സഹയാത്രികയ്ക്കുസ്നേഹ പൂർവം: ഭാഗം 51

സഹയാത്രികയ്ക്കുസ്നേഹ പൂർവം: ഭാഗം 51

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അത്.. ടാ.. മാഷ്.. മാഷ് മരിച്ചു.. വാട്.. കേട്ട വാർത്ത ഉൾക്കൊള്ളാനാകാതെ കിച്ചു തറഞ്ഞു നിന്നുപോയി.. ഇപ്പോൾ ജിഷ്ണുവാണ് വിളിച്ചു പറഞ്ഞത്.. രാവിലെ ഭദ്ര ചായയും മറ്റും കൊടുത്തു വിച്ചുവിനെ ഏൽപ്പിച്ചു പോയതാത്രേ.. ഇത്തിരി കഴിഞ്ഞപ്പോൾ ഒന്നു ചുമച്ചു.. അതോടെ ശ്വാസവും നിന്നൂന്നാ കേട്ടത്.. പോകേണ്ടേ.. വിമൽ ചോദിച്ചപ്പോഴും കേട്ട വാർത്ത ഉൾക്കൊള്ളുവാൻ കിച്ചുവിന് കഴിഞ്ഞിരുന്നില്ല.. ഡാ.. വിമൽ വിളിച്ചു.. പോകാം.. കിച്ചു പറഞ്ഞു.. അവൻ തലയനക്കി… യാത്രയിലുടനീളം കിച്ചു മൗനത്തിലായിരുന്നു. അവന്റെ ഉള്ളം നിറയെ കൊലുന്നനെ ഉള്ള ശരീരവും ചുണ്ടിൽ എപ്പോഴും നിറഞ്ഞ ചിരിയുമായി കിടക്കുന്ന മാഷിന്റെ രൂപമായിരുന്നു..

ആദ്യമായി അദ്ദേഹത്തെ കണ്ടതുമുതൽ ഇന്നീ നിമിഷം വരെ ആരെയും ഒന്നു കുറ്റം പറഞ്ഞുപോലും കണ്ടിട്ടില്ല.. ദേഷ്യത്തോടെ ഒന്നു മുഖം ചുളിക്കുന്നത് പോലും കണ്ടിട്ടില്ല.. ആരെയും മോശമായി കണ്ടതായോ ആരെ പറ്റിയെങ്കിലും മോശമായി പറഞ്ഞതോ കേട്ടിട്ടുമില്ല.. എന്തിനു സ്വന്തം ജീവിതം തകർത്തെറിഞ്ഞ ആ സ്ത്രീയെ കുറിച്ചു പോലും അധികം ആ മനുഷ്യൻ സംസാരിച്ചിട്ടില്ല.. തേജസ്വിയായ ഒരു മനുഷ്യൻ.. ആ കണ്ണുകളിൽ എന്നും ഉറവ വറ്റാത്ത സ്നേഹം താൻ കണ്ടിരുന്നു.. നിറഞ്ഞ പുഞ്ചിരിയും.. എങ്കിലും ആ കണ്ണുകളിൽ വേദനയുടെ അഗാധമായ ഒരു സമുദ്രമിരമ്പുന്നുണ്ടായിരുന്നു.. അനുഭവിച്ച വേദനകൾ ആ കണ്ണിൽ സദാ നിറഞ്ഞിരുന്നു..

പക്ഷെ അവ ഒരിക്കൽപോലും അദ്ദേഹം മറ്റുള്ളവരുടെ മുൻപിൽ തുറന്നു കട്ടൻ ശ്രമിച്ചിട്ടില്ല… അവനോർത്തു.. അന്നാദ്യമായി താൻ അദ്ദേഹത്തെ പുറത്തേയ്ക്ക് വീൽ ചെയറിൽ കൊണ്ടുപോയ ദിവസം.. നാളുകൾക് ശേഷം പുറം ലോകം കണ്ട അത്ഭുതം മുഴുക്കെ നിറഞ്ഞിരുന്നു.. നഷ്ടപ്പെട്ടുപോയ അച്ഛന്റെ സ്നേഹം മുഴുവൻ ആ കണ്ണുകളിൽ നിറഞ്ഞിരുന്നു.. തളർന്നു കിടക്കുമ്പോഴും ദിവസം ഒരുനേരമെങ്കിലും അദ്ദേഹം വിളിക്കുമായിരുന്നു.. ആ വിളിയും സംസാരവും.. അത് വല്ലാത്ത ഊർജവുമായിരുന്നു.. ഭദ്രയുടെ ഫോണിൽ നിന്നും സ്ഥിരമായി വരുന്ന ആ കോളിൽ തനിക്ക് വേണ്ട ഉപദേശമുണ്ടായിരുന്നു.. സ്നേഹമുള്ള ശാസനങ്ങൾ ഉണ്ടായിരുന്നു..

