പ്രണയവസന്തം : ഭാഗം 28

പ്രണയവസന്തം : ഭാഗം 28

എഴുത്തുകാരി: റിൻസി പ്രിൻസ്‌

നീ കണ്ടത് അവളെ തന്നെയാണെന്ന് ഉറപ്പാണോ………..? ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂ എങ്കിലും എൻറെ മനസ്സിൽ അവളുടെ മുഖം മായാതെ കിടപ്പുണ്ട്………… ഞാൻ കണ്ടതാണ് അല്പം ക്ഷീണിച്ചു എന്ന് മാത്രമേയുള്ളൂ മറ്റ് വ്യത്യാസങ്ങളൊന്നുമില്ല…….. മാത്രമല്ല അവളെ നോക്കിയ ഗൈനകൊളജിസ്റ്റ് എൻറെ കൂട്ടുകാരി ആയിരുന്നു……… ഹിമ……… അവളോട് ഞാൻ ചോദിച്ചതാണ്…….. അവള് പേര് കൊടുത്തിരിക്കുന്നത് ജാൻസി എന്ന് തന്നെയായിരുന്നു……… രണ്ടുമൂന്നു ചെക്കപ്പിനും അവള് തന്നെയായിരുന്നു വന്നിരുന്നത്……. അപ്പോൾ ഹിമ തിരക്കി ഭർത്താവിനെ കുറിച്ച്…….

എന്താണ് ഒരു ചെക്കപ്പിന് പോലും ഭർത്താവിനെ കാണാത്തത് എന്നും…, അയാൾ എന്താണ് വരാത്തത് എന്ന് തിരക്കിയപ്പോഴാണ്…, അവൾ പറയുന്നത് ഭർത്താവ് ഉപേക്ഷിച്ചുപോയത് ആണത്രേ……. ഇനി അവളെ തന്നെ ചിന്തിച്ചിരുന്ന നിൻറെ ജീവിതം ഹോമിക്കണ്ട എന്ന് പറയാൻ വേണ്ടിയാണ് ഞാൻ വിളിച്ചത്……… നീ ആ ഡോക്ടറെ വിളിച്ച് അവളെപ്പറ്റി മറ്റെന്തെങ്കിലും അറിയുമോ എന്ന് തിരക്കണം…….. എനിക്ക് അവളെ കാണണം…….. ആൽവിൻ……. അതിന്റെ ആവിശ്യം ഉണ്ടോ……? എനിക്ക് കാണണം ടെസ്സ……. നിനക്ക് പറ്റുമെങ്കിൽ എനിക്ക് അങ്ങനെ ഒരു സഹായം ചെയ്തു തരണം………

ഈ രാത്രി തന്നെ ഞാൻ പുറപ്പെടുകയാണ് വയനാട്ടിലേക്ക്……. എന്തിനാടാ ഇനി ഒരു കാണലും പറയലും ഒക്കെ……. നിന്നെ സ്നേഹിച്ചിരുന്നു എങ്കിൽ അവൾ വേറൊരുത്തന്റെ മുന്നിൽ തല കുനികുമോ…..? ഞാൻ പറയുന്നത് കേട്ടിട്ട് നീ പറ്റുമെങ്കിൽ അവർ എവിടെയാണ് താമസം എന്ന് ഒന്നു അറിയാൻ പറ്റുവോ……….. വേണ്ട ഏകദേശം ഏത് ഭാഗത്ത് ആണെന്ന് പറഞ്ഞാൽ മതി ഞാൻ തന്നെ പോയി കണ്ടു പിടിച്ചോളാം……… ശരി…… ഞാൻ ഹിമയെ വിളിച്ച് ഡീറ്റെയിൽസ് മറ്റും അറിയാൻ പറ്റുവാണെങ്കിൽ നിന്നോട് പറയാം…. വലിയ ഡീറ്റെയിൽസ് ഒന്നും അറിയാൻ കഴിയില്ല…….. അവളൊരു പേഷൈന്റ് അല്ലേ………

എവിടെയാ താമസിക്കുന്നത് എന്ന് ഒന്നും ഒരു ഡോക്ടറോട് പറയേണ്ട കാര്യമില്ലല്ലോ…………. എങ്കിലും അവർ തമ്മിലുള്ള സംസാരത്തിനിടയിൽ അങ്ങനെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് വിളിച്ചു ചോദിക്കാം…….. ശേഷം നിന്നെ അറിയിക്കാം പോരേ……..? മതി…………. അവൻ ഫോൺ കട്ട് ചെയ്ത് തലയിലൂടെ അലസമായി വിരൽ ഓടിച്ചു…… എന്തൊക്കെയാണ് ഈശോയെ താൻ കേൾക്കുന്നത്…….. അവളുടെ വിവാഹം കഴിഞ്ഞുവെന്നും അവളെ ഭർത്താവ് ഉപേക്ഷിച്ചെന്നും അവൾ ഗർഭിണിയാണെന്നും…… അവൾക്ക് അതൊക്കെ കഴിയുമൊ……? ഒരിക്കലുമില്ല………..

