വാക…🍁🍁 : ഭാഗം 5

വാക…🍁🍁 : ഭാഗം 5

എഴുത്തുകാരി: നിരഞ്ജന R.N

ആരൊക്കെയോ കൊണ്ടുവരുന്ന ഫയലുകളിൽ ഒപ്പിട്ട് കൊടുക്കുന്നു എന്നല്ലാതെ അവന്റെ മനസ്സ് ഓഫീസിലായിരുന്നില്ല…… തന്റെ പെണ്ണിന്റെ മിഴികൾ നിറയുന്ന ഓരോ നിമിഷവും അവളെക്കാളേറെ ആ ഹൃദയം അലമുറയിടുന്നുണ്ട്…… ഒന്ന് ചേർത്ത് പിടിക്കാനോ നെറുകയിൽ ചുണ്ട് ചേർക്കാനോ ആഗ്രഹമില്ലാഞ്ഞാട്ടല്ല… അണിഞ്ഞിരിക്കുന്ന വേഷം അഴിഞ്ഞുവീഴും മുൻപ് അവളെ തന്നിൽ നിന്നകറ്റണമെന്ന ചിന്തയിൽ സ്വന്തം മനസ്സിനെ പോലും അവൻ കല്ലാക്കി………… ഡോക്ടർ ലാവണ്യ തന്റെ അടുത്ത കൂട്ടുകാരന്റെ ഭാര്യ കൂടിയായതുകൊണ്ടാകാം മറ്റൊരിടത്തേക്കും പോകാതെ അവൾക്കരികിലേക്ക് തന്നെ പോയത്……….

തുടക്കത്തിൽ തോന്നിയ ഒരു സംശയം പിന്നീട് ഒരു മെഡിക്കൽ റിപ്പോർട്ടായി കൈയിൽ കിട്ടിയ ദിവസത്തിലേക്ക് അവന്റെ ഓർമ്മകൾ സഞ്ചരിച്ചു…… സ്വർഗ്ഗപൂർണ്ണമായ തന്റെ ജീവിതത്തിന്റെ അന്ത്യം കാണാനായി ആരുടേയും ക്ഷണമില്ലാതെ വിരുന്നെത്തിയ റിപ്പോർട്ട്‌…. !!! ഓർക്കുംതോറും ആ സിരകളിൽ ഭ്രാന്തിന്റെ മഷി പടർന്നു…… ഇനിയും ഇവിടെ തുടർന്നാൽ ഒരു ഭ്രാന്തനായി താൻ മാറുമോ എന്ന ആധിയിൽ ഹാഫ് ഡേ ലീവെടുത്ത് അവൻ അവിടുന്നിറങ്ങി… തിരികെ വീട്ടിലേക്ക് പോകാൻ മനസ്സ് തയ്യാറാകാത്തതുകൊണ്ടാകാം ബീച്ച്സൈഡിലെ വാകയുടെ വീട്ടിലേക്ക് പോകാമെന്നവൻ കരുതിയത്……… യാത്രകൾ എന്നും അവന്റെ ലഹരിയായിരുന്നു…………

ഒറ്റയ്ക്ക് പോയ യാത്രയിലെപ്പോഴോ കൂട്ടായ് അവളും ചേർന്നു…,, പാതിവഴിയിൽ വഴിപിരിയേണ്ടവരാണെന്നറിയാതെ ആ യാത്ര അവൻ ആസ്വദിച്ചു………. ചെറുതെന്നൽ മന്ദമാരുതന്റെ കൂട്ടോടെ അവന്റെ മുഖത്തേക്ക് ചിതറിവീണുകൊണ്ടിരുന്നു………. കൗതുകവും കുസൃതിയും മാത്രം നിറഞ്ഞ അവളുടെ ഓർമകളിലേക്ക് മെല്ലെ മെല്ലെ ആ മനസ്സ് പാഞ്ഞു, ഒരു തെല്ല് ആശ്വാസത്തിനെന്നപോലെ…………… ഋതുഭേദങ്ങൾ പോയിമറഞ്ഞുകൊണ്ടിരുന്നു, ഇന്റെർണൽ എക്സാമിന് ശേഷം യൂണിവേഴ്സിറ്റി എക്സാമും മുറപോലെ വന്നുപോയി ……….. അപ്പോഴൊക്കെ അവർ പോലുമറിയാതെ യാദൃശ്ചികമെന്നോണം പരസ്പരം വാകയും സഖാവും തമ്മിൽ കണ്ടു, സംസാരിച്ചു…

