പ്രണയവസന്തം : ഭാഗം 29

പ്രണയവസന്തം : ഭാഗം 29

എഴുത്തുകാരി: റിൻസി പ്രിൻസ്‌

പിന്നിൽ നിന്നും ഒരു പ്രഹരം ഏറ്റതും ഒരുമിച്ചായിരുന്നു…….. ആ പ്രഹരത്തിന്റെ ശക്തിയിൽ സേവ്യർ മുൻപിലേക്ക് വീണു പോയിരുന്നു………… പിന്നീടാണ് ആരോ തന്നെ പിന്നിൽ നിന്നും ചവിട്ടിയതാണ് എന്ന് സേവ്യറിന് മനസ്സിലായത്……. അവൻ കണ്ണുതുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടു പകച്ചു പോയിരുന്നു……. ഒരു നിമിഷം ആൻസിയും മുൻപിൽ നിൽക്കുന്ന ആളിനെ കണ്ടു ഭയന്നു പോയിരുന്നു…….. ആൽവിൻ………! അറിയാതെ ആൻസിയുടെ ചുണ്ടുകൾ മന്ത്രിച്ചു…….. “കഴുവർടെ മോനെ……… എന്റെ കുഞ്ഞിനെ കൊണ്ട് കളയാൻ പറയാൻ നിനക്ക് എങ്ങനെ ആണ് ഡാ ധൈര്യം വന്നത്……. ആൽവിന്റെ ശബ്ദം അവിടെ പ്രകമ്പനം കൊണ്ടു……..

ഒരു നിമിഷം ആ ശബ്ദം മുറിയിൽ കിടന്നിരുന്ന ജാൻസിയുടെ കാതുകളിലും എത്തി……… ഉറക്കത്തിൽ നിന്നും ഉണർന്ന താൻ സ്വപ്നം കണ്ടതാണോ എന്ന് ഒരു നിമിഷം ജാൻസിക്ക് തോന്നിയിരുന്നു………. അല്ല എത്ര ആൾക്കൂട്ടത്തിനിടയിലും എത്ര കരാഘോഷങ്ങൾക്ക് ഇടയിലും ആ ശബ്ദം തിരിച്ചറിയാൻ തനിക്ക് കഴിയും…………. അവളറിയാതെ ജനലിലൂടെ പുറത്തേക്ക് നോക്കി………… അപ്പോഴേക്കും അവൾക്ക് കാണാമായിരുന്നു ആൽവിനെ…….. ഒരു കറുത്ത ജീൻസും നീല ഷർട്ടും ഇട്ടു നിൽക്കുന്ന ആൽവിൻ…….. തിരിഞ്ഞു നിൽക്കുകയാണ് അതിനാൽ മുഖം കാണാൻ കഴിയുകയില്ല………..

എങ്ങനെ അവൻ ഇവിടെ എത്തി എന്ന് അവൾ ഓർത്തു…….. ഒരു നിമിഷം അവൾ കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കി…….. ആൽവിനെ പോലെ തന്നെയാണ് കുഞ്ഞുങ്ങൾ എന്ന് ആദ്യകാഴ്ചയിൽ തന്നെ അവൾക്ക് തോന്നിയിരുന്നു……….. ആ മൂക്കും കണ്ണും നിറവും എല്ലാം അതുപോലെ തന്നെയാണ്………… ഈശോയെ എങ്ങനെ ഇവിടെ എത്തി…….. അവളുടെ നെഞ്ചിൽ ഒരു ഭയം തിര തല്ലാൻ തുടങ്ങി……… ഇനിയും താൻ എവിടെ പോയി ഒളിക്കും………….? തൻറെ തൊട്ട് അടുത്ത് വരെ എത്തിയിരിക്കുന്നു……….. ” അവൾ പിഴച്ചതാണ് എന്ന് നിന്നോട് ആരാടാ പട്ടി പറഞ്ഞത്…….. അവൾ പിഴച്ചിട്ടില്ല…….

അവൾ അവളെ ജീവനുതുല്യം സ്നേഹിച്ച ആൺ ഒരുത്തൻറെ കൂടെ മാത്രമേ ജീവിച്ചിട്ടുള്ളൂ……… അരമനയിൽ ആൽവിൻ ആൻറണിയുടെ കൂടെ………. അതായത് ഈ എൻറെ കൂടെ……… അതും എന്നിൽ പൂർണ്ണമായും എല്ലാ അവകാശങ്ങളും നേടിയതിനു ശേഷം…………… ഇനിമേലിൽ നിൻറെ വൃത്തികെട്ട നാവിൽനിന്നും എൻറെ പെണ്ണിനെ പറ്റി ഒരു മോശം വാക്ക് വീണാൽ………

നീ രണ്ടു കാലിൽ നിൽക്കില്ല…….. അതുവരെ മനസ്സിലൊളിപ്പിച്ച വേദനകളെല്ലാം ആ നിമിഷം പുറത്തു വരികയായിരുന്നു ആൽവിന്……. അവനെ കണ്ടപ്പോൾ വീണ്ടും ഹൃദയം പെരുമ്പറ മുഴക്കുന്നത് ജാൻസി അറിയുന്നുണ്ടായിരുന്നു………