ആൽവിൻ വീണ്ടും എന്തൊക്കെയോ ചിന്തിച്ചു കൊണ്ടിരുന്നു……… പെട്ടെന്നാണ് ടെസ്സ പറഞ്ഞകാര്യം അവൻറെ ഓർമ്മയിലേക്ക് വന്നത്…….. അവളിപ്പോൾ 9മാസം പൂർണ്ണമായ ഗർഭിണിയാണ്…….. ഒമ്പതുമാസം……………! അതെ അവൾ ഇപ്പോൾ അവിടെ നിന്നും പോന്നിട്ട് 8 മാസം കഴിഞ്ഞിരിക്കുന്നു………. താൻ ഇവിടെ ജോയിൻ ചെയ്തിട്ട് 8 മാസം കഴിഞ്ഞിരിക്കുന്നു…….. അങ്ങനെയാണെങ്കിൽ അവളുടെ കുഞ്ഞിൻറെ അച്ഛൻ അത് താൻ അല്ലേ………? അതെ……. അത്‌ താൻ മാത്രമാണ്……….. കർത്താവേ അന്ന് അവൾ അവിടെ നിന്ന് പോരുമ്പോൾ തന്റെ ജീവൻറെ അംശത്തെ ഉദരത്തിൽ പേറിയാണ് പോയത്……….

അതിനെ കൊണ്ട് ആണോ ഇത്രയും ഒക്കെ സഹിച്ചത്………. തൻറെ ചോരയെ തന്നെ ആണോ അപ്പച്ചൻ തന്നിൽ നിന്ന് അകറ്റിയത്………. കർത്താവേ കൊടിയ ക്രൂരതയാണ് ഞാൻ അവളോട് കാണിച്ചത്………… ജാൻസി ഒരിക്കലും മറ്റൊരു വിവാഹത്തിന് സമ്മതിക്കില്ല………… താൻ മനസ്സിലാക്കിയിട്ടുള്ള ജാൻസി അങ്ങനെയാണ്………… അവളുടെ വയറ്റിൽ കിടക്കുന്ന ചോരയുടെ അവകാശി അരമനയിൽ ആൽവിൻ ആൻറണി മാത്രമാണ്…………. അവൻ മനസ്സിൽ വിചാരിച്ചു……….. അപ്പോഴേക്കും അവൻറെ ഹൃദയം അവളുടെ അരികിലെത്താൻ ആയി വെമ്പൽ കൊള്ളുകയായിരുന്നു……….

പെട്ടെന്നാണ് ഫോൺ ബെൽ അടിച്ചത്………… അവൻ നോക്കിയപ്പോൾ അമ്മച്ചിയാണ്…….. കുറച്ചുകാലങ്ങളായി വീട്ടിൽനിന്ന് ആരുവിളിച്ചാലും ഫോൺ എടുക്കാറില്ല………….. ഇപ്പോൾ എന്തുകൊണ്ടോ അമ്മച്ചിയോട് സംസാരിക്കാതിരിക്കാൻ കഴിയുന്നില്ല……… അവൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തു………. താൻ ഒരു അച്ഛൻ ആയിരിക്കുന്നു എന്ന വാർത്ത ആദ്യമായി അമ്മച്ചിയോട് പറയണം എന്നായിരുന്നു തോന്നിയത്…………. പക്ഷേ പിന്നീട് വേണ്ട എന്ന് വെച്ചു………. ഒരുപക്ഷേ അപ്പച്ചൻ അറിഞ്ഞാൽ വീണ്ടും തന്നിൽ നിന്നും അവരെ അകറ്റിയാൽ………

വേണ്ട തൽക്കാലം അവളെ താൻ കാണുന്നതുവരെ ആരും ഒന്നും അറിയേണ്ട……………. അവൻ മനസ്സിലുറപ്പിച്ചു……… ഫോണെടുത്തതും ക്ലാരയുടെ കരച്ചിൽ ആണ് കേട്ടത്…. എന്തിനാ അമ്മച്ചി കരയുന്നത്……….? നീ ഫോൺ എടുത്തെന്റെ സന്തോഷം കൊണ്ട്…………… നീ എന്നെ വെറുത്തു പോയോ മോനേ…………. ആ വാക്കുകൾ കേട്ടപ്പോൾ അറിയാതെ ഇടനെഞ്ചിൽ എന്തോ കൊളുത്തിവലിക്കുന്നതുപോലെ ആൽവിന് തോന്നിയിരുന്നു……………… ഞാൻ എന്തിനാ അമ്മച്ചിയെ വെറുക്കുന്നത്…………..? എനിക്ക് അമ്മച്ചിയോട് ഒരു പിണക്കവുമില്ല…………. പിന്നെന്താ നീ ഇങ്ങോട്ട് വരാത്തത്………..

