സഹയാത്രികയ്ക്കുസ്നേഹ പൂർവം: ഭാഗം 52

സഹയാത്രികയ്ക്കുസ്നേഹ പൂർവം: ഭാഗം 52

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അപ്പോഴും മുന്നിൽ വരുന്ന ഓരോ പ്രതിബന്ധങ്ങളെയും തകർത്തെറിഞ്ഞു മുന്നേറുന്ന അവൾ അവനൊരു അത്ഭുതമായിരുന്നു.. അതിനുമപ്പുറം അവനവളുടെ ആരാധകനായി മാറുകയായിരുന്നു.. അവളുടെ പ്രണയിതാവായി മാറുകയായിരുന്നു.. ഹും.. കണ്ടില്ലേ.. തന്തേം ചത്തു.. ചേച്ചിയും കെട്ടി.. ഇനി ഇവളാർക്ക് വേണ്ടിയാ ഇങ്ങനെ നാട്ടുകാരെ പിഴിഞ്ഞുണ്ടാക്കുന്നത്.. ഹേ.. ആ തന്ത ചത്തതിന്റെ എന്തെങ്കിലും വിഷമം അവൾക്കുണ്ടോ എന്നു നോക്കിക്കേ.. അല്ല അങ്ങേര് ചത്തു കിടക്കുമ്പോഴും അവളുടെ കണ്ണിൽ നിന്നൊരിറ്റ് കണ്ണുനീർ വീഴുന്നത് ആരും കണ്ടില്ലായെ..

ഇടയിൽ നിന്നൊരു സ്ത്രീ പറയുന്നത് കേട്ട് കിച്ചു അവരെ വെറുപ്പോടെ നോക്കി. അതേ.. കിച്ചു മറുപടി പറയും മുൻപേ ഭദ്ര അവർക്കരികിൽ വന്നു.. എനിക്ക് ഒരു വിഷമവും ഇല്ല.. പിന്നെ ഈ കാശ്.. ഇത് ഞാൻ ചോര നീരാക്കി ഉണ്ടാക്കിയതാ.. പൊരിവെയിലത്തും മഴയത്തും കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ കാശ്… ഓരോ ആവശ്യം വരുമ്പോൾ എന്റെ മുൻപിൽ വന്ന് കൈനീട്ടി നിൽക്കുമ്പോൾ ഈ ദണ്ണമൊന്നും കാണാറില്ലല്ലോ.. കാശ് തിരിച്ചു ചോദിക്കുമ്പോൾ ഭദ്ര ക്രൂരയായി.. അതേ. ഞാൻ ക്രൂരയാണ്. നിങ്ങളും വാങ്ങിയിട്ടുണ്ടല്ലോ എന്റെ കയ്യീന്ന് ഓട് 5000.. അത് തരുമ്പോ ദോ ആ ചേച്ചിയുടെ കാശൂടെ തന്നേരേ..

സുമനസ്സല്ലേ. ഭദ്ര പറഞ്ഞു.. അവളുടെ കാശ് ഞാനെന്തിനാ തരുന്നത്. ഞാൻ കഷ്ടപ്പെട്ട് പശൂനേം ആടിനേം വളർത്തിയുണ്ടാക്കുന്ന കാശാ.. അതങ്ങനെ കണ്ടവരുടെ കടം തീർക്കാനുള്ളതല്ല.. അവർ പറഞ്ഞു.. അതുപോലെ തന്നെയാ എന്റെ കാര്യം.. കടം കൊടുത്ത കാശേ ഞാൻ തിരിച്ചു ചോദിച്ചുള്ളൂ.. അതിനു ന്യായമായ പലിശയും.. അല്ലാതെ വെറുതെ ചോദിച്ചതല്ല.. നിങ്ങളുടെ കാശ് നിങ്ങൾക്ക് വലുതാണെങ്കിൽ എന്റെ കാശ് എനിക്കും.. മേലിൽ ഇമ്മാതിരി വർത്തമാനവുമായി എന്റടുത്തു വരല്ലേ.. ഭദ്ര പറഞ്ഞതും കിച്ചുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. ഭദ്ര തിരിഞ്ഞതും അതാണ് കണ്ടത്..

അവൾ എന്തെന്ന അർത്ഥത്തിൽ പിരികം ഉയർത്തി. അവൻ ഒന്നുമില്ല എന്നു ചുമൽ കൂച്ചി.. പോകാം.. ഇപ്പൊ ഇത്തിരി സമാധാനമായില്ലേ.. വിമൽ കളിയായി ചോദിച്ചതും കിച്ചു വൃത്തിയായി ഒന്ന് ഇളിച്ചു കാണിച്ചു.. ഭദ്രാ.. ഞങ്ങൾ പാലക്കാട്ടേക്ക് പോകുവാ.. അവിടെ ഞങ്ങൾ രണ്ടാളും മാറി നിന്നാൽ ആകെ കുളമാകും കാര്യങ്ങൾ.. വിമൽ പറഞ്ഞു.. മ്മ്.. അവൾ ഒന്നു മൂളി.. വീണ്ടും ആ സ്ത്രീയുടെ അടുത്തേയ്ക്ക് ചെന്നു.. കാശ് എപ്പോ തരും.. അവൾ ചോദിച്ചു.. അത്.. മറ്റന്നാൾ.. മറ്റന്നാൾ തരാം ഭദ്രേ.. അവർ പറഞ്ഞു.. മ്മ്.. അവൾ ഒന്നു മൂളി..