അപ്പോഴൊക്കെ അവർക്ക് പിന്നിലായി അവനുമുണ്ടായിരുന്നു ജയേഷ്……. ! ചെയർമാൻ ആയുഷ് മേനോനെ പോലെ തന്നെ എംഎൽ എ യുടെ മകൻ ജയേഷിനും കോളേജിൽ ആരാധികമാർക്ക് കുറവൊന്നുമില്ലായിരുന്നു………………. സ്വഭാവം വില്ലന്റെയാണെങ്കിലും അലസമായി കിടക്കുന്ന ചെമ്പൻമുടിയും ട്രിം ചെയ്ത താടിയും ആരെയും മയക്കുന്ന പുഞ്ചിരിയ്ക്കും പുറമെ എന്തോ ക്രാന്തശക്തിയുള്ള ആ വെള്ളാരം കണ്ണുകളും പെൺകുട്ടികളുടെ മനസ്സിൽ അവനെ പ്രതിഷ്ഠിതമാക്കി…… ഡിയർ സ്റ്റുഡന്റസ്, നാളെ നമ്മുടെ യൂണിവേഴ്സിറ്റി ഇലക്ഷന് നോമിനേഷൻ കൊടുക്കുന്ന ഡേ ആണ്……… സെക്കന്റ്‌ യേർസ്നും ഫൈനൽ യേർസ് നും അറിയാമായിരിക്കുമല്ലോ ഇലക്ഷൻ റൂൾസ്……….

ഫസ്റ്റ് യേർസ്ന് വേണ്ടി ഒരിക്കൽ കൂടി അനൗൺസ് ചെയ്യുകയാണ്… നാളെ രാവിലേ 11.00മണി വരെ നോമിനേഷൻ നൽകാം….. ശേഷം 11.30വരെ സ്ക്രൂട്ടണി ടൈം ആണ്………. നാമനിർദേശകപത്രികയിൽ എന്തെങ്കിലും അപാകതകൾ ഉണ്ടായാൽ സ്‌ക്രൂട്ടണി ടൈമിൽ അത്‌ തള്ളപ്പെടും സൊ, നോമിനേഷൻ നൽകുന്നവർ ശ്രദ്ധയോടെ ഫോം ഫിൽ ചെയ്യുക………. മൈക്കിൽ നിന്നുകേട്ട അനൗൺസ്മെന്റ് വാകയിൽ പ്രത്യക്ഷമാറ്റങ്ങളൊന്നും വരുത്തിയില്ലെങ്കിലും ഉള്ളിനുള്ളിൽ ആ കാപ്പികണ്ണ്കാരനെ അവൾ തേടുകയായിരുന്നു….. പ്രണയമെന്നോ സൗഹൃദമെന്നോ പേരിടാൻ കഴിയാത്ത ബന്ധമായി സഖാവ് അവളിൽ ഇടം നേടികഴിഞ്ഞിരിക്കുന്നു……..

ചെറിയ പനിയുടെ ലക്ഷണമുള്ളതുകൊണ്ട് സിക്ക്റൂമിൽ കിച്ചുവിനെ കിടത്തി, തിരികെ ക്ലാസ്സിലേക്ക് പോകും വഴിയാണ് തനിക്ക് ഒപോസിറ്റ് വരുന്ന ജയേഷിനെ അവൾ കാണുന്നത്…. വന്ന നാളിൽ ഉണ്ടായ ചെറിയൊരു തർക്കമൊഴിച്ചാൽ ജയേഷുമായും വാക നല്ല കൂട്ടായിരുന്നു, അതിനുള്ള കാരണമൊരുപക്ഷേ സഖാവിന്റെ രാഷ്ട്രീയത്തോടുള്ള അവളുടെ എതിർപ്പാകാം….. എങ്കിലും ചില സമയത്തെ അവന്റെയും കൂട്ടുകാരുടെയും അർത്ഥം വെച്ചുള്ള സംസാരവും ചേഷ്ടകളും അവൾക്ക് വല്ലാത്ത അസ്വസ്ഥതയാണ്.. അപ്പോഴൊക്കെ അവൾ പ്രതികരിക്കുകയും ചെയ്യും….

