സമാഗമം: ഭാഗം 1

സമാഗമം: ഭാഗം 1

എഴുത്തുകാരി: അനില സനൽ അനുരാധ

നേരം എട്ടുമണിയോട് അടുത്തിരുന്നു. മീര വേഗം ടാക്സി സ്റ്റാന്റിലേക്ക് നടന്നു… തൃശ്ശൂരിലെ തിരക്ക് നിറഞ്ഞ പാതകൾ ഏറെക്കുറെ സുപരിചിതമായിരുന്നെങ്കിലും ഒരു ഭയം അവളിൽ നിറഞ്ഞു നിന്നിരുന്നു… അവളെ കണ്ടപ്പോൾ ചെറുപ്പക്കാരനായ ഡ്രൈവർ പുറത്തേക്ക് ഇറങ്ങി നിന്നു. “എങ്ങോട്ടാ ചേച്ചി പോകേണ്ടത്?” “നെടുമ്പാശ്ശേരി എയർപോർട്ട്…” അവൻ അവൾക്കായി ഡോർ തുറന്ന് കൊടുത്തു…

അവൾ മിഴികൾ അടച്ച ശേഷം കഴുത്തിൽ കിടന്ന താലിയിൽ മുറുകെ പിടിച്ചു. പിന്നെ സീറ്റിലേക്ക് കയറി ഇരുന്നു… കാർ വേഗത്തിൽ പോയി കൊണ്ടിരുന്നു. പതിനൊന്നരയ്ക്ക് ആയിരുന്നു അവൾക്ക് പോകേണ്ടിയിരുന്ന ഫ്ലൈറ്റ്.

ഒൻപതര ആകുമ്പോഴേക്കും എയർപോർട്ടിൽ എത്താനാണ് റിയ മീരയോടു പറഞ്ഞിരുന്നത്. മീരയുടെ കൂട്ടുകാരിയാണ് റിയ. റിയ എയർപോർട്ടിലാണ് വർക്ക്‌ ചെയ്യുന്നത്. മീര വയറിനു മീതെ കൈകൾ വെച്ചു… തന്റെ കുഞ്ഞ്… നിറയെ പീലികളുള്ള അവളുടെ മിഴികൾ നിറഞ്ഞു… “ഗട്ടറുകൾ ഒന്നു ശ്രദ്ധിക്കണെ… ” അവൾ പറഞ്ഞു… “ശരി ചേച്ചി… ” അവൻ പുഞ്ചിരിയോടെ പറഞ്ഞു. മീര പുറം കാഴ്ചകളിലേക്ക് മിഴി നട്ടിരുന്നു… ഈ യാത്ര വേണോ വേണ്ടയോ എന്ന ചിന്ത മനസ്സിനെ വീണ്ടും അലട്ടി കൊണ്ടിരുന്നു… താൻ അറിയാത്ത തന്നെ അറിയാത്ത മറ്റൊരു നാട്… അവിടെ തീർത്തും ഒറ്റപ്പെട്ടു പോകാൻ ആയിരിക്കുമോ വിധി?

ഒരു തേങ്ങൽ നെഞ്ചിൽ നിന്നും പുറപ്പെട്ടു… തൊണ്ടക്കുഴിയിൽ ഞെരിഞ്ഞമർന്നു… നിറഞ്ഞു വരുന്ന കണ്ണുനീർ തുള്ളികളെ തുളുമ്പാൻ അനുവദിക്കാതെ അവൾ തുടച്ചു കളഞ്ഞു കൊണ്ടിരുന്നു… കുസൃതി നിറഞ്ഞിരുന്ന ചെമ്പൻ മിഴികൾ മനസ്സിൽ തെളിഞ്ഞു… അദ്ദേഹത്തെ കാണാൻ കഴിയുമോ? കഴിഞ്ഞില്ലെങ്കിൽ… ഓർക്കും തോറും വിങ്ങൽ അധികരിച്ചു കൊണ്ടിരുന്നു… മിഴികൾ ഇറുക്കിയടച്ച് വലതു കൈ കൊണ്ട് താലിയിൽ മുറുകെ പിടിച്ചു… “ചേച്ചി… ” ഡ്രൈവറുടെ വിളി കേട്ടപ്പോൾ അവൾ ഞെട്ടി മിഴികൾ വലിച്ചു തുറന്നു. “എന്താ? ” “എയർപോർട്ടിലേക്ക് എത്തി ചേച്ചി…”

