സമാഗമം: ഭാഗം 4

സമാഗമം: ഭാഗം 4

എഴുത്തുകാരി: അനില സനൽ അനുരാധ

“മോളെ മീരേ… ഹേമന്ദ് ഇനി വരില്ല… അവന്റെ ശബ്ദം പോലും ഇനി നീ കേൾക്കില്ല… എന്റെ കാലടിയിൽ എരിഞ്ഞു തീരും നിന്റെ ജന്മം… ” അവളുടെ തോളിലേക്ക് കൈ നീട്ടി കൊണ്ട് അവൻ പറഞ്ഞു… ക്ഷണനേരം കൊണ്ട് അവൾ അവന്റെ കൈ തട്ടി മാറ്റി… സൂരജ് പുഞ്ചിരിച്ചു കൊണ്ട് മീശ പിരിച്ചു വെച്ചു… “നിന്നോടുള്ള പ്രേമം മൂത്ത് അവൻ നിന്നെ കെട്ടിയതാണെന്ന എന്തെങ്കിലും തോന്നലുണ്ടോ നിന്റെ മനസ്സിൽ… ഏഹ്? ” അവൾ ഒന്നും പറയാതെ മുഖം കൂർപ്പിച്ച് അവനെ നോക്കി. “ഉണ്ടെങ്കിൽ അതു വേണ്ട… കഴിഞ്ഞ ആറു വർഷമായി എനിക്ക് അവനെ അറിയാം… നന്നായി അറിയാം… നിന്നെ പോലെ ഒരു പെണ്ണിനെ കെട്ടി കൂടെ കൂട്ടാൻ മാത്രം വിഡ്ഢിയൊന്നും അല്ല അവൻ…

വീട്ടിലെ അലമാരയിൽ ഡിവോഴ്സിനുള്ള സമ്മതപത്രത്തിൽ അവൻ ഒപ്പിട്ടു വെച്ചിട്ടുണ്ടല്ലോ… കണ്ടില്ലേ നീ അത്? ” മീര ഞെട്ടലോടെ അവനെ നോക്കി… “അവന്റെ എച്ചിലാണ് നീയെന്ന് എനിക്കറിയാം… പിന്നെ ഞാനും അത്ര വലിയ പുണ്യാളൻ ഒന്നും അല്ലല്ലോ… അതു കൊണ്ട് നീ എന്റെ കൂടെ അങ്ങ് കൂടിക്കോ…” “വെറുതെ അനാവശ്യം പറയാൻ വരരുത്….” “അനാവശ്യം അല്ലെടീ ആവശ്യം തന്നെയാ… യമുനയെക്കാൾ നീ എന്നെ മോഹിപ്പിക്കുന്നുണ്ട്… ഹേമന്ദിനു നിന്നോടൊരു മോഹം തോന്നിയപ്പോൾ കൂടെ നിന്ന് ഇതുവരെ എത്തിച്ചത് അവൻ പോകുമ്പോൾ നീ എന്റേതാകും എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാ… ” “എനിക്ക് ഒന്നും കേൾക്കണ്ട… ഞാൻ ഇതൊന്നും വിശ്വസിക്കില്ല.” “നീ നോക്കിക്കോ മീരാ…

അവൻ നിന്നെ വിളിക്കില്ല… നിന്നെ തേടി വരില്ല…. പക്ഷേ ഒന്നുണ്ട്… നിനക്ക് ജീവിക്കാനുള്ള പണം അക്കൗണ്ടിൽ എല്ലാ മാസവും വന്നു കൊണ്ടിരിക്കും…. ഒരു ഭർത്താവിന്റെ സ്നേഹവും സംരക്ഷണവും നിനക്ക് നൽകാൻ ഞാൻ ഉണ്ടാകും മീരാ…” “ഛെ നിർത്തൂ… എനിക്ക് ഒന്നും കേൾക്കണ്ടെന്നു പറഞ്ഞില്ലേ….” “നീ കേൾക്കണം… ഹേമന്ദുമായി നിന്റെ വിവാഹം നടത്തിയപ്പോൾ എനിക്ക് കിട്ടിയ ലാഭമാണ് നീ… വിവാഹം കഴിക്കാതെ നിന്റെ ശരീരം സ്വന്തമാക്കാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞതു കൊണ്ട് മാത്രമാണ് നിന്റെ കഴുത്തിൽ ഇപ്പോൾ ഈ താലി കിടക്കുന്നത്. അവന്റെ ചിലവിൽ നമുക്ക് ജീവിതം ആഘോഷിക്കാം മീരാ… ” “നിങ്ങൾ മനുഷ്യനാണോ അതോ മൃഗമോ? ” അവൾ അവജ്ഞയോടെ തിരക്കി..