പുഞ്ചിരിനൽകി അവനെ മറികടന്നുപോയ വാകയുടെ കൈകളിൽ അധികാരത്തോടെ അവന്റെ കൈ വീണതും ഞെട്ടിപിടഞ്ഞവൾ അവനെ നോക്കി…… കൈവിട്……. ഇല്ലല്ലോ…… കൈവിടാനാ പറഞ്ഞത്…………. അവളുടെ ശബ്ദം അല്പമൊന്നുയർന്നു…… എന്റെ വാകേ ഞാൻ ചുമ്മാ ഒരു തമാശയ്ക്കായ്…………… അല്പമൊന്ന് പതറിയെങ്കിലും പുറമെ പ്രകടിപ്പിക്കാതെ അവൻ തന്റെ കൈ പിൻവലിച്ചു……………. തമാശ ആണെങ്കിലും അല്ലെങ്കിലും എന്റെ അനുവാദമില്ലാതെ എന്റെ ശരീരത്തിൽ സ്പർശിക്കുന്നത് എനിക്കിഷ്ടമല്ല…………… ദേഷ്യം ഇരച്ചെത്തിയ മുഖഭാവത്തോടെ തന്നെ അത്രയും പറഞ്ഞുകൊണ്ടവൾ മുഖം തിരിച്ചു നടന്നു……

വീണ്ടും നീ ശശി ആയല്ലോ അളിയാ….. നമ്മൾ കണ്ടിട്ടുള്ള പെൺകുട്ടികളെ പോലെയല്ല അവള്… ഒരെല്ല് കൂടുതലാ….. പിന്നിൽ നിന്നും അവന്റെ സിരയെ കൂട്ടുകാർ ചൂട്പിടിപ്പിച്ചപോൾ ആ കണ്ണുകൾ തന്റെ കാഴ്ചയിൽ നിന്ന് മറഞ്ഞ ആ പെണ്ണിലേക്ക് നീണ്ടു…… ചെഞ്ചുവപ്പിന്റെ രാശി മെല്ലെ ആ വെള്ളാരം കണ്ണുകളിലേക്ക് പടർന്നു………. ദേഷ്യത്തോടെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് കോളേജിന്റെ ഇടനാഴിയിലൂടെ നടന്നവൾ തനിക്ക് നേരെ വരുന്ന ആയുഷിനെ കണ്ടിരുന്നില്ല………… ആ മാറിൽ തട്ടിനിൽകുമ്പോൾ മാത്രമാണ് ആ കണ്ണുകൾ അവനിലുടക്കിയത്… എന്താടോ ഇവിടെയൊന്നുമല്ലെന്ന് തോന്നുന്നല്ലോ………

തന്നിൽ നിന്ന് വെപ്രാളത്തോടെ പിന്നിലേക്ക് നീങ്ങിയ പെണ്ണിനോടായ് സൗമ്യതയോടെ അവൻ ചോദിച്ചു…. ഏയ്, ഒന്നുമില്ല.. ഞാൻ ഓരോന്നൊക്കെ………. എന്തുകൊണ്ടോ ജയേഷിന്റെ കാര്യം പറയാൻ അവൾക്ക് തോന്നിയില്ല….. എവിടെ വിക്രമാദിത്യന്റെ കൂടെയുള്ള വേതാളം?????? പെട്ടെന്നുള്ള അവന്റെ ആ ചോദ്യം അവൾക്ക് മനസ്സിലായില്ല…….. അത്‌ ആ നോട്ടത്തിലൂടെ അവന് മനസ്സിലായി….. തന്റെ കൂട്ടുകാരി എവിടെയെന്ന്?? രണ്ടും എപ്പോഴും ഒന്നിച്ചല്ലേ, അതാ അങ്ങെനെ……. അവ്യക്തത വ്യക്തമായതും ആ അധരങ്ങൾ ചെറു പുഞ്ചിരി മൊഴിഞ്ഞു…. അവൾക്ക് നല്ല സുഖമില്ല, സിക്ക് റൂമിലാണ്…

അവളില്ലാത്തതുകൊണ്ട് ക്ലാസ്സിൽ കയറാൻ എനിക്കും തോന്നിയില്ല………… ആണോ… ആളെ തിരക്കി എന്ന് പറഞ്ഞേക്ക്…..എങ്കിൽ സഖാവ് നടന്നോ.. ഞാൻ അല്പം തിരക്കിലാണ്…………… കൂടെ നിന്നവർ എന്തൊക്കെയോ പറഞ്ഞതും കുറച്ച് വെപ്രാളം പ്രകടിപ്പിച്ചുകൊണ്ട് അവൻ പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു….. ഞാൻ സഖാവൊന്നുമല്ല…… !!! അവൻ പോകുന്ന വഴിയേ ഉറക്കെ അവൾ വിളിച്ചുപറഞ്ഞു………. പക്ഷെ അതിന് പിന്തിരിഞ്ഞുള്ള ഒരു നോട്ടം മാത്രമായിരുന്നു അവന്റെ മറുപടി……………………..

