ഹരി ചന്ദനം: ഭാഗം 53

ഹരി ചന്ദനം: ഭാഗം 53

എഴുത്തുകാരി: ശ്രുതി കൃഷ്ണ

ഹോസ്പിറ്റലിൽ വച്ചു ബോധം വന്നപ്പോൾ ദിയയുടെ കൈകൾ ആദ്യം തിരഞ്ഞത് തന്റെ കുഞ്ഞിനെയാണ്. തൊട്ടടുത്തു അമ്മയുടെ ചൂട് പറ്റി സുഖമായി കിടന്നുറങ്ങുന്ന കുഞ്ഞിനെ കാൺകെ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. കുഞ്ഞിനെ മാറോടടുക്കി ആദ്യ ചുംബനം നൽകിയപ്പോൾ അതുവരെ അനുഭവിച്ച കഠിന വേദനകളൊക്കെ സുഖമുള്ളൊരു അനുഭൂതിയായി തോന്നി.ഇടയ്ക്ക് എല്ലാവരും റൂമിലേക്ക് വന്നപ്പോൾ അവളുടെ ക്ഷീണിച്ച കണ്ണുകൾ ആദ്യം തിരഞ്ഞത് കിച്ചുവിനെയായിരുന്നു.വേദനയുടെ ആദിഖ്യത്തിൽ വണ്ടിയിലിരുന്ന് താൻ അവനോട് അരുതാത്തതെന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്തോ എന്നൊരു പേടി അവളുടെ മനസ്സിൽ ഉണ്ടായി.

അന്ന് അവളുടെ മുൻപിലേക്കെ അവൻ ചെന്നില്ലെന്നത് ആ പേടി ഒന്നുകൂടി വർധിപ്പിച്ചു. ഇടയ്ക്ക് ഹരിയോട് കിച്ചുവിനെ കുറിച്ച് ചോദിക്കാൻ വന്നെങ്കിലും പിന്നീട് വേണ്ടെന്നു വച്ചു.ദിയയുടെ ശുശ്രൂഷകൾക്കും സഹായത്തിനും മുൻപേ ഏർപ്പാടാക്കിയത് പ്രകാരം ഹോസ്പിറ്റലിൽ വയ്ച്ചു തന്നെ ഒരു സ്ത്രീയെ H.P നിർത്തിയിരുന്നു.പറയത്തക്ക വിധം ആരും സഹായത്തിനില്ലാത്ത ദിയയ്ക്ക് തന്റെ ആരുമല്ലാത്ത അവരുടെ സാന്നിധ്യം ഒരമ്മയുടേതെന്നപോൽ ആശ്വാസമേകി.ഒപ്പം അവരുടെ പല പ്രവർത്തികളും പാർവതിയമ്മയുടെ ഓർമ്മകൾ അവളിൽ നിറച്ചപ്പോൾ കുറ്റബോധം കൊണ്ടവൾക്ക് ശ്വാസം പോലും വിലങ്ങുന്ന പോലെ തോന്നിയിരുന്നു. പിറ്റേന്ന് രാവിലെ തന്റെ അടുത്ത് കിടക്കുന്ന കുഞ്ഞിനെ തലോടി ഉമ്മ വയ്ക്കുന്ന കിച്ചുവിനെ കണ്ടാണ് അവൾ ഉണർന്നത്.

എന്ത് കൊണ്ടോ ആ കാഴ്ച അവളുടെ മനസ് നിറച്ചെങ്കിലും കിച്ചുവിനെ അഭിമുഖീകരിക്കാനുള്ള മടി കാരണം അവൾ ഉറക്കത്തിലെന്നപോലെ കണ്ണടച്ചു തന്നെ കിടന്നു. ഇത്തിരി നേരം കുഞ്ഞിനെ നോക്കിയിരുന്ന്‌ തന്റെ അടുത്തേക്ക് ഒരു നോട്ടം കൊണ്ടു പോലും കടാക്ഷിക്കാതെ അവൻ മുറിവിട്ടിറങ്ങിയപ്പോൾ അതുവരെ മനസ്സിൽ കുമിഞ്ഞു കൂടിയ സന്തോഷമൊക്കെ കൊഴിഞ്ഞുപോവുന്നതവൾ അറിഞ്ഞു.കണ്ണുനീർ ഇറ്റിയിറങ്ങി തലയിണയെ നനയ്ക്കുന്നതിനൊപ്പം കുഞ്ഞിനെ ഇറുകെ പുണർന്നവൾ നെറുകയിൽ ചുംബിച്ചു.ഇടയ്ക്കെപ്പോഴോ ഒരച്ഛനും അമ്മയും കുഞ്ഞും അടങ്ങുന്ന മങ്ങിയ കുടുംബ ചിത്രം മനസ്സിൽ തെളിഞ്ഞപ്പോൾ കണ്ണുകൾ ഇറുകെയടച്ചു തലവെട്ടിച്ചു കൊണ്ടവൾ ആ ഓർമയെ മായ്ച്ചുകളയാൻ ശ്രമിച്ചു.