“രണ്ടും…” അവൻ ചിരിയോടെ പറഞ്ഞു. മീരയുടെ മനസ്സ് അഗ്നി കണക്കേ എരിഞ്ഞു കൊണ്ടിരുന്നു. അവൾ വേഗം മുൻപോട്ടു നടന്നു… “അവനെ മറന്നു കളഞ്ഞേക്ക് മീരാ…” പിന്നിൽ നിന്നും സൂരജ് വിളിച്ചു പറഞ്ഞു. *** വീട്ടിൽ തിരിച്ച് എത്തുമ്പോഴേക്കും മീര ആകെ തളർന്നു പോയിരുന്നു… സൂരജ് പറഞ്ഞത് സത്യമാകുമോ… ഏട്ടന്റെ സ്നേഹം തന്റെ ശരീരത്തിനോടു മാത്രമായിരുന്നോ എന്ന ചിന്ത അവളെ പാടെ തകർത്തു കളഞ്ഞു. കാളിംഗ് ബെൽ അടിച്ചപ്പോൾ രാധ വന്നു വാതിൽ തുറന്നു. മീര അവരെ തുറിച്ചു നോക്കി. “നിങ്ങൾ ഏട്ടന്റെ ആരാ? ” “അ… അമ്മായി… ” അവർ പരിഭ്രമത്തോടെ പറഞ്ഞു. “അമ്മായി പോയി ഡ്രസ്സ്‌ മാറൂ. നമുക്ക് ഏട്ടൻ മുൻപ് താമസിച്ചിരുന്ന വീട്ടിലേക്ക് പോകണം.”

“വീട് എനിക്ക് അറിയില്ല മോളെ… ” “അതെന്താ അറിയാത്തത്? ” “അതു പിന്നെ… മോളെ…” “പറയാൻ…” അവൾ അവരുടെ നേർക്ക് ചീറി. “ഞാൻ ഇവിടെ ജോലിക്ക് വന്നതാ മോളെ… അല്ലാതെ ആ ചെറുക്കനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല. മോളുടെയും വീട്ടുകാരുടെയും മുൻപിൽ അമ്മായി ആണെന്ന് പറയാൻ പറഞ്ഞു… അതിനു പണവും തന്നു. വേറെ ഒന്നും എനിക്ക് അറിയില്ല.” “എത്ര നാളായിട്ട് ഏട്ടനെ അറിയാം? ” “നിങ്ങളുടെ വിവാഹത്തിനു കുറച്ചു ദിവസം മുൻപാണ് ഇവിടെ ജോലിക്കു വന്നത്. സൂരജ് സാറാണ് എന്നെ ഇവിടെ ജോലിക്ക് ആക്കിയത്. ” “അമ്മാവൻ എന്നു പറഞ്ഞ് കൂടെ ഉണ്ടായിരുന്നയാൾ നിങ്ങളുടെ ഭർത്താവായിരുന്നോ?” “അല്ല… ” പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല. മുറിയിലേക്ക് നടക്കുമ്പോൾ കണ്ണുനീർ മൂടി കാഴ്ചയെ മറച്ചു കളഞ്ഞു.

സൂരജിനു മാത്രമേ ഹേമന്ദിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ തന്നെ സഹായിക്കാൻ കഴിയൂ എന്ന സത്യം അവളെ നിരാശയിൽ ആഴ്ത്തി. അയാൾ സഹായിക്കില്ല എന്നവൾക്ക് ഉറപ്പായിരുന്നു… അയാൾ ഇങ്ങോട്ട് വരുന്നതിന് മുൻപ് എങ്ങോട്ട് പോകും എന്നു ചിന്തിക്കുമ്പോഴാണ് സൂരജിന്റെ വാക്കുകൾ ഓർമ്മ വന്നത്… അവൾ വേഗം ഷെൽഫ് തുറന്നു… അതിലെ ഓരോ ഫയലുകളും അവൾ തുറന്നു നോക്കി… മ്യൂച്വല്‍ ഡിവോഴ്സിനുള്ള കടലാസുകൾ അവളുടെ കയ്യിൽ ഇരുന്നു വിറച്ചു. മേശമേൽ ഇരിക്കുന്ന വിവാഹ ഫോട്ടോയിലേക്ക് നോക്കി അവൾ നിലത്തേക്ക് ഊർന്നിരുന്നു. ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. ഹേമന്ദിനെ കുറിച്ച് മീരയ്ക്ക് ഒരു വിവരവും ലഭിച്ചില്ല.

