നിനക്കായ് : ഭാഗം 42

നിനക്കായ് : ഭാഗം 42

എഴുത്തുകാരി: ഫാത്തിമ അലി

“ദുർഗാ…” നിശബ്ദതയെ ശബ്ദതയെ ഭേദിച്ച്കൊണ്ട് സാം ശ്രീയെ വിളിച്ചതും അവൾ മുഖം ചെരിച്ച് നോക്കി… “മ്മ്…” സാം സീറ്റിൽ നിന്ന് അൽപം ചെരിഞ്ഞ് ശ്രീയുടെ മുഖത്തേക്ക് നോക്കി ഇരുന്നു… “തനിക്ക് എന്നോട് എന്തെങ്കിലും വിരോധം ഉണ്ടോ…?” അവന്റെ ചോദ്യം കേട്ട് പുരികം ഉയർത്തിക്കൊണ്ട് ശ്രീ അവനെ നോക്കി.. “എന്തേ അങ്ങനെ ചോദിച്ചത്…?” “അല്ല…ഞാനെന്ന ഒരാൾ ഇവിടെ ഇല്ലാത്തത് പോലെ ആണ് തന്റെ പെരുമാറ്റം…അത് കണ്ട് ചോദിച്ചതാ…” അവന്റെ ചോദ്യത്തിൽ കുഞ്ഞ് പരിഭവം നിറഞ്ഞിരുന്നെങ്കിലും ശ്രീക്ക് അത് മനസ്സിലായില്ല… “അത്…ഞാൻ…” അവൾ വാക്കുകൾ തപ്പി പിടിച്ച് മറുപടി പറയുന്നത് കേട്ട് സാം ചെറു ചിരിയോടെ അവളെ നോക്കി…

“എന്റെ കൊച്ചേ നീയിങ്ങനെ വെപ്രാളപ്പെടുന്നത് എന്നാത്തിനാ..ഞാനത്രക്ക് ടെറർ ഒന്നു അല്ല ടോ😉…. ഒന്നുല്ലേലും നിന്റെ അന്നേടെ ഏട്ടനല്ലായോ…തനിക്ക് കുഴപ്പം ഒന്നും ഇല്ലെങ്കിൽ നമുക്ക് നല്ല ഫ്രണ്ട്സ് ആയി മുന്നോട്ട് പൊയ്ക്കൂടേ…” ഒറ്റ പുരികം ഉയർത്തിക്കൊണ്ട് കുസൃതി ചിരിയോടെ സാം ചോദിച്ചതും ശ്രീ ഒന്ന് ആലോചിച്ച് പതിയെ തലയാട്ടി…. “മ്മ്…” അവളുടെ എക്സ്പ്രഷൻ കണ്ട് അവൻ മുഷടി ചുരുട്ടി നെറ്റിയിൽ പതിയെ ഇടിച്ച് ശ്രീയെ ഇടം കണ്ണിട്ട് നോക്കി… “എന്റെ കർത്താവേ…ഇങ്ങനെ മൂളാതെ ദുർഗാ… ഇതൊരുമാതിരി ഞാൻ തന്നെ കൊണ്ട് പേടിപ്പിച്ച് സമ്മതിപ്പിക്കുന്നത് പോലെയാ തോന്നുന്നേ… പറ്റുമെങ്കിലും ഇല്ലെങ്കിലും തനിക്ക് തുറന്ന് പറയാം…ഇനി ഞാനെന്ത് കരുതും എന്ന് വിചാരിച്ച് സമ്മതിക്കുവൊന്നും വേണ്ട…തനിക്കെന്നെ ഒരു സുഹൃത്തിനെ പോലെ കാണാൻ പറ്റുന്നില്ലെങ്കിൽ വേണ്ടെടോ.

.ഞാൻ ജസ്റ്റ് ഒന്ന് ചോദിച്ചന്നേ ഉള്ളൂ..താനത് വിട്ടേക്ക്…ഓക്കെ…” അവളുടെ പ്രതികരണം ഒരു കുഞ്ഞ് നോവ് നൽകിയെങ്കിലും ഒരുപക്ഷേ അത് ഇഷ്ടമല്ലാഞ്ഞിട്ടാവും എന്ന് കരുതി കൂൾ ആയി സംസാരിച്ചതും ശ്രീയുടെ കൈ അവന്റെ നേർക്ക് നീണ്ട് വന്നിരുന്നു… “ഫ്രണ്ട്സ്…?” സാം ശ്രീയുടെ കൈയിലേക്കും മുഖത്തേക്കും മാറി മാറി നോക്കി… അവളുടെ മുഖത്ത് തെളിഞ്ഞ് നിന്ന പുഞ്ചിരി കാണെ ചെറു ചിരിയോടെ സാം അവളുടെ കൈയിലേക്ക് അവന്റെ കൈ വെച്ച് കൊടുത്തു… പഞ്ഞി പോലെ മൃദുവാർന്ന അവളുടെ കൈ തൊട്ടതും സാമിന്റെ ഉള്ളിലൂടെ കറണ്ട് പാസ് ചെയ്ത പോലെ തോന്നി… അവന്റെ കൈയിൽ നിന്നും ആ കൈ പിൻവലിക്കാൻ മടിച്ചെങ്കിലും ശ്രീ എന്ത് കരുതും എന്ന ചിന്തയിൽ സാം ആവന്റെ കൈ എടുത്ത് മാറ്റി… “ആ ദേ നിന്റെ ഫ്രണ്ട് വരുന്നുണ്ട്…”

