സമാഗമം: ഭാഗം 6

സമാഗമം: ഭാഗം 6

എഴുത്തുകാരി: അനില സനൽ അനുരാധ

ചുമരിൽ ചാരി നിൽക്കുന്ന മീരയുടെ അരികിലായി ഹേമന്ദ് വന്നു നിന്നു… മിഴികൾ അവളുടെ ഉദരത്തിലേക്ക് നീണ്ടു… മുഖത്തു ഗൗരവം നിറഞ്ഞു… “മീരാ… ” ഏട്ടന്റെ വിളിയിൽ പോലും മാറ്റം… ഒരിറ്റു സ്നേഹം പോലും ആ വിളിയിൽ ഇല്ലെന്ന തിരിച്ചറിവിൽ നോട്ടം അവന്റെ ചെമ്പൻ മിഴികൾക്ക് നേരെ നീണ്ടു … “നീ എത്രയും പെട്ടെന്ന് തിരിച്ചു പോകണം?” ……… “കേൾക്കുന്നില്ലേ നീ? ” അവന്റെ ശബ്ദം ഉയർന്നു… പക്ഷേ എന്തോ അവൾക്ക് ഭയം തോന്നിയില്ല… അല്ലെങ്കിൽ തന്നെ മനസ്സു മരവിച്ചു പോയവൾ എന്തു ഭയക്കാനാണ്… “എനിക്ക് തലവേദനയുണ്ടാക്കാനാണോ നീ ഇങ്ങോട്ട് വന്നത്? ” “അല്ല…”

ശാന്തമെങ്കിലും ഉറച്ച സ്വരത്തിൽ അവൾ പറഞ്ഞു… “പിന്നെ? ” “എനിക്ക് ഒരു കാര്യം അറിയണമായിരുന്നു… അതും നിങ്ങളുടെ വായിൽ നിന്നും കേൾക്കണമായിരുന്നു… അതിനു വേണ്ടി മാത്രമാണ് ഇങ്ങോട്ട് വന്നത്.” “നിനക്ക് എന്താ അറിയേണ്ടത്… ചോദിച്ചു തുലയ്ക്ക്… ” “എന്തിന് എന്നെ വിവാഹം കഴിച്ചു… ആവശ്യം കഴിഞ്ഞപ്പോൾ കൂട്ടുകാരന് സമ്മാനിക്കാനോ? ഒരു ഡിവോഴ്സ് പേപ്പർ സൈൻ ചെയ്തു വെച്ച് ഇങ്ങോട്ട് വരിക… ഫോൺ വിളിച്ചാൽ എടുക്കാതിരിക്കുക… എന്താ ഇതിന്റെയൊക്കെ അർത്ഥം. നിങ്ങൾക്ക് എന്റെ ശരീരം മാത്രം മതിയായിരുന്നോ… ആ ശരീരത്തിനുള്ളിൽ ഇപ്പോൾ ഒരു കുഞ്ഞുണ്ട്…

എന്നിട്ട് പോലും എന്നോട് ഒരു അലിവ് തോന്നുന്നില്ലേ? ” “എനിക്ക് കൂടുതൽ ഒന്നും സംസാരിക്കാനില്ല മീരാ. നിനക്ക് നിന്റെ ജീവിതം എങ്ങനെ വേണമെങ്കിലും ജീവിച്ചു തീർക്കാം. തനിച്ചു ജീവിക്കാൻ ആണെങ്കിൽ അങ്ങനെ… മറ്റൊരാളുടെ കൂടെ ആണെങ്കിൽ അങ്ങനെ… എന്നെയിനി പ്രതീക്ഷിക്കരുത്…. നിനക്ക് പണം വേണോ… ചോദിച്ചോളൂ…. ” “പണം മാത്രം മതിയോ? പണത്തിനപ്പുറം ഒന്നുമില്ലേ? എന്നും വേദനയെ വെല്ല്യമ്മ എനിക്കു തന്നിട്ടുള്ളൂ. ഒരു സ്വപ്‌നവും ജീവിതത്തിൽ കണ്ടിരുന്നില്ല. ഞാൻ അങ്ങനെ അവിടെ കഴിഞ്ഞു കൂടുമായിരുന്നു… എന്തിന് അവിടെ നിന്നും എന്നെ അടർത്തി മാറ്റി…

ഞാൻ അങ്ങനെ അവിടെ കഴിഞ്ഞേനെ… ഉപേക്ഷിച്ചു പോകാൻ ആയിരുന്നെങ്കിൽ കൂടി കൂട്ടണ്ടായിരുന്നു…” “നിന്നെ കണ്ടപ്പോൾ ഒരു താല്പര്യം തോന്നി. നിന്നെ കെട്ടാതെ നിന്നെയൊന്നു തൊടാൻ പോലും പറ്റില്ലെന്ന് സൂരജ് പറഞ്ഞപ്പോൾ അതു കൊണ്ട് മാത്രം ഒരു താലി കെട്ടി കൂടെ കൂട്ടി… നിനക്കതിൽ നഷ്ടമൊന്നും വന്നില്ലല്ലോ. നിന്റെ വെല്ല്യച്ഛന്റെ വീട്ടിലെ സൗകര്യങ്ങളേക്കാൾ എല്ലാ സൗകര്യങ്ങളും ഞാൻ നിനക്ക് തന്നിട്ടുണ്ട്. ” “ഞാനിനി എന്താ ചെയ്യേണ്ടത്? നമ്മുടെ കുഞ്ഞിനെ എന്തു ചെയ്യാണം?” വയറ്റിൽ കൈ വെച്ച് അവൾ തിരക്കി. അവൻ നിശബ്ദനായി നിന്നു… മീര അവന്റെ അരികിൽ വന്നു നിന്നു…. അതിന് ശേഷം വലതു കയ്യിൽ മുറുകെ പിടിച്ചു.

