സമാഗമം: ഭാഗം 2

സമാഗമം: ഭാഗം 2

എഴുത്തുകാരി: അനില സനൽ അനുരാധ

അന്നു രാത്രി കിടന്നിട്ടും മീരയ്ക്ക് ഉറക്കം വന്നില്ല. ഇവിടെ വന്നതു മുതൽ തനിക്കു സ്വന്തമായ ഇഷ്ടങ്ങളോ അഭിപ്രായങ്ങളോ ഉണ്ടായിട്ടില്ല. ഇനി തന്നെ ഇവിടെ നിന്നും ഒഴുവാക്കാനുള്ള യമുനയുടെ തന്ത്രം ആയിരിക്കുമോ? ആലോചനയോടെ മീര കിടന്നു… അനിതയുടെ മനസ്സിലും ആശങ്ക നിറഞ്ഞു നിന്നിരുന്നു. ഇനി ആരായിരിക്കും ഒന്നും വേണ്ടെന്നു പറഞ്ഞ് ഇവളെ കെട്ടാൻ വരുന്നത്… അവളുടെ ജീവിതം ഇവിടെ എരിഞ്ഞു അവസാനിക്കുന്നതിൽ ആയിരുന്നു അനിതയുടെ സന്തോഷം. ഞായറാഴ്ച അവർ പെണ്ണുകാണാൻ വരുന്നുണ്ടെന്ന് വെല്ല്യമ്മയിൽ നിന്നും അറിഞ്ഞ നിമിഷം മീരയുടെ ശരീരം ഭയത്താൽ വിറച്ചു. ശനിയാഴ്ച വെല്ല്യച്ഛനെ കണ്ടപ്പോഴാണ് കുറച്ചെങ്കിലും ആശ്വാസം ലഭിച്ചത്.

ഞായറാഴ്ച രാവിലെ സൂരജും യമുനയും എത്തി. യമുനയുടെ കല്യാണത്തിന് വെല്ല്യച്ഛൻ എടുത്തു കൊടുത്ത വൈലറ്റ് നിറത്തിലുള്ള ചുരിദാറാണ് അന്നവൾ ധരിച്ചത്… മീരയെ ഒരുക്കാനായി യമുന മീരയുടെ മുറിയിലേക്ക് ചെന്നു… ആ വീട്ടിലെ ഏറ്റവും ചെറിയ മുറിയായിരുന്നു മീരയുടേത്… അതിൽ ചെറിയ ഒരു തടി അലമാരയും മേശയും കസേരയും… രാത്രി കിടക്കാൻ പായ വിരിച്ചു കഴിഞ്ഞാൽ പിന്നെ കഷ്ടിച്ച് ഒരാൾക്ക് നടക്കാൻ സ്ഥലം ഉണ്ടാകും… “ഞാൻ ഈ ഹെയർ സ്റ്റൈൽ മാറ്റി തരട്ടെ മീരേ… കുറച്ചു ലിപ്സ്റ്റിക് കൂടി ഇട്ടാൽ സുന്ദരിയാകും… ” യമുന തിരക്കി. “വേണ്ട… ഇങ്ങനെ മതി. ” മീര പറഞ്ഞു.

ആവശ്യമില്ലാത്ത അലങ്കാരങ്ങൾ ഒന്നും വേണ്ട. ഇനി ആരുടെ മുമ്പിലേക്കാകും ചെന്നു നിൽക്കേണ്ടി വരിക എന്നോർത്ത് മേശമേൽ ചാരി മീര നിന്നു… “യമുനെ.. മാറി കഴിഞ്ഞില്ലേ… ” മീരയുടെ മുറിയുടെ വാതിൽക്കൽ നിന്ന് സൂരജ് തിരക്കി… “കഴിഞ്ഞു… അവർ വന്നോ? ” “ആഹ് ! വന്നു. നീ അവളോട്‌ ചായയുമായി വരാൻ പറയൂ.” സൂരജിന്റെ ശബ്ദം കേൾക്കും തോറും അടുത്ത പരീക്ഷണത്തിന്റെ സമയം ആരംഭിച്ചു കഴിഞ്ഞെന്ന് മീരയ്ക്ക് തോന്നി… യമുനയുടെ കൂടെ ചായയുമായി ഉമ്മറത്തേക്ക് നടക്കുമ്പോൾ അവളുടെ മനസ്സ് മരവിച്ചു കൊണ്ടിരുന്നു. “ചായ കൊടുക്കൂ മോളെ… ” വെല്ല്യച്ഛന്റെ ശബ്ദം കേട്ടതും അവൾ മുഖം ഉയർത്തി വെല്ല്യച്ഛനെ നോക്കി. അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷം നിറഞ്ഞു നിന്നിരുന്നു. ഉമ്മറത്തു കസേരയിൽ ഇരിക്കുന്നവരെ നോക്കി.

