വാക…🍁🍁 : ഭാഗം 1

വാക…🍁🍁 : ഭാഗം 1

എഴുത്തുകാരി: നിരഞ്ജന R.N

സൈൻ ചെയ്തോളൂ ….. വക്കീൽ നീട്ടിപിടിച്ച ഡിവോഴ്സ് പെറ്റീഷൻ ഉള്ള് നീറുന്ന വേദനയോടെ അവൾ വാങ്ങിച്ചു…… കണ്ണുകൾ നിറഞ്ഞൊഴുകാതിരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കെ, അനുസരണിയില്ലാതെ രണ്ട് മിഴിനീർതുള്ളികൾ ആ പേപ്പറിലേക്ക് ഇറ്റ് വീണു .. ഒരുപക്ഷെ, ആ മിഴികൾ പോലും അവളെ വെറുത്തുതുടങ്ങിയിരിക്കാം…….. വായിച്ചുനോക്കിയിട്ട് ഒപ്പിട്ടോളൂ, പിന്നെ ഇനി കണ്ടില്ല കേട്ടില്ല എന്നൊന്നും പറയരുത്……. !!! ചിന്തിക്കാൻ പോലും അവസരം നൽകാതെ വക്കീലിന്റെ ശാസന ആ മുറിയിൽ ആകെ അലയടിക്കുന്നതായി അവൾക്ക് തോന്നി………..

കയ്യിലിരിക്കുന്ന പേപ്പറിലെ കറുത്തഅക്ഷരങ്ങളിലേക്ക് മിഴികൾ ചലിക്കവേ, അധരങ്ങൾ വിറക്കുന്നുണ്ടായിരുന്നു………. വരികളിലെ അർത്ഥം ഉപബോധമനസ്സിനെ ഞെട്ടിച്ചുകൊണ്ട് അവളുടെ തലച്ചോറിൽ ഇരച്ചെത്തിയ നിമിഷം അവിശ്വസനീയതയോടെ അവൾ അവനെ നോക്കി………………………. ഇല്ല,,,, മുഖത്തൊരു മാറ്റവുമില്ല… ആ കണ്ണുകളിലെ നിർജീവത ഇപ്പോഴും അവിടെ തളംകെട്ടികിടക്കുന്നു……… എങ്കിലും ഇങ്ങെനെയൊരു നീക്കം…………. ഈ വരികൾ………………… മനസ്സാകെ കലങ്ങിമറിയുകയായിരുന്നു…..ഒരിറ്റ് ആശ്വാസത്തിനായി കണ്ണുകൾ ഇറുക്കി അടച്ച നിമിഷം കൺമുൻപിൽ കടന്ന് വന്നത് സീമന്തരേഖ ചുവപ്പിച്ച രണ്ട് കൈകളായിരുന്നു……….

കണ്ണുകൾ തുറന്ന് മുൻപിലിരിക്കുന്ന പേപ്പറിൽ തന്റെ കയ്യൊപ്പ് പതിപ്പിച്ചപ്പോൾ സ്വയമൊരു പുച്ഛം നിറഞ്ഞ പുഞ്ചിരി ആ ചുണ്ടിൽ വിരിഞ്ഞു…….. തന്ന കരങ്ങളിലേക്ക് തന്നെ ആ പേപ്പറുകൾതിരികെ ഏല്പിച്ച് കസേരയിലേക്ക് ഒന്നുറച്ചിരുന്നു…….. ഒരുപക്ഷെ, സ്വയം നഷ്ടപ്പെട്ട് തകർന്നവീണാലോ എന്ന സംശയം ഉള്ളതുകൊണ്ടാകാം………….. ഓക്കേ,,, ഇനി കോടതിയിൽ കാണാം….. അയാളുടെ വാക്കുകൾ അവൾ കേട്ടില്ല,,,, കണ്ണും കാതും മറ്റെവിടെയോ ആയിരുന്നു………. ഒരു പാവ കണക്കെ, അവിടുന്ന് എണീക്കുമ്പോൾ ചുണ്ടിലെ നനുത്ത ചിരി മായാതിരിക്കാൻ അവൾ ശ്രദ്ധിച്ചു………….

