വിവാഹ മോചനം : ഭാഗം 20- അവസാനിച്ചു

വിവാഹ മോചനം :  ഭാഗം 20- അവസാനിച്ചു

എഴുത്തുകാരി: ശിവ എസ് നായർ

അവരുടെ സംഭാഷണങ്ങൾ എല്ലാം കേട്ടുകൊണ്ട് ഐസിയുവിന് മുന്നിൽ നിൽക്കുകയായിരുന്നു മഹിയുടെ പെങ്ങൾ മഹിമ. സിറ്റി ഹോസ്പിറ്റലിലെ നേഴ്സാണ് അവൾ. “രാഹുലേട്ടാ…” നിറ കണ്ണുകളോടെ മഹിമ വിളിച്ചു. പരിചിതമായ ആ സ്വരം കേട്ടവൻ പിന്തിരിഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ മഹിമയെ അവിടെ കണ്ട് രാഹുൽ ഞെട്ടി. മഹിമ എല്ലാം കേട്ടുവെന്ന് അവളുടെ മുഖഭാവത്തിൽ നിന്നും മഹി മനസിലാക്കി. “കോഴ്സ് കഴിഞ്ഞു ഇവൾ ഇവിടെ നേഴ്സ് ആയിട്ട് കയറിട്ട് ഒരു മാസം ആകുന്നേയുള്ളു…” മഹി അവനോടു പറഞ്ഞു. രാഹുലിന്റെ ഉള്ളിൽ നുരഞ്ഞു പൊന്തിയ അവരോടുള്ള ദേഷ്യവും വെറുപ്പും അവന്റെ മുഖത്തു പ്രകടമായിരുന്നു. മഹിമ ഓടി രാഹുലിന്റെ അടുത്തേക്ക് വന്നു.

അവന്റെ മുന്നിൽ കൈകൂപ്പി അവൾ വിതുമ്പി കരഞ്ഞു. “ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല രാഹുലേട്ടാ. ഞാൻ കാരണമാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നറിഞ്ഞതിൽ ഒരുപാട് ദുഃഖമുണ്ട്. അപർണേച്ചി ഏട്ടനെ ചതിക്കുവായിരുവെന്നാണ് ഞാൻ ഇത്രയും നാൾ വിശ്വസിച്ചിരുന്നത്. രാഹുലേട്ടനെ എനിക്കൊരുപാട് ഇഷ്ടാ. വിവാഹം കഴിക്കണമെന്നും ആഗ്രഹിച്ചിരുന്നു. പക്ഷേ തുറന്നു പറയാൻ പേടിയായിരുന്നു. രാഹുലേട്ടന്റെ വിവാഹം കഴിഞ്ഞപ്പോൾ എല്ലാം മറക്കാൻ ഞാൻ ശ്രമിച്ചതായിരുന്നു. മറന്നു തുടങ്ങിയപ്പോഴാണ് നിങ്ങള് തമ്മിൽ പിരിയുന്ന കാര്യം ഞാൻ അറിയുന്നത്. മഹിയേട്ടൻ പറഞ്ഞു ശ്രീജിത്തുമായിട്ടുള്ള അപർണേച്ചിയുടെ ബന്ധം അറിഞ്ഞപ്പോൾ ഏട്ടനെ വീണ്ടും ഞാൻ മോഹിച്ചു പോയി.

സത്യം മനസിലാക്കാതെ എടുത്തു ചാടി ഓരോന്നു പ്രവർത്തിച്ചത് എന്റെ തെറ്റ് തന്നെയാ. എനിക്കറിയില്ലായിരുന്നു അപർണേച്ചിയുടെ നിരപരാധിത്വം. രാഹുലേട്ടനോടുള്ള ഇഷ്ടം മഹിയേട്ടനോട് തുറന്നു പറഞ്ഞ സമയം മഹിയേട്ടൻ എന്നെ വഴക്ക് പറയുകയോ എന്നെ പറഞ്ഞു തിരുത്താൻ ശ്രമിക്കുകയോ ചെയ്തിരുന്നെങ്കിൽ ഞാൻ ഇങ്ങനെയൊന്നും പ്രവർത്തിക്കില്ലായിരുന്നു. പകരം മഹിയേട്ടനും കൂടെ സപ്പോർട്ട് ചെയ്തപ്പോൾ ഞാൻ വെറുതെ ഓരോന്നു മോഹിച്ചു പോയി. ചെയ്തത് തെറ്റാണെന്നു ഇപ്പോഴാ മനസിലായത്. ഏട്ടനെ ഞാൻ മറ്റൊരു രീതിയിൽ കണ്ടത് തന്നെ വലിയ തെറ്റാ. സത്യങ്ങൾ അറിയാതെ ഞാൻ അപർണേച്ചിയെ ഒരുപാട് വേദനിപ്പിച്ചു. ആ ഹൃദയം ഞാൻ ഒത്തിരി കുത്തി നോവിച്ചു.

ഞാൻ ആവശ്യപ്പെട്ടിട്ടാണ് ചേച്ചി ഡിവോഴ്സിന് സമ്മതിച്ചത് പോലും…. മാപ്പ് രാഹുലേട്ടാ മാപ്പ്… ഒന്നും അറിഞ്ഞോണ്ടല്ല… ” അത്രയും പറഞ്ഞപ്പോഴേക്കും മഹിമ പൊട്ടികരഞ്ഞു പോയി. പക്ഷേ അത് കണ്ടിട്ടും രാഹുലിന്റെ മനസ്സലിഞ്ഞില്ല. ഒന്നും മിണ്ടാതെ അവൻ അവരുടെ അടുത്ത് നിന്നും നടന്നു മാറി ചെയറിലേക്ക് പോയി ഇരുന്നു. “പോട്ടെ മോളെ സാരമില്ല… അവനോടു നമ്മൾ ചെയ്തത് ക്രൂരത തന്നെയാണ്. അതുകൊണ്ട് അവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഇപ്പോഴത്തെ ഈ ദേഷ്യമൊക്കെ മാറി കഴിയുമ്പോൾ അവൻ വന്ന് മിണ്ടും. എനിക്കുറപ്പുണ്ട്. അവരെ തമ്മിൽ പിരിക്കാൻ ശ്രമിച്ചത് തന്നെ വലിയ പാപമായി പോയി. കഴിഞ്ഞതൊക്കെ മോള് മറക്കണം. രാഹുലിനെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിക്കോളാം. ആദ്യം അവന്റെ ഈ ദേഷ്യമൊക്കെ മാറി ഒന്ന് തണുക്കട്ടെ.

