ഹരി ചന്ദനം: ഭാഗം 54- അവസാനിച്ചു

ഹരി ചന്ദനം: ഭാഗം 54- അവസാനിച്ചു

എഴുത്തുകാരി: ശ്രുതി കൃഷ്ണ

ജയിലിനുള്ളിൽ വയ്ച്ചു കുഞ്ഞിനെ കണ്ടപ്പോൾ ഒന്നെടുക്കാനും താലോലിയ്ക്കാനും കഴിയാതെ ആനിയമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു ഒപ്പം അപ്രതീക്ഷിതമായി കുഞ്ഞിനെ കാണാൻ ഒരു അവസരം കിട്ടിയതിൽ ആ മുഖത്തൊരു പുഞ്ചിരി കൂടിയുണ്ടായിരുന്നു. “എന്തിനാ മോളേ കുഞ്ഞിനേയും കൊണ്ട് ഇങ്ങു വന്നത്. അതും ഈ കൊലപാതകിയെ കാണാൻ. ഇനി വരണ്ടാന്നു ആനിയമ്മ പറഞ്ഞതല്ലേ?” “ആനിയമ്മ എന്തൊക്കയാ ഈ പറയുന്നേ….കോടതി വെറുതെ വിട്ടെങ്കിലും രണ്ടു പേരെ കൊന്നവളല്ലേ ഈ ഞാനും.പിന്നേ എന്നോട് ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും കുഞ്ഞിനെ കാണാൻ ആനിയമ്മ ഒത്തിരി കൊതിച്ചിരുന്നുവെന്ന് എനിക്കറിയാം.”..

ദിയ പരിഭവത്തോടെ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകൾ സാരിത്തലപ്പ് കൊണ്ട് ഒപ്പിയെടുക്കുകയായിരുന്നു ആനി. “കൂടെ ആരാ വന്നേ… ഹരി മോനാണോ?” “അല്ല…. ആനിയമ്മേ കിച്ചുവേട്ടനാ…. ഹരിയേട്ടൻ ഒരു യാത്രയിലാ…കണ്ണന് ഒന്നാരമാസം തികഞ്ഞതിന്റെ ഒരു ഇൻജെക്ഷൻ ഉണ്ട്. ഹോസ്പിറ്റലിലേക്ക് പോവുന്ന വഴി കുഞ്ഞിനെ ആനിയമ്മയെ കാണിക്കാൻ വന്നതാ. തിരിച്ചു വരുന്ന വഴി ഇവിടെ കയറാമെന്നാ ആദ്യം കരുതിയത്. പക്ഷെ കിച്ചുവേട്ടൻ പറഞ്ഞു ഇൻജെക്ഷൻ കഴിഞ്ഞാൽ പിന്നേ കുഞ്ഞിന് നല്ല വേദന ആവുമെന്ന്. അപ്പോൾ പിന്നേ ആദ്യം ഇങ്ങോട്ട് പോന്നു.” “കിച്ചുമോൻ….. മോളേ….” ആനിയമ്മ ചോദ്യം പൂർത്തിയാക്കുന്നതിന് മുൻപേ ദിയ ആ ചോദ്യം തടഞ്ഞു.

“വേണ്ടാ….ആനിയമ്മേ…. ആ ഒരു കാര്യത്തിൽ എന്റെ തീരുമാനം ഉറച്ചതാ. ഇനി മാറ്റമില്ല. ആ വിഷയം ഇനി കീറിമുറിച്ചു സംസാരിക്കാനും താല്പര്യം ഇല്ല. അധികം വൈകാതെ കിച്ചുവേട്ടന്റെ ജീവിതത്തിലേക്ക് നല്ലൊരു പെൺകുട്ടി കടന്നു വരും.” “മോളേ….. ഞാൻ……” “വേണ്ടാ ആനിയമ്മേ….. നമുക്ക് ആ വിഷയം വിടാം.” അധികം തെളിച്ചമില്ലാത്ത ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു നിർത്തി തന്റെ കുഞ്ഞിനെ നോക്കി. “കണ്ണാ….. അമ്മേടെ പൊന്നെ….നമ്മടെ ആനിയമ്മമ്മയെ കണ്ടോ….” കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ടവൾ പറഞ്ഞപ്പോൾ കുഞ്ഞികണ്ണ് മിഴിച്ചു നോക്കി കണ്ണൻ ചുറ്റും നോക്കുന്നുണ്ടായിരുന്നു. “കണ്ണനെന്നാണോ വിളിക്കുന്നെ….?” “അതേ ആനിയമ്മേ….

