വിവാഹ മോചനം : ഭാഗം 19

വിവാഹ മോചനം :  ഭാഗം 19

എഴുത്തുകാരി: ശിവ എസ് നായർ

അപർണ്ണയുടെ കണ്ണുകൾ മേൽപ്പോട്ട് ഉയർന്നു. ശ്വാസമെടുക്കാൻ അവൾ നന്നേ പാടുപെട്ടു. പിന്നെ ഒരു പിടച്ചിലോടെ അപർണ്ണയുടെ ശരീരം നിച്ഛലമായി. നടുക്കത്തോടെ രാഹുൽ അവളുടെ മുഖത്തേക്ക് നോക്കി. ഒരു നിലവിളി അവന്റെ തൊണ്ടയിൽ കുരുങ്ങി നിന്നു. “അപ്പു കണ്ണ് തുറക്ക്… അപ്പൂ… അപ്പൂ… എന്നെ വിട്ടു പോവല്ലേ മോളെ.” രാഹുൽ ഭ്രാന്തനെ പോലെ അലറി കൊണ്ട് അവളെ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ച് കാറിനരികിലേക്ക് ഓടി. കണ്ണുനീർ അവന്റെ കാഴ്ച മറച്ചു. അപർണ്ണയെ സീറ്റിലേക്ക് കിടത്തിയിട്ട് രാഹുൽ വേഗം ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു… പിന്നെ തിടുക്കത്തിൽ കാറിൽ അവൻ ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു. എങ്ങനെയും അപർണ്ണയെ രക്ഷിക്കണമെന്നൊരു ചിന്ത മാത്രമേ രാഹുലിന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു. അവളെ തന്നിൽ നിന്നകറ്റാൻ ശ്രമിച്ചത് ആരാകുമെന്ന് എത്ര ആലോചിച്ചിട്ടും അവനൊരു ഉത്തരം കണ്ടെത്താനായില്ല. രാഹുൽ പോയതിനു പിന്നാലെ മഹിയും തന്റെ കാറിൽ അവനെ പിന്തുടർന്നു. അപർണ്ണ അങ്ങനെയൊരു സാഹസത്തിനു മുതിരുമെന്ന് മഹി സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നതല്ല.

കുറ്റബോധത്താൽ അവന്റെ ഉള്ളം വെന്തുരുകി. അതേസമയം ശ്രീജിത് ബോധരഹിതനായി കുഴഞ്ഞു വീണിരുന്നു. വീണു കിടക്കുന്ന ശ്രീജിത്തിനെ ജിതിൻ താങ്ങിയെടുത്തു കാറിൽ കൊണ്ട് കിടത്തി. മുഖത്തു വെള്ളമൊഴിച്ചിട്ടും ശ്രീജിത്തിന് ബോധം തെളിയാതെ വന്നപ്പോൾ അവനെ എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ സൂര്യജിത്ത് ആവശ്യപ്പെട്ടു. ഒരുനിമിഷം ജിതിന്റെ ഉള്ളിൽ ആശങ്ക ഉടലെടുത്തു.അവൻ വേഗം ഫോണെടുത്ത് മാറി നിന്ന് ആരെയോ വിളിച്ചു സംസാരിച്ച ശേഷം വേഗം വന്നു വണ്ടിയിൽ കയറി കാർ എടുത്തു. “നീ ആരോടാ ഫോണിൽ മാറി നിന്ന് സംസാരിച്ചത്?? ” സംശയത്തോടെ സൂര്യൻ ചോദിച്ചു. “അത് പിന്നെ…” എന്ത് മറുപടി പറയണമെന്നറിയാതെ ജിതിൻ കുഴഞ്ഞു. “ഞാൻ അറിയരുതെന്ന് ആഗ്രഹിക്കുന്ന എന്തോ കാര്യമാണല്ലോ. അതുകൊണ്ടല്ലേ ഞാൻ കേൾക്കാതിരിക്കാനായി നീ മാറി നിന്ന് സംസാരിച്ചത്.” “അങ്ങനെയൊന്നുമല്ല സൂര്യാ… shreejith ഇക്കാര്യം ആരെയും അറിയിക്കരുതെന്ന് വാശി പിടിച്ചിരുന്നത് കൊണ്ട് മാത്രമാണ് ഞാൻ ഒന്നും പറയാതിരുന്നത്. ” “എന്താണെങ്കിലും നിനക്ക് എന്നോട് പറഞ്ഞൂടെ…” സൂര്യൻ അക്ഷമനായി. “shreejith ഒരു വിഷാദ രോഗിയാണ് സൂര്യാ. വർഷങ്ങളായിട്ടവൻ ഡോക്ടർ അലെക്സിന്റെ അടുക്കൽ ചികിത്സയിലാണ്. അതിനു കാരണം നീയും നിന്റെ അച്ഛനും അമ്മയുമാണ്.

