നിനക്കായ് : ഭാഗം 45

നിനക്കായ് : ഭാഗം 45

എഴുത്തുകാരി: ഫാത്തിമ അലി

പുലിക്കാട്ടിലെ ടെറസിൽ പായും വിരിച്ച് ആകാശത്തേക്ക് കണ്ണ് നട്ട് കിടക്കുയായിരുന്നു സാം…. അവന്റെ കൂടെ തന്നെ അലക്സും കിടക്കുന്നുണ്ട്…. “എന്റെ ഇച്ചേ…കുറേ സമയം ആയല്ലോ നക്ഷത്രവും എണ്ണി കിടക്കുന്നു…എന്തെങ്കിലും ഒന്ന് പറ…” അവരുടെ തൊട്ടടുത്ത് ആട്ടുകട്ടിലിൽ ഇരുന്ന് ആടിക്കൊണ്ടാണ് അന്നമ്മ സംസാരിക്കുന്നത്… അവളുടെ ശബ്ദം കേട്ടതും സാം തല ചെരിച്ച് ഒന്ന് നോക്കി… “അന്നമ്മോ…എനിക്കെന്തോ ആകെ ഒരു വിറയൽ….” അവന്റെ മുഖത്ത് നല്ല പരിഭ്രമം ഉണ്ടായിരുന്നു…. “എന്നാ ഒരു പെഗ് അടിച്ചിട്ട് പോയി പറ…എന്റീശോയേ ഇങ്ങനെ പേടിക്കുന്നത് എന്തിനാ ഇച്ചേ…

ഒരു ഐ ലവ് യൂ പറയാനല്ലേ അല്ലാതെ ആരെയും കൊല്ലാനൊന്നും പോവുകയല്ലല്ലോ…” ചമ്രം പടിഞ്ഞ് ഇരുന്ന് താടിക്ക് കൈ കൊടുത്ത് ഇരുന്നാണ് അന്നമ്മ സംസാരിക്കുന്നത്… “അതൊക്കെ ശരി തന്നെയാണ്…എന്നാലും…” സാമിന്റെ മുഖഭാവം കണ്ട് അന്നമ്മ അവനെ നോക്കി കണ്ണ് കൂർപ്പിച്ചു… “എന്നാ പിന്നെ പറയണ്ട…പ്രശ്നം തീർന്നില്ലേ…?” “അയ്യോ…അത് പറ്റില്ല…എനിക്ക് പറയണം…” “എന്റെ കർത്താവേ…ദേ ഇച്ചേ ഒരൊറ്റ ചവിട്ട് വെച്ച് തരുമേ… ഏതെങ്കിലും ഒന്ന് ആദ്യം തീരുമാനിക്ക്…” അന്നമ്മ ദേഷ്യത്തിൽ പറഞ്ഞത് കേട്ട് സാം മുഖം ചുളിച്ച് വെച്ചു… കുറച്ച് സമയം എന്തോ ആലോചിച്ച് അന്നമ്മയുടെ കാലിൽ തോണ്ടി വിളിച്ചു… “എന്നാ പറയാം ലേ….” “ഉറപ്പിച്ചോ…”