നീ ഇങ്ങനെ കരയാതെ കണ്ണ് തുടയ്ക്ക് ആളുകൾ നോക്കുന്നു. മഹി അവളെ ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചു. അവന്റെ തോളിലേക്ക് ചാരി മഹിമ ഏങ്ങലടിച്ചു. അപ്പോഴാണ് ഐസിയുവിന്റെ ഡോർ തുറന്നു ഒരു നേഴ്സ് പുറത്തേക്ക് വന്നത്. “അപർണ്ണയുടെ കൂടെ വന്ന ആരെങ്കിലുമുണ്ടോ??” നേഴ്സിന്റെ ചോദ്യം കേട്ടതും ആദിയോടെ രാഹുൽ ഇരുന്നിടത്തു നിന്നെഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു. “സിസ്റ്റർ അപർണ്ണയ്ക്കിപ്പോൾ എങ്ങനെയുണ്ട്??” “പേടിക്കണ്ട… ഷീ ഈസ് ആൾറൈറ് നൗ. നിങ്ങൾ പേഷ്യന്റിന്റെ ആരാണ്??” “ഹസ്ബൻഡ് ആണ് സിസ്റ്റർ…” “അപർണ്ണയ്‌ക്ക് ബോധം തെളിഞ്ഞിട്ടുണ്ട്… നിങ്ങളെ കാണണമെന്ന് പറഞ്ഞു. അകത്തേക്ക് വരൂ.” സിസ്റ്ററിന്റെ പിന്നാലെ മിടിക്കുന്ന ഹൃദയത്തോടെ രാഹുൽ ചുവടുകൾ വച്ചു. അവന്റെ വരവും കാത്ത് കിടക്കുകയായിരുന്നു അപർണ്ണ.

തളർന്ന മിഴികളോടെയുള്ള അവളുടെ നോട്ടം കണ്ടതും രാഹുലിന്റെ ഹൃദയം വലിഞ്ഞു മുറുകി. അപർണ്ണയുടെ കണ്ണിൽ അവനോടുള്ള അടങ്ങാത്ത പ്രണയം അവൻ തിരിച്ചറിയുകയായിരുന്നു. രാഹുലിന്റെ മുഖത്തു വിവിധ ഭാവങ്ങൾ മിന്നിമറഞ്ഞു. അവന്റെ കരഞ്ഞു കലങ്ങിയ മുഖം കണ്ടതും അപർണ്ണയ്‌ക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അവളുടെ അരികിലായി അവനിരുന്നു. കുറച്ചു നിമിഷത്തേക്ക് ഇരുവരും ഒന്നും മിണ്ടാനാകാതെ പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു. അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി. ബെഡിൽ തളർന്നു കിടക്കുന്ന അവളുടെ ഇടത് കൈപ്പത്തിയിലേക്ക് രാഹുൽ പതിയെ തൊട്ടു. നിർജീവമായ അവളുടെ വിരലുകളെ അവൻ തൊട്ടുണർത്തി.

നിറ കണ്ണുകളോടെ അവനെ നോക്കിയവൾ പുഞ്ചിരി തൂകി. രാഹുൽ അപർണ്ണയുടെ കരം കവർന്നെടുത്തു പിന്നെ പതിയെ അവളുടെ കൈവെള്ള ചുണ്ടോട് ചേർത്ത് മൃദുവായി ചുമ്പിച്ചു. അപ്പോൾ അവൻ കരയുകയായിരുന്നു. “എന്തിനായിരുന്നു നീ ഇതൊക്കെ ചെയ്തതെന്ന് ഞാൻ അറിഞ്ഞു. എന്നോട് ഇത്രയ്ക്ക് സ്നേഹമുണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനായിരുന്നു അപ്പു മഹിമയ്‌ക്ക് നീ ഒഴിഞ്ഞു മാറാൻ തീരുമാനിച്ചത്. പരസ്പരം തുറന്നു പറഞ്ഞാൽ തീരാവുന്ന പ്രശ്നമല്ലേ നമുക്കിടയിൽ ഉണ്ടായിരുന്നുള്ളു. എന്നിട്ടും ഒരു നിമിഷം എന്നെപോലുമോർക്കാതെ നീ സ്വയം ജീവനൊടുക്കാൻ തീരുമാനിച്ചില്ലേ. ഈ നിമിഷം വരെ ഞാൻ അനുഭവിച്ച മാനസികാവസ്ഥ എന്താണെന്ന് എനിക്കേ അറിയൂ.

