സമാഗമം: ഭാഗം 5

സമാഗമം: ഭാഗം 5

എഴുത്തുകാരി: അനില സനൽ അനുരാധ

മീര എഴുന്നേറ്റ് ബാഗ് തുറന്ന് ഹേമന്ദിന്റെ വിസിറ്റിംഗ് കാർഡ് എടുത്ത് ബാലുവിന്റെ നേർക്ക് നീട്ടി… ബാലു അതു വാങ്ങിയ ശേഷം അതിൽ കാണുന്ന ഹേമന്ദിന്റെ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി. അതിലെ ഡീറ്റെയിൽസ് വായിച്ച ശേഷം സന്ദീപിനു നൽകി . മനാമയിലുള്ള ടെൽകോ എന്ന കമ്പനിയിൽ ആയിരുന്നു ഹേമന്ദ് ജോലി ചെയ്തിരുന്നത്. “ഇവൻ ഈ കമ്പനിയുടെ മാർക്കറ്റിംഗ് മാനേജർ ആണല്ലോ…” സന്ദീപ് പറഞ്ഞു. “ഈ കമ്പനിയെക്കുറിച്ച് അറിയുമോ ബാലുവേട്ടാ…” സ്വപ്ന തിരക്കി. “പേര് കേട്ടിട്ടുണ്ട്. പിന്നെ ഓടി പോയി കാണാനൊന്നും പറ്റിയെന്നു വരില്ല. അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടി വരും.” സന്ദീപ് മീരയെ നോക്കി… അവളുടെ മുഖത്തേക്ക് നോക്കും തോറും അവന്റെയുള്ളിൽ അലിവ് നിറഞ്ഞു.

“താൻ വിഷമിക്കാതെ… എന്തായാലും അവന്റെ കമ്പനി ഡീറ്റെയിൽസ് കിട്ടിയല്ലോ. ഞങ്ങൾ അന്വേഷിക്കാം.” സന്ദീപ് പറഞ്ഞു… മീര അവന്റെ മിഴികളിലേക്ക് നോക്കി. പിന്നെ തലയാട്ടി… “ബാലു… ഇവൾ ഇവിടെ നിൽക്കുന്നതിൽ ഇനി നിനക്ക് വിരോധമൊന്നും ഇല്ലല്ലോ? ” മീരയെ ഒന്നു നോക്കിയ ശേഷം ബാലു എഴുന്നേറ്റു. “ദീപു ഇങ്ങു വന്നേ…” എന്നു പറഞ്ഞ് അവൻ മുറിയുടെ പുറത്തേക്ക് നടന്നു… സന്ദീപിന്റെ ഫ്ലാറ്റിൽ ഇരുവരും ഇരുന്നു… “ആ കുട്ടി പറഞ്ഞതു വെച്ച് സൂരജ് അവളോട് പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിൽ അവൻ അവളെ സ്വീകരിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പും ഇല്ല… അല്ലെങ്കിൽ തന്നെ ഒന്നു ആലോചിച്ചു നോക്കിയേ ഡിവോഴ്സ് പേപ്പർ വരെ ശരിയാക്കി വെച്ചിട്ടാണ് ആ….. മോൻ ഇങ്ങോട്ട് പോന്നത്…

അതിൽ നിന്നു തന്നെ മനസ്സിലാക്കിക്കൂടെ അവന് ഇനി അവളെ വേണ്ടെന്ന്…” ബാലു പറഞ്ഞു. “അവന്റെ മനസ്സിൽ ഇപ്പോഴും മീരയോട് അല്പമെങ്കിലും ഇഷ്ടം അവശേഷിക്കുന്നുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്. അവൻ ഇതുവരെ അവളെ നേരിട്ടു വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നില്ല എന്നേയുള്ളൂ. പക്ഷേ അവൾക്കായുള്ള പണം ഇപ്പോഴും അവന്റെ അക്കൗണ്ടിൽ കിടപ്പുണ്ട്. അവൾ തനിച്ചായി പോകാതെയിരിക്കാൻ കൂട്ടിന് ഒരാളെ ഏർപ്പാടാക്കിയ ശേഷമാണ് അവൻ അവിടെ നിന്നും മടങ്ങിയത്… ” “അവനു ഇഷ്ടവും ഇല്ല ഒരു കോപ്പും ഇല്ല… ഒരു പാവം പെണ്ണിനെ പണം വീശിയെറിഞ്ഞു സ്വന്തമാക്കി അവനു മടുക്കുന്ന വരെ ഉപയോഗിച്ചു… ആരും ഇല്ലാത്ത പെണ്ണല്ലേ…