അവൾ ഒന്ന് കൂടെ ചോദിച്ചതും എന്ത് പറയണമെന്ന് കൺഫ്യൂഷനായി അലക്സിന്നേരെയാണ് നോക്കിയത്… അവൻ സാമിന്റെ വെപ്രാളം കണ്ട് ചിരി കടിച്ചമർത്തി ഇരിപ്പാണ്… അതും കൂടെ ആയതും സാമിന് ദേഷ്യം വന്നു… “ടാ കോപ്പേ…നീ എന്നെ നോക്കി ചിരിക്കാതെ എന്തെങ്കിലും ഒന്ന് പറയ്…” അലക്സിന്റെ കാലിന് നോക്കി ഒരൊറ്റ ചവിട്ട് വെച്ച് കൊടുത്തു… വേദന എടുത്ത് സാമിനെ തിരിച്ച് ചവിട്ടാൻ കാൽ ഉയർത്തിയതും അവൻ സങ്കട ഭാവത്തോടെ തന്നെ നോക്കുനാനതാ കണ്ട് അലക്സിന്റെ കാല് താണു… “നിനക്കെന്താണോ തോന്നുന്നത് അത് പോലെ ചെയ്യ്…എന്റെ അഭിപ്രായത്തിൽ എത്രയും വേഗം മാളൂനെ അറിയിക്കുന്നതാ നല്ലത്…” “ശരിയാ ഇച്ചേ…ഇപ്പോ തന്നെ സീനിയർ ചേട്ടൻമാർ അവളുടെ പിന്നാലെ തന്നെയാണ്…അതും നല്ല ഗ്ലാമർ ഉള്ള അടാറ് ചേട്ടൻമാർ…

വൈകിയാ ചിലപ്പോ അവരിൽ ആരെങ്കിലും ദച്ചൂനെ കൊത്തി കൊണ്ട് പോവാൻ ചാൻസ് ഉണ്ട്….” അന്നമ്മ അലക്സിനെ പിൻതാങ്ങിക്കൊണ്ട് പറഞ്ഞത് കേട്ട് സാം കരയുന്ന മുഖത്തോടെ അവളെ നോക്കി…. “ഇങ്ങനെ ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയല്ലേ കുഞ്ഞാ….” “സത്യാണന്നേ…പിന്നെ വേറൊരു കാര്യം…ഒരാളോട് ഇഷ്ടം തോന്നിയാ പിന്നെ അത് പറയാൻ വൈകിക്കരുത് ഇച്ചേ…ഒരു നിമിഷം വൈകിയാൽ പോലും ചിലപ്പോ അവർ നമുക്ക് എത്തി പിടിക്കാവുന്നതിലും ദൂരത്തായി പോവും….” അന്നമ്മയുടെ സ്വരം ചെറുതായി ഇടറിയതും സാം അവളുടെ കൈക്ക് മുകളിൽ അവന്റെ കൈ വെച്ചു… സാം നോക്കുന്നത് കണ്ട് അന്ന വേഗം ഒര ചിരി മുഖത്തണിഞ്ഞ് അവനെ നോക്കി ഇരു കണ്ണും ചിമ്മി കാണിച്ചു…

അവർ ഇരുവരും അലക്സിനെ നോക്കിയതും അവൻ അതൊന്നും കേൾക്കാതെ വേറെ എന്തോ ചിന്തയിൽ ആയിരുന്നു… “ടാ…നീ എന്താ ആലോചിക്കുന്നത്…?” അലക്സിനെ തട്ടി വിളിച്ചതും അവൻ കണ്ണകൾ തിരിച്ച് സാമിന് നേരെ നോക്കി… “ഏയ് ഒന്നൂല്ല…നീ ഇഷ്ടം പറഞ്ഞാൽ മാളൂട്ടി എന്താ മറുപടി തരിക എന്ന് ആലോചിച്ചതാണ്…” “അവൾ അത്ര പെട്ടെന്നൊന്നും സമ്മതിച്ച് തരാൻ സാധ്യത ഇല്ല…” സാം അലക്സിനെ നോക്കി അവന്റെ മനസ്സിലുള്ളത് പറഞ്ഞു… “എന്തായാലും ആങ്ങള ചെയ്തത് പോലെ ചെയ്യാതിരുന്നാ മതി…” അല്ക്സിനെ നോക്കി ചുണ്ട് കൂർപ്പിച്ച് അന്നമ്മ പതിയെ കവിളിൽ തലോടിക്കൊണ്ട് പിറുപിറുത്തു… “എന്താ അന്നമ്മോ..?” അവളുടെ ഇരിപ്പും ഭാവവും കണ്ട് സാം സംശയത്തോടെ അനോക്കിയെങ്കിലും അന്നമ്മ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി കാണിച്ചു…