കുസൃതി നിറഞ്ഞ ചെമ്പൻ മിഴികളാൽ തന്നെ നോക്കുന്ന ചെറുപ്പക്കാരൻ.. കൂടെ പ്രായം ചെന്ന ഒരാളും. ചായ കൊടുത്ത ശേഷം മീര ചുമരിനു അരികിലേക്ക് നീങ്ങി നിന്നു.. “ഞാൻ ശങ്കരൻ… ഇതെന്റെ പെങ്ങളുടെ മകൻ ഹേമന്ദ്… അപ്പു എന്നു വിളിക്കും… ഇവനു വേണ്ടിയാ ഞങ്ങൾ വന്നത്… മോന്റെ അച്ഛനും അമ്മയും വർഷങ്ങൾക്ക് മുൻപ് ഒരു ആക്‌സിഡന്റിൽ മരിച്ചു.” ശങ്കരൻ പറഞ്ഞു. “അതെയോ… അപ്പോൾ വീട്ടിൽ ആരൊക്കെയാ ഉള്ളത്?” സുദേവൻ തിരക്കി. “എനിക്ക് മൂന്നു പെണ്മക്കളാണ്. അവരുടെയൊക്കെ വിവാഹം കഴിഞ്ഞു. അപ്പു നാട്ടിലേക്ക് വരുമ്പോൾ ഞാനും ഭാര്യ രാധയും അവന്റെ കൂടെ വന്നു താമസിക്കും.” മീര ഇതെല്ലാം കേട്ടു കൊണ്ട് തലകുനിച്ച് അങ്ങനെ നിന്നു.

“ഹേമന്ദ്… മീരയോട് ഒന്നും ചോദിക്കുന്നില്ലേ? ” സൂരജ് തിരക്കി. “എനിക്ക് മീരയോടൊന്നു സംസാരിക്കണം എന്നുണ്ട്…” ഹേമന്ദ് പറഞ്ഞു. “അതിനെന്താ ആകാലോ…” സുദേവൻ പറഞ്ഞതും ഹേമന്ദ് എഴുന്നേറ്റു മീരയുടെ അടുത്തേക്ക് നടന്നു. അവൻ അരികിൽ വന്നു നിന്നതും മീര വെല്ല്യച്ഛനെ നോക്കി… “അകത്തേക്ക് ചെല്ല് മോളെ… ” വെല്ല്യച്ഛൻ പറഞ്ഞു… ഇതെല്ലാം കണ്ട് അത്ര തെളിവില്ലാത്ത മുഖത്തോടെ അനിത നിന്നു. കാരണം ഹേമന്ദ് സൂരജിനേക്കാൾ സുന്ദരൻ ആയിരുന്നു. തന്റെ മകൾക്ക് കിട്ടിയതിനേക്കാൾ നല്ലൊരു ബന്ധം മീരയ്ക്ക് കിട്ടുമോ എന്നോർത്ത് അവരിൽ അസൂയ നിറഞ്ഞു. മീര അകത്തേക്ക് നടന്നു.. തൊട്ടു പുറകെ ഹേമന്ദും… “മീരയുടെ മുറിയിൽ നിന്നു സംസാരിക്കാം…”

പുറകിൽ ഹേമന്ദിന്റെ ശബ്ദം കേട്ടതും മീര മുറിയിലേക്ക് നടന്നു… മുറിയിലേക്ക് കടന്ന് മീര ചുവരിൽ ചാരി നിന്നു… അവനും തൊട്ടു പുറകെ കടന്നു… മുറിയ്ക്കും ചുറ്റും കണ്ണോടിച്ചു… “വിരോധം ഇല്ലെങ്കിൽ ആ ജനൽ ഒന്നു തുറന്നിടുമോ? ” ഹേമന്ദിന്റെ ചോദ്യം കേട്ടതും മീര വേഗം ജനൽ തുറന്നു. അവൻ അരികിലേക്ക് വന്ന് ജനൽ അഴിയിൽ പിടിച്ചു നിന്നപ്പോൾ അവൾ കുറച്ചു നീങ്ങി നിന്നു. ഹേമന്ദ് അവളെ നോക്കി പുഞ്ചിരിയോടെ നിന്നു… കുലീനയായ പെൺകുട്ടി… അവളുടെ അധരങ്ങൾ ചെറുതായി വിറ കൊള്ളുന്നുണ്ട്… ഇടയ്ക്ക് അവൾ ചുണ്ടുകൾ കൂട്ടി പിടിക്കുകയും കൈകൾ ഷാളിൽ തെരുപ്പിടിക്കുകയും ചെയ്തു കൊണ്ടിരുന്നു… “മീരാ…” അവൻ ആർദ്രമായി വിളിച്ചു…

വിളി കേൾക്കാൻ സാധിക്കാത്ത വിധം അവളുടെ തൊണ്ട വരണ്ടു പോയിരുന്നു. “താനെന്താ താഴെ നോക്കുന്നത്… അവിടെ എന്തെങ്കിലും ഉണ്ടോ?” ചോദ്യം കേട്ടതും അവൾ അവനെ നോക്കി… “എന്നേ ശ്രദ്ധിച്ചു നോക്കിയോ. ഇനി ഞാൻ പോയതിനു ശേഷം കണ്ടില്ലെന്നെന്നും ആരോടും പരിഭവം പറയരുത്…” ആരോടു പരിഭവപ്പെടാനാണ്. പരിഭവം നിറഞ്ഞ നാളുകൾ തന്റെ ജീവിതത്തിൽ ഓർമ്മ വെച്ച നാൾ മുതൽ ഉണ്ടായിട്ടില്ല. കിട്ടിയതു കൊണ്ട് തൃപ്തിപ്പെടാനെ ഇതുവരെ കഴിഞ്ഞിട്ടുള്ളു. വിവാഹക്കാര്യത്തിൽ പോലും ഒരു അഭിപ്രായമോ തീരുമാനമോ പറയാൻ കഴിയില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. “എന്നെ കുറിച്ച് എന്തെങ്കിലും അറിയാൻ താല്പര്യം ഉണ്ടെങ്കിൽ ചോദിച്ചോളൂ… ”

