സഹയാത്രികയ്ക്കുസ്നേഹ പൂർവം: ഭാഗം 50

സഹയാത്രികയ്ക്കുസ്നേഹ പൂർവം: ഭാഗം 50

എഴുത്തുകാരി: ഗൗരി ലക്ഷ്മി

കണ്ണുകളിലേക്ക് പടർന്നു കയറിയ ഇരുട്ടിനിടയിലും ലോറിയുടെ സൈഡ് സീറ്റിൽ നിന്നും തല പുറത്തേയ്ക്കിട്ടു നോക്കുന്ന വിഷ്ണുവിന്റെ ക്രൂരമായ പുഞ്ചിരിയുള്ള മുഖം അവൻ കണ്ടിരുന്നു.. ********കണ്ണുകൾ വലിച്ചു തുറക്കുമ്പോൾ തന്നെ തലച്ചോറിൽ എന്തൊക്കെയോ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നത് പോലെ കിച്ചുവിന് അനുഭവപ്പെട്ടു.. ബദ്ധപ്പെട്ട് കണ്ണുകൾ തുറന്നവൻ നോക്കി.. തന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന മെഷീനുകൾ അടക്കം ചുറ്റും കണ്ടതും താൻ ആശുപത്രിയിലാണെന്നു അവനു മനസ്സിലായി.. അവൻ ഞരങ്ങിയതും അവനരികിലേയ്ക് ഒരു നേഴ്‌സ് വന്നു…. അവർ അവനെ നോക്കി പുഞ്ചിരിച്ചതും വേദന കുറച്ചു കുറയും പോലെ അവനു തോന്നി..

വേദനയുണ്ടോ. അവർ ചോദിച്ചു.. മ്മ്.. അവൻ ഒന്നു മൂളി.. സാരമില്ല.. ഞാൻ ഡോക്ടറെ വിളിക്കാം.. അവർ പറഞ്ഞു.. സിസ്റ്റർ… അവർ തിരിഞ്ഞതും കിച്ചു വിളിച്ചു.. അവരവനെ നോക്കി.. അമ്മ..ദേവു.. അവൻ ചോദിച്ചു. എല്ലാവരും പുറത്തുണ്ട്.. കിടന്നോളൂ.. ഞാൻ ഇയാള് കണ്ണു തുറന്നെന്നു അവരോട് പറയട്ടെ.. അവരതും പറഞ്ഞു പുഞ്ചിരിയോടെ കണ്ണുകൾ അടച്ചു കാണിച്ചു.. അവനു അൽപ്പം ആശ്വാസമായി.. എങ്ങനെയുണ്ടിപ്പോ.. അവനെ പരിശോധിച്ച ശേഷം ഡോക്ടർ ചോദിച്ചു.. തലയ്ക്ക് വല്ലാത്ത വേദന.. ഒരു മരവിപ്പാ കാലിനൊക്കെ.. അനക്കാൻ പോലും പറ്റുന്നില്ല.. കൈക്കും.. അവൻ പറഞ്ഞു.. അവർ അനുതാപതോടെ അവനെ നോക്കി.. ശരീരത്തിന് സംഭവിച്ചിരിക്കുന്ന ഷേക്ക് ചെറുതൊന്നും അല്ല..

സോ ഉടനെ ചാടി ഓടി നടക്കാനൊന്നും ഇയാളെകൊണ്ട് കഴിയില്ല.. അയാൾ സൗമ്യനായി പറഞ്ഞു.. എനിക്ക് ദേവുവിനെയും അമ്മയെയും വിമലിനെയുമൊക്കെ ഒന്നു കാണണം ഡോക്ടർ.. അവൻ പറഞ്ഞു.. ഞാൻ അവരെ വിളിപ്പിക്കാം.. അയാൾ പറഞ്ഞു.. മയക്കം അപ്പോഴും തന്റെ കണ്ണുകളെ തഴുകുന്നത് അവനറിയുന്നുണ്ടായിരുന്നു.. താൻ ഇപ്പോൾ ജസ്റ്റ് ഒന്നു മയങ്ങിക്കോളൂ.. ഉണരുമ്പോൾ സിസ്റ്ററോഡ് പറഞ്ഞാൽ മതി.. അമ്മയെ ഒക്കെ വിളിപ്പിക്കാം.. എന്തേ.. ഡോക്ടർ ചോദിച്ചു.. അവൻ തലയാട്ടി.. അദ്ദേഹം പുഞ്ചിരിക്കുന്നത് കണ്ടാണ് കിച്ചു മയക്കത്തിലേയ്ക്ക് വീണത്.. ************