നിന്നെ ഇതുപോലെ എനിക്ക് തിരിച്ചു കിട്ടുമെന്ന് ഞാൻ കരുതിയില്ല… ഇനിയൊരിക്കലും എന്നെ ഉപേക്ഷിച്ചു നീ പോവരുത്. നിന്നെ പിരിഞ്ഞു ജീവിക്കാൻ എനിക്ക് കഴിയില്ല മോളെ…” അവന്റെ കരങ്ങളിൽ മുറുകി പിടിച്ചു കൊണ്ട് അപർണ്ണ തേങ്ങി. “രാഹുലേട്ടൻ എന്നോട് ക്ഷമിക്കണം…. പിരിയാൻ ഒട്ടും ആഗ്രഹം ഉണ്ടായിരുന്നില്ല എനിക്ക്. ആദ്യം ഞാൻ ഡിവോഴ്സ് ആവശ്യപ്പെട്ടത് എന്തിനാണെന്ന് അറിയോ??” “ഇല്ല നീ പറയ്യ്… നിനക്ക് പറയാനുള്ളതൊക്കെ നീ പറഞ്ഞോ. ഞാൻ കേൾക്കാം.” “അന്ന് ശ്രീയേട്ടനൊപ്പം ജിതിന്റെ വീട്ടിൽ വച്ച് ഏട്ടൻ എന്നെ കണ്ട ദിവസം രാത്രി എന്നെ വേണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി. ഏട്ടൻ എന്നെ തെറ്റിദ്ധരിച്ചു വച്ചിരിക്കുകയാണെന്ന് ഞാൻ കരുതി.

ഏട്ടന്റെ മനസ്സിൽ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അത് തുറന്നു പറയണമെന്നും ശരിക്കും അവിടെ നടന്നത് രാഹുലേട്ടനെ അറിയിക്കണമെന്നുമായിരുന്നു ഞാൻ തീരുമാനിച്ചിരുന്നത്. പക്ഷേ രാഹുലേട്ടൻ എന്നെ വേണ്ടെന്നു പറഞ്ഞപ്പോൾ മനസ്സിൽ പറയാൻ കരുതി വച്ചതൊക്കെ നിഷ്പ്രഭമായി പോകുന്നത് പോലെ തോന്നി. പിന്നെ ഒന്നും പറയാൻ എനിക്ക് ധൈര്യം വന്നില്ല. മഹിയുടെ മുന്നിലും രാഹുലേട്ടനെ ചതിച്ചവളായിരുന്നല്ലോ ഞാൻ. പിന്നീട് മഹിയെ കണ്ടു വന്നതിനു ശേഷം ഒരു ദിവസം അവിചാരിതമായി രാഹുലേട്ടന്റെ ഡയറി ഞാൻ വായിക്കാനിടയായി. ആ മനസ്സ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത് രാഹുലേട്ടന്റെ വരികളിലൂടെയാണ്.

അതുവരെ ഞാൻ ചിന്തിച്ചിരുന്നത് രാഹുലേട്ടന് എന്നോട് സഹതാപം കൊണ്ടുള്ള സ്നേഹമായിരിക്കും എന്നാണ്. ഈ മനസ്സ് നിറയെ എന്നോടുള്ള കളങ്കമില്ലാത്ത അടങ്ങാത്ത പ്രണയമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു. അങ്ങനെയാണ് മഹിയെ വിളിച്ചു ഞാൻ ഡിവോഴ്സിന് താല്പര്യമില്ല എന്ന് പറഞ്ഞത്. പിന്നീടാണ് കാര്യങ്ങൾ എന്റെ കൈവിട്ടു പോയത്. മഹിമ എന്റെ മുന്നിൽ വന്ന് ഒഴിഞ്ഞു പോകാൻ യാചിച്ചപ്പോൾ ഞാൻ ഒഴിഞ്ഞു പൊയ്ക്കോളാമെന്ന് അവൾക്ക് വാക്ക് കൊടുത്തു പോയി. ഭർത്താവിനെ വഞ്ചിച്ചു കാമുകനുമായി ബന്ധം പുലർത്തുന്നവളാണ് ഞാനെന്നും എന്നെപോലൊരു പെണ്ണ് രാഹുലേട്ടന് ചേർന്നതല്ല എന്നും അവൾ എന്റെ മുഖത്തു നോക്കി പറഞ്ഞു.

രാഹുലേട്ടനെ മനസ്സിൽ കൊണ്ട് നടക്കുന്നതിനാൽ മറ്റൊരു വിവാഹം പോലും വേണ്ടെന്നു വച്ചാണ് മഹിമ ജീവിക്കുന്നതെന്ന് അറിഞ്ഞപ്പോൾ അവളുടെ മുന്നിൽ എന്റെ സ്നേഹം ഒന്നുമല്ലെന്ന് തോന്നിപോയി എനിക്ക്. കാരണം രാഹുലേട്ടന്റെ മനസ്സ് മനസിലാക്കാൻ ശ്രമിക്കാതെ എപ്പോഴും ഞാൻ വേദനിപ്പിച്ചിട്ടേയുള്ളു. രാഹുലേട്ടാനിലേക്കൊരു മടങ്ങി വരവ് ഞാൻ ആഗ്രഹിച്ചിരുന്നു പക്ഷേ മഹിമയുടെ മുഖം ആലോചിച്ചപ്പോൾ ഞാൻ എന്നെ നിയന്ത്രിച്ചു. ആലോചിച്ചപ്പോൾ എനിക്ക് തോന്നി മഹിമയാണ് ശരിയെന്ന്. ഞാൻ ഏട്ടന് ചേർന്നവളല്ല എന്ന് തോന്നി. മറ്റൊരുത്തൻ പിച്ചി ചീന്താൻ ശ്രമിച്ച ശരീരമാണ് എന്റേത്. മഹിയുടെ കുത്തുവാക്കുകൾ കൂടെ ആയപ്പോൾ ഞാൻ ജീവിതം തന്നെ മടുത്തുപോയി രാഹുലേട്ടാ. എന്നിലെ പെണ്ണിനെ അത്രമേൽ അവർ വേദനിപ്പിച്ചു.

