരെ വലിച്ചെറിഞ്ഞ രംഗം മനസ്സിൽ തെളിഞ്ഞപ്പോൾ അവനൊരു ദീർഘനിശ്വാസം എടുത്തു വിട്ട് അവളുടെ അടുത്തേക്ക് നടന്നു. “അത് പിന്നേ കിച്ചുവേട്ടാ….

ഞാൻ മോളേ കാണാൻ ചെന്നിരുന്നു പക്ഷെ എന്നെ ഈ രൂപത്തിൽ കണ്ട പലരുടെയും നോട്ടം കണ്ടപ്പോൾ എനിക്കെന്തോ…വല്ലാതെ തോന്നി തിരിച്ചു പോന്നു . കിച്ചുവേട്ടൻ പൊയ്ക്കോ… ഞാൻ തിരക്കൊക്കെ ഒഴിഞ്ഞ് ഇത്തിരി കഴിഞ്ഞ് വന്നോളാം….” “ഒളിച്ചോട്ടം അല്ലേ….” കിച്ചു പുച്ഛത്തോടെ ചോദിച്ചതും അവളുടെ തല താഴ്ന്നു പോയി.എന്നാൽ മറ്റൊന്നും ചോദിക്കാതെ ഉടനെ തന്നെ അവനവളുടെ കൈ പിടിച്ച് പുറത്തേക്ക് നടന്നിരുന്നു.മറുത്തെന്തോ പറയാൻ തുനിഞ്ഞ അവളുടെ വാക്കുകൾ പോലും തന്റെ കയ്യിൽ അമർന്ന അവന്റെ കൈക്കരുത്തിൽ പുറത്തേക്ക് വരാതെ തങ്ങി നിന്നു.

ചടങ്ങ് നടക്കുന്നിടത്ത് എത്തിയതും കയ്യിലെ പിടിത്തം അഴിയുന്നതവൾ അറിഞ്ഞു.ഒപ്പം ചുറ്റു നിന്നും അവളെയും അവളുടെ വീർത്ത വയറിലേക്കും തുറിച്ചു നോക്കി മുറുമുറുക്കുന്ന ആളുകളെ കാൺകെ വല്ലാത്ത ഒരു അസ്വസ്ഥതയോടൊപ്പം അവളുടെ കണ്ണും നിറഞ്ഞു പോയി. ചന്തുവിന്റെ വിശേഷങ്ങൾ ഒന്നും അറിയിച്ചില്ലെന്ന് പരാതിപ്പെട്ട് വീർപ്പിച്ച മുഖങ്ങളിൽ പലതും ദിയയെക്കൂടി നിറവയറോടെ കണ്ടതോടെ ഒന്നുകൂടി വീർത്തുകെട്ടി.ഹരിയുടെയും ചന്തുവിന്റെയും നിർബന്ധ പ്രകാരം കുഞ്ഞിന് പാല് കൊടുക്കുമ്പോൾ നിറഞ്ഞിരിക്കുന്ന കണ്ണുകൾ കാരണം കുഞ്ഞിനെ അണിയിച്ച ആഭരണങ്ങളുടെ തിളക്കം മാത്രമേ അവൾ അറിഞ്ഞുള്ളൂ.

പെട്ടന്ന് എങ്ങോട്ടെങ്കിലും ഓടിയോളിക്കാൻ തോന്നിയെങ്കിലും ഒരു ആശ്രയമില്ലാതെ അവൾ വീടിന്റെ ഒരു മൂലയിലായി എന്തൊക്കെയോ ചിന്തകളിൽ ഏർപ്പെട്ടു ഒതുങ്ങി ഇരുന്നു.എപ്പോഴോ ചാരു വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോളാണ് പരിസരബോധം വന്നത്.അവളുടെ കയ്യിൽ പിടിച്ച് പതിയെ മുറ്റത്തെ പന്തലിലേക്ക് ഇറങ്ങുമ്പോൾ ഇത്തവണ തനിക്കു നേരെ നീളുന്ന തുറിച്ചു നോട്ടങ്ങളേ അവൾ പാടെ അവഗണിച്ചിരുന്നു. ലെച്ചുവിന്റെ അടുത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ ഇടയ്ക്കെപ്പോഴോ എതിർ വശത്ത് ഇരിക്കുന്ന ചാരുവിനോടൊപ്പം കഴിക്കാൻ കിച്ചു വന്നിരുന്നപ്പോൾ വല്ലാത്തൊരു നോവ് ഉള്ളിൽ തലപ്പൊക്കുന്നത് അവളറിഞ്ഞു. തന്നെ ശ്രദ്ദിക്കാതെ എന്തൊക്കെയോ സംഭാഷണങ്ങളിലേർപ്പെട്ട് ചിരിച്ചുകൊണ്ടാണ് അവർ കഴിക്കുന്നതെങ്കിലും ആ കാഴ്ച്ചയിൽ ഒരു വറ്റിറക്കാൻ പോലും അവൾക്ക് കഴിഞ്ഞിരുന്നില്ല.