പാർഥിവ് എന്നാ പേരിട്ടിരിക്കുന്നത്.” “കൊള്ളാം മോളേ….നല്ല പേരാ….” “ആണോ ആനിയമ്മേ കിച്ചുവേട്ടന്റെ സെലെക്ഷൻ ആണ്…” ആവേശത്തോടെ അവളതു പറഞ്ഞപ്പോൾ ഇടയ്ക്കെപ്പോഴോ വാക്കുകൾ ഇടറിയിരുന്നു.ഒപ്പം അവളുടെ ദുഃഖം മനസ്സിലാക്കിയത് പോലെ ആനിയമ്മയും അലിവോടെ ആ അവളെയും കുഞ്ഞിനേയും നോക്കി. “ആ…. ഞാൻ വേറെ വിശേഷം ഒന്നും പറഞ്ഞില്ലല്ലോ? ഹരിയേട്ടനും ഒരു മോളുണ്ട്.പാർവതി…. ഞങ്ങളുടെ പീലിക്കുട്ടി. കണ്ണനെക്കാൾ കഷ്ടിച്ച് ഒരു മാസത്തേക്ക് മൂത്തതാ…. എന്റെ കണ്ണന്റെ ചേച്ചിക്കുട്ടി.” അവള് കണ്ണുതുടച്ചു വീട്ടിലെ വിശേഷങ്ങൾ പറയാൻ തുടങ്ങിയപ്പോൾ ആനിയമ്മയും ഒരു ചെറു ചിരിയോടെ അവൾക്കായി കാത് കൂർപ്പിച്ചു നിന്നു.

“എന്റെ ആനിയമ്മേ ഒന്നും പറയണ്ട. രണ്ട് കുട്ടിക്കുറുമ്പുകളേം കൊണ്ട് ഞാനും ഏട്ടത്തിയും പെടാപ്പാട് പെടുകയാ…. പിന്നേ ആന്റിയമ്മ ഉള്ളതാ ഒരാശ്വാസം.” പുതിയൊരു കഥാപാത്രത്തിന്റെ പേര് കേട്ട് ആനിയമ്മ നെറ്റി ചുളിക്കുന്നത് കണ്ട് അവൾ ചിരിച്ചു. “ആന്റിയമ്മയെക്കുറിച്ച് ഞാൻ ഒന്നും പറഞ്ഞില്ല അല്ലേ? കുഞ്ഞിനെ നോക്കാനും എന്റെ സഹായത്തിനും ആരും ഇല്ലാത്തോണ്ട് ആശുപത്രിയിൽ വച്ച് ഹരിയേട്ടൻ ഏർപ്പാടാക്കി തന്നതാ… ഒരു പാവം അമ്മ. സത്യം പറഞ്ഞാൽ അതിന് ആരും ഇല്ല. കുറെ മക്കളൊക്കെ ഉണ്ട്. വയസ്സായപ്പോൾ പക്ഷെ ആരും നോക്കാനില്ലാതായി. ആകെ നന്നായി അറിയുന്ന ജോലി കുട്ടികളെ നോക്കാനാ…

ഞങ്ങളെ ഓക്കേ വലിയ കാര്യമാ…പലപ്പോഴും എന്റെ അമ്മായിയെ പോലെ തോന്നും… ആ സംസാരവും… ദിയമോളെ എന്നുള്ള വിളിയും എല്ലാം അതേപോലെ തന്നെ…” അത്രയും പറഞ്ഞവൾ കണ്ണ് തുടച്ചു. “ആനിയമ്മ പുറത്തു വന്നിട്ട് നമ്മൾ പോവുമ്പോൾ ആന്റിയമ്മയേം കൂടി കൂടെ കൂട്ടാം… ഞാൻ ചെറിയ ഒരു സൂചന കൊടുത്തിട്ടുണ്ട്. പക്ഷെ ആളത് തമാശയായിട്ട് ചിരിച്ചു തള്ളി.പക്ഷെ ഞാൻ ഉറപ്പിച്ചു ഞാൻ എവിടെ പോയാലും എന്റെയീ ആനിയമ്മയെയും പിന്നേ പാവം ആന്റിയമ്മയെയും കൂടെ കൂട്ടും എന്ന്. പിന്നേ നമ്മുടെ ഈ കള്ളകണ്ണനെയും….” കുഞ്ഞിനെ നോക്കി അവൾ പറഞ്ഞുനിർത്തിയതും കുഞ്ഞ് കരയാൻ തുടങ്ങിയിരുന്നു. “എന്താടാ കണ്ണാ…

അമ്മേടെ പൊന്നിനെ അങ്ങനെ പറഞ്ഞത് ഇഷ്ടായില്ലേ… ഇനി വിളിക്കില്ലാട്ടോ…” കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ടവൾ പറഞ്ഞിട്ടും കുഞ്ഞ് കരച്ചിൽ നിർത്തുന്നില്ലായിരുന്നു. “അതിന് വിശക്കുന്നുണ്ടാവും മോളേ….മോള് പൊയ്ക്കോ… ഇനി കുഞ്ഞിനേം കൊണ്ട് വരാനൊന്നും നിൽക്കണ്ട. വെറുതെ ഹരിമോനേം കിച്ചുമോനേം ഈ കിളവിക്കു വേണ്ടി ബുദ്ധിമുട്ടിക്കണ്ട.” “അതിന് ആനിയമ്മയ്ക്ക് വേണ്ടിയല്ലല്ലോ?എനിക്ക് ആനിയമ്മയെ കാണാൻ കൊതിയായിട്ടല്ലേ…. അവസരം കിട്ടുമ്പോൾ ഇനിയും വരാം. ഇപ്പോൾ പോട്ടെ ആനിയമ്മേ?” “മ്മ്മ്… ശെരി മോളേ…” യാത്രപറഞ്ഞു ദിയയും കുഞ്ഞും നടന്നകലുമ്പോൾ കണ്ടിട്ട് കൊതിതീരാത്ത പോലെ ആനിയവരെ നിറകണ്ണുകളോടെ നോക്കിനിന്നു. **