പതിയെ അവനരികിലേക്ക് നടന്നു……. എന്നും തനിക്ക് പ്രിയമായിരുന്ന ആ വാമഭാഗത്ത് ചേർന്ന് നിന്നു………….. എന്തൊക്കെയോ പറയാനായി മനസ്സ് വെമ്പി, പക്ഷെ അവനിലെ പ്രണയത്തെ മാത്രം നുകർന്ന അധരങ്ങൾക്ക് അതിന് കഴിയുന്നില്ല…. ഒരു നോട്ടം മാത്രം സമ്മാനിച്ച് തിരികെനടന്നു…. ഒരുപക്ഷെ, ഇനിയൊരിക്കലും ആ വാമഭാഗം തനിക്കുണ്ടാകില്ല എന്ന അറിവുമായി…….. പാർക്ക്‌ ചെയ്‌തിരിക്കുന്ന കാറിന്റെ അടുക്കലേക്ക് യന്ത്രികതയോടെ ആ കാലുകൾ ചലിച്ചു……. പതിവുപോലെ കൈകൾ മുൻപിലെ ഡോർ തുറക്കാൻ ഒരുങ്ങിയതും എന്തോ ഓർത്ത് അവ പിൻവലിഞ്ഞു… ശേഷം പിൻസീറ്റിലെ ഡോർ തുറന്ന് കേറി…….

ഒരായിരം ചോദ്യങ്ങൾ മനസ്സിനെ ഭ്രാന്തമാക്കുന്നുണ്ടെങ്കിലും ആാാ വരികൾ…. അവയിൽ തന്നെ അവളുടെ മനസ്സ് കുരുങ്ങികിടന്നു……… അല്പസമയത്തിനു ശേഷം അവൻ വന്നു……. കാർ സ്റ്റാർട്ട്‌ ചെയ്തതും അവളിൽ ഒരു ഞെട്ടലുണർന്നു………………… പതിയെ കണ്ണുകളടഞ്ഞുവന്നു…..ഓർമകൾ ഇരമ്പൽ കൊള്ളുന്ന മനസ്സിനെ ശാന്തമാക്കാൻ അതേ ഇരമ്പലിനെ കഴിയുള്ളൂ… അത് മനസ്സിലാക്കികൊണ്ടാകാം അവൻ ആ കാർ നിർത്തിയത് ബീച്ച് സൈഡിലായിരിന്നു……… ഇറങ്ങ്…………. മാധുര്യത്തോടെ മാത്രം സംസാരിച്ചിരുന്ന ആ വാക്കുകൾക്ക് ഗൗരവം കൈവന്നത് അത്ഭുതത്തോടെ അവൾ തിരിച്ചറിഞ്ഞു……..

മണൽത്തരികളിൽ കാലുകളൂന്നി അവന്റെ കൈയിൽ കൈ ചേർത്ത് നടന്നിരുന്ന പാതയിൽ പരസ്പരം ഒന്ന് സ്പർശിക്കാതെ, രണ്ട് അപരിചിതരെപോലെ അവർ നടന്നു….. തമ്മിൽ ഇത്രയും അകന്നുപോയോ…………??? ആ ചോദ്യത്തിന് പ്രസക്തിയില്ലാതെ രണ്ടാളും മൗനമായി നിന്നു……………. മുൻപിൽ അലതല്ലുന്ന തിരമാലകളെക്കാൾ ഇരട്ടിയാണ് ഉള്ളിലെ അലയടികൾ എന്നോർത്ത്കൊണ്ട്….. എന്താ ഇനി തന്റെ പ്ലാൻ???? അവന്റെ ചോദ്യത്തിന് ഉത്തരം നല്കാൻ അവൾക്കറിയില്ലായിരുന്നു…….. ആ നിമിഷം വരെ അവൾ അത് ആലോചിച്ചിട്ടുമില്ല…….. അവനിലൊതുങ്ങിക്കൂടിയ ഒരു ലോകത്തിൽ നിന്ന് പുറത്ത് കടക്കാൻ അവൾക്കാകുന്നില്ല എന്നതാണ് സത്യം………… ഇനി എന്ത്?????