അവനും കൂടി അർഹതപ്പെട്ട സ്നേഹം നീ അവനിൽ നിന്നും തട്ടിത്തെറിപ്പിച്ചു. നീ ചെയ്യുന്ന എല്ലാ കൊള്ളരുതായ്മയ്ക്കും ശിക്ഷിക്കപ്പെട്ടിരുന്നത് നിരപരാധിയായ അവനായിരുന്നു. അച്ഛനും അമ്മയ്ക്കും അവൻ വെറുക്കപ്പെട്ട പുത്രനായി മാറിയത് നീ കാരണമല്ലേ. ഒടുവിൽ അപർണ്ണയുടെ കാര്യവും അവന്റെ തലയിലായതോടെ ശ്രീജിത്തിന് ആരുടെയും മുന്നിൽ തലയുയർത്തി നടക്കാൻ പറ്റാത്ത അവസ്ഥയായി മാറി. അവന് അവനെ തന്നെ സ്വയം നിയന്ത്രിക്കാൻ കഴിയാത്ത ഒരു മാനസികാവസ്ഥയിലേക്ക് എത്തിപ്പെട്ടു. നിനക്കോ വീട്ടുകാർക്കോ അറിയാത്തൊരു സംഭവമുണ്ട്. അപർണ്ണയുടെ പ്രശ്നത്തോടെ അവനെ അന്ന് ദൂരെയുള്ള ഒരു കോളേജിലേക്ക് മാറ്റിയ സമയം രണ്ടു തവണ അവൻ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടായിരുന്നു. ഭാഗ്യത്തിന് റൂമിലെ മറ്റുകുട്ടികൾ അന്ന് കണ്ടത് കൊണ്ട് രണ്ടു തവണയും ഒന്നും സംഭവിക്കാതെ രക്ഷപെട്ടു. വീട്ടുകാരിൽ നിന്നും നേരിട്ട അവഗണനയും ഒറ്റപ്പെടലുമാണ് അവനെ കൊണ്ടത് ചെയ്യിച്ചത്. ചെയ്യാത്ത തെറ്റിന് മറ്റുള്ളവരുടെ മുന്നിൽ കുറ്റവാളിയാക്കപ്പെടുന്നത് ആർക്കും സഹിക്കാൻ കഴിയില്ല സൂര്യാ. സ്വന്തം കൂടപ്പിറപ്പിന്റെ ജീവിതം കീഴ്മേൽ മറിയാൻ കാരണം നീയാണ്. സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നീ ഇല്ലാതാക്കിയത് അവന്റെ ജീവിതമാടാ. നിന്റെ കൂടെ പിറന്നു വീണതല്ലേ അവൻ.