ജയിലിൽ നിന്നിറങ്ങി കാറിൽ വന്നു കയറുമ്പോൾ ക്ഷമയോടെ അവളെയും കാത്ത് കിച്ചു നിൽപ്പുണ്ടായിരുന്നു. അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് അവൾ കാറിൽ പുറകിലായി കയറി വിശന്നു കരയുന്ന കുഞ്ഞിന് പാല് കൊടുക്കാൻ തുടങ്ങി. ആശുപത്രിയിൽ എത്തുന്നത് വരെ ഇരുവരും മൗനമായിരുന്നുവെങ്കിലും ഇടയ്ക്കിടെ കിച്ചുവിന്റെ കണ്ണുകൾ കണ്ണാടിയിലൂടെ പിറകിലിരിക്കുന്ന ദിയയെയും കുഞ്ഞിനേയും തേടിപ്പോകുന്നുണ്ടായിരുന്നു. ആശുപത്രിയിൽ എത്തി കുഞ്ഞിനെ പരിശോധിച്ച ശേഷം ഡോക്ടർ സൂചി കയ്യിലെടുത്തപ്പൊളെക്കും ദിയയുടെ മുഖം വിവർണമായി.കുഞ്ഞിനെ കയ്യിലെടുത്തു ഡോക്ടറുടെ മുൻപിൽ ഇരുന്നപ്പോഴേക്കും അവളുടെ കണ്ണുകൾ പെയ്യാൻ കാത്തിരുന്നു .

സൂചിയേന്തിയ ഡോക്ടറുടെ കൈകൾ കുഞ്ഞിലേക്കടുക്കും തോറും അവൾ കണ്ണുകൾ ഇറുകെയടച്ചു. അവളുടെ ഇരിപ്പ് കണ്ട് ബാക്കി എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു. പെട്ടന്ന് തന്നെ കിച്ചു കുഞ്ഞിനെ കയ്യിൽ വാങ്ങി കുത്തിവയ്പ്പിനായി ഇരുന്നപ്പോൾ കുഞ്ഞ് വേദനിക്കുന്നത് കാണാൻ വയ്യെന്ന പോലെ അവൾ മുഖം തിരിച്ചു കണ്ണീർ വാർത്തു. പുറകിൽ അലറിക്കരയുന്ന കുഞ്ഞിനൊപ്പം അവളുടെ ഏങ്ങലടികൾ കൂടി പുറത്തു വന്നപ്പോൾ കരച്ചിൽ നിയന്ത്രിക്കാനാവാതെ അവൾ പതിയെ പുറത്തേക്കിറങ്ങി. ഇത്തിരി കഴിഞ്ഞ് കുഞ്ഞുമായി കിച്ചു പുറത്തേക്ക് ഇറങ്ങിയപ്പോൾ അവന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി അവൾ തെരു തെരെ ഉമ്മ വയ്ച്ചു.

ആ കാഴ്ച ചുറ്റും കൂടി നിന്നവരുടെ കൂടി മനസ്സ് നിറയ്ക്കുന്നതായിരുന്നു ഒപ്പം കിച്ചുവിന്റെ ചുണ്ടിലും ഒരിളം പുഞ്ചിരി തത്തിക്കളിച്ചു. തിരിച്ചു വീട്ടിലേക്ക് പോവാനായി കാറിൽ കയറാൻ ബാക്ക് ഡോർ തുറക്കാനായി ദിയ ശ്രമിച്ചെങ്കിലും സാദിക്കുന്നുണ്ടായിരുന്നില്ല. സംശയത്തോടെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന കിച്ചുവിനെ നോക്കിയപ്പോൾ കോ-ഡ്രൈവർ സീറ്റിൽ ഇരിക്കാനായി അവൻ കണ്ണു കാണിച്ചു.കരയുന്ന കുഞ്ഞിനൊപ്പം മനസ് കൂടി അസ്വസ്ഥമായതോടെ അവൻ പറയുന്നത് അനുസരിക്കുകയല്ലാതെ അവൾക്ക് വേറെ വഴിയില്ലായിരുന്നു. അവനന്റെ തൊട്ടടുത്ത് ഇരുന്നപ്പോഴും അവളുടെ ശ്രദ്ധമുഴുവൻ കുഞ്ഞിൽ തന്നെയായിരുന്നു.