ഞാൻ അവിടെ വന്നപ്പോൾ ട്രാൻസ്ഫർ വാങ്ങി എന്നെ അവിടുന്ന് പറഞ്ഞു വിട്ടത് അല്ലേ……………. പിന്നെ ഞാൻ എന്തിനാ അങ്ങോട്ട് വരുന്നത്…………… എന്റെ പ്രിയപ്പെട്ടവളെ എന്നിൽ നിന്ന് അകറ്റിയത് അപ്പച്ചൻ ചെയ്ത മഹാപാപം ആണെന്ന് മനസ്സിലാക്കാൻ ഒരുപാട് കാലം ഒന്നും ഇനി അപ്പച്ചന് വേണ്ടി വരില്ല………….. അമ്മച്ചി നോക്കിക്കോ………… ആ മഹാപാപം ചെയ്തത് അപ്പച്ചൻ അല്ല…….. നിൻറെ അമ്മച്ചി ആണ്……… അമ്മച്ചി…… അതെ മോനേ അമ്മച്ചി ചെന്ന് അവളോട് പറഞ്ഞിരുന്നു……. നീയും അപ്പച്ഛനും തമ്മിൽ ഒരു പ്രശ്നം ഉണ്ടാകാൻ കാരണം അവൾ ആകരുതെന്ന്……. ആ കാര്യം ഞാൻ അവളോട് പറഞ്ഞതുകൊണ്ട് ആണ് അവൾ ഇവിടെ നിന്നും പോയത്………..

അപ്പച്ചൻ അല്ല മോനെ അമ്മച്ചിയാണ് നിന്റെ ജീവിതം തകർത്തത്………………. അവൾ പോയി കഴിഞ്ഞ് നീ ഇങ്ങോട്ട് വരാതെ ആയപ്പോൾ ആണ് അപ്പച്ചൻ പോലും മനസ്സിലാകുന്നത് എത്രത്തോളം നീ അവളെ സ്നേഹിച്ചിരുന്നു എന്ന്……………. അത് മനസ്സിലാക്കിയ നിമിഷംമുതൽ അപ്പച്ചൻ അവളെ തിരയുവാ………… എവിടെയാണ് എന്ന് ഒരു വിവരവുമില്ല…………………. വിളിച്ചിട്ട് ആണെങ്കിൽ കിട്ടുന്നില്ല……….. എവിടെയായിരുന്നാലും പൂർണ്ണമനസ്സോടെ നിന്നെയും അവളെയും സ്വീകരിക്കാൻ മനസ്സ് ആയിട്ട് ആണ് ഇപ്പൊൾ അപ്പച്ചൻ നിൽക്കുന്നത്…………………… നിൻറെ ഇഷ്ടത്തിന് അപ്പുറം ഞങ്ങൾക്ക് മറ്റൊന്നും ഇല്ല മോനേ……………………

ഇനി നീ ഞങ്ങളോട് ഇങ്ങനെ പിണക്കം കാണിക്കരുത്………………. അമ്മച്ചി പറഞ്ഞതൊക്കെ ആത്മാർത്ഥമായിട്ടാണ് എങ്കിൽ ഞാൻ അവളെ കണ്ടുപിടിച്ചു കൊണ്ടുവരും…………………….. അരമനയിൽ വീട്ടിലെ മരുമകളായി അപ്പച്ചൻ അവളെ സ്വീകരിച്ചാലും ഇല്ലെങ്കിലും…………………….. അപ്പച്ചൻ സ്വീകരിച്ചില്ലങ്കിലും ഈ അമ്മച്ചി സ്വീകരിക്കും…… നീ അവളെ കണ്ടു പിടിച്ചു കൊണ്ട് വരുവാണെങ്കിൽ ഞാൻ രണ്ടു കയ്യാലെ അവളെ സ്വീകരിക്കും……… ഈ വീട്ടിലെ മരുമകളായി അല്ല മകളായി…………… അവൾ ഈ നാട്ടിൽ നിന്ന് പോയതിനുശേഷം ഇങ്ങോട്ട് വരാതെ ആയതിൽ പിന്നെ ഒറ്റ രാത്രി പോലും അവൾ എവിടെയാണെന്ന് കാണിച്ചു തരണേ എന്ന് കൊന്ത ചൊല്ലാതെ അമ്മച്ചി കിടന്നിട്ടില്ല……

