ഋതുസംക്രമം : ഭാഗം 27

ഋതുസംക്രമം : ഭാഗം 27

എഴുത്തുകാരി: അമൃത അജയൻ

അന്തിവെയിലിൽ തിളങ്ങുന്ന ബീച്ചിൻ്റെ മാദകഭംഗിയാസ്വദിച്ചു കൊണ്ട് ജിതിൻ ബിയർ ബോട്ടിൽ സിപ്പ് ചെയ്തു . ബാത്ത് റൂമിൽ വെള്ളം വീഴുന്ന ഒച്ച കേൾക്കാം . ബീച്ചിലേക്ക് ഫെയ്‌സ് ചെയ്തു നിൽക്കുന്ന ഫ്ലാറ്റിൻ്റെ ഏഴാം നിലയിലായിരുന്നു അവൻ . നഗ്നമായ മുതുകത്തു കൂടി പിന്നിൽ നിന്നാരോ കെട്ടിപ്പിച്ചപ്പോൾ അവൻ പുഞ്ചിരിച്ചു കൊണ്ട് തിരിഞ്ഞു . വെളുത്തു ചുവന്ന വെള്ളിക്കണ്ണുകളുള്ള സുന്ദരിയായ പെൺകുട്ടി . തോളൊപ്പം വെട്ടിയിട്ട ബ്രൗൺ മുടിയിഴകളിൽ അവൻ ആർത്തിയോടെ മണത്തു . ” വിപിൻ .. നാട്ടിൽ നിന്നെന്നാ മടങ്ങുന്നെ ?” അവൻ്റെ കണ്ണുകളിൽ നിറഞ്ഞ കൗശലം അവൾ കണ്ടില്ല . ” കോഴ്സ് കഴിഞ്ഞു . ഏതെങ്കിലും കമ്പനിയിൽ കയറണം . കിട്ടിയാലുടൻ .

ആക്ച്വലി ഞാൻ പ്രിഫർ ചെയ്യുന്നത് മുംബൈയാണ് . ബാംഗ്ലൂർ രണ്ടാമതെയുള്ളു . ലെറ്റ്സ് ഹോപ്പ് ഫോർ ദി ബെസ്റ്റ് ” ” അപ്പോ അതിനു മുൻപേ വരില്ലെ . വിപി നാട്ടിൽ പോയി വന്നിട്ട് നമ്മുടെ കാര്യം പപ്പയോട് പറഞ്ഞാൽ മതിയെന്നു പറഞ്ഞതു കൊണ്ടാ ഞാൻ വെയ്റ്റ് ചെയ്യുന്നത് . ” അവളുടെ നെറ്റി ചുളിഞ്ഞു . ” വിത്തിൻ 3 വീക്ക്സ് ഞാൻ വരും . മുംബൈയിലേക്ക് ഷിഫ്റ്റ് ചെയ്യുകയാണെങ്കിൽ ഈ ഫ്ലാറ്റിൻ്റെ ആവിശ്യമില്ലല്ലോ . നല്ലൊരു ബയറെ കണ്ടുപിടിക്കണം . ” അവൾ മിഴിച്ചു നോക്കി .. ” ഈ ഫ്ലാറ്റ് വിൽക്കാൻ പോകുന്നോ ..” അവളിൽ നിരാശ പടർന്നു .! ” ഇവിടെ ജീവിക്കുന്നില്ലെങ്കിൽ ഇതിൻ്റെയാവശ്യമില്ലല്ലോ ” ” പക്ഷെ വിപി.. എനിക്കീ ഫ്ലാറ്റിനോട് എന്തടുപ്പമാണെന്നോ .. നമ്മളൊന്നിച്ച് ” വാക്കുകളെ പാതി വഴിയിൽ വിട്ട് ജനാലയിലൂടെ കടൽത്തീരത്തേക്ക് മിഴിയയച്ചു .