ഒന്നുകൂടി അവൻ നടന്നകന്ന വാതിൽപടിയിലേക്ക് വെറുതെ നോക്കി ഇനിയൊരിക്കലും തന്റെ നശിച്ച ജീവിതത്തിലേക്ക് ചെറിയൊരാവശ്യത്തിനു പോലും അവനെ വലിച്ചിഴയ്ക്കില്ലെന്നവൾ ഉറപ്പിച്ചു. ദിയയുടെ അടുത്തേക്കുള്ള വരവുകൾ കുറച്ചെന്നതൊഴിച്ചാൽ അവളുടെ എല്ലാ ആവശ്യങ്ങൾക്കും ഹോസ്പിറ്റലിൽ ഹരിക്കൊപ്പം കിച്ചുവും ഉണ്ടായിരുന്നു.ദിയ തിരിച്ചു വീട്ടിലെത്തുന്ന അന്ന് തന്നെ തിരിച്ചു പോകണമെന്നായിരുന്നു അവൻ കണക്കു കൂട്ടിയത്.രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ ദിയയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

പപ്പയുടെ കൂടെ ഹോസ്പിറ്റലിൽ ചെന്ന് ദിയയെയും കുഞ്ഞിനേയും ഒരു നോക്ക് കാണാൻ മാത്രമേ ചന്തുവിന് കഴിഞ്ഞിരുന്നുള്ളൂ. പീലിക്കുട്ടിയെയും കൊണ്ടു പോയതിനാൽ പെട്ടന്ന് മടങ്ങേണ്ടതായും വന്നു.അതിനാൽ അവര് തിരിച്ചു പുറപ്പെട്ടെന്ന് അറിഞ്ഞപ്പോൾ മുതൽ അവരെ സ്വീകരിക്കാനുള്ള വെപ്രാളത്തിലായിരുന്നു ചന്തു.എല്ലാം ഒരുക്കി വയ്ച്ചു കാത്തിരുന്നു അവർ വന്നപ്പോൾ ദിയയെയും കുഞ്ഞിനേയും ആരതിയുഴിഞ്ഞു സ്വീകരിച്ചതും അവൾ തന്നെയായിരുന്നു.അന്ന് വൈകീട്ട് തിരിച്ചു പോകാൻ വേണ്ടി യാത്ര പറയാൻ വന്നപ്പോളാണ് വളരെ ദിവസങ്ങൾക്കു ശേഷം കിച്ചുവും ദിയയും പരസ്പരം അടുത്തു കണ്ടത്. കുഞ്ഞിനെ അടുത്ത് വന്ന് തലോടി ഇറങ്ങുവാണെന്ന മട്ടിൽ അവൾക്കു നേരെ പുഞ്ചിരിച്ചു തലയാട്ടിയപ്പോളും താൻ കാരണം ഉള്ളിൽ നീറിപ്പുകയുന്ന അവന്റെ മനസ് അവൾക്ക് കാണാമായിരുന്നു.

പിന്നീടുള്ള ദിവസങ്ങളിൽ കുഞ്ഞിന് പിറകെ തന്നെയായിരുന്നു അവളുടെ മനസ്.മുൻപ് ഇടയ്ക്കിടെ ചിന്തകളിലേക്ക് വന്നുകൊണ്ടിരുന്ന കിച്ചുവിന്റെ ഓർമകളെ തനിക്ക് പ്രിയപ്പെട്ടവർക്കു വേണ്ടി കരുതിവെച്ച പ്രാർത്ഥനകളിലേക്കു മാത്രമായി അവൾ ഒതുക്കി നിർത്തി.പ്രായത്തെ ഭേധിക്കുന്ന വിധത്തിൽ വളരെ പക്വതയോടെ പെരുമാറുന്ന അവളിലെ അമ്മയെ മറ്റുള്ളവർ അത്ഭുതത്തോടെ തന്നെയാണ് നോക്കി കണ്ടത്.തന്റെ കുഞ്ഞിന് നല്ലൊരു അമ്മയെന്നതിലുപരി ഹരിക്കും ചന്തുവിനും അവളൊരു നല്ല സഹോദരിയും പീലിക്കുട്ടിക്ക് അമ്മയെന്നപോലെ നല്ലൊരു ചെറിയമ്മയും കൂടിയായിരുന്നു. **

ദിയയുടെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങിനാണ് പിന്നേ എല്ലാവരും ഒത്തുകൂടിയത്.വളരെ ഗംഭീരമായി നടത്താൻ H.P യും കിച്ചുവും പ്ലാൻ ചെയ്‌തെങ്കിലും ദിയയുടെ നിർബന്ധ പ്രകാരം മറ്റാരെയും ഉൾകൊള്ളിക്കാതെ വളരെ ലളിതമായ ഒരു ചടങ്ങായി ഒതുക്കേണ്ടതായി വന്നു. അതിനാൽ തന്നെ കിച്ചു തലേ ദിവസം വൈകീട്ടാണ് എത്തിയത്. പീലിക്കുട്ടിക്കെന്ന പോലെ തന്റെ കുഞ്ഞിനും കൈ നിറയെ സമ്മാനങ്ങളുമായി കയറി വന്ന കിച്ചു ദിയയ്ക്ക് ഒരു നോവ് തന്നെയായിരുന്നു.ദിവസങ്ങൾക്കു ശേഷം തന്റെ മനസ് വീണ്ടും അസ്വസ്ഥമാകുന്നതവളറിഞ്ഞു.