അവൾക്ക് വേണ്ടി ആധി പിടിക്കാൻ ആകെയുള്ളത് ഒരു വെല്ല്യച്ഛൻ മാത്രം… അവനെ തേടി ആരും വരില്ലെന്ന് ഉറപ്പിച്ചു കാണും.. ഇവൾ ഇവിടെ വരുമെന്ന് അവൻ സ്വപ്‌നത്തിൽ പോലും ചിന്തിച്ചു കാണില്ല. എന്തായാലും എത്രയും വേഗം അവനെ കണ്ടു പിടിക്കണം. ഇനി അവൻ അവളെ സ്വീകരിക്കാൻ തയ്യാറല്ല എങ്കിൽ എത്രയും പെട്ടെന്ന് തിരിച്ച് നാട്ടിലേക്ക് അയക്കണം.” “ഹ്മ്മ്… ” സന്ദീപ് മൂളലോടെ സോഫയിലേക്ക് ഒന്നു കൂടി ചാഞ്ഞിരുന്നു. *** മീരയും സ്വപ്‌നയും പെട്ടെന്ന് കൂട്ടായി. ഉള്ളിൽ അസ്വസ്ഥതയുടെ കനൽ എരിയുമ്പോഴും പൊന്നൂസിന്റെ കളിച്ചിരിയും കുസൃതിയുമെല്ലാം മീരയിൽ എന്തെന്നില്ലാത്ത ആശ്വാസം നിറച്ചു. വെള്ളിയാഴ്ച സന്ദീപിനും ബാലുവിനും ലീവായിരുന്നു.

ബ്രേക്ക്‌ഫാസ്റ്റ് കഴിച്ച ശേഷം സന്ദീപ് ബാലുവിന്റെ ഫ്ലാറ്റിലേക്ക് ചെന്നു. കാളിങ് ബെൽ അടിച്ചപ്പോൾ മീരയാണ് വാതിൽ തുറന്നത്. “ചായ കുടിച്ചോ? ” അവൻ തിരക്കി. “ഹ്മ്മ്… ” “ഇന്നു ഞങ്ങൾക്ക് ലീവാണ്… ” “സ്വപ്നേച്ചി പറഞ്ഞു.” “ഹേമന്ദിനെക്കുറിച്ച് അന്വേഷിക്കാൻ ഞങ്ങൾ പോകുന്നുണ്ട്. അവന്റെ കമ്പനിയും ചിലപ്പോൾ ഓഫ് ആയിരിക്കും. എന്നാലും അവിടെ വരെ പോയി അന്വേഷിച്ചിട്ടു വരാം… ” “സാറിനു ഞാൻ ഒരു ശല്ല്യമാകുന്നുണ്ടോ? ” ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഇടറിപ്പോയി…” “ഈ സാർ വിളിയൊന്നും വേണ്ടാട്ടോ. ആദ്യം താൻ വിളിച്ചപ്പോൾ തിരുത്താതിരുന്നത് ഇനി നമ്മൾ വീണ്ടും കാണുമെന്ന കാര്യത്തിൽ എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. നമ്മൾ ഇനി കുറച്ചു ദിവസം കൂടെ ഇവിടെ കാണേണ്ടവരല്ലേ.. ഏട്ടനെന്നോ ദീപുവേട്ടനെന്നോ വിളിച്ചോളൂ.”

അവൾ തലയാട്ടി… ബാലുവും സന്ദീപും കൂടി പുറത്തേക്ക് പോയപ്പോൾ മീര സ്വപ്നയുടെ കൂടെ അടുക്കളയിൽ സഹായിക്കാൻ കൂടി. “ദീപുവിനെ കണ്ടത് ഭാഗ്യമായല്ലേ? ” സ്വപ്ന തിരക്കി. “അതേ ചേച്ചി… അല്ലെങ്കിൽ എന്തായി തീരുമായിരുന്നു എന്ന കാര്യത്തിൽ എനിക്കൊരു പിടുത്തവും ഇല്ല. ജീവിതം എന്നും എന്നെ പരീക്ഷിച്ചിട്ടേയുള്ളൂ. ഇപ്പോഴും അത് തുടർന്നു കൊണ്ടിരിക്കുന്നു. നിങ്ങളൊക്കെ നല്ല മനസ്സ് ഉള്ളവരാ… ഞാൻ കാരണം എല്ലവർക്കും ഉണ്ടാകുന്ന അസൗകര്യം ഓർത്തു മാത്രമാണ് വിഷമം.” “ആദ്യം ബാലുവേട്ടനു ചെറിയൊരു എതിർപ്പുണ്ടായിരുന്നു… പിന്നെ ദീപു പറഞ്ഞാൽ അങ്ങനെ തള്ളിക്കളയാനൊന്നും ബാലുവേട്ടനെക്കൊണ്ട് പറ്റില്ല. അവർക്ക് വേഗം ഹേമന്ദിനെ കണ്ടു പിടിക്കാൻ പറ്റട്ടെ… ”