എങ്ങനെയെങ്കിലും അവളെ നിൻറെ കണ്ണിൽ എത്തിക്കണം എന്ന് മാത്രം അമ്മച്ചി പള്ളിയിൽ പോകുമ്പോൾ പ്രാർത്ഥിക്കാൻ ഉള്ളത്…………………. അമ്മച്ചിയുടെ പ്രാർത്ഥനയുടെ ശക്തി കൊണ്ടാവാം അവസാനനിമിഷം എങ്കിലും താൻ എല്ലാം അറിഞ്ഞത് എന്ന് ആൽവിന് തോന്നിയിരുന്നു……………….. അമ്മച്ചി വിഷമിക്കേണ്ട………. ഞാൻ ഉടനെ തന്നെ അവിടേക്ക് തിരിച്ചു വരും………… ഒന്നും സംസാരിക്കാൻ പറ്റിയ ഒരു മാനസികാവസ്ഥയിലല്ല ഞാൻ…….. ഞാൻ ഒരു യാത്രയ്ക്ക് ഒരുങ്ങുവാണു…… അത്‌ ഒരു തടസവും ഇല്ലാതെ നടക്കാൻ അമ്മ പ്രാർത്ഥിക്കണം…… എന്റെ പ്രാർത്ഥന നിന്റെ കൂടെ ഉണ്ടടാ…… ശരി അമ്മച്ചി…….

പെട്ടെന്ന് തന്നെ അവൻ ഫോൺ വച്ചു…….. അമ്മച്ചി ചെന്ന് അവളെ കണ്ടിട്ടുണ്ടെങ്കിൽ അതുകൊണ്ട് തന്നെ ആയിരിക്കും അവൾ അവിടെ നിന്നും പോയത് എന്ന് ആൽവിന് തോന്നിയിരുന്നു…………. ഊഹങ്ങളും സംശയങ്ങളും എല്ലാം ഇപ്പോൾ ഈ നിമിഷം സത്യം ആവുകയാണ് എന്ന് ആൽവിൻ ഓർക്കുകയായിരുന്നു…………. തൻറെ പ്രിയപ്പെട്ടവൾ തൻറെ ജീവൻറെ അംശത്തിലെ ഭൂമിയിലേക്ക് കൊണ്ടുവരാൻ വേണ്ടി പേറ്റുനോവ് അനുഭവിക്കുകയാണ് അറിയാതെ അവൻ അവളുടെ അരികിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു……. 🌺🌺

സന്ധ്യയായപ്പോൾ ചെറിയ വേദന മാറിമാറി വരുന്നതുകൊണ്ടാണ് ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ വേണ്ടി ജാൻസി വന്നത്………….. ഒപ്പം എല്ലാ സാധനങ്ങളും ആയി ആൻസിയും ഉണ്ടായിരുന്നു……… ലിൻസിയും ബിൻസി മോളും ഇപ്പോഴും ഒന്നും അറിഞ്ഞിട്ടില്ല………. ഫോൺ വിളിക്കുമ്പോൾ ഇങ്ങോട്ട് വരണ്ട എന്ന് പറഞ്ഞ് ജാൻസി നിരുത്സാഹപ്പെടുത്തുന്നുണ്ടായിരുന്നു……………… ആദ്യമൊക്കെ ബിൻസിയെ കാണാനായി ജാൻസി ചെല്ലുമായിരുന്നു………………. വയറു വെച്ചതിൽ പിന്നെ ആ ഉദ്യമം അവൾ ആൻസിക്ക് കൈമാറിയിരുന്നു………………. ചോദിക്കുമ്പോൾ ഒന്നു വീണു കാൽ ഒടിഞ്ഞു എന്ന മറുപടിയിൽ ആൻസി ഒതുക്കി…….

പരീക്ഷ ആയതിനാൽ അവൾക്ക് അവിടെ നിന്ന് വരാൻ പറ്റില്ല……… എങ്കിലും തന്നെ കാണാൻ അവൾ വാശി പിടിചു…… ഫോണിൽ തന്നോട് സംസാരിച്ചപ്പോൾ ആണ് അവൾക്ക് സമാധാനം ആയത്……. ലിൻസി അറിഞ്ഞപ്പോൾ തന്നെ ഓടി വരാൻ തുടങ്ങി……… ഒരു വിധത്തിൽ ആയിരുന്നു ജാൻസി അവളെ പറഞ്ഞു മനസിലാക്കിയത്…….. പിന്നെ എല്ലാ മാസവും കൃത്യമായി കാശ് അയച്ചു കൊടുത്തത് ലിൻസി ആയിരുന്നു…….. ഏകദേശം പത്തു മണി കഴിഞ്ഞപ്പോഴേക്കും ജാൻസിക്ക് അതിഭയങ്കരമായ വേദന അനുഭവപ്പെട്ടു തുടങ്ങിയിരുന്നു…………. അധികം സൗകര്യങ്ങളൊന്നും ഇല്ലാത്ത ഹോസ്പിറ്റൽ ആയതുകൊണ്ട് തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും നഴ്സുമാരും ചേർന്ന് അവളെ ലേബർ റൂമിലേക്ക് മാറ്റിയിരുന്നു………….