ലക്ഷ്യമില്ലാതെയുള്ള ആ നടത്തം ലൈബ്രററി റൂമിന്റെ മുൻപിൽ ചെന്ന് നിന്നു….. സമയം പോകാൻ വായന തന്നെ നല്ലത് എന്ന് തോന്നിയതുകൊണ്ടാകാം ആ കാലടികൾ അതിനുള്ളിലേക്ക് നടന്നു… ഐഡന്റിറ്റി കാർഡ് വെരിഫൈ ചെയ്ത് ലൈബ്രറേയിനരികിൽ നിന്നും അവൾ പുസ്തകക്കൂട്ടങ്ങൾക്കിടയിലേക്കെത്തി…. ഷെൽഫിലിരുന്ന ഏതൊക്കെയോ ബുക്കുകളിലൂടെ ആ വിരലുകൾ പാഞ്ഞു… ഒട്ടുമിക്കതും വായിച്ചതാണ്…. അച്ഛന്റെ ശീലം ബാല്യത്തിലെപ്പഴോ കൂടെകൂട്ടിയതിന്റെ ഫലം……………… അങ്ങെനെ അങ്ങെനെ ഓരോന്നും നോക്കി നോക്കി അവളുടെ വിരലുകൾ പെരുമ്പടവംശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ എന്ന പുസ്തകത്തിൽ തടഞ്ഞു നിന്നു……….

എത്ര തവണ വായിച്ചെന്ന് തനിക്കുപോലും അന്യമായിരിക്കുന്നു……….. ആകാംക്ഷയോടെയാണ് ആദ്യ തവണ ഈ കഥ വായിച്ചതെങ്കിൽ പിന്നീട് അത്‌ ആവേശമായി മാറുകയായിരുന്നു… ഓരോ വരികളിലൂടെയും കണ്ണ് മാത്രമായിരുന്നില്ല മനസ്സും കൂടിയായിരുന്നു ചലിച്ചത്….. അന്ന എന്ന കഥാപാത്രം പലപ്പോഴും വല്ലാതെ വിസ്മരിപ്പിച്ച എത്രയോ രാത്രികൾ…………… ആ പുസ്തകവുമായി റീഡിങ് റൂമിലേക്ക് നടക്കുമ്പോൾ മനസ്സിൽ ചൂതാട്ടക്കാരൻ എന്ന കഥയ്ക്കായ് തയ്യാറെടുക്കുന്ന ദസ്തയേവിസ്കി യായിരുന്നു അവളിൽ……..

ചൂതാട്ടക്കാരൻ എന്ന നോവലിന്റെ രചനയിൽ ഏർപ്പെട്ടിരുന്ന ദസ്തയേവ്‌സ്കിയുടെ അരികിൽ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാൾ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്‌സ്കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവിൽ ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തർമുഖനായ ദസ്തയേവ്‌സ്കിയുടെ ആത്മസംഘർഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം…………. പ്രണയം ഇങ്ങെനെയുമോ എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങൾ… പ്രായമോ സ്ഥാനമോ ഒന്നിനും പ്രണയത്തിനുമേൽ വിലയില്ല എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ……..

ഒരിക്കൽ കൂടി അവസാന താളും വായിച്ച് മടക്കുമ്പോൾ ആ ഹൃദയം ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത മറ്റെന്തോ വികാരത്തിന് അടിമപ്പെടുകയായിരുന്നു…… വന്നു കയറിയ നാൾ തന്നെ ഇടനെഞ്ചിൽ തറഞ്ഞ ആ കാപ്പികണ്ണുള്ള സഖാവിനെ വാക പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നുവോ?????? ഉപബോധമനസ്സ് അങ്ങെനെയൊരു ചോദ്യം ഉതിർത്താൽ നല്കാൻ ഇതിനോടകം തന്നെ ശോണിമ വിരിഞ്ഞ ആ മുഖം തന്നെ മതിയായിരുന്നു…………….. സഖാവ്…… നാണം കലർന്ന സ്വരത്തിൽ ആ ചൊടികൾ ആാാ പേര് മന്ത്രിച്ചു………………. ദേ സാറെ അടി…. ഓടിവായോ……..