എങ്ങനെയൊക്കെയോ നുള്ളി പെറുക്കി കഴിച്ചെന്നു വരുത്തി എണീറ്റ് മുറിയിലേക്ക് നടന്നു.ഇടയ്ക്കെപ്പോഴോ ചന്തു വന്ന് കുഞ്ഞിനെ നോക്കാമോ എന്ന് ചോദിച്ച് പീലിക്കുട്ടിയെ അവളുടെ അടുത്ത് കിടത്തിയിട്ടു പോയി.ഇത്തിരി നേരം പീലിക്കുട്ടിയെ നോക്കിയിരുന്നപ്പോൾ ഇടയ്ക്കെപ്പോഴോ സ്വൊന്തം ഉദരത്തിൽ വളരുന്ന കുഞ്ഞിനെ ഓർത്തപ്പോൾ അതുവരെ അടക്കിവയ്ച്ച സങ്കടങ്ങളെല്ലാം പൂർവാധികം ശക്തിയോടെ അണപൊട്ടി ഒഴുകാൻ തുടങ്ങിയിരുന്നു. പതിയെ മോളുടെ അടുത്ത് വന്ന് അവളെ ചുംബനങ്ങൾ കൊണ്ട് മൂടി അവളോട്‌ ചേർന്നു കിടന്ന് കണ്ണടയ്ക്കുമ്പോളും അവളുടെ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു. *

കുഞ്ഞിനെ ദിയയെ ഏൽപ്പിച്ചു ഭക്ഷണം കഴിക്കാനായി പന്തലിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ എന്റെ കണ്ണുകൾ ആദ്യം തേടിയത് H.P യെ ആയിരുന്നു.കണ്ണുകൾ കൊണ്ട് പന്തലിലാകെ ഒന്നു തിരഞ്ഞപ്പോൾ തന്നെ കണ്ടു ഒരു മൂലയിൽ ക്ഷീണിച്ചിരിക്കുന്ന H.P യെ.വിരുന്നുകാരുടെ ബഹളവും പുത്തനുടുപ്പും ആഭരണങ്ങളും ഒക്കെയായി ചടങ്ങ് കഴിഞ്ഞപ്പോളേക്കും പീലിക്കുട്ടി ആകെമൊത്തം ആസ്വസ്ഥയായി ബഹളം തന്നെയായിരുന്നു. എങ്ങനെയൊക്കെയോ സമാധാനിപ്പിച്ചു പാല് കൊടുത്ത് ആള് ഉറക്കം പിടിക്കാൻ തന്നെ ഒത്തിരി സമയമെടുത്തു.വിശപ്പ് കാരണം എന്റെയും ക്ഷമ നശിച്ചു കുഞ്ഞിനെ ഏൽപ്പിക്കാൻ ആളെ നോക്കുമ്പോൾ എല്ലാവരും പുറത്ത് തന്നെയായിരുന്നു.

ഇടയ്ക്കെപ്പോഴോ ദിയ മുറിയിലേക്ക് പോകുന്നത് കണ്ട് കുഞ്ഞിനെ അവളെ ഏൽപ്പിച്ചു നേരെ ഭക്ഷണം കഴിക്കാൻ വയ്ച്ചു പിടിച്ചു.മെല്ലെ H.P യുടെ അടുത്തേക്ക് നടന്നു ചെല്ലുമ്പോളാണ് ശ്രദ്ധിച്ചത് ആളാകെ വിയർത്ത് കുളിച്ചിട്ടുണ്ട്. എന്തോ ആയാസപ്പെട്ട പണി എടുത്ത് ക്ഷീണിച്ചുള്ള ഇരിപ്പാണ്.എന്നെ അടുത്തു കണ്ടപ്പോൾ ആളുടെ കണ്ണുകൾ ഒന്ന് തിളങ്ങി. ഞാൻ പതിയെ സാരിത്തലപ്പെടുത്ത് ആ മുഖത്തും കഴുത്തിലും പറ്റിയിരുന്ന വിയർപ്പ് കണങ്ങൾ ഒപ്പിയെടുത്തു.അപ്പോഴും ചെറിയൊരു മന്ദഹാസത്തോടെ ആ കണ്ണുകൾ എന്റെ മുഖത്ത് തന്നെയായിരുന്നു.

“മോള് ഉറങ്ങിയോ?” “മ്മ്മ് ” “എങ്കിൽ നമുക്ക് കഴിച്ചാലോ?” “കഴിക്കാം ” ഭക്ഷണം വിളമ്പി ആളുടെ ആദ്യത്തെ ഉരുള എനിക്ക് നേരെ നീളുമ്പോൾ ചുറ്റും ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നായിരുന്നു എന്റെ കണ്ണുകൾ തേടിയത്.