ഡ്യൂട്ടിയിൽ നിന്നും ഉള്ള എൻക്വയറി ചെയ്തതനുസരിച്ച് ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നു എത്തിയത്…………. ലേബർ റൂമിലെ വരാന്തയിൽ ആൻസി ജാൻസിയുടെ കുഞ്ഞിനെ പ്രതീക്ഷിച്ചു നിൽക്കുമ്പോൾ ആൻസി ചിന്തിക്കുകയായിരുന്നു……….. കാഞ്ഞിരപ്പള്ളിയിലെ പേരുകേട്ട ഒരു കുടുംബമാണ് അരമനയിൽ ആന്റണിയുടേത്………….. അവിടുത്തെ അനന്തരാവകാശ ഒരു സാധാരണ ഗവണ്മെന്റ് ആശുപത്രിയിൽ ഏറ്റുവാങ്ങാൻ ആരും ഇല്ലാതെ ഒരു അത്താഴ പട്ടിണിക്കാരുടെ വയറ്റിൽ ജനിച്ചിരിക്കുന്നു…………………….. യഥാർത്ഥത്തിൽ അവരുടെ വിവാഹം നടന്നിരുന്നുവെങ്കിൽ എങ്ങനെയായിരുന്നു അവർ ഈ കുഞ്ഞിനെ സ്വീകരിക്കുന്നത്………..?

ആൽവിൻ അറിയുന്നുണ്ടാകുമോ താൻ ഒരു അച്ഛനായി എന്ന്…………. ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് കയ്യിൽ രണ്ട് കുഞ്ഞുങ്ങളുമായി ലേബർ റൂമിൽ മുൻപിൽ ഒരു നഴ്സ് പ്രത്യക്ഷപ്പെട്ടു……….. ആൻസി അത്ഭുതത്തോടെ അവരുടെ മുഖത്തേക്ക് നോക്കി……… ഇരട്ടക്കുട്ടികളാണ്……… പെൺകുഞ്ഞുങ്ങൾ……….. നേഴ്സ് പറഞ്ഞതും ആൻസി സത്യത്തിൽ ഞെട്ടിപ്പോയിരുന്നു……….. വിധി വീണ്ടും വീണ്ടും അവളെ തോൽപ്പിക്കുകയാണല്ലോ എന്നായിരുന്നു ആ നിമിഷം ആൻസി ചിന്തിച്ചത്………….. രണ്ടു കൈ കുഞ്ഞുങ്ങളെയും കൊണ്ട് ആ പെണ്ണ് എങ്ങനെ ജീവിക്കും………..

ഒറ്റയ്ക്ക്………. അത്‌ ആയിരുന്നു ആ നിമിഷം ആൻസിയുടെ ഉള്ളിലെ ചോദ്യം……… കുഞ്ഞുങ്ങളെ രണ്ടു നഴ്സിന്റെ കയ്യിൽ നിന്നും വാങ്ങി……. അവൾ കുസൃതിയോടെ രണ്ടുപേരെയും നോക്കുന്ന തിരക്കിലാണ്………….. ഒരുപക്ഷേ ആദ്യത്തെ സ്കാനിങ്ങിൽ തന്നെ ഇരട്ടക്കുട്ടികളാണ് എന്ന് ജാൻസി അറിഞ്ഞിട്ടുണ്ടാവും…………. അതും അവൾ തങ്ങളിൽ നിന്നും മറച്ചുവെച്ചു………….. എന്തിനാണ് ഈ പെണ്ണ് എല്ലാം ഒറ്റയ്ക്ക് സഹിക്കുന്നത് എന്ന് ഒരു നിമിഷം ആൻസി ചിന്തിച്ചു പോയിരുന്നു…………….. ജാൻസി……….? കുഴപ്പമൊന്നുമില്ല………. നോർമൽ ഡെലിവറി ആയിരുന്നു……… മയക്കം വിട്ടു ഉണർന്നിട്ടില്ല……….