ഈ കാറ്റേറ്റാണ് പ്രണയത്തിൻ്റെ എല്ലാ ലഹരികളുമറിഞ്ഞത് . നിറമുള്ള ഓർമകൾ ഇവിടെയാണിഴ ചേർന്നു മയങ്ങുന്നത് . അതെല്ലാം വിട്ടു പോകണമെന്നോ .. ” സിത്തൂ …..” ഒരുതരം ഉന്മാദത്തോടെ അവളുടെ ഉരുണ്ട കൈയിൽ പിടിച്ച് തിരിച്ചു തനിക്കഭിമുഖം നിർത്തി .. ” നമുക്ക് മുംബെയിൽ ഫ്ലാറ്റെടുക്കാം.. ഇതു പോലെ നല്ല വ്യൂവുള്ളത് തന്നെ ” ” അപ്പോ എൻ്റെ ജോബ് ” ” റിസൈൻ ചെയ്യണം . എന്നിട്ട് നമുക്ക് മുംബൈയിലേക്ക് പോകാം ” അവൾ മിണ്ടാതെ നിന്നു . എന്തോ ബാംഗ്ലൂർ നഗരം വിട്ടു പോകണമെന്നോർത്തപ്പോൾ സിതാരയുടെ നെഞ്ച് വിങ്ങി . എൻജിനിയറിംഗ് കഴിഞ്ഞ് ആദ്യമായി ജോലി കിട്ടി വന്ന നഗരമാണ് . പുതിയ ചിന്തകളും ജീവിതവും അനുഭവങ്ങളും സമ്മാനിച്ച നഗരം . ആദ്യമായി തൻ്റെയിണയെ കണ്ടുമുട്ടിയതിവിടെ വച്ചാണ് . പ്രണയിച്ചതും അവനെയറിഞ്ഞതും ഇവിടെ വച്ചാണ് .

” വിപീടെ ഇഷ്ടം .” ഒടുവിൽ പറഞ്ഞതങ്ങനെയാണ് .. അവനവളെ കെട്ടിപ്പുണർന്നു . സ്ലീവ്ലെസ് ടോപ്പിൽ അനാവൃതമായ ഉരുണ്ട കൈകൾ അവനിൽ വീണ്ടും തീ കോരിയിട്ടു . ” ഇന്നത്തേക്ക് മതി . ഞാൻ പോട്ടെ .. ” അവൻ്റെ ചലനങ്ങൾ മനസിലാക്കി അടർന്നു മാറിക്കൊണ്ടവൾ ലജ്ജയോടെ ചിരിച്ചു . അവൻ പിന്നെയും അവളെ വലിച്ചടുപ്പിച്ചു ചുംബിച്ചു . ഒരിക്കൽക്കൂടി അവളെയെടുത്തുയർത്തി ബെഡിലേക്ക് വീണു . * *

ജിതിൻ്റെ നെറ്റിയിൽ അമർത്തി ചുംബിച്ചിട്ട് , മിററിൽ നോക്കി വസ്ത്രങ്ങളൊന്നുകൂടി ശരിയാക്കി ടീപ്പോയിലിരുന്ന ഹാൻ്റ് ബാഗെടുത്തു തൂക്കി . വാതിൽ തുറന്നു കൊടുത്തത് ജിതിനാണ് . സിതാര നടന്നു പോകുന്നത് നോക്കി അവൻ വാതിൽക്കൽ നിന്നു . ആ വെളുത്തുരുണ്ട മേനിയഴകിലായിരുന്നു അവൻ്റെ കണ്ണുകൾ . അവളൊരു ജ്വാലയാണ് . എത്ര വെള്ളമൊഴിച്ചാലും ആളിപ്പടരുന്ന ജ്വാല ..

ആ സ്ഥാനത്ത് മൈത്രിയെ സങ്കൽപ്പിച്ചു നോക്കി . വികാരങ്ങൾ കെട്ടുപോകുന്നു . തന്നിലെ തീയണയ്ക്കാൻ മൈത്രേയി പോര . അതിനു സിതാര തന്നെ വേണം . അല്ലെങ്കിൽ ഇവളെപ്പോലൊരുത്തി . എന്ത് പറഞ്ഞാലും സിതാരയൊരു നഷ്ടം തന്നെയാണ് . ലിഫ്റ്റ് വന്നപ്പോൾ സിത്തു ഒരിക്കൽക്കൂടി കൈവീശിക്കാട്ടി ലിഫ്റ്റിൽ കയറി മറഞ്ഞു . ജിതിൻ്റെ ചുണ്ടിൽ നിഗൂഢമായൊരു ചിരി വിടർന്നു . അകത്തു കയറി ഫോണെടുത്ത് ആരെയോ വിളിച്ചു . ശേഷം ലഗേജ് എടുത്തു വച്ചു . ജിതിൻ പോകാനിറങ്ങിയപ്പോഴേക്കും കറുത്തു കുറുകിയൊരു മനുഷ്യൻ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു . ലഗേജുകളെടുത്തു പുറത്തു വച്ചു , വാതിൽ പൂട്ടി താക്കോൽ ആഗതനു നേരെ നീട്ടുമ്പോൾ ജിതിൻ്റെ ചുണ്ടിൽ കുടിലത നിറഞ്ഞൊരു ചിരി മിന്നി മാഞ്ഞു . താക്കോൽ വാങ്ങി അയാൾ നടന്നു പോയി ..