ആ സാമീപ്യം തന്റെ ഹൃദയമത്രമേൽ ആഗ്രഹിച്ചിരുന്നോ…….? അവൾ ഓർക്കുകയായിരുന്നു……. ഒന്നും കണ്ടപ്പോൾ തന്നെ തന്നിൽ ഉണ്ടായ സന്തോഷം ചെറുത് അല്ല……….. ഒന്ന് കണ്ടാൽ മാത്രം മതിയായിരുന്നു തനിക്ക്………… തൻറെ മനസ്സ് ഇപ്പോൾ പൂർണ്ണതയിൽ എത്തിനിൽക്കുകയാണ്…….. ആ കാഴ്ച അവൾ മനസ്സിലേക്ക് ആവാഹിച്ച് എടുക്കുകയായിരുന്നു……….. ആൻസി……… അവൾ എവിടെ…….. എനിക്ക് കാണണം……… അറിയാതെ ആൻസി അകത്തേക്ക് കൈചൂണ്ടി……….. ആൽവിൻ അപ്പോഴേക്കും അകത്തേക്ക് കയറിയിരുന്നു…………….. ഒരു ഇടുങ്ങിയ മുറി അതിലൊരു കട്ടലിൻറെ ഓരം ചേർന്ന് കോട്ടൺ നൈറ്റി അണിഞ്ഞിരിക്കുന്ന ജാൻസി………

ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു…… കുറ്റബോധത്തിൽ മുഖം കുനിഞ്ഞു പോയി ………… ടെസ്സ പറഞ്ഞതുപോലെ അല്പം ക്ഷീണം വന്നിട്ടുണ്ട് എന്നല്ലാതെ മറ്റൊരു മാറ്റവും അവളിൽ കാണാൻ അവന് കഴിഞ്ഞില്ല……… കുഞ്ഞി കണ്ണിറുക്കി പിടിച്ചു കിടന്നുറങ്ങുന്ന 2 കുഞ്ഞു കുരുന്നുകൾ………… കൈകൾ രണ്ടും ചുരുട്ടി പിടിച്ചിരിക്കുക ആണ്……… ഇളം റോസ് നിറമുള്ള രണ്ടു ചുണ്ടുകളും അപ്പോഴും ഉറക്കത്തിൽ പാല് കുടിക്കുകയാണ് എന്ന് അവനു തോന്നി…………. ജാൻസിയുടെ മുഖത്തേക്കാണ് ആദ്യം നോട്ടം ചെന്നത്………. എന്തുകൊണ്ടോ അവൾ മുഖമുയർത്തി ഇല്ല………..

ഒരുപക്ഷേ അവളുടെ കുറ്റബോധം അത്രമേൽ അവളെ അശക്ത ആക്കിയിട്ടുണ്ടാകും……… നിൻറെ കല്യാണം കഴിഞ്ഞൊ……..? എന്നാണ് ആദ്യമായി അവളോട് ചോദിക്കാൻ മനസ്സിൽ വിചാരിച്ചിരുന്ന ചോദ്യം…….. പക്ഷേ ഈ കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കുമ്പോൾ ആ ചോദ്യം അവിടെ അപ്രസക്തമാവുകയാണ്……… തന്നെ അതുപോലെ വരച്ചു വച്ചത് പോലെ രണ്ട് കുരുന്നുകൾ……… ഇനി തനിക്ക് എന്താണ് അവളോട് ചോദിക്കാൻ ഉള്ളത്…….. കുറച്ചുനേരം മിഴികൾ തമ്മിൽ കോർത്തു……….. അവളുടെ മിഴികൾ നിറഞ്ഞപ്പോൾ അവൻ ദൃഷ്ടി മാറ്റി………… ” എടുക്കാൻ ഉള്ളത് എന്താണെന്നുവെച്ചാൽ എടുക്ക്………

ഇപ്പോൾ വരണം എൻറെ കൂടെ……… അത്രമാത്രം അവളോട് പറഞ്ഞു……. ” എവിടേക്ക്………? പതിഞ്ഞത് എങ്കിലും ഉറച്ചത് ആയിരുന്നു അവളുടെ ശബ്ദം………. “എന്റെ കുഞ്ഞുങ്ങളും എന്റെ ഭാര്യയും എന്നോടൊപ്പം ആണ് താമസിക്കേണ്ടത്………. ” ആരു പറഞ്ഞു ഇത് നിങ്ങളുടെ കുഞ്ഞുങ്ങൾ ആണെന്ന്……….? “എടി………………. നീ ഈ അവസ്ഥയിൽ ആയത് കൊണ്ട് മാത്രം ആണ് ഞാൻ നിന്റെ ചെകിട് തല്ലി പൊട്ടിക്കാത്തത്……… എൻറെ ചോരയെ തിരിച്ചറിയാൻ എനിക്ക് ആരുടെയും വിശദീകരണത്തിന്റെ ആവശ്യമില്ല………. അവന്റെ മറുപടിക്ക് മുന്നിൽ ജാൻസിക്ക് മറുപടി ഉണ്ടായിരുന്നില്ല………………. രണ്ടുപേരുടെയും മുഖത്തേക്ക് അവൻ ഒന്ന് തലോടി……. കണ്ണിറുക്കി പിടിച്ച് ഉറങ്ങുകയാണ്………..

