മഹാദേവൻ: ഭാഗം 12

മഹാദേവൻ: ഭാഗം 12

എഴുത്തുകാരി: നിഹാരിക

ഒരു കാര്യം കൂടി ണ്ട് ദ്യുതി….. രാഹുലേട്ടൻ്റെ അനിയത്തിയില്ലേ രാഖി ….. അവൾക്ക് വേണ്ടി മഹിയേട്ടനെയും അവർ ആലോചിച്ചിരുന്നു…… ” അത് കേട്ടപ്പോൾ എന്തോ ഉള്ള് നീറിപ്പിടയും പോലെ ഒരു വേദന….. മുഖത്തെ ചിരി മാഞ്ഞതാവാം പറയേണ്ടിയിരുന്നില്ല എന്ന ഭാവത്തോടെ മീരച്ചേച്ചി ഇരിക്കുന്നത്….. പെട്ടെന്ന് തന്നെ പഴയത് പോലത്തേതായോ എന്നറിയില്ലെങ്കിലും മുഖത്ത് ഒരു ചിരി വരുത്തി….. ” അതേ ….. ൻ്റെ ഏട്ടൻ സമ്മതിച്ചില്ലാട്ടോ തൊട്ടാവാടിക്കുട്ട്യേ… ആ മനസില് വേറെ ഒരു കുറുമ്പി ഉണ്ടത്രേ…. ”

“ഞാ…. ഞാൻ പോട്ടെ” എന്ന് പറഞ്ഞ് ദ്യുതി പുറത്തേക്ക് ഓടുമ്പോൾ അവൾക്കറിയുന്നില്ലായിരുന്നു എന്താണ് തന്നിൽ സംഭവിക്കുന്നതെന്ന്….. രാഖിയാത്രെ …. രാഖി.. അങ്ങനെ ആണേ അവളെ കെട്ടിയാ പോരായിരുന്നോ…. വെറുതേ ഉള്ളിൽ നുര പൊന്തുന്ന ദേഷ്യം എന്തിനാണെന്നും മനസിലാവുന്നില്ലായിരുന്നു ….. ❤❤❤❤❤❤❤❤❤❤❤❤❤❤❤ “അമ്മേ… അമ്മേ…” മഹിയാണ് പുറത്തെവിടെയോ പോയി ധൃതിയിൽ തിരിച്ച് വന്നതാണ് … “എന്താടാ …… ആ രാഹുൽ മാഷിൻ്റെ അനിയൻ ഇന്ന് കാലത്ത് നാട്ടിലെത്തിയെന്ന്…. അവരേ എല്ലാരും കൂടി നാളെ ഇങ്ങോട്ട് വരുന്നുണ്ടത്രേ..

എന്തൊക്കെയാ വേണ്ടേന്ന് വച്ചാ പറഞ്ഞോ… ഇനി അന്നേരം കിടന്ന് അതില്ല ഇതില്ല എന്നൊന്നും പറഞ്ഞേക്കരുത്….. ” അപ്പുറത്ത് നിൽക്കുന്ന മീരയും ദ്യുതിയും എല്ലാം കേൾക്കുന്നുണ്ടായിരുന്നു ….. ദ്യുതി മീരയെ നോക്കി നിറമില്ലാതെ ഒന്ന് പുഞ്ചിരിച്ചു, ആ മുഖത്ത് പക്ഷെ ചുവപ്പ് രാശി പടർന്നിരുന്നു…. ❤❤❤❤❤❤❤❤❤❤❤❤❤❤❤ ” ആരൊക്കെയാ മീരച്ചേച്ചീ വരുന്നുണ്ടാവാ?” രാത്രി ഊണ് കഴിച്ച് പടിഞ്ഞാറേ കോലായിൽ ചുമര് ചാരി സ്വപ്നം കാണുന്നവളുടെ അടുത്ത് ഉള്ള തിണ്ണയിൽ ചെന്നിരുന്ന് ദ്യുതി ചോദിച്ചു….. “എല്ലാരും ണ്ടാവും ന്നാ പറഞ്ഞെ ദ്യുതിമോളെ, ” സ്വപ്നത്തിൽ നിന്നുണർന്നവൾ ചെറുചിരിയോടെ പറഞ്ഞു……