ജിതിൻ ചുറ്റുമൊന്നു കണ്ണോടിച്ചു . സ്റ്റെയറിൻ്റെ ഇടത് വശത്തെ ഗ്ലാസ് വിൻ്റോയുടെ അരികിലേക്ക് നടന്നു അതിലൂടെ പുറത്തേക്ക് നോക്കി . തിരക്കിനെ വിഴുങ്ങി ബാംഗ്ലൂർ നഗരം മിഴി തുറന്നിരുന്നു . റോഡിലൂടെ അനേകം വെളിച്ചങ്ങൾ ഓടി മറയുന്നതു നോക്കി അൽപ്പ നേരം നിന്നു .. ” ഗുഡ്ബൈ ഡിയർ ബാംഗ്ലൂർ ..” ഗൂഢമായി ചിരിച്ചു .. ട്രോളി ബാഗ് വലിച്ചുകൊണ്ട് അവൻ ലിഫ്റ്റിനു നേർക്ക് നടന്നു .. * * * * * * * * * * * * * * * * * * * * * * * * * മൈത്രി കുറേ സമയം അങ്ങിങ്ങ് ചുറ്റി നടന്നു . മനസിൽ നിരഞ്ജൻ പറഞ്ഞത് കുഴഞ്ഞു മറിയുന്നു . പത്മജ ഉണ്ണിയെന്ന പേരിലൊരാളെ കൽക്കത്തയിലാർക്കുമറിയില്ല . ആൻ്റിയൊരു ഡാൻസറല്ലേ . അന്വേഷിച്ചത് ഫിലിം ഫീൽഡുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരാളായിട്ടും അറിയാൻ കഴിയാത്തത് എന്തുകൊണ്ടായിരിക്കും .

നിരഞ്ജൻ സംശയിക്കുന്നത് പോലെ അവിടെ മറ്റൊരു പേരുണ്ടോ .? നന്ദേമ്മായിയോട് ചോദിച്ചാൽ അറിയാൻ കഴിയുമോ ? എന്ത് പറഞ്ഞ് അങ്ങോട്ടു പോകും . ഡാൻസ് പഠിത്തം തുടരാനുള്ള പെർമിഷൻ അമ്മ തന്നിട്ടില്ല . അതിനി ചോദിച്ച് അമ്മയുടെ അപ്രീതിയുണ്ടാക്കണോ ? പപ്പിയാൻ്റിയുടെ മുറിവാതിൽക്കൽ ചെന്നു നിന്നു . അത് പൂട്ടിക്കിടക്കുകയാണ് . താക്കോൽ അച്ഛയുടെ റൂമിലുണ്ട് . കൂടെക്കൂടെ അടിച്ചു വാരിയിട്ടിട്ട് സുമിത്ര അതവിടെയാണ് വയ്ക്കാറ് . പപ്പിയാൻറി പറഞ്ഞിട്ടുണ്ട് അവിടെ വച്ചാൽ മതിയെന്ന് . അച്ഛയുടെ റൂമിൽ ചെന്നപ്പോൾ ഭാസ്കരേട്ടൻ ഏതോ പഴയ ന്യൂസ് പേപ്പർ മറിച്ചു നോക്കിയിരിപ്പുണ്ട് . മൈത്രി കയറിച്ചെന്ന് അച്ഛയുടെ അടുത്തിരുന്നു . ”