രണ്ടാളും അറിയുന്നുണ്ടോ നിങ്ങളുടെ അവകാശി ആണ് വന്നിരിക്കുന്നത് എന്ന്……… അറിയുന്നുണ്ടോ നിങ്ങളുടെ സ്വന്തം അച്ഛനാണ് ഈ തഴുകുന്നത് എന്ന്………. അച്ഛൻറെ സ്നേഹവാത്സല്യങ്ങളും കരുതലും അറിയാതെ അമ്മയുടെ ഉദരത്തിൽ കിടന്നവർ………… അമ്മയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് ചോദിച്ചു അറിഞ്ഞു അച്ഛൻ വാങ്ങി കൊണ്ടുവരുന്ന ആഹാരസാധനങ്ങളുടെ രുചി അറിയാതെ അമ്മയുടെ വയറ്റിൽ വളർന്ന കുഞ്ഞുങ്ങളാണ്……….

അമ്മയെ മാത്രം അറിഞ്ഞവർ……… അവർക്ക് ഈ അച്ഛൻറെ സാമീപ്യം പോലും അന്യമാണ്……… എങ്കിലും ആൽവിന്റെ സാമിപ്യം അറിഞ്ഞപ്പോൾ ആ രണ്ടു ശരീരങ്ങളും ഒന്നിളകി…….. ചോര ചോരയെ തിരിച്ചറിയുന്നത് പോലെ………….. ”

ജാൻസി ഇനി എനിക്കൊന്നും പറയാനില്ല……… എത്രയും പെട്ടെന്ന് നീ റെഡിയായി എന്നോടൊപ്പം വരണം……….. “അങ്ങനെ പെട്ടെന്ന് ഒന്നും എനിക്കിപ്പോ വരാൻ പറ്റില്ല……. അതും ഈ അവസ്ഥയിൽ…….. ” ശരി നിനക്ക് യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥ വരെ ഞാൻ ഇവിടെ നിൽക്കാം……….. ” വേണ്ട…………. അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു…….. ” ഈയൊരു അവസ്ഥയിൽ നിന്നെ ഒന്നും ചെയ്യുന്നത് ശരിയല്ല എന്നുള്ളത് കൊണ്ട് മാത്രമാണ് ജാൻസി ഞാൻ നിന്നെ തല്ലാതെ ഇരിക്കുന്നത്……… ഇല്ലെങ്കിൽ ആദ്യം കാണുമ്പോൾ നിൻറെ മുഖം അടിച്ചു ഒരു അടി ഞാൻ നിനക്ക് തരാൻ വേണ്ടി കരുതിവച്ചിരുന്നതാണ്……..

ഒരു വാക്കുപോലും പറയാതെയാണ് നീ എൻറെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയത്………. നിന്നെ ഞാൻ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് ഈ ലോകത്ത് ആർക്ക് അറിയില്ല എങ്കിലും നിനക്കറിയാം……… പലപ്രാവശ്യം എൻറെ മനസ്സ് ഞാൻ നിൻറെ മുൻപിൽ തുറന്നു…………… എപ്പോഴും നീ അതൊക്കെ കാണാതെ നടിച്ചുകാണിച്ചപ്പോഴും ഞാൻ കരുതിയത് ഹൃദയത്തിനുള്ളിൽ നീ അതൊക്കെ അറിയുന്നുണ്ട് എന്നായിരുന്നു…………… പക്ഷേ എൻറെ തീരുമാനം തെറ്റായിരുന്നു എനിക്ക് മനസ്സിലായി…………. ഒരിക്കലും നീ എന്നെ മനസ്സിലാക്കിയിട്ടില്ല……….. മനസ്സിലാക്കിയിരുന്നെങ്കിൽ നീ എന്നിൽ നിന്നും അകന്നു പോകുമായിരുന്നില്ല…………….

ഇപ്പോ നീ എനിക്ക് നിഷേധിക്കുന്നത് എന്റെ കുഞ്ഞുങ്ങളുടെ സ്നേഹം കൂടി ആണ് ………….. ആർക്കുവേണ്ടി ആണ് ഇനിയും ഈ യുദ്ധം…….? എൻറെ അമ്മച്ചിയ്ക്ക് വേണ്ടിയാണോ…….? ഇത്രയും തന്നെ നീ ഉരുകിയത്……. ഈ കുഞ്ഞുങ്ങളെ കൊണ്ട് നീ ഇത്രയും സഹിച്ചത്………… ഇനി ഞാൻ ഇവിടുന്ന് പോകുന്നുണ്ടെങ്കിൽ ഒപ്പം നിങ്ങൾ ഉണ്ടാകും………. ജാൻസി നീ എത്ര അകറ്റി നിർത്തിയാലും ഒരിക്കലും എന്നിൽ നിന്ന് അകന്നു പോകാൻ പറ്റാത്ത ഒരു ബന്ധമാണ് ഇപ്പോൾ നമ്മൾ തമ്മിൽ ഉള്ളത്………….. ഇനിയും നിനക്ക് അകറ്റിനിർത്താം എന്നെ………………. പക്ഷേ ഇവരെ എന്നിൽ നിന്നും അകറ്റി നിർത്താൻ ഒരിക്കലും നിനക്ക് കഴിയില്ല….