എഴുന്നേറ്റ് നടക്കാനുള്ള ഊര്ജമുണ്ടായിരുന്നു.. മകനോടുള്ള വാത്സല്യമുണ്ടായിരുന്നു.. അതിരറ്റ ആത്മവിശ്വാസം പകരുന്ന വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്.. ആ വീട്ടിലേയ്ക്ക് പലപ്പോഴും ഭദ്രയുടെ ബുക്കെടുക്കുവാൻ ചെല്ലുമ്പോൾ സ്നേഹത്തോടെ കാത്തിരിക്കാൻ ഇനിയാ കണ്ണുകളില്ല.. വാത്സല്യത്തോടെ കിച്ചൂ എന്ന വിളി ഇനി ഉണ്ടാകില്ല.. കുറുമ്പുള്ള ഒരച്ഛന്റേതെന്ന പോലെയുള്ള വിളിയും വർത്തമാനങ്ങളും ഇനി ഉണ്ടാകില്ല.. അവൻ കണ്ണുകൾ ഇറുക്കി പൂട്ടി . ഇനിയുണ്ടാകുമോ മാഷേ നിങ്ങളെ പോലെയൊരാൾ.. ഒരു നാടിനായി അവിടുത്തെ പ്രശ്നങ്ങൾ അവസാനിപ്പിക്കുവാനായി ജീവിതം മാറ്റി വെച്ചൊരാൾ.. അതിന്റെ പേരിൽ സ്വന്തം ജീവിതം നശിച്ചു പോയൊരാൾ..

ഉപേക്ഷിച്ചുപോയ ഭാര്യയ്ക്കെതിരായി പോലും സംസാരിക്കാത്ത ഒരാൾ.. അതിനൊക്കെ മുകളിൽ തന്റെ രണ്ടു മക്കളെയും ഇത്ര മനോഹരമായി വളർത്തിയ ഒരച്ഛൻ.. ആ ഓര്മയ്ക്കിടയിൽ അവന്റെ മനസ്സിൽ മിഴിവോടെ തെളിഞ്ഞ മറ്റൊരു മുഖമുണ്ടായിരുന്നു.. അവന്റെ പ്രണനായവളുടെ.. അച്ഛനായി ചേച്ചിക്കായി ജീവിതം മാറ്റി വെച്ചവൾ.. അവളിപ്പോൾ എന്ത് ചെയ്യുകയാകും.. അവളാണ് ഒറ്റപ്പെട്ട് പോയത്. അവന്റെ കണ്ണുകൾ നിറഞ്ഞു… ഒരാശ്രയമായി അവൾക്ക് ആകെയുണ്ടായിരുന്നത് അവളുടെ അച്ഛനായിരുന്നു.. കിച്ചൂ.. ചന്ദനത്തിരിയുടെ രൂക്ഷ ഗന്ധത്തിനൊപ്പം വിമലിന്റെ വിളി കൂടെ കേട്ടതും കിച്ചു കണ്ണു തുറന്നു.. ഇറങ്ങി വാ.. വിമൽ വിളിച്ചു..

അവൻ പുറത്തേക്കിറങ്ങി.. ആരുടെയൊക്കെയോ കരച്ചിൽ കാതിൽ മുഴങ്ങി… നാട്ടുകാർ കൂടിയിട്ടുണ്ട്.. കൂടി നിൽക്കുന്നവർ അടക്കിപ്പിടിച്ചു എന്തൊക്കെയോ സംസാരിക്കുന്നുണ്ട് . നാളുകൾക്ക് ശേഷമാണ് പലരും ഈ പടിവാതിൽ കടക്കുന്നത് എന്നു വ്യക്തം.. ജീവനോടെ ഇരുന്നപ്പോൾ ഭദ്ര തീർത്ത കവചത്തിനുള്ളിൽ അത്രമേൽ സുരക്ഷിതനായിരുന്നു ഈ വീട്ടിൽ ആ മനുഷ്യൻ.. സഹതാപവും പുച്ഛവും നിറഞ്ഞ നോട്ടമോ സംസാരമോ ഒന്നും അദ്ദേഹത്തെ ഏല്പിച്ചിരുന്നില്ല.. ഇപ്പോൾ ശാന്തനായി മരണപ്പെട്ട ആ മനുഷ്യനരികിൽ വന്നു വീണ്ടും സഹതപിക്കുന്നവർ.. കഷ്ടം.. പുച്ഛമാണ് അവനു തോന്നിയത്.. അവൻ അകത്തേയ്ക്ക് നടന്നു.. വലിയ ഹാളിൽ വാഴയിലയ്ക്ക് മുകളിൽ വെള്ളപുതപ്പിച്ചു കിടത്തിയിരിക്കുന്ന മാഷിനെ അവനൊന്ന് നോക്കി..