കിച്ചുവിന്റെ ഓർമകളിൽ നിന്നും മുക്തി കിട്ടിയെന്ന് ആശ്വസിച്ചിരുന്ന അവൾക്ക് അവനിൽ നിന്നും ഇനിയൊരു മോചനമില്ലെന്നൊരു ഓര്മപ്പെടുത്തലായിരുന്നു അത്.എങ്കിൽ കൂടി ഒരു പുഞ്ചിരിക്കപ്പുറം മൗനത്തിന്റെ കൂട്ടുപിടിവച്ചവർ പരിചയം പുതുക്കി. പിറ്റേന്ന് രാവിലെ തന്നെ കുറിച്ചു കിട്ടിയ സമയമനുസരിച് എല്ലാവരും തയ്യാറായി.ഒരു കുഞ്ഞി കസവു മുണ്ടുടുത്ത് കണ്ണെഴുതി പൊട്ട് കുത്തിച് നല്ല ചേലിൽ കുഞ്ഞ് ദിയയുടെ കയ്യിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു.പുതിയ ഒരു നേര്യേതും മുണ്ടുമായിരുന്നു ദിയയുടെ വേഷം. പീലിക്കുട്ടിയും അച്ഛനും അമ്മയും ഒപ്പം കിച്ചുവും, സഹായത്തിനുള്ള സ്ത്രീയും മാളുവും കൂടി ചടങ്ങ് കാണാൻ നിൽപ്പുണ്ടായിരുന്നു.

മുഹൂർത്തമായപ്പോൾ ഹരി കുഞ്ഞിനെ ദിയയുടെ കയ്യിൽ നിന്നും വാങ്ങി. എന്നാൽ ഇടയ്ക്കെപ്പോഴോ കിച്ചു H.P യ്ക്ക് നേരെ കൈ നീട്ടിയപ്പോൾ അവളുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. ഓടിച്ചെന്നു കുഞ്ഞിനെ കൈമാറാൻ സമ്മതിക്കാതെ H. P യെ തടഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണുകൾ അവളിൽ തന്നെയായിരുന്നു. “വേണ്ടാ…. ഹരിയേട്ടാ. എന്റെ കുഞ്ഞിന് ഹരിയേട്ടൻ നൂല് കെട്ടി കൊടുക്കാവോ?” അവൾ തേങ്ങിക്കൊണ്ട് പറഞ്ഞപ്പോൾ കിച്ചുവും വല്ലാതായി പതിയെ കുഞ്ഞിന് നേരെ നീട്ടിയ കൈകൾ പിൻവലിച്ചു.കിച്ചുവിന്റെ മുഖത്തേക്ക് അലിവോടെ നോക്കി H. P ദിയയ്‌ക്കു നേരെ തിരിഞ്ഞു. “ഞാനായാലും കിച്ചുവായാലും ഒരുപോലെയല്ലേ ദിയ ”

“അല്ല….. അത് വേണ്ടാ ഹരിയേട്ടാ…. ശെരിയല്ല… ഒട്ടും ശെരിയല്ല… അങ്ങനെ പാടില്ല.” അത്രയും പറഞ്ഞു കരയുന്ന അവളെ ചന്തു ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു.എന്ത് ചെയ്യുമെന്നറിയാതെ H.P സംശയത്തോടെ കിച്ചുവിനെ നോക്കിയപ്പോൾ സാരമില്ലെന്ന മട്ടിൽ അവൻ കണ്ണടച്ചു കാണിച്ചു.H.P തന്നെയാണ് കുഞ്ഞിനെ മടിയിൽ കിടത്തി നൂല് കെട്ടിയതും പാല് കൊടുത്തതും. അടുത്തതായി പേരിടൽ ചടങ്ങിനായി ദിയയെ നോക്കിയപ്പോൾ അവൾ എന്തോ പറയാൻ തുടങ്ങും മുൻപേ ഒരു പേര് ഉച്ചത്തിൽ ആ കുഞ്ഞിന്റെ ചെവികളിലേക്ക് എത്തിയിരുന്നു…. “പാർഥിവ് ” കിച്ചുവിന്റെ ശബ്ദം അവിടമാകെ മുഴങ്ങി ഒപ്പം തന്റെ നേരെ കണ്ണുമിഴിച്ചെത്തുന്ന ദിയയുടെ നോട്ടം അവൻ പാടെ അവഗണിച്ചു.

ഉച്ചത്തിലുള്ള കിച്ചുവിന്റെ ശബ്ദം കേട്ട് കുഞ്ഞ് പോലും കുഞ്ഞിക്കണ്ണു മിഴിച്ചു നോക്കുന്നുണ്ടായിരുന്നു.ഇനിയൊരു പേരുവിളി വേണ്ടെന്ന മട്ടിൽ H.P യും തലയുയർത്തി എല്ലാവരെയും നോക്കി ചിരിച്ചു .സമ്മാനമായി കിട്ടിയ ആഭരങ്ങളുടെ അസ്വസ്ഥതയിൽ ഇത്തിരി കഴിഞ്ഞ് കുഞ്ഞ് കരയാൻ തുടങ്ങിയപ്പോൾ ദിയ ഓടി വന്ന് കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് ചുംബിച്ചു. “അമ്മയുടെ കണ്ണൻ എന്തിനാ കരയുന്നെ…. നമുക്ക് ഇതൊക്കെ മാറ്റി…പാല് കുച്ച് ഒറങ്ങാവേ….” കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ടവൾ മുറിയിലേക്ക് നടക്കുമ്പോൾ ഇടയ്ക്കെപ്പോഴോ ആ കണ്ണുകൾ കിച്ചുവിന്റേതുമായി കൊരുത്തിരുന്നു.