നിന്റെ മുഖഛായ തന്നെയല്ലേ അവനും. ശ്രീയും കൂടി അനുഭവിക്കേണ്ട അച്ഛന്റെയും അമ്മയുടെയും സ്നേഹവും കരുതലുമെല്ലാം ഇത്രയും വർഷം നീ ഒറ്റയ്ക്ക് അനുഭവിച്ചു. പാവം അവന് കിട്ടിയതോ ആട്ടും തുപ്പും അവഗണനയും മാത്രം. എത്ര നാളെന്ന് വച്ചാ സഹിക്കാ. അവനോടു നീ ചെയ്തു കൂട്ടിയ തെറ്റിന് ദൈവം നിനക്ക് തന്ന ശിക്ഷയാ നിന്റെ ഇപ്പോഴത്തെ ഈ അവസ്ഥ. കുറച്ചെങ്കിലും മനസലിവും സ്നേഹവും അവനോടു ഉണ്ടെങ്കിൽ അവന് വേണ്ടി നീ പ്രാർത്ഥിക്ക്. ഡോക്ടർ പറഞ്ഞത് എന്താണെന്നു നിനക്കറിയാമോ?? ഇനിയൊരു പക്ഷേ shreejith മയക്കം വിട്ടുണരുന്നത് സമനില തെറ്റിയ അവസ്ഥയിലായിരിക്കാമെന്നാണ്…. ” ജിതിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു. “അവനെ ഭ്രാന്തിലേക്ക് തള്ളി വിടണ്ടാന്ന് കരുതിയാണ് ഇഷ്ടമില്ലാതിരുന്നിട്ട് കൂടി അവൻ അപർണ്ണയെ സ്നേഹിക്കുന്നതിൽ നിന്ന് ഞാൻ ഒരു പരിധി വിട്ട് വിലക്കാൻ പോവാതിരുന്നത്. ആരെയും ഒന്നും അറിയിക്കരുതെന്ന് അവൻ നിർബന്ധം പിടിച്ചത് കൊണ്ടാണ് നിന്നെയോ വീട്ടുകാരെയോ അവന്റെ അസുഖത്തെ പറ്റി അറിയിക്കാതിരുന്നത്….” ജിതിൻ പറഞ്ഞു നിർത്തി ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഒന്നും മിണ്ടാൻ കഴിയാനാകാതെ സൂര്യൻ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു. അവന്റെ ഹൃദയം ശ്രീജിത്തിനെ ഓർത്ത് തേങ്ങി.

ആ നിമിഷം മരിച്ചു പോയെങ്കിൽ എന്നവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. സൂര്യന്റെ മനസിലൂടെ കഴിഞ്ഞ കാല സംഭവങ്ങൾ തിരശീലയിലെന്ന പോലെ കടന്നു പോയി. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിൽക്കുന്ന ശ്രീജിത്തിന്റെ മുഖം മാത്രമായിരുന്നു അവന്റെ മനസ്സ് നിറയെ. അപർണ്ണയെ കൊണ്ട് പോയ അതേ ഹോസ്പിറ്റലിലേക്കാണ് ജിതിൻ ശ്രീജിത്തിനെയും കൊണ്ട് പോയത്. ശ്രീജിത്തിനെ ചികിൽസിക്കുന്ന ഡോക്ടർ Alex സിറ്റി ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്. ഐസിയുവിനു മുന്നിൽ അക്ഷമയോടെ കാത്തു നിൽക്കുകയായിരുന്നു രാഹുൽ. അവന്റെ അടുത്തായി മഹിയും നിൽപ്പുണ്ടായിരുന്നു. രാഹുലിന്റെ അവസ്ഥ കണ്ട് മഹിക്ക് സങ്കടം സഹിക്കാനായില്ല. ശിരസ്സ് കൈമുട്ടിൽ താങ്ങി വിതുമ്പുകയായിരുന്നു അവൻ. “ഈശ്വരാ എന്റെ അപ്പുവിന് ഒന്നും സംഭവിക്കരുതേ… അവളെ പൂർണ്ണ ആരോഗ്യത്തോടെ തന്നെ എനിക്ക് തിരിച്ചു തരണേ..” അപർണ്ണയുടെ ജീവന് വേണ്ടി രാഹുൽ മനമുരുകി പ്രാർത്ഥിച്ചു. “രാഹുൽ…” മഹി അവന്റെ തോളിൽ സ്പർശിച്ചു. രാഹുൽ മുഖമുയർത്തി അവനെ നോക്കി. കരഞ്ഞു കലങ്ങിയ അവന്റെ കണ്ണുകൾ കണ്ടതും മഹിയുടെ ഉള്ളം വേദനിച്ചു. “നീ എന്നോട് ക്ഷമിക്കണം…. എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്… അപർണ്ണയുടെ ഈ അവസ്ഥയ്ക്കു കാരണക്കാരൻ ഞാനാ…. ”