അച്ഛേ .. പപ്പിയാൻറീടെ റൂമിൻ്റെ കീ എടുത്തോട്ടെ ഞാൻ . ഒരു ബുക്ക് നോക്കാനാ ” അച്ഛയോട് കള്ളം പറയുന്നതിൽ സങ്കടമുണ്ട് . എന്നാലും നല്ലൊരു കാര്യത്തിനല്ലേയെന്നോർത്ത് സ്വയം സമാധാനിച്ചു . പത്മരാജൻ മകളെ നോക്കിക്കിടന്നു . അച്ഛൻ്റെ അനുവാദമായി അവളതിനെ കരുതി . എല്ലായ്പ്പോഴും അങ്ങനെ തന്നെയാണല്ലോ . അച്ഛൻ്റെ സമ്മതവും വിസമ്മതവും ആശ്വസിപ്പിക്കലുമെല്ലാം തൻ്റെ മനോധർമം പോലെയാണല്ലോ വ്യാഖ്യാനിച്ചെടുക്കാറ് . എഴുന്നേറ്റ് പോയി വാർഡ്രോബിൽ തിരഞ്ഞ് കീയെടുത്തു . ” താങ്ക്സ് അച്ഛേ .. ” പത്മരാജനെ നോക്കി താക്കോൽ കിലുക്കി കാണിച്ച് അവളോടിപ്പോയി . ഭാസ്കരേട്ടൻ മുഖമുയർത്തി നോക്കിയിട്ട് പഴയപടി ന്യൂസ് പേപ്പറിലേക്ക് മുഖം കുനിച്ചു . ആ വീട്ടിൽ പത്മരാജനെ ജീവനുളെളാരു മനുഷ്യനായി കാണുന്നത് അവൾ മാത്രമാണ് …

ആ മനുഷ്യൻ്റെ ചോരയിൽ പിറന്ന സന്തതി . മരത്തിൽ തീർത്ത കതക് നേർത്തൊരു കരച്ചിലോടെ തുറന്നു . അകത്ത് കുറേ പുസ്തകങ്ങളുണ്ട് . പിന്നെയൊരു ഇരുമ്പ് അലമാര . അതിൻ്റെ കീ മേശയിലുണ്ടെന്ന് അവൾക്കറിയാം . പപ്പിയാൻ്റി വരുമ്പോൾ കീയെടുത്ത് തുറക്കുന്നതും വയ്ക്കുന്നതും കണ്ടിട്ടുണ്ട് . അവൾ ഷെൽഫിൽ പുസ്തകങ്ങൾക്കിടയിൽ കുറേ തിരഞ്ഞു . സംശയം തോന്നിയ ഡയറികളും മറ്റും മറിച്ചു നോക്കി . എല്ലാം പഴയതാണ് . മേശയിലും തിരഞ്ഞു . പിന്നെ കീയെടുത്ത് അലമാര തുറന്നു നോക്കി . കുറേ വസ്ത്രങ്ങൾ . പിന്നെയൊരു തട്ടിൽ മൂന്നാൽബങ്ങൾ . അതല്ലാതെയൊന്നും കണ്ടില്ല . അലമാര അടയ്ക്കാൻ പോയതാണ് , പിന്നെയൊരു തോന്നലിൽ മൂന്നാൽബങ്ങളും കൈയിലെടുത്തു . പപ്പിയുടെ കിടക്കയിൽ കൊണ്ടു വച്ച് ഓരോന്നായി തുറന്നു നോക്കി .

ഒന്ന് പപ്പിയുടെ കല്ല്യാണ ആൽബമാണ് . അതിലെ സുധീപൻ്റെ ഫോട്ടോയിലേക്കവൾ ഉറ്റുനോക്കി . ആദ്യമായാണ് ആ മുഖം കാണുന്നത് . തൻ്റെ ഓർമയിൽ അവരുടെയൊരു ഫോട്ടൊ പോലും ഈ വീട്ടിൽ കണ്ടിട്ടില്ല . നാരകത്തും കണ്ടിട്ടില്ല . പെട്ടന്നൊരു ബുദ്ധി തോന്നി , പപ്പിയും സുധീപനും ഒരുമിച്ചു നിൽക്കുന്ന ഒരു ഫോട്ടോ അവളതിൽ നിന്ന് ഇളക്കിയെടുത്തു . വിവാഹ ഫോട്ടോയല്ലാത്തതൊന്ന് . ഏതോ ക്ഷേത്രത്തിനു മുന്നിൽ ഇരുവരും നിൽക്കുന്നത് . ആ ഫോട്ടോയിലെ പപ്പിയാൻ്റിക്ക് ഇത്തിരി തടി കുറവാണെന്നേയുള്ളു . കാഴ്ചയിൽ ഇപ്പോഴുള്ളത് പോലെ തന്നെ . മറ്റ് രണ്ട് ആൽബവും പഴയതാണ് . ആൻ്റിയുടെ പുതിയ ഫോട്ടോ വല്ലതുമുണ്ടോയെന്ന് നോക്കിയെങ്കിലും കിട്ടിയില്ല .