എന്ത് ചോദിക്കാനാണ്… ചോദ്യം ഒന്നും ഇല്ലാത്ത കാരണം അവൾ മൗനം പാലിച്ചു. “തനിക്ക് എന്നെ ഇഷ്ടമയോ? ” ആദ്യമായി കാണുന്ന ഒരാളെ… അയാളെ കുറിച്ച് ഒന്നും അറിയാതെ എങ്ങനെ ഇഷ്ടമാണെന്ന് പറയും. അവൾ വീണ്ടും മൗനത്തെ കൂട്ടു പിടിച്ചു. “തനിക്കു സംസാരിക്കാൻ എന്തെങ്കിലും പ്രശ്നമുണ്ടോ? ” ആ ചോദ്യത്തിനു മറുപടി പറയാതിരിക്കാൻ കഴിഞ്ഞില്ല. “ഇല്ല…” അവൾ മെല്ലെ പറഞ്ഞു. “ഓഹ് ! ഭാഗ്യം. ആ ശബ്ദമെങ്കിലും ഒന്നു കേൾക്കാൻ കഴിഞ്ഞല്ലോ… എനിക്ക് സന്തോഷമായി.” അവൾ അവന്റെ മുഖത്തേക്ക് നോക്കുക മാത്രം ചെയ്തു. “ഒന്നു പുഞ്ചിരിച്ചു കൂടെ മീരാ.. ” “ഹ്മ്മ്… ” “എന്നെ മുൻപ് കണ്ടിട്ടുണ്ടോ? ” “ഇല്ല… ” “എന്നാൽ ഞാൻ കണ്ടിട്ടുണ്ട്. സൂരജിന്റെ വിവാഹത്തിന്റെ അന്ന് ആദ്യമായി കണ്ടു… പിന്നെയും ഒരുപാട് തവണ കണ്ടു..

അതു കൊണ്ടാണ് ലീവ് കഴിഞ്ഞു തിരിച്ചു പോയിട്ട് വേഗം ഇങ്ങോട്ട് മടങ്ങി വരേണ്ടി വന്നത്.” അവൾ ആശ്ചര്യത്തോടെ അവനെ നോക്കി. യമുനയുടെ വിവാഹത്തിനു ശേഷം പുറത്തേക്കൊന്നും അങ്ങനെ പോയിട്ടില്ല. പിന്നെ എങ്ങനെയാണ് കണ്ടിട്ടുണ്ടാകുക… “എന്നെ തന്നെയാണോ കണ്ടത്? ” അവൾ തിരക്കി .. “അതെ… ” “എവിടെ വെച്ച്? ” “എന്റെ വീട്ടിൽ… എന്റെ മുറിയിൽ… എന്റെ ബെഡിൽ… എന്റെ നെഞ്ചിൽ തല ചായ്ച്ച് ഉറങ്ങുന്ന പെൺകുട്ടി… അവൾക്ക് മീരയുടെ മുഖമായിരുന്നു… മീര നെറ്റി ചുളിച്ചു കൊണ്ട് അവനെ നോക്കി… “സ്വപ്നം കണ്ടതാടോ… അന്നു കല്യാണമണ്ഡപത്തിൽ വെച്ചു കണ്ടതു മുതൽ എന്തോ ഒരിഷ്ടം തോന്നി…

പിന്നെ സൂരജിനോടും യമുനയോടും മീരയെക്കുറിച്ച് തിരക്കി. നമ്മൾ തുല്ല്യ ദുഃഖിതരാണ്… അച്ഛനും അമ്മയും നഷ്ടപ്പെട്ടവർ… ജീവിതയാത്രയിൽ തനിച്ചായി പോയ നമുക്ക് ഒന്നിച്ചു കൂടെ?” അച്ഛനെയും അമ്മയെയും കുറിച്ച് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. തന്നെ തനിച്ചാക്കി മരണത്തിലേക്ക് കടന്നു പോയവർ… “വിവാഹക്കാര്യത്തിൽ എന്തെങ്കിലും അനിഷ്ടമോ വിരോധമോ ഉണ്ടെങ്കിൽ വെല്ല്യച്ഛനോടോ വെല്ല്യമ്മയോടോ പറഞ്ഞോളൂ. എന്തായാലും എനിക്ക് ഇഷ്ടമായി. ആ കാര്യത്തിൽ ഒരു മാറ്റവും ഇല്ല.” “എനിക്കിവിടെ സ്വന്തമായി ഇഷ്ടങ്ങൾ ഒന്നുമില്ല. വെല്ല്യച്ഛനും വെല്ല്യമ്മയുമാണ് കാര്യങ്ങൾ തീരുമാനിക്കുക… പഠിപ്പും സ്വത്തും ഇല്ലാത്ത പെണ്ണാണ്…