ആ ചോദ്യം അവൾക്ക് മുൻപിൽ ആദ്യമായി ഉയർന്നിരിക്കുന്നു…. നിസ്സഹായതയോടെ അവനിലേക്ക് ആ മിഴികൾ പാഞ്ഞു…………. ഒരു കാര്യം ചെയ്യാം.. തല്കാലം വീട്ടിൽ ഇതറിയിക്കേണ്ട…… പെട്ടെന്ന് എല്ലാം കേട്ടാൽ അവരതൊക്കെ എങ്ങെനെ എടുക്കുമെന്ന് അറിയില്ല…. പതിയെ എല്ലാം പറഞ്ഞ് ബോധ്യപ്പെടുത്താം… അതുവരെ താനൊന്ന് അഡ്ജസ്റ്റ് ചെയ്യണം……….. അവന്റെ വാക്കുകളിൽ നിറഞ്ഞ അസാധാരണത്വം അവളിൽ ഒരു അന്യതാബോധം ഉണർത്തി……………….. അതേ… എല്ലാം തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു…. ഇനി താനായി എന്ത് പറയാൻ????? വേദനയോടെ തുടങ്ങിയ ജീവിതം അതിനേക്കാൾ ഇരട്ടിവേദനയിൽ തകർന്നടിയുന്നത് നോക്കി നിൽക്കാനല്ലാതെ തനിക്കെന്തിന് കഴിയും???

കുറച്ച് മണിക്കൂറുകളായി അനുഭവിക്കുന്ന പിരിമുറുക്കം കൊണ്ടാകാം അവളാകെ തളർന്നു…. എന്നും തനിക്ക് താങ്ങാകുമെന്ന് വാക്ക് തന്നവൻ ഇന്ന് തന്നിൽ നിന്നേറെ ദൂരം അകന്നിരിക്കുന്നു എന്ന വസ്തുത മനസ്സിനെ ചൊല്ലി പഠിപ്പിക്കേണ്ടിരിക്കുന്നു….. അതിനായി വൈകുന്ന ഓരോനിമിഷവും ഭ്രാന്തമായി അവനിൽ ലയിച്ചുചേരാൻ വെമ്പുകയാണ് മനസ്സ്… രാത്രികളിൽ ജാലകം വഴിയെത്തുന്ന ശീതക്കാറ്റ് പകർന്നുതരുന്ന തണുപ്പിൽ നിന്ന് ആ മാറും കൈവലയങ്ങളും തീർക്കുന്ന രക്ഷാകവചം ഇനിമുതലുണ്ടാകില്ല എന്ന് മനസ്സിൽ വരച്ചിടണം……….. പുലർകാലേ, കുളിച്ച് ഈറൻമുടിയോടെ കണ്ണാടിയ്ക്ക് മുന്പിലെത്തുമ്പോൾ പതിവായി കവിൾത്തടത്തെ ചുവന്ന്തുടിപ്പിക്കുന്ന ചുംബനം ഇനി ഈ കവിളുകൾക്ക് അന്യമാണ് എന്ന് പഠിപ്പിക്കണം…..

സാരീ അലസമായി തെന്നിമാറികിടക്കുന്ന ഇടുപ്പിൽ അവന്റെ വിരലുകളാൽ മീട്ടുന്ന തന്ത്രികൾ ഇനിയുണ്ടാകില്ല എന്ന് പഠിപ്പിക്കേണ്ടിയിരിക്കുന്നു…. അങ്ങെനെ അങ്ങെനെ, അവൻ എന്ന സൂര്യന് ചുറ്റും മാത്രം കറങ്ങിയിരുന്ന ഞാനെന്ന ഗ്രഹത്തിന്റെ സഞ്ചാരപാത തന്നെ മാറ്റേണ്ടിയിരിക്കുന്നു…. ഒരൊറ്റ നിമിഷം കൊണ്ട് ജീവിതമേ മാറിമറിഞ്ഞവളായി അവൾ നിന്നു……അവന്റെ സാമിപ്യം എന്നുമവളിൽ ഉണർത്തിയിരുന്ന പ്രണയമെന്ന ഭാവത്തിൽ നിന്ന് അത് മറ്റെന്തോ ആയിരിക്കുന്നു…….. തന്നിൽ നിന്ന് അകന്നുപോയ ഒന്നിനോടുള്ള വികാരം…………. വാ പോകാം……..