തിരിച്ചൊന്നും പ്രതികരിക്കാതെ ഒഴിഞ്ഞു പോകാൻ ഞാൻ തീരുമാനിച്ചു. രാഹുലേട്ടനെങ്കിലും നന്നായി ജീവിക്കട്ടെ എന്ന് കരുതി. ബീച്ചിൽ വച്ച് മഹിയെ അടിക്കേണ്ടി വന്നത് ക്ഷമിക്കുന്നതിന്റെ പരമാവധി ക്ഷമിച്ചിട്ടും അവൻ എന്റെ അഭിമാനത്തെ വൃണപ്പെടുത്തിയപ്പോൾ കേട്ട് നിൽക്കാൻ കഴിയാതെ പോയത് കൊണ്ടാണ്. ഇതൊന്നും രാഹുലേട്ടനെ അറിയിക്കാതിരുന്നത് നിങ്ങൾ തമ്മിലുള്ള സൗഹൃദം ഞാനായിട്ട് ഇല്ലാതാക്കണ്ട എന്ന് കരുതിയായിരുന്നു. അവരുടെ കണ്ണിൽ എന്നെ മോശക്കാരിയായി കാണുന്നതിൽ തെറ്റ് പറയാനും പറ്റില്ലല്ലോ. രാഹുലേട്ടന്റെ മനസ്സ് എല്ലാവർക്കും കിട്ടണമെന്നില്ലല്ലോ…. എല്ലാവരും ചുറ്റിലും നിന്ന് പ്രഷർ ചെയ്തപ്പോൾ ഒരു നിമിഷം മനസ്സ് പിടിവിട്ട് പോയി രാഹുലേട്ടാ… അപ്പോൾ മനസ്സിൽ മരിച്ചാൽ മതിയെന്നെ ഉണ്ടായിരുന്നുള്ളു…. ”

അവളുടെ ഒച്ച ഇടറി. “നിന്റെ മനസ്സ് ഞാൻ മനസിലാക്കുന്നുണ്ടായിരുന്നു മോളെ. ഒരു ദിവസം രാത്രി എന്റെ കാലിൽ കെട്ടിപ്പുണർന്നു കരഞ്ഞതും നീ എന്നോട് പറഞ്ഞ ഓരോ വാക്കുകളും ഞാൻ കേട്ടുകൊണ്ട് കിടക്കുകയായിരുന്നു. ആ സമയം ഞാൻ ഉറങ്ങിയിട്ടില്ലായിരുന്നു. നിന്നെ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്ന് ഞാനത് ചെയ്യാതിരുന്നത് എന്നെ ഇത്രയധികം സ്നേഹിച്ചിട്ടും ഡിവോഴ്സിന് വാശി പിടിച്ചു നിൽക്കുന്ന നീ സ്വയം ഇതിൽ നിന്നും പിന്മാറട്ടെ എന്ന് കരുതിയായിരുന്നു. അതിനിടയിൽ മഹിയും മഹിമയും ഇങ്ങനെയൊക്കെ ചെയ്തു കൂട്ടുമെന്ന് ഞാൻ വിചാരിച്ചില്ല. അതാണ് ഈ പ്രശ്നം ഇത്രയ്ക്ക് വഷളായി പോയത്. നിനക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഞാൻ ഹൃദയം പൊട്ടി മരിച്ചു പോകുമായിരുന്നു അപ്പു.

ഇനി ഇങ്ങനെയൊന്നും നീ ചിന്തിക്ക പോലുമരുത്. നിന്റെ വിഷമം നിനക്കെന്നോട് തുറന്നു പറയാമായിരുന്നു… എങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കാൻ ഞാൻ അനുവദിക്കുമായിരുന്നില്ല..” അപർണ്ണയെ തന്റെ മാറോടു ചേർത്ത് പിടിച്ചു കൊണ്ട് രാഹുൽ പറഞ്ഞു. അത്രയും നാൾ ഇരുവരും ഉള്ളിൽ അടക്കി വച്ച സങ്കടങ്ങളെല്ലാം ഒരു പൊട്ടികരച്ചിലായി പുറത്തേക്ക് പ്രവാഹിച്ചു. “ഇനി എന്നെ വിട്ട് പോകുന്നതിനു പറ്റി നീ ചിന്തിക്കരുത്…” രാഹുൽ പറഞ്ഞു. “ഇല്ല ഏട്ടാ… എന്നെകൊണ്ട് അതിനു കഴിയില്ല…” അപർണ്ണയുടെ ശബ്ദം വിറപൂണ്ടിരുന്നു. ************** അപകടനില തരണം ചെയ്തിരുന്നതിനാൽ അപർണ്ണയെ റൂമിലേക്ക് മാറ്റിയിരുന്നു. അവളെ പരിചരിച്ചു കൊണ്ട് രാഹുലും ഒപ്പമുണ്ടായിരുന്നു. അപ്പോഴാണ് അവളെ കാണാനായി മഹിയും അനിയത്തിയും റൂമിലേക്ക് വന്നത്.