സദാ ഐശ്വര്യം തുളുമ്പുന്ന ആ മുഖത്തു ഇന്നും പുഞ്ചിരി വിരിഞ്ഞിരുന്നു.. ശാന്തമായ ഒരുറക്കം.. അതിനപ്പുറം ഒന്നും തോന്നുന്നില്ല.. തലയ്ക്ക് മീതെ വെച്ചിരിക്കുന്ന നിലവിളക്കും നാളികേരവും പിന്നെ പുകയുന്ന ചന്തനത്തിരിയും.. ആരാണാവോ അതവിടെ വെച്ചത്. വല്ലാത്ത ഗന്ധം.. മനസ്സിൽ അശാന്തി വിതയ്ക്കുന്ന രൂക്ഷമായ ഗന്ധം.. അവൻ ചുറ്റും നോക്കി.. വിച്ചു കരഞ്ഞു തളർന്ന് സുമയുടെ തോളിൽ ചാഞ്ഞു കിടപ്പുണ്ട്.. ദേവുവും വല്ലാത്ത കരച്ചിലാണ്.. രാധികയുടെ കണ്ണുകളും സുമായ്ക്കൊപ്പം തന്നെ കവിഞ്ഞൊഴുകുന്നുണ്ട്.. വലിയ ബഹുമാനവും സ്നേഹവുമായിരുന്നു ആ മനുഷ്യനോട് അമ്മയ്ക്കെന്നു അവനോർത്തു.. അവന്റെ കണ്ണുകൾ അപ്പോഴും തിരഞ്ഞ മുഖം അവിടെ എങ്ങുമുണ്ടായിരുന്നില്ല.. കിച്ചൂ..

അകത്തെ മുറിയിൽ നിന്നു മാഷ് വിളിക്കുന്നു.. അവൻ മാഷ് കിടന്നിരുന്ന മുറിയിലേയ്ക്ക് നടന്നു.. അവിടെ മാഷ് കിടന്ന കട്ടിലിൽ തളർച്ചയുടെ ശ്രീധരൻ മാഷിരിപ്പുണ്ട്.. ഒരാത്മാവും രണ്ടു ശരീരവും ആയി ജീവിച്ചവർ.. ശീവേട്ടനും തളർച്ചയോടെ മാഷിനരികിൽ ഇരിപ്പുണ്ട്.. വല്ലാത്ത ശൂന്യത തോന്നി അവനു.. അവൻ പുറത്തേക്കിറങ്ങി.. കൂടി നിൽക്കുന്നവരിൽ അവന്റെ കണ്ണുകൾ തിരഞ്ഞവളെ മാത്രം അവൻ എവിടെയും കണ്ടില്ല.. ജിഷ്ണു.. അവൻ പന്തലുകാരോട് സംസാരിച്ചു നിൽക്കുന്ന ജിഷ്ണുവിനെ വിളിച്ചു.. എത്തിയോ.. അവന്റെ കാണുകൾ നിറഞ്ഞിരുന്നു. മ്മ്.. കൂടുതലൊന്നും ചോദിക്കുവാൻ തോന്നിയില്ല.. ഭദ്ര.. കിച്ചു ചോദിച്ചു.. പുറകിൽ എവിടെയോ ഉണ്ട്.. ജിഷ്ണു പറഞ്ഞു..