രാഹുലിന് മുന്നിൽ മഹി മനസ്സ് തുറന്നു. ഞെട്ടലോടെ രാഹുൽ ഇരിപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റു. “നീ… നീ… എന്താടാ പറഞ്ഞത്..??” രാഹുൽ പാഞ്ഞു വന്ന് മഹിയുടെ ഷർട്ടിൽ കുത്തിപ്പിടിച്ചു. “എടാ ആളുകൾ നോക്കുന്നു… നീ എന്റെ ഷർടീന്ന് പിടിവിട്…” മഹി യാചിക്കും പോലെ പറഞ്ഞു. രാഹുൽ ചുറ്റുമൊന്ന് നോക്കിയ ശേഷം അവന്റെ ഷർട്ടിലെ പിടിവിട്ടു. “അപർണ്ണ ഇങ്ങനെ ചെയ്യാൻ എന്താ കാരണം?? എനിക്കതറിഞ്ഞേ തീരു.” രാഹുൽ ക്ഷുഭിതനായി. “പറയാം ഞാൻ എല്ലാം പറയാം…. എല്ലാം എന്റെ പെങ്ങൾക്ക് വേണ്ടിയായിരുന്നു. ഡിവോഴ്സ് ആവശ്യപ്പെട്ട് നിങ്ങൾ രണ്ടുപേരും അന്ന് എന്നെക്കാണാൻ വന്നപ്പോൾ അപർണ്ണയെ പോലൊരു പെണ്ണ് നിനക്ക് ചേരുമെന്ന് എനിക്ക് തോന്നിയില്ല. സത്യങ്ങൾ എല്ലാം നിന്നിൽ കേട്ടപ്പോൾ അവളെ എങ്ങനെയും നിന്റെ ലൈഫിൽ നിന്ന് ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചു. അവളെപ്പറ്റി നിന്റെ മനസ്സിൽ വെറുപ്പ് കുത്തിനിറച്ചു നിന്റെ മനസ്സ് മാറ്റിക്കാൻ കഴിയില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അതുകൊണ്ട് അവളുടെ തീരുമാനം ഒരിക്കലും മാറരുതെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. നിങ്ങൾ വന്നു കണ്ടു പോയതിന് ശേഷം കുറച്ചു ദിവസങ്ങൾ കഴിഞ്ഞു അപർണ്ണ എന്നെ വിളിച്ചിരുന്നു. അവൾക്ക് ഡിവോഴ്സിൽ നിന്നും പിന്മാറാൻ ആഗ്രഹം ഉണ്ടെന്ന് പറയാനായിരുന്നു വിളിച്ചത്.