ആദ്യമെല്ലാം വെല്ല്യച്ഛനെ വിളിച്ച് എന്തെങ്കിലും വിവരം അറിഞ്ഞോ എന്നു തിരക്കിയിരുന്ന മീര ചോദിക്കുന്നത് പതിയെ നിർത്തി. ഒരു ദിവസം മീര വീട്ടിലെ എല്ലാ ഷെൽഫുകളും പരിശോധിച്ചു നോക്കി. അതിൽ നിന്നും ഹേമന്ദിന്റെ വിസിറ്റിംഗ് കാർഡ് കിട്ടി. അതിൽ നിന്നും ഹേമന്ദ് കമ്പനിയുടെ മാർക്കറ്റിങ് മാനേജർ ആണെന്ന് മനസ്സിലായി. അതിൽ കണ്ട നമ്പറിലേക്ക് അവൾ വിളിച്ചു നോക്കിയെങ്കിലും ഫലം ഉണ്ടായില്ല… ആദ്യമെല്ലാം വിളിക്കുമ്പോൾ റിങ്ങ് ചെയ്തിരുന്നെങ്കിലും പിന്നീട് വിളിച്ചു നോക്കുമ്പോൾ എല്ലാം സ്വിച്ച് ഓഫ്‌ ആയിരുന്നു… അതിനിടയിൽ തന്റെ ഉദരത്തിൽ മറ്റൊരു ജീവൻ കൂടി വളരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോഷിക്കാൻ പോലും കഴിയാതെ അവൾ കരഞ്ഞു പോയി.

ഈ അവസ്ഥയിൽ താൻ ഗർഭിണിയാണെന്ന് അറിഞ്ഞാൽ വെല്ല്യച്ഛനു സങ്കടമാകുമെന്ന് കരുതി അവൾ ആരെയും ഒന്നും അറിയിച്ചില്ല… സൂരജ് പറഞ്ഞതെല്ലാം സത്യം ആണെങ്കിൽ ഏട്ടൻ തന്നെ ഒഴിവാക്കിയതു തന്നെയാണെന്ന് അവൾ ഉറപ്പിച്ചു… ഹേമന്ദിനെ കാണണമെന്ന് അവൾ തീരുമാനിച്ചു . കൂട്ടുകാരിയായ റിയയുടെ സഹായത്തോടെ പാസ്സ്പോർട്ടും വിസയും എടുത്തു. മൂന്നാം മാസത്തെ സ്കാനിംഗിനു ശേഷം ഡോക്ടറുടെ അനുവാദത്തോടെ ഹേമന്ദിന്റെ അരികിലേക്ക് പോകാൻ തീരുമാനിച്ചു. യാത്ര ചെയ്യുന്നതിന് കുഴപ്പമില്ലെങ്കിലും നല്ല ശ്രദ്ധ വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. പോകുന്ന കാര്യം അവൾ ആരെയും അറിയിച്ചിരുന്നില്ല… ഒരു ദിവസം രാവിലെ വെല്ല്യച്ഛന്റെ വീട്ടിലേക്കു പോകുകയാണെന്ന് രാധയോട് പറഞ്ഞ് മീര അവിടെ നിന്നും ഇറങ്ങി. **

ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ പോകുകയാണെന്നും സീറ്റ് ബെൽറ്റ്‌ ധരിക്കാനുള്ളി നിർദേശം കിട്ടിയതും സന്ദീപ് മീരയുടെ ചുമലിൽ പതിയെ തട്ടി വിളിച്ചു .. അവൾ മിഴികൾ തുറന്ന് അവനെ നോക്കി… “സീറ്റ് ബെൽറ്റ്‌ ധരിക്കൂ… ” അവൾ സീറ്റ് ബെൽറ്റ്‌ ധരിച്ചു… ചെറിയൊരു കുലുക്കത്തോടെ ഫ്ലൈറ്റ് ലാൻഡ് ചെയ്യുമ്പോൾ മീര കണ്ണുകൾ ഇറുക്കിയടച്ചു… ഫ്ലൈറ്റിൽ നിന്നും ഇറങ്ങിയ ശേഷം സന്ദീപിന്റെ കൂടെ തന്നെയാണ് അവൾ എമിഗ്രേഷൻ കൗണ്ടറിലേക്ക് പോയത്. അവിടെ നിന്നും എയർപോർട്ടിന്റെ പുറത്തേക്ക് നടക്കുമ്പോൾ ഇനി എവിടേക്കാണ് പോകേണ്ടത് എന്ന ചോദ്യം മീരയിൽ ഉയർന്നു കൊണ്ടിരുന്നു… ഇതുവരെ ഉണ്ടായിരുന്ന സുരക്ഷിതത്വത്തിന്റെ കവചം നഷ്ടപ്പെടാൻ പോകുകയാണെന്ന് അവൾ വേദനയോടെ തിരിച്ചറിഞ്ഞു…

സന്ദീപിനെ കാത്ത് കമ്പനിയിലെ ഡ്രൈവറായ അജിത്ത് പുറത്തു നിൽക്കുന്നുണ്ടായിരുന്നു… അജിത്തിനെ കണ്ടപ്പോൾ സന്ദീപ് കൈ വീശി കാണിച്ചു. അജിത്തും അവനെ കണ്ടു കഴിഞ്ഞിരുന്നു. “മീരാ.. എന്നാൽ ഞാൻ പൊയ്ക്കോട്ടെ. വിധിയുണ്ടെങ്കിൽ വീണ്ടും കാണാം… ” അവൻ പുഞ്ചിരിയോടെ തിരക്കി… മീര തലയാട്ടി. സന്ദീപ് അജിത്തിന്റെ കൂടെ പാർക്കിംഗ് ഏരിയയിലേക്ക് നടകന്നു. തിരിഞ്ഞു നോക്കിയപ്പോൾ അവനെ തന്നെ ഉറ്റു നോക്കി നിൽക്കുന്ന മീരയെയാണ് കണ്ടത്. അവളുടെ മുഖത്തെ നിസ്സഹായവസ്ഥ കണ്ടപ്പോൾ അവന്റെ കാലുകൾ ചലിക്കാൻ മറന്നു പോയി… “ദീപു…. ” അജിത്തിന്റെ വിളി കേട്ടപ്പോൾ അവൻ ഒന്നു നിശ്വസിച്ചു. “ഇപ്പോൾ വരാം… ”

എന്നു പറഞ്ഞ് മീരയുടെ അടുത്തേക്ക് തിരികെ ചെന്നു. “തനിക്ക് തനിച്ച് അയാളെ കണ്ടെത്താൻ കഴിയുമോ? ” “അറിയില്ല…” “മീര വരൂ … നമുക്ക് കുറച്ച് കാര്യങ്ങൾ സംസാരിച്ച് ക്ലിയർ ചെയ്യാനുണ്ട്. എന്റെ ഫ്രണ്ടിന്റെ ഫാമിലി ഇവിടെയുണ്ട്. തല്ക്കാലം തനിക്ക് അവിടെ സ്റ്റേ ചെയ്യാം…” മീരയുടെ കണ്ണുകൾ നിറഞ്ഞു വന്നു… അവൾക്ക് അവനോടു ഒരായിരം നന്ദി പറയാൻ തോന്നി… പക്ഷേ വാക്കുകൾ ഒന്നും പുറത്തേക്ക് വരുന്നില്ലായിരുന്നു… അവന്റെ കൂടെ അവൾ നടന്നു… “ഇതാരാ? ” അജിത്ത് മീരയെ കണ്ടതും തിരക്കി. “എന്റെ ബന്ധത്തിലുള്ള കുട്ടിയാ… മീര… ” അജിത്ത് ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നപ്പോൾ സന്ദീപ് കാറിന്റെ ബാക്ക് ഡോർ തുറന്ന് പിടിച്ച് മീരയെ നോക്കി… “കയറൂ…”