“മനസ്സിൽ ആകെ ഒരു ഭയം വന്നു മൂടുകയാണ് ചേച്ചി. സൂരജ് പറഞ്ഞതെല്ലാം സത്യമാകുമെന്ന് മനസ്സിലിരുന്ന് ആരോ പറയുന്നുണ്ട്… അല്ലെങ്കിൽ ഡിവോഴ്സ് പേപ്പർ ശരിയാക്കി വെക്കുമോ… ഞാൻ ഇങ്ങോട്ട് ഇറങ്ങിത്തിരിച്ചത് തെറ്റായിപ്പോയോ ചേച്ചി? ” “ഒന്നും ആലോചിച്ചു സങ്കടപ്പെടണ്ട… വയറ്റിൽ ഒരാൾ ഉള്ള കാര്യം മറക്കരുത്… എന്തായാലും അവരു അന്വേഷിക്കാൻ പോയിട്ടുണ്ടല്ലോ…” സ്വപ്‌ന അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. വൈകുന്നേരമാണ് ഇരുവരും തിരിച്ചെത്തിയത്… പോയ കാര്യത്തെക്കുറിച്ച് അറിയാൻ മീരയോളം ആകാംക്ഷ സ്വപ്നയ്ക്കും ഉണ്ടായിരുന്നു. സ്വപ്‌നയും മീരയും അവർ പറയുന്നത് കേൾക്കാൻ കാതോർത്ത് ചുമരിൽ ചാരി നിന്നു. “കുടിക്കാൻ എന്തെങ്കിലും എടുക്ക്… ” ബാലു സ്വപ്നയെ നോക്കി പറഞ്ഞു. സ്വപ്‌ന പോയി ചായയുമായി വന്നു…

ഇരുവരും ചായ കുടുക്കുമ്പോൾ മീര സന്ദീപിന്റെ മുഖത്തേക്ക് നോക്കി… അവന്റെ മുഖം കാണുമ്പോൾ കേൾക്കാൻ കാതോർക്കുന്ന കാര്യം അത്ര ശുഭകരമാകില്ലെന്നു മീരയ്ക്ക് തോന്നി… ചായ കുടിച്ച ശേഷം ബാലുവും സന്ദീപും പരസ്പരം മുഖത്തേക്ക് നോക്കി… ബാലു കണ്ണുകൾ കൊണ്ട് അനുവാദം നൽകിയതും അവൻ മീരയെ നോക്കി… “മീരാ… അവനെ കാണാൻ പറ്റിയില്ല. പിന്നെ അവനെ കാണണം എങ്കിൽ അപ്പോയ്ന്റ്മെന്റ് എടുക്കണം… ” “എന്നാൽ വേഗം അതിനുള്ള കാര്യങ്ങൾ നോക്കണം…” സ്വപ്‌ന പറഞ്ഞു… “ഹ്മ്മ്… എന്നാൽ ഞാൻ അങ്ങോട്ട് ഇറങ്ങട്ടെ… ” എന്നു പറഞ്ഞ് സന്ദീപ് എഴുന്നേറ്റപ്പോൾ കൂടെ ബാലുവും ചെന്നു. “നീ ഇതു എങ്ങോട്ടാ? ” കോണിപ്പടികൾ കയറാൻ തുടങ്ങിയ സന്ദീപിനോട്‌ വാതിൽക്കൽ നിന്ന് ബാലു തിരക്കി… “ഞാൻ കിഷോറിനെ വിളിക്കാൻ … ”

“അവൻ ഇങ്ങോട്ട് വിളിക്കും. വെറുതെ വിളിച്ച് ശല്ല്യപ്പെടുത്താതെ… ” എന്നു പറഞ്ഞ് ഡോർ അടച്ച് അവന്റെ അരികിലേക്ക് നടന്നു. “എന്തോ അവനെ കുറിച്ച് അങ്ങനെയൊക്കെ കേട്ടപ്പോൾ ഒരു വിഷമം… ” “എന്തിന്? ” “മീര… അതൊരു പാവം പെണ്ണാടാ… ” സന്ദീപിന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തു… “കിഷോറാണ്…” എന്നു പറഞ്ഞ് അവൻ വേഗം കാൾ എടുത്തു… സംസാരിക്കുന്നതിനിടയിൽ അവൻ ഫ്ലാറ്റിലേക്ക് നടന്നു. റൂം ഓപ്പൺ ചെയ്ത് സോഫയിൽ ചെന്നിരുന്നു… കാൾ കട്ട്‌ ചെയ്തപ്പോഴാണ് ബാലു അവന്റെ അരികിൽ വന്നിരുന്നത്. “എന്തായി… അറിഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണോ? ” ബാലു തിരക്കി… “അതെ… കിഷോർ അവനെക്കുറിച്ച് ഡീറ്റെയിൽ ആയി അന്വേഷിച്ചു.