അതുകൊണ്ടാണ് എല്ലാം നഷ്ടപ്പെട്ടു നിന്ന എനിക്ക് എല്ലാം കാണുന്ന ദൈവം ഒരു നിമിത്തം പോലെ ഇങ്ങനെ രണ്ട് കുഞ്ഞുങ്ങളെ തന്നത്……………… നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി എങ്കിലും നിൻറെ വാശി മറന്നേ പറ്റൂ………. “ആൽവിൻ ഞാൻ അവളോട് സംസാരിക്കാം……… പുറത്തുനിന്ന് ആൻസി പറഞ്ഞപ്പോഴേക്കും ആൽവിൻ മുറിയിൽ നിന്നും ഇറങ്ങി കഴിഞ്ഞിരുന്നു……….. “ജാൻസി ഇനി നീ പറയുന്നതിൽ ഒരു ന്യായീകരണവുമില്ല……. ആൽവിൻ പറഞ്ഞത് സത്യമാണ്……… ഈ കുഞ്ഞുങ്ങൾക്ക് അവരുടെ അച്ഛനോടൊപ്പം താമസിക്കാനും ജീവിക്കാനും അവകാശമുണ്ട്……… ആ അവകാശം നീ നിഷേധിച്ചാൽ അത് നീ ഇവരോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ആയിരിക്കും……..

മോളെ ഇതാണ് എൻറെ കുഞ്ഞുങ്ങളുടെ അച്ഛൻ എന്ന ഒരു നൂറ് പ്രാവശ്യം പെണ്ണ് വിളിച്ചു പറയുമ്പോഴെല്ലാം ഇതാണ് എൻറെ കുഞ്ഞുങ്ങൾ എന്ന് ചങ്കൂറ്റത്തോടെ ഒറ്റ വട്ടം ആൺ സമ്മതിക്കുമ്പോൾ ആണ് ഒരു പെണ്ണ് യഥാർത്ഥത്തിൽ വിജയിക്കുന്നത്………… അവന് വേണമെങ്കിൽ നിന്നെ കൈയോഴിയാം കുഞ്ഞുങ്ങളെ കണ്ടില്ലെന്ന് നടിക്കാം…….. ആരും അവനോട് ഒന്നും ചോദിക്കില്ല………… എന്തിന് നീ പോലും അവൻറെ പിന്നാലെ പോവില്ല………. ഇവിടെ വന്നു കഴിഞ്ഞിട്ട് ഒരിക്കൽപോലും ഇത് എൻറെ കുഞ്ഞ് ആണോ എന്ന് അവൻ ചോദിച്ചിട്ടില്ല………. അവന് അത്രയ്ക്ക് നിന്നെ അറിയാം………. ഇനി എന്തിനാ നീ ഇങ്ങനെ നിഴലിനോട് യുദ്ധം ചെയ്യുന്നത്………?

നീ പോണം ആൽവിൻ ഒപ്പം നീ പോയേ പറ്റൂ………. നിനക്ക് വേണ്ടി അല്ല നിൻറെ കുഞ്ഞുങ്ങൾക്ക് വേണ്ടി…….. രണ്ട് പെൺകുട്ടികൾ ആണ്…….. അവർക്ക് നിന്റെ ഗതി തന്നെ വരണോ……..? എത്രകാലം നിനക്ക് അവരെ ഒറ്റയ്ക്ക് നോക്കാൻ കഴിയും…….. നിന്റെ പരിമിതിയിൽ നിന്ന് നീ അവരെ നോക്കിയാൽ തന്നെ അവർക്ക് മികച്ച വിദ്യഭാസമോ ജീവിതമോ ഒന്നും കൊടുക്കാൻ നിനക്ക് കഴിയില്ല……… നിന്റെ കുഞ്ഞുങ്ങൾ നിന്നെ പോലെ ആരാന്റെ അടുക്കളയിൽ കിടന്ന് കഷ്ട്ടപെടണോ……? ആൻസിയുടെ ആ ചോദ്യം ജാൻസിയുടെ ഹൃദയത്തിൽ ആണ് തറച്ചത്…….. ആൻസി അതും പറഞ്ഞു മുറിയിൽ നിന്ന് ഇറങ്ങി പോയി……… സത്യം അല്ലേ ചേച്ചി പറഞ്ഞത് തനിക്ക് ഇവരെ നോക്കാൻ പരിധികൾ ഉണ്ട്………. ആരെക്കാളും തനിക്ക് വലുത് ഇപ്പോൾ ഇവർ അല്ലേ……… അതിലും ഉപരി അവരുടെ അച്ഛന്റെ സ്നേഹം താൻ ആയി അവരിൽ നിന്ന് അകറ്റാൻ പാടില്ല………. 🥀🥀🥀