എല്ലാത്തിനും ഓടി നടക്കുകയാണ്.. ഞാൻ പറഞ്ഞിട്ടൊന്നും കേട്ടില്ല.. ഈ നേരം വരെ ഒന്നു ഇരുന്നു കണ്ടില്ല.. വാശിയോടെ എല്ലാ കാര്യത്തിനും ഓടി നടക്കുവാ കിച്ചൂ.. പേടിയാകുവാ അവളുടെ ഭാവം കണ്ടിട്ടെനിക്ക്.. ജിഷ്ണു കരഞ്ഞുകൊണ്ട് അവന്റെ തോളിലേയ്ക്ക് ചാഞ്ഞു.. കിച്ചുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു.. ഞാൻ.. ഞാൻ സംസാരിക്കാം.. അവൻ അത്രയും പറഞ്ഞു.. അപ്പോഴേയ്ക്കും വിമലും വന്നിരുന്നു.. ജിഷ്ണുവിനെ ഒരിടത്തിരുത്തി അവൻ ജിഷ്ണുവിന്റെ ജോലി ഏറ്റെടുത്തിരുന്നു.. കിച്ചു പതിയെ പുറകിലേക്ക് നടന്നു.. അവിടെ കുഴിയെടുക്കുന്നവരുടെ അടുത്തു നിൽപ്പുണ്ടവൾ.. മുഖം ചുവന്നു തുടുത്തിരിക്കുന്നു.. കണ്ണുകൾ കലങ്ങി മറിഞ്ഞിരിക്കുന്നു..

എങ്കിലും ഉറപ്പോടെ കുഴിയെടുക്കുന്നവരുടെ അടുത്തു നിൽക്കുകയാണ് അവൾ.. അവൻ അത്ഭുതത്തോടെ അവളെ നോക്കി.. എങ്ങനെ കഴിയുന്നു പെണ്ണേ നിനക്ക്.. ഇത്രമേൽ ആഴത്തിൽ ചിന്തിച്ചു പെരുമാറുവാൻ.. സ്വയം താങ്ങാകുവാൻ.. സ്വന്തം ദുഃഖങ്ങൾ ഇത്രത്തോളം ഉള്ളിലൊതുക്കുവാൻ.. അവൻ പതിയെ ഭദ്രയ്ക്കരികിൽ ചെന്നു.. ഭദ്രേ.. അവന്റെ വിളി കേട്ടതും അവൾ തിരിഞ്ഞു നോക്കി.. ആ കണ്ണുകളിൽ സ്ഥിരം കാണുന്ന തിളക്കമില്ല.. ആത്മവിശ്വാസവുമില്ല.. പക്ഷെ ഉറപ്പുണ്ട്.. എന്തിനെയും നേരിടുവാനുള്ള ചങ്കൂറ്റമുണ്ട്.. എപ്പോ അറിഞ്ഞു.. അവൾ ചോദിച്ചു.. ജിഷ്ണു രാവിലെ വിളിച്ചു പറഞ്ഞു.. അവൻ പറഞ്ഞു.. താൻ ചെല്ലു.. ഇതൊക്കെ ഞാൻ നോക്കിക്കോളാം.. അവനങ്ങനെ പറയുവാനാണ് തോന്നിയത്.. ഹേയ്.. അടക്കത്തിനുള്ള സമയമായി വരുന്നു.

ആ കർമ്മി എത്തിയോ.. ശിവേട്ടൻ ആളെ ഏർപ്പാടാക്കാം എന്നു പറഞ്ഞിരുന്നല്ലോ.. ഞാനൊന്ന് നോക്കട്ടെ.. അവൾ അതും പറഞ്ഞു അകത്തേയ്ക്ക് കയറി പോകുന്നതും നോക്കി അവൻ നിന്നു..അറിയാതെ അവന്റെ കൈകൾ അവളുടെ കൈകൾ കവർന്നു.. പോട്ടെ മാഷേ.. ചെയ്തു തീർക്കാൻ ഏറെയുണ്ട്.. ഇനി എന്റെ അച്ഛനായി ഇതിനപ്പുറം ഞാൻ എന്താ ചെയ്യ.. അവളുടെ വാക്കുകളിൽ അതിന്റെ ആഴത്തിൽ അവന്റെ കൈകൾ പതിഞ്ഞെ അയഞ്ഞു.. അവളൊന്നുകൂടി അവനെ നോക്കി അകത്തേയ്ക്ക് നടന്നു.. തന്റെ കാലുകൾക്ക് ബാലമില്ലാത്തതായി കിച്ചുവിന് തോന്നി.. അല്ല ആ പെണ്ണിനോളം ശക്തി ഒരിക്കലും തന്റെ കാലുകൾക്കുണ്ടായിട്ടില്ല.. അവനോർത്തു..

