അറിയാതെൻ ജീവനിൽ: ഭാഗം 21

അറിയാതെൻ ജീവനിൽ: ഭാഗം 21

എഴുത്തുകാരൻ: ആദിത്യൻ മേനോൻ

പെണ്ണിന്റെ ശബ്‌ദം താഴെ കേട്ടപ്പോൾ തന്നെ എന്തായിരിക്കുമെന്ന് ആരവിന് ഒരൂഹം തോന്നിയിരുന്നു.. അതുകൊണ്ടാവണം കേട്ടതും മുകളിലേക്ക് ഓടിയത്.. കതക് അകത്തുനിന്നും ലോക്ക്‌ ചെയ്തിരുന്നു.. നിർത്താതെ കേൾക്കുന്ന പാട്ട് ചെവികൾക്കുള്ളിലൊരു മുറിവ് സൃഷ്ടിച്ചപ്പോൾ പെണ്ണിന്റെ കണ്ണുകളിൽ നനവ് പടർന്നു.. മുഖത്തെ കോപം മാറി സങ്കടം ഉടലെടുത്തു.. ഉറക്കെ വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ട് തറയിൽ മലർന്നു കിടന്നു.. “ന്തിനാ ജീവേട്ടാ.. ഈ പൊട്ടിപ്പെണ്ണിനെ ഇത്രേം കിനാവ് കാണിപ്പിച്ചത്..? ന്നിട്ട് എന്തിനാ ന്നെ ഒറ്റക്കാക്കീട്ട് പോയത്? കൂടെ കൊണ്ടോവായിരുന്നില്ലേ….

ദുഷ്ടനാ ജീവേട്ടൻ..” മലർന്നു കിടന്നുകൊണ്ട് വീടിനു മുകളിലേക്ക് നോക്കി കരഞ്ഞു.. ഇരുവശത്തേക്കുമായി കണ്ണുനീര് പൊട്ടിയൊലിച്ച് ചെന്നിയിലൂടെ ഒലിച്ചിറങ്ങി.. “ജുവലേ.. കതക് തുറക്ക്..” ചാച്ചൻ കതകിന് മുട്ടി.. വിളി കേട്ടിട്ടും കിടന്നിടത്തുനിന്നും എഴുന്നേറ്റില്ല.. പിന്നെയും മൊബൈൽ റിങ് ചെയ്തു.. ജീവേട്ടന്റെ പാട്ട് പിന്നെയും കാതുകളിൽ പതിഞ്ഞു. അത്രമേൽ തളർത്തിയത് ആ പാട്ടാണ്.. ദേഷ്യവും സങ്കടവും ഇരച്ചുകയറി.. ഉറക്കെ കരഞ്ഞുകൊണ്ട് കോപത്തോടെ തറയിൽ വീണുകിടന്ന മുടിയിഴകളിൽ ഭ്രാന്തമായി വിരലിട്ടിളക്കി.. വിരലുകളതിൽ കുരുങ്ങിപ്പോയി..

വലിച്ചുമാറ്റിയപ്പോൾ മുടിയിഴകളും അടർന്നു വന്നു.. വേദനയറിഞ്ഞില്ല.. തലക്കുറക്കെ തല്ലി നോക്കി.. വേദനയറിയുന്നില്ല… നെഞ്ചിന്റെ വേദന ഇത്രമേൽ തീവ്രം.. മനസിനേറ്റ മുറിവിന്റെ വേദനയുടെ കാഠിന്യം കൊണ്ട് മറ്റുള്ള വേദനകൾ പെണ്ണിനറിയുന്നില്ല.. ദേഷ്യത്തോടെ നഖം കൊണ്ട് മുഖം മാന്തിപ്പൊളിക്കുവാൻ തുടങ്ങി.. ആ വേദനയിൽ തന്റെ വേദന ഇല്ലാതായേക്കുമെന്ന് കരുതി.. പക്ഷെ വേദന മാഞ്ഞില്ല.. മുഖമൊരു രക്തക്കളമായി മാറി… അകത്തെ സംഭവങ്ങൾ പന്തിയല്ലെന്ന് തോന്നിയാണ് ആരവ് കതകിന് തട്ടുന്നത് നിർത്തി ഒറ്റ ചവിട്ടിന് കതകിന്റെ ലോക്ക് പൊളിച്ചത്..