ഡ്രിപ്പ് കഴിഞ്ഞ് ഉടൻ വാർഡിലേക്ക് മാറ്റും…………….. മറ്റ് പ്രയാസം ഒന്നും ഇല്ലെങ്കിൽ നാളെ വൈകുന്നേരം തന്നെ ഡിസ്ചാർജ് ആയി പോകുന്നതാണ് നല്ലത്………………. വലിയ സൗകര്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ ആ ആശുപത്രിയിൽ അധികനാൾ ഒന്നും പ്രസവം കഴിഞ്ഞവർക്ക് നിൽക്കേണ്ടി വന്നിട്ടില്ല…….. ഒരു ദിവസം കൂടിയാൽ രണ്ട് ദിവസം………… കണ്ണുതുറന്ന് ജാൻസി അരികിൽ കിടക്കുന്ന രണ്ടു കുഞ്ഞുങ്ങളുടെയും മുഖത്തേക്ക് മാറി മാറി നോക്കി………. സ്കാനിങ്ങിൽ തന്നെ ഡോക്ടർ പറഞ്ഞിരുന്നു ഇരട്ടക്കുട്ടികളാണ് എന്നും………….. അതീവശ്രദ്ധ വേണമെന്നും……….

അതുകൊണ്ടാണ് ഏഴാം മാസം മുതൽ ജോലിക്ക് പോകാതെ ഇരുന്നത്………….. ആ സമയത്ത് ലിൻസി മോൾ ആയിരുന്നു വീട്ടിലേക്കുള്ള ചിലവിന് കാശ് അയച്ചു തന്നിരുന്നു……. ചേച്ചിക്ക് കാലിനു ചെറിയ ഒടിവ് പറ്റി എന്ന് മാത്രമാണ് അവളോട് അപ്പോൾ കള്ളം പറഞ്ഞത്……. വരാൻ നിന്ന അവളെ ഒരു വിധത്തിലാണ് മയപ്പെടുത്തിയത്…….. ഇതിനിടയിൽ പലവട്ടം സേവ്യർ കൂടി കുടിച്ചു വന്നു തന്നെ പിഴച്ചവൾ എന്ന് വിളിച്ചു ദേഷ്യത്തോടെ സംസാരിക്കാൻ തുടങ്ങി…………. ഒരിക്കൽ അയാളോട് പറഞ്ഞതിന് എല്ലാം അയാൾ പ്രതികാരം തീർക്കുമ്പോൾ ഒന്നും മിണ്ടാതെ കേട്ട് നിൽക്കാൻ മാത്രമേ തനിക്ക് കഴിയുന്നുണ്ടായിരുന്നുള്ളൂ……….

ആൽവിൻ പകുതി യാത്ര എത്തിയപ്പോഴായിരുന്നു ടെസ്സയുടെ ഫോൺകോൾ വന്നിരുന്നത്……. ആൽവിൻ പെട്ടെന്നുതന്നെ വണ്ടി ഒതുക്കി ഫോണെടുത്തു…….. ഞാൻ ഹിമയെ വിളിച്ചിരുന്നു………. അവളെപ്പറ്റി വല്ലോം അറിഞ്ഞോ…….? എവിടെയാ താമസിക്കുന്നത് എന്ന് ഒന്നും അവൾക്ക് അറിയില്ല……….. അവിടെ അടുത്തുള്ള സെൻമേരിസ് എന്ന് പറഞ്ഞ ഒരു മഠത്തിൽ ആണ് ജോലി ചെയ്യുന്നത്…………… അത്രമാത്രമേ ഹിമക്കും അറിയുള്ളൂ………… ശരി ഇപ്പോൾ നീ എന്നോട് പറഞ്ഞ കാര്യം ആരോടും പറയണ്ട………. അവൾ വയനാട്ടിൽ ഉണ്ടെന്നോ….. ഞാൻ അവളെ കാണാൻ പോയെന്നോ……. മനസ്സിലായൊ……..

മനസ്സിലായി……….. അത് പറഞ്ഞ് ഫോൺ വെച്ചു……… അവിടേക്കുള്ള യാത്രയിൽ ആൽവിൻ ചിന്തിച്ചു…….. ഇതുപോലെ ഒരു യാത്രയിൽ ആയിരുന്നില്ല താൻ അവളെ ആദ്യമായി കണ്ടത്…………. അവൾ തൻറെ ഹൃദയത്തിലേക്ക് ഇടിച്ചു കയറിയത്………….. യാത്രകൾ എന്നും നൽകുന്നത് പുതിയ ഒരു തരം അനുഭൂതി ആണ്. പ്രണയവും നൽകുന്നത് ഇത് തന്നെ ആണ്. പുതിയ ചിന്തകൾ, പുതിയ ആകാംഷകൾ അങ്ങനെ എല്ലാത്തിലും നില നിൽക്കുന്ന പുതുമ ആണ് രണ്ടിലും പ്രകടം ആകുന്നത്.രണ്ടിലും ഒരു മന്ത്രികത ഒളിഞ്ഞു ഇരിപ്പുണ്ട്. പറഞ്ഞു അറിയിക്കാൻ കഴിയാത്ത സന്തോഷം ഒളിഞ്ഞു ഇരിപ്പുണ്ട്.