അവന്റെ വാക്കിന് കാതോർക്കാതെ അവൾ അവിടെ നിന്നു….. പോകാമെന്നാ പറഞ്ഞെ….. ആ ശബ്ദത്തിന് കുറച്ച് ഗാംഭീര്യം വന്നതും അവൾ അവന് നേരെ നോക്കി…. എന്നും കുസൃതി മാത്രം കളിയാടിയ, ജീവിതത്തിന് ഒരു പ്രതീക്ഷ സമ്മാനിച്ച… പ്രണയമെന്ന വികാരത്തെ ആദ്യമായ് തിരിച്ചറിഞ്ഞ ആ കണ്ണിൽ മിഴികൾ ഉടക്കവേ, എവിടെയോ നഷ്ടപ്പെട്ടുപോയ പ്രത്യാശ മനസ്സിലെവിടെയോ നാമ്പിടുന്നതായി അവൾക്ക് തോന്നി………. ആ മുഖം മുഴുവൻ അവളുടെ അധരങ്ങളാൽ മുദ്രണം ചെയ്യാനും അവന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കാനും ആ നിമിഷവും അവൾ കൊതിച്ചുപോയി……………

ഒരിക്കൽപോലും തന്റെ കണ്ണുനീർ കാണാൻ ആഗ്രഹിക്കാത്തവൻ ഇന്നാ ഹൃദയം അലറിവിളിക്കുന്നത് അറിഞ്ഞിട്ടും മൗനമായി തുടരുന്നത് കണ്ടപ്പോൾ അവൾക്ക് ബോധ്യമായി,,, ഇനിയൊരു തിരികെപോക്ക് ഉണ്ടാകില്ല……… ഭൂതകാല ഓർമകൾ പേറി ഒരു ഭാവി…. അല്ല, അങ്ങെനെയൊന്നിനി തനിക്കുണ്ടോ????? തന്നോടാ പറഞ്ഞെ വരാൻ…….. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്………. മണിക്കൂറുകൾക്ക് ശേഷമാണ് ആ ചുണ്ടൊന്ന് അനങ്ങിയത്… ഇടറിയ ശബ്ദം അതവനിലും ഒരു നോവായി പടർന്നു……….. എന്ത്?????? ആ ചോദ്യത്തിന് മറുപടിയായി അവൾ നോക്കിയത് അനന്തമായ സാഗരത്തെയായിരുന്നു…

ഒന്നിച്ചൊരു ജീവിതം എന്ന തോന്നൽ ആദ്യമായ് മനസ്സിൽ തോന്നിയത് ഇവിടെവെച്ചാ….. അന്നതിന് കാരണങ്ങൾ ഏറെയായിരുന്നു……. എല്ലാം നഷ്ടപ്പെട്ടപ്പോൾ ജീവിതത്തിന് ഒരു പ്രതീക്ഷ കൈവന്നതും ഇതേയിടത്ത് തന്നെയായിരുന്നു……. ഇന്നതേ സ്ഥലത്ത് വെച്ച് വേർപിരിയാൻ തീരുമാനിക്കുമ്പോഴും കാരണം അറിയണം എനിക്ക്… അവളുടെ വാക്കിലെ മൂർച്ച അവൻ തിരിച്ചറിഞ്ഞു……….. എല്ലാം അറിയാവുന്നതല്ലേ… പിന്നെ… എന്തിന് ഇങ്ങെനെയൊരു ചോദ്യം……??? പുച്ഛത്തോടെ അവൻ പറഞ്ഞ മറുപടിയ്ക്ക് ഉത്തരം നൽകിയത് അവളുടെ കൈ ആയിരുന്നു……………… കവിളിൽ കൈ ചേർത്ത് നിന്ന അവന്റെ അടുക്കലേക്ക് ഒരു ഭ്രാന്തിയെ പോലെ അവൾ വന്നുനിന്നു….

തങ്ങളെ ശ്രദ്ധിക്കുന്ന ആളുകളെ മൈൻഡ് ചെയ്യാതെ അവളുടെ കൈ ഒരിക്കൽ കൂടി വായുവിൽ ഉയർന്നുതാണു…………. കണ്മഷി പടർന്ന കണ്ണുകളിൽ നിറഞ്ഞ അഗ്നിയെ ശമിപ്പിക്കാൻ ആ സാഗരത്തിനു പോലും കഴിയില്ല എന്നവൻ മനസ്സിലാക്കുകയായിയിരുന്നു……. ആർ യൂ മാഡ്??????????? അവളുടെ കൈകളിൽ ബലമായി പിടിച്ചുകൊണ്ട് അവൻ ചോദിച്ചു… യെസ്,,, അയാം മാഡ്………….. എപ്പോ മുതലാണെന്ന് അറിയോ???? ആാാ പേപ്പർ എന്റെ കൈകളിലേക്ക് അയാൾ വെച്ച് തന്നതുമുതൽ….. ആാാ വരികൾ വായിച്ചതുമുതൽ………………….സത്യാണോ… സത്യാണോ അതിൽ പറഞ്ഞതൊക്കെ… പറയ്.. സത്യാണോ…!!