ആൽവിൻ ഞാൻ അവളോട് സംസാരിച്ചിട്ടുണ്ട്……… അവൾക്ക് ഇഷ്ടക്കുറവ് കൊണ്ടല്ല ആൽവിനെ മറന്നത്…….. ഞങ്ങളുടെയൊക്കെ ജീവിതങ്ങൾ ഓർത്താണ് ആൽവിനെ അവൾ സ്വീകരിക്കാതിരുന്നത്………… “അത് മറ്റാരെക്കാളും നന്നായി എനിക്കറിയാം ആൻസി……… അവളെ ഞാൻ നന്നായി മനസ്സിലാക്കിട്ടുണ്ട്……. പക്ഷേ ഇനി വേദനകൾ അനുഭവിക്കാൻ ഞാനവളെ അനുവദിക്കില്ല…….. അത്രയും പറഞ്ഞപ്പോഴേക്കും അവൻറെ കണ്ണിൽ ചുവപ്പുരാശി തെളിഞ്ഞിരുന്നു…………. അവൻ ഒന്നും സംസാരിക്കാതെ അകത്തേക്ക് ചെന്നു……. അപ്പോഴും വെളിയിലേക്ക് നോക്കി എന്തുചെയ്യണമെന്നറിയാതെ ഇരിക്കുകയായിരുന്നു ജാൻസി……… ” പോകാം………..? അത്രമാത്രമേ അവൻ ചോദിച്ചുള്ളൂ……. ഇച്ചായ……….

ഹൃദയത്തിൽ നിന്നും അവൾ അവനെ ആർദ്രമായി വിളിച്ചു……… ആ നിമിഷം അവൻ ഒരുപാട് ആഗ്രഹിച്ചതായിരുന്നു ……… അവൻ വളരെ കൗതുകത്തോടെ അവളെ നോക്കി…….. അവളുടെ കണ്ണിൽ നിന്നും അടർന്നു വീഴുന്ന കണ്ണുനീർ തുള്ളി തന്റെ ഹൃദയത്തെ കീറി മുറിക്കുന്നതായി അവന് തോന്നി……… ” എന്തിനാ കൊച്ചേ നീ എല്ലാം ഇങ്ങനെ തന്നെ സഹിച്ചത്……… നിൻറെ ഒരു വിവരവുമില്ലാതെ നീ എവിടെയാണെന്ന് പോലും അറിയാതെ ഞാൻ നിന്നെ തിരിക്കുകയായിരുന്നു………… നിന്നെ കണ്ടു പിടിക്കാൻ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു……… പക്ഷേ എന്നെ കണ്ടുപിടിക്കാൻ നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല…….. ഞാൻ എങ്ങോട്ട് ആണ് പോയത് എന്ന് നിനക്ക് അറിയാരുന്നു……..

നിന്റെ നമ്പറിൽ പോലും കിട്ടാതെ വന്നപ്പോൾ ഞാൻ അനുഭവിച്ച വേദന……… ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ വന്നു കൊണ്ടുപോകില്ലാരുന്നോ…….? നീ എനിക്ക് നഷ്ടപ്പെടുത്തിയത് എൻറെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കുറച്ചു നിമിഷങ്ങൾ ആണ്………… എൻറെ കുഞ്ഞുങ്ങളുടെയും അവരുടെ അമ്മയുടെയും ഇഷ്ട്ടങ്ങൾ അറിയാതെ……. ഓരോ മാസവും ഉള്ള അവരുടെ വളർച്ച അറിയാതെ………. ഒരു നിർഭാഗ്യവാനായ അച്ഛൻ ആക്കി എന്നെ മാറ്റി നീ………. സ്വന്തം കുഞ്ഞുങ്ങളെ ഉദരത്തിൽ പേറുന്നവളുടെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞ് വാങ്ങി കൊടുക്കാൻ കഴിവില്ലാത്ത ഒരു മനുഷ്യൻ ആയി നീ എന്നെ മാറ്റി……… സ്വന്തം ചോരയെ ചുമക്കുന്നവളെ സ്നേഹപൂർവ്വം ഒന്നു തലോടാനും അവൾക്ക് ശുശ്രൂഷ ചെയ്യാനുമുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തി………..