ഡോക്ടറുടെ വാക്കുകൾ കേട്ടതും ഒരുൾകിടിലത്തോടെ രാധിക വിമലിന്റെ കൈകളിലേക്ക് മുറുകെ പിടിച്ചു.. അവനും അതേ അവസ്ഥയിലായിരുന്നു.. ഡോക്ടർ.. അവൻ വിശ്വാസം വരാതെ ഒന്നുകൂടി വിളിച്ചു.. ഞാൻ പറയുന്നത് നിങ്ങൾക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ പ്രയാസമാണെന്നു എനിക്കറിയാം.. സീ.. നടന്നത് ഒരു ചെറിയ അപകടമല്ല… ഇവിടെ സൂര്യകിരണിനെ കൊണ്ടുവരുമ്പോൾ ആളുടെ ജീവൻ രക്ഷിക്കാൻ പോലും കഴിയുമെന്ന് എനിക്ക് പ്രതീക്ഷയേയില്ലായിരുന്നു.. ആ സ്റ്റേജിൽ നിന്നും ഇത്രത്തോളം മാറ്റം അയാളിൽ ഉണ്ടായില്ലേ.. അയാളുടെ ജീവന് ഞാൻ ഉറപ്പ് തരുന്നു.. പക്ഷെ.. ഡോക്ടർ അർത്ഥോക്തിയിൽ നിർത്തി.. അയാൾ എഴുന്നേറ്റ് നടക്കില്ല.. ഡോക്ടർ പറഞ്ഞു..

രാധിക വിങ്ങിപ്പൊട്ടി.. രണ്ടാഴ്ചയോളമായി അൺകോൺഷ്യസ് ആയിരുന്നു.. ഇപ്പോൾ കണ്ണു തുറന്നെങ്കിലും ആളുടെ ശരീരത്തിന് തളർച്ച ബാധിച്ചിട്ടുണ്ട്.. കഴുത്തിനു താഴേയ്ക്ക് തളർന്നു പോയി.. ആളിപ്പോ പാരലൈസ്ഡ് ആണ്.. അയാളുടെ വാക്കുകൾ രാധികയെയും വിമലിനെയും തള്ളിയിട്ടത് വല്ലാത്തൊരു അവസ്ഥയിലായിരുന്നു… ആരെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നു പരസ്പരം അറിയാത്ത ഒരവസ്ഥ.. ഡോക്ടർ.. വിമൽ വേദനയോടെ വിളിച്ചു.. വൈദ്യശാസ്ത്രത്തിനു ലിമിറ്റേഷൻസ് ഉണ്ട് മിസ്റ്റർ വിമൽ.. എങ്കിലും ഞങ്ങളുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ചും സൂര്യനെ എഴുന്നേൽപ്പിച്ചു നടത്തുവാൻ ഞങ്ങൾ ശ്രമിക്കാം..

ഇതിനപ്പുറം മറ്റൊരു വാക്ക് എനിക്ക് നൽകാൻ കഴിയില്ല ഈ അവസ്ഥയിൽ.. ഡോക്ടറുടെ വാക്ക് കേട്ട് പുറത്തേയ്ക്കിറങ്ങിയാ രാധിക വല്ലാത്ത അവസ്ഥയിലായിരുന്നു.. അവരൊന്നും മിണ്ടാതെ പോയി ദേവുവിനെയും ചേർത്തുപിടിച്ചിരുന്നു.. വിമലിൽ നിന്നും കേട്ട ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളാനാകാതെ നിൽക്കുകയായിരുന്നു വിനയനും ശ്യാമയും.. എല്ലാവരെയും ആ വാക്കുകൾ ആകെ തകർത്തു കളഞ്ഞപ്പോൾ എല്ലാവരും അതിന്റെ പേരിൽ സ്വയം നീറിയപ്പോൾ ആ വിവരം അറിഞ്ഞു ഇനിയെന്ത് എന്നുപോലുമാറിയതെ കിടക്കുന്ന മറ്റൊരുവനെ അവരാരും കണ്ടില്ല..

തന്റെ ശരീരം തളർന്നുപോയി എന്നുൾക്കൊള്ളാൻ കഴിയാതെ അപ്പോഴും അവൻ മുകളിലേക്ക് നോക്കി കിടക്കുകയായിരുന്നു.. കഴിക്കുവാനുള്ള ആഹാരത്തിലേയ്ക്ക് ആ വിഷത്തിന്റെ കുപ്പി കമഴ്ത്തുമ്പോൾ രാധികയുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. എന്തൊരു അവസ്ഥയാണ് തന്റേത്.. ജന്മം കൊടുത്ത മക്കൾക്ക് വിഷം നൽകി കൊല്ലാൻ വിധിക്കപ്പെട്ട ഒരമ്മ.. അവർക്ക് വല്ലാതെ നീറുന്നുണ്ടായിരുന്നു.. വേദനിക്കുന്നുണ്ടായിരുന്നു.. പക്ഷെ അതിനിടയിലും ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും തകർന്നു പോയ ആ അമ്മയ്ക്ക് മുൻപിൽ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല..

താൻ ജീവന് തുല്യം സ്നേഹിച്ച തന്റെ ഭർത്താവ് നഷ്ടപെട്ടപ്പോഴും കൂടെയുണ്ട് എന്ന വാക്കിനാൽ ചേർത്തുപിടിക്കേണ്ട കൂടെപ്പിറപ്പ് വേലക്കാരിയായി ചവിട്ടി താഴ്ത്തുമ്പോഴും തന്നെ ജീവിക്കുവാൻ പ്രേരിപ്പിച്ച ഘടകം.. അതായിരുന്നു തന്റെ മക്കൾ.. ഭ്രാന്തിയായ മകൾ.. തളർന്നു വീണ മകൻ.. ഇനിയും മുന്പോട്ടുള്ള ജീവിതം അവർക്ക് ഓർക്കുവാൻ കൂടി കഴിയുന്നുണ്ടായിരുന്നില്ല… അത്രത്തോളം ആ വേദനകൾ ആ അമ്മ മനസ്സിനെ തകർത്തു കളഞ്ഞിരുന്നു.. കിച്ചുവിന്റെ ശരീരം തളർന്നു എന്നറിഞ്ഞപ്പോഴും ഒരു പ്രതീക്ഷ ഉള്ളിലുണ്ടായിരുന്നു.. പക്ഷെ ഇപ്പോൾ ആഴ്ച 3 കഴിഞ്ഞിരിക്കുന്നു..