അവൻ അവളോട്‌ പറഞ്ഞു. അവൾ കയറിയതിനു ശേഷം ഡോർ അടച്ച് സന്ദീപ് കോഡ്രൈവർ സീറ്റിലേക്ക് കയറി ഇരുന്നു. സന്ദീപും അജിത്തും കമ്പനിയിലെ കാര്യങ്ങളും ഓരോ നാട്ടു വിശേഷങ്ങളും തിരക്കി സംസാരത്തിൽ മുഴുകിയപ്പോൾ മീര പുറം കാഴ്ചകളിലേക്ക് മിഴി നട്ടിരുന്നു. ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്ത് സന്ദീപ് താമസിക്കുന്ന ഫ്ലാറ്റിൽ അവർ എത്തിച്ചേർന്നു. “ഇറങ്ങൂ… സ്ഥലം എത്തി… ” കാർ നിർത്തിയപ്പോൾ സന്ദീപ് പറഞ്ഞു. അവൾ ഇറങ്ങി. “രാത്രി കാണാം അജി… ” സന്ദീപ് പറഞ്ഞപ്പോൾ അജിത്ത് പുഞ്ചിരിയോടെ തലയാട്ടി… കാർ കണ്മുന്നിൽ നിന്നും മറയുന്നതു വരെ രണ്ടാളും അവിടെ തന്നെ നിന്നു. “ഇവിടെയാണ് എന്റെ താമസം. കമ്പനി വക ഫ്ലാറ്റാണ്. എന്റെ സുഹൃത്ത് ബാലുവും കുടുംബവും ഇവിടെയുണ്ട്… അവർ രണ്ടാമത്തെ ഫ്ലോറിലാണ്…

തല്ക്കാലം മീരയെ അവിടെ താമസിപ്പിക്കാം. ബാക്കി കാര്യങ്ങൾ എല്ലാം വഴിയെ നമുക്ക് ശരിയാക്കാം…” അവൾ തലയാട്ടി. സന്ദീപിന്റെ പുറകിലായി മീര നടന്നു. സന്ദീപ് കാളിംഗ് ബെൽ അടിച്ചപ്പോൾ ഒരു യുവതി വന്ന് വാതിൽ തുറന്നു. “ബാലു വന്നില്ലേ? ” അവൻ തിരക്കി. “ഇല്ല… ഫ്രഷ്‌ ആയിട്ട് വാ. ഭക്ഷണം ഇവിടെ നിന്നും കഴിക്കാം… ” “മീരാ.. ഇങ്ങു വാ… ” അവൻ വിളിച്ചപ്പോഴാണ് ചുമരിനു അരികിൽ നിന്നിരുന്ന മീരയെ സ്വപ്ന കണ്ടത്. സ്വപ്ന ഇരുവരേയും നോക്കി. “ഇതാണ് ബാലുവിന്റെ വൈഫ് സ്വപ്ന.” സന്ദീപ് പറഞ്ഞതും മീര അവരെ നോക്കി കൈകൂപ്പി പുഞ്ചിരിച്ചു. സ്വപ്‌നയും തിരികെ പുഞ്ചിരി സമ്മാനിച്ചു. “കയറി ഇരിക്കൂ… ” ഇരുവരും അകത്തേക്ക് കയറി. ചെറിയ ഒരു ഹാൾ…

പിന്നെ രണ്ടു ബെഡ് റൂമും ഒരു കിച്ചനുമാണ് ആ ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. സ്വപ്ന ഒരു മുറിയിലേക്ക് നടന്നു. അവിടെ കിടന്നിരുന്ന സോഫയിൽ സന്ദീപ് ഇരുന്നു. മീര അവിടെ തന്നെ നിന്നു. “ആ കസേരയിൽ ഇരുന്നോളൂ.. ” സന്ദീപ് പറഞ്ഞപ്പോൾ മീര ഇരുന്നു. “കുറച്ചു വെള്ളം വേണം സ്വപ്നാ.. ” സന്ദീപ് പറഞ്ഞതും സ്വപ്‌ന വേഗം വെള്ളവും എടുത്തു വന്നു. രണ്ടു പേരും കുടിച്ചു. “താൻ എനിക്ക് ഒരു സഹായം ചെയ്യണം. ബാലുവിനെ കൊണ്ട് എങ്ങനെയെങ്കിലും പറഞ്ഞു സമ്മതിപ്പിക്കുകയും വേണം.” “എന്താ കാര്യം ദീപു? ” സ്വപ്ന തിരക്കി. “ഇത് മീര.. ഒരാളെ അന്വേഷിച്ചു വന്നതാ. അയാളെ കണ്ടെത്തുന്നതു വരെ ഇവിടെയൊന്നു താമസിപ്പിക്കണം. ” “ഇവിടെ അല്ലെങ്കിൽ തന്നെ സ്ഥലം കുറവാണെന്ന് ദീപുവിനു അറിയുന്നതല്ലേ.