ഒരു ബാധ്യതയെടുത്ത് തലയിൽ വെച്ചെന്നു പിന്നീട് പറയാൻ എന്തിനാ ഇട വരുത്തുന്നത്? ” “അങ്ങനെ ഞാൻ പറയില്ല… നമുക്ക് അങ്ങോട്ട് പോയാലോ?” അവൾ തലയാട്ടി… “വിവാഹത്തിനുള്ള നാളും കുറിച്ച് ഞാൻ ഇങ്ങോട്ട് വരും. എന്റെ പെണ്ണായി എന്റെ വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്യും… ” എന്നു പറഞ്ഞ് അവൻ ഉമ്മറത്തേക്ക് നടന്നു. തൊട്ട് പുറകെ അവളും… “വെല്ല്യച്ഛനും വെല്ല്യമ്മയും സമ്മതിച്ചാൽ വിവാഹം നടക്കുമെന്നാണ് എനിക്ക് തോന്നുന്നത്… മീരയ്ക്ക് വിരോധം ഒന്നുമില്ല… ” ഹേമന്ദ് പറഞ്ഞു. “മോൾക്ക് വിരോധം ഇല്ലെങ്കിൽ ഞങ്ങൾക്കും സമ്മതം തന്നെയാ മോനെ. സൂരജിനു മോനെപ്പറ്റി അറിയാവുന്നതു കൊണ്ട് കൂടുതലായി ഒന്നും അന്വേഷിക്കേണ്ട കാര്യവും ഇല്ലല്ലോ… ” സുദേവൻ പറഞ്ഞു.

ഹേമന്ദ് സൂരജിനെ നോക്കി പുഞ്ചിരിച്ചു. “നിങ്ങൾ അവിടെ വന്ന് അന്വേഷിച്ചു നോക്കുന്നതിലും ഞങ്ങൾക്ക് എതിർപ്പൊന്നും ഇല്ല… നിങ്ങളുടെ ഇഷ്ടം പോലെ. ” ശങ്കരൻ പറഞ്ഞു. “മോളെ മീരേ… ” വെല്ല്യച്ഛൻ വിളിച്ചപ്പോൾ മീര അദ്ദേഹത്തിന്റെ അരികിൽ വന്നു നിന്നു. “ഈ വിവാഹത്തിനു സമ്മതമാണെന്ന് വാക്ക് കൊടുക്കട്ടെ? ” ചോദ്യം കേട്ടതും മീര വെല്ല്യച്ഛന്റെ മുഖത്തേക്കും പിന്നെ ഹേമന്ദിന്റെ മുഖത്തേക്കും നോക്കി… കുസൃതി നിറഞ്ഞ ചെമ്പൻ മിഴികൾ തിളങ്ങുന്നതു പോലെ അവൾക്ക് തോന്നി… അവന്റെ അധരത്തിൽ നേർത്ത പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു. എന്താണ് മറുപടി പറയേണ്ടതു ദൈവമേ… ഇവിടെ നിന്നും ഇറങ്ങിയാൽ പിന്നെ ഇപ്പോഴുള്ള സ്ഥാനം പോലും ഉണ്ടാകില്ല.

വിവാഹത്തിന് സമ്മതിക്കാതെ ഇവിടെ നിന്നാൽ അതിന്റെ പേരിലുള്ള കുത്തുവാക്കുകൾ കൂടി ചിലപ്പോൾ വെല്ല്യമ്മയിൽ നിന്നും ഏറ്റു വാങ്ങേണ്ടി വരും… “മോളെ… ” എന്ന വെല്ല്യച്ഛന്റെ വിളിയാണ് ചിന്തകളിൽ നിന്നും ഉണർത്തിയത്. “എനിക്ക്… എനിക്ക് സമ്മതമാണ് വെല്ല്യച്ഛാ … സമ്മതമാണ്. ” *** സബ് രെജിസ്ട്രാർ ഓഫീസിൽ വെച്ച് വിവാഹം നടന്നു. വിവാഹത്തിനു അധികം ആരും പങ്കെടുത്തിരുന്നില്ല. സുദേവനും കുടുംബവും ഹേമനന്ദിന്റെ അമ്മാവനും അമ്മായിയും മാത്രം… വെല്ല്യച്ഛൻ മീരയുടെ കൈപ്പിടിച്ച് ഹേമന്ദിന്റെ കയ്യിൽ ഏൽപ്പിച്ചു. ഇരുവരും വെല്ല്യച്ഛന്റെയും വെല്ല്യമ്മയുടെയും കാൽക്കൽ തൊട്ട് അനുഗ്രഹം വാങ്ങി. “എന്റെ മോൾ ദീർഘ സുമംഗലി ആയിരിക്കട്ടെ…

രണ്ടു പേർക്കും എന്നും നല്ലതു മാത്രം വരട്ടെ..” നിറഞ്ഞു തുളുമ്പുന്ന മിഴികളാൽ സുദേവൻ അവരെ അനുഗ്രഹിച്ചു. അനിതയുടെ മുഖത്ത് അത്ര തെളിച്ചം ഇല്ലായിരുന്നു. എല്ലാവരും കൂടി ഹേമന്ദിന്റെ തൃശ്ശൂരിലുള്ള വീട്ടിലേക്ക് പുറപ്പെട്ടു.. മൂന്നു മണിയോടെ അവർ വീട്ടിൽ എത്തിച്ചേർന്നു.. അമ്മായി ആദ്യം ഇറങ്ങി… അകത്തേക്ക് പോയി… മീരയും ഹേമന്ദും ഇറങ്ങുമ്പോഴേക്കും അമ്മായി നിലവിളക്കുമായി വന്നു. എല്ലാ ദൈവങ്ങളെയും മനസ്സിൽ വിചാരിച്ച് പ്രാർത്ഥനയോടെ മീര നിലവിളക്ക് ഏറ്റു വാങ്ങി. വലതു കാൽ വെച്ച് ഹേമന്ദിനോടൊപ്പം കയറാൻ തുടങ്ങിയതും ഒരു കാറ്റ് വീശി… വിളക്ക് അണയാതെ ഇരിക്കാൻ മീര ഇടതുകയ്യാൽ മറ തീർത്തു…