അവർക്ക് മുന്നിൽ ആ കതക് ഇരുവശത്തേക്കും മലർന്നു.. പക്ഷെ മുറിക്കുള്ളിൽ അവർ കണ്ട കാഴ്ച ദയനീയമായിരുന്നു.. മുട്ടുകുത്തി നിന്നുകൊണ്ട് പെണ്ണ് തറയിൽ തന്റെ തല ആഞ്ഞടിച്ചു.. അടിയുടെ ശക്തിയിൽ നെറ്റി പൊട്ടി തറയിലേക്ക് ചോരത്തുള്ളികൾ തെറിച്ചു.. പിന്നെയും അതുതന്നെ ആവർത്തിക്കപ്പെട്ടു.. രണ്ടാം തവണയും തറയിൽ ആഞ്ഞടിച്ചു പെണ്ണ് തലയുയർത്തുമ്പോൾ നെറ്റിയിലൂടെ ഒലിച്ച ചോര കണ്ണിലേക്ക് പടർന്നിരുന്നു.. ആ ദൃശ്യം കണ്ട് ആരവിന്റെ നെഞ്ച് പിടഞ്ഞുപോയി.. വീണ്ടാമതും തറയിലേക്ക് തളതല്ലാൻ തുടങ്ങുന്ന പെണ്ണിനെ ആരവ് ഓടിച്ചെന്നു നിലത്ത് കുത്തിയിരുന്ന് താങ്ങിപ്പിടിച്ചു തടുത്തു നിർത്തി…

“വിട്.. വിട്.. ന്നെ വിട്….” അവന്റെ കരവലയത്തിൽ കുരുങ്ങിക്കിടന്നുകൊണ്ട് കരച്ചിലോടെ അലറിയപ്പോൾ ആരവിന്റെ കണ്ണീരിലൊന്നിറ്റി പെണ്ണിന്റെ കണ്ണിലൊന്നിലേക്ക് വീണു.. “ന്നെ ഒന്ന് കൊന്ന് തരുവോ ഡോക്ടറെ.. നിക്ക് ഈ നോവ് തീരെ സഹിക്കാൻ പറ്റുന്നില്ല.. തീരെ പറ്റുന്നില്ല പെണ്ണിന്..” പെണ്ണിന്റെ ദയനീയമായ ശബ്‌ദം കേട്ടവന്റെ മനസ്സ് നൊന്തു. നെറ്റിയിലെ മുറിവിൽ നിന്നൊലിച്ച ചോരയവന്റെ കഴുത്തിലും ഷർട്ടിലും പരന്നിരുന്നു.. “ന്നെക്കൊണ്ട് പറ്റുന്നില്ല ഡോക്ടറെ.. ന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല.. ഈ നോവിൽ നീറിനീറി ഞാൻ മരിച്ചുപോകും.. നിക്ക് അത്രക്കും പറ്റുന്നില്ല…”

“പെണ്ണേ.. നിന്നെക്കൊണ്ട് പറ്റും.. ഈയൊരവസ്ഥ തരണം ചെയ്യാൻ നിന്നെക്കൊണ്ടായാൽ പിന്നെ നീയൊരിടത്തും തോൽക്കില്ല..” വേദനയിൽ പുളഞ്ഞ പെണ്ണിന്റെ കണ്ണുകൾ പതുക്കെ തളരുന്നതവൻ അറിഞ്ഞു.. പയ്യെ പയ്യെ ആ കണ്ണുകൾ അടഞ്ഞു.. അടഞ്ഞ കണ്ണുകളെ ചോര പൊതിഞ്ഞു.. അവന്റെ ദേഹത്ത് കിടന്നു മയങ്ങുന്ന പെണ്ണിനെ കൈകളിൽ കോരിയെടുത്തുകൊണ്ടവൻ താഴേക്ക് നടന്നു.. താഴെ പടികളിറങ്ങുമ്പോൾ ആ കൈകളിൽ കിടന്നവൾ ആരുടെയോ പേര് മന്ത്രിക്കുന്നതവൻ കേട്ടു. ഇരുട്ടിന്റെ വെള്ളിവെളിച്ചത്തിൽ കാതോർത്തുനിന്നപ്പോൾ അതവളുടെ ജീവേട്ടന്റെ പേരാണെന്നവൻ അറിഞ്ഞു..