ഇടയ്ക്കെപ്പോഴോ വേദനയുടെ ആലസ്യത്തിൽ കുഞ്ഞ് ഉറങ്ങിയിട്ടും അവളുടെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു.കുഞ്ഞിനെ മാറോടു ചേർത്തു പിടിച്ചു ആ മുഖത്തേക്ക് തന്നെ ഉറ്റുനോക്കിയിരുന്ന അവൾ ഇടയ്ക്കെപ്പോഴോ വണ്ടി നിർത്തിയതായി തോന്നിയാണ് തലയുയർത്തി നോക്കിയത്.കുറച്ച് വിജനമായ ഒരിടത്ത് വണ്ടി നിർത്തി തന്നെത്തന്നെ ഉറ്റു നോക്കിയിരിക്കുന്ന കിച്ചുവിനെ കാൺകെ അവൾക്കു വല്ലാത്തൊരു അസ്വസ്ഥത തോന്നി. അവൾ പതിയെ മുഖം തിരിച്ചപ്പോൾ പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ വണ്ടിയിൽ കരുതിയിരുന്ന മിനറൽ വാട്ടറിന്റെ കുപ്പി തുറന്നവൻ വെള്ളം അവൾക്കു നേരെ നീട്ടി.മടിച് മടിച്ചു അത് വാങ്ങി ഇത്തിരി വെള്ളം കുടിച്ച് കുപ്പി അവനു തിരികെ നൽകിയപ്പോൾ കണ്ണീരൊപ്പാനെന്ന വണ്ണം ടിഷ്യൂ പേപ്പർ കൂടി അവൻ വയ്ച്ചു നീട്ടി.

“നിനക്ക് അമ്മ വേഷം നന്നായി ഇണങ്ങുന്നുണ്ട് …” അവന്റെ വാക്കുകൾ കേട്ട് മുഖം അമർത്തിതുടച്ചവൾ നോക്കുമ്പോൾ ആ കണ്ണുകൾ തന്നിൽ തന്നെ തങ്ങി നിൽക്കുന്നതാണവൾ കണ്ടത്.അത്ഭുതത്തോടെ അവനെ നോക്കിയപ്പോൾ ഇടയ്ക്കെപ്പോഴോ ഒരു പുഞ്ചിരി അവളുടെ ചൊടികളിൽ വിരിഞ്ഞിരുന്നു. “എന്തെ ഇപ്പോൾ അങ്ങനെ തോന്നാൻ?” “എനിക്ക് തോന്നി. ഞാൻ പറഞ്ഞു. ദാറ്റ്സ് ഓൾ. നിനക്ക് കുഞ്ഞിനെ കാണുമ്പോൾ എപ്പോഴെങ്കിലും ക്രിസ്റ്റിയെ ഓർമ വരാറുണ്ടോ ദിയാ ?” ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചെങ്കിലും അവന്റെ അടുത്ത ചോദ്യത്തിനും ആദ്യം അവളുടെ മറുപടി ഒരു പുഞ്ചിരി തന്നെയായിരുന്നു. “അതിന് എന്റെ കുഞ്ഞിന് അയാളുമായി എന്താണ് ബന്ധം? അമ്മ ഉദരത്തിലും അച്ഛൻ മനസ്സിലും കുഞ്ഞിനെ ചുമക്കുന്നു എന്നല്ലേ?

അപ്പോൾ പിന്നേ എന്റെ കുഞ്ഞിന് അയാളുമായി ഒരു ബന്ധവും ഇല്ല. എന്റെ കുഞ്ഞിന്റെ പിതൃത്വം അയാൾ നിഷേധിച്ചപ്പോൾ തന്നെ എന്റെ മനസ്സിൽ അയാൾ മരിച്ചതാണ്. അതല്ലേ അയാളോടുള്ള പ്രണയത്തിൽ അന്ധയായിരുന്ന ഞാൻ തന്നെ ഒരു കുറ്റബോധവും ഇല്ലാതെ അയാളെ കൊന്നത്.ഞാനറിയാതെ മദ്യം തന്ന് സമ്മതമില്ലാതെ അയാൾ എന്നെ സ്വന്തമാക്കിയപ്പോൾ പോലും എനിക്കായാളോട് പ്രണയത്തിനപ്പുറം ഒരു തരിമ്പ് പോലും ദേഷ്യമില്ലായിരുന്നു.പിന്നേ ഒരു പെണ്ണിന് കുഞ്ഞിനെ കൊടുത്തത് കൊണ്ട് മാത്രം അച്ഛനാവില്ലല്ലോ അമ്മയുടെ മനസ്സിൽ കൂടി തന്റെ കുഞ്ഞിന്റെ അച്ഛന്റെ സ്ഥാനത്ത് അയാളുണ്ടാവണം.”

നിർവികാരതയോടെ അവൾ പറഞ്ഞു നിർത്തി ഒപ്പം അവനും എന്തോ ആലോചനയിൽ തന്നെയായിരുന്നു. “അപ്പോൾ പിന്നേ കണ്ണന്റെ അച്ഛന്റെ സ്ഥാനത്ത് നിന്റെ മനസ്സിൽ ആരായിരുന്നു?” അവന്റെ ചോദ്യത്തിന് ഉത്തരമെന്നോണം അവളിലെ പതർച്ച അവനും അറിഞ്ഞിരുന്നു.. “പറ…. ആരായിരുന്നു? ഞാനാണോ?” “എ….. ഏയ്….. അല്ല…. എന്റെ കുഞ്ഞിന് അച്ഛനില്ല…. ആ സ്ഥാനത്തിനി ആരും വേണ്ടാ….” അവന്റെ ചോദ്യത്തിന് കിതച്ചു കൊണ്ടാണവൾ ഉത്തരം നൽകിയത്. “അല്ല… അതൊക്കെ പോട്ടെ ….നീ ആന്റിയമ്മയോട് എവിടെയോ പോണെന്നോ… ആന്റിയമ്മയെ കൊണ്ടു പോവാമെന്നൊക്കെ പറഞ്ഞെന്ന് കേട്ടു…. എങ്ങോട്ടാണാവോ?” തന്റെ കണക്കുകൂട്ടലുകളൊക്കെ അവൻ തിരിച്ചറിഞ്ഞതിൽ അവൾക്ക് വല്ലാതെ തോന്നി.