“ഉം ” ശബ്ദം തീരെ കുറവായിരുന്നു മൂളലിന്…ഒപ്പം മിഴികൾ മുറ്റത്തേക്ക് വെറുതേ നീണ്ടു …… ” ഇവിടിരിക്കണോ ! നല്ല മഞ്ഞാ പുറത്ത് …. മീര മോളെ പോയി കിടക്കാൻ നോക്ക് ” ദേഷിച്ച് പറഞ്ഞ് പോയവനെ വീണ്ടും കുറുമ്പോടെ നോക്കി… ആ ആറ് വയസ്കാരിയുടെ അതേ മനസോടെ ….. “അതെന്താ മീര മോളെ മാത്രമേ മഞ്ഞ് ആക്രമിക്കു …. ” എന്ന് പിറുപിറുത്തുകൊണ്ട്…… എല്ലാം കേട്ട് എല്ലാം അറിഞ്ഞ് ഒരുവനും അപ്പുറത്ത്, തൊട്ടടുത്ത് സ്വപ്നങ്ങൾ നെയ്തിരുന്നു,….. പ്രണയത്തിൻ്റെ കടുംനിറക്കൂട്ടുള്ള വർണ്ണ സ്വപ്നം….. ❤❤❤❤

ഉണ്ണിയപ്പ മാവ് തവി കൊണ്ട് കരോലിലേക്ക് ഒഴിക്കുമ്പോൾ എണ്ണയിൽ കുമിളകൾ ഗോപുരം തീർത്തിരുന്നു… ഇഡ്ഡലി ചെമ്പിലെ ഇലയട ഊഹം വച്ച് വെന്ത് കാണും ന്ന് പറയുന്നുണ്ട്….. മീര വേഗം അത് അടുപ്പത്ത് നിന്നും വാങ്ങി വച്ചു, കായ ഇന്നലെ തന്നെ വറുത്ത് ഹോർലിക്സ് കുപ്പിയിലിട്ട് അടച്ചു വച്ചിരുന്നു….. കായയുടെ രണ്ട് അറ്റവും മുറിച്ച് അത് വേറെ വറുത്തിട്ടുണ്ട് …. ദ്യുതി അതിൽ നിന്നൊരു പിടിയും എടുത്ത് എല്ലാം ഏറെ ആശ്ചര്യത്തോടെ നോക്കി, അവിടെ ഡല്ലിയിൽ ആരേലും വരുന്നെങ്കിൽ മുന്നിൽ വച്ച് കൊടുക്കുന്നത് ബേക്കറിയിൽ നിന്ന് വാങ്ങിച്ച സാധനങ്ങളാണ് …..

ഇവിടെ ഒന്നും അങ്ങനെ വാങ്ങിക്കുന്ന പതിവില്ല…. എല്ലാം ഇവിടെ ഉണ്ടാക്കും….. ഏറെ സ്വാദോടെ .. സ്നേഹം ചേർത്ത് ….. എന്നിട്ട് മുഴുവൻ കഴിപ്പിക്കും…… വാത്സല്യത്തിൻ്റെ ശാസനയിൽ….. വയറു നിറയേ …. മനസ് നിറയെ …… ഇഡ്ഡലിത്തട്ട് തുറന്നപ്പോൾ തന്നെ കിട്ടി ഇലവാടിയ ശർക്കരയുടെയും എലക്കായയുടേയും ഒക്കെ ചേർന്നുള്ള ഇലയട മണം…. ആസ്വദിച്ച് നിക്കുമ്പഴാ അതിലൊരെണ്ണം എടുത്ത് രണ്ട് കയ്യിലും ഇട്ട്‌ മാറ്റി മാറ്റി ഊതി അവൾക്ക് നേരെ നീട്ടിയത്…. ” അമ്മായിടെ കുഞ്ഞിതൊന്ന് കഴിച്ചു നോക്ക് …… ചൂടുണ്ടാവും ട്ടോ നോക്കീട്ട്…. കയ്യിലേക്ക് ശ്രദ്ധയോടെ വച്ച് തരുന്നവരെ കൊതിയോടെ നോക്കി…… ആ കരുതലിനെ ,വാത്സല്യത്തെ, സ്നേഹത്തെ….. അതൊരു കരച്ചിലായി പരിണമിച്ച് തൊണ്ടക്കുഴി വരെ എത്തി …..