ലൈബ്രറിയുടെ വാതിൽക്കൽ നിന്ന് ആരോ വിളിച്ചുകൂവിയതും ഏതോ ഒരു പ്രേരണപോൽ അവളുടെ കൈകൾ പുസ്തകതെ മടക്കി,,, എന്തിനെന്നില്ലാതെ പിടയ്ക്കുന്ന മിഴികളും അധികരിച്ച നെഞ്ചിടിപ്പും ആ കാലുകൾക്ക് മിന്നൽവേഗത പ്രദാനം ചെയ്തതുകൊണ്ടാണോ എന്തോ നിമിഷങ്ങൾക്കകം അവൾ കോളേജ് ഓഡിറ്റോറിയത്തിലെത്തി……….. ഏതോ മത്സരം കാണാനുള്ള ആവേശത്തോടെന്നപോലെ ചുറ്റും കുട്ടികൾ തിങ്ങികൂടിയിട്ടുണ്ട്……..പരസ്പരം പോർവിളിക്കുന്ന ശബ്ദകോലാഹലങ്ങൾ അവിടെ മുഴുവൻ വലയം ചെയ്തിരിക്കുന്ന മണൽത്തരികളിൽ നിന്നുമുയർന്നു കേൾക്കാം……………..

അപ്പോഴേക്കും വയ്യായ്മ പോലും മറന്ന് കിച്ചുവന്നിരുന്നു, ആരോടെക്കെയോ ചോദിച്ച് രണ്ട് പാർട്ടിക്കാരും തമ്മിലുള്ള അടിയാണെന്നറിഞ്ഞപ്പോൾ ഇടനെഞ്ചിലൂടെ മിന്നിമാഞ്ഞത് സഖാവിന്റെ മുഖമായിരുന്നു…………… ആരെയും വകവെക്കാതെ മുന്നിൽ നിന്നവരെ തള്ളിമാറ്റി മുന്നിലേക്ക് പോകാൻ ആ നിമിഷം അവൾക്ക് തോന്നിയതിന് പിന്നിലുള്ള ചേതോവികാരത്തിനാകുമോ പ്രണയം എന്ന പേര് നൽകുക????????? ആരൊക്കെയോ പിടിച്ചുമാറ്റാൻ നോക്കുന്നതിനിടയിൽ പരസ്പരം ഷർട്ടിന്റെ കോളറിൽ പിടിച്ചിരിക്കുന്ന ജയേഷിനെയും ആയുഷിനെയും പൊടിമറയിയ്ക്കിടയിൽ എപ്പോഴോ ആ മിഴികൾക്ക് കാണാനായി…..

നെറ്റിയിൽ നിന്നും പൊടിഞ്ഞ ചോരത്തുള്ളികൾ അവന്റെ കാപ്പികണ്ണുകളിലീടയിലേക്ക് ഒലിച്ചിറങ്ങുന്നത് കാണവേ ഒരുവേള ആ കണ്ണുകളിൽ നീർകണങ്ങൾ രൂപാകൃതമായി….. ഡാ… ഞങ്ങളിലൊന്നിനെ തൊട്ടിട്ട് നീയൊക്കെ ഇവിടെ സ്വസ്ഥമായി എലെക്ഷൻ നടത്താൻ നീ ഒന്നും വിചാരിക്കണ്ടാ…………. ആക്രോശിച്ചുകൊണ്ട് വീണ്ടും ചീറിപ്പായുന്ന ജയേഷിനെ കാണും തോറും ഉള്ളിലെ ഭയംകൂടി കൂടി വന്നു… നിങ്ങളെന്താ ഇങ്ങെനെ നോക്കിനിൽക്കുന്നെ, പിടിച്ചുമാറ്റി എവിടേക്കെങ്കിലും കൊണ്ടുപോയിക്കൂടെ???? ആയുഷിന് പിന്നിലായി വിറളിപൂണ്ട് നിൽക്കുന്നവരെ നോക്കി അവൾ പറഞ്ഞതും നിസ്സഹായതയോടെ അവരവളെ നോക്കി….. അവരെ പറഞ്ഞിട്ട് കാര്യമില്ല കുട്ടി,,,,,