അത്രയും നേരം പിടിച്ചുനിന്ന വേദന അവന്റെ മുൻപിൽ കണ്ണീരിൽ കലർന്ന രൗദ്രമായി പുറത്തേക്ക് വന്നു…………. അവളിലെ ആ മാറ്റം ഒരു പതർച്ചയോടെ അവൻ നോക്കിനിന്നു… ഡിവോഴ്സ്വേണമെന്ന ആവിശ്യവുമായി ഫ്രണ്ട് ആയ ജയദേവിനരികിൽ ചെന്നത് മാത്രമേ അവന് അറിയൂ…… പെറ്റീഷൻ തയ്യാറാക്കിയതുമെല്ലാം അവനാണ്………. ഒന്നുനോക്കാതെയാണ് ഒപ്പിട്ട് കൊടുത്തതും, അതുകൊണ്ട് തന്നെ അതിൽ പറഞ്ഞിരിക്കുന്നത് എന്താണെന്ന് അവനറിയില്ല…………….. ടെൽ മി….. ആ പെറ്റീഷനിൽ പറഞ്ഞിരിക്കുന്നതൊക്കെ സത്യാണോ?????എന്ന് മുതലാ ഞാൻ മറ്റ് പുരുഷനെ തേടി പോയത്??????

അതെന്നാ താൻ കണ്ടതെന്ന്????? എനിക്ക് ഏതൊക്കെ പുരുഷന്മാരുമായിട്ടാ ബന്ധമുള്ളത്??? ആരെയൊക്കെ തനിക്ക് അറിയാം??????? അവന്റെ കോളറിൽ കുത്തിപിടിച്ചുകൊണ്ട് അവൾ ചോദിച്ച ചോദ്യം അവനെ ഞെട്ടിച്ചു……. മനസ്സിൽ പോലും കരുതാത്ത കാര്യങ്ങളാണ് അവൾ ഈ പറയുന്നത്…… നീ എന്തൊക്കെയാ ഈ പറയുന്നെ……. വേണ്ടാ……… ഒന്നുമറിയാത്ത ഈ ഭാവം ഇനി വേണ്ടാ……… ജീവിതത്തിൽ ഞാനൊരു ഭാരമായി എന്ന് തോന്നിയപ്പോൾ എന്നോട് പറയാമായിരുന്നു… ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ ഒഴിഞ്ഞുപോകുമായിരുന്നല്ലോ ഞാൻ…. പക്ഷെ, ഇത്… ഇത്രയും ചെയ്യാൻ എന്ത് തെറ്റാ ഞാൻ നിങ്ങളോട് ചെയ്തത്‌?

ആത്മാർത്ഥമായി പ്രണയിച്ചതോ?? അതാണോ ഞാൻ ചെയ്ത തെറ്റ്?? കരയാൻ പോലും കണ്ണീരില്ലാതെ അവന് മുൻപിൽ നിൽക്കുന്ന അവളോട് എന്ത് പറയണമെന്നറിയാതെ തറഞ്ഞുനിന്നുപോയി അവൻ……………………. എന്റെ കൂടെ നിങ്ങൾ സന്തോഷവാൻ അല്ല അല്ലെ??? കിടപ്പറയിൽ നിങ്ങൾക്ക് സന്തോഷം പകരാൻ എനിക്ക് കഴിയുന്നില്ല അല്ലെ????……… ഒഴിഞ്ഞുപോകാൻ കണ്ടെത്തിയ കാരണങ്ങൾ കൊള്ളാം….. നന്നായിട്ടുണ്ട്…… അറിഞ്ഞില്ല ഞാൻ ഈ മനസ്സിൽ എന്നോട് ഇത്രയും വെറുപ്പുണ്ടായിരുന്നുവെന്ന്………….. താൻ പറഞ്ഞപോലെ അഡ്ജസ്റ്റ് ചെയ്തോളാം ഞാൻ കുറച്ച് നാൾകൂടി…