“കിച്ചുവേട്ടാ…. അതുപിന്നെ….ഞാൻ….എപ്പോഴായാലും പോവണ്ടേ. കിച്ചുവേട്ടന്റെ ജീവിതത്തിലേക്ക് ചാരു വരുമ്പോൾ എന്റെ സാന്നിധ്യം ഒരു കല്ലുകടി തന്നെയായിരിക്കും.” പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപേ അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു. “ചാരു…എന്റെ ജീവിതത്തിലേക്ക് വന്നാലല്ലേ.? ഇല്ലെങ്കിലോ?….” അവന്റെ വാക്കുകൾ അവൾക്കു വലിയൊരു ഷോക്ക് തന്നെയായിരുന്നു. “കിച്ചുവേട്ടൻ എന്തൊക്കെയാ ഈ പറയുന്നത്. ഒരു പെൺകുട്ടിക്ക് ആശ കൊടുത്തിട്ട് ഇപ്പോൾ പിന്മാറുകയാണോ?” “അപ്പോൾ മുൻപ് നീയെനിക്കു കുറെ ആശകൾ തന്നതോ? പെൺകുട്ടികളുടെ ആഗ്രഹങ്ങൾക്ക് മാത്രമേ വിലയുള്ളോ?” “അത് കഴിഞ്ഞില്ലേ? പിന്നേ ഇപ്പോൾ നമ്മൾ പിരിയാൻ നിൽക്കുവല്ലേ? ഇനി എന്തിനാ അതൊക്കെ പറയുന്നത്?”

“പിരിയാമെന്ന് നീ തീരുമാനിച്ചാൽ ഞാനങ്ങു സമ്മതിച്ചു തരണമെന്നാണോ? നമ്മുടെ ജീവിതത്തിൽ നിന്റെ ആഗ്രഹങ്ങൾക്ക് തന്നെയാണ് ഞാൻ മുൻഗണന നൽകിയിരുന്നത് പക്ഷെ ഇനി അത് നടക്കില്ല.നിനക്ക് എന്റെ സമ്മതത്തോടെ ഡോവോഴ്സ് കിട്ടില്ല. പിന്നേ അന്ന് ഹോസ്റ്റലിൽ നടന്നത് എന്റെയും ചരുവിന്റെയും ഒരു ഡ്രാമ മാത്രമായിരുന്നു.നിന്നെ വീട്ടിലെത്തിക്കാൻ ഞാൻ കണ്ടെത്തിയ മാർഗം.നല്ലൊരു പെൺകുട്ടിയെ ഞാൻ കണ്ടെത്തിയെന്നെ അന്നും നിന്നോട് പറഞ്ഞിട്ടുള്ളൂ. ചാരു നല്ല കുട്ടിയാ…. പക്ഷെ അവളെ വിവാഹം കഴിക്കുമെന്നൊരു പാഴ് വാക്ക് ഞാൻ പറഞ്ഞിട്ടില്ല.പിന്നേ വാശി നിന്റെ മാത്രം കുത്തകയല്ലല്ലോ ദിയാ ?

അതുപോലെ നീ അന്ന് ഒപ്പിട്ടത് ഡിവോഴ്സ് പേപ്പറിലും അല്ല.എന്റെ സുഹൃത്തു വഴി ഞാൻ ഒപ്പിച്ച ഒരു വിലയില്ലാത്ത പേപ്പർ മാത്രമായിരുന്നു അത്. അതിൽ എഴുതിപ്പിടിപ്പിച്ചിരുന്നത് എന്താണെന്ന് എനിക്ക് പോലും അറിയില്ല. നീയും അതൊന്നും വായിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു. നിന്റെ കണ്ണുനീരിൽ പടർന്ന മഷി ഇന്നും ആ പേപ്പറിൽ അതേ പോലെ ഉണ്ട്.” അവൻ പറയുന്നതൊന്നും ഉൾക്കൊള്ളനാവാതെ വല്ലാത്ത ഒരവസ്ഥയിലായിരുന്നു അവൾ. “ഇനി പറ നിന്റെ കുഞ്ഞിന്റെ അച്ഛന്റെ സ്ഥാനത്ത് നിന്റെ മനസ്സിൽ ഞാനല്ലേ…. നീ എത്ര നിഷേധിച്ചാലും ഇപ്പോൾ നിന്റെ കണ്ണിൽ നിന്നും പൊഴിയുന്ന ഒരോ തുള്ളി കണ്ണുനീരും എനിക്കുള്ള ഉത്തരമാണ് ദിയ…” “ഇല്ല കിച്ചുവേട്ടാ….ഞാൻ ചീത്തയാ….