പെട്ടെന്ന് കേട്ട ശബ്ദത്തിൽ അവൾ പിന്തിരിഞ്ഞു….. ഒരു ചേച്ചിയാണ്………………അന്നൊരിക്കൽ സഖാവിന്റെ കൂടെ കണ്ട ചേച്ചി…… നിങ്ങളൊക്കെ ഇവിടെനിന്നിട്ടാണോ അവരവിടെ തല്ലുകൂടുന്നെ….. സ്വല്പം അമർഷത്തോടെ അവൾ ചോദിച്ചു…. അവൻ ദേഷ്യപ്പെടുമ്പോൾ ഇടയ്ക്ക് ആരും കയറുന്നത് അവനിഷ്ടമല്ല……. ഒരൊറ്റ വാക്കിൽ തീർന്ന അവരുടെ മറുപടി വാകയിൽ ഒരുതരം പുച്ഛമാണ് നിറച്ചത്…………… നിങ്ങൾക്ക്‌വയ്യെങ്കിൽ പറയ് ഞാൻ പിടിച്ചുമാറ്റാം… ഏതോ ഒരുൾപ്രേരണ പോലെ അതുംപറഞ്ഞുകൊണ്ടവൾ അവനരികിലേക്ക് നടന്നു…. വാകേ……….

പിറകിൽനിന്നുള്ള കിച്ചുവിന്റെ വിളി അവഗണിച്ചുകൊണ്ട് അവനരികിലേക്ക് യാന്ത്രികമായി കാലുകൾ നീങ്ങി…………… അയോഗെട്ടാ, എന്തിനാ തല്ല് കൂടുന്നെ……… പതിഞ്ഞ സ്വരത്തിൽ അവനോടായ് ചോദിച്ചെങ്കിലും തീക്ഷ്ണമായ ഒരുനോട്ടം തിരികെ നൽകികൊണ്ട് അവൻ ജയേഷിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു…………. അയോഗെട്ടാ……. കുറച്ചുകൂടി ഉച്ചത്തിൽ അവൾ വിളിച്ചതും ദേഷ്യം ഇരച്ചെത്തിയ കണ്ണുകളുമായി അവളവനെ നോക്കി………… ഒരു പാർട്ടിയും നേതാവും വന്നിരിക്കുന്നു.. നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ അതും പറഞ്ഞ് ക്യാമ്പസിൽ അടി ഉണ്ടാക്കാൻ…….. ഇതാണൊനിങ്ങളുടെ രാഷ്ട്രീയം……

കലാലയത്തിലെ ആക്രമണാത്മികതയും കുട്ടികൾക്കുണ്ടാകുന്ന മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് ക്യാമ്പസ് യൂണിയൻ….. ഓരോ വിദ്യാർത്ഥിസംഘടനയുടെയും മൂല്യഉദ്ദേശ്യവും അതുതന്നെ…. അല്ലാതെ കുട്ടികൾക്കാണെന്നും പറഞ്ഞ് പഠിപ്പുമുടക്കി അടിയുണ്ടാക്കി നടക്കൽ അല്ല….. ഡീീ…………. അച്ഛനിൽ നിന്ന് കേട്ട് വളർന്ന വിപ്ലവം ചൂട് സിരകളിൽ പടർന്ന് കേറിയ നിമിഷം അവൾ വാചാലയായി…………………. കൂടുതൽ അലറേണ്ട സഖാവെ…. നിന്റെ ശെരികൾ തെറ്റായി കാണുന്ന ചിലരുണ്ടാകും. അവരുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ പലമാർഗ്ഗങ്ങളും സ്വീകരിക്കുന്നവർ…

അറിഞ്ഞുകൊണ്ട് ആ ചതിയിൽ വീണുപോയാൽ പിന്നീടൊരു ഉയിർത്തെഴുന്നേല്പ് ഉണ്ടായിക്കൊള്ളണമെന്നില്ല………… ഇലക്ഷൻ ബാൻ ചെയ്യാനുള്ള ജയേഷിന്റെ ആസൂത്രണമാണ് ഇതിനുപിന്നിലെന്ന് ചിന്തിക്കാൻ കഴുവുള്ളത് കൊണ്ട് തന്നെ അവനെ നോക്കി ദഹിപ്പിച്ചുകൊണ്ട് അവൾ തുടർന്നു……………….ചുറ്റും കൂടിയിരിക്കുന്ന കുട്ടികളോ ആളുകളോ ഒന്നും അവൾക്കൊരു വിഷയമായില്ല….. മതി… ഇത് എന്റെ വിഷയം ആണ്… എന്റെ പാർട്ടി വിഷയം… അതിൽ അംഗമല്ലാത്ത ഒരാൾ കൂടുതൽ കിടന്നു ചെലയ്ക്കണ്ടാ….. വിളിച്ചോണ്ട് പോ ഇവളെ……. കിച്ചുവിനോടായ് അത്രയും പറഞ്ഞുകൊണ്ടവൻ വാകയെ നോക്കി….