ഒരു സെയിൽസ്മാൻ ആയിരുന്ന ഹേമന്ദ് സൂപ്പർവൈസറായും പിന്നെ മാർക്കറ്റിംഗ് മാനേജർ വരെയായി ഉയർന്നു. പിന്നെ അവൻ വെറുതെ അങ്ങ് ഉയർന്നു വന്നതല്ല… എം ഡിയായ സ്ത്രീയും അവനും തമ്മിൽ… അവർ തമ്മിൽ …” പൂർത്തിയാക്കാതെ അവൻ നിർത്തിക്കള ഞ്ഞു .. “അതു നേരത്തെ നമ്മൾ അറിഞ്ഞതല്ലേ… ആ സ്ത്രീ വിവാഹിതയാണോ? “ആയിരുന്നു…” “എന്തായാലും നമുക്ക് അവനെ പോയി കാണണം. പോകുമ്പോൾ മീരയേയും കൂട്ടാം…” “അതു വേണോ ബാലു. ആദ്യം നമുക്ക് പോയി കാണാം… സംസാരിക്കാം. അതിനു ശേഷം മീരയേയും കൂട്ടി മറ്റൊരു ദിവസം പോകാം. ” “അതിന്റെ ആവശ്യമൊന്നും ഇല്ല. നീ കിഷോറിനോടു പറഞ്ഞ് അവളെയും കൂട്ടി അവനെ പോയി കാണാനുള്ള കാര്യങ്ങൾ ശരിയാക്ക്…”

** കിഷോർ അപ്പോയ്ന്റ്മെന്റ് എടുത്തു കൊടുത്തത് പ്രകാരം സന്ദീപും മീരയും കൂടി ഹേമന്ദിന്റെ അരികിലേക്ക് പുറപ്പെട്ടു. ഡ്രൈവ് ചെയ്യുന്നതിനിടയിൽ അരികിൽ ഇരിക്കുന്ന മീരയെ അവൻ പാളി നോക്കി. അവൾ അനുഭവിക്കുന്ന മാനസിക സംഘർഷം മുഖത്ത് പ്രകടമായിരുന്നു. “മീരാ… ധൈര്യമായിരിക്കൂ… എന്തു വന്നാലും നമുക്ക് വരുന്നിടത്തു വെച്ചു കാണാം…” “ഹ്മ്മ്… ” അവൾ പതിയെ മൂളി… “തനിക്കെന്റെ വീട്ടിലെ കാര്യങ്ങൾ അറിയുമോ? ” “അറിയാം. സ്വപ്നേച്ചി പറഞ്ഞിരുന്നു. അന്ന് എയർപോർട്ടിൽ വെച്ച് ഞാൻ കരുതിയിരുന്നത് കൂടെ ഉണ്ടായിരുന്നത് ഭാര്യയും കുഞ്ഞും ആകുമെന്നാ…” “ആഹാ !” “അമ്മയുടെ ആഗ്രഹം നടത്തിക്കൊടുത്തൂടെ? ” “ഏത് ആഗ്രഹം? ” “കല്യാണം… ” അവൻ ഒന്നു പുഞ്ചിരിച്ചു … പിന്നെ ഒന്നും പറയാതെ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു.

ഹേമന്ദ് വർക്ക്‌ ചെയ്യുന്ന സ്ഥാപനത്തിനു മുൻപിൽ കാർ നിന്നു… മീര പുറത്തേക്ക് ഇറങ്ങി… സന്ദീപ് വേഗം കാർ പാർക്ക്‌ ചെയ്ത ശേഷം അവളുടെ അടുത്തേക്ക് വന്നു. “വേഗം വരൂ… ” എന്നു പറഞ്ഞ് സന്ദീപ് മുൻപോട്ടു നടന്നപ്പോൾ അവൾ കൂടെ നടന്നു. റിസപ്ഷനിസ്റ്റുമായി സംസാരിച്ച ശേഷം ഹേമന്ദിനെ കാണാനുള്ള ഊഴവും കാത്തിരുന്നു. “എനിക്ക് വല്ലാതെ പേടി തോന്നുന്നുണ്ട്… ” അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. “ഒന്നു കൊണ്ടും പേടിക്കണ്ട. അവൻ കെട്ടിയ താലി നിന്റെ കഴുത്തിൽ കിടക്കുന്നിടത്തോളം കാലം നീ അവന്റെ ഭാര്യതന്നെയാണ് … അവനെ തേടി വരാൻ അവകാശമുള്ള അവന്റെ ഭാര്യ…” കാബിനിൽ നിന്നും ഇറങ്ങി വന്ന യുവതി ഹേമനന്ദിനെ കാണാനുള്ള അനുവാദം തന്നു .