ചുറ്റിനും നിൽക്കുന്ന എല്ലാവരെയും കടുപ്പിച്ചൊന്നു നോക്കി ചുരിദാറിന്റെ ഷാൾ ഒന്നു വലിച്ചു പുറകിലേക്ക് കെട്ടി അവൾ സ്കൂട്ടറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു പോയി.. അവളുടെ പോക്ക് നോക്കി നിന്ന കിച്ചുവിന്റെ ചുണ്ടിലും ഒരു നല്ല പുഞ്ചിരി വിരിഞ്ഞു.. ******* ഇക്കാര്യത്തിൽ നീ വാശി പിടിക്കരുത് ഭദ്രേ.. നിന്നെ ഇവിടെ ഒറ്റയ്ക്ക് വിടാൻ ഞങ്ങൾക്ക് കഴിയില്ല.. ദൂരെ ഒന്നുമല്ലല്ലോ.. ഒരു വീടിനപ്പുറമാണ് എന്റെ വീട്.. അവിടെ നിനക്ക് അന്യരാരും അല്ലല്ലോ താമസിക്കുന്നത്.. ഞങ്ങളാരും നിന്നെ വേറായിട്ട് കണ്ടിട്ടുമില്ല.. കാണുകയുമില്ല.. രാത്രി ഇവിടെ കിടക്കുന്നതിനു പകരം അവിടെ വന്നു കിടക്കാനല്ലേ ഞാൻ പറയുന്നത്.. ജിഷ്ണു പറഞ്ഞു.. ഭദ്ര പുഞ്ചിരിയോടെ അവനെ നോക്കി നിന്നു..

വിച്ചുവും ജിഷ്ണുവും മാഷും സുമയും ഭദ്രയെ രാത്രി അവരുടെ വീട്ടിൽ ചെന്ന് കിടക്കാൻ പറയാൻ വന്നതാണ്.. 16 കഴിയുന്നവരെ വിച്ചു ഭദ്രയോടൊപ്പം വീട്ടിൽ തന്നെയായിരുന്നു.. ചടങ്ങുകൾ കഴിഞ്ഞതോടെ വിച്ചുവിനും മടങ്ങേണ്ടി വന്നു.. അതോടെ ഭദ്രയെ ഒറ്റയ്ക്ക് വിടാൻ അവർ തയാറല്ലാതെയായി.. അവളെ രാത്രിയെങ്കിലും വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് പോകുന്നതിനെപ്പറ്റി സംസാരിക്കാൻ വന്നതായിരുന്നു അവർ.. മോളെ.. മാഷ് വിളിച്ചു.. ഭദ്ര അദ്ദേഹത്തെ നോക്കി.. നിനക്ക് ഈ വീടിനോടുള്ള അടുപ്പം അറിയാഞ്ഞിട്ടല്ല.. നീ ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുമോ എന്നൊരു ഭയം മാത്രമേ മരിക്കുന്നിടം വരെയും മാഷിനുണ്ടായിരുന്നുള്ളൂ..

അന്നീ ഞാൻ വാക്ക് കൊടുത്തതാണ് അദ്ദേഹത്തിന് ഒരിക്കലും നിന്നെ ഒറ്റപ്പെടുത്തി കളയില്ലന്നു.. നീ ഇവിടെ തനിച്ചു നിന്നാൽ ഞങ്ങൾക്ക് അതൊരു ബുദ്ധിമുട്ടാണ്.. മോള് അവിടേയ്ക്ക് താമസം മാറണം എന്ന ഞങ്ങൾ പറയുന്നില്ല.. ആകെ രണ്ടു വീടിന്റെ അകലമല്ലേയുള്ളൂ.. ദിവസോം ഇവിടെ വന്നു നിൽക്കാം.. രാത്രി ഒറ്റയ്ക്ക് മോളീ വലിയ വീട്ടിൽ നിൽക്കേണ്ട.. മാഷ്‌ പറഞ്ഞു.. സുമ എഴുന്നേറ്റ് ചെന്നവളെ ചേർത്തു പിടിച്ചിരുന്നു.. നിന്റെ സുമാമ്മ വിളിച്ചാൽ നീ വരില്ലേ.. അവർ ചോദിച്ചു.. അവൾ വീണ്ടും പുഞ്ചിരിച്ചു.. നിങ്ങളൊക്കെ പറയുന്നത് ഞാൻ കേട്ടു..

എല്ലാം മനസ്സിലാകുന്നുമുണ്ട്.. പക്ഷെ.. ഞാൻ ഇവിടെ നിന്നോളാം സുമാമ്മേ.. എനിക്ക് പേടിയൊന്നുമില്ല.. ഒറ്റയ്ക്ക് നിൽക്കാൻ.. ഇവിടെ ഞാൻ ഒറ്റയ്ക്കല്ലല്ലോ.. തെക്കേ തൊടിയിൽ എന്റച്ഛനുറങ്ങുന്നുണ്ട്.. പിന്നെ ഞാൻ ആയി വളർത്തിക്കൊണ്ടു വന്ന എന്റെ കുട്ടികളും ഉണ്ടല്ലോ.. ഇത്ര നാളും അവരുടെ തണലിൽ തന്നെയല്ലേ ഞാൻ കഴിഞ്ഞത്.. അവരല്ലേ ഓരോ രാത്രിയും ഈ വീടിനെ സംരക്ഷിച്ചത്.. നിങ്ങളുടെ എല്ലാരുടെയും സ്നേഹം നിങ്ങളോരോരുത്തരും പറയാതെ തന്നെ എനിക്കറിയാം.. നിങ്ങളാരും ഈ ജന്മം എന്നെ ഒറ്റപ്പെടുത്തില്ലെന്നും അറിയാം.. അങ്ങനെ ഒറ്റപ്പെട്ടു എന്നൊരു തോന്നലും എനിക്കിതുവരെയുമില്ല.. ഞാനിവിടെ കാണും..