“മ്ചും…അവൾ എന്ത് പറയുന്നു എന്നത് ഒരു വിഷയം അല്ല ഇച്ചേ…ഇനി ഇഷ്ടമല്ലെന്ന് പറഞ്ഞാലും ഇഷ്ടപ്പെടുത്താൻ ഞാനൊക്കെ ഇവിടെ ഇല്ലേ…?” അന്നമ്മ കണ്ണിറുക്കി കാണിച്ച് കൊണ്ട് പറഞ്ഞതും സാം ചിരിയോടെ അവളുടെ മടിയിലേക്ക് തല വെച്ചു… “എന്നാ ഞാൻ അവളെ വിളിക്കട്ടേ…” അന്നമ്മ സമ്മത്തിന് വേണ്ടി സാമിന്റെ മുഖത്തേക്ക് നോക്കി.. “മ്മ്…വിളിച്ച് പറ…” അവന്റെ അനുവാദം കിട്ടിയതും അവൾ വേഗം ഫോൺ എടുത്ത് കുറച്ച് മാറി നിന്ന് ശ്രീയെ വിളിച്ചു… “ആ ബെസ്റ്റ്…അവളിപ്പോ റെഡി ആയി വരും…ഒന്ന് ചെന്ന് സ്റ്റൈൽ ആയി വാ ഇച്ചേ….” അവളോട് സംസാരിച്ച് കാര്യങ്ങൾ സെറ്റ് ആക്കി വന്ന അന്നമ്മ കണ്ടത് താടിക്കും കൈ കൊടുത്ത് ഇരിക്കുന്ന സാമിനെ ആണ്… “ആ ദേ പോയി…” അന്നമ്മയുടെ കണ്ണുരുട്ടലിൽ അവൻ വേഗം തന്നെ താഴേക്ക് പോയി… “എന്നതാ ചെകുത്താനേ….

എന്നെ വായി നോക്കി നിൽക്കാതെ ഡ്രസ്സ് ചേഞ്ച് ചെയ്യ്…നമുക്ക് പോവണ്ടേ…” ഇടുപ്പിൽ കൈ കുത്തി കുസൃതിയോടെ അവൾ പറഞ്ഞത് കേട്ടാണ് താൻ ഇത്രയും നേരം അന്നമ്മയെ നോക്കി ഇരിക്കുകയായിരുന്നെന്ന് അലക്സിന് മനസ്സിലായത്…. അവൻ ചമ്മലോടെ വേഗം മുഖം തിരിച്ച് നിലത്ത് നിന്ന് എഴുന്നേറ്റ് അന്നമ്മയെ നോക്കാതെ സ്പീഡിൽ താഴേക്ക് ഇറങ്ങി…. അവന്റെ പോക്ക് കണ്ട് ചിരിയോടെ അന്നമ്മയും പിന്നാലെ തന്നെ ഇറങ്ങി… അലക്സ് സാമിന്റെ റൂമിലേക്ക് ചെന്നതും അവൻ മുടി ചീകുകയായിരുന്നു… ഒരു വൈറ്റ് കളർ ഹാഫ് സ്ലീവ് ടീ ഷർട്ടും ഡാർക്ക് ബ്ലൂ പാന്റ്സും ആയിരുന്നു അവന്റെ വേഷം… മുടി ചീകി വെച്ച് താടിയും മീശയും ഒന്ന് ഒതുക്കിക്കൊണ്ട് അവൻ മിററിലേക്ക് നോട്ടമെറിഞ്ഞു…