അവർക്ക് കയറാൻ ഡോർ തുറന്നു കൊടുത്ത് അവർ പോയി… “പ്ലീസ് കം ഇൻ… ” ഹേമന്ദിന്റെ ശബ്ദം കാതിൽ നിറഞ്ഞതും സന്ദീപ് മീരയെയും കൂട്ടി അകത്തേക്ക് കടന്നു .. “ഗുഡ് മോർണിങ് സർ… ” സന്ദീപ് പറഞ്ഞു… “വെരി ഗുഡ് മോർണിങ് … ഇരിയ്ക്കൂ … കിഷോർ പറഞ്ഞിരുന്നു താങ്കൾ വരുമെന്ന് … ” ഏതോ ഫയലിൽ നിന്നും കണ്ണെടുക്കാതെ ഹേമന്ദ് പറഞ്ഞു… സന്ദീപ് ഇരുന്നു… അതിനു ശേഷം മീരയെ നോക്കി… ഹേമന്ദിനെ നിറകണ്ണുകളാൽ നോക്കി നിൽക്കുകയായിരുന്നു അവൾ. “മീരാ.. ഇരിക്കൂ…” സന്ദീപ് പറയുന്നത് കേട്ടതും ഹേമന്ദ് ഞെട്ടലോടെ ഫയലിൽ നിന്നും മിഴികൾ ഉയർത്തി… തുളുമ്പുന്ന അവളുടെ മിഴികൾ കണ്ടതും അവൻ പിടഞ്ഞ് എഴുന്നേറ്റു. മുന്നിൽ എക്സിക്യൂട്ടീവ് ലുക്കിൽ നിൽക്കുന്ന ആൾ… തന്നെ നെഞ്ചോട് ചേർത്തു പിടിച്ചു സ്നേഹിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത ആൾ…

മീരയുടെ ഹൃദയത്തിൽ ചോര പൊടിഞ്ഞു കൊണ്ടിരുന്നു… ഒരു നിമിഷം ഇരുവരുടെയും മിഴികൾ തമ്മിൽ കോർത്തു… ഹേമന്ദിന്റെ മുഖം വിളറി വെളുത്തു… ഒന്നും പറയാതെ കാബിനു പുറത്തേക്ക് അവൻ പാഞ്ഞു പോയി… മൊബൈലിൽ സൂരജിന്റെ നമ്പർ ഡയൽ ചെയ്ത് കാതോടു ചേർക്കുമ്പോൾ ദേഷ്യത്താൽ അവന്റെ മുഖം വലിഞ്ഞു മുറുകി കൊണ്ടിരുന്നു… “ഹലോ സൂരജ്…” “എന്താടാ? ” “മീര എവിടെ? ” “അവൾ നിന്റെ വീട്ടിൽ കാണും… ” “അവൾ ഇവിടെ എത്തിയിട്ടുണ്ട് … ” “അവിടെയോ? ” അന്ധാളിപ്പോടെ സൂരജ് തിരക്കി… “അവളുടെ കാര്യങ്ങൾ അന്വേഷിക്കണമെന്ന് നിന്നോട് പ്രത്യേകം പറഞ്ഞിരുന്നതല്ലേ… ഇനി നീയും കൂടി അറിഞ്ഞിട്ടാണോ അവൾ ഇങ്ങോട്ട് വന്നത്…”

“സത്യമായിട്ടും ഞാൻ അറിഞ്ഞതല്ല…” ഹേമന്ദ് കാൾ കട്ട്‌ ചെയ്ത് തിരിഞ്ഞു നോക്കിയതും മുന്നിൽ നിൽക്കുന്ന സന്ദീപിനെ കണ്ട് പതറി… “നീയാരാ? ” ചോദിക്കുമ്പോൾ വീണ്ടും അവന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു. “ഞാൻ സന്ദീപ്…” “നിന്റെ ആരാ മീരാ? ” “എന്റെ ആരും അല്ല…” “പിന്നെ എന്തിനാ അവളെയും കൂട്ടിക്കൊണ്ട് ഇങ്ങോട്ട് വന്നത്? ” “അവൾ പറഞ്ഞതു വെച്ചു നോക്കുമ്പോൾ നിങ്ങളുമായി അവൾക്ക് ചെറിയൊരു ബന്ധമുണ്ട്… നിങ്ങൾ കെട്ടിയ താലി ഇപ്പോഴും അവളുടെ കഴുത്തിൽ കിടപ്പുണ്ട്… അതു വെച്ച് നോക്കുമ്പോൾ നിങ്ങൾ ഉള്ളിടത്തേക്ക് വരാൻ അവൾക്ക് അവകാശമില്ലേ? ” “എത്ര പണം വേണമെങ്കിലും ഞാൻ അവൾക്ക് കൊടുക്കാം… അതും കൊണ്ട് എത്രയും വേഗം അവളോട് നാട്ടിലേക്ക് തിരിച്ചു പോകാൻ പറയണം. ”