ബുക്ക് സ്റ്റാളിൽ നിന്നും ഇറങ്ങി കൈയിലിരുന്ന കവർ ആട്ടിയാട്ടി കാറിനടുത്തേക്ക് വരുന്ന അന്നയെ കണ്ട് സാം ശ്രീയോട് പറഞ്ഞു… ലോലീപ്പോപും വായിലിട്ട് നുണഞ്ഞ് അന്നമ്മ കാറിന്റെ മുൻസീറ്റിലേക്ക് കയറി ഇരുന്നു… “സംസാരിച്ചോ…?” സീറ്റിൽ ഇരുന്ന പാടെ ശബ്ദം പുറത്തേക്ക് വരാതെ സാമിനെ നോക്കി അന്നമ്മ ചുണ്ടനക്കിയതും അവൻ അതേ എന്ന് തലയാട്ടി… അവളൊരു കള്ളച്ചിരിയോടെ ഡോർ അടച്ച് ശ്രീയ്ക്ക് നേരെ തിരിഞ്ഞു… “ദച്ചൂസേ…ഇന്നാ ലോലീപ്പോപ്പ്….” കൈയിലുണ്ടായിരുന്ന മിഠായി ഒന്നെടുത്ത് ശ്രീക്ക് നേരെ നീട്ടി… “മ്മ്…ഇങ്ങനെ നോക്കി വെള്ളം ഇറക്കണ്ട…ഇച്ചക്കും ഉണ്ട്…” എക്സ്ട്രാ ഉണ്ടായിരുന്ന ലോലീപ്പോപ് എടുത്ത് കവർ അഴിച്ച് സാമിന്റെ വായിലേക്ക് വെച്ച് കൊടുത്തതും അവൻ അവളെ നോക്കി ഒന്ന് ഇളിച്ച് കാട്ടി…

“എന്തേ…കിട്ടിയോ നിന്റെ അഞ്ച് രൂപ..?” ഡ്രൈവിങ്ങിനിടയിൽ ലോലീപ്പോപ്പ് നുണഞ്ഞ് കൊണ്ട് പുച്ഛത്തോടെ സാം അന്നയെ നോക്കി… “മോനേ…അധികം പുച്ഛിക്കല്ലേ…ആ അഞ്ച് രൂപ കൊണ്ടാ ഞാനീ ലോലീപ്പോപ്പ് വാങ്ങിച്ചത്…അത് ഒരു ഉളുപ്പും ഇല്ലാതെ തിന്നുന്നുണ്ടല്ലോ…” സാമിനെ നോക്കി തിരിച്ചും അതേ പോലെ പുച്ഛം വാരി വിതറിക്കൊണ്ട് അന്നമ്മയും പറഞ്ഞു… ശ്രീ അവരുടെ രണ്ട് പേരുടെയും സംസാരം ആസ്വദിച്ച് ഇരുന്നു.. “ഓ…എനിക്ക് വേണമെന്ന് പറഞ്ഞിട്ടല്ലല്ലോ…നീ എന്റെ വായിലേക്ക് കുത്തി കയറ്റിയതല്ലേ….?” സാം വിത്ത് എഗെയ്ന് പുച്ഛം… “ആണല്ലേ….ഓക്കെ…എന്നാ അത്ര കഷ്ടപ്പെട്ട് മോനിത് കഴിക്കണ്ട…” സാമിന്റെ വായിൽ നിന്ന് ലോലീപ്പോപ്പ് വലിച്ചെടുക്കാൻ നോക്കിക്കൊണ്ട് അന്നമ്മ പറഞ്ഞു… “അയ്യടാ…തരാൻ സൗകര്യം ഇല്ല…” “എന്നാ വാങ്ങിച്ചിട്ടേ ഞാൻ അടങ്ങു….”

“ഹാ….കളിക്കല്ലേ കുഞ്ഞാ…അടങ്ങി ഇരിക്ക്…ഡ്രൈവിങ് തെറ്റുന്നൂ…കെട്ട്യോളും കുട്ടികളും ആയിട്ട് എനിക്ക് ഒരു പത്ത് നൂറ് വയസ്സ് വരെ ജീവിക്കണ്ടതാ…” സാം കണ്ണിറുക്കി പറഞ്ഞത് കേട്ട് അന്നമ്മയുടെ മുഖം കുട്ട പോലെ വീർത്തു… “വോ…” അന്നമ്മ മുഖം വീർപ്പിച്ച് ഇരുന്നതും സാം ചെറുതായി പിന്നിലേക്ക് തല ചെരിച്ച് ശ്രീയെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.. “അതേ…ഇങ്ങനെ പിന്നിലേക്ക് നോക്കിയാലും ഡ്രൈവിങ് തെറ്റും…പിന്നെ കെട്ട്യോളും കുട്ടികളുമായി ജീവിക്കാൻ പറ്റില്ലാ ട്ടോ ഇ..ച്ചേ…” അവസാനം അൽപം കടുപ്പിച്ച് സാമിനെ നോക്കി അന്നമ്മ പറഞ്ഞത് കേട്ട് ശ്രീയും ചിരിച്ച് പോയി… “പോടീ…പോടീ…” ചമ്മി പോയെങ്കിലും അത് മുഖത്ത് കാണിക്കാതെ കപട ദേഷ്യത്തിൽ അന്നമ്മയുടെ തലക്കിട്ട് ഒന്ന് കൊട്ടി സാം ഡ്രൈവിങിൽ മാത്രം ശ്രദ്ധിച്ചു… ഇടക്ക് അന്നമ്മയെ സാം നന്നായിട്ട് ചൊറിയുന്നുണ്ട്…

അവളുടെ അടുത്ത് നിന്ന് നല്ലത് പോലെ കേട്ട് കഴിഞ്ഞാൽ ഒന്ന് അടങ്ങി പിന്നെയും തുടങ്ങും… അവളെ ചൂടാക്കാൻ വേണ്ടി ശ്രീയോട് ചെറുപ്പത്തിലെ അന്നമ്മയുടെ കുസൃതിയെല്ലാം പറഞ്ഞ് കൊടുക്കുകയാണ്… അതൊക്കെ കേട്ട് രസം പിടിച്ച ശ്രീ കുറച്ച് മുന്നോട്ട് ഇരുന്ന് സാമിന്റെ സീറ്റിന് മുകളിലേക്ക് കൈമുട്ട് കുത്തി വെച്ച് അന്നമ്മയെ കളിയാക്കാൻ തുടങ്ങി… ശ്രീ അത്രയും അടുത്ത് വന്നതും സാമിന്റെ ഹൃദയം വല്ലാതെ തുടിച്ചു.. അവളുടെ ദേഹത്ത് നിന്നും വമിക്കുന്ന സുഗന്ധം അവനെ മത്ത് പിടിപ്പിക്കുന്ന പോലെ സാമിന് തോന്നി…. അവന്റെ കണ്ണുകൾ ഇടക്കിടെ ഫ്രണ്ട് മിററിലൂടെ കാണുന്ന അവളുടെ മുഖത്തേക്ക് നീളുന്നുണ്ടായിരുന്നു.. വടിവൊത്ത പുരിക കൊടിക്ക് ഇടയിലായി ഒരു കുഞ്ഞ് ചുവന്ന പൊട്ട് കുത്തിയിട്ടുണ്ട്…. കണ്ണുകളിൽ വളരെ നേർമയിൽ ആണ് കൺമഷി എഴുതിയത്…