അത് തനിക്ക് വേണ്ടിയല്ല, ഒരു ജന്മം തരാനുള്ള സ്നേഹം മുഴുവൻ ഇത്രനാൾ കൊണ്ട് തിന്നുതീർത്ത ഒരു കുടുംബത്തിന് വേണ്ടി…. വാ പോകാം………….. മനസ്സിലടക്കിനിർത്തിയവയെല്ലാം ഒരു അഗ്നിപർവതം പോലെ പൊട്ടിത്തെറിച്ചപ്പോൾ അവളിലൊരുതരം മരവിപ്പ് പടർന്നു.. ഇനിയും നിന്നാൽ അവനിൽ തന്നെ ഒരാശ്രയം കണ്ടെത്തേണ്ടിവരുമെന്നുള്ളതിനാൽ തിരികെ കാറിനടുത്തേക്ക് അവൾ ഒറ്റയ്ക്ക് നടന്നു….ചുണ്ടിൽ അപ്പോഴും ആ പുച്ഛം നിറഞ്ഞ ചിരിയുണ്ടായിരുന്നു….. പെറ്റിഷനിലെ വാക്കുകളും……….

നടന്നകലുന്ന അവളെയും നോക്കി നിൽക്കുകയാണ് അവൻ.. ചുറ്റുമൊന്ന് നോക്കി, തങ്ങളെ ശ്രദ്ധിച്ചിരുന്നവരൊക്കെ ഇപ്പോൾ ശ്രദ്ദ മാറ്റിയിട്ടുണ്ട്.. എങ്കിലും അവൾ പറഞ്ഞ കാര്യങ്ങൾ……. ഓർക്കുംതോറും അവനിലും അതേ ദേഷ്യം നുരഞ്ഞുപൊന്തി… ഫോണിൽ സേവ് ചെയ്തിരിക്കുന്ന ജയദേവ് എന്ന നമ്പറിലേക്ക് വിളിച്ചു…… മറുതലയ്ക്കൽ ഹലോ കേട്ടതും, തിരിച്ചൊരു വിഷ് പോലും ചെയ്യാതെ അവൻ ചോദിച്ച ചോദ്യം ആ പെറ്റിഷനെകുറിച്ചായിരുന്നു….. ടാ, അത്.. കേസിന് ഒരു സ്ട്രോങ്ങ്‌ കിട്ടാൻ വേണ്ടി ഞങ്ങൾ വാക്കീലന്മാർ ചേർക്കുന്നതാ ഈ അവിഹിതവും മറ്റും…..

അതുകൊണ്ടെന്താ നീ പറഞ്ഞപോലെ ഡിവോഴ്സ് എത്രയും പെട്ടെന്ന് കിട്ടും അതോടെ അവളുടെ ശല്യവും തീരും…………………. അട്ടഹാസത്തോടെ അയാൾ പറഞ്ഞതുകേട്ട് അവന്റെ മുഖം വലിഞ്ഞുമുറുകി…………………….. പ്ഫാ.. മോനെ…….. നിന്നോട് ഞാൻ പറഞ്ഞത് എനിക്ക് ഡിവോഴ്സ് വേണമെന്ന് മാത്രമാ.. അല്ലാതെ അവളെ അപമാനിക്കാനല്ല………… ഈ ലോകത്ത് എനിക്കെന്നെക്കാൾ വിശ്വാസമാ എന്റെ പെണ്ണിനെ… !!!!!ഹൃദയം നിലയ്ക്കുന്ന വേദനയോടെയാ ഞാൻ ഈ തീരുമാനം എടുത്തതും…എന്ന് കരുതി, അവൾക്ക് നേരെ ഒരാളുടെയെങ്കിലും ഒരു തെറ്റായ നോട്ടം ഇത് കാരണം വീണാൽ പിന്നെ അറിയാലോ നിനക്കെന്നെ !!!