ഒരു വിധം ആളുകളൊക്കെ മടങ്ങി പോയത് കൊണ്ട് പന്തൽ ഏകദേശം കാലിയായിരുന്നു.വേഗം തന്നെ ആളുടെ കയ്യിൽ നിന്നും അതേറ്റു വാങ്ങിക്കഴിച്ചു പകരം ഒന്ന് തിരിച്ചു കൊടുത്തു.ആളത് കഴിച്ചു തീർന്നതും പുറകിൽ നിന്നും ഉച്ചത്തിലുള്ള ചുമ കേട്ടാണ് അത് വരെ കൊരുത്തിരുന്ന ഞങ്ങളുടെ കണ്ണുകൾ പതിയെ പിൻവലിച്ചത്. പതിവുപോലെ ഇത്തവണയും കട്ടുറുമ്പ് കിച്ചു തന്നെയായിരുന്നു. അവൻ വലിയൊരു പാത്രം ടേബിളിൽ കൊണ്ട് വച്ച് ഞങ്ങളുടെ മുഖത്തേക്ക് മാറി മാറി നോക്കുന്നുണ്ടായിരുന്നു.

“വന്ന് വന്ന് ഇപ്പോൾ റൊമാൻസ് പബ്ലിക് ആക്കിയോ….ഇനി എന്തൊക്കെ കാണണം എന്റെ ദൈവമേ…..” അവൻ മുകളിലോട്ട് നോക്കി ഉച്ചത്തിൽ ആരോടെന്നില്ലാതെ കള്ളചിരിയോടെ പറഞ്ഞപ്പോൾ H.P അവനെ നോക്കി കണ്ണുരുട്ടുന്നുണ്ടായിരുന്നു. “ഞാൻ എന്റെ ഭാര്യയ്ക്കല്ലേ കൊടുത്തത് അതിന് നിനക്കെന്താ…?” “ഓഹ് എനിക്കൊന്നും ഇല്ലേ…പിന്നേ……” അവൻ ഒരു പ്രത്യേക ഈണത്തിൽ നീട്ടിപ്പറഞ്ഞു പിന്നെയും എന്തോ പറയാൻ തുടങ്ങിയതും H.P ഒരുരുള അവനു നേരെ നീട്ടി. സന്തോഷത്തോടെ അത് വാങ്ങിക്കഴിച്ചു വീണ്ടും എന്തോ പറയാൻ തുടങ്ങിയതും ഞാൻ കൂടി ഒരുരുള അവന്റെ വായിൽ കുത്തിക്കേറ്റി വായ ലോക്ക് ചെയ്തു.എല്ലാം കഴിച്ച് കഴിഞ്ഞ് അവൻ ഞങ്ങളെ രണ്ടാളെയും നോക്കി പിന്നെയും ചിരിച്ചോണ്ടിരുന്നു. “ഓഹ്…. ഇത് കൈക്കൂലി അല്ലേ…

ഞാൻ കണ്ടതൊന്നും പുറത്ത് പറയാതിരിക്കാൻ. എനിക്ക് മനസ്സിലായി….” “മനസ്സിലായല്ലോ…..? അത് മതി…” H.P യും വിട്ടു കൊടുക്കാതെ പറഞ്ഞപ്പോൾ അവൻ കൊണ്ട് വയ്ച്ച പാത്രം കയ്യിലെടുത്തു പിടിച്ചു ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. “എന്നാ പിന്നേ ഇത്തിരി രസമെടുക്കട്ടെ രണ്ടാൾക്കും…. മ്മ്?” “ഞങ്ങൾക്ക് വേണ്ടാ…. നീയൊന്നു പോയി തന്നാൽ മതി.” അവന്റെ ചോദ്യത്തിന് എടുത്തടിച്ച പോലെ H. P ഉത്തരം പറഞ്ഞിരുന്നു. “ഓഹ്….അതെനിക്ക് തോന്നി.അല്ലെങ്കിലും രണ്ടാളും ഇപ്പോൾ നല്ല രസത്തിലാണല്ലോ അല്ലേ?” അവൻ കളിയാക്കി പറഞ്ഞതും H.P അവനു നേരെ കയ്യോങ്ങിയതും ഒരുമിച്ചായിരുന്നു.ഒറ്റക്കുതിപ്പിന് പാത്രവും പൊക്കിപ്പിടിച്ചുള്ള അവന്റെ ഓട്ടം കണ്ടപ്പോൾ ഞങ്ങൾ രണ്ടാളും ചിരിച്ചു പോയി.