ചാച്ചന്റെ കാറിലാണ് പെണ്ണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.. ചാച്ചൻ കാർ ഡ്രൈവ് ചെയ്തപ്പോൾ ആരവ് പിൻസീറ്റിലിരുന്നു തന്റെ മാറിൽ തലചായ്ച്ചു മയങ്ങുന്ന പെണ്ണിന്റെ ചുണ്ടുകൾ മന്ത്രിക്കുന്നത് പിന്നെയും കേട്ടു.. “ജീവേട്ടാ.. ന്നെ വിട്ട് പോവല്ലേ.. ഒരിക്കലും ഇട്ടിട്ട് പോവില്ലാന്ന് പറഞ്ഞിട്ട്.. ന്നെ പറ്റിച്ചു ലേ.. ജീ… ജീവേട്ടാ… ജീ… വേട്ടാ…” ആരവിന്റെ കണ്ണ് നിറഞ്ഞു.. പോകും വഴിയിൽ അവന്റെ മടിയിൽ കിടന്ന് ഇടയ്ക്കിടെ പെണ്ണ് വിറച്ചുകൊണ്ടിരുന്നു.. ഓരോ വിറയലിനു ശേഷവും.. ഓരോ ജീവേട്ടൻ എന്ന വിളിക്ക് ശേഷവും ആരവിന്റെ കരങ്ങൾ കൂടുതൽ കരുതലോടെ പെണ്ണിന്റെ കൈകളിലമർന്നു..

‘പെണ്ണേ.. നീ സഞ്ചരിക്കുന്ന ഓരോ ഋതുക്കളിലും ഞാൻ നിന്റെ കൂടെയുണ്ടാകും.. ഒരു നിഴലായിട്ട്.. നീയെന്ന മഴ എന്നിൽ മാത്രം പെയ്തു തോരുന്ന നിമിഷവും കാത്ത്.. ഒരു ഭ്രാന്തിനോ മരണത്തിനോ നിന്നെ വിട്ടുകൊടുക്കാതെ.. നിന്റെയീ ചുണ്ടുകൾ ഒരിക്കൽ ജീവനെന്ന പേരിന് പകരം ആരവ് എന്ന പേര് മന്ത്രിക്കുന്ന നിമിഷം കാത്ത്…’ ആരവിന്റെ തുടിക്കുന്ന മനസ്സ് തന്റെ അരികിൽ ചേർന്നുറങ്ങുന്ന പെണ്ണിന്റെ ചെവിയിൽ മന്ത്രിച്ചു.. ജീവന്റെ ഓർമ്മകളിൽ വെന്തു മയങ്ങുന്ന പെണ്ണത് കേട്ടിരിക്കുമെന്ന വിശ്വാസത്തോടെ.. ഹോസ്പിറ്റലിൽ എത്തിയതും കാറിൽ നിന്നുമിറങ്ങി ആരവ് പെണ്ണിനെ സ്ട്രക്ച്ചറിൽ കിടത്തി ക്യാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയി.. പോകുംവഴിയെ പെണ്ണുറക്കമുണർന്നു. “ജീവേട്ടൻ…”

കണ്ണുകൾ ചുറ്റിനും പരതി.. എവിടെയാണെന്ന് മനസ്സിലാവാതെ പെണ്ണ് ഒരുതരത്തിന് വേണ്ടി ആരവ് ഡോക്ടറെ നോക്കി. “ഒന്നുമില്ല… ഒക്കെ ശരിയാകും… താൻ ഉറങ്ങിക്കോ…” ആരവ് പെണ്ണിന്റെ തലയിൽ തലോടിക്കൊണ്ട് വാത്സല്യത്തോടെ പറഞ്ഞു… “ജീവേട്ടനെ മരണത്തിന് തിന്നാൻ കൊടുത്തതിന് ദൈവം തന്നതായിരിക്കും ല്ലേ.. ചെയ്ത തെറ്റിന് കിട്ടിയ ശിക്ഷ…” പെണ്ണിന്റെ കണ്ണ് നിറയുന്നത് കണ്ടവൻ അല്ലെന്ന് തലയാട്ടി.. “തനിക്കൊന്നുമില്ലെടോ.. ഒക്കെ ശരിയാവും.. ഈ നിമിഷവും കടന്നു പോകും…” പെണ്ണിന്റെ മുറിവുകൾ ഡ്രസ്സ്‌ ചെയ്യിക്കാൻ അകത്തേക്ക് കൊണ്ടുപോയപ്പോൾ അവിടുത്തെ ഡോക്ടർ ആരവിനെയും ചാച്ചനെയും തന്റെ റൂമിലേക്ക് വിളിച്ചു.