“അവൾക്കു വേണ്ടത് പണമല്ല… അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ അച്ഛനെയാണ്…” “ഓഹ് ഗോഡ് !” ഹേമന്ദ് അറിയാതെ തെല്ലുറക്കെ പറഞ്ഞു പോയി… ഹേമന്ദിന്റെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ സൂരജ് സാകൂതം വീക്ഷിച്ചു… ടെൻഷൻ താങ്ങാനാകാതെ ഹേമന്ദ് പോക്കറ്റിൽ നിന്നും സിഗരറ്റ് പാക്കറ്റ് എടുത്തു… ഒരു സിഗരറ്റ് എടുത്തതിന് ശേഷം കത്തിക്കുക പോലും ചെയ്യാതെ നിലത്തേക്ക് വലിച്ചെറിഞ്ഞു… പിന്നെ സന്ദീപിനെ നോക്കുക പോലും ചെയ്യാതെ അവിടെ നിന്നും ഇറങ്ങി പോയി. സന്ദീപ് തിരിഞ്ഞു നോക്കുമ്പോൾ അവനെ ഉറ്റു നോക്കി സ്വല്പം മാറി നിൽക്കുന്ന മീരയെയാണ് കണ്ടത്. അവൻ അവളുടെ അരികിലേക്ക് നടന്നു… “അവൻ പോയി…”

അവളുടെ നനഞ്ഞ കണ്ണുകളിലേക്ക് നോക്കി പറയുമ്പോൾ അവനു വേദന തോന്നി… മീര ഒന്നും പറയാനാകാതെ ചുണ്ടുകൾ കൂട്ടിപ്പിടിച്ച് നിന്നു… “പോകാം? ” അവൻ തിരക്കിയപ്പോൾ അവൾ തലയാട്ടി… തിരികെയുള്ള യാത്രയിൽ നിറഞ്ഞു നിന്ന നിശബ്ദത സന്ദീപിനെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു… “എല്ലാം സത്യമായിരുന്നു അല്ലേ? ” ഏറെ നേരത്തിനു ഒടുവിൽ മീര ചോദിക്കുമ്പോൾ മറുപടിയായി ഒന്നു മൂളാൻ പോലും സന്ദീപിന്റെ ശബ്ദം പുറത്തേക്ക് വന്നില്ല… വീണ്ടും കാറിൽ നിശബ്ദത നിറഞ്ഞു… ഫ്ലാറ്റിനു മുൻപിൽ കാർ നിർത്തിയിട്ടും സന്ദീപ് ഇറങ്ങിയില്ല… മീര ഇറങ്ങി നടക്കുന്നതും നോക്കി കാറിൽ ഇരുന്നു… കാളിംഗ് ബെൽ അടിച്ച ശേഷം ചുമരിൽ ചാരി മീര നിന്നു…

സ്വപ്ന വന്നു വാതിൽ തുറന്നപ്പോൾ ആരെയും കണ്ടില്ല… അവൾ പുറത്തേക്ക് കടന്നു നോക്കിയപ്പോൾ മിഴികൾ പൂട്ടി ചുമരിൽ പിൻതല മുട്ടിച്ച് നിൽക്കുന്ന മീരയെയാണ് കണ്ടത്… സ്വപ്ന മീരയുടെ തോളിൽ പതിയെ തൊട്ടു… അവൾ ഒരു കരച്ചിലോടെ സ്വപ്നയെ പുണർന്നു … *** “ഇനി എന്താ ചെയ്യുക? ” ഹേമന്ദിനെ കാണാൻ പോയ കാര്യങ്ങൾ എല്ലാം അറിഞ്ഞതിന് ശേഷം ബാലു തിരക്കി. “ഞാൻ അവനെ ഒന്നു കൂടി കാണാൻ പോകുന്നുണ്ട്… ” “എന്തിന്? അതിന്റെ ആവശ്യമൊന്നും ഇല്ല…” “എനിക്ക് അവനെ കാണണം… ” “നീ വെറുതെ ആവശ്യമില്ലാത്ത പ്രശ്നങ്ങൾക്കൊന്നും നിൽക്കരുത്. ഇന്നു നീ ലീവ് എടുത്തതിന് തന്നെ ആ മാനേജർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവനെ കാണാൻ അവളെ സഹായിച്ചില്ലേ… അതുമതി… ഇനി അവൾ തിരിച്ചു പൊയ്ക്കോട്ടെ …”