അവൾ കണ്ണുകൾ അമർത്തി തുടച്ച ശേഷം പുറത്തേക്ക് നോക്കി. ടാക്സി ചാർജ് കൊടുത്ത ശേഷം നന്ദിയോടെ അവനെ നോക്കി പുഞ്ചിരിച്ചു. “ഹാപ്പി ജേണി…” “താങ്ക്യു… ” എന്നു പറഞ്ഞ ശേഷം അവൾ മുൻപോട്ടു നടന്നു. ബാഗിൽ നിന്നും മൊബൈൽ എടുത്ത ശേഷം റിയയെ വിളിച്ചു നോക്കി… സ്വിച്ച് ഓഫ്‌ എന്ന മറുപടി കേട്ടതും അവളിൽ നിരാശ പടർന്നു. ആദ്യമായാണ് എയർപോർട്ടിലേക്ക് വരുന്നത്… ഇവിടെ വന്നാൽ റിയ ഉണ്ടാകുമല്ലോ എന്നതു മാത്രമായിരുന്നു ആകെയുണ്ടായിരുന്ന ധൈര്യം…. ഇനി എന്താണ് ചെയ്യേണ്ടത്? ആലോചനയോടെ കാലുകൾ മുന്നോട്ട് തന്നെ ചലിച്ചു കൊണ്ടിരുന്നു.

എന്തും വരട്ടെ ഇനി മുന്നോട്ട് തന്നെ. അല്ലെങ്കിൽ തന്നെ താനെന്തിനു ഭയപ്പെടണം. തനിക്കു വേണ്ടി സങ്കടപ്പെടാനും കാത്തിരിക്കാനും ഇവിടെ ആരാണുള്ളത്… ആരും ഇല്ല… ബാഗിൽ നിന്നും ഫയൽ എടുത്ത് പാസ്പോർട്ട്‌, ടിക്കറ്റ്, വിസയുടെ കോപ്പി എന്നിവയെല്ലാം എടുത്ത് എയർപോർട്ടിനുള്ളിലേക്ക് കടക്കാനുള്ള ക്യൂവിൽ നിന്നു.. ചുറ്റും ഒന്നു കണ്ണോടിച്ചു… വികാര നിർഭരമായ പല ദൃശ്യങ്ങളും അവിടെ അവൾക്ക് കാണാൻ കഴിഞ്ഞു… നിറ മിഴികളോടെ വിദേശത്തേക്ക് പോകുന്നവരും സന്തോഷത്തോടെ നാട്ടിലേക്ക് തിരികെ എത്തുന്നവരും അവൾക്ക് മുമ്പിലൂടെ കടന്നു പോയി…

നിറഞ്ഞ കണ്ണുകൾ അമർത്തി തുടയ്ക്കുന്ന യുവാവ്… അയാളുടെ കയ്യിൽ മുറുകെ പിടിച്ചു കരയുന്ന ഒരു കുഞ്ഞു മോൾ… കുഞ്ഞിനെ എടുത്ത യുവതി കുഞ്ഞിനെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കരഞ്ഞു കൊണ്ട് അവൾ കുതറുന്നു… അയാൾ കുഞ്ഞിനെ എടുത്ത് കവിളിലും നെറ്റിയിലും ചുംബിച്ചു… യുവതിയെ നെഞ്ചോടു ചേർത്തു പിടിച്ചു…. ഭാഗ്യവതിയായ അമ്മയും കുഞ്ഞും. ഇങ്ങനെ ഒരു മുഹൂർത്തം തന്റെ ജീവിതത്തിലും ഉണ്ടാകുമോ? തന്റെ ഉദരത്തിൽ ജീവന്റെ തുടിപ്പ് സമ്മാനിച്ച് അദ്ദേഹം എങ്ങോട്ടാണ് അപ്രത്യക്ഷനായത് എന്ന ഉത്തരം കിട്ടാതെ അവൾ ഉഴറി. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ വീണ്ടും അവളെ അലട്ടി കൊണ്ടിരുന്നു.

ഓഫീസറിന്റെ മുൻപിലേക്ക് ക്യൂ എത്തും തോറും അവളുടെ ഹൃദയമിടിപ്പ് കൂടി. ഓഫീസർ ഡോക്യുമെന്റ്സ് ചെക്ക് ചെയ്തതിന് ശേഷം തിരിച്ചു നൽകി. എയർപോർട്ടിനകത്തേക്ക് പ്രവേശിച്ചതിന് ശേഷം ചെക്ക് ഇൻ ചെയ്യുന്നവരുടെ വരിയിൽ ചെന്നു നിന്നു. ഡോക്യുമെന്റ്സ് ചെക്ക് ചെയ്യലും ലഗേജ് ചെക്ക് ചെയ്യലും കഴിഞ്ഞപ്പോൾ എമിഗ്രേഷൻ അപ്ലിക്കേഷൻ ഫോം കിട്ടി… അതു ഫിൽ ചെയ്തതിന് ശേഷം ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അവൾ നിന്നു… “ഹലോ… എക്സ്ക്യൂസ്മി… ” പുറകിൽ നിന്നും ഗാംഭീര്യം നിറഞ്ഞ ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി. നേരത്തെ കണ്ട യുവാവ്..

അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി “പേന ഒന്നു തരുമോ? ” വിനയത്തോടെ അവൻ തിരക്കിയതും അവൾ വേഗം പേന അവന്റെ നേർക്ക് നീട്ടി. അവൻ പേന വാങ്ങി വേഗം ഫോം ഫിൽ ചെയ്തു… “താങ്ക്സ്…” എന്നു പറഞ്ഞ് പേന അവൾക്ക് തിരികെ നൽകി. “സർ എങ്ങോട്ടാണ് പോകുന്നത്? ” അവൾ തിരക്കി. “ബെഹറിൻ.. ” അയാൾ പറഞ്ഞു. കൂട്ടിനു ഒരാളെ കിട്ടിയ ആശ്വാസം അവളിൽ നിറഞ്ഞു. “ഞാനും അങ്ങോട്ടാണ്… ആദ്യമായി പോകുന്നതിന്റെ ഒരു പേടിയുണ്ട്… ” “എന്നാൽ എന്റെ കൂടെ പോര്.. ” അവൾ അവന്റെ മുഖത്തേക്ക് നോക്കി… “ഈ അപ്ലിക്കേഷൻ കൊടുക്കേണ്ടത് അപ്പുറത്താണ്.. ”

അവൾ അവന്റെ പുറകിലായി നടന്നു. എമിഗ്രേഷൻ ക്ലിയറൻസിനു ശേഷം വെയ്റ്റിംഗ് ഹാളിലേക്ക് പോകാൻ എക്സലറേസ്റ്റർ ലക്ഷ്യമാക്കി അവൻ നടന്നു… മീര ഇതുവരെ അതിൽ കയറിയിരുന്നില്ല. അതിനടുത്ത് എത്തിയതും ഭയത്തോടെ അവിടെ നിന്നു. “വരുന്നില്ലേ?” അവൻ തിരിഞ്ഞു നോക്കി കൊണ്ട് തിരക്കി. “ഞാൻ സ്റ്റെപ് കയറി വന്നോളാം. ഇതെനിക്ക് പേടിയാണ്.” “പേടിക്കാൻ ഒന്നുമില്ല വരൂ.. ” മുൻപോട്ടു ഒരു അടി വെച്ചതും അവൾ നിന്നു… വലതു കൈ അറിയാതെ വയറിൽ മെല്ലെ തലോടി… എന്റെ കുഞ്ഞ്.. എങ്ങാനും വീണാൽ… ആലോചനയോടെ നിക്കുന്ന അവളെ അവൻ നോക്കി…

മിഴികൾ ഒരു നിമിഷം അവളുടെ വയറിനു മീതെ തങ്ങി നിന്നു. അവൾ ഗർഭിണിയാണോ? എന്ന ചോദ്യം മനസ്സിൽ ഉയർന്നു. “നമുക്ക് ലിഫ്റ്റിൽ പോയാലോ? അതും പേടിയാണോ? ” “കുറച്ചു പേടിയുണ്ട്.. എന്നാലും സാരമില്ല… ” “എന്നാൽ വാ.. ” ലിഫ്റ്റ് വെയ്റ്റിങ് ഹാളിനു മുൻപിലായി നിന്നു. “നമുക്ക് അവിടെ ഇരുന്നാലോ?” അവൻ തിരക്കിയപ്പോൾ അവൾ തലയാട്ടി. അവൻ ഇരുന്നതിന്റെ തൊട്ടടുത്ത സീറ്റിൽ ബാഗ് വെച്ച ശേഷം അതിന് അപ്പുറത്തായി അവൾ ഇരുന്നു . കണ്ണുകൾ അടച്ച് സീറ്റിലേക്ക് ചാരി ഇരുന്നു.. ദീർഘമായി നിശ്വസിച്ച ശേഷം മിഴികൾ തുറന്നു… ബാഗ് തുറന്ന് വെള്ളം എടുത്തു കുടിച്ചു. “എന്റെ പേര് സന്ദീപ്.. നിങ്ങളുടെയോ? ” അവൻ തിരക്കി. “മീര… ” “ബെഹറിനിൽ എങ്ങോട്ടാ…

ജോലിക്കാണോ പോകുന്നത്?” “മനാമ. ജോലിക്കല്ല.. ഒരാളെ അന്വേഷിച്ചാണ്.” “എയർപോർട്ടിലേക്ക് ആരെങ്കിലും വരുമോ? ” “ആരും വരില്ല.” “തനിക്ക് അവിടെ വല്ല പരിചയക്കാരും ഉണ്ടോ? ” “ഇല്ല…” സന്ദീപ് പിന്നെ ഒന്നും ചോദിച്ചില്ല… ഫോൺ എടുത്ത് കാൾ ചെയ്തു.. “നിങ്ങൾ തിരിച്ചു പോയില്ലേ?” “ഉം…” മറുതലയ്ക്കൽ നിന്നും ഒരു മൂളൽ വന്നു. “ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം.. ” എന്നു പറഞ്ഞ് കാൾ കട്ട്‌ ചെയ്തു. “എന്റെ ബാഗ് ഒന്നു നോക്കണേ. ഞാൻ വാഷ്റൂമിൽ പോയി വരാം…” എന്നു പറഞ്ഞ് മീര എഴുന്നേറ്റു. സന്ദീപ് തലയാട്ടി. അവൾ പോകുന്നതും നോക്കി അവൻ ഇരുന്നു.