മൊത്തത്തിൽ ഓക്കെ ആണെന്ന് തോന്നിയതും ഒരു ചെറു പുഞ്ചിരിയോടെ മീശ പിരിച്ച് കൊണ്ട് തിരിഞ്ഞപ്പോഴാണ് വാതിൽക്കൽ കൈയും കെട്ടി ആക്കിയ ചിരിയോടെ തന്നെ വീക്ഷിക്കുന്ന അലക്സിനെ അവൻ കണ്ടത്… “മ്മ്…മ്മ്…നടക്കട്ടേ…നടക്കട്ടേ…” “പോടാ പുല്ലേ…” സാം അലക്സിന്റെ വയറ്റിൽ ഒന്ന് ഇടിച്ച് കൊണ്ട് റൂമിന്റെ ബാൽക്കണിയിലേക്ക് പോയി… അവിടെ നിന്നാൽ ശ്രീയുടെ റൂമിന്റെ ജനൽ ഭാഗവും ബാൽക്കണിയുടെ സൈഡും നന്നായി കാണാൻ സാധിച്ചിരുന്നു.. അവളുടെ റൂമിൽ ലൈറ്റ് ഉണ്ടെങ്കിലും ജനൽ കർട്ടനിട്ട് മറച്ചതിനാൽ ഒരു നിഴൽ മാത്രം അങ്ങോട്ടും ഇങ്ങോട്ടും പോവുന്നത് കാണാൻ കഴിഞ്ഞിരുന്നു… സാം ഒരു ചിരിയോടെ തൂണിലേക്ക് ചാരി നിന്ന് വെറുതേ അങ്ങോട്ട് കണ്ണുകൾ അയച്ചു…

ബാൽക്കണിയിൽ പടർത്തിയിട്ട മുല്ലവള്ളികളിൽ വിടർന്ന മുല്ലയുടെ മദിപ്പിക്കുന്ന ഗന്ധം അവന്റെ നാസിക ആവാഹിച്ചെടുത്തു… അതിനേക്കാളൊക്കെ മത്ത് പിടിപ്പിക്കുന്ന സുഗന്ധമാണ് ശ്രീക്ക് ഉള്ളതെന്ന് സാമിന് തോന്നി… അലക്സ് റെഡി ആയതും അവർ ഇരുവരും റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി… അപ്പോഴേക്കും ഡെനിം ഷർട്ടും ബ്ലാക്ക് പാന്റും ഇട്ട് മുടി മുഴുവൻ ബൺ ചെയ്ത് വെച്ച് അന്നമ്മയും റെഡി ആയി വന്നിരുന്നു.. മൂവരും ടെറസ് വഴി മുറ്റത്തേക്ക് ഇറങ്ങി… അലക്സ് അവന്റെ ബുള്ളറ്റും സാം അന്നമ്മയുടെ ബുള്ളറ്റും തള്ളി ഗേറ്റ് തുറന്ന് പുറത്തേക്ക് കൊണ്ട് പോയി നിർത്തി അവർ അതിൽ കയറി ഇരുന്നു… കുറച്ച് കഴിഞ്ഞതും അന്നമ്മയുടെ ഫോണിലേക്ക് ശ്രീയുടെ കോൾ വന്നു…