പക്ഷേ വല്ലാത്തൊരു കാന്തികത അവളുടെ കണ്ണുകൾക്ക് ഉള്ളത് പോലെ സാമിന് തോന്നി… പിടി വിട്ട് പോവുന്ന മനസ്സിനെ ചങ്ങലക്കിട്ട് സാം ശ്രദ്ധയോടെ ഡ്രൈവ് ചെയ്തു… അവന്റെ ഉള്ളിലെ ഫീലിങ്സിനെ അവളിൽ നിന്ന് മറച്ച് പിടിക്കാനെന്നോണം പരമാവധി അവരോട് ചിരിച്ച് കളിച്ച് സംസാരിച്ചു… എങ്കിലും വീണ്ടും വീണ്ടും ശ്രീയ്ക്ക് അരികിലേക്ക് പോവുന്ന മനസ്സിനെയും കണ്ണുകളെയും പിടിച്ച് നിർത്താൻ അവൻ വല്ലാതെ കഷ്ടപ്പെട്ടിരുന്നു.. “അപ്പോ ദച്ചൂസ്…ഈവനിങ് സ്നാക്ക് എന്തെങ്കിലും കനത്തിൽ ഉണ്ടാക്കാൻ ഷേർളിയാന്റിയോട് പറഞ്ഞേക്ക്… ഞാനൊന്ന് ഫ്രഷ് ആയി ഓടി വരാം…റ്റാറ്റാ” ശ്രീയെ ഷേർളിയുടെ വീട്ടിൽ ഇറക്കിയതും അവൾ അന്നമ്മയെ നോക്കി തംപ്സ് അപ്പ് കാണിച്ച് നേരെ സാമിന്റെ മുഖത്തേക്കാണ് നോക്കിയത്… അവനെ നോക്കി പുഞ്ചിരിയോടെ തലയാട്ടിക്കൊണ്ട് ശ്രീ ഗേറ്റ് കടന്ന് ഉള്ളിലേക്ക് പോയി…

സാം കാർ നേരെ പുലിക്കാട്ടിലേക്ക് കൊണ്ട് പോയി നിർത്തി… “എന്തായിരുന്നു മോനേ സാമുവലേ…കണ്ണും കണ്ണും….കഥകൾ കൈ മാറാനൊക്കെ തുടങ്ങിയോ…?” കുസൃതിയോടെ അന്നമ്മയുടെ ചോദ്യം കേട്ട് സാം കണ്ണിറുക്കി… “ഏയ്…അതിനൊക്കെ ഇനിയും സമയം കിടക്കുവല്ലേ കൊച്ചേ…” “മ്മ്….എന്തായിരുന്നു ഇച്ച അവളോട് സംസാരിച്ചേ…?” “എന്ത്…അവളോട് ഫ്രണ്ട്സ് ആയിക്കൂടെ എന്ന് ചോദിച്ചു….അവൾ ആവാം എന്ന് പറഞ്ഞു…ദാറ്റ്സ് ആൾ…” “ഹാ…ഞാൻ അഞ്ച് രൂപ വാങ്ങാൻ പോയത് കൊണ്ട് അങ്ങനെ ഒരു പ്രോഗ്രസ് ഉണ്ടായല്ലോ….ഐ ആം പ്രൗഡ് ഓഫ് മീ….” ഷർട്ടിന്റെ കോളറിൽ പിടിച്ച് സ്വയം പറഞ്ഞത് കേട്ട് സാം അവളുടെ തലയിൽ ഒന്ന് കൊട്ടി…

“ഉവ്വാ…അല്ലാതെ ഇച്ചേടെ കൊച്ച് ഞങ്ങൾക്ക് സംസാരിക്കാൻ സൗകര്യം ഉണ്ടാക്കി തന്നതല്ല…അല്ല്യോ ടീ…?” അന്നമ്മയുടെ മൂക്കിൽ പിടിച്ച് വലിച്ചതും അന്നമ്മ അവനെ നോക്കി ഇളിച്ചു കാട്ടി… “ഈ😁…അങ്ങനെ ആണോ എന്ന് ചോദിച്ചാ ആണ്….പക്ഷേ കാര്യം സത്യം ആണ്…ക്യാഷ് ബാക്കി വാങ്ങിക്കാൻ ഷോപ്പിൽ നിന്ന് ഇറങ്ങിയപ്പഴേ എനിക്ക് ഓർമ ഉണ്ടായിരുന്നു…പക്ഷേ അപ്പോ എന്തായാലും അവളും എന്റെ കൂടെ വരും…എന്നാ പിന്നെ കുറച്ച് സമയം നിങ്ങള് രണ്ടാളും ഒന്ന് മിണ്ടിയും പറഞ്ഞും ഇരുന്നോട്ടേ എന്ന് കരുതി….” “നീ താൻ ടീ ഉൻമയാണ തങ്കച്ചി…ലവ് യൂ അന്നമ്മോ….” സാം അവളുടെ കവിളിൽ അമർത്തി ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു… “വോ…ആയിക്കോട്ടേ…പിന്നേ അറിയാലോ അന്നമ്മ ഒരു കാര്യവും ആർക്കും വെറുതേ ചെയ്ത് കൊടുക്കില്ലെന്ന്…”