എന്തൊക്കെയോ നിഗൂഢതകൾ അവളിൽ ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് അവനു തോന്നി… കുറച്ചു കഴിഞ്ഞപ്പോൾ അവൾ തിരിച്ചു വന്നു. നിറയെ പീലികൾ നിറഞ്ഞ അവളുടെ കണ്ണുകൾ ആകെ കലങ്ങിയിരുന്നു … അതു കാണ്‍കെ അവൻ അവളിൽ നിന്നും നോട്ടം മാറ്റി. മീര സീറ്റിൽ വന്നിരുന്നു… സമയം കടന്നു പോകും തോറും ചിന്തകളുടെ അഗ്നികുണ്ഡത്തിൽ അവൾ ഞെരിഞ്ഞമർന്നു കൊണ്ടിരുന്നു… “മീരാ… ” സന്ദീപിന്റെ വിളി കേട്ടപ്പോഴാണ് അവൾ ചിന്തകളിൽ നിന്നും ഉണർന്നത്. “വരൂ… ഫ്ലൈറ്റിലേക്ക് കയറാനുള്ള ടൈം ആയി. ” അവൾ എഴുന്നേറ്റ് അവന്റെ കൂടെ നടന്നു.

ഫ്ലൈറ്റിൽ കയറിയപ്പോൾ സന്ദീപാണ് അവളുടെ സീറ്റ് നമ്പർ കണ്ടു പിടിച്ചതും അവിടെ ഇരുന്നോളാൻ പറഞ്ഞതും… അവൾ അവിടെ ഇരുന്നു… “സാറിന്റെ സീറ്റ് എവിടെയാ? ” അവൾ ഉല്‍കണ്ഠയോടെ തിരക്കി. “രണ്ടു സീറ്റ് മുൻപിലാണ്.. പേടിക്കണ്ട.” അവളുടെ ഭയം മനസ്സിലാക്കിക്കൊണ്ട് അവൻ പറഞ്ഞു. അവൾ തലയാട്ടി… മീരയ്ക്ക് വിൻഡോ സീറ്റാണ് കിട്ടിയിരുന്നത്. സന്ദീപിനും അങ്ങനെ തന്നെ. കുറച്ചു കഴിഞ്ഞപ്പോൾ ഒരു യുവാവ് മീരയുടെ അരികിൽ വന്നിരുന്നു. തൊട്ട് പിന്നാലെ അതിനു അപ്പുറത്തായി ഒരു മധ്യവയസ്കനും വന്നിരുന്നു. സന്ദീപ് മീരയുടെ സീറ്റിനു അരികിലേക്ക് വന്നു…

അവൾ അസ്വസ്ഥതയോടെ അവനെ നോക്കി. “ഹലോ ! എക്സ്ക്യൂസ്മി… ” മീരയുടെ അടുത്ത് ഇരിക്കുന്ന യുവാവിനോടായി പറഞ്ഞു. അയാൾ സന്ദീപിന്റെ മുഖത്തേക്ക് നോക്കി. “താങ്കൾക്ക് വിരോധം ഇല്ലെങ്കിൽ എന്റെ സീറ്റിലേക്ക് ഇരിക്കുമോ… ഇതെന്റെ റിലേറ്റീവാണ്… പ്രെഗ്നന്റാണ്… ചില ഫിസികൽ പ്രോബ്ലെംസ് ഉണ്ട്. ഞാൻ ഇവിടെ ഇരുന്നാൽ അവൾക്ക് ഒരു ആശ്വാസമാകും…” അയാൾ എഴുന്നേറ്റു… രണ്ടു പേരും കൂടി എയർഹോസ്റ്റസ്സിനോട്‌ സംസാരിക്കുന്നത് മീര ശ്രദ്ധിച്ചു. അയാളോട് നന്ദി പറഞ്ഞതിന് ശേഷം സന്ദീപ് മീരയുടെ അരികിൽ വന്നിരുന്നു.

സന്ദീപ് അടുത്ത് വന്നിരുന്നപ്പോൾ സുരക്ഷിതത്വത്തിന്റെ കവചം തനിക്കു ചുറ്റും നിറയുന്നതു പോലെ അവൾക്ക് തോന്നി… “സീറ്റ് ബെൽറ്റ്‌ ധരിച്ചോളൂ… ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ചെയ്യാൻ പോകുകയാണ്… ” അവൾ സീറ്റ് ബെൽറ്റ്‌ ധരിക്കാൻ ശ്രമിക്കുമ്പോൾ കൈ വിറച്ചു കൊണ്ടിരുന്നു… അവളെ ഒന്നു നോക്കിയ ശേഷം അവൻ ശ്രദ്ധയോടെ സീറ്റ് ബെൽറ്റ്‌ ഇട്ടു കൊടുത്തു. “പേടിക്കാൻ ഒന്നും ഇല്ല…” അവളിലെ ടെൻഷൻ മാറ്റാനായി അവൻ പറഞ്ഞു.. “ഉം.. ” ഒന്നു മൂളിയതിന് ശേഷം അവൾ പുറത്തേക്ക് നോക്കിയിരുന്നു… ഒരു ചെറിയ കുലുക്കത്തോടെ ഫ്ലൈറ്റ് ഉയർന്നു കൊണ്ടിരുന്നു.