“ഇവൾ ചത്തോന്ന് അറിയാൻ വന്നതാണോ രണ്ടാളും.. ഇപ്പോൾ തന്നെ രണ്ടുപേരും ഇവിടുന്ന് പൊയ്ക്കോണം.” അവരെ കണ്ടതും രാഹുൽ ദേഷ്യപ്പെട്ടു കൊണ്ട് ഇറങ്ങി പോകാൻ പറഞ്ഞു. “അപർണേച്ചിയെ കണ്ട് ചെയ്തു പോയ തെറ്റിന് മാപ്പ് പറയാൻ വന്നതാണ് ഞാൻ. സത്യാവസ്ഥ എന്താണെന്നു എനിക്കറിയില്ലായിരുന്നു ചേച്ചി. വാക്കുകൾ കൊണ്ട് ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്… എല്ലാത്തിനും മാപ്പ് തരണം.” മഹിമ അപർണ്ണയുടെ അടുക്കലേക്ക് വന്ന് കാലിൽ പിടിച്ചു കൊണ്ട് പറഞ്ഞു. ഒരു ഞെട്ടലോടെ അപർണ്ണ കാലുകൾ പിൻവലിച്ചു. കാൽ പെട്ടന്ന് പിന്നോട്ട് വലിച്ചപ്പോൾ വയറ്റിലെ സ്റ്റിച്ച് വലിഞ്ഞു അപർണ്ണയ്‌ക്ക് നല്ല വേദന അനുഭവപ്പെട്ടു. “ഹേയ് എന്തായീ കാണിക്കണേ…” വേദന കടിച്ചമർത്തി കൊണ്ടവൾ മഹിമയെ തടഞ്ഞു. “തനിക്ക് രാഹുലിനോടുള്ള ഇഷ്ടം ഇത്രത്തോളം ഉണ്ടായിരുന്നുവെന്ന് എനിക്കറിയായില്ലായിരുന്നു.

തന്നെപ്പറ്റി മഹിമയ്ക്ക് തെറ്റിദ്ധാരണ ഉണ്ടാകാൻ കാരണം ഞാനാണ്. ക്ഷമ ചോദിക്കാനുള്ള അർഹത പോലും എനിക്കില്ലെന്ന് അറിയാം. ഇനി നിങ്ങളുടെ ജീവിതത്തിൽ ഒരു ശല്യമായി ഞങ്ങൾ വരില്ല… ചെയ്തു പോയതിനൊക്കെ ഒരിക്കൽ കൂടി മാപ്പ് ചോദിക്കുകയാ.” അത്രയും പറഞ്ഞു കൊണ്ട് മഹി അനിയത്തിയെയും കൂട്ടി പുറത്തേക്ക് പോയി. രാഹുൽ അവരെയൊന്ന് തടയുക പോലും ചെയ്തില്ല. “രാഹുലേട്ടാ മഹിയോട് പിണക്കം കാണിച്ച് ഇരിക്കരുത്. ചെറുപ്പം മുതലേയുള്ള കൂട്ടുകാരാണ് നിങ്ങൾ. തെറ്റ് പറ്റാത്തവരായി ആരുമില്ല. രാഹുലേട്ടൻ അവരോടു ക്ഷമിക്കണം. പെട്ടെന്ന് വേണമെന്ന് ഞാൻ പറയുന്നില്ല… എന്നിരുന്നാലും നമുക്ക് ആരോടും പിണക്കമോ ശത്രുതയോ വേണ്ട രാഹുലേട്ടാ…”

“നമുക്ക് അതേപറ്റി പിന്നെ സംസാരിക്കാം അപ്പു. ഇപ്പോൾ തന്റെ ആരോഗ്യം വീണ്ടെടുക്കുക എന്നത് മാത്രമേ എന്റെ മനസിലുള്ളു…” രാഹുൽ അവളുടെ അടുത്തേക്ക് ചേർന്നിരുന്നു. അവന്റെ നെഞ്ചിലേക്ക് മുഖം പറ്റിച്ചേർത്തവൾ കണ്ണുകൾ അടച്ചു. രാഹുൽ അവളുടെ ശിരസ്സിൽ ഇടം കൈകൊണ്ട് മെല്ലെ തടവി. സന്തോഷത്താൽ ഇരുവരുടെയും ഹൃദയം പൂത്തുലഞ്ഞു. അപർണ്ണയുടെ മനസ്സിൽ അപ്പോൾ രാഹുലിന്റെ മുഖം മാത്രമായിരുന്നു. എല്ലാം മറന്നവൾ സമാധാനത്തോടെ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് സുഖമായി ഉറങ്ങി. ************** കുറച്ചു ദിവസങ്ങൾക്ക് ശേഷം… ഡോക്ടർ അലെക്സിന്റെ പരിചരണത്തിൽ സുഖം പ്രാപിച്ചു വരുകയായിരുന്നു ശ്രീജിത്ത്‌. മയക്കം വിട്ടുന്നർന്ന ശ്രീജിത്ത്‌ അരികിൽ അച്ഛനെയും അമ്മയെയും കണ്ട് ഞെട്ടി.

എല്ലാവരും ഭയപ്പെട്ടിരുന്നത് പോലെ ശ്രീജിത്തിന് മനോനിലയ്‌ക്ക് തകരാറ് സംഭവിക്കാതിരുന്നത് എല്ലാവർക്കും ആശ്വാസമേകി. എങ്കിലും അവന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്നോർത്ത് ഏവർക്കും ആശങ്കയുണ്ടായിരുന്നു. ശ്രീജിത്ത്‌ ചുറ്റും കണ്ണോടിച്ചു. താനിപ്പോൾ ഹോസ്പിറ്റലിൽ ആണെന്ന് അവന് മനസിലായി. കരച്ചിലാതാക്കിപ്പിടിച്ചു അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു ശ്രീജിത്തിന്റെ അച്ഛനും അമ്മയും. അതിനോടകം തന്നെ സൂര്യനിൽ നിന്നും അവർ സത്യങ്ങൾ എല്ലാം അറിഞ്ഞു കഴിഞ്ഞിരുന്നു. ശ്രീജിത്തിന്റെ നോട്ടം സൂര്യനിൽ മാത്രമായി ചുരുങ്ങി. വീൽ ചെയർ തള്ളിക്കൊണ്ട് സൂര്യജിത്ത് ശ്രീജിത്തിന്റെ അടുക്കലേക്ക് വന്നു. “നിന്നോട് ചെയ്ത തെറ്റിനൊക്കെ ഞാൻ പ്രായശ്ചിത്തം ചെയ്തിട്ടുണ്ട്.