നിങ്ങൾ പറഞ്ഞതുപോലെ ഒരു വീടിന്റെ അകലമല്ലേ ഉള്ളൂ.. ഏതാവിശ്യത്തിനും ഒന്നുറക്കെ വിളിച്ചാൽ വിളിപ്പുറത്തു നിങ്ങളൊക്കെയില്ലേ.. പിന്നെ എന്താ. അവൾ സൗമ്യമായി ചോദിച്ചു.. ഇക്കാര്യത്തിൽ നീ വാശി പിടിക്കാതെ ഭദ്രേ.. ജിഷ്ണു പറഞ്ഞു.. ഇത് വാശിയല്ല ജിഷ്ണുവേട്ടാ.. എനിക്കീ വീട് വല്ലാത്തൊരു ധൈര്യമാണ്.. അത് വിട്ട് വരാൻ എന്നെക്കൊണ്ട് കഴിയില്ല.. അവൾ അത്രയും പറഞ്ഞു നിറഞ്ഞു വന്ന കണ്ണുകളെ കൈകളാൽ ഒപ്പി അകത്തേയ്ക്ക് നടക്കുമ്പോൾ വിച്ചു മാത്രം ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു.. മോളെ.. നീ പറയ്.. സുമ പറഞ്ഞു.. അവൾ വരില്ല അമ്മേ.. ഞാൻ പറഞ്ഞതല്ലേ.. ഈ വീട് വിട്ട് നമ്മുടെ വീട്ടിലേയ്ക്ക് അവൾ വരില്ല.. അതിനി നമ്മൾ എന്തൊക്കെ പറഞ്ഞാലും..

വിച്ചു നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.. ജിഷ്ണു അവളെ ചേർത്തുപിടിച്ചു.. വേണ്ട ജിഷ്ണുവെട്ടാ.. നമ്മൾ നിര്ബന്ധിച്ചാലും അവൾ വരില്ല… നമ്മളോട് എതിർത്തു പറയാനും അവൾക്ക് ബുദ്ധിമുട്ടായിരിക്കും.. വിച്ചു പറഞ്ഞു.. മ്മ്.. അവൻ മൂളി.. മോനെ . ഇനിയും ഭദ്രയെ ഒറ്റയ്ക്ക് ആക്കാൻ പറ്റില്ല.. എത്രയും വേഗം അവളെ ഒരാളുടെ കയ്യിലേല്പിക്കണം.. മാഷ് പറഞ്ഞു.. മ്മ്.. അതിനും ജിഷ്ണു ഒന്നു മൂളിയതേയുള്ളൂ.. അവൻ വിച്ചുവിനെ നോക്കി.. അവളും എന്തോ ആലോചനയിലായിരുന്നു.. അവൻ പുറത്തേക്കിറങ്ങി.. *******

നോ മോർ എക്സ്‌ക്യൂസസ്.. ഇത്രയും ഉത്തരവാദിത്വം പോലും ഇല്ലെങ്കിൽ പിന്നെ ഞാൻ നിങ്ങൾക്ക് തരുന്ന ശമ്പളം എന്തിനാ.. നിങ്ങളെയൊക്കെ പറഞ്ഞു വിട്ടാൽ എനിക്ക് അത്രയും ലാഭം… കിച്ചു അമർഷത്തോടെ സംസാരിക്കുന്നത് കേട്ടാണ് വിമൽ ക്യാബിനിലേയ്ക്ക് വന്നത്.. സോറി സർ.. ട്രാക്കിങ് ഇൻഫർമേഷൻ ശെരിയായി കിട്ടാഞ്ഞതുകൊണ്ടാണ്.. ഇനി ഇങ്ങനെ ഉണ്ടാകാതെ ശ്രദ്ധിക്കാം സർ.. അയാൾ പറഞ്ഞു.. മ്മ്.. ഇപ്പൊ ഈ ഒരൊറ്റ തവണത്തേയ്ക്ക് ഞാൻ ക്ഷമിക്കുകയാണ്.. പൊയ്ക്കോ.. അവൻ പറഞ്ഞു.. അയാൾ പുറത്തേയ്ക്കിറങ്ങിയതും വിമലിനോട് ഇരിക്കാൻ കാണിച്ചു കിച്ചു കസേരയിലേയ്ക്കിരുന്നു..

എന്താടാ.. കിച്ചു ചോദിച്ചു.. ജിഷ്ണു വന്നിട്ടുണ്ട്. നിന്നെ ഒന്നു കാണാൻ.. അവൻ പറഞ്ഞു.. ആഹാ എന്നിട്ട് എവിടെ.. അവൻ ചോദിച്ചു.. എന്റെ ക്യാബിനിൽ ഉണ്ട്.. ഇവിടെ ഏത് അവസ്ഥയാണെന്നു അറിഞ്ഞിട്ട് വിളിക്കാമെന്നു വെച്ചു.. വിമൽ കളിയായി പറഞ്ഞു.. അത് പിന്നെ.. ഓർഡർ ഡിലെ ആയാൽ ഒന്നു കൃത്യമായി ഇൻഫർമേഷൻ കൊടുക്കാൻ പോലും ഇവിടുത്തെ സ്റ്റാഫിന് പറ്റില്ലെന്ന് കണ്ടാൽ എന്താ ചെയ്യ.. കിച്ചു തലയിൽ കൈയ്യൂന്നി പറഞ്ഞു.. അത് വിട്.. ജിഷ്ണു എവിടെ.. കിച്ചു ചോദിച്ചു.. വിളിപ്പിക്കാം.. അവൻ പറഞ്ഞു.. ഹേയ് വേണ്ട. വാ നമുക്ക് അങ്ങോട്ട് പോയി കാണാം.. കിച്ചു അതും പറഞ്ഞു നടന്നു..