മുറിയിലെത്തി കുഞ്ഞിന് പാല് കൊടുത്ത് ഉറക്കി കിടത്തിയപ്പോളാണ് ചന്തു പെട്ടന്ന് മുറിയിലേക്ക് കയറി വന്നത്. “മോനുറങ്ങിയോ ദിയാ?” “ആഹ്….ഉറങ്ങി ഏട്ടത്തി….” “പീലിക്കുട്ടി എവിടെ?” “അവിടെ അച്ഛനും ഇളയച്ഛനുമായി കളിയിലാ….” “മ്മ്മ് ” “പിന്നേ ദിയാ….അവിടെ വയ്ച്ചു അങ്ങനെ ഒന്നും വേണ്ടിയിരുന്നില്ല.കിച്ചു…..അവൻ പാവല്ലേ? ഫീൽ ആയി കാണും…” ചന്തു അത്രയും പറഞ്ഞപ്പോൾ തെളിച്ചമില്ലാത്ത ഒരു പുഞ്ചിരി മാത്രമായിരുന്നു ദിയയുടെ മറുപടി. “എനിക്കറിയാം ഏട്ടത്തി….കിച്ചുവേട്ടൻ പാവാണെന്ന് മറ്റാരേക്കാളും എനിക്കറിയാം.എന്റെ തെറ്റുകളെല്ലാം ക്ഷമിക്കുന്ന കൂട്ടത്തിൽ കിച്ചുവേട്ടൻ ഇത് കൂടി ചേർത്ത് ക്ഷമിക്കട്ടെ.” “അതൊക്കെ എല്ലാവരും മറന്നതല്ലേ….

പിന്നെന്തിനാ വീണ്ടും വീണ്ടും അതോർക്കുന്നത്?” “എല്ലാരും മറന്നത് ശെരിയാ…ഒരു വാക്ക് കൊണ്ട് പോലും എന്നെ നോവിക്കാതെ എല്ലാം ക്ഷമിച്ചു ചേർത്തു പിടിച്ചു. അതാണ്‌ എനിക്ക് കൂടുതൽ വിഷമം. ഒന്ന് കുറ്റപ്പെടുത്തി സംസാരിക്കുകയെങ്കിലും ചെയ്തെങ്കിൽ ഇത്തിരി സമാദാനം ആയേനെ. ഇതിപ്പോ എന്നോടും കുഞ്ഞിനോടും ഉള്ള നിങ്ങളുടെ സ്നേഹം കാണുമ്പോൾ എന്റെ ഉള്ളിൽ വല്ലാത്തൊരു വിങ്ങലാണ്.” കണ്ണ് നിറച്ചുകൊണ്ടവൾ പറഞ്ഞപ്പോൾ ചന്തു ചെന്നവളെ ചേർത്തു പിടിച്ചു. “തെറ്റ് പറ്റാത്തവരായി ആരെങ്കിലും ഉണ്ടോ ദിയാ… നമ്മളൊക്കെ മനുഷ്യരല്ലേ….” “പക്ഷെ എന്റെ തെറ്റ് തിരുത്താൻ പോലും ഒരു അവസരമില്ലല്ലോ എട്ടത്തീ…

കിച്ചുവേട്ടന്റെ ജീവിതം ഇങ്ങനെ ആക്കിയത് ഞാനാ… ഇനിയും എന്റെ ജീവിതത്തിലേക്ക് വലിച്ചിഴച്ചു ഏട്ടന്റെ ഭാവി കൂടി നശിപ്പിക്കാൻ എനിക്ക് വയ്യ.ഇനിയെങ്കിലും ചാരുവിനൊപ്പം ഏട്ടൻ നല്ലൊരു ജീവിതം തുടങ്ങട്ടെ… അവരുടെ ജീവിതത്തിൽ ഒരു കരടായി ഞാനും കുഞ്ഞും ഉണ്ടാവരുതെന്നു എനിക്ക് നിർബന്ധം ഉണ്ട്.” ദിയയുടെ സംസാരത്തിൽ കിച്ചുവിനോപ്പം ചാരുവിന്റെ പേര് കേൾക്കാൻ ഇടയായതു ചന്തുവിന് ഒരു ഷോക്ക് തന്നെയായിരുന്നു. “ചാരുവോ? നീ എന്താണ് പറഞ്ഞു വരുന്നത്…” “അത് ഞാൻ പറയുന്നതിനേക്കാൾ അവർ തന്നെ പറയുന്നതാണ് നല്ലത് ഏട്ടത്തി…”

ചന്തുവിൽ നിന്നും അകന്നുമാറി ചിരിയോടെ ദിയ പറഞ്ഞപ്പോൾ അവൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാവാതെ കലുഷിതമായിരുന്നു ചന്തുവിന്റെ മനസ്.ദിയ പറഞ്ഞതിന്റെ പൊരുൾ അറിയാതെ ഇനി തനിക്ക് സ്വസ്ഥത ഉണ്ടാവില്ലെന്നവൾക്ക് ഉറപ്പായിരുന്നു.കൂടുതൽ ഒന്നും സംസാരിക്കാതെ ചന്തു പെട്ടെന്ന് മുറിവിട്ടി ഒപ്പം സത്യമറിയാനുള്ള പോക്കാണാതെന്ന് ദിയയ്ക്കും തോന്നിയിരുന്നു. മുറിയിൽ ചെന്ന ഉടനെ ഫോണെടുത്ത് ചാരുവിനെ വിളിക്കുമ്പോൾ അവൾ തന്നോടെന്തൊക്കെയോ മറച്ചു വയ്ച്ചെന്ന പരിഭവമായിരുന്നു ചന്തുവിന്റെ മനസ് നിറയെ. രണ്ടു തവണ കാൾ മുഴുവൻ റിങ് ചെയ്തിട്ടും ഫോണെടുക്കാതായപ്പോൾ കിച്ചുവിനോട് ചോദിക്കാമെന്നു കരുതിയവൾ മുറിവിട്ടിറങ്ങി.