വല്ലാത്ത വേദന മനസ്സിൽ പടർന്നു കഴിഞ്ഞു.. അത്രത്തോളം ആഴത്തിൽ ഈ ചുരുങ്ങിയ കാലം കൊണ്ട് എന്റെയുള്ളത്തിൽ നിറയുവാൻ നിങ്ങൾ എന്ത് മയാജാലമാണ് മാഷേ കാണിച്ചത്.. ആ ചോദ്യം അവന്റെ മനസ്സിൽ തങ്ങി നിന്നു.. ആ മായജാലമാണ് ആ നടന്നു പോകുന്നവൾ എന്നത് അവന്റെയുള്ളം വിളിച്ചു പറയുന്നുണ്ടായിരുന്നു.. കർമം ചെയ്യുന്നതാരാണ്.. കർമ്മി വിളിച്ചു ചോദിച്ചതും നാട്ടുകാർ പരസ്പരം നോക്കി.. മാഷിന് രണ്ടു പെണ്പിള്ളേരാ.. മൊയ്‌തത്തിന്റെ കെട്ട്യോൻ ഉണ്ടല്ലോ.. ജിഷ്ണു ചെയ്യില്ലേ.. നാട്ടുകാരിൽ ആരോ ചോദിച്ചു.. കർമം ചെയ്യാൻ എന്റച്ഛന് രണ്ടു മക്കളുണ്ട്..ഞങ്ങൾ ചെയ്തോളാം.. ഭദ്രയുടെ ശബ്ദം അവിടെ മുഴങ്ങി.. പലരും അടക്കിപ്പിടിച്ചോരോന്നായി പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ ചുരിടാറിന് മുകളിൽ തോർത്തു കെട്ടി ഭദ്ര മുൻപോട്ട് വന്നു..

സുമ തളർന്നു നിൽക്കുന്ന വിച്ചുവിനെയും താങ്ങി മുൻപിൽ നിർത്തി.. കർമ്മി പറയുന്നതിനൊപ്പം ഓരോന്നായി ചെയ്യുമ്പോഴും ആ പെണ്ണിന്റെ മുഖത്തെ നിശ്ചയദാർഢ്യം കിച്ചു കണ്ടിരുന്നു.. കണ്ടില്ലേ.. ഒരു തുള്ളി കണ്ണുനീർ പോലും അവൾ പൊഴിക്കുന്നില്ലല്ലോ.. ആരുടെയോ വാക്കുകൾ കിച്ചു കേട്ടു.. അവനു പുച്ഛം തോന്നി.. കണ്ണുനീര് മാത്രമാണ് വേദനയെന്നു ആരാണ് സമൂഹമേ നിന്നോട് പറഞ്ഞത്.. ആർത്തലച്ചു കരയുന്നവരിൽ മാത്രമല്ല.. എല്ലാം ഉള്ളിന്റെയുള്ളിൽ കൊണ്ടു നടന്ന് പുറത്തു ധൈര്യമായി നിൽക്കുന്നവരിലും വേദനയുണ്ട്.. അവൻ ഉള്ളിന്റെ ഉള്ളിൽ ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു.. കർമ്മങ്ങൾ പൂർത്തിയാക്കി മാഷിന്റെ ചിതയ്ക്ക് തീ കൊളുത്തുമ്പോഴും വിച്ചു ആർത്തലച്ചു കരയുന്നുണ്ടായിരുന്നു..

അപ്പോൾ മാത്രം ഭദ്രയുടെ കണ്ണുകളിൽ നിന്നൊരിറ്റ് കണ്ണുനീർ ഭൂമിയിലേക്ക് പതിഞ്ഞു.. ആ ചൂട് കണ്ണുനീർ ഭൂമിയെ വല്ലാതെ പൊള്ളിച്ചുവെന്ന് അവനു തോന്നി.. ഏകനായി എല്ലാ വേദനകളിൽ നിന്നും മുക്തനായി മാഷ് യാത്രയായപ്പോൾ ഭൂമിയിൽ അദ്ദേഹം ബാക്കിയാക്കി പോയ ചില നല്ല ഓർമകളിൽ നീറി പുകയുകയായിരുന്നു ചുറ്റിനുമുള്ളവർ.. ********** ഏട്ടാ… ദേവുവിന്റെ വിളി കേട്ടാണ് കിച്ചു തിരിഞ്ഞു നോക്കിയത്.. കഴിക്കുന്നില്ലേ ഏട്ടാ.. അവൾ ചോദിച്ചു.. വിശക്കുന്നില്ല മോളെ.. അവൻ പറഞ്ഞു.. അവൾ മൗനമായി അവനോടൊപ്പം വന്നു നിന്നു.. ഭദ്ര.. അവൾ ഒറ്റയ്ക്കായി പോയി അല്ലെ ഏട്ടാ.. അവൾ ചോദിച്ചു.. അവൻ ദേവുവിനെ നോക്കി.. കൂട്ടികൊണ്ട് വന്നൂടെ ഏട്ടാ അവളെ നമ്മുടെ വീട്ടിലേയ്ക്ക്.. ആരുമില്ല ഏട്ടാ അവൾക്ക്.. അനാഥത്വം. അത് വല്ലാത്ത വേദനയല്ലേ ഏട്ടാ..