വിമൽ പുഞ്ചിരിയോടെ അവനോടൊപ്പം നടന്നു.. എപ്പോ എത്തി.. ജിഷ്ണുവിനെ കണ്ടയുടൻ ചേർത്തു പിടിച്ചുകൊണ്ട് കിച്ചു ചോദിച്ചു.. ഞാൻ ഇന്ന് കാലത്തെ എത്തി.. എനിക്ക് ഡി ഐ ജിയുമായി ഒരു മീറ്റിങ് ഉണ്ടായിരുന്നു.. ഒരു ട്രാൻസ്ഫർ മണക്കുന്നുണ്ട്.. നാള് കുറച്ചായില്ലേ നാട്ടിൽ തന്നെ.. മിക്കവാറും അടുത്ത മാസമോ അതിനടുത്ത മാസമോ ഒരു പ്രൊമോഷൻ വിത്തു ട്രാൻസ്ഫർ പ്രതീക്ഷിക്കാം.. അത് അടുത്തു തന്നെ എവിടേയ്ക്കെങ്കിലും കിട്ടുമോന്ന് നോക്കിയതാ.. ജിഷ്ണു പറഞ്ഞു.. മ്മ്.. കിച്ചു മൂളി.. കുടിക്കാൻ എന്താ വേണ്ടത്.. അവൻ ചോദിച്ചു.. ഇപ്പൊ ഒന്നും വേണ്ടെടോ.. ഞാൻ വരുന്ന വഴിക്ക് ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു.. രാവിലെ മുതൽ പട്ടിണിയായിരുന്നു.. സോ. ജിഷ്ണു പറഞ്ഞു..

ഓ.. എന്നാലും ഒരു ജ്യൂസ് ഒക്കെ ആകാം.. ഇവിടെ ക്യാന്റീനിൽ നല്ല പൈനാപ്പിൾ ജ്യൂസ് കിട്ടും.. അത് പറയട്ടെ.. വിമൽ ചോദിച്ചു.. മറുപടി കിട്ടും മുൻപേ കിച്ചു ഫോണെടുത്തു ക്യാന്റീനിലേയ്ക്ക് വിളിച്ചിരുന്നു.. ഇരിക്ക്.. വിമൽ ജിഷ്ണുവിനടുത്തായി ഇരുന്നുകൊണ്ട് പറഞ്ഞു.. അവനും ഇരുന്നു.. പിന്നെ പറയ്.. എന്തൊക്കെയാ വിശേഷം.. കിച്ചു ചോദിച്ചു.. വിശേഷം..അങ്ങനെ പറയാൻ ആണെങ്കിൽ ഒരുപാടുണ്ട്.. വിച്ചുവിനൊരു ചെറിയ വിശേഷമുണ്ട്. അതാണ് മെയിൻ.. ജിഷ്ണു പറഞ്ഞതും കിച്ചുവും വിമലും പുഞ്ചിരിയോടെ പരസ്പരം നോക്കി.. ഇന്നലെ ആണ് കൺഫേം ആയത്.. നേരിട്ട് പറയാമെന്നു കരുതിയാ വിളിച്ചപ്പോൾ പറയാതിരുന്നത്.. ജിഷ്ണു പറഞ്ഞു..

എന്നാൽ പൈനാപ്പിൾ ജ്യൂസിലൊന്നും നിൽക്കില്ലാട്ടോ.. അച്ഛനാകാൻ പോകുന്നേന്റെ ചിലവ് വേണം.. വിമൽ പറഞ്ഞു.. പിന്നെന്താ.. നിങ്ങൾക്കൊക്കെയല്ലേ ചിലവ് ചെയ്യേണ്ടത്.. ജിഷ്ണു അവനെ ചേർത്തുപിടിച്ചു പറഞ്ഞു.. കിച്ചുവും നിറഞ്ഞ സന്തോഷത്തിലായിരുന്നു.. പിന്നെ ഞാൻ ഇപ്പോൾ വന്നത് വേറെ ഒരു കാര്യം കൂടെ പറയാനാണ്.. ജിഷ്ണു മുഖവുരയായി പറഞ്ഞു.. എന്താ ജിഷ്‌ണോ.. എനിതിങ് സീരിയസ്.. കിച്ചു ചോദിച്ചു.. മ്മ്.. അവൻ മൂളി.. എന്താടാ.. കിച്ചു അവന്റെ തോളിൽ കൈ ചേർത്തു.. കിച്ചൂ.. ഭദ്ര.. ഭദ്രയ്ക്കെന്താ.. കിച്ചു ചോദിച്ചു.. അവൾക്കൊന്നുമില്ല..