“പാവം പെണ്ണ്… അതിനെ കൈവിടാനും തോന്നുന്നില്ലല്ലോ.” “മോനെ ദീപു അധികം സങ്കടപ്പെടാൻ നിൽക്കല്ലേ… തലയിൽ ആകും… അവൾ മാത്രമല്ല… വയറ്റിൽ കിടക്കുന്ന കൊച്ചും.” സന്ദീപ് ഒന്നും പറയാതെ അവനെ രൂക്ഷമായി നോക്കി. “നോക്കി പേടിപ്പിക്കല്ലേ… ഞാൻ കാര്യം പറഞ്ഞതാ…” “എന്റെ ദീപയുടെ അത്ര തന്നെ പ്രായം ഉണ്ടാകില്ല അവൾക്ക്… തിരികെ പോയി അവൾ അവന്റെ ഔദാര്യത്തിൽ ഇനി ജീവിക്കും എന്ന് തോന്നുന്നില്ല. വെല്ല്യച്ഛന്റെ വീട്ടിലും ഇനിയവൾ പോയി നിൽക്കും എന്ന് തോന്നുന്നില്ല…” “അതിന്? ” “അതിന് ഒന്നും ഇല്ലേ ബാലു… അവൾ വല്ല കടുംകയ്യും ചെയ്താൽ…. പിന്നീട് എന്നെങ്കിലും അങ്ങനെയൊരു വാർത്ത കേട്ടാൽ സഹിക്കാൻ പറ്റുമോ? ” “നീ എന്തിനാ ദീപു ആവശ്യം ഇല്ലാത്ത ഓരോ കാര്യങ്ങൾ ചിന്തിച്ചു കൂട്ടുന്നത്? ”

സന്ദീപ് മൗനമായി ഇരുന്നു… അവളുടെ നിറഞ്ഞു തുളുമ്പുന്ന മിഴികൾ അവന്റെ മനസ്സിൽ നിറഞ്ഞു നിന്നു. “ദീപു…” “അവളോട് അവിടെ നിന്നും പെട്ടെന്ന് പോകാൻ പറയല്ലേ… അവളുടെ മനസ്സ് ഒന്നു ശാന്തമാകട്ടെ… അതിന് ശേഷം നാട്ടിലേക്കു പറഞ്ഞയക്കാം.” “ഹ്മ്മ്… ” *** വെള്ളിയാഴ്ചയായ കാരണം നേരം വെളുത്തിട്ടും സന്ദീപ് ഉറക്കത്തിൽ ആയിരുന്നു… കാളിംഗ് ബെൽ ശബ്ദിക്കുന്നതു കേട്ടപ്പോൾ അവൻ എഴുന്നേറ്റു… വാതിൽ തുറന്നപ്പോൾ കണ്ടത് ഹേമന്ദിനെയായിരുന്നു. മുൻപ് കണ്ടതിനേക്കാൾ മാറ്റം മുഖത്തും വസ്ത്രധാരണത്തിലും ഉണ്ടായിരുന്നു… ബ്ലാക്ക് പാന്റ്സും ടീഷർട്ടുമാണ് അവൻ ധരിച്ചിരുന്നത്. മുഖത്ത് ശാന്തത നിറഞ്ഞിരുന്നു… “അകത്തേക്ക് വരൂ…” സന്ദീപ് അവനെ ക്ഷണിച്ചു. ഹേമന്ദ് അകത്തേക്ക് കടന്നു… “ഇരിക്കൂ… ഇപ്പോൾ വരാം. ഒരു അഞ്ചു മിനിറ്റ്… ”

എന്നു പറഞ്ഞ് അവൻ വേഗം പോയി ബ്രഷ് ചെയ്ത് മുഖം കഴുകി വന്നു. വരുമ്പോൾ ഇരുകൈകളിലുംമായി മുഖം താങ്ങി കുനിഞ്ഞിരിക്കുന്ന ഹേമന്ദിനെയാണ് കണ്ടത്… “ചായ എടുക്കട്ടെ? ” ചോദ്യം കേട്ടതും മിഴികൾ അമർത്തി തുടച്ച് ഹേമന്ദ് മുഖം ഉയർത്തി… അവന്റെ ചെമ്പൻ മിഴികളിലെ നനവ് എന്തിനു വേണ്ടിയാണെന്ന് സന്ദീപിന് മനസ്സിലായില്ല… “മീര എവിടെയാണ്?” “താഴത്തെ ഫ്ലാറ്റിൽ… അവിടെ എന്റെ കൂട്ടുകാരനും കുടുംബവുമുണ്ട്.” “മീരയെ നിങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടക്കി അയക്കണം.” “നിങ്ങളെ കാണിച്ചു തരാമെന്നു പറഞ്ഞ് ഞാനല്ല അവളെ ഈ നാട്ടിലേക്ക് ക്ഷണിച്ചു വരുത്തിയത്. താൻ കാണിച്ചു കൂട്ടിയ തെണ്ടി തരത്തിന്റെ ഫലമാണെടോ അവൾ ഇപ്പോൾ അനുഭവിക്കുന്നത്. എയർപോർട്ടിൽ വെച്ചു കണ്ടപ്പോൾ ഒരു പാവം പെണ്ണിനോട് തോന്നിയ ദയ… അത്ര മാത്രം…