ചുറ്റുമുള്ളവരുടെ സഹായം അവശ്യത്തിനുണ്ട്.. പണം വിമൽ ഒന്നും ആലോചിക്കാതെ എടുത്തു ചിലവാക്കുന്നുനമുണ്ട്.. പക്ഷെ.. ബിസിനസ്സ് വീണ്ടും ഒരറ്റത്ത് നിന്നും തകർന്നു തുടങ്ങുകയാണ്.. കിച്ചുവിന്റെ വീഴ്ചയും വിമലിന്റെ മാനസികമായ തളർച്ചയും അതിനെ വല്ലാതെ ബാധിക്കുന്നുണ്ട്.. ഇനിയും കാത്തിരിക്കുവാനോ പ്രതീക്ഷിക്കുവാനോ തനിക്ക് എന്താണുള്ളത്.. വിഷം ചേർത്ത ചോറിൽ കറികളും ഒഴിച്ചു മേശയിൽ വെയ്ക്കുമ്പോഴും അവരുടെ മുൻപിൽ ആ ചോദ്യമായിരുന്നു.. ഒന്നുമില്ല.. ഒന്നും.. അവർ ആ ചോറുമായി കിച്ചുവിന്റെ മുറിയിലേയ്ക്ക് നടക്കുമ്പോൾ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.. ഒറ്റയ്ക്ക് മരിക്കാം എന്നാണ് ആദ്യം കരുതിയത്..

പക്ഷെ മറ്റുള്ളവർക്കെല്ലാം ഭാരമായി രണ്ടു മക്കൾ.. അവരെയെന്തിനാണ് അങ്ങനെയൊരു വിധിയിലേയ്ക്ക് തള്ളിയിടുന്നത് എന്നു തോന്നിപോയി.. കിച്ചു ഇപ്പോൾ അധികം സംസാരിക്കാറില്ല.. അവനെന്ത് പറയുവാനാണ്.. ആ കണ്ണിൽ ഇപ്പോൾ പ്രതീക്ഷയില്ല.. സ്വപ്നങ്ങളും കാണാനില്ല.. കിച്ചൂ.. രാധിക വാത്സല്യത്തോടെ വിളിച്ചു.. അവനവരെ നോക്കി.. കണ്ണിൽ നിന്നുമൊഴുകുന്ന കണ്ണുനീർ തുടയ്ക്കുവാൻ പോലും മറ്റൊരാളെ ആശ്രയിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന വേദന.. അവരവനരികിലേയ്ക്ക് ഇരുന്നു.. ചോറ്.. അവർ പറഞ്ഞു.. അവനവരെ നോക്കി.. വല്ലാത്ത നോട്ടം.. എന്നെ കൊല്ലാൻ പോകുവാണോ അമ്മേ എന്നവൻ കണ്ണുകൾകൊണ്ട് ചോദിക്കുന്നത് പോലെ.. രാധിക കരഞ്ഞുപോയി..

കിച്ചു അവരെ വെറുതെ നോക്കികിടന്നു.. പോകാം മോനെ നമുക്ക്.. ഇനിയുമെന്തിനാ ഇങ്ങനെ.. നമ്മളെ കൊണ്ട് ആർക്കും ഒരു പ്രയോജനവുമില്ല.. എല്ലാവരെയും ശല്യം ചെയ്ത് എന്തിനാ ഇങ്ങനെ.. രാധിക കരഞ്ഞുകൊണ്ട് ചോദിച്ചു.. അമ്മേ.. കിച്ചു അവിശ്വസനീയതയോടെ വിളിച്ചു.. അവരവനെ നോക്കി.. വിഷമാ.. ഈ മഹാപാപിയുടെ വയറ്റിൽ കുരുത്തിലായിരുന്നുവെങ്കിൽ എന്റെ മക്കൾക്കെങ്കിലും നല്ലത് വന്നേനെ.. ആ പറഞ്ഞിട്ട് കാര്യമില്ലല്ലോ.. കഴിക്ക്.. ഈ ജന്മം ഈ അമ്മയുടെ കയ്യോണ്ട് തീരട്ടെ.. ആ വിധി കൂടെ ഉണ്ടാകും അമ്മയുടെ ജാതകത്തിൽ.. ന്റെ മോള് ഭദ്രയുടെ വീട്ടിൽ പോയതാ.. നിനക്ക് തന്നിട്ട് വേണം അവൾക്കും കൊടുക്കാൻ.. എന്നിട്ട് അമ്മയും വരും. മക്കളുടെ കൂടെ.. രാധിക ഭ്രാന്തമായി പറഞ്ഞു..

കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവർ ഒരുരുള ചോറുരുട്ടി അവനു നേരെ നീട്ടി.. അവനാ ഉരുളയും അവരെയും നോക്കി.. കഴിക്ക്.. അല്ലെങ്കിൽ അമ്മ പോയാൽ മോൻ ഒറ്റയ്ക്കാകും.. രാധിക പറഞ്ഞു.. രാധികാമ്മേ.. ഭദ്രയുടെ അലാറും പോലെയുള്ള ശബ്ദം കേട്ടതും രാധികയുടെ കയ്യിൽ നിന്നാ ഉരുള പ്ളേറ്റിലേക്ക് വീണു.. അവളോടൊപ്പം പാവയുമായി നിൽക്കുന്ന ദേവുവിനെ കൂടെ കണ്ടതും അവരുടെ മിഴികൾ നിറഞ്ഞൊഴുകി.. ഭദ്ര വേഗം വന്നാ പ്ളേറ്റ് തട്ടിയെറിഞ്ഞു.. വല്ലാത്ത ശബ്ദത്തോടെ ആ പ്ളേറ്റും അതിലുള്ള ചോറും ചിന്നി ചിതറി ആ മുറിയിലെ നിലത്തു വീണു.. രാധിക പൊട്ടിക്കരഞ്ഞു..

എന്താ ഇത്.. നിങ്ങൾക്ക് ഭ്രാന്താണോ.. ഭദ്ര ദേഷ്യത്തോടെ ചോദിച്ചു.. ഒരാക്സിഡന്റിൽ തളർന്നുപോയ മോനെയും ഈ പൊട്ടിപ്പെണ്ണിനെയും കൊന്നിട്ട് ചത്താൽ നിങ്ങൾക്ക് സമാധാനം കിട്ടുമോ.. ഭദ്ര ചോദിച്ചു.. എന്തിനാ കുട്ടീ ഈ ജീവിതം.. കരച്ചിലിനിടയിൽ അവർ ചോദിച്ചു.. ഈ ജീവിതം എന്തിനാണെന്ന് ചോദിച്ചാൽ ജീവിച്ചു തീർക്കുവാൻ തന്നെയാണ്.. ഭദ്ര പറഞ്ഞു.. നിങ്ങളെക്കാൾ വേദനിക്കുന്ന എത്ര പേരീ ലോകത്തുണ്ടെന്നറിയുമോ.. ഹേ.. എല്ലാവരും സുഖ സുഷുപ്തിയിലൊന്നുമല്ല കഴിയുന്നത്.. അല്ല നിങ്ങളെന്തിനാണ് മരണം തിരഞ്ഞെടുത്തത്.. ഈ പൊട്ടി പെണ്ണിനെ കാത്തിരിക്കുന്ന ഒരുവൻ ഈ ലോകത്തില്ലേ..

ഈ പെണ്ണിനെ കൊന്നിട്ട് നിങ്ങൾ മരിച്ചാൽ ഈ ജന്മം അവന്റെ ശാപത്തിൽ നിന്നു നിങ്ങൾക്കോ നിങ്ങളുടെ ആത്മാവിനോ മുക്തി കിട്ടുമോ.. അവൾ ചോദിച്ചു.. കിച്ചു കണ്ണുകൾ ഇറുക്കി പൂട്ടി.. അവന്റെ മിഴി കോണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി.. ദേ കിടക്കുന്നു.. നാളെ ഇയാൾക്ക് അസുഖം ഭേദമായി എഴുന്നേറ്റ് നടക്കുവാനുള്ള അവസരം നിഷേധിച്ചിട്ട് നിങ്ങൾക്ക് സന്തോഷമായി മരിക്കാൻ പറ്റുമോ രാധികാമ്മേ.. അവൾ ശാസനയോടെ ചോദിച്ചു.. പക്ഷെ ആ ചോദ്യത്തിൽ അവളുടെ ശബ്ദം വേദനയാൽ ഇടറിയിരുന്നു.. നിങ്ങൾക്ക് ചുറ്റും എത്ര പേരുണ്ട്.. നിങ്ങളെ സ്നേഹിക്കുന്ന വിശ്വസിക്കുന്ന താങ്ങായും തണലായും നിങ്ങളെ പരിചരിക്കുന്നവർ.. അവരെയെല്ലാം ഒരു ദിവസം സങ്കടത്തിന്റെ തീരാ കൊടുമുടിയിലെത്തിച്ചു നിങ്ങൾക്ക് ഒളിച്ചോടുവാൻ കഴിയുമോ രാധികാമ്മേ..