പഞ്ഞിക്കെട്ടുകൾ പോലെ വിവിധ രൂപത്തിലുള്ള മേഘപാളികൾ അവളുടെ കണ്മുമ്പിലൂടെ ഒഴുകി നടന്നു. താനും മേഘത്തിനുള്ളിലൂടെ ഒഴുകി നടക്കുകയാണെന്ന് അവൾക്ക് തോന്നി. കുറേ നേരം പുറത്തേക്ക് നോക്കിയിരുന്നപ്പോൾ അവൾക്കു തല ചുറ്റുന്നതു പോലെ തോന്നി. അവൾ മുഖം തിരിച്ച് സന്ദീപിനെ നോക്കി. അവൻ നിറഞ്ഞ മിഴികൾ തുടക്കുന്നു.. സങ്കടമില്ലാത്ത ആരും ഭൂമിയിൽ ഇല്ലെന്ന് അവൾക്ക് തോന്നി. സന്ദീപ് പെട്ടെന്ന് അവളെയും ശ്രദ്ധിച്ചു… “നമ്മൾ അങ്ങോട്ട് എത്താൻ നാലു മണിക്കൂർ എടുക്കും. ” “ഹ്മ്മ്… ” അവൾ മൂളി… “ഞാൻ സിത്രയിലാണ് വർക്ക്‌ ചെയ്യുന്നത്.” “ഹ്മ്മ്… ” “മീര… മീര ഭർത്താവിന്റെ അടുത്തേക്കാണോ? ” “അടുത്തേക്ക് എത്തണം എന്നു കരുതിയാണ്… ”

“ഇവിടെ ആരെയും അറിയില്ലേ?” “ഇല്ല.. ” “എങ്ങനെ അയാളെ കണ്ടു പിടിക്കും.. ഒരു പരിചയക്കാർ പോലും ഇല്ലാതെ… തനിച്ച്… ഭർത്താവുമായി പിണക്കത്തിലാണോ? ” ഉള്ളിലെ ചോദ്യം അറിയാതെ പുറത്തേക്ക് വന്നു… “എനിക്ക് ഒന്നും അറിയില്ല… ” അവളുടെ ശബ്ദം ഇടറി. *** ഓർമ്മ വെച്ച നാളു മുതൽ മീരയ്ക്ക് കൂട്ടിന് ഉണ്ടായിരുന്നത് ഏകാന്തതയായിരുന്നു. കട ബാധ്യത മൂലം അച്ഛനും അമ്മയും വിഷം കഴിച്ചു മരിക്കുമ്പോൾ അവൾക്ക് മൂന്നു വയസ്സായിരുന്നു പ്രായം. പതിനൊന്നു വയസ്സ് ആകുന്നതു വരെ അച്ഛമ്മയുടെ സ്നേഹത്തണൽ മാത്രമായിരുന്നു ഏക അഭയസ്ഥാനം. ഹൃദയാഘാതം വന്നു അച്ഛമ്മ പോയ്‌ മറഞ്ഞപ്പോൾ അവൾ വീണ്ടും തനിച്ചായി. പിന്നീട് ആൽത്തറയിലുള്ള വെല്ല്യച്ഛന്റെ വീട്ടിലേക്ക് മാറാൻ അവൾ നിർബന്ധിതയായി.

മീരയുടെ അമ്മ വീട്ടുകാർ ആണെങ്കിൽ അവളെ പാടെ മറന്നു കഴിഞ്ഞിരുന്നു. പെൺകുട്ടിയല്ലേ ഭാവിയിൽ ബാധ്യതയാകും എന്ന് കരുതിയിരിക്കണം. വെല്ല്യച്ഛനായ സുദേവനും ഭാര്യ അനിതയും പെണ്മക്കളായ യമുനയും കാവേരിയുമാണ് അവിടെ ഉണ്ടായിരുന്നത്. “ഗോപാലനും ഊർമിളയും ഒരു കുപ്പി വിഷം കഴിച്ച് അങ്ങു പോയി. ഇപ്പോൾ മോളെ നോക്കേണ്ട ചുമതല ഞങ്ങളുടെ തലയിലും.” വെല്ല്യമ്മ പലരോടും പറയുന്നത് പലപ്പോഴും മീരയുടെ കാതുകളിൽ വന്നു പതിഞ്ഞിട്ടുണ്ട്. വെല്ല്യമ്മ മീരയെന്ന ഭാരത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഇടയ്ക്ക് വെല്ല്യച്ഛന്റെ നിസ്സഹായത നിറഞ്ഞ മുഖം കാണാം.