അവൾ നിറകണ്ണുകളോടെ ചോദിച്ചു.. ദേവൂ.. അപ്പോഴേയ്ക്കും വിമൽ വന്നവളെ വിളിച്ചു.. അമ്മ വിളിക്കുന്നെടൊ… അവൻ ഫോൺ നീട്ടികൊണ്ട് പറഞ്ഞു..അവൾ കിച്ചുവിനെ നോക്കി ഫോണും വാങ്ങി തിരിഞ്ഞു നടന്നു.. അമ്മയാണ്.. അച്ഛനെയും കൊണ്ട് ആശുപത്രിയിൽ പോയതുകൊണ്ടാണ് ഇന്ന് വരാഞ്ഞത്.. അവൻ പറഞ്ഞു.. മ്മ്.. രാവിലെ ശ്യാമാന്റി പറഞ്ഞിരുന്നല്ലോ.. ഡോക്ടർ എന്ത് പറഞ്ഞു.. അവൻ ചോദിച്ചു.. കുഴപ്പമൊന്നും വേറെ കാണുന്നില്ല.. എങ്കിലും സൂക്ഷിക്കാൻ പറഞ്ഞു.. മരുന്നും കൊടുത്തു.. അവൻ പറഞ്ഞു.. ദേവു ഭദ്രയെ പറ്റിയാണല്ലേ പറഞ്ഞത്.. അവൻ ചോദിച്ചു.. കിച്ചു അവനെ നോക്കി.. അവളെ ഇനിയും ഒറ്റയ്ക്കാക്കരുതെ കിച്ചൂ.. ഇപ്പോഴാണ് അവൾക്കേറ്റവും കൂടുതൽ സപ്പോർട്ട് വേണ്ടത്.. നിനക്കെ അത് നൽകാൻ കഴിയൂ. വിമൽ പറഞ്ഞു..

കിച്ചു അടുത്ത വീട്ടിലേയ്ക്ക് നോക്കി.. രാത്രി വൈകിയും കേൾക്കുന്ന പഴയ പാട്ടുകളുടെ ഈണം ഇനി കേൾക്കാത്ത ആ മുറിയിലേയ്ക്ക് അവൻ വെറുതെ നോക്കി.. കണ്ടതൊക്കെയും ഒരു സ്വപ്നമായിരുന്നെങ്കിലെന്നു അവനു തോന്നി.. അവൻ മാഷിനെ അടക്കിയിരിക്കുന്നിടത്തേയ്ക്ക് നോക്കി.. അവിടെ നിന്നുയരുന്ന പുകയ്ക്കൊപ്പം ആ പട്ടടയുടെ അരികിൽ ചേർന്ന് നിൽക്കുന്ന നിഴലിലേയ്ക്കും അവൻ നോക്കി.. പെട്ടെന്നെന്തോ ഓർത്തെന്ന വണ്ണം അവൻ വിമലിനോട് ഇപ്പോൾ വരാം എന്ന് പറഞ്ഞു പുറത്തേയ്ക്ക് നടന്നു.. ഭദ്രേ.. അവൻ വിളിച്ചതും ഭദ്ര ഞെട്ടലോടെ തിരിഞ്ഞു.. അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കാണേ ഉള്ളൊന്നു പിടയുന്നത് അവനറിഞ്ഞു.. എന്താടോ ഒറ്റയ്ക്ക്.. അവരൊക്കെ എവിടെ.. കിച്ചു ചോദിച്ചു.. കിടന്നു.. വിച്ചൂന് വല്ലാത്ത തലവേദന..