ഒരല്പം പോലും സ്ഥാനചലനമില്ലാതെ നിൽക്കുന്ന ആ പെണ്ണിന്റെ മിഴികൾ തന്നിലേക്ക് ആഴ്ന്നിറങ്ങുകയാണോ എന്ന് തോന്നിയ ആ നിമിഷം അവനൊന്ന് പതറി……. ഇന്നുവരെ തനിക്ക് അന്യമായ പല മാറ്റങ്ങളും അടുത്ത ദിവസങ്ങളിൽ തന്നിൽ പ്രകടമായപ്പോൾ പലപ്പോഴും ചിന്തിച്ചതാണ് അതിനുള്ള കാരണം ഈ പെണ്ണാണോ എന്ന്…. പക്ഷെ,,, ഇന്ന്………… ആ കൃഷ്ണമണിയുടെ കാന്തികതയിൽ സ്വയം ലയിച്ചവനായി നിന്നുപോകുന്ന നിമിഷങ്ങൾ……….. അത്രയും മതിയായിരുന്നു, അവരുടെ ഇടയിൽ നിന്നവനെ വലിച്ചുകൊണ്ട് പോകാൻ അവൾക്ക് വേണ്ടിയിരുന്ന സമയം…………… ഗേറ്റ് കടന്ന് അടുത്തുള്ള കോഫീഷോപ്പിലേക്ക് അവന്റെ കൈ പിടിച്ചുവലിച്ചുകൊണ്ടുപോകുന്ന വാകയെ കാൺകെ കാൺകെ വെള്ളാരം കണ്ണുകളിൽ തീപാറി……….

ഇനിയും അവനിൽനിന്ന് തന്നിലേക്ക് അടുക്കാത്ത ആ മനസ്സിനെ വെറുതെ വിടാൻ ഉദ്ദേശിക്കാതെ അവന്റെ മനസ്സ് പകയോടെ വിറപൂണ്ടു……. കോപം ഇരച്ചുകയറിയ ഏതോ വേളയിൽ ആ കരണം പുകയ്ക്കുമ്പോൾ താൻ പോലുമറിയാതെതന്റെ മനസ്സ് ആ നിറകണ്ണുകളോട് മാപ്പ് പറഞ്ഞിരുന്നുവെന്നോർക്കവേ അവനൊന്ന് പുഞ്ചിരിച്ചു…. ഓർമകൾ എത്ര സുന്ദരമാണ്………………. വീണ്ടും വീണ്ടും വിരുന്നെത്താൻ കൊതിക്കുന്ന ഒരായിരം ഓർമകൾക്കിടയിലൂടെയുള്ള കഴിഞ്ഞുപ്പോയ ജീവിതം……….. എല്ലാം അവസാനിക്കാൻ പോകുന്നുവെന്ന ഭീതിയിൽ നഷ്ടപ്പെട്ടവയെ മാറോടണയ്ക്കാൻ വെമ്പുന്ന മനസ്സുമായി അവൻ ചിലങ്ക എന്ന വീടിന്റെ ഗേറ്റ് കടന്നു…………

എന്നും തന്നെ കാണുമ്പോൾ കുലുങ്ങിയെത്താറുള്ള ചെറുതെന്നൽ ഇന്നും ആ മുടിയിഴകളെ തലോടികൊണ്ട് കടന്നുപോയി……….. നാളുകൾക്ക് ശേഷം ആ മണൽ തരികളിൽ കാൽകുത്തുമ്പോൾ എവിടെനിന്നോ ചന്ദനഗന്ധം പേറി ഒരിളം കാറ്റ് വീണ്ടുമെത്തി……….. നാസികത്തുമ്പിലെ ഗന്ധത്തെ കണ്ണുകൾ ഇറുകെ അടച്ച് ആസ്വദിക്കുമ്പോൾ മനസ്സിൽ പുഞ്ചിരിയോടെ തന്നെ എതിരേൽക്കുന്ന രണ്ട് മുഖങ്ങളായിരുന്നു…. ബാല്യകാലത്ത് ഏറെ കേട്ടു തഴമ്പിച്ച വിപ്ലവകരമായ പ്രണയ കഥയിലെ ജോഡികളുടെ മുഖങ്ങൾ………