ഭക്ഷണം കഴിഞ്ഞ് വിരുന്നുകാരെയൊക്കെ യാത്രയാക്കി കുഞ്ഞിനെ എടുക്കാൻ ചെന്നപ്പോൾ ദിയയും മോളും ചേർന്നു കിടന്ന് നല്ല ഉറക്കമായിരുന്നു.രണ്ടാളെയും ഉണർത്തേണ്ടെന്നു കരുതി ഞാൻ തിരികെ റൂമിൽ വന്ന് ഡ്രസ്സ്‌ ഓക്കേ ചേഞ്ച്‌ ചെയ്തു അൽപ്പമൊന്നു മയങ്ങി. ഇടയ്ക്കെപ്പോഴോ അടുത്താരോ വന്നിരിക്കുന്നവെന്ന് തോന്നിയിട്ടാണ് കണ്ണ് തുറന്നത്. കട്ടിലിൽ വന്നിരുന്ന് ചിരിയോടെ എന്നെ നോക്കിയിരിക്കുന്ന ആളെ കണ്ട് ശെരിക്കും ഞെട്ടിപ്പോയി.ചാടി എണീറ്റ് മുൻപിൽ കാണുന്നത് സത്യമാണോ എന്നറിയാതെ സ്വൊയം നുള്ളി നോക്കി. “ഞാൻ സഹായിക്കാം….”

അത്രയും പറഞ്ഞു സച്ചു എന്നെ നുള്ളിയതും ചെറിയ വേദനയാണെങ്കിൽ കൂടി ഞാൻ ഇത്തിരി ഉച്ചത്തിൽ അമ്മേ എന്ന് വിളിച്ചു. “എന്റമ്മോ ഇങ്ങനെ കാറാതെടീ…. ഇത് കെട്ടല്ലെ ഞങ്ങടെ വാവ പഠിക്കുന്നത്…..” “ഓ പിന്നേ…. അല്ല നിന്നെ ഞാൻ നൂല് കെട്ടിന് ക്ഷണിച്ചപ്പോൾ എന്തൊക്കെയാ പറഞ്ഞത്…. വരാൻ പറ്റില്ല…. തിരക്കാണ്…. പഠിക്കാനുണ്ട്….എന്നിട്ടിപ്പോ എന്തിനാ വന്നേ? ജാഡക്കാർക്കൊന്നും ഞാൻ എന്റെ കൊച്ചിനെ കാട്ടിതരില്ല.” “നിന്റെ മാത്രം അല്ലാലോ…. കോ പ്രൊഡ്യൂസർ ഇല്ലേ എന്റെ അളിയൻ. ഞാനെ അങ്ങേരോട് പെർമിഷൻ മേടിച്ചിട്ടുണ്ട്.” “കണ്ടോ?” “മ്മ്മ്മ്…. എല്ലാരേം കണ്ടിട്ടാ വരുന്നേ…. തമ്പുരാട്ടി പിന്നേ പള്ളിയുറക്കത്തിലായത് കൊണ്ട് ശല്യം ചെയ്യേണ്ടെന്നു വച്ചു.”

“എന്നാലും വരില്ലെന്ന് പറഞ്ഞു നീയെന്നെ പറ്റിച്ചില്ലേ?” “പെട്ടന്ന് തോന്നിയതാ വരണമെന്ന്.നാളെ രാവിലെ മടങ്ങും. പിന്നേ ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയാ വരവ് അറിയിക്കാതിരുന്നത്. ഞാൻ പറഞ്ഞില്ലേ ഇന്റർവ്യൂ കഴിഞ്ഞതിൽ പിന്നേ ഒരു തൃപ്തിയില്ലാത്തത് പോലെയാ…. അതാ പിന്നേ ഒട്ടും സമയം കളയാതെ അടുത്ത ചാൻസിനു വേണ്ടി ഇപ്പഴേ നോക്കാമെന്നു കരുതിയത്.” അത്രയും പറഞ്ഞു അവൻ കയ്യിലുള്ള പൊതി അവളെ ഏൽപ്പിച്ചു. “ഇതെന്താ?…. എനിക്കണോ?” “അയ്യടാ……ഇതേ പീലിക്കുട്ടിക്ക് മാമന്റെ വക ഒരു കുഞ്ഞ് സമ്മാനം” “കുഞ്ഞ് എവിടെ?” “ദിയെടെ റൂമിലുണ്ട് വാ കാണാം…..” **

അടുത്ത് കിടന്ന് പീലിക്കുട്ടി ചിണുങ്ങുന്നത് അറിഞ്ഞിട്ടാണ് ദിയ കണ്ണ് തുറന്നത്. കണ്ണടച്ചു തന്റെ മാറിലേക്ക് മുഖം പൂഴ്ത്തി തിരയുന്ന കുഞ്ഞിനെ കണ്ടപ്പോൾ അവൾക്ക് ചിരിവന്നെങ്കിലും ഉടനെ കുഞ്ഞിമുഖം രക്തവർണമായി ചുവെക്കുന്നതറിഞ്ഞു കരയാനുള്ള പുറപ്പാടാണെന്ന് അവൾക്ക് തോന്നിയിരുന്നു.പതിയെ കുഞ്ഞിനെ എടുത്ത് പുറത്തോട്ട് ഇറങ്ങുമ്പോൾ എല്ലാരും ഹാളിൽ തന്നെയുണ്ടായിരുന്നു.വേഗം തന്നെ അവൾ കുഞ്ഞിനെ ചന്തുവിന്റെ കയ്യിൽ ഏൽപ്പിച്ചു. “ആഹ്… ദിയ ഞാൻ അങ്ങോട്ട് വരാൻ തുടങ്ങുവായിരുന്നു.സച്ചുവിന് കുഞ്ഞിനെ കാണണമെന്ന് പറഞ്ഞു.” അത്രയും പറഞ്ഞു ചന്തു സച്ചുവിന് നേരെ നടന്നതും ദിയയും സച്ചുവും പരിചയഭാവത്തിൽ ഒന്ന് പുഞ്ചിരിച്ചു.