മിഴികളെ നനയിച്ചു ….. ഓരോ ദിനവും, നിമിഷവും ഇവർ അത്ഭുതമാവുന്നു, ഹൃദയത്തിലേക്ക്…. അതിൻ്റെ ആഴങ്ങളിലേക്ക് കയറി വരുന്നു…. തൻ്റെ അമ്മയെ തന്നെ ഇപ്പോ ഇവരിൽ കാണുന്നു…… ഇലയടയുടെ കഷണവും മുറിച്ച് വായിൽ വക്കാൻ മറന്ന് നിൽക്കുന്നവളുടെ ഇലയട കയ്യിൽ നിന്ന് പോയപ്പഴാണ് യാഥാർത്യത്തിലേക്ക് തിരികെ വന്നത്, അപ്പോൾ കണ്ടു കുസൃതിച്ചിരിയോടെ അതിൽ നിന്നൊരു കഷ്ണം വായിലിട്ട് തന്നെ നോക്കി കണ്ണിറുക്കുന്നവനെ … ” മഹീ….. കുഞ്ഞിൻ്റെ എന്തിനാ എടുത്തേ…. ഇവിടെ ണ്ടല്ലോ വേണ്ടുവോളം ” ” കുഞ്ഞോ…. ഇവളോ?? ഉം നല്ല കുഞ്ഞാ….. ” അത്രേം പറഞ്ഞിട്ട് മഹി ഒന്നൂടെ യാ പെണ്ണിനെ നോക്കി ….. അവളുടെ വീർത്തു വന്ന ഭംഗിയുള്ള മുഖം കാണെ ഹൃദയത്തിൻ്റെ തുടികൊട്ടൽ കേട്ടു … അവളോടായുള്ള അവൻ്റെ പ്രണയത്തിൻ്റെ…… താളം ….. ❤❤❤

രാഹുലും …രാഖിയും കാറിൽ നിന്നിറങ്ങി ….. റോഷനായിരുന്നു ഓടിച്ചിരുന്നത്… കാറ് തിരിച്ചിട്ടിട്ട് വരാം എന്ന് പറഞ്ഞപ്പോൾ രാഹുലിനേം വിളിച്ച് രാഖി അകത്തേക്ക് നടന്നു…. മഹി വന്ന് അവരെ അകത്തേക്ക് ആനയിച്ചു… രാഖി ഇടം കണ്ണിട്ട് മഹിയെ നോക്കുന്നുണ്ടായിരുന്നു…. ” അച്ഛനും അമ്മയും വന്നില്ലേ”…?” “ഇല്യ… അവർക്കൊരു കല്യാണം ണ്ട് നാളെ മതീന്ന് പറഞ്ഞാ റോഷൻ കേൾക്കണ്ടെ” മഹി അത് കേട്ട് മനോഹരമായി ചിരിച്ചു രാഹുൽ കൈ നീട്ടി മഹിയെ വിവാഹമംഗള ആശംസകൾ അറിയിച്ചു…. രാഖിയുടെ മുഖം മെല്ലെ വലിഞ്ഞു മുറുകി…. “ദ്യുതീ…. ” പരിചയപ്പെടുത്താനായി മഹി നീട്ടി വിളിച്ചു..