അവൾ അവരെ പിടിച്ചുലച്ചുകൊണ്ട് ചോദിച്ചതും പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവർ ആ നിലത്തേയ്ക്ക് വീണു.. കുറച്ചു നേരം ഭദ്രയും ഒന്നും മിണ്ടിയില്ല.. അൽപ്പനേരം അവർ കരഞ്ഞു തീർത്തതും ഭദ്ര പതിയെ അവർക്കരികിലേയ്ക്ക് ഇരുന്നു.. എല്ലാം കണ്ടു പേടിച്ചു നിന്ന ദേവു ആ നേരം കൊണ്ട് അവളുടെ ഏട്ടന്റെ അരികിലേക്ക് ചെന്നു പറ്റിച്ചേർന്നിരുന്നിരുന്നു.. അമ്മേ. ഭദ്ര പതിയെ രാധികയുടെ തോളിൽ കയ്യിട്ട് വിളിച്ചു.. അവരൊരു ആശ്വാസത്തിനെന്നോണം അവളെ കെട്ടിപ്പുണർന്നു.. അവരുടെ വേദനകൾ വീണ്ടും കണ്ണുനീരിനാൽ അവളിലേക്ക് ഒഴുകി എത്തിക്കൊണ്ടിരുന്നു.. അവൾ അവരെ ചേർത്തുപിടിച്ചു.. തൽക്കാലം ഇത് മറ്റാരും അറിയേണ്ട… ഇനി വെറുതെ കരഞ്ഞു അസുഖമൊന്നും വരുത്തല്ലേ..

അവൾ അവരെ കൊച്ചു കുഞ്ഞിനെ എന്നോണം ചേർത്തുപിടിച്ചു പറഞ്ഞു.. അവൾ ദേവുവിനെ നോക്കി.. അവൾ ഭയന്നിരിക്കുകയാണ്.. അവളെ കൈ കാട്ടി വിളിച്ചതും അവൾ കുഞ്ഞിനെപോലെ ഭദ്രയ്ക്കരികിൽ വന്നിരുന്നു.. ഒരു നിമിഷത്തെ ചിന്തയ്ക്ക് മരിക്കാൻ എളുപ്പമാണ്.. ജീവിതം ഒന്നേയുള്ളൂ അമ്മേ . അത് നമ്മൾ ജീവിച്ചു തീർക്കണം.. സങ്കടങ്ങളൊക്കെ എല്ലാവർക്കും ഉണ്ട്.. പക്ഷെ ആ സങ്കടങ്ങൾക്ക് മേലെ നമുക്ക് ചുറ്റുമുള്ള നല്ലതിനെ കൂടെ നമ്മൾ ഉൾക്കൊള്ളണം.. ചേർത്തുപിടിക്കുവാനുള്ളവരുടെ കൈപിടിച്ചു മുൻപോട്ട് നടക്കണം.. മരണം വരെയും.. അവൾ പറഞ്ഞു.. രാധിക തലയാട്ടി.. ഒന്നും മനസ്സിലായില്ല എങ്കിലും ദേവുവും.. ഇനിയാ ചോറ് വേണ്ട. ഞാൻ ചോറ് കൊണ്ടുവരാം..

ഇവളെ കൊണ്ടാക്കാൻ വന്നതാ.. രാത്രി ആയില്ലേ.. അവൾ പറഞ്ഞു.. ഞാൻ ഞാനുണ്ടാക്കിക്കോളാം.. രാധിക പറഞ്ഞു.. ഭദ്ര അവരെ നോക്കി.. ഇനി ഞാൻ ആത്മഹത്യയെ പറ്റി ചിന്തിക്കില്ല.. ഒരിക്കലും.. രാധിക അവൾക്ക് മറുപടിയായി പറഞ്ഞതും അവൾ പുഞ്ചിരിച്ചു.. അന്നുവരെ അവർ കണ്ടതിൽ അത്രമേൽ ഭംഗിയുള്ള പുഞ്ചിരി.. എനിക്കും തരുമോ.. അവൾ ചോദിച്ചു.. അവർ താല്പര്യത്തോടെ തലയാട്ടി.. ഇനി ചോറുണ്ടാക്കേണ്ട.. ചപ്പാത്തിയോ മറ്റോ ആക്കാം.. ഞാനും കൂടാം. ഭദ്ര പറഞ്ഞു.. ദോശ മാവ് ഇരിപ്പുണ്ട്.. അമ്മ ഉണ്ടാക്കാം.. മോള് ഇരിക്കെ.. അതും പറഞ്ഞു രാധിക വേഗം എഴുന്നേറ്റ് അകത്തേയ്ക്ക് പോയി. ഭദ്രേ അമ്മ എന്തിനാ കരഞ്ഞേ.. ദേവു ചോദിച്ചു..

അമ്മയ്ക്ക് തലവേദനയാ.. അതാ.. ഭദ്ര പറഞ്ഞു.. ആണോ.. എങ്കിൽ ഞാനും പൊക്കോട്ടെ അമ്മേടെ കൂടെ.. ദേവു ചോദിച്ചു.. മ്മ്.. ഭദ്ര മൂളി.. അവൾ എഴുന്നേറ്റ് രാധികയ്ക്ക് പിന്നാലെ നടന്നു.. ഭദ്ര പതിയെ എഴുന്നേറ്റു.. അവൾ പതിയെ കിച്ചുവിനാരികിലേയ്ക്കിരുന്നു… അവളുടെ സാമീപ്യം അറിഞ്ഞതും അവൻ കണ്ണു തുറന്നു.. ഭദ്രാ.. അവൻ വേദനയോടെ വിളിച്ചു.. ഒരാശ്രയത്തിനു അവന്റെ ഉള്ളം വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു.. അവൾ അവന്റെ കണ്ണുകൾക്ക് ചുറ്റും പടർന്ന കണ്ണുനീർ തന്റെ കൈകൾ കൊണ്ട് തുടച്ചു മാറ്റി.. പതിയെ അത്രമേൽ മൃദുവായി അവന്റെ നെറ്റിയിൽ ചുംബിച്ചു… ഞാനുണ്ടാകും കൂടെ.. അവൾ പറഞ്ഞു.. അവൻ അവളെ വേദനയോടെ നോക്കി.