അവൾ ധൃതിയിൽ എഴുന്നേറ്റ് ആൽബങ്ങൾ മൂന്നും അലമാരയിൽ വച്ച് പൂട്ടി താക്കോൽ മേശയിൽ വച്ചു . പുറത്തിറങ്ങി ഡോർ പൂട്ടി , ഫോട്ടോ സ്വന്തം മുറിയിൽ കൊണ്ട് വച്ചിട്ടേ താക്കോൽ അച്ഛയുടെ മുറിയിൽ കൊണ്ട് വച്ചുള്ളു . തിരിച്ചു വന്ന് ഫോണെടുത്ത് നിരഞ്ജന് മെസേജ് അയച്ചു . അവളുടെ സന്ദേശം നോക്കിയിരുന്നത് പോലെ നിമിഷങ്ങൾക്കുള്ളിൽ നിരഞ്ജൻ്റെ കാൾ വന്നു . * * * * * * * * * * * * * * * * * * * * * * * * * നാട്ടിലേക്കുള്ള വോൾവോ ബസിൽ ചാരിക്കിടപ്പുണ്ടായിരുന്നു ജിതിൻ . ഫോൺ ശബ്ദിച്ചപ്പോൾ എടുത്തു നോക്കി . സിതാര …! കൗശലക്കണ്ണുകൾ ഇടം വലം വെട്ടി . ഊറിച്ചിരിച്ചു കൊണ്ട് അവൻ ഫോണെടുത്തു . ” ഡ്രൈവിംഗിലാണോ വിപി …? ” അവളിലെ പ്രണയത്തിൻ്റെ തിര ജിതിനവിടെ കിട്ടി . ” യെസ് ഡാർലിംഗ് …” ” ടേക് കെയർ .. ഫുഡ് കഴിക്കാൻ മറക്കരുത് ” സ്നേഹപൂർവ്വമുള്ള ഉപദേശം . ” ലവ്യൂ മൈ സ്വീറ്റി .. ” ഒരുമ്മ കൂടി കൊടുക്കാൻ അവൻ മടിച്ചില്ല .

അവൾ കോൾ വച്ചതും അവൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു , ബാക്ക് ബോഡി തുറന്നു ഒരു സിം എടുത്തു . ശേഷം ഫോൺ നേരെയാക്കി ഓൺ ചെയ്തു പോക്കറ്റിലിട്ടു . കൈയിലിരുന്ന സിമ്മിലേക്ക് കൂർമതയോടെ നോക്കി . ഗ്ലാസ് വിൻ്റോ സ്ലൈഡ് ചെയ്ത് സിം ദൂരെ ഇരുളിലേക്ക് വലിച്ചെറിഞ്ഞു . ” സോറി സിത്തൂ … ഗുഡ് ബൈ … ഗുഡ് ബൈ ഫോർ എവർ….” ആ സമയം ബാംഗ്ലൂർ നഗരത്തിൻ്റെ കോണിലൊരു വർക്ഷോപ്പിൽ , ജിതിൻ ഓടിച്ചു നടന്ന കാർ പൊളിച്ചു മാറ്റുകയായിരുന്നു .. അവനൊന്ന് ആർത്തു ചിരിക്കണമെന്ന് തോന്നി . * * * * * * * * * * * * * * * * * * * * * * * * * രാവിലെ മൈത്രി നല്ല ഉത്സാഹത്തിലായിരുന്നു . രാവിലെ നിരഞ്ജൻ കോളേജിൽ വരുമെന്ന് പറഞ്ഞിട്ടുണ്ട് ഫോട്ടോ വാങ്ങാൻ .