കിച്ചുവേട്ടന്റെ അമ്മയുടെ മരണത്തിന്റെ കാരണക്കാരി.ഇനിയും എന്നെ ജീവിതത്തിലേക്ക് വലിച്ചിഴച്ചു സ്വൊയം നശിക്കരുത്. പൊട്ടിക്കരഞ്ഞു കൊണ്ട് അവളതു പറഞ്ഞപ്പോൾ അവന്റെ മുഖത്ത് ഒരു പുച്ഛചിരി ഉണ്ടായിരുന്നു. “പക്ഷെ എന്റെ പാവം അമ്മയാണ് നിന്നോട് ആദ്യം ക്ഷമിച്ചത്.നിന്നെ ജീവിതത്തിലേക്കിനി വിളിക്കുന്നില്ലെന്ന് ഞാൻ ഇടയ്ക്കെപ്പോഴോ തീരുമാനിച്ചിരുന്നു.പക്ഷെ മരണത്തിനു തൊട്ട് മുൻപ് നിന്നെ ഉപേക്ഷിക്കില്ലെന്നും…. വീണ്ടും സ്വീകരിക്കാമെന്നും ഞാൻ എന്റെ അമ്മയ്ക്ക് വാക്ക് കൊടുത്തതാണ്. അത് പാലിക്കാതിരുന്നാൽ മരണം വരെ എനിക്ക് സമാദാനം ഉണ്ടാവില്ല.”

അവൻ പറഞ്ഞുവരുന്നത് എന്താണെന്ന് ഏകദേശം മനസ്സിലായി വന്നെങ്കിലും അവൾ നിഷേധാർത്ഥത്തിൽ തലചരിപ്പിച്ചു പൊട്ടിക്കരയുന്നുണ്ടായിരുന്നു. “ഇല്ല…. ഞാൻ ഒരിക്കലും സമ്മതിക്കില്ല. എനിക്ക് ഡിവോഴ്സ് വേണം..കിട്ടിയേ പറ്റുള്ളൂ” “ശെരി… അങ്ങനെയാണ് നിന്റെ തീരുമാനമെങ്കിൽ നടക്കട്ടെ. പക്ഷെ ഈ കിച്ചുവിന്റെ ജീവിതത്തിൽ ഇനി വേറൊരു പെണ്ണില്ല….ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ച് വാർദ്ധക്യത്തിൽ പോലും ഒരിറ്റ് വെള്ളം തരാൻ പോലും ആരുമില്ലാതെ ഞാൻ തീരട്ടെ….” “പ്ലീസ്…..വേണ്ടാ…. കിച്ചുവേട്ടാ…. ഞാൻ കിച്ചവേട്ടന് ചേരില്ല. നിങ്ങൾ ഇപ്പോൾ നൽകുന്ന പരിഗണന പോലും കുറ്റബോധം കൊണ്ടെന്നെ പൊള്ളിക്കുന്നുണ്ട്. നിങ്ങളുടെ സ്നേഹം പോലും എനിക്കിന്ന് നോവാണ്.” “അപ്പോൾ പിന്നേ ഒരു ഡിവോഴ്സ് തന്ന് നിന്നെ ഞാനങ്ങു രക്ഷപ്പെടാൻ അനുവദിക്കണോ

.നിന്നെ മറന്ന് മറ്റൊരു പുതിയ ജീവിതം തുടങ്ങി നിന്നെ സ്വസ്ഥമായി ജീവിക്കാൻ ഞാൻ അനുവദിക്കണോ?” “കിച്ചുവേട്ടാ…ഞാൻ….” “മതി ദിയ. എന്റെ തീരുമാനം ഞാൻ പറഞ്ഞു. ഇനി തീരുമാനം നിന്റേതാണ്. നിന്നെ പഴയപോലെ സ്നേഹിക്കാൻ പറ്റുവൊന്ന് എനിക്കറിയില്ല.നിന്റെ കുഞ്ഞിന് നല്ലൊരച്ഛൻ ആവാൻ പറ്റുവൊന്നും അറിയില്ല.പിന്നേ നീ ചെയ്ത തെറ്റിന്റെ പേരിൽ ഈ കുഞ്ഞിന് വന്നു ചേരുന്ന ഭാഗ്യങ്ങളൊക്കെ തട്ടിത്തെറിപ്പിക്കാൻ നിനക്ക് എന്ത് അവകാശമാണ് ഉള്ളത്. അന്ന് നൂല് കെട്ട് ചടങ്ങ് ലളിതമാക്കാൻ നീ വാശിപ്പിടിച്ചപ്പോൾ ചോദിക്കണമെന്ന് കരുതിയതാ.പിന്നെ നിന്റെ തീരുമാനം പോസിറ്റീവ് ആണെങ്കിൽ ഒന്നുണ്ട് അന്ന് നീ എനിക്ക് നേരെ വലിച്ചെറിഞ്ഞ ഞാൻ നിന്റെ കഴുത്തിൽ കെട്ടിയ താലി.