ജിഷ്ണുവേട്ടനോട് കിടന്നോളാൻ പറഞ്ഞു.. ഭദ്ര കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.. കിച്ചു അവളെ നോക്കി.. വല്ലാതെ ഒറ്റപ്പെടുന്നുണ്ടല്ലേ.. അവൻ ചോദിച്ചു.. അവൾ ഒന്നു പുഞ്ചിരിച്ചു.. അച്ഛനുള്ളപ്പോൾ ഒറ്റയ്ക്കല്ല എന്നൊരു തോന്നലുണ്ടായിരുന്നു.. പക്ഷെ.. വിച്ചുവില്ലേ.. കിച്ചു ചോദിച്ചു.. ഉണ്ട്.. മറ്റാരുടേതായാലും അവളെന്റെ കൂടെപ്പിറപ്പ് അല്ലാതെയാകുമോ.. പക്ഷെ അച്ഛന് പകരമാകുവാൻ അവൾക്കാകില്ലല്ലോ. ഭദ്രയുടെ സ്വരം ഒന്നിടറി.. അവൾ നോട്ടം അവനിൽ നിന്നു മാറ്റി പട്ടടയിലേയ്ക്കാക്കി.. മൂടൽ മഞ്ഞു രാത്രിയെ പൊതിയുന്നുണ്ടായിരുന്നു.. കിച്ചു പതിയെ മുൻപോട്ട് വന്നു . അവളുടെ തോളിൽ പിടിച്ചു.. പെട്ടെന്നുള്ള അവന്റെ നീക്കത്തിൽ അവളൊന്നു പതറി.. അവൻ അവളെ ആർദ്രമായി നോക്കി.. താൻ താനൊരിതിരി കരഞ്ഞോടോ.. അവൻ വേദനയോടെ പറഞ്ഞു..

അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. പക്ഷെ ഞൊടിയിടയിൽ അത് ഒരു പൊട്ടിക്കരച്ചിലിലേയ്ക്ക് മാറിയതും കിച്ചു അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.. ആ നെഞ്ചിലേക്ക് അവളുടെ കണ്ണുനീർ വീഴുമ്പോൾ അവന്റെ ഹൃദയത്തിനു പൊള്ളുന്നുണ്ടായിരുന്നു.. പക്ഷെ ഒരിക്കലും വിട്ടുപോകില്ല എന്നോണം അവനവളെ അത്ര മുറുകെ ചേർത്തുപിടിച്ചിരുന്നു.. ആ നിലാവിനെ സാക്ഷിയാക്കി അവളുടെ വേദനകളെ തന്റേത് കൂടിയാക്കി അവൻ നിൽക്കവേ അടുക്കള വാതിലിനപ്പുറം ജിഷ്ണുവിന്റെ കൈകൾക്കുള്ളിൽ നിന്നുകൊണ്ട് വിച്ചുവും ആ രംഗം കാണുന്നുണ്ടായിരുന്നു.. നീറുന്ന മനസ്സിൽ ഒരിറ്റ് ഹിമകണമെന്നോണം ആ കാഴ്ച അവളിലെ സഹോദര്യത്തിന് വല്ലാത്ത ഒരാശ്വാസമായിരുന്നു.. അതേ… അവൾ..

തന്റെ ഭദ്ര ഒറ്റയ്ക്കല്ല.. അവൾക്ക് താങ്ങായി ഒരു വാക്കിന്റെ പോലും ആവശ്യമില്ലാതെ അവളുടെ വേദനകളെ അത്രമേൽ ആഴത്തിൽ തിരിച്ചറിയാൻ കഴിയുന്നൊരുവൻ അവൾക്കൊപ്പം ഉണ്ടെന്നുള്ള വിശ്വാസത്തിൽ അവളുടെയുള്ളം നേരിയ സന്തോഷം കണ്ടെത്തുന്നുണ്ടായിരുന്നു.. *********** ഇറങ്ങട്ടെ…. വിച്ചുവിനോടത് പറയുമ്പോഴും കണ്ണുകൾ തിരഞ്ഞത് മറ്റൊരുവളെയാണ്.. ഭദ്ര ഇവിടില്ല.. പുറത്തേയ്ക്ക് പോയി.. വിച്ചു പറയുന്നത് കേട്ടതും ഒരു ചെറു പുഞ്ചിരി അവൾക്കായി നൽകി.. പോയി വരാം.. ഒറ്റയ്ക്കാണെന്നൊന്നും കരുതേണ്ടാട്ടോ.. അമ്മയും അനിയത്തിമാരും ഈ ഏട്ടന്മാരുമൊക്കെ ചുറ്റുമുണ്ട്.. പിന്നെ തന്നെ ജീവനേക്കാൾ സ്നേഹിക്കുന്ന ഒരു കുടുംബവുമില്ലേ.. കിച്ചു പറഞ്ഞു.. അവൾ വേദനയോടെ ഒന്നു പുഞ്ചിരിച്ചു..