എന്നാൽ താഴെ കിച്ചുവിന്റെ അടുത്തേക്ക് എത്തുന്നതിന് മുൻപേ ചാരു അവളെ തിരിച്ചു വിളിച്ചിരുന്നു. “ഹലോ…. ചന്തൂ…. എന്താടാ ഇപ്പോൾ വിളിക്കുന്നെ? ഞാൻ ക്ലാസ്സിൽ ആയിരുന്നു. എന്തെങ്കിലും പ്രശ്നം ഉണ്ടോ?” മറുപുറത്ത് നിന്ന് ഒറ്റശ്വാസത്തിൽ ചാരുചോദ്യങ്ങൾ ചോദിച്ചു അവസാനിച്ചു. ഒപ്പം ഇപ്പുറത്ത് ഒരു നിമിഷത്തേക്ക് മൗനം തന്നെയായിരുന്നു. “ഹെലോ ചന്തൂ…. കേൾക്കുന്നില്ലേ?” “ചാരൂ…. നീ എന്നോടെന്തെങ്കിലും പറയാത്തതായിട്ടുണ്ടോ?” “എടി ദ്രോഹി…. ഇത് ചോദിക്കാനാണോടീ തിടുക്കപ്പെട്ടു നീ വിളിച്ചത്… എന്തോ അത്യാവശ്യമാണെന്ന് കരുതി ആ കലിപ്പൻ പ്രൊഫസറുടെ ക്ലാസ്സിന്ന് വയറുവേദനയാണെന്ന് പറഞ്ഞാ ഞാൻ ചാടീത്.നല്ല ക്ലാസ്സ്‌ ആയിരുന്നു.

ഇനി ചെന്നാൽ അങ്ങേരെന്നെ കാലേൽ വാരി തൂക്കും. ഇപ്പോൾ ശെരിക്കും നിന്നെ നാല് പറയാൻ എന്റെ നാവ് തരിക്കുന്നുണ്ട്.” ചാരു ഇത്തിരി കലിപ്പിട്ടു പറഞ്ഞിട്ടും ചന്തുവിന് കുലുക്കമൊന്നും ഇല്ലായിരുന്നു. “ചാരൂ… പ്ലീസ്. ഐ ആം സീരിയസ്.” “അല്ല താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്….” “ഇന്ന് ദിയയുമായിട്ടുള്ള സംസാരത്തിനിടയിൽ കിച്ചുവുമായി ചേർത്തു നിന്റെ പേര് കേൾക്കാനിടയായി.എന്താ അതിന്റെ അർത്ഥം? നീ എന്നോട് എന്തുകൊണ്ടാ ഒന്നും പറയാതിരുന്നത്?” “പറയാൻ മാത്രം ഒന്നും ഇല്ലാത്തതു കൊണ്ട്?” “എന്ന് വച്ചാൽ?” “അതായതു ഉത്തമേ….. അവളെ ഞങ്ങൾ നൈസ് ആയിട്ട് ഒന്ന് പറ്റിച്ചതാ…

എല്ലാം കിച്ചുവേട്ടന്റെ ഐഡിയ ആണ്. അവളെ ഹോസ്റ്റലിൽ നിന്നും പുകച്ചു പുറത്തു ചാടിച്ച് വീട്ടിലെത്തിക്കാൻ ഇറക്കിയ ഒരു നമ്പർ. കിച്ചുവേട്ടന്റെ ജീവിതത്തിൽ ഒരു പെണ്ണ് വന്നാലേ അവൾ തിരിച്ചു വരൂ എന്ന വാശിയല്ലായിരുന്നോ? തത്കാലം ഒരു അഡ്ജസ്റ്റ്മെന്റിൽ ആ പെൺകുട്ടിയുടെ റോൾ ഞാൻ ഏറ്റെടുത്തു.അറിയാതെ എടുത്തു ചാട്ടം കൊണ്ട് തല്ലിപ്പോയതിന് ഡോക്ടർ എനിക്ക് തന്ന പണിഷ്മെന്റ്. ഞാൻ ദിവസം ഒരായിരം വട്ടം സോറി പറഞ്ഞിട്ടും ഒരു കുലുക്കവും ഇല്ലാതെ, ഈ ഒരു കാര്യത്തിനു കൂടെ നിന്നാൽ ക്ഷമിക്കാം എന്ന് പറഞ്ഞപ്പോൾ എനിക്ക് വേറെ വഴി ഇല്ലായിരുന്നു. ആദ്യം കുറെ എതിർത്തെങ്കിലും പിന്നേ നല്ലൊരു കാര്യത്തിനാണല്ലോ എന്നോർത്തപ്പോൾ ഞാനങ്ങു സമ്മതിച്ചു.