“കുട്ടിയുടെ മൈൻഡിനെ വല്ലാതെ ഡിസ്റ്റർബഡ് ആക്കിയ പാസ്റ്റ് വല്ലതുമുണ്ടോ?” ഡോക്ടർക്ക് അഭിമുഖമായി ചെയറിലിരുന്നപ്പോൾ ആരവിനെ നോക്കി അദ്ദേഹം ചോദിച്ചു.. അവിടെ ഇരിക്കുവാൻ മനസ്സുകൊണ്ട് ബുദ്ധിമുട്ടിയതുകൊണ്ടാവണം ചാച്ചൻ പുറത്ത് നിൽക്കാമെന്ന് പറഞ്ഞു എഴുന്നേറ്റ് പോയത്. “ഉണ്ട്..” ആരവ് ഡോക്ടറെ നോക്കി പറഞ്ഞുകൊണ്ട് നടന്ന കാര്യങ്ങൾ ഡോക്ടർക്ക്‌ വിശദീകരിച്ചു കൊടുത്തു.. “ഓൺലൈൻ പ്രണയത്തിന്റെ ഇതുപോലൊരു വശം എന്റെ കരിയറിൽ ആദ്യമായിട്ടാണ്..” കേട്ട ശേഷം ഡോക്ടർ പറഞ്ഞു..

“ഓൺലൈൻ പ്രണയമെന്നാൽ ചതിക്കുഴി മാത്രമാണെന്ന് മീഡിയയും കഥകളും സിനിമകളും പറഞ്ഞു പഴകിയത് അതേപടി നമ്മൾ നമ്മുടെ ചിന്തയിലിങ്ങനെ അച്ചടിച്ച് വച്ചതുകൊണ്ടാണ് ഓൺലൈൻ പ്രണയം എന്ന് കേൾക്കുമ്പോഴേ ചതിയാണെന്ന് വേഗത്തിൽ മനസ്സിലേക്ക് കടന്നു വരുന്നത്.. ഇങ്ങനെയും ഒരുപാട് പ്രണയങ്ങളുണ്ടായിട്ടുണ്ട്.. പക്ഷെ അതൊന്നും വാർത്തയാകുന്നില്ലെന്ന് മാത്രം.. അതേ സമയം ഇതിന്റെ നെഗറ്റീവ് വശം മാത്രം നാം ഒരുപാട് കേട്ട് കഴിഞ്ഞിരിക്കുന്നു..” ശരിയാണെന്ന് ഡോക്ടറും തലയാട്ടി.. “എത്ര കാലമുണ്ടായിരുന്നു ഈ റിലേഷൻ..?” “ലോക് ഡൗണിന്റെ ആരംഭത്തിൽ…”

“വെറും മൂന്ന് മാസത്തെ പ്രണയമായിരുന്നോ?” അത് പറയുമ്പോൾ ഡോക്ടറുടെ സ്വരത്തിന് ഒരല്പം പുച്ഛം നിറഞ്ഞതായി തോന്നി.. “അത് ധാരാളമാണ്… സാധാരണ പ്രണയങ്ങൾ പോലെയല്ല ഓൺലൈൻ പ്രണയങ്ങൾ.. അത് വാക്കുകൾ കൊണ്ടുള്ള ഒരു കളിയാണ്.. ഒരു നോക്ക് കാണാതെ.. വിരൽ തുമ്പുകൾ പോലും പരസ്പരം സ്പർശിക്കാതെ വാക്കുകൾ കൊണ്ടും ശബ്‌ദം കൊണ്ടും മാത്രമുള്ള പ്രണയം.. അതിന് മറ്റേതു പ്രണയത്തെക്കാളും ആഴവും തീവ്രതയുമുണ്ടാകും….” ഡോക്ടർ ഒരു സംവാദത്തിന് തയാറായിരുന്നില്ല. ആരവ് പറയുന്നത് കേട്ട് അദ്ദേഹം തലയാട്ടി നിന്നു.. “സോ.. ഡോക്ടർ.. വാട്ട്‌ ഈസ്‌ നെക്സ്റ്റ്?”