ഒരിക്കലും നിന്നെ ഞാൻ കുറ്റപ്പെടുത്തില്ല……… പക്ഷേ ഒരു കാര്യം നീ മനസ്സിലാക്കണം………. ഇനി എന്നെ കുഞ്ഞുങ്ങളിൽ നിന്ന് അകറ്റി നിർത്തിയാൽ ഇവരോട് നീ ചെയ്യുന്ന ഒരു വലിയ ദ്രോഹം ആയിരിക്കും അതിലുപരി ഒന്നും പ്രതീക്ഷിക്കാതെ നിന്നെ മനസ്സുതുറന്ന് സ്നേഹിച്ച എന്നോടും…….. എനിക്കറിയാം ഞാൻ നിന്നെ സ്നേഹിക്കുന്നതിലും ഒരു നൂറ് മടങ്ങ് ഇരട്ടി നീ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് പക്ഷേ അത് പ്രകടിപ്പിക്കാൻ നിനക്ക് കഴിയുന്നില്ല……….. നിൻറെ എല്ലാ വേദനകൾക്കും ഉള്ള മരുന്നായി നിൻറെ സഹോദരിമാർക്ക് ഒരു താങ്ങായി നമ്മുടെ കുഞ്ഞുങ്ങളും നമ്മളും ഉള്ള ഒരു സുന്ദര ജീവിതത്തിലേക്കാണ് ഞാൻ ഇപ്പോൾ നിന്നെ ക്ഷണിക്കുന്നത്………

അവളുടെ അരികിൽ വന്നിരുന്നു അവളുടെ കൈകളിൽ പിടിച്ച് അവൻ അത് പറഞ്ഞപ്പോഴേക്കും അവൾ പൊട്ടി പോയിരുന്നു……. അവളുടെ ഉള്ളിലെ കണ്ണുനീരുറവ പിടിച്ചു നിർത്താൻ കഴിയാതെ അണപ്പൊട്ടി ഒഴുകി………….. അവൾ പെട്ടെന്ന് അവൻറെ ഇടനെഞ്ചിൽ ചേർന്ന് കരയാൻ തുടങ്ങിയിരുന്നു…………. അവൻ ആർദ്രമായി അവളുടെ തലമുടി ഇഴകളെ തഴുകി………. ” നിൻറെ ഉള്ളിലെ സങ്കടങ്ങൾ ഒക്കെ ഒരു കടല് പോലെ നീ എന്റെ നെഞ്ചിൽ ഒഴുക്കി കളഞ്ഞേക്ക്…… വിഷമങ്ങൾ എല്ലാം ഇവിടെ ഒഴുക്കിക്കളഞ്ഞു വേണം എന്നോടൊപ്പം നീ വരാൻ….. ഒരു പുതിയ ജീവിതത്തിൽ……. അവിടെ നിന്നെ ഒരിക്കലും കരയിപ്പിക്കല്ല എന്നൊന്നും ഞാൻ മോഹനവാഗ്ദാനം നൽകില്ല……..

ജീവിതം ആണ് അങ്ങനെ ഒക്കെ ഉണ്ടാകും……… പക്ഷേ ഒരു ഉറപ്പ് ഞാൻ തരാം അറിഞ്ഞുകൊണ്ട് നിന്റെ കണ്ണ് ഞാൻ നിറക്കില്ല……. ” എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്…….. അകന്നിട്ടും കാന്തം പോലെ എന്നിൽ വന്നു നിറയുന്നത്….. അതിനുമാത്രം എന്തു മേന്മ ആണ് ഈ അത്താഴപ്പട്ടിണികാരിക്ക് ഉള്ളത്…….. കണ്ണുനീരോടെ അവളത് ചോദിക്കുമ്പോഴേക്കും അവൻറെ ചുണ്ടിലൊരു കുസൃതി ചിരി വിടർന്നു………. ” ഇത് ഞാൻ ഒരായിരം തവണ എന്നോട് തന്നെ ചോദിച്ച ചോദ്യം ആണ്…….. ഇതുവരെ അതിന് ഉത്തരം കിട്ടിയിട്ടില്ല……….. “ഞാൻ ഇച്ചായനെ കുറിച്ച് ഓർത്തില്ല എന്ന് തോന്നുന്നില്ലേ…..? “ഇല്ല…… നിനക്ക് ഇങ്ങനെ ചെയ്യാനേ കഴിയു…. അത് എനിക്ക് അറിയാം……

എന്നോട് ഇഷ്ട്ടം ഇല്ലാത്തോണ്ട് അല്ലെന്നും അറിയാം….. എന്റെ അമ്മച്ചിക്ക് നീ നൽകിയ പ്രാധാന്യം എനിക്ക് അറിയാം …… അമ്മച്ചിയും ഞാനും നേർക്ക് നേർ വന്നാൽ എന്നെ മാറ്റിനിർത്താനെ നിനക്ക് കഴിയു…… കാരണം ജാൻസി ബന്ധങ്ങൾക്ക് നൽകുന്ന വില എനിക്ക് അറിയാം……. സ്വന്തം വേദനകൾക്ക് ഇടയിലും മറ്റുള്ളവരുടെ സന്തോഷങ്ങൾക്ക് പ്രാധാന്യം നൽകുക എന്ന് പറഞ്ഞാൽ അത്രക്ക് നല്ല മനസ്സ് ഉള്ളവർക്ക് മാത്രേ പറ്റു….. നീ എന്റെ ജാൻസി റാണി അല്ലെ…… ” ഞാൻ ഇച്ചായന്റെ കൂടെ വന്നാൽ ക്ലാര അമ്മച്ചി ഒരുപാട് വിഷമിക്കും…….. “ഇല്ല പെണ്ണെ……… എല്ലാം അമ്മച്ചി എന്നോട് പറഞ്ഞു………