“ഓ…നന്നായിട്ട് അറിയാം…ഇച്ചെടെ മോൾക്ക് എന്താ വേണ്ടത്…?” “ഇച്ച കൊണ്ട് വന്ന ജാക്ക് ഡാനിയേൽ….” അന്നമ്മ വിരലിന്റെ നെയിൽ പോളിഷിന്റെ ഭംഗി നോക്കി കൊണ്ട് പറഞ്ഞു… “എന്തോന്നാ…?” “ഓ…ഒന്നും അറിയാത്ത പോലെ….” “ഒന്ന് പോയേ ടീ….നീയേ ബിയറും വൈനും ഒക്കെ കുടിച്ചാ മതി…വലുതൊന്നും കുടിക്കാനുള്ള കപ്പാസിറ്റി നിനക്കില്ല…” സാം കളിയായി പറഞ്ഞതും അന്നമ്മ അവനെ കൂർപ്പിച്ച് നോക്കി… “പറ്റില്ല…എനിക്ക് വേണം എന്ന് പറഞ്ഞാ വേണം….” “ഉവ്വാ…നീ പറയുമ്പോഴേക്ക് ഞാൻ തരുവല്ലേ…ഞാനാ നിന്റെ ഏട്ടൻ…അല്ലാതെ നീ അല്ല…” സാമിന്റെ മുഖത്തെ പുചഛ്അം കണ്ട് അന്നമ്മക്ക് വിറഞ്ഞ് കയറി… “ദേ…മര്യാദക്കാണെങ്കിൽ ഞാനും മര്യാദക്കാ…അറിയാലോ എന്നെ….വിടരുന്ന മുൻപേ നിങ്ങടെ പ്രേമം കൊഴിഞ്ഞ് പോവണ്ട എങ്കിൽ….”

“എന്താ ടീ ഭീഷണി ആണോ….” “ആ….ഭീഷണി തന്നെയാ….ദച്ചൂനോട് നീ ഒരു ആഭാസനാണ് പെണ്ണ് പിടിയനാണ് എന്ന് വേണ്ട സകല കൊള്ളരുതായ്മയും ഉള്ള ആളാണെന്ന് പറഞ്ഞ് കൊടുക്കും….നീ അവളെ പറ്റിക്കാൻ വേണ്ടി ആണ് അനോണിമസ് ഫോൾ കോൾ ചെയ്യുന്നതെന്നും അവളെ ഫ്രണ്ട് ആക്കിയതെന്നും പറയും… നിന്റെ പ്രേമം ഞാൻ നിലത്തിട്ട് ചവിട്ടി കൂട്ടി പണ്ടാറം അടക്കും.. കാണണോ നിനക്ക്…?ഹേ….?” അന്നമ്മയുടെ മട്ടും ഭാവവും കണ്ട് പേടിച്ച് ഉമിനീരിറക്കാനല്ലാതെ സാമിന് മറ്റൊന്നിനും കഴിഞ്ഞില്ല…. “അന്നമ്മോ….ഇച്ചേടെ മുത്തല്ലേ…എന്റെ കുഞ്ഞൻ അങ്ങനെ അബദ്ധം ഒന്നും കാണിക്കരുത്…നമുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാമല്ലോ…” “ഉണ്ടാക്കാം…ഞാൻ പറഞ്ഞത് പോലെ അങ്ങോട്ടും ഇങ്ങോട്ടും പാലമിട്ട് നിന്നാ നമുക്ക് രണ്ട് പേർക്കും ഉപകരിക്കും… ഇല്ലെങ്കിൽ….”

“ഏയ്….ഞാനെപ്പഴേ പാലമിട്ട് കഴിഞ്ഞു….ജെ.ഡി അല്ലേ..നീ എടുത്തോ…ഒന്നോ രണ്ടോ എടുത്തോ….ഇനി അതും പോരെങ്കിൽ ഞാൻ നീ ഏത് ബ്രാൻഡ് പറഞ്ഞാലും വാങ്ങി കൊണ്ട് വന്നോളാം…പോരേ….” “അതാണ്…ദാറ്റ്സ് മൈ ബോയ്….ലവ് യൂ ഇച്ചേ….ഉമ്മാഹ്😘…” അന്നമ്മ സാമിന് ഫ്ലൈയിങ് കിസ് കൊടുത്ത് ഡോർ തുറന്ന് വെളിയിലേക്കിറങ്ങി… “പട്ടീ😬…” “എന്നതാ…” “പ…പറ്റി എന്ന്…കൈയിലെ നിറച്ചും പൊടി പറ്റി… എവിടുന്നാണോ എന്തോ…” “അതങ്ങ് തൂത്ത് കളഞ്ഞേച്ചും വാ…” “ഓ….” “കർത്താവേ…ശത്രുക്കൾക്ക് പോലും നീ ഈ ഗതി വരുത്തല്ലേ…” കാറിൽ നിന്ന് ഇറങ്ങി നടക്കുന്നതിനിടക്ക് മുന്നിൽ ആടി പാടി പോവുന്ന അന്നമ്മയെ ഒന്ന് നോക്കി സാം നെഞ്ചിൽ കൈ വെച്ച് ആകാശത്തേക്ക് കണ്ണ് നട്ട് പ്രാർത്ഥിച്ചു… എന്നിട്ട് ഒരു നെടുവീർപ്പോടെ അകത്തേക്ക് കയറി….

“ആ…പിന്നെ ഇച്ചേ…ഇന്ന് തൽകാലം വേണ്ട…രണ്ട് ദിവസം കഴിട്ടേ…അത് വരെ കൈയിൽ നിന്ന് കളയാതെ സൂക്ഷിച്ചോണം….” “മ്മ്…” അന്നമ്മയെ നോക്കി അനുസരണ ഉള്ള കുട്ടിയെ പോലെ സാം തലയാട്ടി… അവൾ പോയതും പല്ലിറുമ്പി കൊണ്ട് റൂമിന്റെ ഡോർ വലിച്ചടച്ചു… അതിന്റെ ഡൗണ്ട് കേട്ട് റൂമിലിരുന്ന അന്നമ്മ വാപൊത്തി കുലുങ്ങി ചിരിച്ച് ബെഡിലേക്ക് വീണു… കുറച്ച് സമയം അതേ കിടപ്പ് കിടന്നപ്പോഴാണ് അവൾക്ക് അലക്സിനെ ഒന്ന് വിളിക്കാൻ തോന്നിയത്… ബാഗിലിരുന്ന ഫോൺ എടുത്ത് അവന്റെ നമ്പർ ഡയൽ ചെയ്തു… **** ക്ലാസ് കഴിഞ്ഞ പാടെ അലക്സ് ബുള്ളേഉമെടുത്ത് വീട്ടിലേക്കാണ് പോയത്… എന്നത്തേയും പോലെ കോളിങ് ബെൽ അടിച്ചതും ചേടത്തി വന്ന് ഡോർ തുറന്ന് കൊടുത്തു…