ചന്തുവിന്റെ കയ്യിൽ നിന്ന് വിറച്ചു വിറച്ച് കുഞ്ഞിനെ വാങ്ങുന്ന സച്ചുവിനെ കാൺകെ എല്ലാവർക്കും ചിരി പൊട്ടുന്നുണ്ടായിരുന്നു. “എന്റെ സച്ചൂ…. നീയിങ്ങനെ വെളിച്ചപ്പാട് പോലെ ഇങ്ങനെ വിറയ്ക്കാതെ…..” ചാരു പറഞ്ഞു നിർത്തിയതിനൊപ്പം എല്ലാവരുടെയും ചിരി ഉയർന്നു കേൾക്കാമായിരുന്നു. അവൻ മുഖമുയർത്തി ചാരുവിനെ ഒന്ന് നോക്കി കണ്ണുരുട്ടി. “ഇവളെ മാമന്റെ മോളാ…. കണ്ടോ അവൾ അടങ്ങികിടക്കുന്നത്” അത്രയും പറഞ്ഞു അവൻ കുഞ്ഞിനെ ഉമ്മ വയ്ച്ചതും കൈ നുണഞ്ഞു പതിയെ ഉണരാൻ ശ്രമിക്കുന്ന കുഞ്ഞ് അവന്റെ മീശ മുഖത്ത് തട്ടി അസ്വസ്ഥതയോടെ അലറി കരയാൻ തുടങ്ങി. അതോടെ സച്ചു ആകെ വിയർത്തു. വേഗം കുഞ്ഞിനെ ചന്തുവിന്റെ കയ്യിൽ ഏൽപ്പിക്കാൻ തുടങ്ങിയപ്പോളേക്കും കള്ളിപ്പെണ്ണ് സച്ചുവിന്റെ ഡ്രെസ്സിൽ പണി പറ്റിച്ചിരുന്നു.

“ആഹ് നീ പറഞ്ഞത് കറക്റ്റ് ആണ്. കുഞ്ഞിപ്പെണ്ണിന് മാമനോട് ഒരു പ്രത്യേക സ്നേഹമുണ്ട്.” അത്രയും പറഞ്ഞു ചന്തു കുഞ്ഞിനേയും വാങ്ങി മുറിയിലേക്ക് നടന്നു. “കുഞ്ഞാണേലും അതിന് വകതിരിവുണ്ട്. നിനക്ക്‌ അർഹതപ്പെട്ട സ്ഥാനം തന്നെ തന്നല്ലോ ” ചാരു കളിയാക്കി പറഞ്ഞപ്പോൾ സച്ചു ഒരിളിഞ്ഞ ചിരിയോടെ എല്ലാവരെയും നോക്കി. “അവളങ്ങനൊക്കെ പറയും മോനെ . ഉണ്ണിമൂത്രം പുണ്യാഹം എന്നല്ലേ. വകതിരിവില്ലാത്തത് അവൾക്കാ.” ടീച്ചറമ്മ ചാരുവിന്റെ ചെവിയിൽ നുള്ളി പറയുമ്പോൾ സച്ചുവും ചാരുവും പരസ്പരം നോക്കി കോക്രി കാണിക്കുന്നുണ്ടായിരുന്നു. കുറച്ചുനേരം കൂടി എല്ലാവരും സംസാരിച്ചിരുന്നു സന്ധ്യയോടടുത്ത് മടങ്ങാൻ തയ്യാറായി.ടീച്ചറമ്മയും ലെച്ചുവും ചാരുവുമൊക്കെ തിരിച്ചുപോവാനുള്ള ഒരുക്കത്തിലായിരുന്നു.

കിച്ചു റെഡി ആയി അവരെ റയിൽവേ സ്റ്റേഷനിൽ വിടനായി അങ്ങോട്ട് വന്നപ്പോൾ തന്നെ എല്ലാവരോടും യാത്ര പറഞ്ഞു അവർ ഇറങ്ങി. ഒപ്പം സച്ചു കൂടി അവർക്കൊപ്പം കൂടി.വൈകീട്ട് വീട്ടിലേക്ക് തിരിച്ചു പോവണമെന്ന H. P യുടെ തീരുമാനം ചന്തുവിന്റെ പപ്പയുടെ നിർബന്ധ പ്രകാരം ഒരു ദിവസത്തേക്ക് കൂടി നീട്ടി. ഒപ്പം മറ്റുള്ളവർക്ക് കൂടി അവർക്കൊപ്പം അന്നവിടെ കഴിയേണ്ടി വന്നു. രാത്രിയിൽ ചന്തുവിന്റെ വീട്ടിലെ മുറിയിൽ ഇരിക്കുമ്പോൾ എങ്ങനെയെങ്കിലും വീട്ടിൽ തിരിച്ചെത്തണം എന്നായിരുന്നു ദിയയുടെ മനസ്സിൽ.താഴെ നിന്ന് എല്ലാവരും കുഞ്ഞിനെ കളിപ്പിക്കുന്ന ബഹളങ്ങൾ കേൾക്കാമായിരുന്നു. ഇടയ്ക്ക് ചന്തു വന്ന് നിർബന്ധിച്ചു അവളെ വിളിച്ചിട്ടും ക്ഷീണമാണെന്ന് പറഞ്ഞവൾ ഒഴിഞ്ഞു മാറി.