പക്ഷെ അവളെ ഇങ്ങനെ ഒറ്റയ്ക്ക് വിടുന്നതിനെപ്പറ്റി ഞങ്ങൾക്കാർക്കും ഒരു അഭിപ്രായവുമില്ല.. അവളെ ഒറ്റയ്ക്ക് വിടാതിരിക്കാൻ വീട്ടിലേയ്ക്ക് വിളിച്ചതാ ഞങ്ങളെല്ലാവരും.. അവൾ വരാൻ കൂട്ടാക്കില്ല.. സത്യം പറഞ്ഞാൽ പേടിയാ.. അവളൊറ്റയ്ക്ക് ആ വീട്ടിൽ.. രണ്ടു ദിവസം കാളിന്ദി ഉണ്ടായിരുന്നു.. അവൾക്ക് എക്സാം ആണ്.. പോകാതിരിക്കാൻ പറ്റില്ല.. അതോണ്ടാ മാഷ് പോയപ്പോൾ പോലും വരാതിരുന്നത്.. ജിഷ്ണു പറഞ്ഞു.. മ്മ്.. കിച്ചു മൂളി.. തന്നോട് കൂടുതലൊന്നും പറയേണ്ടല്ലോ.. ആത്മാഭിമാനം ഇത്തിരി കൂടുതലാണ് അവൾക്ക്.. അതോണ്ട് വീട്ടിലേയ്ക്ക് വരില്ല അവൾ.. പിന്നെ ഉള്ള മാർഗം അവളുടെ വിവാഹമാണ്.. അച്ഛനും അമ്മയുമൊക്കെ ദൃതി വയ്ക്കുകയാണ്.. ജിഷ്ണു പറഞ്ഞു..

കിച്ചു ഒന്നു പുഞ്ചിരിച്ചു.. എന്താ തന്റെ അഭിപ്രായം.. ജിഷ്ണു ചോദിച്ചു.. ഇക്കാര്യത്തിൽ ഒരു എടുത്തുചാട്ടത്തിനു എനിക്ക് താൽപര്യമില്ല ജിഷ്ണൂ.. അവൾ സമ്മതിക്കില്ല.. കിച്ചു പറഞ്ഞു.. അവളോട് ഞങ്ങൾ സംസാരിക്കാം.. ജിഷ്ണു പറഞ്ഞു.. അതിനെനിക്ക് എതിർപ്പൊന്നും ഇല്ല.. എന്റെ വിവാഹം.. അത് ഉടനെ വേണ്ട എന്നാണ് എന്റെ തീരുമാനം.. ദേവൂനെ ഇവന്റെ കയ്യിൽ ഏൽപ്പിച്ച ശേഷം മതി എന്നായിരുന്നു ചിന്ത..പക്ഷെ ഭദ്ര. അവളെ ഒറ്റയ്ക്ക് ആക്കാൻ എനിക്കും താൽപര്യമില്ല.. അവൾ സമ്മതിച്ചാൽ ഈ നിമിഷം അവളെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂട്ടാനും റെഡിയാണ്.. പക്ഷെ.. പക്ഷെ അവൾ സമ്മതിക്കില്ല ജിഷ്ണൂ.. കിച്ചു പറയുന്നത് കേട്ട് അമ്പരപ്പോടെ ജിഷ്ണുവും വിമലും അവനെ നോക്കി..

അവൾക്കിപ്പോൾ വേണ്ടത് ഒരു വിവാഹമല്ല.. ഇപ്പോൾ ഒറ്റയ്ക്ക് നിൽക്കാനാണ് അവൾ ആഗ്രഹിക്കുന്നത്.. അതെനിക്ക് മനസ്സിലാകും ജിഷ്ണൂ.. എന്റെ പ്രണയം.. അതെന്നേ അവൾക്ക് മുൻപിൽ ഞാൻ തുറന്ന് പറഞ്ഞതാണ്.. അത് അവൾക്ക് അറിയാം.. ആ പ്രണയത്തിനവളുടെ മറുപടി ഇന്നുവരെ അവൾ തന്നിട്ടുമില്ല.. അതെന്ന് കിട്ടുമെന്നോ അതൊരു യെസ് ആകുമോ എന്നോ പോലും എനിക്കറിയില്ല.. പക്ഷെ ഒന്നുറപ്പാണ്.. കിച്ചുവിന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് ഭദ്ര മാത്രമാകും.. അവൾക്ക് എന്നെങ്കിലും എന്നോടൊപ്പം ജീവിക്കണം എന്നു തോന്നിയാൽ അപ്പോൾ ആ നിമിഷം എന്റെ പെണ്ണായി അവളെ ഞാൻ കൂടെ കൂട്ടും.. അതുവരെ..

അതുവരെ അവളുടെ ഒരു നല്ല സുഹൃത്തായി നിൽക്കാനാണ് എനിക്കിഷ്ടം.. അവളും ഇപ്പോൾ എന്നിൽ നിന്നതാണ് ആഗ്രഹിക്കുന്നത് എന്നാണ് എന്റെ വിശ്വാസം.. കിച്ചു ആത്മവിശ്വാസത്തോടെ പറഞ്ഞു.. പിന്നെ.. ആ വീട്ടിൽ അവൾ ഒറ്റയ്ക്ക് നിൽക്കുന്നതിലുള്ള പേടിയൊന്നും വേണ്ടഡോ.. അവളോളം ആത്‍മവിശ്വാസവും തന്റേടവും ധൈര്യവുമുള്ള ഒരു പെണ്ണിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.. ഒറ്റയ്ക്ക് ജീവിക്കുവാനുള്ള ആർജവം ഉള്ളതുകൊണ്ട് തന്നെയാകും അവളതിന് തയാറായത്.. അതുകൊണ്ട് താൻ ഇപ്പൊ അതോർത്തു ടെൻസ്ഡ് ആകേണ്ട.. ഇപ്പൊ ഹാപ്പിയായിട്ടിരിക്കേണ്ട സമയമല്ലേ..