അതെന്റെ സകല ആസൂത്രണങ്ങളും തെറ്റിച്ചു കളഞ്ഞു. എന്റെ പെങ്ങൾ ഞാൻ പോലുമറിയാതെ നിന്നെ സ്നേഹിക്കുന്നുണ്ടായിരുന്നു. അത് ഞാൻ അറിഞ്ഞത് ഈയിടയ്ക്കാണ്. ഇതുവരെ ഒരു കാര്യവും അവളെന്നോട് ആവശ്യപ്പെട്ടിട്ടില്ല. നിന്റെ വിവാഹമോചന വാർത്തയറിഞ്ഞ അവൾ ആദ്യമായി എന്നോട് ആവശ്യപ്പെട്ടത് നിന്നെ അവൾക്ക് വേണമെന്നതായിരുന്നു. അവളുടെ മനസ്സിൽ നീ മാത്രമേ ഉള്ളു. അതുകൊണ്ടാണ് അവൾ ഇതുവരെ ഒരു വിവാഹത്തിന് സമ്മതിക്കാതെ ഒഴിഞ്ഞു മാറി നടക്കുന്നത്. എന്റെ നിർദേശ പ്രകാരം എന്റെ പെങ്ങൾ മഹിമ അപർണ്ണയെ പോയി കണ്ട് കാര്യങ്ങൾ പറഞ്ഞു. അവൾക്ക് വേണ്ടി നിന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകാൻ മഹിമ അപർണ്ണയോട് ആവശ്യപ്പെട്ടു. അപർണ്ണ ഒഴിഞ്ഞു മാറാമെന്ന് സമ്മതിക്കുകയും ചെയ്തു. പക്ഷേ അവൾ ഇങ്ങനെയൊരു കടുംകൈക്ക് മുതിരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. മാത്രമല്ല അപർണ്ണ നിന്നെ അവളുടെ ജീവനക്കാളേറെ സ്നേഹിച്ചിരുന്നുവെന്ന് ഇന്നാണ് എനിക്ക് ബോധ്യമായത്. ഒരു ബാധ്യതയായി നിന്റെ ലൈഫിൽ അവൾ ഉണ്ടാവരുതെന്ന് ഞാൻ ആഗ്രഹിച്ചു. അതോടൊപ്പം എന്റെ പെങ്ങൾക്ക് നിന്നോടൊപ്പം ഒരു ജീവിതവും വേണമെന്ന് ഞാൻ മോഹിച്ചു…”

മഹി വിതുമ്പി പൊട്ടി. “നിന്നിൽ നിന്നും ഞാൻ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല മഹി. നിന്റെ പെങ്ങൾ ഇത്രയ്ക്കും ചീപ്പ് ആണെന്ന് ഞാൻ അറിഞ്ഞില്ല. മറ്റൊരുത്തിയുടെ ഭർത്താവിനെ തട്ടിയെടുക്കാൻ അവൾക്ക് എങ്ങനെ തോന്നി. അവളെ പോലൊരു പെണ്ണല്ലേ അപർണ്ണ. എന്നിട്ടും അവളുടെ മനസ്സ് കാണാൻ ഇവൾക്കെന്താ കഴിയാതെ പോയത്. മഹിമ ഇത്രയ്ക്ക് തരം താഴുമെന്ന് ഞാൻ വിചാരിച്ചില്ല. എല്ലാത്തിനും ഒത്താശ ചെയ്യാൻ കൂടെ നീയും ഉണ്ടായിരുന്നല്ലോ.” രാഹുലിന് തന്റെ ദേഷ്യം അടക്കാനായില്ല. “രാഹുൽ… പ്ലീസ്…. ഇങ്ങനെയൊന്നും അളന്നു മുറിച്ചു സംസാരിക്കരുത്. ഭർത്താവിനെ വഞ്ചിച്ചു കാമുകനുമായി ബന്ധം പുലർത്തുന്ന ഒരു പെണ്ണാണ് അപർണ്ണയെന്ന് ധരിച്ചു വച്ചിരിക്കുകയാണ് മഹിമ. ശ്രീജിത്തുമായി അവൾക്ക് അരുതാത്ത ബന്ധം ഉണ്ടെന്ന് കരുതിയാണ് മഹിമ ഇങ്ങനെയൊക്കെ ചെയ്യാൻ തുനിഞ്ഞത്. ഇതിനിടയിൽ നടന്ന മറ്റു സംഭവവികാസങ്ങൾ ഒന്നും തന്നെ ഞാൻ അവളെ അറിയിച്ചിട്ടില്ല. ഒരുപക്ഷേ മഹിമ സത്യാവസ്ഥ നേരത്തെ മനസിലാക്കിയിരുന്നെങ്കിൽ അപർണ്ണയെ നിന്നിൽ നിന്നും പിരിക്കാൻ ശ്രമിക്കില്ലായിരുന്നു. സത്യങ്ങൾ അവളിൽ നിന്നും മറച്ചു വച്ചത് എന്റെ തെറ്റാടാ.ഒരു നിമിഷം ഞാൻ സ്വാർത്ഥനായിപ്പോയി….” “കുട്ടിക്കാലം മുതലുള്ള സൗഹൃദമല്ലേടാ നമ്മുടേത്. അച്ഛന്റെയും അമ്മയുടെയും ഏക മകനായ എനിക്ക് നീയും നിന്റെ പെങ്ങളും കൂടെപ്പിറപ്പുകളെ പോലെയായിരുന്നുവെന്ന് ഞാൻ പറയാതെ തന്നെ നിനക്കറിയാവുന്ന കാര്യമല്ലേ. നിന്റെ പെങ്ങളെ പറഞ്ഞു മനസിലാക്കി തിരുത്തേണ്ട നീ തന്നെ അവൾക്ക് അവസരം ഒരുക്കി കൊടുത്തത് വളരെ മോശമായിപ്പോയി.