അവളോട് ഗേറ്റിന് പുറത്തേക്ക് വന്ന് നിൽക്കാൻ പറഞ്ഞാ അന്നമ്മ വേഗം അലക്സിന്റെ ബുള്ളറ്റിന് പിന്നിലായി കയറി ഇരുന്നു… “നീ എന്താ എന്റെ ബാക്കിൽ…?” അന്നമ്മയുടെ നീക്കത്തിൽ പകച്ച് പോയ അലക്സ് പിന്നിലേക്ക് ചെരിഞ്ഞ് നോക്കി കണ്ണുരുട്ടിക്കൊണ്ട് ചോദിച്ചു… “എന്റെ ചെകുത്താനേ ആ പെണ്ണ് ആദ്യം ഓടി കയറുക നിങ്ങടെ ബാക്കിലായിരിക്കും…അവർക്ക് ഒരുമിച്ച് പോവാനുള്ള ല്ലൊരു അവസരം നമ്മളായിട്ട് പാഴാക്കണോ… പിന്നെ ചുളുവിൽ എനിക്കും എന്റെ ഇച്ചായനെ ഇങ്ങനെ കെട്ടി പിടിച്ച് പോവാലോ…” അന്നമ്മ അലക്സിനോട് ഒട്ടി ഇരുന്ന് അവന്റെ അരയിലൂടെ ചുറ്റി പിടിച്ചു… “ടീ…കോപ്പേ വിടെടീ…അങ്ങനെ നീ എന്റെ പിന്നിൽ ഇരിക്കണ്ട…” അവളുടെ നീക്കത്തിൽ പകച്ച് പോയ അലക്സ് അന്നമ്മയുടെ കൈകളെ എടുത്ത് മാറ്റാൻ ശ്രമിച്ചു… “എന്നതാ ഇച്ചായാ ഇത്…

ശരി ഞാൻ പിന്നിൽ ഇരിക്കണ്ടെങ്കിൽ വേണ്ട…ബുള്ളറ്റ് ഞാൻ ഓടിച്ചോളാം… ഇച്ചായൻ ഇറങ്ങി ബാക്കിൽ വന്നിരിക്ക്….” അലക്സിനെ ഒന്ന് കൂടെ ഇറുകെ പിടിച്ച് അവന്റെ ചുമലിലേക്ക് താടി കുത്തിക്കൊണ്ട് പറഞ്ഞു… അവളുടെ നിശ്വാസം ചെവിയിൽ പതിക്കുന്നത് കാരണം ഉമിനീർ പോലും ഇറക്കാൻ കഴിയാതെ നിൽപ്പായിരുന്നു അവൻ… “പറ്റില്ലല്ലോ…എന്നാ പിന്നെ മിണ്ടാതെ ഇരിക്ക്…” അലക്സിന്റെ മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ അന്നമ്മ കുറച്ച് നീങ്ങി ഇരുന്ന് അവന്റെ അരയിലൂടെ ചുറ്റിയ കൈ എടുത്ത് ഇരു തോളിലായും വെച്ചപ്പോഴാണ് സമാധാനത്തോടെ ഒന്ന് ശ്വാസം വിട്ടത്… അവന്റെ കണ്ണുകൾ വേഗം സാമിന് നേരെ പാഞ്ഞു… അവനെന്നാൽ ഇങ്ങനെ രണ്ട് പേർ ഉണ്ടെന്ന് പോലും അറിയാതെ ഷേർളിയുടെ വീടിന്റെ ഗേറ്റിലേക്ക് കണ്ണും നട്ട് ഇരിപ്പാണ്…

ശ്രീയെ കാണാഞ്ഞ് അവൻ ഞെരിപിരി കൊള്ളുന്നത് കണ്ട് അലക്സ് ചിരിച്ച് പോയി.. “രണ്ടും കണക്കാ…” മനസ്സിൽ പറഞ്ഞ് കൊണ്ട് മിററിലേക്ക് നോക്കി മുടി ശരിയാക്കാൻ എന്ന വ്യാജേന പിന്നിലിരിക്കുന്ന അന്നമ്മയിലേക്ക് നോട്ടമെറിഞ്ഞു… സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അവളുടെ മൂക്കുത്തി വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.. ഇളം റോസ് നിറത്തിലെ ചുണ്ടിൽ അപ്പോഴത്തേയും പോലെ വിരിഞ്ഞ് നിൽക്കുന്ന പുഞ്ചിരി… ചുറ്റുമുള്ള പലതിലേക്കും അവളുടെ കൃഷ്ണമണികൾ ചലിക്കുന്നത് കൗതുകത്തോടെ അവൻ നോക്കി… ഇടക്കെപ്പോഴോ ആ കണ്ണുകൾ മിററിലേക്ക് വരുന്നത് പോലെ തോന്നിയതും അവൻ വേഗം മറ്റെവിടേക്കോ നോട്ടമെറിഞ്ഞ് ഇരുന്നു… ഗേറ്റ് പതിയെ തുറക്കുന്ന സൗണ്ട് കേട്ടതും സാം കണ്ണുകൾ ധൃതിയിൽ അവിടേക്ക് ഓടിച്ചു….