ബി കൂൾ മാൻ.. കിച്ചു ആത്മവിശ്വാസത്തോടെ പറയുന്നത് കേട്ടതും ജിഷ്ണു അവനെ ചേർത്തുപിടിച്ചു.. താങ്ക്സ് ഡോ… താൻ പറഞ്ഞതാ ശെരി.. ഭദ്രയോളം ഭദ്രയെയുള്ളൂ.. നമ്മളൊക്കെ അവൾക്ക് ചുറ്റിനുമില്ലേ.. പിന്നെ എന്ത് പേടിക്കാനാ അല്ലെ. ജിഷ്ണു പറഞ്ഞു.. വിമൽ പുഞ്ചിരിച്ചു.. കിച്ചുവും.. നല്ലൊരു അവസരമായിരുന്നു.. ചിലപ്പോൾ ഈ സമയത്തു അവർ നിര്ബന്ധിച്ചാലും ഭദ്ര വിവാഹത്തിന് റെഡി ആയേനെ.. യാത്ര പറഞ്ഞവൻ പോകുന്നതും നോക്കി നിൽക്കവേ വിമൽ പറഞ്ഞു.. സമ്മതിച്ചേനെ… അവൾ ഒരു സാധാരണ പെണ്ണായിരുന്നെങ്കിൽ.. ഇത് ഭദ്രയാണ്..

അവൾക്ക് തോന്നാതെ അവൾ നിന്നുകൊടുക്കില്ല ഒന്നിനും.. അങ്ങനെ നിർബന്ധിച്ചു നേടാനും അല്ല ഞാൻ ആഗ്രഹിക്കുന്നത്.. അവൾക്ക് എന്നെങ്കിലും എന്റെ കൂടെ ഒരു ജീവിതം വേണം എന്ന് തോന്നിയാൽ അവൾ വരട്ടെ.. വരും എനിക്കറിയാം.. അന്നുവരെ കാത്തിരിക്കാൻ ഞാൻ തയാറാ.. അവൻ പറഞ്ഞുകൊണ്ട് ഓഫീസിലെ ജനാല വഴി പുറത്തേയ്ക്ക് നോക്കി നിന്നു.. ചെമ്മാനത്തിന്റെ ഭംഗിയിലും മുകളിലായി ആത്മാഭിമാനമുള്ള പെണ്ണൊരുത്തിയുടെ മുഖം അവന്റെയുള്ളിൽ തെളിഞ്ഞു നിന്നിരുന്നു.. ***********

ഡാമിറ്റ്.. രാജേന്ദ്രനാഥ് കയ്യിൽ ഇരുന്ന പേപ്പറുകൾ വലിച്ചെറിഞ്ഞുകൊണ്ട് മേശയിലേയ്ക്ക് ആഞ്ഞടിച്ചു.. എന്താ.. എന്താ അച്ഛാ.. വിഷ്ണു ഓടിവന്ന് ചോദിച്ചു.. എന്താ മനുഷ്യാ.. പ്രമീളയും ചോദിച്ചു. കണ്ടില്ലേ.. നമ്മുടെ കമ്പനിക്ക് വന്ന നല്ലൊരു ഓർഡർ ക്യാൻസലായി.. അതുതന്നെ കാര്യം. രാജേന്ദ്രനാഥ് പറഞ്ഞു.. അതിനാണോ അച്ഛനീ ചൂടാകുന്നത്.. ഒന്നു പോയാൽ വേറെയൊന്ന്.. അച്ഛൻ വെറുതെ ടെൻഷൻ ആകേണ്ട.. വിഷ്ണു പറഞ്ഞു.. കുന്തം.. നിനക്കെന്തറിയാം.. കമ്പനി നഷ്ടത്തിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുകയാണ്.. അതിനിടയിലാ ഈ വരുന്ന നല്ല ഓർഡറുകൾ കൂടി നഷ്ടപ്പെടുന്നത്.. ഈ മാസം തുടങ്ങി 15 ദിവസം പോലും ആയില്ല.. ഇതിപ്പോ 3ആമത്തെ ഓർഡറാണ് ക്യാൻസൽ ആയത്. ഈ 3 മാസം കൊണ്ട് കമ്പനിയുടെ അക്കൗണ്ട് കാലിയായി..

ഇപ്പൊ വരുന്ന ഓർഡറുകൾ കൊണ്ട് തിരിച്ചു മറിക്കാനെ പറ്റൂ.. അതാ അവസ്ഥ.. പലർക്കും ചെക്ക് കൊടുത്തിരിക്കുന്നത് ബൗണ്സ് ആകുന്നുണ്ട്.. പലരും കേസിനു പോകാത്തത് അപ്പോൾ തന്നെ ക്യാഷായി ഫുൾ എമൗണ്ട് കയ്യിൽ കിട്ടുന്നത് കൊണ്ടാണ്.. ഇനി അതൊന്നും നടക്കില്ല. കമ്പനി അക്കൗണ്ടിൽ ആകെ മിനിമം ബാലൻസേ ഉള്ളൂ.. ഈ മാസം ചെക്ക് കൊടുത്തിരിക്കുന്നത് തന്നെ വരും 8,10 ലക്ഷങ്ങൾ.. പണിക്കാരുടെ സാലറി കൊടുത്തിട്ടില്ല. 15ആം തീയതി കഴിഞ്ഞാൽ അവർ പിന്നെയും പ്രശ്നമുണ്ടാക്കും.. പോട്ടെ ഉള്ളതെന്തെങ്കിലും വിറ്റ് തുലച്ചിട്ടെങ്കിലും ഒന്നു പിടിച്ചു നിൽക്കാമെന്നു കരുതിയാൽ അതും പറ്റില്ല.. അവൻ ആ കാലൻ കേസ് കൊടുത്തേയ്ക്കുകയല്ലേ.. കോടതി എന്റെ അക്കൗണ്ടും ഫ്രീസ് ചെയ്തു..