ലോകത്ത് ആരൊക്കെയുണ്ടെങ്കിലും ഒരു വേദന വരുമ്പോൾ അച്ഛാ എന്നും വിളിച്ചോടി ചെന്നാ തണലിലേയ്ക്ക് ചായുമ്പോൾ കിട്ടുന്ന ഒരു സുരക്ഷിതത്വം എവിടുന്നും കിട്ടില്ലല്ലോ കിച്ചുവേട്ടാ.. ആ ശൂന്യത മാഞ്ഞു പോകുന്നില്ല.. ആഴ്ച ഒന്നായി.. എന്നിട്ടും ഉൾക്കൊള്ളാൻ പോലും പറ്റിയിട്ടില്ല.. എങ്കിലും ജീവിക്കണം.. അതും യാദാർഥ്യമാണല്ലോ.. വിച്ചു കണ്ണുനീരോടെ പറഞ്ഞു.. കിച്ചു മങ്ങിയ ഒരു പുഞ്ചിരി അവസ്റ്റായി സമ്മാനിച്ചു.. യാത്ര പറഞ്ഞിറങ്ങി കാറിൽ കയറുമ്പോഴും വഴിയിലൂടെ പലക്കാട്ടേയ്ക്ക് പോകുമ്പോഴും അവന്റെ കണ്ണുകൾ തിരഞ്ഞത് അവനേറെ പ്രിയമുള്ള ആ മുഖമായിരുന്നു.. വിമലിനും അത് മനസ്സിലായി എന്നോണം അവൻ വളരെ പതിയെ ആയിരുന്നു ഡ്രൈവ് ചെയ്തത്.. എന്താ കിച്ചൂ ഒരാൾകൂട്ടം.. വിമൽ മുൻപിൽ നോക്കി ചോദിച്ചതും കിച്ചുവും അവിടേയ്ക്ക് ശ്രദ്ധിച്ചു..

നീയൊന്ന് നിർത്തിക്കെ.. കിച്ചു പറഞ്ഞു.. വിമൽ വണ്ടി ഒതുക്കിനിർത്തി.. അവർ പുറത്തേക്കിറങ്ങി അവിടേയ്ക്ക് നടന്നു.. എനിക്ക് ഇനി അവധി കേൾക്കേണ്ട… ഇതിപ്പോൾ മാസം 2 ആയല്ലോ പലിശ പോലും തരാതെ നടക്കുന്നു.. എനിക്ക് എന്റെ മുതലാണ് പലിശയും ഇപ്പോൾ കിട്ടണം.. ആള്കൂട്ടത്തിനിടയിൽ നിന്നും ഉയർന്നു കേൾക്കുന്ന ഒച്ച കേട്ടതും ആളുകളെ വകഞ്ഞുമാറ്റി കിച്ചുവും വിമലും അവിടേയ്ക്ക് ചെന്നു.. അവർക്ക് നടുക്കായിനിന്ന് ഒരു സ്ത്രീയോട് കയർത്തു സംസാരിക്കുന്ന ഭദ്രയെ കണ്ടതും കിച്ചുവിന്റെ ചുണ്ടിൽ അവൻ പോലുമറിയാതെ ഒരു പുഞ്ചിരി മൊട്ടിട്ടിരുന്നു.. ആപ്പോഴും മുന്നിൽ വരുന്ന ഓരോ പ്രതിബന്ധങ്ങളെയും തകർത്തെറിഞ്ഞു മുന്നേറുന്ന അവൾ അവനൊരു അത്ഭുതമായിരുന്നു.. അതിനുമപ്പുറം അവനവളുടെ ആരാധകനായി മാറുകയായിരുന്നു.. അവളുടെ പ്രണയിതാവായി മാറുകയായിരുന്നു……തുടരും

സഹയാത്രികയ്ക്കുസ്നേഹ പൂർവം: ഭാഗം 50

Share this story