ആരവ് ദീർഘമായൊന്ന് നിശ്വസിച്ചിട്ട് ചോദിച്ചു.. “മുറിവ് ഡ്രസ്സ്‌ ചെയ്തു കഴിഞ്ഞിട്ടുണ്ടാകും.. പേഷ്യന്റിനെ എക്സാമൈൻ ചെയ്തപ്പോ എനിക്ക് തോന്നിയത്… പേഷ്യന്റിനെ വിവേകാനന്ദ ഹോസ്പിറ്റലിലേക്ക് മൂവ് ചെയ്യുന്നതായിരിക്കും നല്ലത്…” ഡോക്ടർ ആ ഹോസ്പിറ്റലിന്റെ പേര് പറഞ്ഞതും ആരവിന്റെ ഉള്ളുലഞ്ഞു.. കോഴിക്കോടുള്ള പ്രമുഖ മാനസികാരോഗ്യ കേന്ദ്രമാണ്.. “ഡോക്ടർ… അതൊരു മെന്റൽ ഹോസ്പിറ്റലല്ലേ..?” അത് ചോദിക്കുമ്പോൾ മനസ്സ് ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു. “യെസ്.. പേഷ്യന്റിന്റെ കറന്റ് സിറ്റുവേഷൻ അനുസരിച്ച് അതേ എനിക്കിപ്പോൾ സജസ്റ്റ് ചെയ്യാൻ പറ്റൂ.. ആ കുട്ടി അവിടെ കിടന്നുകൊണ്ട് എന്തൊക്കെയോ പിറുപിറുത്തു കരഞ്ഞുകൊണ്ടിരിക്കുകയാണ്..

ആ കുട്ടിയുടെ മൈന്റിപ്പോൾ മറ്റെവിടെയോ ആണ്.. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം..” ഡോക്ടർ പറഞ്ഞപ്പോൾ എല്ലാം ശ്രദ്ധിച്ചു കേട്ടശേഷം ആരവ് എഴുന്നേറ്റു.. ഡ്രസിങ് റൂമിൽ ചെന്നു നോക്കിയപ്പോൾ പെണ്ണ് തല താഴ്ത്തി ബെഡിൽ ഇരിക്കുന്നത് കണ്ടു.. ചുണ്ടുകൾ എന്തോ മന്ത്രിക്കുന്നത് കണ്ടു.. ജീവേട്ടനെന്നാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി.. “ജുവലേ..” വിളിച്ചപ്പോ പതുക്കെ തലയുയർത്തി നോക്കി.. “ജീവേട്ടനെ കാണിക്കാൻ കൊണ്ടോവാനാണോ?” പെണ്ണ് ചോദിച്ചു.. “ആം… വാ.. പോകാം…” സങ്കടത്തോടെ പറഞ്ഞുകൊണ്ടവളുടെ നേർക്ക് വിരൽ നീട്ടി..

പെണ്ണ് വിരലുകളിൽ കൈ മുറുക്കി എഴുന്നേൽക്കാൻ തുനിഞ്ഞതും നേരെ നിൽക്കുവാനാവാതെ താഴേക്ക് വീണുപോയി.. വീണിടത്തു നിന്നും എഴുന്നേൽക്കാൻ ശ്രമിക്കാതെ ചുറ്റിനും നോക്കി നിന്ന പെണ്ണിനെ കണ്ടപ്പോൾ നെഞ്ച് പിടഞ്ഞു പോയി.. താങ്ങിയെടുത്ത് എഴുന്നേൽപ്പിച്ചു നിർത്തിയിട്ടും കാലുകൾ നിലത്തുറച്ചില്ല.. “ഡിപ്രെഷൻ ഹൈ ലെവലിൽ ആയിട്ട് കാലുകൾ കുഴഞ്ഞതാണെന്ന് തോന്നുന്നു..” നേഴ്സ് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുകൊണ്ട് പെണ്ണിനെ നോക്കി.. തന്നെ താങ്ങി നിർത്തുന്നവനെ നോക്കിയിട്ട് അവള് പുഞ്ചിരിക്കുന്നത് കണ്ടു..

നേഴ്സ് ഒരു വീൽചെയർ ഉരുട്ടി അടുത്ത് വന്നപ്പോൾ പെണ്ണിനെ അതിലിരുത്താൻ മനസ്സനുവദിച്ചില്ല.. കയ്യിൽ താങ്ങി നിൽക്കാൻ ശ്രമിക്കുന്നവളെ പൊക്കിയെടുത്ത്കൊണ്ട് പുറത്തേക്ക് നടന്നു.. ഒരു കൊച്ചുപൂവിനെ പോലെ കൈകളിൽ കിടന്നവൾ അവന്റെ മാറിൽ തലചാരി വച്ചുകൊണ്ട് പിന്നെയും പിറുപിറുത്തു.. “ജീവേട്ടാ… ജീവേട്ടോയ്… ഞാനും വരുന്നുണ്ട്.. ജീവേട്ടന്റെ അടുത്തേക്ക്…”…..തുടരും..

അറിയാതെൻ ജീവനിൽ: ഭാഗം 20

Share this story