ഹാളിൽ തന്നെ വീൽച്ചെയറിലായി വല്യമ്മച്ചി ഇരിപ്പുണ്ടായിരുന്നു… അലക്സ് അവരുടെ അടുത്തേക്ക് ചെന്ന് നിലത്തിരുന്ന് വല്യമ്മച്ചിയുടെ മടിയിൽ തല വെച്ച് കിടന്നു… അവർ വാത്സല്യത്തോടെ അവന്റെ മുടിയിഴകൾക്കിടയിൽ തലോടിക്കൊണ്ടിരുന്നു… “വല്യമ്മച്ചീ…” “എന്നാ ടാ മോനേ….?” “വല്യമ്മച്ചീടെ ഏറ്റവും വലിയ ആഗ്രഹം എന്താ….?” “നിന്റെ സന്തോഷം…അതല്ലാതെ വല്യമ്മച്ചി വേറെ ഒന്നും ആഗ്രഹിക്കുന്നില്ല മോനേ….ഒരു നല്ല ഉദ്യോഗം ഒക്കെ കിട്ടി മോനെ പൊന്ന് പോലെ സ്നേഹിക്കുന്ന ഒരു മാലാഖ കൊച്ചിനെ കല്യാണം കഴിച്ച് എന്റെ കുഞ്ഞ് സന്തോഷത്തോടെ കഴിയുന്നത് കാണാനാ വല്യമ്മച്ചി എന്നും കർത്താവിനോട് പ്രാർത്ഥിക്കുന്നത്….”

“എന്നാലേ വല്യമ്മച്ചീടെ മോനൊരു ഉദ്യോഗം കിട്ടി…” അലക്സ് കുസൃതിയോടെ പറഞ്ഞത് കേട്ട് മനസ്സിലാവാതെ വല്യമ്മച്ചി അവനെ നോക്കി… ആ നോട്ടം കണ്ടതും ചെറു ചിരിയോടെ അവരുടെ ഇര കൈകളും കൂട്ടി പിടിച്ച് കൊണ്ട് കാര്യങ്ങൾ വിശദമായി പറഞ്ഞ് കൊടുത്തു… “വല്യമ്മച്ചിക്ക് സന്തോഷം ആയി മോനേ….” അവർ കണ്ണ് നിറച്ച് കൊണ്ട് അലക്സിന്റെ മുഖം കോരിയെടുത്ത് നെറ്റിയിൽ മൃദുവായി ചുംബിച്ചു… കുറച്ച് സമയം കൂടെ അവരുടെ മടിയിൽ കിടന്ന് മൗല്ലെ ഫ്രഷ് ആവാനായി റൂമിലേക്ക് നടന്നു… “ചേടത്തിയേ…..ചേടത്തീടെ സ്പെഷ്യൽ കോഫി ഇട്ട് തരുമോ… തലവേദനിക്കുന്നു…” “അതിനെന്താ മോനേ…മോൻ കുളിച്ച് വരുമ്പോഴേക്കും കോഫി ഉണ്ടാക്കി തരാം…” അവരെ നോക്കി ഒന്ന് പുഞ്ചിരിച്ച് അലക്സ് റൂമിലേക്ക് ചെന്നു…കോളേജിലെ ആദ്യ ദിവസം ആയത് കൊണ്ട് നല്ലത് പോലെ തലവേദന ഉണ്ടായിരുന്നു….

കുറച്ച് സമയം കൂടെ കിടക്കാമെന്ന് കരുതി ഷർട്ട് അഴിച്ച് ബെഡിൽ ചെന്ന് കിടന്നു… ഒന്ന് കണ്ണ് അടഞ്ഞ് പോയപ്പോഴാണ് ബെഡിൽ അലസമായി ഇട്ടിരുന്ന മൊബൈൽ റിങ് ചെയ്യാൻ തുടങ്ങിയത്… കണ്ണ് തുറക്കാതെ തന്നെ കൈ എത്തിച്ച് ഫോണെടുത്ത് ആൻസർ ചെയ്ത് ചെവിയിലേക്ക് വെച്ചു… “ഹലോ….” “ചെകുത്താനേ….” കൊഞ്ചലോട് കൂടെയുള്ള അന്നമ്മയുടെ സ്വരം അവന്റെ അടഞ്ഞ് കിടന്ന കണ്ണുകളെ തുറപ്പിച്ചു… “ഏയ്…ചെകുത്താനെന്താ ഒന്നും മിണ്ടാത്തത്….അറ്റ്ലീസ്റ്റ് ഒന്ന് ചീത്ത എങ്കിലും പറയെന്നേ…” “ടീ പുല്ലേ…നിന്നോട് പല പ്രവശ്യം ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുതെന്ന്…പറഞ്ഞാ മനസ്സിലാവില്ലേ നിനക്ക്…” “ഇല്ലല്ലോ….” കുസൃതിയോടെ മറുപടി പറഞ്ഞ് കൊണ്ടവൾ കുലുങ്ങി ചിരിച്ചു… അന്നമ്മയുടെ ചിരിയൊച്ച അലക്സിന്റെ മനസ്സിൽ ഒരു തണുപ്പ് വീഴ്ത്തി…