മീരയെ പുറപ്പെടുവിച്ച് മതിയാവാണ്ട് ഇപ്പ വരാമേ എന്നും പറഞ്ഞ് അവൾ തളത്തിലേക്ക് ചെന്നു, രാഹുലിന് നിറഞ്ഞ ചിരി സമ്മാനിച്ച് അവൾ അങ്ങോട്ട് വന്നു…. കണ്ണ് പക്ഷെ പിന്നെ ഉടക്കിയത് രാഖിയിലായിരുന്നു…. വെളുത്ത് അധികം എന്ന് പറയാനാവാത്ത തടിയുള്ള ഒരു പെണ്ണ്… ഇവളെ കാണാൻ ഒരു ചന്തമൊക്കെണ്ടല്ലോ….. എന്ന് വിചാരിച്ച് നിക്കുമ്പഴാ ഓർക്കാപ്പുറത്ത് മഹി ചേർത്ത് പിടിച്ചത്….. വായും പൊളിച്ചവനെ നോക്കുന്നതിനിടയിൽ ആ വായിൽ നിന്ന്…. ഇതാണ് എൻ്റെ ഭാര്യ ദ്യുതി….. എന്ന് വീഴുന്നത് കേട്ടു …. കൽപ്പിച്ച് തന്ന ബന്ധം ഓർത്ത് ദേഹത്ത് കൂടി ഒരു വിറയൽ കടന്നു പോയത് ദ്യുതി അറിഞ്ഞു ….

എന്ത് ചെയ്യണമെന്നറിയാതെ പാവയെ പോലെ അവള് നിന്നു ….. രാഖി കടുപ്പിച്ച് തന്നെ അവളെ നോക്കുന്നുണ്ട്, ഇടയിൽ ഇവൾ വന്നില്ലായിരുന്നെങ്കിൽ പൂവണിയുമായിരുന്ന തൻ്റെ സ്വപ്നം …… അതാണ് തൊട്ടു മുന്നിൽ മറ്റൊരുവളെ ചേർത്ത് പിടിച്ച് നിൽക്കുന്നത്….. രാഖിയുടെ കണ്ണുകൾ ദ്യുതിയിലേക്ക് ചെന്നു … എന്തുകൊണ്ടും തന്നേക്കാൾ മികച്ച വളാണെന്ന് ഒറ്റനോട്ടത്തിൽ ഗ്രഹിച്ചു …. വല്ലാത്ത ഒരസൂയ ഉള്ളിൽ നാമ്പിടുന്നതറിഞ്ഞു … “ഞ…. ഞാൻ അങ്ങട് ചെല്ലട്ടെ..” മഹിയുടെ കരങ്ങൾ വിടുവിച്ച് കൊണ്ട് അവൾ പറഞ്ഞു….. വേഗം അകത്തേക്ക് നടന്നു… വഴി മുഴുവൻ മഹിയുടെ ഗന്ധം നിൽക്കുന്ന പോലെ തോന്നി….

എന്തിനോ ആ മുഖത്ത് നാണത്തിൽ പൊതിഞ്ഞ ഒരു ചിരി വിടർന്നു, നേരെ അടുക്കളയിൽ പോകാൻ തോന്നി… അവിടെ ചെന്ന്, ദേവകിയെ പലഹാരങ്ങൾ ഗ്ലാസ്പ്ലേറ്റിൽ ഭംഗിയിൽ വക്കാൻ സഹായിച്ച് അവൾ വീണ്ടും മീരയുടെ അടുത്തെത്തി…… ❤❤❤❤❤❤❤❤❤❤❤❤❤❤❤ കണ്ണാടി മുന്നിലെ സ്റ്റൂളിൽ എവിടേക്കോ നോക്കി, ഉള്ളിലെ ടെൻഷൻ മുഴുവൻ സാരിത്തുമ്പിൽ തീർക്കുന്നവളെ കുറുമ്പോടെ നോക്കി…. മെല്ലെ ചെന്നാ കൈ പിടിച്ചപ്പോൾ ഐസിനേക്കാൾ തണുപ്പുണ്ടായിരുന്നു അതിന് … “ഹലോ ! ഒന്ന് കാണാൻ വന്നപ്പോ ഇങ്ങനെ, അങ്ങനെ ആണെങ്കിൽ കല്യാണത്തിന് എന്താവും ടെൻഷൻ ” “വേണ്ടാ ട്ടോ ദ്യുതിമോളെ” ഒരു കുഞ്ഞിൻ്റെ നിഷ്കളങ്കതയോടെ പറയുന്നവളുടെ കവിളിൽ നുള്ളി ചിരിച്ചു ദ്യുതി….