കുറച്ചുനാൾ മുൻപ് വരെ പുറത്ത് പാറിപ്പറന്ന് നടക്കാൻ ആഗ്രഹിച്ചിരുന്ന താനിപ്പോൾ മുറിക്കു പുറത്തേക്ക് പോലും വെറുതെയിറങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നു അവൾ പുച്ഛത്തോടെ ഓർത്തു.ഇരു കൈകൾ കൊണ്ടും ആശങ്കയോടെ തന്റെ വയറിൽ തഴുകുന്നതിനൊപ്പം പുറത്തെ ഇരുട്ടിലേക്കു നോക്കിയവൾ വെറുതെകിടന്നു.ഇടയ്ക്കെപ്പോഴോ പുറകിൽ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്. മുറിയിൽ വെളിച്ചം തെളിഞ്ഞതിനൊപ്പം കിച്ചുവിന്റെ രൂപം കണ്ട് അവൾ കട്ടിലിൽ പതിയെ എഴുന്നേറ്റിരുന്നു. “നീയെന്താ താഴേക്ക് വരാത്തത്?” “ഒന്നുല്ല കിച്ചുവേട്ടാ…

എനിക്കെന്തോ ക്ഷീണം പോലെ.” “എന്തേ…. വല്ല വയ്യായ്കയും ഉണ്ടോ?ഉച്ചയ്ക്ക് ശെരിക്ക് ഭക്ഷണം പോലും കഴിച്ചില്ലല്ലോ ” അവൻ പറഞ്ഞത് കേട്ടപ്പോൾ തിരിച്ചു എന്ത് പറയണമെന്നറിയാതെ ഒരു നിമിഷം അവളൊന്നു പതറി. “അ… അ… അത് പിന്നേ എനിക്ക് വിശപ്പ് തോന്നിയില്ലായിരുന്നു….” തന്റെ മുഖത്തെ പതർച്ച അവൻ അറിയാതിരിക്കാൻ മുഖം തിരിച്ചവൾ വെറുതെ പറഞ്ഞു. “മ്മ്മ്മ്…. എപ്പോഴും മുറിയിൽ ചടഞ്ഞു കൂടിയിരുന്നിട്ടാ ഇങ്ങനെ…നീ എഴുന്നേൽക്ക്… നമുക്ക് താഴോട്ട് പോകാം. ഇങ്ങനെ ഇരുട്ട് മുറിയിൽ ഉറക്കമില്ലാതെ കിടന്നിട്ടെന്താ….” അത്രയും പറഞ്ഞു അവനവളുടെ കയ്യിൽ പിടിക്കാൻ തുണിഞ്ഞതും അവനു പിടി കൊടുക്കാതെ ആ കൈ അവൾ പിൻവലിച്ചിരുന്നു.

“ഇതെനിക്ക് സുഖമുള്ള അനുഭവമാണ് കിച്ചുവേട്ടാ…..എനിക്ക് ചുറ്റിലുമുള്ള ഇരുട്ടിനേക്കാൾ കഠിനമാണ് എന്റെ മനസ്സിലുള്ള ഇരുട്ട്. അത്കൊണ്ട് എനിക്കിതിൽ വലിയ പുതുമയൊന്നും തോന്നുന്നില്ല.” അവൾ വേദന കലർന്നൊരു പുഞ്ചിരിയോടെ അവനെനോക്കി പറഞ്ഞു.അവളുടെ വാക്കുകൾക്ക് അവനൊന്നമർത്തി മൂളി. “നിനക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണം. നമുക്ക് ഹോസ്പിറ്റലിൽ പോകാം. പിന്നേ ഒറ്റയ്ക്ക് കിടക്കേണ്ട. ഏട്ടത്തിയോട് കുഞ്ഞിനൊപ്പം ഇവിടെ കിടക്കാൻ പറയാം.” “അത്‌ വേണ്ട…. വെറുതെ ഏട്ടത്തിയെ ബുദ്ധിമുട്ടിക്കണ്ട. മൂന്ന് ദിവസം കഴിഞ്ഞാൽ അഡ്മിറ്റ്‌ ഡേറ്റ് ആയില്ലേ…. പിന്നേ….” അവൾ ആശങ്കയോടെ പകുതിയിൽ നിർത്തിയപ്പോൾ അവൻ സംശയത്തോടെ നോക്കി.