കിടന്നു പോയി എന്നതല്ല.. ഇവിടെ കിടന്നുകൊണ്ട് എന്ത് ചെയ്യാം എന്ന് ചിന്തിക്കൂ.. അവൾ പറഞ്ഞു.. ഭദ്രാ.. അവൻ വിളിച്ചു.. അവൾ അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു.. എഴുന്നേല്പിക്കും ഞാൻ.. ഇത് ഭദ്രയുടെ വാക്കാ.. പോരെ.. അവൾ ചോദിച്ചു.. അവൻ തലയാട്ടി.. അവളോടുള്ള വിശ്വാസമെന്നോണം.. വിഷമിക്കേണ്ട.. അവരുടെ കൂടെയും ഭദ്രയുണ്ടാകും..അവൾ പറഞ്ഞു.. അവൻ അവളെ നോക്കി.. നമുക്ക് ചുറ്റും കാണുന്നവരെ എന്നും നോക്കുന്നത് പോലെ അല്ലാതെ ഒന്നു സൂക്ഷ്മമായി നോക്കി നോക്കിക്കേ.. അതിനുമപ്പുറം ആത്മവിശ്വാസവും ഊർജവും നിങ്ങളിൽ നിറയും.. നമ്മൾക്ക് ചുറ്റും അവർ തീർക്കുന്ന സുരക്ഷിതത്വം അനുഭവിച്ചറിയുവാൻ കഴിയും..

അവൾ ഉറപ്പോടെ പറഞ്ഞു..അവളുടെ വാക്കുകൾ അവനിൽ നിറച്ച ആത്മവിശ്വാസത്തിനു അതിരുകളില്ലായിരുന്നു.. അന്ന് മുതൽ കിച്ചു കാണുകയായിരുന്നു അത്ര നാളും കണ്ടതിനും അപ്പുറമുള്ള പലരെയും.. തന്റെ ഓരോ കാര്യത്തിനും അമ്മയ്ക്കൊപ്പം കൂടുന്നവളെ.. ദേവുവിനെ ശാസിക്കുന്ന തിരുത്തുന്ന സ്നേഹിക്കുന്ന ഒരു ചേച്ചിയെ.. മറ്റുചിലപ്പോൾ ദേവുവിന്റെ ഏറ്റവും നല്ല സുഹൃത്തിനെ.. അമ്മയുടെ പ്രിയപ്പെട്ട മക്കളായി മാറുന്ന ഭദ്രയെയും വിച്ചുവിനെയും.. എന്നും തനിക്കരികിൽ വന്നിരുന്നു സൊറ പറയുന്ന ജിഷ്ണുവിനെ.. ബിസിനസ്സിന്റെ ഓരോ കാര്യങ്ങളും തന്നോട് വന്നു ചർച്ച ചെയ്യുന്ന തന്റെ അഭിപ്രായങ്ങൾക്ക് അത്രമേൽ പ്രാധാന്യം നൽകുന്ന പ്രിയ സുഹൃത്തിനെ.. കിച്ചുവിന്റെ ചികിത്സ അക്ഷരാർത്ഥത്തിൽ ഭദ്ര ഏറ്റെടുത്തിരുന്നു..

അലോപ്പതി മരുന്നുകൾക്ക് ഒപ്പം തന്നെ ആയുർവേദവും നാട്ടുവൈദ്യവും അവൾ അവനായി ഒരുക്കി.. കാളിന്ദി പലപ്പോഴും കിച്ചുവിന്റെ വീട്ടിലെ സന്ദർശകരിൽ ഒരാളായി മാറി.. അവളുടെ കൈപുണ്യവും വൈദ്യവും അവനിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിരുന്നു.. അതിനുമപ്പുറം കിച്ചുവിനായി ഭദ്രയുടെ ചുണ്ടിന്റെ കോണിൽ ഇടയ്ക്കിടെ വിരിയുന്ന പുഞ്ചിരിയും അവനിൽ ആത്മവിശ്വാസം നിറച്ചു.. അവൻ ബിസിനസ്സിൽ അവിടെ കിടന്നുകൊണ്ടുതന്നെ ഇടപെട്ടു തുടങ്ങി.. ആദ്യഘട്ടത്തിൽ ഒഴിവായി പോയ മീറ്റിങ്ങുകളെ അടുത്ത ഘട്ടത്തിൽ ഭദ്ര നേരിടാൻ തുടങ്ങി.. അവളുടെ വാക്ചാതുര്യവും ഭാഷാനിപുണതയും വിമലിന്റെയും കിച്ചുവിന്റെയും ബിസിനസ്സിൽ ഉള്ള കഴിവും കമ്പനിയെ തകർച്ചയിൽ നിന്നും അതിന്റെ വളർച്ചയുടെ മറ്റൊരു പാതയിലേക്ക് എത്തിച്ചു കഴിഞ്ഞിരുന്നു..