ഒറിജിനാലിറ്റിക്ക് വേണ്ടിയും അവളെ വിശ്വസിപ്പിക്കാനുമായി അങ്ങേരുമായി ഇത്തിരി അടുത്തിടപഴകിയപ്പോൾ തന്നെ ദിയ ഫ്ലാറ്റ്. അവള് നമ്മളെ പണ്ട് കുറെ പറ്റിച്ചതല്ലേ കിടക്കട്ടെന്നെ…. പക്ഷെ ഇടയ്ക്കെപ്പോഴോ അതിനോട് എനിക്ക് സഹതാപം തോന്നിയിരുന്നു.” ചാരുവിന്റെ മറുപടി കേട്ടപ്പോൾ ചന്തുവിന് വല്ലാത്തൊരു ആശ്വാസം തോന്നി. “അപ്പോൾ നിനക്ക് …..?” ചന്തു എന്തോ ചോദിക്കുന്നതിനു മുൻപേ ചാരു അത് മനസ്സിലായെന്ന പോലെ ചാടിക്കേറി മറുപടി പറഞ്ഞിരുന്നു. “എനിക്കങ്ങേരോട് ഒരു ചുക്കും ഇല്ല…..മറ്റൊരു പെൺകുട്ടിയുടെ ഭർത്താവിനെ മനസ്സിൽ കൊണ്ട് നടക്കാൻ മാത്രം ചെറുതായിട്ടില്ല ഈ ചാരു. അല്ലേലും ഞാൻ രക്ഷപ്പെട്ടതാ മോളേ….

അങ്ങേര് കാണുന്ന പോലെ ഒന്നും അല്ല. ആ ബോഡി ഫുൾ കുരുട്ട് ബുദ്ധിയാ…. പോരാത്തത്തിന് ഒടുക്കത്തെ ജാടയും…” അവളുടെ സംസാരം കെട്ട് ചന്തു ഉറക്കെ ചിരിച്ചു. “എങ്കിൽ ശെരിയെടാ…രാത്രിയിൽ വിളിക്കാം.ക്ലാസ്സിന്നോ പുറത്തായി.. ആ ജനാലയ്ക്കടുത്തു പോയി പതുങ്ങി നിന്നെങ്കിലും അയാളുടെ ക്ലാസ്സ്‌ കേൾക്കാൻ പറ്റുവൊന്ന് നോക്കട്ടെ… ഇപ്പോൾ മഹാഭാരതം കണക്കെ നോട്സ് കൊടുത്തു തീർത്തിട്ടുണ്ടാവും…” “എങ്കിൽ ശെരിയെടാ ബൈ….” “ഓക്കേ ബൈ …. പീലിക്കുട്ടിക്ക് ചിറ്റേടെ വക പൊന്നുമ്മ കൊടുത്തേക്കു….” “മ്മ്മ്മ്… ഞാനൊന്ന് ആലോചിക്കട്ടെ….” കാൾ കട്ട്‌ ചെയ്തപ്പോൾ ചന്തുവിന് വല്ലാത്തൊരു ആശ്വാസം തോന്നി.ചാരുവിന്റെ മറുപടി ചന്തുവിനെ സംബന്ധിച്ചിടത്തോളം തൃപ്തികരം തന്നെയായിരുന്നു.

ചടങ്ങ് കഴിഞ്ഞ് പകൽ മുഴുവൻ സന്തോഷത്തോടെ ചിലവഴിച്ചു അന്ന് വൈകീട്ട് തന്നെ കിച്ചു മടങ്ങി.പകൽ മുഴുവൻ മുറിയിൽ തന്നെ ഒതുങ്ങി കൂടുമ്പോൾ കിച്ചുവിന്റെ പെട്ടന്നുള്ള മടക്കം ദിയയ്‌ക്കും വളരെ ആശ്വാസം തന്നെയായിരുന്നു.ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണുകൊണ്ടിരുന്നു ഒപ്പം രണ്ടു കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ച് ആ വീടും ഉത്സാഹത്തിമർപ്പിലാണ്ടു. *

കുറച്ച് ദിവസങ്ങൾക്കു ശേഷം എന്റെ നിർബന്ധത്തിനു വഴങ്ങിയാണ് തല്ക്കാലം തിരക്കുകളൊക്കെ മാറ്റി വയ്ച്ചു അമ്മ ആഗ്രഹിച്ചത് പോലെ തറവാട്ടമ്പലത്തിൽ തൊഴാൻ പോവാനായി ഹരിയേട്ടൻ സമ്മതിച്ചത്.വീക്എൻഡ് പ്രമാണിച്ച് കിച്ചു വന്നതോടെ ആ യാത്ര നീട്ടിവയ്ക്കാതെ ഞങ്ങളങ്ങു നടത്തി. “നമ്മൾ ഉച്ചയോടെ അവിടെ എത്തുമായിരിക്കും അല്ലേ ഹരിയേട്ടാ….?” “മ്മ്മ്…. പുലർച്ചെ പുറപ്പെട്ടതല്ലേ…. എത്തേണ്ടതാണ്…” “ദിയയെം കണ്ണനേം കൂടി കൂട്ടായിരുന്നു.എന്തായാലും ചോറൂണ് കഴിയാതെ മോളേം കൊണ്ട് എനിക്ക് ഉള്ളിലേക്ക് പ്രവേശിക്കൻ പറ്റില്ല.അപ്പോൾ പിന്നേ അവൾക്കൂടി വരായിരുന്നു.” “നമ്മള് എത്ര വിളിച്ചതാ….

പിന്നേ കണ്ണന് ഒന്നരമാസത്തിന്റെ ഇൻജെക്ഷൻ എടുക്കാൻ പോവാനുണ്ടത്രേ… അത് മാത്രല്ല കുറച്ച് ദിവസായി കുഞ്ഞിനെ ആനിയമ്മയെ കൊണ്ടുപോയി കാണിക്കണം എന്ന് പറയുന്നു.ഞാൻ കിച്ചുവിനെ പറഞ്ഞേൽപ്പിച്ചിട്ടുണ്ട് അവൻ കൊണ്ട് പൊയ്ക്കോളും.” “കിച്ചുവിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണ്ടേ….?എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞിട്ടു ഒന്ന് കൂടി വരണം നമ്മൾക്ക്. മക്കളുടെ ചോറൂണ് അവിടെ നിന്നും നടത്താം.” ചന്തു സന്തോഷത്തോടെ പറഞ്ഞതിനൊപ്പം ഹരിയും അത് സമ്മതമെന്നോണം തലയാട്ടി. “കിച്ചുവിന്റെ കാര്യം അവൻ തന്നെ തീരുമാനിക്കട്ടെ.