“എന്നെ എപ്പോഴെങ്കിലും സ്നേഹിച്ചിരുന്നോ? ഈ ശരീരം മാത്രമാണോ ഇഷ്ടപ്പെട്ടത്? ഒന്നു പറയൂ… ” ചോദ്യത്തോടൊപ്പം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പെട്ടെന്ന് ഹേമന്ദിന്റെ ഫോൺ റിംഗ് ചെയ്തു… അവളുടെ കൈകൾ പിടിച്ചു മാറ്റി അവൻ ഫോൺ എടുത്തു… “ഓഹ് മൈ സ്വീറ്റ് ഹാർട്ട്‌… ഐ ഗോട്ട് ബിസി.. സോറി… ഐ വിൽ കാൾ യു ലേറ്റർ… ” എന്നു പ്രണയത്തോടെ പറഞ്ഞ് അവൻ കാൾ കട്ട്‌ ചെയ്തു. ഫോൺ വന്നപ്പോൾ അവനു വന്ന മാറ്റം മീരയും ശ്രദ്ധിച്ചിരുന്നു. “ഞാൻ ഇറങ്ങട്ടെ.. എനിക്ക് കുറച്ചു തിരക്കുണ്ട്… എന്നെ വീണ്ടും ഇങ്ങോട്ട് വരുത്താൻ ഇട വരുത്തരുത്…” “ഞാനിനി തേടി വരില്ല… ബുദ്ധിമുട്ടിക്കുകയും ഇല്ല.

എനിക്കായി ഒരു രൂപ പോലും നാട്ടിലേക്ക് ഇനി അയക്കരുത്. പിന്നെ നിങ്ങളുടെ വീട്ടിലേക്ക് ഇനിയൊരു തിരിച്ചു പോക്കില്ല… പിന്നെ ഒരു ജീവിതമാർഗ്ഗം നിങ്ങൾ തന്നെ കാട്ടി തന്നില്ലേ… ഇനി പൊയ്ക്കോളൂ…” എന്നു പറഞ്ഞ് തിരിഞ്ഞു നിന്നവൾ നെറ്റി ചുമരിൽ ചേർത്തു വെച്ചു. ഹേമന്ദ് അവിടെ നിന്നും ഇറങ്ങിപ്പോയി. സന്ദീപ് അകത്തേക്ക് കയറി വരുമ്പോൾ മീരയുടെ തേങ്ങലാണ് കേട്ടത്… അവൻ ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി നിന്നു.. കുറച്ചു കഴിഞ്ഞപ്പോൾ മീര പുറത്തേക്ക് വന്നു… സന്ദീപ് എന്തോ ആലോചിച്ചു നിൽക്കുകയായിരുന്നു അപ്പോൾ… “ഞാൻ താഴേക്കു പോകാണ്… ”

അടഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞപ്പോൾ അവൻ മുഖം ഉയർത്തി നോക്കി… അവളുടെ കണ്ണുകളിലും നാസികയിലും അധരങ്ങളിലും എല്ലാം ചുവപ്പു രാശി പടർന്നിരുന്നു… അവനും വേദന തോന്നി… അവളെ ആശ്വസിപ്പിക്കാനുള്ള വാക്കുകൾ ഒന്നും പുറത്തേക്ക് വന്നില്ല. അവൻ തലയാട്ടിയപ്പോൾ അവൾ ചെറുതായൊന്നു പുഞ്ചിരിച്ചു… *** രാത്രിയിൽ ബാലുവും സന്ദീപും അകത്ത് ഇരുന്ന് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മീര അവിടേക്കു ചെന്നു… അവളുടെ മനസിന്റെ ബലക്കുറവ് ശരീരത്തിലും തോന്നിത്തുടങ്ങിയിരുന്നു. അവൾ ചുമരിൽ ചാരി നിന്ന് അവരെ നോക്കി… “അവൻ എന്തു പറഞ്ഞു മീരാ? ”

അവളെ കണ്ടതും ബാലു തിരക്കി. “എന്നെ വേണ്ടാന്ന്… ” പറയുമ്പോൾ ഒരു വിതുമ്പലോടെ വാക്കുകൾ ചിതറി പോയി… സ്വപ്ന അവളെ തന്റെ ശരീരത്തിലേക്ക് ചേർത്തു പിടിച്ചു. “എന്നെ ഏട്ടൻ സ്നേഹിച്ചില്ലായിരുന്നു ചേച്ചി… എന്റെ ശരീരം മാത്രം മതിയായിരുന്നു എന്ന്…” സ്വപ്‌നയുടെ ചുമലിൽ മുഖം പൂഴ്ത്തിക്കൊണ്ട് പറയുമ്പോൾ കണ്ണുനീർ വീണ് സ്വപ്‌നയുടെ ചുമൽ പൊള്ളിക്കൊണ്ടിരുന്നു. അവൾ മീരയുടെ പുറത്തു തലോടി കൊണ്ടിരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ മീര മുഖം ഉയർത്തി… ഷാളു കൊണ്ട് മുഖം അമർത്തി തുടച്ചു. “ഞാൻ… ഞാൻ തിരിച്ചു പോവാണ്. എന്റെ ടിക്കറ്റ്‌ ഡേറ്റ് മാറ്റിത്തരാൻ കൂടി എന്നെ സഹായിക്കണം… ” സന്ദീപും ബാലുവും പരസ്പരം മുഖത്തേക്ക് നോക്കി.