ചുറ്റും നിന്നവർ പകർന്നു നൽകിയ ആത്മവിശ്വാസത്തിൽ അവൻ കാലുകൾ നിലത്തു ചവിട്ടി.. കൈകൾ പതിയെ അനക്കി തുടങ്ങി…. ********* 6 മാസം.. അതിവേഗം കടന്നുപോയ 6 മാസങ്ങൾക്കപ്പുറം ഡോക്ടറുടെ ക്യാബിനിൽ നിന്നും തനിയെ മറ്റാരുടെയും സഹായമില്ലാതെ ഇറങ്ങി നടന്നു വരുന്ന കിച്ചുവിനെ നോക്കി രാധിക ഇരുന്നു.. എന്ത് പറഞ്ഞു ഡോക്ടർ.. അവനോടും അവനു പിന്നാലെയായി നടന്നു വരുന്ന വിമലിനോടുമായി അവർ ചോദിച്ചു.. ഇനി ധൈര്യമായി എന്തും ചെയ്തോളാൻ.. വിമൽ പുഞ്ചിരിയോടെ പറഞ്ഞു.. രാധികയുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു.. അവർ കിച്ചുവിനെ നോക്കി.. അവന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി തനിക്ക് നേരെയുള്ള പുച്ഛമായി അവർക്ക് തോന്നി..

അന്ന് മരണത്തിന്റെ മുൻപിൽ നിന്നും തന്നെ തടഞ്ഞവളുടെ മുഖം അവരോർത്തു.. അവൾ അന്ന് സമയത്തു വന്നില്ലായിരുന്നുവെങ്കിൽ.. അവരുടെ കണ്ണുകൾ വേദനയാൽ നീറി.. മനസ്സുകൊണ്ട് വീണ്ടും അവർ കിച്ചുവിനോടായി മാപ്പ് ചോദിച്ചു… മോളെ.. വീട്ടിൽ വന്നതും രാധിക വിളിച്ചു.. ദാ വരുന്നു.. അകത്തുനിന്നും കേട്ട മറുപടിയിൽ തൃപ്തയായി രാധിക സോഫയിലേയ്ക്കിരുന്നു.. കിച്ചുവും വിമലും അവർക്കരികിലായി തന്നെ ഇരുന്നു.. ദേ വെള്ളം.. ശബ്ദം കേട്ട് തലയുയർത്തിയാ രാധിക കണ്ടു ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയോടെ തനിക്ക് നേരെ ട്രേയും നീട്ടിക്കൊണ്ട് നിൽക്കുന്ന തന്റെ പൊന്നുമോളെ.. ദേവുവിനെ.. അവർ വെള്ളമെടുത്തതും ട്രേയിൽ ബാക്കി വന്ന കപ്പുകൾ അവൾ കിച്ചുവിനും വിമലിനുമായി നൽകി..

കിച്ചു അശ്രദ്ധമായി അതെടുത്തു ചുണ്ടോടടുപ്പിച്ചപ്പോൾ വിമൽ ആ കപ്പെടുത്തു ചുണ്ടോടടുപ്പിച്ച ശേഷം അവൾക്കായി ഹൃദ്യമായ ഒരു പുഞ്ചിരിയും നൽകി.. അവൾ തിരിച്ചും അത്രമേൽ മനോഹരമായ ഒരു പുഞ്ചിരി നൽകി.. അത് കാണേ അകത്തുനിന്നും വന്ന ശ്യാമയിലും ഒരു പുഞ്ചിരി വിരിഞ്ഞു.. ആശ്രമത്തിലെ ചികിത്സയുടെ ഫലമായി ദേവുവിന്റെ അസുഖം പൂർണമായും അവളിൽ നിന്നും വിട്ട് മാറിയിരുന്നു.. അച്ഛന്റെ മരണം അവളിൽ ഏൽപ്പിച്ച മുറിവുകൾ അതഗീകരിക്കാൻ കഴിയാതെ വന്നപ്പോൾ ഉണ്ടായ വിഭ്രാന്തിയെ ചികിത്സയും കൗണ്സിലിംഗും കൊണ്ട് പൂർണമായും അവളിൽ നിന്നും പറിച്ചു മാറ്റിയിരുന്നു.. ഇപ്പോൾ അവൾ പഴയതിലും എല്ലാ കാര്യത്തിലും ആക്റ്റീവ് ആണെന്നവർ സന്തോഷത്തോടെ ഓർത്തു..

എങ്കിലും ഈ നാടിനോടും ചുറ്റും നോക്കുന്ന സഹതാപം നിറഞ്ഞ നോട്ടങ്ങളോടും അവൾക്കൊരു വല്ലായ്ക ഉണ്ട്.. പലപ്പോഴും അവൾ വീടിനുള്ളിൽ ചുരുങ്ങാൻ ശ്രമിക്കുന്നതും അതുകൊണ്ടാണ്.. പക്ഷെ അവിടെയും ഭദ്ര അവൾക്ക് താങ്ങായി ഉണ്ടായിരുന്നു.. ഇപ്പോൾ സ്ഥിരമായി ഭദ്രയ്ക്കൊപ്പം അവൾ പാല് കൊടുക്കുവാൻ പോകുന്നുണ്ട്.. പോകുന്നുണ്ട് എന്നതിലും ഭദ്ര നിർബന്ധപൂർവം കൂടെ കൂട്ടുന്നുണ്ട് എന്നു പറയുന്നതാകും ശെരി.. അവളെ ഭയന്നു ആരും ദേവുവിനോട് ഒന്നും പറയാറുമില്ല.. എന്താ ശ്യാമാന്റീ ഒരാലോചന.. ട്രേയുമായി തിരികെ വന്ന ദേവു ചോദിച്ചു.. ഹേയ്.. ഒന്നുമില്ല.. അവർ വാത്സല്യത്തോടെ ലറഞ്ഞതും അവർക്കായി ഒരു പുഞ്ചിരി സമ്മാനിച്ചു അവളും അകത്തേയ്ക്ക് നടന്നിരുന്നു..