അതിനി ഒരിക്കലും ഞാൻ തിരിച്ചു തരില്ല. ഇടയ്ക്ക് നീ ഉപേക്ഷിച്ച നെറുകയിലെ സിന്ദൂരവും ഇനിയൊരിക്കലും ഞാനായിട്ട് നിന്നെ അണിയിക്കില്ല. താലിയും സിന്ദൂരവും ഒരു ഭാര്യയെ സംബന്ധിച്ചിടത്തോളം എത്ര പവിത്രമാണെന്ന് എനിക്കറിയാം.ഭാര്യയിൽ നിലനിൽക്കുന്ന ഭർത്താവിന്റെ ആയുസ്സിന്റെയും ഐശ്വര്യത്തിന്റെയും അടയാളമാണ് അതെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.നമ്മുടെ ജീവിതത്തിൽ അത്തരം അടയാളങ്ങൾ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് എനിക്ക് എന്ത് സംഭവിച്ചാലും നീ മുൻപ് പ്രവർത്തിച്ച അവിവേകം നിന്റെ ഓർമയിൽ ഉണ്ടാകണം. ഇതാണ്‌ഞാൻ നിനക്ക് തരുന്ന ശിക്ഷ.പിന്നേ ഒന്ന് കൂടി മുൻപ് നമ്മൾ ജീവിതം തുടങ്ങുമ്പോൾ നീയെന്നോട് ഇത്തിരി സമയം ചോദിച്ചിരുന്നു.

പക്ഷെ ഇപ്പോൾ എനിക്കാണ് സമയത്തിന്റെ ആവശ്യം.അത് ഞാൻ എന്റെ ഇഷ്ടമുള്ളത്രയെടുക്കും.നിനക്ക് നാളെ രാവിലെ വരെ ആലോചിക്കാൻ സമയമുണ്ട്.മറുപടിക്കായി ഞാൻ വെയിറ്റ് ചെയ്യാം.” അത്രയും പറഞ്ഞു അവളുടെ കണ്ണീരിനെയും എതിർപ്പുകളെയും പാടെ അവഗണിച്ചു അവൻ വീട്ടിലേക്ക് വണ്ടി തിരിച്ചു.യാത്രയിലുടനീളം പിന്നീടവർ മൗനത്തിലായിരുന്നു.വീട്ടിലും അതേ അവസ്ഥ തന്നെയായിരുന്നെങ്കിലും ഇടയ്ക്കിടെ അവന്റെ കരുതൽ ആ കുഞ്ഞിനെ തേടിയെത്തുന്നുണ്ടായിരുന്നു.കുഞ്ഞിന്റെ അവസ്ഥയിലും കിച്ചുവിന്റെ അപ്രതീക്ഷിതമായ തീരുമാനത്തിലും ആകെ കലുഷിതമായിരുന്നു ദിയയുടെ മനസ്സ്. വേദന കൊണ്ട് പുളഞ്ഞു കരയുന്ന കുഞ്ഞിനൊപ്പം അവളും മനോവേദനയിൽ പുളയുന്നുണ്ടായിരുന്നു. *

പിറ്റേന്ന് പുലർച്ചെ കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് കിച്ചു ഉണർന്നത്. വേഗത്തിൽ എഴുന്നേറ്റ് ദിയയുടെ റൂമിലേക്കുനടക്കുമ്പോൾ ആ മുറി തുറന്നുകുഞ്ഞിനെയുമെടുത്ത് വെപ്രാളത്തിൽ ദിയയും പുറകെ ആന്റിയമ്മയും പുറത്തോട്ടിറങ്ങി വന്നു.തലയിൽ ഒരു തോർത്ത് ചുറ്റി നേര്യേതും ധരിച്ചു കുളികഴിഞ്ഞിറങ്ങിയ വേഷത്തിലായിരുന്നു ദിയ. “കിച്ചുവേട്ടാ മോൻ കരച്ചിൽ നിർത്തുന്നില്ല…. ഇന്നലെ രാത്രി മുഴുവൻ കരയുവായിരുന്നു. ഒരു പോള കണ്ണടച്ചിട്ടില്ല.പാലും കുടിക്കുന്നില്ല. ധാ… ഇപ്പോൾ ഒന്നുറങ്ങിയപ്പോൾ ഞാൻ കുളിക്കാൻ കേറീതാ….. പക്ഷെ അപ്പോഴേക്കും…” കരച്ചിനിടയിൽ പരിഭ്രമത്തോടെ അവൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.

“ആന്റിയമ്മേ ഇത്തിരി ഐസ് വേണം….” അവൻ പറയേണ്ട താമസം ഐസ് എടുക്കുവാനായവർ വെപ്രാളപ്പെട്ട് താഴേക്കിറങ്ങി പോയി. കുഞ്ഞിനെ ദിയയിൽ നിന്നു വാങ്ങി മുറിയിലേക്ക് പ്രവേശിച്ചപ്പോൾ ആകുലതയോടെ അവനു പിറകെ അവളുമുണ്ടായിരുന്നു. കുഞ്ഞിനെ തന്റെ മടിയിൽ കിടത്തി കുത്തിവയ്ച്ച കാലനങ്ങാതെ ഇത്തിരി നേരം താളം പിടിച്ചപ്പോൾ കുഞ്ഞ് പതിയെ മയങ്ങിത്തുടങ്ങി.ആന്റിയമ്മ കൊണ്ടുവന്ന ഐസ് ക്യുബ് ഉടച്ചു തുണിയിൽ പൊതിഞ്ഞു മുറിവുള്ളിടത്ത് കുഞ്ഞിന്റെ കാലിലായി പതിയെ തുടച്ചു കൊടുത്തു. ഉറക്കത്തിൽ പതിയെ ഞരങ്ങുന്നുണ്ടങ്കിലും കുഞ്ഞ് നല്ല ഉറക്കമാണെന്ന് തോന്നിയപ്പോൾ ദിയയുടെ എന്നപോലെ അവന്റെ മുഖത്തും ആശ്വാസമുണ്ടായിരുന്നു.