നിന്നെ കാണാൻ വന്നതും അമ്മച്ചി പറഞ്ഞതുകൊണ്ടാണ് നീ അവിടെ നിന്ന് പോയതും അങ്ങനെ എല്ലാം ഞാനറിഞ്ഞു……… ഇപ്പോൾ നമ്മുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ വേദനിക്കുന്നത് അമ്മച്ചി ആണ്………. അമ്മച്ചി മാത്രമല്ല അപ്പച്ചനും………. സമരങ്ങളൊക്കെ അവസാനിപ്പിച്ച് ഞാൻ നിന്നെ കണ്ടു പിടിക്കണം എന്ന് തന്നെയാണ് രണ്ടാളും ആഗ്രഹിക്കുന്നത്…………… സമ്പത്തും പ്രതാപവും ഒക്കെ മാറ്റി വെച്ചു നോക്കിയാൽ അപ്പച്ചനും നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു……. പിന്നെ മറ്റുള്ളവരുടെ മുൻപിൽ മകൻ വീട്ടിലെ വേലക്കാരിയെ കെട്ടിയെന്ന് പറയുമ്പോൾ എന്ത് മറുപടി പറയും എന്നുള്ള ഒരു ആശങ്കയായിരുന്നു അപ്പച്ചന്റെ മനസ്സിൽ നിറയെ………..

ഇപ്പൊ അതൊക്കെ അപ്പച്ചൻ അവസാനിപ്പിച്ചിട്ടുണ്ട്……… ഒരിക്കലും എൻറെ തീരുമാനത്തിൽ നിന്നും ഞാൻ പിന്നോട്ട് പോകില്ലെന്ന് അപ്പച്ചന് നന്നായി അറിയാം………… അതിലുപരി നിന്നെ അപ്പച്ചന് ഒരുപാട് ഇഷ്ടമായിരുന്നു എന്ന് എനിക്കറിയാം……… വരില്ലേ ഇനി എന്നോട് ഒപ്പം…….. അവളുടെ മുഖത്ത് ആർദ്രമായി തലോടി അവൻ അത് ചോദിക്കുമ്പോൾ എന്ത് മറുപടി പറയണം എന്ന് ഓർത്ത് നിൽക്കുകയായിരുന്നു അവൾ…….. “വരാം ഇനി എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടെങ്കിലും ഈ സ്നേഹം അനുഭവിച്ചില്ല എങ്കിൽ എൻറെ ഹൃദയം പൊട്ടി പോകും ഇച്ചായ…………. ഇക്കാലങ്ങളിൽ അത്രയും മനസ്സിൽ മുഴുവൻ ഈ മുഖം ആയിരുന്നു………

ഗർഭിണിയാണെന്നറിഞ്ഞ നിമിഷം മുതൽ കുഞ്ഞിൻറെ മുഖം എങ്ങനെ ഇരിക്കും എന്ന് ഓർക്കുമ്പോൾ എല്ലാം എൻറെ മനസ്സിൽ തെളിഞ്ഞത് ഈ കള്ളച്ചിരി ആയിരുന്നു……….. അവൾ അത് പറഞ്ഞപ്പോഴേക്കും അവൻറെ മുഖത്ത് വീണ്ടും ഒരു കുസൃതിച്ചിരി വിരിഞ്ഞിരുന്നു…….. അവൾക്ക് മാത്രം കാണാൻ ഉള്ളതുപോലെ…… ” ഞാൻ അന്നേ പറഞ്ഞതല്ലേ നിന്നോട്…., നിന്നെ സ്വന്തമാക്കി അന്ന് തന്നെ നിനക്കൊരു കൊച്ചിനെ തരുമെന്ന്……. ആണുങ്ങളെ വാശിപിടിച്ചാൽ ഇങ്ങനെ ഇരിക്കും……… അവൻ മീശപിരിച്ച് കുട്ടികളെ ഒന്ന് നോക്കി അവളുടെ കാതോരം പറഞ്ഞപ്പോഴേക്കും അവൾ ചിരിച്ചു പോയിരുന്നു……. ” ഒന്നിനു പകരം രണ്ട് എണ്ണം കിടക്കുന്നത് കണ്ടില്ലേ…. ഇച്ചായൻ ഡബിൾ സ്ട്രോങ്ങ് അല്ലേടി……