ആ നിമിഷം തന്നെ ഹേമന്ദും തിരി അണയാതെ ഇരിക്കാൻ അവന്റെ വലതു കൈ അവളുടെ കയ്യിനോടു ചേർത്തു വെച്ചു… പൂജാമുറിയിൽ വിളക്ക് കൊണ്ടു വെച്ച ശേഷം ഇരുവരും പ്രാർത്ഥിച്ചു… ഹേമനന്ദിന്റെ പെരുമാറ്റവും വീടും ചുറ്റുപാടും എല്ലാം കണ്ടപ്പോൾ സുദേവന് ആശ്വാസവും അനിതയ്ക്ക് അസൂയയും തോന്നി… ഭക്ഷണശേഷം വെല്ല്യച്ഛനും കുടുംബവും മടങ്ങി പോകാൻ തയ്യാറായി… മീരയ്ക്ക് സങ്കടവും അസ്വസ്ഥതയും തോന്നി. എന്തൊക്കെ ആയിരുന്നാലും വെല്ല്യച്ഛന്റെ വീട് തനിക്കൊരു അഭയസ്ഥാനമായിരുന്നു. ഇന്നത്തോടെ അത് തീർന്നു. ഇനി ഇവിടെ എങ്ങനെ ആയിരിക്കും. ഒരു ദിവസം മാത്രം…

ഒരിക്കൽ മാത്രം കണ്ട ഒരാളുടെ കൂടെ എങ്ങനെയായിരിക്കും ജീവിതം മുന്നോട്ട് പോകുക എന്ന ആശങ്ക അവളിൽ നിറഞ്ഞു നിന്നു. എല്ലാവരും പോകാൻ തയ്യാറായി മുറ്റത്തേക്ക് ഇറങ്ങി നിന്നു. “രണ്ടു പേരും കൂടി സൗകര്യം പോലെ അങ്ങോട്ട് വരണം…” വെല്ല്യച്ഛൻ പറഞ്ഞപ്പോൾ മീര തലയാട്ടി. “വരാം വെല്ല്യച്ഛാ… ” ഹേമന്ദ് പറഞ്ഞു. “എന്റെ മോള് എപ്പോഴും സന്തോഷമായി ഇരിക്കണം. എന്റെ മനസ്സ് മോളുടെ കൂടെ തന്നെ ഉണ്ടാകും.” മീരയുടെ മുടിയിഴയിൽ തലോടി കൊണ്ട് സുദേവൻ പറഞ്ഞു. അവൾ പെട്ടെന്ന് അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് ഏങ്ങലടിച്ച് കരഞ്ഞു. “കരയാതെ മോളെ…” ഇടർച്ചയോടെ അദ്ദേഹം പറഞ്ഞു. ഹേമന്ദ് മീരയുടെ ചുമലിൽ പിടിച്ച് അവന്റെ നെഞ്ചോട് ചേർത്തു പിടിച്ചു.

“കരയാതെ മീരാ…. അവർ സന്തോഷത്തോടെ പോകട്ടെ…” ഹേമന്ദ് പറയുന്നത് കേട്ടപ്പോൾ അവൾ മിഴികൾ തുടച്ച് പുഞ്ചിരിക്കാൻ ശ്രമിച്ചു. എല്ലാവരും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ മീരയും ഹേമന്ദും കാറിനു അരികിൽ വരെ അവരോടൊപ്പം നടന്നു. കാറിൽ കയറുന്നതിന് മുൻപ് സൂരജ് ഹേമന്ദിനെ പുണർന്നു… ചിരിയോടെ അവന്റെ വയറ്റിലേക്ക് ഇടിച്ചു. കാർ കണ്ണിൽ നിന്നും മറയുന്നതു വരെ ഇരുവരും അവിടെ തന്നെ നിന്നു. “വരൂ… അകത്തേക്ക് പോകാം… ” ഹേമന്ദ് വിളിച്ചപ്പോൾ അവൾ കൂടെ ചെന്നു. അകത്തേക്ക് കയറിയപ്പോൾ കാണുന്നത് അമ്മാവനും അമ്മായിയും പുറപ്പെടാൻ തയ്യാറായി നിൽക്കുന്നതാണ്. “എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ മക്കളെ? ” അമ്മാവൻ തിരക്കി.

“ഞാൻ പോകണ്ടെന്നു പറഞ്ഞിട്ട് അമ്മാവൻ കേൾക്കുന്നില്ലല്ലോ.. അപ്പോൾ അമ്മാവന്റെ ഇഷ്ടം പോലെ ആകട്ടെ…” “ഞങ്ങൾ പോയിട്ട് വരാം മോളെ… ” അമ്മായി പറഞ്ഞപ്പോൾ അവൾ തലയാട്ടുക മാത്രം ചെയ്തു. “ഞാനും വരാം കൂടെ. അവിടെ കൊണ്ടാക്കിത്തരാം… ” “വേണ്ട അപ്പു. റോഡിലേക്ക് ഇറങ്ങിയാൽ വല്ല ഓട്ടോയും കിട്ടും.” അമ്മാവൻ പറഞ്ഞു. അമ്മാവനും അമ്മായിയും യാത്ര പറഞ്ഞ് ഇറങ്ങി. നേരം അഞ്ചുമണിയോട് അടുത്തിരുന്നു. എല്ലാവരും പോയപ്പോൾ മീരയ്ക്ക് വല്ലായ്മ തോന്നി. ഹേമന്ദ് അകത്തേക്ക് നടന്നിട്ടും ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയാതെ മീര ഉമ്മറത്തു നിന്നു… “മീരാ… ”