വസ്തുവൊക്കെ അറ്റാച്ചും ചെയ്തു.. എനിക്കറിയാം ഈ ഓർഡറുകൾ പോകുന്നതിനു പിന്നിലും അവനാ.. അവൻ ഒറ്റയൊരുത്തനാ.. രാജേന്ദ്രനാഥ് പല്ല് കടിച്ചു.. നിന്റെ കുഴപ്പമാ.. അന്ന് അവൻ ചത്തൂന്ന് ഉറപ്പിക്കാതെ പോന്നതുകൊണ്ടാ എല്ലാം.. നാശം… ചാരത്തിൽ നിന്നു പോലും ഉയർത്തെഴുന്നേൽക്കുന്നവനാ അവൻ.. രാജേന്ദ്രനാഥ് വിഷ്ണുവിനോടായി പറഞ്ഞു.. അതേ.. അവൻ ചത്തിരുന്നേൽ മോനും അച്ഛനും കൂടി ജയിലിൽ കിടക്കാമായിരുന്നു.. പ്രമീള പറഞ്ഞു.. അമ്മയൊന്ന് പോകുന്നുണ്ടോ.. വിഷ്ണു പറഞ്ഞു.. അതേ.. അല്ലേലും ഇപ്പൊ ആർക്കും എന്നോടൊരു വിലയുമില്ല.. ഇപ്പൊ എല്ലാവർക്കും നമ്മൾ കറിവേപ്പില.. അതും.പറഞ്ഞു ദേഷ്യത്തോടെ അവർ അടുക്കളയിലേക്ക് ചെന്നു..

അച്ഛാ അച്ഛൻ സമാധാനമായിട്ടിരിക്ക്.. സമയം വൈകിയിട്ടൊന്നും ഇല്ല.. അവനെകൊണ്ടുള്ള ശല്യം ഞാൻ എന്നെന്നേക്കുമായി അവസാനിപ്പിച്ചു തരാം.. വിഷ്ണു പറഞ്ഞു.. ഇപ്പൊ അതിനൊന്നും നിൽക്കേണ്ട. അറിയാമല്ലോ.. അവൻ ദിവസങ്ങൾ കഴിയുംതോറും വളരുകയാണ്.. നമുക്ക് കയ്യെത്തി പിടിക്കാവുന്നതിനും മുകളിലേക്ക് അവനെ വളരാൻ വിടരുത്.. അതിനു എടുക്കേണ്ടത് ജീവനല്ല.. ഇപ്പൊ അവൻ ജീവനേക്കാൾ സ്നേഹിക്കുന്നത് അവന്റെ കമ്പനിയെയാ.. അതാണ് ആദ്യം തകർക്കേണ്ടത്.. അയാൾ പറഞ്ഞു.. എങ്ങനെ. വിഷ്ണു ചോദിച്ചു.. പറയാം.. അയാൾ കുടിലതയോടെ ചിരിച്ചുകൊണ്ട് പറഞ്ഞു.. **********

മതി അമ്മേ..പ്ലസ് വിച്ചു പാത്രത്തിൽ ഇട്ട ദോശയിലേക്ക് നോക്കി സങ്കടത്തോടെ സുമയോടായി പറഞ്ഞു.. എന്താ ഇവിടെ.. രാധിക കയ്യിൽ ഒരു പാത്രവുമായി അകത്തേയ്ക്ക് വന്നു ചോദിച്ചു.. മടി.. പെണ്ണിനിപ്പൊ ആഹാരം കഴിക്കാൻ വയ്യ.. സുമ പറഞ്ഞു.. അയ്യോ.. വെറുതെയാ അമ്മേ.. ദേ ഞാനിപ്പോ തന്നെ 2 ദോശയാ കഴിച്ചത്.. പിന്നേം കൊണ്ട് തന്നപ്പോഴാ മതീന്നു പറഞ്ഞത്.. വിച്ചു പരിഭവത്തോടെ പറഞ്ഞു.. എന്റെ രാധികേ.. എന്ത് കഴിച്ചാലും ഇപ്പൊ ശർദിലാണ്.. വല്ലപ്പോഴുമാ ഇച്ചിരി ആഹാരം നന്നായി കഴിക്കാൻ പറ്റുന്നത്.. അപ്പൊ കുറച്ചു നന്നായി കഴിച്ചില്ലെങ്കിൽ വയറ്റിൽ കിടക്കുന്ന കുഞ്ഞിങ്ങു വരുമ്പോൾ അമ്മയ്ക്ക് അതിനെ നോക്കാനുള്ള ആരോഗ്യം പോലും കാണില്ല..

സുമ പറഞ്ഞു.. ഇതെന്താ രാധികേടെ കയ്യിൽ. സുമ ചോദിച്ചു.. ഇത്തിരി പുഴുക്കാ സുമേ.. പറമ്പിൽ നിന്ന കപ്പയും ചേനയും ചേമ്പുമൊക്കെ വിനയേട്ടനും വന്നപ്പോൾ വിളവെടുത്തു.. അപ്പൊ എല്ലാം കൂടെയിട്ട് ഞാനൊരു പുഴുക്കാക്കി.. ഇത്തിരി ഇങ്ങോട്ട് തരാൻ കൊണ്ടുവന്നതാ.. രാധിക പറഞ്ഞു.. അവർ അപ്പോഴേയ്ക്കും പാത്രം വാങ്ങി മേശയിലേയ്ക്ക് വെച്ചു.. ഇത്തിരി തരട്ടെ മോളെ… വിച്ചുവിനോടായി അവർ ചോദിച്ചു.. ഒരിത്തിരി തന്നേയ്ക്ക് അമ്മേ.. ഒത്തിരി വെയ്ക്കരുതെ.. വിച്ചു മുൻകൂറായി പറഞ്ഞു.. മോളെ.. ഭദ്രേ.. ഒരു സ്പൂണ് ഇങ്ങേടുക്കുമോ.. സുമ വിളിച്ചു ചോദിച്ചതും ഭദ്ര അകത്തു നിന്നൊരു സ്പൂണുമായി വന്നു.. ഭദ്ര ഇവിടെ ഉണ്ടായിരുന്നോ.. ഞാനാ മതിലിന്റെ അടുത്തുനിന്ന് കുറെ വട്ടം വിളിച്ചു..