“ഹേമന്ദ് എന്തു പറഞ്ഞു?” “എല്ലാം കഴിഞ്ഞു… പോകുന്നതിനു മുൻപ് എനിക്ക് ഏട്ടനെ അവസാനമായി ഒന്നു കൂടി കാണണം എന്നുണ്ട്. ബുദ്ധിമുട്ട് ആകില്ലെങ്കിൽ അതിന് കൂടി എന്നെ സഹായിക്കണം. പിന്നെ ഞാൻ ബുദ്ധിമുട്ടിക്കില്ല.” “എല്ലാം നമുക്ക് ശരിയാക്കാം… ” ബാലു പറഞ്ഞു. സന്ദീപ് ഒന്നും പറയാതെ മുഖം കുനിച്ച് ഇരുന്നു. *** ശനിയാഴ്ചയ്ക്കായിരുന്നു മീരയുടെ ടിക്കറ്റ്‌ ഡേറ്റ് കിട്ടിയത്. കിഷോറിന്റെ സഹായത്തോടെ സന്ദീപ് ഹേമന്ദിന്റെ ഫ്ലാറ്റ് കണ്ടു പിടിച്ചിരുന്നു. നാട്ടിലേക്ക് പോകുന്നതിന്റെ തലേന്ന് സന്ദീപിന്റെ കൂടെ ഹേമന്ദിനെ കാണാൻ മീര പുറപ്പെട്ടു… കാറിൽ നിശബ്ദത മാത്രം നിറഞ്ഞു…

സന്ദീപിൽ വീർപ്പുമുട്ടൽ നിറച്ചു കൊണ്ടിരുന്നു. ഡ്രൈവ് ചെയ്യുന്നതിന് ഇടയിൽ പലപ്പോഴും അവൻ അവളെ പാളി നോക്കി കൊണ്ടിരുന്നു… മീര അതൊന്നും അറിയുന്നില്ലായിരുന്നു… പതിവിനു വിപരീതമായി അവളുടെ മുഖത്ത് ധൈര്യം നിറഞ്ഞു നിൽക്കുന്നത് അവനെ അത്ഭുതപ്പെടുത്തി… കാളിംഗ് ബെൽ അടിച്ചപ്പോൾ ഒരു യുവതി വന്നു വാതിൽ തുറന്നു… സ്കേർട്ടും സ്ലീവ്ലെസ്സ് ബനിയനുമായിരുന്നു അവർ ധരിച്ചിരുന്നത്… “ഹേമന്ദ് ഇല്ലേ? ” സന്ദീപ് തിരക്കി… “യെസ്, പ്ലീസ് കം ഇൻ.. ” ഇരുവരും അകത്തേക്ക് കടന്നു…. ഇരുവരും അകത്തേക്ക് കയറി… മനോഹരമായി ഫര്‍ണിഷ് ചെയ്തിരുന്ന ഫ്ലാറ്റ് ആയിരുന്നു അത്…

ആ യുവതി ബെഡ്റൂമിലേക്ക് പോയപ്പോൾ മീര വെറുതെ ഹാളിനു ചുറ്റും കണ്ണോടിച്ചു… നേരത്തെ കണ്ട യുവതിയും ഹേമന്ദും ചേർന്നു നിൽക്കുന്ന ചിത്രം കണ്ടതും മീരയുടെ കണ്ണുകൾ കൂർത്തു… ഹേമന്ദ് അകത്തേക്ക് വന്നു. കൂടെ അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ച് ആ യുവതിയും ഉണ്ടായിരുന്നു. മീരയേയും സന്ദീപിനെയും ഹേമന്ദ് പ്രതീക്ഷിച്ചിരുന്നില്ല… പെട്ടെന്ന് തിരിഞ്ഞു നോക്കിയ മീരയുടെ മിഴികൾ ഹേമന്ദിന്റെ മിഴികളിൽ ഉടക്കി നിന്നു… മീര പെട്ടെന്ന് പുഞ്ചിരിച്ചു… ഹേമന്ദ് അവളെ പകച്ചു നോക്കി… “ഇതൊക്കെ ആരാണ് അപ്പു? ” ഹേമന്ദിനോട്‌ യുവതി തിരക്കി… ഹേമന്ദ് ഒന്നും പറയാതെ മീരയെയും സന്ദീപിനെയും നോക്കി… “ഞങ്ങൾ ഹേമന്ദിന്റെ നാട്ടുകാരാണ്…

ഇവൾ നാളെ നാട്ടിലേക്ക് പോകും. ഈ വഴി പോകേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു. അപ്പോൾ നേരിൽ പറഞ്ഞിട്ടു പോകാം എന്നു കരുതി… ” സന്ദീപ് പറഞ്ഞു. പെട്ടെന്ന് കാളിങ് ബെൽ ശബ്ദിച്ചു. ഹേമന്ദ് ഡോർ തുറന്നതും ഒരു യുവാവ് അകത്തേക്ക് എത്തിച്ചു നോക്കി… “ഏഞ്ചൽ…” അവൻ വിളിച്ചു.. അതിനു ശേഷം പുറത്തേക്ക് നീങ്ങി നിന്നു. “അപ്പു… എനിക്ക് ഒരു പ്രോഗ്രാമുണ്ട്… പോകണം… നൈറ്റ് അങ്ങോട്ട് വരണം… ഞാൻ വെയ്റ്റ് ചെയ്യും… ” എന്നു പറഞ്ഞ് ഹേമന്ദിന്റെ കവിളിൽ അമർത്തി ചുംബിച്ച് ഇറങ്ങി പോയി. “ഇതാണോ നിങ്ങളുടെ എം.ഡി? ” ഏഞ്ചൽ ഇറങ്ങിപ്പോയതും സന്ദീപ് പുച്ഛത്തോടെ തിരക്കി. “ഹ്മ്മ്… നിങ്ങൾ എന്തിനാ വന്നത്? ” അത്ര താല്പര്യം ഇല്ലാത്ത മട്ടിൽ തിരക്കി. “നാളെ മീര തിരിച്ചു പോകും.