നനുത്ത ചിരിയോടെ അവരുടെ നേരെ നടന്ന് വരുന്ന ശ്രീയെ കാണെ സാമിന്റെ ഹൃദയം ധ്രുത ഗതിയിൽ തുടിക്കാൻ തുടങ്ങി… വിടർന്ന കണ്ണുകളോടെ സാം അവളെ കൺകുളിർക്കെ നോക്കി… ഒരിക്കൽ അന്നമ്മയെയും ശ്രീയെയും കൊണ്ട് ഷോപ്പിങ്ങിന് പോയ സമയത്ത് അവൾ കാണാതെ സാം ശ്രീക്കായി സെലക്ട് ചെയ്ത ഡ്രസ്സ് ആയിരുന്നു അവൾ ധരിച്ചത്… എന്നത്തേതിനേക്കാൾ ഭംഗി അവൾക്ക് ആ വസ്ത്രത്തിൽ ഉള്ളത് പോലെ അവന് തോന്നി… മുഖം തിരിച്ച് അന്നമ്മയെ നോക്കിയപ്പോൾ അവൾ ശ്രീ കാണാതെ സാമിനെയും ശ്രീയെയും ചൂണ്ടി സൂപ്പർ എന്ന് ആംഗ്യത്തിൽ കാണിച്ചു… സാം അവളെ നോക്കി കണ്ണിറുക്കി കാണിച്ച് ശ്രീയെ നോക്കി… “നീ ഇച്ചേടെ ബാക്കിൽ കയറിക്കോ…”

അന്നമ്മ ശ്രീയെ നോക്കി പറഞ്ഞതും അവൾ ദയനീയമായി അലക്സിന് നേരെ നോക്കി…. അവൻ ചുണ്ട് ചുളുക്കി പിന്നിലേക്ക് നോക്കാനായി പറഞ്ഞു… കുറച്ച് നേരം ആയിട്ടും അവൾ സംശയത്തോടെ നിൽക്കുന്നത് കണ്ട് അന്നമ്മക്ക് ഒരു ഐഡിയ തോന്നി… “നീ ഇവിടെ ഇരുന്നോ ദച്ചൂ…” അന്നമ്മ സങ്കടത്തോടെ ബുള്ളറ്റിൽ നിന്ന് ഇറങ്ങാൻ ഭാവിച്ച് കൊണ്ട് പറഞ്ഞു… “വേണ്ട ടാ…ഞാൻ ഇച്ചായന്റെ കൂടെ കയറിക്കോളാം…” അവളുടെ മുഖത്തെ വാട്ടം കണ്ട് ശ്രീ മറ്റൊന്നും ആലോചിക്കാതെ വേഗം സാമിന്റെ പിറകിൽ കയറി ഇരുന്നു… ശ്രീ കയറിയതും അവർ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു… സാമിന്റെ പിന്നിൽ അകലം പാലിച്ചാണ് ശ്രീ ഇരുന്നതെങ്കിൽ അലക്സിന്റെ തോളിലേക്ക് മുഖം അമർത്തി അവനോട് ചേർന്നാണ് അന്നമ്മ ഇരിക്കുന്നത്…