ഭാര്യയെ എതിർത്തു സംസാരിക്കാൻ വെല്ല്യച്ഛനു ഭയമായിരുന്നു… ആ ഭയം ഒന്നു കൊണ്ട് മാത്രം അധികം പൊട്ടിത്തെറികൾ ഇല്ലാതെ ആ കുടുംബം നില നിന്നു പോന്നു… അച്ഛമ്മയുടെ മരണശേഷം മീരയ്ക്ക് സ്കൂൾ മാറേണ്ടി വന്നു. യമുനയും കാവേരിയും പഠിക്കുന്ന അതേ സ്കൂളിൽ തന്നെ അവളെയും ചേർത്തു. വെല്ല്യമ്മയുടെ കുത്തുവാക്കുളും വെല്ല്യച്ഛന്റെ ദയനീയമായ മുഖവും അവളെ എന്നും വേദനിപ്പിച്ചു കൊണ്ടിരുന്നു… യമുനയുടെയും കാവേരിയുടെയും മനസ്സിൽ മീരയ്ക്ക് ഒരു വേലക്കാരിയുടെ സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളു. അച്ഛമ്മയുടെ മരണശേഷം കണ്ണുനീർ പൊടിയാത്ത ഒരു ദിവസം പോലും അവളുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല.

പത്താം ക്ലാസ്സ്‌ പരീക്ഷ നല്ല മാർക്കോടു കൂടി മീര പാസ്സായി. തുടർന്നു പഠിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വെല്ല്യമ്മ അതിനും വിലങ്ങു തടിയായി. “നിന്റെ അച്ഛനും അമ്മയും ഒന്നും സമ്പാദിച്ചു വെച്ചിട്ടല്ല മരിച്ചു പോയത്. പിന്നെ ഞങ്ങൾ എങ്ങനെ നിന്നെ പഠിപ്പിക്കും. ഞങ്ങൾക്കും വളർന്നു വരുന്നത് രണ്ടു പെണ്മക്കളാണ്.” വെല്ല്യമ്മയുടെ ഈ വാക്കുകൾക്കിടയിൽ മീരയുടെ വിദ്യാഭ്യാസ കാലഘട്ടം അവസാനിച്ചു. അതിനിടയിൽ വെല്ല്യച്ഛനു സ്ഥലം മാറ്റം വന്നു. തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേക്കായിരുന്നു ട്രാൻസ്ഫർ. അദ്ദേഹം ഇൻഷുറൻസ് കമ്പനിയിൽ ആയിരുന്നു ജോലി ചെയ്തു കൊണ്ടിരുന്നത്.

അതോടെ വെല്ല്യച്ഛനു ആഴ്ചയിൽ മാത്രമേ വീട്ടിലേക്ക് വരാൻ കഴിഞ്ഞിരുന്നുള്ളു. ശനിയാഴ്ച രാത്രി വന്ന് തിങ്കളാഴ്ച രാവിലെ തിരിച്ചു പോകും. മീരയുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വെല്ല്യമ്മ എടുത്ത തീരുമാനം അറിഞ്ഞിട്ടും വെല്ല്യച്ഛൻ മൗനം പാലിച്ചു. അവളെക്കാൾ കുറവ് മാർക്ക്‌ വാങ്ങിയ യമുന പുതിയ സ്കൂളിൽ ചേരുന്നതും പഠിക്കാൻ പോകുന്നതും കണ്ടു നിൽക്കാൻ മാത്രമെ അവൾക്ക് കഴിഞ്ഞുള്ളു. പിന്നീടുള്ള ദിവസങ്ങൾ കൂടുതൽ ദുഃസ്സഹമാകുകയായിരുന്നു. വീട്ടിലെ ജോലികൾ എല്ലാം ചെയ്യേണ്ട ബാധ്യത അവൾക്കായി. വയറു നിറയെ ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം പോലും അവൾക്ക് നിഷേധിക്കപ്പെട്ടു.

സ്കൂളിൽ പോകുകയായിരുന്നെങ്കിൽ ആ സമയമെങ്കിലും അവൾക്ക് കുറച്ച് ആശ്വാസം കിട്ടുമായിരുന്നു. കൂടാതെ സ്കൂളിൽ അവൾക്ക് പ്രിയപ്പെട്ടവളായി റിയയുണ്ടായിരുന്നു… റിയയോട് മാത്രമാണ് അവൾ തന്റെ സങ്കടങ്ങൾ പങ്കുവെച്ചിരുന്നത്. ഇപ്പോൾ അവൾ ജീവിതത്തിൽ തീർത്തും ഒറ്റപ്പെട്ടു പോയി. അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ… തനിക്കും അന്നൊരിറ്റ് വിഷം തന്നിരുന്നെങ്കിൽ ഈ ദുർവിധി തനിക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നു എന്ന് അവൾ പലപ്പോഴും ചിന്തിച്ചു.