അവൾക്ക് പിന്നാലെ രാധികയും ശ്യാമയും പോയതോടെ വിമൽ കിച്ചുവിനെ നോക്കി.. ഇനി എന്താ പ്ലാൻ.. വിമൽ ചോദിച്ചു.. എന്ത് പ്ലാൻ.. ബിസിനസ്സ് കുറേക്കൂടി ശ്രദ്ധിക്കണം.. നിങ്ങളുടെ കല്യാണം നടത്തണം.. അതല്ല.. നിന്റെ ഈ അവസ്ഥയ്ക്ക് കാരണമായവർക്ക് മറുപടി കൊടുക്കേണ്ടെ എന്നാണ് ചോദിച്ചത്.. കിച്ചു പ്റഞ്ഞു വന്നതും വിമൽ ചോദിച്ചു.. അത്.. കിച്ചു പറയാൻ തുടങ്ങിയതും വിമൽ തടഞ്ഞു.. വെറുമൊരു ആക്സിഡന്റ് ആയിരുന്നു എന്ന് അന്ന് പൊലീസിന് കൊടുത്ത മറുപടി ആണെങ്കിൽ വേണ്ട. താൽപര്യമില്ല..അത് ചെയ്തവനെയും ഒത്താശ ചെയ്തവനെയും കൊല്ലാൻ അറിയാഞ്ഞിട്ടല്ല..ദേ ഇങ്ങനെ എല്ലാ അർത്ഥത്തിലും ആരോഗ്യവാനായി നീ എന്റെ മുൻപിൽ നിൽക്കുമ്പോൾ വേണം അതെന്നു എനിക്ക് നിർബന്ധമുണ്ടായിരുന്നു .

വിമൽ പറഞ്ഞു.. കിച്ചു പുഞ്ചിരിച്ചു.. എന്താ പ്ലാൻ.. അവൻ വീണ്ടും ചോദിച്ചു.. കിച്ചു ഒരിക്കൽക്കൂടി പുഞ്ചിരിച്ചു.. പക്ഷെ ആ പുഞ്ചിരിക്കിടയിലും അവന്റെ കണ്ണുകളിൽ വിരിഞ്ഞ പകയുടെ കനലുകൾ വിമലിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിയിച്ചിരുന്നു.. തന്നെ ഇല്ലാതാക്കാൻ ഓങ്ങിയ കൈകളുടെ ഉടമയെ തച്ചുടയ്ക്കാൻ പോന്ന പക കിച്ചുവിന്റെ കണ്ണിൽ അപ്പോഴും നിറഞ്ഞിരുന്നു.. ********** കിച്ചൂ.. വിമലിന്റെ വെപ്രാളത്തോടെയുള്ള വിളി കേട്ടാണ് കിച്ചു നോക്കിക്കൊണ്ടിരുന്ന ഫയലിൽ നിന്നും കണ്ണെടുത്തു തലയുയർത്തി നോക്കിയത്.. ഓഫീസിൽ നിന്നും മാറി നിന്ന സമയത്തെ ഫയലുകൾ നോക്കുകയായിരുന്നു അവൻ.. നിന്റെ ഫോണെന്തിയെ.. വിമൽ വെപ്രാളത്തോടെ ചോദിച്ചു..

അത്.. അവൻ ചുറ്റും നോക്കി.. അയ്യോ കാറിലാണ്.. എന്താടാ.. കിച്ചു ചോദിച്ചു.. അത്.. ടാ.. മാഷ്.. മാഷ് മരിച്ചു.. വാട്.. കേട്ട വാർത്ത ഉൾക്കൊള്ളാനാകാതെ കിച്ചു തറഞ്ഞു നിന്നുപോയി.. ഇപ്പോൾ ജിഷ്ണുവാണ് വിളിച്ചു പറഞ്ഞത്.. രാവിലെ ഭദ്ര ചായയും മറ്റും കൊടുത്തു വിച്ചുവിനെ ഏൽപ്പിച്ചു പോയതാത്രേ.. ഇത്തിരി കഴിഞ്ഞപ്പോൾ ഒന്നു ചുമച്ചു.. അതോടെ ശ്വാസവും നിന്നൂന്നാ കേട്ടത്.. പോകേണ്ടേ.. വിമൽ ചോദിച്ചപ്പോഴും കേട്ട വാർത്ത ഉൾക്കൊള്ളുവാൻ അവനു കഴിഞ്ഞിരുന്നില്ല……തുടരും

Share this story