അച്ഛനെയും അമ്മയെയും ഞാൻ എല്ലാം അറിയിച്ചു. ഞാൻ കാരണം നിനക്ക് നഷ്ടമായതൊക്കെ ഞാൻ തിരിച്ചു തന്നിട്ടുണ്ട് ശ്രീ. ഇനിയൊരിക്കലും ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും ഞാൻ വേദനിപ്പിക്കില്ല. നിന്നോട് മാപ്പ് ചോദിക്കാനുള്ള യോഗ്യത പോലും എനിക്കില്ലെന്ന് അറിയാം…. എന്നാലും നീയെനിക്ക് മാപ്പ് തരണം. എന്റെ സഹോദരനും നല്ലൊരു സുഹൃത്തുമായി നീയെപ്പോഴും എന്റെ ജീവിതത്തിൽ ഉണ്ടാവണം.” സൂര്യന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അത് കണ്ടതും ശ്രീജിത്ത്‌ കൈനീട്ടി അവന്റെ കണ്ണുനീർ തുടച്ചു. പിന്നെ അവനെ നോക്കി ഇമകൾ ചിമ്മി പുഞ്ചിരിച്ചു കാണിച്ചു. “മോനെ… ശ്രീകുട്ടാ….” തേങ്ങിക്കരഞ്ഞു കൊണ്ട് അച്ഛനും അമ്മയും അവന്റെ അരികിലേക്ക് ഇരുന്നു. ശ്രീജിത്തിനെ ചേർത്ത് പിടിച്ചു ഇരുവരും മതിവരുവോളം കരഞ്ഞു.

ശ്രീജിത്തും അവരോടൊപ്പം കരഞ്ഞുപോയി. എല്ലാം കണ്ട് മനസ്സ് നിറഞ്ഞ് അരികിൽ ജിതിനും ഉണ്ടായിരുന്നു. ശ്രീജിത്തിന്റെ മനസ്സിനെ മൂടിയിരുന്ന കാർമേഘം അവനെ വിട്ടൊഴിഞ്ഞിരുന്നു. ഇത്ര പെട്ടെന്ന് എല്ലാം കലങ്ങി തെളിയുമെന്ന് ശ്രീജിത്തും കരുതിയിരുന്നില്ല. ഒരു നിമിഷം അവന്റെ മനസിലേക്ക് ജീവന് വേണ്ടി പിടയുന്ന അപർണ്ണയുടെ രൂപം തെളിഞ്ഞു വന്നു. “സൂര്യാ… അപ്പു… അവൾക്ക് എങ്ങനെയുണ്ട്…” അവന്റെ സ്വരത്തിൽ ഭയം നിഴലിച്ചിരുന്നു. “പേടിക്കണ്ട… അപർണ്ണ സുഖമായി ഇരിക്കുന്നു. അവളും ഈ ഹോസ്പിറ്റലിൽ തന്നെയുണ്ട്.” ജിതിനാണ് മറുപടി പറഞ്ഞത്. “എനിക്ക് അവളെ ഒന്ന് കാണണം…” മടിച്ചു മടിച്ചു ശ്രീജിത്ത്‌ പറഞ്ഞു. “എന്തിനാ…?? അത് വേണോ ശ്രീ?” ജിതിൻ ചോദിച്ചു.

“വേണം… പ്ലീസ്…” ശ്രീജിത്ത്‌ ജിതിനോട് പറഞ്ഞു. ഒന്നാലോചിച്ച ശേഷം ജിതിൻ അവനെയും കൂട്ടി അപർണ്ണയെ കിടത്തിയിരുന്ന മുറിയിലേക്ക് ചെന്നു. അവർ ചെല്ലുമ്പോൾ അപർണ്ണ കിടക്കുകയായിരുന്നു. അപ്രതീക്ഷിതമായി മുറി തുറന്നു അകത്തേക്ക് കയറി വരുന്ന ജിതിനെയും ശ്രീജിത്തിനെയും കണ്ട് പേടിയോടെ അപർണ്ണ രാഹുലിന്റെ കയ്യിൽ മുറുകെ പിടിച്ചു. അത് കണ്ടിട്ടെന്ന പോലെ ശ്രീജിത്ത്‌ പറഞ്ഞു. “പേടിക്കണ്ട വഴക്കിനോ ബഹളത്തിനോ ഒന്നും വന്നതല്ല. ഇനിയൊരിക്കലും ഒരു ശല്യമായി അപർണ്ണയ്‌ക്ക് പിന്നാലെ വരില്ലെന്ന് പറയാനാ വന്നത്. അപ്പു അന്ന് ബീച്ചിൽ പറഞ്ഞതൊക്കെ ശരിയായിരുന്നു… നീ പറഞ്ഞില്ലേ എനിക്ക് നിന്നോടുള്ളത് സ്നേഹമല്ല.

ആരോടൊക്കെയോ ഉള്ള വാശി തീർക്കാനും സ്വന്തം ആഗ്രഹ പൂർത്തീകരണത്തിനും വേണ്ടിയാ നിന്നെ വേണമെന്ന് ഞാൻ വാശി പിടിക്കുന്നത് എന്നൊക്കെ…. ശരിയായിരുന്നു…. എനിക്ക് നഷ്ടപ്പെട്ട വീട്ടുകാരുടെ സ്നേഹം നിന്നിലൂടെ തിരിച്ചു പിടിക്കണമെന്നായിരുന്നു എന്റെ മനസ്സിൽ. പിന്നെ സൂര്യനോടുള്ള വാശി. പക്ഷേ നിന്നെ ഞാൻ സ്നേഹിച്ചിരുന്നില്ല എന്ന് മാത്രം പറയരുത്. ഒരുപാട് ഇഷ്ടമായിരുന്നു പക്ഷെ രാഹുൽ നിന്നെ സ്നേഹിക്കുന്നതിന്റെ അത്രയൊന്നും വരില്ല എന്റെ സ്നേഹം. നിനക്ക് അവനെയും അവന് നിന്നെയും ജീവനാണെന്ന് എനിക്കറിയാം. എന്നെയോർത്തു നീ പേടിക്കണ്ട അപ്പു. നീ കാരണമാണ് എനിക്ക് എന്റെ വീട്ടുകാരുടെ സ്നേഹം തിരിച്ചു കിട്ടിയത്. എന്നെ പുതിയൊരു മനുഷ്യനാക്കി മാറ്റിയത് നീയാണ്. നന്ദിയുണ്ട് ഒരുപാട്… ”