സ്വൊന്തം കാര്യത്തിൽതീരുമാനം എടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം ഞാൻ കിച്ചുവിനു തന്നെ വിട്ട് കൊടുത്തിട്ടുണ്ട്.ഇത്രയും നാൾ ഏറ്റവും ഉചിതമായ തീരുമാനം ഞാനാണ് എടുക്കുന്നതെന്നൊരു ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു.പക്ഷെ നമ്മുടെ കാര്യത്തിൽ അതങ്ങനെയല്ലെന്നു അവൻ എനിക്ക് തെളിയിച്ചു തന്നു.അത്കൊണ്ട് അവനിനി എന്ത് തീരുമാനിച്ചാലും ഞാൻ അവനെ പൂർണമായും പിന്തുണയ്ക്കും.” ഹരിയേട്ടന്റെ ആത്മവിശ്വാസത്തോടെയുള്ള വാക്കുകൾ സത്യമാണെന്ന് എനിക്കും തോന്നിയിരുന്നു. “അല്ല ചന്തൂ…. നിനക്കെന്താ ഇപ്പോൾ പെട്ടെന്ന് അമ്പലത്തിൽ പോവാന്ന് തോന്നിയത്.” ഹരിയേട്ടൻ സംശയത്തോടെ ചോദിച്ചപ്പോൾ എനിക്കു ചിരി വന്നു.

“ഇടയ്ക്കു ടീച്ചറമ്മയോട് അമ്മേടെ കഥകളൊക്കെ പറയുന്ന കൂട്ടത്തിൽ നമ്മൾക്ക് വേണ്ടി പൂജ കഴിപ്പിച്ചതും നമ്മൾ പോവാതിരുന്നതും ഓക്കേ പറഞ്ഞിരുന്നു. പിന്നേ പരസ്പരം താങ്ങാവേണ്ട പ്രധാനപ്പെട്ട ഒരു സമയത്ത് നമ്മൾക്ക് പിരിയേണ്ടി വന്നില്ലേ….അത് കൊണ്ട് ടീച്ചറമ്മയാ പറഞ്ഞത് നേർച്ച ബാക്കി വയ്ക്കാതെ ഒന്ന് പോയി തൊഴുതിട്ട് വരാൻ.” ഞാൻ പറഞ്ഞു നിർത്തിയതും ഡ്രൈവിംഗിനിടയിൽ ഹരിയേട്ടൻ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. “എന്താ ഇതിലിപ്പോ ഇത്ര ചിരിക്കാൻ?” “എന്റെ ചന്തൂ…നിന്നെ ഞാൻ ഉപേക്ഷിച്ചു പോയാലും കുറ്റം ദൈവത്തിനോ? ഇങ്ങനെയാണെങ്കിൽ ഞാൻ കുറെ ഒളിചോട്ടങ്ങൾ പ്ലാൻ ചെയ്യേണ്ടി വരും. കുറ്റം ഏൽക്കാൻ ആളുണ്ടല്ലോ.”

ഹരിയേട്ടൻ പറഞ്ഞു നിർത്തിയതും ഞാൻ മുഖം വീർപ്പിച്ചു ആളെ നോക്കി.എന്റെ പിണക്കം മനസ്സിലാക്കി വിഷയം മാറ്റാൻ വേറെന്തൊക്കെയോ പറഞ്ഞെങ്കിലും ഞാൻ മൈൻഡ് ചെയ്യുന്നില്ലെന്ന് കണ്ട് ആള് വണ്ടി ഒതുക്കി നിർത്തി. “ചന്തൂ….. ഞാൻ വെറുതെ പറഞ്ഞതാടാ സോറി …. നിങ്ങളെ ഉപേക്ഷിച്ചു ഇനി എനിക്കൊരു ജീവിതമുണ്ടോ…. അത്രയ്ക്ക് പ്രാണാനല്ലേ…?” ആളുടെ ഡയലോഗ് കേട്ട് ചെറിയൊരു സന്തോഷമൊക്കെ തോന്നിയെങ്കിലും ഞാൻ പിണക്കം ഭാവിച്ചു തന്നെയിരുന്നു.അടുത്തതായി ആളുടെ അപേക്ഷ മോളോടായിരുന്നു. “അച്ഛന്റെ പീലിക്കുട്ടി….. അമ്മയോട് പറ അച്ഛാ… വെറുതെ പറഞ്ഞതാണെന്ന്…..” പീലിക്കുട്ടിയുടെ കൈയ്യിൽ തഴുകി ആളത് പറഞ്ഞപ്പോൾ ഒന്നും മനസ്സിലാവാതെ കുഞ്ഞിപ്പെണ്ണ് കണ്ണുമിഴിച്ചു കിടപ്പായിരുന്നു.