“ഹാ…പിന്നെയും സൈലന്റ്….എന്നതാ ഇച്ചായാ…എന്റെ ചെകുത്താൻ ഇങ്ങനെ മിണ്ടാതിരിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ലേ…” “നിന്റെ ഇഷ്ടത്തിനൊത്ത് തുള്ളാൻ ഞാനാരാ ടീ നിന്റെ…?” “ഇച്ചായന് അറിയില്ലേ….എനിക്ക് ഇച്ചായൻ ആരാണെന്ന്…..” “അന്നാ…ഞാൻ…” “മ്ഹും…വേണ്ട…ഒന്നും പറയണ്ട…എനിക്കറിയാം…ആ മനസ്സിൽ എവിടെയോ ഞാൻ ഉണ്ട്…. ആ കണ്ണുകളിൽ എന്നോടുള്ള പ്രണയം ഞാൻ കണ്ടിട്ടുണ്ട്…. എന്നിട്ടും…എന്നിട്ടും ഇച്ചായന് അത് മനസ്സിലായിട്ടില്ലേ…?അതോ അറിഞ്ഞിട്ടും അറിയാത്ത പോലെ അഭിനയിക്കുവാണോ….?” അവളുടെ നേർത്ത സ്വരം അലക്സിന്റെ നെഞ്ചിൽ നോവ് നൽകി…. ഇനിയും കേൾക്കാൻ ആഗ്രഹിക്കാത്തത് പോലെ അവൻ മറുപടി കൊടുക്കാതെ വേഗം ഫോൺ കട്ട് ചെയ്തു… “തെണ്ടി…കട്ട് ചെയ്തു…”

അന്നമ്മ അവൻ ഫോൺ കട്ട് ചെയ്തത് അറിഞ്ഞ് വീണ്ടും ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഫോൺ സ്വിച്ച് ഓഫ് ആക്കിയിരുന്നു… “മോനേ അലക്സ് ജോസഫ് കളത്തിങ്കലേ…തന്നെയും കൊണ്ടേ ഞാൻ പോവു…” ടേബിളിന് മുകളിൽ വെച്ചിരുന്ന അലക്സിന്റെ ചിരിച്ച് നിൽക്കുന്ന ഫോട്ടോയിലേക്ക് നോക്കി അവന്റെ കവിളിൽ കുത്തിക്കൊണ്ട് കുറുമ്പോടെ പറഞ്ഞു… ***** ഫ്രഷ് ആയിക്കഴിഞ്ഞ് അന്നമ്മ നേരെ ശ്രീയുടെ അടുത്തേക്ക് വിട്ടു… ഷേർളി ഉണ്ടാക്കിയ ചായയും പലഹാരവും കഴിച്ച് അവർ മൂവരും ഉമ്മറത്ത് ഇരുന്ന് സംസാരിക്കുകയായിരുന്നു…. “ഇച്ചേ…” എന്തോ ആവശ്യത്തിന് പുറത്തേക്ക് പോവാൻ ഇറങ്ങിയതായിരുന്നു സാം… അവൻ ജീപ്പിലേക്ക് കയറാൻ നോക്കുമ്പോഴാണ് ഉമ്മറത്ത് ഇരുന്ന് അന്നമ്മ അവനെ കൈ കാട്ടി വിളിച്ചത്.. “എന്നാ ടീ….?” “ദേ ഷേർളിയാന്റി ഇച്ചേടെ ഫേവറിറ്റ് ചുരുട്ട് ഉണ്ടാക്കിയിട്ടുണ്ടേ..

വേഗം വന്നില്ലേൽ ഞാൻ കഴിച്ച് തീർക്കും…” അന്നമ്മ വിളിച്ച് പറഞ്ഞതും അത് കേൾക്കാൻ കാത്തെന്ന പോലെ സാം സൈഡിലെ ഗേറ്റ് വഴി അങ്ങോട്ട് ചെന്നു… നടന്ന് അവർക്ക് അരികിലായി എത്തിയപ്പോഴാണ് ശ്രീയെ സാം കണ്ടത്… അവൾ ഒരു സൈഡിലെ തൂണിന് മറഞ്ഞ് ഇരിക്കുന്നത് കൊണ്ട് നേരത്തെ നോക്കിയപ്പോൾ കണ്ടിരുന്നില്ല… അവൻ വന്നത് കണ്ട് മുഖം ഉയർത്തിയ ശ്രീ അപ്പോഴാണ് അവന്റെ വേഷം കണ്ടത്… ഡാർക്ക് ബ്ലൂ കളറിലെ ഫുൾ സ്ലീവ് ഷർട്ടും അതേ കരയുള്ളമുണ്ടും ആയിരുന്നു അവൻ ധരിച്ചിരുന്നത്… മീശ നന്നായി പിരിച്ച് വെച്ചിട്ടുണ്ട്…ഒരു കൈയിൽ വാച്ചും മറു കൈയിൽ ബ്രേസ്ലെറ്റും…മുണ്ട് മടക്കി കുത്തിയിട്ടുണ്ട്… ആ വേഷത്തിൽ കണ്ടതും ശ്രീക്ക് ആദ്യമായി റോഡിൽ വെച്ച് അവനെ കണ്ടതായിരുന്നു ഓർമ വന്നത്…

പുഞ്ചാരിയോടെ അവൾ സാമിനെ നോക്കിയതും അവനും തിരികെ മനോഹരമായൊരു ചിരി സമ്മാനിച്ച് അന്നമ്മ ഇരിക്കുന്നതിന് അടുത്തായി ചെന്ന് ഇരുന്നു… “ഹാ…ഇതെന്റെയാ…” അന്നമ്മയുടെ കൈയിലിരിക്കുന്ന പാത്രത്തിലേക്ക് സാം കൈ നീട്ടിയതും കെറുവോടെ അവളൊരു തട്ട് വെച്ച് കൊടുത്ത് അൽപം നീങ്ങി ഇരുന്നു… “ആ കൊതിച്ചിടെത് എടുക്കണ്ട മോനേ…ആന്റി വേറെ തരാം…” “ഓ…അല്ലെങ്കിലും ഇച്ചയെ കിട്ടിയാ ആന്റിക്ക് എന്നെ വേണ്ടെല്ലോ…” അന്നമ്മ കുറുമ്പോടെ ഷേർളിയെ നോക്കി ചുണ്ട് ചുളുക്കി കൊണ്ട് ശ്രീയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു… സാമിനെയും ഷേർളിയെയും ശ്രീ വിടർന്ന കണ്ണുകളോടെ നോക്കുകയായിരുന്നു…