അത്രയും പറഞ്ഞു കൊണ്ട് ശ്രീജിത്ത്‌ മുറിവിട്ട് പോയി. പിന്നാലെ ജിതിനും. കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ അപർണ്ണ രാഹുലിനെ നോക്കി. “ഇനി തനിക്ക് ഒന്നും ഓർത്ത് ടെൻഷൻ വേണ്ട. നമ്മുടെ ജീവിതത്തിൽ നിന്നും എല്ലാവരും പടിയിറങ്ങി പോയി കഴിഞ്ഞു. ഇനി നമുക്ക് സ്വസ്ഥമായി ജീവിക്കാം… ” “പക്ഷേ രാഹുലേട്ടാ നമ്മൾ വീട്ടിൽ പോയിട്ട് കുറച്ചു ദിവസമായില്ലേ. നാളെ ഇവിടുന്നു ഡിസ്ചാർജ് ആയി വീട്ടിൽ ചെല്ലുമ്പോൾ എന്താ ഉണ്ടാവുകാന്ന് അറിയില്ലല്ലോ. എനിക്കിപ്പോ അതോർത്തിട്ടാ ടെൻഷൻ…. ഒരു പ്രശ്നം കഴിയുമ്പോൾ ഉടനെ വേറൊന്ന്…” ആദിയോടെ അപർണ്ണ അത് പറഞ്ഞപ്പോൾ രാഹുൽ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. “അതൊന്നും ഓർത്ത് അപ്പു ടെൻഷൻ ആവണ്ട.

അച്ഛനെയും അമ്മയും ഒന്നും അറിയില്ല. മാത്രമല്ല നമ്മൾ നാളെ ഡിസ്ചാർജ് ആയി കഴിഞ്ഞാൽ ഒരു ലോങ്ങ്‌ ട്രിപ്പ്‌ ഒക്കെ പോയിക്കഴിഞ്ഞിട്ടേ വീട്ടിലേക്ക് ഉള്ളു. ഇത് ഞാൻ നേരത്തെ മനസ്സിൽ ഉറപ്പിച്ചിരുന്നതാ. വീട്ടിൽ ഞാൻ ആൾറെഡി ട്രിപ്പിൽ ആണെന്ന് പറഞ്ഞു കഴിഞ്ഞു. സോ അതൊന്നും ആലോചിച്ചു അപ്പു വിഷമിക്കണ്ട..” രാഹുൽ അവളുടെ കവിളിൽ ചെറുതായൊന്നു നുള്ളി. സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. “ഈ സ്നേഹത്തിന് ഞാൻ എന്താ പകരം നൽകാ ഏട്ടാ… എന്ത് തന്നാലും മതിയാവില്ല…” “നിന്റെ നിഷ്കളങ്കമായ സ്നേഹം മാത്രം മതിയെനിക്ക്… പിന്നെ എന്റെ ഓഫീസിൽ തന്നെ നിനക്കൊരു വേക്കൻസി ഞാൻ റെഡി ആക്കിയിട്ടുണ്ട്. യാത്ര പോയി കഴിഞ്ഞു തിരിച്ചു വരുമ്പോൾ നീ മറ്റൊരാളായി മാറി കഴിയും. കഴിഞ്ഞു പോയതൊക്കെ ഓർത്തു വിഷമിച്ചിരിക്കരുത്.

പുതിയ ജോലിയിൽ ജോയിൻ ചെയ്തു കഴിയുമ്പോൾ നല്ല മാറ്റങ്ങൾ നിന്നിൽ ഉണ്ടാവും. പിന്നെ പെണ്ണുങ്ങൾ ആയാൽ അൽപ്പം ധൈര്യം വേണം. കരഞ്ഞു കൊണ്ട് പ്രശ്നത്തിൽ നിന്നും ഓടിയൊളിക്കാതെ ധൈര്യപൂർവ്വം നേരിടുകയാണ് വേണ്ടത്…” “ഇപ്പോൾ കഴിഞ്ഞു പോയ ഒന്നിനെയും പറ്റി ഞാൻ ഓർക്കാൻ ശ്രമിക്കാറില്ല രാഹുലേട്ടാ. എന്റെ മനസ്സ് നിറയെ ഏട്ടൻ മാത്രമേയുള്ളു… എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടാ…. ഞാൻ പോലുമറിയാതെ എപ്പോഴോ ഞാൻ നിങ്ങളെ സ്നേഹിച്ചു പോയി രാഹുലേട്ടാ… ” അപർണ്ണ അവനെ പ്രണയപൂർവ്വം നോക്കി. പതിയെ അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് രാഹുൽ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി. അവന്റെ കരവലയത്തിനുള്ളിൽ സർവ്വവും മറന്നവൾ ലയിച്ചു ചേർന്നു. ഇരുവരുടെയും കണ്ണുകൾ ഒരേസമയം നിറഞ്ഞു തുളുമ്പി. സ്നേഹധിക്യത്താൽ അപർണ്ണ അവനെ ഇറുക്കെ പുണർന്നു. രാഹുൽ അവളെ തന്നിലേക്ക് കൂടുതൽ ചേർത്തണച്ചു. അവസാനിച്ചു…..