അകത്തു നിന്നും വിളി കേട്ടപ്പോൾ തന്നെ ഉള്ളിൽ നിന്നും ആന്തൽ ഉയർന്നു. അകത്തേക്ക് നടക്കുമ്പോൾ ഒരു വിറയൽ തന്നിൽ നിറയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. “എന്താ അവിടെ നിന്നത്?” അവൻ തിരക്കിയപ്പോൾ അവൾ ഒന്നും ഇല്ലെന്ന് ചുമൽ കൂച്ചി കാണിച്ചു. “വരൂ… ” അവൻ വിളിച്ചപ്പോൾ അവൾ പുറകെ ചെന്നു. “ഇതാണ് നമ്മുടെ റൂം…” ബെഡ്റൂമിന്റെ വാതിൽ തുറന്നു കൊണ്ട് പറഞ്ഞു. അവൾ തലയാട്ടി… “തലയാട്ടി നിൽക്കാതെ ഇങ്ങോട്ട് വരൂ… ” അവൾ മുറിയിലേക്ക് കടന്നു. “തനിക്കുള്ള ഡ്രസ്സ്‌ എല്ലാം ആ ഷെൽഫിൽ ഉണ്ടാകും. പോയി ഫ്രഷ്‌ ആയിക്കോളൂ… ”

എന്നു പറഞ്ഞ് അവൻ പുറത്തേക്ക് പോയപ്പോൾ അവൾക്ക് ആശ്വാസം തോന്നി. അവൾ വാതിൽ അടച്ച ശേഷം ബെഡിൽ വന്നിരുന്നു… മുറിയിൽ ആകെ ഒരു സുഗന്ധം നിറഞ്ഞു നിന്നിരുന്നു. അവൾ എഴുന്നേറ്റു കണ്ണാടിയുടെ മുൻപിലേക്ക് നടന്നു. തന്റെ പ്രതിബിംബത്തിലേക്ക് നോക്കി. ധാരാളം സ്വർണ്ണം തന്റെ ദേഹത്തുണ്ട്… ഇങ്ങനെ തന്നെ സ്വന്തമാക്കാൻ മാത്രം എന്തു പ്രത്യേകതയാണ് തനിക്കുള്ളതെന്ന് അവൾ ആശ്ചര്യത്തോടെ ചിന്തിച്ചു… അവൾ ഷെൽഫ് തുറന്നു…. അതിൽ നിറയെ അവൾക്കുള്ള വസ്ത്രങ്ങൾ ആയിരുന്നു… അതിൽ നിന്നും ചുരിദാർ എടുത്ത് അവൾ ഫ്രഷ്‌ ആകാൻ പോയി. ഫ്രഷ്‌ ആയ ശേഷം അവൾ വാതിൽ തുറന്ന് അകത്തേക്ക് വന്നു. അവിടെ ഹേമന്ദ് ഉണ്ടായിരുന്നില്ല.

ആ വീടിനു മൂന്നു മുറികളാണ് ഉണ്ടായിരുന്നത്.. മറ്റു മുറികളുടെ വാതിൽ അടഞ്ഞു കിടന്നിരുന്നു… മുറിയുടെ വാതിൽ തുറക്കാൻ തുടങ്ങുമ്പോഴാണ് അടുക്കളയിൽ നിന്നും ശബ്ദം കേട്ടത്. അവൾ അവിടേക്ക് ചെന്നു.. ഹേമന്ദ് അടുക്കളയിൽ ഉണ്ടായിരുന്നു. അവൻ പുറത്തു നിന്നും ഓർഡർ ചെയ്തു വരുത്തിയ ഭക്ഷണം പാത്രങ്ങളിൽ ആക്കി വെക്കുകയായിരുന്നു. “ഞാൻ ചെയ്തോളാം ഇതൊക്കെ… ” പുറകിൽ മീരയുടെ ശബ്ദം കേട്ടതും ഹേമന്ദ് തിരിഞ്ഞു നോക്കി. അവളുടെ മുഖത്ത് അവന്റെ മിഴികൾ തങ്ങി നിന്നു. കുളി കഴിഞ്ഞ് അവൾ അലങ്കാരം ഒന്നും ചെയ്തിട്ടില്ലെന്ന് അവൻ ശ്രദ്ധിച്ചു. “ചായ വെക്കട്ടെ? ”