കോളേജിലെത്തിയുടൻ അവൾ പിൻ വശത്തെ ഗേറ്റിലേക്ക് നടന്നു . അവൾ വരുന്നതും നോക്കി നിരഞ്ജൻ കാത്തു നിൽപ്പുണ്ടായിരുന്നു . ഡ്യൂട്ടിക്ക് കയറണമെന്നുള്ളത് കൊണ്ട് ഫോട്ടോ വാങ്ങി അപ്പോൾ തന്നെ യാത്ര പറഞ്ഞു പോയി . തിരിഞ്ഞു നോക്കിയപ്പോൾ ഗാഥയും വിന്നിയും നോക്കി നിൽപ്പുണ്ട് . “ഓഹോ ..അപ്പോ ഡെയ്‌ലി കാണാതെ പറ്റില്ലെന്നായി .. ആട്ടെ എന്നതാ ആ കൊടുത്തത് ലവ് ലെറ്ററോ ..” വിന്നി അവളെ പിടിച്ചു നിർത്തി മുഖാമുഖം നിന്നു .. ” ലവ് ലെറ്ററൊന്നുമല്ല അത് ഫോട്ടോയാ ..” പറഞ്ഞു കഴിഞ്ഞ് വിന്നിയുടെയും ഗാഥയുടെയും മുഖത്തേക്ക് നോക്കിയപ്പോഴാണ് അതിലെ അബദ്ധം മനസിലായത് . ” ആ .. ആങ്ങനെ പണ ..” ഒരു വെബ് സീരിസിലെ ഡയലോഗ് അനുകരിച്ചു ഗാഥ . ” എന്നിട്ട് തിരിച്ച് ഫോട്ടോയൊന്നും തന്നില്ലേ . ഓ ഇന്നലെ തന്നു കാണുമല്ലേ.. ഇപ്പം നമ്മളൗട്ട് ..

നടക്കട്ടെ നടക്കട്ടെ .. ” വിന്നിയുടെ വക ഇവളുമാരുടെ കളിയാക്കലിൽ നിന്ന് തനിക്കിനിയൊരു മോചനമില്ലെന്നറിയാവുന്നത് കൊണ്ട് അവരെ തിരുത്താൻ നിൽക്കാതെ അവൾ ക്ലാസിലേക്ക് നടന്നു . * * * * * * * * * * * * * * * * * * * * * * * * * വൈകുന്നേരം പത്മതീർത്ഥത്തിലെത്തിയപ്പോൾ പുറത്ത് അമ്മയുടെ കാർ കണ്ടു . കൂടെ മറ്റൊരു കാറും .. അമ്മയ്ക്ക് ഗസ്റ്റുണ്ടാകും . അവൾ കാറിൽ നിന്നിറങ്ങി , ബാഗ് വലിച്ചിട്ട് വീട്ടിലേക്ക് കയറി . അകത്തു കടന്നതും സെറ്റിയിലിരുന്ന ആളെക്കണ്ട് അവൾ പകച്ചു . ജിതിൻ ………! ഞെട്ടൽ മാറും മുന്നേ കണ്ടു കൂൾ ഡ്രിംഗ്സുമായി വരുന്ന അമ്മയെ . സാധാരണ അഥിതികൾ ആരായാലും സൽക്കരിക്കുന്നത് സുമിത്ര തന്നെയായിരിക്കും . അഞ്ജന അതിലൊന്നും തലയിടാറില്ല . ” ആഹാ , നീ വന്നോ … വേഗം പോയി ഫ്രഷായി ഒരുങ്ങി വാ .. ജിതിൻ നിന്നെക്കൂട്ടി പുറത്തു പോകാനാ വന്നത് .

അവൻ്റെ ഫ്രണ്ട്സിന് നിന്നെ പരിചയപ്പെടുത്തി കൊടുക്കണമെന്ന് ” അവൾ പരിഭ്രമിച്ച് അമ്മയെ നോക്കി . ജിതിനൊപ്പം പോകാനോ . താനോ ? ഇല്ല .. തനിക്കു വച്ച അയാൾക്കൊപ്പം പോകാൻ … ” ആ പിന്നെ , ജിതിനെ പത്മ ഗ്രൂപ്പ്സിൻ്റെ അഡ്മിനിസ്ട്രേഷനിൽ നിയമിച്ചു . അഡ്മിനിസ്ട്രേഷൻ മാത്രമല്ല ലീഗലഡ്വയിസറും ജിതിനാണ് ” മൈത്രി തറഞ്ഞു നിന്നു . ജിതിൻ പുഞ്ചിരിച്ചു കൊണ്ട് മൈത്രിയെ നോക്കി . അവൻ്റെ കണ്ണുകളുടെ ആഴങ്ങളിൽ അവസാനമായി സിതാരയോടു ഗുഡ്ബൈ പറയുമ്പോഴുള്ള അതേ ഭാവമായിരുന്നു . ….( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 26

Share this story