കുഞ്ഞിന്റെ ഉറക്കത്തിന് ഭംഗം വരുത്താതെ കുറേ നേരം അതെയിരിപ്പ് തുടർന്നപ്പോൾ ഇടയ്ക്കെപ്പോഴോ തലേദിവസം നഷ്ടപ്പെട്ട ഉറക്കത്തിന്റെ ക്ഷീണത്തിൽ പതിയെ ദിയയും അറിയാതെ അവന്റെ തോളിലേക്ക് ചാഞ്ഞു പോയി.അവളുടെ വീങ്ങിയ മുഖവും ചുവന്ന കണ്ണുകളും ഉറക്കം നഷ്ടപ്പെട്ടതിന്റെയും മനസ്സറിഞ്ഞു കരഞ്ഞതിന്റെയും അടയാളങ്ങൾ ആയിരുന്നു. ഇടയ്ക്കെപ്പോഴോ അവളുടെ നെറുകയിൽ നിന്നും തോർത്ത് തെന്നിമാറി മുടിയിഴകൾക്കിടയിൽ പെട്ടെന്ന് കാണാത്ത വിധത്തിൽ പടർത്തിയ ചുവപ്പ് ചായത്തിൽ കണ്ണുടക്കിയപ്പോൾ തന്നെ അവൻ കേൾക്കാൻ കൊതിച്ച അവളുടെ മറുപടി അവനു ലഭിച്ചിരിക്കുന്നു. ഇടയ്ക്കെപ്പോഴോ മയക്കത്തിൽ അവളിലേക്ക് തലചായ്ക്കുമ്പോൾ അവന്റെ ചുണ്ടിലെന്നപോലെ മടിയിലുറങ്ങുന്ന കുഞ്ഞിന്റെ ചുണ്ടിലും ഒരിളം പുഞ്ചിരിയുണ്ടായിരുന്നു. അവസാനിച്ചു……

വീട്ടിൽ പ്രതീക്ഷിക്കാതെ അംഗസംഖ്യ ഇത്തിരി കൂടി.കഥ എഴുതാനുള്ള സാഹചര്യം തീരെ ഇല്ലായിരുന്നു.അന്വേഷണങ്ങൾ കൂടി വന്നപ്പോൾ തട്ടിക്കൂട്ടിയതാണ്.ഒട്ടും തൃപ്തി തോന്നിയില്ല.പിന്നേ കഥ ഇങ്ങനെ അവസാനിപ്പിച്ചതിൽ പലർക്കും ഇഷ്ടം ഉണ്ടാവില്ല.ഇങ്ങനൊരു ക്ലൈമാക്സിനായി ഇത്രേം കൊണ്ടെത്തിച്ചിട്ടു ലാസ്റ്റ് ഭാഗം മാറ്റിയാൽ ആകെ കുളമാകും എന്ന് തോന്നി,പിന്നേ ചിലപ്പോൾ കഥയും നീളും…അതോണ്ടാണെ.നിങ്ങൾ പറയുന്ന അഭിപ്രായങ്ങൾ ഓക്കേ എന്റെ കഥാപാത്രങ്ങളോടുള്ള സ്നേഹം കൊണ്ടാണെന്നതിൽ എനിക്ക് സന്തോഷം ഉണ്ട്. സപ്പോർട്ട് ചെയ്ത എല്ലാരോടും ഒത്തിരി ഒത്തിരി ഒത്തിരി നന്ദി.

😍😍😍😍നിങ്ങളുടെ സപ്പോർട്ട് ഒരു രക്ഷേം ഇല്ലായിരുന്നു. എന്റെ മനസ്സിൽ ഇതൊരു ചെറിയ കഥ ആയിരുന്നു. എഴുതി തുടങ്ങിയപ്പോൾ ഇത്രേം ഭാഗം ആയിപോയി. ഇടയ്ക്ക് നിർത്തിയാലോ എന്നൊക്കെ ചിന്തിച്ചിരുന്നു. പക്ഷെ കാണാതാവുമ്പോളേക്ക് തേടിയെത്തുന്ന അന്വേഷണങ്ങൾ കൊണ്ടാണ് ഇത്രേം എത്തിയത്.ഒരാള് വഴക്ക് പറയുമ്പോൾ പോലും സന്തോഷം തോന്നിയത് ഈ കഥ എഴുതാൻ തുടങ്ങിയത്തിലാണ് 😌. ഒരിക്കൽ കൂടി എല്ലാവരോടും ഒത്തിരി സ്നേഹം. സ്പെഷ്യൽ താങ്ക്സ് to :adov JD, adov ഐശ്വര്യ, and Dr jami. ഇത്തിരി കനത്തിൽ അഭിപ്രായം പറയണേ പ്ലീസ്….💖💖

ഹരി ചന്ദനം: ഭാഗം 53

Share this story