അതിനു മുൻപ് നിങ്ങളെ ഒന്നു കാണണം എന്നു പറഞ്ഞു. മീരാ… സംസാരിച്ചിട്ടു വരൂ… ഞാൻ പുറത്തുണ്ടാകും. ” സന്ദീപ് ഇറങ്ങി പോയതും അവൻ മീരയെ തുറിച്ചു നോക്കി… “നീ എന്തിനാ ഇങ്ങോട്ട് വന്നത്? ” “ഇവിടെ കയറി താമസിക്കാൻ വന്നതൊന്നും അല്ല…” “ഇനി നിന്റെയും മറ്റവന്റെയും കംപ്ലീറ്റ് ഡീറ്റെയിൽസ് അറിയാതെ ഏഞ്ചൽ എനിക്ക് സമാധാനം തരില്ല… ” “സമാധാനം കളയണ്ട… ആവശ്യം കഴിഞ്ഞു നിങ്ങൾ ഉപേക്ഷിച്ച ഒരു അവശിഷ്ടമാണ് ഞാൻ എന്നു പറഞ്ഞേക്ക്…” “എന്നാൽ അവിടെ തീരും ഞാൻ.. എനിക്ക് മറ്റൊരു അവകാശി ഉണ്ടായാൽ എന്നെ വെച്ചേക്കില്ല.. അങ്ങനെ ഒരാൾ ഉണ്ടാകില്ലെന്നു വാക്ക് കൊടുത്തിരുന്നു… ഞാൻ എന്നു വെച്ചാൽ ഏഞ്ചലിനു ഭ്രാന്താണ്…”

“എന്നാൽ അവരെ കെട്ടി കൂടെ കൂട്ടാമായിരുന്നില്ലേ? വെറുതെ എന്തിനാ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്.. എന്നെ തെരുവിലേക്ക് ഇറക്കാനോ? ” “നീ എങ്ങോട്ടും ഇറങ്ങേണ്ട. നിനക്ക് ആവശ്യമുള്ള പണം ഞാൻ എത്തിക്കും… ” “എനിക്ക് ഇന്നാണ് നിങ്ങളെ പൂർണ്ണമായും മനസ്സിലായത്. എന്നെ നിങ്ങൾ പണം എറിഞ്ഞു സ്വന്തമാക്കിയ പോലെ അവർ നിങ്ങളെ സ്വന്തമാക്കി. ഒരു വ്യത്യാസം മാത്രം നിങ്ങൾ എന്റെ കഴുത്തിൽ ഒരു കുരുക്ക് ഇട്ടിരുന്നു… നിങ്ങളുടെ കഴുത്തിലും ഒരു കുരുക്ക് ഇടാൻ അവരോട് പറയൂ.. ഇനിയൊരു പെണ്ണും നിങ്ങൾ കാരണം കണ്ണീർ കുടിക്കാതെ ഇരിക്കട്ടെ… ” ഹേമന്ദിൽ നിന്നും മറുപടിയൊന്നും ഉണ്ടായില്ല. “ഞാൻ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് അറിയുമോ? ”

“ഞാനും നിന്നെ സ്നേഹിച്ചിട്ടില്ലേ?” “ഉണ്ട്.. ഇവിടെ വന്നപ്പോൾ അതു കൂടുതൽ ബോധ്യമാവുകയും ചെയ്തു… പിന്നെ കൂട്ടുകാരനോട്‌ പറഞ്ഞേക്ക് അവന്റെ കാൽ ചുവട്ടിൽ വന്നു കിടക്കാൻ എന്നെ കിട്ടില്ലെന്ന്… അങ്ങനെ ഒരു ഗതികേട് വന്നാൽ അതിന് മുൻപ് എല്ലാം അവസാനിപ്പിക്കാൻ എനിക്ക് അറിയാമെന്ന്..” അവൾ ഹാൻഡ് ബാഗ് തുറന്നു… അവൻ ഒപ്പിട്ടു വെച്ച ഡിവോഴ്സ് പേപ്പർ എടുത്തു… അതിനു ശേഷം അവന്റെ മുൻപിൽ വെച്ചു തന്നെ അതിൽ ഒപ്പിട്ടു… അവളുടെ കണ്ണുനീർ അതിലേക്ക് ഇറ്റി വീണു… പേപ്പർ അവൾ തിരിച്ചു ബാഗിൽ തന്നെ വെച്ചു. “ഇനി ഒന്നു കൂടിയുണ്ട്…” “ഇനിയെന്താ? ” “എന്റെ കഴുത്തിൽ കിടക്കുന്ന താലി… നിങ്ങൾ തന്നെ ഇത് അഴിച്ചെടുക്കുമോ? ”