ഷർട്ടിന്റെ കോളർ ഉയർത്തി വിഷമത്തിലും ഒരു ചിരിയോടെ അവളെ ഉഴിഞ്ഞു കൊണ്ട് അവൻ പറഞ്ഞപ്പോൾ അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി….. നീ ഇനി മൂക്ക് ചുവപ്പിക്കല്ലേ പെണ്ണെ…….. ഒന്നാമതേ നീ പ്രസവിച്ചു കിടക്കുകയാണ്………. ഞാനാണെങ്കിൽ നിന്നെ കണ്ട മാത്രയിൽ തന്നെ സർവ്വ കണ്ട്രോളും പോയി നിൽകുവാ………. ഈ പിള്ളേർ വളർന്നു വരുന്നതിനു മുൻപേ നീ എന്നെക്കൊണ്ട് അടുത്ത സാഹസം ഒന്നും കാണിപ്പിക്കരുത്……… അവളുടെ മുഖത്ത് നാണത്തിൻ ചുവപ്പുരാശി തെളിയുമ്പോൾ അവൻ ആദ്യമായി കാണുകയായിരുന്നു അവളുടെ മുഖത്തെ സന്തോഷം…….. ” എൻറെ കൂടെ വരുവല്ലേ……. ” വരാം…….. അപ്പച്ചനും അമ്മച്ചിക്കും ഒന്നും ഞാൻ ഇച്ചായനോപ്പം വരുന്നത് ഒരു പിണക്കവും ഇല്ലെന്ന് അറിയുകയാണെങ്കിൽ ഞാൻ വരാം…….

അവർക്ക് ഇഷ്ട്ടം ഇല്ലന്ന് പറഞ്ഞാലും ഒരിക്കലും ഞാൻ ഇനി അകന്നു പോകില്ല ഇച്ചായനിൽ നിന്ന്……… അവരാരും സമ്മതിച്ചില്ലെങ്കിലും ഞാൻ ഇച്ചായനോട് ഒപ്പം വരും…….. എങ്കിലും എൻറെ ഒരു സമാധാനത്തിന് ഒരു വാക്ക് ഇച്ചായൻ അവരോടു ചോദിക്കണം…….. അവരുടെ ഒരു സമ്മതം കൂടി കിട്ടിയാൽ സന്തോഷത്തോടെ എനിക്ക് വരാം…….. അതുവരെ ഞാൻ ഇവിടെ കഴിയാം…….. “അവർ സമ്മതിക്കും….. പക്ഷെ നീയും കുഞ്ഞുങ്ങളും ഒറ്റയ്ക്ക് ഇവിടെ………. ” ഞങ്ങൾ ഇതിനു മുൻപും ഇവിടെ തന്നെയല്ലേ കഴിഞ്ഞിരുന്നത്……… മാത്രമല്ല എന്നെയും എൻറെ കുഞ്ഞുങ്ങളെയും സൂക്ഷിക്കാനുള്ള ധൈര്യമൊക്കെ ഇപ്പോഴും എനിക്ക് ഉണ്ട്……. അതോർത്തു വിഷമിക്കേണ്ട…….. ” എങ്കിൽ ഞാൻ പോയി അവരുടെ സമ്മതം വാങ്ങി വരും നിന്നെ കൂട്ടിക്കൊണ്ടുപോകാൻ…….

അപ്പൊൾ എന്നോടൊപ്പം വരാൻ തയ്യാറായിരിക്കണം…….. ” സമ്മതിച്ചു…….. അവൾ പെട്ടന്ന് അവന്റെ മുഖം അല്പം താഴ്ത്തി ആ കവിളുകളിൽ തന്റെ അധരം ചേർത്തു………. അവന് അത്ഭുതം തോന്നി…… “ഒന്നൂടെ……… അവൻ മറു കവിളിൽ തൊട്ട് പറഞ്ഞു…… “ഒന്നു പോ ഇച്ചായ……. അവൾക്ക് നാണം തോന്നി ……. അവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു അവളുടെ കവിളിൽ അമർത്തി ചുംബിച്ചു……. അപ്പോഴേക്കും കുഞ്ഞുങ്ങൾ ഉണർന്നു ……. കുറച്ചു നേരം ആൽവിൻ അവരെ കൊഞ്ചിച്ചും ഉമ്മ വച്ചും ഒക്കെ ഇരുന്നു…… കുഞ്ഞു വിരലുകൾ മുറുക്കി അവർ അവന്റെ കൈയ്യിൽ ബലം തീർത്തപ്പോൾ ഒരു അച്ഛന്റെ ചരിതാർഥ്യത്തിൽ ആയിരുന്നു അവൻ….. പോകുംമുൻപ് ജാൻസി യുടെയും കുഞ്ഞുങ്ങളുടെയും നെറ്റിയിൽ ഒരു ചുംബനം നൽകാൻ ആൽവി മറന്നിരുന്നില്ല……..

(തുടരും ) ഇത് എഴുതുമ്പോൾ എന്റെ മനസ്സിൽ അവർ മാത്രമേ ഉണ്ടായിരുന്നുള്ളു…… അവർ കാണുന്നത് പരിഭവം പറയുന്നത് ഒക്കെ എന്റെ കണ്മുന്നിൽ എന്ന പോലെ എനിക്ക് തോന്നി…… ഞാൻ എഴുതിയ കഥകളിൽ കഥാപാത്രങ്ങളോട് ഒരു വല്ലാത്ത അടുപ്പം തോന്നുന്നത് ഇതിൽ മാത്രം ആണ്…… ഇങ്ങനെ ഒരു അനുഭവം ആദ്യം ആണ്….. എഴുതിയിട്ടും അവർ മനസ്സിൽ നിന്ന് പോകുന്നില്ല ……..

പ്രണയവസന്തം : ഭാഗം 28

Share this story