വിവരിക്കാൻ അറിയാത്ത വർണ്ണന ഉണ്ട്.രണ്ടും നമ്മളെ പുതിയ ഒരു ലോകത്ത് എത്തിക്കുന്നു.രണ്ടും നമ്മളെ പാടെ മാറ്റി കളയുന്നു.നമ്മളിൽ പുതിയ സന്തോഷം നിറയ്ക്കുന്നു. യാത്രകളും പ്രണയവും മനുഷ്യനെ മാറ്റിയത് പോലെ മറ്റൊന്നും മാറ്റിയിട്ടുണ്ടാവില്ല… അല്ലെങ്കിലും പല പ്രണയങ്ങളും മോട്ടിടുന്നത് ഒരു യാത്രയിൽ നിന്നാവും. അല്ലെങ്കിൽ ചില പ്രണയങ്ങൾ ജനിക്കുന്നത് ഒരു യാത്രയിൽ ആകാം.ചിലർക്ക് യാത്രയോട് ആണ് പ്രണയം. മറ്റു ചിലർക്ക് പ്രണയം തന്നെ ഒരു യാത്ര ആണ്.സത്യത്തിൽ ഒരു ഹൃദയത്തിൽ നിന്ന് മറ്റൊരു ഹൃദയത്തിലേക്ക് ഉള്ള യാത്രകൾ തന്നെ അല്ലേ എല്ലാ പ്രണയങ്ങളും.

അതൊരു നീണ്ട യാത്ര ആണ്. നമ്മുക്ക് അപരിചിതമായ മനസിനെ കൂടുതൽ പരിചയപ്പെടാൻ ഉള്ള ഒരു സുഖം ഉള്ള ഒരു യാത്ര. തിരികെയുള്ള യാത്രയിൽ ഒപ്പം അവൾ ഉണ്ടാകണമെന്ന് അവൻ മനസ്സുരുകി പ്രാർത്ഥിച്ചിരുന്നു…….. ചുരങ്ങൾ താണ്ടി വയനാട്ടിലേക്ക് കടക്കുമ്പോൾ അവൻ പുതിയ സ്വപ്നങ്ങൾ കാണുകയായിരുന്നു……… 🌼🌼🌼🌼🌼🌼🌼🌼🥀🥀🌼🌼🌼🌼 മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ പിറ്റേന്നുതന്നെ ജാൻസിയും കുഞ്ഞുങ്ങളും വീട്ടിലേക്ക് തിരിച്ചു വന്നിരുന്നു……. ഒരുപാട് തിരക്കിയതിനുശേഷമാണ് മഠം കണ്ടുപിടിക്കാനായി ആൽവിന് കഴിഞ്ഞത്…………..

നേരെ മഠത്തിനു മുൻപിൽ കാർ ഒതുക്കി അവൻ………….. അകത്തേക്ക് കയറി മുറിയിലേക്ക് തന്നെ ആണ് ആദ്യം ചെന്നത്…….. ആരാ മനസ്സിലായില്ല………. ചിരിയോടെ മദർ ചോദിച്ചു… ഞാൻ ഒരു പോലീസ് ഓഫീസർ ആണ്………… ഞാൻ ഒരാളെ തിരക്കി വന്നതാണ്……… ആരെയാണ്…….. മദറിന്റെ മുഖത്ത് ആശങ്ക നിറഞ്ഞു……… ഇവിടെ ജോലിചെയ്യുന്ന ജാൻസി എന്ന് പറഞ്ഞ ഒരു കുട്ടിയെ പറ്റി ഞാൻ അറിഞ്ഞു………… ജാൻസി ഇവിടെ ജോലി ചെയ്തിരുന്നു…………. ഇപ്പൊ കുറച്ചു നാളുകളായി അവൾ വരുന്നില്ല………… കാരണം ആ കുട്ടി ഗർഭിണിയായിരുന്നു………….. ഭർത്താവ് ഇവിടെ അടുത്ത് തന്നെ ഉള്ളതാണോ……………?