ആകെയുള്ളത് രണ്ടു മുറിയല്ലേ. ഒന്നു ഞങ്ങൾക്ക് വേണം. പിന്നെയുള്ളത് ഈ മുറിയാ. ഒരാൾക്ക് കഴിയാനുള്ള സൗകര്യമൊന്നും ഈ മുറിയ്ക്ക് ഇല്ല.” “ഈ സൗകര്യമൊക്കെ മതി. ചെറുതാണെങ്കിലും അറ്റാച്ഡ് ബാത്‌റൂം ഉണ്ടല്ലോ. പിന്നെ കിടക്കാൻ ഈ സോഫ തന്നെ ധാരാളം.” “ബാലുവേട്ടനോട്‌ ചോദിക്കാതെ എനിക്ക് ഒന്നും പറയാൻ പറ്റില്ല ദീപു.” “ഹ്മ്മ്.. പൊന്നൂസ് എവിടെ? ” അവൻ ഉറക്കാണ് … ” ബാലുവിന്റെയും സ്വപ്‌നയുടെയും മകനാണ് പൊന്നൂസ് എന്ന് വിളിക്കുന്ന ശിവാനന്ദ്… അവനു രണ്ടു വയസ്സ് ആകുന്നതേയുള്ളൂ. “മീര ഇവിടെ ഒന്നു കുളിച്ചു ഫ്രഷ്‌ ആകുന്നതിനു വിരോധമുണ്ടോ? ” അവൻ സ്വപ്‌നയോട് തിരക്കി. “ഏയ്‌ ഇല്ല… ദീപു പോയി ഫ്രഷ്‌ ആയിട്ട് വാ..

അപ്പോഴേക്കും ഞാൻ കഴിക്കാനുള്ളത് എടുത്തു വെക്കാം.” “എല്ലാവർക്കും ഞാൻ ഒരു ബുദ്ധിമുട്ടാകുന്നുണ്ടോ? ” മീര തിരക്കി. “അതു മീര ഞങ്ങളോട് പെരുമാറുന്നതു പോലെ ഇരിക്കും. എന്തിന് ഇങ്ങോട്ട് വന്നു… വരാനുള്ള സാഹചര്യം എന്തായിരുന്നു എന്നൊക്കെ വ്യക്തമായി പറഞ്ഞാൽ ഞങ്ങൾക്ക് ചിലപ്പോൾ മീരയെ സഹായിക്കാൻ പറ്റും. അല്ലെങ്കിൽ മീര ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടാകും. സ്വപ്ന ഒന്നു വരൂ… ” എന്നു പറഞ്ഞ് അവൻ പുറത്തേക്ക് നടന്നു. “മീര പോയി ഫ്രഷ്‌ ആയിക്കോളൂ… ” എന്നു പറഞ്ഞു അവന്റെ പുറകെ സ്വപ്‌നയും പോയി. “ഇന്നു എയർപോർട്ടിൽ വെച്ചു കണ്ടതാ. അതിനെ കണ്ടാലെ അറിയാം ഒരു പാവമാണെന്ന്. ഇവിടെ എയർപോർട്ടിൽ തനിച്ചാക്കി വരാൻ മനസ്സ് സമ്മതിച്ചില്ല.