അവരുടെ അടുപ്പം കണ്ട് മനസ് നിറഞ്ഞ് നിൽക്കുകയായിരുന്നു വാതിൽ പടിയിൽ മഹി…. ദ്യുതിയുടെ മാറ്റം അത്രക്ക് വലുതായിരുന്നു… പെട്ടെന്ന് എന്തോ ഓർത്ത് അവൻ അകത്ത് കയറി…. ” മീര മോളെ ചായേം കൊണ്ട് വാ…. ആ അനിയനതാ വന്നിരിക്കുന്നു… ” അനുസരണയോടെ തലയാട്ടുന്നവളെ നോക്കി പോകാൻ തുടങ്ങി…. വീണ്ടും തിരിഞ്ഞ് ദ്യുതിയോട് പറഞ്ഞു, ” നീയും സഹായിക്ക്” അധികാരത്തോടെ പറയുന്നവനെ കണ്ണ് കൂർപ്പിച്ച് നോക്കി പെണ്ണ്””’ ചിരിയോടെ അത് കണ്ട് അവനും പോയി ……

മെല്ലെ മീരയെ തോണ്ടി ദ്യുതി….. “മീര ചേച്ചി…അച്ഛൻ ആവശ്യപെട്ടില്ലായിരുന്നെങ്കിൽ ഇപ്പോ ആ കുട്ടിയെ ഇങ്ങട് കൊണ്ടുവരാരുന്നു ലേ…. “എന്നാലും പറ്റില്യാലോ ദ്യുതി കുട്ട്യേ….. ൻ്റെ ഏട്ടൻ സമ്മതിക്കില്ലാലോ…. ആ മനസിലേ…. ഓർമ്മ വച്ചത് മുതൽ ഒരു തൊട്ടാവാടിക്കുട്ടിയാ…” അത് കേട്ടൊരു ചിരി അനുവാദം കൂടാതെ ആ ചുണ്ടിൽ വിരിഞ്ഞ് വന്നു…. അത് കണ്ട് മനസ് നിറച്ചു ഒരേട്ടൻ്റെ അനിയത്തിക്കുട്ടി….. ❤❤❤

ഡൈനിംഗ് ഹാളിലേക്ക് അവരെ ക്ഷണിച്ചപ്പോഴേക്ക് ദ്യുതിയും മീരയും അടുക്കളയിൽ എത്തിയിരുന്നു ….. മീരയുടെ കയ്യിൽ ദേവകി ചായ നിറച്ച കപ്പുകൾ നൽകി…. അവൾ അതുമായി അവരുടെ മുന്നിലെത്തി, തൊട്ടുപിറകെ ദ്യുതിയും ….. രാഹുലിനെയും രാഖിയെയും കണ്ടു…. ഏന്തി വലിഞ്ഞ് റോഷനെ നോക്കിയതും, ആകെ തരിച്ച് നിന്നു പോയി…. ഏടത്തിയമ്മയെ കാണാനായി നീണ്ട അവൻ്റെ മിഴികളും ദ്യുതിയിൽ എത്തി തറഞ്ഞ് നിന്നു……… (തുടരും)

മഹാദേവൻ: ഭാഗം 11

Share this story