അവൻ മറുപടിയൊന്നും പറഞ്ഞില്ല. തൊട്ടടുത്ത നിമിഷം മാല വലിച്ചു പൊട്ടിച്ച് അവന്റെ മുഖത്തേക്ക് എറിഞ്ഞു. ഹേമന്ദ് തറഞ്ഞു നിന്നു. അവൾ ഡോർ തുറന്ന് പുറത്തേക്ക് പോയി… അവളെ കണ്ടതും സന്ദീപ് വേഗം കൂടെ ചെന്നു… കാറിൽ കയറിയ ശേഷം പൊട്ടിക്കരയുന്ന മീരയെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ സന്ദീപ് ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു. സന്ദീപ് കാർ നിർത്തുമ്പോഴും അവളുടെ കണ്ണുനീർ നിലച്ചിരുന്നില്ല… “മീരാ… ” സന്ദീപ് ആർദ്രമായി വിളിച്ചതും അവൾ മുഖം ഉയർത്തി അവനെ നോക്കി… പിന്നെ ഒന്നും പറയാതെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി… പതിയെ കോണിപ്പടികൾ കയറുമ്പോഴേക്കും സന്ദീപ് അവളുടെ തൊട്ട് പുറകിൽ എത്തിയിരുന്നു…

മീര വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. ഡോറിൽ മുട്ടി ചുമരിനു അരികിലേക്ക് ചാഞ്ഞു നിന്നു… മോനെ തോളിലിട്ട് ഉറക്കുകയായിരുന്ന സ്വപ്‌ന വന്നു വാതിൽ തുറന്നു. മീര ഒന്നും പറയാതെ അകത്തേക്ക് കടന്നു. മുറിയിലേക്ക് കടന്നതും വാതിൽ അടച്ച് സോഫയിൽ കിടന്നു… സ്വപ്ന സന്ദീപിനെ നോക്കി… അവന്റെ മുഖത്ത് മ്ലാനത നിറഞ്ഞിരുന്നു… ഇരുവരും ഒന്നും സംസാരിച്ചില്ല… സന്ദീപ് അവന്റെ ഫ്ലാറ്റിലേക്ക് പോയി… ഉച്ചയ്ക്ക് സ്വപ്ന ഏറെ നേരം വാതിലിൽ മുട്ടിയപ്പോഴാണ് മീര വന്നു വാതിൽ തുറന്നത്… “എത്ര നേരമായി മോളെ നിന്നെ വിളിക്കുന്നു… പേടിപ്പിച്ചു കളഞ്ഞല്ലോ… ” “സോറി ചേച്ചി…

താലി മാല വലിച്ചു പൊട്ടിച്ച് ഏട്ടനു നേർക്ക് എറിഞ്ഞു കളഞ്ഞപ്പോൾ എന്റെ കുഞ്ഞിന് അച്ഛനിൽ നിന്നും കിട്ടേണ്ട സ്നേഹവും കരുതലും പരിഗണനയും എല്ലാം നഷ്ടമാക്കുകയല്ലേ ചെയ്തത്. ഓരോന്നു ഓർക്കും തോറും ശ്വാസം പോലും വിലങ്ങുകയാണ്.” “ഒന്നും ഓർക്കേണ്ട. വന്നിരുന്ന് ഭക്ഷണം കഴിക്കാൻ നോക്ക്.” മീര വന്നിരുന്നു… കുറച്ച് ചോറ് നുള്ളിപ്പെറുക്കി കഴിച്ചു. തിരികെ വീണ്ടും മുറിയിലേക്ക് പോയി. ബാഗ് എല്ലാം ഒതുക്കി വെക്കുകയായിരുന്ന മീരയെ സ്വപ്ന വാതിൽക്കൽ നിന്ന് നോക്കി… “നിനക്ക് പോകണോ?” സ്വപ്‌നയുടെ ചോദ്യം കേട്ട് അവൾ തിരിഞ്ഞു നോക്കി…

അവൾ നോക്കുന്നതു കണ്ടപ്പോൾ സ്വപ്‌ന മുറിയിലേക്ക് കടന്നു… “നിനക്ക് ഇവിടെ നിന്നൂടെ?” “വേണ്ട ചേച്ചി. ഞാൻ വന്ന കാര്യം കഴിഞ്ഞല്ലോ. ഇനി ഈ നാട്ടിൽ നിന്നിട്ട് വീണ്ടും എല്ലാവരെയും ബുദ്ധിമുട്ടിക്കുക എന്നല്ലാതെ വേറൊരു ഗുണവും ഇല്ല.” “നീ എവിടേക്ക് പോകും?” “അതൊന്നും ഓർത്തു ചേച്ചി വിഷമിക്കണ്ട.” “എന്നാലും? ” “ഞാൻ ഫോൺ വിളിക്കാം ചേച്ചി… അപ്പോൾ പറയാം എവിടെയാണ് താമസമെന്ന്.” സ്വപ്ന അവളെ അലിവോടെ നോക്കി. രാത്രിയിൽ സന്ദീപും അങ്ങോട്ട് വന്നിരുന്നു. മീരയെ ഇവിടെ താമസിപ്പിക്കാൻ ബാലുവിന് താല്പര്യം ഇല്ലായിരുന്നെങ്കിലും അവൾ പോകുന്നത് ഓർത്തപ്പോൾ വീട്ടിലെ ആരോ അകന്നു പോകുന്നത് പോലെ ബാലുവിനും അനുഭവപ്പെട്ടു…