അവൾ തിരക്കി. “വേണ്ട. താൻ ഇങ്ങു വരൂ…” മുറിയിലേക്ക് ചെന്ന് കണ്ണാടിയുടെ താഴെയുള്ള ഡ്രോയര്‍ തുറന്നു. അതിൽ നിന്നും സിന്ദൂരച്ചെപ്പെടുത്ത് അവൾക്ക് നേരെ നീട്ടി. അവൾ വാങ്ങാനായി കൈ നീട്ടി. “അല്ലെങ്കിൽ വേണ്ട ഇന്നു ഞാൻ തന്നെ സിന്ദൂരം അണിയിക്കാം.” അവൻ സിന്ദൂരച്ചെപ്പു തുറന്ന് മോതിരവിരലാൽ അവളുടെ നിറുകെയിൽ സിന്ദൂരം ചാർത്തി… “പൗഡർ, പൊട്ട്, കണ്മഷി അങ്ങനെ എല്ലാം അതിൽ കാണും. ഇനി എന്തെങ്കിലും ആവശ്യമുള്ളതു വാങ്ങാൻ ഉണ്ടെങ്കിൽ എന്നോട് മടിക്കാതെ പറയണം.” “ഞാൻ ഇതൊന്നും ഉപയോഗിക്കാറില്ല.” “ഇനി ഉപയോഗിക്കാമല്ലോ. ഇതു നമ്മുടെ വീടാണ്… സ്വന്തം വീട്.. വെല്ല്യച്ഛന്റെ വീട്ടിൽ ഉണ്ടായിരുന്ന പോലെ തന്നെ ഇവിടെ തുടരണം എന്ന് നിർബന്ധം ഒന്നും ഇല്ലല്ലോ… ഞാൻ ഒന്നു ഫ്രഷ്‌ ആയിട്ട് വരാം… ”

എന്നു പറഞ്ഞ് തിരിഞ്ഞു നടന്ന അവന്റെ വലതു കയ്യിൽ അവൾ പിടുത്തമിട്ടു. അവൻ മുഖം തിരിച്ച് ചോദ്യഭാവത്തിൽ അവളെ നോക്കി. “എന്തിനാ എന്നെ വിവാഹം കഴിച്ചത്… ഇങ്ങനെ സ്വന്തമാക്കാൻ മാത്രം എന്തു പ്രത്യേകതയാ എനിക്കുള്ളത്… ” “ഒറ്റ നോട്ടത്തിൽ എന്റെ മനസ്സിൽ ഇടം പിടിച്ചവൾ… ഞാൻ എന്റേതാക്കണം എന്ന് ആഗ്രഹിച്ചവൾ… ഞാൻ കുളിച്ചിട്ട് വരാം. എന്നിട്ട് നമുക്ക് വിളക്ക് വെക്കാം… ” അവളുടെ കവിളിൽ ഒന്നു തലോടിയ ശേഷം അവൻ പോയി. രണ്ടു പേരും കൂടി സന്ധ്യാദീപം കൊളുത്തി… പ്രാർത്ഥിച്ചു… അതിനു ശേഷം ഉമ്മറത്തെ ചാരുപ്പടിയിൽ വന്നിരുന്നു. ഹേമന്ദ് ഓരോ വിശേഷങ്ങൾ തിരക്കി.

അച്ഛമ്മയുടെ മരണശേഷം വെല്ല്യച്ഛന്റെ വീട്ടിലേക്ക് വന്നതും പഠിപ്പ് നിർത്തിച്ചതും തുടങ്ങിയ കാര്യങ്ങൾ എല്ലാം അവൻ ശ്രദ്ധയോടെ ചോദിച്ചറിഞ്ഞു. മറുപടി പറയുമ്പോൾ പലപ്പോഴും അവളുടെ ശബ്ദം ഇടറി പോയി… കുറേ കാലങ്ങൾക്കു ശേഷം അന്നായിരുന്നു അവൾ മനസ്സ് തുറന്ന് സംസാരിച്ചത്. ചായ കുടിച്ച ശേഷം ഹേമന്ദ് ടീ വി ഓൺ ചെയ്ത് സോഫയിൽ വന്നിരുന്നു… “ഇരിക്കെടോ… ” അവൾ ഇരിക്കാൻ മടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവൻ പറഞ്ഞു. മീര അൽപ്പം മടിയോടെ ആണെങ്കിലും അവന്റെ അരികിൽ ഇരുന്നു. ടീ വി കാണുന്നതെല്ലാം വെല്ല്യമ്മയുടെ ഭരണത്തിനു കീഴിൽ അവൾക്ക് നിഷിദ്ധമായിരുന്നു. ഓരോന്നു ആലോചിച്ചു ഇരിക്കുന്നതിനിടയിൽ മീരയുടെ മടിയിലേക്ക് തല ചായ്ച്ച് അവൻ കിടന്നു.

പിന്നെ അവളുടെ വലതു കരം എടുത്ത് അവന്റെ തലയിലേക്ക് വെച്ചു… അവളുടെ നീണ്ട വിരലുകൾ പതിയെ അവന്റെ മുടിയിഴകൾക്കിടയിലൂടെ ഒഴുകി നടന്നു. ഭക്ഷണം കഴിക്കാം എന്നു പറഞ്ഞ് ഹേമന്ദ് എഴുന്നേറ്റപ്പോൾ അവൾ വേഗം എഴുന്നേറ്റു. ചപ്പാത്തിയും ചിക്കൻ കറിയും ആയിരുന്നു… “ഇതു ചൂടാക്കണോ? ” മീര തിരക്കി. “വേണ്ട…” അവൾ അവനുള്ള ഭക്ഷണം വിളമ്പി മേശയുടെ അരികിൽ നിന്നു. “ഇരിക്കുന്നില്ലേ? ” “ഞാൻ… ഞാൻ പിന്നെ കഴിച്ചോളാം. ” “അതു വേണ്ട…” എന്നു പറഞ്ഞ് അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ച് അരികിൽ കിടന്നിരുന്ന കസേരയിൽ അവളെ ഇരുത്തി.