ഡാ.. ഞാൻ.. അത്……… എനിക്കൊന്നും അറിയേണ്ട ജയ്……..എത്ര ജന്മം ജനിച്ചാലും അവളിൽ ലയിച്ചിരിക്കുന്ന എന്നെ അകറ്റാൻ ഭഗവാന് പോലും കഴിയില്ല….. ആ അവൾക്ക് നേരെയാണ് നീ………………..അവളുടെ കൂടെ ഞാൻ സന്തോഷവാനല്ല പോലും…. !!!!!ഹും, നിനക്കറിയുവോ അവളില്ലാത്ത ഓരോ നിമിഷവും സ്വയമുരുകി കഴിയുന്നവനാ ഞാൻ….. എന്റെ സന്തോഷവും ജീവിതവും ജീവനുമെല്ലാം അവളാണ്… എന്റെ താലിയ്ക്ക് അവകാശിയായവൾ !!ഇനിയെന്നും അവൾ മാത്രമായിരിക്കും……. കുറച്ചപ്പുറം പാർക്ക്‌ ചെയ്തിട്ടിരുന്ന കാറിൽ കയറിയ അവളെ നോക്കികൊണ്ടവൻ പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകിത്തുടങ്ങിയിരുന്നു….. ഡാ, പിന്നെ എന്തിനാ നീ ഇങ്ങെനെയൊരു തീരുമാനം?

ഇത്രയും പരസ്പരം സ്നേഹിക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിനാ നിങ്ങൾ പിരിയുന്നെ????? ജയുടെ ചോദ്യത്തിനുത്തരം നൽകാതെ, ഫോൺ കട്ട് ചെയുമ്പോൾ അവന്റെ മനസ്സും ആ ചോദ്യം തന്നെ ചോദിച്ചുകൊണ്ടിരുന്നു…. എന്തിന്????????? ഇതേസമയം പിൻസീറ്റിൽ ചാരിയിരിക്കുകയായിരുന്നു അവൾ, ഓർമകൾ അലകളായി ഉയർന്നുപൊങ്ങിയ മനസ്സിൽ നിന്ന് തന്റെ ഭൂതകാലത്തെ അവൾ ചികഞ്ഞെടുക്കാൻ തുടങ്ങി…. 💫💫💫

കൊഴിയാൻ മടിച്ച വാക വേനലിനോട് ചോദിച്ചു, ആരായിരുന്നു ഞാൻ??? പ്രണയമോ, പ്രാണനോ അതോ വെറുമൊരു നേരമ്പോക്ക് മാത്രമോ???? മൗനമായിരുന്നു മറുപടി….. കൊഴിയുന്ന വേദനയിലും അവൾ പറഞ്ഞു,, ജീവനായിരുന്നു നീ എനിക്ക്… !!!! രാവിലെ എണീറ്റപ്പോഴേ പതിവ് പോലെ അച്ഛന്റെ ശബ്ദം കേട്ടുകൊണ്ടാണ് അവൾ എണീറ്റത്…… എന്റെ സഖാവെ,,,, ഇതൊന്ന് മാറ്റിപിടിക്ക്….. ആ വാകപ്പൂ സമാധാനമായി ഒന്ന് കൊഴിഞ്ഞൊട്ടെ……… എന്റെ പൊന്നുകൊച്ചെ, അതങ്ങെനെയൊന്നും പൊഴിയൂല !!!ഇങ്ങേരെ കണ്ട നാൾ മുതൽ ഞാൻ കേൾക്കാൻ തുടങ്ങിയതാ…. സഖാവും സഖാവിന്റെ വാകയും… 💖💖💖

അമ്മയുടെ സ്ഥിരം കൗണ്ടർ കൂടി വന്നതോടെ രാവിലത്തെ കോട്ട പൂർത്തിയാക്കി ചാടിത്തുള്ളി അവൾ ബാത്റൂമിലേക്ക് പോയി……….. കുളിച്ചൊരുങ്ങി താഴേക്ക് പടികൾ ഇറങ്ങിയപ്പോൾ കേട്ടു, എന്നും തനിക്ക് പ്രിയപ്പെട്ട ആ വരികൾ………….. “പ്രേമമായിരുന്നെങ്കിൽ സഖാവെ, പേടിയായിരുന്നെന്നും പറഞ്ഞിടാൻ………… വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നീടും…” അച്ഛായെ………….. ആഹാ വന്നല്ലോ അച്ഛന്റെ വാക………. അവളുടെ കവിളിൽ അമർത്തി മുത്തികൊണ്ട് അയാൾ ആ തലമുടികളിലൂടെ വിരലുകളോടിച്ചു……. ഇവൾ വാക….വാക ശ്രീദേവ് ….