ഇടയ്ക്ക് എന്തൊക്കെയോ ശബ്ദം ഉണ്ടാക്കി അച്ഛനോട് കഥ പറയുന്നുമുണ്ട്. “കേട്ടോ….അച്ഛാ പാവാണെന്നാ അവള് പറഞ്ഞത്…. അച്ചായോട് ക്ഷമിച്ചേക്കാൻ…. അല്ലേടാ കണ്ണാ…?” കുഞ്ഞിന്റെ താടിയിൽ പിടിച്ചു കൊഞ്ചിക്കൊണ്ട് ഹരിയേട്ടൻ ചോദിച്ചപ്പോൾ പീലിക്കുട്ടി പല്ലില്ലാത്ത മോണകാട്ടി നല്ലൊരു ചിരി പാസ്സാക്കി. അച്ഛനും മോളും കൂടി പഠിച്ച പണി പതിനെട്ടും പഴറ്റിയിട്ടും ഞാൻ മൈൻഡ് ചെയ്യാതെ ഇരിക്കുമ്പോളാണ് എന്റെ ഫോണിലേക്ക് സച്ചുവിന്റെ കാൾ വരുന്നത്.എന്റെ കയ്യിൽ കുഞ്ഞിരിക്കുന്നത് കൊണ്ട് ഹരിയേട്ടൻ തന്നെ അത് വണ്ടിയിലേക്ക് കണക്ട് ചെയ്തു തന്നു. “ഹലോ ചാരൂ ?” “എന്താ മോനെ സച്ചൂ പതിവില്ലാത്ത ഒരു വിളിയൊക്കെ…”

“ഒരു വിശേഷം ഉണ്ട്. എന്റെ റിസൾട്ട്‌ വന്നു. റാങ്ക് ഉണ്ട്….” അവന്റെ വാക്കുകൾ കേൾക്കെ സന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞിരുന്നു. “സത്യാണോ സച്ചൂ…congrats ടാ ” “മ്മ്മ്മ്…. സത്യം….” “Congrats അളിയാ…..” ഹരിയേട്ടൻ സന്തോഷത്തോടെ അവനെ വിഷ് ചെയ്തപ്പോൾ ഞാൻ ഇടം കണ്ണിട്ട് ആളെയൊന്നു പാളി നോക്കി. നല്ലൊരു ഇളിഞ്ഞ ചിരിയാണ് എനിക്ക് പകരം കിട്ടിയത്. “രണ്ടാൾക്കും താങ്ക്സ്….” “താങ്ക്സ് മാത്രേ ഉള്ളൂ…. നല്ല കനത്തിൽ ചെലവ് വേണം മോനെ…. എന്തൊക്കെയായിരുന്നു…ഇന്റർവ്യൂ കുളമായി… ആത്മവിശ്വാസം തകർന്നു… ഉറപ്പായും കിട്ടില്ല…. എന്നിട്ടിപ്പോ എന്തായി? കേട്ടോ ഹരിയേട്ടാ ഇവൻ പണ്ടേ ഇങ്ങനാ….. എല്ലാ പഠിപ്പികളെയും പോലെ എക്സാം കഴിയുമ്പോൾ തന്നെ പ്രഖ്യാപിക്കും ഞാൻ എക്സാമിന് പൊട്ടി എന്ന്. എന്നിട്ടോ റിസൾട്ട്‌ വരുമ്പോൾ അവനു മാത്രേ റാങ്ക് കാണൂ….

ഇപ്പോൾ തന്നെ കണ്ടില്ലേ നമ്പർ ഇറക്കിയിറക്കി IAS വരെ എത്തി.” ഞാൻ ഹരിയേട്ടനെ യെ നോക്കി പറഞ്ഞപ്പോൾ ആള് എന്നെ നോക്കി വല്ലാതെ ചിരിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഞങ്ങൾ കുറച്ച് മുൻപേ പിണങ്ങിയ കാര്യം ഓർമ വന്നത്. വേഗം തന്നെ ആളിൽ നിന്നും മുഖം വെട്ടിച്ചു അബദ്ധം പിണഞ്ഞതോർത്ത് നാവ് കടിക്കുമ്പോൾ ആളുടെ അടുക്കിപ്പിടിച്ച ചിരി എനിക്ക് കേൾക്കാമായിരുന്നു. “ഇനി എന്നാ അളിയാ നാട്ടിലേക്ക്?” “ഉടനെ വരാം അളിയാ…. എങ്കിൽ ശെരി ഞാൻ വയ്ക്കുവാണെ….അഭിനന്ദിക്കാൻ ആരൊക്കെയോ വിളിക്കുന്നുണ്ട്. നിങ്ങൾ യാത്രയിലായിരിക്കും അല്ലേ…”

“അതേ ” “ചന്തു ഇന്നലെ പറഞ്ഞിരുന്നു… യാത്ര നടക്കട്ടെ… ബൈ… പിന്നേ വിളിക്കാം…” “ഓക്കേ അളിയാ….” കാൾ കട്ട്‌ ആയിട്ടും മറുവശത്തു അനക്കമൊന്നും കേൾക്കാഞ്ഞു മുഖം തിരിച്ചപ്പോളേക്കും എന്റെ അധരങ്ങൾ അവയുടെ ഇണയുമായി കൊരുത്തു.ഒരു ദീർഘചുംബനത്തിനു ശേഷം ചിരിയോടെ ആ തോളിലേക്ക് തല ചായ്ക്കുമ്പോൾ ഉള്ളിൽ അലതല്ലുന്ന സന്തോഷത്തോടൊപ്പം എന്റെ മടിയിൽ കിടന്ന് പീലിക്കുട്ടിയും ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…..തുടരും…..

ഹരി ചന്ദനം: ഭാഗം 52

Share this story