സന്ദീപിന്റെ മുഖത്തെ ഉത്സാഹവും നഷ്ടപ്പെട്ടിരുന്നു… തൊട്ട് മുൻപിൽ ആരോ നിൽക്കുന്നത് പോലെ തോന്നിയപ്പോൾ സന്ദീപ് മുഖം ഉയർത്തി നോക്കി… മീര അവനെ നോക്കി പുഞ്ചിരിച്ചു. പിന്നെ കയ്യിൽ ഇരുന്ന പണം അവനു നേർക്ക് നീട്ടി. “ഇതെന്താ? ” “നിങ്ങൾ എല്ലാം എനിക്ക് വേണ്ടി ചെയ്ത സഹായത്തിനുള്ള കടപ്പാട് പണം തന്നു തീർക്കാൻ കഴിയില്ലെന്ന് എനിക്കറിയാം. അത്രയ്ക്ക് എന്നെ സഹായിച്ചിട്ടുണ്ട്. ഈ പൈസ എനിക്കിനി എന്തിനാ… എയർപോർട്ടിൽ നിന്നും എക്സ്ചേഞ്ച് ചെയ്തതായിരുന്നു.. എല്ലാവരെയും ഒരുപാട് ബുദ്ധിമുട്ടിച്ചതല്ലേ. ഇതെങ്കിലും തന്നില്ലെങ്കിൽ എനിക്ക് സമാധാനം കിട്ടില്ല… ”

“അതിന്? ” “ഇതു സ്വീകരിക്കണം…” “ബുദ്ധിമുട്ടാണ്…” അവൻ ഗൗരവത്തിൽ പറഞ്ഞു… “നീ അതെടുത്തു വെക്ക് മീരാ… അവൻ നിന്റെ കൂടെ ഓരോ കാര്യത്തിന് വന്നിരുന്നത് അതിനെല്ലാം കണക്കു കൂട്ടി പ്രതിഫലം കിട്ടും എന്നും വിചാരിച്ചിട്ടല്ല…” ബാലു പറഞ്ഞു… മീര സന്ദീപിനെ നോക്കി. അവന്റെ മുഖത്തെ നീരസം കണ്ടപ്പോൾ ആ ഉദ്യമത്തിൽ നിന്നും പിന്മാറി. ഭക്ഷണശേഷം തിരികെ ഫ്ലാറ്റിലേക്ക് പോകുമ്പോൾ സന്ദീപ് മീരയോട് ഒന്നും സംസാരിച്ചില്ല… അവൾക്ക് സങ്കടം തോന്നി… “നീ അങ്ങനെ ചെയ്യണ്ടായിരുന്നു മീരാ… ഇങ്ങനെ പണം നൽകി കടം വീട്ടാൻ ഞങ്ങളെ അന്യരായിട്ടാണോ നീ കണ്ടിരുന്നത്? ” സ്വപ്ന തിരക്കി . “ചേച്ചി… ഞാൻ അങ്ങനെയൊന്നും വിചാരിച്ചല്ല… ”

“നാളെ കാണുമ്പോൾ തന്നെ ഒരു സോറി പറഞ്ഞേക്ക്… എന്തിനാ വെറുതെ ഒരു പിണക്കം… ” “ഞാൻ സോറി പറഞ്ഞോളാം ചേച്ചി… ” “എന്നാൽ പോയി കിടന്നോ… ” മീരയുടെ കവിളിൽ തലോടി കൊണ്ട് സ്വപ്‌ന പറഞ്ഞു. *** ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടപ്പോൾ ബാലു ചെന്ന് വാതിൽ തുറന്നു. ഹേമന്ദ് അവിടെ നിൽക്കുന്നുണ്ടായിരുന്നു… അവൻ മദ്യപിച്ചിട്ടാണ് വന്നിരിക്കുന്നതെന്ന് ബാലുവിന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. “മീരാ… ” ഹേമന്ദ് അവിടെ നിന്ന് ഉറക്കെ വിളിച്ചു. ബാലു അവനെ തുറിച്ചു നോക്കി… “അവൾ എവിടെ…. എനിക്ക് കാണണം… സംസാരിക്കണം…” “ഈ കോലത്തിൽ അവളെ കാണാൻ പറ്റില്ല. നാളെ രാവിലെ വരൂ…”

“അതു പറയാൻ നീ ആരാ? ” “ഞാൻ ബാലു… വെറുതെ അസ്സമയത്ത് വീട്ടിൽ കയറി വന്ന് പ്രശ്നം ഉണ്ടാക്കാൻ നിൽക്കരുത്.. ” ബാലു താക്കീതോടെ പറഞ്ഞു… പുറത്തെ ശബ്ദം കേട്ട് മീര വാതിൽ തുറന്നതും ബാലുവിന്റെ കൈ തട്ടി മാറ്റി ഹേമന്ദ് അകത്തേക്ക് കടന്നതും ഒരുമിച്ചായിരുന്നു. ഇരുവരും കണ്ടു… മീര വേഗം തിരികെ മുറിയിലേക്ക് കടന്ന് വാതിൽ അടച്ചു. ഹേമന്ദ് പാഞ്ഞു വന്ന് ഡോറിൽ ഉറക്കെ തട്ടി ശബ്ദമുണ്ടാക്കി… “മീരാ…” അവൻ ഉറക്കെ വിളിച്ചു… അവൾ മിഴികൾ ഇറുക്കിയടച്ച് വാതിലിൽ ചാരി നിന്നു… ഇരു കൈകൾ കൊണ്ടും വയറിനു മീതെ പൊതിഞ്ഞു പിടിച്ചു. “ഹേയ് മിസ്റ്റർ…