അതാ കൂടെ കൂട്ടിയത്. അവൾ ഗർഭിണിയാണ്… ഒരു ശ്രദ്ധ വേണം….” സന്ദീപ് പറഞ്ഞു. “അവസാനം നമ്മൾ പുലിവാലു പിടിക്കുമോ? ” സ്വപ്‌ന ജിജ്ഞാസയോടെ തിരക്കി. “അങ്ങനെ ഒന്നും ഉണ്ടാകില്ല… എന്നു പറഞ്ഞു കൊണ്ട് സന്ദീപ് അവന്റെ റൂമിലേക്ക് നടന്നു. മൂന്നാമത്തെ ഫ്ലോറിലായിരുന്നു റൂം. കോണിപ്പടികൾ കയറുന്നതിനിടയിൽ അവൻ വീട്ടിലേക്ക് വിളിച്ച് ഇവിടെ എത്തിയ വിവരം പറഞ്ഞു. അച്ഛനും അമ്മയും സഹോദരിയായ ദീപയും അവളുടെ രണ്ടു വയസ്സുള്ള ശിവാനിമോളുമടങ്ങുന്നതാണ് സന്ദീപിന്റെ കുടുംബം. ശിവാനി മോൾക്ക് ഒരുവയസ്സ് തികയുന്നതിന് മുൻപ് ഹൃദയാഘാതം വന്ന് ഭർത്താവായ ഗണേഷ് മരണപ്പെട്ടു.

അതിനു ശേഷം ദീപയും മകളും സന്ദീപിന്റെ വീട്ടിൽ തന്നെയാണ് താമസം. ആ സംഭവത്തിനു ശേഷം മാനസികമായി തകർന്ന ദീപ ഇപ്പോൾ സാധാരണ ജീവിതം നയിക്കാൻ തുടങ്ങിയിട്ടേയുള്ളൂ. സഹോദരിയ്ക്ക് ഒരു ജീവിതം ഉണ്ടാകാതെ വിവാഹം കഴിക്കില്ല എന്ന തീരുമാനത്തിലാണ് സന്ദീപ്. എന്നാൽ മറ്റൊരു വിവാഹം കഴിക്കാൻ തനിക്ക് കഴിയില്ല എന്നതാണ് ദീപയുടെ തീരുമാനം… *** ഭക്ഷണശേഷം കിടന്നപ്പോൾ ഒന്നു മയങ്ങി പോയതായിരുന്നു സന്ദീപ്. ബാലുവിന്റെ കാൾ വന്നപ്പോൾ അവൻ വേഗം കാൾ എടുത്തു. “ഞാൻ ഫ്ലാറ്റിലുണ്ട്. നീ എങ്ങോട്ട് വാ.. ” ഗൗരവത്തിൽ പറഞ്ഞു കൊണ്ട് ബാലു കാൾ കട്ട്‌ ചെയ്തു.

അവൻ ദേഷ്യത്തിലാണെന്ന് മനസ്സിലായ സന്ദീപ് വേഗം എഴുന്നേറ്റു… ഒരു ഷർട്ട്‌ എടുത്തിട്ട് ധൃതിയിൽ അങ്ങോട്ട് നടന്നു. ഡോറിൽ തട്ടിയതും ബാലു വാതിൽ തുറന്നു… “നിനക്കെന്താ ഭ്രാന്താണോ.. ഏതോ ഒരു പെണ്ണിനെയും കൊണ്ട് വന്നിരിക്കുന്നു… ഇതിനാണോടാ നീ നാട്ടിലേക്കെന്നും പറഞ്ഞ് കുറ്റിയും പറിച്ചു പോയത്?” അവനെ കണ്ടതും ബാലു ശകാരിച്ചു. “പതിയെ… അവൾ കേൾക്കും…” “കേൾക്കട്ടെ… ഏതോ ഒരുത്തൻ വിളിച്ചപ്പോൾ കൂടെ പോരാൻ അവളും.” “അവളെ ഉപേക്ഷിച്ചു വരാൻ മനസ്സു വന്നില്ല.. അതാ കൂടെ കൂട്ടിയത്… നമുക്ക് അവളെ സഹായിക്കാടാ… ” “അവളെപ്പറ്റി നിനക്ക് എന്തറിയാം? ” “പേര് മീര… ഇങ്ങോട്ട് അവളുടെ ഭർത്താവിനെ അന്വേഷിച്ചു വന്നതാണ്.