നിലത്ത് ഇരിക്കുന്ന സാമിന് തൊട്ടടുത്തുള്ള കസേരയിലാണ് ഷേർളി ഇരിക്കന്നത് അവൻ അവരുടെ മടിയിലേക്ക് തല അൽപം ചാഞ്ഞ് വെച്ച് ചുരുട്ട് കഴിച്ച് കൊണ്ടിരിക്കുകയാണ്… ഷേർളി ഒരു കൈ കൊണ്ട് അവന്റെ മുടിയിൽ വാത്സല്യത്തോടെ തലോടുന്നുണ്ട്… ഇപ്പോ അവരെ കണ്ടാൽ അമ്മയും മകനും ആണെന്നേ പറയൂ… ശ്രീയുടെ കൗതുകത്തോടെയുള്ള നോക്കി കൊണ്ടിരിക്കുമ്പോഴാണ് സാമിന്റെ കണ്ണുകളും അവളുടെ നേരെ പോയത്… ഒറ്റ പുരികം ഉയർത്തി അവൻ എന്താണെന്ന് ചോദിച്ചതും ശ്രീ കണ്ണുകൾ ചിമ്മി വേറെ എങ്ങോട്ടോ നോട്ടമെറിഞ്ഞു… “ആന്റീ…എനിക്ക് ചായ കിട്ടിയില്ല…” “അയ്യോ…നിക്ക് ആന്റി ഇപ്പോ എടുത്ത് വരാം…” ഷേർളി അകത്ത് പോയി ചായയുമായി വന്നതും അവൻ പതിയെ അത് കുടിച്ചു…

കുറച്ച് സമയം കഴിഞ്ഞതും ഫോണിൽ ഏതോ കോൾ വന്നതും അവൻ അവരോട് യാത്ര പറഞ്ഞ് തിടുക്കത്തിൽ ജീപ്പുമെടുത്ത് പോയി… “ഏതോ തല്ലിനുള്ള കോളാണെന്നാണ് എന്റെ ഒരു ബലമായ സംശയം…” “അതെന്താ ടീ…?” “അല്ല…ആ പോയ പോക്കും മുഖത്തുള്ള ഗൗരവവും കണ്ടിട്ട് എനിക്കങ്ങനെ തോന്നുന്നു…?” “അപ്പോ നിന്റെ ഏട്ടായി അടിയും ഇടിയും ഒക്കെ ഉണ്ടോ…?” “എപ്പഴും ഇല്ല ദച്ചൂസേ…ഇച്ച കാം ആൻഡ് കൂൾ ആണ്….നീ ശ്രദ്ധിച്ചിട്ടില്ലേ…എപ്പഴും ആ മുഖത്ത് ചിരി മാത്രമേ ഉണ്ടാവൂ… പക്ഷേ ദേഷ്യം വന്ന് കഴിഞ്ഞാ പിന്നെ അത് അണയാൻ അൽപം പാടാണ്… എന്നാ എന്റെ ചെകുത്താന് ഐ മീൻ നിന്റെ ഏട്ടായിക്ക് എപ്പഴാ ദേഷ്യം വരുന്നത് എന്നൊന്നും പറയാൻ പറ്റുകേല…” “അന്നമ്മോ….”

“ദേ റീനാമ്മ വിളി തുടങ്ങി….ഞാനങ്ങ് ചെല്ലട്ടേ…സന്ധ്യ പ്രാർത്ഥനക്ക് എന്നെ അവിടെ കണ്ടില്ലേൽ അമ്മച്ചിക്ക് പ്രാന്ത് ഇളകും…ആന്റിയേ…ഞാൻ പോയേ…” ശ്രീയുടെ കവിളിൽ ഒന്ന് പിച്ചി അകത്തേക്ക് നോക്കി ഷേർളിയെ ഉറക്കെ വിളിച്ച് പറഞ്ഞ് അന്നമ്മ പുലിക്കാട്ടിലേക്ക് പോയി… അവൾ പോലുന്നതും നോക്കി ചിരിയോടെ ശ്രീ പ്ലേറ്റുമെടുത്ത് അകത്തേക്ക് നടന്നു… **** ഫുഡ് കഴിച്ച് കഴിഞ്ഞതും ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ശ്രീ റൂമിലേക്ക് പോയത്… അപ്പോഴാണ് അൺനോൺ നമ്പറിന്റെ കാര്യം അന്നമ്മയോട് പറഞ്ഞില്ലെന്ന് ശ്രീക്ക് ഓർമ വന്നത്… എന്തായാലും ആരാ വിളിക്കുന്നതെന്ന് നോക്കാനായി ടേബിളിൽ വെച്ച ഫോണിനടുത്തേക്ക് ചെന്നു…

സ്ക്രീനിൽ ആനിയുടെ പേര് തെളിഞ്ഞതും ചിരിയോടെ അവളത് അറ്റന്റ് ചെയ്തു… ഇടക്കിടക്ക് അവൾ ശ്രീയെയും ശ്രീ അവളെയും അവളുടെ മമ്മയെയും വിളിക്കാറുണ്ട്… ആനിക്ക് എന്തോ എക്സാം ആയത് കൊണ്ട് അടുത്ത ആഴ്ചയേ നാട്ടിലേക്ക് വരൂ എന്ന് പറഞ്ഞു.. ശ്രീയുടെയും അവളുടെ വീട്ടിലേയും വിശേഷങ്ങൾ ചോദിച്ച് പിന്നെയും ഒരുപാട് നേരം സംസാരിച്ച ശേഷമാണ് അവൾ ഫോൺ വെച്ചത്… ആനി ഫോൺ വെച്ചതും ശ്രീ വേഗം അന്നമ്മയുടെ നമ്പർ ഡയൽ ചെയ്തു… ആദ്യത്തെ റിങ് മുഴുവനായെങ്കിലും കോൾ അറ്റന്റ് ചെയ്തിരുന്നില്ല… അവൾ ബിസി ആയിരിക്കും എന്ന് കരുതി ഫോൺ ടേബിളിൽ വെച്ചതും അന്നമ്മ തിരിച്ച് വിളിച്ചിരുന്നു… “എന്നാ ടീ ഇപ്പോ ഒരു കോൾ..?” “നീ ബിസി വല്ലതും ആണോ ടാ…?” “ഏയ്…അല്ല…ഫുഡ് കഴിച്ച് താഴെ വെറുതേ സംസാരിച്ച് ഇരുന്നതായിരുന്നു….