നേരത്തെ എത്തും എന്ന് വിളിച്ചുപറഞ്ഞതുകൊണ്ട് ഗേറ്റ് തുറന്ന് തന്നെ കാത്തിരിക്കുകയാണ് ഭാരതിയമ്മ….. ഉമ്മറത്ത് തന്നെ ആള് നില്പുണ്ട്…………. വാകയുടെ അച്ഛൻ ശ്രീദേവിന്റെ കൂടെപ്പിറപ്പ്…. ആ കുടുബത്തിൽ ഇവരോട് സഹകരിക്കുന്ന ഒരേയൊരാള്…… കുറച്ചപ്പുറം മകനോടൊപ്പം താമസിക്കുകയാണ് പുള്ളിക്കാരി… ഇപ്പോൾ ഇവിടുത്തെ മേൽനോട്ടം ഭാരതിയമ്മയ്ക്കാണ്….. സഹോദരന്റെ ജീവശ്വാസം നിലകൊള്ളുന്ന മണ്ണിനെ പരിപാലിക്കാൻ നിറഞ്ഞ സന്തോഷം മാത്രമായിരുന്നു അമ്മയ്ക്ക്….. കാറിൽ നിന്നിറങ്ങിയ അവനരികിലേക്ക് അവർ നടന്നുവന്നു…….

കാച്ചിയ എണ്ണയുടെയും ഭസ്മത്തിന്റെയും ഗന്ധത്തിൽ സ്വയം ആകൃഷ്ടനായി അവൻ ആ അമ്മയുടെ കാൽക്കൽ വീണു…. എന്താ മോനെ ഇത്… ഈ അമ്മയുടെ അനുഗ്രഹം എന്നും എന്റെ കുട്ടികൾക്കൊപ്പം ഉണ്ടാകില്ലേ…… പുഞ്ചിരിയോടെ അവരവന്റെ നെറുകയിൽ തലോടി…… കരുതലിന്റെയും വാത്സല്യത്തിന്റെയും ഒരുതരം മിശ്രിതഭാവമായിരുന്നു ആ മുഖത്ത്…….. വാക മോള് വന്നില്ല അല്ലെ……… കാറിലേക്ക് നോക്കികൊണ്ട് ചോദിച്ചപ്പോൾ ഇല്ല എന്ന് ചുമല് കൂച്ചി പറയാനേ കഴിഞ്ഞുള്ളൂ….. മ്മ്.. മ്മ്.. ന്റെ കുട്ടി നന്നേ ക്ഷീണിച്ചു….. ഒന്നും കഴിച്ചിട്ടുണ്ടാകില്ല എന്ന് അറിയാം. അകത്ത്‌ ഞാൻ എല്ലാം എടുത്ത് വെച്ചിട്ടുണ്ട്, ചെന്ന് കഴിക്ക്……

വീടുവരെ പോയേച്ച് ഇപ്പോ വരാം ഞാൻ…… മുടിയിഴകളിലൂടെ ഒരിക്കൽക്കൂടി തലോടി അമ്മ നടന്നു…………. ഇത്രയ്ക്കും സ്നേഹവും കരുതലും അനുഭവിക്കാനുള്ള അർഹത സ്വയമുണ്ടോ എന്ന ചോദ്യവുമായി അവൻ തുറന്നിട്ട വാതിലിലൂടെ അകത്തേക്ക് കടന്നു…. വീണ്ടും വരേണം നീ,പൂത്തു തളിർത്തൊരാ എൻ മടിത്തട്ടിൽ… അന്ന് നിനക്കായ് പൊഴിക്കും ഞാൻ എന്റെ പ്രണയത്തിന് ചെഞ്ചുവപ്പൂക്കളെ…….. വർഷങ്ങൾക്ക് പിന്നിൽ തന്നെ ഇവിടേക്ക് സ്വാഗതം ചെയ്ത ആ നാല് വരി ഓർക്കവേ,,, അവന്റെ മിഴികൾ ചുമരിലേക്ക് നീണ്ടു….. രക്തഹാരം അണിഞ്ഞ രണ്ട് ചിത്രങ്ങൾ കാണവേ വീണ്ടും അവന്റെ ചുണ്ടുകൾ മന്ത്രിച്ചു…. “” സഖാവും അവന്റെ സഖിയും……. “””… തുടരും

വാക…🍁🍁 : ഭാഗം 4

Share this story