(അപർണ്ണയെ കൊല്ലണമെന്നോ ശ്രീജിത്തിനെ വില്ലനാക്കണമെന്നോ കഥ തുടങ്ങുമ്പോൾ തൊട്ട് മനസിലുണ്ടായിരുന്നില്ല. എന്റെ മനസ്സിൽ വില്ലൻ മഹിയും സൂര്യനുമായിരുന്നു. കഥയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണെങ്കിലും എനിക്കായി രണ്ടു വരിയെങ്കിലും എഴുതാതെ പോകരുത്. ഈ 20 പാർട്ടുകൾ നിങ്ങൾക്കായി ഞാൻ എഴുതിയതല്ലേ അപ്പോൾ അവസാനം എനിക്കായി നിങ്ങളും അഭിപ്രായങ്ങൾ എഴുതണം. വൈകിയാണെങ്കിലും എല്ലാ കമന്റ്സിനും റിപ്ലൈ തരുന്നതാണ്. മുൻപത്തെ ഭാഗങ്ങളിൽ ഉണ്ടായിരുന്ന കമന്റ്സ് ഒക്കെ ഞാൻ വായിക്കാറുണ്ടായിരുന്നു പക്ഷേ എല്ലാവർക്കും റിപ്ലൈ തരാൻ കഴിയാതെ പോയതിൽ ക്ഷമ ചോദിക്കുന്നു.

കഥ വൈകിയതിന്റെ പേരിൽ ദയവ് ചെയ്തു ആരും നെഗറ്റീവ് പറഞ്ഞു കൊണ്ടോ കുറ്റപ്പെടുത്തി കൊണ്ടോ വരരുത്. കഥയുടെ മിക്ക ഭാഗങ്ങളും പറഞ്ഞ സമയത്തു ഇടാൻ കഴിയാതെ ഒത്തിരി വൈകിയിട്ടുണ്ടെന്ന് അറിയാം. അപ്പോഴൊന്നും മനഃപൂർവം വൈകിപ്പിച്ചതായിരുന്നില്ല. ജീവിതത്തിലെ തിരക്കേറിയ പല അവസരത്തിലും കൃത്യമായി ഞാൻ പോസ്റ്റ്‌ ചെയ്തിരുന്നതൊന്നും ആരും മറന്നു പോകരുത്. ഇതെന്റെ റിക്വസ്റ്റ് ആണ്. കഥയെ പറ്റി നല്ലതോ ചീത്തയോ ആയ എന്ത് അഭിപ്രായവും നിങ്ങൾക്ക് അറിയിക്കാം. എഴുത്തിൽ കുറവുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. അടുത്ത എഴുത്തിൽ കുറവുകൾ പരിഹരിക്കാൻ ശ്രമിക്കുന്നതാണ്. ക്ലൈമാക്സ്‌ ഇടാൻ വൈകിയത് ഫേസ്ബുക് അക്കൗണ്ട് ന്റെ പ്രശ്നം കൊണ്ടായിരുന്നു.

ഇന്നലെ തൂലികയിൽ അഡ്മിൻ ആയ അനസ് ഇക്കയാണ് അക്കൗണ്ട് ശരിയാക്കി തന്നത്. പലരും ഞാൻ ബ്ലോക്കിയതാണ് എന്ന് കരുതിയിരുന്നു. അങ്ങനെ അല്ല അക്കൗണ്ട് തന്നെ ഫേസ്ബുക് ൽ നിന്ന് റിമൂവ് ആയി പോയിരുന്നു അതുകൊണ്ടാണ്. പിന്നെ സ്റ്റോറിക്ക് വിവാഹമോചനം എന്ന് പേര് കൊടുക്കാൻ കാരണം രാഹുലിനെയും അപർണ്ണയെയും പിരിച്ച ശേഷം ഒന്നിപ്പിക്കാമെന്ന ഉദ്ദേശത്തോടെ ആയിരുന്നു. പിന്നെ അത് വേണ്ടെന്നു വച്ചു. ഇന്നലെ ആദ്യം പോസ്റ്റ്‌ ചെയ്തപ്പോൾ വാക്കുകളുടെ പരിമിതി കൊണ്ട് മുഴുവനും കോപ്പി പേസ്സ് ആയിട്ടില്ലായിരുന്നു. അങ്ങനെ ആണ് 19, 20 രണ്ടു ഭാഗം ആയിട്ട് ഇടേണ്ടി വന്നത്.

2710 വേർഡ്‌സ് ഉണ്ടായിരുന്നു. വായനക്കാരെ ഒരുപാട് കാത്തിരിപ്പിച്ചു മുഷിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു. ഇനിയൊരു തുടർകഥയുമായി വന്ന് നിങ്ങളെ കാത്തിരിപ്പിച്ചു ബോർ ആക്കാൻ വരില്ല. ഒത്തിരി ഇഷ്ടത്തോടെയാണ് ഞാൻ കഥകൾ എഴുതുന്നത്. അതുകൊണ്ട് തന്നെ മനസിലുള്ള അവസാനം എത്തുന്നത് വരെ കഥ കൊണ്ട് പോകേണ്ടി വന്നു. അല്ലായിരുന്നു എങ്കിൽ ഇത്രയും എത്തുന്നതിനു മുൻപ് തന്നെ അവസാനിക്കുമായിരുന്നു. ആദ്യവസാനം വരെ സപ്പോർട്ട് ചെയ്ത പ്രിയ വായനക്കാർക്കും Uma S Narayanan ഉമേച്ചിക്കും ഒരുപാട് നന്ദിയുണ്ട്. സ്നേഹപൂർവ്വം ശിവ 🥰)

വിവാഹ മോചനം : ഭാഗം 19

Share this story