രാത്രിയിലെ തണുത്ത കാറ്റേറ്റ് വിറക്കുന്ന ശ്രീയെ മിററിലൂടെ സാം കാണുന്നുണ്ടായിരുന്നു… കൈയിൽ കരുതിയിരുന്ന ഷാൾ എടുത്ത് അവൾക്ക് നേരെ നീട്ടി പിടിച്ചു… “തണുത്ത് വിറക്കണ്ട….ഇത് പുതച്ചോ…” ശ്രീ ഒന്ന് ചിരിച്ച് സാമിന്റെ കൈയിൽ നിന്നും ഷാൾ വാങ്ങി ദേഹത്തൂടെ പുതച്ച് ഇരുന്നു… കുറച്ച് സമയം കഴിഞ്ഞതും സാമും അലക്സും പോവാറുള്ള കുന്നിൻ ചെരുവിലേക്ക് അവർ എത്തി… “ഇറങ്ങെടോ…” ബുള്ളറ്റ് നിർത്തിയിട്ടും ഇറങ്ങാതെ ചുറ്റിലും നോക്കുന്ന ശ്രീയെ കണ്ട് സാം പറഞ്ഞു… ശ്രീ താഴെ ഇറങ്ങിയതും സാമും ബുള്ളറ്റ് സ്റ്റാന്റിൽ ഇട്ട് ഇറങ്ങി… “അല്ല…അവർ എവിടെ…?” മുഖത്തേക്ക് വീണ് കിടക്കുന്ന മുടികളെ ഒതുക്കി വെക്കുന്ന സാമിനോട് ശ്രീ പതിയെ ചോദിച്ചു…

“അവരിപ്പോ എത്തും…എന്താ ടോ…തനിക്കെന്നെ പേടിയാണോ…?” അവൻ ചിരിയോടെ ചോദിച്ചതും ശ്രീ അല്ലെന്ന് തലയാട്ടി… “ആ ദേ എത്തിയല്ലോ….” അപ്പോഴേക്കും അലക്സും അവിടേക്ക് എത്തിയിരുന്നു… സാമും അലക്സും മുന്നിലായി നടന്നു…പിന്നാലെ കൈ കോർത്ത് അന്നമ്മയും ശ്രീയും… ഇത് വരെ വരാത്ത ഇടമായത് കൊണ്ട് ശ്രീ ചുറ്റിലും കണ്ണോടിക്കുന്നുണ്ടായിരുന്നു… രാത്രി ആയത് കൊണ്ട് പ്രത്യേകിച്ച് ഒന്നും കാണുന്നുണ്ടായിരുന്നില്ല… ഫോണിലെ ഫ്ലാഷ് ഓൺ ചെയ്ത് വെച്ചായിരുന്നു അവർ നടക്കുന്നത്… “ടീ…നമ്മളിത് എങ്ങോട്ടാ…?” അന്നമ്മയെ തട്ടി വിളിച്ച് ചോദിച്ചതും അവൾ മറുപടി ഒന്നും പറഞ്ഞില്ല… “ടീ….”

“ഹാ…ഒന്ന് അടങ്ങെന്റെ ദച്ചൂസേ…കുറച്ച് സമയം കൂടെ കാത്ത് നിൽക്ക്…” അന്നമ്മ മെല്ലെ പറഞ്ഞതും ശ്രീ പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല… നടന്ന് നടന്ന് ഒടുവിൽ അവരെത്തിയ സ്ഥലം കണ്ട് ശ്രീ അത്ഭുതത്തോടെ അവിടെ മൊത്തം നോക്കി…. ആ കുന്നിന്റെ ഉച്ചിയിലായി അവരിപ്പോൾ നിൽക്കുന്നത്… പൂർണ്ണ ചന്ദ്രൻ തലക്ക് തൊട്ട് മീതെയായി ഉദിച്ച് നിൽക്കുന്നുണ്ട്…നല്ല നിലാവ് ഉള്ളത് കാരണം അവിടെയെല്ലാം നന്നായി കാണാൻ സാധിച്ചിരുന്നു…. അത്രയും ദൂരം നടന്ന് കാല് കഴച്ചിരുന്നെങ്കിലും അവിടെ എത്തി തണുത്ത കാറ്റും ആ കാഴ്ചയും കണ്ടപ്പോൾ ക്ഷീണമെല്ലാം എവിടേക്കോ ഓടി പോയിരുന്നു… ശ്രീയുടെ കണ്ണുകളിലെ തിളക്കം സാമിന്റെ മുഖത്തെ പുഞ്ചിരി വർദ്ധിപ്പിച്ചു…