എന്താ ടീ കാര്യം…” “അന്നാ…നീ ഇങ്ങോട്ട് ഒന്ന് വരാമോ…ഒരു കാര്യം പറയാനുണ്ടായിരുന്നു…” “എന്താ ടാ…എന്തെങ്കിലും സീരിയസ് ആണോ…?” “ഏയ്…അല്ല…പക്ഷേ ഇപ്പോ പറഞ്ഞില്ലെങ്കിൽ എനിക്കൊരു സമാധാനം കിട്ടില്ല…നീ ഒന്ന് ഇവിടെ വരെ വരുമോ…?” “ആ…ഞാൻ ദേ എത്തി…” ശ്രീ ഫോൺ വെച്ചതും ഉമ്മറത്തേക്ക് പോയി അന്ന വരുന്നത് വരെ നഖം കടിച്ച് കാത്തിരുന്നു… തോമസ് വരാത്തത് കൊണ്ട് ഷേർളി ഹാളിൽ ടി.വി കണ്ട് ഇരിപ്പായിരുന്നു… ശ്രീയുടെ നിൽപ്പ് കണ്ട് എന്താ കാര്യമെന്ന് അവർ ചോദിച്ചപ്പോഴാണ് അന്നമ്മ അങ്ങോട്ട് ചെന്നത്… കോളേജിലേക്ക് എന്തോ വർക്ക് ഉണ്ടെന്ന് പറഞ്ഞ് ശ്രീ അന്നയെയും കൂട്ടി റൂമിലേക്ക് പോയി… “എന്താ ദച്ചൂ കാര്യം…?” “പറയാം ടീ…നീ ഇവിടെ ഇരിക്ക്…” ശ്രേ അന്നയെ ബെഡിലേക്ക് പിടിച്ചിരുത്തി പറയാൻ തുടങ്ങിയതും അവളുടെ ഫോൺ റിങ് ചെയ്തിരുന്നു…

എസ്റ്റേറ്റിൽ എന്തോ പ്രശ്നം ഉണ്ടെന്ന് വിളിച്ച് പറഞ്ഞത് കേട്ടാണ് സാം അവിടേക്ക് പോയത്… സാമിന്റെ കൈയിന്റെ ചൂട് നന്നായി അറിയിച്ചത് കൊണ്ട് ജോൺ പിന്നീട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയിരുന്നില്ല… ഇതിപ്പോ അവരുടെ ഫാക്ടറിയിലും എസ്റ്റേറ്റിലും കണ്ണ് വെച്ച് നടക്കുന്നവരിൽ ഒരുത്തൻ തൊഴിയാളികളെ ഇളക്കി വിട്ടതാണ്.. പക്ഷേ സാം അവിടെ ചെന്ന് അവരെ കാര്യങ്ങൾ ഒക്കെ പറഞ്ഞ് ബോധ്യപെടുത്തി ഒരുവിധം പ്രശ്നങ്ങളൊക്കെ പരിഹരിച്ചിരുന്നു… അതിന് പുറമേ അതിന് ഇടയിലൂടെ കളിച്ചവനെയും അവന്റെ കൂടെയുള്ളവരെയും പോയി നന്നായൊന്ന് സൽക്കരിക്കാനും മറന്നില്ല…. എല്ലാം കഴിഞ്ഞ് സമയം ഒരുപാട് വൈകിയത് കൊണ്ട് ഇന്നിനി തിരിച്ച് വീട്ടിലേക്ക് പോവേണ്ടെന്ന് കരുതി അവൻ ബംഗ്ലാവിൽ തന്നെ കിടക്കാൻ തീരുമാനിച്ചു…

ബംഗ്ലാവിലെത്തി ജീപ്പ് പാർക്ക് ചെയ്ത് അവൻ അകത്തേക്ക് ചെന്ന് സോഫയിൽ ഇരുന്നു… “കുഞ്ഞേ….ചായ എടുക്കണോ…?” സ്ലീവാച്ചൻ വന്ന് വിളിച്ചപ്പോഴാണ് സാം പിന്നെ അവിടെ നിന്ന് എഴുന്നേറ്റത്.. “വേണ്ട സ്ലീവാച്ചായാ…ഞാനൊന്ന് ഫ്രഷ് ആയി വരുമ്പോഴേക്കും ഫുഡ് എടുത്ത് വെക്കാമോ….നല്ല വിശപ്പുണ്ട്…” “ശരി കുഞ്ഞേ….” സ്ലീവാച്ചായൻ പോയതും സാം മുകളിലെ അവന്റെ റൂമിലേക്ക് പോയി… ഹീറ്റർ ഓൺ ചെയ്യാതെ തണുത്ത വെള്ളത്തിൽ കുളിച്ചതും ക്ഷീണമൊക്കെ പമ്പ കടന്നു… ഇടക്ക് അവിടെ വരുന്നത് കൊണ്ട് അവന്റെഒന്ന് രണ്ട് വസ്ത്രങ്ങൾ എപ്പോഴും അവിടെ ഷെൽഫിൽ ഉണ്ടാവും… അതിൽ നിന്ന് ഒരു ഷോർട്ടസും ബനിയനും എടുത്തിട്ട് താഴേക്ക് ചെന്നു… ഡൈനിങ് ടേബിളിൽ കൊണ്ട് വന്ന് വെച്ച ഭക്ഷണം സ്ലീവാച്ചായനെയും പിടിച്ചിരുത്തി രണ്ട്പേരും കൂടെ കഴിച്ചു…

കുറച്ച് സമയം അവിടെ ഇരുന്ന് ഏയ്ഞ്ചൽ മോളെയും ബാക്കി എല്ലാവരുടെയും വിശേഷവും ചോദിച്ച ശേഷമാണ് അവൻ റൂമിലേക്ക് പോയത്… ബെഡിൽ ചെന്ന് വീണതും അവൻ വേഗം ഫോണെടുത്ത് ശ്രീയുടെ നമ്പർ ഡയൽ ചെയ്തു… അങ്ങേ തലക്കൽ റിങ് ചെയ്യുന്നതും ഒടുവിൽ കോൾ കണക്ട് ആവുന്നതും അറിഞ്ഞ് കുഞ്ഞ് പുഞ്ചിരിയോടെ അവളുടെ സ്വരം കേൾക്കാനായി കാതോർത്തു……..തുടരും

നിനക്കായ് : ഭാഗം 41

Share this story