പിന്നെ അവളുടെ ഉദരത്തിൽ ഒരു കുഞ്ഞുമുണ്ട്… ഇത്രയും അറിയാം… മറ്റൊന്നും എനിക്ക് അറിയില്ല.” “എന്നാൽ എനിക്ക് അറിയണം. അല്ലാതെ അവളെ ഞാൻ എങ്ങനെ എന്റെ ഫ്ലാറ്റിൽ താമസിപ്പിക്കും. അല്ലെങ്കിൽ നിന്റെ ഫ്ലാറ്റിൽ ഒരു മുറി ഒഴിവുണ്ടല്ലോ. അങ്ങോട്ട് കൊണ്ടു പൊയ്ക്കോ.” സന്ദീപ് ഒന്നും പറയാതെ നിശബ്ദനായി നിന്നു. “ദീപു… ” ബാലു വിളിച്ചു… അവൻ ഒന്നും പറയാതെ മുഖം കുനിച്ചു നിന്നു… “നിന്റെ ഈ സഹായിക്കാൻ പോക്ക് കൊണ്ട് നിനക്ക് എന്നും നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ… മുൻപത്തെ അനുഭവങ്ങൾ ഒന്നും മറന്നിട്ടില്ലല്ലോ…” “ഞാൻ ഒന്നും ഓർത്തില്ല… അല്ലെങ്കിൽ തന്നെ മറ്റുള്ളവരെ പോലെ ഇവൾ ആകുമോ? ” “എന്തായാലും നീ കയറി വാ…

അവളോട് കാര്യങ്ങൾ തുറന്ന് ചോദിക്ക്… ” അവർ മീര ഇരിക്കുന്ന മുറിയിലേക്ക് നടന്നു. വാതിൽക്കൽ എത്തുമ്പോൾ തന്നെ അവരെ കണ്ട് മീര എഴുന്നേറ്റു നിന്നിരുന്നു. സ്വപ്നയും മോനെ എടുത്ത് അവരുടെ അടുത്തേക്ക് വന്നു.. എല്ലാവരും അവിടെ ഇരുന്നു… കുറച്ച് നേരം അവിടെ നിശബ്ദത നിറഞ്ഞു. പൊന്നൂസ് സ്വപ്നയുടെ മടിയിൽ നിന്നും ഊർന്നിറങ്ങി നിലത്ത് കിടക്കുന്ന ടോയ്സ് എടുത്ത് കളിക്കാൻ തുടങ്ങി… “മീരാ… ” സന്ദീപ് വിളിച്ചു… അവൾ ഒന്നു നിശ്വസിച്ച ശേഷം അവനെ നോക്കി… “തന്നെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും പിന്നെ ഇങ്ങോട്ട് വരാൻ ഉണ്ടായ സാഹചര്യത്തെപ്പറ്റിയും പറയൂ… പറയുന്ന കാര്യങ്ങൾ സത്യസന്ധമായിരിക്കണം. താൻ പറഞ്ഞതിൽ എന്തെങ്കിലും കാര്യം നുണയായിരുന്നു എന്ന് പിന്നീട് അറിയാൻ ഇടയായാൽ അന്നു താൻ ഇവിടെ നിന്നും ഇറങ്ങേണ്ടി വരും. ”

ഇവരോട് ഒന്നും മറച്ചു വെക്കേണ്ടതില്ലെന്ന് മീരയ്ക്ക് തോന്നി. കുട്ടിക്കാലം മുതൽ അമ്മാവന്റെ വീട്ടിലേക്കാണെന്നും പറഞ്ഞ് ഇറങ്ങിത്തിരിച്ചതു വരെയുള്ള കാര്യങ്ങൾ അവൾ തുറന്നു പറഞ്ഞു. പറയുന്നതിനിടയിൽ പലപ്പോഴും അവളുടെ കണ്ഠം ഇടറുകയും കണ്ണുകൾ നിറഞ്ഞു തുളുമ്പുകയും ചെയ്തു. “നീ ഗർഭിണിയാണെന്ന് ഹേമന്ദിന് അറിയില്ലേ? ” “ഇല്ല… ” “ഹേമന്ദ് എന്ന പേരു കൊണ്ട് മാത്രം അവനെ എങ്ങനെ കണ്ടു പിടിക്കും… വേറെ എന്തെങ്കിലും ഡീറ്റെയിൽസ് അറിയുമോ? ” ബാലു തിരക്കി. മീര എഴുന്നേറ്റ് ബാഗ് തുറന്ന് ഹേമന്ദിന്റെ വിസിറ്റിംഗ് കാർഡ് എടുത്ത് ബാലുവിന്റെ നേർക്ക് നീട്ടി… ബാലു അതു വാങ്ങിയ ശേഷം അതിൽ കാണുന്ന ഹേമന്ദിന്റെ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി……തുടരും..

സമാഗമം: ഭാഗം 3

Share this story