“പിന്നേ….” “എന്തോ കുറച്ച് നേരമായി കുഞ്ഞ് അനങ്ങുന്നില്ലെന്ന് തോന്നുന്നു…. എനിക്കെന്തോ ഒരു പേടി…” “എന്നിട്ട് നീ ഇപ്പോഴാണോ പറയുന്നത്…. നീ കുഞ്ഞിനെ വിളിച്ചു നോക്ക്…. എന്തെങ്കിലും സംസാരിക്കു…” അവൻ പരിഭ്രമത്തോടെ പറഞ്ഞതും അവൾക്കും മനസ്സിൽ ഭയം കൂടി വരുന്നത് പോലെ തോന്നി. അപ്പോഴേക്കും കിച്ചു അവൾക്കു കുടിക്കാൻ കൊണ്ടുവയ്ച്ച ചൂടുവെള്ളം ഒരു ഗ്ലാസ്സിലേക്ക് പകർന്നു കൊണ്ടു വന്നിരുന്നു. “ദാ…. ഇത് കുടിക്കു…..” അവൻ വെള്ളം നീട്ടുമ്പോൾ എത്ര വിളിച്ചിട്ടും കുഞ്ഞനങ്ങുന്നില്ലെന്ന് കണ്ട് അവൾ കരയാൻ തുടങ്ങിയിരുന്നു ഒപ്പം അവന്റെ കയ്യിൽ നിന്ന് വെള്ളം വാങ്ങിച്ചു പതിയെ കുടിക്കാൻ തുടങ്ങി. “കിച്ചുവേട്ടാ എന്റെ കുഞ്ഞ്….”

ഇടയ്ക്കിടെ പതം പറഞ്ഞു കരയുന്ന അവളുടെ അടുത്തായി മുട്ടുകുത്തിയിരുന്നു വയറിൽ കൈവയ്ച്ചതും അവന്റെ കയ്യിൽ കുഞ്ഞിന്റെ അനക്കമറിഞ്ഞതും ഒരുമിച്ചായിരുന്നു.കുഞ്ഞിന്റെ അനക്കമറിഞ്ഞ ഉടനെ ദിയ ഇരുകൈ കൊണ്ടും അവന്റെ കൈ പൊതിഞ്ഞു പിടിച്ചു കരഞ്ഞു. “ദാ…. കിച്ചുവേട്ടാ….നമ്മുടെ കുഞ്ഞ് അനങ്ങി…. ദാ ഇവിടെ….” അവളുടെ പ്രവർത്തിയിൽ പകപ്പോടെ നോക്കുന്ന അവനെക്കണ്ടപ്പോൾ പെട്ടന്നവൾ കൈ പിൻവലിച്ചു.അതോടെ അവനും അവളിൽ നിന്നും ഇത്തിരി മാറി നിന്നു. “ഞാൻ…… ഞാൻ…. അറിയാതെ. ഐ ആം സോറി.”

അപ്പോഴും അവളെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന അവനോട് വിക്കി വിക്കി അവൾ പറഞ്ഞപ്പോൾ ഒന്നമർത്തി മൂളി അവൻ വേഗം മുറിവിട്ടിറങ്ങി.ഒരു നിമിഷം മനസ്സ് കൈവിട്ടു പോയതിൽ വളരെയധികം ജാള്യത തോന്നിയെങ്കിലും കുഞ്ഞനങ്ങിയ സന്തോഷത്തിൽ ഇത്തിരി നേരം അവൾ കണ്ണീർവാർത്തു. പുലർച്ചെ വയറിൽ ചെറിയൊരു വേദന പോലെ തോന്നിയിട്ടാണ് ദിയ കണ്ണ് തുറന്നത്. ഇത്തിരി നേരം അതേ കിടപ്പു തന്നെ കിടന്ന് അവൾ വേദന ശമിക്കാനായി കാത്തിരുന്നു.സമയം കൂടും തോറും വേദന കൂടുന്നതായി തോന്നിയപ്പോൾ പതിയെ എണീറ്റ് മുറിയിൽ ലൈറ്റ് തെളിച്ചു.കതക് തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ ഇരുട്ടിൽ ലൈറ്റ് തെളിയിക്കാൻ സ്വിച്ച് ബോർഡിനായി വേദന കടിച്ചമർത്തിയവൾ ഇരുകൈകൊണ്ടും ചുവരിൽ തിരഞ്ഞു നടന്നു.