അകത്തെന്റെ കുഞ്ഞ് കിടന്നുറങ്ങുന്നുണ്ട്. വെറുതെ ബഹളം വെക്കാൻ നിൽക്കരുത്.” അപ്പോഴേക്കും സ്വപ്‌ന വിളിച്ചതനുസരിച്ച് സന്ദീപ് അങ്ങോട്ട് ഓടിയെത്തി. “എന്താ… എന്താ ഇവിടെ പ്രശ്നം? ” സന്ദീപ് വാതിൽക്കൽ നിന്നും ഉറക്കെ തിരക്കിയതും ഹേമന്ദ് തിരിഞ്ഞു നോക്കി… പിന്നെ ഇടറുന്ന കാലടികളോടെ അവന്റെ അരികിലേക്ക് ചെന്നു. “സോറി… രാത്രി വന്ന് എല്ലാവർക്കും അസൗകര്യം ഉണ്ടാക്കിയതിന് റിയലി സോറി…. എനിക്ക് അവളോട്‌ പറയണം… കുറച്ചു നേരം പഴയപോലെ അവളുടെ അടുത്തിരുന്ന് സംസാരിക്കണം…” “എന്തു സംസാരിക്കണമെന്ന്?’ “ജീവിതത്തിൽ എന്നും പ്രാരാബ്ധമായിരുന്നു. ഇവിടെ വന്നിട്ടും കുറേ കഷ്ടപ്പെട്ടു. എന്റെ വീട്ടുകാർക്ക് വേണ്ടി എല്ലാം സഹിച്ചു…

ഏഞ്ചലിനു എന്നോട് തോന്നിയ താല്പര്യം അതു കൊണ്ട് തന്നെയാണ് അവർ എന്നെ കൈപ്പിടിച്ച് ഉയർത്തിയത്… അതൊന്നും നിരാകരിക്കാൻ എനിക്ക് തോന്നിയില്ല… ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത് അവളോടൊപ്പം ജീവിക്കണം എന്ന ആഗ്രഹം ബലി കൊടുത്ത് ഏഞ്ചലിനോടൊപ്പം നിന്നത് കൊണ്ട് എന്റെ കുടുംബം രക്ഷപ്പെട്ടു… കൂലിപ്പണിക്കു പോയിരുന്ന അമ്മ…. അസുഖ ബാധിതനായ അച്ഛൻ കെട്ടിക്കാൻ പ്രായമായ രണ്ടു സഹോദരിമാർ അതു മാത്രമായിരുന്നു അന്നെന്റെ സമ്പാദ്യം. ഇപ്പോൾ എന്റെ കുടുംബം രക്ഷപെട്ടു… സഹോദരിമാർ വിവാഹം കഴിഞ്ഞ് സുഖമായി ജീവിക്കുന്നു…

അച്ഛനും അമ്മയും സുഖമായി കഴിയുന്നു… മീരയെ കണ്ടപ്പോൾ ഞാൻ ആഗ്രഹിച്ചിരുന്ന ജീവിതം കുറച്ചു നാൾ എങ്കിലും ജീവിച്ചു തീർക്കാൻ ഒരു മോഹം… ഒരു സ്വാർത്ഥതയൊക്കെ തോന്നി… അവളെക്കുറിച്ച് സൂരജിൽ നിന്നും അറിഞ്ഞ വിവരങ്ങൾ വെച്ച് ഈ വിവാഹം നടത്തും എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു.. ഞാൻ ഉപേക്ഷിച്ചു പോന്നാലും അവൾക്ക് വേണ്ടി എന്നെ തിരഞ്ഞ് ആരും ഇങ്ങോട്ട് വരില്ല എന്ന എന്റെ ആത്മവിശ്വാസം തകർത്തു കൊണ്ടാണ് മീര ഇങ്ങോട്ട് വന്നത്… ഞാനുമായി ഒരു വിവാഹത്തിന് ഏഞ്ചൽ ഒരുക്കമല്ല… മറ്റൊരു വിവാഹം കഴിക്കില്ല എന്നു ഞാൻ അവർക്ക് നൽകിയ വാക്ക് ഞാൻ തെറ്റിച്ചു പോയി… മീരയോടൊപ്പം ആഗ്രഹിച്ച ജീവിതം ജീവിച്ചു തീർത്തു…

ഇങ്ങോട്ട് മടങ്ങി വരാനുള്ള സന്ദേശവുമായി സൂരജ് എത്തുമ്പോഴേക്കും ഞാൻ മീരയെ ഇഷ്ടപ്പെട്ടിരുന്നു… അവളെ വേദനിപ്പിച്ച് അകറ്റി നിർത്താൻ നോക്കി.. അവളെ കൂടുതൽ സങ്കടപ്പെടുത്താൻ കഴിയാത്തതു കൊണ്ടാണ് വേഗം മടങ്ങി പോന്നത്… ” “നിങ്ങൾക്ക് നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാക്കിയാൽ മതിയായിരുന്നു… ഒരു പാവം പെണ്ണ്… വയറ്റിൽ ഒരു കുഞ്ഞിനെയും പേറി നിങ്ങളെ കാണാൻ ഇങ്ങോട്ട് തനിയെ വരണമെങ്കിൽ അവൾ നിങ്ങളെ എത്ര സ്നേഹിച്ചിരിക്കണം… എന്നിട്ടോ നിങ്ങൾ അവളെ ആട്ടിയോടിച്ചു… നിങ്ങളുടെ മറ്റവൾ അവളുടെ മുൻപിൽ വെച്ച് നിങ്ങളെ ചുംബിച്ചപ്പോൾ അവൾക്കുണ്ടായ സങ്കടം…