ഇത് തരാൻ.. രാധിക പറഞ്ഞു.. ഞാൻ പാലും കൊണ്ട് വന്നതാ രാധികാമ്മേ.. ഇവൾക്കിപ്പോ വേറൊന്നും കഴിക്കാൻ പറ്റില്ല.. മിക്കവാറും കഴിക്കുന്നതൊക്കെ വൊമിറ്റ് ചെയ്യുകയാണ്.. ഭദ്ര പറഞ്ഞു.. അപ്പോഴേയ്ക്കും ഒരു പോലീസ് വാഹനത്തിന്റെ ഇരമ്പൽ പുറത്തു കേട്ടിരുന്നു.. ജിഷ്ണുവേട്ടനാകും.. വിച്ചു അതും പരഞ്ഞെഴുന്നേറ്റു.. അവിടിരിക്ക് പെണ്ണേ.. അവൻ ഇങ്ങോട്ടല്ലേ വരുന്നത്. കഴിക്കുന്നേടത്തു നിന്നിപ്പോ ദേവേന്ദ്രൻ വന്നാലും എഴുന്നേൽക്കേണ്ട കാര്യമില്ല.. സുമ പറഞ്ഞു.. രാധിക ചിരിച്ചു.. വെറുതെയാ.. അതും പറഞ്ഞു മുങ്ങുവാ.. നേരാംവണ്ണം വല്ലോം കഴിക്ക്.. സുമ പറഞ്ഞു.. വിച്ചു പരിഭവത്തോടെ സുമ എടുത്തു കൊടുത്ത രാധിക കൊണ്ടുവന്ന പുഴുക്ക് കഴിക്കാൻ തുടങ്ങി..

അമ്മേ.. ജിഷ്ണുവിന്റെ വിളി കേട്ട് രാധികയും ഭദ്രയും സുമയും പുറത്തേയ്ക്ക് വന്നു.. നീ ഇവിടെ ഉണ്ടായിരുന്നോ.. ഞാൻ അങ്ങോട്ട് വരുവായിരുന്നു.. നീ പെട്ടെന്ന് ഒന്നു റെഡിയായെ ഒരു അത്യാവിശമുണ്ട്.. ജിഷ്ണുവിന്റെ സ്വരം ഗൗരവമായിരുന്നു.. എന്താ ജിഷ്ണൂ.. സുമ ചോദിച്ചു.. അത് അമ്മേ.. അവൻ ഭദ്രയെ നോക്കി.. എന്താ ജിഷ്ണുവേട്ടാ.. ഭദ്ര ചോദിച്ചു. അത് വിച്ചു എന്തിയെ.. അവൻ ചോദിച്ചു.. കഴിക്കുവാ.. എന്താടാ.. സുമ ചോദിച്ചു.. ഭദ്രേ.. ചെറിയൊരു പ്രശ്നമുണ്ട്.. ജിഷ്ണു.പറഞ്ഞു.. നീ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല.. പക്ഷെ.. ജിഷ്ണുവേട്ടൻ കാര്യം.പറയ്.. ഭദ്ര പറഞ്ഞു.. അത് വനജാന്റി.. അവര്… ജിഷ്ണു അവളെ നോക്കി.. ആകാംഷയോടെ നിൽക്കുകയായിരുന്നു അവൾ.. കേട്ട വിവരം ശെരിയാണോ എന്നറിയില്ല..

അവര് താമസിച്ചിരുന്ന വീട്ടിൽ രണ്ടു ഡെഡ് ബോഡി കിടപ്പുണ്ട്.. കുറച്ചു ദിവസത്തെ പഴക്കമുള്ള ബോഡികളാണ്.. സദാശിവനും വനജാന്റിയും ആണെന്നാണ് പ്രാഥമിക നിഗമനം.. ഭദ്ര ഒരു നിമിഷം തരിച്ചു നിന്നുപോയി.. ഒരു തോട്ടത്തിന്റെ നടുക്കായിട്ടാ ആ വീട്.. അധികം ആൾക്കാരൊന്നും ഇല്ല അവിടെ..രാവിലെ തൊട്ടടുത്ത തോട്ടത്തിൽ വിറക് പറക്കുവാൻ വന്ന പണിക്കാരാണ് ആദ്യം കണ്ടത്.. സ്മെൽ അടിച്ചിട്ട് പോയി നോക്കിയതാ..ബോഡി തിരിച്ചറിയാൻ ബ്ലഡ് റിലേഷനിൽ ഉള്ള ആരെങ്കിലും തന്നെ വേണം.. തൽക്കാലം വിച്ചു അറിയേണ്ട.. നീ വാ.. ജിഷ്ണു പറഞ്ഞു.. പെട്ടെന്ന് പാത്രം തട്ടി മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടതും എല്ലാവരും തിരിഞ്ഞു നോക്കി.. വാതിൽക്കൽ എല്ലാം കേട്ട് നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന വിച്ചുവിനെ കണ്ട് എല്ലാവരും ഞെട്ടലോടെ പരസ്പരം നോക്കി….തുടരും

സഹയാത്രികയ്ക്കുസ്നേഹ പൂർവം: ഭാഗം 51

Share this story