ഇടയ്ക്കെപ്പോഴോ ഇരുട്ടിൽ മുന്പിലെ കാഴ്ച കാണാതെ അടുത്തുള്ള ടേബിളിൽ ചെന്നിടിച്ചവൾ വലിയ ശബ്ദത്തോടെ നിലത്തേക്ക് വീണു.വീട്ടിനുള്ളിൽ നിന്നുള്ള വലിയ ശബ്ദം കേട്ടാണ് എല്ലാവരും ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റത്.ഹാളിൽ ലൈറ്റ് തെളിച്ചു നോക്കുമ്പോൾ നിലത്തു കിടന്ന് വേദനകൊണ്ട് പുളയുന്ന ദിയയെ കണ്ട് ഒരു നിമിഷം എല്ലാരും സ്ഥബ്ദരായി.ഒട്ടും വൈകാതെ കിച്ചു ഓടിവന്നവളെ കൈകളിൽ കോരിയെടുക്കുമ്പോൾ വണ്ടിയുടെ കീയുമെടുത്ത് H.P കാറ്റ് പോലെ മുറ്റത്തെക്കോടിയിറങ്ങി. അവളുടെ അവസ്ഥ കണ്ട് കുഞ്ഞുള്ളത് കാരണം കൂടെ പോവാൻ കഴിയാതെ ചന്തു കരയുന്നുണ്ടായിരുന്നു.H.P യും ശങ്കുമാമയും വണ്ടിയിൽ മുൻപിലായി കയറി പുറകിൽ ദിയയെയും കൊണ്ട് കിച്ചുവും.

വേദന കൊണ്ട് പുളയുന്നതിനൊപ്പം വസ്ത്രങ്ങളിൽ നനവ് പടരുന്നതവളറിയുന്നുണ്ടായിരുന്നു.അടിവയറ്റിൽ ഉയർന്നുവരുന്ന വേദനയിൽ പിടയുമ്പോൾ കിച്ചുവിന്റെ ശരീരത്തിൽ അതിന്റെ പ്രതിഫലനമെന്നോണം അവളുടെ നഖക്ഷതങ്ങൾ ആഴത്തിൽ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു.ഉച്ചത്തിലുള്ള നിലവിളിക്കൊപ്പം “ഞാൻ മരിച്ചു പോകുമോ “എന്നവൾ ഇടയ്ക്കിടെ അവനോട് ചോദിക്കുന്നുണ്ടായിരുന്നു. അവന്റെ നെഞ്ചിൽ കിടന്ന് എപ്പോഴോ ബോധം മറയുമ്പോൾ” കുഞ്ഞിനെ രക്ഷിച്ചേക്കണേ” എന്നാണവൾ അവസാനമായി പറഞ്ഞത്. ഹോസ്പിറ്റലിൽ എത്തിയ ഉടനെ തന്നെ ദിയയെ ലേബർറൂമിലേക്ക്‌ മാറ്റിയിരുന്നു.അക്ഷമയുടെ നീണ്ട മണിക്കൂറുകൾക്കുശേഷം വെള്ളത്തുണിയിൽ പൊതിഞ്ഞ കുഞ്ഞിനേയും കൊണ്ട് നേഴ്സ് പുറത്തു വന്നു.

“ദിയ പ്രസവിച്ചു…. ആൺ കുട്ടിയാണ്.രണ്ടാൾക്കും കുഴപ്പമൊന്നും ഇല്ല.” അത്രയും പറഞ്ഞവർ കുഞ്ഞിനെ നീട്ടിയപ്പോൾ മറ്റാർക്കും മുൻപേ കിച്ചുവിന്റെ കാലുകൾ ദൃതിയോടെ കുഞ്ഞിനടുത്തേക്ക് നീങ്ങി.നഴ്സിൽ നിന്നും കുഞ്ഞിനെ ഏറ്റുവാങ്ങുമ്പോൾ വല്ലാത്തൊരു സന്തോഷം അവനെ വന്നുമൂടുന്നതറിഞ്ഞു.കുഞ്ഞു നെറ്റിയിൽ ഉമ്മ വയ്ച്ചു H.P യ്ക്ക് നേരെ കുഞ്ഞിനെ നീട്ടുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.ശരീരത്തിൽ ദിയ ഏൽപ്പിച്ച മുറിവിനൊപ്പം മനസ്സിൽ ഉണങ്ങി തുടങ്ങിയ മുറിവുകൾ കൂടി പുനർജനിച്ചു രക്തം വാർക്കുന്നതായവന് തോന്നി.

ശരീരത്തിനൊപ്പം മനസ്സ് കൂടി നീറി തുടങ്ങിയപ്പോൾ തന്റെ കണ്ണുനീർ മറ്റുള്ളവരിൽ നിന്നും മറയ്ക്കാനായി ഒന്ന് കൂടി കുഞ്ഞിനെ നോക്കി ആശുപത്രിക്ക് പുറത്തേക്ക് ദൃതിയിൽ നടന്നു.അപ്പോഴും അവന്റെ ദുഃഖം മനസ്സിലാക്കിയെന്നപോലെ H. P യും ശങ്കുമാമയും അവൻ നടന്നകലുന്ന വഴിയിലേക്ക് അലിവോടെ നോക്കി നിൽപ്പുണ്ടായിരുന്നു…….തുടരും…..

ഹരി ചന്ദനം: ഭാഗം 51

Share this story