വീർപ്പുമുട്ടൽ അതെന്തെങ്കിലും തനിക്ക് അറിയുമോ? എന്നിട്ട് ഇവിടെ വലിയ പുണ്യാളനായി വന്നു സംസാരിക്കാൻ നിൽക്കരുത്… അല്ലെങ്കിൽ അവളെ കൂട്ടി കൊണ്ടു പോടോ…” സന്ദീപ് ദേഷ്യത്തോടെ പറഞ്ഞു… “ഏഞ്ചൽ… അവളെ വെറുപ്പിക്കാൻ എനിക്ക് പറ്റില്ല…” “പറ്റില്ലേൽ അവരെ കെട്ടിപ്പിടിച്ച് അവിടെ ഇരുന്നോണം…” “എനിക്ക് അവളെ ഇനിയും സ്വീകരിക്കാൻ പറ്റില്ല… ഒരു സോറി പറയണം എന്നുണ്ടായിരുന്നു… ” സന്ദീപിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി… “ഒരു പെണ്ണിന്റെ ജീവിതത്തിൽ കണ്ണുനീർ വീഴ്ത്തി തുലച്ചു കളഞ്ഞിട്ടാണോടാ നിന്റെ കോപ്പിലെ സോറി… അവൾ എത്ര വേദനിക്കുന്നുണ്ടെന്ന് അറിയുമോ? ” എന്നു പറഞ്ഞ് ഹേമന്ദിന്റെ കവിളിൽ തന്നെ ഒന്നു പൊട്ടിച്ചു…

കരണം പുകഞ്ഞതും ഹേമന്ദിനു ദേഷ്യം വന്നു… “അവൾക്ക് വേദനിച്ചാൽ നിനക്ക് പൊള്ളുന്നത് എന്തിനാ…” എന്നു ചോദിച്ചു കൊണ്ടു സന്ദീപിന്റെ കോളറിൽ പിടിച്ചു.. ബാലു വേഗം ഇരുവരെയും പിടിച്ചു മാറ്റി… “നിങ്ങൾ ഇവിടെ നിന്നും ഇപ്പോൾ ഇറങ്ങിപ്പോകണം… ” ബാലു ഹേമന്ദിനോട് പറഞ്ഞു. അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് ഒന്നു കൂടി നോക്കി ഹേമന്ദ് ഇറങ്ങിപ്പോയി… വാതിലിൽ ചാരി നിലത്തേക്ക് ഊർന്നിരുന്നു മീര… മിഴികൾ തോരാൻ മടിച്ചു കൊണ്ടിരുന്നു. ** എല്ലാവരോടും യാത്ര പറഞ്ഞ് ഫ്ലാറ്റിൽ നിന്നും ഇറങ്ങുമ്പോൾ മീര കരയാതിരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു… സ്വപ്‌നയുടെ തോളിൽ മുഖം പൂഴ്ത്തി വിതുമ്പൽ അടക്കിപ്പിടിച്ചു… പൊന്നൂസിന്റെ കവിളിൽ ചുംബിച്ചു…

ബാലുവിനെ നന്ദിപൂർവ്വം നോക്കി… അവരോടു യാത്ര പറഞ്ഞശേഷം അജിത്തിനും സന്ദീപിനുമൊപ്പം കാറിൽ എയർപോർട്ടിലേക്ക് യാത്ര തിരിച്ചു. എയർപോർട്ടിൽ ചെന്ന് ഇറങ്ങിയപ്പോൾ മീര നനഞ്ഞ കണ്ണുകളാൽ അവനെ നോക്കി പുഞ്ചിരിച്ചു… ഒരു യാത്ര പറച്ചിൽ അവളിൽ നിന്നും കേൾക്കാൻ അവൻ ആഗ്രഹിച്ചിരുന്നില്ല… പോക്കറ്റിൽ നിന്നും അവന്റെ വിസിറ്റിംഗ് കാർഡ് എടുത്ത് അവളുടെ നേർക്ക് നീട്ടി… “എന്തെങ്കിലും ആവശ്യം വന്നാൽ മടിക്കേണ്ട… വിളിക്കണം…” കാർഡ് വാങ്ങുമ്പോൾ അവൾ തലയാട്ടി…

അവൻ തിരിഞ്ഞു നടന്നു പോയപ്പോൾ കയ്യിലെ കാർഡ് മടക്കി നിലത്തേക്കിട്ട് അവളും തിരിഞ്ഞു നടന്നു. വെയ്റ്റിംഗ് ഹാളിൽ ഇരിക്കുമ്പോൾ ഇനി എന്തിനു ജീവിക്കണം… എന്ന ചിന്ത അവളിൽ വേരൂന്നി കൊണ്ടിരുന്നു… നെടുമ്പാശ്ശേരിയിൽ എത്തിയതും പുറത്തേക്ക് ഇറങ്ങിയതും എല്ലാം ഒരു സ്വപ്‌നത്തിൽ എന്ന പോലെ കഴിഞ്ഞു… ഇനി എവിടേക്ക് പോകും എന്ന ചിന്തയിൽ മുന്നോട്ട് നടക്കുമ്പോൾ പെട്ടെന്നൊരു പിൻവിളി… “മീരാ… ” അവൾ തിരിഞ്ഞു നോക്കി… കണ്ണുകൾ വിടർന്നു……തുടരും..

സമാഗമം: ഭാഗം 5

Share this story