“നാളെ തൊട്ട് പുറത്തു നിന്നും ഭക്ഷണം വാങ്ങണ്ട. ഞാൻ ഉണ്ടാക്കിക്കോളാം.” “ഹ്മ്മ്…” അവൻ മൂളി. ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങൾ കഴുകി വെക്കുമ്പോൾ ഹേമന്ദ് അവളുടെ അരികിലേക്ക് വന്നു. “ഞാൻ സഹായിക്കണോ? ” “വേണ്ട… ഇത് ഇപ്പോൾ കഴിയും. ” “ഫ്രിഡ്ജിൽ പാല് ഉണ്ടാകും. മുറിയിലേക്ക് വരുമ്പോൾ എടുക്കാൻ മറക്കണ്ട… ” എന്നു കാതോരം അവൻ പറഞ്ഞതും കഴുകി കൊണ്ടിരുന്ന പാത്രം അവളുടെ കയ്യിൽ നിന്നും താഴേക്കു വീണു. അവൻ ഒരു കുസൃതിച്ചിരിയോടെ മുറിയിലേക്ക് നടന്നു… പാൽ ഗ്ലാസ്സിലേക്ക് നോക്കി മീര നിന്നു. ആ നിൽപ്പ് തുടങ്ങിയിട്ട് കുറച്ച് നേരമായിരുന്നു… ഗ്ലാസ്സ് എടുക്കാൻ നോക്കുമ്പോൾ കൈ വിറക്കാൻ തുടങ്ങും. എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ച് പാൽ ഗ്ലാസ്സ് എടുത്ത് മുറിയിലേക്ക് നടന്നു.

ചാരിയിട്ട വാതിൽ തുറന്നപ്പോൾ ജനലിനു അരികിൽ നിന്നു സിഗരറ്റ് വലിക്കുന്ന ഹേമന്ദിനെയാണ് കണ്ടത്. മീര മുറിയിലേക്ക് വന്നത് അറിഞ്ഞെന്നപോൽ ഹേമന്ദ് തിരിഞ്ഞു നോക്കി. സിഗരറ്റ് ജനലിനു പുറത്തേക്കിട്ടു. അവളോട്‌ ഒന്നു പുഞ്ചിരിച്ച ശേഷം വാഷ്റൂമിലേക്ക് പോയി വന്നു… അവൾ വാതിൽക്കൽ തന്നെ നിൽക്കുകയായിരുന്നു … ബെഡിൽ ഇരുന്ന് അവൻ കൈ നീട്ടിയതും അവൾ അരികിലേക്ക് ചെന്നു.. അവൾ പാൽ ഗ്ലാസ്സ് നീട്ടിയപ്പോൾ അവൻ അതു വാങ്ങി. അവളെ അരികിൽ ഇരുത്തി… പാൽ ഗ്ലാസ്സ് അവളുടെ ചുണ്ടോട് അടുപ്പിച്ചു വെച്ചു കൊടുത്തു…

അവന്റെ ചെമ്പൻ മിഴികളിലേക്ക് നോക്കി അവൾ പാൽ കുടിച്ചു … ബാക്കി പാൽ ഹേമന്ദ് കുടിച്ചു… ടേബിളിലേക്ക് ഗ്ലാസ്സ് വെച്ചതിന് ശേഷം അവളെ നോക്കി മീശ പിരിച്ചു വെച്ചു… അവൾ മുഖം കുനിച്ചു… “എന്നാൽ നമുക്ക് കലാപരിപാടികളിലേക്ക് കടന്നാലോ? ” ചോദ്യം കേട്ടതും പിടയ്ക്കുന്ന മിഴികളോടെ അവനെ നോക്കി അറിയാതെ എഴുന്നേറ്റു നിന്നു… “ഇതെവിടെ പോകുന്നു? ” അവന്റെ ചോദ്യം കേട്ടതും അവൾ പേടിയോടെ അവനെ നോക്കി… “കുറേ നേരം യാത്രയൊക്കെ ചെയ്തതല്ലേ. ക്ഷീണം കാണും.. ഉറങ്ങിക്കോളൂ… എനിക്ക് ഒരു കാൾ ചെയ്യാനുണ്ട്…” എന്നു പറഞ്ഞ് ഹേമന്ദ് മുറിയിൽ നിന്നും പോയപ്പോൾ മീര ബെഡിലേക്ക് കയറി കിടന്നു.

ഉറക്കം വരുന്നില്ലായിരുന്നു എങ്കിലും മിഴികൾ പൂട്ടി ചുമരിനു അരികിലേക്ക് നീങ്ങി അവൾ കിടന്നു… ഹേമന്ദ് മുറിയിലേക്ക് വരുന്നതും കിടന്നതും ലൈറ്റ് ഓഫ് ചെയ്യുന്നതും എല്ലാം അവൾ അറിയുന്നുണ്ടായിരുന്നു… രാത്രിയിൽ എപ്പോഴോ അവൻ വലതു കയ്യാൽ അവളെ ചുറ്റിപ്പിടിച്ച് അവളുടെ പിൻകഴുത്തിൽ മുഖം ചേർത്തു വെച്ചു കിടന്നു… അവന്റെ നിശ്വാസത്തിന്റെ കാറ്റേറ്റ് നിദ്രാദേവി കടാക്ഷിക്കുന്നതും കാത്ത് മീര കിടന്നു….തുടരും..

സമാഗമം: ഭാഗം 1

Share this story