കുറച്ച് സമയം അവർ നാല് പേരും കൂടെ ഓരോന്ന് സംസാരിച്ച് അവിടെ അങ്ങനെ നിന്നു… പതിയെ അന്നമ്മയും അലക്സും അവരെ ഒറ്റക്ക് വിട്ടു…. ശ്രീ ഒരു സൈഡിലേക്ക് നിന്ന് മാറിൽ കൈ പിണച്ച് ആകാശത്തേക്ക് കണ്ണ് നട്ട് നിൽപ്പായിരുന്നു… തെളിഞ്ഞ് നിൽക്കുന്ന ആകാശത്തെയും നക്ഷത്രങ്ങളെയും ഒരു കുഞ്ഞ് പുഞ്ചിരിയോടെ നോക്കിക്കൊണ്ടിരുന്നപ്പോഴാണ് എന്നും തനിക്ക് വരാറുണ്ടായിരുന്ന പാട്ടുകൾ ഇന്ന് തന്നെ തേടി വന്നില്ലെന്ന കാര്യം ശ്രീക്ക് ഓർമ്മ വന്നത്… ഇത്രയും ദിവസങ്ങളിൽ തന്നെ അവൾ ആ സ്വരത്തിന് അഡിക്ട് ആയി പോയിരുന്നു… കൈയിലെ ഫോൺ എടുത്ത് അവൾ അൺനോൺ എന്ന് സേവ് ചെയ്ത് വെച്ച നമ്പറിലേക്ക് വെറുതേ ഒന്ന് വിളിച്ചു… സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി…എന്തോ ഒരു നിരാശ തന്നെ വന്ന് മൂടുന്നത് പോലെ അവൾക്ക് തോന്നി…

🎼എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.. ഉം.. ഉം.. ഉം.. ഉം.. അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ.. ഉം.. ഉം.. ആ.. ആ.. ദൂരെ തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ… ഉം.. ഉം.. ഉം.. ഉം.. എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.. ഉം.. ഉം.. ഉം.. ഉം.. എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു… അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ…..🎼 അവൾ പോലുമറിയാതെ പ്രിയപ്പെട്ടതായ് മാറിയ ആ സ്വരം കേട്ടതും ശ്രീ ഞെട്ടലോടെ നോക്കി… തനിക്കടുത്തായി നിൽക്കുന്ന സാമിന്റെ ചുണ്ടുകൾ അവ മൂളുന്നത് കേട്ട് തരിച്ച് നിന്ന് പോയി…. പാടി കഴിഞ്ഞതും സാം പതിയെ അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു…

“I just loved you from the moment i saw you…And i just wanted to tell you i want to spend the rest of my life with you….Durgaa…will you be mine for ever….?” പറഞ്ഞ് കൊണ്ടിരിക്കെ സാം പോക്കറ്റിൽ വെച്ചിരുന്ന കടും ചുവന്ന നിറത്തി കുഞ്ഞ് ചെപ്പെടുത്ത് തന്റെ വലത് കൈയിലേക്ക് വെച്ചു…. ഇടത് കൈ കൊണ്ട് പതിയെ ആ ചെപ്പ് തുറന്നതും സ്വർണ്ണ നിറത്തിലെ മിന്ന് താലി കണ്ട് അവൾ ശ്വാസം വിടാൻ പോലും മറന്ന് കൊണ്ട് നിന്നു…….തുടരും

നിനക്കായ് : ഭാഗം 44

Share this story