നിങ്ങൾ രണ്ടുപേർ കാരണം അകത്തൊരാൾ മരണത്തോട് മല്ലിട്ട് ജീവൻ മരണ പോരാട്ടം നടത്തുകയാണ്. എന്ത് തെറ്റാടാ അപർണ ചെയ്തത്. അപർണ്ണയെ ഞാൻ വിവാഹം കഴിച്ചിട്ടില്ലായിരുന്നെങ്കിൽ കൂടിയും നിന്റെ പെങ്ങളെ ഞാൻ സ്വീകരിക്കില്ലായിരുന്നു. അവളിത് എന്നോടാണ് പറഞ്ഞിരുന്നതെങ്കിൽ അടിച്ചു കരണം പുകച്ചേന ഞാൻ. നിന്നോടും അവളോടും എനിക്കൊരിക്കലും ക്ഷമിക്കാൻ കഴിയില്ല. എന്നോട് നിങ്ങൾ കാണിച്ചത് വഞ്ചനയാണ്.” “ഇങ്ങനെയൊന്നും പറയല്ലേടാ… ഒരു തെറ്റ് പറ്റിപ്പോയി എനിക്ക്. അപർണ്ണ നിന്നെ വഞ്ചിക്കുകയാണ് എന്നാണ് ഞാൻ കരുതിയിരുന്നത്. ഞാൻ കരുതിയത് പോലെയുള്ളൊരു പെണ്ണല്ല അവളെന്ന് മനസിലാക്കിയപ്പോഴേക്കും നിന്നെ അവൾക്ക് വിട്ടുകൊടുക്കാനുള്ള മനസ്സ് എനിക്കില്ലായിരുന്നു. എല്ലാത്തിനും മാപ്പ്…. ” യാചനാ സ്വരത്തിൽ മഹി കേണു. “വേണ്ട മഹി… മാപ്പ് പറഞ്ഞാലൊന്നും നീയും നിന്റെ പെങ്ങളും എന്റെ ഹൃദയത്തിൽ ഏൽപ്പിച്ച മുറിവുണങ്ങില്ല. അതുകൊണ്ട് നീയിനി എന്നെ അന്വേഷിച്ചു വരരുത്. അറിയാതെ പോലും എന്റെ കണ്മുന്നിൽ വന്നു പെടരുത് നീ. പൊയ്ക്കോ ഇവിടുന്നു…. ” രാഹുലിന്റെ ശബ്ദം ഉച്ചത്തിലായിരുന്നു. അവരുടെ സംഭാഷണങ്ങൾ എല്ലാം കേട്ടുകൊണ്ട് ഐസിയുവിന് മുന്നിൽ നിൽക്കുകയായിരുന്നു മഹിയുടെ പെങ്ങൾ മഹിമ. സിറ്റി ഹോസ്പിറ്റലിലെ നേഴ്സാണ് അവൾ. “രാഹുലേട്ടാ…” നിറ കണ്ണുകളോടെ മഹിമ വിളിച്ചു. സ്നേഹത്തോടെ ശിവ….തുടരും

Share this story