ആത്മഹത്യ ചെയ്യാനുള്ള ധൈര്യവും അവൾക്ക് ഇല്ലായിരുന്നു. താനൊരു അടിമയാണെന്നും അടിമയ്ക്ക് സ്വന്തമായ ഇഷ്ടങ്ങളോ തീരുമാനങ്ങളോ ഇല്ലെന്നും ഒരു ഉടമയും തന്റെ അടിമയെ ആത്മാർത്ഥമായി സ്നേഹിച്ചിരിക്കില്ല എന്നും അവൾ മനസ്സിനെ പഠിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഒരു പെൺകുട്ടിയാണെന്ന പരിഗണന പോലും മീരയ്ക്ക് നൽകാനുള്ള മനസ്സ് എന്തു കൊണ്ടോ വെല്ല്യമ്മയ്ക്ക് ഉണ്ടായിരുന്നില്ല. ആർത്തവ ദിനങ്ങളിൽ ആഹാരത്തിന്റെ കുറവും ശരീരത്തിന്റെ ക്ഷീണവും കഠിനമായ വയറു വേദനയും അവളെ വല്ലാതെ തളർത്തിയിരുന്നു. ആ ദിവസങ്ങളിൽ പോലും വെല്ല്യമ്മ അവൾക്ക് വിശ്രമം അനുവദിച്ചിരുന്നില്ല.

ഒരിക്കൽ ക്ഷീണം കാരണം കുഴഞ്ഞു വീണപ്പോൾ അതു അഭിനയമാണെന്ന് പറഞ്ഞ് വെല്ല്യമ്മ പൊതിരെ തല്ലി. എന്നിട്ടും എല്ലാ വേദനകളും സഹിച്ച് എങ്ങനെയൊക്കെയോ അവൾ അവിടെ പിടിച്ചു നിന്നു. വെല്ല്യച്ഛൻ മാത്രമായിരുന്നു ഏക ആശ്വാസം. തന്റെ അസാന്നിധ്യത്തിൽ അവൾക്ക് അവിടെ നരകമായിരിക്കും എന്ന് അദ്ദേഹത്തിനും ഉത്തമ ബോധ്യം ഉണ്ടായിരുന്നു. ദിവസങ്ങളും വര്ഷങ്ങളും കടന്നു പോയപ്പോൾ മീര ഒരു യുവതിയായി മാറി. യമുനയെക്കാളും കാവേരിയെക്കാളും സുന്ദരിയായിരുന്നു മീര. മീരയ്ക്ക് വന്ന വിവാഹ ആലോചനകൾക്കെല്ലാം അനിത തടസ്സം പറഞ്ഞു.

പൊന്നും പണവും ഒന്നും വേണ്ടെന്നു പറഞ്ഞ് ആരെങ്കിലും വരട്ടെ… അന്ന് അവളെ വിവാഹം കഴിച്ച് വിടാം എന്നായിരുന്നു അനിതയുടെ തീരുമാനം. ഒരു വിവാഹ ജീവിതം തനിക്കു വിധിച്ചിട്ടില്ലെന്നും ഇവിടെ കിടന്ന് നരകിക്കാനാകും തന്റെ വിധിയെന്നും മീരയ്ക്ക് ഉറപ്പായിരുന്നു. ചിലപ്പോഴൊക്കെ എവിടെക്കെങ്കിലും ഇറങ്ങി പോയാലോ എന്ന ചിന്ത മനസ്സിൽ നിറയും. പക്ഷേ എവിടേക്ക്? എന്ന ചോദ്യം അവളെ അവിടെ തന്നെ തടഞ്ഞു നിർത്തി. ** യമുന ഡിഗ്രി പാസ്സായി. അവൾക്ക് വിവാഹ ആലോചനകൾ വന്നു കൊണ്ടിരുന്നു. യമുനയെ ആരെങ്കിലും പെണ്ണു കാണാൻ വന്നാൽ അവർ പോകുന്നത് വരെ അടുക്കളയിൽ അല്ലെങ്കിലും വീടിന്റെ പിന്നാമ്പുറത്ത് ആയിരിക്കും മീരയുടെ സ്ഥാനം.

ഏറെ താമസിയാതെ യമുന വിവാഹിതയായി… സൂരജ് എന്നായിരുന്നു ഭർത്താവിന്റെ പേര്. വിദേശത്ത് ജോലി ചെയ്തിരുന്ന സൂരജ് വിവാഹ ശേഷം ഗൾഫിലേക്ക് തിരിച്ചു പോകുന്നില്ലെന്നും നാട്ടിൽ ബിസിനസ്‌ ചെയ്യാനാണ് താല്പര്യമെന്നും വിവാഹത്തിന് മുൻപേ യമുനയോടും വീട്ടുകാരോടും പറഞ്ഞിരുന്നു. വിവാഹശേഷവും യമുന മീരയോടു വലിയ അടുപ്പമൊന്നും കാണിച്ചിരുന്നില്ല. പക്ഷേ കുറച്ചു മാസങ്ങൾക്കു ശേഷം യമുന സൂരജിനോടൊപ്പം വീട്ടിലേക്ക് വന്നു. എപ്പോഴും മീരയോട് അകൽച്ച കാണിച്ചിരുന്ന യമുന ഈ വരവിൽ മീരയോട് സ്നേഹം പ്രകടിപ്പിച്ചു. അന്നു രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ സൂരജ് യമുനയെ നോക്കി…

ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയ യമുന അച്ഛനെ നോക്കി … “അച്ഛാ .. ” യമുന വിളിച്ചു. അദ്ദേഹം അവളെ നോക്കി. “സൂരജേട്ടന് അച്ഛനോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.” “എന്താ മോനെ? ” സൂരജിനെ നോക്കി അദ്ദേഹം തിരക്കി. “എന്റെ ഒരു കൂട്ടുകാരനുണ്ട്…. ഗൾഫിലാണ്. അവനു മീരയെ വിവാഹം ചെയ്യാൻ താല്പര്യമുണ്ട്. ” “നല്ല ബന്ധമാണോ മോനെ? ” അദ്ദേഹം സന്തോഷത്തോടെ തിരക്കി. “ഒരു കല്യാണം നടന്നതിന്റെ ക്ഷീണം മാറിയിട്ടില്ല. ഇപ്പോൾ ഇതു നടക്കില്ലെന്ന് അവരോട് എങ്ങനെ പറയും? ” അനിത സ്നേഹത്തോടെ മരുമകനോട്‌ തിരക്കി. “അങ്ങനെയൊന്നും അവരോടു പറയണ്ട.

എങ്ങനെയെങ്കിലും അവളുടെ വിവാഹം നടത്തണം. മീരയ്ക്കും യമുനയ്ക്കും ഒരേ പ്രായമാണ്.” സുദേവൻ പറഞ്ഞു. “കല്യാണച്ചിലവിനെ കുറിച്ചോർത്ത് ആരും വിഷമിക്കണ്ട. എല്ലാം അവൻ ചെയ്തോളും. പെൺകുട്ടിയെ മാത്രം അവനു കൊടുത്താൽ മതി. ” സൂരജ് പറഞ്ഞു. “മോനെ ഒന്നും വേണ്ട എന്നൊക്കെ എന്നു പറയുമ്പോൾ ചെറുക്കന് എന്തെങ്കിലും വൈകല്യമോ എന്തെങ്കിലും ഉണ്ടോ? ” “അങ്ങനെ ഒന്നും ഇല്ല അച്ഛാ. അവൻ നാളെ നാട്ടിലേക്ക് വരുന്നുണ്ട്. നമ്മൾക്ക് സമ്മതം ആണെങ്കിൽ അവൻ ഇങ്ങോട്ട് പെണ്ണുകാണാൻ വരും. “എന്നാൽ ഇനി വരുന്ന ഞായറാഴ്ച അവരോട് വരാൻ പറഞ്ഞോളൂ മോനെ. ”

അന്നു രാത്രി സുദേവനും യമുനയും കൂടി മീരയോട് വിവരങ്ങൾ പറഞ്ഞു. യമുനയുടെ പെരുമാറ്റം മീരയിൽ അവിശ്വസനീയത നിറച്ചു. തന്നോടെന്നും അവൾ അകൽച്ച മാത്രമേ കാണിച്ചിട്ടുള്ളു… എന്നിട്ടും തനിക്കു നല്ലൊരു ജീവിതം കിട്ടാൻ അവൾ ആഗ്രഹിച്ചിരുന്നെന്നോ? മീരയുടെ മനസ്സിൽ ആശങ്ക ഉയർന്നു… “എന്റെ കുട്ടി കുറേ അനുഭവവിച്ചതല്ലേ. പരീക്ഷിച്ചു മതിയായെന്നു ദൈവത്തിനു തോന്നിയിട്ടുണ്ടാകും. എന്റെ മീരമോൾക്ക് നല്ലൊരു ജീവിതം ഉണ്ടാകണേ എന്നു പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലും വെല്ല്യച്ഛന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല… ” ഇടറുന്ന ശബ്ദത്തോടെ സുദേവൻ പറഞ്ഞു. “എനിക്കറിയാം വെല്ല്യച്ഛാ… ” അന്നു രാത്രി കിടന്നിട്ടും മീരയ്ക്ക് ഉറക്കം വന്നില്ല. ഇവിടെ വന്നതു മുതൽ തനിക്കു സ്വന്തമായ ഇഷ്ടങ്ങളോ അഭിപ്രായങ്ങളോ ഉണ്ടായിട്ടില്ല. ഇനി തന്നെ ഇവിടെ നിന്നും ഒഴുവാക്കാനുള്ള യമുനയുടെ തന്ത്രം ആയിരിക്കുമോ? ആലോചനയോടെ മീര കിടന്നു…തുടരും..

Share this story