അധ്യാപകദമ്പതികളായ ശ്രീദേവിന്റെയും ആൻ ഫിലിപ്പിന്റെയും രണ്ട് മക്കളിൽ ഇളയവൾ, മൂത്തത് വിദ്യുത് ശ്രീദേവ് എന്ന വിച്ചു………… പേരു കേട്ടപ്പോൾ നിങ്ങൾക്ക് തോന്നിയ സംശയം നൂറ്ശതമാനം ശെരിയാണ്, കോളേജിലെ പഴയ സഖാവും അവന്റെ സഖിയുമാണ് നമ്മുടെ ശ്രീദേവും ആനും….ജാതിയും മതവും നോക്കാതെ സ്വന്തം കാലിൽ നിൽക്കാമെന്നായപ്പോൾ പ്രണയം മാത്രം നോക്കി ഒന്നിച്ചവർ…. !!!!! അവരുടെ പ്രണയത്തിന് ഏറ്റവും കൂടുതൽ സാക്ഷിയായിരുന്നു വാക തന്നെയായിരിക്കണം തങ്ങൾക്കുണ്ടാകുന്ന മോളുടെ പേരെന്ന് അന്നേ തീരുമാനിച്ചതാണ് രണ്ടാളും…………..

എംബിബിസ് ഫൈനൽഇയർ ആയ വിദ്യുത് ബാംഗ്ലൂരിലാണ് പഠിക്കുന്നത്…. വാക, നാട്ടിലെ കോളേജിൽ പിജി ഫസ്റ്റ് ഇയർ ആണ്…. സംഭവം കട്ട സഖാവിന്റെ മകൾ ആണെങ്കിലും അവൾക്ക് ഒരു രാഷ്ട്രീയമോ പാർട്ടിയോ ഒന്നുമില്ല….. ഇതൊക്കെ ചുമ്മാതാണെന്ന പക്ഷക്കാരിയാണവൾ…….. നീ, ഇതുവരെ ഇറങ്ങിയില്ലേ??? അച്ഛയുടെ കൈയിൽ നിന്ന് ദോശ വാങ്ങികഴിക്കുന്ന വാകയുടെ തലയ്ക്കിട്ടൊരു കൊട്ട് കൊടുത്ത്കൊണ്ട് ആൻ ചോദിച്ചു…. ഇറങ്ങുവാ എന്റെ അന്നാമ്മേ…… ഇന്നെന്റെ കോളേജിലെ ആദ്യത്തെ ദിവസമല്ലേ ഒരു ഓൾ ദി ബെസ്റ്റ് പറഞ്ഞെ..

സന്തോഷത്തോടെ ആ കവിൾ പിടിച്ചുവലിച്ചുകൊണ്ട് അവൾ ചിണുങ്ങി….. പോയിവാ… അനുഗ്രഹംപോലെ ആ തലയിൽ ആനിന്റെ കൈകൾ പതിഞ്ഞു…….. മോളെ, അവിടെ എനിക്കറിയാവുന്ന ഒരു ചെക്കനുണ്ട്… നമ്മുടെ സഖാവ് ആനന്ദിന്റെ മകനാ….അവന്റെ പേര്….. . എന്റെ പൊന്നച്ഛയേ വേണ്ടാ…. എനിക്കാരെയും അറിയേണ്ട… ഞാൻ അങ്ങ് പോയ്കോളാം,,എന്റെ പൊന്നോ…. കൈകൾ കൂപ്പിക്കൊണ്ട് ചിരിയോടെ അച്ഛനെ കളിയാക്കി അവൾ ആക്ടിവയുടെ കീയുമായി പുറത്തേക്ക് നടന്നു, പിന്നാലെ ആനും ചെന്നു… ബൈ ബൈ.. പോയി വരാട്ടോ…. അവർക്ക് റ്റാറ്റാ കാണിച്ചുകൊണ്ട് അവൾ ഗേറ്റ് കടന്നു.. ജീവിതത്തിലെ മറ്റൊരു ഏടിലേക്കാണ് പോകുന്നതെന്നറിയാതെ…… തുടരും

Share this story