അല്ലാതെ അവളുടെ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശമൊന്നും എനിക്കില്ല .bനാട്ടിലേക്ക് തിരിച്ചു പോകുന്നതും പോകാതെ ഇരിക്കുന്നതും അവളുടെ ഇഷ്ടമാണ്…” “നിങ്ങൾ അവളെ ഇവിടെ നിന്നും പറഞ്ഞയച്ചാൽ മാത്രം മതി. തനിച്ചിവിടെ അധികനാൾ നിൽക്കാൻ അവൾക്ക് സാധിക്കില്ല.” “തന്റെ കുഞ്ഞിനെയും ചുമന്ന് സൂരജിന്റെ വെപ്പാട്ടി ആക്കാനാണോ താൻ അവളെ കെട്ടിയത്? ” ഉള്ളിലെ അരിശം അടക്കി വെക്കാൻ കഴിയാതെ സന്ദീപ് തിരക്കി. “മൈൻഡ് യുവർ വേർഡ്‌സ് മിസ്റ്റർ സന്ദീപ്. തോന്നിവാസം വിളിച്ചു പറയുന്നോ?” “ഞാൻ പറയുന്നതാണോ തെറ്റ്? ” “സൂരജ് അങ്ങനെ ചെയ്യില്ല… അവളുടെ കാര്യങ്ങൾ നോക്കാൻ അവനെ ചുമതലപ്പെടുത്തിയാണ് ഞാൻ ഇങ്ങോട്ട് വന്നത്..

അവൾക്ക് വേണ്ടി ഞാൻ വാങ്ങിയ വീട്ടിൽ അവൾക്ക് എത്ര കാലം വേണമെങ്കിലും ജീവിക്കാം… ” “നിങ്ങൾ മീരയോട് തിരക്കി നോക്കൂ… അപ്പോൾ അറിയാം വിശ്വസ്തന്റെ സ്വഭാവം. അവളെ വലിച്ചെറിഞ്ഞു കളയാൻ ആയിരുന്നെങ്കിൽ എന്തിനാടോ അവളെ കൂടെ കൂട്ടിയത്… ഇവിടെ എത്തിയിട്ട് താൻ ഒന്നു ഫോൺ വിളിച്ചിരുന്നെങ്കിൽ ഇപ്പോൾ അവൾ ഇവിടെ ഉണ്ടാകില്ലായിരുന്നു.. നിങ്ങളെ മാത്രം ഓർത്ത് അവൾ നിങ്ങളുടെ വീട്ടിൽ ഉണ്ടായേനെ…. ” “എനിക്ക് മീരയെ കാണണം…” ഹേമന്ദ് പെട്ടെന്ന് പറഞ്ഞു. “ഞാൻ വിളിക്കാം… ” സന്ദീപ് സ്വപ്‌നയെ വിളിച്ച് മീരയെ കൂട്ടി വരാൻ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഡോറിൽ മുട്ടുന്നത് കേട്ടു.

സന്ദീപ് വാതിൽ തുറന്നു കൊടുത്തപ്പോൾ സ്വപ്നയും മീരയും അകത്തേക്ക് കടന്നു… അകത്തിരിക്കുന്ന ആളെ ഇരുവരും കണ്ടു. ഹേമന്ദ് എഴുന്നേറ്റു നിന്നു. “ഞാൻ താഴേക്കു ചെല്ലട്ടെ… മോൻ ഉണരും…” എന്ന് സന്ദീപിനോട് പറഞ്ഞ് മീരയുടെ തോളിൽ പതിയെ തട്ടി കൊണ്ട് സ്വപ്‌ന പുറത്തേക്ക് നടന്നു. “നിങ്ങൾ സംസാരിക്കൂ… ” എന്നു പറഞ്ഞ് തൊട്ടു പിന്നാലെ സന്ദീപും പുറത്തേക്ക് പോയി… ചുമരിൽ ചാരി നിൽക്കുന്ന മീരയുടെ അരികിലായി ഹേമന്ദ് വന്നു നിന്നു… മിഴികൾ അവളുടെ ഉദരത്തിലേക്ക് നീണ്ടു…….തുടരും..

സമാഗമം: ഭാഗം 4

Share this story