ഭർത്താവ് ഉപേക്ഷിച്ചു പോയതാണ്………… എന്താ സാറേ……………. ആ കുട്ടി എന്തെങ്കിലും പ്രശ്നം………? അതൊന്നുമല്ല…………. ആ കുട്ടി താമസിക്കുന്നത് എവിടെയാണെന്ന് അറിയാൻ ആണ്……….. അഡ്രസ്സ് ഒന്ന് തരാമോ……….. മദർ പെട്ടെന്നുതന്നെ ഒരു പേപ്പർ എടുത്ത് അതിൽ അഡ്രസ് എഴുതി അവൻറെ കൈകളിൽ വച്ചുകൊടുത്തു…………….. സർ പ്രശ്നം ഇപ്പോഴും പറഞ്ഞില്ല……………. എന്നെ സംബന്ധിച്ചിടത്തോളം ഒരു പാവം കുട്ടിയാണ് ജാൻസി…………. നല്ല കുട്ടി…………… അവൾ ഒരു പ്രശ്നക്കാരി ആണെന്ന് എനിക്ക് തോന്നിയിട്ടില്ല…………. പിന്നെ ഒരു പോലീസ് ഉദ്യോഗസ്ഥൻ വന്ന് അവളെ പറ്റി അന്വേഷിക്കാനും മാത്രം…

ഞാൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ മാത്രമല്ല മദർ……………….. പിന്നെ…………? മദർ മനസിലാകാതെ നോക്കി………. അവളുടെ ഉപേക്ഷിച്ചുപോയ ഭർത്താവ് ഞാനാണ്…………. അത്രമാത്രം പറഞ്ഞു മറുപടിക്ക് കാക്കാതെ ആൽവിൻ അവിടെനിന്നും എഴുന്നേറ്റു……………. മദർ അപ്പോഴും കേട്ട വാർത്തയുടെ ഞെട്ടലിൽ തന്നെ ആയിരുന്നു………… മദർ തന്ന അഡ്രസ്സ് തപ്പിപ്പിടിച്ച് അവിടേക്കുള്ള യാത്ര തുടങ്ങുകയായിരുന്നു ആൽവിൻ…………. അപ്പോൾ അവൻറെ ഹൃദയത്തിൽ എന്താണ് വികാരം എന്ന് അവന് തന്നെ അറിയാൻ കഴിയുന്നില്ലയിരുന്നു………. സന്ധ്യ ആയപ്പോഴാണ് സേവിയർ മദ്യപിച്ച് വീട്ടിലേക്ക് കയറി വരുന്നത്……….

ആൻസി കുഞ്ഞിന്റെ തുണി കഴുകി ഇടുകയായിരുന്നു…….. എന്തവാടി നിൻറെ അനിയത്തിയുടെ പേറ് എടുത്തിട്ടുള്ള വരവാണോ……….. കൊച്ച് ആണോ…..?പെണോ…..? സേവ്യർ ചോദിച്ചതും അയാളെ കൂർപ്പിച്ചു നോക്കി ആൻസി…….. എവിടെടി നിൻറെ പെഴച്ച അനിയത്തി………. അയാൾ വിടാൻ ഒരുക്കമല്ല……. പ്രസവിച്ചു കിടക്കുന്ന പെണ്ണുങ്ങളെ ആണുങ്ങൾ കാണാൻ പാടില്ലെന്ന് നിങ്ങൾക്കറിയില്ലേ……….. പിന്നെ എന്നു പറഞ്ഞാൽ അവൾ നല്ല രീതിയിൽ കെട്ടിച്ചു വിട്ട് പ്രസവം കഴിഞ്ഞു പ്രസവരക്ഷക്ക് ആയിട്ട് വീട്ടിൽ വന്നു നിൽക്കല്ലേ……… എവിടെയോ പോയി പിഴച്ചു നടന്ന ഒരു കൊച്ചിനെയും വയറ്റിൽ ഉണ്ടാക്കി വന്നിട്ട് അവളെ കാണാൻ പാടില്ല പോലും…………

ഞാൻ ചോദിച്ചതിന് മറുപടി പറ കൊച്ച് ആണോ പെണ്ണോ……… ഇരട്ടക്കുട്ടികൾ………. അവൾ മടിച്ചു മടിച്ചു പറഞ്ഞു…… ഇരട്ടക്കുട്ടികളോ……. അയാളുടെ മുഖം മാറി…. ഒന്നിനെ തന്നെ നോക്കാൻ ഗതി ഇല്ലാത്തതാണ്……… അപ്പോൾ ആണ് രണ്ടെണ്ണം…….. ഒന്നിനെ എവിടെയെങ്കിലും കൊണ്ട് കളയാൻ പറയടി……….. എവിടേലും കൊണ്ട് നല്ല വിലക്ക് വിറ്റ് കളയാൻ പറ…… അതും പറഞ്ഞതും സേവ്യറിനു പിന്നിൽ നിന്നും ഒരു പ്രഹരം ഏറ്റതും ഒരുമിച്ചായിരുന്നു…….. ആ പ്രഹരത്തിൽ ശക്തിയിൽ സേവ്യർ മുൻപിലേക്ക് വീണു പോയിരുന്നു…. (തുടരും )

പ്രണയവസന്തം : ഭാഗം 27

Share this story